Tuesday, August 5, 2014

ശീതയുദ്ധം

ശീതയുദ്ധം  

ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേര്‍സ് ഗ്രൂപ്പില്‍ വന്ന പാലാരിവട്ടം ശശി എന്ന പ്രൊഫലിന്റെ ഉടമയുടെ ഒരു പോസ്റ്റിനെയും അതിലെ കമന്റുകളേയും ഏകോപിപ്പിച്ച് സ്നേഹിതനായ സച്ചിന്‍ കെ എസ് തയ്യാറാക്കിയ ശീതസമരത്തെക്കുറിച്ചുള്ള ഒരു പിഡി എഫ് ഡോക്യുമെന്റിനെ അധികരിച്ച് എന്റേതായ രീതിയിലാണ് ഈ കുറിപ്പെഴുതിയിരിക്കുന്നത്. ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍, ചിത്രങ്ങള്‍ എന്നിവ ഒട്ടുമിക്കതും ഇന്റര്‍നെറ്റില്‍ നിന്നും കടം കൊണ്ടതാണ്. ചരിത്രവിഷയങ്ങളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഇതിനെകുറിച്ച് കൂടുതലായി അറിയാമെങ്കില്‍ തീര്‍ച്ചയായും പങ്കുവയ്ക്കാന്‍ മറക്കരുത്..


ലോകമാനവരാശിയെ അതിഭീകരമാം വിധം ബാധിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒരു ഉപോത്പന്നമായിരുന്നു ശീതയുദ്ധം അഥവാ കോള്‍ഡ് വാര്‍ എന്നത്. ലോക ഭൂപടത്തിലെ രണ്ട് നിര്‍ണ്ണായകശക്തികളായിരുന്ന അമേരിക്കന്‍ ഐക്യനാടുകളും( യു എസ് എ) സോവിയറ്റ് റിപ്പബ്ലിക്കുകളുടെ കൂട്ടായ്മയായ സോവിയറ്റ് യൂണിയനും (യു എസ് എസ് ആര്‍- ഇന്ന്‍ ഇങ്ങിനെ ഒരു രാജ്യമില്ല. യു എസ് എസ് ആര്‍ 1991 ല്‍ നിരവധി സ്വതന്ത്രരാഷ്ട്രങ്ങളായി വിഘടിച്ചുമാറി) തമ്മില്‍ ഉടലെടുത്ത സംഘര്‍ഷവും മത്സരവും വിദ്വോഷവും സംജാതമാക്കിയ ഒരു യുദ്ധസമാനമായ അവസ്ഥാവിശേഷണമായിരുന്നു ശീതയുദ്ധം.

1940 കളില്‍ ആരംഭിച്ച ശീതസമരമെന്ന ഈ മത്സരം സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ഒരുവിധമവസാനിച്ചുവെങ്കിലും ഇപ്പോഴും ആ ഒരു സാഹചര്യം വലുതായിട്ടല്ലെങ്കിലും നിലനില്‍ക്കുന്നുണ്ട്. സോവിയറ്റ് ചേരിയിലെ ഏറ്റവും പ്രബലരാജ്യമായ റഷ്യയും അമേരിക്കയും തമ്മിലാണത് തുടരുന്നത്.ഒരു ബ്രിട്ടീഷ് പത്രപ്രവർത്തകനും രാഷ്ട്രീയലേഖകനും നോവലിസ്റ്റും സാമൂഹികനിരീക്ഷകനും ആയിരുന്ന ജോർജ്ജ് ഓർവെൽ ഒരു മാസികയിലെഴുതിയ  ലേഖനത്തിലായിരുന്നു ശീതയുദ്ധം എന്ന വാക്ക് ആദ്യമായി പ്രയോഗിച്ചത്. സോവിയറ്റ് യൂണിയനും പാശ്ചാത്യ ശക്തികൾക്കുമിടയിൽ നിലനിന്നിരുന്ന സൈദ്ധാന്തികപോരാട്ടം എന്നാണ് ഓർവെൽ ഈ യുദ്ധസമാനമായ അവസ്ഥയെ വിശേഷിപ്പിച്ചത്.

