Thursday, January 2, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3

ചരിത്രത്തിലെ രക്തരൂക്ഷിതമായൊരു മഹായുദ്ധത്തിന്റെ പിന്നാമ്പുറങ്ങളിലൂടെയൊരു യാത്ര. ആദ്യഭാഗങ്ങള്‍ താഴെയുള്ള ലിങ്കില്‍ നോക്കിക്കാണാവുന്നതാണ്..

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2


1939 സെപ്തംബര്‍ 1 ആം തീയതി ജര്‍മ്മനി പോളണ്ടിനെ ആക്രമിക്കുന്നതോടെ ഔദ്യോഗികമായി രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടു. പടിഞ്ഞാറുഭാഗത്തുകൂടി ജര്‍മ്മനി പോളണ്ടിനെ ആക്രമിച്ചപ്പോള്‍ കിഴക്കുഭാഗത്തുകൂടി റഷ്യയും ആക്രമണം തുടങ്ങി. ഇതിനെ തുടര്‍ന്ന്‍ ബ്രിട്ടണ്‍ ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ജര്‍മ്മനിക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ജര്‍മ്മനിയുടെ ബ്ലിറ്റ്സ്ക്രീഗ് എന്ന യുദ്ധതന്ത്രം എതിരാളികളെ വിസ്മയിപ്പിച്ചു. സ്റ്റൂക്ക എന്നാ ബോംബര് വിമാനം ആണ് ബ്ലിറ്റ്സ് ക്രീഗ് ആവശ്യത്തിനു ഉപയോഗിച്ചിരുന്നത്. ഇടി മിന്നൽ പോലെ ഒരു ആക്രമണമായിരുന്നു സ്റ്റൂക്ക ബോംബറുകള്‍ നടത്തിയിരുന്നത്. സ്റ്റൂക ഡൈവ് ബോംബര്‍ യുദ്ധസമയത്ത് ഒരു സംഭവം തന്നെ ആയിരുന്നു. ആദ്യമായി പ്രിസിഷന്‍ ബോംബിംഗ് കൊണ്ടുവന്നത്  ജര്‍മ്മന്‍ സൈനികരായിരുന്നു. തന്ത്ര പ്രധാനമായ ഇടങ്ങളില്‍ പൈലറ്റുമാര്‍ പ്ലെയിന്‍ ഡൈവ് ചെയ്യിച്ചു കൃത്യമായ ബോംബിംഗ് നടത്തി. സ്ടൂക ബോംബറിനു ഒരു പ്രത്യേക ശബ്ദമാണുണ്ടായിരുന്നത്. ഹിറ്റ്‌ലറുടെ നിര്‍ദ്ദേശപ്രകാരം പ്ലെയിനിന് മുന്നില്‍ ഫിറ്റ് ചെയ്ത പ്രത്യേക വിസില്‍ ആണ് ജനങ്ങളില്‍ ഭീതി ജനിപ്പിക്കാനായി വളരെ ഉയര്‍ന്ന ശബ്ദം പുറപ്പെടുവിച്ചിരുന്നത്. യുദ്ധത്തിന്റെ സമയത്ത് ഈ ശബ്ദം നേരിടാന്‍ മാത്രം അമേരിക്ക പട്ടാളക്കാര്‍ക്ക്  പ്രത്യേക ട്രെയിനിംഗ് കൊടുത്തിരുന്നു. സെപ്തംബര്‍ 27 നു പോളണ്ട് കീഴടങ്ങുകയും ജര്‍മ്മനിയും റഷ്യയും കൂടി പോളണ്ടിനെ പങ്കിട്ടെടുക്കുകയും ചെയ്തു.


