Thursday, February 14, 2013

പറയിപെറ്റ പന്തിരുകുലം


വിക്രമാദിത്യസദസ്സിലെ പണ്ഡിതസഭയിലെ ഒരാളായിരുന്നു സകലശാസ്ത്രപാരംഗനും പൌരാണികനുമായിരുന്ന വരരുചി. ഒരിക്കല്‍ മഹാരാജാവ് രാമായണത്തിലെ ഏറ്റവും പ്രധാനമായ വാക്യവും ശ്ലോകവുമേതാണു എന്നു എല്ലാവരോടുമായി ചോദിക്കുകയും ആര്‍ക്കും ഉത്തരം പറയാനാവാതെ വരുകയും ചെയ്തു. കൃത്യമായ ഉത്തരം പറയുന്നതിനുവേണ്ടി 41 ദിവസത്തെ സാവകാശം ചോദിച്ചുകൊണ്ട് വരരുചി കൊട്ടാരം വിട്ടിറങ്ങി. പലസ്ഥലങ്ങളിലും സഞ്ചരിച്ച് പല വിദ്വാന്മാരോടും അന്യോഷിച്ചെങ്കിലും അവര്‍ പറഞ്ഞ മറുപടികളില്‍ തൃപ്തനാവാതെ വരരുചി സഞ്ചാരം തുടര്‍ന്നു. രാജാവിനോടുപറഞ്ഞ ദിനമെത്താറായതോടെ ആകെ വിഷണ്ണനായ വരരുചി ഒരു വനാന്തര്‍ഭാഗത്തുകണ്ട ആല്‍ത്തറയില്‍ കയറിക്കിടന്നു. വനദേവതമാരെ പ്രാര്‍ത്ഥിച്ചുകൊണ്ട് കിടന്ന അദ്ദേഹം ക്ഷീണം കാരണം അല്‍പ്പസമയത്തിനകം ഉറക്കമാവുകയും ചെയ്തു.

രാത്രിയുടെ അന്ത്യയാമത്തിലെപ്പോഴോ വരരുചി കണ്ണുതുറന്നു. പിന്നീട് ഉറക്കം വരാതെ അദ്ദേഹം അതേപടി കിടന്നു. ഈ സമയം ആകാശചാരികളായ ചില ദേവതമാര്‍ അവിടെയെത്തിച്ചേരുകയും ആല്‍മരത്തില്‍ സ്ഥിരവാസം ചെയ്യുന്ന ദേവതമാരുമായി വര്‍ത്തമാനം ചെയ്യുന്നതും വരരുചികേട്ടു. നിങ്ങള്‍ എവിടേപ്പോയിട്ട് വരുന്നതാണെന്ന്‍ ആല്‍മരത്തില്‍ സ്ഥിരതാമസമാക്കിയിരുന്ന ദേവതമാരിലൊരാള്‍ അപ്പോള്‍ അവിടെ വന്നുചേര്‍ന്ന ദേവതമാരോടായിചോദിച്ചപ്പോള്‍ അടുത്തൊരു പറയന്റെ വീട്ടില്‍ ഒരു പ്രസവമുണ്ടായിരുന്നു. അതിന്റെ ചോരയും നീരും കുടിയ്ക്കാനായി പോയതായിരുന്നുവെന്നും ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുന്നത് മാം വിദ്ധി എന്നറിഞ്ഞുകൂടാത്ത മൂഡശ്ശിരോമണിയായ വരരുചിയായിരിക്കും എന്നും ദേവത മറുപടിപറഞ്ഞു. ബുദ്ധിശാലിയായിരുന്ന വരരുചിക്ക് ദേവതമാരുടെ വാക്കു കേട്ടപ്പോള്‍ അടക്കാനാവാത്ത ആഹ്ലാദവും അതേപോലെ തന്നെ സന്താപവും ഹൃദയത്തിലങ്കുരിച്ചു. താന്‍ ഇത്രയും നാളും തേടിയലഞ്ഞ ഉത്തരം ലഭിച്ചപ്പോളുണ്ടായ സന്തോഷത്തെ തനിക്ക് ജാത്യാധഃപതനം സംഭവിക്കുമല്ലോ എന്ന ചിന്ത സന്താപമായി മാറ്റിച്ചു. വരുന്നതുപോലെ കാണാമെന്നോര്‍ത്ത് വരരുചി രാജകൊട്ടാരത്തിലേയ്ക്ക് നടന്നു.

നാല്‍പ്പത്തിഒന്നു ദിവസം പൂര്‍ത്തിയായിട്ടും വരരുചിയെ കാണാതെയായപ്പോള്‍ മറ്റുള്ളവര്‍ക്കൊപ്പം രാജാവും ഖിന്നനായി. ആ മുഹൂര്‍ത്തത്തിലാണു വരരുചി രാജസദസ്സില്‍ എത്തിചേര്‍ന്നത്. രാമായണത്തിലെ ഏറ്റവും മികച്ച ശ്ലോകം

"രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജാം
അയോദ്ധ്യാമടവീം വിദ്ധി ഗച്ഛ താത യഥാസുഖം"


ആണെന്നും അതിലെ മാം വിദ്ധി ജനകാത്മജാം എന്നതാണു ഏറ്റവും പ്രധാനപ്പെട്ട വാക്യമെന്നും വരരുചി രാജസദസ്സില്‍ പറഞ്ഞു. മാത്രമല്ല ആ ശ്ലോകത്തെ പത്ത് വിധത്തില്‍ വ്യാഖ്യാനിച്ചുകേള്‍പ്പിക്കുകയും ചെയ്തു. എല്ലാം കേട്ട രാജാവും സദസ്സും വരരുചി പറഞ്ഞതാണ് കൃത്യമെന്ന്‍ സമ്മതിച്ച് തലകുലുക്കുകയും രാജന്‍ വരരുചിക്ക് ഒട്ടുവളരെ പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. അല്‍പ്പസമയം കഴിഞ്ഞ് വരരുചി രാജാവിനെ സമീപിച്ച് തലേരാത്രിയില്‍ ഇന്ന സ്ഥലത്ത് ഒരു പറക്കുടിയില്‍ ഒരു പെണ്‍കുഞ്ഞ് ജനിച്ചിട്ടുണ്ട്, ആ കുട്ടിക്ക് മൂന്നു വയസാകുമ്പോഴേയ്ക്കും രാജ്യം നശിക്കും,അതുകൊണ്ട് ആ കുട്ടിയെ കൊന്നുകളയുന്നതാണുചിതം എന്നു സ്വകാര്യമായി രാജാവിനെയറിയിച്ചു. ബാലികാനിഗ്രഹം മഹാപാപമാണെന്നുവരികിലും മഹാബ്രാഹ്മണനായ വരരുചിയുടെ വാക്കുകള്‍ ധിക്കരിക്കണ്ട എന്നുകരുതിയ രാജാവ് മറ്റുള്ളവരുമായി കൂടിയാലോചിച്ച് വാഴപ്പിണ്ടികൊണ്ട് ഒരു ചങ്ങാടമുണ്ടാക്കിയിട്ട്, ആ കുഞ്ഞിന്റെ തലയില്‍ ഒരു ചെറുപന്തവും കൊളുത്തിക്കുത്തി ചങ്ങാടത്തില്‍ കിടത്തി നദിയിലൊഴുക്കിക്കളയുവാന്‍ ചട്ടം കെട്ടി കിങ്കരമ്മാരെ അയച്ചു. രാജകിങ്കരന്മാര്‍ ഉത്തരവ് അതേപടി നടപ്പാക്കിയിട്ട് കൊട്ടാരത്തില്‍ മടങ്ങിയെത്തുകയും തനിക്ക് സംഭവിക്കാമായിരുന്ന പോകുന്ന അധ:പതനം ഒഴിവായതില്‍ വരരുചി സന്തോഷിക്കുകയും ചെയ്തു.

