Saturday, January 5, 2013

അവധിക്കാല അനുഭവങ്ങളും കാഴ്ചകളും


അവിചാരിതമായി കിട്ടിയ ഒരു കൊച്ചവധിക്കാലമാഘോഷിക്കുവാന്‍ ഞാന്‍ നാട്ടിലെത്തിച്ചേര്‍ന്നു. ഡിസംബര്‍ 7 മുതല്‍ 28 വരെയുള്ള ദിവസങ്ങള്‍. സത്യത്തില്‍ നാട്ടില്‍ പോയി മടങ്ങിവന്നിട്ട് ആറുമാസം തികച്ചായില്ലായിരുന്നു. എന്നിരുന്നാലും ഒരവസരമൊത്തപ്പോള്‍ വീണ്ടുമൊരു യാത്ര. നാലഞ്ചാവര്‍ത്തി അവധിക്കാലമാഘോഷിക്കുവാന്‍ പോയപ്പോഴൊക്കെ കയ്യിലുള്ളതും കടം മേടിച്ചും ആര്‍ഭാടം ഒട്ടും കുറയ്ക്കാതെയായിരുന്നു പോയിരുന്നത്. പതിവിനു വിരുദ്ധമായി ഇത്തവണ ഒരു കണക്കിനു പറഞ്ഞാല്‍ കൈവീശിയുള്ള യാത്രയായിരുന്നു. സത്യത്തില്‍ അതു നന്നായീന്ന്‍ ഇപ്പോള്‍ തോന്നുന്നു. മടങ്ങിവന്നപ്പോള്‍ യാതൊരു വിധ ടെന്‍ഷനുമില്ല. അല്ലെങ്കില്‍ മേടിച്ച കടമൊക്കെ കൊടുത്തു തീരുന്നതുവരെ ഉറക്കം പോലും ശരിയാകത്തില്ല. ഈ ഭൂമിയില്‍ ഏറ്റവും ഭാഗ്യവാന്മാരായ ആള്‍ക്കാര്‍ എന്നു ഞാന്‍ വിശേഷിപ്പിക്കുന്നത് കടബാധ്യതകളില്ലാത്തവരെ മാത്രമായിരിക്കും. സ്വസ്ഥസുഖകരമായ ഉറക്കത്തിനവകാശികളും അവര്‍ മാത്രം.

അതെല്ലാം പോട്ടേ. എട്ടാം തീയതി പുലര്‍ച്ചെ നാട്ടിലെ മണ്ണില്‍ കാലെടുത്തുകുത്തിയപ്പോള്‍ സ്വീകരിക്കാനായി കെട്ടിയവളും എന്റെ മോനും അമ്മയും അനന്തിരവന്മാരും ഉണ്ടായിരുന്നു. കൊതിയോടെ മോനെയെടുക്കാന്‍ കൈ നീട്ടിയെങ്കിലും ആശാന്‍ പിണക്കത്തിലായിരുന്നു. പരിചയം പോരല്ലോ. വീട്ടിലേക്കുള്ള യാത്രയില്‍ പരമാവധി ആശാനെ സോപ്പിടുവാന്‍ ശ്രമിച്ചെങ്കിലും നോ രക്ഷ. ഉറക്കപ്രാന്തു തന്നെ കാരണം. വീട്ടിലെത്തി നേരമൊക്കെ നന്നായി പുലര്‍ന്നുകഴിഞ്ഞപ്പോള്‍ അവന്‍ ചെറിയ അടുപ്പമൊക്കെ കാണിച്ചുതുടങ്ങി. എത്രയായാലും അവന്റെ ജീവന്റെ ഉടമയെ തിരിച്ചറിയാതെയാകുമോ..


ചായകുടിയൊക്കെക്കഴിഞ്ഞ് ഞാന്‍ താഴെയുള്ള അമ്പലത്തിനടുത്തേയ്ക്ക് നടന്നു. ശിവപാര്‍വ്വതീക്ഷേത്രമാണു. അമ്പലത്തിനുമുന്നിലെത്തിയപ്പോള്‍ ആല്‍മരക്കൊമ്പില്‍ നിരവധി തൊട്ടിലുകള്‍ തൂങ്ങിക്കിടക്കുന്നതുകണ്ടു. വര്‍ഷങ്ങളായി കുഞ്ഞുങ്ങളുണ്ടാവാത്ത ദമ്പതികള്‍ ഭക്തിപുരസ്സരം അവസാനവഴിയെന്നോണം കെട്ടിയിരിക്കുന്നതാണവ. ആ തൊട്ടിലുകളില്‍ ഒരെണ്ണമൊഴിച്ച് മറ്റെല്ലാം സഫലമായ പ്രാര്‍ത്ഥനയുടെ ബാക്കിപത്രമാണെന്ന്‍ പിന്നീടറിഞ്ഞു.