സ്ടുക്ക ബോംബര്‍ ബോംബു ചെയ്യുന്ന രീതി

ജര്‍മ്മന്‍ സേന പുകൾ പെറ്റ സൈനികശക്തി തന്നെയായിരുന്നു. ജര്‍മ്മൻ ആയുധങ്ങളും യൂണിഫോമും യുദ്ധ തന്ത്രങ്ങളും ആരെയും അതിശയിപ്പിക്കുന്നതായിരുന്നു. ജര്‍മ്മന്‍ വായൂസേനയും ആർമിയും മറ്റേതൊരു സൈനിക ശക്തികളേക്കാള്‍ പകരം വെക്കാനില്ലാത്ത വിധം ശക്തമായിരുന്നു. ജര്‍മ്മനിയുടെ യൂ ബോട്ടുകള്‍ എന്ന മുങ്ങിക്കപ്പലുകള്‍ കടലില്‍ അത്യന്തം അപകടകാരികളായിരുന്നു. ശത്രുക്കളുടെ കപ്പലുകളെ വട്ടം വളഞ്ഞ് സെക്കന്‍ഡുകള്‍ കൊണ്ട് അവ മുക്കിക്കളയുമായിരുന്നു. ഹംഗറി,ഹോളണ്ട്,ഡെന്മാര്‍ക്ക്, നോര്‍വേ എന്നിങ്ങനെ ഒന്നിന് പുറകെ ഒന്നായി ഓരോ രാജ്യങ്ങളും ജര്‍മ്മനിയുടെ മുന്നില്‍ കീഴടങ്ങി അവരുടെ കൊടിക്കീഴിലായി. ഇറ്റലിയും റൊമാനിയയും ജര്‍മ്മനിയുടെ സുഹൃത്തുക്കളായിരുന്നത് കൊണ്ട് മിക്ക രാജ്യങ്ങളും കീഴടക്കുവാന്‍ ജര്‍മ്മനിക്ക് വളരെവേഗം കഴിഞ്ഞു. പടിഞ്ഞാറന് യുറോപ്പില്‍ ജര്‍മ്മന്‍ മുന്നേറ്റത്തിനു പ്രതിബന്ധമായി നിന്നത് ഫ്രാന്‍സ് ആയിരുന്നു.

സാങ്കേതിക തികവുള്ള ജര്‍മ്മന്‍ ടാങ്കുകള്‍ യുദ്ധ വിജയത്തിന് ഒരു പ്രധാന കാരണമായി. ജര്‍മ്മനിയാണ് ടാങ്കുകള്‍ ഒരുമിച്ചു ചേര്‍ത്ത് ആക്രമിക്കുന്ന രീതി ആദ്യമായി കൊണ്ട് വന്നത്.

ഫ്രാന്‍സ് ഒട്ടും പ്രതീക്ഷിക്കാത്ത പ്രദേശത്തുകൂടിയാണ് ജര്‍മ്മനി അവരെ ആക്രമിച്ചത്. യൂറോപ്പില്‍ യുദ്ധം കൊടുമ്പിരമ്പിക്കൊള്ളവേ മഗിനോട്ടു ലൈന്‍ വഴി ജര്‍മ്മന്‍ സേനയുടെ ആക്രമണം പ്രതീക്ഷിച്ചിരുന്ന ഫ്രാന്‍സ് അപ്രതീക്ഷിതമായി ബെല്‍ജിയം വഴി അക്രമിക്കപ്പെട്ടു. ജര്‍മ്മനിയുടേയും ഇറ്റലിയുടേയും സംയുക്തസൈന്യമാണ് ഫ്രാന്‍സിനെ അക്രമിച്ചത്. പാരീസ് കീഴടക്കിയ നാസിസംഘത്തിനു മുന്നില്‍ മറ്റു ഗത്യന്തരമൊന്നുമില്ലാതെ ഫ്രാന്‍സിനു 1940 ജൂണില്‍ കീഴടങ്ങേണ്ടിവന്നു. ഫ്രാന്‍സിലെ അല്‍സൈസ് ലൊറൈന്‍ പ്രദേശങ്ങള്‍ ഹിറ്റ്ലര്‍ ജര്‍മ്മനിയൊട് കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സ് കീഴടക്കിയ ശേഷം ഈഫല്‍ ടവര്‍ സന്ദര്‍ശിച്ച ഹിറ്റ്ലര്‍