യഥാര്‍ത്ഥത്തില്‍ ശീതയുദ്ധം ഒരു നേരിട്ടുള്ള രക്തച്ചൊരിച്ചിലായിരുന്നില്ല. എന്നാല്‍ ഈ ഒരു മത്സരബുദ്ധിയുടെ ബാക്കിപത്രമെന്നോണം നിരവധി രക്തരൂക്ഷിതമായ യുദ്ധങ്ങള്‍ നടക്കുകയുണ്ടായി. വിയറ്റ്നാം യുദ്ധവും കൊറിയൻ യുദ്ധം, അഫ്ഗാൻ യുദ്ധം തുടങ്ങിയവും ഒക്കെ ശീതസമരത്തിന്റെ ജാരസന്തതികള്‍ ആയിരുന്നു. ശീതസമര കാലഘട്ടത്തില്‍ മറ്റു ലോകരാജ്യങ്ങള്‍ അങ്ങേയറ്റം ഭയാനകമായ ഒരു അവസ്ഥാവിശേഷത്തിലാണ് കഴിഞ്ഞിരുന്നത്. ഈ ഭയപ്പാട് മൂലം തന്നെ ഒട്ടുമിക്ക രാജ്യങ്ങളും പല പല സൈനിക ഉടമ്പടികളിലൂടെ പരസ്പ്പരം ബന്ധിതരായിമാറി. ലോകത്തിലെ രണ്ട് വന്‍ ശക്തികളും ആണവശക്തികളുമായ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പ്പരം ആയുധമെടുക്കാതെ പോരാടി. അതിന്റെ ഫലമായി അതിനൂതനമായ അനേകം പുതിയ കണ്ടുപിടുത്തങ്ങള്‍, ഒരേസമയം അങ്ങേയറ്റം നശീകരണശേഷിയാര്‍ന്നതും മനുഷ്യവര്‍ഗ്ഗത്തിനു ഉപകാരപ്രദവുമായവ കണ്ടുപിടിയ്ക്കപ്പെട്ടു. ശാസ്ത്രമേഖലയില്‍ അഭൂതപൂര്‍വ്വമായ കുതിച്ചുചാട്ടമാണ് നടത്തപ്പെട്ടത്. പല അത്യാധുനിക വിമാനങ്ങളും മറ്റു വാഹങ്ങളും ബഹിരാകാശ ദൌത്യങ്ങള്‍ക്കുള്ള പേടകങ്ങളും മറ്റുമൊക്കെ നിര്‍മ്മിക്കപ്പെട്ടു. ഇവയില്‍ പലതും സിവിലിയന്‍ ആവശ്യങ്ങള്‍ക്കായും ഉപകാരപ്പെട്ടുതുടങ്ങി. എത്രയെങ്കിലും കാലങ്ങള്‍ എടുക്കുമായിരുന്ന പല പല കണ്ടെത്തലുകളും ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി അവ ലോകത്തിനു സമ്മാനിച്ചത് ശീതയുദ്ധം സമ്മാനിച്ച അരക്ഷിതാവസ്ഥ മൂലമായിരുന്നു.


രണ്ടാം ലോകമഹായുദ്ധത്തിന്റെ തുടക്കം വരെയും ലോകഗതിയെ പ്രധാനമായും നിയന്ത്രിച്ചിരുന്നത് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായ ബ്രിട്ടണ്‍ ആയിരുന്നു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധമായപ്പോഴേയ്ക്കും ബ്രിട്ടന്റെ അപ്രമാദിത്വം അവസാനിച്ചുതുടങ്ങിയിരുന്നു. ജര്‍മ്മനിയുടെ ശക്തമായ ആക്രമണത്താല്‍ ബ്രിട്ടണ്‍ മൂക്കുകുത്താനാരംഭിച്ചു. യുദ്ധകാലഘട്ടത്തില്‍ നിഷ്പക്ഷനായി ആദ്യമൊക്കെ നിന്ന അമേരിക്ക പിന്നെ അവിചാരിതമായി യുദ്ധത്തിലേയ്ക്കിറങ്ങുകയും താമസിയാതെ തന്നെ ഒരു അനിഷേധ്യരാജ്യമായ് മാറുവാനാരംഭിക്കുകയും ചെയ്തു. സോവിയറ്റ് യൂണിയനും ആദ്യസമയത്തെ തിരിച്ചടിയില്‍ നിന്നും കരകയറി മുന്നേറാനാരംഭിച്ചു. യുദ്ധാവസാനം കണ്ടപ്പോഴേയ്ക്കും അമേരിക്കയും സോവിയറ്റ് യൂണിയനും രണ്ട് ലോക വന്‍ ശക്തികളായ് മാറിയിരുന്നു. ബ്രിട്ടന്റെ സാമ്രാജ്യം അസ്തമിക്കുകയും പല കോളനികളും അവരില്‍ നിന്നും സ്വതന്ത്രരാകുകയും ചെയ്തു. യുദ്ധാനന്തരം ലോകം പങ്കിട്ടെടുക്കാനുള്ള അമേരിക്കയുടേയും റഷ്യയുടേയും വ്യഗ്രതയും ദുരയുമാണ് സത്യത്തില്‍ ശീതയുദ്ധത്തിന്റെ മൂലകാരണമായ് വര്‍ത്തിച്ചത്. ഇരുവരുടേയും ഇടപെടലുകള്‍ മൂലം യുദ്ധത്തിനായ് ഒത്തൊരുമിച്ചവര്‍ യുദ്ധാനന്തരം തെറ്റിപ്പിരിയുന്നതിലേയ്ക്കെത്തിച്ചേര്‍ന്നു.

