Thursday, October 17, 2013

ലീല - ഒരു ചെറുവായന

വായനയ്ക്ക് ഏറ്റവും എളുപ്പവും സുഖകരവും കഥകളാണെന്നാണെനിക്ക് തോന്നുന്നത്. വളരെ വലിയൊരു കാര്യം ചുരുക്കം താളുകളിലായി പകര്‍ത്തിവയ്ക്കുന്നത് അല്‍പ്പം പണിപ്പെട്ട ഒന്നുതന്നെയാണ്. കഥയുടെ ആശയം മുഴുവന്‍ ചുരുക്കെഴുത്തിലേയ്ക്കൊതുക്കുമ്പോള്‍ വായനക്കാരെ മതിഭ്രമത്തിലാറാടിക്കുവാന്‍ കഥാകാരനു കഴിയും. പല കഥകളും വളരെ വലിയ വായനയും ചര്‍ച്ചയുമാകുന്നതും ചിലവ അവഗണനയുടെ ചവറ്റുകുട്ടയില്‍ പതിക്കുന്നതും ഈ ചുരുക്കെഴുത്തിന്റെ രീതിയുടെ അവലംബത്തില്‍ ഉണ്ടാകുന്ന പാകപ്പിഴകള്‍ കൊണ്ടാണ്. ചില കഥകള്‍ വായിച്ചാല്‍ അറിയാതെ മനസ്സൊന്നു പിടഞ്ഞുപോകും. ചിലവ മനസ്സില്‍ നൂറു നൂറു ചോദ്യങ്ങളുയര്‍ത്തും.മറ്റു ചിലവയാകട്ടെ ചുണ്ടിലൊരു ചെറുപുഞ്ചിരിയുമുണര്‍ത്തും. മനസ്സിനെ സ്പര്‍ശിക്കാതെ കടന്നുപോകുന്നവയും ധാരാളം.

അല്‍പ്പം അവിശ്വസനീയതയോടെയും അമ്പരപ്പോടെയും മാത്രം വായിച്ചു തീര്‍ക്കാനാവുന്ന ഒന്നാണ് ഉണ്ണി ആര്‍ എഴുതിയ ലീല എന്ന കഥ. ഒരു വേള അടുത്തകാലത്ത് വായിച്ചതില്‍ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കിയ ഒരു രചന.

ഈ കഥയിലെ ലീല നവകാലഘട്ടത്തിലെ ഉപഭോഗവസ്തുവായി മാത്രം കരുതപ്പെടുന്ന പെണ്‍ വര്‍ഗ്ഗത്തിന്റെ ഇളമുറപ്രതീകമാണ്. പ്രതികരണശേഷിയോ സ്വന്തം തീരുമാനങ്ങളോ ഇല്ലാത്ത ചൂണ്ടപ്പെടുന്ന വിരലിന്റെ ചലനത്തിനനുസരിച്ച് പാവകൂത്ത് നടത്തുന്നൊരു ജീവനുള്ള പാവ മാത്രമാണ് ലീല. സംരക്ഷിക്കേണ്ടവന്റെ കൈവിരലുകള്‍ തന്നെ ചലനനിയന്ത്രണോപാധിയാകുമ്പോള്‍ നിര്‍വ്വികാരമായിപ്പോകുന്ന ജന്മമായി ലീലയും മാറുന്നു. അതുകൊണ്ട് തന്നെ അവള്‍ക്ക് സംസാരഭാഷയും വശമില്ല. ദയനീയ നോട്ടങ്ങളും നിര്‍വ്വികാരചലനങ്ങളും അനുസരണയുടെ മൂര്‍ത്തിമദ്ഭാവവുമായി ഒരടിമപ്പെണ്ണിനെപ്പോലെ ലീല തന്റെ വേഷം കെട്ടിയാടുന്നു. സത്യത്തില്‍ ലീല എന്നത് വിളിപ്പേരുമാത്രമാണ്. ഈ കഥയിലെ ചെറിയ പെണ്‍കുട്ടിക്ക് കഥാനായകനായ കുട്ടിയപ്പന്‍ തന്നെ പകര്‍ന്ന്‍ നല്‍കിയതാണ് ലീല എന്ന പേര്. ലീല എന്ന വാക്കിനു പലവിധ അര്‍ത്ഥങ്ങളുണ്ടല്ലോ. കുട്ടിയപ്പനു തോന്നിയ വിനോദോപാധിയുടെ ബാക്കിപത്രമായിരുന്നതിനാല്‍ ലീല എന്ന പേര്‍ തികച്ചും ഉചിതം തന്നെ.

