Sunday, November 17, 2013

ആതി

ഏകദേശം രണ്ടര കിലോമീറ്ററോളം നീളത്തില്‍ നീണ്ട് നിവര്‍ന്നുകിടക്കുന്ന വയലേലകള്‍. വയലിന്റെ ഇരുകരകളിലുമായി നൂറുകണക്കിനു കുടുംബങ്ങള്‍. ഒട്ടുമുക്കാല്‍ പേരും ദരിദ്രര്‍. എന്നാല്‍ മുഴുപ്പട്ടിണിക്കാരെന്നും പറഞ്ഞുകൂടാ. വയലില്‍ പണിയെടുക്കുന്നവരും കൂലിപ്പണിക്ക് പോകുന്നവരും പശുവിനെ വളര്‍ത്തുന്നവരും ഒക്കെയായി കഴിയുകയാണവര്‍. വയലിനെ രണ്ടായി പകുത്തുകൊണ്ട് ഒരു കൊച്ചു തോടൊഴുകുന്നുണ്ട്. നല്ല വേനല്‍കാലത്തുമാത്രം വെള്ളം വറ്റിപ്പോകും. അല്ലാത്തപ്പോഴെല്ലാം വെള്ളമുണ്ടാകും. വര്‍ഷകാലത്ത് തോട് കുലം കുത്തിയൊഴുകും. കരയിലുള്ള ഒട്ടുമിക്ക ആള്‍ക്കാരുടേയും കുളിയും നനയും തുണിയലക്കലും ഒക്കെ ഈ തോട്ടില്‍ നിന്നു തന്നെ. വയലുകള്‍ ആരംഭിക്കുന്ന തെക്കു മുകള്‍ ഭാഗത്ത് ഒരിക്കലും വറ്റാത്ത ഉറവയുള്ള ഒരു കുളമുണ്ട്. പുറമ്പോക്ക് ഭൂമിയിലാണാ കുളം. അതില്‍ നിന്നും നിറഞ്ഞൊഴുകുന്ന വെള്ളമാണ് ആദ്യമൊരു അരുതോടായും പിന്നെ ചെറുതോടായും മാറി വയലേലകള്‍ക്ക് നടുവിലൂടെ ഒഴുകി അങ്ങ് താഴെയുള്ള ഒരു വലിയ ചിറയില്‍ ചെന്നു ചേരുന്നത്. നാലഞ്ചേക്കര്‍ വിസ്തൃതിയില്‍ കിടക്കുകയാണീ ചിറ. ഇതിലെ വെള്ളം വീണ്ടും താഴേക്കൊഴുകി ഒരു നദിയില്‍ ചെന്നു ചേരുന്നു.

ഈ ചിറയില്‍ ധാരാളം മീനുകള്‍ ഉണ്ട്. നദിയില്‍ നിന്നും ഒഴുക്കിനെതിരേ നീന്തിക്കയറിവന്ന്‍ ചിറയില്‍ കുടിയേറിപാര്‍ത്തവരാണിവര്‍. മഴക്കാലത്ത് തോട്ടിലൂടെ വെള്ളം കലങ്ങിമറിഞ്ഞ് കുത്തിയൊഴുകുമ്പോള്‍ ചിറയില്‍ നിന്നും മീനുകള്‍ തോട്ടിലൂടെ മുകളിലേക്ക് കയറിവരും. രാത്രിയില്‍ ടോര്‍ച്ചുകളും പന്തങ്ങളും ഒക്കെയായി കാത്തിരിക്കുന്ന കരക്കാരുടെ കൈകളിലെത്തിച്ചേരാനായാണാ യാത്ര. ക്രോം ക്രോം വിളിക്കുന്ന മാക്കുക്കുണ്ടമ്മാരും ചീവീടുകളും പിന്നെ പേരറിയാത്ത നിരവധി ഒച്ചകളും വിളികളുമൊക്കെയായി അന്തരീക്ഷം മുഖരിതമാകും. ഓരോ മഴക്കാലവും നാട്ടുകാര്‍ക്ക് ഉത്സവങ്ങള്‍ പോലാണ്.

നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന വയലേലകള്‍ നിറയെ ആദ്യം ഹരിതനിറവും പിന്നെ പഴുത്തുലഞ്ഞ സ്വര്‍ണ്ണവര്‍ണ്ണവും ആയി നില്‍ക്കുന്നത് കാഴ്ചയ്ക്ക് തന്നെ എത്ര ഹൃദ്യമായിരുന്നു. തന്നെ പ്രതീക്ഷിച്ച് വിത്തിറക്കി പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളോടെ നോക്കിയിരിക്കുന്നവര്‍ക്ക് അധ്വാനത്തിന്റെ പതിഫലമെന്നോണം കതിര്‍ക്കുലകള്‍ ധാരാളമായി വിളയിച്ചു മറിയിച്ചുകൊടുക്കുന്ന ഭൂമി. ആള്‍ക്കാരിഷ്ടപ്പെട്ടിരുന്നു അവളെ. പരിപാലിച്ചിരുന്നു അവളെ. പുലര്‍ച്ചെ അമ്പലത്തിലെ സുപ്രഭാത കീര്‍ത്തനം മുഴങ്ങുന്നതിനുമുന്നേ വയലുകളില്‍ കൊയ്ത്തുകാരുടെ കലപില ഉയരുമായിരുന്നു. കൊയ്ത്തും മെതിയും കഴിഞ്ഞ് കൂലിയായ് കിട്ടിയ നെല്ലുമായി അവര്‍ വീടുകളിലേക്ക് മടങ്ങുമ്പോള്‍ കുട്ടികള്‍ വയലില്‍ അരിച്ചുപെറുക്കാനിറങ്ങും. കൊയ്ത്ത് സമയത്ത് പൊഴിഞ്ഞടര്‍ന്നുവീണ നെല്‍ക്കതിര്‍ക്കുലകള്‍ പെറുക്കിയെടുക്കാനാണാ പരതല്‍. പിന്നെ ദിനങ്ങള്‍ പലതുകഴിയുമ്പോള്‍ ഉണങ്ങിവരണ്ട് കളിസ്ഥലമായി മാറും അവിടം. കുട്ടികളുടെ സാമ്രാജ്യം.

