Monday, December 19, 2016

ഓണ്‍ലൈന്‍ സാഹിത്യകാരനുമായൊരു അഭിമുഖം

"നമസ്ക്കാരം സര്‍, ഞങ്ങളുടെ ഗ്രൂപ്പിലെ ഈ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുവാന്‍ തയ്യാറായ താങ്കളോട് ഞങ്ങള്‍ അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. താങ്കള്‍ക്ക് ഗ്രൂപ്പിന്റെ പേരിലും വായനക്കാരുടെ പേരിലും ആദ്യമേ നന്ദി അറിയിക്കുന്നു. ആയിരക്കണക്കിനു വരുന്ന വായനക്കാര്‍ താങ്കളുടെ വാക്കുകള്‍ക്ക് ചെവിയോര്‍ത്ത് അക്ഷമരായി കാത്തിരിക്കുന്നുമുണ്ട്. അവരെയാരെയും താങ്കള്‍ നിരാശരാക്കില്ല എന്ന്‍ പ്രതീക്ഷിക്കട്ടെ"

"തീര്‍ച്ചയായും. ഞാന്‍ ഒരിക്കലും ഒരഹങ്കാരിയല്ല. എല്ലാവരേയും സ്നേഹത്തോടെ കാണുവാന്‍,സംസാരിക്കുവാന്‍, അടുത്തറിയുവാന്‍ ആഗ്രഹിക്കുന്ന ഒരാളാണ്. ഒരു തുറന്ന പുസ്തകമാണ് ഞാന്‍. ഞാന്‍ വലിയവാനാണെന്ന്‍ ഒരിക്കലും കരുതുന്നില്ല. ബാക്കിയെല്ലാവരും ചെറിയവരാണെന്നും.​‍"

"താങ്കള്‍ എങ്ങിനെയാണ് എഴുത്തിന്റെ ലോകത്ത് എത്തപ്പെട്ടത്. പ്രത്യേകിച്ചും ഓണ്‍ ലൈന്‍ സാഹിത്യമേഖലയില്‍?"

"അതിനെക്കുറിച്ച് പറയുവാണെങ്കില്‍ വളരെപ്പറയാനുണ്ട്. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ തന്നെ പുസ്തകങ്ങളോടും കഥകളോടും എല്ലാം വളരെയേറേ താല്‍പ്പര്യപ്പെട്ടിരുന്നു. അച്ഛന്‍ എനിക്ക് മിഠായികള്‍ക്കുപകരം ബാലരമയും ബാലമംഗളവും പൂമ്പാറ്റയുമൊക്കെ വാങ്ങിക്കൊണ്ട് തരും. കുട്ടൂസനും ഡാകിനിയും ഡിങ്കനും മായാവീം. ഹൊ എന്നാ രസമായിരുന്നു അന്നൊക്കെ. ഒറ്റയിരുപ്പിനു ആ കഥകളൊക്കെ വായിച്ച് രസിച്ചിരുന്ന ഞാന്‍ അതിന്റെ അടുത്ത ലക്കത്തിനായി കാത്തിരിക്കുമായിരുന്നു. സമയത്ത് അവ കിട്ടിയില്ലെങ്കില്‍ നെഞ്ചത്തടിച്ചു നിലവിളിക്കുമായിരുന്നെന്ന്‍ അമ്മയും മറ്റും ഇപ്പോഴും പറയാറുണ്ട്. വലുതാകുമ്പോള്‍ ആള്‍ക്കാരെ പിടിച്ചിരുത്തുന്ന ആകാംഷാഭരിതരാക്കുന്ന കഥകളും മറ്റുമൊക്കെയെഴുതണമെന്ന്‍ കുട്ടിയിലേ ഞാന്‍ തീരുമാനിച്ചിരുന്നു. വലുതായപ്പോള്‍ ഞാന്‍ എഴുതിതുടങ്ങി. നിരവധി കഥകളും ലേഖനങ്ങളും കവിതകളും ഞാനെഴുതി. അതും നൂറുകണക്കിനു. ഞാനവയെല്ലാം പല പല പത്രമാപ്പീസുകളിലയച്ച് കാത്തിരുന്നു. പക്ഷേ ഒന്നും അച്ചടിച്ചു വന്നില്ല. അല്ലെങ്കിലും മൂല്യമുള്ളത് ഒന്നും അവര്‍ക്ക് പറഞ്ഞിട്ടില്ലല്ലോ. അങ്ങിനെ ഭഗ്നാശനായിക്കഴിയവേയാണ് ഒരു സുഹൃത്ത് ഫേസ് ബുക്കിനെക്കുറിച്ചും ബ്ലോഗിനെക്കുറിച്ചും ഒക്കെ എന്നോട് പറയുന്നത്. തപ്പിപ്പിടിച്ച് എത്തിയപ്പോള്‍ സംഗതി ശരിയാണ്. എന്നെപ്പോലെ എത്രയെത്ര എഴുത്തുകാര്‍. പിന്നീട് എനിക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇപ്പോള്‍ ആയിരക്കണക്കിനാരാധകരും ദിനേന നൂറുകണക്കിനു മെയിലുകളും കമന്റുകളും ലൈക്കുകളും ഷെയറുകളും. ഹൊ നിന്നു തിരിയാന്‍ സമയമില്ല"

"ഏതുതരം എഴുത്തുകളാണു താങ്കള്‍ എഴുതുന്നത്?"

"കഥകളുടെ മേഖലയിലാണു എന്റെ സംഭാവന കൂടുതലുമുള്ളത്. പിന്നെ ഹൃദയം ദ്രവീകരിക്കപ്പെടുന്ന കവിതകളും"

"കഥകളെക്കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് എന്താണു. അതേ പോലെ തന്നെ കവിതകളും?"

"കഥകള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതാവണം. വായിച്ചാല്‍ എളുപ്പം മനസ്സിലാകുന്നതാകണം. കഥാപാത്രങ്ങള്‍ നമ്മെ സങ്കടപ്പെടുത്തണം. വായനക്കാരന്‍ വായിച്ചുകഴിഞ്ഞ് കണ്ണീര്‍വാര്‍ക്കുകയോ പൊട്ടിച്ചിരിക്കുകയോ നെടുവീര്‍പ്പിടുകയോ ചെയ്യുമ്പോള്‍ മാത്രമാണ് ആ കഥ നല്ല കഥയാവുന്നതാണെന്നാണ് എന്റെ അഭിപ്രായം. ഞാനെഴുതിയ പല കഥകളും പിന്നീട് വായിച്ച് ഞാന്‍ തന്നെ മനസ്സറിയാതെ പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്. എത്ര രസകരമായ കഥകളാണവ. അപ്പോള്‍ ഞാന്‍ എഴുത്തുകാരനല്ല മറിച്ചൊരു വായനക്കാരനാണു. അതൊന്നും വായിച്ച് നല്ല അഭിപ്രായം പറയാന്‍ കഴിയാത്തവര്‍ കൂപമണ്ഡൂകങ്ങള്‍ മാത്രമാണ്. അവര്‍ക്കൊന്നും ജീവിതത്തില്‍ ഒരു നല്ല കഥ ആസ്വദിക്കാനും കഴിയില്ല. കവിതകള്‍ പ്രസിവിച്ചു വീണ കുഞ്ഞുങ്ങലെപ്പോലാണ്. നോക്കി നോക്കി കൊതിയൂറണം. കവിതകള്‍ ഒറ്റവായനയില്‍ വായനക്കാരനു പിടികൊടുക്കരുത്. എന്താണു എഴുതിയിരിക്കുന്നതെന്ന്‍ ആലോചിച്ചു വായനക്കാരന്‍ നക്ഷത്രമെണ്ണണം. അപ്പോഴേ കവിത ഹിറ്റാവൂ"

"അപ്രകാരം വന്‍ ഹിറ്റായ കവിതകള്‍ ഏതെങ്കിലും"?

"കുറച്ചു ദിവസങ്ങള്‍ക്ക് മുന്നേ ഞാന്‍ ഒരു പ്രശസ്ത ഗ്രൂപ്പില്‍ ഏകപട എന്ന പേരില്‍  ഒരു കവിതയെഴുതി. അവിടെ കുത്തിട്ടിട്ടില്ല, മറ്റേടത്ത് വള്ളിയിട്ടിട്ടില്ല എന്നൊക്കെ പറഞ്ഞു വിമര്‍ശിക്കാന്‍ വരുന്ന വിമര്‍ശകന്മാരൊക്കെ ആ കവിതയ്ക്ക് കണ്ടെത്തിയ അര്‍ത്ഥങ്ങള്‍. ഗര്‍ഭഗൃഹത്തിലേയ്ക് ഊളിയിട്ട വെള്ളിപ്പാത്രമെന്നൊക്കെ ചിലര്‍ വച്ചുകീറുന്നുണ്ടായിരുന്നു. അല്‍പ്പം കള്ളടിച്ചു കിക്കായപ്പൊള്‍ ഒരു സ്റ്റീല്‍ മൊന്ത പടിക്കെട്ടില്‍ മറിഞ്ഞുവീണത് കണ്ട് എന്തോ അന്തോം കുന്തോമില്ലാതെ നാലു വരി തട്ടിക്കൂട്ടിയതായിരുന്നു അത്. ഭാഗ്യത്തിനു ആരാധകന്മാരെല്ലാം കൂടി അതങ്ങ് ഹിറ്റാക്കിത്തന്നു"

"താങ്കള്‍ പൊതുവേ മറ്റുള്ളവരെ ആക്ഷേപിച്ചു സംസാരിക്കാറുണ്ട് എന്നൊരു പറച്ചില്‍ പലയിടത്തുനിന്നും കേട്ടിട്ടുണ്ട്. എന്തെങ്കിലും വാസ്തവമുണ്ടോ അതില്‍?"

"ഏതു നാറിയാണതു പറഞ്ഞത്. എനിക്കൊരുത്തന്റേയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നെ അറിയുന്ന പതിനായിരക്കണക്കിനു വായനക്കാരുണ്ട്. അവരാണെന്റെ ശക്തി"

"താങ്കളുടെ അഭിപ്രായത്തില്‍ ഏറ്റവും മികച്ച ഗ്രൂപ്പേതാണ്. ഇന്നുള്ളതില്‍ വച്ച് ഏറ്റവും മികച്ച എഴുത്തുകാരന്‍ ആരാണ്?"

"ഇത്തരം ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എല്ലാവരും കരുതും തങ്ങളുടേതാണ് മികച്ച ഗ്രൂപ്പെന്ന്‍. എല്ലാ ഗ്രൂപ്പിലും ഒരേ ആള്‍ക്കാര്‍ തന്നെ. പരസ്പ്പരം തച്ചിനിരുന്ന്‍ സുഖിപ്പിക്കുക. അങ്ങയുടെ കരസ്പര്‍ശത്താല്‍ എന്റെ രചന ധന്യമായി, താങ്കളുടെ പാദാരവിന്ദങ്ങളില്‍ ഞാനൊന്നു ചുംബിച്ചോട്ടെ എന്നൊക്കെ വച്ചുകീറി സ്വയം തൃപ്തിയടയുന്ന ആള്‍ക്കാര്‍. എഴുത്തുകളില്‍ വല്ല ചുക്കോ ചുണ്ണാമ്പോ ഉണ്ടെങ്കിലും വേണ്ടൂല.  സത്യത്തില്‍ ഞാന്‍ ഇതെ പോലുള്ള ഒരു പോസ്റ്റുപോലും ഇന്നേവരെ മുഴുവനായിട്ടും വായിച്ചിട്ടില്ല. ചവറുകള്‍"

"പല പോസ്റ്റിലും താങ്കള്‍ അതിഗംഭീരമായിരിക്കുന്നു, മന‍സ്സിനെ പിടിച്ചുകുലുക്കി എന്നൊക്കെ കമ്ന്റിട്ടതായി കണ്ടിട്ടുണ്ട്. പോസ്റ്റ് മുഴുവന്‍ വായിച്ചു നോക്കാതെ എങ്ങിനെ...?"

"ഹ..ഹാ..ഗുഡ് ക്വസ്റ്റ്യന്‍. ഇതു പുറത്തുവിട്ടാല്‍ കഥ കഴിയും. എന്നിരുന്നാലും ചോദിച്ചതുകൊണ്ട് പറയാം. ചെലവമ്മാരെഴുതിവച്ചിരിക്കുന്നത് വായിച്ചാ പെറ്റ തള്ള സഹിക്കൂല്ല. ഇനിയത് വായിച്ചേച്ച് പൊളിയെന്നെങ്ങാനുമൊരു കമന്റെഴുതിയാപ്പിന്നെ അവനെന്റെ പോസ്റ്റിലോട്ട് തിരിഞ്ഞു നോക്കുമോ. അങ്ങോട്ട് കൊടുത്താലല്ലേ ഇങ്ങോട്ടും കിട്ടൂ. അപ്പോള്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ നടത്തിയേ മതിയാവൂ. ഇത് ചുമ്മാ നമ്മള്‍ എന്റെ മനസ്സു നിറഞ്ഞു, അതിഗംഭീരമായിരിക്കുന്നു, സൂപ്പര്‍ എന്നൊക്കെ ചില റെഡിമെയ്ഡ് സാധനങ്ങള്‍ ഒണ്ടാക്കി സേവു ചെയ്തു വച്ചിട്ടൊണ്ട്. ജസ്റ്റ് കോപ്പി പേസ്റ്റ്. അത്ര തന്നെ. പക്ഷേ ഒരു കാര്യമുള്ളതെന്താണെന്നു വച്ചാല്‍ പോസ്റ്റിന്റെ ആദ്യത്തെ ഒരു പാരയെങ്കിലും മിനിമം വായിച്ചുനോക്കണം. ചെലപ്പം വല്ല ചരമമറിയിപ്പുമാണ് പോസ്റ്റിലെങ്കില്‍ ഊ....പോകുകയേയുള്ളൂ"

"പുലികളായിട്ടുള്ളവര്‍ പുതുമുഖങ്ങളെ ഒരു വിധത്തിലും സഹായിക്കുന്നില്ല എന്നൊരാരോപണം നിലവിലുണ്ടല്ലോ. അതിനെക്കുറിച്ചെന്താണു പറയാനുള്ളത്?"

"എന്റെ പൊന്നു ചങ്ങാതീ. എന്തു പുലികള്‍. എന്തുപുതുമുഖം. പോസ്റ്റുകള്‍ എഴുതിതുടങ്ങുന്ന സമയം എല്ലാപേരും പുതുമുഖങ്ങളല്ലായിരുന്നോ. കൊറച്ചു നാളുകഴിഞ്ഞപ്പം അവരെങ്ങിനെ പുലികളായി. ഞാന്‍ എഴുതിതുടങ്ങീട്ട് മൂന്നുകൊല്ലമായി. അങ്ങിനെയാണെങ്കില്‍ ഞാന്‍ ഇപ്പോഴൊരു പുള്ളിപ്പുലിയെങ്കിലുമാവണ്ടേ. ചിലര്‍ സൂപ്പര്‍സ്റ്റാറുകളെപ്പോലെ ഫാന്‍സുകളെയുണ്ടാക്കിവച്ചിട്ടുണ്ട്. അവര് ഇന്നു ചെലപ്പം പുലീന്നും രണ്ടുദിവസം കഴിഞ്ഞ് കഴുതപ്പുലീന്നും ഒക്കെ വിളിക്കും. നമ്മളിതെത്ര കേട്ടതാ. എല്ലാവരോടും ഒരു സാ മട്ടില്‍ നിന്നാല്‍ ഇവിടെ ജീവിച്ചു പോവാം. ഇല്ലെങ്കി നാറ്റി നാമാവശേഷമാക്കിക്കളയും."