ലീലയിലേക്കെത്തുന്നതിനു അല്ലെങ്കില്‍ ലീലയുടെ ദുരന്തം പൂര്‍ണ്ണമായും വരച്ചു വയ്ക്കണമെങ്കില്‍ അത് കുട്ടിയപ്പനില്‍ നിന്നും ആരംഭിച്ചാല്‍ മാത്രമേ പറ്റുകയുള്ളൂ.

കുട്ടിയപ്പന്‍..

ഇത്രമാത്രം വിചിത്രമായ കാമനകള്‍ വച്ചുപുലര്‍ത്തുന്നൊരാള്‍ ഉണ്ടാകുമോ ആവോ! തീര്‍ച്ചയായും കുട്ടിയപ്പന്‍ അതിവൈചിത്ര്യങ്ങളുടെ ആകെത്തുകയായിരുന്നു. തന്തയുണ്ടാക്കിയിട്ടിരിക്കുന്ന സ്വത്ത് ചിലവാക്കി രസിക്കുന്ന കുട്ടിയപ്പന്റെ പല നടപടികളും ചിന്തകളും ആരിലും അത്ഭുതഭാവം ജനിപ്പിക്കുന്നതായിരുന്നു. ദിനവും കോണിപ്പടികയറി ചായയും കൊണ്ടു വരുന്ന ഏലിയാമ്മച്ചേടത്തിയെ നോക്കിയിരുന്നപ്പോള്‍ കുട്ടിയപ്പനു ഒരു രസം കയറുകയും നാളെ മുതല്‍ പുറത്ത് ജനലിനരികില്‍ ഒരു കോണി ചാരിവച്ച് അതുവഴി കയറി ചായ കൊണ്ടു തന്നാല്‍ മതിയെന്ന്‍ കുട്ടിയപ്പന്‍ ആജ്ഞാപിച്ചതിന്‍പടി പാവം ഏലിയാമ്മ കോണിയില്‍ പിടിച്ചുകയറി ചായ കൊണ്ടുകൊടുക്കാന്‍ ശ്രമിക്കുകയും നടുതല്ലിവീണ് ഒടിവും ചതവുമായി കിടക്കുകയും ചെയ്തതാണ് സമീപ ചരിത്രം. ഏലിയാമ്മചേടത്തി ശമ്പളത്തോടുകൂടിയുള്ള ബഡ് റെസ്റ്റിലാണെന്നാണ് കുട്ടിയപ്പന്റെ പക്ഷം.

