Tuesday, August 18, 2015

ഓണത്തിന്റെ ഓര്‍മ്മകള്‍

ഓണം അതിന്റെ മുഴുവന്‍ വശ്യതയോടും കൂടി ഞങ്ങള്‍ ആഘോഷിച്ചിരുന്നത് ഒരു പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേയായിരുന്നു. അത്തം തുടങ്ങുന്നതിനു നാലഞ്ചുദിവസം മുന്നേ ഞാനും അനുജനും കൂടി മണ്ണു കുഴച്ച് അത്തത്തിട്ടയുണ്ടാക്കും. അനുജത്തി അല്‍പ്പം വലുതായപ്പോള്‍ അത്തമിടാന്‍ അവള്‍ കൂടി കൂടുമായിരുന്നു. ഒരു സ്റ്റാര്‍ ആകൃതിയില്‍ ആദ്യം ഉണ്ടാക്കിയിട്ട് അതിന്റെ മധ്യഭാഗത്തായി വട്ടത്തില്‍ പത്ത് തിട്ടകള്‍ ഉണ്ടാക്കും. സ്റ്റാറിനു ചിലപ്പോള്‍ 5 വാലുണ്ടാകും. ചിലപ്പോള്‍ അത് ഏഴെണ്ണമായിരിക്കും. എന്നിട്ട് അത് ചാണകം മെഴുകി വൃത്തിയാക്കും. അത്തത്തിന്റെ അന്ന്‍ ആകുമ്പോള്‍ ആ മണ്‍ തിട്ട ഒരു വിധം ഉണങ്ങിയിട്ടുണ്ടാവും. രാവിലെ തന്നെ എഴുന്നേറ്റ് അക്കരെയുള്ള രാജന്‍ മാമന്റെ വീട്ടില്‍പോയി ചാണകം എടുത്തുകൊണ്ട് വന്ന്‍ അത്തത്തിട്ട മുഴുവന്‍ മെഴുകും. പിന്നെ മുറ്റത്ത് തന്നെയുള്ള ചെമ്പരത്തിയില്‍ നിന്നും ചെമ്പരത്തിപ്പൂവ് പൊട്ടിച്ച് ഉണ്ടയുരുട്ടി സ്റ്റാറിന്റെ വാലുകളുടെ അഗ്രത്തില്‍ വച്ച ചാണകയുണ്ടകളില്‍ ആ പൂക്കള്‍ കൊരുത്തുവയ്ക്കും. തിട്ടയുടെ ഏറ്റവും മുകളിലായി ഏറ്റവും നല്ലൊരു പൂവ് ആയിരിക്കും വയ്ക്കുക. എന്നിട്ട് ആദ്യത്തെ ദിവസം അതിനു ചുറ്റും കാശിത്തുമ്പപ്പൂവ് നിരത്തിചുറ്റിവയ്ക്കും. പിന്നെ ഓരോ ദിവസവും പൂക്കള്‍ എണ്ണം കൂട്ടിക്കൊണ്ടിരിക്കും. കാശിത്തുമ്പ, തെച്ചി, പെരുമരം, തുളസിയില, ശംഖുപുഷ്പം, മൊസാന്ത, പുളിയില, റോസാപ്പൂവ്, മുല്ല, പിന്നെ വയലിന്റെ മധ്യത്തുകൂടി ഒഴുകുന്ന തോട്ടില്‍ ഒരു പൂവുണ്ട്. റോസ് കളറില്‍. അതിന്റെ പേരോര്‍മ്മയില്ല, തൊട്ടാവാടിപ്പൂവ്, ചെമ്പരത്തിപ്പൂവ്..അങ്ങിനെയങ്ങിനെ പലതും. അത്തമിട്ടു തീര്‍ന്നശേഷം എല്ലാ ദിവസവും അതാത് ദിവസത്തെ പേര് അത്തം,ചിത്തിര,ചോതി എന്നിങ്ങനെ തെച്ചിപ്പൂവ് കൊണ്ട് അത്തത്തിട്ടയ്ക്ക് മുന്നിലായി എഴുതിവയ്ക്കും. ചന്ദനത്തിരിയുണ്ടെങ്കില്‍ അതൊന്നു കത്തിച്ചും വയ്ക്കും.

