Saturday, March 2, 2013

മൂന്നു ചെറിയ കുറിപ്പുകള്‍


കറുപ്പും വെളുപ്പും.

പതിവുപോലെ ബ്ലോഗുകളിലൂടെ കറങ്ങിച്ചുറ്റി നടക്കവേ ഒരു ചങ്ങാതിയുടെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സിലാകെ സങ്കടം തിങ്ങിപ്പോയി. ഇരുണ്ട നിറക്കാരിയായിപ്പോയതിന്റെ പേരില്‍ സ്വസഹോദരങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നുമൊക്കെ പരിഹാസം നേരിടേണ്ടിവരികയും പലപ്പോഴും ഒറ്റയ്ക്കിരുന്നു കരയുകയും ഒക്കെ ചെയ്തതും പിന്നെ അതൊക്കെ പരിചിതമായി ചിരിച്ചുകൊണ്ട് നേരിട്ടതുമായ ഓര്‍മ്മകളുടെ തീപ്പൊള്ളലുകള്‍ നിറഞ്ഞ ഒരു പോസ്റ്റ്. ഞാനത് വായിച്ച് ആകെ വല്ലാണ്ടായി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്റെ ഉള്ളത്തിലും ഒരല്‍പ്പമിരുണ്ട നിറക്കാരി കണ്ണുനിറഞ്ഞു നില്‍ക്കുന്നു. ഞാന്‍ സാമാന്യം നല്ല വെളുത്ത നിറമുള്ളയാളാണു. എന്റെ അനുജനും അനുജത്തിയും ഒക്കെ നല്ല വെളുത്ത നിറമുള്ളവര്‍ തന്നെ. ഞാന്‍ ഒരിക്കല്‍ പോലും ഒരാളെയും ഇരുണ്ട നിറത്തിന്റെ പേരില്‍ കളിയാക്കിയിട്ടില്ല. എന്റെ പ്രിയതമയായി വന്ന സുന്ദരി ഒരല്‍പ്പം മങ്ങിയ നിറക്കാരിയാണു. ആവശ്യത്തിനുള്ള വെളുപ്പൊക്കെയുണ്ട്.ഒരു ചെറിയ ഇരുണ്ട നിറം. അത്രമാത്രം. വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം കഴിഞ്ഞൊരു ദിനം അവള്‍ എന്റെ ഒരു ഡയറിയെടുത്തു വായിച്ചു. ഞാന്‍ മുമ്പെപ്പോഴോ കുറിച്ചിട്ടിരുന്ന എന്റെ കുറിപ്പുകള്‍ അടങ്ങിയ ഡയറി. അന്നു രാത്രി എന്നെക്കെട്ടിപ്പിടിച്ചുകിടക്കവേ അവള്‍ എന്നൊട് അവള്‍ക്ക് കളറു കുറവാണോയെന്നു ചോദിച്ചു. ഞാന്‍ ചിരിച്ചുകൊണ്ടവളുടെ കവിളില്‍ ഒന്നു നുള്ളി. പിന്നീട് പലയാവര്‍ത്തി അവള്‍ ആ ചോദ്യം എന്നോട് ചോദിച്ചു. നീ സുന്ദരിയാണു അവശ്യത്തില്‍ കൂടുതല്‍ കളര്‍ ഉണ്ട് എന്നൊക്കെ എത്രയാവര്‍ത്തി പറഞ്ഞിട്ടും അവള്‍ക്ക് ഒരു വല്ലായ്കപോലെ. ഞാന്‍ ഒരു രാത്രി കുത്തിക്കുത്തി നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ പറഞ്ഞുതുടങ്ങി. സത്യത്തില്‍ അവള്‍ക്ക് നല്ല കളര്‍ ഉണ്ട്. എന്നിട്ടും അലവലാതികളായ ബന്ധുക്കളും കൂട്ടുകാരികളും