"എഴുതുവാന്‍ ഏറ്റവും എളുപ്പം എന്താണ്? കഥകളാണോ കവിതകളാണോ അതോ ലേഖനങ്ങളോ?"

"ഏതു സാധനമെഴുതണമെങ്കിലും പാട് തന്നെ. കഥയാണെങ്കില്‍ വായിച്ച് നൂറുനൂറു കുറ്റം പറയാന്‍ ആള്‍ക്കാരുണ്ടാവും. കവിതയാണെങ്കിലോ നമ്മള്‍ സ്വപ്നം പോലും കാണാത്ത അര്‍ഥവിന്യാസങ്ങളുമായി ആള്‍ക്കാരെത്തും. ലേഖനമെഴുതണമെങ്കില്‍ തലക്കകത്ത് അല്‍പ്പം ആളുതാമസവും വേണം. എല്ലാപേരേയും തൃപ്തിപ്പെടുത്തുക എന്നത് അസാധ്യമാണ്. പിന്നെയൊരു സൂത്രപ്പണിയുള്ളത് മിടുക്കമ്മാരെഴുതിവച്ചിരിക്കുന്നതിന്റെ അവിടേം ഇവിടേം നിന്നൊക്കെ ചുരണ്ടി ഒരു ആധുനികനെ സൃഷ്ടിക്കുക. വായിക്കുന്നവന്‍ വട്ടാകുന്നിടത്താണ് ഒരു രചയിതാവിന്റെ മിടുക്ക് പ്രകടമാകേണ്ടത്. ആ രചന വായിച്ച് ആര്‍ക്കും ഒന്നും മനസ്സിലായില്ലെങ്കില്‍ ഉറപ്പിക്കാം അത് സൂപ്പര്‍ഹിറ്റായിരിക്കുമെന്ന്‍. വായിച്ചത് മനസ്സിലായില്ല എന്നു തുറന്നുപറയുവാന്‍ എല്ലാവരും മടിയ്ക്കും. അപ്പോള്‍ എന്തോചെയ്യും. ഘടാഘടിയന്‍ അഭിപ്രായങ്ങള്‍ നിറയും. മുമ്പേ ഗമിക്കുന്നവരുടെ പുറകേ പിമ്പേ വരുന്നവരും ഗമിക്കും എന്ന സാമാന്യതത്വമനുസരിച്ച് ഒരു ഹിറ്റ് രചനയുമുണ്ടാവും"

"നല്ല ബുദ്ധിജീവികളായ ആള്‍ക്കാര്‍ പല രചനകളിലും അഭിപ്രായങ്ങള്‍ പറയുകയും അവയില്‍ പലതും വിവാദങ്ങളാകുകയും ചെയ്യുന്നതിനെ എങ്ങിനെകാണുന്നു?"

"ഊശാന്താടിയും വളര്‍ത്തി കഴുകാത്ത കുപ്പായോമിട്ട് ഒരു നാറികീറിയ സഞ്ചിയും തൂക്കി ചുമ്മാ എവിടേം കേറി എന്തും അഭിപ്രായിക്കുന്ന കുറച്ച് സാഹിത്യവിശാരധമ്മാര്‍ എക്കാലത്തും ഉണ്ട്. അവരൊക്കെ എങ്ങിനെ ബുദ്ധിജീവികളാകുന്നെവെന്ന്‍ എനിക്കറിയില്ല. ഒരു വസ്തുവും നേരേചൊവ്വേ എഴുതാന്‍ പോയിട്ട് നല്ലൊരഭിപ്രായം പോലും പറയാനറിയാത്ത ചിലവമ്മാര്‍ ചുമ്മാ ഏതിലും കേറി എന്തേലുമൊക്കെ തട്ടിവിടും. അവമ്മാരു പറഞ്ഞതെന്താണെന്ന്‍ അവമ്മാരോട് ആരെങ്കിലും തിരിച്ചു ചോദിച്ചാല്‍ കൈ മലര്‍ത്തിക്കാട്ടും. ഏതിനേം കുറ്റം പറയും. നല്ലതെന്നു പറഞ്ഞാല്‍ കുറച്ചിലാണെന്നു വിശ്വസിക്കുന്ന, പെണ്ണുങ്ങളുടെ ഫോട്ടോയോ പേരോ മറ്റോ വച്ച് എന്തേലും പൊട്ടത്തരങ്ങള്‍ എഴുതിവിട്ടാ അത് ലോക ക്ലാസ്സിക്കെന്ന്‍ തട്ടിവിടുന്ന സിമ്പ്ലക്കുട്ടമ്മാരും തൈക്കിളവമ്മാരും. പോകാന്‍ പറ ഈ അഭിനവബുദ്ധിജീവി ജന്തുക്കളോട്"

"താങ്കളുടെ ഏറ്റവും ജനപ്രീതിനേടിയ കൃതി ഏതായിരുന്നു"

"ഞാനെഴുതിയ പത്തുനൂറ്റിനാല്‍പ്പത് കഥകളില്‍ മിക്കതും അങ്ങേയറ്റം നിരൂപകപ്രശംസ പിടിച്ചുപറ്റിയതായിരുന്നു. ചില കഥകള്‍ വായിച്ചിട്ട് എന്റെ ഫോണ്‍ നമ്പര്‍ തപ്പിപ്പിടിച്ച് ചിലരെന്നെ വിളിച്ചിട്ടുണ്ട്. ഹോ ഓര്‍ക്കുമ്പോള്‍ തന്നെ. ദേ കൈ കണ്ടോ. രോമാഞ്ചമുണ്ടാകുന്നത്. തീവ്രവാദിയുടെ വാതരോഗം എന്ന എന്റെ കഥ എത്രപേര്‍ ഫോര്‍വേഡ് ചെയ്തിട്ടുണ്ടെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.അതേപോലെതന്നെ ആലീസിന്റെ ആട്ടിന്‍‍ കുട്ടി, മലഞ്ചെരുവിലെ കൊന്നത്തെങ്ങ്. പറയുവാനാണെങ്കില്‍ ഏറെയുണ്ട്"

"താങ്കള്‍ക്ക് ഏതെങ്കിലും അവാര്‍ഡോ മറ്റോ കിട്ടിയിട്ടുണ്ടോ"

"ഏറ്റവും മികച്ച എഴുത്തുകാരനുള്ള കുഴിയില്‍ പാറുവമ്മയുടെ പേരിലുള്ള അവാര്‍ഡ് എനിക്കല്ലായിരുന്നോ. അതേപോലെ തന്നെ മാണിക്കപ്പഞ്ചായത്തു വകയായുള്ള സാംസ്ക്കാരികനായക പദവി, കേരള സാഹിത്യവിശാരദ അവാര്‍ഡ്. പറയാനാണെങ്കില്‍ ഒരുപാടുണ്ടെന്നേ. സത്യം പറഞ്ഞാല്‍ ഞാനിപ്പോള്‍ അവാര്‍ഡുകള്‍ എന്നു കേട്ടാലേ വെറുത്തുതുടങ്ങിയിരിക്കുന്നു. വീട്ടിലെ ഷോക്കേസിലാണെങ്കില്‍ സ്ഥലവും തീര്‍ന്നിരിക്കുന്നു. സത്യത്തില്‍ അവാര്‍ഡിന്റെ തിളക്കത്തിലൊന്നും ഞാന്‍ മയങ്ങാറില്ല. എന്നാല്‍ അര്‍ഹതപ്പെട്ടവനു തരുമ്പോള്‍ വാങ്ങാതിരിക്കുന്നതെങ്ങിനെയെന്നോര്‍ത്ത് മാത്രം വാങ്ങുന്നതാണവയൊക്കെ"

"താങ്കള്‍ എഴുതാനാഗ്രഹിക്കുന്ന ഒരു കഥ അല്ലെങ്കില്‍ താങ്കളുടെ മനസ്സിലുള്ള ഒരു പുരാണകഥാപാത്രം. അതിനെക്കുറിച്ചു രണ്ടു വാക്ക്"

"മഹാഭാരതം ഒന്നുടച്ചുവാര്‍ക്കണമെന്നാണെന്റെ ആഗ്രഹം. ദുശ്ശാസനനെ ഒരു പ്രത്യേക രീതിയില്‍ അവതരിപ്പിക്കുകയാണെന്റെ വല്യ ആഗ്രഹം. ഉടനേയതു നടക്കും"

"ഇത്രയും നേരം ഞങ്ങളോടൊപ്പമിരുന്ന്‍ ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയ താങ്കള്‍ക്ക് നന്ദി അറിയിച്ചുകൊള്ളുന്നു. ഒപ്പം തന്നെ അവസാനമായി താങ്കള്‍ക്കെന്താണു വായനക്കാരൊടായി പറയാനുള്ളത്"

"എല്ലാപേരും സ്വന്തമായി വല്ലോമെഴുതുവാന്‍ നോക്കുക. പരസ്പരം പാരവയ്ക്കേം ചെളിവാരിയെറിയുകയും ചെയ്യാതിരിക്കുക. നല്ല നല്ല കഥകളേം കവിതകളേം പ്രോത്സാഹിപ്പിക്കുക. എന്റെ കഥകള്‍ പരമാവധി വായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക. ഇത്രയൊക്കെത്തന്നെ പറയാനുള്ളത്.

എല്ലാവര്‍ക്കും എന്റെ നന്ദി നമസ്ക്കാരം..."

ശ്രീക്കുട്ടന്‍

Saturday, October 29, 2016

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍


മലയാള സിനിമ കൈകാര്യം ചെയ്ത അനവധിയനവധി കഥകളില്‍ വിഷയങ്ങളില്‍ വൈവിധ്യമാര്‍ന്ന പല പല ഏടുകളുമുണ്ടായിരുന്നെങ്കിലും നൂറില്‍ തൊണ്ണൂറ്റൊമ്പതിലും പ്രകടമായി നിലനിന്നിരുന്ന ഒരു വസ്തുതയുണ്ടായിരുന്നു. അത് നായികാവേഷങ്ങള്‍ കയ്യാളിയിരുന്നവര്‍ക്ക് നിര്‍ബന്ധിതമായി പതിച്ചുനല്‍കിയിരുന്ന കന്യകാത്വസര്‍ട്ടിഫിക്കറ്റായിരുന്നു. നായകന്‍ എത്രതന്നെ അസാന്മാര്‍ഗ്ഗിയും താന്തോന്നിയും കള്ളനും കൊള്ളക്കാരനും കൂട്ടിക്കൊടുപ്പുകാരനും ഒക്കെയുമായിരുന്നാലും അവനു നായികയായി വരുന്നവള്‍ 916 പരിശുദ്ധിയുള്ളവളായിരിക്കണമെന്നമൊരു സിദ്ധാന്തം വച്ചുപുലര്‍ത്തിയിരുന്ന ഭൂമികയായിരുന്നു മലയാല സിനിമാമേഖല. സത്യത്തില്‍ ആ ഒരു ചിന്താഗതി അന്നും ഇന്നും നമ്മുടെ സമൂഹത്തിനുമുന്നില്‍ കീറാമുട്ടിയായ് നില്‍ക്കുന്ന ഒരു അടിസ്ഥാനവസ്തുത തന്നെയാണ്. പെണ്ണു പിഴച്ചുപോയാല്‍ പിന്നെ..എന്നുള്ള ഒരു ചൊല്ലുപോലും അര്‍ത്ഥമാക്കുന്നത് അതുതന്നെയാണ്. ആ ഒരൊറ്റ കാര്യത്തിന്റെ പുറത്ത് നടക്കുന്ന വാദപ്രതിവാദങ്ങളും കോലാഹലങ്ങളും അക്രമങ്ങളും സമരങ്ങളും പരിഷ്കൃതരെന്ന്‍ മേനി നടിയ്ക്കുന്ന ഒരു ജനതയെ പലപ്പോഴും പകലിന്റെ വെളിച്ചത്തില്‍ അപഹാസ്യരാക്കി  നിര്‍ത്തുന്നു എന്നത് സത്യമായ ഒരു കാര്യമാണ്. ബഹുഭൂരിപക്ഷവും ഇപ്പോഴും സ്ത്രീയുടെ വിശുദ്ധി ര്‍ന്നതു കന്യകാത്വമാണെന്നും ആ കന്യകാത്വം സംരക്ഷിച്ചുനിര്‍ത്തി അവളെ പരിശുദ്ധയായ് തന്നെ ഏറ്റുകൊള്ളാനും വെമ്പല്‍ കൊള്ളുന്നു. സ്ത്രീകള്‍ക്ക് നല്‍കാവുന്ന ഏറ്റവും കൊടിയ ശിക്ഷ ബലാത്സംഘമാണെന്ന്‍ ബഹുഭൂരിപക്ഷം ക്രിമിനലുകളും ചിന്തിക്കുന്നതും സമൂഹത്തിന്റെ സ്ത്രീയുടെ കന്യകാത്വബോധവേവലാതിപ്പെടലുകളുടെ ചുവടുപിടിച്ചുതന്നെയാണ്.

ഒരു തൊണ്ണൂറുകാലഘട്ടം വരെയൊക്കെ ഇത്തരം ഒരു വിഷയത്തില്‍ കടുത്ത യാഥാസ്ഥിതിക ബോധം വച്ചുപുലര്‍ത്തിയിരുന്ന മലയാളിമനസ്സുകളുടെ മുന്നിലേക്ക് പാരമ്പര്യകന്യകാത്വ വാദത്തിന്റെ മുഖത്ത് ഒന്നു കാറിത്തുപ്പിക്കൊണ്ട് ഒരു പൊളിച്ചെഴുത്തുനടത്തി സാക്ഷാല്‍ പദ്മരാജന്‍ ആണൊരുവനെ അവതരിപ്പിച്ചു. സിനിമ എന്നത് വളരെ വലിയ സ്വാധീനം മനുഷ്യമനസ്സുകളില്‍ സൃഷ്ടിക്കുന്ന ഒരു മാധ്യമമെന്ന നിലയ്ക്ക് പദ്മരാജന്‍ സൃഷ്ടിച്ച സോളമന്‍ എന്ന കഥാപാത്രം ശരിക്കും വിസ്മയിപ്പിക്കുന്ന ഒന്നുതന്നെയാണ്. നായകനുള്ള പെണ്ണ്‍ എപ്പോഴും പരിശുദ്ധയായിരിക്കണമെന്ന കന്യകാവാദത്തെ പൊളിച്ചെഴുതിക്കൊണ്ടാണ് രണ്ടാനച്ഛനാല്‍ ബലാത്സംഗത്തിനിരയാക്കപ്പെട്ട നായികയെ സ്വന്തം ജീവിതത്തിലേക്ക് സോളമന്‍ കൈ പിടിച്ചു കയറ്റിയത്.

