Wednesday, January 8, 2014

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 4

ഈ ലോകമഹായുദ്ധത്തെക്കുറിച്ചുള്ള വിവരണത്തിന്റെ ആദ്യഭാഗങ്ങള്‍ താഴെയുള്ള ലിങ്കുകളില്‍ നോക്കി വായിക്കാവുന്നതാണു.

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 1

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 2

രണ്ടാം ലോകമഹായുദ്ധം (1939 -1945) - ഭാഗം 3


ജര്‍മ്മനി തന്റെ തേരോട്ടം തുടരവേ ഇറ്റലി ലിബിയയുമായും ഗ്രീസുമായും യുദ്ധമാരംഭിച്ചു. ഈജിപ്തും ഗ്രീസും കീഴടക്കുക എന്നതായിരുന്നു ഇറ്റലിയുടെ മോഹം. ജര്‍മ്മനി ബ്രിട്ടണുമായി പൊരിഞ്ഞയുദ്ധത്തിലേര്‍പ്പെട്ടിരുന്നതിനാല്‍ അവര്‍ക്ക് ഇറ്റാലിയന്‍ യുദ്ധമുഖത്ത് വലിയ ശ്രദ്ധകൊടുക്കാനായില്ല. ബ്രിട്ടീഷ് സൈന്യം ദുര്‍ബലമായ ഇറ്റാലിയന്‍ സൈനികരെ ലിബിയയില്‍ നിന്നും തുരത്തിയോടിച്ചു. പതിനായിരക്കണക്കിനു ഇറ്റാലിയന്‍ ഭടന്മാരാണിവിടെ കൊല്ലപ്പെട്ടത്.ഇറ്റലി ദയനീയമായി തോറ്റപ്പോള്‍ ഒരു രക്ഷകന്റെ വേഷത്തിലാണു ജര്‍മ്മനി വന്നത്. യാതൊരു തയ്യാറെടുപ്പുമില്ലാതെ ഹിറ്റ്ലര്‍ ആഫ്രിക്കന്‍ മരുയുദ്ധമേറ്റെടുത്തു. അതുകൊണ്ട് തന്നെ ജര്‍മ്മന്‍ സേന മരുഭൂമിയില്‍ വട്ടം കറങ്ങി.ഹിറ്റ്ലറിന്റെ ഏറ്റവും മികച്ച സേനാനായകന്മാരിലൊരാളായ ഇര്‍വിന്‍ റോമ്മെല്‍ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണ് അവര്‍ക്ക് പല പ്രതിസന്ധിഘട്ടത്തേയും തരണം ചെയ്യാനായത്. ഈജിപ്ത് ജര്‍മ്മന്‍ സൈന്യത്തിന്റെ കൈകളിലായാല്‍ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കതിടയാക്കും എന്നു മനസ്സിലാക്കിയ ബ്രിട്ടീഷ് സേന സര്‍വ്വശക്തിയുമപയോഗിച്ച് ജര്‍മ്മനിയെ ചെറുത്തു. റോമ്മല്‍ രോഗബാധിതനായിക്കിടപ്പായതിനാല്‍ മറ്റൊരു ജനറല്‍ ആണു ജര്‍മ്മന്‍ സേനയെ നയിച്ചത്. എന്നാല്‍ ജര്‍മ്മനിക്ക് കനത്ത നാശമാണ് നേരിട്ടത്. അസുഖക്കിടക്കയില്‍ നിന്നും യുദ്ധമുഖത്തെ‍ത്തിയ റോമ്മല്‍ മറ്റു ഗത്യന്തരമില്ലാതെ അവശേഷിച്ച സൈന്യവുമായി പിന്‍വാങ്ങി. അമേരിക്ക കൂടി യുദ്ധമുഖത്തേക്കെത്തിയതോടെ ജര്‍മ്മനി ആഫ്രിക്കയില്‍ നിന്നും പൂര്‍ണ്ണമായും പിന്‍വാങ്ങി.