തിരുവോണ ദിവസം രാവിലെ അതിഗംഭീരമായ അത്തമാണിടുന്നത്. അന്നേ ദിവസം പൂക്കള്‍‍ പൊട്ടിച്ചുകൂടാത്തതിനാല്‍ ഞങ്ങള്‍ ഉത്രാടദിവസം വിളക്കുകത്തിയ്ക്കുന്നതിനു മുന്നേ കഴിയുന്നിടത്തോളം പൂക്കള്‍‍ ഒക്കെയും ശേഖരിച്ച് ചെറിയ വാഴയിലകളില്‍ ഇട്ട് വെള്ളവും തളിച്ച് മുറ്റത്ത് അത്തത്തിട്ടയ്ക്കടുത്ത് വച്ചിരിയ്ക്കും. ചാണകവും എടുത്തുകൊണ്ട് വച്ചേക്കും. രാവിലെ തന്നെ അമ്മ വിളിച്ചുണര്‍ത്തും. പിടഞ്ഞെഴുന്നേറ്റ് വായൊന്നു കൊപ്ലിച്ചെന്ന്‍ വരുത്തി മുഖവും കഴുകിയിട്ട് അത്തമിടല്‍ ആരംഭിക്കുന്നു. അത്തം ഏറ്റവും ഭംഗിയാക്കുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. മുഴുവന്‍ പൂക്കളും കൊണ്ട് അത്തം അലങ്കരിച്ച് നാലഞ്ചു ചന്ദനത്തിരികളും കത്തിച്ചുവച്ച് ചിലപ്പോള്‍ ഒരു കുഞ്ഞു നിലവിളക്കും വയ്ക്കും. കാരണം അയല്‍ വീടുകളിലുള്ള കുട്ടികള്‍, ചിലപ്പോള്‍ മുതിര്‍ന്നവര്‍ ഒക്കെ വീടുകളില്‍ അത്തം കാണുവാന്‍ വരാറുണ്ട്.  ഞങ്ങളും പല വീടുകളിലും പോകാറുമുണ്ട്. ആ സമയങ്ങളില്‍ വീടുകളില്‍ നിന്നും എല്ലാവര്‍ക്കും അച്ചപ്പവും ആലങ്ങയും ഉണ്ണിയപ്പവും മുറുക്കും ഒക്കെ തിന്നാന്‍ കിട്ടും. അതെല്ലാം കഴിഞ്ഞിട്ടാണ് രാവിലെയുള്ള കാപ്പികുടിപോലും നടത്തുന്നത്.

