Wednesday, April 24, 2013

ദശാവതാരങ്ങള്‍


യുഗങ്ങള്‍ നാലെണ്ണമാണ്.

1. കൃതയുഗം(സത്യയുഗം)
2. ത്രേതായുഗം
3. ദ്വാപരയുഗം
4. കലിയുഗം

താമരയിതളിനെ തുളച്ച്‌ സൂചി പുറത്തെത്തുന്നതിന്‌ എടുക്കുന്ന സമയത്തെ അല്‍പകാലം എന്ന്‌ പറയുന്നു.

30 അല്‍പകാലം - ഒരു ത്രുടി
30 ത്രുടി - ഒരു കല
30 കല - ഒരു കാഷ്ഠ
30 കാഷ്ഠ - ഒരു നിമിഷം
4 നിമിഷം - ഒരു ഗണിതം
60 ഗണിതം - ഒരു വിനാഴിക
60 വിനാഴിക - ഒരു നാഴിക
60 നാഴിക – ഒരു രാവും പകവും ചേര്‍ന്ന ദിവസം
15 ദിവസം - ഒരു പക്ഷ
2 പക്ഷം - ഒരു മാസം
12 മാസം - ഒരു മനുഷ്യവര്‍ഷം
ഒരു മനുഷ്യവര്‍ഷം - ഒരു ദേവദിനം
360 ദേവദിനം - ഒരു ദേവവര്‍ഷം

1200 ദേവവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു ചതുര്‍യുഗം. സത്യയുഗം, ത്രേതായുഗം,ദ്വാപരയുഗം,കലിയുഗം എന്നിവയാണ്‌ ഒരു ചതുര്‍യുഗത്തിലെ നാല്‌ യുഗങ്ങള്‍...

കൃതയുഗം 4800 ദേവവര്‍ഷവും, ത്രേതായുഗം 3600 ദേവവര്‍ഷം, ദ്വാപരയുഗം 2400 ദേവവര്‍ഷവും, കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ്. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000 ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനു‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.


ദശാവതാരങ്ങള്‍

1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി
എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു.


ഹിന്ദുപുരാണങ്ങളസരിച്ചു് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളെയാണ്‌ ദശാവതാരങ്ങൾ എന്നു പറയുന്നത്.


1. മത്സ്യം

മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിൽ ആദ്യത്തേതാണ് മത്സ്യാവതാരം. വൈവസ്വതമനു എന്ന മനുവിന്റെ ഭരണകാലത്താണ് മഹാവിഷ്ണു മത്സ്യമായി അവതരിച്ചത്. ബ്രഹ്മാവ് വേദം ചൊല്ലിക്കൊണ്ടിരുന്ന സമയം ഹയഗ്രീവൻ എന്ന അസുരൻ ബ്രഹ്മസന്നിധിയിൽ നിന്ന് വേദസംഹിതകൾ അപഹരിച്ചു. ഈ അസുരനെ വധിച്ച് വേദങ്ങളെ തിരിച്ചെടുക്കുന്നതിനായി മഹാവിഷ്ണു മത്സ്യാവതാരം കൈക്കൊണ്ടു.
വൈവസ്വതമനു സ്നാനാദികർമ്മങ്ങൾക്കായി കൃതമാല നദിയിൽ ഇറങ്ങിയ നേരം ഒരു മത്സ്യം തന്നെ രാജാവിന്റെ കൂടെ കൊണ്ടുപോകണം എന്ന് ആവശ്യപ്പെട്ടു. ദയാലുവായ രാജാവ് മത്സ്യത്തെ മൺകുടത്തിൽ വളർത്തി. കാലക്രമേണ മത്സ്യം വളർന്നു. മത്സ്യത്തെ ഗംഗാനദിയിൽ നിക്ഷേപിച്ചു. ഏതാനും നാളുകൾ കഴിഞ്ഞപ്പോൾ ഗംഗാനദി മത്സ്യത്തെ വഹിയ്ക്കാൻ അശക്തയായി. ഒടുവിൽ മത്സ്യം രാജാവിനോട് ഏഴുദിവസത്തിനുള്ളിൽ മഹാപ്രളയം സംഭവിയ്ക്കുമെന്നും ഒരു തോണി നിർമ്മിച്ച് സപ്തർഷികളോടൊപ്പം രക്ഷപ്പെടാൻ ആവശ്യപ്പെടുകയും ചെയ്തു. മഹാപ്രളയസമയത്ത് മത്സ്യത്തിനു മുളച്ച കൊമ്പിൽ തോണിയുമായി ഹിമവത് ശൃംഗത്തിലെത്തി. മനുവും സപ്തർഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.


2. കൂര്‍മ്മം.

മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമാണ് കൂർമ്മം. ദുർവാസാവ് മഹർഷിയുടെ ശാപം നിമിത്തം ജരാനര ബാധിച്ചുപോയ ദേവന്മാർ, തങ്ങളുടെ ജരാനര പാലാഴി കടഞ്ഞെടുത്ത് അമൃതം ഭക്ഷിച്ചാൽ മാറുമെന്ന് മനസ്സിലാക്കി. അതിൻപ്രകാരം ദേവന്മാര്‍ അസുരന്മാരുടെ സഹായത്തോടുകൂടി പാലാഴി കടയാൻ തുടങ്ങി. മന്ഥരപർവതം കടകോലും വാസുകി എന്ന സർപ്പം കയറുമാക്കിയാണു പാലാഴി മഥനം ആരംഭിച്ചത്. ഈ സമയം സമുദ്രത്തിലാണ്ടുപോയ മന്ഥരപർവതത്തെ ഉയര്‍ത്തി പൂർവസ്ഥിതിയിൽ എത്തിയ്ക്കുന്നതിനായാണ് മഹാവിഷ്ണു കൂർമ്മാവതാരം കൈക്കൊണ്ടത്. തന്റെ പുറത്തുതാങ്ങി പർവതത്തെ മേല്പോട്ടുയർത്തിയ അദ്ദേഹം ദേവാസുരന്മാരെ പാലാഴിമഥനം പൂര്‍ത്തിയാക്കി അമൃതം നേടിയെടുക്കുവാന്‍ സഹായിച്ചു.

