Thursday, April 23, 2015

വിയറ്റ്നാം യുദ്ധം


വിയറ്റ്നാം യുദ്ധത്തെ വേണമെങ്കില്‍ ഒരു അത്ഭുതം എന്നു വിശേഷിപ്പിക്കാം. ഉത്തര ദക്ഷിണ വിയറ്റ്നാമുകള്‍ തമ്മില്‍ നടന്ന ഒരാഭ്യന്തരയുദ്ധം ഒടുവില്‍ ലോകത്തിലെ തന്നെ സര്‍വ്വശക്തനായൊരു രാജ്യത്തിന്റെ തോല്‍വിയടയലിലാണ് അവസാനിച്ചത്. 1959 ഏപ്രില്‍ മാസത്തില്‍ തുടങ്ങി 1975 വരെ നീണ്ടുനിന്ന ഒന്നായിരുന്നു വിയറ്റ്നാം യുദ്ധം. സര്‍വ്വ നാശകാരിയായ പല രാസായുധങ്ങളും മറ്റുമൊക്കെ പ്രയോഗിച്ച് അമേരിക്കപോലൊരു സര്‍വ്വശക്തന്‍ പൊരുതിയെങ്കിലും ഒടുവില്‍ ഇത്തിരിക്കുഞ്ഞനായ വിയറ്റ്നാമിനോട് മുട്ടുമടക്കേണ്ടിവന്നു.‍ ഏകദേശം 65-70 ലക്ഷത്തോളം കൊല്ലപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക നാശം ഉണ്ടാക്കിയ ആ യുദ്ധത്തിലേയ്ക്കൊരു വഴിനടത്തം. ഇതിലെ വിവരങ്ങള്‍ക്ക് കടപ്പാട് വിക്കീപീഡിയക്കും പിന്നെ ഒരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ വന്ന ലേഖനത്തിനുമാണ്.

വളരെ പണ്ടുകാലം മുതല്‍ തന്നെ വൈദേശിക കടന്നുകയറ്റങ്ങള്‍ ഒരുപാടനുഭവിച്ചിട്ടുള്ള ഒരു ജനതയായിരുന്നു വിയറ്റ്നാമിലേത്. ചൈനാക്കാര്‍, മംഗോളിയക്കാര്‍, ജപ്പാന്‍ കാര്‍, ഫ്രഞ്ചുകാര്‍ എന്നിവരൊക്കെയും വിയറ്റ്നാമില്‍ അധിനിവേശം നടത്തിയവരായിരുന്നു. അതാത് കാലങ്ങളിലൊക്കെയും വിയറ്റ്നാം ജനത ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ്പും നടത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ ജപ്പാനില്‍ നിന്നും ഫ്രാന്‍സ് വിയറ്റ്നാമിന്റെ അധികാരം പിടിച്ചെടുക്കുമ്പോള്‍ വിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അതിശക്തമായ വേരോട്ടമുള്ള അവസ്ഥയായിരുന്നു. ലോകമഹായുദ്ധകാലഘട്ടത്തില്‍ ജാപ്പനീസ് സൈനികര്‍ക്കെതിരേ അതിശക്തമായി പോരാടുവാന്‍ മുന്‍ പന്തിയില്‍ നിന്നത് ഹോചിമിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളായിരുന്നു. ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വളരെ വലിയ സ്വാധീനവും മറ്റുമാണുണ്ടായിരുന്നത്. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റുകള്‍ക്ക് ഫ്രഞ്ചുകാരോടും എതിര്‍പ്പുണ്ടായി. രാജ്യം ഒരു അധിനിവേശത്തിന്‍ കീഴില്‍ കഴിയുവാന്‍ അവരൊട്ട് ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.