മണല്‍നാടുകളില്‍ വിയര്‍പ്പൊഴുക്കി കീശനിറയെ കാശുമായി വന്ന ഒരാള്‍ പാടത്തു നിന്നും ചെളിയും പുരണ്ട് കയറിവന്ന പിതാവിനെ മുഖം ചുളിപ്പിച്ചുനോക്കി. കഷ്ടപ്പെടുന്ന കാശ് കൊണ്ട് വയലില്‍ തള്ളുന്നതില്‍ അമര്‍ഷം പൂണ്ടു. കാശത്രയുമിറക്കിയിട്ട് എന്തു ലാഭമാണുണ്ടാകുന്നതെന്ന്‍ പറഞ്ഞ് ദേക്ഷ്യപ്പെട്ടു. വീണ്ടും മണല്‍ക്കാടിലേക്ക് പോകുന്നതിനുമുന്നേ ആദ്യമായി വയലുകളിലൊന്നിനെ മണ്ണിട്ട് പകുതി നികത്തി അവളുടെ മാറില്‍ മുറിവേല്‍പ്പിച്ചു. അധ്വാനിച്ച് നടുവൊടിഞ്ഞ് സമ്പാദിച്ചവന്‍ സ്വന്തം നാട്ടിലെ അധ്വാനത്തിന് വില കല്‍പ്പിച്ചില്ല. അതൊരു തുടക്കമായിരുന്നു. മുറിവുകള്‍ കൂടിക്കൂടി വന്നു. പച്ചപ്പിന്റെ വ്യാസം കുറയാനാരംഭിച്ചു. മണല്‍ഭൂവില്‍ നിന്നുള്ള ധനമൊഴുക്ക് കൂടിയപ്പോള്‍ വയലില്‍ നിന്നും ശരീരത്തില്‍ ചെളിപറ്റുന്നത് വൃത്തികേടായി പലര്‍ക്കുമനുഭവപ്പെട്ട് തുടങ്ങി. ചാലുകീറാതെയും വിത വിതയ്ക്കാതെയും മണ് വെട്ടി വീഴാതെയും വയലുകള്‍ ചത്തൊടുങ്ങാന്‍ തുടങ്ങി. കളകള്‍ നിറഞ്ഞ് തരിശുകളായി മരിക്കാന്‍ തുടങ്ങിയ വയലുകല്‍ ആര്‍ത്തു നിലവിളിച്ചുകൊണ്ടിരുന്നു. ശബ്ദമില്ലാത്ത അവയുടെ നിലവിളികള്‍ ആരുകേള്‍ക്കാന്‍. തവളകലുടേയും ചീവീടുകളുടേയും ശബ്ദങ്ങള്‍ പതിയെപതിയെ ഇല്ലാതായിത്തുടങ്ങി. പുറമ്പോക്കി ഭൂമി ആരോ സ്വന്താമാക്കുകയും ആ കുളം മണ്ണിട്ട് മൂടുകയും ചെയ്തതൊടെ തോടിന്റെ ശവക്കുഴിയും തോണ്ടപ്പെട്ടു. കലങ്ങിമറിഞ്ഞുവരുന്ന വെള്ളത്തില്‍ നീന്തിക്കയറിവരാനാകാതെ മീനുകള്‍ സങ്കടപ്പെട്ടു. കളിസ്ഥലങ്ങള്‍ അപ്രത്യക്ഷമായി അവിടേ വാഴയും തെങ്ങും മരിച്ചീനിയുമൊക്കെ നില്‍ക്കുന്നതുകണ്ട കുട്ടികളും സങ്കടപ്പെട്ടു. ഒടുവില്‍ അവയുമൊക്കെ അപ്രത്യക്ഷമായി റബ്ബര്‍ തൈകള്‍ നിറയാന്‍ തുടങ്ങി. ഒരിക്കലും വറ്റാതിരുന്ന കിണറുകളില്‍ പലതും ഉണങ്ങിവരണ്ടു. അപൂര്‍വ്വം ചില കിണറുകളില്‍ ഉണ്ടായിരുന്ന വെള്ളത്തിനായി ആള്‍ക്കാര്‍ ആ വീട്ടുകാരോട് യാചിച്ചു ക്യൂ നിന്നു. വല്ലപ്പോഴും മാത്രം പൈപ്പിലൂടെ വരുന്ന പൊടിയും അഴുക്കും നിറഞ്ഞ വെള്ളം പിടിക്കാനായി ഉന്തും തള്ളും വഴക്കുമായി. കുത്തരിച്ചോറുണ്ണുക എന്നത് സങ്കല്‍പ്പം മാത്രമായി. പാവം പഴമനസ്സുകള്‍ മാത്രം മരണമടഞ്ഞ വയലേലകള്‍ക്ക് മുന്നില്‍ "ആധി"യെരിയുന്ന മനസ്സുമായി ഇനിയെന്തെന്ന ചോദ്യവുമായി നിന്നു. ഇരുകൂട്ടരും കരയുകയായിരുന്നു. ആര്‍ത്തലച്ച് ഒച്ചയൊട്ടുമില്ലാതെ.......