സ്ത്രീകള്‍ വീക്ക്നെസ്സ് ആയ കുട്ടിയപ്പന്‍ ആ വിഷയത്തില്‍ ധാരാളം പണം പൊടിച്ചുകളയുന്നുണ്ട്. സ്ത്രീകളോടുള്ള കുട്ടിയപ്പന്റെ സമീപനവും വിചിത്രമായ രീതിയിലായിരുന്നു. ഒരുദിവസം ഒരു പെണ്ണിനെക്കൊണ്ട് വന്ന്‍ തുണിയഴിപ്പിച്ചുകളഞ്ഞ് ശരീരമാകെ എണ്ണതേച്ചു പിടിപ്പിച്ച ശേഷം പുലരും വരെ നൃത്തം ചെയ്യിപ്പിച്ച കുട്ടിയപ്പന്‍ പുലര്‍ച്ചെ ധാരാളം കാശൊക്കെ കൊടുത്തുവിടുന്നു‍. മറ്റൊരിക്കല്‍ കൊണ്ടുവന്ന പെണ്ണിന്റെ മുന്നില്‍ നീണ്ടുനിവര്‍ന്ന്‍ പുതച്ചുകിടന്നിട്ട് താന്‍ മരിച്ചുവെന്നും തന്റെ തലയ്ക്കലിരുന്ന്‍ കരയണമെന്നും കുട്ടിയപ്പന്‍ പറഞ്ഞതുകേട്ട് അലമുറയിട്ട് കരഞ്ഞ പെണ്ണിനും കാശു ധാരാളം നല്‍കിയിട്ടുണ്ട്. ഇപ്രകാരം ഭ്രാന്തന്‍ ചിന്തയുമായി നടക്കുന്ന കുട്ടിയപ്പന് ഒരു രാത്രിയില്‍ പുതുതായി പൊട്ടിമുളച്ച ചിന്താഗതിയായിരുന്നു ഒരു കൊമ്പനാനയുടെ തുമ്പിക്കയ്യില്‍ ചേര്‍ത്തുവച്ച് ഒരു ചെറിയ പെണ്‍ കുട്ടിയെ ഭോഗിക്കണമെന്നത്. കുട്ടിയപ്പന്റെ സന്തതസഹചാരിയായ പിള്ളേച്ചനുമൊത്ത് കുട്ടിയപ്പന്‍ ആ ആഗ്രഹം സാധിക്കുവാന്‍ വേണ്ടിയിറങ്ങുകയാണ്.

പലവഴികളിലും നടന്നലഞ്ഞ് ഒടുവില്‍ കുട്ടിയപ്പന്‍ ലീലയിലേയ്ക്കെത്തുന്നു. അല്ല ലീലയുടെ അച്ഛനായ തങ്കപ്പന്‍ നായരിലേയ്ക്ക്. നിങ്ങളുടെ മകളെ ഒരാനയുടെ കൊമ്പിനിടയില്‍ ചേര്‍ത്തുവച്ച് എനിക്കൊന്നു ഭോഗിക്കാന്‍ വേണമെന്ന്‍ കുട്ടിയപ്പന്‍ പറയുന്നത് കേട്ട് നിന്നിട്ട് അതൊക്കെ വല്യ അപകടം പിടിച്ച പണിയല്യോ എന്ന്‍ തിരിച്ചു ചോദിക്കുന്ന തങ്കപ്പന്‍ നായരിലേക്ക്. മദ്യത്തിനും പണത്തിനും വേണ്ടി ജനിപ്പിച്ച മകളെ മറ്റൊരുവന് വേഴ്ചക്കായി നല്‍കുവാന്‍ യാതൊരു മടിയുമില്ലാത്ത നവകാല പടപ്പായ ഒരച്ഛനിലേയ്ക്ക്. വിഷാദമൂകയായിരിക്കുന്ന പെണ്‍കുട്ടിയുമായി പോയി അവള്‍ക്ക് വേണ്ട വസ്ത്രങ്ങളൊക്കെ കുട്ടിയപ്പന്‍ വാങ്ങിനല്‍കുന്നുണ്ട്. വണ്ടിയില്‍ വച്ച് അവളുടെ പേരു ചോദിക്കുമ്പോള്‍ മിണ്ടാതിരിക്കുന്നത് കണ്ട് കുട്ടിയപ്പന്‍ തന്നെ അവള്‍ക്ക് നല്‍കുന്ന പേരാണു ലീല.