 അവിടെ രണ്ടുമൂന്നു കടകളുണ്ട്.ഏലാപ്പുറത്തെ ബാലസുഗ്രീവന്മാരുടെ വകയായുള്ള ക്ലബ്ബുമുണ്ട്. അവിടെ നിന്നും പത്രമൊന്നു വായിക്കണം.
പത്രവായനയൊക്കെ കഴിഞ്ഞിട്ട് ഞാന്‍ ജംഗ്ഷനിലേയ്ക്ക് നടന്നു. വലിയ മാറ്റങ്ങളൊന്നുമില്ല. സ്കൂളിന്റെ മതില്‍ നല്ല രീതിയില്‍ കെട്ടിയുയര്‍ത്തിയിട്ടുണ്ട്. ഇടിഞ്ഞുപൊളിഞ്ഞുവീഴാറായി നിന്നിരുന്ന ഓലമേഞ്ഞ മണ്‍ ചുമരുകളുള്ള കടകള്‍ അല്‍പ്പം മോടി വരുത്തി ഷീറ്റിട്ടിരിക്കുന്നു. തങ്കമണിചേച്ചിയുടെ മകള്‍ പ്രസവിച്ചുകിടക്കുന്നതുമൂലം ചായക്കട പൂട്ടിക്കിടക്കുകയാണു. വെയിറ്റിംഗ് ഷെഡ്ഡിനടുത്തായി രാജുവണ്ണന്റെ കൊച്ചു വണ്ടിക്കട ഇപ്പോഴുമുണ്ട്. ചായക്കച്ചവടവും ആശാന്‍ ആരംഭിച്ചിരിക്കുന്നു. ഭാഗ്യത്തിനു റോഡ് നന്നായി ടാര്‍ ചെയ്ത് ഹൈവേ പോലെ തന്നെ കിടപ്പുണ്ട്.