അമേരിക്കയുടെ ആഗമനം

അമേരിക്ക യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ തികഞ്ഞ ഒരു നിക്ഷ്പക്ഷ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഒരു ചേരിയിലും പെടാതെ മാറിനിന്ന അവര്‍ എല്ലാ രാജ്യങ്ങള്‍ക്കും അളവില്ലാത്തവിധം യുദ്ധോപകരണങ്ങള്‍ വിറ്റ് സാമ്പത്തിക ശക്തിയായ് നിലകൊണ്ടു. ജര്‍മ്മനിയില്‍ നിന്നും പലായനം ചെയ്ത ആള്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ഉല്‍പ്പെടെയുള്ള പല പ്രഗത്ഭജൂതശാസ്ത്രജ്ഞരും അമേരിക്കയിലാണഭയം തേടിയത്. നാസികള്‍ താല്‍പ്പര്യപ്പെടാതിരുന്ന ഐന്‍സ്റ്റീനെപ്പോലുള്ളവരുടെ ബുദ്ധി അമേരിക്കയെ ഒട്ടൊന്നുമല്ല സഹായിച്ചത്. അമേരിക്കൻ ഐക്യ നാടുകളിൽ ചൂഷണം ചെയ്യപെടാത്ത എല്ലാ തരത്തിലുള്ള പ്രകൃതി വിഭവങ്ങൾ ഉണ്ടായിരുന്നു. യുദ്ധം തുടങ്ങിയത് മുതൽ ധാരാളം ഉത്പന്നങ്ങൾ യൂറോപ്പിന് ആവശ്യമായിരുകയും അമേരിക്കയിൽ ഉത്പാദനം വർദ്ധിക്കുകയും ചെയ്തു. ഇതും അമേരിക്കയിൽ വന്‍ സാമ്പത്തിക അഭിവൃദ്ധിക്ക് കാരണമായി. അമേരിക്ക ബ്രിട്ടനോട് ആദ്യമേ ഒരു സഹായകരമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ചൈനയിലെ ജപ്പാന്റെ അധിനിവേശം ആഗോളതലത്തില്‍ തന്നെ ജപ്പാന് എതിരെ ഒരു വികാരം ഉണ്ടാകാന്‍ കാരണമായി. സഖ്യ കക്ഷികള് എന്ന് അറിയപ്പെടുന്ന ബ്രിട്ടനും അമേരിക്കയും ഉല്പ്പെടുന്ന രാജ്യങ്ങള്‍ ജപ്പാനെതിരെ പല രംഗത്തും ഉപരോധം ഏര്‍പ്പെടുത്തി. ഇത് ജപ്പാനെ വളരെയധികമുലച്ചു. ചൈനയില്‍ നിന്നും മറ്റുമാര്‍ഗ്ഗമില്ലാതെ പിന്‍വാങ്ങുക എന്നതായി ജപ്പാന്റെ മുന്നിലുണ്ടായ പോംവഴി. പക്ഷേ അവര്‍ അതിനു തയ്യാറാകാതെ അമേരിക്കയെ ആക്രമിക്കുവാന്‍ തീരുമാനിച്ചു. അങ്ങിനെ രണ്ടാം ലോകമഹായുദ്ധത്തിന്റെ വഴിത്തിരിവാരംഭിച്ചു.

പേള്‍ ഹാര്‍ബര്‍ സംഭവം.

