Thursday, April 18, 2013

ചെറിയ ചില കുറിപ്പുകള്‍


1. യോദ്ധാക്കള്‍ക്ക് മാത്രമേ മുന്നേറാനാവുകയുള്ളുവെന്നും പടനയിച്ചു വെട്ടിപ്പിടിച്ചടക്കാനുള്ളതാണ് ഓരോ ദിവസവും എന്നൊക്കെ എപ്പോഴമവന്റെ മനസ്സ് മന്ത്രിച്ചിരുന്നു. പടക്കളത്തില്‍ എതിരാളികളായി നില്‍ക്കുന്നവരെക്കണ്ടപ്പോള്‍ താന്‍ വീരനായൊരു യോദ്ധാവല്ല മറിച്ച് ഭീരുവായൊരരടിമയാണെന്നവനു മനസ്സിലായി. അടിമകള്‍ക്ക് എന്നും വിധിച്ചിട്ടുള്ളത് തടവറകള്‍ മാത്രമാണു. ഒരിക്കലും പൊട്ടിച്ചെറിയാനാകാത്ത ചങ്ങലകളാല്‍ കൈകാലുകള്‍ ബന്ധിക്കപ്പെട്ട് കഴിയണമവന്‍. ജന്മമൊടുങ്ങുന്നതുവരെ. ഞാന്‍ യോദ്ധാവോ അടിമയോ? രണ്ടിനുമിടയില്‍ മുഖം നഷ്ടപ്പെട്ട് നില്‍ക്കുന്ന ഒരുവനാണെന്ന്‍ തോന്നുന്നു.

2. തിരക്കുനിറഞ്ഞ ഇരിപ്പിടങ്ങളിലേക്കും പുറമേ കാണാവുന്ന കണ്ണാടിക്കൂടിനുള്ളില്‍ നിന്നും പാത്രങ്ങളിലേക്കും മറ്റും പകര്‍ന്നു കൈമാറി യാത്രയാവുന്ന കൊതിയൂറിക്കും സുഗന്ധമുണര്‍ത്തുന്ന ആഹാരസാധനങ്ങളിലേക്കുമവന്റെ നോട്ടമൊരുനിമിഷം പാറിവീണു. വലതുകൈ പാന്റിന്റെ ഇടത്തേകീശയിലൊന്നമര്‍ന്നു. പേഴ്സിനകത്ത് കുറച്ചു നോട്ടുകള്‍ വിശ്രമിക്കുന്നുണ്ട്. തലേദിവസം അമ്മയുടെ ശബ്ദത്തില്‍ ഫോണിലൂടെ ചെവിക്കുള്ളിലേയ്ക്ക് ഒഴുകിയെത്തിയ പണത്തിന്റെ കണക്കുകളുടെ നിലവാരമോര്‍ത്തപ്പോള്‍ കൈ പതിയെ പുറത്തേയ്ക്കെടുത്തു. ഇടതുകയ്യാല്‍ എണ്ണമയം നഷ്ടപ്പെട്ട പാറിപ്പറന്നുവളര്‍ന്ന തലമുടിയൊന്നു മാടിയൊതുക്കി മുഖത്ത് വരുത്തിയൊരു ചിരിയും ചുണ്ടിലൂറിയൊരു പാട്ടുമായി മുറിയിലേക്കവന്‍ നടത്തം തുടരവേ പണം കൊടുക്കാതെ തന്നെ വയറുനിറയുവോളം മണം മൂക്കിലൂടെ വലിച്ചുകയറ്റിയിരുന്നു. കള്ളത്തിരുമാലി.....

3. തുമ്മാന്‍ വെമ്പിവന്നിട്ട് അത് തുമ്മിതീര്‍ക്കാന്‍ കഴിയാത്തതുപോലെയുള്ളൊരിച്ഛാഭംഗം മറ്റൊന്നില്ലതന്നെ.

4. മറ്റുള്ളവരൊരിക്കലുമറിയാന്‍ പാടില്ലാത്ത രഹസ്യങ്ങളുടെ കാവള്‍ക്കാരനാകുവാനുള്ള ഏറ്റവും എളുപ്പവഴിയാകുന്നു മരണം.