കാലം കടന്നുപോകവേ ഒരുനാള്‍ വരരുചി സഞ്ചാരമധ്യേ ക്ഷീണം തീര്‍ക്കാനായി സമീപം കണ്ട ഒരു ബ്രാഹ്മണ ഗൃഹത്തിലേക്ക് ചെന്നുകയറുകയും തനിക്ക് ആഹാരപാനീയങ്ങള്‍ എന്തെങ്കിലും നല്‍കണമെന്നാവശ്യപ്പെടുകയും ചെയ്തു. കുളികഴിഞ്ഞുവരുമ്പോഴേയ്ക്കും എല്ലാം തയ്യാറാക്കാം എന്ന്‍ ആ വീട്ടുകാരന്‍ പറഞ്ഞതുകേട്ട് അയാളുടെ ബുദ്ധിശക്തിയൊന്നളക്കാനായി വരരുചി ഇപ്രകാരം പറഞ്ഞു.

"എനിക്ക് കുളികഴിഞ്ഞുടുക്കുവാന്‍ വീരാളിപ്പട്ടുവേണം,നൂറുപേര്‍ക്ക് ഭക്ഷണം കൊടുത്തിട്ടുവേണം എനിക്ക് ഭക്ഷണം കഴിക്കാന്‍ മാത്രമല്ല ഊണിനു നൂറ്റിയെട്ടുകൂട്ടം കറികള്‍ വേണം.ഊണുകഴിഞ്ഞാല്‍ മൂന്നുപേരെതിന്നണം നാലുപേര്‍ എന്നെ ചുമക്കുകയും വേണം"

വരരുചിയുടെ പറച്ചില്‍ കേട്ട വീട്ടുകാരനായ ബ്രാഹ്മണണ്‍ ‍ആകെ അന്തിച്ചുപോയി. അപ്പോള്‍ വീട്ടിനകത്തുനിന്നും ഒരു കന്യക

"അദ്ദേഹത്തൊട് കുളിച്ചുവരാന്‍ പറയൂ അപ്പോള്‍ പറഞ്ഞകാര്യങ്ങള്‍ എല്ലാം ഇവിടെ തയ്യാറായിരിക്കും"

എന്നു വിളിച്ചുപറഞ്ഞു. വരരുചി കുളിക്കുവാന്‍ പോയപ്പോള്‍ അന്ധാളിച്ചുനിന്ന ബ്രാഹ്മണനോടായി പെണ്‍കുട്ടി ഇങ്ങനെ പറഞ്ഞു.

"അച്ഛാ അദ്ദേഹം ചോദിച്ചത് അത്ര പ്രയാസമുള്ള കാര്യങ്ങളൊന്നുമല്ല. കുളികഴിഞ്ഞു വരുമ്പോള്‍ ഉടുക്കുവാന്‍ വീരാളിപ്പട്ടുവേണം എന്നു പറഞ്ഞതിനര്‍ത്ഥം ഉടുക്കുവാന്‍ പുതിയ കോണകം വേണമെന്നാണു. പിന്നെ നൂറുപേര്‍ക്ക് ഭക്ഷണം കൊടുക്കണമെന്നതിനര്‍ത്ഥം വൈശ്യം കഴിക്കണമെന്നാണു. വൈശ്യം കഴിക്കുന്നതിലൂടെ നൂറുദേവന്മാരുടേ പ്രീതിയുണ്ടാകുമെന്നാണല്ലോ. നൂറ്റിയെട്ടുകൂട്ടം കറികള്‍ വേണമെന്നതിനര്‍ത്ഥം ഊണിനു ഇഞ്ചിക്കൂട്ടാന്‍ വേണമെന്നാണ്. ഇഞ്ചിക്കറി നൂറ്റിയെട്ടുകൂട്ടാനു തുല്യമെന്നാണു പറയപ്പെടുന്നത്. പിന്നെ മൂന്നുപേരെ തിന്നണമെന്ന്ത് വെറ്റിലയും അടയ്ക്കയും പുകയിലയും കൂട്ടിയുള്ള മുറുക്കും നാലുപേര്‍ ചുമക്കണമെന്നതിനര്‍ത്ഥം കിടക്കുവാന്‍ ഒരു കട്ടിലുവേണമെന്നുമാണ്. ഈ കാര്യങ്ങള്‍ ഒരുക്കുവാന്‍ അത്ര പ്രയാസമുണ്ടോ?"

മകളുടെ വിശദീകരണത്തില്‍ തൃപ്തനായ ബ്രാഹ്മണന്‍ അപ്പോള്‍ തന്നെ ആക്കാര്യങ്ങളെല്ലാമൊരുക്കുകയും കുളികഴിഞ്ഞുവന്ന വരരുചിയെ എല്ലാം നല്‍കി സന്തോഷിപ്പിക്കുകയും ചെയ്തു. താന്‍ പറഞ്ഞ കാര്യത്തിന്റെ ഗൂഡാര്‍ത്ഥം മനസ്സിലാക്കി വേണ്ടതുപോലെ പ്രവര്‍ത്തിക്കാനിടയായത് ആ കന്യകയുടെ ബുദ്ധിശക്തികൊണ്ടാണെന്ന്‍ മനസ്സിലാക്കിയ വരരുചി ആ കന്യകയെ തനിക്ക് വിവാഹം കഴിച്ചു നല്‍കണമെന്ന്‍ ബ്രാഹ്മണനോടായി ആവശ്യപ്പെടുകയും അടുത്തൊരു ശുഭമുഹൂര്‍ത്തത്തില്‍ വരരുചി ആ കുട്ടിയെ വിവഹം കഴിച്ചു സ്വഗൃഹത്തിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. 

വിവാഹനന്തരം സസുഖം കഴിഞ്ഞുവരവേ ഒരുനാള്‍ വരരുചി തന്റെ പ്രിയതമയുടെ തലമുടി ഭംഗിയായി ചീകിക്കെട്ടുവാന്‍ സഹായിച്ചുകൊണ്ടിരിക്കവേ തലയുടെ മധ്യഭാഗത്തായി ഒരു വ്രണമുണങ്ങിയ പാടുകാണുകയും അതെന്താണെന്ന്‍  ചോദിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ പണ്ട് ഒരു വാഴപ്പിണ്ടി ചങ്ങാടത്തില്‍ നദിയില്‍ കൂടെ ഒഴുകിവരുന്നസമയത്ത് തന്റെ വളര്‍ത്തുപിതാവിനു ലഭിച്ചതാണെന്നും തലയില്‍ തറച്ചിരുന്ന ഒരു പന്തത്തിന്റെ പാടാണു കാണുന്നതെന്നും ആ സാധ്വി ഭര്‍ത്താവിനോടായി പറഞ്ഞു. ഈ വാര്‍ത്തകെട്ടപ്പോള്‍ ബുദ്ധിശാലിയായ വരരുചിക്ക് ഇത് പണ്ട് താന്‍ ഒഴിവാക്കിയെന്ന്‍ വിശ്വസിച്ചിരുന്ന അതെ പറയപ്പെണ്‍കുട്ടിതന്നെയാണെന്ന്‍  ബോധ്യപ്പെടുകയും വിധിയെ തടുക്കാനാവില്ല എന്നു സമാധാനിച്ചുകൊണ്ട് ആയുഷ്ക്കാലം മുഴുവന്‍ ദേശസഞ്ചാരം നടത്താമെന്ന്‍ വിചാരിച്ചു ഭാര്യയുമൊത്ത് യാത്ര തുടങ്ങുകയും ചെയ്തു.

