Sunday, February 8, 2015

ഓപ്പറേഷന്‍ എന്റബെ


അവിചാരിതമായി ഓപ്പറേഷന്‍ എന്റബെയെക്കുറിച്ച് ഒരു ചെറുകുറിപ്പ് വായിക്കാനിടയായപ്പോള്‍ മുമ്പ് ഫ്രീ തിങ്കേര്‍സ് ഗ്രൂപ്പില്‍ വന്ന ചാരന്മാരുടെ ലോകം എന്ന ലേഖനത്തില്‍ ഇതു വിശദമായി വായിച്ച ഓര്‍മ്മ വന്നു. പിന്നെ ഒരു രസം കയറി വിക്കീപ്പീഡിയയും മറ്റുമൊക്കെ തപ്പി ഒരു ചെറു കുറിപ്പെഴുതിയതാണ്. ചിത്രങ്ങളും കടം കൊണ്ടത് ഗൂഗിളില്‍ നിന്നും തന്നെ. ചരിത്രവായന ഇഷ്ടമാകുന്നവര്‍ക്കായി....


1976 ജൂണ്‍ 27 നു ടെല്‍ അവീവില്‍ നിന്നും പാരിസിലേക്ക് 246 യാത്രക്കാരുമായി പറന്ന എയര്‍ ഫ്രാന്‍സ് വിമാനം 139 പാലസ്തീന്‍ തീവ്രവാദികള്‍  റാഞ്ചി വിമാനം ഗതി തിരിച്ചുവിട്ട് ലിബിയയില്‍ ഇറക്കി. അവിടെ നിന്നും ഇന്ധനം നിറച്ച ശേഷം പിന്നീട് ഉഗാണ്ടയിലെ എന്റബെ എയര്‍പോര്‍ട്ടിലിറക്കി. ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്ന ഈദി അമീന്‍ തീവ്രവാദികള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്ന ആളായിരുന്നു. വിമാനയാത്രക്കാരില്‍ ഭൂരിഭാഗവും ജൂതന്മാരായിരുന്നു. ഇസ്രായേല്‍ ജയിലറകളില്‍ കിടക്കുന്ന പാലസ്തീന്‍ തടവുകാരെ മോചിപ്പിക്കുക എന്നതായിരുന്നു തീവ്രവാദികളുടെ പ്രധാന ആവശ്യം. ഇസ്രായേല്‍ പൌരന്മാരല്ലാത്തവരെ വിട്ടയച്ച തീവ്രവാദികള്‍ ബാക്കിയുള്ളവരെ ബന്ദിയാക്കുകയും തങ്ങളുടെ ആവശ്യങ്ങള്‍ ഒരാഴ്ചയ്ക്കകം നടപ്പിലാക്കിയില്ലെങ്കില്‍ ബന്ദികളെ ഒന്നൊന്നായി കൊല്ലുമെന്ന്‍ അറിയിക്കുകയും ചെയ്തു.


റാഞ്ചപ്പെട്ട എയര്‍ഫ്രാന്‍സ് വിമാനം 

ബന്ദികളെ വധിക്കുമെന്നുള്ള ഡെഡ് ലൈന്‍ ഡേറ്റ് ഇസ്രായേല്‍ തീവ്രവാദികളുമായി നടത്തിയ അനുരഞ്ജന ചര്‍ച്ചകളുടെ ഫലമായി ജൂലൈ 4 ആക്കി തീവ്രവാദികള്‍.  എന്നാല്‍ തങ്ങളുടെ പൌരന്മാരെ മോചിപ്പിക്കുവാന്‍ ഇസ്രായേല്‍ നയതന്ത്ര തലത്തില്‍ നടത്തിയ പല ശ്രമങ്ങളും പരാജയപ്പെട്ടതോടെ ജൂലൈ 3 നു ഇസ്രായേല്‍ കാബിനറ്റ് ഡിഫന്‍സ് ഫോഴ്സ് മുന്നോട്ട് വച്ച റെസ്ക്യൂ മിഷനുള്ള തീരുമാനം അംഗീകരിക്കുകയും ഓപ്പറേഷന്‍ കമാണ്ടറായി ജെനറല്‍ ഷൊമ്രോണിനെ നിയമിക്കുകയും ചെയ്തു. രാഷ്ട്രീയമായ നയതന്ത്ര ചര്‍ച്ചകള്‍ വിജയിക്കാത്തതുമൂലം അവശേഷിക്കുന്ന വഴി കമാന്‍ഡോ ഓപ്പറേഷന്‍ തന്നെയെന്ന്‍ ഇസ്രായേല്‍ തീരുമാനിച്ചു. അങ്ങിനെ ലോകം കണ്ട എക്കാലത്തേയും തകര്‍പ്പനായൊരു കമാന്‍ഡോ ഓപ്പറേഷനു കളമൊരുങ്ങി.