പരിചയക്കാര്‍ ചോദിച്ച കുശലപ്രശ്നമൊക്കെക്കഴിഞ്ഞ് ഞാന്‍ വീട്ടിലേക്ക് മടങ്ങി. റോഡില്‍ നിന്നും വയലിനെ കീറിമുറിച്ചുകൊണ്ടുള്ള ചരല്‍പാകിയ പാതയ്ക്ക് മുന്നില്‍ നില്‍ക്കവേ ഒരു നിമിഷം എന്റെ ഗ്രാമത്തിന്റെ ആത്മാക്കളായിരുന്ന വയലേലകളുടെ മരണത്തില്‍ സങ്കടം നുരകുത്തി. നീണ്ടു പരന്നു നിവര്‍ന്നു കിടന്നിരുന്ന വയലുകള്‍ മുഴുവന്‍ അപ്രത്യക്ഷമായിരിക്കുന്നു.ശവപ്പറമ്പുപോലെ വാഴകളും കപ്പയും എന്തിനു റബ്ബര്‍ വരെ നിരന്നുനില്‍ക്കുന്ന വയലുകളുടെ അസ്ഥിമാടങ്ങള്‍ . മനസ്സിലുറഞ്ഞുകൂടിയ ദുഖത്തോടെ ഞാന്‍ വീട്ടിലേയ്ക്ക് നടന്നു.
വൈകിട്ട് മകനെയുമെടുത്ത് അല്‍പ്പം നടന്നു. ഭാഗ്യത്തിനവന്‍ കരയുകയോ വരാന്‍ കൂട്ടാക്കാതിരിക്കുകയോ ചെയ്തില്ല. അമ്പലത്തിനടുത്ത് കുറച്ചുനേരമൊക്കെ ചുറ്റിപ്പറ്റിനിന്നിട്ട് അവനുമായി വയല്‍ക്കരയിലേയ്ക്ക് നടന്നു. മൂന്നുനാലു കിലോമീറ്റര്‍ നീളത്തില്‍ പരന്നു നിറഞ്ഞുകിടന്നിരുന്ന വയലുകളുടെ പ്രതാപകാലത്തെ അനുസ്മരിപ്പിച്ചുകൊണ്ട് രണ്ട് കുഞ്ഞ് കണ്ടങ്ങളില്‍ മാത്രം നെല്‍കൃഷിയിറക്കിയിരിക്കുന്നു. ആകെ സന്തോഷം പകരുന്ന ഒരു കാഴ്ച. അതിന്റെ വരമ്പത്ത് മോനുമായിരിക്കുമ്പോള്‍ എന്തൊരു സുഖകരമായ അനുഭൂതി.
ഉച്ചഭക്ഷണമൊക്കെ കഴിഞ്ഞശേഷം നേരെ കെട്ടിയവളുടെ വീട്ടിലേയ്ക്ക് തിരിച്ചു. തോന്നക്കലില്‍ ആണു അവളുടെ വീട്. നല്ല സമയത്തുതന്നെയാണു ചെന്നിറങ്ങിയത്. അവളുടെ ഒരു ചിറ്റപ്പന്‍ അന്നുച്ചയ്ക്ക് മരണമടഞ്ഞു. പുള്ളിക്കാരന്‍ വീഴുകയോ മറ്റോചെയ്ത് അസുഖബാധിതനായി ആശുപത്രിയിലായിരുന്നത്രേ. പിന്നെ വൈകിട്ട് മരണാനന്തരചടങ്ങുകള്‍ മുഴുവന്‍ തീര്‍നുന്നതുവരെ അവിടെ നില്‍ക്കേണ്ടിവന്നു.ഡി സി ബുക്സിന്റെ നേതൃത്വത്തില്‍ ഒരു വലിയ പുസ്തകപ്രദര്‍ശനം കനകക്കുന്നില്‍ നടക്കുന്നതായും പത്താം തീയതിയാണു അത് തീരുന്നതെന്നും ആദ്യമേയറിഞ്ഞിരുന്നു. ‍കെട്ടിയവളേയും കൂട്ടി പത്താം തീയതി കാലത്തു തന്നെ തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. മേള നടക്കുന്നിടത്ത് വളരെ നല്ല ആള്‍ക്കൂട്ടമുണ്ട്. പുസ്തകങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ കണ്മുന്നില്‍. ഞാന്‍ ഒരറ്റം മുതല്‍ പരതിക്കൊണ്ട് നടപ്പാരംഭിച്ചു. ഒപ്പം ശ്രീമതിയും. അവള്‍ക്ക് പുസ്തകങ്ങളോട് അത്ര മമതയില്ലെങ്കിലും എനിക്കൊപ്പം വന്നതാണു. കുറേയേറെ പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു. സിറ്റി ഓഫ് ജോയ്, സ്മാരകശിലകള്‍, പുലയപ്പാട്ട്, ബ്രാം സ്റ്റോക്കറുടെ കഥകള്‍, ഐതീഹ്യമാല, മുകേഷ്കഥകള്‍ , ഭയാത്ഭുതകഥകള്‍ ,ഐതീഹ്യകഥകള്‍, പിന്നെ ഞാന്‍ ഏറ്റവും കൂടുതലിഷ്ടപ്പെടുന്ന പുസ്തകമായ ഷെര്‍ലക് ഹോംസ് സമ്പൂര്‍ണ്ണ കൃതികളും. സുഹൃത്തായിരുന്നു റസ് ല നാട്ടിലേയ്ക്ക് പോകുന്നതിനുമുന്നേ തന്നെ തന്റെ കവിത ഉള്‍പ്പെട്ടിട്ടുള്ള 101 മഴക്കവിതകള്‍ എന്ന പുസ്തകം വാങ്ങണമെന്ന്‍ പറഞ്ഞിരുന്നു. ഞാന്‍ ബുക്ക്സ്റ്റാളില്‍ മൊത്തം നോക്കി നടക്കുകയും അവരോടൊക്കെ ചോദിക്കുകയും ചെയ്തു. പക്ഷേ ആര്‍ക്കുമങ്ങിനെയൊരു പുസ്തകത്തെക്കുറിച്ചറിയില്ല. മടങ്ങിവന്നപ്പോള്‍ റസ് ലയോട്പുസ്തകം കിട്ടിയില്ല എന്നു പറഞ്ഞപ്പോഴാണ് കര്‍ണകഠോരമായ ആ വാക്കുകള്‍ ഞാന്‍ കേള്‍ക്കുന്നത്. 101 മഴക്കവിതകള്‍ എന്ന പുസ്തകം ഡിസംബര്‍ 26 നോ മറ്റോ ആണത്രേ പ്രസിദ്ധപ്പെടുത്തുന്നത്. പിന്നെ പത്താം തീയതി പോയി തിരക്കിയാല്‍ എങ്ങിനെ കിട്ടനാണാ പുസ്തകം.കാശല്‍പ്പം ചിലവായെങ്കിലും ഞാന്‍ സ്വന്തമാക്കാനാഗ്രഹിച്ചിരുന്ന പുസ്തകങ്ങള്‍ കൈക്കലായപ്പോള്‍ മനസ്സിനു നിറഞ്ഞ സന്തോഷം. എല്ലാം എന്റെ മോനു വലുതാകുമ്പോള്‍ നല്‍കാനായുള്ളതാണു. ഒരു ചെറിയ പുസ്തകശേഖരം. കയ്യിലുള്ള പത്തു പതിനെട്ട് പുസ്തകങ്ങള്‍ക്കൊപ്പം കുറച്ചുകൂടി.വീട്ടിലേയ്ക്ക് മടങ്ങിവന്നിട്ട് പിന്നെ മോനെക്കളിപ്പിക്കലും കെട്ടിയവളുടെ കണ്ണുവെട്ടിച്ച് അമ്പലത്തിനടുത്തുള്ള സീനിയര്‍ മാമന്മാരോടൊത്തൊരുമിച്ച് അല്‍പ്പം കള്ളുകുടിയും വൈകിട്ട് ക്ഷേത്രത്തില്‍ ഭജനയും ഒക്കെയായി ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ഇതിനിടയില്‍ ഒരു ദിവസം എന്റെ പഴയ ഒരു പ്രവാസസുഹൃത്തായിരുന്ന ഓമനക്കുട്ടന്റെ വീട്ടില്‍ പോകുകയുണ്ടായി. കായക്കുളം കഴിഞ്ഞ് നൂറനാട് എന്ന സ്ഥലത്താണാശാന്റെ വീട്. നാലുകൊല്ലങ്ങള്‍ക്ക് മുമ്പൊരിക്കല്‍ പോയ ഒരോര്‍മ്മയേയുള്ളൂ. കഷ്ടകാലത്തിനു പുള്ള്‍ഈക്കാരന്റെ നമ്പര്‍ എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടുപോയിരുന്നു.എന്തായാലും തപ്പിക്കണ്ടുപിടിച്ചു. പരിഭവം പറച്ചിലുകളും കുശലം ചോദിപ്പുമൊക്കെക്കഴിഞ്ഞ് മൂന്നുമണികഴിഞ്ഞാണവിടുന്നിറങ്ങിയത്.