ഫ്രാന്‍സിന്റെ പതനത്തെത്തുടര്‍ന്ന്‍ ജര്‍മ്മനിയുടെ ലക്ഷ്യം ബ്രിട്ടണ്‍ ആയി. സീ ലയണ്‍ എന്നു പേരിട്ട ഓപ്പറേഷനിലൂടെ ജര്‍മ്മന്‍ വ്യോമസേന ബ്രിട്ടനിലാകെ മിന്നലാക്രമണങ്ങള്‍ നടത്തി. ബ്രിട്ടനെ കൂടുതൽ പ്രശ്നമൊന്നുമില്ലാതെ കീഴടക്കാം എന്ന് ധരിച്ച ജര്‍മ്മനി എയർ സുപ്പീരിയോറിറ്റി നേടാനായി ബ്രിട്ടന്റെ റോയല്‍ എയര്‍ ഫോര്‍സിനെ (R.A.F)നെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ശക്തമായ ആക്രമണം നടത്തി. ജര്‍മ്മനിയുടെ ആക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിട്ട് നട്ടം തിരിഞ്ഞ  ആര്‍ ഏ എഫിന് ആശ്വാസമായി ഒരു സംഭവമുണ്ടായി. ബ്രിട്ടീഷ് വ്യോമസേന ബെര്‍ലിന്‍ നഗരത്തില്‍ ബോംബ് വര്‍ഷിച്ചതില്‍ കുപിതനായ ഹിറ്റ്ലര്‍ ലുഫ്റ്റ് വഫെയെ ലണ്ടന്‍ നഗരത്തെ തകര്‍ക്കുവാനായ് നിയോഗിച്ചു. ആക്രമണത്തില്‍ നട്ടം തിരിഞ്ഞിരുന്ന റോയല് എയര് ഫോഴ്സിനു ഇത് വഴി ശ്വാസം എടുക്കാന്‍ സാധിച്ചു. അവര്‍ പുതിയ പൈലറ്റുമാരെ പരിശീലിപ്പിച്ചു. ലുഫ്റ്റ് വാഫെ പലയിടത്തും പരാജയപ്പെടാന്‍ തുടങ്ങി. ജര്‍മ്മനി കനത്ത തിരിച്ചടി നേരിട്ടു. ഒടുവില്‍ ആ ഓപ്പറേഷന് പിന്‍വലിക്കാന്‍ ജര്‍മ്മനി നിര്‍ബന്ധിതമായി. ബ്രിട്ടനില്‍ നേരിട്ട ഈ പരാജയത്തിനു ജര്‍മ്മന്‍ വ്യോമസേനാമേധാവിയായിരുന്ന ഹെര്‍മ്മന്‍ ഗോരിങ്ങിനു വലിയ പങ്കുണ്ടായിരുന്നു. ഗോരിങ്ങിന്റെ പല തീരുമാനങ്ങളും ലുഫ്റ്റ് വഫെയെ പിന്നോട്ടടിപ്പിച്ചു. സേനയ്ക്ക് കനത്ത തിരിച്ചടി നേരിട്ടപ്പോഴും തെറ്റായ വിവരങ്ങളാണ് ഗോരിങ്ങ് ഹിറ്റ്ലര്‍ക്ക് അയച്ചിരുന്നത്. നിര്‍ണ്ണായക സേനാ മുന്നേറ്റം നടന്ന സമയം ആയപ്പോഴേക്കും ജര്‍മ്മന്‍ വ്യോമ സേന ആകെ നശിച്ചിരുന്നു. ബാറ്റില് ഓഫ് ബ്രിട്ടന്‍ പരാജയപ്പെട്ടതോടെ ബ്രിട്ടീഷ് അധിനിവേശം എന്ന സ്വപ്നം ഹിറ്റ്ലര്‍ ഉപേക്ഷിച്ചു.

ജര്‍മ്മന്‍ ബോംബെറുകള്‍ ലണ്ടനു മുകളില്‍

ഈ സമയത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ പലതും ഇറ്റാലിയന്‍ സേന കീഴടക്കി. സോമാലിലാന്‍ഡ്, എറിത്രിയ, സുഡാന്‍ തുടങ്ങിയവ ഇറ്റലിയും ഗ്രീസ്, ബല്‍ഗേറിയ, യൂഗോസ്ലാവാക്യ എന്നിവ ജര്‍മ്മനിയുടേയും കൈകളിലായി. സോവിയറ്റ് യൂണിയനും ബ്രിട്ടനും ഒഴികെയുള്ള യൂറോപ്പ് മുഴുവന്‍ അച്ചുതണ്ട് ശക്തികളുടെ കൈകളിലമര്‍ന്നു.