പാരമ്പര്യസ്വത്തായിക്കിട്ടിയ മുന്തിരിത്തോട്ടത്തില്‍ കൃഷിയും മറ്റുമൊക്കെയായി കഴിയുന്ന സോളമന്‍ ഇടയ്ക്കിടയ്ക്ക് മാത്രമാണ് അമ്മയായ റീത്തയുടെ അടുത്തേയ്ക്ക് വരുന്നത്. സോളമന്റെ അമ്മയ്ക്കൊപ്പം കസിനായ ആന്റണിയും താമസിക്കുന്നുണ്ട്. ഒരു രാത്രി ടാങ്കര്‍ ലോറിയോടിച്ച് വീട്ടിലേയ്ക്ക് വരുന്ന സോളമന്‍ പിറ്റേന്ന്‍ അവിചാരിതമായി സോഫിയെ കാണുന്നു. സോളമന്റെ വീട്ട്ന്റെ തൊട്ടടുത്ത് താമസിക്കാന്‍ വന്ന റെയില്‍വേ ജീവനക്കാരനായ പോള്‍ പൈലോക്കാരന്റെ മകളായിരുന്നു സോഫി. ആദ്യകാഴ്ചയില്‍ തന്നെ സോളമന്‍ സോഫിയില്‍ അനുരക്തനാകുന്നു. സാധാരണഗതിയില്‍ വന്ന്‍ തൊട്ടടുത്ത ദിവസം തന്നെ മടങ്ങുന്ന സോളമന്‍ ഇക്കുറി ആ പതിവ് തെറ്റിക്കുന്നു. അവന്റെ ശ്രദ്ധ സോഫിയില്‍ കൂടുതല്‍ പതിയാനാരംഭിച്ചു. മദ്യപാനിയും വഴക്കാളിയുമായ പൈലോക്കാരന്റെ രീതികള്‍ സോളമനിലും അസഹ്യത സൃഷ്ടിക്കുന്നു. താന്‍ പൈലോക്കാരന്റെ യഥാര്‍ത്ഥ മകളല്ലെന്നും തന്റെ അമ്മയെ രണ്ടാമതു വിവാഹം കഴിച്ചതാണയാളെന്നും അതിലുള്ളതാണ് അനുജത്തിയായ എലിസബത്തെന്നും സോഫി സോളമനെ അറിയിക്കുന്നു. പൈലോക്കാരന് സോഫിയോടുള്ള പെരുമാറ്റവും രീതിയും ഒരു മകളോടെന്നതുപോലെയല്ല എന്ന് വസ്തുത സോളമനു പിടികിട്ടുന്നു.


തനിക്ക് സോഫിയെ ഇഷ്ടമാണെന്നും അവളെ വിവാഹം കഴിക്കണമെന്നും സോളമന്‍ അമ്മയോടാവശ്യപ്പെട്ടപ്പോള്‍  ആദ്യമവര്‍ അതിനെ എതിര്‍ക്കുകയും പിന്നീട് സമ്മതിക്കുകയും ചെയ്തു. ഈ വാര്‍ത്ത സോഫിയേയും അവളുടേ അമ്മയേയും സന്തോഷിപ്പിച്ചെങ്കിലും പൈലോക്കാരന്‍ അതിനെ എതിര്‍ക്കുകയാണുണ്ടായത്. അയാളുടെ ആഗ്രഹം മറ്റൊന്നായിരുന്നു. തന്റെ സമ്മതമില്ലാതെ സോഫിയെ സോളമനു കൊടുക്കും എന്നു മനസ്സിലാക്കിയ പൈലോക്കാരന്‍ വീട്ടില്‍ ആരുമില്ലാതിരുന്ന തക്കം നോക്കി സോഫിയെ മാനഭംഗപ്പെടുത്തുന്നു. പള്ളിയില്‍ പോയി കെട്ടൊക്കെയുറപ്പിച്ചുവന്ന സോളമന്റെ അമ്മയും മറ്റും കാണുന്നത് കളങ്കിതയായ സോഫിയെയാണ്. കളങ്കിതയായ ഒരു പെണ്ണിനെ തന്റെ മകനെക്കൊണ്ട് കല്യാണം കഴിപ്പിക്കുവാന്‍ സോളമന്റെ അമ്മ തയ്യാറായില്ല. അവിടെനിന്നും പോയ സോളമന്‍ രാത്രി തന്റെ ടാങ്കര്‍ ലോറിയുമായി വരികയും പൈലോക്കാരനെ ശരിക്കുമൊന്ന്‍ പെരുമാറിയിട്ട് സോഫിയേയും കൂട്ടി വണ്ടിയോടിച്ചു പോകുകയും ചെയ്യുന്നതോടെ സിനിമയവസാനിക്കുന്നു.

എപ്പോഴും സാധാരണക്കാരായ ആളുകളുടെ ജീവിതം അതിമനോഹരമായ് വരച്ചുവയ്ക്കുവാന്‍ പത്മരാജന്‍ എന്ന സംവിധായകന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളും അത്തരം മനോഹരമായ ജീവിതങ്ങളുടെ വര്‍ണ്ണക്കൂട്ടുകള്‍ നിറഞ്ഞതു തന്നെയായിരുന്നു. സോളമനും സോഫിയും പ്രേക്ഷകഹൃദയങ്ങളിലേക്ക് നടന്നുകയറുക തന്നെയായിരുന്നു. കൃസ്ത്യന്‍ പശ്ചാത്തലവും ഉത്തമഗീതങ്ങളിലെ അതിസുന്ദരമായ പ്രണയഭാഷണങ്ങളും കൊതിപ്പിക്കുന്ന പാട്ടുകളും ഒക്കെയും ഈ ചിത്രത്തിന്റെ മുഖമുദ്രകളായിരുന്നു. അതിരാവിലെ ഉണര്‍ന്നെഴുന്നേറ്റ് നമുക്ക് മുന്തിരിപ്പാടങ്ങളിലേയ്ക്ക് പോകാം എന്നു തുടങ്ങുന്ന സോളമന്റെ ഉത്തമഗീതങ്ങളിലെ വാചകം എത്രയോ പേരാണ് നെഞ്ചേറ്റിയത്.

സ്നേഹിച്ചിരുന്ന പെണ്ണിനെ മറ്റൊരുവന്‍ കെട്ടിക്കൊണ്ട് പോയി പത്തിരുപത് കൊല്ലം കഴിഞ്ഞാലും ആ നായിക കന്യകയായി നിലകൊള്ളുകയും ശേഷം നായകന്‍ വന്ന്‍ അവളെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്യുന്ന ഇന്ദ്രജാലം ( മലയാളസിനിമയിലെ ഏറ്റവും നിര്‍ഭാഗ്യവാന്മാരായ പുരുഷകഥാപാത്രങ്ങള്‍ ഇപ്രകാരമുള്ള നായികമാരെ വിവാഹം കഴിക്കുന്ന കഥാപാത്രങ്ങളാണ്. ഒന്നുകില്‍ താലികെട്ട് കഴിഞ്ഞ് വീട്ടിലേയ്ക്ക് വരുമ്പോള്‍ ആരെങ്കിലും തല്ലിക്കൊല്ലാറാക്കുകയോ ശരീരം തളര്‍ത്തുകയോ ചെയ്യും, അലെങ്കില്‍ വല്ല വാഹനാപകടത്തിലും ആശാനെ അങ്ങ് കിടപ്പിലാക്കും അതുമല്ലെങ്കില്‍ ആദ്യാരാത്രി തുടങ്ങുന്നതിനു സെക്കന്‍ഡുകള്‍ക്ക് മുന്നേ പോലീസ് വന്ന്‍ പൊക്കിക്കൊണ്ടുപോകും. സ്വാഭാവികമായും നായിക സര്‍വ്വ വിശുദ്ധിയോടും കൂടി കാത്തുകെട്ടി നില്‍ക്കും) നിലനിന്നിരുന്ന, മാറ്റമൊന്നുമില്ലാതെ ഇപ്പോഴും തുടരുന്ന മലയാളസിനിമയില്‍ മാനഭംഗത്തിനിരയായ നായികയെ പുല്ലുപോലെ വിളിച്ചിറക്കിക്കൊണ്ട് പോയി ഒരു പുതു ജീവിതം തുടങ്ങാനാരംഭിക്കുന്ന സോളമനെ ഇഷ്ടപ്പെടാതിരിക്കുവാന്‍ ആര്‍ക്കാണു കഴിയുക. മലയാള സിനിമകണ്ട ഏറ്റവും പുരുഷത്വമുള്ള കഥാപാത്രങ്ങളിലൊന്നാണ് സോളമന്‍. അന്നേവരെയുണ്ടായിരുന്ന നായകാസങ്കല്‍പ്പങ്ങളെ ആകെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രം. ഇത്തരം ഒരു വിസ്മയ പാത്രസൃഷ്ടി നടത്തിയ പത്മരാജനെന്ന ആ പ്രതിഭയെ ആര്‍ക്കാണ് ഒന്നു നമിക്കാതിരിക്കാനാവുക.

എടുത്തുപറയേണ്ട മറ്റൊരു കഥാപാത്രം തിലകന്‍ അനശ്വരമാക്കിയ പോള്‍ പൈലോക്കാരന്‍ എന്ന രണ്ടാനച്ഛന്‍ തന്നെയാണ്. തന്റെ രക്തത്തില്‍ പിറന്നവളല്ലാത്തതുകൊണ്ട് തന്നെ മകളായി കാണേണ്ടവളെ സ്ത്രീയായി കാണുകയും തന്റെ കാമപൂരണത്തിനായി അവളെ ഉപയോഗിക്കുകയും ചെയ്യുന്നത് ആല്‍ക്കാരില്‍ ഉണ്ടാക്കിയ വെറുപ്പ് വളരെ വലുതായിരുന്നു. കഥാപാത്രത്തെ ആള്‍ക്കാര്‍ ഏറ്റവും ഇഷ്ടപ്പെടുകയും ഏറ്റവും വെറുക്കുകയും ചെയ്യുന്നത് ആ കഥാപാത്രം ആവിധം ഭംഗിയായ് പ്രേക്ഷകരിലെത്തിക്കുവാന്‍ ആ വേഷം കയ്യാളിയ അഭിനേതാവിനു കഴിയുമ്പോഴാണ്. ഈ ചിത്രം കണ്ടുകഴിയുമ്പോള്‍ സോളമനോട് ആരാധനയും പൈലോക്കാരനോട് വെറുപ്പും തോന്നുക സ്വാഭാവികം മാത്രം.

കെ കെ സുധാകരന്‍ രചിച്ച നമുക്ക് നഗരങ്ങളില്‍ ചെന്ന്‍ രാപ്പാര്‍ക്കാം എന്ന നോവലിനെ അധികരിച്ച് ശ്രീ പത്മരാജന്‍  തിരക്കഥയെഴുതി സംവിധാനം ചെയ്ത് ഈ ചിത്രം 1986 ലാണ് റിലീസായത്. ഇതിലെ ഗാനങ്ങള്‍ രചിച്ചത് ഓ എന്‍ വി കുറുപ്പും സംഗീതം നല്‍കിയത് ജോണ്‍സണ്‍ മാഷുമായിരുന്നു. പവിഴം പോല്‍ പവിഴാധരം പോള്‍, ആകാശമാകെ കണിമലര്‍ എന്നീ ഗാനങ്ങള്‍ വളരെ ശ്രദ്ധനേടിയവയാണ്. മാത്രമല്ല ഈ ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും അതിസുന്ദരമായിരുന്നു.

മലയാള നായകസങ്കല്‍പ്പങ്ങളുടെ മുഖഭാവം തന്നെ മാറ്റിയ സോളമനും അതിന്റെ സൃഷ്ടാവായ പത്മരാജനും കാലാതിവര്‍ത്തികളായ് നിലകൊള്ളും

ഈ ചിത്രത്തിന്റെ യൂട്യൂബ് ലിങ്ക് താഴെ ചേര്‍ക്കുന്നുന്നു..

https://www.youtube.com/watch?v=GG7yDRnVc3c

ശ്രീക്കുട്ടന്‍


Saturday, August 13, 2016

ശീതയുദ്ധം - ഭാഗം 2

ചൈനീസ് സിവില്‍ വാര്‍

രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നതിനുമുന്നേ തന്നെ ചൈന രൂക്ഷമായൊരു ആഭ്യന്തരയുദ്ധവക്കിലായിരുന്നു. മാവോ സേതുങ്ങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് ചേരിയും ചിയാന്‍ കൈഷക്കിന്റെ നേതൃത്വത്തിലുള്ള കുമിന്താങ്ങുകളും തമ്മിലായിരുന്നു ഈ അസ്വാരസ്യം. ഭരണപക്ഷമായിരുന്ന കുമിന്താങ്ങുകള്‍ക്കെതിരേ പൊരുതിയ കമ്മ്യൂണിസ്റ്റുകാരെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള റഷ്യ അകമഴിഞ്ഞ് സഹായിച്ചുകൊണ്ടിരുന്നു. എന്നാല്‍ ജപ്പാന്‍ ചൈനയില്‍ അധിനിവേശം നടത്തിയപ്പോള്‍ പരസ്പ്പരമുള്ള പോരുമതിയാക്കി കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും ഒറ്റക്കെട്ടായി ജപ്പാനെ നേരിട്ടു. യുദ്ധമുഖത്ത് പലപ്പോഴും കമ്മ്യൂണിസ്റ്റുകള്‍ വീരോചിത പ്രകടനങ്ങളാണ് പുറത്തെടുത്തത്. പല നിര്‍ണ്ണായകഘട്ടങ്ങളിലും ചനയിലെ പല നഗരങ്ങളും കൈവിട്ടുകൊണ്ട് രക്ഷപ്പെട്ടുപോയ കുമിന്താങ്ങുകളെ അപെക്ഷിച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കുള്ള ജന പിന്തുണയും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. റഷ്യയുടെ സഹായം കൂടി ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റുകള്‍ ഉജ്ജ്വലമായി പോരാടിക്കൊണ്ടിരുന്നു. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റുകളും കുമിന്താങ്ങുകളും തമ്മിലുള്ള സംഘര്‍ഷം വീണ്ടും മൂര്‍ച്ഛിച്ചു. ജപ്പാ​‍ന്‍ കയ്യേറിയ ചൈനയുടെ വലിയൊരു പ്രദേശം അവരില്‍ നിന്നും പിടിച്ചെടുത്ത റഷ്യ ആ പ്രദേശങ്ങളുടെ നിയന്ത്രണം മാവോക്കും കൂട്ടര്‍ക്കുമാണു കൈമാറിയത്. അതോടെ കൂടുതല്‍ ശക്തരായ കമ്മ്യൂണിസ്റ്റുകള്‍ കുമിന്താങ്ങുകള്‍ക്കെതിരേ പോരാട്ടം രൂക്ഷമാക്കി. റഷ്യ ധാരാളം ആയുധങ്ങളും കൂടി നല്‍കിയത് അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. നാലുവര്‍ഷത്തോളം തുടര്‍ന്ന ആഭ്യന്തരയുദ്ധങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ ചിയാങ്ങ് കൈഷക്ക് തായ്‌വാനിലേക്ക് പലായനം ചെയ്യുകയും മാവോയുടെ നേതൃത്വത്തില്‍ 1949 ഒക്റ്റോബര്‍ 1 നു ചൈന പീപ്പില്‍സ് റിപ്പബ്ലിക് ഓഫ് ചൈനയായി ഡിക്ലെയര്‍ ചെയ്യപ്പെടുകയും കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള ഗവണ്മെന്റ് നിലവില്‍ വരികയും ചെയ്തു.