നാട്ടില്‍ എത്തിയപ്പോള്‍ എഴുത്തിലൂടെ മാത്രം പരിചയമുള്ള നിസാര്‍ എന്‍ വി , റെജിലാല്‍ പുത്തന്‍പുരയില്‍അനാമികവേണുവേട്ടന്‍അരുണ്‍ ചാത്തന്‍പൊന്നത്ത് എന്നിവരെയൊക്കെ വിളിക്കുകയുണ്ടായി. ഫേയ്സ്ബുക്കും ബ്ലോഗും നല്‍കിയ നല്ല കൂട്ടുകാര്‍... ബോംബെയിലുള്ള വേണുവേട്ടന്‍ എന്നെയും കുടുംബത്തേയും അവിടേയ്ക്ക് ചെല്ലുവാനായി ക്ഷണിച്ചിട്ടുണ്ട്. ഒരവധിക്കാലത്ത് കഴിയുമെങ്കില്‍ പോകണം.

ആറേഴുകൊല്ലമായി പ്രവാസത്തിന്റെ നീര്‍പ്പോടിനുള്ളിലായതിനാല്‍ ഉത്സവങ്ങളും കല്യാണങ്ങളും മറ്റെല്ലാ ആഘോഷങ്ങളും നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. എന്തായാലും തോന്നയ്ക്കല്‍ കുടവൂര്‍ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തില്‍ ഇക്കുറി സംബന്ധിക്കാനായി.