വികസനമെന്ന പേരിട്ട് ഒരു സംസ്കൃതിയെ മൊത്തം ഉന്മൂലനാശനം ചെയ്യുന്ന നവസംസ്ക്കാരത്തിന്റെ പിണിയാളുകളും അവയുടെ ബലിയാടുകളും ചേര്‍ന്നതാണ് "ആതി". വന്‍ കിട കയ്യേറ്റങ്ങള്‍ എപ്രകാരം ഒരു വലിയ വിഭാഗം ജനങ്ങളെ വഴിയാധാരമാക്കുന്നുവെന്ന്‍ ആതി തുറന്നുകാട്ടുന്നു. സമൃദ്ധവും ശുദ്ധവുമായ ജലത്തില്‍ തങ്ങളുടേ അന്നന്നത്തെ അന്നത്തിനു വക കണ്ടെത്തി സന്തോഷസമേതം ജീവിച്ചിരുന്ന ഒരു ജനവിഭാഗം. കഥാരാവുകളും സ്വന്തം ആചാരാനുഷ്ടാനങ്ങളും വിശ്വാസപ്രമാണങ്ങളുമായി അവരങ്ങിനെ കഴിയുകയാണ്. പരസ്പ്പരം ബഹുമാനിച്ച് അധ്വാനത്തിന്റെ മഹത്വം മനസ്സിലാക്കി. നഗരകാപഠ്യങ്ങളൊന്നും അലോസരപ്പെടുത്താതെ മീന്‍ പിടുത്തവും കൃഷിയും ഒക്കെയായി കഴിയുന്ന അവര്‍ക്ക് അതിമോഹങ്ങള്‍ ഇല്ലായിരുന്നു. തെളിനീരാര്‍ന്ന ജലദേവത അവരുടെ ഇടയില്‍ വസിച്ചിരുന്നു. ഏതൊരു പൊയ്കയും അശുദ്ധമാക്കാന്‍ ഒരു ചെളിത്തുണ്ട് മതിയാവുമെന്ന്‍ പറയുന്നതുപോലെ ഒരുനാള്‍ കുമാരന്‍ ആതിയില്‍ അവതരിക്കുകയാണ്. പാരമ്പര്യകൃഷിയും മറ്റുമൊക്കെ കെട്ടിപ്പിടിച്ചിരുന്ന്‍ ജീവിതം തുലയ്ക്കുന്നതില്‍ അമര്‍ഷം പൂണ്ട് അതിരുകാണാ ആകാശം വെട്ടിപ്പിടിക്കുവാന്‍ ആതിയില്‍ നിന്നും ഒരിക്കല്‍ ഓടിപ്പോയ അതേ കുമാരന്‍. ഇന്ന്‍ അവന്‍ മടങ്ങിവന്നിരിക്കുന്നത് സര്‍വ്വശക്തനായാണ്. ആതിയുടെ നാശവും ആതിവാസികളുടെ "ആധിയും" അവിടെ തുടങ്ങുന്നു.