കറുമ്പി എന്നു കുട്ടിക്കാലത്ത് കളിയാക്കിവിളിച്ചുപോയത് വടുകെട്ടിയതുപോലെ അവളുടെയുള്ളില്‍ പതിഞ്ഞുകിടക്കുന്നു. മാത്രമല്ല അനുജത്തി അവളെ ആദ്യമായിക്കാണാന്‍ ചെന്നശേഷം അച്ഛമ്മയോട് അവള്‍ക്ക് ചേട്ടന്റെയത്ര കളറൊന്നുമില്ലല്ലോ എന്നു പറഞ്ഞതു ആ കള്ളക്കിളവി അവളോട് പറഞ്ഞതും എന്റെ സങ്കല്‍പ്പത്തിലുള്ള പെണ്ണ്‍ നല്ല വെളുത്തവളായിരിക്കണം എന്നു ഞാനെഴുതിവച്ചിരുന്നത് വായിച്ചതും അവളെ വല്ലാതെ ഉലച്ചുകളഞ്ഞെന്നു തോന്നുന്നു. ഞാനവളെ എന്തുമാത്രം ഇഷ്ടപ്പെടുന്നുവെന്ന്‍ അവള്‍ക്കറിയില്ലല്ലോ. അവളുടെ കളര്‍ ഒന്നും എനിക്ക് പ്രശ്നമേയല്ല എന്നവളെയെങ്ങിനെ ബോധ്യപ്പെടുത്തും. പക്ഷേ ഞാന്‍ എത്ര പറഞ്ഞിട്ടും അവള്‍‍ക്ക് തൃപ്തിയില്ല. ഓരോ പ്രാവശ്യം ഫോണ്‍ ചെയ്യുമ്പോഴും കളിയായിട്ടെന്നവണ്ണം അവള്‍ പറയാറുണ്ട് കുറച്ചുകൂടി വെളുത്തു, ഇപ്പോള്‍ ക്രീം കുറച്ചേ ഇടുന്നുള്ളു എന്നൊക്കെ. ഞാന്‍ പലപ്പോഴും നല്ല മുട്ടന്‍ ചീത്ത വിളിച്ചിട്ടുണ്ട്. ഒരു മകന്‍ ജനിച്ചപ്പോള്‍ ആദ്യമായി അവളെന്നോട് പറഞ്ഞതെന്തായിരുന്നുവെന്നോ. ഭാഗ്യം ചേട്ടാ മകന്‍ എന്നെപ്പോലെയിരുണ്ടിട്ടല്ല നല്ല വെളുത്തിട്ടാണെന്ന്‍. ഞാനവളെയെന്താ ചെയ്യുക. ചെറിയ പരിഹാസവാക്കുകള്‍ എത്ര വലിയ മുറിവുകളാണ് ചില മനസ്സുകളിലുണ്ടാക്കുക. കാലമെത്ര കഴിഞ്ഞാലും ചിലപ്പോള്‍ ചിലര്‍ക്ക് അതില്‍ നിന്നും രക്ഷപ്രാപിച്ചു കരകയറാനാവില്ല.
കറുപ്പും വെളുപ്പുമൊക്കെ കാണുന്നവരുടെ കണ്ണുകളില്‍ മാത്രമാണ്. അതിലൊന്നും ഒരു കാര്യവുമില്ല. അന്യോന്യമിഷ്ടപ്പെടുന്നവര്‍ക്കിടയില്‍ കറുപ്പിനെന്തു സ്ഥാനം വെളുപ്പിനെന്തു സ്ഥാനം. കഴിയുമെങ്കില്‍ അറിഞ്ഞുകൊണ്ട് ആരെയും നിറത്തിന്റെ പേരില്‍ പരിഹസിക്കരുത്. ആഴത്തില്‍ മനസ്സിലുണ്ടാകുന്ന മുറിവുകള്‍ ചിലപ്പോള്‍ ഒരിക്കലും ഉണങ്ങില്ല. കറുപ്പാണെന്ന്‍ കരുതി ആരും വിഷമിക്കണ്ട. നമ്മേക്കാള്‍ സുന്ദരിയായ അല്ലെങ്കില്‍ സുന്ദരനായ മറ്റൊരാള്‍ ഈ ഭൂമിയിലില്ലെന്നു സ്വയമൊന്നു മനസ്സില്‍ സങ്കല്‍പ്പിച്ചു കണ്ണൊന്നടച്ചുനോക്കിയേ. നമുക്ക് ചുറ്റും മുഴുവന്‍ ധവളവര്‍ണ്ണപ്രപഞ്ചം പ്രസരിക്കുന്നതനുഭവിച്ചറിയാം.

