Tuesday, August 5, 2014

ശീതയുദ്ധം

ശീതയുദ്ധം  

ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേര്‍സ് ഗ്രൂപ്പില്‍ വന്ന പാലാരിവട്ടം ശശി എന്ന പ്രൊഫലിന്റെ ഉടമയുടെ ഒരു പോസ്റ്റിനെയും അതിലെ കമന്റുകളേയും ഏകോപിപ്പിച്ച് സ്നേഹിതനായ സച്ചിന്‍ കെ എസ് തയ്യാറാക്കിയ ശീതസമരത്തെക്കുറിച്ചുള്ള ഒരു പിഡി എഫ് ഡോക്യുമെന്റിനെ അധികരിച്ച് എന്റേതായ രീതിയിലാണ് ഈ കുറിപ്പെഴുതിയിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഒട്ടുമിക്കതും ഇന്റര്‍നെറ്റില്‍ നിന്നും കടം കൊണ്ടതാണ്. ചരിത്രവിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതിനെകുറിച്ച് കൂടുതലായി അറിയാമെങ്കില്‍ തീര്‍ച്ചയായും പങ്കുവയ്ക്കാന്‍ മറക്കരുത്..


ലോകമാനവരാശിയെ അതിഭീകരമാം വിധം ബാധിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു ഉപോത്പന്നമായിരുന്നു ശീതയുദ്ധം അഥവാ കോള്‍ഡ് വാര്‍ എന്നത്. ലോക ഭൂപടത്തിലെ രണ്ട് നിര്‍ണ്ണായകശക്തികളായിരുന്ന അമേരിക്കന്‍ ഐക്യനാടുകളും( യു എസ് എ) സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയായ സോവിയറ്റ് യൂണിയനും (യു എസ് എസ് ആര്‍- ഇന്ന്‍ ഇങ്ങിനെ ഒരു രാജ്യമില്ല. യു എസ് എസ് ആര്‍ 1991 ല്‍ നിരവധി സ്വതന്ത്രരാഷ്ട്രങ്ങളായി വിഘടിച്ചുമാറി) തമ്മില്‍ ഉടലെടുത്ത സംഘര്‍ഷവും മത്സരവും വിദ്വോഷവും സംജാതമാക്കിയ ഒരു യുദ്ധസമാനമായ അവസ്ഥാവിശേഷണമായിരുന്നു ശീതയുദ്ധം.

1940 കളില്‍ ആരംഭിച്ച ശീതസമരമെന്ന ഈ മത്സരം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഒരുവിധമവസാനിച്ചുവെങ്കിലും ഇപ്പോഴും ആ ഒരു സാഹചര്യം വലുതായിട്ടല്ലെങ്കിലും നിലനില്‍ക്കുന്നുണ്ട്. സോവിയറ്റ് ചേരിയിലെ ഏറ്റവും പ്രബലരാജ്യമായ റഷ്യയും അമേരിക്കയും തമ്മിലാണത് തുടരുന്നത്.ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും സാമൂഹികനിരീക്ഷകനും ആയിരുന്ന ജോർജ്ജ് ഓർവെൽ ഒരു മാസികയിലെഴുതിയ  ലേഖനത്തിലായിരുന്നു ശീതയുദ്ധം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്. സോവിയറ്റ് യൂണിയനും പാശ്ചാത്യ ശക്തികൾക്കുമിടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ ശീതയുദ്ധം ഒരു നേരിട്ടുള്ള രക്തച്ചൊരിച്ചിലായിരുന്നില്ല. എന്നാല്‍ ഈ ഒരു മത്സരബുദ്ധിയുടെ ബാക്കിപത്രമെന്നോണം നിരവധി രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ നടക്കുകയുണ്ടായി. വിയറ്റ്നാം യുദ്ധവും കൊറിയൻ യുദ്ധം, അഫ്ഗാൻ യുദ്ധം തുടങ്ങിയവും ഒക്കെ ശീതസമരത്തിന്റെ ജാരസന്തതികള്‍ ആയിരുന്നു. ശീതസമര കാലഘട്ടത്തില്‍ മറ്റു ലോകരാജ്യങ്ങള്‍ അങ്ങേയറ്റം ഭയാനകമായ ഒരു അവസ്ഥാവിശേഷത്തിലാണ് കഴിഞ്ഞിരുന്നത്. ഈ ഭയപ്പാട് മൂലം തന്നെ ഒട്ടുമിക്ക രാജ്യങ്ങളും പല പല സൈനിക ഉടമ്പടികളിലൂടെ പരസ്പ്പരം ബന്ധിതരായിമാറി. ലോകത്തിലെ രണ്ട് വന്‍ ശക്തികളും ആണവശക്തികളുമായ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പ്പരം ആയുധമെടുക്കാതെ പോരാടി. അതിന്റെ ഫലമായി അതിനൂതനമായ അനേകം പുതിയ കണ്ടുപിടുത്തങ്ങള്‍, ഒരേസമയം അങ്ങേയറ്റം നശീകരണശേഷിയാര്‍ന്നതും മനുഷ്യവര്‍ഗ്ഗത്തിനു ഉപകാരപ്രദവുമായവ കണ്ടുപിടിയ്ക്കപ്പെട്ടു. ശാസ്ത്രമേഖലയില്‍ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടമാണ് നടത്തപ്പെട്ടത്. പല അത്യാധുനിക വിമാനങ്ങളും മറ്റു വാഹങ്ങളും ബഹിരാകാശ ദൌത്യങ്ങള്‍ക്കുള്ള പേടകങ്ങളും മറ്റുമൊക്കെ നിര്‍മ്മിക്കപ്പെട്ടു. ഇവയില്‍ പലതും സിവിലിയന്‍ ആവശ്യങ്ങള്‍ക്കായും ഉപകാരപ്പെട്ടുതുടങ്ങി. എത്രയെങ്കിലും കാലങ്ങള്‍ എടുക്കുമായിരുന്ന പല പല കണ്ടെത്തലുകളും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി അവ ലോകത്തിനു സമ്മാനിച്ചത് ശീതയുദ്ധം സമ്മാനിച്ച അരക്ഷിതാവസ്ഥ മൂലമായിരുന്നു.


രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കം വരെയും ലോകഗതിയെ പ്രധാനമായും നിയന്ത്രിച്ചിരുന്നത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായ ബ്രിട്ടണ്‍ ആയിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധമായപ്പോഴേയ്ക്കും ബ്രിട്ടന്റെ അപ്രമാദിത്വം അവസാനിച്ചുതുടങ്ങിയിരുന്നു. ജര്‍മ്മനിയുടെ ശക്തമായ ആക്രമണത്താല്‍ ബ്രിട്ടണ്‍ മൂക്കുകുത്താനാരംഭിച്ചു. യുദ്ധകാലഘട്ടത്തില്‍ നിഷ്പക്ഷനായി ആദ്യമൊക്കെ നിന്ന അമേരിക്ക പിന്നെ അവിചാരിതമായി യുദ്ധത്തിലേയ്ക്കിറങ്ങുകയും താമസിയാതെ തന്നെ ഒരു അനിഷേധ്യരാജ്യമായ് മാറുവാനാരംഭിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനും ആദ്യസമയത്തെ തിരിച്ചടിയില്‍ നിന്നും കരകയറി മുന്നേറാനാരംഭിച്ചു. യുദ്ധാവസാനം കണ്ടപ്പോഴേയ്ക്കും അമേരിക്കയും സോവിയറ്റ് യൂണിയനും രണ്ട് ലോക വന്‍ ശക്തികളായ് മാറിയിരുന്നു. ബ്രിട്ടന്റെ സാമ്രാജ്യം അസ്തമിക്കുകയും പല കോളനികളും അവരില്‍ നിന്നും സ്വതന്ത്രരാകുകയും ചെയ്തു. യുദ്ധാനന്തരം ലോകം പങ്കിട്ടെടുക്കാനുള്ള അമേരിക്കയുടേയും റഷ്യയുടേയും വ്യഗ്രതയും ദുരയുമാണ് സത്യത്തില്‍ ശീതയുദ്ധത്തിന്റെ മൂലകാരണമായ് വര്‍ത്തിച്ചത്. ഇരുവരുടേയും ഇടപെടലുകള്‍ മൂലം യുദ്ധത്തിനായ് ഒത്തൊരുമിച്ചവര്‍ യുദ്ധാനന്തരം തെറ്റിപ്പിരിയുന്നതിലേയ്ക്കെത്തിച്ചേര്‍ന്നു.

പോട്സ്ഡാം കോണ്‍ഫറന്‍സ്

ജര്‍മ്മനി രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയം സമ്മതിച്ചതോടെ 1945 ഓഗസ്റ്റില്‍ ജര്‍മ്മനിയിലെ പോട്സ്ഡാം എന്ന സ്ഥലത്തുവച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും റഷ്യയുടേയും പ്രതിനിധികള്‍ ഒരുമിച്ചുകൂടി.യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യങ്ങളുമായി ഉണ്ടാക്കേണ്ട കരാറുകള്‍ ചര്‍ച്ച ചെയ്യാനും യൂറോപ്പിന്റെ ഗതിയെന്തെന്ന്‍ നിര്‍ണ്ണയിക്കാനുമായിരുന്നു ആറ്റ്ലി, സ്റ്റാലിന്‍, ട്രൂമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഈ കോണ്‍ഫറന്‍സിന്റെ പ്രധാന ഉദ്ദേശ്യം. ഈ കോണ്‍ഫറന്‍സില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്‍ തങ്ങള്‍ താമസിയാതെ തന്നെ ഒരു ശക്തമായ ആയുധപരീക്ഷണം നടത്തുമെന്ന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഹിരോഷിമായില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചു. രണ്ട് ദിവസത്തിനുശേഷം നാഗസാക്കിയിലും മറ്റൊരു അണുബോംബ് വര്‍ഷിച്ചതോടെ ജപ്പാനും കീഴടങ്ങി രണ്ടാം ലോകമഹായുദ്ധത്തിനന്ത്യമാകുകയും ചെയ്തു.


ആറ്റ്ലി, ട്രൂമാന്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിനിടയില്‍

പോട്സ്ഡാം കോണ്‍ഫറന്‍സില്‍ വച്ച് ജര്‍മ്മനിയെ നിരായുധീകരിക്കാനും ഒപ്പം നാലുമേഖലകളായി വിഭജിച്ച് ഈ നാലുമേഖലകള്‍ ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍ എന്നിവരുടെ അധീനതയിലാക്കുവാനും  തീരുമാനിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഏകദേശം യൂറോപ്പ് മുഴുവനായും നാസിജര്‍മ്മനി പിടിച്ചടക്കിയിരുന്നു. ഇതില്‍ കിഴക്കന്‍ യൂറോപ്പിനേയും ജര്‍മ്മനിയുടെ പകുതിയേയും നാസികളില്‍ നിന്നും മോചിതരാക്കിയത് റഷ്യന്‍ ചേരിയായിരുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ മോചിതരാക്കിയ ഈ രാജ്യങ്ങളില്‍ യുദ്ധാന്നതരം കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നിലവില്‍ വരണമെന്ന്‍ സ്റ്റാലിന്‍ ആഗ്രഹിച്ചു. പൊതുതിരഞ്ഞെടുപ്പുകളോ മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തനമോ ഇവിടം അനുവദിക്കാനാകില്ല എന്നു സ്റ്റാലിന്‍ നിലപാടെടുത്തത് പടിഞ്ഞാറന്‍ ചേരിയില്‍പ്പെട്ട അമേരിക്കയ്ക്കൊന്നും സ്വീകാര്യമായില്ല. രണ്ടാം ലോകമഹായുദ്ധാവസാനം വരെ കമ്മ്യൂണിസ്റ്റുകളെയും റഷ്യയേയും വലുതായ് ആരും തന്നെ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മറ്റുരാജ്യങ്ങള്‍ അതിശക്തമായ് തന്നെ അടിച്ചമര്‍ത്തിയിരുന്നു. പല വിധ ഉപരോധങ്ങളാളും നട്ടം തിരിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റുകള്‍ അവര്‍ക്കാവശ്യമായതൊക്കെയും സ്വന്തമായ് തന്നെ സൃഷ്ടിക്കേണ്ട അവസ്ഥയിലുമായിരുന്നു. ഈ അവസരത്തില്‍ ഉണ്ടായ യുദ്ധത്തില്‍ തങ്ങള്‍ നേടിയ അധീശത്വം കൈവിട്ടുകളഞ്ഞാല്‍ പിന്നീടൊരിക്കലും കമ്മ്യൂണിസത്തിനു നിലനില്‍പ്പുണ്ടാകില്ല എന്നു ദീര്‍ഘദര്‍ശനം ചെയ്ത സ്റ്റാലിന്‍ തങ്ങളുടെ അധീനതയിലും നിയന്ത്രണത്തിലുമുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുണ്ടാക്കുന്നതില്‍ ബദ്ധശ്രദ്ധനായി നിലകൊണ്ടു.

ബെര്‍ലിന്‍ മതില്‍

കിഴക്കന്‍ ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്ന്‍ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ ഒരു ജനാധിപത്യഗവണ്മെന്റിനു രൂപം നല്‍കി. റഷ്യന്‍ നിയന്ത്രണത്തിലുള്ള ജര്‍മ്മനി ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നും പടിഞ്ഞാറന്‍ ചേരിയുടേത് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി എന്നും അറിയപ്പെട്ടു. ജര്‍മ്മനിയുടെ തലസ്ഥാനമായിരുന്ന ബെര്‍ലിനും കിഴക്കന്‍ പടിഞ്ഞാറന്‍ എന്നിങ്ങനെ രണ്ടായ് മുറിക്കപ്പെട്ടു. സമ്പൽസമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെ മുന്നിലായിരുന്നു. അതുകൊണ്ട് തന്നെ പൂര്‍വ്വജര്‍മ്മനിയില്‍ നിന്നും പശ്ചിമജർമ്മനിയിലേയ്ക്ക് വളരെ വലിയ തോതിലുള്ള അഭയാര്‍ത്ഥിപ്രവാഹമുണ്ടായി. മാത്രമല്ല ഇരു ജര്‍മ്മനികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുകയും ഒരു യുദ്ധസമാന അന്തരീകക്ഷം സംജാതമാകുകയും ചെയ്തതോടെ 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ് സർക്കാർ ഇരു ജർമ്മനികളെയും വേർതിരിച്ച് 150 ഓളം കിലോമീറ്റര്‍ നീളത്തില്‍ ഒരു മതിൽ തീർക്കുകയുണ്ടായി. ഇതാണ്‌ ചരിത്രപ്രസിദ്ധമായ ബെർലിൻ മതിൽ. മാത്രമല്ല തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തുനിന്നും കൂട്ടത്തോടെയുള്ള അഭയാര്‍ത്ഥിപ്രവാഹം കമ്മ്യൂണിസത്തിനു അപകടം വരുത്തിവയ്ക്കുമെന്ന്‍ മനസ്സിലാക്കിയ സ്റ്റാലിന്‍ പശ്ചിമജർമ്മനിയ്ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി.

ഈ ഉപരോധത്തില്‍ പശ്ചിമജർമ്മനിയും ജനങ്ങളും വലഞ്ഞെങ്കിലും അമേരിക്കയുടെ സമയോജിതമായ ഇടപെടല്‍ മൂലം അവര്‍ക്ക് അതിനെ അതിജീവിക്കുവാന്‍ കഴിഞ്ഞു. അമേരിക്കന്‍ കാര്‍ഗോ വിമാനങ്ങളില്‍ അവര്‍ ജനങ്ങള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും വലിയ മുടക്കം കൂടാതെ എത്തിച്ചുകൊടുത്തു. ഇതാണ് ചരിത്രപ്രസിദ്ധമായ ബെര്‍ലിന്‍ എയര്‍ ലിഫ്റ്റ് എന്നറിയപ്പെടുന്നത്. ഒടുവില്‍ ഉപരോധം ഒരു പരാജയമാണെന്ന്‍ കണ്ടതോടെ സ്റ്റാലിന്‍ അത് പിന്‍ വലിക്കുകയുണ്ടായി. 1990 കളില്‍ ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തകര്‍ന്നതോടെയുണ്ടായ ജനകീയ മുന്നേറ്റത്തെതുടര്‍ന്ന്‍ കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം ബെര്‍ലിന്‍ മതിലും തകര്‍ന്നുവീണു.

ബെര്‍ലിന്‍ മതില്‍ തകര്‍ന്നു വീഴുന്നു..


പല രാജ്യങ്ങള്‍ തമ്മിലും രണ്ടാം ലോകമഹായുദ്ധസമയത്തുണ്ടായിരുന്ന സൌഹാര്‍ദ്ധവും സഖ്യവുമൊക്കെ ആ യുദ്ധത്തിന്റെ അവസാനത്തോടെ ഇല്ലാതായി. ആശയപരമായ വ്യത്യസ്തതയാല്‍ ലോകം രണ്ട് ചേരികളായ് പിരിഞ്ഞു. ഒന്ന്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയും മറ്റേത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരിയും. ഒട്ടുമിക്ക ലോകരാജ്യങ്ങളും രണ്ടിലേതെങ്കിലുമൊരു ചേരിയില്‍ ചേരാന്‍ നിര്‍ബന്ധിതരായി. പരസ്പ്പരം ശത്രുത വച്ചുപുലര്‍ത്തിയിരുന്ന് ഇരുചേരികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയില്ലെങ്കിലും പില്‍ക്കാലത്ത് ലോകഗതിയിലുണ്ടായ പല പ്രധാനസംഭവവികാസങ്ങള്‍ക്കും കാരണം ആശയപമായ വെറുപ്പും രാഷ്ട്രീയ അവിശ്വാസവും അടിസ്ഥാനമാക്കി നിലനിന്നിരുന്ന ശീതയുദ്ധമെന്ന വൈരം ഒന്നു മാത്രമായിരുന്നു.

തുടരും.......


ശ്രീക്കുട്ടന്‍
Saturday, July 26, 2014

പാപികളുടെ ലോകം

ആള്‍ക്കാര്‍ വെപ്രാളപ്പെട്ടെന്നവണ്ണം ഓടുന്നത് കണ്ട് ദേവന്‍ ഒരു നിമിഷം അമ്പരന്നു. എന്തു പറ്റിയതായിരിക്കും ആരെങ്കിലും മരിച്ചുവോ. അതോ എന്തെങ്കിലും വലിയ അപകടമോ മറ്റോ നടന്നോ. ഒന്നും മനസ്സിലാകാതെ നിന്ന ദേവന്‍ പാഞ്ഞുപോവുകയായിരുന്ന സുനിലിനെ തടഞ്ഞുനിര്‍ത്തി.

"എന്താടാ അളിയാ. എങ്ങോട്ടാ ഈ പറപറക്കുന്നത്. എന്താ പ്രശ്നം"

"അപ്പോ നീയറിഞ്ഞില്ലേ. ആ വിജയന്‍ ശാരദേച്ചിയുടെ മകളുടെ കൊച്ചിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു. നഴ്സറീലെ ചേച്ചി കണ്ടതുകൊണ്ട് രക്ഷപ്പെട്ടു. അവരു നെലവിളിച്ചപ്പോഴേയ്ക്കും ആ കള്ള നായീന്റമോന്‍ ഓടിക്കളഞ്ഞെന്നു."

കിതച്ചുകൊണ്ട് സുനില്‍ പറഞ്ഞു.

"ങ്ഹേ ഏതു വിജയന്‍?"

ഒരു ഞെട്ടലോടെ ദേവന്‍ ചോദിച്ചു

"തല്ലുകൊള്ളി വിജയന്‍ തന്നെ. അല്ലാതാരാ ഇതൊക്കെ ചെയ്യണേ. നീ വരുന്നെങ്കില്‍ വാ. ഞാനങ്ങോട്ടു പോകുവാ. കയ്യിക്കിട്ടുവാണെങ്കില്‍ അവന്റെ കൂമ്പു വാട്ടണം" പറഞ്ഞുതീര്‍ന്നതും അവന്‍ ഓട്ടമാരംഭിച്ചു.

ഒരു നിമിഷം എന്തൊ ആലോചിച്ചുനിന്ന ദേവന്‍ ധൃതിയില്‍ ശാരദചേച്ചിയുടെ വീട്ടിലേയ്ക്ക് നടക്കുവാനാരംഭിച്ചു. നടത്തത്തിനിടയില്‍ അവന്റെ മനസ്സില്‍ വലിയ സംഘര്‍ഷം നടക്കുന്നുണ്ടായിരുന്നു. താനങ്ങോട്ടു പോകണമോ?.വിജയനെ പിടിച്ചാല്‍ താനവനെ ശിക്ഷിക്കുന്നതില്‍ പങ്കാളിയാകാമോ.? അതിനു തനിയ്ക്കു കഴിയുമോ.? പഴയ ചില ഓര്‍മ്മകള്‍ അവന്റെ മനസ്സില്‍ കുത്തിയലച്ചുവന്നുകൊണ്ടിരുന്നു. അതോര്‍ത്തപ്പോള്‍ തന്നെ അവന്‍ ഒന്നു നടുങ്ങി. കാലുകള്‍ക്ക് വേഗത കുറഞ്ഞുവോ. എന്നിട്ടും മറ്റെന്തോ ഒന്നു നയിക്കുന്നതുപോലെ അവന്‍ മുന്നോട്ട് തന്നെ നടന്നു.

ശാരദേച്ചിയുടെ വീട്ടുമുറ്റത്ത് നല്ലൊരാള്‍‍ക്കൂട്ടം കൂടിയിട്ടുണ്ടായിരുന്നു. അകത്തുനിന്നും ശാരദേച്ചിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ കേള്‍ക്കുന്നുണ്ട്. പുറത്ത് ആള്‍ക്കാരുടെ പിറുപിറുക്കലുകള്‍. ദിവാകരന്‍ തലയ്ക്കു കയ്യും കൊടുത്തു തിണ്ണയില്‍ ഇരിപ്പുണ്ട്.

"ഈ നായിന്റമോനെക്കൊണ്ട് വല്യ ശല്യായല്ലോ. മുമ്പ് ഒളിച്ചുനോട്ടോം കമന്റടീം മാത്രമേ ഒണ്ടായിരുന്നൊള്ളു. ഇപ്പം ദേ ഇതും. അതും ഒരു ഇത്തിരിപ്പോന്ന പാക്കാന്തക്കൊച്ചിനോട്. ഇവന്റെ ആ സാധനം വെട്ടിയെടുത്ത് മൊളകു തേയ്ക്കണം"

രോഷത്തോടെ ഉറക്കെപ്പറഞ്ഞ ആളിനെ ദേവന്‍ സൂക്ഷിച്ചുനോക്കി. സുദേവന്‍ മാമനാണു.

"എന്നാലും ഈ നാലുവയസ്സൊള്ള കൊച്ചിനോടിവനിങ്ങിനെ ചെയ്യാന്‍ തോന്നീലോ ദൈവമേ. ഇന്നത്തെക്കാലത്ത് പത്തോ നൂറോ കൊടുത്താ എത്രയെണ്ണത്തിനെ വേണോലും കിട്ടൂലോ. എന്നിട്ടും?"

ബീഡിക്കുറ്റി വലിച്ചെറിഞ്ഞുകൊണ്ട് ഭാസ്ക്കരപിള്ള തലചൊറിഞ്ഞു.

"ആ സുനന്ദപ്പെണ്ണ് കണ്ടില്ലാര്‍ന്നെങ്കി കൊച്ചിനെ അവന്‍ കൊന്നേനെ. മൂത്രമൊഴിക്കാന്‍ വേണ്ടി പൊറത്തേയ്ക്കു പോയ കൊച്ചിനെ കൊറച്ചു നേരമായിട്ടും കാണാത്തോണ്ട് അവള്‍ പൊറകുവശത്തുവന്നു നോക്കിയപ്പോളല്ലേ സംഭവം കണ്ടത്. ഭാഗ്യത്തിനു ഒന്നും ചെയ്യാമ്പറ്റീല്ല. അവളു ബഹളം വച്ചപ്പോ അവന്‍ ഒറ്റയോട്ടം". നാണുപിള്ള കുറുപ്പിനോടായിപ്പറഞ്ഞു.

"ഇക്കണക്കിനു കൊച്ചുങ്ങളെയൊക്കെ എങ്ങിനെ വിശ്വസിച്ച് നഴ്സറീലും സ്കൂളിലും ഒക്കെ അയക്കും. എന്തൊക്കെ കണ്ടാ കാലം കഴിയണമെന്റെ തമ്പുരാനെ. കലികാലം തന്നെ"

കുറുപ്പ് ആരോടെന്നില്ലാതെ പറഞ്ഞു.

"നല്ല പസ്റ്റ്ക്ലാസ് അടികിട്ടാത്തതിന്റെ കൊഴപ്പമാണവനു"

"എത്ര കിട്ടീതാ പിള്ളേച്ചാ. എന്നിട്ടും വല്ല ഉപയോഗവുമുണ്ടോ .ഈ തലതെറിച്ചോനെക്കാരണം ആ പാവം പ്രഭാകരന്‍ കവലേലോട്ടുപോലും എറങ്ങാറില്ല. എത്രാന്നുവച്ചാ ആള്‍ക്കാരോടു സമാനം പറേണത്. ഈ ഒരുത്തന്‍ മൂലം എന്തോരം ബാധ്യതകളാ അയാള്‍ താങ്ങണത്. എത്രയാന്നു വച്ചാ നാണം കെടുന്നത്"

"തന്തയ്ക്കു മുമ്പൊണ്ടായത് എന്നൊക്കെ കേട്ടിട്ടേയൊള്ളു".

സംസാരങ്ങളെല്ലാം കേട്ടുകൊണ്ടു നിന്ന ദേവന്‍ ആകെ വല്ലാത്തൊരവസ്ഥയിലായിരുന്നു. അവന്റെ മനസ്സില്‍ ചില ഓര്‍മ്മകള്‍ തികട്ടിവന്നുകൊണ്ടിരുന്നു. രാത്രിയുടെ ഇരുട്ടില്‍ ഒരു കാളസര്‍പ്പം പോലെ ഒരു കൊച്ചു ദേഹത്തേയ്ക്കു പതിയെ അണയുന്നതും എവിടെയൊക്കെയോ എന്തെല്ലാമോ പൊട്ടിത്തകരുന്നതും പിന്നെ തിരമാലയടങ്ങിയ കടലുപോലെ നിശ്ചലമാകുന്നതും ദീര്‍ഘനിശ്വാസം വിട്ടുകൊണ്ട് മലര്‍ന്നുകിടക്കുമ്പോള്‍ ഒന്നു മറിയാതെ ചരിഞ്ഞുകിടന്നുറങ്ങുന്ന ചെറുരൂപവുമെല്ലാം ഒരു തിരശ്ശീലയിലെന്നവണ്ണം മിഴിവാര്‍ന്നു വന്നുകൊണ്ടിരുന്നു. മറ്റാരുടേയും ശ്രദ്ധയില്‍പ്പെടാതെ അവന്‍ അല്‍പ്പം താഴേക്ക് മാറിനിന്ന്‍ ഒരു സിഗററ്റെടുത്ത് കൊളുത്തിവലിക്കാനാരംഭിച്ചു. ശരീരവും മനസ്സും ഒക്കെ അകാരണമായ് പുകയുന്നതുപോലേ.