ആതിയുടെ സ്വത്ത് ജലമായിരുന്നു. ആതിവാസികള്‍ക്ക് സര്‍വ്വവും നല്‍കുന്ന ജലം. ആതി പറയുന്നത് ഒരു ജലയുദ്ധവും. മുമ്പ ആതിവാസി ആയിരുന്ന, ഇപ്പോള്‍ മുതലാളിയായിതീര്‍ന്ന കുമാരന്‍ ആദ്യം കൈവയ്ക്കുന്നതും ജലത്തെതന്നെയാണ്. ആതിയെ സമ്പന്നമാക്കിയിരുന്ന ജലപ്രയാണത്തിനു തടയിട്ട്കൊണ്ട് അവര്‍ കൃഷിചെയ്തിരുന്ന ഒരു വലിയ പാടശേഖരം അതിന്റെ ഉടമയില്‍ നിന്നും വിലകൊടുത്തുവാങ്ങി അത് മണ്ണിട്ട് നികത്തുന്നു. തന്റെ ഒഴുക്ക് നഷ്ടപ്പെടുത്തിയിടത്ത് വന്ന്‍ തലതല്ലിക്കരയുന്ന ജലത്തെക്കണ്ട് കണ്ണ്‍ നിറഞ്ഞന്തം വിട്ടിരിക്കുന്ന കുഞ്ഞിമാതുവിനെപ്പോലെ വായനക്കാരനും അന്തം വിട്ടുപോകും. പഴഞ്ചന്‍ രീതികള്‍ പിന്തുടരുന്ന ആതിയെ സ്വര്‍ഗ്ഗസമാനമായ നഗരമാക്കിമാറ്റുവാനാണ് കുമാരന്‍ അവതരിച്ചിരിക്കുന്നത്. ആതിയിലെ ജനങ്ങളെ രണ്ടായി വിഭജിക്കുവാനും അവരില്‍ പകുതിയെ ഒപ്പം നിര്‍ത്തുവാനും കഴിയുന്നിടത്ത് കുമാരന്‍ വിജയം തുടങ്ങുകയാണ്. നഗരമാലിന്യങ്ങളുടെ ശ്മശാനഭൂമിയായ് ആതി മാറുവാന്‍ സമയമേതുമെടുക്കുന്നില്ല. ആതിയിലെ ജലത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്, കണ്ടല്‍ക്കാടുകളെ നശിപ്പിച്ചുകൊണ്ട്, മീനുകളുടെ ആവസവ്യവസ്ഥയെ തകര്‍ത്തെറിഞ്ഞുകൊണ്ട് വികസനം വരികയാണ്. പണമുള്ളവ്നൊപ്പം മാത്രം നില്‍ക്കുന്ന ഭരണനിയമവ്യവസ്ഥകളുടേ സഹായത്തൊടെ. എതിര്‍പ്പിന്റെ സ്വരമായ് വരുന്ന ദിനകരന്മാരൊക്കെ സത്യത്തില്‍ ആര്‍ക്കും വേണ്ടാത്തവരാണ്. ആസന്നമരണമടഞ്ഞുകൊണ്ടിരിക്കുന്ന ഭൂമിക്കുപോലും വേണ്ടാത്തവര്‍. അവള്‍ സര്‍വ്വം സഹിക്കാന്‍ ശീലിച്ചിരി‍ക്കുന്നു.

വളരെ വലിയ വായനയും ചര്‍ച്ചയും ആകേണ്ടുന്ന ഒന്നാണ് ശ്രീമതി സാറാ ജോസെഫ് എഴുതിയ ഈ നോവല്‍. അനിയന്ത്രിതമായ രീതിയില്‍ നമ്മുടെ പരിസ്ഥിതിയേയും ജൈവവിവിധ്യങ്ങളേയും കൊള്ളയടിക്കുകയും ഒരു സംസ്കൃതിയെ മുഴുവന്‍ നാശോന്മുഖമാക്കിതീര്‍ക്കുകയും ചെയ്യുന്ന വികസനം എന്താണു നമ്മുടെ നാടിനു സമ്മാനിക്കുന്നത്. ഹരിതവര്‍ണ്ണം നിറഞ്ഞു നിന്നിരുന്ന, കാറ്റും മഴയും സുലഭമായിരുന്ന, തെളിനീരൊഴുക്കിയൊഴുകിയിരുന്ന എണ്ണമറ്റ നദികള്‍ ഉണ്ടായിരുന്ന, കണ്ണെത്താദൂരത്തോളം വയലേലകള്‍ നിറഞ്ഞുനിന്നിരുന്ന, തുമ്പയും തെച്ചിയും തൊട്ടാവാടിയും ശലഭങ്ങളും മിന്നാമിനുങ്ങുകളും ഒക്കെ ഉണ്ടായിരുന്ന തൊടികളും ഒക്കെ ഇന്നെവിടെയാണ്. ഏതു പാതാളദേശത്തേക്കാണിവര്‍ എന്നെന്നേയ്ക്കുമായെന്നവണ്ണം അപ്രത്യക്ഷമായത്. മലിനമല്ലാത്ത ഒരു ജലാശയം നമുക്കിന്ന്‍ കണ്ടെത്തുവാന്‍ കഴിയില്ല. എവിടെനോക്കിയാലും ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ മാത്രം. ഇതാണോ വിഭാവനം ചെയ്യപ്പെട്ട വികസനം. ഹരിത നിബിഡഭൂമിയെ കോണ്‍ഗ്രീറ്റ് കാടുകളായി രൂപാന്തിരപ്പെടുത്തുന്ന വികസനം.


ആതി ഒരടയാളപ്പെടുത്തലാണ്. സമീപഭാവിയില്‍ തന്നെ വരാന്‍ പോകുന്ന ഒരു ജലയുദ്ധത്തിന്റെ അടയാളപ്പെടുത്തല്‍.