ഓരോരോ ദിക്കുകളില്‍ സഞ്ചരിക്കവേ വരരുചിയുടെ ഭാര്യ ഗര്‍ഭം ധരിക്കുകയും ഗര്‍ഭം പൂര്‍ണ്ണമായി വേദനയാരംഭിച്ചപ്പോള്‍ സഞ്ചാരമധ്യേകണ്ട കാട്ടിനകത്തുകയറി പ്രസവിച്ചുകൊള്ളാന്‍ വരരുചി പറയുകയും ആ സ്ത്രീ അതേപടി ചെയ്തു അല്‍പ്പസമയത്തിനകം പ്രസവിക്കുകയും ചെയ്തു. പ്രസവം കഴിഞ്ഞപ്പോള്‍ കുഞ്ഞിനു വായുണ്ടോയെന്ന്‍ വരരുചി വിളിച്ചുചോദിച്ചു. വായുണ്ട് എന്ന്‍ ഭാര്യ പറഞ്ഞതുകേട്ട് വായുള്ള കുഞ്ഞിനു ഇരയും ദൈവം കല്‍പ്പിച്ചിട്ടുണ്ട് അതുകൊണ്ട് ആ കുഞ്ഞിനെ അവിടെ ഉപേക്ഷിക്കുക എന്ന്‍ വരരുചി പറയുകയും ആ സ്ത്രീ അപ്രകാരം ചെയ്യുകയും ചെയ്തു. ഇങ്ങിനെ പലപ്പോഴായി പതിനൊന്നുവട്ടം ആ സ്ത്രീ പ്രസവിക്കുകയും ആദ്യം ചോദിച്ചതുപോലെ വരരുചി ചോദ്യം ചോദിക്കുകയും വായുണ്ടെന്ന ഭാര്യയുടെ മറുപടികേട്ട് എന്നാല്‍ അതിനെ അവിടെ ഉപേക്ഷിച്ചുകൊള്ളാന്‍ വരരുചി പറയുകയുമുണ്ടായി. ഇപ്രകാരമുണ്ടായ പതിനൊന്നു കുഞ്ഞുങ്ങളേയും പതിനൊന്നു ജാതിയില്‍ പെട്ടവര്‍ക്ക് കിട്ടുകയും അതാതു ജാതികളില്‍ അവര്‍ വളരാനാരംഭിക്കുകയും ചെയ്തു.

പന്ത്രണ്ടാമത്തെ ഗര്‍ഭമുണ്ടായി പ്രസവശേഷം പതിവുചോദ്യം ഭര്‍ത്താവു ചോദിച്ചപ്പോള്‍ കുഞ്ഞിനു വായില്ല എന്നു ഭാര്യ പറഞ്ഞു. എന്നാല്‍ ആ കുട്ടിയെ എടുത്തുകൊള്‍ക എന്ന്‍ വരരുചി പറഞ്ഞതുകേട്ട് കുഞ്ഞിനേയുമെടുത്ത് അവര്‍ ഭര്‍ത്താവിനൊപ്പം പുറപ്പെട്ടു. അല്‍പ്പസമയം കഴിഞ്ഞുനോക്കിയപ്പോള്‍ യഥാര്‍ത്ഥമായും ആ കുഞ്ഞിനു വായില്ലാതെയായിതീര്‍ന്നിരിക്കുന്നതായും അത് പിണമായതായും അവര്‍ക്ക് മനസ്സിലായി. വിശിഷ്ടകളായ പതിവൃതാരത്നങ്ങളുടെ വാക്കുകള്‍ അസ്ത്യമായി ഭവിക്കില്ലല്ലോ. വരരുചി ആ കുഞ്ഞിനെ ഒരു കുന്നിന്‍ മുകളില്‍ കൊണ്ടുപോയി പ്രതിഷ്ടിച്ചു. അതാണു പ്രസിദ്ധമായ വായില്ലാക്കുന്നിലപ്പന്‍. ദേശസഞ്ചാരം തുടര്‍ന്ന വരരുചിയും ഭാര്യയും ഏതോ പുണ്യസ്ഥലത്തുവച്ച് മരണമടഞ്ഞ് സ്വര്‍ഗസ്ഥരാകുകയും ചെയ്തു.

പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുപേര്‍

1. മേളത്തൂര്‍അഗ്നിഹോത്രി
2. രചകന്‍
3. ഉളിയന്നൂര്‍തച്ചന്‍
4. വള്ളോന്‍
5. വടുതലമരു
6. കാരയ്ക്കലമ്മ
7. ഉപ്പുകൊറ്റന്‍
8. പാണനാര്‍
9. നാരായണത്ത് ഭ്രാന്തന്‍
10.അകവൂര്‍ചാത്തന്‍
11.പാക്കനാര്‍
12.വായില്ലാക്കുന്നിലപ്പന്‍

പന്തിരുകുലത്തിലെ മൂത്ത ആളും ബ്രാഹ്മണനുമായിരുന്ന മെളത്തൂര്‍ അഗ്നിഹോത്രികളുടെ ഇല്ലത്തുവച്ചാണ് എല്ലാകൊല്ലവും മാതാപിതാക്കളുടെ ചാത്തമൂട്ട് നടത്തിയിരുന്നത്. അന്നേദിവസം വായില്ലാക്കുന്നിലപ്പനൊഴിച്ചുള്ള എല്ലാവരും അവിടെ ഒത്തുകൂടുകയും ശ്രാദ്ധമൊക്കെ ഭംഗിയായി നടത്തി പിറ്റേന്നു പിരിയുകയുമായിരുന്നു പതിവ്. ഒരു ബ്രാഹ്മണഗൃഹത്തില്‍ പാണനും പറയനും ചാത്തനുമൊക്കെ വരുന്നതില്‍ അഗ്നിഹോത്രിയുടെ അന്തര്‍ജ്ജനത്തിനും മറ്റു ബന്ധുജനങ്ങള്‍ക്കും കടുത്ത നീരസമുണ്ടായിരുന്നെങ്കിലും ഒരു ശ്രാദ്ധകാലത്ത് ഊണ് കഴിഞ്ഞ് എല്ലാവരും നടുത്തളത്തില്‍ കിടന്നുറങ്ങവേ അഗ്നിഹോത്രികള്‍ തന്റെ അന്തര്‍ജ്ജനത്തേയും മറ്റും വിളിച്ച് തന്നെ തൊട്ടുകൊണ്ട് അവരെ നോക്കുവാന്‍ ആവശ്യപ്പെട്ടു. അപ്രകാരം ചെയ്ത അവര്‍ കണ്ടത് പന്തിരുകുലത്തിലെ അംഗങ്ങളെല്ലാം ശംഖുചക്രഗദാപത്മാദികളായ ആയുധങ്ങളോടെ ചതുര്‍ബാഹുക്കളായി അനന്തന്റെ പുറത്ത് ശയിക്കുന്നതാണ്. വിസ്മയാകുലരായ അവര്‍ക്ക് പറയിപെറ്റ പന്തിരുകുലത്തിന്റെ മഹിമ ബോധ്യപ്പെടുകയും പിന്നീടൊരിക്കലും അവരോടുള്ള മുഷിവ് കാട്ടുകയും ചെയ്യുകയുണ്ടായിട്ടില്ല.