3. വരാഹം.

മഹാവിഷ്ണുവിന്റെ ഗോപുരദ്വാരത്തിൽ നിന്നിരുന്ന രണ്ട് കിങ്കരന്മാരാണ് ജയനും വിജയനും. സനകാദി മഹർഷികൾ ഒരിയ്ക്കൽ മഹാവിഷ്ണുവിനെ സന്ദർശിയ്ക്കുന്നതിനായി വൈകുണ്ഠത്തിൽ ചെന്നു. എന്നാൽ ജയവിജയന്മാർ ഇവരെ അനാദരിച്ചു. കോപിഷ്ടരായ മഹര്‍ഷിമാര്‍ അവരെ രാക്ഷസന്മാരായി മാറട്ടെയെന്നു ശപിക്കുകയും  ശേഷം മൂന്നുതവണ മഹാവിഷ്ണുവിനാൽ ഈ ജന്മങ്ങളിൽ നിഗ്രഹിയ്ക്കപ്പെട്ടാൽ ശാപമോക്ഷം ലഭിയ്ക്കും എന്ന് അനുഗ്രഹിയ്ക്കുകയും ചെയ്തു. അപ്രകാരം കശ്യപമഹർഷിയ്ക്കും ദിതിയ്ക്കും ജനിച്ച പുത്രന്മാരാണ് ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അസുരന്മാരായി ജനിച്ച ജയവിജയന്മാർ ലോകപീഡ ചെയ്തു നടക്കാൻ തുടങ്ങി. ഒരിയ്ക്കൽ ഹിരണ്യാക്ഷൻ സമുദ്രത്തിലിറങ്ങി ഗദ കൊണ്ട് തിരമാലകളെ താഡനം ചെയ്തുകൊണ്ടിരുന്നു. ഭയചകിതനായ വരുണദേവൻ മഹാവിഷ്ണുവിനെ അഭയം പ്രാപിയ്ക്കുകയും മഹാവിഷ്ണു വരാഹവേഷം കൈക്കൊണ്ട് സമുദ്രഭാഗത്ത് എത്തി. മഹാവിഷ്ണുവിനെ കണ്ട നേരം ഹിരണ്യാക്ഷൻ ഭൂലോകത്തെ കയ്യിലേന്തി പാതാളത്തിലേയ്ക്ക് പലായനം ചെയ്തുവെന്നും വരാഹവേഷം പൂണ്ട മഹാവിഷ്ണു അവിടെച്ചെന്ന് ഹിരണ്യാക്ഷനെ വധിച്ച് ഭൂലോകത്തെ വീണ്ടെടുത്തു എന്നുമാണ് ഐതിഹ്യം.


4. നരസിംഹം.

ദശാവതാരങ്ങളിലെ നാലാമത്തെ അവതാരമാണ് നരസിം‌ഹം. സഹോദരനായ ഹിരണ്യാക്ഷന്റെ വധത്തെ തുടർന്ന് ഹിരണ്യകശിപു ക്രോധാവിഷ്ടനായി. ബ്രഹ്മാവിനെ തപസ്സ് ചെയ്ത് അതി വിചിത്രമായ ഒരു വരം വാങ്ങി.മനുഷ്യനോ മൃഗമോ, ആയുധങ്ങള്‍ കൊണ്ടോ, പകലോ രാത്രിയോ, ഭൂമിയിലോ ആകാശത്തിലോ പാതാളത്തിലോ, വീടിനകത്തോ പുറത്തോ വച്ച് തന്നെ ആരും കൊല്ലരുത് എന്നായിരുന്നു ആ വരം. വരലബ്ദിയില്‍ മദിച്ചു നടന്ന ഹിരണ്യകശിപുവിന് പരമവിഷ്ണുഭക്തനായ പുത്രൻ ജനിച്ചു. വിഷ്ണുഭക്തിയിൽ നിന്നും തന്റെ പുത്രനായ പ്രഹ്ലാദനെ പിന്തിരിപ്പിയ്ക്കാൻ ഹിരണ്യകശിപു ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ പ്രഹ്ലാദനെ വധിയ്ക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചു. തൂണിലും തുരുമ്പിലും വിഷ്ണു വസിയ്ക്കുന്നുണ്ടെന്ന് പ്രഹ്ലാദൻ പറഞ്ഞതുകേട്ട് കോപിഷ്ടനായ ഹിരണ്യകശിപു ഒരു തൂണില്‍ ഗദകൊണ്ട് തല്ലിയിട്ട് എവിടെ നിന്റെ മഹാവിഷ്ണുവെന്ന്‍ ചോദിക്കുകയും തത്സമയം ആ  തൂൺ പിളർന്ന് മഹാവിഷ്ണു നരസിം‌ഹമൂർത്തിയായി അവതരിച്ചു വാതില്‍പ്പടിയില്‍ വച്ച് ഹിരണ്യകശിപുവിനെ നഖങ്ങള്‍ കൊണ്ട് മാറുപിളര്‍ന്ന്‍ വധിക്കുകയും ചെയ്തു.