കമ്മ്യൂണിസം ചൈനയില്‍ വളരാതിരിക്കുവാനായി വളരെ വലിയ ആളും അര്‍ത്ഥവും മുടക്കിക്കൊണ്ടിരുന്ന അമേരിക്കയ്ക്ക് ഇത് ഒരു കനത്ത അടിയായിരുന്നു. കമ്മ്യൂണിസ്റ്റ് ചൈനയെ അംഗീകരിക്കുവാന്‍ തയ്യാറാകാതിരുന്ന അമേരിക്ക ചിയാംഗ് കൈഷക്ക് രാഷ്ട്രീയാഭയം തേടിയ തായ്‌വാനാണ് യഥാര്‍ത്ഥ ചൈന എന്ന വാദമുന്നയിച്ചു. മാത്രമല്ല കമ്മ്യൂണിസ്റ്റ് ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുകയും ചെയ്തു. എന്നാല്‍ ഐക്യരാഷ്ടസഭാംഗത്വം നേടിയെടുത്ത ചൈനയ്ക്ക് തങ്ങളാണ് യഥാര്‍ത്ഥ ചൈന എന്നുറപ്പിക്കുവാന്‍ പിന്നേയും ഇരുപത്തിമൂന്നോളം വര്‍ഷങ്ങള്‍ കാക്കേണ്ടിവന്നു.

കൊറിയന്‍ യുദ്ധം

മുപ്പത്തഞ്ച് വര്‍ഷം നീണ്ടുനിന്ന ജപ്പാന്റെ കോളനിവാഴ്ച കൊറിയയില്‍ അവസാനിച്ചത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തോടെയായിരുന്നു. 1910ല്‍ കൊറിയന്‍ പെനിന്‍സുലയിലേക്ക് അതിക്രമിച്ചുകടന്ന ഇമ്പീരയല്‍ ജപ്പാന്‍ കൊറിയയെ കീഴടക്കി. കൊറിയയുടെ തനിമയും സംസ്ക്കാരവും ഒക്കെ തച്ചുതകര്‍ത്ത് ജപ്പാന്റെ വെറുമൊരു കോളനിയായി കൊറിയയെ അധപതിപ്പിച്ച അധിനിവേശത്തിനു അറുതിയായത് 1945ല്‍ അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തോടെയാണ്. ജപ്പാന്റെ പരാജയ വാര്‍ത്ത പുറത്തുവന്ന സമയമായപ്പോഴേയ്ക്കും യു എസ് എസ് ആര്‍ കൊറിയയുടെ നല്ലൊരു ഭാഗം പ്രദേശവും ജപ്പാന്റെ കയ്യില്‍ നിന്നും മോചിപ്പിച്ചിരുന്നു. ഈ അവസരത്തില്‍ അമേരിക്കക്ക് കൊറിയയില്‍ ഒരു ബേസ് ഇല്ലായിരുന്നു. യു എസ് എസ് ആര്‍ അധീനതയിലായ കൊറിയന്‍ പ്രദേശങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിത്ത് വിതയ്ക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ അമേരിക്ക സ്വാഭാവികമെന്നൊണം കൊറിയയിലെക്ക് തങ്ങളുടെ ശ്രദ്ധ പതിപ്പിച്ചു. ഇത് ഒരു യു എസ് യു എസ് എസ് ആര്‍ അസ്വാരസ്യത്തിലേക്ക് വഴിമാറാന്‍ ആരംഭിച്ചു. റഷ്യന്‍ ചേരി മുഴുവന്‍ കൊറിയയയേയും വിഴുങ്ങാതിരിക്കുവാനായി അമേരിക്ക കൊറിയയെ വിഭജിച്ച് രണ്ട് ഭാഗമാക്കി ഒരു ഭാഗം റഷ്യയും മറുഭാഗം അമേരിക്കയും നിയന്ത്രിക്കാമെന്ന ഉപാധി മുന്നോട്ട് വച്ചു. യു എസ് ആര്‍മി കേണല്‍മാരായിരുന്ന ചാള്‍സ് ബോണ്‍സ്റ്റീലും ഡീന്‍ റെസ്ക്കും കൂടി അവിഭക്ത കൊറിയക്കു മേല്‍ ഒരു ഡിവൈഡിംഗ് ലൈന്‍ സൃഷ്ടിച്ചെടുത്തു. 38th പാരലല്‍ രേഖയായിരുന്നു കൊറിയന്‍ വിഭജനത്തിനുള്ള രേഖയായി അവര്‍ ഉപയോഗിച്ചത്. ഈ വിഭജനം യു എസ് എസ് ആര്‍ അംഗീകരിച്ചു. അങ്ങിനെ  സൌത്ത് കൊറിയ, നോര്‍ത്ത് കൊറിയ എന്നിങ്ങനെ രണ്ടായി കൊറിയ വിഭജിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയുടെ നിയന്ത്രണാധികാരം റഷ്യക്കും സൌത്ത് കൊറിയ അമേരിക്കന്‍ നിയന്ത്രണത്തിലുമായി തീര്‍ന്നു.  1946 മേയില്‍ ഇരുഭാഗത്തുനിന്നുമുള്ളവര്‍ക്ക് പെര്‍മിഷനില്ലാതെ ഈ നിയന്ത്രണരേഖ മുറിച്ചു കടക്കുന്നതിനു നിരോധനവുമുണ്ടായി.

റഷ്യന്‍, അമേരിക്കന്‍ ചേരികളിലുള്ള ഇരു കൊറിയകളിലും നിലവില്‍ വന്ന ഭരണങ്ങള്‍ യഥാക്രമം കമ്മ്യൂണിസ്റ്റ്, മുതലാളിത്ത രീതികളിലായിരുന്നു. ഇരുവരും തമ്മിലുഌഅ കിടമത്സരങ്ങളാല്‍ വലഞ്ഞതാവട്ടെ കൊറിയന്‍ ജനങ്ങളും. ഈ ചേരിപ്പൊരുകള്‍ക്കിടയില്‍ 1947 ല്‍ ഇരു കൊറിയകളിലുമായി ജനാധിപത്യന്‍ രീതിയിലുള്ള ഒരു ഭരണ സംവിധാനം നിലവില്‍ വരുത്തുന്നതിനായി ഐക്യരാഷ്ട്ര സഭ മുന്‍ കൈ എടുത്ത് ഒരു ഇലക്ഷന്‍ നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ സോവിയറ്റ് അധീനതയിലുള്ള നോര്‍ത്തില്‍ ഈ ഇലക്ഷന്‍ നടത്തുന്നത് തടയപ്പെട്ടു. സൌത്തിന്റേയും സ്ഥിതി മെച്ചമായിരുന്നില്ല. ഇരു കൊറിയകളുടെയും നേതാക്കള്‍ ഇനി ഒരു ഏകീകൃത കൊറിയ ഉണ്ടാവുക എന്ന കാര്യം അസംഭവ്യം ആണെന്നു തന്നെ വിചാരിച്ചു. ഒരു ഏകീകൃത കൊറിയ ഉണ്ടാകുന്നതില്‍ ഇരു ചേരിക്കും താല്‍പ്പര്യവുമില്ലായിരുന്നു. യു എന്റെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷം കഴിഞ്ഞപ്പൊള്‍ സോവിയറ്റ് അമേരിക്കന്‍ സേനകള്‍ കൊറിയയില്‍ നിന്നും പിന്മാറി.

കമ്മ്യൂണിസ്റ്റ് അധീനതയിലുള്ള വടക്കന്‍ കൊറിയ താമസിയാതെ തെക്കന്‍ കൊറിയയെക്കൂടി കീഴ്പ്പെടുത്താനുള്ള ശ്രമങ്ങളാരംഭിച്ചു. ഇരു കൊറിയകളും ഒന്നായി ഒരു കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലവില്‍ വരണമെന്ന്‍ അവര്‍ ആഗ്രഹിച്ചു. ചൈനീസ് ആഭ്യന്തരയുദ്ധകാലഘട്ടത്തില്‍ ഇവര്‍ കമ്മ്യൂണിസ്റ്റുകളെ സഹായിച്ചതുകൊണ്ട് തന്നെ ഈ ശ്രമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് ചൈനയുടെ പൂര്‍ണ്ണ പിന്തുണയുമുണ്ടായിരുന്നു. 1950 ജൂണ്‍ 25 നു നോര്‍ത്ത് കൊറിയ പൊടുന്നനവേ സൌത്ത് കൊറിയയെ ആക്രമിച്ചു. ശീതയുദ്ധഫലമായുണ്ടായ ആദ്യ മിലിട്ടറി ഇന്‍വേഷനായിരുന്നു ഇത്. വളരെ അപ്രതീക്ഷിതമായൊരു ആക്രമണമായിരുന്നതിനാല്‍ സൌത്ത് കൊറിയ ശരിക്കും പതറിപ്പോയി. ഏകദേശം മൂന്നുനാലുമാസം കൊണ്ട് സൌത്ത് കൊറിയ ഏകദേശം മുഴുവനായും തന്നെ നോര്‍ത്തിന്റെ കൈവശമായ അവസ്ഥയുണ്ടായി. ഈ സമയം അമേരിക്കയുടെ ഇടപെടല്‍ മൂലം 15 ഓളം രാജ്യങ്ങളുടെ ട്രൂപ്പുമായി ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സേന സൌത്ത് കൊറിയയെ സഹായിക്കുവാനായെത്തി. ഇതോടെ നോര്‍ത്ത് കൊറിയയുടെ കഷ്ടകാലമാരംഭിച്ചു. വളരെ പരിചയസമ്പന്നരായ അമേരിക്കന്‍, ബ്രിട്ടന്‍ പൈലറ്റുമാരുടേയും കമാന്‍ഡര്‍മാരുടേയും നേതൃത്വത്തിലുള്ള സൈന്യത്തോട് എതിരിട്ടു നില്‍ക്കാന്‍ കഴിയാതെ നോര്‍ത്ത് കൊറിയന്‍ സൈന്യം പിന്തിരിഞ്ഞോടാന്‍ ആരംഭിച്ചു. അധികം താമസിയാതെ തന്നെ നോര്‍ത്ത് കൊറിയ പിടിച്ചടക്കിയ മുഴുവന്‍ പ്രദേശങ്ങളും മോചിപ്പിക്കപ്പെട്ടു. നോര്‍ത്ത് കൊറിയയില്‍ ആക്രമിച്ചുമുന്നേറിയപ്പോള്‍ അമേരിക്ക പതിയെ ചൈനീസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ കൂടി ആക്രമണമഴിച്ചുവിട്ടു. ചൈനയെ യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതിനു തുല്യമായി അത്. തുടര്‍ന്ന്‍ മൂന്നുകൊല്ലാത്തൊളമാണ് ഈ അനാവശ്യയുദ്ധം നീണ്ടുനിന്നത്. 38th പാരലലിന് അപ്പുറവുമിപ്പുറവുമായി തുടര്‍ന്ന ഈ യുദ്ധം 1953 ജൂലൈ മാസത്തില്‍ അവസാനിക്കുമ്പോഴേക്കും ഇരു ഭാഗത്തുമായി പട്ടാളക്കാരും സിവിലയന്മാരുമായി ഏകദേശം 5 മില്യണോളം ആള്‍ക്കാരുടെ ജീവന്‍ നഷ്ടമായിക്കഴിഞ്ഞിരുന്നു.

കൊറിയന്‍ യുദ്ധത്തിന്റെ ഗതിവിഗതികളില്‍ അതൊരു മൂന്നാം ലോകമഹായുദ്ധമായി പടര്‍ന്നുപിടിക്കാനുള്ള സകല സാധ്യതകളുമുണ്ടായിരുന്നു. അമേരിക്കന്‍ ചേരിക്കെതിരേ ചൈന, റഷ്യ തുടങ്ങിയവര്‍ വന്നപ്പോള്‍ കൊറിയന്‍ യുദ്ധത്തിന്റെ സ്പെയിസ് വലുതാവുകയായിരുന്നു. ഈ യുദ്ധത്തില്‍ അണുബോംബ് പ്രയോഗിക്കുവാണുള്ള സാധ്യത വളരെക്കൂടുതലായിരുന്നു. അമേരിക്കയോടൊപ്പം തന്നെ റഷ്യയും ഒരു ആണവശക്തിയായി മാറിക്കഴിഞ്ഞീരുന്നതിനാല്‍ അതൊരു ആഗോള നൂക്ലിയര്‍ വാറില്‍ കലാശിക്കുകയും സര്‍വ്വനാശമാണതുകൊണ്ടുണ്ടാവുകയും ചെയ്യുമെന്ന്‍ മനസ്സിലായതും കൊണ്ടാവാം ഇരു രാജ്യങ്ങളും ആ കഠിനകാര്യം ചെയ്യാതിരുന്നത്. ഈ യുദ്ധം മൂലം കൊറിയയുടെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പൂര്‍ണ്‍നമായും തകര്‍ന്നു. ഗറില്ലായുദ്ധമുറകളും കാര്‍പ്പറ്റ് ബോംബിംഗും ഒക്കെക്കൊണ്‍റ്റാണ് മരണസംഖ്യ ക്രമാതീതമായി ഉയര്‍ന്നത്. എന്തായാലും കൊറിയകള്‍ വിഘടിച്ചുതന്നെ ഇപ്പോഴും നിലകൊള്ളുന്നു. അമേരിക്കന്‍ ചേരിയിലുള്ള സൌത്ത് കൊറിയ വ്യാവസായികമായും വാണിജ്യപരമായും വളരെ വലിയ പുരോഗതിനേടി മുന്നേറിയപ്പോള്‍ കമ്മ്യൂണിസ്റ്റ് നിയന്ത്രണത്തിലുള്ള നോര്‍ത്ത് കൊറിയ ഇന്ന്‍  കടുത്ത മനുഷ്യാവകാശധ്വംസനങ്ങള്‍ നടമാടുന്ന ഒരു ഏകാധിപത്യരാഷ്ട്രമായി നിലകൊള്ളുന്നു.


തുടരും

ശ്രീക്കുട്ടന്‍

Sunday, July 24, 2016

പൊഴിയാതെ നിന്നൊരില

ഓ ഹെന്‍ട്രിയുടെ ദ ലാസ്റ്റ് ലീഫ് എന്ന ചെറുകഥ വായിച്ചപ്പോള്‍ അത് ഒന്നു സ്വന്തം ഭാഷയിലാക്കിയാലോ എന്ന ചിന്ത. പിന്നെ സമയം കളഞ്ഞില്ല. ഫസ്റ്റ് ടൈം ആണ് ഇപ്രകാരമൊരു സാഹസം. ഇതൊരു പദാനുപദ പരിഭാഷയൊന്നുമല്ല. ആ മനോഹരകഥയെ എന്റെ ഭാഷയില്‍ അക്ഷരങ്ങളാക്കി ഒന്നു നിരത്തുന്നു എന്നുമാത്രം.

ഒറിജിനല്‍ കഥയുടെ ലിങ്ക്

കോഫീഷോപ്പിലെ ഒഴിഞ്ഞ കസേരകളിലൊന്നിലിരുന്ന്‍ ചൂടു കോഫി മൊത്തിക്കുടിക്കുമ്പോഴും ജോണ്‍സിയുടെ മനസ്സില്‍  നിറഞ്ഞുനിന്നിരുന്നത് പതിനഞ്ചോളം കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ബേ ഓഫ് നേപില്‍സ് എന്ന സ്വപ്നഭൂമികയായിരുന്നു. പോംപിയും ഹെര്‍ക്കുലേനിയവും മെഡിറ്ററേനിയനിലേക്ക് വാതില്‍ തുറക്കപ്പെടുന്ന നേപ്പില്‍സും റോമാസാമ്രാജ്യത്തിന്റെ മനോഹര തിരുശേഷിപ്പുകളും തന്റെ ചായക്കൂട്ടുകളില്‍ പുനര്‍ജ്ജനിച്ച് മറ്റുള്ളവര്‍ക്ക് കാഴ്ചോത്സവം ഒരുക്കുന്ന വേളയെ സ്വപ്നം കണ്ടിട്ടെന്നപോലെ അവള്‍ ഒന്നുറക്കെച്ചിരിച്ചു. ഒപ്പം മേശപ്പുറത്തിരുന്ന തന്റെ ചായക്കൂട്ടുകളുടെ ബാഗിനെ അരുമയായി തഴുകുകയും ചെയ്തു.