നിലവിളക്ക്.

എന്റെ മോന്‍ ആയാസപ്പെട്ട് ആ വലിയ നിലവിളക്ക് വലിച്ചെടുത്തപ്പോള്‍ അമ്മച്ചിയമ്മ വെപ്രാളത്തോടെ ഓടിച്ചെന്ന്‍ അവന്റെ കയ്യില്‍ നിന്നുമത് ബുദ്ധിമുട്ടി മേടിച്ചെടുത്തു. അത് അവന്റെ കാലിലേയ്ക്കെങ്ങാനും വീണാലോ. എന്നിട്ടവര്‍ അത് മുറിക്കകത്തേയ്ക്ക് കൊണ്ടുപോയി ഒരു മൂ‍ലയിലായിവച്ചു. പ്ലാസ്റ്റിക് കസേരയിലിരുന്ന്‍ ടി വി കാണുകയായിരുന്ന ഞാന്‍ അറിയാതെ ഈ സംഭവങ്ങളോടൊപ്പം എന്റെ മിഴികളും പായിച്ചു. വിളക്കുകൊണ്ടുവച്ച മൂലയിലായി ചെറുതും വലുതുമായ ആറോ ഏഴോ വിളക്കുകള്‍ ഇരിപ്പുണ്ട്. ചിലതൊക്കെ ക്ലാവ് പിടിച്ചിട്ടുണ്ട്. ഒരു നിമിഷമെന്റെ ഓര്‍മ്മകള്‍ വര്‍ഷങ്ങളുടെ പുറകിലേയ്ക്ക് പാഞ്ഞു.