പോട്സ്ഡാം കോണ്‍ഫറന്‍സ്

ജര്‍മ്മനി രണ്ടാം ലോകമഹായുദ്ധത്തില്‍ പരാജയം സമ്മതിച്ചതോടെ 1945 ഓഗസ്റ്റില്‍ ജര്‍മ്മനിയിലെ പോട്സ്ഡാം എന്ന സ്ഥലത്തുവച്ച് ബ്രിട്ടന്റേയും അമേരിക്കയുടേയും റഷ്യയുടേയും പ്രതിനിധികള്‍ ഒരുമിച്ചുകൂടി.യുദ്ധത്തില്‍ പരാജയപ്പെട്ട രാജ്യങ്ങളുമായി ഉണ്ടാക്കേണ്ട കരാറുകള്‍ ചര്‍ച്ച ചെയ്യാനും യൂറോപ്പിന്റെ ഗതിയെന്തെന്ന്‍ നിര്‍ണ്ണയിക്കാനുമായിരുന്നു ആറ്റ്ലി, സ്റ്റാലിന്‍, ട്രൂമാന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഈ കോണ്‍ഫറന്‍സിന്റെ പ്രധാന ഉദ്ദേശ്യം. ഈ കോണ്‍ഫറന്‍സില്‍ വച്ച് അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാന്‍ തങ്ങള്‍ താമസിയാതെ തന്നെ ഒരു ശക്തമായ ആയുധപരീക്ഷണം നടത്തുമെന്ന്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം ഹിരോഷിമായില്‍ അമേരിക്ക അണുബോംബ് വര്‍ഷിച്ചു. രണ്ട് ദിവസത്തിനുശേഷം നാഗസാക്കിയിലും മറ്റൊരു അണുബോംബ് വര്‍ഷിച്ചതോടെ ജപ്പാനും കീഴടങ്ങി രണ്ടാം ലോകമഹായുദ്ധത്തിനന്ത്യമാകുകയും ചെയ്തു.


ആറ്റ്ലി, ട്രൂമാന്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ കോണ്‍ഫറന്‍സിനിടയില്‍