പറയിപെറ്റ പന്തിരുകുലത്തിലെ പന്ത്രണ്ടുപേരുടേയും പേരുകള്‍ ചേര്‍ത്തുള്ള ഒരു ശ്ലോകം തഴെ ചേര്‍ക്കുന്നു.

"മേളത്തൂര്‍ അഗ്നിഹോത്രി രജകനുളിയന്നൂര്‍-
തച്ചനും പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍ വടുതല മരുവും
നായര്‍ കാരയ്ക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂറ്റന്‍ പെരിയ തിരുവര-
ങ്ങത്തെഴും പാണനാരും
നെരേ നാറാണത്തുഭ്രാന്തനുമുടനകവൂര്‍ 
ചാത്തനും പാക്കനാരും"

(കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാലയിലെ കഥ നോക്കിയെഴുതിയ സാഹസം)

ശ്രീക്കുട്ടന്‍


Sunday, February 10, 2013

ചെറുകുറിപ്പുകള്‍


രഹസ്യമായ കാര്യങ്ങള്‍..

പലരും പറയുന്നതു കേള്‍ക്കാറുണ്ട്. തന്റെ ജീവിതമൊരു തുറന്നപുസ്തകമാണ് മറ്റാര്‍ക്കും അറിയാത്തതായി ഒന്നും തന്നെ തന്റെ ജീവിതത്തിലുണ്ടായിട്ടില്ല എന്ന്‍. അക്ഷരാര്‍ത്ഥത്തില്‍ ഇത്രയും വലിയ ഒരു കള്ളം മറ്റൊന്നില്ല തന്നെ. ആരും തുറന്ന പുസ്തകങ്ങള്‍ അല്ല. പുറത്തുപറയാനാവാത്ത നൂറായിരം രഹസ്യങ്ങള്‍ ഉള്ളില്‍ പേറി നടക്കുന്ന പ്രഹേളികകളാണ് ഓരോ മനുഷ്യനും. ചില കാര്യങ്ങള്‍ നമുക്ക് പരസ്യപ്പെടുത്താനാവില്ലൊരിക്കലും. പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്ന ബിംബങ്ങള്‍ തകര്‍ന്നു തരിപ്പണമായിപ്പോകാവുന്ന രഹസ്യങ്ങള്‍ എങ്ങിനെയാണു മറ്റൊരാളുമായി പങ്കുവയ്ക്കാനാവുക. ചിലര്‍ പറയാറുണ്ട് ഒരാളിന്റെ ജീവിതത്തിലെ എല്ലാകാര്യങ്ങളും പങ്കു വയ്ക്കാനാവുന്നത് അയാളുടെ സുഹൃത്തുമായിട്ട് മാത്രമാണ് എന്ന്‍. സത്യത്തില്‍ ഇതുമൊരു സത്യസന്ധമായ പറച്ചിലല്ല. നൂറുശതമാനം ഉറപ്പിച്ചുപറയാം ആര്‍ക്കും അവരുടെ എല്ലാകാര്യങ്ങളും പൂര്‍ണ്ണമായും മറ്റൊരാളിനോട് പങ്കുവയ്ക്കാനാകില്ല. അത് സുഹൃത്തായാലും ഭാര്യയായാലും സ്വന്തം പ്രതിരൂപമായാലും ശരിതന്നെ. എല്ലാവരുടെ ജീവിതത്തിലും ചില രഹസ്യങ്ങള്‍ ഉണ്ടായിരിക്കും. ഒരുനാള്‍ മണ്ണിലേയ്ക്ക് അയാള്‍ ലയിച്ചുചേരുന്നതോടെ അയാളത്രയും കാലം കാത്തുസൂക്ഷിച്ചിരുന്ന രഹസ്യവും ആരുമാരുമറിയാതെ അപ്രത്യക്ഷമാകുന്നു. രഹസ്യങ്ങള്‍ രഹസ്യങ്ങളായിതന്നെ നിലനില്‍ക്കുന്നതാണുചിതം..

നവവിദ്യാര്‍ത്ഥികള്‍......

അധ്യാപിക വഴക്കുപറഞ്ഞു എന്ന കാരണത്താല്‍ കുറച്ചു വിദ്യാര്‍ത്ഥികള്‍ ആ അധ്യാപികയുടെ കുടുംബഫോട്ടോയില്‍ നിന്നും അവരുടെ ചിത്രം കട്ടുചെയ്തെടുത്ത് അത് ഒരു നഗ്നചിത്രവുമായി യോജിപ്പിച്ച് അധ്യാപികയുടേതെന്ന വ്യാജേന പ്രചരിപ്പിച്ചു. പത്രത്തില്‍ വന്ന ഈ വാര്‍ത്ത ഞെട്ടലോടുകൂടി മാത്രമാണു ഞാന്‍ വായിച്ചു തീര്‍ത്തതു. നാലക്ഷരം പഠിപ്പിച്ചുകൊടുക്കുന്ന അധ്യാപികയ്ക്ക് ഇതിനേക്കാള്‍ മികച്ച ഒരു ഗുരുദക്ഷിണ നല്‍കാനാവില്ലല്ലോ. താമസിയാതെ പെറ്റു പാലൂട്ടിവളര്‍ത്തിയ അമ്മയുടേയും ഒരേ ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും വന്ന കൂടെപ്പിറന്നവളുടേയും തുണിയില്ലാത്ത ചിത്രങ്ങള്‍ കൂടി ഈ ശിക്ഷ്യന്മാര്‍ പ്രസിദ്ധപ്പെടുത്തില്ല എന്നെങ്ങിനെയുറപ്പിക്കാം. എന്താണു നമ്മുടെ അധ്യാപക വിദ്യാര്‍ത്ഥി ബന്ധത്തില്‍ സംഭവിച്ചിരിക്കുന്നത്. ഗുരുനാഥരെ പൂജിച്ചിരുന്ന ഒരു തലമുറയുടെ പിന്തുടച്ചക്കാര്‍ എങ്ങിനെ ഈ വിധം അയി മാറുന്നു എന്നത് ആഴത്തില്‍ ചിന്തിക്കേണ്ട വിഷയമാണ്. ഗുരുവിനെ ദൈവത്തെ പോലെ കരുതിയിരുന്ന ഒരു കാലഘട്ടത്തില്‍ നിന്നും വന്നവരാണു നാം എന്നത് ഇപ്പോള്‍ ആരൊടെങ്കിലും പറയുകയാണെങ്കില്‍ അവര്‍ ചിരിച്ചുതള്ളും. അറിവു പകര്‍ന്നുതരുന്നവനാണു ഗുരു. മനസ്സിലെ അന്ധതയെ അകറ്റുന്ന സാക്ഷാല്‍ ദൈവം. തങ്ങള്‍ പകര്‍ന്നു നല്‍കുന്ന അറിവ് യഥായോഗ്യം ശിക്ഷ്യര്‍ സ്വീകരിക്കുന്നുണ്ടോ എന്നറിയുവാനും അതിനവരെ പ്രാപ്തരാക്കുവാനും വേണ്ടി ചിലപ്പോള്‍ അല്‍പ്പം ശാസനയുടെ രൌദ്രഭാവം ഗുരുനാഥന്മാര്‍ കൈക്കൊണ്ടാല്‍ അത് തങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന്‍ മനസ്സിലാക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇനിയുണ്ടാകുമോ.