കൊടിയേറ്റിന്റെ അന്നായിരുന്നു വിഖ്യാത ചുമര്‍ചിത്രകലാകാരന്‍ ശ്രീ പ്രിന്‍സ് തോന്നക്കലും അദ്ദേഹത്തിന്റെ പത്നിയും പിന്നെ പത്തോളം ശിക്ഷ്യന്മാരുമായി ചേര്‍ന്ന്‍ മൂന്നുമാസത്തോളമെടുത്ത് മാര്‍ക്കണ്ഡേയപുരാണത്തിലേയും ശിവപുരാണത്തിലേയും രംഗങ്ങള്‍ പ്രകൃതിദത്ത ചായക്കൂട്ടുകളുപയോഗിച്ച് ക്ഷേത്രചുമരില്‍ വര‍ച്ച ചുമര്‍ചിത്രങ്ങള്‍ പ്രസിദ്ധ സംവിധായകന്‍ ഷാജി കൈലാസ് മിഴി തുറന്ന്‍ ഉത്ഘാടനം നടത്തിയത്. അദ്ദേഹത്തിന്റെ പത്നിയും ഒപ്പമുണ്ടായിരുന്നു.അവധിക്കാലമാഘോഷിക്കുവാന്‍ പെങ്ങളും നാട്ടിലെത്തിയതോടെ സകുടുംബം എല്ലാവരും ഗുരുവായൂര്‍ സന്ദര്‍ശിക്കുവാന്‍ പോയി. മോനൊരു തുലാഭാരം നേര്‍ന്നിട്ടുണ്ടായിരുന്നേ. അമ്മയും പെങ്ങളും അനുജന്റെ ഭാര്യയും താഴ്ത്തെ വീട്ടിലെ രണ്ടു കുട്ടികളും ഞാനും എന്റെ കെട്ടിയവളും മകനും അനന്തിരവമ്മാരും അമ്മായി അമ്മയും അളിയനും ഉല്‍പ്പെടെ 11 പേര്‍. രാത്രി 12.05 നുള്ള ഗുരുവായൂര്‍ എക്സ്പ്രസ്സിലായിരുന്നു യാത്ര. അഡ്വാന്‍സ് ബുക്കിംഗിനായി രണ്ടുമൂന്നുദിവസം മുന്നേ ശ്രമിച്ചെങ്കിലും ഒരു മാസത്തേയ്ക്ക് ആ ഭാഗ്ത്തേയ്ക്ക് വരണ്ട എന്ന മറുപടിയില്‍ തൃപ്തിയടയേണ്ടിവന്നു. ട്രയിനിനുള്ളിലെ തിരക്കുകണ്ട് എനിക്ക് ബോധം കെടുമെന്ന്‍ തോന്നി. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തൊട്ട് മോന്‍ കരച്ചിലാരംഭിച്ചു. എന്തോ ഭാഗ്യത്തിനു കൊല്ലത്തെത്തിയപ്പോള്‍ ഒരു മുഴുവന്‍ സീറ്റ് കാലിയായികിട്ടി. മക്നേയും ശ്രീമതിയേയും അനന്തിരവമ്മാരെയും അവിടെയിരുത്തി. എറണാകുളമെത്തിയപ്പോഴാണു ബാക്കിയെല്ലാവര്‍ക്കും സീറ്റൊത്തത്. രാവിലെ 6.15 നു ഗുരുവായൊരെത്തി. ഒരു ലോഡ്ജില്‍ മുറിയെടുത്ത് എല്ലാവരും കുളിച്ച് വേഷമൊക്കെ മാറി അമ്പലത്തിലേയ്ക്ക് നടന്നു. ദര്‍ശനത്തിനായുള്ള ക്യൂ കണ്ട് കണ്ണു നിറഞ്ഞുപോയി. കല്‍ക്കണ്ടം കൊണ്ടുള്ള തുലാഭാരമൊക്കെക്കഴിഞ്ഞ് പുറത്തിറങ്ങിയത് 10.30 നു.  മടക്ക ട്രയിന്‍ രാത്രി 8 മണിക്കുശേഷമാണെന്നറിഞ്ഞതോടെ ബസ്സില്‍ കയറി തൃശ്ശൂരിറങ്ങി. അവിടെ നിന്നും ട്രയിന്‍ ടിക്കറ്റെടുത്തു. മൂന്നുമണിയായപ്പോള്‍ വന്ന ട്രയിനിലെ തിരക്കും ആ സ്റ്റേഷനില്‍ നിന്നു കയറാനുള്ള തിരക്കും കണ്ടപ്പോല്‍ മനസ്സു മടിച്ച് ടിക്കറ്റ് കാന്‍സല്‍ ചെയ്തു ബസ്റ്റാന്‍ഡിലേയ്ക്ക് നടന്നു. കയറിയിറങ്ങി കയറിയിറങ്ങി വീടെത്തിയപ്പോള്‍ രാത്രി 1 മണി കഴിഞ്ഞു. നല്ലൊരു സംഖ്യ ബസ്സ് ചാര്‍ജ്ജ് മാത്രമായി.

ഒരു എന്റെ സഹപാഠിയും പ്രീയകൂട്ടുകാരനുമായിരുന്ന സന്‍ജുവിന്റെ വീട്ടില്‍ പോകുകയുണ്ടായി. പാലോടാണവന്റെ വീട്. വര്‍ഷങ്ങള്‍ക്ക് ശേഷമാണവന്റെ വീട്ടില്‍ പോകുന്നത്. നല്ല ഭക്ഷണമൊക്കെക്കഴിഞ്ഞ് മടങ്ങാന്‍ നേരം അവന്‍ അവന്റെ കെട്ടിയവളും കുട്ടിയുമായി ഒരു ദിവസം എന്റെ ഭവനവും സന്ദര്‍ശിക്കാമെന്ന്‍ വാക്കു തന്നു. മറ്റൊരു സഹപാഠിയായിരുന്ന നിസാമിനേയും കണ്ടുമുട്ടി. അവന്റെ ഭാര്യയുടെ പ്രസവദിനമടുത്തുവന്നതിനാല്‍ പുള്ളിക്കാരന്‍ കൂടുതല്‍ സംസാരിക്കുവാനായി നിന്നില്ല.