മൂന്നാമതൊരു നിലവിളക്കുകൂടി വാങ്ങിക്കൊണ്ടുവന്നപ്പോള്‍ കുട്ടിയായിരുന്ന ഞാന്‍ അമ്മയോട് എന്തിനാമ്മേ വീണ്ടുമൊരു വിളക്കു വാങ്ങിയതെന്ന്‍ ചോദിക്കുകയുണ്ടായി. മറുപടി കിട്ടാതെ വന്നപ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും നിര്‍ബന്ധിക്കുകയും സഹികെട്ട് അമ്മ ആ കാരണം എന്നോടു പറഞ്ഞു. മുമ്പ് ദാരിദ്രത്തിന്റെ പേക്കോലം വീട്ടില്‍ നിഴല്‍ വിരിച്ചാടവേ സന്ധ്യക്ക് ഇറയത്ത് നിലവിളക്ക് കൊളുത്താറില്ലായിരുന്നു. സത്യത്തില്‍ ഒരു നിലവിളക്ക് സ്വന്താമായുണ്ടാകുവാന്‍ തക്ക സമ്പന്നരല്ലായിരുന്നു ഞങ്ങള്‍. പുലര്‍ച്ചെ പോയി വൈകുവോളം കയര്‍ ചൂടിപിരിക്കുന്ന ജോലിയില്‍ നിന്നും കിട്ടുന്ന തുച്ഛവേതനത്തില്‍ അത്തരം ആഗ്രഹങ്ങള്‍ ഒക്കെ അഹങ്കാരങ്ങള്‍ മാത്രമായിരുന്നു. ഓണത്തിനും വിഷുവിനും ഒക്കെ എല്ലാവരേയും പോലെ വീടൊക്കെ വൃത്തിയാക്കി വൈകിട്ട് നിലവിളക്ക് കത്തിച്ചു വയ്ക്കുവാന്‍ വേണ്ടി അമ്മയും അമ്മച്ചിഅമ്മയും ആ ദിവസങ്ങളില്‍ പുലര്‍ച്ചെ തന്നെ അമ്മാവന്റെ വീട്ടില്‍ പോകുകയും അവിടത്തെ ഒരുവിധമെല്ലാ ജോലിയും ചെയ്തുതീര്‍ത്ത് വൈകിട്ട് അമ്മാവന്റെ മുന്നില്‍ കാത്തുനില്‍ക്കുകയും ചെയ്യും. ആ നില്‍പ്പെന്തിനാണെന്നറിയാവുന്നതുപോലെ അദ്ദേഹം പത്തായപ്പുരയില്‍ നിന്നും ഒരു ചെറിയ നിലവിളക്കെടുത്തുകൊള്ളുവാന്‍ പറയും. അതും കൊണ്ട് എത്രയും പെട്ടന്ന്‍ വീട്ടില്‍ വന്ന്‍ നല്ല ചാമ്പലും പുളിയുമൊക്കെയിട്ട് ആ വിളക്ക് നന്നായി കഴുകി വെടിപ്പാക്കി തിരിയിട്ട് എണ്ണയൊഴിച്ചു കത്തിച്ചു വയ്ക്കും. പിറ്റേദിവസം വൃത്തിയാക്കി അത് അതേപോലെ അമ്മാവന്റെ വീട്ടില്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യും. ഒരോണത്തിനോ മറ്റോ എന്തോ മുഷിവിനാല്‍ അമ്മാവന്‍ വിളക്ക് നല്‍കിയില്ല. അന്ന്‍ സങ്കടപ്പെട്ട് കണ്ണുനിറഞ്ഞിറങ്ങി വന്ന അമ്മയുടെ മനസ്സില്‍ വാശിയോടെ ഒരഹങ്കാരം നിലയുറപ്പിച്ചിരുന്നു. അടുത്ത ഓണത്തിനു കഷ്ടപ്പെട്ട് സ്വന്തമായി വിലകൊടുത്ത് വാങ്ങിയ ചെറു വെങ്കല നിലവിളക്കില്‍ എണ്ണയൊഴിച്ച് കത്തിച്ചു ഇറയത്ത് വച്ചപ്പോള്‍ അമ്മയുടെ മുഖത്ത് ആയിരം സൂര്യന്മാര്‍ ഒരുമിച്ചുദിച്ചുയര്‍ന്നപ്പോഴുണ്ടാവുന്നത്തത്ര വെളിച്ചമുണ്ടായിരുന്നുവത്രേ. മറ്റെന്തു സാധനങ്ങള്‍ വാങ്ങുന്നതിനേക്കാളും സംതൃപ്തിയും ഗൂഡമായ ആനന്ദവും നിലവിളക്കുകള്‍ വാങ്ങുമ്പോഴുള്ളതിനേക്കാല്‍ അമ്മയ്ക്ക് കിട്ടാറില്ലായിരുന്നു. ചെറുതും വലുതുമായ പത്തോളം വിളക്കുകള്‍ ഇന്ന്‍ അമ്മ സ്വന്തമാക്കി വച്ചിട്ടുണ്ട്. 

ഒരു കോഴിക്കഥ.

91 കാലഘട്ടത്തിലെ ഒരു ഞായറാഴ്ച..

"എടാ ഒരു കോഴിയെ ഒന്നു കൊന്നുതരുമോടാ. ഒരുറുപ്യ തരാം"

സൈക്കില്‍ ടയറുമോടിച്ച് പാഞ്ഞുപോകുമ്പോള്‍ വീടിനുമുന്നിലെ അതിരിലായി നിന്നുകൊണ്ട് ലളിതചേച്ചി എന്നോട് വിളിച്ചു ചോദിച്ചു. ഒരു രൂപ എന്ന മഹാസംഖ്യ എന്നെ പ്രലോഭിപ്പിക്കുകയും സഡന്‍ ബ്രേക്കിട്ട് നിര്‍ത്തുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. നിലയ്ക്കാമുക്ക് പത്മയില്‍ പാരലല്‍ കോളേജ് സിനിമ കളിക്കുന്നു. അതു കാണാന്‍ പോകാനായി ഒരു വല്ലം നിറയെ പുല്ലുപറിച്ച് രമണിചേച്ചിക്ക് കൊടുത്ത് 50 പൈസാ ഒപ്പിക്കാമെന്ന്‍ കരുതിയിരിക്കുകയായിരുന്നു. രാധാകൃഷ്ണന്‍ പറങ്കിയണ്ടിയോ മറ്റോ കച്ചവടമാക്കി അവനുള്ള പൈസാ ഒപ്പിച്ചുകഴിഞ്ഞു. മാറ്റിനി കാണാന്‍ പോകാമെന്ന്‍ അവനോട് വാക്കു പറഞ്ഞതാണു. അപ്പോള്‍ ദേ നിനച്ചിരിക്കാതെ ഒരു രൂപ കയ്യിലെത്താന്‍ പോകുന്നു. ഞാന്‍ സൈക്കില്‍ ടയര്‍ ഉരുട്ടിക്കൊണ്ട് ലളിതചേച്ചിയുടെ വീടിന്റെ പുറകുവശത്തായുള്ള കോഴിക്കൂടിനരുകിലേയ്ക്ക് ചെന്നു.