പോട്സ്ഡാം കോണ്‍ഫറന്‍സില്‍ വച്ച് ജര്‍മ്മനിയെ നിരായുധീകരിക്കാനും ഒപ്പം നാലുമേഖലകളായി വിഭജിച്ച് ഈ നാലുമേഖലകള്‍ ബ്രിട്ടന്‍, അമേരിക്ക, ഫ്രാന്‍സ്, സോവിയറ്റ് യൂണിയന്‍ എന്നിവരുടെ അധീനതയിലാക്കുവാനും  തീരുമാനിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഏകദേശം യൂറോപ്പ് മുഴുവനായും നാസിജര്‍മ്മനി പിടിച്ചടക്കിയിരുന്നു. ഇതില്‍ കിഴക്കന്‍ യൂറോപ്പിനേയും ജര്‍മ്മനിയുടെ പകുതിയേയും നാസികളില്‍ നിന്നും മോചിതരാക്കിയത് റഷ്യന്‍ ചേരിയായിരുന്നു. അതുകൊണ്ട് തന്നെ തങ്ങള്‍ മോചിതരാക്കിയ ഈ രാജ്യങ്ങളില്‍ യുദ്ധാന്നതരം കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ നിലവില്‍ വരണമെന്ന്‍ സ്റ്റാലിന്‍ ആഗ്രഹിച്ചു. പൊതുതിരഞ്ഞെടുപ്പുകളോ മറ്റു പാര്‍ട്ടികളുടെ പ്രവര്‍ത്തനമോ ഇവിടം അനുവദിക്കാനാകില്ല എന്നു സ്റ്റാലിന്‍ നിലപാടെടുത്തത് പടിഞ്ഞാറന്‍ ചേരിയില്‍പ്പെട്ട അമേരിക്കയ്ക്കൊന്നും സ്വീകാര്യമായില്ല. രണ്ടാം ലോകമഹായുദ്ധാവസാനം വരെ കമ്മ്യൂണിസ്റ്റുകളെയും റഷ്യയേയും വലുതായ് ആരും തന്നെ അംഗീകരിച്ചിരുന്നില്ല. മാത്രമല്ല കമ്മ്യൂണിസ്റ്റ് ആശയങ്ങളെ മറ്റുരാജ്യങ്ങള്‍ അതിശക്തമായ് തന്നെ അടിച്ചമര്‍ത്തിയിരുന്നു. പല വിധ ഉപരോധങ്ങളാളും നട്ടം തിരിഞ്ഞിരുന്ന കമ്മ്യൂണിസ്റ്റുകള്‍ അവര്‍ക്കാവശ്യമായതൊക്കെയും സ്വന്തമായ് തന്നെ സൃഷ്ടിക്കേണ്ട അവസ്ഥയിലുമായിരുന്നു. ഈ അവസരത്തില്‍ ഉണ്ടായ യുദ്ധത്തില്‍ തങ്ങള്‍ നേടിയ അധീശത്വം കൈവിട്ടുകളഞ്ഞാല്‍ പിന്നീടൊരിക്കലും കമ്മ്യൂണിസത്തിനു നിലനില്‍പ്പുണ്ടാകില്ല എന്നു ദീര്‍ഘദര്‍ശനം ചെയ്ത സ്റ്റാലിന്‍ തങ്ങളുടെ അധീനതയിലും നിയന്ത്രണത്തിലുമുള്ള രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകളുണ്ടാക്കുന്നതില്‍ ബദ്ധശ്രദ്ധനായി നിലകൊണ്ടു.

ബെര്‍ലിന്‍ മതില്‍

കിഴക്കന്‍ ജര്‍മ്മനിയെ സോവിയറ്റ് യൂണിയന്‍ കമ്മ്യൂണിസ്റ്റ് വത്ക്കരിക്കുന്നു എന്നാരോപിച്ച് അമേരിക്കയും ബ്രിട്ടണും ഫ്രാന്‍സും ചേര്‍ന്ന്‍ തങ്ങളുടെ അധീനതയിലുണ്ടായിരുന്ന പടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ ഒരു ജനാധിപത്യഗവണ്മെന്റിനു രൂപം നല്‍കി. റഷ്യന്‍ നിയന്ത്രണത്തിലുള്ള ജര്‍മ്മനി ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് എന്നും പടിഞ്ഞാറന്‍ ചേരിയുടേത് ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി എന്നും അറിയപ്പെട്ടു. ജര്‍മ്മനിയുടെ തലസ്ഥാനമായിരുന്ന ബെര്‍ലിനും കിഴക്കന്‍ പടിഞ്ഞാറന്‍ എന്നിങ്ങനെ രണ്ടായ് മുറിക്കപ്പെട്ടു. സമ്പൽസമൃദ്ധിയിലും സ്വാതന്ത്ര്യത്തിലും പശ്ചിമജർമ്മനി ഏറെ മുന്നിലായിരുന്നു. അതുകൊണ്ട് തന്നെ പൂര്‍വ്വജര്‍മ്മനിയില്‍ നിന്നും പശ്ചിമജർമ്മനിയിലേയ്ക്ക് വളരെ വലിയ തോതിലുള്ള അഭയാര്‍ത്ഥിപ്രവാഹമുണ്ടായി. മാത്രമല്ല ഇരു ജര്‍മ്മനികളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ രൂക്ഷമാകുകയും ഒരു യുദ്ധസമാന അന്തരീകക്ഷം സംജാതമാകുകയും ചെയ്തതോടെ 1961 ആഗസ്റ്റിൽ പൂർ‌വ്വജർമ്മനിനിയിലെ കമ്യൂണിസ്റ്റ് സർക്കാർ ഇരു ജർമ്മനികളെയും വേർതിരിച്ച് 150 ഓളം കിലോമീറ്റര്‍ നീളത്തില്‍ ഒരു മതിൽ തീർക്കുകയുണ്ടായി. ഇതാണ്‌ ചരിത്രപ്രസിദ്ധമായ ബെർലിൻ മതിൽ. മാത്രമല്ല തങ്ങളുടെ അധീനതയിലുള്ള സ്ഥലത്തുനിന്നും കൂട്ടത്തോടെയുള്ള അഭയാര്‍ത്ഥിപ്രവാഹം കമ്മ്യൂണിസത്തിനു അപകടം വരുത്തിവയ്ക്കുമെന്ന്‍ മനസ്സിലാക്കിയ സ്റ്റാലിന്‍ പശ്ചിമജർമ്മനിയ്ക്കെതിരേ ഉപരോധമേര്‍പ്പെടുത്തി.