5. വായിച്ചു കുന്നുകൂടിക്കിടക്കുന്ന ചെറുകഥാസമാഹാരങ്ങളുടെ മേലേയ്ക്ക് അയാള്‍ കാര്‍ക്കിച്ചുതുപ്പി. സകലവന്മാരും സകലമാന രീതിയിലും കഥകളെഴുതിക്കഴിഞ്ഞിരിക്കുന്നു. തന്നെപ്പോലൊരു സാഹിത്യകാരന്‍ ഇനി എന്തു തരം രചനയാണു നടത്തുക. എന്താശയമാണു മാലോകര്‍ക്കായി പകര്‍ത്തിയിടാനുള്ളത്. എന്തെഴുതിയാലും അത് പണ്ട് രാമൂന്റെ കാലത്തേ ഇന്നാരെഴുതിയ അതേ കഥ പോലെ തന്നെയുണ്ട് എന്നും പറഞ്ഞ് നശൂലം പിടിച്ച വായനക്കാരമ്മാര്‍ വാളോങ്ങി മുന്നിലെത്തും. ഇവമ്മാരൊക്കെ എങ്ങിനെയാണിതു മുഴുവന്‍ വായിച്ചുകൂട്ടുന്നത്. ഒരു വളര്‍ന്നുവരുന്ന സാഹിത്യകാരന്‍ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പൂര്‍വികന്മാര്‍ മുമ്പെഴുതിക്കൂട്ടിയ തല്ലിപ്പൊളിക്കഥകള്‍ തന്നെയാണു. അടങ്ങാനാവാത്ത കോപത്തോടെ അയാള്‍ അവസാനമായി കടലാസിലെഴുതിയ കഥ ചുരുട്ടിക്കൂട്ടി അടുപ്പിലെ തീയില്‍ നിന്നും തീപിടിപ്പിച്ചു അതുകൊണ്ടൊരു സിഗററ്റ് കത്തിച്ച് പുകയാഞ്ഞുവലിച്ചുകൊണ്ട് ആ മുറിയില്‍ തെക്കുവടക്കു നടന്നു. ആരൊടോയൊക്കെയുള്ള രോഷം മുഴുവന്‍ ആ കാല്‍ച്ചവിട്ടുകളിലുണ്ടായിരുന്നു. 

6. ആണുങ്ങള്‍ പൊതുവേ ചെറുകള്ളത്തരങ്ങളുടെ പുറത്ത് ചരിക്കുന്നവരാണ്, കുറ്റങ്ങളും കുറവുകളുമുള്ളവന്‍, ചില അരുതാത്ത ഇഷ്ടങ്ങള്‍ നേടിയെടുക്കുവാന്‍ വാശിപിടിക്കുന്നവന്‍, അല്‍പ്പസൊല്‍പ്പം കള്ളത്തരങ്ങളില്ലെങ്കില്‍ പിന്നെ ജീവിതത്തിനെന്തു രസം.

7. പിന്നിട്ടുവന്ന വഴികളും സാഹചര്യവും തരിമ്പുമോര്‍ക്കാതെ ഇന്നിനനുസരിച്ച് വേഷം കെട്ടിയാടുന്നവനാണു ജീവിക്കുവാന്‍ പഠിച്ചവന്‍. ഒരു യഥാര്‍ത്ഥമനുഷ്യന്‍ എന്നയാളെ വിളിക്കാനാവുമോ? സംശയമാണു.

8. ഓരോ ഉറക്കവും സമ്മാനിക്കുന്നത് മനോഹരകാഴ്ചകളുടേയും അനുഭൂതികളുടെയും മായാപ്രപഞ്ചമാണു. പരിധികളില്ലാതെ പാറിപ്പറന്നെവിടെയും നടക്കുവാനും എന്തിനേയും കൊതിക്കുവാനും ആരെയും പ്രാപിക്കുവാനും സംഭവ്യമല്ലാത്തതുപോലും വെട്ടിപ്പിടിക്കുവാനും ആരെയും വിസ്മയഭരിതനാക്കാനും ഒരുവനെ പ്രാപ്തരാക്കുന്ന അത്ഭുതക്കാഴ്ച സ്വപ്നങ്ങളായിവന്നൊരുവനെ ആശ്ലേഷിക്കുന്നത് പിന്നെയെപ്പോഴാണു. ഓരോ ഉണര്‍ന്നെഴുന്നേല്‍പ്പും സമ്മാനിക്കുന്നത് ഒരു മഹാഭാഗ്യമാണു. ഒരുറക്കത്തില്‍ പ്രീയപ്പെട്ടതെല്ലാം എന്നെന്നേയ്ക്കുമായി വിട്ട് ശൂന്യതയുടെ,നിത്യതയുടെ,ആരുമില്ലാത്ത വഴിത്താരയിലേക്ക് മടക്കമില്ലാത്തൊരു യാത്രപോകാതെ വീണ്ടുമൊരു തുമ്പിയായ് പാറിപ്പറക്കുവാന്‍ കഴിയുക എന്നതോളം പോന്ന ഭാഗ്യമെന്താണു വേണ്ടത്.