ശാന്തസമുദ്രത്തില്‍ അമേരിക്കയെ നിസ്സഹായരാക്കിമാറ്റി അവരെക്കൊണ്ട് തങ്ങള്‍ക്കെതിരേയുള്ള ഉപരോധം പിന്‍വലിപ്പിക്കുക, ഏഷ്യയിലേക്കുള്ള അവരുടെ വരവ് തടയുക, പസഫിക് മേഖലയിലെ അമേരിക്കയുടെ ആധിപത്യം ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണു ജപ്പാന്‍ അമേരിക്കയെ ആക്രമിക്കാന്‍ തീരുമാനിച്ചത്. ശാന്തമഹാസമുദ്രത്തിലെ ഹവായ് ദ്വീപസമൂഹത്തിലെ പേള്‍ ഹാര്‍ബര്‍ എന്ന അമേരിക്കന്‍ സൈനികനാവികത്താവളം ആക്രമിക്കുവാനാണ് ജപ്പാന്‍ തുനിഞ്ഞത്. 1941 ഡിസംബര്‍ 7 നു ജാപ്പനീസ് സൈനികര്‍ അപ്രതീക്ഷിതമായി പേള്‍ഹാര്‍ബറില്‍ ബോംബിംഗ് നടത്തി. യാതൊരു മുന്നൊരുക്കവുമില്ലാതിരുന്ന അമേരിക്കന്‍ സൈനികര്‍ക്ക് എന്താണു സംഭവിക്കുന്നതെന്നുപോലും ആദ്യം മനസ്സിലായില്ല. അമേരിക്കയുടെ പല യുദ്ധക്കപ്പലുകളും ജാപ്പനീസ് ടോര്‍പിഡോ ആക്രമണത്തില്‍ ശാന്തസമുദ്രത്തില്‍ മുങ്ങി. വിമാനങ്ങള്‍ ഒട്ടുമിക്കതും തകര്‍ന്നുതരിപ്പണമായ്. സൈനികരും സേനാനായകരും ഉള്‍പ്പെടെ ആറായിരത്തോളം പേരുടെ ജീവന്‍ നഷ്ടമാകുകയും ചെയ്തു. അമേരിക്ക ഉടന്‍ തന്നെ ജപ്പാനോട് യുദ്ധപ്രഖ്യാപനം നടത്തുകയും രണ്ടാം ലോകമഹായുദ്ധത്തില്‍  നേരിട്ടിറങ്ങുകയും ചെയ്തു. ഇതിനെ തുടര്‍ന്ന്‍ ജര്‍മ്മനി അമേരിക്കക്കെതിരേ യുദ്ധം പ്രഖ്യാപിച്ചു. ഇതോടെ യുദ്ധം ആഗോളമായി വ്യാപിക്കപ്പെട്ടു.

ടോര്‍പിഡോ ഏറ്റു മറിയുന്ന അമേരിക്കന്‍ യുദ്ധ കപ്പലുകളും തകര്‍ന്ന‍ യുദ്ധ വിമാനങ്ങളും 

ജപ്പാന്റെ തേരോട്ടം.

ഏഷ്യയില്‍ ജപ്പാന്‍ വന്‍ മുന്നേറ്റമാണു നടത്തിക്കൊണ്ടിരുന്നത്. യുദ്ധത്തിന്റെ ആദ്യഘട്ടങ്ങളില്‍ അമേരിക്കയുള്‍പ്പെടെയുള്ള ഒട്ടുമിക്ക രാജ്യങ്ങളും ജപ്പാനുമുന്നില്‍ പതറിപ്പോയിരുന്നു.പേള്‍ ഹാര്‍ബറിനു പിന്നാലെ അമേരിക്കയുടെയും ബ്രിട്ടന്റെയും ഒട്ടുമിക്ക കോളനികളിലും ജപ്പാന്‍ അധിനിവേശം നടത്തി. സിഗപ്പൂര്, മലേഷ്യ, ഇന്ത്യോനേഷ്യ,ചൈന തുടങ്ങിയ കിഴക്കന്‍ പ്രദേശങ്ങളിലെല്ലാം ജപ്പാന്‍ വിജയക്കൊടി നാട്ടി. ഇന്ത്യയുടെ ആന്‍ഡമാന്‍ ദ്വീപുകളും അവര്‍ കയ്യിലാക്കി. ജപ്പാനെ നേരിടാനായി വന്ന ബ്രിട്ടന്റെ പ്രിന്‍സ് ഓഫ് വെയില്‍സ്, റീപ്പില്‍സ് എന്നീ ഭീമന്‍ യുദ്ധക്കപ്പലുകളെ സിങ്കപ്പൂര്‍ തീരത്തു വച്ചുനടന്ന ശക്തമായ പോരാട്ടത്തിനൊടുവില്‍ ജാപ്പ് സൈനികര്‍ തകര്‍ത്തുമുക്കി. ബ്രിട്ടനെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. സിങ്കപ്പൂരില്‍ ഇംഗ്ലീഷ് പട ജപ്പാനുമുന്നില്‍ കീഴടങ്ങി.