5. വാമനന്‍.

മഹാവിഷ്ണുവിന്റെ അവതാരങ്ങളിൽ ആദ്യത്തെ മനുഷ്യരൂപം വാമനനാണ്. പ്രഹ്ലാദന്റെ ശാപപ്രകാരം മഹാബലിയെ പാതാളത്തിലേക്കയക്കാൻ അവതരിച്ച “വടു” ആയിരുന്നു വാമനൻ. അദിതിയുടേയും കശ്യപന്റെയും പുത്രനായാണ്‌ വാമനൻ ജനിച്ചത്. ദേവന്മാരെക്കാള്‍ വളര്‍ന്ന മഹാബലിയെ ഭയപ്പെട്ട ദേവര്‍ മഹാവിഷ്ണുവിനോട് സങ്കടമഭ്യര്‍ത്ഥിക്കുകയും മനുഷ്യരൂപത്തിലവതരിച്ച് വിഷ്ണു വാമന വേഷത്തില്‍ മഹാബലിയുടെ അടുക്കല്‍ ചെന്ന്‍ തപസ്സു ചെയ്യുവാന്‍ മൂന്നടി മന്‍ണു ചോദിക്കുകയും ഇഷ്ടമുള്ളിടത്തു നിന്നളന്നെടുത്തുകൊള്‍വാന്‍ മഹാബലി പറഞ്ഞതുകേട്ട് ഭീമാകാരരൂപം പൂണ്ട വാമനന്‍ ആദ്യം ഭൂമിയേയും രണ്ടാമത് ആകാശത്തേയും അളന്നെടുത്തിട്ട് അടുത്ത കാലടിവയ്ക്കുവാന്‍ സ്ഥലം ചോദിക്കുകയും അത് തന്റെ ശിരസ്സില്വച്ചുകൊള്ളാനനുവദിച്ച് മഹാബലി മുട്ടുകുത്തി നില്‍ക്കുകയും ചെയ്തു. ഈ സമയം വാമനന്‍ മഹാബലിയെ പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തുകയും ദേവഭയം അവസാനിപ്പിക്കുകയും ചെയ്തു.

6. പരശുരാമന്‍.

പരശു ആയുധമാക്കിയ ഭാർഗ്ഗവപുത്രൻ രാമനെ പരശുരാമനെന്ന് ഇതിഹാസങ്ങൾ വാഴ്ത്തുന്നു. ത്രേതായുഗത്തിൽ ശ്രീരാമന്റെ ഗുരുവായും, ദ്വാപരയുഗത്തിൽ ഭീഷ്മരുടെയും പിന്നീട് കർണ്ണന്റെ ഗുരുവായും ആയോധനകലകൾ അഭ്യസിപ്പിച്ചിരുന്നു. രാമൻ ഇതിഹാസങ്ങളിലും പിന്നീട് വന്ന ഇതിഹാസങ്ങളുടെ പുനർവായനയിലും വിവാദപുരുഷനായി നിലകൊള്ളുന്നു. പിതാവിന്റെ ആജ്ഞയനുസരിച്ച് സ്വന്തം അമ്മയുടെ കഴുത്തറുത്തു കൊന്നുവെന്നതിലൂടെയും ഇതിഹാസങ്ങളിൽ രാമൻ വിവാദപുരുഷനാവുന്നു. തന്റെ പിതാവായ ജമദഗ്നിയെ വധിച്ചതിന്റെ പക തീര്‍ക്കാനായി പരശുരാമന്‍ ഇരുപത്തൊന്നുവട്ടം ക്ഷത്രിവംശനിഗ്രഹം നടത്തിയതായി പറയപ്പെടുന്നു. ഹൈന്ദവപുരാണം പ്രകാരം സപ്തചിരഞ്ജീവികളിൽ ഒരാളും വിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒരാളുമാണ്‌ പരശു ആയുധമാക്കിയ രാമൻ.


7. ശ്രീരാമന്‍.

ദശാവതാരങ്ങളിൽ ഏഴാമത്തേതാണ് അവതാരമാണ് രാമൻ‍. അയോദ്ധ്യയിലെ രാജാവായിരുന്ന ദശരഥന് പട്ടമഹിഷിയായ കൗസല്യയിൽ ജനിച്ച ആദ്യപുത്രനാണ്‌ രാമൻ. ഹിന്ദുമതത്തിൽ രാമനെ മര്യാദാ പുരുഷോത്തമനായി കരുതുന്നു. ലക്ഷ്മീദേവിയുടെ അവതാരമായ സീതാദേവിയാണ് പത്നി.ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരായിരുന്നു രാമന്റെ സഹോദരൻമാർ. ദശരഥൻ കൊടുത്ത വരം മുൻ‌നിർത്തി, തന്റെ മകനായ ഭരതൻ രാജാവാകണം എന്നുള്ളതും പതിന്നാലു വർഷത്തെ രാമൻ വനവാസത്തിന് പോകണം എന്നുള്ളതും കൈകേയിയുടെ ആവശ്യപ്രകാരമായിരുന്നു. പത്നി സീതക്കും അനുജൻ ലക്ഷ്മണനുമൊപ്പം താത ശാസന അനുസരിച്ച് രാമന്‍  പതിന്നാലു വർഷത്തെ വനവാസത്തിന് പോയി. വനവാസത്തിനിടക്ക് രാക്ഷസ രാജാവായ ലങ്കേശ്വരൻ രാവണൻ സീതയെ അപഹരിക്കുകയും ക്ലേശകരവും ശ്രമകരവുമായ നീണ്ട തിരച്ചിലിനു ശേഷം ഹനുമാന്‍ സുഗ്രീവന്‍ എന്നിവരും ശക്തമായൊരു വാനരപ്പടയുമൊരുമിച്ച് സേതുബന്ധനം നടത്തി ലങ്കയിലെത്തിച്ചേര്‍ന്ന രാമന്‍ ഘോരയുദ്ധത്തിനൊടുവിൽ രാവണനെ നിഗ്രഹിച്ച് സീതയെ വീണ്ടെടുക്കുകയും ചെയ്തു. ശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ രാമന്റെ കിരീടധാരണം നടക്കുകയും അയോധ്യയുടെ രാജാവായി അവരോധിക്കുകയും ചെയ്തു.