സ്വഭാവരൂപീകരണം

ഒരു കുട്ടിയുടെ സ്വഭാവരൂപീകരണത്തില്‍ സാരമായ സ്വാധീനം ചെലുത്തുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയും. മാതാപിതാക്കളായിരിക്കണം കുട്ടികളുടെ വഴികാട്ടികളും മാതൃകകളും. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് അവരര്‍ഹിക്കുന്ന തരത്തിലുള്ള ഒരു പരിഗണനയും വീടുകളില്‍ നിന്നും ലഭിക്കുന്നില്ല. 4 മണിക്കൂറുണ്ടെങ്കില്‍ ഏഴുമണിക്കൂറും അലന്ന സീരിയലുകള്‍ക്ക് മുന്നിലിരുന്ന്‍ നെടുവീര്‍പ്പിടുന്ന അമ്മമാരും കിഴക്ക് വെള്ള കീറിയാലുടന്‍ തല പെരിപ്പിക്കാനുള്ള വഴികളന്യോഷിക്കുന്ന അച്ഛനും മക്കളുടെ ദൈന ദിനകാര്യങ്ങളില്‍ കരുതലും ശ്രദ്ധയും പുലര്‍ത്തുന്നതെങ്ങിനെ. മകളുടെ അല്ലെങ്കില്‍ മകന്റെ കൂട്ടുകാര്‍ ആരാണു,അവര്‍ എന്താണു ചെയ്യുന്നത്,കൃത്യമായി സ്കൂളുകളില്‍ എത്തുന്നുണ്ടോ,ആരോടൊക്കെയാണു അവര്‍ ഇടപഴകുന്നത്. ഇതൊക്കെ ആരും മൈന്‍ഡ് ചെയ്യുന്നില്ല. അനിയന്ത്രിതമായ സ്വാതന്ത്ര്യവും സൌകര്യങ്ങളും ലഭിക്കുന്ന കുട്ടികള്‍ ശരി തെറ്റുകള്‍ ഒന്നും കാണാന്‍ ശ്രമിക്കാതെ സുഖങ്ങള്‍ അന്യോഷിച്ചുപോകുന്നു. ഇന്നത് ചെയ്യരുത് ഇന്നത് ചെയ്യുന്നതില്‍ കുഴപ്പമില്ല എന്നൊക്കെ അവരെ ഉപദേശിക്കുവാനും നേര്‍വഴി നടത്തുവാനും ആര്‍ക്കെവിടെ സമയം. ശുദ്ധികലശം ആരംഭിക്കേണ്ടത് കുടുംബങ്ങളില്‍ നിന്നാണു. മകളോട് നീ ആരുടെ കൂടെ വേണമെങ്കിലും പുറത്തേയ്ക്കോ മറ്റോ പൊയ്ക്കോളൂ എന്നു പറയുന്ന മാതാപിതാക്കളല്ല മറിച്ച് അടങ്ങിയൊതുങ്ങി മര്യാദയ്ക്ക് വീട്ടിലിരിക്കണമെന്ന്‍ കര്‍ശനമായിപ്പറയുന്ന മാതാപിതാക്കളാണിന്നത്തെക്കാലത്താവശ്യം. പെണ്‍കുട്ടികളോട് മാന്യമല്ലാത്തരീതിയില്‍ പെരുമാറുന്ന മകനെ ശാസിച്ചും ശകാരിച്ചും ശിക്ഷിച്ചും നേര്‍വഴി നടത്തുന്ന, പരിധിയില്‍ കവിഞ്ഞ അടുപ്പം ആരോടും പുലര്‍ത്തരുതെന്നും,സ്വന്തം സുരക്ഷയില്‍ ബദ്ധശ്രദ്ധപുലര്‍ത്തണമെന്നും,എന്തു കാര്യവും മാതാപിതാക്കളെ അറിയിക്കുവാന്‍ മറക്കരുതെന്നും പെണ്മക്കളെയും ഉപദേശിക്കുന്ന, ആക്കാര്യങ്ങള്‍ ഗൌരവപൂര്‍ണ്ണമായ ശ്രദ്ധയോടുകൂടി നോക്കിക്കാണുന്ന മാതാപിതാക്കളെയാണിന്നത്തെ കാലഘട്ടത്തിനു വേണ്ടത്. ഒരു വ്യക്തി നന്നായാല്‍ കുടുംബവും കുടുംബം നന്നായാല്‍ സമൂഹവും സമൂഹം നന്നായാല്‍ രാജ്യവും നന്നാവും എന്നതു മറക്കണ്ട..

ഭ്രാന്തമ്മാരുടെ സ്വന്തം നാട്..

ദൈവത്തിന്റെ സ്വന്തം നാട് എന്ന്‍ നമ്മുടെ കേരളത്തെ വിശേഷിപ്പിച്ചിരുന്ന ആള്‍ ഇന്നു ജീവിച്ചിരുന്നെങ്കില്‍ തീര്‍ച്ചയായും നൂറാവര്‍ത്തിയെങ്കിലും അയാള്‍ ആത്മഹത്യ ചെയ്യുമായിരുന്നു. നമ്മുടെ നാട് ദൈവത്തിന്റെയാണോ. അല്ലേയല്ല. നായരുടേയും ഈഴവന്റേയും കൃസ്ത്യാനിയുടേയും മുസ്ലീമിന്റേയും ദളിതരുടേയും നാട്. മനുഷ്യരായിട്ടാരുമില്ല. ജീവിതത്തിന്റെ സമസ്തമേഖലയിലും വിളയാടുന്നത് എന്റെ ജാതി എന്റെ മതം എന്ന ജല്‍പ്പനങ്ങള്‍ മാത്രം. ഒരു പൊതുസ്ഥലം അന്യ മതസ്തര്‍ക്ക് എന്തെങ്കിലും പരിപാടി നടത്തുവാന്‍ വേണ്ടി നല്‍കിയാല്‍ അതിന്റെ പേരില്‍ ബന്ദും ഹര്‍ത്താലും നടത്തുന്ന തരത്തിലേയ്ക്ക് അധഃപതിച്ച ദുഷിച്ചുനാറിയ മനസ്ഥിതിയുള്ളവരുടെ നാടായി മാറിയിരിക്കുന്നു ദൈവത്തിന്റെ സ്വന്തം നാടെന്ന്‍ പുകഴ്പ്പെറ്റ നമ്മുടെ നാട്. ഒരു സിനിമയിലെ കഥാപാത്രത്തിന്റെ ഒന്നോ രണ്ടോ വാചകങ്ങളാലോ ചില കാഴ്ചകളുടെ പ്രദര്‍ശനത്തിനാലോ തങ്ങളുടെ മതവും വിശ്വാസവും തകര്‍ന്ന്‍ തരിപ്പണമായിപ്പോയിയെന്നു പരിതപിച്ച് കമ്പും വടിയുമായി യുദ്ധത്തിനിറങ്ങുന്ന ജനതയായിരിക്കുന്നു നാം. നമ്മുടെ നാടിന്റെ പോക്കെങ്ങോട്ടേയ്ക്കാണെന്ന്‍ മനസ്സിലാകുന്നില്ല. പൊതുസ്ഥലങ്ങളും വിനോദോപാധികളും ഒക്കെ മത വേര്‍തിരിവിന്റെ കണ്ണോടു കൂടി കാണുന്ന ദുഷിച്ചു നാറിയവര്‍ നാളെ ശ്വസിക്കുന്ന വായുവിന്റെ പേരിലും കുടിയ്ക്കുന്ന വെള്ളത്തിന്റെ പേരിലും വരെ ജാതിതിരിച്ച് സമരങ്ങള്‍ നടത്തില്ല എന്നാരു കണ്ടു. ഈ വിധം കേരളീയരെ കൊണ്ടെത്തിച്ചവര്‍ക്ക് കാലം മാപ്പു നല്‍കില്ല...ത്ഫൂ...