ഓപ്പറേഷന്‍ ബാര്‍ബറോസ്സ

യുദ്ധം കൊടുമ്പിരമ്പിക്കൊണ്ടിരിക്കവേ പൊടുന്നനെ ജര്‍മ്മനി സോവിയറ്റ് റഷ്യയെ ആക്രമിച്ചു. ഇതോടെ യൂറോപ്പില്‍ യുദ്ധത്തിന്റെ ഗതി തന്നെ മാറി. ജര്‍മ്മനിയും റഷ്യയുമായി ഒരനാക്രമണി സന്ധി ഒപ്പുവച്ചിരുന്നെങ്കിലും അതവഗണിച്ചുകൊണ്ട് 1941 ല്‍ ഹിറ്റ്ലര്‍ റഷ്യയെ ആക്രമിച്ചു. ഈ റഷ്യന്‍ ആക്രമണം അറിയപ്പെടുന്നത് ഓപ്പറേഷന്‍ ബാര്‍ബറോസ എന്നാണ്. കമ്മ്യൂണിസ്റ്റുകളോടുള്ള വിരോധമായിരുന്നു പ്രധാനമായും റഷ്യന്‍ ആക്രമണത്തിലേക്ക് നാസികളെ നയിച്ചത്. അതിവേഗം സോവിയറ്റ് പ്രദേശങ്ങള്‍ കീഴടക്കിക്കൊണ്ട് നാസികള്‍ മോസ്ക്കോയോടടുത്തുകൊണ്ടിരുന്നു.
റഷ്യയിലൂടെ മുന്നേറുന്ന ജര്‍മന്‍ ടാങ്കുകള്‍ 
യുദ്ധത്തില് അതിവൈദഗ്ധ്യം നേടിയ ജര്‍മ്മന്‍ പട്ടാളക്കാര്‍ക്കു മുമ്പില് ചെമ്പടക്ക് പിടിച്ചു നില്‍ക്കാന്‍ സാധിച്ചതേയില്ല.പതിനായിരക്കണക്കിനു റഷ്യക്കാര്‍ തടവുകാരായി പിടിക്കപ്പെട്ടു. മൂന്നു ഭാഗമായി പിരിഞ്ഞ ജര്‍മ്മന്‍ സേന മോസ്കോ, കോകാസസ്, ലെനിന്‍‍ ഗ്രാഡ് എന്നിവ ലക്ഷ്യമാക്കി നീങ്ങി. റഷ്യയില് തന്നെ പലയിടത്തും തദ്ദേശീയര്‍ നാസികളെ കമ്മ്യൂണിസത്തില്‍ നിന്നുള്ള വിമോ്ചരായി കണ്ടു വരവേല്പ്പ്  പോലും നല്കി. പലരും നാസികള്‍ക്കൊപ്പം കൂടി. ഇവരാണ് കൊളാബൊറേറ്റേര്‍സ് എന്നറിയപ്പെടുന്നത്. യുദ്ധാനന്തരം റഷ്യയില് ഇവരെ വേട്ടയാടി വധിച്ചിരുന്നു. ജര്‍മ്മന്‍സേന റഷ്യയില് കടുത്ത നടപടികളാണ് കൈ കൊണ്ടിരുന്നത്. അധികം കഴിയും മുമ്പ് തന്നെ നാസികളേക്കാല്‍ ഭേദം കമ്മ്യൂണിസ്റ്റുകളാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.  1941 അവസാനം ആയപ്പോഴേക്കും യുറോപ്പ് എന്ന വന്‍കര പൂരണമായും ജര്‍മ്മനി കീഴടക്കി എന്നുതന്നെ പറയാം. നാസി സാമ്രാജ്യം ഏറ്റവും വലിയ ശക്തി ആയതും ഈ സമയത്ത് തന്നെ. കീഴടങ്ങിയ പ്രദേശങ്ങളില് എല്ലാം തന്നെ അവര് ജൂത വേട്ട നടത്തി.

റഷ്യന്‍ യുദ്ധത്തടവുകാര്‍(ഏതാണ്ട് ഇരുപതു ലക്ഷം പേരെ ജര്‍മ്മന്‍‍ സേന പിടികൂടി. ഇവര്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടു)