അകലെ നിന്നും ഒരു ബഹളം കേട്ട് ദേവന്‍ അങ്ങോട്ട് നോക്കി. കുറേ ചെറുപ്പക്കാരുടെ മധ്യത്തിലായി കൈകള്‍ ബന്ധിക്കപ്പെട്ട് തലയും കുനിച്ച് നടന്നുവരുന്ന വിജയന്‍. ഒരു കൈലിമാത്രമാണു വേഷം. ചെറുപ്പക്കാര്‍ ആര്‍പ്പുവിളിക്കുന്നുണ്ട്. കൂട്ടത്തില്‍ സുനിലുമുണ്ട്. ശാരദേച്ചിയുടെ വീട്ടുമുറ്റത്ത് അവരെത്തിയപ്പോള്‍ അവിടെ നിന്നവരെല്ലാം കൂടി വിജയനു ചുറ്റും കൂടി. പലരുടേയും കണ്ണില്‍ അഗ്നിയെരിയുന്നുണ്ടായിരുന്നു. ചകിതമായ കണ്ണുകളോടെ എല്ലാവരെയും നോക്കിയ വിജയന്‍ തലകുനിച്ചു നിന്നു.

"കടന്നുകളയാനൊള്ള ശ്രമമായിരുന്നു. പക്ഷേ ഞങ്ങള് വിടോ".

നെറ്റിയിലെ വിയര്‍പ്പ് വടിച്ചുകളഞ്ഞുകൊണ്ട് സുനില്‍ പറഞ്ഞു.

"കള്ള പന്നീടമോന്റെ നിപ്പ് കണ്ടില്ലേ".

പറഞ്ഞുതീര്‍ന്നതും സുദേവന്‍ തന്റെ പരുക്കന്‍ കൈകളാല്‍ അവന്റെ കരണക്കുറ്റിയ്ക്ക് ഒന്നുകൊടുത്തതും ഒരുമിച്ചായിരുന്നു. പെട്ടന്ന്‍ ഒരു കടലിളകിയതുപോലെ പലപല കൈകള്‍ ഉയര്‍ന്നു പൊങ്ങി. വിജയന്റെ ദീനരോദനം കലിപിടിച്ച ആള്‍ക്കാരുടെ അലര്‍ച്ചയില്‍ മുങ്ങി. ഒരു വെട്ടുകത്തിയുമായി അലറിക്കൊണ്ട് ഓടിവന്ന ദിവാകരേട്ടനെ ഇതിനിടയില്‍ ആരോ പിടിച്ചു തടഞ്ഞു തിരിച്ചുകൊണ്ടുപോയി.

"മതി മതി ഇനി തല്യാ അവന്‍ ചത്തുപോവും. പോലീസിനെ വിളിക്കാം. അവരു ബാക്കി തീരുമാനിക്കും"

ഉച്ചത്തില്‍ പറഞ്ഞുകൊണ്ട് പഞ്ചായത്തുമെംബര്‍ മനോഹരന്‍ എല്ലാവരേയും തടഞ്ഞു നിര്‍ത്തി. ചെന്നിയിലൂടെയും മറ്റും ചോര കിനിഞ്ഞിറങ്ങിയ രൂപവുമായി വിജയന്‍ തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നുണ്ടായിരുന്നു.

തന്റെ കൈകളിലേയ്ക്കു സൂക്ഷിച്ചു നോക്കിയ ദേവനു ‍തലകറങ്ങി. കൈകളില്‍ പറ്റിയിരുന്ന ചോര അവന്‍ തന്റെ മുണ്ടില്‍ പെട്ടന്ന്‍ തുടച്ചു. ഏതോ നിമിഷത്തില്‍ താനും വിജയനെ തല്ലിയിരിക്കുന്നു. അതെ താനും കൂടിയിരിക്കുന്നു. ആ രംഗത്തുനിന്നും എവിടേയ്ക്കെങ്കിലും ഓടിയൊളിക്കുവാന്‍ അവന്റെയുള്ളം വെമ്പി. ഇനിയുമവിടെ നിന്നാല്‍ തനിയ്ക്കു ഭ്രാന്തുപിടിയ്ക്കുമെന്നവനു തോന്നി. ഭ്രാന്തമായ ചലനങ്ങളോടെയവന്‍ കാലുകള്‍ നീട്ടിവലിച്ചു നടന്നു.

അലറിക്കുതിച്ചെത്തുന്ന കടല്‍ത്തിരകളെ നോക്കി ആ പാറക്കെട്ടിന്റെ മുകളില്‍ നില്‍ക്കുമ്പോള്‍ ദേവന്റെയുള്ളിലും ഒരു മഹാസമുദ്രം ഇളകിമറിയുന്നുണ്ടായിരുന്നു. താന്‍ ശരിയാണൊ? തനിക്ക് വിജയനെ തല്ലുവാന്‍ എന്തു യോഗ്യതയാണുണ്ടായിരുന്നത്? താനും അതേ തെറ്റു ചെയ്തവനല്ലേ? തനിക്ക് ആ പരിസരത്ത് നില്‍ക്കുവാനെങ്കിലുമുള്ള യോഗ്യത ഉണ്ടായിരുന്നോ? താന്‍ നല്ലവനാണോ??

ആ ചോദ്യമവന്‍ നൂറാവര്‍ത്തി സ്വയം ചോദിച്ചു. ഇല്ല...ഇല്ല...ഇല്ല. അശരീരി എന്നെന്നവണ്ണം ഉത്തരം അന്തരീക്ഷത്തില്‍ക്കൂടി തനിക്കു ചുറ്റും വന്നുനിറയുകയാണ്....തെറ്റുചെയ്തവനെ ശിക്ഷിക്കുവാന്‍ തനിക്കവകാശമില്ല. കാരണം താനും ......

കയ്യിലുണ്ടായിരുന്ന മദ്യക്കുപ്പി അവന്‍ വായിലേയ്ക്കു കമിഴ്ത്തിപ്പിടിച്ചു. അന്നനാളവും കുടലുമെല്ലാം കത്തിയെരിയുന്നതുപോലെ ആ ദ്രാവകം അവന്റെയുള്ളിലേയ്ക്കിറങ്ങിപ്പോയി. കത്തട്ടെ. ശരീരവും മനസ്സും കത്തിയെരിയട്ടെ. കണ്ണടച്ചവന്‍ അല്‍പ്പനേരം പാറക്കെട്ടില്‍ മലര്‍ന്നുകിടന്നു. കൂരിരുട്ടില്‍ ആകാശത്തു ചന്ദ്രനോ നക്ഷത്രങ്ങളൊ ഒന്നും തന്നെയില്ല. പാപിയായ തനിയ്ക്കു മുമ്പില്‍ നിന്നവര്‍ ഓടിയൊളിച്ചതായിരിക്കുമോ. ഒരാറുവയസ്സുകാരിയുടെ ഓമനത്തം തുളുമ്പുന്ന രൂപം മനസ്സില്‍ വന്നലച്ചുകൊണ്ടിരിക്കുന്നു. ആ നശിച്ച രാത്രിയില്‍...ച്ഛേ..താന്‍ എപ്പോഴാണൊരു പിശാശായി മാറിയത്. അറിവില്ലായ്മയെന്നോ പ്രായത്തിന്റെ ചാപല്യമെന്നോ വിളിയ്ക്കാമോ അതിനെ. ഇല്ല. തന്റെ കാടത്തരത്തിന്റെ ഇരയായിട്ടും ഒന്നുമറിയാതെ കിടന്നുറങ്ങുന്ന ആരൂപം പിന്നീട് പലപ്പോഴും തന്നെ അലട്ടിയിട്ടൊണ്ട്. ഇപ്പോളവള്‍ തന്റെ മുമ്പില്‍ എത്തുമ്പോള്‍ ആ മുഖത്തേയ്ക്കൊന്നു നോക്കുവാന്‍ ശക്തിയില്ലാതെ താന്‍ പലപ്പോഴും തല കുമ്പിട്ടു മാറിപ്പോയിട്ടുണ്ട്. ഇപ്പോള്‍ ചേട്ടാ എന്നു സ്നേഹത്തോടെ വിളിച്ചുകൊണ്ട് കുശലം പറയാനൊക്കെ വരുന്ന അവള്‍ ഇതറിയുകയാണെങ്കില്‍‍....

ഇല്ല.അതുണ്ടാവരുത്. ഇതുവരെയാരുമതറിഞ്ഞിട്ടില്ല. താന്‍ ചെയ്തുപോയ മഹാപാപം തന്നോടുകൂടിയതവസാനിക്കട്ടെ. എന്തോ തീരുമാനിച്ചപോലെ ദേവന്‍ എഴുന്നേറ്റു. കുപ്പിയിലവശേഷിച്ചിരുന്ന ബാക്കി മദ്യവും അവന്‍ ഒരു ധൈര്യത്തിനെന്നവണ്ണം വായിലേയ്ക്കു കമിഴ്ത്തി. തിരമാലകള്‍ തന്നെ അണയുവാനായി വെമ്പുന്നുന്നുവോ. എല്ലാ മാലിന്യങ്ങളേയും പേറുന്ന കടലമ്മ അടുത്തതിനായെന്നവണ്ണം അവന്റെയടുത്തേയ്ക്കു തന്റെ മക്കളാകുന്ന തിരമാലകളെയയച്ചു. സംഹാരരൂപത്തോടെയടുത്ത ആ തിരമാലകളുടെ താഡനത്തിനവന്‍ വെമ്പിക്കൊണ്ട് ചെയ്തുപോയ മഹാപാതകത്തിനു ശിക്ഷയേറ്റുവാങ്ങാനെന്നവണ്ണം പാറക്കെട്ടില്‍ നിന്നും മുമ്പോട്ടു നടന്നു. സര്‍വ്വതിനും സാക്ഷിയായി ആ ഒഴിഞ്ഞ മദ്യക്കുപ്പി അവിടെത്തന്നെ കിടന്നു.

ശ്രീക്കുട്ടന്‍

Sunday, June 22, 2014

കടലിനോട് കഥ പറയുന്നൊരാള്‍


കുറേയേറെ നാളുകളായ് കുറച്ചെഴുതി ഡ്രാഫ്റ്റിലിട്ടിരുന്ന ഒരു കഥ ചങ്ങാതിയായ ജോയ് ഗുരുവായൂര്‍ കൂടി സഹായിച്ച് വെളിച്ചം കാണിക്കുകയാണ്. ഇതിന്റെ പകുതി എനിക്ക് സ്വന്തവും പകുതി ജോയ്ച്ചനു സ്വന്തവുമാണ്. ഒരു പരീക്ഷണം..
തിരകൾ ഏതോ ആജ്ഞയാൽ സ്വയം ശക്തികുറഞ്ഞ ഓളങ്ങളായ് നിശ്ശബ്ദം തീരത്തു വന്നണഞ്ഞു കൊണ്ടിരിക്കുകയാണ്. അവ സ്നേഹപൂര്‍വ്വമെന്നോണം ദിവാകരന്റെ കാല്‍പ്പാദങ്ങളെ തഴുകുന്നുണ്ട്.

"ദിവാകരാ"

കടലമ്മയുടെ വിളികേട്ടെന്നവണ്ണം ദിവാകരന്‍ മുഖമുയര്‍ത്തി നോക്കി.

"മോനേ ദിവാകരാ.."

വീണ്ടും അവള്‍ വിളിക്കുകയാണ് . പെയ്യാൻ നില്‍ക്കുന്ന മേഘം പോലെ ദിവാകരന്റെ മുഖമൊന്നു വിങ്ങി. നെഞ്ചില്‍ നിന്നും ഒരു സങ്കടമിരമ്പിക്കയറിവന്നു. തന്നെ മാടിവിളിക്കുന്ന കടലിനു നേര്‍ക്ക് അയാള്‍ എഴുന്നേറ്റു ചെന്നു. തിരമാലകൈകളാല്‍ അവള്‍ ദിവാകരനെ തഴുകിത്തലോടിയാശ്വസിപ്പിച്ചു. ഒരു താരാട്ടുപോലെ. ആ സംഗീതത്തില്‍ സര്‍വ്വം മറന്നെന്നവണ്ണം ദിവാകരന്‍ മുങ്ങിത്താഴ്ന്നു. അമ്മയുടെ ഗര്‍ഭപാത്രത്തിലേയ്ക്കെന്നവണ്ണം മെല്ലെ ചുരുണ്ടുകൂടി ശാന്തതയും ദയാവായ്പ്പും അനുഭവിച്ചറിഞ്ഞു..

......................................

അത്താഴം കഴിഞ്ഞു പായയില്‍ മലര്‍ന്നു കിടക്കുമ്പോള്‍ വിജയന്റെ ചിന്ത ദിവാരേട്ടനിലേയ്ക്ക് വീണ്ടുമെത്തി.

"ഈ ഒടേതമ്പുരാനു കടല്‍ മുഴുവന്‍ ഉപ്പു നിറച്ച വെള്ളമാക്കിയ സമയത്ത് അങ്ങനെ ചെയ്യാതെ പകരം വല്ല സര്‍ബത്തോ നാരങ്ങാവെള്ളമോ പൈനാപ്പിള്‍ ജ്യൂസോ നിറഞ്ഞ ജലാശയമാക്കിക്കൂടായിരുന്നോ. അങ്ങനെയാണെങ്കില്‍ ഒന്നു ചാടി ചാവണമെന്നു തോന്നിയാലും പണ്ടാരമടങ്ങിയ ഉപ്പുവെള്ളം കുടിക്കാണ്ട് നല്ല മധുരമുള്ള സര്‍ബത്തോ ജ്യൂസോ കുടിച്ചു ചാവാമായിരുന്നു. അതെവിടെ പുള്ളിക്കാരനെല്ലാം വല്യ തമാശയല്യോ. ബാക്കിയുള്ളവരുടെ ബുദ്ധിമുട്ടും സങ്കടോമൊക്കെ മനസ്സിലാക്കാന്‍ അങ്ങേര്‍ക്കെവിടെ സമയം?"

കൈകൊണ്ട് കുറച്ച് മണല്‍ കോരി അലച്ചുവരുന്ന തിരമാലകള്‍ക്ക് മേലേക്കെറിഞ്ഞിട്ട് ദിവാകരേട്ടന്‍ ആര്‍ത്തൊന്നു ചിരിച്ചു.

"ന്റെ ദിവാരേട്ടാ നിങ്ങള്‍ക്ക് എങ്ങനെ ഇങ്ങനെ ചിരിക്കാന്‍ കഴിയുന്നെപ്പോഴും?"

സിഗററ്റ് പുക ഊതിപ്പറപ്പിച്ചുകൊണ്ട് വിജയന്‍ മണലില്‍ നിന്നും എഴുന്നേറ്റിരുന്നു. സിഗററ്റ് കടിച്ചു പിടിച്ചുകൊണ്ട് കൈപ്പത്തികള്‍ തമ്മില്‍ തട്ടി മണല്‍ത്തരികള്‍ കളഞ്ഞശേഷം മുണ്ടില്‍ കൈകൊണ്ടൊന്നു തുടച്ചു.

"ഡാ വിജയാ. നിനക്കറിയോ. മറ്റുള്ളവരുടെ മുന്നില്‍ ചിരിച്ചു രസിച്ചു നടക്കുന്നവനാണ് ഏറ്റവും വലിയ സങ്കടം ഉള്ളില്‍ കൊണ്ടുനടക്കുന്നത്. തന്റെയുള്ളിലെ തുലാവര്‍ഷം മറ്റുള്ളവരറിയാതിരിക്കുവാനുള്ള അടവല്യോ ആ പൊട്ടിച്ചിരി"

"എനിക്ക് മനസ്സിലാകുന്നേയില്ല നിങ്ങളേ"

"എല്ലാ ആള്‍ക്കാരിലും മറ്റാര്‍ക്കും പിടികൊടുക്കാത്ത ഒരു അപരന്‍ ഒളിച്ചിരിപ്പുണ്ട്. പുറമേ വെളിവാക്കപ്പെടുന്ന സ്വഭാവഗുണങ്ങളുടെ നേര്‍ വിപരീതനായൊരാള്‍. എന്റെയുള്ളിലെ അപരന്‍ എനിക്കു പോലും പിടി തരുന്നില്ല വിജയാ. എനിക്കുപോലും എന്നെ മനസ്സിലാകുന്നില്ല"

"എന്തായി മകളുടെ കാര്യമൊക്കെ?. ഇപ്പോ വഴക്കും ബഹളവുമൊന്നുമുണ്ടാക്കാതെ അവന്‍ നോക്കുന്നുണ്ടോ.അതോ പഴയസ്വഭാവം തന്നാണോ?"

"ചിലര്‍ക്ക് ചില സങ്കടങ്ങള്‍ ആയുഷ്ക്കാലത്തേയ്ക്കാണു ദൈവം കനിഞ്ഞനുഗ്രഹിച്ചു കൊടുക്കുന്നത്. അതിനെയൊര്‍ത്ത് പിന്നെ പരിതപിച്ചിട്ട് കാര്യമില്ലെടാ. എല്ലാവരുടേയും ചോരയുടെ നിറം ചുവപ്പുതന്നെയാണെന്നും അതില്‍ ജാതിയും മതവുമൊന്നുമില്ലെന്നും ഒക്കെപ്പറഞ്ഞിറങ്ങിപ്പോകുന്നവള്‍ക്കങ്ങ് പോയാല്‍ മതി. പ്രതീക്ഷകളുടെ പറമ്പില്‍ ശവങ്ങളെപ്പോലെ ബാക്കിയാവുന്ന ചിലരുണ്ടെന്ന്‍ മനസ്സിലാക്കുവാന്‍ കാലം പിന്നേയും വേണമല്ലോ. അല്ലെങ്കിലും കോമാളികളാകാന്‍ വിധിക്കപ്പെട്ടവര്‍ക്ക് സങ്കടങ്ങള്‍ എന്നത് പുതമയേയല്ല. അധികമനുഭവിക്കാതെ മാധവിക്ക് രക്ഷ കിട്ടി. അവള്‍ ഭാഗ്യവതി. എനിക്കൊക്കെ എന്നാണൊരു വിടുതലുണ്ടാവുക"

"സങ്കടപ്പെടാതെ ദിവാരേട്ടാ. എല്ലാം ശരിയാവും എന്നു പറയുന്നതില്‍ അര്‍ത്ഥമില്ലെന്നറിയാം.എന്നാലും പറയുന്നു എല്ലാം ശരിയാവും.അല്ലാ. സമയം സന്ധ്യയാകാറാകുന്നു വീട്ടില്‍ പോണ്ടേ"

"വിജയാ. കടലിന്റെ ഒരു പ്രത്യേകത നിനക്കറിയുമോ?... ആര്‍ക്കുമറിയാത്ത ഒരുപാടൊരുപാട് രഹസ്യങ്ങള്‍ ഗര്‍ഭപാത്രത്തില്‍ സൂക്ഷിക്കൊന്നൊരു കള്ളിയാണവള്‍. എന്തെല്ലാമാണവള്‍ ഒളിപ്പിച്ചുവച്ചിരിക്കുന്നത്! എന്നിട്ടും മറ്റാര്‍ക്കും അത് മനസ്സിലാകാത്തവണ്ണം തിരമാലകളാള്‍ തീരത്തോട് കുശലം പറഞ്ഞു രസിച്ചു നടക്കുകയാണവള്‍. എനിക്ക് ഇവളോട് കുറേയേറെ വര്‍ത്തമാനം പറയാനുണ്ട്. ഒക്കുമെങ്കില്‍ അവളുടെ രഹസ്യങ്ങളൊക്കെയൊന്നറിയുവാന്‍ നോക്കണം. ഞാന്‍ അവളോട് വര്‍ത്തമാനം പറഞ്ഞുപറഞ്ഞ് ഒരു ദിവസം അവളെന്നോട് സംസാരിക്കാനാരംഭിക്കും. എന്തൊരു രസമായിരിക്കുമപ്പോള്‍. നീ അതേപ്പറ്റി ചിന്തിച്ചുനോക്കിയിട്ടുണ്ടോ എപ്പോഴേലും?"

കടല്‍ത്തിരകളിലേക്കിറങ്ങി ഒരു കൊച്ചു കുഞ്ഞെന്നവണ്ണം മുന്നോട്ടും പിന്നോട്ടും കാലുകള്‍ വച്ച് ഓടുകയും നില്‍ക്കുകയുമൊക്കെ ചെയ്യുന്ന ആ മനുഷ്യനെ നോക്കി നിന്നപ്പോള്‍ വിജയനു അത്ഭുതം തോന്നി. ഒരു സങ്കടക്കടല്‍ ഉള്ളിലൊതുക്കി ഒരാള്‍ക്കെങ്ങനെ ഈ വിധം പെരുമാറാനാവും?. ആകെയുണ്ടായിരുന്ന മകള്‍ രണ്ടുകൊല്ലം മുന്നേ ഒരന്യജാതിക്കാരനൊപ്പം ഇറങ്ങിപ്പോയി. ആദ്യത്തെ ആവേശമൊക്കെയടങ്ങിയപ്പോള്‍ പിന്നെ കുടിയും എന്നും വഴക്കും ബഹോളം മാത്രം. ഓമനിച്ചുവളര്‍ത്തിയിരുന്ന ഒറ്റമകള്‍ക്ക് വന്ന ദുര്യോഗത്തില്‍ സങ്കടപ്പെട്ട് ദിവാകരേട്ടനെ ഒറ്റയ്ക്കാക്കി മാധവ്യേടത്തി അങ്ങ് പോയി. സാധാരണ ഗതിയില്‍ ഒരു മനുഷ്യന്‍ ഭ്രാന്തനായിപ്പോയില്ലെങ്കിലേ അതിശയമുള്ളൂ.

"ദിവാരേട്ടാ. മതി. നമുക്ക് പോകാം. ഇന്നു നേരത്തേ ചെല്ലാമെന്ന്‍ ഞാന്‍ ബീനയോട് പറഞ്ഞിട്ടുണ്ട്. മോളുറങ്ങുന്നതിനുമുന്നേയങ്ങെത്തണം. അവള്‍ക്കൊരു ഉടുപ്പും മേടിക്കണം"

മണലില്‍ നിന്നുമെഴുന്നേറ്റുകൊണ്ട് വിജയന്‍ പറഞ്ഞു.

"എന്നാല്‍ പൊയ്ക്കളയാം."

ആര്‍ത്തലച്ചുവരുന്ന തിരമാലകളെ തല്‍ക്കാലത്തേക്ക് സ്വതന്ത്രമായി അലയാന്‍ വിട്ടെന്ന ഭാവത്തോടെ അയാള്‍ കടലില്‍ നിന്നും പിന്‍വാങ്ങി പേക്കറ്റില്‍ നിന്നും ഒരു സിഗരട്ടെടുത്തു കൊളുത്തിയിട്ട് വിജയനൊപ്പം നടത്തമാരംഭിച്ചു.

വിശ്വംഭരന്റെ ഷാപ്പില്‍ നിന്നും ഓരോ കുപ്പി അന്തിയും മോന്തിയിട്ട് അവര്‍ അങ്ങാടിയിലേക്ക് നടന്നു. തുണിക്കടയില്‍‍ നിന്നും വിജയന്‍റെ മകള്‍ക്കായി ഒരു ഫ്രോക്ക് തിരഞ്ഞെടുത്തത് ദിവാകരേട്ടനായിരുന്നു. നല്ല കിന്നരിയൊക്കെ പിടിപ്പിച്ച വെളുത്ത ഫ്രോക്ക്.

"ഡാ.. മണിക്കുട്ടിക്ക് ഈ ഉടുപ്പ് ദിവാകരന്‍ മാമേടെ വക."

പൈസ കൊടുക്കാന്‍ മുതിര്‍ന്ന വിജയനെ അയാള്‍ വിലക്കി, തന്‍റെ വരയന്‍ നിക്കറിന്റെ പോക്കറ്റിലെ പ്ലാസ്റ്റിക് കടലാസു പൊതിയില്‍ ചുരുട്ടി വച്ചിരുന്ന നോട്ടുകള്‍ എടുത്തു കടക്കാരനു നല്‍കി.

"അപ്പൊ ഇനി നാളെ വൈകീട്ട്."

തന്റെ വീട്ടിലേക്ക് തിരിയുന്ന വഴിയെത്തിയപ്പോള്‍ ദിവാകരന്‍ വിജയനോട് യാത്രപറഞ്ഞു പിരിഞ്ഞു. പരിചയപ്പെട്ടിട്ട് ഇന്നോളം ഒരു ജേഷ്ഠസ്ഥാനത്ത് താന്‍ കാണുന്ന മനുഷ്യന്‍. തന്നെയും വല്യകാര്യമാണ്. ജീവിതത്തില്‍ അവിചാരിതമായുണ്ടായ ഒറ്റപ്പെടലില്‍ ആ മനുഷ്യന്‍ തകര്‍ന്നുപോയിരിക്കുകയാണ്. അതു പുറമേ പ്രകടിപ്പിക്കാതെ അയാള്‍‍ അഭിനയിച്ചു ജീവിക്കുന്നു. തനിക്കും ബീനയ്ക്കും എന്തെല്ലാം സഹായങ്ങള്‍ ആ മനുഷ്യന്‍ ചെയ്തുതന്നിരിക്കുന്നു. എന്തെങ്കിലും ഒരു പ്രയാസമോ മാനസിക സംഘര്‍ഷമോ അനുഭവപ്പെട്ടാല്‍ തനിക്ക് ഓടിച്ചെല്ലാന്‍ ഒരേയൊരാശ്രയം ദിവാകരേട്ടനാണ്. ഏതു പ്രതിസന്ധിഘട്ടത്തേയും എത്ര ലളിതമായാണാ മനുഷ്യന്‍ നേരിടുന്നതും അതിനെ തരണം ചെയ്യുന്നതും. എന്നാല്‍ ഇപ്പോള്‍ ഒരു മഹാസാഗരം ഇരമ്പുന്ന ആ മനസ്സിലെ ഒരു തിരപോലും ശാന്തമാക്കാന്‍ തനിക്കാവുന്നില്ലല്ലോ എന്നോര്‍ത്ത് വിജയന്‍ ദീര്‍ഘനിശ്വാസം വിട്ടു.