"ഇന്നു സുനിതയും അവളുടെ മാപ്ലേമൊക്കെ വരുന്നൊണ്ട്. ആ പൂവനെക്കൊണ്ട് വല്യ ശല്യാ. എന്നാപ്പിന്നെ അവനെയങ്ങ് കറിയാക്കാമെന്ന്‍ കരുതി. ന്നെക്കൊണ്ട് കൊല്ലാമ്പറ്റില്ല.അതാ"

തൊട്ടടുത്ത് നിന്ന്‍ ലളിതേച്ചി പറയുകയാണു. ഒരു മാക്രിയെകൊന്നുപോലും എക്സ്പീരിയന്‍സില്ലാത്ത ഞാന്‍ രണ്ടും കല്‍പ്പിച്ച് കോഴിക്കൂട് തുറന്ന്‍ പൂവനെ കയ്യെത്തിപ്പിടിച്ചു ഡോര്‍ വഴി പുറത്തേയ്ക്കെടുത്തതും അതതിന്റെ തനിക്കൊണം കാണിച്ചതും ഒരുമിച്ചായിരുന്നു. എന്റെ കയ്യിലിരുന്നൊരു പിടപ്പും കൊക്കൊക്കോ വിളിയും ബഹളവും. പേടിച്ചുപോയ ഞാന്‍ അവന്റെ മേത്തൂന്നുള്ള പിടിയങ്ങുവിട്ടു. പൂവനാകട്ടെ പൃഷ്ടവുമാട്ടിക്കാട്ടിക്കൊണ്ട് ഒരോട്ടവും വച്ചുകൊടുത്തു.

"അയ്യോ കോഴി ദേ പോണൂ. പിടിയെടാ അതിനെ"

ലളിതേച്ചി വിളി തുടങ്ങി. ഞാന്‍ കോഴിയെപ്പിടിയ്ക്കാനുള്ള പ്രയത്നമാരംഭിച്ചു. പാതാളത്തീന്ന്‍ ഗംഗയെ ഭൂമിയിലേയ്ക്ക് കൊണ്ടുവരുന്നത് ഇതിന്നേക്കാളും എളുപ്പമായിരുന്നുവെന്ന്‍ എനിക്ക് തോന്നിപ്പോയി. അഹങ്കാരിയായ ആ കോഴി എന്നെ ദുനിയാവായ ദുനിയാവു മുഴുവനുമിട്ടോടിപ്പിച്ചു. രാവിലെ പത്തുമണിയായപ്പോള്‍ തുടങ്ങിയ ഓട്ടം നിലച്ചത് ഉച്ചയ്ക്ക് മൂന്നുമണിയോടടുപ്പിച്ചാണ്. അതും സുമതിയമ്മയുടെ മരുമോന്‍ ഒരു വലിയ കല്ലെടുത്തെറിഞ്ഞ് ആ കഴുവേറിക്കോഴിമകന്റെ കാലൊടിച്ചതിനുശേഷം. കട്ടാരമുള്ളിലും തൊട്ടവാടിയിലുമൊക്കെ ഉരഞ്ഞ് വെളുത്ത ശരീരത്ത് ഇതിനകം ആറേഴു ചുവന്ന വരകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു വക കഴിക്കാതെ ഓടിയോടി പഞ്ഞിപ്പാല്‍ പതവരെ വന്നതുതന്നെ മിച്ചം. തളര്‍ന്നുകൊഴഞ്ഞ് കോഴിയേയും തൂക്കിപ്പിടിച്ച് ലളിതേച്ചിയുടെ വീട്ടിലെത്തി തളര്‍ന്ന്‍ തിണ്ണയിലേയ്ക്ക് വീഴുകയായിരുന്നു. ഒരു മൊന്തവെള്ളം മടമടാകുടിച്ചു. സുനിതയും കെട്ടിയവനും വന്നു. അവര്‍ക്കായി മണനാക്കില്‍ പോയി ഒരു കിലോ പോത്ത് മേടിച്ചുകൊണ്ട് വന്ന്‍ ചേച്ചി സദ്യ ഒരുക്കിയായിരുന്നു. കോഴിയുടെ കാലൊടിഞ്ഞെന്നറിഞ്ഞപ്പോള്‍ അവര്‍ എന്നെ കണ്ണുപൊട്ടുന്ന നാലു തെറിവിളിച്ചു. കൂടുതല്‍ കേള്‍ക്കാന്‍ ശക്തിയില്ലാതെ ഞാന്‍ ടയറുമുരുട്ടി വീട്ടിലേക്ക് നടന്നു. സകലമാന രീതിയിലും നഷ്ടവും മാനഹാനിയും മാത്രം ബാക്കി.