"എന്താ ചങ്ങാതീ സ്വപ്നം വല്ലതും കണ്ടോ? മനോഹരമായ ചിരിയാണല്ലോ?"

എതിര്‍സീറ്റില്‍ വന്നിരുന്ന യുവതിയുടെ ചോദ്യം കേട്ടാണ് ജോണ്‍സി ചിന്തകളില്‍ നിന്നുണര്‍ന്നത്. കാറ്റത്ത് പാറിപ്പറക്കുന്ന മുടിയിഴകള്‍ ഒരു കൈകൊണ്ട് മാടിയിതുക്കിയിട്ട് ജോണ്‍സി ചോദ്യഭാവേന അപരിചിതയെ നോക്കി.


"ഞാന്‍ സൂ. സ്റ്റേറ്റ് ഓഫ് മെയിനില്‍ നിന്നാണ്. ചില മാഗസിനുകളില്‍ അല്ലറചില്ലറ വരയും മറ്റുമൊക്കെയായി കഴിയുന്നു. ചിത്രം വരയുണ്ടല്ലേ?. ഏതോ ഗംഭീരമായ വരയെക്കുറിച്ച് ആലോചിച്ചിരുന്നല്ലേ ചിരിച്ചത്?"

തന്നെ പരിചയപ്പെടുത്തിയിട്ട് കയ്യിലിരുന്ന കോഫിക്കപ്പ് മേശമേല്‍ വച്ച് സൂ മുന്നോട്ടാഞ്ഞിരുന്നു.

"അതേ ചങ്ങാതീ. ബേ ഓഫ് നേപ്പില്‍സ് എന്നെ കൊതിപ്പിച്ചുതുടങ്ങിയിട്ട് നാളുകളെത്രയായെന്നോ. ഒരു ദിവസം ഞാനവളെ എന്റെ ചായക്കൂട്ടുകളില്‍ തളയ്ക്കും. ബൈ ദി ബൈ ഞാന്‍ ജോവന്ന. ജോണ്‍സി എന്നാണ് അടുപ്പമുള്ളവര്‍ വിളിക്കുക".

ജോന്‍സി സൂ നീട്ടിയ  കരം കവര്‍ന്നുകൊണ്ട് പറഞ്ഞു.

അല്പനേരത്തെ സംസാരം കൊണ്ടു ജോണ്‍സിയും സൂവും അടുത്ത ചങ്ങാതിമാരായിത്തീര്‍ന്നു. കൂടുതല്‍ അടുത്തറിഞ്ഞതോടെ  തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഐക്യമുണ്ടെന്ന്‍ മനസ്സിലാക്കിയ അവര്‍ ഗ്രീന്‍വിച്ച് വില്ലേജിലുള്ള ഒരു ബിള്‍ഡിംഗിന്റെ മുകളിലുള്ള സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറ്റി. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഒരു പഴഞ്ചന്‍ രീതിയിലുള്ള അപ്പാര്‍ട്ട്മെന്റായിരുന്നത്. തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പരസ്പ്പരം പങ്കുവച്ച് വരയും കളിയും ചിരിയുമായി അവര്‍ നാളുകള്‍ നീക്കി.

ഡിസംബര്‍ മാസമായപ്പോള്‍ ന്യൂയോര്‍ക്കിനെ അതിശൈത്യം പിടികൂടി. കനത്ത മഴയും മഞ്ഞുവീഴ്ചയും ജനജീവിതം തികച്ചും ദുസ്സഹമാക്കി. ഒപ്പം ന്യുമോണിയ രോഗവും പടര്‍ന്നുപിടിക്കാനാരംഭിച്ചു. നിരവധിപേര്‍ ന്യൂമോണിയ മൂലം മരണമടഞ്ഞു. രണ്ടുമൂന്നുദിവസത്തിനുള്ളില്‍ ന്യൂമോണിയയുടെ ഇരയായി ജോണ്‍സിയും മാറി. കിടപ്പിലായ ജോണ്‍സിയുടെ ആരോഗ്യനില ഓരോദിവസം കഴിയുന്തോറും വഷളായിക്കൊണ്ടിരുന്നു. അവളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കുപോലും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങള്‍  ചെയ്ത് ജോണ്‍സിയുടെ മാനസിക നില ഉഷാറാക്കിയാലേ എന്തെങ്കിലും പ്രയോജനമുള്ളൂ എന്ന്‍ ഡോക്ടര്‍ സൂവിനെ അറിയിച്ചു.ജോണ്‍സിയുടെ ഏറ്റവും വലിയ സന്തോഷം ചിത്രങ്ങളായതുകൊണ്ടുതന്നെ അവളെ സന്തോഷിപ്പിക്കുന്ന ഏതെങ്കിലും ചിത്രം വരച്ച് സമ്മാനിക്കാമെന്നു കരുതി തന്റെ ഡ്രായിംഗ്ബോര്‍ഡും കളര്‍പെന്‍സിലുകളുമായി സൂ ജോണ്‍സിയുടെ മുറിയിലേക്ക് ചെന്നു. അവള്‍ ചെന്ന സമയത്ത് ജോണ്‍സി കിടക്കയില്‍ കിടന്നുകൊണ്ട് ജനാലയുടെ നേരേ നോക്കി എന്തോ പിറുപിറുത്തുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ എന്താണ് പറയുന്നതെന്നറിയുവാന്‍ സൂ കാതുകൂര്‍പ്പിച്ചു.

"പന്ത്രണ്ട്....., പതിനൊന്ന്‍,...... പത്ത്..." ഒച്ചതാഴ്ത്തി ജോണ്‍സി  എണ്ണുകയാണ്.

"ഹൊ!  ആറെണ്ണമായി. എത്ര വേഗമാണവ കൊഴിയുന്നത്?"

ജോണ്‍സിയുടെ വര്‍ത്തമാനം കേട്ട് എന്താണവള്‍ എണ്ണിക്കൊണ്ടിരിക്കുന്നതെന്ന്‍ മനസിലാകാതെ അല്‍പ്പ സമയം അവളെത്തന്നെ നോക്കിനിന്നിട്ട് സൂ മുന്നോട്ട് ചെന്ന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. എതിര്‍ വശത്തുള്ള ഇഷ്ടികകൊണ്ട് കെട്ടിപ്പൊക്കിയ വീടിന്റെ പൊളിഞ്ഞുതുടങ്ങിയ ചുമരും അതില്‍ പടര്‍ന്നു നില്‍ക്കുന്ന ഒരു വള്ളിച്ചെടിയും മാത്രമാണവള്‍ക്ക് കാണാന്‍ കഴിഞ്ഞത്. മറ്റുകാഴ്ചകളെ മറച്ചുകൊണ്ട്  നില്‍‍ക്കുകയാണ് ആ ചുമര്‍. ചുമരില്‍ പടര്‍ന്നു നില്‍ക്കുന്ന ആ വള്ളിച്ചെടിയുടെ ഇലകള്‍ ഒട്ടുമിക്കതും വാടിവീണുകഴിഞ്ഞിരുന്നു. ബാക്കിയുള്ളവയാകട്ടേ വിളറി മഞ്ഞനിറം പൂണ്ടും നില്‍ക്കുന്നു. താമസിയാതെ ആ ഇലകളും പൊഴിഞ്ഞ് വള്ളിച്ചെടിയുടെ കഥ കഴിയുമെന്നാണ് തോന്നുന്നത്

" നീ എന്താ ജോണ്‍സീ എണ്ണിക്കൊണ്ടിരിക്കുന്നത്?"

ജനാലയ്ക്കരികില്‍ നിന്നും മടങ്ങിവന്ന്‍ അവളുടെ കട്ടിലിന്റെ തലയ്ക്കലായിരുന്നിട്ട് സൂ ജോണ്‍സിയെ അരുമയായി ഒന്നു തലോടി.

"ഞാനാ ഇലകള്‍ എണ്ണുകയായിരുന്നു സൂ. നിനക്കറിയുമോ രണ്ടുമൂന്നുദിവസം മുന്നേ അതില്‍ നിറയെ ഇലകളുണ്ടായിരുന്നു . നൂറെണ്ണത്തില്‍ കൂടുതലെങ്കിലും വരും. പക്ഷേ ഇപ്പോളതില്‍ ആകെയുള്ളത് വെറും ആറെണ്ണം മാത്രം. ദേ ഒന്നുകൂടി പൊഴിഞ്ഞിരിക്കുന്നു. അധികം താമസിയാതെ തന്നെ അതിലെ അവശേഷിക്കുന്ന ഇലകള്‍ കൂടി അടര്‍ന്നുവീഴും. ആ പൊഴിയുന്ന ഇലകള്‍ എന്റെ ജീവിതത്തിലെ മണിക്കൂറുകളായി എനിക്കനുഭവപ്പെടുന്നു സൂ.  ഓരോ ഇലകള്‍ പൊഴിയുമ്പോഴും എന്റെ ജീവിതാവസാനം അടുത്തുകൊണ്ടിരിക്കുകയാണ്. എനിക്കുറപ്പാണ് ആ അവസാനത്തെ ഇല പൊഴിഞ്ഞുവീഴുന്നതോടെ ആ വള്ളിച്ചെടിയോടപ്പം ഞാനും മരിക്കുമെന്ന്‍"

"അധികപ്രസംഗം പറയാതിരിക്കൂ ജോണ്‍സീ. നിനക്കിപ്പോള്‍ വേണ്ടത് നല്ല വിശ്രമമാണ്. അസുഖം മാറണമെങ്കില്‍ ആരോഗ്യം വീണ്ടെടുക്കണം. ഞാന്‍ നല്ലൊരു സൂപ്പുണ്ടാക്കിക്കൊണ്ടുവരാം. നീയത് കഴിക്കൂ. എന്നിട്ട് വേണം എനിക്ക് ആ മാഗസിനുവേണ്ടിയുള്ള ചിത്രം പൂര്‍ത്തിയാക്കുവാന്‍. അതു സമയത്ത് കൊടുത്താല്‍ മാത്രമേ കാശ് കിട്ടുകയുള്ളൂ"

"എനിക്ക് സൂപ്പ് വേണ്ട. നീ പോയി ചിത്രരചന പൂര്‍ത്തിയാക്കൂ"

സൂപ്പുണ്ടാക്കാനായി എഴുന്നേറ്റ സൂവിനെ ജോണ്‍സി തടഞ്ഞു. എന്നിട്ടവള്‍‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. വള്ളിച്ചെടിയില്‍ നിന്നും ഒരില കൂടി പൊഴിഞ്ഞിരിക്കുന്നു. അസ്വസ്ഥതയോടെ ജോണ്‍സി മുഖമൊന്നു വെട്ടിച്ചു.

"എന്റെ പൊന്നു ജോണ്‍സിയല്ലേ. ആവശ്യമില്ലാത്തതൊന്നും ചിന്തിക്കാതെ നീയൊന്നുറങ്ങൂ. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ അസുഖം ഭേദമായിത്തുടങ്ങും"

സൂ കമ്പിളിപ്പുതപ്പ് നന്നായി ജോണ്‍സിയെ പുതപ്പിച്ചു.

"ഞാനുറങ്ങാം സൂ. പക്ഷേ ആ വള്ളിയിലെ അവസാനയില പൊഴിയുന്നത് എനിക്ക് കാണണം. നീ അതിനെന്നെ അനുവദിക്കണം. ആ വള്ളി ഒരുപാട് തളര്‍ന്നിരിക്കുന്നു. ഞാനും"

വളരെയേറെ ക്ഷീണിതയായതുപോലെ ജോണ്‍സി മിഴികള്‍ മെല്ലെയടച്ചു. അല്പനേരം കൂടി അവളെത്തന്നെ നോക്കിനിന്നിട്ട് സൂ താഴത്തെ നിലയിലേയ്ക്ക് പോയി. മാഗസിനു കൊടുക്കുവാനുള്ള ചിത്രം പൂര്‍ത്തിയാക്കുവാന്‍ ഒരു മോഡലിനെ അവള്‍ക്ക് വേണമായിരുന്നു. അതിനായി ബര്‍മ്മനെ വിളിക്കുവാനാണവള്‍ താഴേയ്ക്ക് ചെന്നത്. താഴത്തെ നിലയിലാണ് വയസ്സന്‍ ബര്‍മ്മന്‍ താമസിക്കുന്നത്. ബര്‍മ്മനും ഒരു ചിത്രകാരനാണ്. എന്നാല്‍ ഗുണമുള്ള ഒരൊറ്റ ചിത്രം അങ്ങേര്‍ ഇന്നേവരെ വരച്ചിട്ടില്ല. അതിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ബര്‍മ്മന്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം താന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു ചിത്രം വരയ്ക്കും. അന്ന്‍ നിന്റെയൊക്കെ കളിയാക്കലുകള്‍ നില്‍ക്കും എന്നുപറഞ്ഞ് ബര്‍മ്മന്‍ ആ പരിഹാസങ്ങളെ പ്രതിരോധിക്കുവാന്‍ ശ്രമിക്കും. അങ്ങിനെ പറഞ്ഞുപറഞ്ഞ് ബര്‍മ്മന്‍ ഇപ്പോള്‍ അറുപതും കഴിഞ്ഞ് നില്‍ക്കുകയാണ്. പലപ്പോഴും സൂവിന്റേയും ജോണ്‍സിയുടേയും ചിത്രരചനകള്‍ക്ക് മോഡലായി ഇരിക്കുന്നത് വയസ്സന്‍ ബര്‍മ്മനാണ്.

തന്റെ കുടുസുമുറിയില്‍ എന്തോ ജോലിയിലേര്‍പ്പെട്ടിരുന്ന ബര്‍മ്മനോട് സൂ കാര്യമവതരിപ്പിച്ചപ്പോള്‍ സന്തോഷത്തോടെ ബര്‍മ്മന്‍ അതു സമ്മതിച്ചു. മുകളിലേയ്ക്കുള്ള പടവുകള്‍ കയറവേ സൂ ബര്‍മ്മനോട് ജോണ്‍സിയുടെ ആരോഗ്യസ്ഥിതിയും ഇലകള്‍ പൊഴിഞ്ഞുവീഴാറായ ആ വള്ളിച്ചെടിയുടെ കാര്യവും സൂചിപ്പിച്ചു. വള്ളിച്ചെടിയിലെ ഇലകള്‍ മൊത്തം കൊഴിയുമ്പോള്‍ താനും മരിക്കുമെന്ന്‍ ജോണ്‍സി പുലമ്പിക്കൊണ്ടിരിക്കുന്നെന്ന് സൂ പറഞ്ഞതുകേട്ടപ്പോള്‍ ബര്‍മ്മനു ദേഷ്യമാണ് വന്നത്.