വൃശ്ചികം 41 വിളക്കിനോടനുബന്ധിച്ച് ഞങ്ങളുടെ ക്ഷേത്രത്തില്‍ എല്ലാകൊല്ലത്തേയും പോലെ രാവിലെ കഞ്ഞിസദ്യ നടത്തുകയുണ്ടായി. ധാരാളമാള്‍ക്കാര്‍ കഞ്ഞിസദ്യ കഴിക്കാനെത്തുകയും അരമണിക്കൂറിനുള്ള്‍ഈല്‍ അത് തീരുകയും ചെയ്തു. സംഘാടകരായി നിന്ന ഞങ്ങള്‍ക്ക് സാധനം കിട്ടിയില്ല. തികഞ്ഞില്ലായിരുന്നു. പിന്നെ അല്‍പ്പം കഞ്ഞിയുടെ വെള്ളം കുടിക്കാന്‍ പറ്റി. വൈകിട്ട് നല്ല ഭജനമൊക്കെയുണ്ടായിരുന്നു.28 നായിരുന്നു കുടവൂര്‍ക്ഷേത്രത്തിലെ ഉത്സവസമാപനം. ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ നടന്ന ആറാട്ടിനുശേഷം സമൂഹസദ്യയായിരുന്നു. ഞാനും എന്റെ മകന്റെ പേരില്‍ 501 രൂപ സമൂഹസദ്യയ്ക്ക് നല്‍കിയിരുന്നു. വളരെ നേരം ക്യൂ നിന്ന്‍ ആ സമൂഹസദ്യയില്‍ ഭാഗഭാക്കായി. ഉച്ചയ്ക്ക് വീട്ടിലേയ്ക്ക് മടങ്ങാന്‍ തുടങ്ങിയപ്പോളാണു കാവടിഘോഷയാത്ര റോഡില്‍ക്കൂടി വന്നത്. ഓട്ടോറിക്ഷയ്ക്ക് കടന്നുപോകാന്‍ കഴിയാതിരുന്നതുമൂലം ഒതുക്കിയിടേണ്ടിവന്നു. ഞാന്‍ പുറത്തിറങ്ങി കാഴ്ചകള്‍ വീക്ഷിക്കുവാന്‍ തുടങ്ങി. ചെറുതായി ചാറിത്തുടങ്ങിയ മഴ പെട്ടന്ന്‍ ശക്തി പ്രാപിച്ചു. കാവടിയേന്തിയ കുട്ടികള്‍ മഴനനഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ എന്തോ പോലെ. മുന്നോട്ട് കാവടി നീങ്ങിത്തുടങ്ങിയപ്പോള്‍ പിന്നെ ശരീരത്തിലും കവിളിലുമൊക്കെ ശൂലവും മറ്റും തറച്ച കാവടിക്കാര്‍ കടന്നുവന്നു. അസ്വസ്ഥതയോടെ നോക്കുമ്പോള്‍ അതാ ആകാശചാരികളെപ്പോലെ ചിലകാവടിക്കാര്‍. മാംസത്തില്‍ കൂടി കമ്പികള്‍ കൊരുത്ത് അടയ്ക്കാമരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന ശരീരങ്ങള്‍.  ഭക്തിയുടെ ഭ്രാന്തന്‍ രൂപങ്ങള്‍.  ഞാന്‍ കൂടുതല്‍ കാണാന്‍ ശക്തിയില്ലെന്നപോലെ മിഴികള്‍ മാറ്റി.
പ്രവാസത്തിലേയ്ക്ക് വീണ്ടുമൊരു മടക്കം. മുഷിപ്പന്‍ ജോലികളുടെ തിരക്കിലേയ്ക്ക്. എണ്ണയിട്ട ചക്രം പോലെ അലാറത്തിന്റെ ഒച്ചയില്‍ ഉണരുകയും രാത്രി പത്തുമണിക്കുറങ്ങുകയും ചെയ്യുന്ന യാന്ത്രികജീവിതത്തിലേയ്ക്ക്. മോന്റെ കളിചിരികളില്ല, ഭാര്യയുടെ പരിഭവം പറച്ചിലുകലും സ്നേഹവായ്പ്പുകളുമില്ല, അമ്പലത്തിലെ പാട്ടും കൊട്ടുമൊന്നുമില്ല, ഇഷ്ടഭക്ഷണമില്ല, വയലില്ല കിളികളില്ല പ്രീയപ്പെട്ടവരില്ല. അടുത്ത അവധിക്കാലത്തിനായി നോമ്പു നോറ്റിരിക്കുന്ന വേഴാമ്പലായ് ഞാന്‍.