പൂര്‍ണ്ണനഗ്നയായി ആനയുടെ കൊമ്പുകള്‍ക്കിടയില്‍ തുമ്പിക്കയ്യോട് ചേര്‍ന്ന്‍ നില്‍ക്കുന്ന ലീലയെ ഒന്നുഴിഞ്ഞു നോക്കിയശേഷം നഗ്നനായ കുട്ടിയപ്പന്‍ അവളുടെ കൈകള്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അവളെ ആനയുടെ കൊമ്പുകള്‍ക്കിടയില്‍ നിന്നും ഊര്‍ത്തിയെടുത്ത് പിന്തിരിഞ്ഞ് നടക്കാന്‍ ആരംഭിക്കുമ്പോള്‍ സര്‍വ്വദുരിതങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിടനല്‍കുവാനെന്നവണ്ണം കരിവീരന്റെ തുമ്പിക്കൈ നീണ്ട് വന്ന്‍ ആ കൊച്ചുശരീരത്തെ ചുറ്റിയെടുത്തു കൊമ്പുകളാലൊന്ന്‍ മൂര്‍ച്ചനോക്കി തറയിലേക്കിട്ട് തന്റെ ശരീരഭാരം അവളിലേക്കിറക്കിവയ്ക്കുമ്പോള്‍ ലീല പൂര്‍ണ്ണമാകുന്നു.

വായനയിലും പുനര്‍വായനയിലും നിരവധി അര്‍ത്ഥതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്ന ഒരു കഥയാണു ലീല. ലീല സത്യത്തില്‍ ഒരു പ്രതീകമാണ്. ഇന്നിന്റെ കണ്ണുനീര്‍ജന്മങ്ങളുടെ നേര്‍ പ്രതീകം. ജനിപ്പിച്ചവനോ കൂടെ ജനിച്ചവനോ കൂട്ടുകാരനെന്നോ രക്തബന്ധങ്ങളെന്നോ ഒന്നും വേര്‍തിരിവില്ലാതെ ഒരേയൊരു കണ്ണോടുകൂടി മാത്രം പെണ്ണിനെ നോക്കുന്ന നവകാലഘട്ട പുരുഷജന്മങ്ങളുടെ പ്രതീകമാണ് തങ്കപ്പന്‍ നായര്‍ എന്ന അച്ഛന്‍. കുട്ടിയപ്പനെ ഈ ചേരിയില്‍ കൂട്ടാനാവുമോ എന്നത് സംശയമാണ്. അതിസങ്കീര്‍ണ്ണ മനസ്സുമായി നടക്കുന്ന കുട്ടിയപ്പനില്‍ മനുഷ്യഭാവം പലപ്പോഴും തെളിഞ്ഞുമിന്നുന്നുണ്ട്. ജീപ്പോടിച്ചുപോകവേ ബസ്സില്‍ നിന്നും തലപുറത്തേയ്ക്കിട്ടു നോക്കുന്ന കുഞ്ഞിനെയോര്‍ത്ത് കുട്ടിയപ്പന്‍ വല്ലാതെ ഉത്ക്കണ്ഠപ്പെടുന്നുണ്ട്. അതുപോലെ തന്നെ ലീലയോടും കുട്ടിയപ്പന്‍ ഇടപെടുന്നത്. മനസ്സിലുണര്‍ന്നൊരു വന്യകാമനയുടെ പൂര്‍ത്തീകരണത്തിനായി ആരും സഞ്ചരിക്കാത്തൊരു വഴിയിലൂടെ കുട്ടിയപ്പനൊന്നു പോയി നോക്കി. കുട്ടിയപ്പന്റെ സഹചാരിയായ പിള്ളേച്ചനും ഒരു പ്രതീകമാണ്. ലീലയുടെ അതേ പ്രായത്തിലുള്ള ഒരു മകള്‍ തനിക്കുമുണ്ടെന്ന്‍ ഇടയ്ക്കോര്‍ക്കുന്ന അയാള്‍ എന്നാല്‍ കുട്ടിയപ്പനെ പിന്തിരിപ്പിക്കുവാന്‍ കൂട്ടാക്കാതെ അയാള്‍ക്ക് വഴിപിന്തുടരുകയാണ് ചെയ്യുന്നത്.