യുദ്ധത്തിനു മുമ്പ് ജര്‍മ്മനിയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ജൂതവേട്ട യുറോപ് മുഴുവന്‍ വ്യാപിച്ചു. പിടി കൂടിയ ജൂതന്മാരെ വന്‍തോതില് കൊന്നൊടുക്കാന് നാസികള്‍ ഗ്യാസ് ചേമ്പറുകള്‍ എന്ന കൊലയറകള്‍ തയ്യാറാക്കി. ഈ ചേമ്പറുകള്‍ക്കുള്ളില്‍ ഷവര്‍ബാത്തിനെന്ന വ്യാജേന ജൂതരെ കയറ്റിയശേഷം ഹൈഡ്രജന്‍ സയനെഡും കാര്‍ബണ്‍ മോണോക്സൈഡും പോലുള്ള വിഷവാതകങ്ങള്‍ തുറന്നുവിട്ടവരെ കൊല ചെയ്തുകൂട്ടി. പലപ്പോഴും ഈ ശവശരീരങ്ങള്‍ നീക്കം ചെയ്തിരുന്നത് തങ്ങളുടെ ഊഴം കാത്തുനില്‍ക്കുന്ന അടുത്ത ഹതഭാഗ്യരായിരുന്നു. ശവ ശരീരങ്ങള്‍ കത്തിച്ചു കളയുവാനായി വലിയ ചൂളകളും അതീവ ശ്രദ്ധയില്‍ രൂപകല്പന ചെയ്തിരുന്നു. ഓഷ്വിട്സ് എന്ന കുപ്രസിദ്ധമായ് ക്യാമ്പില് മാത്രം പതിനൊന്നു ലക്ഷം പേരെ നാസികള്‍ കൊന്നൊടുക്കി.ജൂതന്മാരെ ഇല്ലായ്മ ചെയ്ത ഈ വംശ ഹത്യയുടെ പേരാണ് ഹോളോകാസ്റ്റ്.
ഗ്യാസ് ചേമ്പറുകളും ശവങ്ങള്‍ കത്തിച്ചുകളയാനുള്ള ചൂളകളും. ചരിത്രത്തിന്റെ കണ്ണീര്‍ തളം കെട്ടി നില്ക്കുന്ന സ്ഥലങ്ങള്‍..

ഇത്തരം ക്യാമ്പുകള്‍ നാസികള്‍ക്ക്  ജൂതന്മാരെ തുടച്ചു നീക്കി വംശ ശുദ്ധീകരണം നടത്താനുള്ള സ്ഥലങ്ങളായിരുന്നു. തടവുകാരെ വളരെയേറെ പരീക്ഷണങ്ങള്‍ക്ക് നാസി ഡോക്ടര്‍മാര്‍ വിധേയരാക്കിയിരുന്നു.എല്ലുകൾ തുടർച്ചയായി ഉടച്ചു കൊണ്ടിരുന്നു ഒരു പരീക്ഷണം. എത്ര പ്രാവശ്യം ഉടച്ചാൽ എല്ലുകള്‍ പിന്നീട് കൂടിച്ചേരില്ല എന്നറിയാൻ വേണ്ടിയായിരുന്നു ഇത്. വിവിധ മരുന്നുകൾ കുത്തി വച്ചുള്ള പരീക്ഷണം, മസിൽ ട്രാൻസ്പ്ലാന്റേഷൻ തുടങ്ങിയവയും തടവുകാരില്‍ നടത്തിയിരുന്നു. ജൂതരെ മുതലെടുത്ത മറ്റൊരു കൂട്ടരാണ് വ്യവസായികള്‍. പല വന്‍ വ്യവസായ ശാലകളും ഇത്തരം ക്യാമ്പുകള്‍ക്കരികില്‍ ഉണ്ടായിരുന്നു. യുദ്ധത്തടവുകാരായി പിടിക്കപ്പെടുന്നവരെക്കൊണ്ടാണ്  യുദ്ധ ഉപകരണങ്ങളും വിമാനവും മറ്റുമൊക്കെ നിര്‍മ്മിച്ചത്. പതിനെട്ടു മണിക്കൂര്‍ വരെ തുടര്‍ച്ചയായി തടവുകാരെക്കൊണ്ട് അടിമപ്പണി എടുപ്പിച്ചിരുന്നു. ജോലി ചെയ്ത് ക്ഷീണിക്കുന്നവരെ ഗ്യാസ് ചേമ്പറിലേക്ക് വിടുകയും അടുത്ത ആളെ വയ്ക്കുകയും ചെയ്യുമായിരുന്നു. മന്ദ ബുദ്ധികള്‍, മാനസിക വൈകല്യം ഉള്ളവര്‍ എന്നിങ്ങനെ രാജ്യത്തിന് ഉപയോഗം ഇല്ലാത്ത എല്ലാവരെയും കൊന്നു കളയാനായിരുന്നു നാസികള്‍ക്ക് ലഭിച്ചിരുന്ന ഓര്‍ഡര്‍. ആര്യ വംശ ജര്‍മ്മനിയും യൂറോപ്പും ഉണ്ടാക്കാനായി നാസികളും ഹിറ്റ്‌ലറും ചെയ്ത ക്രൂരതകള്‍ കണ്ടാല്‍ അവര്‍ മനുഷ്യര്‍ ആയിരുന്നോ എന്ന് പോലും സംശയിച്ചുപോകുമായിരുന്നു.