"എന്താ ഇത്രയ്ക്ക വല്യ ഒരു ചിന്ത?"

അയാളുടെ മാറിലൂടെ വിരലോടിച്ചുകൊണ്ട് ബീന ഒച്ചതാഴ്ത്തിച്ചോദിച്ചു.

"ഒന്നുമില്ല. വെറുതേ ഓരോന്നാലോചിച്ചുപോയ്‍"

ആ കൈ നെഞ്ചോടുചേര്‍ത്തുപിടിച്ചുകൊണ്ട് വിജയന്‍ കണ്ണുകള്‍ അടച്ചു. ബീന കയ്യെത്തിച്ചു റാന്തലിന്റെ തിരി താഴ്ത്തി. മുറിയില്‍ അന്ധകാരം ഇരച്ചെത്തി.

------------------------------------------------

എല്ലാം തകര്‍ന്നവനെപ്പോലെയിരിക്കുന്ന ദിവാകരേട്ടനെ എങ്ങിനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിജയന്‍ കുഴങ്ങി. ചുറ്റും കൂടിനില്‍ക്കുന്ന ആള്‍ക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറയുന്നുണ്ടായിരുന്നു. ഒന്നുരണ്ട് പോലീസുകാര്‍ അവിടെ നിന്ന ആള്‍ക്കാരൊട് ചില ചോദ്യങ്ങള്‍ ഒക്കെ ചോദിക്കുന്നു. മഹസ്സര്‍ എഴുത്തൊക്കെ കഴിഞ്ഞ് ശവശരീരം പോസ്റ്റ്മോര്‍ട്ടത്തിനുകൊണ്ടുപോകാന്‍വേണ്ടി വണ്ടിയിലേയ്ക്കെടുക്കവേ ദിവാകരേട്ടന്‍ ദയനീയമായ് ആ രൂപത്തിലേയ്ക്കൊന്ന്‍ മിഴിച്ചുനോക്കി.

പതിനേഴുവര്‍ഷക്കാലം തന്റെയും മാധവിയുടേയും വിരല്‍തുമ്പുകളില്‍ തൂങ്ങി നടന്നിരുന്നവള്‍. കുഞ്ഞരിപ്പല്ലുകള്‍ കാട്ടി മധുരച്ചിരി സമ്മാനിച്ചവള്‍. പിണങ്ങിപ്പിരിഞ്ഞ് മുഖവും വീര്‍പ്പിച്ച് വാതിലിനു മറവില്‍ പോയി ഒളിച്ചു നില്‍ക്കുന്നവള്‍. പട്ടുപാവാടയും ഉടുപ്പുമണിഞ്ഞ് വിരല്‍ത്തുമ്പില്‍ തൂങ്ങി അമ്പലത്തിലേയ്ക്ക് നടക്കുന്നവള്‍. ചോരയ്ക്ക് ജാതിയും മതവുമൊന്നുമില്ല ചുവപ്പുനിറം മാത്രമേയുള്ളുവെന്ന്‍ മുഖത്തുനോക്കി അലറിപ്പറഞ്ഞുകൊണ്ടിറങ്ങിപ്പോയവള്‍. ഇപ്പോഴിതാ പകുതിയിലേറെയും കത്തിക്കരിഞ്ഞ് ഇനിയൊരിക്കലും വരാനാവാത്തിടത്തേയ്ക്ക് യാത്രയായിരിക്കുന്നു. മറ്റെന്തിനെക്കാളും വലുതെന്ന്‍ വിശ്വസിച്ച് കൂടെക്കൂട്ടിയവന്‍ സമ്മാനിച്ച രണ്ട് വര്‍ഷജീവിതത്തിന്റെ ബാക്കിയായ് ഒടുങ്ങിപ്പോയ ജീവിതം.

അകന്നുപോകുന്ന വണ്ടിയെനോക്കി ദിവാകരേട്ടന്‍ ഒച്ചയില്ലാതെകരഞ്ഞു. വിജയന്‍ അയാളെ തന്റെ ശരീരത്തോട് ചേര്‍ത്തുപിടിച്ചു. ആ ശരീരം വിറയ്ക്കുന്നത് വിജയനനുഭവപ്പെടുന്നുണ്ടായിരുന്നു.

......................................................

"ഡാ വിജയാ കടലിനിന്ന്‍ എന്നത്തേതിനേക്കാളും ഭംഗിയുണ്ടല്ലേ. കണ്ടില്ലേ പുഞ്ചിരിച്ചു കൊണ്ട് മാടിവിളിക്കുന്നത്?"

കയ്യിലിരുന്ന മണല്‍ താഴേയ്ക്ക് ചൊരിച്ചുകൊണ്ട് ദിവാകരേട്ടന്‍ ചോദ്യഭാവേന വിജയനെ നോക്കി.

"ആണെന്ന്‍ തോന്നുന്നു"

അല്‍പ്പം നിര്‍വ്വികാരതയൊടെ പറഞ്ഞിട്ട് വിജയന്‍ എവിടേയ്ക്കെന്നില്ലാതെ തന്റെ നോട്ടം തിരിച്ചു. ദിവാകരേട്ടന്‍ എഴുന്നേറ്റ് തിരമാലകള്‍ക്കടുത്തേയ്ക്ക് നടന്നു. അലയടിച്ചെത്തുന്ന തിരമാലകള്‍ കണ്ട് അയാള്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കൈകൊട്ടിച്ചിരിക്കുകയും കാല്‍ നനയാതിരിക്കാനെന്നവണ്ണം പുറകിലേയ്ക്കോടി മാറുകയും ചെയ്തു. തിരയിറങ്ങിക്കഴിയുമ്പോള്‍ വീണ്ടും ഉള്ളിലേയ്ക്കിറങ്ങിച്ചെല്ലും. ഈ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കേ വിജയന്‍ അത്ഭുതപ്പെടുകയായിരുന്നു. ഒരു മനുഷ്യനെങ്ങിനെ ഈ വിധം പെരുമാറാനാകുന്നു. സ്വന്തം മകള്‍ ദാരുണമായ് മരിച്ചിട്ട് മാസമൊന്നുകഴിഞ്ഞിട്ടില്ല. അവളെ തീവച്ചുകൊന്ന ഭര്‍ത്താവിനെ ഇതേവരെയും പോലീസിനു പിടിക്കാനുമായിട്ടില്ല. എന്നിട്ടും എങ്ങിനെ ഈ മനുഷ്യനു ഈ വിധം കഴിയുന്നു. മണിക്കുട്ടിയ്ക്ക് പനിപിടിച്ചതുമൂലം താന്‍ മൂന്നാലുദിവസമായി ആശുപത്രിയിലായിരുന്നു. മകള്‍ മരിച്ച ദുഖത്തിലായതുകൊണ്ടാവും ദിവാകരേട്ടന്‍ ആശുപത്രിയിലേയ്ക്ക് വന്നതേയില്ല. ഇന്നിപ്പോള്‍ നാലുദിവസത്തിനുശേഷമാണ് താന്‍ കാണുന്നത്. വീട്ടില്‍ ചെന്നപ്പോള്‍ കാണാത്തപ്പോഴേ ഉറപ്പായിരുന്നു കടപ്പുറത്തുകാണുമെന്ന്‍. സംശയം തെറ്റിയില്ല.

"നമുക്ക് പോകാം ദിവാകരേട്ടാ. മോള്‍ക്ക് നന്നായി കുറഞ്ഞിട്ടില്ല. അതുകൊണ്ട്....."

പാതിയില്‍ നിര്‍ത്തിക്കൊണ്ട് വിജയന്‍ കൈ തട്ടിക്കുടഞ്ഞെഴുന്നേറ്റു.

"എനിക്കിന്ന്‍ കുറേയേറെനേരം ഇവിടിരിക്കണം. എന്റെ മകള്‍ ഞങ്ങളുടെ സ്വപ്നങ്ങളെ ചവിട്ടിമെതിച്ചിറങ്ങിപ്പോയപ്പോള്‍ ഞാനൊന്നു പകച്ചുപോയ്. അപ്പോഴത്തെ ദേഷ്യത്തിനു ഇനി ഇങ്ങിനെ ഒരു മകളില്ലെന്നു ധരിച്ചു. ഒരുവേള ഞാന്‍ അല്‍പ്പം കൂടി വിവേകത്തോടെ പെരുമാറിയിരുന്നെങ്കില്‍ അവളെനിക്ക് നഷ്ടമാകില്ലായിരുന്നു. അവള്‍ക്കൊരു തട്ടുകേട് വന്നപ്പോള്‍ ഞാന്‍ ഒപ്പം നിന്നില്ല. മരിച്ചുകൊണ്ടവളെന്നോട് മാപ്പു ചോദിച്ചു. പതിനേഴുവയസ്സുവരെ ഞാന്‍ പൊന്നുപോലെ നോക്കിയവളെ എന്നില്‍ നിന്നും തട്ടിയെടുത്തില്ലാതാക്കിയവനെ ഞാന്‍ ഇന്നലെയൊന്നു ശരിക്കു കണ്ടു. എന്റെ കുഞ്ഞിനൊരു ശല്യമുണ്ടായാല്‍ അതു ചോദിക്കേണ്ടതെന്റെ കടമയല്ലേ. ഇപ്പോള്‍ അവള്‍ക്ക് മനസ്സമാധാനമായിക്കാണും. ഉറപ്പ്. എന്നോടവള്‍ ക്ഷമിച്ചും കാണും."

ആ വാക്കുകള്‍ കേട്ട് വിജയന്‍ അമ്പരപ്പോടെ ദിവാകരേട്ടനെ നോക്കി.

"ദിവാകരേട്ടാ നിങ്ങള്‍...."

വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങിയപോലെ വിജയന്‍ വിഷമിച്ചു.

"നീ പൊയ്ക്കോ വിജയാ. മോള്‍ക്ക് സുഖമില്ലാത്തതല്ലേ. എനിക്ക് ഇന്നു ഒരുപാട് നേരം ഇവിടിരിക്കണം. എന്റെ കഥയും സങ്കടവുമൊക്കെ കേള്‍ക്കാനും അറിയാനും ദാ.. ഇവള്‍ മാത്രമല്ലേയുള്ളൂ. ഞാനവളോട് സംസാരിക്കട്ടെ"

കുറച്ചുസമയം കൂടി അവിടെ നിന്നിട്ട് വിജയന്‍ തിരിഞ്ഞുനടന്നു. ദിവാകരേട്ടനെഴുന്നേറ്റ് കടലിനെ പുല്‍കാനും.

പിറ്റേന്ന്‍ പുലര്‍ച്ചെ നടക്കാനിറങ്ങിയവരില്‍ ആരോ ഒരാളാണ് ആ കാഴ്ചകണ്ടത്. മണലിനെ പുണര്‍ന്നെന്നവണ്ണം കമിഴ്ന്നുകിടക്കുന്ന ആ ശരീരം. വാര്‍ത്തയറിഞ്ഞ് വിജയന്‍ കടപ്പുറത്തേയ്ക്ക് കുതിച്ചെത്തി. ആ നിര്‍ജ്ജീവശരീരം കണ്ട് വിജയനു തല കറങ്ങുന്നതായി തോന്നി. സകലമാന ദുരിതങ്ങളില്‍ നിന്നും വിടുതല്‍നേടിക്കൊണ്ടുള്ള കിടപ്പ്. പതിയെ ആള്‍ക്കൂട്ടത്തിനു കനം വച്ച് തുടങ്ങി. അപ്പോഴും വിറങ്ങലിച്ച ആ കാല്‍പ്പാദങ്ങളില്‍
കടല്‍ത്തിരകള്‍ ഒന്നിനു പിറകേ മറ്റൊന്നായി വന്നു തഴുകിപ്പൊയ്ക്കൊണ്ടിരുന്നു.

എത്രയോ നാളുകളായി തന്നോട് ഇടതടവില്ലാതെ ചോദിച്ചു കൊണ്ടിരുന്ന എണ്ണമില്ലാത്ത ചോദ്യങ്ങള്‍ക്കും കഥകള്‍ക്കുമുള്ള മറുപടികള്‍ നല്‍കുകയായിരുന്നുവോ അവ അതോ തിരിച്ചൊരു കഥ ചൊല്ലിക്കേള്‍പ്പിക്കുകയായിരുന്നോ....????
ശ്രീക്കുട്ടന്‍

Wednesday, April 9, 2014

ഉത്സവസമാപനദിനം

"അപ്പോള്‍ ഇത്തവണയും കുറുപ്പ് ചേട്ടന്‍ തന്നയാണല്ലേ ഉത്സവക്കമ്മറ്റി പ്രസിഡന്റ്?".

ചായ മൊത്തിക്കുടിച്ചുകൊണ്ട് കുട്ടപ്പന്‍ നാണുവിനോടായി ചോദിച്ചു.

"പിന്നല്ലാതേ. അതു പിന്നെ കുറുപ്പ് ചേട്ടനെക്കൊണ്ടല്ലാതെ ആരെക്കൊണ്ട് ഉത്സവം ഗംഭീരായിട്ട് നടത്താന്‍ പറ്റും. കഴിഞ്ഞതവണത്തെ ഉത്സവം എന്നാ പൊടിപ്പായിരുന്നു. ഹൊ..പിന്നെ പ്ലാപ്പനയിലെ കുമാരന്‍ നായര്‍ക്ക് ഇത്തവണ നല്ല താല്‍പ്പര്യമൊണ്ടാരു‍ന്നു. പക്ഷേ സപ്പോര്‍ട്ട് കൂടുതലും കുറുപ്പിനായിരുന്നു. ഇരുകൂട്ടരും ഒന്നും രണ്ടും പറഞ്ഞ് ഇച്ചിരി മുഷിച്ചിലൊക്കെയുണ്ടാക്കേം ചെയ്തു. ഒടുവില്‍ കുമാരന്‍ നായരും കൂട്ടരും കമ്മറ്റീന്ന്‍ എറങ്ങിപ്പോയി. ആ നായര് അല്‍പ്പം വാശിയിലാണെന്നു തോന്നുന്നു.എന്തായാലും ഇത്തവണ ഉത്സവത്തിന് എന്തെങ്കിലുമൊക്കെ നടക്കും."

എണ്ണയില്‍ കിടന്നു തുള്ളിക്കളിക്കുന്ന പരിപ്പുവടകളിളക്കിക്കൊണ്ട് നാണു പറഞ്ഞു.

"ഹൊ ഒരു പുല്ലും നടക്കൂല്ല. പഴയതുപോലെ ഗംഭീരമായിട്ട് ഉത്സവം നടക്കും. കുറുപ്പേട്ടന്‍ മുന്നീ നിന്ന്‍ നടത്തും. അത്ര തന്നെ. പിരിവെന്നാണു തൊടങ്ങുന്നതെന്നു വല്ലോമറിയാവോ നാണുവണ്ണാ. അതിന്റെ കൂടെ കൂടിയാ ചുമ്മാ ചെലവെങ്കിലും നടക്കൂല്ലോ"

"എടാ കുട്ടപ്പാ. പിരിവിനായിട്ട് നടക്കാതെ നെനക്കു വല്ല ജോലിക്കും പൊക്കൂടേടാ. ഇപ്പോ ഉച്ചവരെ വല്ല വെട്ടേം കെളക്കേം ചെയ്താ രൂപാ അഞ്ഞൂറാ കിട്ടണത്.അല്ലെങ്കി തന്നെ നിനക്ക് മേശിരിപ്പണിക്ക് പൊക്കൂടേ. നീ അതല്ലേ ചെയ്തോണ്ടിരുന്നത്".

"പൊന്നു നാണുവേട്ടാ പണ്ടത്തെപ്പോലെ മേലാഞ്ഞിട്ടല്ലേ. നടുവൊക്കെ കൊഴപ്പത്തിലാ. അന്നു കെട്ടിടത്തിന്റെ മോളീന്ന്‍ വീണതിപ്പിന്നെ ആകെ എടങ്ങേറാ. മണിയന്‍ മേസ്തിരി എന്നും വിളിക്കുന്നൊണ്ട്. പക്ഷേ ഞാനിനി എന്തായാലും മേശിരിപ്പണിക്കൊന്നും പോണില്ല.അല്ല ഉത്സവത്തിനു നാണുവേട്ടനു കച്ചോടം കാണുമല്ലോ. എന്നെക്കൂടി നിര്‍ത്തിക്കൂടേ?"

"ഞാനിങ്ങനെയെങ്കിലും ജീവിക്കണത് നെനക്കൊട്ടും പിടിക്കണില്ലല്ലേടാ. രണ്ടുകൊല്ലം മുമ്പ് നിന്നെക്കൂടെ നിര്‍ത്തിയതിന്റെ ക്ഷീണം ഒന്നു മാറിവരുന്നതേയുള്ളു"

"അതു ചേട്ടാ അന്നൊരബദ്ധം പറ്റിയതല്ലേ. ചായ ചൂടില്ലെന്നും പറഞ്ഞെന്റെ തന്തക്കു വിളിച്ചാ ഞാന്‍ പിന്നെന്തോ ചെയ്യണം. എനിക്കു ദേക്ഷ്യം വന്നപ്പം ഞാനവന്റെ ചെപ്പക്കൊന്നു കൊടുത്തു. അതിനവന്‍ ആളിനെകൂട്ടി വന്ന്‍ കടതല്ലിപ്പൊളിച്ചതും ചേട്ടനെ തല്ലിയതും എന്റെ കുറ്റമാണോ. എനിക്കും പൂരെക്കിട്ടിയല്ലോ അന്ന്‍"

"ഹേയ് നിന്റെ കുറ്റമല്ല. എന്റെ മാത്രം കുറ്റമാണ്. പണിയൊന്നുമില്ലാതെ തെണ്ടി നടക്കണകണ്ടപ്പം പിടിച്ചു കടയില്‍ നിര്‍ത്തിയത് എന്റെ തെറ്റു തന്നെയാണു"

"എന്റെ പൊന്നു ചേട്ടാ കഴിഞ്ഞതെല്ലാം കഴിഞ്ഞു. ഇത്തവണ ഞാന്‍ ഒരു കുഴപ്പവുമൊണ്ടാക്കില്ല. അമ്മച്ചിയാണെ സത്യം. എന്നെക്കൂടി നിര്‍ത്തണം. ഇത്തവണത്തെ കച്ചവടം നമുക്കു പൊടിപൊടിക്കണം".

"ങ്..ഹാ നമുക്കാലോചിക്കാം. നീ പോയി ഒരു കൊടം വെള്ളം കോരിക്കൊണ്ടു വാ"

ഒരു തടിയന്‍ കുടമെടുത്ത് കുട്ടപ്പന് കൊടുത്തിട്ട് നാണുനായര്‍ അടുപ്പില്‍ നിന്നും എണ്ണപ്പാത്രമിറക്കിവച്ചു. ഗ്ലാസ്സിലുണ്ടായിരുന്ന ചായ ഒച്ചയുണ്ടാക്കി അകത്തേയ്ക്കിറക്കിയിട്ട് ഗ്ലാസ്സ് മേശമേല്‍ വച്ചശേഷം കുടവുമെടുത്ത് കുട്ടപ്പന്‍ മെല്ലെ അടുത്തവീട്ടിലെ കിണറ്റിന്‍ കരയിലേയ്ക്ക് നടന്നു.

കുട്ടപ്പനു വയസ്സ് പത്തിരുപത്താറായി. അകന്ന ബന്ധത്തിലുള്ള ഒരു അമ്മുമ്മ മാത്രമേ അവനു ആകെയുള്ളു. അച്ഛനുമമ്മയുമൊക്കെ അവന്റെ ചെറുപ്പത്തിലേ മരിച്ചു. ആളല്‍പ്പം വശപ്പിശകായതുകൊണ്ടും  കയ്യിലിരുപ്പിന്റെ ഗുണംകൊണ്ടും ഇടക്കിടയ്ക്ക് നല്ലത് കിട്ടാറുണ്ട്. നിസ്സാരകാര്യങ്ങള്‍ പോലും കുട്ടപ്പന്റെ മുമ്പിലെത്തിയാല്‍ ഒരു കര്‍ഫ്യൂ പ്രഘ്യാപിക്കുന്ന അളവിലാക്കി മാറ്റാന്‍ വല്ലാത്ത കഴിവാണാശാനു. ചന്തയില്‍ മുറുക്കാന്‍ കച്ചവടം ചെയ്യുന്ന സരസാക്ഷിയമ്മയുടെ ഇളയമകള്‍ രമയുമായി ആശാനൊരു ചെറിയ ചുറ്റിക്കളിയുണ്ട്. സരസാക്ഷിയമ്മ അറിയുന്നതോടുകൂടി അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമാവും.

ഉത്സവത്തിന് കൊടിയേറിയതോടെ നാണുനായരുടെ ചായക്കടയില്‍ തിരക്കു കൂടി. ചായകൊടുക്കുവാനും എണ്ണപ്പലഹാരങ്ങളുണ്ടാക്കുന്നതിനും പൈസ മേടിക്കുന്നതിനും എല്ലാം സമയം കിട്ടാതായതോടെ നായര്‍ എന്തെങ്കിലും വരട്ടെ എന്നുകരുതി കുട്ടപ്പനെ തന്റെ അസ്സിസ്റ്റന്റായി നിയമിച്ചു. പണ്ടു കിട്ടിയതിന്റെ വേദന ഇപ്പോഴും മാറാത്തതുകൊണ്ട് നിയമനത്തിനുമുമ്പു തന്നെ കുട്ടപ്പനായി ഒണ്‍ അവര്‍ ഉപദേശക്ലാസ്സുമെടുത്തിരുന്നു നാണുനായര്‍. ആശാന്റെ വാക്കുകള്‍ ശിരസ്സാ വഹിച്ച അരുമശിഷ്യന്‍ പറന്നു പറന്നു പണിയെടുത്തുകൊണ്ടിരുന്നു.

"സുമതിയേ നാളെമൊതല്‍ ഒരു രണ്ടുലിറ്റര്‍ പാലുകൂടി വേണ്ടിവരും കേട്ടോ"

വൈകിട്ട് പാലുമായി പാല്‍ക്കാരി സുമതി വന്നപ്പോ നാണുനായര്‍ പറഞ്ഞു.

"എന്റെ നാണ്വേട്ടാ കറവ കൊറവാണു. ഇതു തന്നെ പാടാണ്. അതോണ്ട് കൂടുതലു വേണോങ്കി സൊസൈറ്റീന്ന്‍ മേടിക്കണം".

മേത്തിട്ടിരുന്ന തോര്‍ത്തെടുത്ത് മുഖത്തെ വിയര്‍പ്പുതൊടച്ചുകൊണ്ട് സുമതി പറഞ്ഞു.


"എന്താ സുമതി അതിനെടയ്ക്കു നിന്റെ കറവ വറ്റിയോ"

കയ്യിലിരുന്ന ചായഗ്ലാസ്സ് ചുണ്ടോടു ചേര്‍ത്തുകൊണ്ട് സുമതിയെതന്നെ നോക്കിക്കൊണ്ട് കുട്ടപ്പന്‍ ചോദിച്ചു.

"ത്..ഫാ നാറീ..."

സുമതിയുടെ ശക്തിമത്തായ ആ ആട്ടില്‍ കടമുഴുവന്‍ തകര്‍ന്നുവീണതായി നാണുനായര്‍ക്കു തോന്നി. കുട്ടപ്പന്റെ കയ്യിലിരുന്ന ഗ്ലാസ്സും ചായയും തറയില്‍ വീണു തവിടുപൊടിയായി.

ചവിട്ടിക്കുലുക്കി സുമതി നടന്നുപോയപ്പോള്‍ നാണുനായര്‍ കുട്ടപ്പനെ അതിരൂക്ഷമായൊന്നു നോക്കി. ആ നോട്ടം നേരിടാനാവാതെ കുട്ടപ്പന്‍ കുനിഞ്ഞ് തറയില്‍ ചിതറിക്കിടന്ന ഗ്ലാസ്സ് കഷണങ്ങള്‍ കടലാസില്‍ പെറുക്കിയെടുത്തു.

ഉത്സവം കൊഴുക്കുകയായിരുന്നു. ഇതിനിടക്കു ഉത്സവകമ്മിറ്റിപ്രസിഡന്റ് കുറുപ്പും കുമാരന്‍ നായരും തമ്മില്‍ പലയിടത്തുവച്ചും ചില്ലറ വാഗ്വാദങ്ങളൊക്കെയുണ്ടായി. ഭൂരിപക്ഷപിന്തുണയുള്ള കുറുപ്പിനെ നേരിട്ടൊന്നും ചെയ്യാന്‍ പറ്റില്ലെന്നറിയാമായിരുന്ന കുമാരന്‍ നായര്‍ ഉത്സവം തീരുന്നതിനിടയ്ക്കു ഒരു പണി കൊടുപ്പിക്കുന്നതിനായി ഒന്നുരണ്ടുപേരെ രഹസ്യമായി എടപാടു ചെയ്തു. ഫേമസ് കൊട്ടേഷന്‍ താരങ്ങളായ കവടി സുജി, എരപ്പന്‍ പ്രകാശന്‍ എന്നിവര്‍ സസന്തോഷം ആ കൊട്ടേഷനേറ്റെടുത്തു.

"കൂടുതലൊന്നും ചെയ്യണ്ട. മറ്റന്നാള്‍ തീരുവടിയാണ്. എഴുന്നള്ളത്തും മറ്റും അമ്പലത്തില്‍ കേറുന്ന സമയത്ത് നിങ്ങളതൊന്നു കലക്കണം. അത്രേയുള്ളു. കുറുപ്പിന്റെ അഹങ്കാരം അതോടെ തീര്‍ന്നുകൊള്ളും. എനിക്കതു മതി. പിന്നൊരു കാര്യം ഞാനാണിതു ചെയ്യിപ്പിച്ചതെന്നു ഒരു ഈച്ചക്കുഞ്ഞുപോലുമറിയരുതു."

മടിയില്‍ നിന്നും ഒരു കെട്ടു നോട്ടെടുത്ത് നീട്ടിക്കൊണ്ട് കുമാരന്‍ നായര്‍ പ്രകാശനെ നോക്കി.


"നിങ്ങള്‍ ധൈര്യമായിപ്പോവീന്‍ നായരേ. ഇതു ഞങ്ങളേറ്റു".

പണം വാങ്ങി മടിയില്‍ വച്ചിട്ട് പ്രകാശന്‍ മറുകയ്യിലിരുന്ന കത്തികൊണ്ട് മുഖമൊന്നു ചൊറിഞ്ഞു.

"എടാ കുട്ടപ്പാ നീ പെണ്ണുങ്ങളേം വായിനോക്കി നിക്കാതെ വല്ലതും ചെയ്യടാ".