അനിവാര്യമായ ദുരന്തമേറ്റുവാങ്ങുവാന്‍ വിധിക്കപ്പെട്ട ലീല മനസ്സില്‍ ഒരു കാരമുള്ളുപോലെ കുത്തിക്കയറിക്കൊണ്ടിരിക്കുന്നു. പ്രതിഷേധമോ സ്വയം രക്ഷയോ വശമില്ലാത്ത എത്രയെത്ര ലീലമാര്‍ നമ്മുടെ ചുറ്റും ജീവിച്ചൊടുങ്ങുന്നു. ലോകം നിലകൊള്ളുന്നത് തങ്കപ്പന്‍ നായര്‍മാര്‍ക്കും കുട്ടിയപ്പന്മാര്‍ക്കും മാത്രമായാണ്. ലീലമാര്‍ ആയിരക്കണക്കിനു പുതുതായി സൃഷ്ടിക്കപ്പെട്ടുകൊണ്ടേയിരിക്കും..

(ഉണ്ണി ആറിന്റെ കഥകള്‍ എന്നപേരില്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച 25 ഓളം കഥകളില്‍ നിന്നും ഒരു കഥ. ഈ കഥ ലീല എന്നപേരില്‍ തന്നെ മലയാളത്തില്‍ ശ്രീ രഞ്ജിത്ത് സിനിമയാക്കുവാന്‍ പോകുന്നുവെന്ന്‍ പറയപ്പെടുന്നു)

ശ്രീക്കുട്ടന്‍

15 comments:

  1. നല്ലൊരു വായനയുടെ പ്രതിഫലനം ! നല്ലൊരു എഴുത്താണ്ശ്രീ . പിന്നെ ഇതില്‍ തെളിഞ്ഞും ഒളിഞ്ഞും വരികയും കഥയുടെ അവസാനം എല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്ന ' കൊമ്പന്‍ ' സര്‍ക്കാരിന്റെ ( സംരക്ഷകരുടെ ) പ്രതീകമെന്നപോല്‍ ഇരുണ്ടു നില്‍ക്കുന്നു - അവസാനം എല്ലാം അവസാനിപ്പിക്കുകയും ചെയ്യുന്നു .!

    ReplyDelete
  2. ഒരു നല്ല വായനക്കാരനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.. നന്നായി അത് പകര്‍ത്തിയെഴുതുകയും ചെയ്തു..

    ReplyDelete
  3. ഇ- ഇടങ്ങളില്‍ പലതവണ ചര്‍ച്ചക്ക് വന്നിട്ടുള്ള ഒരു കഥയാണ്‌ ലീല. എന്‍റെ അഭിപ്രായങ്ങള്‍ മുന്‍പ് ഞാന്‍ കുറിച്ചത് തന്ന.

    ഇരുട്ടില്‍ മറവില്‍ നില്‍ക്കുന്ന ആന വര്‍ത്തമാന സമൂഹത്തിന്റെ പ്രതിരൂപമാണ്. നാശത്തിന്റെ വക്കോളം എത്തിച്ചു പിന്തിരിയുന്ന കുട്ടിയപ്പനോ, തങ്കപ്പന്‍ നായരോ പിള്ളാച്ചനോ അല്ല ആ പെണ്‍കുട്ടിയുടെ വിധി നിര്‍ണ്ണയിക്കുന്നത് എന്നത് ശ്രേധേയമാണ്.

    പീഡനം, മാനഹാനി , വിസ്താരം, വിചാരണ........എല്ലാം അതിനു ശേഷം നിര്‍ണ്ണയിക്കുന്നത് സമൂഹമാണ്.

    ReplyDelete
  4. ശക്തമായൊരു കഥയ്ക്ക് യോജിച്ചൊരു പരിചയപ്പെടുത്തല്‍.

    ReplyDelete
  5. വായനയുടെ സത്ത് അതേപടി ഇവിടെ പകര്‍ത്തിവെച്ചു. ഉചിതമായി ഈ പരിചയപ്പെടുത്തല്‍.
    ലീലയെ ഒന്നടുത്തറിയണം എന്നാഗ്രഹമുണ്ട്. !!

    ആശംസകള്‍ ശ്രീ.. !!