ഭൂമി എല്ലാം സഹിക്കുവാനും പൊറുക്കുവാനും പഠിച്ചിരിക്കുന്നു. അവള്‍ക്കറിയാം ദുരമൂത്തവര്‍ കെട്ടിപ്പൊക്കിയുയര്‍ത്തുന്ന മണിമാളികകളുടെ ആയുസ്സെത്രയാണെന്ന്‍. തന്നോട് ചെയ്യുന്നതിന്റെ ഫലമനുഭവിപ്പിക്കാതെ അവള്‍ ആരെയും വിടുമെന്ന്‍ പ്രതീക്ഷിക്കുകയേ വേണ്ട. നാലുവശവും വെള്ളം നിറഞ്ഞ ഭൂമിയില്‍ നിന്നുകൊണ്ട് ഒരു തുള്ളി ശുദ്ധവെള്ളം കുടിയ്ക്കുവാനായി കേണുവിളിക്കുന്നവരുടെ തലമുറകളുടെ ദയനീയത ഓര്‍ത്തവള്‍ പൊട്ടിച്ചിരിക്കും. ഒടുവില്‍ വെള്ളം കുടിയ്ക്കാനാവാതെ തൊണ്ടപൊട്ടി മരിച്ച് മാസംവും മലവും പ്ലാസ്റ്റിക്കും ചപ്പുചവറുകളും നിറഞ്ഞ് കറുത്ത് കൊഴുത്തു അസഹ്യനാറ്റവും പ്രസരിപ്പിച്ച് കുത്തിയൊഴുകി നടക്കുന്നവളുടെ മടിത്തട്ടില്‍ പുതഞ്ഞ് കമിഴ്ന്നും മലര്‍ന്നും കിടക്കുന്നവരെ അമ്മാനമാടി അവള്‍ രസിക്കും. പ്രതികാരദാഹിയെപ്പോലെ

ആതി വായിച്ചുതീര്‍ന്നപ്പോള്‍ മനസ്സു വിങ്ങിപ്പോയി. ആതിദേശക്കാരുടെ സങ്കടം എന്റേതുകൂടിയല്ലേ. ഈ എഴുത്തില്‍ ആദ്യമെഴുതിയിട്ടിരിക്കുന്നത് എന്റെ സ്വന്തം ഗ്രാമവും അതിന്റെ ഇന്നത്തെ അവസ്ഥയുമാണ്. ആരോ പറഞ്ഞിട്ടുള്ളതുപോലെ അവസാനത്തെ മരവും മുറിച്ചുനീക്കിയിട്ട്, അവസാനകൃഷിഭൂമിയും മണ്ണിട്ടുമൂടിയിട്ട്, അവസാനതുള്ളിവെള്ളവും മലിനമാക്കിതീര്‍ത്തിട്ട് മനുഷ്യന്‍ മനസ്സിലാക്കും. പച്ചനോട്ടുകെട്ടുകള്‍ തിന്നുതീര്‍ത്താല്‍ മാത്രം വയറുനിറയത്തില്ലെന്ന്‍..ആതി എന്റെ സങ്കടമാണ്..എല്ലാവരുടേയും സങ്കടമാണ്..വരാനുള്ള തലമുറയ്ക്കായ് കരുതിവച്ചിരിക്കുന്ന ദുരന്തത്തിന്റെ പതിപ്പാണ്. നാം ഇനിയെങ്കിലും ഉണരണം..ഇല്ലെങ്കില്‍..........

ശ്രീക്കുട്ടന്‍


Wednesday, November 13, 2013

അസംതൃപ്തനായ ഒരു മനുഷ്യന്‍

അയാള്‍ ശ്രദ്ധാപൂര്‍വ്വം തന്റെ മോബൈലിലെ വീഡിയോ വീക്ഷിച്ചുകൊണ്ടിരുന്നു. ആ വീഡിയോ തീര്‍ന്നതും ഇയര്‍ഫോണ്‍ ശരിക്കും ചെവിയിലുറപ്പിച്ചുവച്ചിട്ട് അയാള്‍ ഒരിക്കല്‍‍ക്കൂടി അത് പ്ലേ ചെയ്തു. എത്ര കണ്ടിട്ടും മതിവരാത്തതുപോലെ. ഏതോ രാജ്യത്ത് ഒരുകൂട്ടമാള്‍ക്കാര്‍ ഒരു സ്ത്രീയെ കല്ലെറിഞ്ഞുകൊല്ലുന്ന വീഡിയോ ആയിരുന്നുവത്. ചോരയില്‍ കുളിച്ച് ദയനീയതയോടെ ജീവനുവേണ്ടിയാചിക്കുന്ന ആ സ്ത്രീയുടെ അവസ്ഥ അയാളുടെ മനസ്സില്‍ ആനന്ദം നിറച്ചു. അയാളുടെ ചുണ്ടില്‍ വിരിഞ്ഞൊരു പുഞ്ചിരി ഒരു വലിയ ചിരിയായി മാറാന്‍ അധിക സമയം വേണ്ടിവന്നില്ല. അല്‍പ്പസമയത്തിനുശേഷം ചിരിയടക്കിക്കൊണ്ടയാള്‍ ചുറ്റുമൊന്നു കണ്ണോടിച്ചപ്പോള്‍ ബസ്സിലുള്ള യാത്രക്കാരില്‍ മിക്കപേരും തന്നെ തന്നെ അത്ഭുതഭാവത്തോടേ നോക്കിയിരിക്കുന്നതാണു കണ്ടത്. ഇവര്‍ക്കാര്‍ക്കും വേറൊരു ജോലിയുമില്ലേ. തന്റെയടുത്തിരിയ്ക്കുന്ന ചെറുപ്പക്കാരന്‍ സൂക്ഷിച്ച് തന്നെ നോക്കുന്നത് കണ്ട ഭാവം നടിയ്ക്കാതെ അയാള്‍ മൊബൈല്‍ ഓഫ് ചെയ്ത് പോക്കറ്റില്‍ വച്ചിട്ട് വീണ്ടും ചിന്തയില്‍ മുഴുകി. ആ വീഡിയോ ദൃശ്യം അയാളെ സങ്കടപ്പെടുത്തിക്കൊണ്ടിരുന്നു. ആ ആള്‍ക്കൂട്ടത്തിലൊരാളാവാന്‍ താനവിടെയുണ്ടായില്ലല്ലോ എന്നോര്‍ത്ത് അയാളുടെ മനസ്സു വല്ലാതെ വേദനിച്ചു.