8. ബലരാമന്‍.

മഹാവിഷ്ണുവിന്റെ എട്ടാമത് അവതാരമാണ്‌ ബലരാമൻ.ബാലദേവൻ,ബാലഭദ്രൻ,ഹലായുധൻ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന ബലരാമനെ, ശ്രീകൃഷ്ണന്റെ ജ്യേഷ്ഠനായാണ്‌ പുരാണങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നത്. അതിയായ ബലത്തോട്‌ കൂടിയവനും സർവരെയും ആകർഷിക്കുന്ന സ്വരൂപത്തോടുകൂടിയവരുമായതുകൊണ്ട്‌ ബലരാമൻ എന്ന പേരുണ്ടായതെന്ന്‌ പറയപ്പെടുന്നു. വൈദീക സാഹിത്യത്തിലെ ഇന്ദ്രൻ പരിവർത്തനം വന്ന് കൃഷിക്കാർക്ക് രാമനായിത്തീരുകയും പൂ‌ർവഭാരതത്തിൽ ദാശരഥീരാമനായും പശ്ചിമഭാരതത്തിൽ ബലരാമനായും സ്വീകരിക്കപ്പെട്ടിരുന്നു. മഹാവിഷ്ണുവിന്റെ അവതാരമാകുമ്പോഴും ബലരാമൻ അനന്തന്റെ അവതാരമായി കരുതിപോരുന്നു. ത്രേതായുഗത്തിലെ അനന്തന്റെ അവതാരമായ ലക്ഷ്മണനുശേഷം ദ്വാപരയുഗത്തിൽ ഭഗവാനു ജ്യേഷ്ഠനായി പിറന്നുവെന്നാണ് പുരാണങ്ങൾ ഘോഷിക്കുന്നത്.

9. ശ്രീകൃഷ്ണന്‍.

മഹാവിഷ്ണുവിന്റെ ഒമ്പതാമത് അവതാരമാണ്‌ ശ്രീകൃഷ്ണന്‍. വസുദേവരുടേയും ദേവകിയുടേയും എട്ടാമത്തെ പുത്രനായി കാരാഗൃഹത്തിലാണു കൃഷ്ണജനനം. അമ്മാവനായ കംസനെ വധിക്കുന്നത് ദേവകീ പുത്രനായിരിക്കുമെന്ന അശരീരിയാണു അവര്‍ കാരഗൃഹത്തിലടയ്ക്കപ്പെടാന്‍ കാരണം. പക്ഷേ വിധിയുടെ അലംഘനീയതപോലെ കൃഷ്ണന്‍ ഭൂജാതനാകുകയും കംസന്‍ കൊല്ലപ്പെടുകയും ചെയ്തു. കൃഷ്ണന്റെ കൈകളാല്‍ ധാരാളം അസുരന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. പാണ്ഡവരുടെ ഉറ്റമിത്രമായിരുന്ന കൃഷ്ണന്‍ കുരുക്ഷേത്രയുദ്ധത്തില്‍ പലപ്പോഴും അവരെ അകമഴിഞ്ഞ് സഹായിക്കുകയുണ്ടായി. അര്‍ജ്ജുനനെ യുദ്ധപ്രാപ്തനാക്കുന്നതിനുവേണ്ടി യുദ്ധമുഖത്തു വച്ച് അദ്ദേഹമുപദേശിച്ചതാണു ഭഗവദ് ഗീത. ശ്രീകൃഷ്നനു പതിനാറായിരത്തെട്ട് ഭാര്യമാര്‍ ഉണ്ടായിരുന്നുവെന്നാണു പറയപ്പെടുന്നത്. താങ്ങാനാവാത്ത ഭാരത്താല്‍ വശംവദയായ ഭൂമിദേവിയുടെ അഭ്യര്‍ത്ഥനപ്രകാരം മർത്യ ലോകത്തെ ശുദ്ധീകരിച്ചു ധർമം പുനസ്ഥാപിക്കാനായാണു ഭഗവാൻ അവതരിച്ചത്.

10.കല്‍ക്കി.

മഹാവിഷ്ണുവിന്റെ പത്താമത്തേതും അവസാനത്തേതുമായ അവതാരമാണ് കൽക്കി എന്നു പറയപ്പെടുന്നു. കലിയുഗത്തിന്റെ അവസാനത്തിൽ എല്ലാ ജനങ്ങളും നാസ്തികരായി,ശീലഗുണമില്ലാത്തവരായി ഭവിക്കുകയും ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയുകയും ചെയ്യുകയും, ഈ കാലഘട്ടത്തിൽ മഹാവിഷ്ണു വിഷ്ണുയശസ്സിന്റെ പുത്രനും യാജ്ഞ്യവൽക്യപുരോഹിതനുമായ കൽക്കി ആയവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും. പ്രജകളെ ചാതുർവർണ്ണ്യത്തിലും നാലാശ്രമങ്ങളിലും സനാതനമാർഗ്ഗത്തിലും തിരികെ കൊണ്ടുവന്ന് യഥോചിതമായ മര്യാദ നിലനിർത്തും. ശേഷം കൽക്കി അവതാരം ഉപേക്ഷിച്ച് സ്വർഗാരോഹണം നടക്കും. അനന്തരം കലിയുഗം അവസാനിക്കും. കൃതയുഗം ആരംഭിക്കുകയും ചെയ്യും.