സിംഗപ്പൂരില്‍ കീഴടങ്ങുന്ന ഇംഗ്ലീഷുകാര്‍ 

ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയില്‍ വച്ച് അമേരിക്കന്‍ - ഫിലിപ്പൈന്‍സ് സംയുക്ത സേന ജാപ്പനീസിനെ ശക്തമായി നേരിട്ടു. മനില കേന്ദ്രമാക്കി ജാപ്പ് വ്യോമ സേന അത്യുഗ്ര ആക്രമണം തന്നെ നടത്തി. മനിലയിൽ ജപ്പാൻ സേനയോട് പിടിച്ചു നില്ക്കാൻ കഴിയാതെ അമേരിക്കൻ സേന ഒരു ദ്വീപിലേക്ക് പിന്മാറിയിട്ട് ജാപ്പനീസ് സൈനികരെ ശക്തമായി പ്രതിരോധിച്ചു നിന്നു. ഏകദേശം ആറുമാസത്തോളം നീണ്ടുനിന്ന യുദ്ധത്തിനുശേഷമാണ് ഇവിടെ അമേരിക്കന്‍ സേന പരാജയം സമ്മതിച്ചത്. ശക്തമായ ഈ യുദ്ധം മൂലം മറ്റു പല മേഖലകളിലും ജാപ്പ് സേനാ നീക്കം വൈകി.

ഇൻഡോ- ചൈന മേഖലയിൽ കൃത്യമായ ബേസ് ക്യാമ്പ് സ്ഥാപിച്ച ജാപ്പ് പട തായ് ലാന്ഡ് കീഴടക്കിയശേഷം മലയ ലക്ഷ്യമാക്കി നീങ്ങി. ജാപ്പ് എയര്‍ ഫോഴ്സിനോട് മേഖലയിൽ ഏറ്റു മുട്ടിയ ബ്രിട്ടീഷ് വൈമാനികരെ ഭൂരിഭാഗവും അവർ വധിച്ചു. വന യുദ്ധത്തിൽ പ്രത്യേക പരിശീലനം ലഭിച്ച സൈനികർ ആയിരുന്നു അവർ. മലയായിലെ വൻ കാടുകൾ കടന്നു പോരാടാൻ ജാപ്പ് സേനയ്ക്ക് കഴിയില്ല എന്ന് കരുതിയ ബ്രിട്ടീഷ് സേനയ്ക്ക് തെറ്റി. ജപ്പാൻ പട സിംഗപ്പൂരിൽ കൂടി ഇരമ്പി കയറുകയും തുടർന്ന് മലയായിലും സിംഗപ്പൂരിലും ബ്രിട്ടീഷ് സേന ജാപ്പ് പടയ്ക്ക് കീഴടങ്ങുകയും ചെയ്യേണ്ടിവന്നു. കീഴടങ്ങിയ സ്ഥലങ്ങളിലെല്ലാം ജപ്പാന്‍ കാടത്തം പ്രവര്‍ത്തിച്ചു. വെള്ളക്കാരും ഇവരുടെ കൈകളില് നിന്ന് രക്ഷപ്പെട്ടില്ല. വെള്ളക്കാരായ സ്ത്രീകളേയും നഴ്സുമാരെയുമൊക്കെ തിരഞ്ഞുപിടിച്ച്  മേധാവികള്‍ക്ക് കാഴ്ചവച്ചു. യുദ്ധ തടവുകാര് എന്ന സങ്കല്പം തന്നെ തെറ്റാണെന്നായിരുന്നു ജപ്പാന്റെ ചിന്ത.