കടയിലെ തിരക്കില്‍ പരവേശപ്പെട്ടു നാണു നായര്‍ കുട്ടപ്പനോടായി പറഞ്ഞു. സമയം സന്ധ്യയാവാറായി. താലപ്പൊലിയേന്തിയ ബാലികമാരും അവരുടെ കൂടെയുള്ള അംഗനമാരും പിന്നെ ചെണ്ടമേളവും തെയ്യവും ആനയും എല്ലാമായി എഴുന്നള്ളത്ത് അമ്പലത്തിനു മുമ്പിലെത്താറായി. എല്ലാത്തിന്റേയും മുന്‍ പന്തിയില്‍ തന്നെ പ്രസിഡന്റ് കുറുപ്പും പരിവാരങ്ങളും ഉണ്ടായിരുന്നു. അല്‍പ്പം അകലെയായി മാറി നിന്ന കുമാരന്‍ നായര്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു.‍ നാണുനായരുടെ ചായക്കടയുടെ കോലായില്‍ നില്‍ക്കുന്ന സുജിയേയും പ്രകാശനേയും കണ്ട കുമാരന്‍ നായര്‍ കണ്ണുകൊണ്ടവരോടു കാര്യമന്യോഷിച്ചു. പ്രകാശന്‍ തന്റെ കയ്യില്‍ ഭദ്രമായി പൊതിഞ്ഞുവച്ചിരുന്ന നാടന്‍ ബോംബ് നായരെക്കാട്ടി എല്ലാം ശരിയാ​ണെന്ന ഭാവത്തില്‍ കണ്ണടച്ചുകാട്ടി. നായര്‍ കുറച്ചുകൂടി ഒതുങ്ങിനിന്നു. 

താലപ്പൊലിയുടെ കൂടെ വരുന്ന തന്റെ ലവര്‍ രമയെക്കണ്ടതും കുട്ടപ്പന്റെ മനസ്സില്‍ നൂറു കതിനകള്‍ ഒരുമിച്ചു പൊട്ടി. തന്നെ തിരയുന്ന അവളുടെ മിഴികളുമായി കുട്ടപ്പന്റെ കണ്ണുകള്‍ കൂട്ടിയിടിച്ചു. ആവേശം മൂത്ത കുട്ടപ്പന്‍ മുന്നോട്ടൊന്നാഞ്ഞതും തറയില്‍ കിടന്ന പഴത്തൊലിയില്‍ തെന്നി കയ്യിലിരുന്ന ചൂടു ചായ മുന്‍പില്‍ നിന്ന പ്രകാശന്റെ പുറത്തേയ്ക്കു മറിഞ്ഞതും ഒരുമിച്ചായിരുന്നു. ചൂടുചായ പുറത്തുവീണ പ്രകാശന്‍ അലറിക്കൊണ്ട് ഒന്നു കുതിച്ചുപൊങ്ങി. കയ്യിലിരുന്ന പൊതി എവിടേയ്ക്കോ തെറിച്ചുപോയി. ചെണ്ടമേളത്തിന്റെ ബഹളത്തിലും ആര്‍പ്പുവിളിയിലും ഇതൊന്നുമറിയാതെ എഴുന്നള്ളത്ത് മുഞ്ഞോട്ടു നീങ്ങി. പെട്ടന്നാണതുണ്ടായത്. ആ പ്രദേശം മുഴുവന്‍ കിടുങ്ങിവിറയ്ക്കുന്നതരത്തില്‍ ഒരു ഒച്ചയോടെ നാണുനായരുടെ ചായക്കടയുടെ ഒരു ഭാഗം ആകാശത്തേക്കുയര്‍ന്നു ചിതറി. ആ ഭാഗം മുഴുവന്‍ പുകകൊണ്ടു മൂടി. അന്തം വിട്ട ആള്‍ക്കാര്‍ നിലവിളിയും ബഹളവുമായി നാലുപാടും ചിതറിയോടി. ബഹളം കണ്ട് വിരണ്ട് പരക്കം പാഞ്ഞ ആനയുടെ പുറത്തുനിന്നും വീഴാതിരിക്കുവന്‍ പോറ്റി കിണഞ്ഞുശ്രമിക്കുന്നുണ്ടായിരുന്നു. കുറച്ചുസമയത്തിനകം പുകയെല്ലാമടങ്ങുകയും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുകയും ചെയ്തപ്പോള്‍.....

പ്രകാശന്റെ കയ്യില്‍ നിന്നും തെറിച്ചുപോയ നാടന്‍ബോംബ് ചെന്നുവീണത് നാണുനായരുടെ സ്റ്റൊവ്വിനടുത്തായിട്ടായിരുന്നു. നിമിഷങ്ങള്‍ക്കകം സ്റ്റൌവ്വിന്റെ ചൂടിനോടുള്ള ദേക്ഷ്യം തീര്‍ക്കാനെന്നോണം നാടന്‍ ബോംബ് അതിന്റെ തനിക്കൊണം കാണിച്ചതു മൂലമാണ് ആ മഹനീയമായ പൊട്ടിത്തെറിയുണ്ടായത്. നാണുനായരുടെ ചായക്കടയുടെ ചെറിയൊരവശിഷ്ടം മാത്രം ബാക്കിയായി. തിരിച്ചറിയാന്‍ വയ്യാത്തവിധം രൂപം മാറിപ്പോയ നാണുനായര്‍, ഭാഗികമായി തകര്‍ന്നുതരിപ്പണമായ കുട്ടപ്പന്‍, പ്രകാശന്‍ എന്നീ മാന്യമഹാജനങ്ങളേയും വഹിച്ചുകൊണ്ടുള്ള വാഹനം ആശുപത്രിയിലേയ്ക്കു കുതിച്ചുകൊണ്ടിരുന്നു. ആന ഇടഞ്ഞപ്പോള്‍ പലരും പലവഴിക്കോടിയപ്പോള്‍ അതിനൊപ്പം ഓടുകയും അല്‍പ്പമകലെയുണ്ടായിരുന്ന‍ കല്ലുവെട്ടുകുഴിയില്‍ വീണു കാലൊടിഞ്ഞ് ബോധം മറഞ്ഞുപോയ കുമാരന്‍ നായരുടെ‍ ബോധം അപ്പോഴും വന്നിരുന്നില്ല. കടയുടെ സൈഡില്‍ നിന്ന കവടി സുജി ഓടിയവഴിയില്‍ പുല്ലുകള്‍ മുളച്ചുതുടങ്ങുന്നതേയുണ്ടായിരുന്നുള്ളു. പലവഴിക്കോടിയ ചെണ്ടക്കാരും തെയ്യക്കാരും വഴിയറിയാതെ ഇരുട്ടത്ത് ചുറ്റിക്കളിക്കുന്നുണ്ടായിരുന്നു. കമ്മറ്റിപ്രസിഡന്റ് കുറുപ്പും കുറച്ചു സില്‍ബന്ധികളും മാത്രം ആളൊഴിഞ്ഞ പറമ്പില്‍ അന്ധാളിച്ചെന്നവണ്ണം നില്‍ക്കുന്നുണ്ടായിരുന്നു

ശുഭം

ശ്രീക്കുട്ടന്‍

Monday, April 7, 2014

ചെറിയ ചില അറിവുകള്‍ - ഭാഗം 2

പലയിടത്തായി ചിതറിപ്പോയവ ഒരുമിച്ചൊരിടത്താക്കാനുള്ള ഒരു ശ്രമം മാത്രം. ഒന്നുമെന്റേതല്ല. പലയിടത്തുനിന്നുമായ് ശേഖരിച്ചിട്ടുള്ളതും കേട്ടറിവുകളുടേയും വായിച്ചറിവിന്റേയും മറ്റും അടിസ്ഥാനത്തില്‍ നടത്തുന്ന ഒരു ശ്രമം മാത്രം. വിട്ടുപോയിട്ടുള്ളവ എന്തെങ്കിലും ഉണ്ടെങ്കില്‍ അറിയാവുന്നവര്‍ ചേര്‍ത്തു സഹായിക്കുക.  ഈ കുറിപ്പിന്റെ ആദ്യഭാഗം താഴെയുള്ള ലിങ്കില്‍ നോക്കിയാല്‍ നോക്കിക്കാണാവുന്നതാണ്.

ചെറിയ ചില അറിവുകള്‍ - ഭാഗം 1


അഷ്ടദിക്പാലര്‍

1.ഇന്ദ്രന്‍
2.അഗ്നി
3.യമന്‍
4.നിരൃതി
5.വരുണന്‍
6.വായു
7.കുബേരന്‍
8.ശിവന്‍

ലോകത്തിന്റെ എട്ടുദിക്കുകളുടെ കാവല്‍ക്കാരാണ് അഷ്ടദിക്പാലര്‍. കിഴക്ക് ഇന്ദ്രനും തെക്കുകിഴക്ക് അഗ്നിയും യമന്‍ തെക്കും തെക്കുപടിഞ്ഞാറു നിര്യതിയും വരുണന്‍ പടിഞ്ഞാറും വായു വടക്കുപടിഞ്ഞാറും കുബേരന്‍ വടക്കും ശിവന്‍ വടക്കുകിഴക്കുഭാഗവും കാത്തുസൂക്ഷിക്കുന്നു.

അഷ്ട ദിഗ്ഗജങ്ങള്‍

1. ഐരാവതം
2. പണ്ടരീകാന്‍
3. വാമനന്‍
4. കുമുദന്‍
5. അഞ്ചനന്‍
6. പുഷ്പദന്‍
7. സാര്‍വ ഭൌമന്‍
8. സുപ്രതീകന്‍

അഷ്ടദിക്കുകളിലായ് നിലയുറപ്പിച്ചിരിക്കുന്ന ഗജശ്രേഷ്ടന്മാരാണ് അഷ്ട ദിഗ്ഗജങ്ങള്‍.

അഷ്ടവൈദ്യമ്മാര്‍

1.കുട്ടഞ്ചേരിമൂസ്സ്
2.പുലാമന്തോള്‍ മൂസ്സ്
3.ചിരട്ടമണ്‍ മൂസ്സ്
4.തൈക്കാട്ടുമൂസ്സ്
5.ഇളയിടത്തുതൈക്കാട്ടുമൂസ്സ്
6.വെള്ളോട്ട്മൂസ്സ്
7.ആലത്തൂര്‍ നമ്പി
8.ഒളശ്ശമൂസ്സ്

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാലയില്‍ അഷ്ടവൈദ്യന്മാരെക്കുറിച്ച് പ്രത്യേകം പ്രത്യേകം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

എട്ടുവീട്ടില്‍ പിള്ളമാര്‍

1. കഴക്കൂട്ടത്തു പിള്ള
2. രാമനാമഠം പിള്ള
3. ചെമ്പഴന്തിപ്പിള്ള
4. കുടമണ്‍ പിള്ള
5. വെങ്ങാനൂര്‍ പിള്ള
6. മാര്‍ത്താണ്ഡം പിള്ള
7. പള്ളിച്ചല്‍ പിള്ള
8. കൊളത്തൂര്‍ പിള്ള

തിരുവിതാം കൂറിലെ പ്രബലരായ കുടുംബക്കാരായിരുന്നു എട്ടുവീട്ടില്‍ പിള്ളമാരുടേത്. യുവാവായിരുന്ന മാര്‍ത്താണ്ഡവര്‍മ്മയെ അപായപ്പെടുത്താനും രാജ്യത്ത് അന്തച്ഛിദ്രമുണ്ടാക്കുവാനും ഇവര്‍ ശ്രമിക്കുകയുണ്ടായി. ഭയന്നു നാടുവിടേണ്ടിവന്ന മാര്‍ത്താണ്ഡവര്‍മ്മ ഒടുവില്‍ മടങ്ങിവരുകയും എട്ടുവീട്ടില്‍ പിള്ളമാരെ മുഴുവന്‍ നിഗ്രഹിക്കുകയും അവരുടെ സ്ത്രീജനങ്ങളെ തുറയേറ്റുകയും തറവാടുകള്‍ കുളം തോണ്ടുകയും ചെയ്തു

വിക്രമാദിത്യ സദസ്സിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന കവിശ്രേഷ്ഠര്‍

1. ക്ഷപണകന്‍
2. ധന്വന്തരി
3. കാളിദാസന്‍
4. അമരസിംഹന്‍
5. വരാഹമിഹിരന്‍
6. വരരുചി
7. ശങ്കു
8. വേതാളഭട്ടന്‍
9. ഹരിസേനന്‍

വിക്രമാദിത്യസദസ്സിലെ ഈ കവിശ്രേഷ്ടന്മാരില്‍ അഗ്രഗണ്യന്‍ കാളിദാസന്‍ തന്നെയായിരുന്നു. രാജാവിന്റെ പ്രത്യേക പ്രീതിയ്ക്ക് പാത്രീഭവിച്ചിരുന്നതും കാളിദാസന്‍ തന്നെ. വിക്രമോര്‍വ്വശീയം,കുമാരസംഭവം,മേഘസന്ദേശം തുടങ്ങി വിഖ്യാതങ്ങളായ നിരവധി കൃതികളുടെ കര്‍ത്താവായിരുന്നു ഇദ്ദേഹം.

നവരത്നങ്ങള്‍

1. വജ്രം
2. മരതകം
3. പുഷ്യരാഗം
4. വൈഡൂര്യം
5. ഇന്ദ്രനീലം
6. ഗോമേദകം
7. പവിഴം
8. മുത്ത്
9. മാണിക്യം

ജ്യോതിഷപ്രകാരമുള്ള നവഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണ് നവരത്നങ്ങള്‍. വജ്രം ശുക്രനേയും മരതകം ബുധനേയും പുഷ്യരാഗം വ്യാഴത്തേയും വൈഡൂര്യം കേതുവിനേയും ഇന്ദ്രനീലം ശനിയേയും ഗോമേദകം രാഹുവിനേയും പവിഴം ചൊവ്വയേയും മുത്ത് ചന്ദ്രനേയും മാണിക്യം സൂര്യനേയും പ്രതിനിദാനം ചെയ്യുന്നു.

നവഗ്രഹങ്ങള്‍ - ജ്യോതിഷ പ്രകാരം

1. സൂര്യന്‍
2. ചന്ദ്രന്‍
3. ചൊവ്വ
4. ബുധന്‍
5. വ്യാഴം
6. ശുക്രന്‍
7. ശനി
8. രാഹു
9. കേതു

നവരസങ്ങള്‍

1. ശൃംഗാരം
2. കരുണം
3. വീരം
4. രൌദ്രം
5. ഹാസ്യം
6. ഭയാനകം
7. ബീഭത്സം
8. അത്ഭുതം
9. ശാന്തം

രതി എന്ന സ്ഥായിഭാവം രസമായി വികാസം പ്രാപിച്ച അവസ്ഥയാണ് ശൃംഗാരം. ശോകമാണ് കരുണത്തിന്റെ സ്ഥായിഭാവം.ഉത്തമന്മാരിലാണ് വീരം ഉണ്ടാകുന്നത്.മറ്റുള്ളവർ ചെയ്യുന്ന ദ്രോഹപ്രവര്‍ത്തികള്‍ക്ക് പ്രതിക്രിയ ചെയ്യാനുള്ള അഭിനിവേശത്തോടുകൂടിയ ക്രോധമാണ് രൌദ്രം. ഹാസ്യത്തിന്റെ ഭാവം ചിരിയാണ്.വികൃതമായ രൂപം, വേഷം, സംസാരം മുതലായവയാണ് ചിരിക്ക് കാരണം. ഭയമെന്ന ഭാവത്തിന്റെ ആത്മാവാണ് ഭയാനകം. ഇഷ്ടപ്പെടാത്ത വസ്തുക്കളെയോ കാര്യങ്ങളെയോ പറ്റി കേൾക്കുകയോ ഓർമ്മിക്കുകയോ അവയെ കാണുകയോ ചെയ്യുന്നതിൽനിന്നും ബീഭത്സം ഉണ്ടാകുന്നു. വിസ്മയിപ്പിക്കുന്ന കാഴ്ചകളുടേയും വാര്‍ത്തകളുടേയും ഭാവമാണ് അത്ഭുതം. സുഖദുഃഖങ്ങളില്ലാത്ത, രാഗദ്വേഷാദികളില്ലാത്ത ഒരവസ്ഥയാണ് ശാന്തം.

അര്‍ജ്ജുനന്റെ 10 പേരുകള്‍

1. അര്‍ജ്ജുനന്‍
2. ഫള്‍ഗുണന്‍
3. പാര്‍ത്ഥന്‍
4. വിജയന്‍
5. കിരീടി
6. ശ്വേതവാഹനന്‍
7. ധനഞ്ജയന്‍
8. ബീഭത്സു
9. സവ്യസാചി
10.ജിഷ്ണു

"അർജ്ജുനൻ ഫൽഗുനൻ പാർഥൻ വിജയനും,
വിശ്രുതമായപേർ പിന്നെ കിരീടിയും
ശ്വേതാശ്വനെന്നും ധനഞ്ജയൻ ജിഷ്ണുവും
ഭീതീഹരം സവ്യസാചി വിഭത്സുവും
പത്തുനാമങ്ങളും നിത്യം ജപിക്കലോ
നിത്യഭയങ്ങളകന്നുപോം നിശ്ചയം"

അര്‍ജ്ജുനന് ഈ പത്തുപേരുകള്‍ കിട്ടാന്‍ കാരണം.

വെളുപ്പുനിറമുള്ളവനായതുകൊണ്ട് അര്‍ജ്ജുനന്‍ എന്നും ഫാള്‍ഗുണമാസത്തില്‍ ജനിച്ചതുകൊണ്ട് ഫള്‍ഗുണന്‍ എന്നും പൃഥയുടെ പുത്രന്‍ (കുന്തിയുടെ യഥാര്‍ത്ഥ നാമം പൃഥ എന്നാണ്) ആയതുകൊണ്ട് പാര്‍ത്ഥന്‍ എന്നും ആയോധനവിദ്യകളില്‍ എല്ലാം ജയിച്ചതുകൊണ്ട് വിജയനെന്നും ഇന്ദ്രന്‍ ദേവസിംഹാസനത്തില്‍ ഇരുത്തി തന്റെ കിരീടമണിയിച്ചതുകൊണ്ട് കിരീടിയെന്നും വെളുത്ത നിറമുള്ള കുതിര വാഹനമാക്കിയതുകൊണ്ട് ശ്വേതവാഹനന്‍ എന്നും രാജസൂയയാഗത്തില്‍ ഏറ്റവും കൂടുതല്‍ ധനസമ്പാദനം നടത്തിയതുകൊണ്ട് ധനഞ്ജയന്‍ എന്നും ശത്രുക്കള്‍ എപ്പോഴും ഭയപ്പാടോടുകൂടി നോക്കിക്കാണുന്നവനായതുകൊണ്ട് ബീഭത്സു എന്നും ഇരുകയ്യിലും വില്ലേന്തി ഇരട്ട ലക്ഷ്യങ്ങളിലേക്ക് ഒരേസമയം അമ്പെയ്യുന്നവനായതുകൊണ്ട് സവ്യസാചി എന്നും വിഷ്ണുവിനു(കൃഷ്ണന്‍) പ്രീയങ്കരനായതുകൊണ്ട് ജിഷ്ണു എന്നും അറിയപ്പെടുന്നു.

ദശാവതാരങ്ങള്‍

1. മത്സ്യം
2. കൂര്‍മ്മം
3. വരാഹം
4. നരസിംഹം
5. വാമനന്‍
6. പരശുരാമന്‍
7. ശ്രീരാമന്‍
8. ബലരാമന്‍
9. ശ്രീകൃഷ്ണന്‍
10.കല്‍ക്കി

ഹിന്ദു പുരാണങ്ങളനുസരിച്ച് മഹാവിഷ്ണുവിന്റെ അംശാവതാരങ്ങളാണു ദശാവതാരങ്ങള്‍ എന്നറിയപ്പെടുന്നത്. ബലരാമനെ ഒഴിവാക്കി ബുദ്ധനെ ഉള്‍പ്പെടുത്തിയും ദശാവതാരസങ്കല്‍പ്പമുണ്ട്. എല്ലാ അവതാരങ്ങളും 1200 ദിവ്യവര്‍ഷങ്ങള്‍ ഇടവിട്ടാണ്‌ സംഭവിക്കുന്നത്‌. കൃതയുഗം(സത്യയുഗം),ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങിനെയാണു നാലു യുഗങ്ങള്‍. സത്യയുഗത്തില്‍ മത്സ്യം,കൂര്‍മം, വരാഹം,നരസിംഹം എന്നിവയും വാമനന്‍, പരശുരാമന്‍,ശ്രീരാമന്‍ ത്രേതായുഗത്തിലും ബലരാമനും ,ശ്രീകൃഷ്ണന്‍ ദ്വാപരയുഗത്തിലും കല്‍ക്കി കലിയുഗത്തിലും അവതരിക്കുന്നു. അവതാരങ്ങളില്‍ കല്‍ക്കി അവതാരം ഇതേവരെ ഉണ്ടായിട്ടില്ല.കലിയുഗത്തിന്റെ അവസാനത്തിൽ ലോകം അധർമ്മങ്ങളായ പ്രവൃത്തികളെക്കൊണ്ട് നിറയും. ഈ കാലഘട്ടത്തിൽ മഹാവിഷ്ണു കൽക്കിയായി അവതരിച്ച് ദുഷ്ടനിഗ്രഹം നടത്തും എന്നാണ് സങ്കല്‍പ്പം.

പത്ത് മുഖ്യ ഉപനിഷത്തുക്കള്‍

1. ഈശാവാസ്യോപനിഷത്ത്
2. കേനോപനിഷത്ത്
3. കഠോപനിഷത്ത്
4. പ്രശ്നോപനിഷത്ത്
5. മുണ്ഡകോപനിഷത്ത്
6. മാണ്ഡൂക്യോപനിഷദ്
7. തൈത്തിരീയോപനിഷദ്
8. ഐതരേയോപനിഷത്ത്
9. ചാന്ദോഗ്യോപനിഷദ്
10.ബൃഹദാരണ്യകോപനിഷത്ത്

ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. വേദങ്ങളുടെ അവസാനമുള്ള വേദാന്തം എന്ന അര്‍ത്ഥഗുണമുള്‍ക്കൊള്ളുന്നതാണിവ. ഉപനിഷത്തുക്കള്‍ 108 എണ്ണമാണുള്ളത്. എന്നാല്‍ അവയില്‍ ഏറ്റവും മുഖ്യമായിട്ടുള്ളത് പത്ത് ഉപനിഷത്തുക്കളാണ്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ. ഉപനിഷത്തുകളില്‍ പലതും ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിയ്ക്കുന്നത്. ഉപനിഷത്തുക്കൾ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ്‌ എന്ന് ആധുനിക ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നു. ഭാരതീയ തത്ത്വചിന്തകരിൽ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്‌.

പറയിപെറ്റ പന്തിരുകുലം

1. മേളത്തൂര്‍അഗ്നിഹോത്രി
2. രചകന്‍
3. ഉളിയന്നൂര്‍തച്ചന്‍
4. വള്ളോന്‍
5. വടുതലമരു
6. കാരയ്ക്കലമ്മ
7. ഉപ്പുകൊറ്റന്‍
8. പാണനാര്‍
9. നാരായണത്ത് ഭ്രാന്തന്‍
10.അകവൂര്‍ചാത്തന്‍
11.പാക്കനാര്‍
12.വായില്ലാക്കുന്നിലപ്പന്‍

ഐതിഹ്യപ്രകാരം വിക്രമാദിത്യന്റെ സദസ്സിലെ മുഖ്യപണ്ഡിതനായിരുന്ന വരരുചി എന്ന ബ്രാഹ്മണന് വിധിവശാല്‍ പറയ സമുദായത്തിൽ‌പ്പെട്ട ഭാര്യയിലുണ്ടായ പന്ത്രണ്ട് മക്കളാണ് പറയിപെറ്റ പന്തിരുകുലം എന്നറിയപ്പെടുന്നത്. ജനിച്ച സമയത്തുതന്നെ കുഞ്ഞിനു വായുണ്ടോ എന്ന്‍ വരരുചി പത്നിയോട് തിരക്കുകയും കുട്ടിക്ക് വായുണ്ടെന്ന്‍  അവര്‍ മറുപടി പറയുമ്പോള്‍ എന്നാല്‍ ആ കുഞ്ഞിനെ അവിടെ ഉപേക്ഷിച്ചേക്കൂ എന്നും വാ കീറിയ ദൈവം ഇരയും നല്‍കും എന്ന്‍ വരരുചി പറയുകയും ചെയ്യുമായിരുന്നു. അപ്രകാരം പലയിടങ്ങളിലായുപേക്ഷിക്കപ്പെട്ട് പന്ത്രണ്ട് കുട്ടികളെ സമൂഹത്തിലെ വിവിധ ജാതിമതസ്ഥർ എടുത്തുവളർത്തിയ പന്ത്രണ്ടുകുട്ടികളും അവരവരുടെ കർമ്മമണ്ഡലങ്ങളിൽ അതിവിദഗ്ദ്ധരും ദൈവജ്ഞരുമായിരുന്നുവെന്നും ഐതിഹ്യകഥകൾ പറയുന്നു. എല്ലാവരും തുല്യരാണെന്നും സകല ജാതിമതസ്ഥരും ഒരേ മാതാപിതാക്കളുടെ മക്കളാണെന്നുമുള്ള മഹത്തായ സന്ദേശമാണ് ഈ ഐതിഹ്യം നല്കുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാല എന്ന പുസ്തകത്തില്‍ ഇവരെക്കുറിച്ച് വളരെ വിശദമായി പറയുന്നുണ്ട്.

പറയിപെറ്റ പന്തിരുകുലത്തെക്കുറിച്ചുള്ള ഒരു ശ്ലോകം.

"മേളത്തോളഗ്നിഹോത്രീ രാജകനുളിയനൂർ
ത്തച്ചനും പിന്നെ വള്ളോൻ
വായില്ലാക്കുന്നിലപ്പൻ വടുതല മരുവും
നായർ കാരയ്ക്കൽ മാതാ
ചെമ്മേ കേളുപ്പുകൂറ്റൻ പെരിയ തിരുവര -
ങ്കത്തെഴും പാണനാരും
നേരേ നാരായണ ഭ്രാന്തനുമുടനകവൂർ-
ചാത്തനും പാകനാരും"


ഈരേഴു പതിനാലു ലോകങ്ങള്‍

1. സത്യലോകം
2. ജനക്‌ ലോകം
3. തപോലോകം
4. മഹാര്‍ലോകം
5. സ്വര്‍ഗ്ഗലോകം
6. ഭുവര്‍ലോകം
7. ഭൂലോകം
8. അതലലോകം
9. വിതലലോകം
10.സുതലലോകം
11.തലാതലലോകം
12.മഹാതലലോകം
13.രസാതലലോകം
14.പാതാളലോകം

സമസ്ത ചരാചരങ്ങളുടെയും നിവാസസ്ഥലമാണ് ലോകം അഥവാ പ്രപഞ്ചം. അതലം, വിതലം, നിതലം, സുതലം, തലാതലം, മഹാതലം, രസാതലം എന്നിങ്ങനെ കീഴ്ലോകങ്ങള്‍ ഏഴെണ്ണവും ഭുലോകം, ഭുവര്‍ലോകം, സ്വര്‍ലോകം, മഹര്‍ലോകം, ജനലോകം, തപോലോകം, സത്യലോകം എന്നീ ഏഴു മേല്‍ലോകങ്ങളും ആണുള്ളത്. ഇവ ചതുര്‍ദ്ദശലോകങ്ങള്‍ അഥവാ ഈരേഴു പതിനാല് ലോകങ്ങള്‍ എന്നറിയപ്പെടുന്നു.