    ReplyDelete
  6. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി പ്രീയരേ..അംജത്ത് & ജോസ്ലെറ്റ്...ആ ഭാഗം എന്തുകൊണ്ടോ എന്റെ ചിന്തയിലെത്തിയില്ല. കൃത്യമായ നിരീക്ഷണം തന്നെയാണത്..

    ReplyDelete
  7. ലീല വായിച്ചിട്ടില്ല. ഇനി വായിക്കേണ്ട!! ശ്രീക്കുട്ടൻ അത്രയും നന്നായി എഴുതിയിരിക്കുന്നു..

    ReplyDelete
  8. രഞ്ജിത്ത് സിനിമയാക്കുന്നു എന്ന വാര്‍ത്ത കേട്ടതിനു ശേഷം പിഡിഎഫ് തപ്പിയെടുത്തു വായിച്ച കഥയാണ്‌ ലീല. അതിനു ശേഷം ഉണ്ണി ആര്‍ കഥകളില്‍ വീണ്ടും വായിച്ചു. ഉണ്ണി ആറിന്റെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥയാണ്‌ ലീല. ഇവിടെ പറഞ്ഞ കാര്യങ്ങള്‍ക്ക് പുറമേ ലീലയില്‍ ഉണ്ണിആര്‍ നടത്തിയ പ്രകൃതിയുടെ ചില മനോഹരങ്ങളായ വര്‍ണ്ണനകള്‍ എടുത്തുപറയേണ്ടതാണ്..

    ReplyDelete
  9. ലീല എന്റെ പ്രിയപ്പെട്ട കഥ.
    ദിവസങ്ങളോളം മനസ്സില്‍ നിന്ന് മായാതെ നോമ്പരപ്പെടുത്തിയ,നൊമ്പരപ്പെടുത്തിക്കൊണ്ടിരിക്കുന്നു ലീല.
    അവളുടെ അച്ഛന്‍ തങ്കപ്പന്‍ നായര്‍ സാങ്കല്‍പ്പിക കഥാ പാത്രമാണെങ്കിലും അയാളെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ അയാളെ തല്ലുകയോ മാന്തുകയോ തുപ്പുകയോ ഒക്കെ ചെയ്യും എന്ന് ഇപ്പോഴും വിശ്വസിക്കുന്നു.
    കുട്ടിയപ്പനോടു തോന്നിയ ദേഷ്യമെല്ലാം എങ്ങനെ അലിയിപ്പിച്ചു കളഞ്ഞു എഴുത്തുകാരന്‍.

    നല്ല പോസ്റ്റ്. നന്ദി..

    ReplyDelete
  10. ലീല വായിച്ച കഥയാണ്....വളരെ നല്ലൊരു ഓര്‍മ്മപ്പെടുത്തല്‍...

    ReplyDelete
  11. ലീല വായിച്ചിട്ടില്ല. വായിക്കണം.
    പരിചയപ്പെടുത്തിയതിന് നന്ദി.

    ReplyDelete
  12. ലീല വായിക്കണം.. വായിപ്പിക്കാന്‍ തോന്നിപ്പിക്കുന്ന പോസ്റ്റ്‌.

    ReplyDelete
  13. ആശാന്റെ ലീലയെ തൊട്ടറിഞ്ഞിട്ടുണ്ടെങ്കിലും ഈ ലീലയെ തൊട്ടിട്ടില്ല ഞാൻ
    ഇത്ര നന്നായി പരിചയപ്പെടുത്തിയ നിലക്ക് ഇനി ഈ ലീലാ പരിണയം കൂടി ആവാംട്ടാ‍ാ

    ReplyDelete
  14. മനോഹരമായ ഒരു കഥയാണ് ലീല...

    നീ നല്ല ഒരു വായനക്കാരനും...

    ReplyDelete
  15. ശ്രീക്കുട്ടാ. ഞാന്‍ ലീല നേരത്തെ വായിച്ചിട്ടുണ്ട്.. എന്നാലും ശ്രീക്കുട്ടന്റെ ഈ വിവരണം എത്രയോ നന്നായിരിക്കുന്നു...

    ReplyDelete