മറ്റുള്ളവരുടെ വേദന എന്തുകൊണ്ടാണ് തനിയ്ക്കു സന്തോഷം പകര്‍ന്നു തരുന്നതെന്ന്‍ അയാള്‍ക്ക് ഒട്ടും നിശ്ചയമുണ്ടായിരുന്നില്ല. എത്ര വലിയ ഭയാനകമായ രംഗം കണ്ടാലും അത് ആസ്വദിക്കുവാനാണ് തോന്നാറുള്ളത്. തന്റെ കയ്യിലിരിക്കുന്ന മാഗസിനിലെ ചിത്രങ്ങള്‍ കണ്ടാല്‍ മറ്റാരെങ്കിലുമാണെങ്കില്‍ ഭയന്നു വിറച്ചേനെ. വംശീയകലാപത്തില്‍ ദാരുണമായികൊല്ലപ്പെട്ട ആയിരക്കണക്കിനാള്‍‍ക്കാരുടെ ശവശരീരങ്ങളുടെ മനോഹരമായ കളര്‍ ചിത്രങ്ങളടങ്ങിയ ആ ലേഖനം താന്‍ എത്രയാവര്‍ത്തി വായിച്ചുവെന്ന്‍ തനിയ്ക്കു തന്നെയറിയില്ല. കൈകാലുകള്‍ വെട്ടിമുറിക്കപ്പെട്ട, തലയുമുടലും വേര്‍പെട്ട് കിടക്കുന്ന, ശരീരമാകെ വെട്ടിപ്പൊളിക്കപ്പെട്ടുകിടക്കുന്ന,കത്തിക്കരിഞ്ഞതും ചിതറിത്തെറിച്ചതുമായ ശവശരീരങ്ങള്‍. അവ കാണുന്നത് തന്നെ എന്തു സുഖകരം.
വീട്ടില്‍ കറിവയ്ക്കുന്നതിനായി കോഴികളേയും മറ്റും കൊല്ലുമ്പോള്‍ താന്‍ സാകൂതത്തോടെ നോക്കി നില്‍ക്കാറുണ്ടിപ്പോഴും. അവറ്റകളുടെ തല കത്രിക്കുമ്പോള്‍ പൂക്കുറ്റിപോലെ ചിതറുന്ന ചോര കാണുവാന്‍ എന്തു രസമാണു. അടുത്തെവിടെയെങ്കിലും എന്തേലും അപകടമോ മറ്റൊ ഉണ്ടാവുകയാണെങ്കില്‍ താനതൊന്നും മിസ്സാക്കാറില്ലല്ലെങ്കില്‍ തന്നെ മനസ്സിനു സുഖം തരുന്ന കാഴ്ചകള്‍ എന്തിനൊഴിവാക്കണം.

"ആ വീക്കിലിയൊന്നു തരുമോ?".

തൊട്ടടുത്തിരുന്ന ചെറുപ്പക്കാരന്‍ ശരീരത്തില്‍ തട്ടിവിളിച്ചപ്പോളാണ് അയാള്‍ ചിന്തയില്‍ നിന്നുമുണര്‍ന്നത്. ഈര്‍ഷ്യയോടെ അയാള്‍ മാഗസിന്‍ ചെറുപ്പക്കാരനു നല്‍കിയിട്ട് വെറുതേ ബസ്സിനുള്ളില്‍ ഒന്നു കണ്ണോടിച്ചു. മാഗസിന്‍ മറിച്ചുനോക്കിയ ചെറുപ്പക്കാരന്‍ പെട്ടന്ന്‍ അസ്വസ്ഥതയോടെ അതടച്ചിട്ട് അയാള്‍ക്ക് തന്നെ തിരിച്ചുനല്‍കി. തന്റെ സീറ്റിലേയ്ക്ക് ചാരിയിരുന്ന്‍ നെടുവീര്‍പ്പിടുന്ന യുവാവിനെ അവജ്ഞയോടെ നോക്കിയിട്ട് അയാള്‍ തന്റെ മനോരാജ്യങ്ങളില്‍ വീണ്ടും മുഴുകാനാരംഭിച്ചു.