യുദ്ധത്തിന്റെ ആദ്യ പകുതിയില്‍ സഖ്യ കക്ഷികള്‍ക്ക് വന്‍ പരാജയം നേരിട്ടിരുന്നു. പലപ്പോഴും അവര്‍ യുദ്ധത്തിനു തയ്യാറല്ലാതിരുന്നതും ആയുധങ്ങളുടെ അഭാവവും എല്ലാം ആയിരുന്നു ഇതിനു കാരണം. ജപ്പാനെ പോലൊരു ചെറു രാജ്യം തങ്ങളെ ആക്രമിക്കുന്നത് അമേരിക്ക സ്വപ്നത്തില് പോലും കരുതാത്ത ഒന്നായിരുന്നു. ഇതേ അവസ്ഥ തന്നെ ആയിരുന്നു സോവിയറ്റ് റഷ്യയിലും. ജര്‍മ്മനിയുടെ ആക്രമണത്തെ റഷ്യന്‍ ജനത ആദ്യത്തെ ഒരു വര്‍ഷം വളരെ കഷ്ടപ്പെട്ടാണ് പ്രധിരോധിച്ചു നിന്നത്. ജര്‍മ്മനി റഷ്യയെ ആക്രമിച്ച സമയത്ത് ജപ്പാന്‍ കൂടി ഒപ്പം ചേര്‍ന്നിരുന്നെങ്കില്‍ ചിലപ്പോള്‍ സംഭവിക്കുന്നത് മറ്റൊന്നാകുമായിരുന്നു.  ജപ്പാന് അവരെ അക്രമിച്ചെങ്കില് ഇന്ന് റഷ്യ എന്നൊരു രാജ്യവും കമ്മ്യൂണിസം എന്ന ആശയം തന്നെയും ലോകത്ത് ഉണ്ടാവുമോ എന്നത് ഒരു ചോദ്യം ആണ്. അമേരിക്കയെ തളര്‍ത്തുന്നതിലായിരുന്നു ജപ്പാന്റെ ശ്രദ്ധ. അമേരിക്കക്ക് തുടക്കത്തില്‍ വലിയ ക്ഷീണം സംഭവിച്ചുവെങ്കിലും ആ ആഘാതത്തില് നിന്നും അവര്‍ വളരെ വേഗം കരകയറി. അത് വരെ പ്രതിരോധിക്കാന്‍ പാടുപെട്ട സഖ്യ കക്ഷികള്‍ പിന്നെ ആക്രമണം തുടങ്ങുന്നതാണ് കാണാന്‍ സാധിക്കുക. രണ്ടാം ലോകമഹായുദ്ധത്തില്‍ വഴിത്തിരിവുകളായ പല യുദ്ധങ്ങളും ഉണ്ട്. അക്കൂട്ടത്തില് വിസ്മരിക്കാനാവാത്തതും ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതം എന്നും വിശേഷിപ്പിക്കാവുന്നതുമായ യുദ്ധങ്ങളിലൊന്നാണ് സ്റ്റാലിന്‍ ഗ്രാഡ്.