വിയറ്റ്നാമില്‍ തുടര്‍ഭരണം നടത്തുവാന്‍ ഫ്രാന്‍സ് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വിയറ്റ്നാമില്‍ നിന്നും പിന്മാറിയാല്‍ അവിടെ ഒരു കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വരും എന്നു അവര്‍ ഭയന്നിരുന്നു. ഇതിനിടയില്‍ വിയറ്റ്നാം കമ്മ്യൂണിസ്റ്റുകള്‍ ഫ്രഞ്ചുകാര്‍ക്കെതിരേ ഗറില്ലായുദ്ധമാരംഭിച്ചു. അമേരിക്കന്‍ സഖ്യപിന്തുണയോടെ ഫ്രാന്‍സ് ഗറില്ലകള്‍ക്കെതിരേ പോരാടിയെങ്കിലും വിജയം ഗറില്ലകള്‍ക്കായിരുന്നു. ഇതിനെ തുടര്‍ന്ന്‍ ജനീവയില്‍ വച്ചുനടന്ന സമ്മേളനത്തില്‍ ഫ്രാന്‍സ് വിയറ്റ്നാമിനു സ്വാന്തന്ത്ര്യം നല്‍കുവാന്‍ തീരുമാനമെടുത്തു. എന്നാല്‍ വിയറ്റ്നാമിനെ ഒരു പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് ഭരണത്തിനു വിട്ടുകൊടുക്കാതെ രാജ്യത്തെ ഉത്തരവിയറ്റ്നാം, ദക്ഷിണവിയറ്റ്നാം എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഉത്തരവിയറ്റ്നാം കമ്മ്യൂണിസ്റ്റ് മേല്‍നോട്ടത്തിലും ദക്ഷിണ വിയറ്റ്നാം പാശ്ചാത്യപിന്തുണയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധനായ ദിന്‍ ദിയെം എന്ന നേതാവിനേയും ഏല്‍പ്പിച്ചു.

തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന ദിയെം ദക്ഷിണവിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു. കമ്മ്യൂണിസ്റ്റ് ആശയാനുഭാവികളെ അതിക്രൂരമായി അടിച്ചമര്‍ത്താനാരംഭിച്ചതോടേ അവര്‍ ദിയമിനെതിരായി തിരിഞ്ഞു. ആ അസ്ംതൃപ്തിയാണ് ഒരു വലിയ ആഭ്യന്തരയുദ്ധമായി പരിണമിച്ചത്. വിയറ്റ്നാം മുഴുവന്‍ സ്വാധീനമുള്ള വിയറ്റ്കോംഗ് ഗറില്ലകള്‍ ദിയെം സര്‍ക്കാരിനെതിരേ ഗറില്ലായുദ്ധമാരംഭിച്ചു. സ്വാഭാവികമായും നോര്‍ത്ത് വിയറ്റ്നാമിലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളും സര്‍ക്കാരും ഗറില്ലായുദ്ധക്കാരെ സഹായിച്ചു. ഇറ്റ്ഗോടെ കൂടുതല്‍ കര്‍ശനമായി ദിയെം ഗറില്ലകളെ നേരിടാന്‍ തുടങ്ങുകയും അതുപിന്നീട് ഇരു വിയറ്റ്നാമുകളും തമ്മിലുള്ള രൂക്ഷമായൊരു യുദ്ധമായ് പരിണമിക്കുകയും ചെയ്തു.

വിയറ്റ്നാമിലെ സംഘര്‍ഷത്തില്‍ നേരിട്ടിടപെടാന്‍ ആദ്യം അമേരിക്ക തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് വിയറ്റ്നാമിനടുത്തുള്ള ഉള്‍ക്കടലില്‍ വച്ച് തങ്ങളുടെ കപ്പലിനെ ഉത്തരവിയറ്റ്നാം ആക്രമിച്ചു എന്നുപറഞ്ഞ് അമേരിക്ക വിയറ്റ്നാം ആഭ്യന്തരയുദ്ധത്തില്‍ നേരിട്ടിടപ്പെട്ടു. വിയറ്റ്നാം ഗറില്ലകള്‍ക്കു നേരെയായിരുന്നു യുദ്ധം. ഗറില്ലകളുമായുള്ള യുദ്ധമായിരുന്നതുകൊണ്ട് തന്നെ കൃത്യമായ ഒരു യുദ്ധമുഖം എങ്ങുമുണ്ടായിരുന്നില്ല. വിയറ്റ്നാം കാടുകളില്‍ ഒളിച്ചിരുന്ന്‍ യുദ്ധം നടത്തിയ ഗറില്ലകളെ കീഴടക്കാനോ പിടിക്കുവാനോ അത്ര എളുപ്പവുമായിരുന്നില്ല. കാടുകളില്‍ തിരഞ്ഞുപിടിച്ച് ഗറില്ലകളെ കൊല്ലുന്നതും രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ അവര്‍ ആയുധം കൊണ്ടുവരുന്നതും ഒക്കെ കണ്ടെത്തുവാന്‍ അമേരിക്കന്‍ സൈന്യം നന്നേ ബുദ്ധിമുട്ടി. ഇതിനിടയില്‍ പലപ്പോഴും അപ്രതീക്ഷിതമായ ആക്രമണങ്ങളിലൂടെ ഗറില്ലകള്‍ അമേരിക്കന്‍ സൈന്യത്തിനു വന്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു.