പതിനെട്ടു പുരാണങ്ങള്‍

1. ബ്രഹ്മപുരാണം
2. വിഷ്ണുപുരാണം
3. ശിവപുരാണം
4. ഭാഗവതപുരാണം
5. പദ്മപുരാണം
6. നാരദപുരാണം
7. മാർക്കണ്ഡേയപുരാണം
8. ഭവിഷ്യപുരാണം
9. ലിംഗപുരാണം
10.വരാഹപുരാണം
11.ബ്രഹ്മവൈവർത്തപുരാണം
12.സ്കന്ദപുരാണം
13.വാമനപുരാണം
14.മത്സ്യപുരാണം
15.കൂർമ്മപുരാണം
16.ഗരുഡപുരാണം
17.ബ്രഹ്മാണ്ഡപുരാണം
18.അഗ്നിപുരാണം

പ്രപഞ്ചസത്യങ്ങളെയും ദാർശനികപരമായ ഉപദേശങ്ങളെയും ധർമ്മസംഹിതകളെയും സാധാരണ മനുഷ്യർക്ക്‌ ഉൾക്കൊള്ളുവാൻ പ്രാപ്യമാവുന്ന ഘടനയിൽ കഥാഖ്യാനം പോലെ രചിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങളാണ് പുരാണങ്ങൾ. പതിനെട്ട് മഹാപുരാണങ്ങളും ഏതാണ്ട് അത്ര തന്നെ ഉപപുരാണങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നു. ഇവ കൂടാതെ ഹിന്ദു ക്ഷേത്രങ്ങളുടെ ഉല്പത്തിയെപ്പറ്റിയും, ആത്മീയ ചരിത്രത്തെപ്പറ്റിയും മറ്റും പ്രതിപാദിക്കുന്ന സ്ഥലപുരാണങ്ങൾ. ഒരു പ്രത്യേക കുലത്തിന്റെ ഉല്പത്തിയെപ്പറ്റിയും, ഐതിഹ്യങ്ങളെപ്പറ്റിയുമുള്ള കുലപുരാണങ്ങൾ എന്നിവയും പുരാണങ്ങളിൽ ഉൾപ്പെടുത്തിക്കാണാറുണ്ട്.
വിഷ്ണു, ശിവൻ, പാർവതി തുടങ്ങിയ ദേവീദേവന്മാരുടെ കഥകളാണു കൂടുതലായും പുരാണങ്ങളിൽ അടങ്ങിയിരിക്കുന്നത്. ഇതിനു പുറമേ ലോകത്തിന്റെ നിർമ്മിതി, വിവിധ രാജാക്കന്മാർ എന്നിവയെക്കുറിച്ചുമുള്ള പരാമർശങ്ങളും പുരാണങ്ങളിലുണ്ട്. വേദങ്ങളിൽ നിന്നും വ്യത്യസ്തമായി പുരാണങ്ങൾ വളരെ ലളിതമായ സംസ്കൃതഭാഷയിലാണ്‌ രചിക്കപ്പെട്ടിരിക്കുന്നത്.


(തുടരും...)

ശ്രീക്കുട്ടന്‍

Wednesday, March 19, 2014

ചില ചെറിയ അറിവുകള്‍

പ്രീയരേ,

മുമ്പൊരിക്കല്‍ ഇതേപോലെ ഒരു ശ്രമം നടത്തിയതാണ്. അല്‍പ്പം കൂടി വിവരങ്ങള്‍ ഉള്‍പ്പെടുത്തി ചെറിയ കുറിപ്പുകളോട് കൂടി ഒരിക്കല്‍ കൂടി വരികയാണ്. ഈ ഒരു പോസ്റ്റിലുള്ള എല്ലാ കാര്യവും ഒരുവിധമെല്ലാവര്‍ക്കും അറിവുള്ളതുതന്നെയെന്നറിയാം. പലയിടത്തായി ചിതറിക്കിടക്കുന്ന ഇവ ഒരു പേജില്‍ ഒരുമിപ്പിക്കുക എന്ന്‍ മാത്രമേ ഈ ശ്രമം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. ഇത് പൂര്‍ണ്ണമായ ഒന്നല്ല, പുതുതായി ഉള്ളതുമല്ല. മുമ്പ് കേട്ടും വായിച്ചും പരിചയിച്ചിട്ടുള്ളതും ഗൂഗിളില്‍ നിന്നും പിന്നെ ചില കൂട്ടുകാരില്‍ നിന്നും ശേഖരിച്ചതുമായ കാര്യങ്ങളാണിവ.ഇതേപോലെയുള്ളവ അറിയാവുന്ന കൂട്ടുകാര്‍ ഉണ്ടെങ്കില്‍ അവ പങ്കു വയ്ക്കുകയാണെങ്കില്‍ നന്നായിരിക്കും.

സ്ത്രൈണരൂപത്തിലുള്ള പരമാത്മാവായ് ഉദയം കൊണ്ട ആദിപരാശക്തിയില്‍ നിന്നും ഉരുവാക്കപ്പെട്ടവരായിരുന്നു ബ്രഹ്മാവിഷ്ണു മഹേശ്വരന്മാര്‍. പരാശക്തിയുടെ മൂര്‍ത്തിഭേദങ്ങളായിരിക്കുമ്പോള്‍ തന്നെ മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളപൊട്ടിയ താമരയില്‍ ബ്രഹ്മാവ് ഉത്ഭവിക്കുകയും ബ്രഹ്മാവില്‍ നിന്നും രുദ്രന്‍(ശിവന്‍) അവതരിക്കുകയും ചെയ്തെന്ന്‍ പുരാണങ്ങള്‍ ഉദ്ഘോഷിക്കുന്നു. ഇവര്‍ മൂവരും ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്നു.

ത്രിമൂര്‍ത്തികള്‍

1. ബ്രഹ്മാവ്
2. വിഷ്ണു
3. മഹേശ്വരന്‍

ഹൈന്ദവിശ്വാസപ്രകാരം സകലചരാചരങ്ങളേയും സൃഷ്ടിക്കുന്നത് ബ്രഹ്മദേവനും അവയെ സംരക്ഷിച്ചു പരിപാലിക്കുന്നത് വിഷ്ണുവും കൃത്യമായി സംഹരിക്കുന്നത് മഹേശ്വരനു(ശിവന്‍)മാണെന്നാണ്. സംഹാരത്തിന്റെ മൂര്‍ത്തിയായതുകൊണ്ടാവാം ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ആരാധിക്കുന്നതും ഭയപ്പെടുന്നതും പരമശിവനെയായത്. മഹാക്ഷേത്രങ്ങളെടുത്താല്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ശിവക്ഷേത്രങ്ങളാണെന്ന്‍ കാണാം. സൃഷ്ടിയും സ്ഥിതിയും സംഹാരവും കൃത്യമായ് നടപ്പാക്കി ത്രിമൂര്‍ത്തികള്‍ ലോകസംതുലിതാവസ്ഥ പരിപാലിച്ചുപോരുന്നു.

ചതുര്‍ യുഗങ്ങള്‍

1. കൃതയുഗം(സത്യയുഗം)
2. ത്രേതായുഗം
3. ദ്വാപരയുഗം
4. കലിയുഗം

കൃതയുഗം 4800 ദേവവര്‍ഷവും, ത്രേതായുഗം 3600 ദേവവര്‍ഷം, ദ്വാപരയുഗം 2400 ദേവവര്‍ഷവും, കലിയുഗം 1200 ദേവവര്‍ഷവും നീണ്ട കാലയളവുകളാണ്. ഒരു ചതുര്‍യുഗത്തില്‍ ആകെ 12000 ദിവ്യവര്‍ഷം ഉണ്ട്‌. ഇപ്രകാരമുള്ള 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ഒരു മന്വന്തരം. 14 മനന്വന്തരങ്ങള്‍ അഥവാ ആയിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു പകല്‍. ഇതിനെ ഒരു കല്‍പം എന്ന്‌ പറയും. അത്രയും കാലം ബ്രഹ്മാവിന്റെ രാത്രിയാണ്‌. ഇത്തരം 360 ബ്രഹ്മദിവസങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ബ്രഹ്മവര്‍ഷം. അങ്ങനെയുള്ള 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ആയുഷ്കാലം. അതിനു‍ശേഷം ബ്രഹ്മാവും പരബ്രഹ്മത്തില്‍ ലയിക്കുന്നു. അതോടെ മഹാപ്രളയം സംഭവിക്കുന്നു. ആയിരം ചതുര്‍യുഗങ്ങളാണ്‌ ബ്രഹ്മാവിന്റെ ഒരു പകലും രാത്രിയും. 360 അഹോരാത്രങ്ങള്‍ ചേര്‍ന്നതാണ്‌ ബ്രഹ്മാവിന്റെ ഒരു ബ്രഹ്മവര്‍ഷം. 100 ബ്രഹ്മവര്‍ഷങ്ങള്‍ ചേര്‍ന്നത്‌ ഒരു ബ്രഹ്മായുസ്സുമാണ്‌.

ചാതുര്‍ വര്‍ണ്യങ്ങള്‍

1. ബ്രാഹ്മണന്‍
2. ക്ഷത്രിയന്‍
3. വൈശ്യന്‍
4. ശൂദ്രര്‍

ഭാരതത്തില്‍ പൌരാണിക കാലത്തുടലെടുത്ത ജാതിവ്യവസ്ഥയുടെ വകഭേദങ്ങളായിരുന്നു ചാതുര്‍വര്‍ണ്യം എന്നറിയപ്പെട്ടത്. അവ യഥാക്രമം ബ്രാഹ്മണ,ക്ഷത്രിയ,വൈശ്യ,ശൂദ്രര്‍ എന്നായിരുന്നു.ബ്രാഹ്മണര്‍ ആയിരുന്നു സമൂഹത്തിലെ ഏറ്റവും ഉയര്‍ന്ന ശ്രേണിയിലുണ്ടായിരുന്നത്. ദേവപൂജയും നെടുനായകത്വവും അവര്‍ അലങ്കരിച്ചിരുന്നു. ക്ഷത്രിയര്‍ രാജ്യഭരണവും പരിപാലനവും വൈശ്യര്‍ കച്ചവടവും ശൂദ്രര്‍ കൃഷിയും മറ്റു തൊഴിലുകളും പിന്തുടര്‍ന്നു. ചെയ്യുന്ന തൊഴിലിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയെടുത്ത ഈ വ്യവസ്ഥിതിയാണ് സവര്‍ണ്ണനേയും അവര്‍ണ്ണനേയും സമ്പന്നനേയും ദരിദ്രനേയും സൃഷ്ടിച്ചെടുത്തത്. ഒരു പരിധിവരെ ഇന്നും ഈ സമ്പ്രദായം നാം പിന്തുടരുന്നു.

ചതുര്‍ വേദങ്ങള്‍

1. ഋഗ്വേദം
2. യജുര്‍വേദം
3. സാമവേദം
4. അഥര്‍വ്വവേദം

വൈദികസംസ്കൃതത്തില്‍ രചിക്കപ്പെട്ട സൂക്തങ്ങളായ വേദങ്ങള്‍ മനുഷ്യരാശിക്ക് പരിചയമുള്ള ഏറ്റവും പഴക്കമുള്ള പുസ്തകങ്ങള്‍ ആയി അറിയപ്പെടുന്നു. ഹിന്ദുക്കളുടെ ആധികാരികപ്രമാണങ്ങളാണ് വേദങ്ങള്‍. വേദവ്യാസനാണ് വേദങ്ങളെ നാലെണ്ണമായി ചിട്ടപ്പെടുത്തിയത്. പ്രാചീനകാലത്ത് വേദപഠനം ബ്രാഹ്മണര്‍ക്ക് മാത്രമായ് ക്ലിപ്തപ്പെടുത്തിയിരുന്നു. വേദം കേള്‍ക്കാനിടയാകുന്ന അബ്രാഹ്മണന്റെ കാതില്‍ ഈയം ഉരുക്കിയൊഴിക്കുകപോലുമക്കാലത്തുണ്ടായിട്ടുണ്ട്.

പ്രധാനപ്പെട്ട ദിവ്യാസ്ത്രങ്ങള്‍

1. ബ്രഹ്മാസ്ത്രം
2. വരുണാസ്ത്രം
3. പാശുപതാസ്ത്രം
4. ആഗ്നേയാസ്ത്രം

പുരാണേതിഹാസങ്ങളിലെ ചില ദിവ്യാസ്ത്രങ്ങളാണിവ. മഹാരഥന്മാരില്‍ പലരും കഠിനതപസ്സിലൂടെ ഈ മഹാസ്ത്രങ്ങള്‍ നേടിയെടുക്കുകയുണ്ടായി. അര്‍ജ്ജുനന്‍ ഈ ദിവ്യാസ്ത്രങ്ങള്‍ എല്ലാം കരസ്ഥമാക്കുകയുണ്ടായി. കുരുക്ഷേത്രയുദ്ധാവസാനദിനം അശ്വത്ഥാത്മാവ് പാണ്ഡവകുടീരങ്ങളില്‍ കടന്ന്‍ സര്‍വ്വരേയും കൊന്നൊടുക്കിയതില്‍ കലിപൂണ്ട് അശ്വത്ഥാത്മാവുമായി യുദ്ധത്തിലേര്‍പ്പെട്ടപ്പോള്‍ അര്‍ജ്ജുനനുനേരേ അശ്വത്ഥാത്മാവ് ബ്രഹ്മാസ്ത്രം പ്രയോഗിക്കുകയുണ്ടായി. അര്‍ജ്ജുനനും അതേ അസ്ത്രം പ്രയോഗിച്ചു. രണ്ട് ബ്രഹ്മാസ്ത്രങ്ങളും കൂട്ടിമുട്ടിയാല്‍ സര്‍വ്വനാശമായിരിക്കും ഫലമെന്ന്‍ മനസ്സിലാക്കിയ കൃഷ്ണന്‍ ഇരുവരോടും അസ്ത്രത്തെ പിന്‍വലിക്കുവാന്‍ ആവശ്യപ്പെട്ടു. അര്‍ജ്ജുനന്‍ അസ്ത്രം പിന്‍വലിച്ചെങ്കിലും അശ്വത്ഥാത്മാവ് അസ്ത്രത്തെ പിന്‍വലിക്കാന്‍ തയ്യാറായില്ല. ആ അസ്ത്രം ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ വധിച്ചു. അതുകൊണ്ടുതന്നെ അശ്വത്ഥാത്മാവ് കൊടിയ ശാപങ്ങളേറ്റ് ശരീരം മുഴുവന്‍ വ്രണങ്ങളുമായ് കല്‍പ്പാന്തകാലത്തോളം അലഞ്ഞുതിരിയേണ്ടിവന്നു.

പഞ്ചഭൂതങ്ങള്‍

1. ആകാശം
2. ജലം
3. വായു
4. അഗ്നി
5. ഭൂമി

പ്രത്യക്ഷലോകം മുഴുവൻ പഞ്ചഭൂതങ്ങളെക്കൊണ്ടു നിർമ്മിക്കപ്പെട്ടതാണെന്നാണ് ഹൈന്ദവവിശ്വാസം. ഭൂമിയുടെ ഗുണം ഗന്ധമാണ്. ജലം ശീതസ്പർശമുള്ളതാണ്. വായു രൂപരഹിതവും സ്പർശാധാരവുമാണ്. അഗ്നി ചൂടുളവാക്കുന്നതാണ്. ആകാശം ഏകവും നിത്യവുമാണ്

പഞ്ചബാണങ്ങള്‍

1. അശോകം
2. അരവിന്ദം
3. ചൂതം
4. നവമാലികം
5. നീലോല്‍പ്പലം

ആരെയും വികാരപരവശരാക്കുന്നതായിരുന്നു മന്മഥന്റെ ഈ മലരമ്പുകള്‍. സതീദേവി നഷ്ടപ്പെട്ട ദു:ഖത്തില്‍ തപസ്സുചെയ്യുകയായിരുന്ന പരമശിവനെ മറ്റുദേവകളുടെ ആവശ്യപ്രകാരം കാമദേവന്‍ ഈ പുഷ്പബാണങ്ങള്‍ എയ്തു പരവശനാക്കി ഉണര്‍ത്തുകയുണ്ടായി. കോപിഷ്ടനായ ഭഗവാന്റെ ദൃഷ്ടിയാല്‍ കാമദേവന്‍ ഭസ്മമായിപ്പോവുകയാണുണ്ടായത്. മന്മഥ പത്നിയായ രതീദേവിയുടെ വിലാപങ്ങള്‍ക്കൊടുവില്‍ ശിവന്‍ അനുഗ്രഹിക്കുകയും കാമദേവന്‍ മനുഷ്യകുലത്തില്‍ ജന്മമെടുക്കുകയും ചെയ്തത്രേ. അതാണ് പ്രദ്യുമ്നന്‍. ഈ അഞ്ചുബാണങ്ങള്‍ സൃഷ്ടിക്കുന്ന അവസ്ഥാവിശേഷങ്ങള്‍ യഥാക്രമം ഉന്മാദം, താപനം, ശോഷണം, സ്തംഭനം, സമ്മോഹനം എന്നിങ്ങനെയാണ്.

പഞ്ചമാതാക്കള്‍

1. രാജപത്നി
2. ഗുരുപത്നി
3. ജ്യേഷ്ഠപത്നി
4. പത്നിമാതാ
5. സ്വയം മാതാ

ഈ അഞ്ചുമാതാക്കളേയും ശ്രേഷ്ടരായിക്കണ്ട് അങ്ങേയറ്റം ബഹുമാനിക്കേണ്ടതാണ്.

പഞ്ചപാണ്ഡവര്‍

1. യുധിഷ്ടിരന്‍
2. ഭീമന്‍
3. അര്‍ജ്ജുനന്‍
4. നകുലന്‍
5. സഹദേവന്‍

ദുര്‍വ്വാസാവ് മഹര്‍ഷിയുടെ അനുഗ്രഹത്താല്‍ കുന്തിയ്ക്ക് ലഭിച്ച വിശിഷ്ടവരത്തിന്റെ പ്രത്യേകതയാല്‍ കുന്തിക്ക് വിവിധ ദേവന്മാരില്‍ നിന്നും ഉണ്ടായ 3 പുത്രന്മാരും മാദ്രിക്ക് പകര്‍ന്ന്‍ നല്‍കിയ മന്ത്രത്തിനാല്‍ ജനിച്ച രണ്ട് പേരും ചേര്‍ന്നാണ് പഞ്ചപാണ്ഡവര്‍ എന്നറിയപ്പെടുന്നത്. യുധിഷ്ടിരന്‍ യമദേവനില്‍ നിന്നും ഭീമന്‍ വായുദേവനില്‍ നിന്നും അര്‍ജ്ജുനന്‍ ഇന്ദ്രനില്‍ നിന്നും ജന്മം കൊണ്ടവരാണ്. തന്റെ സപത്നിയായിരുന്ന മാദ്രിയ്ക്ക് കുന്തി തനിക്കറിയാമായിരുന്ന പ്രത്യേകമന്ത്രം ഉപദേശിച്ചുകൊടുക്കുകയും അവര്‍ അത് അശ്വിനീ ദേവന്മാരെ മനസ്സിലോര്‍ത്ത് ചൊല്ലുകയും ചെയ്യുകയും തല്‍ഫലമായി ജനിച്ച രണ്ടു പുത്രന്മാരാണ് നകുലസഹദേവന്മാര്‍. ഇവര്‍ പഞ്ചപാണ്ഡവര്‍ എന്നറിയപ്പെടുന്നു. കുന്തിയുടെ ആദ്യ പുത്രനായിരുന്നു കര്‍ണ്ണന്‍. സൂര്യനില്‍ നിന്നും ഗര്‍ഭം ധരിച്ചു ജനിച്ചത്. എന്നാല്‍ ആ കുഞ്ഞിനെ കുന്തിയ്ക്ക് ഉപേക്ഷിക്കേണ്ടിവന്നു. പില്‍ക്കാലത്ത് കര്‍ണ്ണന്‍ പാണ്ഡവരുടെ എതിര്‍ചേരിയോട് ചേര്‍ന്ന്‍ അവരോട് പടവെട്ടുകയും അര്‍ജ്ജുനന്റെ കയ്യാല്‍ കൊല്ലപ്പെടുകയും ചെയ്തു.

ഷഡ്ക്കാലങ്ങള്‍

1. വസന്തം
2. ഗ്രീഷ്മം
3. വര്‍ഷം
4. ശരത്
5. ഹേമന്ദം
6. ശിശിരം

ഭാരതീയ ദിനദര്‍ശികാടിസ്ഥാനത്തില്‍ ആറു ഋതുക്കളാണുള്ളത്. അവ ഷഡ്ക്കാലങ്ങള്‍ എന്നാണറിയപ്പെടുന്നത്.

കഥകളിയിലെ ആറു വേഷങ്ങള്‍

1. പച്ച
2. കത്തി
3. കരി
4. താടി
5. മിനുക്ക്
6. പഴുപ്പ്

പച്ച ഇതിഹാസങ്ങളിലെ വീരനായകരും കത്തി രാജസ്വഭാവകഥാപാത്രങ്ങളും കരി വനചാരികളും താടി അതിമാനുഷരും സ്വാതികസ്വഭാവത്തോടുകൂടിയവരും ദുഷ്ടകഥാപാത്രങ്ങളും മിനുക്ക് മുനിമാരും സ്ത്രീകഥാപാത്രങ്ങളും പഴുപ്പ് ദേവകഥാപാത്രങ്ങളും ഉപയോഗിക്കുന്നു.

സപ്തര്‍ഷികള്‍

1.അത്രി
2.അംഗിരസ്സ്‌
3.വസിഷ്ഠന്‍
4.പുലഹന്‍
5.പുലസ്ത്യന്‍
6.ക്രതു
7.മരീചി

പുരാണങ്ങളില്‍ സര്‍വ്വഥാ നിറഞ്ഞു നില്‍ക്കുന്ന പ്രമുഖമഹര്‍ഷീ വര്യന്മാരാണ് സപ്തര്‍ഷികള്‍. സൂര്യവംശത്തിന്റെ ഗുരുവായ വസിഷ്ഠനും ബ്രഹ്മാവിന്റെ മാനസപുത്രനായ അംഗിരസ്സും മറ്റൊരു മാനസപുത്രനായ പുലഹനും
വിശ്രവസ്സിന്റെ പിതാവായ പുലസ്ത്യനും ഒക്കെയടങ്ങുന്ന സപ്തര്‍ഷിക്കൂട്ടം മാനവര്‍ക്കും ദാനവര്‍ക്കും ദേവഗണങ്ങള്‍ക്കും സര്‍വ്വഥാ ബഹുമാന്യരായിരുന്നു. പല മന്വന്തരങ്ങളിലും വെവ്വേറേ സപ്തര്‍ഷികള്‍ ആണുള്ളതെന്ന്‍ പറയപ്പെടുന്നു. അഗസ്ത്യമുനിയേയും ഒരു മന്വന്തരത്തില്‍ സപ്തര്‍ഷിയായ് വിവരിക്കുന്നുണ്ട്. എന്നാല്‍ ആദ്യം നല്‍കിയ ഏഴുപേരെയാണ് പ്രായേണ സപ്തര്‍ഷികളായ് പരക്കെ അംഗീകരിച്ചിട്ടുള്ളത്. ദ്വാരക സന്ദര്‍ശിച്ച സപ്തര്‍ഷികളെ ഒന്നു കളിയാക്കാനായ് സ്ത്രീവേഷം കെട്ടിയ കൃഷ്ണപുത്രനായ സാംബനേയുമൊത്ത് വന്ന്‍ ഈ സ്ത്രീ പ്രസവിക്കുന്നത് ആണോ പെണ്ണോ എന്ന്‍ യാദവയുവാക്കള്‍ ചോദിച്ചതില്‍ കോപാകുലരായ സപ്തര്‍ഷികളുടെ ശാപം മൂലം സാംബന്‍ ഒരു ഇരുമ്പുലക്ക പ്രസവിക്കുകയും ആ ഇരുമ്പുലക്ക യാദവവംശത്തിന്റെ അന്ത്യത്തിനു കാരണമാവുകയും ചെയ്തു.

തിരുപ്പതിയിലെ ഏഴു മലകള്‍

1. ശേഷാദ്രി
2. നീലാദ്രി
3. ഗരുഡാദ്രി
4. അഞ്ജനാദ്രി
5. ഋഷഭാദ്രി
6. നാരായണാദ്രി
7. വെങ്കിടാദ്രി

ഏഴുമലകളുടെ സംഗമമാണ് തിരുപ്പതി.ആ മലകള്‍ ഭഗവാന്‍ മഹാ വിഷ്ണു ശയനം ചെയ്യുന്ന പോലെയാണ് നില കൊള്ളുന്നത്‌. അതുകൊണ്ട് തന്നെ തിരുപ്പതിയെ വൈകുണ്ഡം എന്നും വിളിക്കുന്നുണ്ട്.

സപ്തനദികള്‍

1. ഗംഗ
2. യമുന
3. ഗോദാവരി
4. സരസ്വതി
5. നര്‍മ്മദ
6. സിന്ധു
7. കാവേരി.