ഉത്രാടദിവസം വിളക്കൊരുക്കുന്നതും ഗംഭീരമായിട്ടായിരുന്നു. തെങ്ങോലയില്‍ നിന്നും വഴുതവിരിഞ്ഞെടുത്ത് അതുപയോഗിച്ച് വളയങ്ങള്‍ ഉണ്ടാക്കും. ചിലപ്പോള്‍ അഞ്ചെണ്ണം. അല്ലെങ്കില്‍ ഏഴെണ്ണം. എന്നിട്ട് അതില്‍ നല്ല വെളുത്ത തുണി ചുറ്റിയെടുക്കും. കടയില്‍ നിന്നും മേടിച്ച പ്ലാസ്റ്റിക് പൂക്കള്‍ കൊണ്ടുള്ള മാലകള്‍ ആദ്യം ഒരു കയറില്‍ കെട്ടിയിടും. അത് വിളക്കു വയ്ക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനു മുകളിലായി ആണ് കെട്ടിയിടുന്നത്. എന്നിട്ട് ഈ വളയങ്ങള്‍ അവയില്‍ പിടിപ്പിക്കും. ഏറ്റവും മുകളില്‍ ചെറിയ വളയം അതിനുതാഴെ അല്‍പ്പം കൂടി വലുത് അങ്ങിനെ വലിപ്പമനുസരിച്ച് മുഴുവന്‍ വളയങ്ങളും പൂക്കള്‍ കൊണ്ട് ചുറ്റിയെടുത്ത് അത് വിളക്കിനു മുകളിലാക്കി റെഡിയാക്കി നിര്‍ത്തും. തൊടിയില്‍ നിന്നും മറ്റു വീടുകളില്‍ നിന്നും ശേഖരിച്ച പലയിനം പൂക്കള്‍ കൊണ്ടുള്ള മാലയും അതിനോടൊപ്പം ആ  വളയത്തില്‍ തൂക്കിയിടും. തുളസിമാലയും ഉണ്ടാകും. ഒരു നല്ല തൂശനില മുറിച്ചുകൊണ്ട് വന്ന്‍ അതില്‍ നനായി വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കും. ഒരു കിണ്ടിയില്‍ വെള്ളവും. പിന്നെ മുറുക്കാന്‍, ഒരു കരിക്ക്, അല്‍പ്പം ചന്ദനം, ഒരു പടല പാളയങ്കോടന്‍ പഴം ഒക്കെയും റെഡിയാക്കി വയ്ക്കും. രണ്ട് കവര്‍ വിളക്കുതിരിയും മൂന്നോ നാലോ കവര്‍ ചന്ദനത്തിരിയും ഉണ്ടാവും. താഴെയുള്ള ശിവന്റമ്പലത്തില്‍ വിളക്കുകൊളുത്തുന്നോ എന്ന്‍ ഇടയ്ക്കിടയ്ക്ക് നോക്കുന്ന അമ്മമ്മ സമയമാകുമ്പോള്‍ വീട്ടിലെ വിളക്കുകത്തിക്കും. നിറയെ എണ്ണയൊഴിച്ച് മൂന്നു തിരിയിട്ടാണ് വിളക്ക് കൊളുത്തുന്നത്. ദാരിദ്ര്യത്തിന്റെ മുഴുവന്‍ ഇരുട്ടിനേയും അന്നേ ദിവസം ആ പ്രകാശം പുറത്തേയ്ക്ക് പായിക്കും. ചന്ദനത്തിരികള്‍ എടുത്ത് കത്തിച്ച് പഴത്തില്‍ കൊരുത്തുവയ്ക്കും. പിറ്റേന്ന്‍ പന്ത്രണ്ട് മണിയാകാറാകുമ്പോഴാണ് ആ വിളക്ക് അണയ്ക്കുന്നത്. ഓണം പ്രമാണിച്ച് പുതിയ പുല്‍പ്പായ് വാങ്ങിയിട്ടുണ്ടാവും. ഞാനും അനുജനും കൂടി അതിലാണു കിടക്കുക. അടുത്തു തന്നെ അമ്മമ്മയും കിടക്കും. വിളക്ക് അണഞ്ഞുപോകാതിരിക്കാനായി അമ്മമ്മ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് എണ്ണയൊഴിച്ചുകൊടുക്കും.

വിളക്കെല്ലാം കത്തിച്ചു കുറച്ചു നേരം കഴിയുമ്പോള്‍ അമ്മ പലഹാരങ്ങള്‍ ഉണ്ടാക്കാനാരംഭിക്കും. വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണവയൊക്കെ. മുന്നേ മുതല്‍ തന്നെ ശേഖരിച്ചതും വിലകൊടുത്തുവാങ്ങിയതുമായ നാളികേരങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്ന്‍ ഓണക്കാലമാ​‍കാറാകുമ്പോള്‍ അവയെല്ലം പൊതിച്ച് ഉടച്ച് ഉണക്കിയെടുത്ത് മില്ലില്‍ കൊണ്ടുപോയി ആട്ടി എണ്ണയാക്കി കൊണ്ടുവന്നിട്ടുണ്ടാകും. അതുപയോഗിച്ചാണ് പലഹാരമുണ്ടാക്കല്‍. അച്ചപ്പം, ആലങ്ങ എന്നിവയാണ് മെയിന്‍ ആയി ഉണ്ടാക്കുന്നത്. ചിലപ്പോള്‍ മുറുക്കും കായവറുത്തതും ഒക്കെ ഉണ്ടാക്കും. ആലങ്ങ എന്നു പറയുന്നത് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് അരിമാവ് കട്ടിയായ് കുഴച്ച് ചെറിയ ഗോലിസോഡയുടെ വലിപ്പത്തില്‍ ഉണ്ടതട്ടി എണ്ണയില്‍ മൊരിച്ചെടുക്കുന്ന സാധനമാണ്. മൊരിയുന്നതു കൂടിപ്പോയാല്‍ കടിച്ചുപൊട്ടിച്ചു തിന്നുന്ന കാര്യം ഇച്ചിരി പാടാകും. പലഹാരമുണ്ടാക്കുമ്പോള്‍ തന്നെ ഒരിടത്ത് അച്ചാറും പച്ചടി കിച്ചടി തുടങ്ങിയ ഐറ്റങ്ങളും ഒരുക്കാന്‍ തുടങ്ങും. സാമ്പാറിന്റെ കഷണങ്ങള്‍ പകുതി പാകമാക്കി വയ്ക്കും. ബാക്കി ജോലികള്‍ പുലര്‍ച്ചെയെഴുന്നേറ്റാണ് ആരംഭിക്കുന്നത്. ഞാനും അനുജനും അമ്മമ്മയും കഴിയുന്ന സഹായമൊക്കെ ചെയ്യും. കാണം വിറ്റും ഓണം ഉണ്ണണമെന്ന ആപ്തവാക്യം നടപ്പിലാക്കുവാനുള്ള വ്യഗ്രതയാണ്.