"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരിയെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും...."ശ്രീക്കുട്ടന്‍

30 comments:

 1. ചെറിയൊരവധിക്കാലത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍

  ReplyDelete
 2. എല്ലാം വായിച്ച് രസമായി വന്ന് അവസാനമെത്തിയപ്പോ ആ ഭീകരദൃശ്യം കണ്ട് അന്തിച്ച് ഇരുന്നുപോയി

  ReplyDelete
 3. ഡി സി ബുക്സില്‍ പോയിട്ട് എന്റെ ബുക്ക്‌ തിരഞ്ഞത് എഴുതി കണ്ടില്ല .. :( ഒരു അനുഭവ കുറുപ്പില്‍ എന്റെ പേര് നഷ്ടപെട്ടത്തില്‍ ഞാന്‍ ഖേദിക്കുന്നു ... :'( അല്ല ശ്രീ സത്യത്തില്‍ എന്റെ ബുക്ക്‌ തിരഞ്ഞോ ..? :P

  പ്രവാസത്തിന്റെ വത്യസ്ഥ ഭാവങ്ങള്‍ മിന്നി മറയുന്ന മനുഷ്യരുടെ വ്യഥകള്‍ ...സന്തോഷങ്ങള്‍,സ്വപ്നങ്ങള്‍ ...അങനെ അങനെ ...ആശംസകള്‍ ശ്രീ ...

  ReplyDelete
  Replies
  1. സോറി റസ് ല. ഞാന്‍ ആക്കാര്യം വിട്ടുപോയതില്‍ ഖേദിക്കുന്നു. ഒന്നു എഡിറ്റ് ചെയ്യുന്നു.

   Delete
  2. .കെട്ടിയോള്‍ കേള്‍ക്കാതെ ആകും എന്റെ ബുക്ക്‌ തിരഞ്ഞത് അതല്ലേ അത് പറയാതിരുന്നത് ..ഹി ഹി .ഞാന്‍ ചുമ്മാ പറഞ്ഞതാ ശ്രീ ...എന്റെ പേര് ഒന്നും വക്കണ്ട .കെട്ടിയോള്ട് ചവിട്ടി കൂട്ടും പറഞ്ഞേക്കാം ... :P

   Delete
 4. ഒരു പ്രവാസി സ്നേഹിക്കുന്നിടത്തോളം സ്വന്തം നാടിനെ നാട്ടുകാര്‍ക്ക് സ്നേഹിക്കാന്‍ പറ്റില്ല അല്ലെ ശ്രീ?
  ആശംസകള്‍
  അനിത.

  ReplyDelete
 5. കനക കുന്നില്‍ പുസ്തക മേളയ്ക്ക് പോകണമെന്ന് എനിക്കും മോഹമുണ്ടായിരുന്നു, ഒറ്റയ്ക്ക് പോയി കറങ്ങാന്‍ ഒരു മൂഡ്‌ വന്നില്ല അതും മിസ്സ്‌ ചെയ്തു ........ കൂള്‍

  ReplyDelete
 6. പ്രവാസിയുടെ ഹൃസ്വമായൊരിടവേളയുടെ തുടിപ്പുകൾ അറിയുന്നു.
  നാടിന്റെ ഓരോ സ്പന്ദനവും ,പ്രവാസിയുടെ ആനന്ദമാണെന്ന് ഇവിടെ വായിച്ചു...

  ReplyDelete
 7. അജിത്ത് ഭായ് പറഞ്ഞപോലെ അവസാനത്തെ ഫോട്ടോ കണ്ടപ്പോൾ ഒരു അന്തിപ്പ്..!!

  ReplyDelete
 8. സംഭവബഹുലം ശ്രീയേട്ടാ ഇതപ്പോള്‍ രണ്ടു മാസം ഉണ്ടായിരുന്നെങ്കില്‍ :)

  ReplyDelete
 9. "ചുരുക്കം പറഞ്ഞാല്‍ നിലത്തു നിന്നിട്ട് വേണ്ടേ അഭ്യാസം കാണിക്കാന്‍" എന്ന് പറഞ്ഞത് പോലെ ആയി അല്ലെ ശ്രീക്കുട്ടാ !

  ReplyDelete
 10. നേരില്‍ പലതും സംസാരിച്ചെങ്കിലും നാട്ടിലെ നിറമുള്ള അനുഭവ ചിത്രങ്ങള്‍ ഇങ്ങിനെ ഒരു പോസ്റ്റ്‌ ആയി വന്നപ്പോള്‍ വായിക്കാന്‍ ഒരു പ്രത്യേക രസം. എല്ലാരും പറഞ്ഞ പോലെ അവസാനത്തെ ആ തൂക്കത്തിന്റെ ചിത്രം.. അത് പോസ്റ്റിന്റെ ശോഭ കുറയ്ക്കുന്നു. കഴിയുമെങ്കില്‍ മാറ്റിയെക്കൂ....