ശ്രീക്കുട്ടന്‍
22 comments:

 1. കറുപ്പും വെളുപ്പും ഒരുപാട് ഇഷ്ടമായി.ഈ പ്രശ്നങ്ങള്‍ ഒരു വിധം എല്ലാ കുടുംബങ്ങളിലും ഉണ്ടെന്നു തോന്നുന്നു .വളരെ നന്നായിരിക്കുന്നു ..

  ReplyDelete
 2. ചെറിയ കാര്യങ്ങള്‍ എന്ന് നാം വിചാരിക്കുന്നത് പലപ്പോഴും മറ്റുള്ളവര്‍ക്ക് വലിയ കാര്യങ്ങള്‍ ആവും, അല്ലെ?

  ReplyDelete
 3. ഒന്നാം കുറിപ്പ് കിടിലം..
  മറ്റുള്ളവയും കൊള്ളാം..

  ReplyDelete
 4. ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ ..മൂന്നു കുറിപ്പുകളും നന്നായിട്ടുണ്ട് ട്ടോ ..

  ReplyDelete
 5. കൊള്ളാം... ഭാവുകങ്ങള്‍..

  ReplyDelete
 6. കറുപ്പും വെളുപ്പും വളരെ നന്നായി തോന്നി
  ഭാവുഗങ്ങള്‍ .......

  ReplyDelete
 7. കൊള്ളാം... ഭാവുകങ്ങള്‍..

  ReplyDelete
 8. ഒന്നാം കുറിപ്പ് ഒരുപാട് ഇഷ്ടമായി..!

  ReplyDelete
 9. ഒന്നാമത്തെ കുറിപ്പ് എന്‍റെ അനുഭവമാണ്.
  ഓരോ കുറിപ്പും ഇഷ്ടമായി.

  ReplyDelete
 10. എനിക്കും ഒന്നാമത്തെ കുറിപ്പ് തന്നെ..

  ReplyDelete
 11. നിറത്തെ പോലെ വണ്ണവും ആളുകള്‍ക്ക് കളിയാക്കാനുള്ള ഒരു കാര്യമാണ്. അല്പം തടി കൂടി പോയി എന്നൊരു കൊമ്പ്ലക്സ് എനിക്കും ഇടയ്ക്കു വരാറുണ്ട്!