കനത്ത ആള്‍നാശം സംഭവിച്ചുതുടങ്ങിയതോടെ ക്രൂദ്ധരായ അമേരിക്ക ഗറില്ലകള്‍ക്കെതിരേയുള്ള യുദ്ധം കര്‍ശനമാക്കി. രണ്ടാം ലോകമഹായുദ്ധസമയത്ത് വികസിപ്പിച്ചെടുത്ത നാപാം ബോംബുകള്‍ വ്യാപകമായി പ്രയോഗിക്കപ്പെട്ടു. ഇത്തരം ബോംബുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ ജെല്ലിപോലെ കൊഴുത്ത ദ്രാവകം മർദത്തോടെ പുറത്തേക്ക് വരുകയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാൽ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും. അതുകൊണ്ട് ബോംബിംഗിനിരയായവര്‍ ഒക്കെയും കത്തിയമര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാല്‍ എക്സ്പ്ലോസ്സീവ്സ് അമേരിക്ക വിയറ്റ്നാമില്‍ പ്രയോഗിച്ചു എന്നാണ് കണക്ക്. ഗറില്ലകളെ പട്ടിണിക്കിട്ട് കൊല്ലുവാനായുദ്ദേശിച്ച് അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ പാടങ്ങള്‍ ഒക്കെയും ചുട്ടെരിച്ചു. കാടുകളില്‍ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനും കൊന്നൊടുക്കാനുമായി അമേരിക്ക ഹെക്ടര്‍ കണക്കിനു വനഭൂമിയില്‍ ഏജന്റ് ഓറഞ്ച് എന്ന വിഷവസ്തു തളിക്കുകയുണ്ടായി. മരങ്ങളുടേയും കുറ്റിച്ചെടികളുടേയും ഇല പൊഴിക്കുവാനായിട്ടാണിത് തളിച്ചത്. അങ്ങിനെ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനാകും എന്ന്‍ അവര്‍ കണക്കുകൂട്ടി. ഏകദേശം 5 ലക്ഷം ഹെക്ടര്‍ വനഭൂമിയില്‍ ഈ മാരകരാസകീടനാശിനി തളിക്കപ്പെട്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും കിരാതവുമായ കെമിക്കല്‍ ആക്രമണമായിരുന്നുവത്. ഈ വിഷനാശിനി മണ്ണില്‍ കലര്‍നതുമൂലം ഭൂമി കൃഷിയോഗ്യമല്ലാതായി. വായുവും ജലവും പൂര്‍ണ്ണമായും മലിനപ്പെട്ടു. വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ച് 30 ലക്ഷത്തോളം സാധാരണക്കാരെയും സൈനികരെയുമാണ് പ്രതികൂലമായി ബാധിച്ചത്. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് മുഴുവന്‍ ശാരീരികവൈകല്യങ്ങളുണ്ടായി.  മാറാരോഗങ്ങളും കാന്‍സറും ത്വക്ക് രോങ്ങളും സര്‍വ്വസാധാരണമായി. ക്രൂരതയുടെ പര്യായപദങ്ങളായിമാറിയ സഖ്യസേന കണ്ണില്‍ക്കണ്ടവരെയൊക്കെ കൊന്നൊടുക്കി. ഗ്രാമങ്ങള്‍ ഒക്കെയും ചുട്ടെരിച്ചു. ഇപ്രകാരമുള്ള കിരാത ചെയ്തികള്‍ സൌത്ത് വിയറ്റ്നാമിലെ ജനങ്ങളെക്കൂടി സഖ്യസേനയ്ക്കെതിരാക്കിമാറ്റി.