ഭാര്യമാര്‍..

എന്റെ അഭിപ്രായത്തില്‍ സ്വാര്‍ത്ഥതയുടെ പൂര്‍ണ്ണതയാണു ഭാര്യമാര്‍. നാം എത്രതന്നെ സ്നേഹിച്ചാലും അവര്‍ പറയും. അല്ലേലും നിങ്ങള്‍ക്കെന്നോട് ഒരു സ്നേഹവുമില്ല. നിങ്ങള്‍ക്കിപ്പോഴും നിങ്ങളുടെ അമ്മയോടും സഹോദരരോടുമൊക്കെയാണു പ്രീയം. ഭര്‍ത്താവിന്റെ സ്നേഹത്തെ ഏതു അളവുകോലുകൊണ്ടാണു ഭാര്യമാര്‍ അളക്കുന്നതെന്നുചോദിച്ചാല്‍ സത്യത്തില്‍ കുഴങ്ങിപ്പോകും. എനിക്കു തോന്നുന്നു തന്റെ ഭര്‍ത്താവിനു തന്നോട് സ്നേഹമൊന്നുമില്ലെന്ന്‍‍ എപ്പോഴും പിറുപിറുക്കുന്ന, വീട്ടുകാര്യങ്ങള്‍ എങ്ങിനെയൊക്കെ നോക്കിയാലും ഒരു തൃപ്തിയില്ലായ്മ ഭാവിക്കുന്ന, മറ്റുള്ളവരോട് ഭര്‍ത്താവ് അടുപ്പം കാണിക്കുന്നതിനെ അല്‍പ്പവും ഇഷ്ടപ്പെടാത്ത,താനും തന്റെ ലോകവും മാത്രമാണു ഭര്‍ത്താവിനു ചുറ്റുമുണ്ടാവേണ്ടതെന്ന്‍ ആഗ്രഹിക്കുകയും എന്നാല്‍ ഭര്‍ത്താവിനെ സ്നേഹിച്ചു കൊല്ലുകയും ചെയ്യുന്ന അത്ഭുതപ്രതിഭാസമത്രേ ഭാര്യമാര്‍.

മരണത്തിന്റെ സന്തോഷം

സത്യത്തില്‍ പലര്‍ക്കും വയസ്സായവരുടെ മരണമെന്നത് ഗൂഡസന്തോഷത്തിന്റെ സൌന്ദര്യം പേറുന്ന ഒന്നാണ്. വയ്യാതായിക്കിടക്കുന്ന ബന്ധുജനങ്ങള്‍ മരിക്കുമ്പോള്‍ പുറമേ കാണിക്കുന്നില്ലെങ്കിലും അകമേ സന്തോഷത്തിരയിളക്കത്തോടെ ഒരു വയ്യാവേലി ഒഴിഞ്ഞല്ലോ എന്നു ഭാവിക്കുന്നവരാണധികവും. മരണശേഷം മാത്രം ക്രയവിക്രയം ചെയ്യാവുന്ന രീതിയിലെഴുതിവച്ചിരിക്കുന്ന വസ്തുവഹകളുടെ നിയന്ത്രണാവകാശം കൈവശം വന്നുചേര്‍ന്നതില്‍ മറ്റൊരുകൂട്ടര്‍ ആഹ്ലാദിക്കുന്നു. തന്റെ വഴിയില്‍ തടസ്സമായിനിയിവന്‍ അല്ലെങ്കില്‍ ഇവള്‍ ഇല്ലല്ലോ എന്നോര്‍ത്ത് ചിലര്‍ സന്തോഷിക്കുന്നു. വല്ലപ്പോഴും ഇച്ചിരി കൊച്ചുവര്‍ത്തമാനം പറയുവാന്‍ ഇനി ആരുമില്ലല്ലോയെന്ന്‍ ചിലര്‍ പരിതപിക്കുന്നു. സത്യത്തില്‍ ആരെങ്കിലും സങ്കടപ്പെടുന്നുണ്ടോ. ഇല്ലേയില്ല. പുറമേ എഴുതിയൊട്ടിച്ചു മുഖത്തുപതിപ്പിച്ചുവച്ച സങ്കടലേബലുമായി ഉലാത്തുന്നവരാണു തൊണ്ണൂറ്റിയെട്ടുശതമാനവും. സത്യത്തില്‍ മരണം സങ്കടത്തോടെ നോക്കിക്കാണേണ്ടുന്ന ഒന്നല്ല തന്നെ. ജീവിച്ചിരുന്നപ്പോള്‍ അനുഭവിച്ചിരുന്ന എല്ലാ യാതനകളിലും നിന്നുള്ള ശാശ്വതരക്ഷപ്പെടല്‍ എന്ന അര്‍ത്ഥത്തില്‍ മരണം സന്തോഷകരമായ ഒന്നുതന്നെ.

ശരികളുടെ ന്യായീകരണം..

എല്ലാ ആള്‍ക്കാര്‍ക്കും തങ്ങളുടെ ഭാഗമാണ് ശരി എന്ന തോന്നല്‍ കൂടുതലാണു. സത്യത്തില്‍ ഇത്തരം ശരികള്‍ കൂടിക്കൂടിവരുന്നതുകൊണ്ടാണു ഒരുവിധമെല്ലാ അക്രമങ്ങളും ന്യായീകരിക്കപ്പെടുന്നത്. അസമയത്ത് ഒറ്റയ്ക്ക് പുറത്ത് കറങ്ങുവാന്‍ പോകുന്ന ഒരു യുവതിയ്ക്ക് സ്വന്തം പ്രവര്‍ത്തി ശരിയായാണു തോന്നുന്നത്. അവള്‍ അക്രമിക്കപ്പെട്ടാല്‍ അസമയത്തെന്തിനു ഒറ്റയ്ക്ക് പോയി എന്ന ചോദ്യത്താല്‍ പ്രസ്തുത അക്രമം ന്യായീകരിക്കപ്പെടും. ഒരു പെണ്‍കുട്ടി കാമുകനാലോ മറ്റോ ചതിക്കപ്പെട്ട വാര്‍ത്തയറിഞ്ഞാല്‍ മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി നടന്നിരുന്നെങ്കില്‍ ഈ ഗതി വരുമായിരുന്നോ എന്ന ആത്മഗതത്താല്‍ ആ ചതിയും അംഗീകരിക്കപ്പെടും. ആണിന്റേയും പെണ്ണിന്റേയും സമൂഹത്തിന്റേയും ഇത്തരം ശരിവയ്പ്പിന്റെ ന്യായീകരണങ്ങളാണ് സത്യത്തില്‍ അക്രമപ്രവര്‍ത്തികള്‍ക്കുള്ള യഥാര്‍ത്ഥവളം..