  ReplyDelete
 12. കറുപ്പും വെളുപ്പും- അപകര്‍ഷതാ ബോധം വല്ലാത്തൊരു അപകടമാണ്. ചിലരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ഒരു ജന്മം തികയാതെ വരും. എന്റെ അനിയത്തികുട്ടികളില്‍ ഒരാള്‍ മാത്രം കുറച്ചു കറുത്തിട്ടാണ്. അവളെ എനിക്കിഷ്ട്ടമാണ് എന്ന് എത്ര പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല.. അവളുടെ കണ്ണില്‍ എനിക്കേറ്റവും ഇഷ്ടം എന്റെ ഏറ്റവും ഇളയ അനിയത്തി ഐശു മോളാണ്‌.
  കോഴികഥ- ഇതിനെ പറ്റി വല്ലതും പറയണമെങ്കില്‍ ആദ്യം എന്റെ ചിരി നില്‍ക്കണം, കാരണം സമാനമായൊരു അനുഭവം എനിക്കുമുണ്ട്. പക്ഷേ ശ്രീയേട്ടാ ഒരു സംശയം 91 കാലഘട്ടത്തില്‍ തീയറ്ററില്‍ ടിക്കറ്റ്‌ ചാര്‍ജ് എത്രയായിരുന്നു ?

  ReplyDelete
  Replies
  1. എന്റെ നാട്ടില്‍ നാലോ അഞ്ചോ സി ക്ലാസ് തിയേറ്ററുകളുണ്ടായിരുന്നു. വക്കം ശശി, നിലയ്ക്കാമുക്ക് പത്മ, കടയ്ക്കാവൂര്‍ പ്രഭാത്, സെന്‍ട്രല്‍, പാലം കോണം ഷിബു. ഇവിടെയൊക്കെ ഫ്രണ്ട് സീറ്റിന് 50 പൈസയും 1 രൂപയുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ ആ കാലഘട്ടത്തില്‍. ഞാന്‍ എത്ര സിനിമകള്‍ കണ്ടിരിക്കുന്നു അങ്ങിനെ...

   Delete
 13. തിരിച്ചെടുക്കാന്‍ കഴിയാതെ പോകുന്ന വാക്കുകള്‍, കാലങ്ങള്‍ കഴിഞ്ഞിട്ടും ഉണങ്ങാന്‍ കഴിയാതെ നീറുന്ന മുറിവുകള്‍...

  കുറിപ്പുകള്‍ നന്നായി ശ്രീ...

  ReplyDelete
 14. ഒന്നാം കുറിപ്പ് കിടിലം.....പിന്നങ്ങോട്ട് ആ സുഖം കിട്ടിയില്ല............
  പുളുസൂ .... പുളുവല്ലല്ലോ ല്ലേ !!!

  ReplyDelete
 15. മൂന്ന് കുറിപ്പുകളും ഭംഗിയായി . ആശംസകള്‍
  കോഴിക്കഥ കൂടുതല്‍ ഇഷ്ടായി .

  ReplyDelete
 16. കുറിപ്പുകള്‍ എല്ലാം പഴയ ഓര്‍മ്മകളിലേക്ക് നടത്തിച്ചു.

  ReplyDelete
 17. ഒന്നാം കുറിപ്പിലെ കറുമ്പിയെന്ന് കഥ പറഞ്ഞയാളിനെ എനിയ്ക്കറിയാം.
  മൂന്നാം കുറിപ്പിലെ കോഴിഹത്യചരിതം വായിച്ച് ചിരിച്ചുപോയി

  ReplyDelete
 18. കറുപ്പും വെളുപ്പും കോഴികഥയും നിലവിളക്കും എല്ലാം വായിച്ചു
  നിറത്തിന്റെ കാര്യത്തില്‍ നമ്മുടെ ആളുകളുടെ ഇടയില്‍ നിന്ന് സായിപ്പിന്റെ നിറം ഇന്നും പടി കടന്നു പോയിട്ടില്ല
  നിലവിളക്കിന്‍ കഥ കണ്ണു നനയിച്ചു
  കോഴിയെ ഓടിച്ചിട്ട്‌ അവസാനം ,കഷ്ടം ആയി പോയി കേട്ടോ
  നല്ല രീതിയില്‍ അവതരിപ്പിച്ചു
  ഒഴുക്കോടെയുള്ള രചന ശൈലി
  ഹൃദ്യം
  ആശംസകള്‍
  geethakumari.blogspot.com

  ReplyDelete
 19. This comment has been removed by the author.

  ReplyDelete
 20. nilavilakku ere ishttappettu. oru nilavilakku swanthamakkan kashttappetta ammayute nompram manassil thatti.

  ReplyDelete