9 .നന്നായ് ഉറങ്ങുവിന്‍ പ്രീയരേ. മനോഹരസ്വപ്നങ്ങള്‍ കാ‍ണുവിന്‍. ഒടുവില്‍ ആര്‍ക്കും പിടികൊടുക്കാതെ ഉണര്‍ന്നെഴുന്നേറ്റ് പാറിനടക്കുവിന്‍.

10.നമ്മുടെ ചുറ്റുമിരിക്കുന്നവരില്‍ അവരറിയാതെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെങ്കില്‍ ദിവസം കടന്നുപോകുന്നതറിയുകയേയില്ല. അവിചാരിതമായാണു ഞാനതു ശ്രദ്ധിച്ചത്. ആ പെണ്‍കുട്ടിയുടെ നോട്ടം ഇടയ്ക്കിടയ്ക്ക് പാറിവീഴുന്നുണ്ട്. ഞാന്‍ തലമുടിയൊക്കെയൊന്നു മാടിയൊതുക്കി സുന്ദരവദനനായി കസേരയില്‍ അമര്‍ന്നിരുന്നു. മുഷിപ്പന്‍ കണക്കുകള്‍ കണ്മുന്നില്‍ നിരന്നു നില്‍ക്കുമ്പോഴും ഇടയ്ക്കിടയ്ക്ക് ഞാന്‍ പോലുമറിയാതെ എന്റെ നോട്ടങ്ങള്‍ യാത്ര ചെയ്തുതുടങ്ങി. ഹൃദയത്തില്‍ തണുപ്പനുഭവിപ്പിക്കുന്നൊരു പുഞ്ചിരി. ചുണ്ടുകള്‍ അനക്കി എന്തോ അവള്‍ പറയുന്നുണ്ട്. സൂക്ഷിച്ചുനോക്കിയപ്പോള്‍ ടെലഫോണില്‍ സംസാരിക്കുകയാണു. ഇടയ്ക്ക് നോട്ടം പാറിവരുന്നുണ്ട്. ഒരു നിമിഷം ഞാന്‍ ഒന്നു ചുറ്റും കണ്ണോടിച്ചു. തൊട്ടു മുന്നില്‍ ഇരിക്കുന്നവനും ടെലഫോണില്‍. കെട്ടിപ്പൊക്കാന്‍ തുടങ്ങിയ ബില്‍ഡിംഗിനു അസ്ഥിവാരം തോണ്ടും മുന്നേ ശവക്കുഴി. ഇപ്പോഴെന്റെ പ്രധാന ജോലി കണ്മുന്നില്‍ നടക്കുന്ന പ്രണയനാടകം ആസ്വദിക്കുകയെന്നതാണു. അല്ലാതെന്തു ചെയ്യാന്‍...
11. "ഒന്നു പെട്ടന്ന്‍ കുളിച്ചുവന്നേ.നല്ല ചൂടോടെ ഒരു ഗ്ലാസ്സ് പായസം കുടിക്കാം. സാധനം അടുപ്പത്തുണ്ട്"