"ഈ പോസ്റ്റിലെ എല്ലാ വിവരങ്ങള്‍ക്കും കടപ്പാട് ഗൂഗിളിനും വിക്കീപ്പീഡിയയ്ക്കുമാണു. മാത്രമല്ല ഇതീ രീതിയില്‍ പകര്‍ത്തുന്നതിനു സഹായിച്ച ചങ്ങാതി അരുണ്‍ ചാത്തന്‍പൊന്നത്തുമാണ്". 

ശ്രീക്കുട്ടന്‍

Thursday, April 18, 2013

ചെറിയ ചില കുറിപ്പുകള്‍


1. യോദ്ധാക്കള്‍ക്ക് മാത്രമേ മുന്നേറാനാവുകയുള്ളുവെന്നും പടനയിച്ചു വെട്ടിപ്പിടിച്ചടക്കാനുള്ളതാണ് ഓരോ ദിവസവും എന്നൊക്കെ എപ്പോഴമവന്റെ മനസ്സ് മന്ത്രിച്ചിരുന്നു. പടക്കളത്തില്‍ എതിരാളികളായി നില്‍ക്കുന്നവരെക്കണ്ടപ്പോള്‍ താന്‍ വീരനായൊരു യോദ്ധാവല്ല മറിച്ച് ഭീരുവായൊരരടിമയാണെന്നവനു മനസ്സിലായി. അടിമകള്‍ക്ക് എന്നും വിധിച്ചിട്ടുള്ളത് തടവറകള്‍ മാത്രമാണു. ഒരിക്കലും പൊട്ടിച്ചെറിയാനാകാത്ത ചങ്ങലകളാല്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട് കഴിയണമവന്‍. ജന്മമൊടുങ്ങുന്നതുവരെ. ഞാന്‍ യോദ്ധാവോ അടിമയോ? രണ്ടിനുമിടയില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന ഒരുവനാണെന്ന്‍ തോന്നുന്നു.

2. തിരക്കുനിറഞ്ഞ ഇരിപ്പിടങ്ങളിലേക്കും പുറമേ കാണാവുന്ന കണ്ണാടിക്കൂടിനുള്ളില്‍ നിന്നും പാത്രങ്ങളിലേക്കും മറ്റും പകര്‍ന്നു കൈമാറി യാത്രയാവുന്ന കൊതിയൂറിക്കും സുഗന്ധമുണര്‍ത്തുന്ന ആഹാരസാധനങ്ങളിലേക്കുമവന്റെ നോട്ടമൊരുനിമിഷം പാറിവീണു. വലതുകൈ പാന്റിന്റെ ഇടത്തേകീശയിലൊന്നമര്‍ന്നു. പേഴ്സിനകത്ത് കുറച്ചു നോട്ടുകള്‍ വിശ്രമിക്കുന്നുണ്ട്. തലേദിവസം അമ്മയുടെ ശബ്ദത്തില്‍ ഫോണിലൂടെ ചെവിക്കുള്ളിലേയ്ക്ക് ഒഴുകിയെത്തിയ പണത്തിന്റെ കണക്കുകളുടെ നിലവാരമോര്‍ത്തപ്പോള്‍ കൈ പതിയെ പുറത്തേയ്ക്കെടുത്തു. ഇടതുകയ്യാല്‍ എണ്ണമയം നഷ്ടപ്പെട്ട പാറിപ്പറന്നുവളര്‍ന്ന തലമുടിയൊന്നു മാടിയൊതുക്കി മുഖത്ത് വരുത്തിയൊരു ചിരിയും ചുണ്ടിലൂറിയൊരു പാട്ടുമായി മുറിയിലേക്കവന്‍ നടത്തം തുടരവേ പണം കൊടുക്കാതെ തന്നെ വയറുനിറയുവോളം മണം മൂക്കിലൂടെ വലിച്ചുകയറ്റിയിരുന്നു. കള്ളത്തിരുമാലി.....

3. തുമ്മാന്‍ വെമ്പിവന്നിട്ട് അത് തുമ്മിതീര്‍ക്കാന്‍ കഴിയാത്തതുപോലെയുള്ളൊരിച്ഛാഭംഗം മറ്റൊന്നില്ലതന്നെ.

4. മറ്റുള്ളവരൊരിക്കലുമറിയാന്‍ പാടില്ലാത്ത രഹസ്യങ്ങളുടെ കാവള്‍ക്കാരനാകുവാനുള്ള ഏറ്റവും എളുപ്പവഴിയാകുന്നു മരണം.