രാവിലെ ഉറക്കമെഴുന്നേറ്റ് അത്തമിട്ട് തീര്‍ന്നശേഷം ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള പയ്യന്മാരെല്ലാവരും കൂടി ഒരു പരിപാടി ഉണ്ടാക്കും. കടുവകെട്ടല്‍.  കൂട്ടത്തില്‍ ആരെയെങ്കിലും ഒരാളെ സെലക്ട് ചെയ്ത് അവന്റെ പുറത്തുമുഴുവന്‍ വാഴക്കരിയിലകളും മറ്റും വച്ചുകെട്ടി മുഖത്ത് ഒരു മുഖം മൂടിയും ഫിറ്റ് ചെയ്യും. തലമുഴുവന്‍ മറയ്ക്കുന്ന തരത്തില്‍ ഒരു തോര്‍ത്ത് കൊണ്ട് ചുറ്റിക്കെട്ടിയിരിക്കും. കടുവയായി വേഷം കെട്ടിയ ആളാരാണെന്നറിയാതിരിക്കുവാന്‍ പരമാവധി ശ്രമിച്ച് കടുവകളി ആരംഭിക്കുകയായി. അഞ്ചെട്ടുപേരുടെ സംഘമായി ഞങ്ങള്‍ കയ്യിലുള്ള പാട്ടകളില്‍ കമ്പുകൊണ്ട് കൊട്ടി ഒച്ചയുണ്ടാക്കുകയും ആര്‍പ്പുവിളികളും കൂവലുമൊക്കെയായ് ബഹളത്തോടെ നീങ്ങുന്നു. ഒരു വീട്ടിന്റെ മുന്നില്‍ ചെന്നു കടുവ ഡാന്‍സുകളിക്കും. പുറത്തേയ്ക്ക് വരുന്ന ചെറിയ പിള്ളാരെയെല്ലാം പേടിപ്പിക്കും. ചീത്തവിളിക്കില്ല എന്നുറപ്പുള്ളവരുടെ വീട്ടുമുറ്റത്തുള്ള അത്തം ചവിട്ടിപ്പൊളിച്ച് നാശകോശമാക്കും. ഒരു നാലഞ്ചുമിനിട്ട് കലാപ്രകടനം. വീട്ടുകാര്‍ അമ്പതു പൈസയോ ഒരുരൂപയോ മറ്റോ സംഭാവനയായ് തരും. തലേദിവസം വിളക്കുകത്തിച്ചുവക്കുമ്പോള്‍ അതില്‍ അമ്പതു പൈസയോ ഒരു രൂപയോ ഇട്ടേയ്ക്കാറുണ്ട്. അതെടുത്തായിരിക്കും തരിക. അതു വായ്മൂടിക്കെട്ടിയ ഒരു മൊന്തയില്‍ ഇട്ട് വീണ്ടും ബഹളമുണ്ടാക്കി അടുത്ത വീടുകളിലേക്ക്. ഏകദേശം പത്തുമണിയൊക്കെ ആകുന്നതിനുമുന്നേ പരിപാടി നിര്‍ത്തും. എല്ലായിടത്തുനിന്നും കൂടി പിരിഞ്ഞുകിട്ടിയത് ചിലപ്പോള്‍ അമ്പതോ അറുപതോ രൂപ മാത്രമേ കാണൂ. ഗ്രാമത്തില്‍ ഉള്ള തൊണ്ണൂറ്റൊമ്പതു ശതമാനവും ഓണനാളുകളില്‍ മാത്രം സമ്പന്നരായ ദരിദ്രരാണ്. കിട്ടിയ കാശില്‍ നിന്നും കടുവയായ് വേഷം കെട്ടിയവന് കുറച്ചു കൂടുതലും കൊടുത്തു ബാക്കി എല്ലാവരും കൂടി വീതിച്ചെടുക്കും. എന്നിട്ട് വീടുകളിലേക്ക് മടങ്ങി കുളിയും നനയും പുത്തന്‍ കുപ്പായമിടലും ഒക്കെ.