അല്‍പ്പസമയം അങ്ങിനെയിരുന്നിട്ട് അയാള്‍ വീ​ണ്ടുമൊന്ന്‍ ചുറ്റും കണ്ണോടിച്ചു. ബസ്സില്‍ സാമാന്യം തെറ്റില്ലാത്ത തിരക്കുണ്ട്. തന്റെ രണ്ടു സീറ്റ് മുമ്പിലായി കമ്പിയില്‍ പിടിച്ചുകൊണ്ട് നില്‍ക്കുന്ന യുവതിയെ അയാള്‍ സൂക്ഷിച്ചുനോക്കി. എന്തോ കുഴപ്പമുള്ളതുപോലെയവള്‍ അസ്വസ്ഥതപ്പെട്ട് നിന്നു തിരിയുകയും മറ്റും ചെയ്യുന്നുണ്ട്. ഒന്നുകൂടി നോക്കിയപ്പോഴാണ് അസ്വസ്ഥതയുടെ കാരണക്കാരന്‍ അവളുടെ പുറകിലായി നില്‍ക്കുന്ന ചെറുപ്പക്കാരനാണെന്നയാള്‍ക്കു മനസ്സിലായതു. തിരക്കിനിടയിലും പണിയൊപ്പിക്കുകയാണവന്‍. അയാള്‍ സാകൂതം അവിടേയ്ക്കു തന്നെ തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. ആ പെണ്‍കുട്ടി സഹികെട്ട് തിരിഞ്ഞ് ആ ചെറുപ്പക്കാരന്റെ കരണത്തടിയ്ക്കുന്നതും ബസ്സിലുള്ള മറ്റുള്ളവര്‍ അവനെ കൈകാര്യം ചെയ്യുന്നതും എല്ലാം അയാള്‍ തന്റെ ഭാവനയില്‍ കണ്ടു. നല്ല ഒരു കാഴചയ്ക്കായി തന്റെ മനസ്സ് പിടയ്ക്കുന്നത് അയാളറിയുന്നുണ്ടായിരുന്നു. ഇനിയെന്തു സംഭവിക്കുമെന്ന്‍ മനസ്സിലോര്‍ത്ത് കണ്ണിമയ്ക്കാതെയവിടേയ്ക്ക് തന്നെ നോക്കിയിരുന്ന അയാളെ അങ്ങേയറ്റം നിരാശപ്പെടുത്തിക്കൊണ്ട് ബസ്സ് അടുത്ത സ്റ്റോപ്പില്‍ നിര്‍ത്തിയപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ ചിരിച്ചുകൊണ്ട് ആ പെണ്‍കുട്ടിയിറങ്ങിപ്പോയി. ആരെയോ മനസ്സില്‍ പ്രാകിക്കൊണ്ട് അയാള്‍ സീറ്റിലേയ്ക്ക് ചാരിക്കിടന്നു ദേക്ഷ്യത്തോടെ കണ്ണുകള്‍ പൂട്ടി.

"അയ്യോ എന്റെ കുഞ്ഞിന്റെ കഴുത്തിക്കിടന്ന മാല കാണുന്നില്ലേ".
ഒരു സ്ത്രീയുടെ നിലവിളിശബ്ദമാണ് അയാളെ വീണ്ടും മയക്കത്തില്‍ നിന്നുമുണര്‍ത്തിയത്. വലതുവശത്തെ സീറ്റിലിരിയ്ക്കുന്ന സ്ത്രീയാണു കരയുന്നത്. ഡ്രൈവര്‍ ബസ്സ് ഒരു വശത്തായി ഒതുക്കി നിര്‍ത്തി.

"ഇത്രനേരവും അത് കഴുത്തില്‍ തന്നെയുണ്ടായിരുന്നു. ഇപ്പോ ആരോ അത് പൊട്ടിച്ചെടുത്തതാ. ഞാനിനി എന്തോ ചെയ്യും"

സ്ത്രീ അലമുറ തുടര്‍ന്നുകൊണ്ടിരുന്നു. ആരൊക്കെയോ അവരെ ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു.

"ബസ്സ് നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ.അവിടെ ചെല്ലുമ്പോള്‍ സാധനം താനെ കിട്ടും"

പ്രായമായൊരാള്‍ നിര്‍ദ്ദേശിച്ചു.

"ആരെങ്കിലും ആ കുട്ടിയുടെ മാലയെടുത്തിട്ടുണ്ടെങ്കില്‍ മാന്യമായി അത് തിരിച്ചുകൊടുക്കണം. ഇല്ലെങ്കില്‍ വണ്ടി പോലീസ് സ്റ്റേഷനിലേയ്ക്കു വിടും".

കണ്ടകട്ര്‍ തന്റെ നിലപാടു വ്യക്തമാക്കി.

"ദേ ഒരു തമിഴത്തി. അവളായിരിക്കും എടുത്തത്".

കൈചൂണ്ടിക്കൊണ്ട് മുന്നിലിരുന്ന ചെറുപ്പക്കാരന്‍ പറഞ്ഞതു കേട്ട് മറ്റുള്ളവര്‍ക്കൊപ്പം അയാളും അവിടേയ്ക്കു നോക്കി. ഒരു ആറേഴുവയസ്സുവരുന്ന പെണ്‍കുട്ടിയും അതിന്റെ തള്ളയുമാണെന്നു തോന്നുന്നു. കീറിപ്പറിഞ്ഞ കരിപുരണ്ട രൂപത്തില്‍ രണ്ടെണ്ണം. പിച്ചക്കാരാണെന്നു വ്യക്തം. മുമ്പത്തെ സ്റ്റോപ്പില്‍ നിന്നോ മറ്റോ കയറിയതാണു.