തുടക്കം മുതലേതന്നെ തങ്ങള്‍ അനാവശ്യമായ ഒരു യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നുവെന്ന ചിന്തയുണ്ടായ അമേരിക്കന്‍ സൈനികര്‍ യുദ്ധത്തില്‍ വലിയ ആത്മാര്‍ത്ഥത ഒന്നും കാണിച്ചില്ല. വൈകാരിക മാന‍സികസമ്മര്‍ദ്ധങ്ങള്‍ക്കടിമപ്പെട്ട അവര്‍ കണ്ണില്‍ക്കണ്ടവരെയൊക്കെ കൊന്നുതള്ളിക്കൊണ്ടിരുന്നു. എന്നാല്‍ സ്വന്തം മണ്ണിനുവേണ്ടി പൊരുതുന്ന ഗറില്ലകള്‍ ആത്മാര്‍പ്പണത്തോടെയാണു പൊരുതിയത്. കമ്മ്യൂണിസ്റ്റുകളും നാട്ടുകാരും അതൊരു സ്വാതന്ത്ര്യപോരാട്ടമായാണ് വിലയിരുത്തിയത്. സഖ്യസേനയുടെ പല ചെയ്തികളും പരക്കെ വിമര്‍ശനം നേരിടുകയും മിത്രങ്ങളായിരുന്നവര്‍ പോലും അവരെ ശത്രുക്കളായി കാണുവാനും തുടങ്ങി. ഗറില്ലാസൈന്യം അത്ര സംഘടിതമല്ലായിരുന്നെങ്കിലും റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍കൊണ്ട് പ്രഗത്ഭരായ അമേരിക്കന്‍ സൈനികരോട് പോരാടി അവര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചുകൊണ്ടിരുന്നു.

ഇതിനിടയില്‍ അമേരിക്കയില്‍ തന്നെ ഈ യുദ്ധത്തിനെതിരേയും അമേരിക്കന്‍ സൈനികരുടെ ക്രൂരതകള്‍ക്കെതിരേയും വളരെവലിയ പ്രതിഷേധമുയര്‍ന്നുവരാന്‍ തുടങ്ങി. ഇതിനിടയില്‍ വിയറ്റ്നാമിന്റെ പ്രധാന ആഘോഷവങ്ങളിലൊന്നായിരുന്ന ടെറ്റ് ഉത്സവ(ചന്ദ്രോത്സവം)ദിവസം വലരെ വലിയൊരു ഗറില്ലാസൈന്യം അമേരിക്കന്‍ ക്യാമ്പുകളിലും എംബസിയിലുമുള്‍പ്പെടെ ഒരു മിന്നലാക്രമണം നടത്തി. വളരെ കനത്ത ആള്‍നാശമാണ് അമേരിക്കയ്ക്ക് ഉണ്ടായത്. ഈ സംഭവം കൂടിയായതോടെ അമേരിക്കയില്‍ ഈ യുദ്ധത്തിനെതിരേയുള്ള മുറവിളി ശക്തമായിമാറി. മാത്രമല്ല യുദ്ധമുഖത്തുനിന്നും വന്നുകൊണ്ടിരുന്ന ചില ചിത്രങ്ങള്‍ പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടതോടെ യുദ്ധവിരുദ്ധവികാരം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടലുണ്ടാവുകയും വെടിവയ്പ്പില്‍ ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടെ വിയറ്റ്നാമില്‍ നിന്നും നിരുപാധികം പിന്‍വാങ്ങാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിതീരുകയും ചെയ്തു. ലോകത്തിലെ സര്‍വ്വശക്തര്‍ എന്നഹങ്കരിച്ചിരുന്ന ഒരു സാമ്രാജ്യശക്തി ഒരു കുഞ്ഞുരാജ്യത്തോട് മുട്ടുമടക്കുകയായിരുന്നുവപ്പോള്‍.