മോസ്കോയുടെ 20 മൈൽ അടുത്തെത്തിയ ജർമ്മൻ സേന മുന്നോട്ടു നീങ്ങാൻ കിണഞ്ഞു ശ്രമിച്ചു. ജർമ്മൻ സേനയെ പ്രതിരോധിച്ച റഷ്യൻ സേന മേധാവിയാ ക്ലോഷ് കോവിന്റെ പൊരുതുവാനുള്ള ആഹ്വാനം കേട്ട് തൊഴിലാളികളും സൈനികരും, കൃഷിക്കാരും എല്ലാം പോരാടുവാന് തയ്യാറായി. ഗോര്ഗി സുഖോവിന്റെ നേതൃത്വത്തിൽ 100 ആം ഡിവിഷൻ ചെമ്പട നാസി പടയെ നേരിട്ടു. കനത്ത തകര്‍ച്ച നേരിട്ടെങ്കിലും ജർമ്മൻ സേന പിന്‍വാങ്ങിയില്ല. പക്ഷെ 200 മൈലുകളോളം നാസി പടയെ പിറകോട്ടു തള്ളി നീക്കാൻ ചെമ്പടയ്ക്കായി. ജാപ്പനീസ് സേന നാസി സേനയെ സഹായിക്കാൻ ശ്രമിക്കാതെ അമേരിക്കൻ ആക്രമണത്തിന് തയ്യാറെടുത്തത് ഈ യുദ്ധത്തിന്റെ ഭാവിയിൽ നിർണായകമായി മാറി. ഇതിനെല്ലാം പുറമേ റഷ്യയുടെ ഏറ്റവും അടുത്ത സഖ്യ കക്ഷി ആയിരുന്നു അവിടുത്തെ കാലാവസ്ഥ. പലപ്പോഴും മൈനസ് ട്വന്റി വരെ എത്തിയ അതി ശൈത്യത്തില് ജര്‍മ്മന്‍ സേന തണുത്തു വിറച്ചു. ജര്‍മ്മന്‍ സൈന്യത്തിന് പല യുദ്ധ മുഖത്തും കനത്ത തിരിച്ചടി നേരിട്ടത് ശൈത്യകാലത്തായിരുന്നു. അവര്‍ക്ക് കഠിനമായ റഷ്യന്‍ ശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങളൊന്നും ഉണ്ടായിരുന്നില്ല. മാത്രമല്ല ജര്‍മ്മന്‍ എഞ്ചിനീയറിംഗ് പ്രകാരം നിര്‍മ്മിച്ച യുദ്ധോപകരണങ്ങളില്‍ പലതും കടുത്ത ശൈത്യത്തില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കി. മാത്രമല്ല സ്റ്റാലിന്‍ എന്ന ഉരുക്കുമനുഷ്യനായ റഷ്യന്‍ ഭരണാധികാരിയുടെ ആത്മവിശ്വാസവും ജര്‍മ്മന്‍ പരാജയത്തിനു കാരണമായി. ദശലക്ഷക്കണക്കിനു റഷ്യന്‍ ഭടന്മാരും സാധാരണക്കാരും കൊല്ലപ്പെട്ട യുദ്ധത്തിനൊടുവില്‍ മോസ്കോ കീഴടക്കാനുള്ള ഉള്ള ശ്രമം അടുത്ത വേനലിലേക്ക് മാറ്റി വച്ച് നാസികള്‍ പിന്‍വാങ്ങി.

(തുടരും...)

ശ്രീക്കുട്ടന്‍

15 comments:

  1. ദൈവമേ ഇതു കുറെ ഉണ്ടല്ലോ

    ReplyDelete
  2. കൂടുതല്‍ അറിവ് പകര്‍ന്നു.മുസോളിനി നടത്തിയ യുദ്ധങ്ങള്‍ കൂടി കൂടുതല്‍ പ്രതിപടിച്ചാല്‍ നന്നായിരുന്നു.

    ReplyDelete
  3. പോരട്ടെ പോരട്ടെ..