സ്റ്റാലിന്‍ ഗ്രാഡ് യുദ്ധം

1941 ലെ റഷ്യന്‍ ആക്രമണം ജര്‍നിയുടെ പരാജയം കണ്ടു കൊണ്ടാണ് അവസാനിച്ചത്. അതിശൈത്യമായിരുന്നു അവരെ ചതിച്ചത്. ഇതിനു പകരം വീട്ടാനെന്നവണ്ണം 1942 ലെ വേനലില്‍ ജര്‍മ്മനി വീണ്ടും റഷ്യക്കെതിരേ തിരിഞ്ഞു. മോസ്ക്കോയിലേക്കുള്ള പുനര്‍യാത്രയിൽ ഹിറ്റ്ലറിന്റെ ലക്ഷ്യം സ്റാലിൻ ഗ്രാഡ് ആയിരുന്നു. തന്ത്ര പ്രധാനമായ ഒരു നഗരമായിരുന്നു ഇത്. രാജ്യത്തിന്റെ മിക്കഭാഗത്തേയ്ക്കുമുള്ള ചരക്കുനീക്കം നടക്കുന്ന ഒരു റയില്‍ വേ ജംഗ്ഷനായിരുന്നതിനാലും റഷ്യയുടെ നിലവിലുള്ള നേതാവിന്റെ പേരില്‍ അറിയപ്പെടുന്ന പട്ടണമായതിനാലും സ്റ്റാലിന്‍ ഗ്രാഡ് പിടിച്ചടക്കേണ്ടത് അത്യാവശ്യമായിരുന്നെന്ന്‍ ഹിറ്റ്ലര്‍ ധരിച്ചു.  ഇതിനെല്ലാം പുറമേ ധാരാളം ഫാക്ടറികളമുണ്ടായിരുന്നു ഈ നഗരത്തില്‍. ജര്‍മ്മനിയുടെ നേതൃത്വത്തില്‍ വന്‍ പട വരുന്ന വിവരമറിഞ്ഞ റഷ്യക്കാര്‍ കഴിവുള്ളിടത്തോളം മുന്നൊരുക്കങ്ങള്‍ നടത്താനാരംഭിച്ചു. ജര്‍മ്മന്‍ സേനാ നീക്കത്തിലും വിന്യാസത്തിലുമുണ്ടായ ചില പിഴവുകള്‍ മൂലം അവര്‍ക്ക് നഗരത്തിലേക്കെത്താന്‍ കാലതാമസം നേരിട്ടു. ഈ സമയം കൊണ്ട് കഴിയുന്നത്ര ധാന്യങ്ങളും കന്നുകാലികളേയും മറ്റുമൊക്കെ നഗരത്തില്‍ നിന്നും മാറ്റി സുരക്ഷിതമാക്കാന്‍ റഷ്യക്കാര്‍ക്ക് കഴിഞ്ഞു. സ്റാലിൻ ഗ്രാഡിന്റെ ഒരു അതിര്‍ത്തിയായ വോല്ഗാ നദിക്കരയിലെത്തിയ ജര്‍മ്മന്‍ സേന ഓപ്പറേഷന്‍ കേസ് ബ്ലൂ എന്ന പേരിട്ട റഷ്യന്‍ ആക്രമണം ആരംഭിച്ചു.

ആക്രമണദൃശ്യങ്ങള്‍

പോരാട്ടം തുടങ്ങിയതോടെ കനത്ത ബോംബിംഗ് നടത്തി ജര്‍മ്മനി നഗരത്തെ ഒരു കല്‍ക്കൂനപോലാക്കിമാറ്റി. ഒട്ടുമിക്ക കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞു. ഇതിനിടയിൽ സ്റാലിൻ എല്ലായിടത്തു നിന്നും കിട്ടാവുന്നത്ര ഭടന്മാരെ എത്തിച്ചു കൊണ്ടിരുന്നു. ജപ്പാനുമായി ഒരു യുദ്ധം ഉണ്ടാകുമെന്ന ധാരണയില്‍ സൈബീരിയയില്‍ സംഘടിപ്പിച്ചിരുന്ന പോരാളികളെ മടക്കിവിളിച്ചു. നഗരാതിര്‍ത്തിയായ വോല്‍ഗ മുഴുവൻ ജര്‍മ്മനിയുടെ അധീനതയിൽ ആയിരുന്നു. പട്ടാളക്കാരെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന മിക്ക കപ്പലുകളും ബാര്‍ജുകളും ലുഫ്റ്റ് വഫെ  ബോംബിട്ടു നശിപ്പിച്ചു. കന്നുകാലികളെയും ധാന്യങ്ങളെയും ഒക്കെയും നഗരത്തില്‍ നിന്നും മാറ്റിയെങ്കിലും നഗരവാസികളെയെല്ലാം അവിടെതന്നെ താമസിപ്പിച്ചിരിക്കുകയായിരുന്നു. ഇത് റഷ്യന്‍ സൈനികരെ കൂടുതല്‍ കര്‍മ്മനിരതരാക്കുമെന്ന്‍ സ്റ്റാലിന്‍ കണക്കുകൂട്ടി. പലപ്പോഴും ജര്‍മ്മന്‍ സൈന്യത്തെ സൈനികരൊടൊപ്പം സാധാരണക്കാരും ചേര്‍ന്നാണെതിരിട്ടത്. അതും സ്ത്രീകള്‍ ഉള്‍പ്പെടെ. സാധാരണ പെണ്ണുങ്ങളായിരുന്നു തങ്ങള്‍ക്ക് ഇത്ര മാത്രം നാശനഷ്ടമുണ്ടാക്കിയതെന്ന് ജര്‍മ്മന്‍കാർ അറിയുന്നത് ചിലയിടത്ത് യുദ്ധം തന്നെ കഴിഞ്ഞാണ്.