കുളിച്ച് ഭംഗിയായ് ഒരുമണിയാവുന്നതിനുമുന്നേ സദ്യയുണ്ണും. അഞ്ചെട്ടുകറിയും പായസവുമൊക്കെ കാണും. അങ്ങിനെ സദ്യ കഴിക്കുന്നത് വല്ല കല്യാണത്തിനും പോകുമ്പോഴും ഇതേപോലെ ഓണം വരുമ്പോഴും മാത്രമായിരുന്നു. ഊണെല്ലാം കഴിഞ്ഞ് ഞങ്ങള്‍ അവിടെയുള്ള എല്ലാ പിള്ളാരും ചേര്‍ന്ന്‍ സെവന്റീസ് കളിയും മറ്റുമൊക്കെയായ് തകര്‍ക്കും. ആണും പെണ്ണും എല്ലാം കൂടി കുത്തിമറിഞ്ഞ്. ഊഞ്ഞാലാട്ടം, സാറ്റുകളി, സെവന്റീസ്. രണ്ടാം ഓണത്തിനു മാമന്റെ വീട്ടിലാണു ഊണ്. പതിനഞ്ചു വയസ്സൊക്കെ ആയതിനുശേഷം മാമന്റെ വീട്ടില്‍ നിന്നും ഊണുകഴിഞ്ഞിട്ട് പുതിയ സിനിമകാണാനായി പോകുമായിരുന്നു. മൂന്നുനാലു തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുന്ന പുതിയ സിനിമകള്‍ ഒന്നൊന്നായ് ഓരോ ദിവസവും കണ്ടു തീര്‍ക്കും. അന്നു ടിക്കറ്റ് ചാര്‍ജ്ജ് വളരെ വലുതല്ലാത്തതിനാലും ഇട്ടുകൂട്ടിയും മറ്റും വച്ചിരിക്കുന്ന കാശും ഓണം പ്രമാണിച്ച് അമ്മ തരുന്നതും കടുവകളിച്ചുകിട്ടുന്നതും ഒക്കെ കൊണ്ടാണ് ആ സിനിമകാണല്‍.