ഇസ്രായേലില്‍ നിന്നും എന്റബെ വരെ ആകാശമാര്‍ഗ്ഗം ദൂരക്കൂടുതല്‍ വളരെയുള്ളതിനാല്‍ വിമാനം ഏതെങ്കിലും എയര്‍ ബേസിലിറക്കി ഇന്ധനം നിറയ്ക്കേണ്ടതുണ്ടായിരുന്നു. ഈദി അമീന്റെ പല പ്രവര്‍ത്തികളും ഇഷ്ടപ്പെടാതിരുന്ന കെനിയ ഇക്കാര്യത്തില്‍ ഇസ്രായേലിനെ സഹായിക്കുവാന്‍ തീരുമാനിച്ചു.


എന്റബെ ടെര്‍മിനല്‍

ആദ്യമായി മൊസാദ് ചെയ്തത് ബന്ദികളാക്കപ്പെട്ട പൌരന്മാരുടേയും അവരെ ഹൈജാക്ക് ചെയ്ത തീവ്രവാദികളുടേയും അവരെ പിന്തുണയ്ക്കുന്ന ഉഗാണ്ടന്‍ ഗ്രൂപ്പുകളുടേയും കൃത്യമായ വിവരശേഖരണമായിരുന്നു. ബന്ദികളാക്കപ്പെട്ടിരുന്നവരെ പാര്‍പ്പിച്ചിരുന്ന ടെര്‍മിനല്‍ നിര്‍മ്മിച്ചത് ഇസ്രായേലി കണ്‍സ്ട്രക്ഷന്‍ കമ്പനികളായിരുന്നു. അവരില്‍ നിന്നും കിട്ടിയ പ്ലാന്‍ പ്രകാരം ആ ടെര്‍മിനലിന്റെ ഒരു മാതൃക അതേപോലെ സൃഷ്ടിച്ചു. അതിനുള്ളില്‍ കൃത്യമായ പരിശീലനത്തിലൂടെ എങ്ങിനെയാണ് ഒരു ഓപ്പറേഷന്‍ നടത്തേണ്ടതെന്ന മുന്നൊരുക്കം നടത്തി. യഥാര്‍ത്ഥ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതില്‍ പങ്കെടുത്ത സിവിലിയന്മാരും ഈ കൃത്രിമ നിര്‍മ്മാണത്തില്‍ പങ്കാളികളായി. തീവ്രവാദികള്‍ വിട്ടയച്ച ചിലരുമായി മൊസാദ് നടത്തിയ കൂടിക്കാഴ്ചകളിലൂടെ തീവ്രവാദികളുടെ കൈവശമുള്ള ആയുധങ്ങളെക്കുറിച്ചും മറ്റുമൊക്കെ കൃത്യമായ ഒരു ധാരണ ഉണ്ടാക്കിയെടുക്കാനവര്‍ക്കായി.