"പിന്നേ... വള്ളിച്ചെടിയിലെ ഇല പൊഴിഞ്ഞുവീഴുമ്പോള്‍ ആളുമരിക്കാന്‍ പോകുവല്ലേ. മരമണ്ടിപ്പെണ്ണ്"

കട്ടിലില്‍ മൂടിപ്പുതച്ചുറങ്ങുന്ന ജോണ്‍സിയെ നോക്കി ബര്‍മ്മന്‍ ഒരുനിമിഷം നിന്നു. എന്നിട്ടയാള്‍ ജനലിനടുത്തുവന്ന്‍ ആ വള്ളിച്ചെടിയിലേയ്ക്ക് അല്‍പ്പസമയം നോക്കിനിന്നു.മഞ്ഞുവീണുതുടങ്ങിയിരുന്നതുകൊണ്ട് മുകളിലേയ്ക്ക് പോകും മുന്നേ സൂ ജനാലക്കര്‍ട്ടന്‍ വലിച്ചുതാഴ്ത്തിയിട്ടു. മങ്ങിയ വെട്ടത്തില്‍ വെറും മൂന്നിലകളുമായി നില്‍ക്കുന്ന ആ വള്ളിച്ചെടിയിലേയ്ക്ക് സൂവിന്റെ നോട്ടം ഒന്നു പാളിവീണു. ബര്‍മ്മന്റേയും. ജനാലയടച്ചശേഷം ഇരുവരും ചിത്രരചന പൂര്‍ത്തിയാക്കുവാനായി മുകളിലത്തെ നിലയിലേയ്ക്ക് പോയി.

അന്നുരാത്രി അതിശക്തമായ കാറ്റാണു വീശിയടിച്ചത്. ഒപ്പം ശക്തമായ മഴയും പെയ്തു. പുലര്‍ച്ചെയാണ് അവ ഒന്നൊടുങ്ങിയത്. ഉണര്‍ന്നെഴുന്നേറ്റ ഉടനേ ജോണ്‍സി സൂവിനോടാവശ്യപ്പെട്ടത് ജന്നല്‍കര്‍ട്ടന്‍ ഉയര്‍ത്തിവച്ച് ജനാല തുറക്കാനായിരുന്നു. തുറന്ന ജനാലയിലൂടെ ആകാംഷയോടെ ജോണ്‍സി വള്ളിച്ചെടിയുടെ നേര്‍ക്ക് ദൃഷ്ടി പായിച്ചു. വിളറി മഞ്ഞച്ച എന്നാല്‍ ചെറു പച്ചനിറത്തോടുകൂടിയ ഒരിലമാത്രമാണതില്‍ ബാക്കിയുണ്ടായിരുന്നത്.

"അവസാനത്തെ ഇലയാണത്. ഏതുനിമിഷവും അത് പൊഴിഞ്ഞു വീഴാം. ഒപ്പം ഞാനും"

നിരാശനിറഞ്ഞ ഭാവത്തോടെ പറഞ്ഞുകൊണ്ട് ജോണ്‍സി സൂവിനെ നോക്കി.

"അങ്ങിനെയൊന്നും പറയാതിരിക്കൂ കൂട്ടുകാരീ. നിന്നെ മരിക്കുവാന്‍ ഞാന്‍ വിട്ടുകൊടുക്കുമോ"

സൂ അവളുടെ കരതലം പിടിച്ചമര്‍ത്തി. ജോണ്‍സിയാകട്ടേ ഒന്നും മിണ്ടാതെ കണ്ണുകള്‍ പൂട്ടി. അന്നു പകല്‍‍ പലപ്രാവശ്യം ജോണ്‍സി ജനാലയിലൂടെ വള്ളിച്ചെടിയിലെ ഇലയെ നോക്കിക്കൊണ്ടിരുന്നു. പൊഴിയാതെ ആ ഇല ചെടിയില്‍ തന്നെ‍ തങ്ങിനിന്നു. അന്നുരാത്രിയും ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. രാവിലെ ജനാലയില്‍ കൂടി ജോണ്‍സി നോക്കിയപ്പോള്‍ ആ ഒറ്റയില അതേ പോലെ തന്നെ വിളറി നില്‍ക്കുന്നത് അവള്‍ക്ക് കാണാനായി. പതിയെപ്പതിയെ ജോണ്‍സിയില്‍ ഒരു ഉന്മേഷം വന്നുനിറയാനാരംഭിച്ചു. പൊഴിയാതെ പിടിച്ചുനില്‍ക്കുന്ന ആ ഒറ്റയില അവളില്‍ പ്രത്യാശയും സന്തോഷവും പകര്‍ന്നുനല്‍കി. വൈകുന്നേരമായപ്പോഴേയ്ക്കും അവള്‍‍ സൂവിനൊട് പറഞ്ഞു സൂപ്പുവരുത്തിക്കഴിക്കുകകൂടിച്ചെയ്തു. രാത്രിയില്‍ കട്ടില്‍ത്തലയ്ക്കല്‍ ചിരിച്ച മുഖവുമായിരുന്ന സൂവിനോട് താന്‍ നേപ്പില്‍സിലേക്ക് പോയി ആ പ്രകൃതിവശ്യത കാന്‍വാസിലാവാഹിക്കും എന്നുപറഞ്ഞ് രസിക്കുവാനും അവള്‍ മറന്നില്ല. പിറ്റേന്ന്‍ ജോണ്‍സിയെ പരിശോധിക്കുവാന്‍ വന്ന ഡോക്ടര്‍ പരിശോധനയെല്ലാം കഴിഞ്ഞപ്പോള്‍ സന്തോഷവാനായി. ജോണ്‍സിയുടെ ആരോഗ്യസ്ഥിതിയില്‍ വളരെ പുരോഗതിയുണ്ടായിരുന്നു. ജോണ്‍സിയെ നന്നായി പരിചരിച്ചതിന് സൂവിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. വയസന്‍ ബര്‍മ്മന്‍ രോഗബാധിതനായിരിക്കുന്നുവെന്നും അയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും പറഞ്ഞുകൊണ്ട് ഡോക്ടര്‍ താമസിയാതെ മടങ്ങി.

പിറ്റേന്ന്‍ പതിവു പരിശോധനകള്‍ക്ക് ശേഷം ജോണ്‍സിയുടെ ആരോഗ്യനില തൃപ്തികരമായിരിക്കുന്നു ഇനി കുഴപ്പമില്ലായെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ സൂ ശരിക്കും സന്തോഷിച്ചു. ഡോക്ടറോടൊപ്പം താഴേയ്ക്കുള്ള പടവുകളിറങ്ങുമ്പോളാണ് വയസന്‍ ബര്‍മ്മന്‍ രോഗം കടുത്തു തലേന്ന്‍ രാത്രി ആശുപത്രിയില്‍ വച്ചു മരണമടഞ്ഞു എന്നവള്‍ക്ക് മനസ്സിലായത്. രണ്ടുദിവസം മുന്നേ രാവിലെ കട്ടിലില്‍ അവശനായിക്കിടന്ന ബര്‍മ്മനെ അയല്‍ക്കാരിലൊരാള്‍ ആണ് ആദ്യം കണ്ടത്. പനി കടുത്ത അവസ്ഥയിലായിത്തീര്‍ന്നിരുന്നു. ബര്‍മ്മന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കാലുറയും മുഴുവന്‍ നനഞ്ഞുകുതിര്‍ന്നിരുന്നു. തലേദിവസം പെയ്ത മഴ മുഴുവന്‍ നനഞ്ഞിരിക്കണം. നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുകിടന്നത് പനി മൂര്‍ച്ഛിപ്പിച്ചു. അയല്‍ക്കാരനാണ് ഡോക്ടറെ വിളിച്ചത്. ബര്‍മ്മനെ ആശുപത്രിയില്‍ കൊണ്ടാക്കിയിട്ട് മടങ്ങിവന്ന ആ അയല്‍ക്കാരന്‍ യാര്‍ഡിനടുത്തായി ഒരു വലിയ കോവണിയും ഒരു വിളക്കും രണ്ടുമൂന്ന്‍ ബ്രഷുകളും ഒപ്പം പച്ചയും മഞ്ഞയും പെയിന്റിന്റെ ചില കുപ്പികളും കാണുകയുണ്ടായി. തലേദിവസത്തെ കനത്തമഴയില്‍ ആ പെയിന്റും മറ്റും കൊണ്ട് ബര്‍മ്മന്‍ എന്തെടുക്കുകയായിരുന്നെന്ന്‍ അയാള്‍ കുറേനേരം ചിന്തിച്ചുനോക്കി. എന്നാല്‍ വ്യക്തമായ ഒരു കാരണവും തോന്നാതിരുന്നതുകൊണ്ട് ആ വിഷയം കളഞ്ഞ് അയാള്‍ തന്റെ ജോലികളില്‍ വ്യാപൃതനായി.

വിവരങ്ങളറിഞ്ഞ  സൂ ചിന്താഭാരത്തോടെ മുകള്‍ നിലയിലേയ്ക്ക് പോയി. ജനാലയില്‍ കൂടി അവള്‍ ആ ഒറ്റയിലയിലേയ്ക്ക് തന്റെ ദൃഷ്ടികള്‍ പായിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കലാവിരുതു കാഴ്ചവച്ചിട്ടാണ് ബര്‍മ്മന്‍ ഈ ലോകം വിട്ടുപോയതെന്ന്‍ ലോകത്തോട് ഉറക്കെ വിളിച്ചുപറയുവാന്‍ അവളുടെ മനം വെമ്പി. ജീവിതത്തിന്റെ വെളിച്ചത്തിലേയ്ക്ക് നടന്നുവന്നുകൊണ്ടിരിക്കുന്ന ജോണ്‍സിയെ ഓര്‍ത്തിട്ടെന്നവണ്ണം അവള്‍ ആ​‍ ആഗ്രഹമടക്കി  മുറിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നു.

"ജോണ്‍സി നീ ആ വള്ളിയില്‍ നില്‍ക്കുന്ന അവസാനത്തെ ഇലയിലേക്ക് ഒന്ന്‍ സൂക്ഷിച്ചു നോക്കിയേ. ഇത്രയും കാറ്റും മഴയും ഒക്കെ ഏറ്റിട്ടും അത് പൊഴിഞ്ഞുവീഴാത്തതില്‍ നിനക്ക് അത്ഭുതമൊന്നും തോന്നുന്നില്ലേ"

അന്നു വൈകുന്നേരം ജനാലയ്ക്കല്‍ നിന്ന്‍ വള്ളിച്ചെടിയിലേയ്ക്ക് നോക്കിക്കൊണ്ട് നിന്ന ജോണ്‍സിയുടെ തോളില്‍ കയ്യിട്ടുകൊണ്ട് സൂ ഒച്ചതാഴ്ത്തിച്ചോദിച്ചു. ജോണ്‍സിയാകട്ടെ ആ കൊഴിയാറായ ഇലയിലേയ്ക്ക് നോക്കി എന്തോ ചിന്തയോടെ നില്‍പ്പു തുടര്‍ന്നു. കൊടും ശൈത്യവും കാറ്റും തകര്‍ത്ത ആ രാത്രിയില്‍ ബര്‍മ്മന്‍ വരച്ച തന്റെ ജീവിതത്തിലെ തന്നെ മാസ്റ്റര്‍പീസായ ആ ഒറ്റയിലയുടെ ചന്തത്തിലേക്ക് നോക്കി സൂവും അവള്‍ക്കൊപ്പം അവിടത്തന്നെ നിന്നു


ശ്രീക്കുട്ടന്‍


Saturday, July 23, 2016

അഴകിന്റെ റാണി - ക്ലിയോപാട്ര

ബിസി 332 ലാണ് അലക്സാണ്ടര്‍ ചക്രവര്‍ത്തി ഈജിപ്ത് കീഴടക്കുകയും ഈജിപ്തിന്റെ ഭരണം കയ്യാളുകയും ചെയ്തത്. അലക്സാണ്ടറിന്റെ മരണശേഷം ഈജിപ്തിന്റെ ഭരണാധികാരിയായത് ജനറലായിരുന്ന ടോളമിയായിരുന്നു. ടോളമി രാജവംശപരമ്പരയില്‍ ടോളമി 12ആമന്റെ മകളായി ബി സി 69 ലാണ് ക്ലിയോപാട്ര ജനിക്കുന്നത്. പ്രതാപശാലിയായ പിതാവില്‍ നിന്നും ഉരുവായവള്‍ എന്നാണ് ക്ലിയോപാട്ര എന്ന പേരിനര്‍ത്ഥം. അഴകിന്റെ മൂര്‍ത്തിമത് ഭാവമെന്നവണ്ണം ക്ലിയോപാട്ര വളര്‍ന്നുവന്നു. യവനസുന്ദരി ഹെലനൊളം തന്നെ ലക്ഷണമൊത്ത് സൌന്ദര്യവതിയായിരുന്നു ക്ലിയോപാട്രയും. ക്ലിയോപാട്രയുടെ 18 ആ മത്തെ വയസ്സില്‍ അതായത് ബിസി 51 ല്‍ പിതാവായ ടോളമി 12ആമന്‍ മരണമടഞ്ഞതോടെ ഈജിപ്തിന്റെ ഭരണസാരഥ്യം ക്ലിയോപാട്രയുടെ കൈകളില്‍ വന്നുചേര്‍ന്നു. ഈജിപ്തില്‍ അക്കാ​ലത്ത് നിലവിലിരുന്നതും എല്ലാവരും പിന്തുടരുന്നതുമായ സാമൂഹികാചാരമനുസരിച്ച് ക്ലിയോപാട്ര തന്റെ പത്തുവയസ്സുള്ള സഹോദരന്‍ ടോളമി പതിമൂന്നാമനെ വിവാഹം ചെയ്യുകയും ഒപ്പം ഇരുവരും ചേര്‍ന്ന് ഈജിപ്തിന്റെ ഭരണമേറ്റെടുക്കുകയും ചെയ്തു.