ജർമ്മൻ ആക്രമണം ശക്തമായതോടെ റഷ്യൻ സൈന്യം പൂര്‍ണ്ണമായും പട്ടണത്തിനുള്ളിലായി. കീഴടങ്ങാനോ, പിന്‍ വാങ്ങാനോ ശ്രമിക്കുന്നവര്‍ കൊല്ലപ്പെടും എന്ന് സ്റാലിന്റെ ഓര്‍ഡര്‍ അനുസരിച്ച പട്ടാളക്കാരും ജനങ്ങളും മരിക്കുവാന്‍ തന്നെ തയ്യാറായ് പോരാട്ടം തുടര്‍ന്നു. അസാധാരണ ചങ്കൂറ്റത്തോടെ ചെമ്പടയിലെ സൈനികര് പോരാടി. പൂര്‍ണ്ണമായും ഒരിടത്ത് നിലയുറപ്പിക്കാതെ റഷ്യന്‍ സൈന്യം നഗരത്തിലെ മുക്കിലും മൂലയിലും കെട്ടിടങ്ങള്‍ക്കുള്ളിലും ഒക്കെയായ് തമ്പടിച്ചു പോരാടിയത് ജര്‍മ്മന്‍ സേനയെ ശരിക്കും കുഴപ്പിച്ചു.

സ്റാലിൻ ഗ്രാഡ് കീഴടക്കുക എന്നതൊരു അഭിമാനപ്രശ്നമായിമാറി ഹിറ്റ്ലർക്ക്. ഇതേസമയം അമേരിക്ക റഷ്യയെ ആയുധങ്ങള്‍ നല്‍കി സഹായിക്കാനാരംഭിച്ചു. മാത്രമല്ല നോര്‍ത്ത് ആഫ്രിക്കയിലെ സഖ്യ ശക്തികളുടെ ലാന്‍ഡിങ്ങിനെ തടയാൻ ലുഫ്ത് വഫെയിലെ വിമാനങ്ങളെ വിട്ടു കൊടുക്കേണ്ടി വരുകയും ചെയ്തതൊടെ ജര്‍മ്മനി അല്‍പ്പം പതറാനാരംഭിച്ചു.
എങ്കിലും ഈ സമയത്ത് സിറ്റിയുടെ 90 ശതമാനവും ജര്‍മ്മനിയുടെ കയ്യിലായിരുന്നു.വിന്റർ അടുത്തതോടെ ജർമ്മൻ അണികളുടെ മനോവീര്യം ചോര്‍ന്നിരുന്നു, റഷ്യ ഒരിക്കലും കീഴടങ്ങില്ല എന്ന തോന്നല് അവര്‍ക്കുള്ളില്‍ വന്നു തുടങ്ങി. വളരെ വലിയ ഒരു സൈന്യവിഭാഗത്തെ സ്റ്റാലിന്‍ ഗ്രാഡുപോലുള്ള സിറ്റിക്കുള്ളില്‍ സംഘടിപ്പിച്ച ജര്‍മ്മന്‍ സേനയെ വെട്ടിലാക്കിക്കൊണ്ട് ചെമ്പട സിറ്റിയുടെ രണ്ടുഭാഗത്തുകൂടെയും ഒരു വലയം സൃഷ്ടിച്ചുകൊണ്ട് ജര്‍മ്മന്‍ സേനയെ ഒരു വൃത്തത്തിനുള്ളില്‍ കുടുക്കി.