ഈ ഉപരോധത്തില്‍ പശ്ചിമജർമ്മനിയും ജനങ്ങളും വലഞ്ഞെങ്കിലും അമേരിക്കയുടെ സമയോജിതമായ ഇടപെടല്‍ മൂലം അവര്‍ക്ക് അതിനെ അതിജീവിക്കുവാന്‍ കഴിഞ്ഞു. അമേരിക്കന്‍ കാര്‍ഗോ വിമാനങ്ങളില്‍ അവര്‍ ജനങ്ങള്‍ക്കാവശ്യമായ എല്ലാ സാധനങ്ങളും വലിയ മുടക്കം കൂടാതെ എത്തിച്ചുകൊടുത്തു. ഇതാണ് ചരിത്രപ്രസിദ്ധമായ ബെര്‍ലിന്‍ എയര്‍ ലിഫ്റ്റ് എന്നറിയപ്പെടുന്നത്. ഒടുവില്‍ ഉപരോധം ഒരു പരാജയമാണെന്ന്‍ കണ്ടതോടെ സ്റ്റാലിന്‍ അത് പിന്‍ വലിക്കുകയുണ്ടായി. 1990 കളില്‍ ജര്‍മ്മനിയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം തകര്‍ന്നതോടെയുണ്ടായ ജനകീയ മുന്നേറ്റത്തെതുടര്‍ന്ന്‍ കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം ബെര്‍ലിന്‍ മതിലും തകര്‍ന്നുവീണു.

ബെര്‍ലിന്‍ മതില്‍ തകര്‍ന്നു വീഴുന്നു..


പല രാജ്യങ്ങള്‍ തമ്മിലും രണ്ടാം ലോകമഹായുദ്ധസമയത്തുണ്ടായിരുന്ന സൌഹാര്‍ദ്ധവും സഖ്യവുമൊക്കെ ആ യുദ്ധത്തിന്റെ അവസാനത്തോടെ ഇല്ലാതായി. ആശയപരമായ വ്യത്യസ്തതയാല്‍ ലോകം രണ്ട് ചേരികളായ് പിരിഞ്ഞു. ഒന്ന്‍ സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റ് ചേരിയും മറ്റേത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത ചേരിയും. ഒട്ടുമിക്ക ലോകരാജ്യങ്ങളും രണ്ടിലേതെങ്കിലുമൊരു ചേരിയില്‍ ചേരാന്‍ നിര്‍ബന്ധിതരായി. പരസ്പ്പരം ശത്രുത വച്ചുപുലര്‍ത്തിയിരുന്ന് ഇരുചേരികളും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഒരു തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങിയില്ലെങ്കിലും പില്‍ക്കാലത്ത് ലോകഗതിയിലുണ്ടായ പല പ്രധാനസംഭവവികാസങ്ങള്‍ക്കും കാരണം ആശയപമായ വെറുപ്പും രാഷ്ട്രീയ അവിശ്വാസവും അടിസ്ഥാനമാക്കി നിലനിന്നിരുന്ന ശീതയുദ്ധമെന്ന വൈരം ഒന്നു മാത്രമായിരുന്നു.