കുറച്ചുനാളുകള്‍ക്കുള്ളില്‍ തന്നെ ക്ലിയോപാട്രയും ഭര്‍ത്താവും നല്ല രസത്തിലല്ലാതായിമാറി. ക്ലിയോപാട്രയോട് അത്ര രസത്തിലല്ലാതിരുന്ന ചില ഉപജാപകവൃന്ദങ്ങള്‍ ടോളമിയെ ശരിക്കും എരികേറ്റുകയും അതിന്റെ ബാക്കിയെന്നൊണം ടോളമി പതിമൂന്നാമന്‍ ക്ലിയോപാട്രയെ ഒഴിവാക്കി ഈജിപ്തിന്റെ ഭരണം ഒറ്റയ്ക്കേറ്റെടുക്കുകയും ചെയ്തു. ഒരു അവസരം ഒത്തുവരുന്നതിനായി ക്ലിയോപാട്ര കാത്തിരുന്നു. ഈ സമയത്താണ് റോമില്‍ ജൂലിയസ് സീസര്‍ തന്റെ മകളായ ജൂലിയയുടെ ഭര്‍ത്താവ് പോമ്പിയുമായി അല്‍പ്പം രസക്കേടിലാകുന്നത്. അത് പിന്നീട് ഒരു ആഭ്യന്തരസംഘര്‍ഷമായി പരിണമിച്ചു. നില്‍ക്കക്കള്ളിയില്ലാതെ ഗ്രീസില്‍ നിന്നും ഒളിച്ചോടി അലക്സാണ്ട്രിയയില്‍ അഭയം തേടിയ പോമ്പിയെ ചക്രവര്‍ത്തിയുടെ പ്രീതി പിടിച്ചുപറ്റാമെന്ന ഉദ്ദേശ്യത്തോടെ ക്ലിയോപാട്രയുടെ ഭര്‍ത്താവായ ടോളമി പതിമൂന്നാമന്‍ പിടികൂടുകയും ശേഷം വധിച്ച് പോമ്പിയുടെ തലവെട്ടിയെടുത്ത് സീസറിനുമുന്നില്‍ കാഴ്ചവയ്ക്കുകയും ചെയ്തു.എന്നാല്‍ പോമ്പിയുമായി ശത്രുതയിലായിരുന്നെങ്കിലും തന്റെ മകളുടെ ഭര്‍ത്താവിനെ വധിച്ചതില്‍ സീസര്‍ അത്യന്തം കുപിതനായി. ഈ അവസരം ക്ലിയോപാട്ര ശരിക്കും വിനിയോഗിച്ചു. സീസറിന്റെ മുന്നിലെത്തിയ ക്ലിയോപാട്ര തന്റെ വശ്യമോഹനസൌന്ദര്യത്താല്‍ സീസറിനെ നിലമ്പരിശാക്കിക്കളഞ്ഞു. ക്ലിയോപാട്രയുടെ അനിതരസാധാരണമായ അഴകില്‍ മയങ്ങിയ സീസര്‍ ഒരു കാമുകനായി മാറി. ക്ലിയോപാട്രയാകട്ടെ സീസറിന്റെ സഹായത്തോടെ തന്റെ പ്രതിലോമശക്തികളെ മുഴുവന്‍ ഇല്ലായ്മ ചെയ്തു. ഭയാലുവായ ടോളമി പതിമൂന്നാമന്‍ അലക്സാണ്ട്രിയയില്‍ നിന്നും പലായനം ചെയ്തു. നൈല്‍ നദിയില്‍ ടോളമി മുങ്ങിമരിച്ചു എന്ന വാര്‍ത്തയാണ് പിന്നീട് പരന്നത്.


സീസറിന്റെ സഹായത്തോടെ ഈജിപ്തിന്റെ സിംഹാസനത്തില്‍ അവരോഹിതയായ ക്ലിയോപാട്രയോടൊത്ത് കുറേക്കാലം സീസര്‍ കഴിച്ചുകൂട്ടി. ആ ബന്ധത്തില്‍ അവര്‍ക്ക് സീസേറിയന്‍(ലിറ്റില്‍ സീസര്‍)എന്ന പേരില്‍ ഒരു പുത്രന്‍ ജനിച്ചു. തന്റെ ഇളയ സഹോദരനായ ടോളമി പതിനാലാമനുമായി ആചാരപ്രകാരം ക്ലിയോപാട്ര വിവാഹിതരായി. ഈജിപ്തിന്റെ സഹഭരണാധികാരിയായി ടോളമി പതിനാലാമന്‍ അധികാരമേറ്റു. സീസറിനു തന്നില്‍ ജനിച്ച കുഞ്ഞിനെ റോമാസാമ്രാജ്യത്തിന്റെ അടുത്ത അവകാശിയാക്കണം എന്ന് ക്ലിയോപാട്ര ആഗ്രഹിച്ചു. മാത്രമല്ല പൊതുവേദിയില്‍ തന്റെ പുത്രന്റെ പിതൃത്വം അംഗീകരിക്കാത്ത സീസറിനെക്കൊണ്ട് അത് അംഗീകരിപ്പിക്കണമെന്നും അവള്‍ ആഗ്രഹിച്ചു. തന്റെ പുത്രനെ സഹഭരണാധികാരിയാക്കുന്നതിനുവേണ്ടി ക്ലിയോപാട്ര ടോളമി പതിനാലാമനെ ആസൂത്രിതമായി വിഷം നല്‍കി കൊലപ്പെടുത്തി. ബി സി 44 ല്‍  പുത്രനൊപ്പം റോമിലേക്ക് ക്ലിയോപാട്ര യാത്രയായി. എന്നാല്‍ ഈ സമയം റോമിലെ സെനറ്റുമായി ഇടഞ്ഞ സീസറിനെ ഒരു കൊട്ടാരവിപ്ലവത്തിലൂടെ മാര്‍ക്കസ് ബ്രൂട്ടസ്സിന്റെ നേതൃത്വത്തിലുള്ളവര്‍ കൊലപ്പെടുത്തി. തുടര്‍ന്ന് റോമിന്റെ ഭരണാധികാരിയായി മാറിയത് മാര്‍ക്ക് ആന്റണി ആയിരുന്നു. സീസറിന്റെ മരണശേഷം ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയെ മാര്‍ക്ക് ആന്റണി റോമിലേയ്ക്ക് ക്ഷണിച്ചു. മാറിയ സാഹചര്യങ്ങളില്‍ മാര്‍ക്ക് ആന്റണിയുമായി ബന്ധം സ്ഥാപിക്കുന്നത് തനിക്ക് ഗുണമാകുമെന്ന് മനസ്സിലാക്കിയ ആ തന്ത്രശാലിനി റോമിലെത്തുകയും തന്റെ മാദകസൌന്ദര്യത്താല്‍ മാര്‍ക്ക് ആന്റണിയെ കീഴ്പ്പെടുത്തുകയും ചെയ്തു. റോമില്‍ നിന്നും ഈജിപ്തിലേക്ക് മടങ്ങിയ ക്ലിയോപാട്രയ്ക്കൊപ്പം മാര്‍ക്ക് ആന്റണിയുമുണ്ടായിരുന്നു. ആ ബന്ധത്തില്‍ അവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചു.

മാര്‍ക്ക് ആന്റണി ഈജിപ്തിലായിരുന്നപ്പോള്‍ റോമിലെ സ്ഥിതിഗതികള്‍ വഷളാകുകയായിരുന്നു. സീസറിന്റെ ദത്തുപുത്രനായ ഒക്ടേവിയസ് സീസര്‍(അഗസ്റ്റസ് സീസര്‍) റോമിന്റെ അധികാരത്തില്‍ പതിയെ പിടിമുറുക്കാനാരംഭിച്ചിരുന്നു. അപകടം മനസ്സിലാക്കിയ മാര്‍ക്ക് ആന്റണി റോമിലെത്തുകയും ഒക്ടേവിയസിന്റെ സഹോദരിയെ വിവാഹം കഴിച്ച് ബന്ധം ദൃഡമാക്കുകയും ചെയ്തു. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ഈജിപ്തിലേക്ക് മടങ്ങിയ മാര്‍ക്ക് ആന്റണി നിയമപ്രകാരം ക്ലിയോപാട്രയെ വിവാഹം കഴിച്ചു ജീവിക്കാനാരംഭിച്ചു. പിന്നീട് സാമ്രാജ്യവിസ്തൃതി ലക്ഷ്യമാക്കി പേര്‍ഷ്യയും മറ്റും കീഴടക്കാനുള്ള ശ്രമമാരംഭിച്ചു. ഈ സമയം കൊശലക്കാരനായ ഒക്ടേവിയസ് സമര്‍ത്ഥമായി റോമന്‍ സെനറ്റിനെ തെറ്റിദ്ധരിപ്പിച്ച് മാര്‍ക്ക് ആന്റണി മറ്റൊരു സാമ്രാജ്യസ്ഥാപനത്തിനുള്ള ശ്രമമാണെന്ന് വിശ്വസിപ്പിച്ചു. കുപിതരായ സെനറ്റ് മാര്‍ക്ക് ആന്റണിയുടെ ഭരണാധികാരങ്ങള്‍ എടുത്തുകളഞ്ഞു. വമ്പിച്ചൊരു സൈന്യവുമായി ഈജിപ്തിനെ ആക്രമിച്ച ഒക്ടേവിയസ്സിനു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ മാര്‍ക്ക് ആന്റണി ആത്മഹത്യ ചെയ്തു.

തന്റെ സൌന്ദര്യം കൊണ്ട് ഒക്ടേവിയസ്സിനെ അധീനതയിലാക്കാം എന്നു വിചാരിച്ച ക്ലിയോപാട്രയ്ക്ക് പിഴക്കുകയാണുണ്ടായത്. ഒക്ടേവിയസ് ക്ലിയോപാട്രയുടെ പ്രലോഭനങ്ങളില്‍ മതിമയങ്ങിയില്ല. ഒരു യുദ്ധത്തടവുകാരിയായി റോമിലേക്ക് പോകുന്നതിലും നല്ലതു മരണമാണെന്നുറപ്പിച്ച ക്ലിയോപാട്ര വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ആത്മഹത്യ ചെയ്തു(ബി സി 31 ല്‍) വളര്‍ന്നുവരുമ്പോള്‍ തനിക്ക് ചിലപ്പോള്‍ എതിരാളിയായേക്കാമെന്ന് തോന്നിയതുകൊണ്ട് തന്നെ ക്ലിയോപാട്രയുടെ മൂത്ത പുത്രന്‍ സീസേറിയനെ ഒക്ടേവിയസ് വധിച്ചു.

ക്ലിയോപാട്രയുടെ മരണത്തെക്കുറിച്ച് പല ഊഹാപോഹങ്ങളും നിലവിലുണ്ട്. വേദനരഹിതമായ മരണം സ്വീകരിക്കുവാനായി ക്ലിയോപാട്ര പല മാര്‍ഗ്ഗങ്ങളും പരീക്ഷിച്ചു നോക്കിയിരുന്നതായി പലരും പറയുന്നു. തന്റെ അടിമകളായ ദാസിപ്പെണ്‍കുട്ടികളില്‍ പല തരത്തിലുള്ള വിഷം കുത്തിവച്ചും പാമ്പുകളെകൊണ്ട് കടിപ്പിച്ചും ഒക്കെ കൊല്ലിപ്പിച്ച് അതില്‍ നിന്നും എറ്റവും വേദനാരഹിതമായ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. മൂര്‍ഖന്‍ ഇനത്തില്‍ പെട്ട പാമ്പിനെക്കൊണ്ടാണ് സ്വയം കടിപ്പിച്ചതെന്നാണ് പ്ലൂട്ടാര്‍ക്ക് ഉല്‍പ്പെടെയുള്ള ചരിത്രകാരന്മാരുടെ പക്ഷം. ഷേക്സ്പിയര്‍ തന്റെ നാടകത്തില്‍ അണലിയെക്കൊണ്ട് കടിപ്പിച്ച് ക്ലിയോപാട്ര ആത്മഹത്യ ചെയ്തു എന്നാണ് വിവരിക്കുന്നത്.

അനിതരസാധാരണമായ തന്റെ സൌന്ദര്യത്തില്‍ അല്‍പ്പം അഹങ്കരിക്കുകയും ആ അഴകളവുകള്‍ കൊണ്ട് ചക്രവര്‍ത്തിമാരെപ്പോലും തന്റെ വരുതിയില്‍ നിര്‍ത്തി അധികാരം നിലനിര്‍ത്തുവാന്‍ ശ്രമിക്കുകയും ചെയ്ത സൂത്രശാലിയും തന്ത്രശാലിയുമായ സ്ത്രീയായിരുന്നു ക്ലിയോപാട്ര. പില്‍ക്കാലത്ത് ആ അഭൌമസൌന്ദര്യത്തെപ്പറ്റി പലപല കാവ്യങ്ങളും രചിക്കപ്പെട്ടു. ഈജിപ്തിന്റെ അവസാനത്തെ സ്വതന്ത്ര ഭരണാധികാരിയായിരുന്ന ക്ലിയോപാട്രയുടെ മരണശേഷം ഈജിപ്ത് റോമാസാമ്രാജ്യത്തോട് കൂട്ടിച്ചേര്‍ക്കപ്പെട്ടു.

അവലംബം - വിക്കീപീഡിയ, ലോക ഇതിഹാസകഥകള്‍ വോള്യം 1

ശ്രീക്കുട്ടന്‍

Sunday, June 26, 2016

ആര്‍ട്ടിസ്റ്റിക് ക്രൈം ഓഫ് ദ സെഞ്ചുറി

1949 ആഗസ്റ്റ് 13 ന് ഫ്രാന്‍സിലെ ന്യൂമെറസില്‍ ഒരു ആര്‍മി പൈലറ്റിന്റെ മകനായായിരുന്നു ഫിലിപ്പെ പെറ്റിറ്റ് ജനിച്ചത്. വളരെ കുട്ടിക്കാലത്തെ തന്നെ മാജിക്കിന്റെ ലോകത്ത് ഫിലിപ്പെ ആകൃഷ്ടനായി മാജിക്കിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. താന്‍ പഠിച്ച മാജിക്കുകള്‍ തെരുവുകളില്‍ അവതരിപ്പിച്ച് ഫിലിപ്പെ കാഴ്ചക്കാരെ രസിപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുകയും വരുമാനമുണ്ടാക്കുകയും ചെയ്തുകൊണ്ടിരുന്നു. പതിനാറുവയസ്സായ കാലത്തൊരിക്കലാണ് ഫിലിപ്പെ വയര്‍ വാ‍ക്കിംഗ് മേഖലയില്‍ ശ്രദ്ധിക്കാനിടയായത്. അതൊടെ വയര്‍ വാക്കിംഗ് അവന്റെ സ്വപ്ന മേഖലയായിമാറുകയും ചെയ്തു. എന്നാല്‍ ഫിലിപ്പെയുടെ ഈ ഭ്രാന്തന്‍ സ്വപ്നങ്ങള്‍ക്ക് വീട്ടില്‍ നിന്നും യാതൊരു വിധ പിന്തുണയും കിട്ടിയില്ലെന്ന്‍ മാത്രമല്ല വീട്ടില്‍ നിന്നും പുറത്താകുവാനിടയാകുകയും ചെയ്തു. വയര്‍ വാക്കിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഫിലിപ്പേ തന്റെ പൂര്‍ണ ശ്രദ്ധയും ഹൈ വയര്‍ വാക്കിംഗിലേക്ക് തിരിച്ചു. ആദ്യമൊക്കെ ഫിലിപ്പേ കാണികളുടെ മുന്നില്‍ അവതരിപ്പിച്ച പരിപാടികള്‍ വലിയ വിജയം കാണുകയുണ്ടായില്ല. എന്നാല്‍ അതിലൊന്നും നിരാശനാകാതെ ഫിലിപ്പെ തന്റെ പരിശീലനപരിപാടികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

പല്ലുവേദനയുമായി ഒരു ദന്താശുപത്രിയില്‍ എത്തിയ ദിവസം അവിടെ ക്കിടന്ന ഒരു മാഗസിനില്‍ കണ്ട ഒരു ഫീച്ചര്‍ ഫിലിപ്പെയെ വളരെയധികം ആകര്‍ഷിച്ചു. ന്യൂയൊര്‍ക്കില്‍ നിര്‍മ്മിക്കുന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ട്വിന്‍ ടവേര്‍സിന്റെ  കണ്‍സ്ട്ര‍ക്ഷനെക്കുറിച്ചുള്ള ഒരു ലേഖനമായിരുന്നത്. അംബരചുംബികളായ ആ ബിള്‍ഡിംഗുകള്‍ ഫിലിപ്പേയെ അങ്ങേയറ്റം മോഹിപ്പിച്ചു. ആ ബില്‍ഡിംഗുകളുടെ മുകളിലൂടെ താന്‍ വയര്‍ വാക്കിംഗ് നടത്തുന്നതായി സങ്കല്‍പ്പിച്ച ഫിലിപ്പേ തന്റെ മുഴുവന്‍ ശ്രദ്ധയും ആ ഇരട്ട ബില്‍ഡിംഗുകളിലേക്ക് തിരിച്ചൂ. ആ ബിള്‍ഡിംഗുകള്‍ കീഴടക്കിയാല്‍ താന്‍ അഖിലലോകപ്രശസ്തനാകുമെന്നും തന്റെ സ്വപ്നസാക്ഷാത്ക്കാരമായിരിക്കുമതെന്ന്‍ തിരിച്ചറിഞ്ഞ ഫിലിപ്പെയുടെ പിന്നീടുള്ള നാളുകള്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ബില്‍ഡിംഗിന്റെ നിര്‍മ്മാണവും അതിനെ ചുറ്റിപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കലുമായി തീര്‍ന്നു. ന്യൂയോര്‍ക്കിലേക്ക് തിരിക്കുന്നതിനു മുന്നേ ഫിലിപ്പേ നിരവധി പ്രകടനങ്ങള്‍ നടത്തി സ്വയം ആത്മവിശ്വാസം കൂട്ടുകയുണ്ടായി. 1971 ല്‍ പാരീസിലെ നോത്രദാം കത്രീഡലിലെ ഇരട്ട ടവറുകളില്‍ റോപ്പ് കെട്ടി ഫിലിപ്പേ വിജയകരമായി അതിലൂടെ നടക്കുകയുണ്ടായി. 1973 ല്‍ ഓസ്ട്രേലിയയിലെ സിഡ്നി ഹാര്‍ബര്‍ ബ്രിഡ്ജിലും ഫിലിപ്പെ വയര്‍ വാക്കിംഗ് പ്രകടനം നടത്തി വിസ്മയം സൃഷ്ടിച്ചിരുന്നു. ഫിലിപ്പെയുടെ ചില സുഹൃത്തുക്കള്‍ ഇക്കാര്യങ്ങളില്‍ അവനെ അകമഴിഞ്ഞ് സഹായിച്ചിരുന്നു.