ഏകദേശം മൂന്നു ലക്ഷത്തോളം ജർമ്മൻ സൈനികര്‍ ഈ വലയത്തിനുള്ളില്‍ പെട്ടു. ലുഫ്റ്റ് വഫെയുടെ സഹായത്തോടെ റഷ്യന്‍ പ്രതിരോധം തകര്‍ക്കാ​‍മെന്നുള്ള നാസി ചിന്ത ഫലം കണ്ടില്ല. സപ്ലൈ നല്കാന്‍ ശ്രമിച്ച പല വിമാനങ്ങളും റഷ്യ വെടി വച്ചിട്ടു. അതിലെ വിഭവങ്ങള്‍ റഷ്യ കൈക്കലാക്കി. മാത്രമല്ല റഷ്യന്‍ ശൈത്യമാരംഭിച്ചത് നഗരത്തില് കുടുങ്ങിയ ജര്‍മ്മന്‍ സൈനികര്‍‍ക്ക് നരകം തീര്‍ത്തു. റഷ്യന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനേക്കാളധികം സൈനികര്‍ പട്ടിണി കിടന്നും തണുത്തു വിറച്ചും മരിച്ചു. പിടിച്ചു നിന്ന ജര്‍മ്മന്‍ സൈന്യം ഒടുവില്‍ 1943 ഫെബ്രുവരി മാസത്തില്‍ ചെമ്പടയ്ക്ക് കീഴടങ്ങി. സ്റ്റാലിന്‍ ഗ്രാഡ് യുദ്ധത്തില്‍ ഒരു പട്ടാളക്കാരനെങ്കിലും മരിക്കാത്ത ഒരു ഗ്രാമം പോലും ജര്‍മ്മനിയില്‍ ഇല്ലായിരുന്നു.

സ്റ്റാലിന്‍ ഗ്രാഡ് യുദ്ധത്തിന്റെ സ്മാരകം

ഇന്ന് സ്റ്റാലിന് ഗ്രാഡ് എന്ന സ്ഥലമില്ല. അതിന്റെ പേര് വോള്‍ഗാ ഗ്രാഡ് എന്നാണ്. സ്റ്റാലിന്‍ ഗ്രാഡ് യുദ്ധം ഒരു ജനതയുടെ ആത്മ വീര്യത്തിന്റെ ഉജ്വലമായ കഥണ്. ലോകമെങ്ങും കമ്മുണിസ്റ്റുകളും ഫാസിസ്റ്റ് വിരുദ്ധരും ഒരു പ്രതീകമായിട്ടാണ് ഇതിനെ നോക്കി കാണുന്നത്. 

(തുടരും..)

ശ്രീക്കുട്ടന്‍

10 comments:

  1. വായിക്കുന്നു. നന്ദി

    ReplyDelete
  2. അധികാരപ്രമത്തയുടെ മഹായുദ്ധങ്ങൾക്ക് ഇരയാവുന്നത് എപ്പോഴും സാധരണക്കാരായ ജനങ്ങൾ തന്നെ. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ അത് ഈ ഭൂമിയുടെ അവസാനമായിരിക്കും - വായന തുടരുന്നു

    ReplyDelete
  3. കൊള്ളാമല്ലോ ലേഖനം ജപ്പാൻ പുലികളായിരുന്നു അല്ലെ

    ReplyDelete
  4. ജപ്പാന്‍ ക്രൂരരായ പുലികളായിരുന്നു

    ReplyDelete
  5. വായിക്കുന്നുണ്ട്.....
    ആശംസകള്‍

    ReplyDelete
  6. ശ്രീ, തുടരുക... വായിക്കുന്നുണ്ട്.

    ReplyDelete
  7. ശ്രമകരമായ ദൌത്യം. സ്കൂള്‍ പഠന കാലത്ത് പടിച്ചു മറന്ന ചരിത്രങ്ങള്‍ ഇപ്പോള്‍ വായിക്കുമ്പോള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു. ആദ്യ ഭാഗങ്ങള്‍ വായിച്ചു ഇവിടെവരെ എത്തി . തുടരുക ...

    ReplyDelete
  8. ജപ്പാന്റെ വളർച്ചയിൽ വിറളി പൂണ്ട ഈ പാശ്ചാത്യലോകം
    ഉണ്ടാക്കിതാണല്ലോ ഈ സെക്കന്റ് വേൾഡ് വാർ ...!

    ReplyDelete
  9. പത്താം ക്ലാസ്സ്‌ ഹിസ്റ്ററി

    ReplyDelete