ഹൈന്ദവ വിശ്വാസ പ്രകാരം ഭാരതത്തിലെ ഏഴു പുണ്യനദികളാണ് സപ്തനദികൾ എന്നറിയപ്പെടുന്നത്. രാമായണത്തിലും, മഹാഭാരതത്തിലും, എല്ലാപുരാണങ്ങളിലും, ഉപനിഷത്തുകളിലും ഈ പുണ്യനദികളെപറ്റി പരാമർശിച്ചിട്ടുണ്ട്. ഗംഗാനദിയും, യമുനാനദിയും, സരസ്വതിനദിയും ത്രിമൂർത്തികളെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെതന്നെ മറ്റു നാലു നദികൾ . ഗോദാവരി, നർമദ, സിന്ധു, കാവേരി എന്നിവ യഥാക്രമം ശ്രീരാമൻ, ദുർഗ്ഗ, ഹനുമാൻ, ദത്താത്രേയൻ എന്നീ ദേവന്മാരേയും പ്രതിനിധികരിക്കുന്നു

സപ്ത ദ്വീപുകള്‍

1. ജംബുദ്വീപ്
2. പ്ലക്സദ്വീപ്
3. സത്മലി ദ്വീപ്
4. കൂശദ്വീപ്
5. ക്രൌഞ്ച ദ്വീപ്
6. ശകദ്വീപ്
7. പുഷ്കരദ്വീപ്‍

പദ്മപുരാണം, വിഷ്ണുപുരാണം എന്നീ പുരാണങ്ങൽ പ്രകാരം ഏഴു ദ്വീപുകൾ അഥവാ ഏഴുഖണ്ഡങ്ങളായാണ്‌ ലോകം വിഭജിച്ചിരിക്കുന്നത്.ഇവ സപ്തദ്വീപുകള്‍ എന്നറിയപ്പെടുന്നു. ജംബുദ്വീപിലെ ഒന്നാമത്തെ രാജ്യമായാണ്‌ ഭാരതം ഈ പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നത്. ലോകം സപ്തദ്വീപുകൾ കൊണ്ട് നിർമ്മിക്കപ്പെട്ടവയാണെന്നും അവയ്ക്കിടയിൽ സപ്തസാഗരങ്ങൾ ആണ് എന്നുമാണ് ഹിന്ദു മതഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുന്നത്.

സപ്തചിരഞ്ജീവികൾ

1. അശ്വത്ഥാമാവ്
2. മഹാബലി
3. കൃപർ
4. വിഭീഷണൻ
5. വേദവ്യാസൻ
6. ഹനുമാൻ
7. പരശുരാമൻ

ദ്രോണാചാര്യർക്ക് കൃപിയിലുണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അശ്വത്തെ പോലെ ബലമുള്ളവൻ എന്നാ അശ്വത്ഥാമാവ് എന്ന വാക്കിനർത്ഥം. മഹാഭാരതയുദ്ധത്തിൽ കൌരവപക്ഷത്ത് ചേർന്ന അശ്വത്ഥാമാവ് ദ്രൌപദീ പുത്രന്മാരെയടക്കം പാ‍ണ്ഡവപക്ഷത്തെ പല പ്രമുഖരെയും വധിച്ചു. ഉത്തരയുടെ ഗര്‍ഭസ്ഥശിശുവിനെ ബ്രഹ്മാസ്ത്രം പ്രയോഗിച്ച് കൊലപ്പെടുത്തിയതിനാല്‍ ശാപഗ്രസ്തനായി കല്‍പ്പാന്തകാലത്തോള്‍ആം വ്രണശരീരനായ് അലയേണ്ടിവന്നു.
അസുരരാജാവായിരുന്ന മഹാബലിയുടെ ജനപ്രീതിയിലും വളര്‍ച്ചയിലും പരിഭ്രാന്തരായ ദേവന്മാര്‍ മഹാവിഷ്ണുവിനെ സമീപിച്ചു സഹായമഭ്യര്‍ത്ഥിക്കുകയും മഹാവിഷ്ണു ബ്രാഹ്മണ ബാലനായ വാമനരൂപത്തില്‍ വന്ന്‍ തന്ത്രപൂര്‍വ്വം മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തുകയും ചെയ്തു. വര്‍ഷത്തില്‍ ഒരു പ്രാവശ്യം തന്റെ പ്രജകളെ വന്നുകാണാനനുവദിക്കണമെന്ന ബലിയുടെ ആഗ്രഹം അനുവദിച്ചുകൊടുക്കപ്പെട്ടു.
ഹസ്തിനപുര രാജസഭയിലെ പ്രധാനപുരോഹിതനാണ് കൃപാചാര്യർ എന്നറിയപ്പെടുന്ന കൃപർ. ശാരദ്വൻ, ജനപദി എന്നിവരുടെ മകനായ കൃപർ, ദ്രോണരുടെ മാതുലനാണ്. മഹാഭാരതയുദ്ധത്തിൽ കൗരവപക്ഷത്തുനിന്ന് കൃപർ യുദ്ധം ചെയ്തു. പിൽക്കാലത്ത് ഇദ്ദേഹം അർജുനന്റെ പൗത്രനായ പരീക്ഷിത്തിന്റെ ഗുരുവായി നിയമിക്കപ്പെട്ടു.
രാവണന്റെ ഇളയ സഹോദരനായിരുന്നു വിഭീഷണന്‍. അസുര രാജാവായ രാ‍വണന്റെ സഹോദരനായിട്ടൂം, വിഭീഷണൻ വളരെ സൌമ്യസ്വഭാവമുള്ള ഒരു ശ്രേഷ്ഠനായിരുന്നു. രാവണൻ സീതയെ തട്ടിക്കൊണ്ടുപോന്നപ്പോൾ അദ്ദേഹം സീതയെ രാ‍മന് വിട്ടുകൊടുക്കണമെന്ന് അഭ്യർഥിക്കുകയും, പിന്നീട് ഇത് കേൾക്കാതെ വന്നത് കൊണ്ട്, രാമ രാവണ യുദ്ധസമയത്ത് വിഭീഷണൻ രാമ പക്ഷത്ത് ചേരുകയും ചെയ്തു.രാമൻ രാവണനെ യുദ്ധത്തിൽ തോൽപ്പിച്ച് വധിച്ചതിനു ശേഷം വിഭീഷണനെ ലങ്കയുടെ രാജാവായി വാഴിച്ചു.
മഹാഭാരതത്തിന്റെ രചയിതാവാണ് വേദവ്യാസന്‍. കൃഷ്ണദ്വൈപായനൻ എന്നായിരുന്നു ഇദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്. വേദത്തെ നാലാക്കി പകുത്തതിനാല്‍ വേദവ്യാസന്‍ എന്നറിയപ്പെട്ടു.
അചഞ്ചലമായ ഭക്തിയുടെ പ്രതീകമായിരുന്നു ഹനുമാന്‍. വായൂപുത്രനായ ഇദ്ദേഹം സീതാന്വോഷണവേളയില്‍ ശ്രീരാമനെ സാഹായിച്ചു. തികഞ്ഞ രാമഭക്തനായിരുന്നു ഹനുമാന്‍
ദശാവതാരങ്ങളില്‍ ഒരാളും പരശു ആയുധവുമാക്കിയ ആളുമാണ് ഭാര്‍ഗ്ഗവപുത്രനായ പരശുരാമന്‍. കേരളോത്പത്തി പരശുരാമനാലാണെന്ന്‍ പുരാണങ്ങള്‍ പറയുന്നു.

(തുടരും............)

ശ്രീക്കുട്ടന്‍

Thursday, January 30, 2014

ഷെര്‍ലക് ഹോംസ്

ലോകസാഹിത്യചരിത്രത്തില്‍ അപസര്‍പ്പകസാഹിത്യം എന്നതിന് ഒരു മുഖമുണ്ടാക്കിയതും ലോകം മുഴുവന്‍ ഭ്രാന്തമായ ആരാധനയോടെ ഒരു കഥാപാത്രത്തെ നോക്കികാണുവാന്‍ ഇടയാക്കിയതും സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്ന വിഖ്യാത സ്കോട്ടിഷ് എഴുത്തുകാരന്‍ മൂലമാണ്. കുറ്റാന്വോഷണത്തിന്റെ അവസാന വാക്കായ ഷെർലക് ഹോംസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചാണദ്ദേഹം വിശ്വവിശ്രുതനായി തീര്‍ന്നത്. വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ട് സാഹിത്യമേഖലയിലേക്ക് തിരിഞ്ഞ അദ്ദേഹം ഇരുപതു വയസ്സാകുന്നതിനുമുന്നേ തന്റെ ആദ്യ നോവല്‍ പ്രസിദ്ധീകരിച്ചു. ധാരാളം ചരിത്ര, ശാസ്ത്രസംബന്ധമായ രചനകളും നിര്‍വഹിച്ച അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംരംഭങ്ങളായിരുന്നു ദി വൈറ്റ് കമ്പനി,ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം തുടങ്ങിയവ. നല്ലൊരു ശാസ്ത്രകാരനും ഫുട്ബോള്‍ കളിക്കാരനുമായിരുന്ന കോനന്‍ ഡോയലിനെ അഖിലലോകപ്രശസ്തനാക്കിയത് 1887 മുതല്‍ അദ്ദേഹം രചിച്ച ഷെർലക് ഹോംസ് കഥകളാണ്.

1987 ല്‍ ആണ് ഹോംസ് കഥാപാത്രമായുള്ള ആദ്യ പുസ്തകം പുറത്തിറങ്ങുന്നത്. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet) എന്നായിരുന്നു പുസ്തകത്തിന്റെ പേര്. അഫ്ഘാനിസ്ഥാനില്‍ നിന്നും പരിക്കേറ്റ് മടങ്ങിയ ഒരു ബ്രിട്ടീഷ് ഡോക്ടര്‍ ആയിരുന്ന വാട്സണ്‍ എന്ന കഥാപാത്രം ചിലവുകുറഞ്ഞതും സുഖകരവുമായ ഒരു താമസസ്ഥലം അന്വോഷിച്ചുനടക്കവേയാണ് അവിചാരിതമായ് ഒരു കൂട്ടുകാരന്‍ മൂലം ഷെർലക് ഹോംസിനെ കാണാനിടയാകുന്നത്. ഹോംസും വാട്സണും ചേര്‍ന്ന്‍ ലണ്ടനിലെ ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B എന്ന കെട്ടിടം വാടകയ്ക്കെടുത്ത് അവിടെ താമസമാക്കുന്നു. ആദ്യമൊക്കെ ഹോംസ് ഒരു വിചിത്രകഥാപാത്രമായാണ് വാട്സണനുഭവപ്പെടുന്നത്. ഹോംസിന്റെ ജോലി എന്താണെന്നുപോലും വളരെക്കഴിഞ്ഞാണ് വാട്സണു പിടികിട്ടുന്നതിനുതന്നെ. കുറ്റാന്വോഷണകലയുടെ അതിമാനുഷനാണ് ഹോംസ് എന്നു തിരിച്ചറിയുന്നതോടെ വാട്സണും ഹോംസിനൊപ്പം ചേരുന്നു. പ്രശസ്തിയും പേരും ഒന്നും ആഗ്രഹിക്കാതിരുന്ന ഹോംസിന്റെ എല്ലാ കേസന്വോഷണവും വാട്സന്റെ കുറിപ്പുകളിലൂടെയാണ് ലോകമറിയുന്നത്. 


ഹോസും വാട്സണും ചേര്‍ന്ന്‍ നാലു നോവലുകളും 58 ഓളം ചെറുകഥകളുമടങ്ങിയ 5 കഥാസമാഹാരങ്ങളുമാണ് കോനന്‍ ഡോയല്‍ രചിച്ചത്. നാലു നോവലുകള്‍ യഥാക്രമം

1. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet) 

2. നാൽവർ ചിഹ്നം(The Sign Of Four)

3. ബാസ്കർവിൽസിലെ വേട്ടനായ(The hound of Baskervills)

4. ഭീതിയുടെ താഴ്വര(Valley Of Fear)

1. Adventures of Sherlock Holmes

2. The memories of Sherlock Holmes

3. The return of Sherlock Holmes

4. The last bow

5. The case book of Sherlock Holmes

എന്നിങ്ങനെ 5 ചെറുകഥാസമാഹാരങ്ങളും ഹോസിന്റേതായി പുറത്തിറങ്ങി. ഇതില്‍ ആദ്യത്തെ സമാഹാരത്തില്‍ 13 ചെറുകഥകളും രണ്ടാമത്തേതില്‍ 12 എണ്ണവും മൂന്നാമത്തേതില്‍ 13 എണ്ണവും നാലാമത്തേതില്‍ 8 എണ്ണവും അവസാനസമാഹാരത്തില്‍ 12 കഥകളുമാണുള്ളത്.

ഹോംസ് എന്ന കുറ്റാന്വോഷകനിലൂടെ അന്നേവരെ ലോകം ഒരിക്കലും പരിചയിച്ചിട്ടില്ലായിരുന്ന ഒരാളാണ് ജനിക്കപ്പെട്ടത്. ഹോംസിന്റെ സൂക്ഷ്മനിരീക്ഷണപാടവവും ആള്‍ക്കാരെ അതിശയിപ്പിക്കുന്ന പറച്ചിലുകളും യുക്തിസഹമായ തെളിവു നിരത്തലുകളും അതിവിചിത്രങ്ങളായ പലപല കേസുകള്‍ തെളിയിക്കലും ഒക്കെക്കൊണ്ട് തന്നെ ഹോംസ് ഒരതിമാനുഷനായ് ജനങ്ങള്‍ക്കിടയില്‍ വളരെവേഗം സ്ഥാനം പിടിച്ചു. പണത്തിനാവശ്യം വന്ന ഒരു ഘട്ടത്തില്‍ തന്റെ സര്‍വ്വകലാശാലയിലെ ഒരധ്യാപകനെ മാതൃകയാക്കി കോനന്‍ ഡോയല്‍ സൃഷ്ടിച്ച ഷെർലക് ഹോംസ് കഥാകൃത്തിന്റെ കയ്യില്‍ നില്‍ക്കാത്തവണ്ണം വളരാന്‍ തുടങ്ങി. ലോകം മുഴുവന്‍ ഷെര്‍ലക്കിനു ആരാധകരുണ്ടായി. ഓരോ പുതിയ പുസ്തകമിറങ്ങുമ്പോഴും അവ റിക്കോര്‍ഡ് വില്‍പ്പനയാണു സൃഷ്ടിച്ചത്. ഹോംസ് ഒരു കഥാപാത്രമല്ല മറിച്ച് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളാണെന്ന്‍ ലോകം വിശ്വസിക്കാനാരംഭിച്ചു. ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B യിലേക്ക് അന്വോഷണങ്ങളും പരാതിപരിഹാരവുമാവശ്യപ്പെട്ട് കത്തുകളുടേ പ്രളയമാരംഭിച്ചു. അതോടെ കോനന്‍ ഡോയല്‍ എന്ന എഴുത്തുകാരനും അസഹ്യത അനുഭവപ്പെട്ടുതുടങ്ങി. പലപ്പോഴും കോനന്‍ ഡോയലിനു പൊതുസദസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നു. എല്ലാ സദസ്സുകളിലും ആള്‍ക്കാര്‍ക്ക് അറിയുവാന്‍ ഒറ്റകാര്യമേയുണ്ടായിരുന്നുള്ളൂ. എന്താണ് അടുത്ത ഷെര്‍ലക് ഹോംസ് കഥ?. എന്നാണതു പുറത്തിറങ്ങുക?. മാത്രമല്ല ഹോംസ് എന്ന അതിമാനുഷനുമുന്നില്‍ തന്റെ ഏറ്റവും വലിയ മറ്റുവര്‍ക്കുകള്‍ മുങ്ങിപ്പോകുകയും ചെയ്തതോടെ കോനന്‍ ഡോയല്‍ താന്‍ തന്നെ സൃഷ്ടിച്ച ആ ഇതിഹാസകഥാപാത്രത്തെ അതിവിദഗ്ദമായങ്ങ് വധിച്ചുകളഞ്ഞു. ഹോസിനൊപ്പം കിടപിടിച്ചുനില്‍ക്കുന്ന പ്രൊഫസര്‍ മൊറിയാര്‍ട്ടി എന്ന്‍ ഗണിതശാസ്ത്രജ്ഞനൊപ്പം അദ്ദേഹം ഹോംസിനെ ദ ഫൈനല്‍ പ്രോബ്ലം എന്ന കഥയില്‍ റീഷന്‍ ബര്‍ഗ് വെള്ളച്ചാട്ടത്തിന്റെ അഗാധതയില്‍ അന്ത്യവിശ്രമം കൊള്ളിച്ചു.


ലോകം അവിശ്വസനീയതയോടെയാണ് ഹോംസിന്റെ മരണവാര്‍ത്ത ശ്രവിച്ചത്. പല ലോകരാജ്യങ്ങളും അന്നേദിവസം ദുഃഖാചരണം നടത്തി. ചില രാജ്യങ്ങള്‍ ആദരസൂചകമായി തങ്ങളുടെ ദേശീയപതാകപോലും താഴ്ത്തിക്കെട്ടുകയുണ്ടായി. ഹോംസ് താമസിച്ചിരുന്ന ബേക്കര്‍ സ്ട്രീറ്റിലെ 221 ബി എന്ന അഡ്രസ്സിലേക്ക് പതീനായിരക്കണക്കിനു അനുശോചനസന്ദേശങ്ങളും കമ്പികളുമാണ് എത്തിചേര്‍ന്നത്. ഹോംസിനെ പുനര്‍ജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കോനന്‍ ഡോയലിന്റെ മുന്നിലേക്ക് നിവേദനങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുണ്ടായത്. പല പ്രസാധകരും വന്‍ തുകകള്‍ ഓഫര്‍ ചെയ്തു. ഭീഷണികളും കുറവല്ലായിരുന്നു. ഒടുവില്‍ മറ്റുഗത്യന്തരമില്ലാതെ കോനന്‍ ഡോയലിനു ഷെര്‍ലക്ക് ഹോംസിനെ പുനര്‍ജ്ജനിപ്പിക്കേണ്ടിവന്നു. ഒരു കഥാകൃത്തിനെ സ്വന്തം കഥാപാത്രം തന്നെ പരാജയപ്പെടുത്തിയ നിമിഷമായിരുന്നു അത്. പരേതന്റെ തിരിച്ചുവരവ് (The Return of Sherlock Holmes) എന്ന കൃതിയിലൂടേ കോനന്‍ ഡോയല്‍ അതിസമര്‍ത്ഥമായും യുക്തിസഹമായും ഹോംസിനെ പുന:സൃഷ്ടിച്ചു. തുടര്‍ന്ന്‍ വീണ്ടും നിരവധി കേസുകളില്‍ ഭാഗഭാക്കാകുകയും ഒടുവില്‍ വാര്‍ധക്യകാലത്ത് അങ്ങകലെയൊരു ഗ്രാമത്തില്‍ തന്റെ ഏറ്റവും പ്രീയപ്പെട്ട തേനീച്ച വളര്‍ത്തലുമായ് ഹോംസ് ഒതുങ്ങിക്കൂടുകയും ചെയ്തു.

അതിമാനുഷനായിരുന്ന ഹോംസ് പരാജയമടഞ്ഞത് അപൂര്‍വ്വം ചില കേസുകളില്‍ മാത്രമായിരുന്നു. മഞ്ഞമുഖം എന്ന കഥയിലും ബൊഹീമിയന്‍ അപവാദം എന്ന കഥയിലും ഹോംസ് പരാജയം രുചിച്ചു. ബോഹീമിയന്‍ അപവാദം എന്ന കഥയിലെ ഐറിന്‍ അഡ് ലര്‍ എന്ന സ്ത്രീകഥാപാത്രം ഹോംസിനെ നിക്ഷ്പ്രഭനാക്കിക്കളയുന്നുണ്ട്. ഹോംസിനെ എതിരാളികള്‍ ഒട്ടുമിക്കതും അതികൂര്‍മ്മബുദ്ധിയുള്ളവരായിരുന്നു. ഹോംസിനൊത്ത എതിരാളിയായി കോനന്‍ ഡോയല്‍ സൃഷ്ടിച്ചത് പ്രൊഫസര്‍ മൊറിയാര്‍ട്ടിയെ ആയിരുന്നു. പല അവസരങ്ങളിലും ഹോംസ് മൊറിയാര്‍ട്ടിയെ ഭയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഹോംസിനെ കൊല്ലാന്‍ തീരുമാനിച്ച കോനന്‍ ഡോയല്‍ മൊറിയാര്‍ട്ടിയെയാണു കൂട്ടുപിടിക്കുന്നത്. ഹോംസിന്റെ സഹോദരനായിരുന്ന മൈക്രോഫ്റ്റ് ഹോംസിനും അനന്യസാധാരണമായ കഴിവുകള്‍ ഉള്ളതായാണു കോനന്‍ ഡോയല്‍ എഴുതിവച്ചിരിക്കുന്നത്. ഒരുവേള തന്നെക്കാളും ഉയര്‍ന്ന ബുദ്ധിശക്തിയാണ് തന്റെ സഹോദരനെന്ന്‍ ഹോംസ് തന്നെ സമ്മതിക്കുന്നുമുണ്ട്. എന്നാല്‍ പുറത്തേയ്ക്കിറങ്ങാതെ ഒരു ചാരുകസേരയില്‍ ചടഞ്ഞിരുന്ന്‍ വിശകലനം ചെയ്യുവാന്‍ മാത്രമേ തനിക്ക് താല്‍പ്പര്യമുള്ളുവെന്ന്‍ മൈക്രോഫ്റ്റിനെക്കൊണ്ട് തന്നെ പറയിപ്പിച്ച് കോനന്‍ ഡോയല്‍ ഹോംസിനെ മുന്‍ നിരയിലേക്ക് കയറ്റി നിര്‍ത്തുന്നു.   

ലോകജനതയെ ഇത്രമാത്രം ആവേശഭരിതരാക്കുകയും ആകര്‍ഷിക്കുകയും ചെയ്ത മറ്റൊരു കഥാപാത്രമില്ലതന്നെ. ഹോംസ് എന്നത് ഒരു കഥാപാത്രമാണെന്ന്‍ വിശ്വസിക്കുവാന്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും ഇഷ്ടപ്പെടുന്നേയില്ല. കോനന്‍ ഡോയല്‍ ജീവിച്ചിരുന്നപ്പോള്‍ തന്നെ ഹോംസ് കഥകള്‍ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെയുള്ള ലോകത്തെ പല കുറ്റാന്വോഷണസേനകളും തങ്ങളുടെ ടെക്സ്റ്റ് ബുക്കുകളായി ഉപയോഗിച്ചുതുടങ്ങിയിരുന്നു.  ഇന്നും ഹോസ് അനുവര്‍ത്തിച്ചിരുന്ന പല രീതികളും അതേപടി പല രാജ്യങ്ങളുടേയും പോലീസ് സേനകള്‍ ഉപയോഗിക്കുന്നു. ഹോസിന്റെ വസതിയായ ബേക്കര്‍ സ്ട്രീറ്റിലേക്ക് ഇന്നും നിരവധി കത്തുകളാണ് വരുന്നത്. ഹോംസ് കഥകള്‍ എത്രയോ ആവര്‍ത്തി സിനിമകളായും സീരിയലുകളായും പുനഃസൃഷ്ടിക്കപ്പെട്ടു. ഹോംസ് കഥകളെ അനുകരിച്ച് ലോകത്തിന്റെ വിവിധ ഭാഷകളില്‍ നിരവധി കൃതികള്‍ രചിക്കപ്പെടുകയുണ്ടായി. എത്രയെങ്കിലും പുതിയ കഥാപാത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടെങ്കിലും ലോകസാഹിത്യത്തില്‍ ഷെര്‍ലക്ക് ഹോംസിനോളം പേരും പെരുമയും പ്രശസ്തിയും പിടിച്ചുപറ്റുവാന്‍ ഇന്നേവരെ മറ്റൊരു കഥാപാത്രത്തിനും കഴിഞ്ഞിട്ടില്ല. ഇന്ന്‍ ലോകത്തിന്റെ പലഭാഗത്തും ഷെര്‍ലക് ഹോംസ് ക്ലബ്ബുകളും മറ്റുമൊക്കെ പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷ് സർക്കാർ ഒരു ചെറിയ കവല മുഴുവൻ ഹോംസിന്റെ ഓർമ്മക്കായി കഥകളിൽ പറഞ്ഞ അതേപ്രകാരം സജ്ജീകരിച്ചു വച്ചിട്ടുണ്ട്. മാത്രമല്ല ബ്രിട്ടനിലെ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രി ഹോംസിന് വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. ലോകത്ത് ആദ്യമായാണ് ഒരു ഭാവനാ കഥാപാത്രം ഇത്തരത്തിലാദരിക്കപ്പെടുന്നത്. ലോക ജനതയ്ക്കിടയില്‍ അമരനായ് ഹോംസ് ഇന്നും ജീവിക്കുന്നു.

മലയാളത്തില്‍ ഡി സി ബുക്ക്സ് സമ്പൂര്‍ണ്ണ ഷെര്‍ലക്ക് ഹോംസ് കഥകള്‍ ഒറ്റ വോളിയമായ് പുറത്തിറക്കിയിട്ടുണ്ട്.


ശ്രീക്കുട്ടന്‍


Saturday, January 25, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - അവസാനഭാഗം

ഒരു കൌതുകത്തിന്റെ പുറത്താരംഭിച്ച ഈ യാത്ര ഇതോടെ ഇവിടെ പൂര്‍ണ്ണമാകുകയാണ്.  ഇതുവരെയുള്ള മുഴുവന്‍ വിവരണങ്ങളും പലരില്‍ നിന്നായ് കടം കൊണ്ടതും ഇന്റര്‍നെറ്റില്‍ നിന്നും കോപ്പിചെയ്തെടുത്തതുമാണ്. ഇങ്ങിനെയൊരു സാഹസത്തിനു കാരണഭൂതരായ പാലാരിവട്ടം ശശിയേയും സച്ചിന്‍ കെ എസിനേയും വിസ്മരിക്കുന്നില്ല. ലോകത്തെ മുഴുവന്‍ ഗ്രസിച്ച രണ്ടാം ലോകമഹായുദ്ധത്തിനെക്കുറിച്ചുള്ള അവസാനഭാഗമാണിത്. ഈ യുദ്ധത്തെക്കുറിച്ചുള്ള ആദ്യഭാഗവിവരണങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കിയാല്‍ വായിക്കാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 6


ജപ്പാനിലെ അണുബോംബ് വര്‍ഷം

1945 ജൂലൈ 16നു മെക്സിക്കോയിലെ ഒരു മരുഭൂമിയില്‍ വച്ച് അമേരിക്ക വിജയകരമായി തങ്ങളുടെ ആദ്യത്തെ അണുപരീക്ഷണം നടത്തി. ചിന്തിക്കാവുന്നതിലും വലിയ നശീകരണശേഷിയാണതുകൊണ്ടുണ്ടാവുന്നതെന്ന്‍ മനസ്സിലാക്കിയ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനം കുറിക്കാനായ് തങ്ങളുടെ നശീകരണശക്തി ജപ്പാനില്‍ പ്രയോഗിക്കുവാന്‍ തീരുമാനിച്ചു. ദുര്‍ബലമായ രീതിയില്‍ പ്രത്യാക്രമണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന ജപ്പാനുമേല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്റെ നിര്‍ദ്ദേശപ്രകാരം 1945 ആഗസ്റ്റ് ആറിനു ശാന്തസമുദ്രത്തിലെ അമേരിക്കയുടെ നാവികബേസില്‍ നിന്നും ലിറ്റില്‍ ബോയ് എന്നു പേരിട്ട യുറേനിയം ആറ്റംബോംബുമായ് പറന്നുപൊങ്ങിയ എനോലഗെ എന്ന്‍ യുദ്ധവിമാനം ജപ്പാന്‍ നഗരമായ ഹിരോഷിമയുടെ മുകളില്‍ രാവിലെ 8.15 നു എത്തുകയും ആ ബോംബ് വര്‍ഷിച്ചുമടങ്ങുകയും ചെയ്തു. 11 കിലോമീറ്റര്‍ ചുറ്റളവില്‍ അതിഭീകരമായൊരഗ്നിവലയം സൃഷ്‌ടിച്ച് സര്‍വ്വനാശമാണ് അതു വരുത്തിവച്ചത്. ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായി. പലരും നിന്ന നില്പ്പില്‍ ആവിയായി മാറിപ്പോയി. നഗരത്തില്‍ ഒഴുകിയിരുന്ന പുഴയും അരുവിയും തിളച്ചു മറിഞ്ഞു. അതിഭീകരവും അവിശ്വസനീയവുമായ ഉയരത്തില്‍ തിളച്ചുയരുന്ന കൂണ്‍ മേഘം നഗരത്തെ മൂടി  തുടര്ന്ന്  നഗരത്തില്‍ കറുത്ത മഴ പെയ്തു. ഒരു ലക്ഷത്തോളം ആളുകള്‍ തല്‍ക്ഷണം കൊല്ലപ്പെട്ടു. ഒന്നരലക്ഷത്തോളം ആളുകള്‍ തുടര്‍ ദിവസങ്ങളില്‍ അണുവികിരണമേറ്റ് മരിച്ചു.