"മോട്ടിയ്ക്കാനായി മാത്രം വണ്ടീക്കേറിക്കൊള്ളും.മര്യാദയ്ക്കു മാലയെടുക്കടീ".

ഒരു മധ്യവയസ്ക്കന്‍ ഇടപെട്ടുകഴിഞ്ഞു.

"അയ്യാ ഞാങ്കെ ഏടുക്കലൈ. നമ്മ അന്ത മാതിരിയാളല്ലൈ"

തമിഴത്തി തന്നെ തുറിച്ചുനോക്കുന്ന മുഖങ്ങളെ നോക്കി ഭയപ്പാടോടെ പറഞ്ഞു.

"കള്ളം പറയുന്നോടീ നായീന്റമോളേ"

പറച്ചിലും ഒറ്റ അടിയുമായിരുന്നയാള്‍. അയ്യോയെന്നലറിക്കൊണ്ട് ആ സ്ത്രീ തന്റെ കരണം പൊത്തിപ്പിടിച്ചു. വീണ്ടും ചില കൈകള്‍ തന്റെ അമ്മയുടെ നേരെ ഉയരുന്നതുകണ്ട കൊച്ചുപെണ്‍കുട്ടി വലിയവായില്‍ നിലവിളിക്കാനാരംഭിച്ചു.

"വേണ്ട ആരുമിനി അവളെ തല്ലണ്ട. ബസ്സ് ഇനി മറ്റെങ്ങും നിര്‍ത്താതെ നേരെ പോലീസ് സ്റ്റേഷനിലേയ്ക്കു പോട്ടെ. അവരു കണ്ടുപിടിച്ചുകൊള്ളും"

ബസ്സിലുണ്ടായിരുന്ന ഒരു വൃദ്ധയായ സ്ത്രീ ഉറക്കെ വിളിച്ചുപറഞ്ഞു. ആള്‍ക്കാര്‍ പിറുപിറുത്തുകൊണ്ട് അവളുടെ ചുറ്റും നിന്നും മാറി. ഡ്രൈവര്‍ വണ്ടി മുമ്പോട്ടേടുത്തു. എല്ലാം നോക്കിക്കൊണ്ടിരുന്ന അയാള്‍ക്ക് രസം കയറി. അടിയേറ്റു തിണര്‍ത്ത കവിളും പൊത്തിപ്പിടിച്ച് തന്റെ മകളേയും ചേര്‍ത്തുപിടിച്ചു കരയുന്ന പിച്ചക്കാരിയെ കണ്ടപ്പോള്‍ അയാളുടെ മനസ്സില്‍ സംതൃപ്തി നുരയുകയായിരുന്നു.

ആള്‍ക്കൂട്ടത്തില്‍ നിന്നുമൊരുവന്‍ തന്റെ പോക്കറ്റില്‍ നിന്നും കയ്യെടുത്ത് സീറ്റിന്റെ അരികുവശത്ത് അമര്‍ത്തിപ്പിടിച്ചുകൊണ്ട് നില്‍ക്കുന്നത് അയാളപ്പോഴാണു ശ്രദ്ധിച്ചത്. അവന്റെ മുഖത്ത് പരിഭ്രമം നിഴലിച്ചിരുന്നു. അല്‍പ്പസമയത്തിനുശേഷം ആശ്വാസത്തോടെ അവന്‍ കയ്യെടുത്ത് മുഖം കര്‍ച്ചീഫുകൊണ്ട് തുടച്ചിട്ട് അല്‍പ്പം ആശ്വാസം പൂണ്ടവനായി നിലയുറപ്പിച്ചു.

"ദേ മാ​ലയല്ലേ ആ കിടക്കുന്നത്".

ആരോ പറയുന്നതും കുനിഞ്ഞ് സീറ്റിനടിയില്‍ നിന്നും ഒരു മാലയെടുക്കുന്നതും മാല നഷ്ടപ്പെട്ട സ്ത്രീ ആശ്വാസത്തോടെ അത് മേടിയ്ക്കുന്നതും അയാള്‍ നിര്‍വികാരതയോടെ നോക്കിക്കണ്ടു. പേടിച്ചരണ്ടു നില്‍ക്കുന്ന തമിഴത്തിയും കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനേയും ചിലര്‍ സഹതാപത്തോടെ നോക്കുന്നുണ്ടായിരുന്നു. പോലീസുകാരുടെ ചൂരല്‍ കൊണ്ടുള്ള അടിയേറ്റുപുളയുന്ന തമിഴത്തിയുടെ രൂപം കാണാനാകാത്ത നിരാശയില്‍ അയാള്‍ തന്റെ കണ്ണുകള്‍ ആരോടൊക്കെയോയുള്ള ദേക്ഷ്യം തീര്‍ക്കാനെന്നവണ്ണം ചേര്‍ത്തടച്ചു വീണ്ടും സീറ്റിലേയ്ക്ക് ചാരിയിരുന്നു.

(റീ പോസ്റ്റ്)

(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും)

ശ്രീക്കുട്ടന്‍