തുടരും.......


ശ്രീക്കുട്ടന്‍




10 comments:

  1. ബര്‍ലിന്‍ മതില്‍ തകര്‍ന്നത് നമ്മുടെ കാലത്താണെന്നത് ഒരു ഒരു അതിശയം പോലെ തോന്നുന്നു. എത്രയെത്ര കഥകളില്‍, സിനിമകളില്‍ ആ മതില്‍ ഒരു കഥാപാത്രമായിരുന്നു. ഒരിക്കലും തകര്‍ക്കപ്പെടില്ല എന്ന് പലരും കരുതിയിരുന്ന ഒരു മതില്‍.

    കാലം!!

    ReplyDelete
    Replies
    1. അജിത്തേട്ടാ വായനയ്ക്കും അഭിപ്രായത്തിനും സന്തോഷം..

      Delete
  2. മുമ്പും ഇത് പോലൊരു ലേഖനം ഈ ബ്ലോഗില്‍ വായിച്ചതായി ഓര്‍ക്കുന്നു , ചരിത്രത്തിലൂടെ സന്ജരിച്ചാല്‍ അറിയപ്പെടാത്ത സത്യങ്ങളും മിഥ്യകളും കാണാന്‍ കഴിയും,കലാലയ ജീവിതത്തോട് വിട പറഞ്ഞതില്‍ പിന്നെ ഇത്തരം അറിവുകള്‍ വളരെ കുറവാണ് . നല്ല ശ്രമം തുടരുക .

    ReplyDelete
    Replies
    1. രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ച് ഒരു ചെറുകുറിപ്പെഴുതിയിരുന്നു ഫൈസല്‍ ബാബു..

      Delete
  3. ചരിത്രമെനിക്കു ഒരുപ്പാട് ഇഷ്ടമുള്ള വിഷയമാണ്... ശീതസമരത്തെ പറ്റിയുള്ള വിവരങ്ങള്‍ക്ക് ഒരുപാടുനന്ദി....
    "ചരിത്രം അവന്‍റെ കഥയാണ്
    എന്റെയും നിങ്ങുടെയും കഥയാണ്‌....."

    :)

    ReplyDelete
  4. ശീതയുദ്ധം ഇല്ലാതായപ്പോഴാണ് ലോകം അതിന്റെ വില അറിയുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കക്ക് ലോകപോലീസിന്റെ കുപ്പായം കിട്ടിയതും ശാക്തിക സന്തുലനം ഇല്ലാതായതുകൊണ്ടാണ്. ഗ്ളാസ്നോസ്റ്റും പെരിസ്ട്രോയിക്കയും കൊണ്ടുവന്ന് സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് കാരണമായി എന്നു ചരിത്രം പറയുന്ന മിഖായിൽ ഗർബച്ചേവ് എന്ന മനുഷ്യൻ ചെയ്തത് എന്തായിരുന്നുവെന്ന് നാം ഇന്ന് പത്രത്താളുകളിലെ വാർത്താക്കുറിപ്പുകളിലും, ഫോട്ടോകളിലും വായിക്കുന്നു .....

    ReplyDelete
  5. ചരിത്രം വളരെ വീക്ക്‌ ആണ് ..പണ്ട് കാണാതെ പഠിച്ചു പോയത് മാത്രം ബാക്കി... നല്ല കാര്യങ്ങള്‍ പങ്കു വെച്ചതിനു നന്ദി ശ്രീക്കുട്ടാ

    ReplyDelete
  6. 1989 ല്‍ ബെര്‍ലിന്‍ മതില്‍ തകര്‍ന്ന വാര്‍ത്തകള്‍ വായിച്ചതും, ആ വാര്‍ത്താ ശകലങ്ങള്‍ വെട്ടിയെടുത്ത് സൂക്ഷിച്ച് വെച്ചതെല്ലാം ഓര്‍ക്കുന്നു... നന്ദി ശ്രീ

    ReplyDelete
  7. ശ്രീ ..
    നന്ദിയുണ്ട് നല്ല ചരിത്ര വായന സമ്മാനിച്ചതിന് .ശ്രമം തുടരട്ടെ എല്ലാ വിധ ആശംസകളും

    ReplyDelete