ഷര്‍ട്ടൂരി കട്ടിലിലേയ്ക്കിട്ടിട്ട് ഇരിക്കുവാന്‍ ശ്രമിച്ച കണവനെ പിടിച്ചെഴുന്നേല്‍പ്പിച്ചുകൊണ്ട് അവള്‍ പറഞ്ഞു. ഭാര്യയുടെ കവിളില്‍ അരുമയായൊന്നു തലോടിക്കൊണ്ട് അയാള്‍ തലയാട്ടിയശേഷം മുറിയില്‍ നിന്നും പുറത്തേയ്ക്കിറങ്ങി. ഭര്‍ത്താവ് പുറത്തിറങ്ങി എന്നുറപ്പായപ്പോള്‍ അവള്‍ പെട്ടന്ന്‍ കട്ടിലില്‍ കിടന്ന ഷര്‍ട്ടെടുത്ത് അസ്വാഭികമായ വല്ല മണമോ മറ്റോ അതില്‍ നിന്നും വമിക്കുന്നുണ്ടോയെന്ന്‍ മണപ്പിച്ചു നോക്കുകയും വല്ല നീണ്ട മുടിയിഴകള്‍ വല്ലതുമുണ്ടോയെന്നു പരതുകയും ചെയ്തു.

ഇടനാഴിയിലെ അയയില്‍ നിന്നും തോര്‍ത്തെടുത്ത ശേഷം അയാള്‍ വീടിനുചുറ്റും ശ്രദ്ധാപൂര്‍വ്വം നോക്കി നടന്നു. വല്ല സിഗററ്റ് കുറ്റികളോ മണ്ണില്‍ പതിഞ്ഞിരിക്കുന്ന കാല്‍പ്പാടുകളോ കണ്ടെത്താനായാലോ.

12. ഒരിക്കല്‍ പെരുന്തച്ചന്‍ അഗ്നിഹോത്രികളെ കാണാനായി ചെന്നപ്പോള്‍ അഗ്നിഹോത്രി പൂജാമുറിയില്‍ എന്തോ പൂജ കഴിക്കുകയായിരുന്നു. കാത്തിരുന്ന മുഷിഞ്ഞ തച്ചന്‍ കൈകൊണ്ട് ഒരു ചെറിയ കുഴിയവിടെ കുഴിച്ചു. അല്‍പ്പം കഴിഞ്ഞ് വീണ്ടും അഗ്നിഹോത്രികളെ തിരക്കിയപ്പോള്‍ അദ്ദേഹം ആദിത്യനമസ്ക്കാരം നടത്തുകയാണെന്ന്‍ ഭൃത്യന്‍ പറഞ്ഞു. അപ്പോഴും പെരുന്തച്ചന്‍ മറ്റൊരു കുഴി കുഴിച്ചു. ഇങ്ങിനെ തച്ചന്‍ തിരക്കിയപ്പോഴൊക്കെ അഗ്നിഹോത്രികള്‍ വിഷ്ണുപൂജ, ശിവപൂജ, ഗണപതിഹോമം എന്നിങ്ങനെ ഓരോ പൂജകള്‍ ചെയ്തുകൊണ്ടിരിക്കുന്നതായി ഭൃത്യന്‍ പറയുകയും അപ്പോഴെല്ലാം പെരുന്തച്ചന്‍ ഓരോ ചെറിയ കുഴികള്‍ എടുത്തുകൊണ്ടിരിക്കുകയും ചെയ്തു. തേവാര പൂജയെല്ലാം കഴിഞ്ഞ് അഗ്നിഹോത്രികള്‍ പുറത്ത് വന്ന്‍ തച്ചനെ കാണുകയും കുശലപ്രശ്നങ്ങള്‍ നടത്തുകയും ചെയ്തു. തന്നെ കാത്തിരുന്നു മുഷിഞ്ഞുവോ എന്ന ചോദ്യത്തിനു

"മുഷിവൊന്നുമുണ്ടായില്ല. കിട്ടിയ സമയം കൊണ്ട് ഞാന്‍ ധാരാളം കുഴികള്‍ കുഴിച്ചു. പക്ഷേ ഒന്നിലും വെള്ളം കണ്ടില്ല,അത്രയും സമയം കൊണ്ട് ഒരു കുഴി കുഴിച്ചിരുന്നെങ്കില്‍ വെള്ളം കണ്ടിരുന്നേനെ"

എന്നു പെരുന്തച്ചന്‍ മറുപടി പറഞ്ഞു. അനേകമീശ്വരന്മാരെ തൃപ്തിപ്പെടുത്താനായി പൂജകള്‍ ചെയ്യാതെ ഒരീശ്വരനെ സേവിച്ചാല്‍ മതിയാകുമെന്നും അത് ഫലസിദ്ധിയുണ്ടാക്കുമെന്നുമാണ് തച്ചന്‍ പറഞ്ഞതിന്റെ സാരാംശമെന്ന്‍ മനസ്സിലാക്കിയ അഗ്നിഹോത്രികള്‍ ഇങ്ങിനെ പറഞ്ഞു.