5. വായിച്ചു കുന്നുകൂടിക്കിടക്കുന്ന ചെറുകഥാസമാഹാരങ്ങളുടെ മേലേയ്ക്ക് അയാള്‍ കാര്‍ക്കിച്ചുതുപ്പി. സകലവന്മാരും സകലമാന രീതിയിലും കഥകളെഴുതിക്കഴിഞ്ഞിരിക്കുന്നു. തന്നെപ്പോലൊരു സാഹിത്യകാരന്‍ ഇനി എന്തു തരം രചനയാണു നടത്തുക. എന്താശയമാണു മാലോകര്‍ക്കായി പകര്‍ത്തിയിടാനുള്ളത്. എന്തെഴുതിയാലും അത് പണ്ട് രാമൂന്റെ കാലത്തേ ഇന്നാരെഴുതിയ അതേ കഥ പോലെ തന്നെയുണ്ട് എന്നും പറഞ്ഞ് നശൂലം പിടിച്ച വായനക്കാരമ്മാര്‍ വാളോങ്ങി മുന്നിലെത്തും. ഇവമ്മാരൊക്കെ എങ്ങിനെയാണിതു മുഴുവന്‍ വായിച്ചുകൂട്ടുന്നത്. ഒരു വളര്‍ന്നുവരുന്ന സാഹിത്യകാരന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പൂര്‍വികന്മാര്‍ മുമ്പെഴുതിക്കൂട്ടിയ തല്ലിപ്പൊളിക്കഥകള്‍ തന്നെയാണു. അടങ്ങാനാവാത്ത കോപത്തോടെ അയാള്‍ അവസാനമായി കടലാസിലെഴുതിയ കഥ ചുരുട്ടിക്കൂട്ടി അടുപ്പിലെ തീയില്‍ നിന്നും തീപിടിപ്പിച്ചു അതുകൊണ്ടൊരു സിഗററ്റ് കത്തിച്ച് പുകയാഞ്ഞുവലിച്ചുകൊണ്ട് ആ മുറിയില്‍ തെക്കുവടക്കു നടന്നു. ആരൊടോയൊക്കെയുള്ള രോഷം മുഴുവന്‍ ആ കാല്‍ച്ചവിട്ടുകളിലുണ്ടായിരുന്നു. 

6. ആണുങ്ങള്‍ പൊതുവേ ചെറുകള്ളത്തരങ്ങളുടെ പുറത്ത് ചരിക്കുന്നവരാണ്, കുറ്റങ്ങളും കുറവുകളുമുള്ളവന്‍, ചില അരുതാത്ത ഇഷ്ടങ്ങള്‍ നേടിയെടുക്കുവാന്‍ വാശിപിടിക്കുന്നവന്‍, അല്‍പ്പസൊല്‍പ്പം കള്ളത്തരങ്ങളില്ലെങ്കില്‍ പിന്നെ ജീവിതത്തിനെന്തു രസം.

7. പിന്നിട്ടുവന്ന വഴികളും സാഹചര്യവും തരിമ്പുമോര്‍ക്കാതെ ഇന്നിനനുസരിച്ച് വേഷം കെട്ടിയാടുന്നവനാണു ജീവിക്കുവാന്‍ പഠിച്ചവന്‍. ഒരു യഥാര്‍ത്ഥമനുഷ്യന്‍ എന്നയാളെ വിളിക്കാനാവുമോ? സംശയമാണു.

8. ഓരോ ഉറക്കവും സമ്മാനിക്കുന്നത് മനോഹരകാഴ്ചകളുടേയും അനുഭൂതികളുടെയും മായാപ്രപഞ്ചമാണു. പരിധികളില്ലാതെ പാറിപ്പറന്നെവിടെയും നടക്കുവാനും എന്തിനേയും കൊതിക്കുവാനും ആരെയും പ്രാപിക്കുവാനും സംഭവ്യമല്ലാത്തതുപോലും വെട്ടിപ്പിടിക്കുവാനും ആരെയും വിസ്മയഭരിതനാക്കാനും ഒരുവനെ പ്രാപ്തരാക്കുന്ന അത്ഭുതക്കാഴ്ച സ്വപ്നങ്ങളായിവന്നൊരുവനെ ആശ്ലേഷിക്കുന്നത് പിന്നെയെപ്പോഴാണു. ഓരോ ഉണര്‍ന്നെഴുന്നേല്‍പ്പും സമ്മാനിക്കുന്നത് ഒരു മഹാഭാഗ്യമാണു. ഒരുറക്കത്തില്‍ പ്രീയപ്പെട്ടതെല്ലാം എന്നെന്നേയ്ക്കുമായി വിട്ട് ശൂന്യതയുടെ,നിത്യതയുടെ,ആരുമില്ലാത്ത വഴിത്താരയിലേക്ക് മടക്കമില്ലാത്തൊരു യാത്രപോകാതെ വീണ്ടുമൊരു തുമ്പിയായ് പാറിപ്പറക്കുവാന്‍ കഴിയുക എന്നതോളം പോന്ന ഭാഗ്യമെന്താണു വേണ്ടത്.

9 .നന്നായ് ഉറങ്ങുവിന്‍ പ്രീയരേ. മനോഹരസ്വപ്നങ്ങള്‍ കാ‍ണുവിന്‍. ഒടുവില്‍ ആര്‍ക്കും പിടികൊടുക്കാതെ ഉണര്‍ന്നെഴുന്നേറ്റ് പാറിനടക്കുവിന്‍.