ഹിരോഷിമയും നാഗസാക്കിയും

കീഴടങ്ങുവാനുള്ള അമേരിക്കയുടെ ശാസനയെ ജപ്പാന്‍ വകവയ്ക്കാതെയായതൊടെ കൊല്ലുന്നതില്‍ ഹരം കയറിയ അമേരിക്ക ആഗസ്റ്റ് 9 നു നാഗസാക്കി നഗരത്തിലും ഫാറ്റ്മാന്‍ എന്നു പേരിട്ട പ്ലൂട്ടോണിയം ബോംബ് വര്‍ഷിച്ചു. ഹിരോഷിമയിലെന്നതുപോലെ സംഹാരതാണ്ഡവമാടിയ ആ അണുസ്ഫോടത്തിലും നിമിഷങ്ങള്‍ക്കുള്ളില്‍ മുക്കാല്‍‍ ലക്ഷത്തോളം മനുഷ്യരാണ് ചാമ്പലായി മാറിയത്. ഈ രണ്ടു ആക്രമണങ്ങളും കഴിഞ്ഞശേഷം ജപ്പാനിലെ ഓരോ നഗരത്തിലും ഇതാവര്‍ത്തിക്കുമെന്ന്‍ അമേരിക്ക ജപ്പാനു അന്ത്യശാസനം നല്‍കി. റഷ്യയും ജപ്പാനെതിരേ യുദ്ധപ്രഖ്യാപനവുമായ് വന്നതോടെ മറ്റൊരു ഗത്യന്തരവുമില്ലാതെ ജപ്പാന്‍ പരാജയം സമ്മതിച്ചതായി ഹിരോഹിതോ ചക്രവര്‍ത്തി പ്രഖ്യാപിക്കുകയും 1945 സെപ്തംബര്‍ 2 നു മിസ്സൌറി എന്ന യുദ്ധക്കപ്പലില്‍ വച്ച് ഔദ്യോഗികമായ് കീഴടങ്ങിയതായി ഒപ്പുവയ്ക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധമാരംഭിച്ച് കൃത്യം ആറുവര്‍ഷം പൂര്‍ത്തിയായപ്പോള്‍ ആയിരുന്നു മാനവ ചരിത്രത്തിലെ ഏറ്റവും വലിയ ചൊരിച്ചിലിനിടയാക്കിയ ആ മഹാ യുദ്ധത്തിനു അന്ത്യമുണ്ടായത്.ജപ്പാന്റെ കീഴടങ്ങല്‍. 

യുദ്ധാനന്തരസംഭവങ്ങള്‍..

ജപ്പാന്റെ ഔദ്യോഗിക കീഴടങ്ങലോടേ വിരാമമായ യുദ്ധശേഷം ജപ്പാനിലെയും ജര്‍മ്മനിയിലേയും പല പട്ടാള മേധാവികളെയും രാഷ്ട്രീയ നേതാക്കളെയും പിടികൂടി വിചാരണ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്. നാസി രാഷ്ട്രീയ നേതാക്കള്‍, പട്ടാള മേധാവികള്‍, ഡോക്ടര്‍മാര്‍, ജഡ്ജ്സ് എന്നിവരെയെല്ലാം വിചാരണ ചെയ്തു. ഈ വിചാരണക്കിടയില്‍ ഉരുത്തിരിഞ്ഞ പല തീരുമാനങ്ങളും പിന്നീട് സാര്‍വ്വദേശീയമായി  ലോകത്തിന്റെ പല ഇടങ്ങളിലും യുദ്ധ കുറ്റ വാളികളെ വിചാരണ ചെയ്യുമ്പോള്‍ ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. ഇതിനെ ന്യൂറംബര്ഗ് കോഡ് എന്നാണ് വിളിക്കുന്നത്‌. ഇന്ന് ഒരു വിധപ്പെട്ട രാജ്യങ്ങള്‍ എല്ലാം ഈ കോഡ് ആണ് തങ്ങളുടെ റിസര്‍ച്ചുകള്‍ക്ക് മാനദണ്ഠമാക്കിയിട്ടുള്ളത്. വിചാരണകാലയളവില്‍ തന്നെ ചിലരെല്ലാം തടവില്‍ വച്ച് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരുടെ ശിക്ഷ ഏകദേശം ഒരുകൊല്ലത്തിനുള്ളില്‍ തന്നെ നടപ്പിലാക്കുകയുണ്ടായി.

കോന്‍സന്‍ട്രേഷന്‍ ക്യാമ്പിലെ വനിതാ ഗാര്‍ഡുകളെ പരസ്യമായി തൂക്കി കൊല്ലുന്നു

ടോക്യോ വിചാരണയില്‍ ജപ്പാന്റെ പ്രധാന മന്ത്രി ടോജോ അടക്കം ആറു പേര്‍ക്ക് വധ ശിക്ഷ വിധിച്ചു. ഇതിനെല്ലാം പുറമേ പല രാജ്യങ്ങളും അവരുടെതായ വിചാരണകള്‍ നടത്തുകയും ധാരാളം പേരെ വധിക്കുകയും ചെയ്തിട്ടുണ്ട്. ജൂത ക്യാമ്പുകളിലെ പിശാചിനികള്‍ ആയിരുന്ന സ്ത്രീ ഗാര്‍ഡുകളെ സോവിയറ്റ് യുനിയന്‍ പരസ്യമായി തൂക്കി കൊന്നത് എല്ലാം ഇതിനു ഉദാഹരണം ആണ്. ഇതിനു പുറമേ ഇസ്രയേല് അവരുടെ ചാരസംഘടനയായ മോസാദിനെ ഉപയോഗിച്ചു പല നാസികളെയും പിന്നീട് വേട്ടയാടി കൊന്നിട്ടുണ്ട്. എന്നാല് ഇതില് നിന്നെല്ലാം വ്യത്യസ്തനായി, കനത്ത പരാജയത്തിനു ശേഷവും കൂട്ടാളികള് എല്ലാവരും ശിക്ഷിക്കപ്പെട്ടിട്ടും ജപ്പാന്‍ ച്ക്രവര്‍ത്തിയായ ഹിരോഹിതോ വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകോ ചെയ്തില്ല. ജപ്പന്‍ ജനതയുടെ ചക്രവര്‍ത്തിയോടുള്ള വൈകാരികബന്ധം മുന്‍ നിര്‍ത്തിയായിരുന്നിരിക്കണം അമേരിക്ക ഹിരോഹിതോയെ വെറുതേവിട്ടത്. ചിലപ്പൊള്‍ അനുദിനം വളര്‍ന്നു വന്നിരുന്ന സോവിയറ്റ് യുണിയനെ എതിരിടാനും കമ്മ്യൂണിസത്തെ തടുക്കാനും വേണ്ടി അമേരിക്ക സന്ധി ചെയ്തതുമായിരിക്കാം.

ഇന്ത്യയുടെ സ്വാതന്ത്ര്യം

രണ്ടാം ലോകമഹായുദ്ധം ഇന്ത്യയുടേയും ഭാഗദേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. ബ്രിട്ടണൊപ്പം സഖ്യകക്ഷികളോടൊത്ത് ആഫ്രിക്കന്‍ മരുയുദ്ധത്തിലും മറ്റുമൊക്കെ ഇന്ത്യന്‍ സേനാവിഭാഗവും സ്തുത്യര്‍ഹമായ സേവനങ്ങളാണ് നടത്തിയിരുന്നത്. ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന റോമ്മലിനെ പരാജയപ്പെടുത്തിയതില്‍ മുഖ്യ ഘടകമായതും ബ്രിട്ടീഷുകാർ നയിച്ച ഇന്ത്യൻ സേന തന്നെ. ബ്രിട്ടീഷുകാർ യുദ്ധ ഫണ്ട് സംഘടിപ്പിച്ചത് ഇന്ത്യന് രാജാക്കന്മാരുടെ കൈയിൽ നിന്നായിരുന്നു. അവസാന പാദ യുദ്ധത്തിൽ ഇറ്റലിക്കു സർവ നാശം വരുത്തിയത് ഗൂർഖ രറെജിമെന്റ്റ് ആയിരുന്നു. ജപ്പാൻ മുന്നേറ്റം ആദ്യമായി തകർത്തു വിട്ടതും ഇന്ത്യൻ സേന ആണ്. ഇന്ത്യൻ സേനയുടെ വിശ്വസ്തതയിലും ധീരതയിലും ബ്രിട്ടീഷുകാർ തന്നെ അമ്പരന്നു പോയിട്ടുണ്ട്. ഇന്ത്യൻ പടയിൽ വിക്ടോറിയ ക്രോസ് നേടിയവർ നിരവധിയാണ്.

ഈ യുദ്ധ സമയത്ത് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ഹിറ്റ്ലറെ നേരിൽ കണ്ടു സഹായം അഭ്യര്ത്ഥിച്ചു. ജപ്പാന്‍ സൈനികരുടെ സഹായത്തൊടൊപ്പം ഐ എന്‍ എ സംഘടിച്ചെങ്കിലും നേതാജി ഉദ്ദേശിച്ചപോലൊന്നുമായിരുന്നില്ല കാര്യങ്ങള്‍ നീങ്ങിയത്. ജാപ്പനീസ് സൈനികര്‍ക്കൊപ്പം നേതാജിയുടെ മോഹങ്ങള്‍ സഫലമായിരുന്നെങ്കില്‍ ഒരുവേള ഇന്ത്യയുടെ ഗതിതന്നെ മാറിപ്പോയേനേ.ക്രൂരമനസ്ക്കരായിരുന്ന ജപ്പാനെ എത്രമാത്രം വിശ്വാസത്തിലെടുക്കാമായിരുന്നുവെന്ന്‍ നേതാജി മനസ്സിലാക്കിയിരുന്നില്ല. യുദ്ധം കഴിഞ്ഞതൊടെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി വര്‍ദ്ധികുകയും കോളനി രാഷ്ട്രങ്ങളെ നോക്ക്കിനടത്തുവാനുള്ള ത്രാണിയില്ലാത്തവിധം തകര്‍ന്നുപോയ ബ്രിട്ടീഷ് സാമ്രാജ്യം ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കുവാന്‍ തീരുമാനിക്കുകയും ചെയ്തു. 1947 ആഗസ്റ്റ് പതിനാലാം തീയതി രാത്രി 12 മണിക്ക് ഇന്ത്യയുടെ സ്വാതന്ത്ര്യാവകാശം ബ്രിട്ടണ്‍ അംഗീകരിച്ചു.


നേതാജിയുടെ ടീം

തെക്കേ അമേരിക്കന്‍ രാജ്യങ്ങളും അറബ് രാജ്യങ്ങളും യുദ്ധത്തില്‍ കൂടുതലായും പങ്കെടുക്കാതെ ഒരു നിക്ഷപക്ഷനിലപാട് സ്വീകരിച്ചു. യൂറോപ്പില്‍ യുദ്ധം കൊടുമ്പിരമ്പിക്കൊണ്ടിരുന്നപ്പോള്‍ അതേ നിലപാട് സ്വീകരിച്ച ഒരു രാജ്യമായിരുന്നു സ്വിറ്റ്സര് ലാന്ഡ്. ജര്‍മ്മനിയുടെ ആദ്യകാല ആക്രമണങ്ങളില്‍ സ്വിറ്റ്സര്‍ലാന്‍ഡിന്റെ സമീപരാഷ്ട്രങ്ങളെല്ലാം കീഴടക്കിയെങ്കിലും താരതമ്യേന നല്ല ഒരു മീഡിയേറ്ററുടെ റോളെടുത്ത സ്വിറ്റ്സര്‍ലാന്‍ഡിനെ ജര്‍മ്മനി ആക്രമിക്കാതെ വിട്ടു. മാത്രമല്ല ആക്രമണം ശക്തമായ എല്ലാ ഇടങ്ങളില്‍ നിന്നുമുള്ള കുടിയേറ്റവും സ്വിറ്റ്സര്‍ ലാന്‍ഡിലേക്കായിരുന്നു. അവിടത്തെ പ്രസിദ്ധമായ ബാങ്കുകളിലേക്ക് വന്‍ തോതില്‍ നിക്ഷേപമൊഴുകി. ജൂതവേട്ട നടക്കുമ്പോള്‍ പലരും തങ്ങളുടെ സമ്പാദ്യം മുഴുവന്‍ ആ ബാങ്കുകളില്‍ നിക്ഷേപിച്ചു. യുദ്ധാനന്തരം അത് തിരിച്ചെടുക്കുവാന്‍ ആരുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം.

യുറോപ്പിലെ മറ്റു രാജ്യങ്ങളായ പോര്‍ച്ചുഗലും സ്വീഡനും സ്പെയിനും ന്യൂട്രലായി നിന്നെങ്കിലും യുദ്ധത്തിന്റെ കെടുതികള് ആവോളം അനുഭവിച്ചു. പക്ഷെ സ്വിസ്സിനു അതുണ്ടായില്ല മറിച്ചു നേട്ടവും ഉണ്ടായി എന്നതാണ് വസ്തുത. സ്പയിന് അവരുടെ നാട്ടില് നടന്ന അഭ്യന്തര കലഹം കൊണ്ട് തന്നെ തകര്ന്നു അടിഞ്ഞിരുന്നു. മറ്റു രാജ്യങ്ങള്ക്ക്  ഉണ്ടായ ദുരിതവും കഷ്ട്ടതകളും നോക്കുമ്പോള് ഈ രാജ്യങ്ങള്ക്ക്  ഉണ്ടായ നാശം തുലോം തുച്ഛം ആണ്. രണ്ടാം ലോക മഹായുദ്ധം കൊണ്ട് സമ്പന്നമായ ഒരു തുറുമുഖമാണ് ന്യുസിലണ്ടിലെ ലിറ്റിൽടണ്. യുദ്ധസമയത്ത് ലോകത്തിലെ നാനാ ഭാഗത്തേക്ക് തീവില വാങ്ങി പാലുൽപ്പന്നങ്ങളും, ഇറച്ചിയും മറ്റും ഇവർ കയറ്റി അയച്ചു. അന്നും ഇന്നും ഈ രാജ്യതിന്റ്റെ പ്രധാന വ്യാവസായിക മേഖല മാംസവും, പാലും ആണ്.

രണ്ടാം ലോകമഹായുദ്ധകാലഘട്ടത്തില്‍ ശത്രുസേനയിലായിരുന്നെങ്കിലും സഖ്യകക്ഷികള്‍ പോലും അമ്പരപ്പോടെയും അതിശയത്തോടെയും കണ്ടിരുന്ന ഒന്നുരണ്ട് വ്യക്തിത്വങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനപ്പെട്ട ഒരാളായിരുന്നു ജര്‍മ്മന്‍ സൈന്യാധിപനായിരുന്ന ഇര്‍വ്വിന്‍ റോമ്മല്‍. ശത്രുക്കളുടെ പോലും ബഹുമാനം പലപ്പോഴും വാങ്ങിയിരുന്ന റോമ്മല്‍ യുദ്ധത്തില്‍ പിടിക്കപെടുന്ന സൈനീകരെ കൊല്ലണമെന്ന ഹിറ്റ്ലറുടെ നയത്തിന് എക്കാലവും എതിരായിരുന്നു. ആഫ്രിക്കയിൽ അദ്ദേഹത്തിന്റെ വിജയം അദേഹത്തെ ഒരു ദേശിയ ഹീറോ ആക്കിയിരുന്നു. ഹിറ്റലറിന്റെ വലം കയ്യായിരുന്ന ഈ ഓഫീസറെ ഹിറ്റലര്‍ തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ചുമത്തി ഹിറ്റലര്‍ തന്നെ കൊലപ്പെടുത്തി. സ്വയം മരിക്കുവാന്‍ തയ്യാറായില്ലെങ്കില്‍ വീട്ടുകാരെ മുഴുവന്‍ നശിപ്പിക്കുമെന്ന ഭീഷണിക്ക് വഴങ്ങി റോമ്മല്‍ ആത്മഹത്യചെയ്യുകയാനുണ്ടായത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ചര്‍ച്ചില്‍ പോലും റോമ്മലിനെ ക്കുറിച്ച് "ധീരനും സമര്ത്ഥനുമായ ഒരു പ്രതിയോഗി ആണ് നമുക്ക് എതിരെ ഉള്ളത്. യുദ്ധത്തിന്റെ നാശത്തിനിടയ്ക്കും ഞാൻ പറയട്ടെ,ഒരു മഹാ സേനാനിയായിരുന്നു" എന്നാണു പറഞ്ഞത്. നെപ്പോളിയനു ശേഷം ബ്രിട്ടീഷ് സേനയുടെ ബഹുമാനം പിടിച്ചുപറ്റിയ ആളായിരുന്നു റോമ്മെല്‍.
റോമ്മെലും കുടുംബവും

യുദ്ധകാലഘട്ടത്തിലെ കണ്ടുപിടുത്തങ്ങള്‍

രണ്ടാം ലോക മഹായുദ്ധം അതിക്രൂരമായ ഒന്നായിരുന്നു എന്ന് സമ്മതിക്കുന്നതോടൊപ്പം തന്നെ അത് ശാസ്ത്ര ഗവേഷണത്തിന് നല്കിയ സംഭാവനകളെ കാണാതിരിക്കാൻ ആവില്ല. രാജ്യങ്ങൾ ശത്രുക്കളെ കവച്ചു വെക്കാൻ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക് -അതായത് സൈനിക ഗവേഷണങ്ങള്ക്ക്- മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു . എല്ലാ സൈനിക ഗവേഷങ്ങളെയും പോലെ ഇവയും അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. രണ്ടാം ലോക യുദ്ധം നടന്നിരുന്നില്ല എങ്കിൽ വ്യോമയാന രംഗത്ത് ഇന്നുള്ള രീതിയിലെ സാങ്കേതിക കൈവരിക്കാൻ ഒന്നോ രണ്ടോ ദശകം കൂടി കൂടുതൽ വേണ്ടി വന്നേനെ.

റോക്കെറ്റ്‌ അഥവാ മിസൈല്‍ ആദ്യമായി നിര്‍മ്മിക്കുന്നതും ഉപയോഗിക്കുന്നതും നാസികളായിരുന്നു. ഫ്രാന്‍സില്‍ നിന്നും ലണ്ടന്‍ നഗരത്തിലേക്ക് ഏതാണ്ട് അയ്യായിരം റോക്കെറ്റുകളെങ്കിലും ജര്‍മ്മനി അയച്ചിരുന്നു. ഈ പുതിയ ആയുധം അന്നേ വരെ ലോകം കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. ഇന്ന്‍ ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടേ കൈകളിലും അതീവപ്രഹരമാരകശേഷിയുള്ള മിസൈലുകളുടെ കൂമ്പാരങ്ങള്‍ ഉണ്ട്.
ജര്‍മ്മനിയാണ് ആദ്യമായി ജെറ്റ് എഞ്ചിന് നിര്‍മ്മിക്കുന്നത്. ജെറ്റ് എഞ്ചിന് ഉപയോഗിച്ചു പറന്നിരുന്ന ജര്‍മ്മന്‍ വിമാനങ്ങള്‍ യുദ്ധ വിജയികളായ അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും നിരന്തര പഠനത്തിന് വിധേയമാക്കപ്പെടുകയും ഈ രാജ്യങ്ങളിലെ വ്യോമയാന മേഖലക്ക് അടിസ്ഥാനമായി മാറുകയും ചെയ്തു. അതുപോലെ തന്നെ ജീപ്പ് എന്ന വാഹനം യുദ്ധ ആവശ്യങ്ങൾക്കായി നിർമ്മിച്ചതാണ്.  ജർമ്മനിക്കെതിരെ യുദ്ധത്തിൽ ഏതു കാലാവസ്ഥയിലും ഉപയോഗിക്കാമായിരുന്ന ഈ വാഹനമാണ് ഇന്നും ലോകത്തെ ഏറ്റവും മികച്ച ഓഫ്റോഡ് വാഹന ഡിസൈൻ.


രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടുപിടിച്ച മറ്റൊരു മാരകായുധമായിരുന്നു എ കെ 47 എന്ന യന്ത്രത്തോക്ക്. സോവിയറ്റ് യൂണിയന് വേണ്ടി നാസിക്കെതിരെ പടനയിച്ച മിഖായേൽ കലോനിഷ്കോവ് എന്ന കമാണ്ടര്‍ കണ്ടുപിടിച്ചതാണ് അഖട്ടോമാറ്റിക് (ഒട്ടോമാടിക്) കലോഷ്നിക്കൊവ് എന്ന എക് 47 തോക്ക്. ഇന്ന്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളുടേയും തീവ്രവാദികളുടേയുമെല്ലാം ഏറ്റവും പ്രീയപ്പെട്ട ആയുധവും ഇതുതന്നെ. റഡാറുകളുപയോഗിച്ചുള്ള നിരീക്ഷണവും ശത്രുവിമാനങ്ങളുടെ കണ്ടുപിടിത്തവും ഒക്കെ ഈ ലോകമഹായുദ്ധത്തിന്റെ സംഭാവനകളായിരുന്നു. ലോകം ഇന്ന്‍ അങ്ങേയറ്റം ഭയപ്പാടോടെ കാണുന്ന അണുബോംബുകളും ഈ യുദ്ധത്തിന്റെ സന്തതികള്‍ തന്നെയായിരുന്നു. ഇനി ഒരു ലോകയുദ്ധം സംഭവിക്കുകയാണെങ്കില്‍ ലോകം ഒരു അണുയുദ്ധമായിരിക്കും നേരിടുക. അത് ഈ ഭൂമിയുടെ സര്‍വ്വനാശത്തിന്റെ കാരണവുമായിത്തീരും..

ഐക്യരാഷ്ട്രസഭയുടെ രൂപീകരണം

ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്ന്‍ രൂപവത്ക്കരിക്കപ്പെട്ട ലീഗ് ഓഫ് നേഷന്‍സ് പരാജയമാവുകയും രണ്ടാമത് വീണ്ടുമൊരു മഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ചെയ്തതോടെ ഇനിയൊരു യുദ്ധമൊരിക്കലും ആവര്‍ത്തിക്കാതിരിക്കാനായ് ലോകരാജ്യങ്ങള്‍ ശ്രമിക്കുകയും അതിനായ് ഒരു ശക്തമായ സംഘടന ഉണ്ടാക്കണമെന്ന്‍ ആഗ്രഹിക്കുകയും ചെയ്തതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതാണ് ഐക്യരാഷ്ട്രസഭ. 1945 ഒക്ടോബർ 24നാണ് ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി നിലവിൽവന്നത്. എല്ലാ വർഷവും ഒക്ടോബർ 24-ന് യു എൻ ദിനമായി ആചരിക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം.

ഇരുഭാഗത്തും യാതൊരുവിധ ശത്രുതയുമില്ലാത്ത ദശലക്ഷങ്ങള്‍ മരിച്ചുവീഴുന്ന മഹാഭീകരതയാണ് ഓരോ യുദ്ധവും. യുദ്ധം സമ്മാനിക്കുന്നതെപ്പോഴും ദുരിതവും തീരാത്ത കണ്ണീര്‍കാഴ്ചകളും സങ്കടങ്ങളും ഇല്ലായ്മകളും മാത്രമാണ്. പലപ്പോഴും പരസ്പ്പരം പോരടിക്കുകയും മരിച്ചുവീഴുകയും ചെയ്യുന്ന ഒരാളുപോലും തിരിച്ചറിയുന്നുണ്ടാവില്ല തങ്ങളെന്തിനുവേണ്ടിയാണു ചാകുന്നതെന്നും കൊല്ലുന്നതെന്നും. ആര്‍ത്തിയുടേയും ദുരയുടേയും പകയുടേയും ഇരകളാകുവാന്‍ എക്കാലവും വിധിക്കപ്പെടുന്നത് അതാത് രാജ്യങ്ങളിലെ നിസ്സഹായരായ ജനങ്ങള്‍ മാത്രമായിരിക്കും. കുഞ്ഞുങ്ങളും സ്ത്രീകളും സാധാരണക്കാരായ ജനങ്ങളും ഒക്കെ അനുഭവിക്കുന്ന സങ്കടങ്ങളും ദുരിതങ്ങളും ദുരമൂത്ത് യുദ്ധവെറിപൂണ്ട ഓരോ ഭരണാധികാരിയുടേയും കണ്ണ്‍ തുറപ്പിക്കേണതാണ്. പ്രീയപ്പെട്ടവര്‍ ചിന്നഭിന്നമായിക്കിടക്കുന്നതുകണ്ടലമുറയിടുന്നവരുടെ ദയനീയത മനസ്സിലാക്കേണ്ടതാണ്. യുദ്ധങ്ങള്‍ എന്നത് വെറുപ്പിന്റെ സന്തതികള്‍ മാത്രമാണ്. അങ്ങേയറ്റം ഒഴിവാക്കപ്പെടേണ്ട ഒന്ന്‍. നമ്മുടെ മുന്നില്‍ പൊട്ടിക്കരച്ചിലുകളുടേയും തകര്‍ച്ചകളുടേയും വേദനയുടേയും ശബ്ദങ്ങള്‍ നിറയാതെ പ്രതീക്ഷാനിര്‍ഭരമായി ലോകത്തിന്റെ വെളിച്ചത്തെ മാത്രം നോക്കിക്കാണുന്ന കണ്ണുകളുടേതാവട്ടെ നാളത്തെ പുലരികള്‍. തുലയട്ടെ യുദ്ധങ്ങളും യുദ്ധവെറിപൂണ്ട ഭരണാധികാരികളും...