ശ്രീക്കുട്ടന്‍

Wednesday, February 6, 2013

പാപമോചനത്തിനുള്ള വഴി

പാപമോചനത്തിനുള്ള വഴി - പുരാണകഥകള്‍

ആഴ്വാഞ്ചേരിത്തമ്പ്രാക്കളുടെ ഇല്ലത്തെ കന്നുകാലികളെ മേയ്ക്കുന്ന ആളായിരുന്നു ശങ്കരന്‍. മനയ്ക്കലുള്ള അസംഖ്യം കന്നുകാലികളെ തീറ്റുന്നതും കുളിപ്പിക്കുന്നതും പരിപാലിക്കുന്നതുമെല്ലാം ശങ്കരനാണ്‍ ചെയ്തുകൊണ്ടിരുന്നത്. പ്രായേണ മൂഢബുദ്ധിയായിരുന്ന ശങ്കരന്‍ ഒരുദിവസം ഒരു കന്നുകാലി എന്തോ കുറുമ്പ് കാട്ടിയതിന് ഒരു വടിയെടുത്ത് അതി്യൊന്നു തല്ലുകയുണ്ടായി. അടി മര്‍മ്മസ്ഥാനത്തുകൊണ്ടിട്ടോ മറ്റോ ആ കന്നുകാലി അപ്പോള്‍ത്തന്നെ മറിഞ്ഞുവീണു അല്‍പ്പനേരത്തെ പിടച്ചിലോടെ മരണമടയുകയുണ്ടായി. ആ അടികൊണ്ടസ്ഥലം നോക്കിവച്ചിരുന്ന ശങ്കരന്‍ പിന്നീട് ഏതെങ്കിലും കന്നുകാലികള്‍ അനുസരണക്കേടുകാട്ടിയാലുടനേ വടിയെടുത്ത് മുമ്പ് നോക്കിവച്ചിരുന്ന മര്‍മ്മസ്ഥാനംനോക്കി ഒരു വീക്കു വച്ചുകൊടുക്കുക പതിവായി. എന്തിനേറെപറയുന്നു അല്‍പ്പകാലംകൊണ്ട് കന്നുകാലികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിത്തീര്‍ന്നു. പലപ്പോഴും ദേശാന്തരവാസത്തിലും മറ്റുമൊക്കെയായിരുന്ന തമ്പ്രാക്കള്‍ ഈ സ്ഥിതിയൊന്നുമറിഞ്ഞിരുന്നുമില്ല.

ഒരു ദിവസം ദേശാന്തരവാസമെല്ലാംകഴിഞ്ഞ് സ്വഭവനത്തില്‍ മടങ്ങിയെത്തിയ തമ്പ്രാക്കള്‍ തന്റെ കന്നുകാലികളെങ്ങിനെയിരിക്കുന്നു എന്നറിയാനായി തൊഴുത്തിലേയ്ക്കുചെന്നു. എല്ലുകളെഴുന്നുനില്‍ക്കുന്ന നാമമാത്രമായ കാലിക്കൂട്ടത്തെക്കണ്ട് അന്ധാളിച്ചുപോയ തമ്പ്രാക്കള്‍ ഉടന്‍തന്നെ ശങ്കരനെ വരുത്തി വിവരമാരാഞ്ഞു. പറഞ്ഞാല്‍ കേള്‍ക്കാത്ത കാലികള്‍ക്ക് താന്‍ നല്ല വീക്കു വച്ചുകൊടുത്തുവെന്നും അപ്പോള്‍ അവ മറിഞ്ഞുവീണ് ചത്തുപോയിയെന്നുമുള്ള ശങ്കരന്റെ പറച്ചില്‍ കേട്ട് തമ്പ്രാക്കള്‍ തലയില്‍ കൈവച്ചിരുന്നുപോയി. ഗോവധമെന്ന മഹാപാതകം ചെയ്തു നില്‍ക്കുന്ന ശങ്കരനെ പ്രാകിക്കൊണ്ട് അവന്‍ ചെയ്ത കൊടുംപാപത്തിന്റെ ഫലം താനും തന്റെ കുടുംബവും കൂടി അനുഭവിക്കേണ്ടി വരുമല്ലോ എന്നു വിലപിച്ചുകൊണ്ട് തമ്പ്രാക്കള്‍ പരിതപിക്കവേ ശങ്കരനും ആകെ സങ്കടത്തിലായി. പാപപുണ്യങ്ങളെപ്പറ്റിയൊന്നും ഗ്രാഹ്യമില്ലാതിരുന്ന അവന്‍ തമ്പ്രാക്കളൊട് അതേകുറിച്ചൊക്കെ പിന്നീട് ചോദിച്ചറിയുകയും താന്‍ ചെയ്ത മഹാപാപം തീരുവാനെന്താണു ചെയ്യേണ്ടതെന്ന്‍ അദ്ദേഹത്തോട് ചോദിക്കുകയുമുണ്ടായി.

കാശിയില്‍പ്പോയി ഗംഗാസ്നാനം നടത്തുകയും വിശ്വനാഥദര്‍ശനം നടത്തുകയും ചെയ്താല്‍ തീരാത്ത ഒരു പാപവും ലോകത്തിലില്ല, അവനു മോക്ഷം ലഭിക്കും എന്ന്‍ തമ്പ്രാക്കള്‍ പറഞ്ഞതുകേട്ട് തന്റെ പാപം തീര്‍ത്തിട്ടേ ഇനിയെന്തുമുള്ളു എന്നുറപ്പിച്ചു അന്നുതന്നെ ശങ്കരന്‍ കാശിയിലേയ്ക്ക് യാത്രതിരിച്ചു.

ഒരിക്കല്‍ സംസാരമധ്യേ ശ്രീപാര്‍വ്വതി പരമശിവനോട് ഇങ്ങനെ ചോദിക്കുകയുണ്ടായി.

"അല്ലയോ ഭഗവാനേ ഗംഗാസ്നാനം ചെയ്യുന്നവരെല്ലാംതന്നെ പാപമോചിതരായി മോക്ഷം പ്രാപിക്കാറുണ്ടോ?"

ദേവിയുടെ ചോദ്യംകേട്ടു മന്ദസ്മിതം പൊഴിച്ചുകൊണ്ട് ഭഗവാന്‍ ഇപ്രകാരം പറഞ്ഞു.