10.നമ്മുടെ ചുറ്റുമിരിക്കുന്നവരില്‍ അവരറിയാതെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ദിവസം കടന്നുപോകുന്നതറിയുകയേയില്ല. അവിചാരിതമായാണു ഞാനതു ശ്രദ്ധിച്ചത്. ആ പെണ്‍കുട്ടിയുടെ നോട്ടം ഇടയ്ക്കിടയ്ക്ക് പാറിവീഴുന്നുണ്ട്. ഞാന്‍ തലമുടിയൊക്കെയൊന്നു മാടിയൊതുക്കി സുന്ദരവദനനായി കസേരയില്‍ അമര്‍ന്നിരുന്നു. മുഷിപ്പന്‍ കണക്കുകള്‍ കണ്മുന്നില്‍ നിരന്നു നില്‍ക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് ഞാന്‍ പോലുമറിയാതെ എന്റെ നോട്ടങ്ങള്‍ യാത്ര ചെയ്തുതുടങ്ങി. ഹൃദയത്തില്‍ തണുപ്പനുഭവിപ്പിക്കുന്നൊരു പുഞ്ചിരി. ചുണ്ടുകള്‍ അനക്കി എന്തോ അവള്‍ പറയുന്നുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോള്‍ ടെലഫോണില്‍ സംസാരിക്കുകയാണു. ഇടയ്ക്ക് നോട്ടം പാറിവരുന്നുണ്ട്. ഒരു നിമിഷം ഞാന്‍ ഒന്നു ചുറ്റും കണ്ണോടിച്ചു. തൊട്ടു മുന്നില്‍ ഇരിക്കുന്നവനും ടെലഫോണില്‍. കെട്ടിപ്പൊക്കാന്‍ തുടങ്ങിയ ബില്‍ഡിംഗിനു അസ്ഥിവാരം തോണ്ടും മുന്നേ ശവക്കുഴി. ഇപ്പോഴെന്റെ പ്രധാന ജോലി കണ്മുന്നില്‍ നടക്കുന്ന പ്രണയനാടകം ആസ്വദിക്കുകയെന്നതാണു. അല്ലാതെന്തു ചെയ്യാന്‍...
11. "ഒന്നു പെട്ടന്ന്‍ കുളിച്ചുവന്നേ.നല്ല ചൂടോടെ ഒരു ഗ്ലാസ്സ് പായസം കുടിക്കാം. സാധനം അടുപ്പത്തുണ്ട്"


ഷര്‍ട്ടൂരി കട്ടിലിലേയ്ക്കിട്ടിട്ട് ഇരിക്കുവാന്‍ ശ്രമിച്ച കണവനെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ഭാര്യയുടെ കവിളില്‍ അരുമയായൊന്നു തലോടിക്കൊണ്ട് അയാള്‍ തലയാട്ടിയശേഷം മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങി. ഭര്‍ത്താവ് പുറത്തിറങ്ങി എന്നുറപ്പായപ്പോള്‍ അവള്‍ പെട്ടന്ന്‍ കട്ടിലില്‍ കിടന്ന ഷര്‍ട്ടെടുത്ത് അസ്വാഭികമായ വല്ല മണമോ മറ്റോ അതില്‍ നിന്നും വമിക്കുന്നുണ്ടോയെന്ന്‍ മണപ്പിച്ചു നോക്കുകയും വല്ല നീണ്ട മുടിയിഴകള്‍ വല്ലതുമുണ്ടോയെന്നു പരതുകയും ചെയ്തു.

ഇടനാഴിയിലെ അയയില്‍ നിന്നും തോര്‍ത്തെടുത്ത ശേഷം അയാള്‍ വീടിനുചുറ്റും ശ്രദ്ധാപൂര്‍വ്വം നോക്കി നടന്നു. വല്ല സിഗററ്റ് കുറ്റികളോ മണ്ണില്‍ പതിഞ്ഞിരിക്കുന്ന കാല്‍പ്പാടുകളോ കണ്ടെത്താനായാലോ.

12. ഒരിക്കല്‍ പെരുന്തച്ചന്‍ അഗ്നിഹോത്രികളെ കാണാനായി ചെന്നപ്പോള്‍ അഗ്നിഹോത്രി പൂജാമുറിയില്‍ എന്തോ പൂജ കഴിക്കുകയായിരുന്നു. കാത്തിരുന്ന മുഷിഞ്ഞ തച്ചന്‍ കൈകൊണ്ട് ഒരു ചെറിയ കുഴിയവിടെ കുഴിച്ചു. അല്‍പ്പം കഴിഞ്ഞ് വീണ്ടും അഗ്നിഹോത്രികളെ തിരക്കിയപ്പോള്‍ അദ്ദേഹം ആദിത്യനമസ്ക്കാരം നടത്തുകയാണെന്ന്‍ ഭൃത്യന്‍ പറഞ്ഞു. അപ്പോഴും പെരുന്തച്ചന്‍ മറ്റൊരു കുഴി കുഴിച്ചു. ഇങ്ങിനെ തച്ചന്‍ തിരക്കിയപ്പോഴൊക്കെ അഗ്നിഹോത്രികള്‍ വിഷ്ണുപൂജ, ശിവപൂജ, ഗണപതിഹോമം എന്നിങ്ങനെ ഓരോ പൂജകള്‍ ചെയ്തുകൊണ്ടിരിക്കുന്നതായി ഭൃത്യന്‍ പറയുകയും അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ ചെറിയ കുഴികള്‍ എടുത്തുകൊണ്ടിരിക്കുകയും ചെയ്തു. തേവാര പൂജയെല്ലാം കഴിഞ്ഞ് അഗ്നിഹോത്രികള്‍ പുറത്ത് വന്ന്‍ തച്ചനെ കാണുകയും കുശലപ്രശ്നങ്ങള്‍ നടത്തുകയും ചെയ്തു. തന്നെ കാത്തിരുന്നു മുഷിഞ്ഞുവോ എന്ന ചോദ്യത്തിനു

"മുഷിവൊന്നുമുണ്ടായില്ല. കിട്ടിയ സമയം കൊണ്ട് ഞാന്‍ ധാരാളം കുഴികള്‍ കുഴിച്ചു. പക്ഷേ ഒന്നിലും വെള്ളം കണ്ടില്ല,അത്രയും സമയം കൊണ്ട് ഒരു കുഴി കുഴിച്ചിരുന്നെങ്കില്‍ വെള്ളം കണ്ടിരുന്നേനെ"

എന്നു പെരുന്തച്ചന്‍ മറുപടി പറഞ്ഞു. അനേകമീശ്വരന്മാരെ തൃപ്തിപ്പെടുത്താനായി പൂജകള്‍ ചെയ്യാതെ ഒരീശ്വരനെ സേവിച്ചാല്‍ മതിയാകുമെന്നും അത് ഫലസിദ്ധിയുണ്ടാക്കുമെന്നുമാണ് തച്ചന്‍ പറഞ്ഞതിന്റെ സാരാംശമെന്ന്‍ മനസ്സിലാക്കിയ അഗ്നിഹോത്രികള്‍ ഇങ്ങിനെ പറഞ്ഞു.