ഏകദേശം ഇരുപതു വയസ്സുവരെയൊക്കെ ഇതു എല്ലാ ഓണക്കാലത്തും തുടര്‍ന്നിരുന്ന ഒന്നുതന്നെയാണ്. പിന്നെ പിന്നെ പലതും ഇല്ലാതായ് തുടങ്ങി. ഇന്നു തുമ്പപ്പൂക്കള്‍ കണികാണാന്‍ കൂടിയില്ല. വയല്‍ വരമ്പിലും തോടിനുള്ളിലും വിടര്‍ന്നുനിന്നിരുന്ന ആ റോസ് നിറമുള്ള പൂക്കള്‍‍ പിടിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ അപ്രത്യക്ഷം. വയലുകളും‍ അപ്രത്യക്ഷം. ഊഞ്ഞാലുകള്‍ കെട്ടുവാന്‍ മരങ്ങളില്ല. സാറ്റുകളിക്കാനും  സെവന്റീസ് കളിക്കാനും ഒന്നും സ്ഥലമില്ല. ആള്‍ക്കാരുമില്ല. ഉത്രാടദിവസം രാത്രി പലഹാരങ്ങള്‍ ഉണ്ടാക്കലില്ല. എല്ലാം എല്ലാം നഷ്ടപ്പെടുത്തിക്കളയുകയാണ്. തിരുവോണദിവസം വീട്ടുമുറ്റത്ത് മണ്‍ തിട്ടകളാല്‍ അത്തമൊരുങ്ങുന്നില്ല. അപൂര്‍വ്വം ചില വീട്ടുമുറ്റങ്ങളില്‍ തിരുവോണദിവസം അല്‍പ്പം ചാണകം മെഴുകി പത്തിനം പൂക്കള്‍ ഇടുന്നുണ്ട്. അവയും താമസിയാതെ വംശനാശമടയും. ചില പിള്ളാര്‍ അമ്പലത്തിനു മുന്നില്‍ ഉപ്പും കളര്‍ പൊടിയും കൊണ്ട് ചില കോലങ്ങള്‍ ഒക്കെയും വരച്ചുവയ്ക്കാറുണ്ട്. അവയ്ക്കൊട്ട് ആത്മാവുമില്ല. തിരുവോണ ദിവസം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന മഹാബലി ചക്രവര്‍ത്തി അതിവേഗം ഒരു പരിഹാസകഥാപാത്രമായിക്കൊണ്ടിരിക്കുന്നു. ടെലിവിഷനുകളില്‍ നിറയുന്ന്‍ അസിനിമാതാരങ്ങളുടെ വിശേഷങ്ങളിലും പുതിയ സിനിമകളിലും മുഴുകുമ്പോള്‍ മഹാബലി വന്നാലും മൈന്‍ഡ് ചെയ്യുവാന്‍ പോലും ആര്‍ക്കും സമയമുണ്ടാകില്ല. സാര്‍വ്വ ലൊകികമായി ഒരു ജനതമുഴുവന്‍ അഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്ന കാര്‍ഷികവിളവെടുപ്പുത്സവമായ ഓണം ഇപ്പോള്‍ സവര്‍ണ ഭീകര‍ന്മാരുടെ വെറുമൊരാഘൊഷം മാത്രമാണെന്ന്‍ വരുത്തിതീര്‍ക്കുവാന്‍ പാടുപെടുന്ന വലിയൊരു വിഭാഗം പ്രജകളുടെ മുന്നില്‍ വരുവാന്‍ മടിച്ച് സര്‍വ്വ ജനങ്ങളെയും സമഭാവേന കണ്ടിരുന്ന കള്ളവും ചതിയും പൊളിവചനങ്ങളും എള്ളോളമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ അമര്‍ക്കാരന്‍ ഇന്ന്‍ പാതാളത്തിന്റെ ഇരുണ്ടഗര്‍ത്തങ്ങളില്‍ മാത്രം കഴിയുവാനാഗ്രഹിക്കുകയായിരിക്കണം.

എന്റെ മകനോടും അവന്റെ കൂട്ടുകാരൊടുമൊക്കെ ഞാന്‍ ഇങ്ങിനെയൊക്കെയാണ് നിങ്ങളുടെ പ്രായത്തില്‍ ഓണമാഘോഷിച്ചിരുന്നതെന്നെങ്ങാനും പറഞ്ഞാല്‍ അവന്‍ വായ് പൊത്തി ചിലപ്പോള്‍ പൊട്ടിച്ചിരിച്ചേക്കും..

ഓര്‍മ്മകളില്‍ നിന്നും പൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളും മാധുര്യവും കൂടിയാണ്..

(ചിത്രങ്ങള്‍ ഗൂഗിളില്‍‍ നിന്നും)
എല്ലാ പ്രീയകൂട്ടുകാര്‍ക്കും ഐശ്വര്യസമൃദ്ധമായ ഓണാശംസകള്‍ നേരുന്നു..

ശ്രീക്കുട്ടന്‍