1973 ല്‍ പാരീസില്‍ വച്ചു നടന്ന സമാധാന ചര്‍ച്ചയ്ക്ക് ശേഷം അമേരിക്കയും നോര്‍ത്ത് വിയറ്റ്നാമും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പ് വച്ചു. അതിനുശേഷവും നോര്‍ത്ത് സൌത്ത് വിയറ്റ്നാമുകള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. 1975 ല്‍ നോര്‍ത്ത് വിയറ്റ്നാം സൌത്ത് വിയറ്റ്നാമിന്റെ ക്യാപ്പിറ്റലായ സൈഗോണ്‍ പിടച്ചടക്കുകയും താമസം വിനാ ഉത്തരദക്ഷിണവിയറ്റ്നാമുകള്‍ ഏകീകരിക്കപ്പെടുകയും ചെയ്തു. അങ്ങിനെ 1959 മുതല്‍ 1975 വരെ വര്‍ഷക്കാലം നീണ്ടുനിന്ന, ഇരുഭാഗത്തുമായി ഏകദേശം 65 ലക്ഷത്തോളം മനുഷ്യര്‍ കൊന്നൊടുക്കപ്പെട്ട വിയറ്റ്നാം യുദ്ധം അവസാനിക്കപ്പെട്ടു.

ശ്രീക്കുട്ടന്‍

15 comments:

 1. വളരെ വിജ്ഞാനപ്രദമായ പോസ്റ്റ്‌. വലിയ വിശകലനങ്ങളിലേക്ക് ഒന്നും കടക്കാതെ
  ചുരുങ്ങിയ വാക്കില്‍ സാധാരണക്കാരന് മനസിലാകും വിധം കാര്യങ്ങള്‍ വ്യക്തമാക്കി.
  താങ്ക്സ് ഡാ മച്ചാനെ.

  ReplyDelete
 2. ഇതില്‍ പറയാതെ പോയ ശ്രദ്ധേയമായ ഒരു കാര്യമാണ് വിയറ്റ്‌ കോംഗ് പടയുടെ അതിജീവനത്തിന്‍റെ രഹസ്യം. മാരകമായ ആക്രമണത്തില്‍ ഇവര്‍ പിടിച്ചു നിന്നത് മണ്ണിന് താഴെ നിര്‍മിച്ച തുരംഗങ്ങളുടെയും ഭൂഗര്‍ഭഅറകളുടെയും സങ്കീര്‍ണമായ network ന്‍റെ സഹായത്തോടെ ആണ്.ഒരാള്‍ക്ക് കഷ്ടിച്ച് നൂണ്ടു പോകാന്‍ മാത്രം വലുപ്പമുള്ള ഇവയില്‍ ഏറെ നേരം തങ്ങേണ്ടിവരുമായിരുന്നു പല ഭടന്മാര്‍ക്കും. ആവശ്യത്തിന് പ്രാണവായുവോ ഭക്ഷണമോ കിട്ടാന്‍ പ്രയാസമുള്ള അത്രയും പ്രതികൂലമായ സാഹചര്യ ത്തില്‍ അവര്‍ കാണിച്ച അര്പണമനോഭാവം അഭിനന്ദനീയം തന്നെയാണ്. The Cu Chi tunnels was a systematic tunnel network created by the Viet Cong during the 1940’s when the French occupied Vietnam as a hiding place and expanded in the 1960’s when the Americans got involved for military purposes. The tunnels were dug by hand and stretched from Saigon to the border of Cambodia, a total of 250 kilometers. The tunnels and entrances were dug relatively small, made to be a maze and armed with booby traps to prevent the Americans from going in. The tunnels made it possible for the Viet Cong to accomplish their goals. It strengthened the Viet Cong and provided a safe environment for soldiers and troops when the Americans dropped bombs. The tunnels became a secure place to discuss strategies and to organize traps in the tunnels as well as in the surrounding areas.