"പലകുഴികള്‍ പതിവായി കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാത്തിലും വെള്ളം കിട്ടും,എല്ലാ കുഴികളുടേയും അടിയിലുള്ള ഉറവകള്‍ക്ക് പരസ്പരബന്ധമുണ്ട്"

"അതെ.ചുവടെല്ലാത്തിന്റെയും ഒന്നുതന്നെയാണെന്ന ഓര്‍മ്മ വിടാതെയിരിക്കട്ടേ"

എന്നു പറഞ്ഞ് പെരുന്തച്ചന്‍ യാത്രയായി..

മുപ്പത്തിമുക്കോടി ആരാധനാമൂര്‍ത്തികളെ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യര്‍ മനസ്സിലാക്കേണ്ടുന്ന പ്രധാനകാര്യവും ഇതു തന്നെ. എല്ലാ ഉറവകളുടെയും ചുവടൊന്നുതന്നെയാണു. പല കുഴികളില്‍ കിട്ടുന്ന ജലത്തിനു ചിലപ്പോള്‍ തെളിര്‍മ്മയോ ചിലപ്പോള്‍ ഉപ്പുരസമോ മറ്റുചിലപ്പോള്‍ ഘനമോ ആയിരിക്കും. ആരാധിക്കുന്ന മൂര്‍ത്തികളുടെ തരത്തിനനുസരിച്ച് പരസ്പ്പരം ചാവാനും കൊല്ലാനും നശിപ്പിക്കാനും നടക്കുന്നവര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നുവെങ്കില്‍. ദൈവം എന്നത് പലജാതിമനസ്സുകളുടെ മനതാരില്‍ പലപലകളറുകളാല്‍ വെട്ടിത്തിളങ്ങുന്നവനല്ല. സകലചരാചരങ്ങളേയും ഏകസമഭാവനയൊടെ കാണുന്ന ഒരു സങ്കല്‍പ്പം മാത്രമാണത്..

13. അസ്ത്രവിദ്യ പഠിക്കുവാന്‍ വന്ന ശിക്ഷ്യനോട് ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ ഗുരുനാഥന്‍ ഇങ്ങിനെ ചോദിച്ചു. 
"ഇപ്പോള്‍ എത്ര ശത്രുക്കള്‍ വന്നാല്‍ നിനക്ക് തടുത്തുനിര്‍ത്താനാകും"‍.
അപ്പോള്‍ ശിക്ഷ്യന്‍ പറഞ്ഞു ഒരു അയ്യായിരം പേര്‍ വന്നാല്‍ തടുത്തുനിര്‍ത്താനാകുമെന്ന്‍. ഗുരു കൂടുതലൊന്നും ചോദിക്കാതെ വീണ്ടും ശിക്ഷ്യനെ പഠിപ്പിച്ചു. അടുത്ത കൊല്ലവും ആദ്യത്തെ ചോദ്യമാവര്‍ത്തിച്ചു അപ്പോള്‍ ശിക്ഷ്യന്‍ ഒരു നാലായിരം പേരെ തടുത്തുനിര്‍ത്താനാവുമെന്ന്‍ പറഞ്ഞു. ഇപ്രകാരം ഓരോ വര്‍ഷവും ഗുരുനാഥന്‍ ശിക്ഷ്യനോട് ചോദിക്കുകയും അപ്പോള്‍ ആയിരം പേരെ, അഞ്ഞൂറുപേരെ,നൂറുപേരെ എന്നിങ്ങിനെ പറഞ്ഞുപറഞ്ഞ് ഒടുവില്‍ പത്തുപതിനഞ്ചുകൊല്ലമായപ്പോള്‍ ഗുരുനാഥന്‍ എത്രശത്രുക്കള്‍ വന്നാല്‍ തടഞ്ഞുനിര്‍ത്താമെന്ന പതിവുചോദ്യം ചോദിച്ചപ്പോള്‍ ഒരാള്‍ വന്നാല്‍ തടുത്തുനിര്‍ത്താനാവുമെന്ന്‍ തോന്നുന്നുവെന്ന്‍ ശിക്ഷ്യന്‍ മറുപടിനല്‍കി. ഗുരുനാഥന്‍ ശിക്ഷ്യനെ മാറോടണച്ചുകൊണ്ട് ശിക്ഷ്യന്റെ പഠനകാലം അവസാനിച്ചുവെന്ന്‍ പറയുകയും ചെയ്തു.
അമിതമായ ആത്മവിശ്വാസമാണു ഒരുവനെ നശിപ്പിക്കുന്നത്. സ്വന്തം കഴിവില്‍ അമിതമായഹങ്കരിക്കാതെ വിനയാന്വിതനാകുന്ന ഒരുവനുമാത്രമേ ജീവിതവിജയം നേടുവാന്‍ കഴിയുകയുള്ളൂ..ശ്രീക്കുട്ടന്‍