    ചിലയിടങ്ങളിൽ കൂടുതൽ വിശദീകരണം/എഡിറ്റിങ്ങ് ആവശ്യമാണെന്ന് തോന്നുന്നു.

    ഉദാ : 'ബ്രിട്ടീഷ് വ്യോമസേന ബെര്‍ലിന്‍ നഗരത്തില്‍ ബോംബ് വര്‍ഷിച്ചതില്‍ കുപിതനായ ഹിറ്റ്ലര്‍ ലുഫ്റ്റ് വഫെയെ ലണ്ടന്‍ നഗരത്തെ തകര്‍ക്കുവാനായ് നിയോഗിച്ചു. ആക്രമണത്തില്‍ നട്ടം തിരിഞ്ഞിരുന്ന റോയല് എയര് ഫോഴ്സിനു ഇത് വഴി ശ്വാസം എടുക്കാന്‍ സാധിച്ചു. ഇത് വ്യക്തമായില്ല

    ReplyDelete
    Replies
    1. ഈ അവ്യക്തത എനിക്കും തോന്നി. ലുഫ്ത് വഫെയെക്കുറിച്ചുള്ള ഒരു ചെറിയ വിവരണം ഇവിടെ ആവാമായിരുന്നു.

      Delete

    2. വിഡ്ഡിമാന്‍, അരുണ്‍ കാപ്പൂര്‍,

      പുകഴ്പെറ്റ ജര്‍മ്മന്‍ വായൂ സേനയാണു ലുഫ്റ്റ് വാഫെ എന്നറിയപ്പെടുന്നത്. ബ്രിട്ടണെ ആക്രമിക്കുമ്പോള്‍ ആദ്യം ഹിറ്റ്ലര്‍ ലക്ഷ്യം വച്ചത് അവരുടെ എയര്‍ഫോര്‍സിനേയും അനുബന്ധയിടങ്ങളേയുമാണ്. അവയുടെ തകര്‍ച്ച തങ്ങളുടെ യുദ്ധവിജയം എളുപ്പമാക്കും എന്ന്‍ നാസികള്‍ കരുതി. മാത്രമല്ല ആകാശയുദ്ധത്തില്‍ മേല്‍ക്കോയ്മയും കിട്ടും.അതിന്‍ പ്രകാരം അവര്‍ ആര്‍ ഏ എഫിനെ തുടര്‍ച്ചയായി ആക്രമിച്ചുകൊണ്ടിരുന്നു. ഈ ആക്രമണങ്ങളില്‍ ആര്‍ ഏ എഫ് നട്ടം തിരിഞ്ഞു. കനത്ത നാശമാണവര്‍ക്കുണ്ടായിക്കൊണ്ടിരുന്നത്. ജര്‍മ്മന്‍ സേനയുടെ കനത്ത ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നതുമൂലം ആര്‍ ഏ എഫിനു ആവശ്യമായ സഹായമൊന്നും കിട്ടാതെയിരിക്കുമ്പോഴാണ് ബ്രിട്ടീഷ് പട്ടാളം ബെര്‍ലിനില്‍ ഒരു ബോംബിഗ് നടത്തുന്നത്. ഈ ആക്രമണം ഒരു വഴിത്തിരിവായ്. ദേക്ഷ്യം പിടിച്ച ഹിറ്റ്ലര്‍ ലുഫ്റ്റ് വാഫെയെ തിരിച്ചുവിളിച്ച് ബ്രിട്ടീഷ് നഗരങ്ങള്‍ തകര്‍ക്കാന്‍ ആവശ്യപ്പെട്ടു. അതിന്‍ പ്രകാരം അവര്‍ ലണ്ടന്‍ തുടങ്ങിയ നഗരങ്ങളില്‍ കനത്ത ആക്രമണമഴിച്ചുവിടാന്‍ തുടങ്ങി. ലുഫ്റ്റ് വഫെയുടെ പ്രധാന ശ്രദ്ധ തങ്ങളില്‍ നിന്നും വഴിമാറിയതോടെ ആര്‍ ഏ എഫ് അക്ഷരാര്‍ത്ഥത്തില്‍ രക്ഷപ്പെടുകയായിരുന്നു. അവര്‍ക്ക് നാശം സംഭവിച്ച വിമാനങ്ങള്‍ ശരിയാക്കാനും പ്രതിരോധസംവിധാനം മെച്ചപ്പെടുത്താനും പുതിയ പൈലറ്റുകളെ പരിശീലിപ്പിച്ചെടുക്കാനും അല്‍പ്പം സാവകാശം കിട്ടി..