"ഇല്ല ദേവീ ഒരിക്കലുമില്ല. ഭക്തിയും വിശ്വാസവുമാണു പ്രധാനം. ഒപ്പം പച്ഛാത്താപവിവശമായമനസ്സും വേണം. അതില്ലാത്തവര്‍ക്ക് ഗംഗാസ്നാനംകൊണ്ടു യാതൊരുഗുണവും ലഭിക്കില്ല. ഇത് വേണമെങ്കില്‍ നാളെ നാം ഭവതിക്ക് ബോധ്യപ്പെടുത്തിത്തരാം"

ഇപ്രകാരം ഉമാമഹേശ്വരന്മാര്‍ തമ്മിലുള്ള സംഭാഷണം നടന്നതിന്റെ തൊട്ടടുത്തദിവസമാണു നമ്മുടെ ശങ്കരന്‍ കാശിയിലെത്തിച്ചേര്‍ന്നത്. തന്റെ പാപം മാറണമെന്ന ആഗ്രഹത്തോടെ അസംഖ്യം ആളുകളോടൊപ്പം ശങ്കരനും ഗംഗയില്‍ കുളിക്കാനായിറങ്ങി. ഈ സമയം ശ്രീപാര്‍വ്വതിയും പരമശിവനും രണ്ടു വൃദ്ധബ്രാഹ്മണരുടെ വേഷംധരിച്ച് അവിടെയെത്തിചേരുകയും ജനക്കൂട്ടത്തോടൊപ്പം നദിയില്‍ സ്നാനത്തിനായി ഇറങ്ങുകയും ചെയ്തു. പെട്ടന്ന്‍ വൃദ്ധബ്രാഹ്മണന്‍ ചുഴിയില്‍ പെട്ടെന്നവണ്ണം മുങ്ങിത്താഴാന്‍ തുടങ്ങി. മരണവെപ്രാളത്തോടുകൂടി വെള്ളത്തില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന ഭര്‍ത്താവിനെക്കണ്ട് ബ്രാഹ്മണസ്ത്രീ

"എന്റെ ഭര്‍ത്താവിനു നീന്താനറിയത്തില്ല. അദ്ദേഹം വെള്ളം കുടിച്ചു മരിക്കുവാന്‍ പോകുന്നു. ദയവു ചെയ്ത് ആരെങ്കിലും അദ്ദേഹത്തെ രക്ഷിക്കണേ"

എന്നു പറഞ്ഞുകൊണ്ട് ഉറക്കെ നിലവിളിക്കാനാരംഭിച്ചു. നിലവിളികേട്ട് ആളുകള്‍‍ അടുത്തുകൂടിയപ്പോള്‍ ബ്രാഹ്മണസ്ത്രീ  വീണ്ടും ഇപ്രകാരം വിളിച്ചു പറഞ്ഞു.

"നിങ്ങളില്‍ പാപം തീരാത്തവരാരും എന്റെ ഭര്‍ത്താവിനെ തൊടരുതേ. പാപമുള്ളവര്‍ തൊട്ടാല്‍ അദ്ദേഹം അപ്പോള്‍ത്തന്നെ മരിച്ചുപോകും"

ഈ വാക്കുകള്‍ കേട്ടതോടെ വൃദ്ധബ്രാഹ്മണനെ രക്ഷിക്കുവാനായി അടുത്തവര്‍  തങ്ങളുടെ പാപം തീര്‍ന്നുകാണുമോ,ഇല്ലെങ്കില്‍ തങ്ങള്‍ മൂലം ഒരു ബ്രാഹ്മണന്‍ മരണമടയേണ്ടിവരുമല്ലോ എന്നോര്‍ത്ത് അവിടെത്തന്നെ ശങ്കിച്ചു നില്‍പ്പായി. എന്നാല്‍ ഗംഗാസ്നാനം ചെയ്താല്‍ തന്റെ സകലപാപങ്ങളും ഇല്ലാണ്ടാകുമെന്ന്‍ തമ്പ്രാക്കള്‍ പറഞ്ഞിരുന്നത് മനസ്സിലോര്‍ത്ത ശങ്കരന്‍ തന്റെ പാപമെല്ലാം തീര്‍ന്നുവല്ലോ എന്നുറപ്പിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തില്‍നിന്നു മുന്നോട്ടുവന്ന്‍ വൃദ്ധബ്രാഹ്മണനെ കൈപിടിച്ചു വെള്ളത്തില്‍നിന്നു കരകയറ്റി. ബ്രാഹ്മണവേഷധാരികളായിരുന്ന പരമേശനും പാര്‍വ്വതിയും കരയ്ക്കുകയറി ആള്‍ക്കൂട്ടത്തിനിടയിലൂടെ നടന്നുമറഞ്ഞതോടെ ശങ്കരന്‍ ഭഗവാനെ തൊഴുന്നതിനായി പോകുകയും ചെയ്തു.

"ഇന്നു ഗംഗയില്‍ സ്നാനംനടത്തിയവരില്‍ എന്നെ കൈപിടിച്ചുകയറ്റിയ ആ ഒരുവനു മാത്രമാണു പാപമോചനമുണ്ടായത്. കറകളഞ്ഞ വിശ്വാസമുണ്ടായിരുന്ന അവനു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ"

പതിവു സല്ലാപങ്ങളുമായിരിക്കവേ ഭഗവാന്‍ ദേവിയോട് പറഞ്ഞു. ദേവിയത് തലകുലുക്കി സമ്മതിക്കുകയും ചെയ്തു.

സത്യത്തില്‍ ജീവിതകാലം മുഴുവന്‍ പലവിധ ക്രൂരതകളും ദുഷ്ക്കര്‍മ്മങ്ങളും ചെയ്തു മദിച്ചുപുളച്ചു നടന്നശേഷം മനഃശാന്തിക്കും പാപമോചനത്തിനുമായി പുണ്യതീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും കയറിയിറങ്ങുന്നവര്‍ തിരിച്ചറിയേണ്ടുന്ന യാഥാര്‍ത്ഥ്യമെന്തെന്നുവച്ചാല്‍ ഒരു പുണ്യസ്ഥലങ്ങളുടെ സന്ദര്‍ശനം മൂലവും നിങ്ങള്‍ ചെയ്തുകൂട്ടിയ ദുഷ്പ്രവൃത്തികള്‍ ഇല്ലാതാകുകയില്ല. ഏതു പുണ്യനദിയില്‍ മുങ്ങി നിവര്‍ന്നാലും ആ പാപങ്ങള്‍ക്ക് പരിഹാരകര്‍മ്മവുമാകുകയില്ല. ഭക്തിയും വിശ്വാസവും നമ്മെ രക്ഷിക്കുമെന്നും പറഞ്ഞ് എന്തും ആവോളം ചെയ്തുകൂട്ടുവാന്‍ മനസ്സിലാക്കേണ്ടുന്ന ഒന്നും ഇതുതന്നെയാണ്. ഓരോരുത്തരും ചെയ്തുപോയ എല്ലാ പ്രവര്‍ത്തികളുടേയും ഫലങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ അനുഭവിക്കുകതന്നെവേണം. അതു നന്മയായാലും തിന്മയായാലും. ജീവിച്ചിരിക്കുന്ന കാലത്തോളം നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുക. കഴിവതും മറ്റുള്ളവര്‍ക്ക് വേദനയുണ്ടാക്കുന്ന പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക. മനസ്സില്‍ നന്മയുടെ വിളക്ക് കെടാതെ സൂക്ഷിക്കുക. സഹജീവികളുടെ വേദന നമ്മുടേതുകൂടിയാണെന്ന്‍ തിരിച്ചറിയുക.

അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നുകൂടി സുഖത്തിനായ് വരട്ടെ


ശ്രീ.....‍