  കൂടുതല്‍ വായനയ്ക്ക്

  1. https://sites.google.com/a/umn.edu/historpedia/home/earth-geography/the-cu-chi-tunnels-the-technology-and-the-environmental-benefits-fall-2012

  2 . https://www.google.co.in/search?q=vietcong+tunnels+effectiveness&rlz=1C2_____enIN587&biw=1366&bih=643&source=lnms&tbm=isch&sa=X&ei=D-M4Vf_HKIiMuAS13oDwCA&ved=0CAYQ_AUoAQ&dpr=1#imgrc=YUvpPkMTkTdbUM%253A%3Bu_tph3aQZHLBnM%3Bhttp%253A%252F%252Flh6.ggpht.com%252F-7D4Ux9E2k1A%252FT_5HnRkeVGI%252FAAAAAAAAaD8%252F4y72pa5Vsbw%252Fcu-chi-tunnels-20%252525255B2%252525255D.jpg%253Fimgmax%253D800%3Bhttp%253A%252F%252Fwww.amusingplanet.com%252F2012%252F07%252Funderground-tunnels-of-cu-chi-vietnam.html%3B790%3B530

  ReplyDelete
 3. even then we don't blame them.
  coz ...........................!

  ReplyDelete
 4. ഇപ്രാവശ്യം പെട്ടെന്നു നിര്‍ത്തിക്കളഞ്ഞല്ലോ

  ReplyDelete
 5. വിയറ്റ്നാം യുദ്ധത്തിന്‍റെ ഓര്‍മ്മകള്‍.........
  വളരെ നന്നായി എഴുതിയിട്ടുണ്ട്.പോസ്റ്റ് ഇഷ്ടപ്പെട്ടു.
  ആശംസകള്‍

  ReplyDelete
 6. it is not our war എന്നായിരുന്നു അമേരിക്കന്‍ പൊതുമനസ്സ് പറഞ്ഞുകൊണ്ടിരുന്നത്

  ReplyDelete
 7. വളരെ നല്ല പോസ്റ്റ്. കരഞ്ഞു കൊണ്ടടുന്ന ആ പെണ്കുട്ടി വളര്‍ന്നു വലുതായി യുദ്ധത്തിനെതിരെയുള്ള പ്രവര്‍ത്തകയായതു ടി വി യില്‍ കണ്ടതോര്‍ക്കുന്നു

  ReplyDelete
 8. വിയറ്റ്നാം ജനത ബങ്കറുകൾ നിർമ്മിക്കാൻ സിമന്റിനായി കഷ്ടപ്പെട്ടതും,ടണലുകൾ നിർമ്മിച്ച കാര്യങ്ങളുമെല്ലാം കൂട്ടിച്ചേർത്താൽ ഇതൊരു നല്ല റഫറൻസ്‌ ആകും.

  ReplyDelete
 9. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും സന്തോഷം പ്രീയരേ..

  ReplyDelete
 10. Hi Sreekuttettaa....

  നല്ലൊരു വിവരണമായിരുന്നു...ശരിക്കും നല്ലൊരു വായന സമ്മാനിച്ചു....ഇത്തരം വിവരണങ്ങള്‍ക്കു എന്നും എന്നും എന്റെ പ്രോത്സാഹനം ഉണ്ടായിരിക്കും

  ReplyDelete
 11. ലോകപോലീസുകാർ പാഠം പഠിക്കുന്നവരായിരുന്നെങ്കിൽ അവർ അന്ന് വിയറ്റ്നാമിൽനിന്ന് പഠിക്കുമായിരുന്നു. ഇനി ലോകം പാഠം പഠിക്കുന്നവരായിരുന്നെങ്കിൽ വിയറ്റ്നാമിൽ ആഭ്യന്തര കലാപത്തിന്റെ വിത്തെറിഞ്ഞ കഥയിൽനിന്ന് പാഠം പഠിക്കുമായിരുന്നു- ആരും ഒന്നും പഠിക്കാതെ തെറ്റുകൾ ആവർത്തിച്ചുകൊണ്ടിരിക്കുന്നു.....

  ReplyDelete
 12. oru yudham kanda pratheethi, very much informative

  ReplyDelete
 13. വിയ്റ്റ്നാം യുദ്ധത്തെ ആസ്പദമാക്കിയുള്ള നല്ലൊരു റഫറൻസ് കുറിപ്പ്

  ReplyDelete