മൊസാദ് രൂപകല്‍പ്പന ചെയ്ത ഓപ്പറേഷന്‍ ടീമിനെ മൂന്നായി തിരിച്ചു. ആദ്യവിഭാഗം എയര്‍ പോര്‍ട്ടിന്റെ സുരക്ഷിതത്വം കയ്യാളുമ്പോള്‍ രണ്ടാമത്തെ വിഭാഗം തീവ്രവാദികളെ കൊന്ന്‍ ബന്ദികളെ മോചിപ്പിക്കും. മൂന്നാമത്തെ കൂട്ടര്‍ തങ്ങളെ പിന്തുടര്‍ന്ന്‍ വരാന്‍ സാധ്യതയുള്ള യുദ്ധവിമാനങ്ങളെ മുഴുവന്‍ നശിപ്പിക്കും. എല്ലാം കൃത്യമായ് പ്ലാന്‍ ചെയ്യുകയും ജൂലൈ നാലിനു അര്‍ദ്ധരാത്രിയോടെ ലോകം കണ്ട ഐതിഹാസികമായ ആ കമാന്‍ഡോ ഓപ്പറേഷന്‍ ആരംഭിക്കുകയും ചെയ്തു.

രണ്ട് ഹെര്‍ക്കുലീസ് സി 30 വിമാനങ്ങളില്‍ ഇസ്രായേലി ഡിഫന്‍ഡ് ഫോര്‍സ് യാത്രയായി. അന്താരാഷ്ട്രവ്യോമപാതകളില്‍ നിന്നും വളരെയേറേ വ്യതിചലിച്ച് മറ്റു രാജ്യങ്ങളുടേ റഡാറുകള്‍ക്ക് പിടിനല്‍കാതെ ചെങ്കടലിനുമുകളിലൂടെ പറന്ന ആ വിമാനങ്ങളെ രണ്ട് ബോയിംഗ് 707 കാര്‍ഗോ വിമാനങ്ങളും അനുഗമിച്ചിരുന്നു. മെഡിക്കല്‍ ഫെസിലിറ്റികള്‍ മുഴുവന്‍ സജ്ജമാക്കിയിരുന്ന ആദ്യ കാര്‍ഗോ ഫ്ലൈറ്റ് നെയ്റോബി ജോമോ കെന്യാട്ടാ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു. രണ്ടാമത്തെ ഫ്ലൈറ്റ് ഓപ്പറേഷന്‍ നടക്കുന്ന എന്റബെ ടെര്‍മിനലിനു വലം വച്ചുകൊണ്ടിരുന്നു. കെനിയയില്‍ നിന്നും ഇന്ദനം നിറച്ച് ഹെര്‍കുലീസ് വിമാനങ്ങള്‍ എന്റബെ ടെര്‍മിനലിലെത്തിയപ്പോള്‍ പതിനൊന്ന്‍ മണി ആയി. സെക്യൂരിറ്റി ചെക്പോയിന്റുകളില്‍ സംശയം ജനിപ്പിക്കാതെ കടന്നുപോകാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുമായി ഈദി അമീന്‍ ഉപയോഗിക്കുന്ന അതേ പോലുള്ള ഒരു ബ്ലാക്ക് മെഴ്സിഡസ് കാര്‍ അവര്‍ ഉപയോഗിച്ചു. അതിനുള്ളില്‍ ഓപ്പറേഷന്‍ ടീം ഈ ദി അമീന്‍ സംഘം ഉപയോഗിക്കുന്ന അതേ ഫാഷനിലുള്ള വസ്ത്രങ്ങളും മറ്റും ധരിച്ചാണിരുന്നത്. ആ കാറിനു അകമ്പടി സേവിച്ചുകൊണ്ട് രണ്ട് ലാന്‍ഡ് റോവര്‍ വാഹനവും ഉണ്ടായിരുന്നു. സാധാരണയായി ഈദി അമീന്‍ വന്നിരുന്നത് ഇങ്ങനെ ആയതിനാല്‍ ഉഗാണ്ടന്‍ സൈനികര്‍ക്ക്  പ്രത്യേകിച്ചു അസ്വാഭാവികത തോന്നിയില്ല. എന്നാല്‍ ടെര്‍മിനലിനു മുന്നിലുണ്ടായിരുന്ന രണ്ട് കാവല്‍ക്കാര്‍ക്ക് സംശയം ജനിക്കുകയും അവര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ചെയ്തു. കമാന്‍ഡോ ടീം സൈലന്‍സര്‍ പിടിപ്പിച്ച തോക്കുപയോഗിച്ച് അവരെ വെടിവച്ചുവീഴ്ത്തിയെങ്കിലും ഒരു സൈനികന്റെ റൈഫില്‍ വെടിയൊച്ച മുഴങ്ങിയത് തീവ്രവാദികളെ പ്രത്യാക്രമണസന്നദ്ധരാക്കി. തുടര്‍ന്ന്‍ ഇസ്രായേലി ടീം ടെര്‍മിനലിലേയ്ക്ക് ഇരച്ചു കയറി.