ലോകത്തെ മുഴുവന്‍ ഗ്രസിച്ച ഈ മഹായുദ്ധത്തെക്കുറിച്ചുള്ള ചെറുവിവരണം ഇവിടെ പൂര്‍ത്തിയാകുന്നു. ഇങ്ങിനെയൊന്ന്‍ കുറിച്ചിടുവാന്‍ പ്രചോദനമായ പാലാരിവട്ടം ശശിക്കും സച്ചിന്‍ കെ എസിനും പിന്നെ ഈ കുറിപ്പുകള്‍ വായിക്കുവാന്‍ തല്‍പ്പരരായ എല്ലാവര്‍ക്കും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.

സ്നേഹപൂര്‍വ്വം

ശ്രീക്കുട്ടന്‍Sunday, January 19, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 6


നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ മഹായുദ്ധത്തിൽ 72 ദശലക്ഷത്തിലധികം പേർ കൊല്ലപ്പെട്ടു. അതിലുമെത്രയോ അധികം പേര്‍ അംഗഭംഗം നേരിട്ടവരായി. എഴുപതിലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി പരസ്പ്പരം പോരടിച്ചു. ആ മഹായുദ്ധത്തിന്റെ കാരണങ്ങളിലേക്കും യുദ്ധത്തിലേക്കുമൊരു നടത്തം. ഈ കുറിപ്പിന്റെ മുന്‍ ഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കിയാല്‍ കാണാവുന്നതാണ്.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 5

നോര്‍മണ്ടിയിലെ ആക്രമണം

ഇറ്റലിയിലെ അവസ്ഥ ഹിറ്റ്ലറെ പരിഭ്രാന്തനാക്കി മാറ്റി. ഇനിയൊരു യുദ്ധ മുഖം കൂടെ യുറോപ്പില്‍ തുടങ്ങിയാല്‍ ജര്‍മ്മന്‍ പട്ടാളത്തിന്റെ അവസ്ഥ പരിതാപകരമാകുമെന്നറിയാമായിരുന്ന ഹിറ്റ്ലര്‍ ഫ്രാന്‍സ് വഴി ഉണ്ടായേക്കാവുന്ന ഒരാക്രമണം തടയാനായി അറ്റ്ലാന്റിക് സമുദ്രത്തിന്റെ കര മുഴുവന് പ്രതിരോധം കൊണ്ട് ഒരുമതില്‍ തീര്‍ക്കുവാന്‍ ആജ്ഞാപിച്ചു. എന്നാല്‍ സഖ്യ കക്ഷികള്‍ ഇത് തകര്‍ക്കാനും ഫ്രാസുവഴി പുതിയ ഒരു യുദ്ധം തുടങ്ങാനും തീരുമാനിച്ചു. ഇപ്രകാരം ആക്രമണത്തിനായ് സഖ്യകക്ഷികള്‍ തിരഞ്ഞെടുത്ത സ്ഥലമാണ് നോര്‍മണ്ടി. ഈ ആക്രമണം കേവലം ഒന്നോ രണ്ടോ ദിവസത്തെ തയ്യാറെടുപ്പിന് ശേഷമുണ്ടായതല്ല. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷമാണു ഇതാരംഭിച്ചത്. നോർമണ്ടിയിൽ ആണ് ലാന്‍ഡിംഗ് എന്നത് മറച്ചു വെയ്ക്കാനും പകരം ഫ്രാൻസിന്റെ മറ്റൊരു തീരത്തായിരിക്കും യുദ്ധമാരംഭിക്കുകയെന്നും സഖ്യകക്ഷികള്‍ സമര്‍ത്ഥമായ് ഹിറ്റ്ലറെ തെറ്റിദ്ധരിപ്പിച്ചു. മറ്റൊരിടത്ത് ചില തയ്യാറെടുപ്പുകള്‍ നടത്തിയതോടെ ജർമ്മനി അങ്ങോട്ട് ശ്രദ്ധ തിരിച്ചു. ജർമ്മ്യുടെ റഡാറുകളെ സമര്‍ത്ഥമായ് സഖ്യകക്ഷികള്‍ കബളിപ്പിച്ചു. 1944 ജൂണ്‍ 6 നു സഖ്യകക്ഷികളുടെ നോര്‍മണ്ടി ലാന്‍ഡിംഗ് നടക്കുകയും ജര്‍മ്മനി ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന ആക്രമണം അവരുടെ നേര്‍ക്കഴിച്ചുവിട്ടു. ജര്‍മ്മനിയുടെ ശ്രദ്ധ മറ്റിടങ്ങളിലായി ചിതറിപ്പോയതിനാല്‍ ഒരു ശക്തമായ പ്രത്യാക്രമണം നടത്തുവാനോ പ്രതിരോധം സംഘടിപ്പിക്കുവാനോ അവര്‍ക്ക് കഴിഞ്ഞില്ല.

സഖ്യ കക്ഷികളുടെ മുപ്പതു ലക്ഷത്തോളം വരുന്ന സൈനികരും വന്‍ വ്യോമ, നാവികടീമും ആക്രമണത്തില്‍ പങ്കെടുത്തു. പാരച്യൂട്ട് വഴിയും ഗ്ലൈഡര്‍ വഴിയും ആക്രമണമഴിച്ചുവിട്ട സഖ്യസേന ശക്തമായ ആകാശാക്രമണവും ബോംബിംഗുമാരംഭിച്ചു. കൃത്യമായ് എവിടെയാണു യുദ്ധം നടക്കുന്നതെന്ന ഒരറിവില്ലാതിരുന്നതിനാല്‍ ജര്‍മ്മന്‍ സേനാവിഭാഗം പലയിടത്തായി ചിതറിപ്പോയി. എണ്ണത്തില്‍ കുറവായിരുന്നെങ്കിലും ജര്‍മ്മന്‍ സൈന്യം റോമ്മലിന്റെ നേതൃത്വത്തില്‍ അല്‍പ്പസമയത്തിനകം ശക്തമായ് തിരിച്ചടിക്കാനാരഭിച്ചു. പിന്തിരിയേണ്ട പല ഘട്ടങ്ങളിലും ഹിറ്റ്ലറിന്റെ ഓര്‍ഡര്‍ അനുസരിച്ച് ജർമ്മൻ സേന പിബന്‍ വാങ്ങാതെ യുദ്ധം തുടര്‍ന്നു. യുദ്ധതന്ത്രത്തില്‍ ചിലപ്പോഴൊക്കെ പിന്‍ വാങ്ങുകയും സൌകര്യവും സമയവും അനുകൂലമാകുമ്പോള്‍ ശക്തി സംഭരിച്ച് തിരിച്ചടിക്കുകയും വേണം എന്ന നയം ഹിറ്റ്ലര്‍ അംഗീകരിച്ചതേയില്ല. അതിന്റെ ഫലം ജര്‍മ്മന്‍ സൈനികരുടെ വന്‍ ആള്‍നാശമായിരുന്നു. വിഖ്യാതമായ ജര്‍മ്മന്‍ വ്യോമസേന ഒട്ടുമുക്കാലും നശിച്ചുനാമാവശേഷമായ്. ഒടുവില്‍ അനിവാര്യമായ വിധിയെന്നൊണം ജര്‍മ്മന്‍ സൈന്യം നോര്‍മണ്ടി ആക്രമണത്തില്‍ തകര്‍ന്നു തരിപ്പണമായി മാറി.


യുദ്ധത്തില്‍ മരിച്ചവരുടെ ശവപറമ്പ് 

ജപ്പാന്റെയും തകര്‍ച്ച

ഇറ്റലിയും ജര്‍മ്മനിയും പരാജയങ്ങളേറ്റുവാങ്ങിക്കൊണ്ടിരുന്നപ്പോള്‍ അവരുടെ സഖ്യകക്ഷിയായ ജപ്പാന്റെ സ്ഥിതിയും അത്ര മെച്ചമായിരുന്നില്ല. അമേരിക്ക ജപ്പാനെതിരേയുള്ള ആക്രമണം അങ്ങേയറ്റം ശക്തിയാക്കി. ജപ്പാന്റെ ദ്വീപുകള്‍ മുഴുവനും കീഴടക്കി അവരെ ഇല്ലാതാക്കാന്‍ അമേരിക്കയും എന്തു വിലകൊടുത്തും അതിനെ ചെറുക്കുവാന്‍ ജപ്പാനും തയ്യാറായി. സോളമന്‍ ദ്വീപിലും മാര്‍ഷല്‍ ദ്വീപിലുമൊക്കെ അമേരിക്കയെ ശക്തമായി ജപ്പാന്‍ പ്രതിരോധിച്ചുനിന്നു. ഉണ്ടായിരുന്ന മുഴുവന്‍ ജാപ്പനീസ് സൈനികരും കീഴടങ്ങുവാന്‍ തയ്യാറാകാതെ മരണം വരെ പ്രതിരോധിച്ചുനില്‍ക്കാനാണ് തയ്യാറായത്. ന്യൂ ഗിനി ദ്വീപുകള്‍ക്ക് സമീപമുള്ള ചൂക് ദ്വീപ് തെക്കന് പസഫികിലെ ജപ്പാന്റെ ഏറ്റവും വലിയ ബേസ് ആയിരുന്നു. എല്ലാ യുദ്ധ മേഖലയിലേക്കും സാധന സാമഗ്രികളയച്ചിരുന്നത് ഇവിടെ നിന്നായിരുന്നു. അത് കൊണ്ട് തന്നെ ജപ്പാന് ഇതിനു വലിയ പ്രധിരോധം തീര്‍ത്തിരുന്നു. ചൂക് നു സമീപത്തെ മാര്‍ഷല്‍ ദ്വീപ് അമേരിക്ക കീഴടക്കിയശേഷം ചൂക്കിനെ നേരിട്ടാക്രമിക്കാതെ ചൂക്കില്‍ സംഭരിച്ചിരിക്കുന്ന മുഴുവന്‍ ആയുധങ്ങളും വിമാനങ്ങളും നശിപ്പിക്കാന്‍ തീരുമാനിച്ചു. ഓപ്പറേഷന്‍ ഹെയില്‍ സ്റ്റോണ്‍ എന്നു പേരിട്ട ഓപ്പറേഷനിലൂടെ അമേരിക്ക ചൂക്കിനു ചുറ്റും ഉപരോധമേര്‍പ്പെടുത്തി.  മാത്രമല്ല ഇടക്ക് നടത്തിയ ചില മിന്നലാക്രമണങ്ങളില്‍ ജപ്പാന്റെ നിരവധി കപ്പലുകളും വിമാനങ്ങളും കടലില്‍ മുക്കുകയും ചെയ്തു.ഉപരോധത്തെത്തുടര്‍ന്നുള്ള  കൊടും പട്ടിണിയുടെയും ദുരിതത്തിന്റേയും ഒടുവിലാണ് ചൂക് കീഴടങ്ങിയത്.

ചൂക് കടലില്‍ അന്ത്യവിശ്രമം കൊള്ളുന്ന യാനങ്ങള്‍

മരിയാന ദ്വീപുകള്‍ ആയിരുന്നു അടുത്ത യുദ്ധ സ്ഥലം. മരിയാന അമേരിക്കയുടെ കയ്യില്‍ പെട്ടാല്‍ തങ്ങളുടെ മാതൃ ദ്വീപുകളില്‍ ബോംബു ഇടാന്‍ പറ്റിയ ഒരു ബേസ് അമേരിക്കക്കുണ്ടാകും എന്നുറപ്പിഛ്ക ജപ്പാന്‍ അതിശക്തമായി അതിനെ പ്രതിരോധിക്കാനാരംഭിച്ചു. കയ്യില്‍ അവശേഷിച്ചിരുന്ന കപ്പലുകളും വിമാന വാഹിനികളും ചേര്‍ത്ത് ജപ്പാന്‍ ​അമേരിക്കയെ ആക്രമിച്ചു. എന്നാല്‍ വന്‍ നാവികവ്യൂഹമുണ്ടായിരുന്ന അമേരിക്ക ജാപ്പനീസ് നാവികവ്യൂഹത്തെ താറുമാറാക്കി ജപ്പാന്റെ ഒട്ടുമിക്ക കപ്പലുകളും വിമാനങ്ങള്‍ അമേരിക്ക തകര്‍ത്തു. ഒടുവില്‍ നില്‍ക്കക്കള്ളിയില്ലാതെ ജപ്പാന്‍ പിന്തിരിഞ്ഞു. മരിയാന ദ്വീപുകല്‍ അമേരിക്കയുടെ കൈവശമാകുകയും ചെയ്തു.

ജപ്പാന്റെ കയ്യില്‍ നിന്നും ഫിലിപ്പൈന്‍സിനെ വീണ്ടെടുക്കാനായിരുന്നു അമേരിക്കയുടെ അടുത്ത നീക്കം. എന്നാല്‍ ആക്രമണം ആരംഭിച്ചപ്പോള്‍ തന്നെ അതത്ര എളുപ്പമല്ല എന്ന് അമേരിക്കക്ക് മനസിലായി. മനിലയില്‍ ജപ്പാന്‍ അത്മഹത്യാപരമായ രീതിയിലാണ് പ്രത്യാക്രമണം നടത്തിയത്. വിമാനം നിറയെ സ്ഫൊടകവസ്തുക്കള്‍ നിറച്ച്  അമേരിക്കയുടെ തന്ത്ര പ്രധാനമായ സ്ഥലങ്ങളില്‍ ഇടിച്ചു ഇറക്കുന്ന പരിപാടിയാണ് ജപ്പാന്‍ കൈക്കൊണ്ടത്. എന്നിരുന്നാലും ഏറെ നീണ്ടു നിന്ന യുദ്ധത്തിനൊടുവില്‍ അമേരിക്ക മനിലയും ഫിലിപ്പൈന്‍സും മോചിപ്പിച്ചു.


തുടര്‍ന്ന്‍  ഇവോ ജിമ, ഒക്കിനാവ തുടങ്ങി മിക്ക ദ്വീപുകളും അമേരിക്ക കീഴടക്കി. മാതൃദ്വീപിനെ സംരക്ഷിക്കുന്നതിനായി ഏതാണ്ട് പത്തു ലക്ഷം പട്ടാളക്കാരെ പരിശീലനം നല്‍കി ജപ്പാന്‍ ഒരുക്കിനിര്‍ത്തി. മാത്രമല്ല രാജ്യത്തിനുവേണ്ടി ചാകാനും കൊല്ലാനും മടിയില്ലാത്ത ജനങ്ങളേയും. തങ്ങള്‍ക്കും കനത്ത ആള്‍നാശം സംഭവിക്കാതെ ജപ്പാന്റെ മെയിന്‍ ലാന്‍ഡ്മ പിടിച്ചെടുക്കാനാവില്ലെന്ന്‍ ബോധ്യമായ അമേരിക്കന്‍ നേതൃത്വം മറ്റുവഴികള്‍ ആലോചിക്കാന്‍ തുടങ്ങി. ഭീമമായ ഈ ആള്‍ നാശം തടയാന്‍ വേണ്ടി അമേരിക്ക തങ്ങളോട് സമാധാന ചര്‍ച്ചക്ക് വരുമെന്ന്‍ കരുതിയിരുന്ന ജപ്പാനെ ഏറ്റവും വലിയ ഒരു ദുരന്തമാണ് കാത്തിരുന്നത്.

നോര്‍മണ്ടി യുദ്ധത്തില്‍ സംഭവിച്ച പരാജയത്തിന്റെ ആഘാതത്തിലിരുന്ന ജര്‍മ്മനിയെ ഒന്നുകൂടിയുലച്ചുകൊണ്ട് ജൂണ്‍ മാസത്തില്‍ തന്നെ ചെമ്പട ഒരു കനത്ത ആക്രമണം ജര്‍മ്മനിക്കെതിരേ ആരംഭിച്ചു. കിഴക്കന്‍ ഭാഗങ്ങളില്‍ അവശേഷിച്ചിരുന്ന ജര്‍മ്മന്‍‍ സൈനികരെ ഇല്ലായ്മ ചെയ്യുകയോ പിടി കൂടുകയോ ചെയ്തുകൊണ്ട് സോവിയറ്റ് പട മുന്നേറുകയും താമസംവിനാ സോവിയറ്റ് യുണിയന്‍ തങ്ങളുടെ എല്ലാ ഭാഗങ്ങളും നാസികളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. യുദ്ധത്തില് പരാജയപ്പെട്ടു പിന്‍വാങ്ങിയ ജര്‍മ്മന്‍ സൈനികര്‍ കൊടും ക്രൂരതകള് ആണ് അവിടുത്തെ ജനങ്ങളോട് കാണിച്ചിരുന്നത്. പടിഞ്ഞാറന് യുറോപ്പിലെ ജനങ്ങള്‍ക്ക് ഇത് അനുഭവിക്കേണ്ടി വന്നിട്ടില്ല അധികം. എന്നാല്‍ റഷ്യന്‍ ജനങ്ല്‍ ഇത് വല്യ അളവില്‍ അനുഭവിക്കേണ്ടി വന്നവരാണ്. റഷ്യയുടെയും ജർമ്മനിയുടെയും പോരാട്ടങ്ങളുടെ ഇടയിൽ പെട്ട് പോയ ചില ചെറിയ രാജ്യങ്ങളുടെ അവസ്ഥ അതിഭീകരമായിരുന്നു. ലിത്വാനിയയിലെ പനറോയി വനത്തില്‍ ഏതാണ്ട് ഒരു ലക്ഷം പേരെയാണ് ഹിറ്റ്ലറിന്റ്റെ നാസി സൈന്യം കൊന്നു തള്ളിയത്. ഭൂരിഭാഗവും ജൂതവംശജരായിരുന്നു കൊല്ലപ്പെട്ടത്. കമ്യൂണിസ്റ്റ് അനുഭാവികളുമായി ചേര്‍ന്ന്‍ ജൂതര്‍ നാസിപ്പടയ്ക്കെതിരേ ഗറില്ലായുദ്ധങ്ങള്‍ നടത്തി വലിയ നാശനഷ്ടമവര്‍ക്കുണ്ടാക്കിക്കൊണ്ടിരുന്നതുകൊണ്ട് നാസികളുടെ പക ഇരട്ടിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പരമാവധി റഷ്യക്കാരുടെ ജീവനെടുക്കാന്‍ തോറ്റ് മടങ്ങുമ്പോള്‍ ജര്‍മ്മനി ശ്രമിച്ചു. പടിഞ്ഞാറന്‍ റഷ്യ മുഴുവന് അവര് കത്തിച്ചു ചാമ്പലാക്കിയിരുന്നു. ഈ ക്രൂരതകളുടെയൊക്കെ പകരം വീട്ടലെന്നോണമാണ് ചെമ്പട ജര്‍മ്മനിക്കെതിരേ സര്‍വ്വശക്തിയുമെടുത്ത് ആഞ്ഞടിച്ചത്.

നാസികള്‍ കത്തിച്ച ഒരു ഉക്രൈന്‍ ഗ്രാമം - നഷ്ടപ്പെടലില്‍ പൊട്ടിക്കരയുന്നൊരമ്മയും.

തകര്‍ന്ന ജർമ്മൻ സൈന്യം എല്ലായിടത്തുനിന്നും പിൻവാങ്ങിക്കൊണ്ടിരുന്നു. എന്നാൽ ആര്‍ട്ടിനിൽ പെട്ടന്ന് ഒരു സമര മുഖം തുറന്ന ജര്‍മ്മനി അമേരിക്കൻ മുന്നണി തകര്‍ത്തു ഇരമ്പി കയറി. അപ്രതീക്ഷിതമായ ആക്രമണത്തില്‍ പല നിരര്‍ണ്ണായക കേന്ദ്രങ്ങളും പിടിച്ചെടുത്ത ജർമ്മൻ സേനയുമായി അമേരിക്കൻ സേന ശക്തമായി പൊരുതി. എണ്‍പതിനായിരത്തോളം അമേരിക്കൻ ഭടന്മാർ ഇവിടെ കൊല്ലപ്പെട്ടു എന്നാണു കണക്ക്. ജര്‍മ്മനിക്ക് ഒരു ലക്ഷത്തിനുമേല്‍ ആള്‍ക്കാരും. ഇതാണ് ബല്‍ജിലെ യുദ്ധം എന്ന് അറിയപ്പെടുന്നത്. പടിഞ്ഞാറന്‍ ജര്‍മ്മനിയിലെ ഏറ്റവും വലിയ കരയുദ്ധമായിരുന്നിത്. 

ബെര്‍ലിന്റെ പതനവും ഹിറ്റ്ലറിന്റെ മരണവും

ജര്‍മ്മന്‍ സൈന്യവിഭാഗങ്ങള്‍ പലയിടത്തായി ചിതറി യുദ്ധത്തിലേര്‍പ്പെട്ടിരുന്നതോടെ അപകടം മണത്ത സൈന്യാധിപന്മാര്‍ പലയിടത്തും സന്ധി ചെയ്തു റഷ്യൻ പ്രതിരോധം ശക്തിപ്പെടുത്താൻ ഹിറ്റ്ലറോട് പറഞ്ഞെങ്കിലും ഹിറ്റ്ലര്‍ അതൊന്നും വകവച്ചില്ല. ഫലമോ എല്ലാ ഭാഗത്തുനിന്നും ജര്‍മ്മനിയുടെ പരാജയം അടുത്തുകൊണ്ടിരുന്നു. യുദ്ധത്തില് പരാജയം ഉറപ്പായ ഹിറ്റ്ലര്‍ അവസാന കാലങ്ങളില് ഒരു ഭ്രാന്തനെപോലെയാണ് പെരുമാറിയിരുന്നത്. യുദ്ധത്തിന്റെ അവസാനനാളുകളിലേക്കെത്തപ്പെട്ടപ്പോള്‍ അധിക സമയവും ഹിറ്റ്ലര്‍ ബങ്കറുകള്‍ക്കുള്ളിലാണു കഴിച്ചു കൂട്ടിയിരുന്നത്. ജര്‍മ്മനിയെ അതിവേഗത്തി സമീപിച്ചുകൊണ്ടിരുന്ന ചെമ്പട ബെര്‍ ലിന്‍ കീഴ്ശ്ടക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചു. പോളണ്ടിനെ മോചിപ്പിച്ച അവര്‍ നാസികളുടെ ക്രൂരതയുടെ ഇടങ്ങളായിരുന്ന കോണ്‍സണ്ട്രേഷന്‍ ക്യാമ്പുകള്‍ പുറം ലോകത്തിനു കാട്ടിക്കൊടുത്തു. നാസി ഭീകരതയെ കുറിച്ച് കൂടുതലായറിഞ്ഞുവന്നതോടെ ചെമ്പടയ്ക്ക് അവരോടുള്ള വൈരാഗ്യവും വര്‍ദ്ധിച്ചു. ജര്‍മ്മനിയില്‍ തകര്‍ക്കപ്പെടാത്ത ഒരു ഇഷ്ട്ടിക പോലും ബാക്കിയുണ്ടാവരുത് എന്നായിരുന്നു ചെമ്പടക്ക് നല്കപ്പെട്ട ഓര്‍ഡര്‍. ജര്‍മ്മന്‍ മേഖലകളിലേക്ക്ീരച്ചുകയറിയ ചെമ്പട [അരമാവധി നാശനഷ്ടം വരുത്തുകയും കഴിയുന്നിടത്തോളം സാധനസാമഗ്രികള്‍ കൊള്ള ചെയ്യുകയും ചെയ്തു.

1945 ഏപ്രില് മാസത്തില് ബെര്‍ലിന്‍ കീഴടക്കാനുള്ള സോവിയറ്റ് ഉപരോധം തുടങ്ങി. അതിനോടകം തന്നെ പലരും ബെര്‍ലിന്‍  ഉപേക്ഷിച്ചിരുന്നു.  ഒരു വ്യാഴ വട്ടക്കാലം നീണ്ടു നിന്ന ഹിറ്റ്ലറിന്റെ ഭരണം അതിന്റെ അവസാന മാസത്തില് എത്തി. എങ്കിലും ഹിറ്റ്ലര് ബെര്‍ലിന്‍  ഉപേക്ഷിച്ചിരുന്നില്ല. ഏപ്രില് 25 നു എല്‍ബെ നദിയുടെ കരയില്‍ വച്ച് അമേരിക്കന്‍ സൈന്യവും റഷ്യന് സൈന്യവും ഒരുമിച്ചുകൂടി ജര്‍മ്മനിയുടെ പതനത്തിനായുള്ള ശ്രമമാരംഭിച്ചു.
ഹിറ്റ്ലറും കാമുകി ഇവാ ബ്രൌണും

1945 ഏപ്രില് 30നു ഭൂമിക്കടിയിലെ ഒരു സൈനിക ബങ്കറിനുള്ളില്‍ ഹിറ്റ്ലറിനേയും അദ്ദേഹത്തിന്റെ കാമുകിയായിരുന്ന ഇവാ ബ്രൌണിനേയും മരണമടഞ്ഞ നിലയില്‍ കണ്ടെത്തി. പരാജയമുറപ്പായ ഹിറ്റ്ലര്‍ ആത്മഹത്യചെയ്തതാണെന്ന്‍ വിശ്വസിക്കപ്പെടുന്നു. ലോകത്തെ തന്നെ സര്‍വ്വദുരിതത്തിലേക്ക് തള്ളിവിടുവാനിടയാക്കിയ ക്രൂരനായ സ്വേച്ഛാധിപതിയുടെ ജീവിതം അങ്ങിനെ ദയനീയമായൊടുങ്ങി. ഹിറ്റ്ലറിനു പുഋമേ അയാളുടെ സന്തതസഹചാരിയായ് ഗീബത്സും ആത്മഹത്യ ചെയ്തു. അന്നേദിവസം തന്നെ ജര്‍മ്മന്‍ പാര്‍ലമെന്റ് മന്ദിരം ചെമ്പട കീഴടക്കുകയും അതിശക്തമായ പോരാട്ടത്തിനൊടുവില്‍ മെയ് രണ്ടിനു ബെര്‍ലിന്‍ കീഴടങ്ങുകയും ചെയ്തു. ഇതോടെ ആറു വര്‍ഷക്കാലം നീണ്ടു നിന്ന യുറോപ്പിലെ യുദ്ധത്തിനവസാനം ആയി.  


(തുടരും....)

ശ്രീക്കുട്ടന്‍