"പലകുഴികള്‍ പതിവായി കുഴിച്ചുകൊണ്ടിരുന്നാല്‍ കുറച്ചുകാലം കഴിയുമ്പോള്‍ എല്ലാത്തിലും വെള്ളം കിട്ടും,എല്ലാ കുഴികളുടേയും അടിയിലുള്ള ഉറവകള്‍ക്ക് പരസ്പരബന്ധമുണ്ട്"

"അതെ.ചുവടെല്ലാത്തിന്റെയും ഒന്നുതന്നെയാണെന്ന ഓര്‍മ്മ വിടാതെയിരിക്കട്ടേ"

എന്നു പറഞ്ഞ് പെരുന്തച്ചന്‍ യാത്രയായി..

മുപ്പത്തിമുക്കോടി ആരാധനാമൂര്‍ത്തികളെ ഉപാസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന മനുഷ്യര്‍ മനസ്സിലാക്കേണ്ടുന്ന പ്രധാനകാര്യവും ഇതു തന്നെ. എല്ലാ ഉറവകളുടെയും ചുവടൊന്നുതന്നെയാണു. പല കുഴികളില്‍ കിട്ടുന്ന ജലത്തിനു ചിലപ്പോള്‍ തെളിര്‍മ്മയോ ചിലപ്പോള്‍ ഉപ്പുരസമോ മറ്റുചിലപ്പോള്‍ ഘനമോ ആയിരിക്കും. ആരാധിക്കുന്ന മൂര്‍ത്തികളുടെ തരത്തിനനുസരിച്ച് പരസ്പ്പരം ചാവാനും കൊല്ലാനും നശിപ്പിക്കാനും നടക്കുന്നവര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നുവെങ്കില്‍. ദൈവം എന്നത് പലജാതിമനസ്സുകളുടെ മനതാരില്‍ പലപലകളറുകളാല്‍ വെട്ടിത്തിളങ്ങുന്നവനല്ല. സകലചരാചരങ്ങളേയും ഏകസമഭാവനയൊടെ കാണുന്ന ഒരു സങ്കല്‍പ്പം മാത്രമാണത്..

13. അസ്ത്രവിദ്യ പഠിക്കുവാന്‍ വന്ന ശിക്ഷ്യനോട് ഒരുകൊല്ലം കഴിഞ്ഞപ്പോള്‍ ഗുരുനാഥന്‍ ഇങ്ങിനെ ചോദിച്ചു. 
"ഇപ്പോള്‍ എത്ര ശത്രുക്കള്‍ വന്നാല്‍ നിനക്ക് തടുത്തുനിര്‍ത്താനാകും"‍.
അപ്പോള്‍ ശിക്ഷ്യന്‍ പറഞ്ഞു ഒരു അയ്യായിരം പേര്‍ വന്നാല്‍ തടുത്തുനിര്‍ത്താനാകുമെന്ന്‍. ഗുരു കൂടുതലൊന്നും ചോദിക്കാതെ വീണ്ടും ശിക്ഷ്യനെ പഠിപ്പിച്ചു. അടുത്ത കൊല്ലവും ആദ്യത്തെ ചോദ്യമാവര്‍ത്തിച്ചു അപ്പോള്‍ ശിക്ഷ്യന്‍ ഒരു നാലായിരം പേരെ തടുത്തുനിര്‍ത്താനാവുമെന്ന്‍ പറഞ്ഞു. ഇപ്രകാരം ഓരോ വര്‍ഷവും ഗുരുനാഥന്‍ ശിക്ഷ്യനോട് ചോദിക്കുകയും അപ്പോള്‍ ആയിരം പേരെ, അഞ്ഞൂറുപേരെ,നൂറുപേരെ എന്നിങ്ങിനെ പറഞ്ഞുപറഞ്ഞ് ഒടുവില്‍ പത്തുപതിനഞ്ചുകൊല്ലമായപ്പോള്‍ ഗുരുനാഥന്‍ എത്രശത്രുക്കള്‍ വന്നാല്‍ തടഞ്ഞുനിര്‍ത്താമെന്ന പതിവുചോദ്യം ചോദിച്ചപ്പോള്‍ ഒരാള്‍ വന്നാല്‍ തടുത്തുനിര്‍ത്താനാവുമെന്ന്‍ തോന്നുന്നുവെന്ന്‍ ശിക്ഷ്യന്‍ മറുപടിനല്‍കി. ഗുരുനാഥന്‍ ശിക്ഷ്യനെ മാറോടണച്ചുകൊണ്ട് ശിക്ഷ്യന്റെ പഠനകാലം അവസാനിച്ചുവെന്ന്‍ പറയുകയും ചെയ്തു.
അമിതമായ ആത്മവിശ്വാസമാണു ഒരുവനെ നശിപ്പിക്കുന്നത്. സ്വന്തം കഴിവില്‍ അമിതമായഹങ്കരിക്കാതെ വിനയാന്വിതനാകുന്ന ഒരുവനുമാത്രമേ ജീവിതവിജയം നേടുവാന്‍ കഴിയുകയുള്ളൂ..