ഓപ്പറേഷനായുപയോഗിച്ച മെഴ്സിഡസ് കാര്‍

തങ്ങള്‍ ഇസ്രായേലി സൈനികരാണ് എല്ലാവരും കമിഴ്ന്നു തറയില്‍ കിടക്കൂ എന്ന്‍ ഹീബ്രുവിലും ഇംഗ്ലീഷിലും വിളിച്ചുപറഞ്ഞുകൊണ്ടാണ് കമാന്‍ഡോകള്‍ ടെര്‍മിനലിനുള്ളിലേയ്ക്ക് ഇരച്ചു കയറിയത്. തുറന്ന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തീവ്രവാദികള്‍ കൊല്ലപ്പെടുകയും ബന്ദികളാക്കപ്പെട്ടിരുന്നവരെ മോചിപ്പിച്ച് സുരക്ഷിതമായി വിമാനത്തിനുള്ളിലേയ്ക്ക് മാറ്റുവാനാരംഭിക്കുകയും ചെയ്തു. ഈ സമയം ടെര്‍മിനലില്‍ ലാന്‍ഡ് ചെയ്ത് മറ്റൊരു ഹെര്‍ക്കുലീസ് വിമാനത്തില്‍ നിന്നും പുറത്തുവന്ന കമാന്‍ഡോസ് റണ്‍ വേയിലുണ്ടായിരുന്ന പതിനൊന്നൊളം റഷ്യന്‍ നിര്‍മ്മിത മിഗ് 17 വിമാനങ്ങള്‍ വെടിവച്ചു തകര്‍ത്തിരുന്നു. ഉഗാണ്ടന്‍ സൈന്യത്തിന്റെ പിന്തുടര്‍ന്നുള്ള ആക്രമണമൊഴിവാക്കാനായിരുന്നു അത്. വിവരമറിഞ്ഞെത്തിയ ഉഗാണ്ടന്‍ സൈനികരേയും നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ അവര്‍ വധിച്ചു. ഓപ്പറേഷന്‍ ആരംഭിച്ച് കൃത്യം 53 ആം മിനിട്ടില്‍ സര്‍വ്വതും റെഡിയാക്കി ഇസ്രായേല്‍ ടീം സ്ഥലം കാലിയാക്കി.


ഈ ഓപ്പറേഷനില്‍ മൂന്ന്‍ യാത്രക്കാര്‍‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഒരാള്‍ ഇസ്രായേലി സൈന്യത്തിന്റെ വെടി വയ്പ്പിലും മറ്റൊരാള്‍ തീവ്രവാദികള്‍ തിരിച്ചു വെടിവച്ചപ്പോഴുമാണ് മരിച്ചത്. മൂന്നാമത്തേത് ഒരു സ്ത്രീ ആയിരുന്നു. ഇസ്രായേല്‍ ടീം പണിയൊക്കെ കഴിഞ്ഞു തിരിച്ചുപോയതിലുള്ള ദേഷ്യത്തില്‍ ഉഗാണ്ടന്‍ ആര്‍മി ഓഫീസറാണ് ആ സ്ത്രീയെ വെടിവച്ചു കൊന്നത്. തീവ്രവാദികള്‍ ആദ്യം വിട്ടയച്ച യാത്രക്കാരിലൊരാളായ അവര്‍ അസുഖബാധിതയായി ഹോസ്പിറ്റലില്‍ ആയിരുന്നു.  ഈ കമാന്‍ഡോ ഓപ്പറേഷനു നേതൃത്വം നല്‍കിയ ഇസ്രായേലിന്റെ യോനാതന്‍ നെതന്യാഹുവും വെടിയേറ്റു കൊല്ലപ്പെട്ടു.വെടിവയ്പ്പ് നടന്ന ടെര്‍മിനല്‍. 