      Delete
    3. ബ്രിട്ടീഷ്‌ നഗരങ്ങൾ ലുഫ്ത് വഫെ ആക്രമികുമ്പോൾ എങ്ങനെയാണ് ബ്രിട്ടൻറെ വയുസേനയായ റോയൽ എയർ ഫോഴ്സിനു സാവകാശം കിട്ടുന്നത് എന്നതാണ് മനസ്സിലാകാതിരുന്നത്.

      Delete
    4. ആകാശ മേല്‍ക്കോയ്മ നേടാനായ് ആദ്യ ഘട്ടത്തില് RAF വിമാന താവളങ്ങളും ഫാക്ടറികളും എല്ലാമായിരുന്നു ജര്‍മ്മനി ലക്ഷ്യം വച്ചിരുന്നത്. അതില് കനത്ത നഷ്ട്ടം ആയിരുന്നു റോയല് എയര് ഫോര്സിന് നേരിട്ടത്. വിമാനങ്ങള് ഇല്ലാതെ അവര് നട്ടം തിരിഞ്ഞു. കേടുപാടുകള്‍ തീര്‍ക്കാനോ പുതിയവ ഉണ്ടാക്കാനോ ആവാത്ത അവസ്ഥ. അപ്പോഴാണ് ബെര്‍ലിനിലെ ആക്രമണം. നേരിട്ട് തങ്ങളെ തന്നെ ആക്രമിച്ചുകൊണ്ടിരിക്കുന്നതില്‍ നിന്നും മാറി നാസികളുടെ ലക്ഷ്യം മറ്റിടങ്ങളിലേക്ക് മാറിയതാണ് RAF നു ആശ്വാസമായത്. ലണ്ടന്‍ നഗരത്തിലും മറ്റും ആക്രമണം നടത്തുമ്പോള്‍ ചെറുക്കുവാനായി RAF ഫോര്‍സ് ഉണ്ടായിരുന്നു. ആക്രമണത്തിന്റെ ദിശ വിമാന താവളങ്ങളും ഫാക്ടറികളും അല്ലാതായി മാറിയത് അവരെ സഹായിച്ചു.

      Delete
  4. തുടരട്ടെ ....
    ഞാൻ വല്ല്യ ആവേശത്തോടെയാണു ഇതു വായിക്കുന്നത്

    ReplyDelete
  5. യുദ്ധം യുദ്ധം യുദ്ധം
    ലോകമഹായുദ്ധം

    വായന തുടരുന്നു

    ReplyDelete
  6. ചരിത്രത്തിന്‍റെ ഏടുകളിലേക്ക് വീണ്ടും ഒരു യാത്ര;
    തുടരട്ടെ !!

    ReplyDelete
  7. ഹിസ്റ്ററി ക്ലാസ്സില്‍ ഇരിക്കുന്ന പ്രതീതി... കാത്തിരിക്കുന്നു

    ReplyDelete
  8. പഠിക്കുന്ന കാലത്ത് വെറുപ്പുള്ള ഒരു വിഷയമായിരുന്നു ചരിത്രം. ഒരുപയോഗവും ഇല്ലാത്തത് എന്നായിരുന്നു എന്റെ ഭാവം. പിന്നീട് മനസ്സിലായി ഇന്നത്തെ ശാസ്ത്രം നാളത്തെ ചരിത്രം ആണെന്ന്. ഈ ചരിത്രക്കുറിപ്പുകൾ വളരെ ഇഷ്ടപ്പെട്ടു. തുടരൂ ശ്രീക്കുട്ടാ.. എല്ലാ ആശംസകളും.

    ReplyDelete
  9. എല്ലാവരുടേയും വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി കൂട്ടുകാരേ...

    ReplyDelete
  10. ഏതൊരു യുദ്ധങ്ങളൂടേയും ഭാഗമാണ് ചരിത്രങ്ങൾ...
    ആ ചരിത്രങ്ങളിലൂടെയുള്ള ഈ സഞ്ചാരം ഒരു വേറിട്ട വായന യാത്ര കൂടിയാണ്..
    ഹും..നല്ല ഹോം വർക്ക് നടത്തിയിട്ടുണ്ട് ..അല്ലേ ഭായ്

    ReplyDelete
  11. ചരിത്രത്തോടൊപ്പം നീങ്ങുന്നു

    ReplyDelete