ശ്രീക്കുട്ടന്‍

10 comments:

  1. ഒരു പര‍സ്പ്പരബന്ധവുമില്ലാത്ത എന്തെങ്കിലും ഒന്ന്‍ തട്ടിക്കൂട്ടണമെന്ന്‍ കുറേയേറേ നാളായി വിചാരിക്കണൂ. ഇത്രയും നാളുണ്ടാക്കിയതുമുഴുവന്‍ പരസ്പ്പരബന്ധമുള്ളതാണോന്ന മുട്ടാപ്പോക്ക് ചോദിച്ചെന്നെ കുഴയ്ക്കരുത്. പറഞ്ഞുവന്നതെന്താന്നുവച്ചാല്‍ പുതുതായി എഴുതിമെനക്കെടാന്‍ വയ്യാത്തതുകൊണ്ട് മുഖപുസ്തകത്തില്‍ വരച്ചുവച്ച ചിലതൊക്കെ ചേര്‍ത്തുവച്ച് ഒരു അവിയല്‍ സാമ്പാര്‍ തോരന്‍ ത്ട്ടിക്കൂട്ടിയിരിക്കുകയാണു.തല്ലുകയോ തലോടുകയോ ചെയ്യാം.

    ReplyDelete
  2. ചെറു കുറിപ്പുകൽ ഒന്ന് വീതം ദിവസവും സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാൻ വേണ്ടി ഇവിടെ നിന്നും റാഞ്ചുന്നതിനെക്കുറിച്ചാണ് ഇപ്പോൾ എന്റെ ചിന്ത.... എല്ലാം കൊള്ളാം :)

    ReplyDelete
  3. എല്ലാം വായിച്ചു ,കുറിപ്പുകൾ നന്നായി ..
    പെരുന്തച്ചന്റെ ഈ കഥ കേട്ടിരുന്നില്ല .. നന്ദി

    ReplyDelete
  4. 'ചെറുകുറിപ്പുകൾ ' എന്ന് തിരുത്തി വായിക്കുക.

    ReplyDelete
  5. എല്ലാം മികച്ചത് ..


    പതിമൂന്നാമത്തെ ക്ഷ ബോധിച്ചു ....

    ReplyDelete
  6. കൊള്ളാല്ലോ ശ്രീകുട്ടാ. പലതും സ്റ്റാസുകൾ ആയി വായിച്ചിട്ടുണ്ട്. ചിലതു വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  7. ഒരാളെ നേരിടാമെന്ന് തോന്നുന്നു

    ReplyDelete
  8. ഇഷ്ടപ്പെട്ടു....................

    ReplyDelete
  9. ഇങ്ങനെ തല ചിന്തിച്ച് പുണ്ണാക്കല്ലെ ശ്രീ
    ഹൊ

    ReplyDelete
  10. ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ ....ശക്തിമാന്‍, ബുദ്ധിമാന്‍ ! കൊള്ളാം

    ReplyDelete