ഈദി അമീന്‍ എന്ന ക്രൂരനായ സ്വേച്ഛാതിപതിക്കും പലസ്തീന്‍ തീവ്രവാദികള്‍ക്കും കിട്ടിയ ഒന്നാന്തരം പ്രഹരമായിരുന്നു ഈ ഓപ്പറേഷന്‍. ഈ ഓപ്പരേഷനു സഹായസഹകരണങ്ങള്‍ നല്‍കിയ കെനിയയോട് കടുത്ത പക തോന്നിയ ഈദി അമീന്‍ ഉഗാണ്ടയിലുണ്ടായിരുന്നു നൂറു കണക്കിന് കെനിയക്കാരെ കൊന്നൊടുക്കി. മാത്രമല്ല കെനിയയെ ആക്രമിക്കാനും പ്ലാന്‍ ചെയ്തു. എന്നാല്‍ കെനിയന്‍ തീരത്തേക്ക് അമേരിക്ക അവരുടെ വിമാന വാഹിനിയെ അയച്ചതോടെ ആ ഒരു നീക്കത്തില്‍ നിന്നും അമീന്‍ പിന്മാറി. കമ്മ്യുണിസ്റ്റ്- അറബ് രാജ്യങ്ങളും UN സെക്രട്ടറി ജനറലും ഇസ്രായേലിന്റെ നടപടിയെ അപലപിച്ചുവെങ്കിലും മൊസാദിന്റെ ചരിത്രത്തിലെ തന്നെ പൊന്‍ തൂവലായാണ് ഈ ഓപ്പറേഷന്‍ വിലയിരുത്തപ്പെടുന്നത്.

ശ്രീക്കുട്ടന്‍

8 comments:

 1. ഈ സംഭവത്തെക്കുറിച്ച് മുൻപ് വായിച്ചത് ഓർക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ചാരസംഘടനയെന്ന ലേബലിലേക്ക് മൊസാദ് ഉയർന്നത് ഈ സംഭവത്തോടെയാണ്. കൂടുതൽ വിവരങ്ങൾ തന്നതിന് നന്ദി.

  ReplyDelete
 2. അമ്മോ...
  ഇതൊക്കെ ഇപ്പ അറിയാണ്..
  താങ്ക്സ് ചേട്ടായീ..

  ReplyDelete
 3. മൊസാദിന്റെ കിരീടത്തിലെ ഒരു സുവർണ്ണ
  തൂവൽ തന്നെയാണ് ഈ ‘ഓപ്പറേഷന്‍ എന്റബെ‘

  ReplyDelete
 4. 'ഓപ്പറേഷന്‍ എന്റബെ‘ ലോകം കണ്ട ഐതിഹാസ്സികമായ ഒരു സൈനീകനടപടിയായിരുന്നു..... :)

  ReplyDelete
 5. വിവരണത്തിൽ എന്തോ ഒരു കുറവുള്ളതു പോലെ...

  ReplyDelete
 6. വിവരണം നന്നായിട്ടുണ്ട് ...

  ReplyDelete
 7. ആദ്യമായി കേള്‍ക്കുവാ ഇതൊക്കെ........

  ReplyDelete
 8. jonathan nethnyahu was the brother to israel prime minister benjamin nethnyahu

  ReplyDelete