  ReplyDelete
 11. പ്രവാസിക്കേ നാടിനെ ഇങ്ങനെ ഒക്കെ കാണാൻ കഴിയൂ അല്ലേ
  ഇഷ്ടായ പോസ്റ്റ്

  ReplyDelete
 12. ഏവര്‍ക്കും നന്ദി പ്രീയരേ...അഭിപ്രായങ്ങള്‍ക്കും വായനയ്ക്കും...

  ReplyDelete
 13. കൊള്ളാം ശ്രീക്കുട്ടാ......
  അടുത്ത നാട്ടില്‍പോക്ക് വരെ തള്ളി നീക്കാനുള്ള മെമ്മറീസ്.....

  ReplyDelete
 14. എല്ലാ പ്രവാസികളും നാട്ടില്‍ എത്തുമ്പോള്‍ മക്കള്‍ അടുക്കാത്തത് ആണ് ആദ്യ പ്രശ്നം. പിന്നെ അത് അങ്ങ് മാരും... നല്ല ഒരു അവധിക്കാലം.... തോന്നക്കല്‍ ആണ് അല്ലെ ചേച്ചിയുടെ വീട്... "തോന്നക്കല്‍ പഞ്ചായത്തിലെ ഓരോ അരിയും പെറുക്കി എടുത്തോ?"

  ReplyDelete
 15. നിന്റെ നമ്പര്‍ ഞാന്‍ പലരോടും ചോദിച്ചു... ആര്‍ക്കും അറിയില്ല.
  :)

  ReplyDelete
 16. ഇവിടുത്തെ സൌന്ദര്യം കാണാന്‍ ഒരു പ്രവാസിയെ ആശ്രയിക്കേണ്ട ഗതികേട് ഉണ്ട് ഞങ്ങള്ക്.....

  ReplyDelete
 17. അവധിക്കാല വിശേഷങ്ങള്‍ നന്നായെഴുതി, മാഷേ.

  ഈ ഗരുഡന്‍ തൂക്കം ഇപ്പോഴും നിലവിലുണ്ടോ?

  ReplyDelete
 18. ഒരു പ്രാവാസിയുടെ ലീവ് അങ്ങനെ തന്നെ പോസ്റ്റാക്കി മാറ്റിയല്ലോ ശ്രീകുട്ടാ ആശംസകള്‍

  ReplyDelete
 19. നന്നായിട്ടുണ്ട്..... ആശംസകള്‍

  ReplyDelete
 20. അജിത്തേട്ടൻ പറഞ്ഞ പോലെ വായിച്ചു രസിച്ചു വന്ന് ആ ദൃശ്യം കണ്ടതോടെ ഉള്ള രസമൊക്കെ പോയി..

  ഇത്തരം ചടങ്ങുകൾ നിരോധിച്ചിട്ടുള്ളതല്ലേ ?

  ReplyDelete

 21. നല്ല അവധിക്കാല വിവരണം

  ReplyDelete
 22. അവധിക്കാല കാഴ്ചകള്‍ നന്നായിട്ടുണ്ട് ( അവസാനത്തേത്‌ ഒഴികെ ) ഇടയില്‍ ഗുരുവായൂര്‍ വരുമ്പോള്‍ നമ്മള്‍ കാണേണ്ടതായിരുന്നു അല്ലെ. അതൊരു നഷ്ടമായി മനസ്സിലുണ്ട്

  ReplyDelete
 23. നന്നായി അവധിക്കാല വിവരണം.. ആശംസകള്‍

  ReplyDelete
 24. നാട് അത്രക്കും മനോഹരമാണല്ലേ? ആ അവസാനത്തെ ചിത്രം! പേടിപ്പിച്ച് കളഞ്ഞൂല്ലോ?
  പുസ്തകങ്ങളിൽ ചിലത്, വായന കഴിഞ്ഞാൽ തരാമോ? പകരം വേറെ തരാം.

  ReplyDelete
  Replies
  1. തീര്‍ച്ചയായും ചീരമുളകേ..

   Delete
 25. അവധിക്കാലം ഒരു ഉത്സവമാക്കിയല്ലേ ശ്രീകുട്ടാ. തിളക്കം വറ്റാതെ സൂക്ഷിച്ചു വക്കാം ഓരോ നിമിഷങ്ങളും..

  ReplyDelete
 26. ഓര്‍മ്മകള്‍ നന്നായി അവതരിപ്പിച്ചു....ഇനി അടുത്ത അവധികാല പൊസ്റ്റിനായി കാത്തിരിക്കാം

  ReplyDelete