1973 ല്‍ ന്യൂയോര്‍ക്കിലെത്തിയ ഫിലിപ്പെ വേള്‍ഡ് ട്രേഡ് സെന്റര്‍ ബില്‍ഡിംഗുകളുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലം സന്ദര്‍ശിക്കുകയും പിന്നീടുള്ള മുഴുവന്‍ സമയവും ആ ബിള്‍ഡിംഗിന്റെ മുഴുവന്‍ പരിസരപഠനത്തിനായി ഉപയോഗിക്കുകയും ചെയ്തു. ഏകദേശം ഒരു വര്‍ഷത്തോളം ഒരു കണ്‍സ്ട്രക്ഷന്‍ വര്‍ക്കറായും , ഫോട്ടോ ഗ്രാഫറായും മറ്റുമൊക്കെ വേഷം കെട്ടിയ ഫിലിപ്പെ കൃത്യമായും ആ ഇരട്ട ബില്‍ഡിംഗുകളെക്കുറിച്ചുള്ള പഠനം തുടര്‍ന്നു. ബില്‍ഡിംഗുകള്‍ തമ്മിലുള്ള അകലം ഒക്കെ മനസ്സിലാക്കി. 1370 അടിയോളം ഉയരമുള്ള ആ കെട്ടിടങ്ങളിലൂടെ മുകളിലൂടെ നടക്കുവാനായി ഫിലിപ്പെ തിരഞ്ഞെടുത്ത ദിവസം 1974 ആഗസ്റ്റ് 6 നായിരുന്നു. വാക്കിംഗ് നടത്താനുള്ള ഉപകരണങ്ങള്‍ പലപ്പോഴായി സമര്‍ത്ഥമായി ബില്‍ഡിംഗിലെത്തിച്ച് സന്നാഹങ്ങളൊരുക്കിയ ഫിലിപ്പേയും ചങ്ങാതിമാരും രണ്ട് സംഘങ്ങളായിപ്പിരിഞ്ഞ് നോര്‍ത്തും സൌത്തുമുള്ള ബിള്‍ഡിംഗുകളില്‍ കയറിപ്പറ്റി. തുടര്‍ന്ന്‍ 61 മീറ്ററിലധികം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഇരട്ട ടവറുകള്‍ക്കു മുകളിലൂടെ അവര്‍ കനത്ത ഇരുമ്പുവടം വലിച്ചുകെട്ടി. ഇടയ്ക്കുണ്ടായ ചില ചെറിയ തടസ്സങ്ങള്‍ മൂലം പിറ്റേന്ന്‍ പുലര്‍ച്ചെയാണ് വയര്‍ കറക്ടായി ഇരു ബിള്‍ഡിംഗുകളിലും ഉറപ്പിക്കാനായത്.
ആഗസ്റ്റ് 7 നു രാവിലെ ഫിലിപ്പെ അങ്ങിനെ ജനതയെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് 1370 ഒളം അടി ഉയരത്തില്‍ 61 മീറ്റര്‍ അകലത്തില്‍ നില്‍ക്കുന്ന അംബരചുംബികളായ ആ ബില്‍ഡിംഗുകള്‍ക്ക് മുകളിലൂടെ വലിച്ചുകെട്ടിയ വടത്തില്‍ കൂടി നടക്കുവാനാരംഭിച്ചു. ഈ പ്രകടനം താഴെ നിന്നു കണ്ട ന്യൂയോര്‍ക്ക് ജനത അക്ഷരാര്‍ത്ഥത്തില്‍ സ്തബ്ധരാകുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ പോലീസിനെക്കൊണ്ട് നിറഞ്ഞു. നോര്‍ത്ത് സൌത്ത് ബില്‍ഡിംഗുകളുടെ മുകളിലെത്തിയ പോലീസ് നിസ്സഹായരായി നിന്നു. വയറിലൂടെ നടന്ന്‍ നോര്‍ത്ത് ബില്‍ഡിംഗിലെത്തിയ ഫിലിപ്പേ പെട്ടന്ന്‍ തിരിച്ചു നടക്കാനാരംഭിച്ചു. മൊത്തം 8 പ്രാവശ്യമാണ് ഇപ്രകാരം ഫിലിപ്പേ നടന്നത്. 45 മിനിട്ടോളം നീണ്ടുനിന്ന ആ പ്രകടനത്തിനു ശേഷം ബില്‍ഡിംഗിലേക്ക് കയറിയ ഫിലിപ്പേയെ പോലീസ് അറസ്റ്റു ചെയ്തു.ഇതിനിടയില്‍ ഫിലിപ്പെയുടെ സുഹൃത്തുക്കള്‍ ഈ വിസ്മയപ്രകടനത്തിന്റെ നിരവധി ചിത്രങ്ങളെടുത്തിരുന്നു. അതിലൂടെ ഫിലിപ്പെയെ അഖിലലോകപ്രശസ്തനാക്കിയ ഈ സംഭവം ദ ആര്‍ട്ടിസ്റ്റിക് ക്രൈം ഓഫ് ദ സെഞ്ചുറി എന്നാണറിയപ്പെടുന്നത്. ഈ സംഭവത്തെ ആധാരമാക്കി 2008 ല്‍ ഒരു ദോക്യുമെന്ററി പുറത്തിറങ്ങുകയുണ്ടായി.  നിരവധി പുരസ്ക്കാരങ്ങളാണ് അതു നേടിയത്. 2015ല്‍ ദ വാക്ക് എന്ന പേരില്‍ ഒരു സിനിമയും ഇതിനെക്കുറിച്ചിറങ്ങി. അങ്ങിനെ ലോകത്തെ വിസ്മയിപ്പിച്ച ഈ മഹാസൌധങ്ങള്‍ പിന്നീടൊരിക്കല്‍ കൂടി ലോകത്തെ ഞെട്ടിപ്പിച്ചു. 2001 സെപ്തംബര്‍ 11 ല്‍ ഭീകരര്‍ വിമാനമിടിച്ചിറക്കി തകര്‍ത്തുകളഞ്ഞതും അമേരിക്കയുടെ അഭിമാനസ്തംഭമായിരുന്ന ഈ അംബരചുംബികളെത്തന്നെയായിരുന്നുവിവരങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട്. ഗൂഗില്‍, വിക്കീപീഡിയ

ശ്രീക്കുട്ടന്‍

Wednesday, February 17, 2016

'ദ ലാസ്റ്റ് ഓഫ് അസ്'

ലോകം ഇന്ന്‍ വീഡിയോ ഗെയിമുകളുടെ പിന്നാലെയാണ്. ഒരുവേള സിനിമകളും ടെലിവിഷന്‍ സീരീസുകളും മറ്റു സോക്കര്‍ ഗെയിമുകളും ആസ്വദിക്കുന്നതിന്റെ ഇരട്ടിയലധികം ആള്‍ക്കാര്‍ വീഡിയോ ഗെയിമുകള്‍ ആസ്വദിക്കുന്നുണ്ട്. മുമ്പ് കാലത്ത് ഒരു കുഞ്ഞ് ചതുരക്കട്ടയില്‍ കൈക്കുള്ളിലിരുന്ന്‍ ഞെക്കിക്കുത്തിക്കളിച്ച ചെറിയ കളികളില്‍ നിന്നും ഇന്ന്‍ കണ്മുന്നില്‍ നടക്കുന്ന, സ്വയം കഥാപാത്രങ്ങളാകുന്ന വിര്‍ച്വല്‍ റിയാലിറ്റിയുടെ അത്ഭുതപരതന്ത്രത സമ്മാനിക്കുന്ന ഒന്നായി വീഡിയോ ഗെയിമുകള്‍ വളര്‍ന്നിരിക്കുന്നു. ഓരോ വീഡിയോ ഗെയിമുകളും സൃഷ്ടിക്കപ്പെടുന്നത് വര്‍ഷങ്ങളുടെ സൂക്ഷ്മതയും പ്രയത്നവും ഒക്കെക്കൊണ്ടാണ്. വീഡിയോ ഗെയിമുകളുടെ പിറവിക്കായി വന്‍ കിട കമ്പനികള്‍ ഓരോ വര്‍ഷവും മുടക്കുന്ന തുക ഭീമമായ ഒന്നാണ്. ഒരുവേള വന്‍ ചിലവേറിയ ഹോളിവുഡ്ഡ് സിനിമകളേക്കാളും അധികമാണ് ഒരു വീഡിയോ ഗെയിമിന്റെ നിര്‍മ്മിതിക്കായി കമ്പനികള്‍ ചിലവഴിക്കുന്നത്. വീഡിയോ ഗെയിം ഡവലപ്പ് മെന്റ് കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നത് സോണി, യുബിസോഫ്റ്റ്, ആക്ടിവിഷന്‍, നോട്ടി ഡോഗ്, കൊണാമി, റോക്ക്സ്റ്റാര്‍ ഗെയിംസ് തുടങ്ങിയവരാണ്. 2015 വര്‍ഷത്തില്‍ അമേരിക്കന്‍ വിപണിയില്‍ നിന്നു മാത്രം വീഡിയോ ഗെയിം കമ്പനികള്‍ കൊയ്തെടുത്തത് 23.5 ബില്യണ്‍ ഡോളറാണ്. വീഡിയോ ഗെയിമുകളുടെ അതിപ്രസരം ഒരു തലമുറയെ അലസരും ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്നവരുമാക്കി മാറ്റുന്നു എന്ന വിമര്‍ശനം നേരിടുമ്പോള്‍ തന്നെ ആള്‍ക്കാരെ ആകാംഷയുടേയും അതിശയത്തിന്റേയും മുള്‍ മുനയില്‍ നിര്‍ത്തുന്ന പുതിയ പുതിയ ഗെയിമുകള്‍ വിപണിയിലെത്തുന്നു. ലോകം മുഴുവന്‍ സ്വീകരിച്ച ഒരു ഗെയിമിനെക്കുറിച്ചുള്ളതാണീ ചെറുകുറിപ്പ്

അമേരിക്കന്‍ വീഡിയോ ഗെയിം ഡെവലപര്‍ കമ്പനിയായ 'നോട്ടി ഡോഗ്' നിര്‍മ്മിച്ച് 'സോണി കമ്പ്യൂട്ടര്‍ എന്റര്‍റ്റെയിന്‍മെന്റ് കോര്‍പ്പറേഷന്‍' 2013 ജൂണില്‍ 'പ്ലേ സ്റ്റേഷന്‍ 3' യില്‍ റിലീസ് ചെയ്ത ഒരു ആക്ഷന്‍ ഹൊറര്‍ സര്‍വൈവല്‍ ത്രില്ലര്‍ വീഡിയോ ഗെയിം ആയിരുന്നു 'ദ ലാസ്റ്റ് ഓഫ് അസ്'. ഈ ഗെയിമിന്റെ തന്നെ അപ്ഡേറ്റഡ് വെര്‍ഷന്‍ 2014 ല്‍ 'പ്ലേ സ്റ്റേഷന്‍ 4' ല്‍ റിലീസ് ചെയ്യപ്പെടുകയുണ്ടായി. ഗുരുതരമായ ഫംഗസ് രോഗബാധയാല്‍ മനുഷ്യവംശം ഒട്ടുമിക്കതും നരഭോജികളായി മാറുകയും അവരുടെ സര്‍വ്വനാശം സംഭവിപ്പിക്കുകയും ചെയ്ത ഒരു സ്ഥലത്തു നിന്നും വൈറസ് ബാധിതയാകുകയും എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതിരിക്കുകയും ചെയ്യുന്ന എല്ലീ എന്ന യുവതിയുമായി ഈ രോഗബാധയ്ക്ക് ഒരു പ്രതിരോധമരുന്ന്‍ കണ്ടെത്താനായി അപകടമേഖല തരണം ചെയ്ത് പോകുന്ന ജോയല്‍ എന്ന ഒരു മധ്യവയസ്ക്കന്റെ കഥയാണീ ഗെയിം പറഞ്ഞത്.

ജനിതകമാറ്റം വന്ന്‍ കൂടുതല്‍ അപകടകാരികളായി മാറിയ കോര്‍ഡിസെപ്സ് ഫംഗസുകളുടെ ആക്രമണം 2013 ല്‍ ലോകത്തിലെ ഒട്ടുമിക്ക ജനങ്ങളേയും ബാധിച്ചു. ഈ ഫംഗസ് ബാധിക്കപ്പെട്ട ജനങ്ങള്‍ നരഭോജികളായ ഭീകരരായി മാറുന്നു. ഇവര്‍ ആരെയെങ്കിലും കടിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ വൈറസ് അടുത്ത ആളിലേക്ക് പകരുന്നു. ഇപ്രകാരം കടിയേറ്റാല്‍ മണിക്കൂറുകള്‍ക്കകം ആ കടിയേറ്റയാള്‍ മാനസികനിയന്ത്രണം വിട്ട്  ഒടുവില്‍ ഒരു നരഭോജിയായിമാറുന്നു. ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടാനായി ജോയല്‍ തന്റെ മകളായ സാറയും സഹോദരന്‍ ടോമിയുമൊത്ത് ടെക്സാസില്‍ നിന്നും പലായനം ചെയ്യുന്നു. ഈ യാത്രയില്‍ ഒരു പട്ടാളക്കാരന്റെ വെടിയേറ്റ് സാറ ജോയലിന്റെ കൈകളില്‍ കിടന്ന്‍ മരിച്ചു. 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ഫംഗസ് ബാധയാല്‍ ഒട്ടുമിക്ക ജനങ്ങളും നശിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ ഒരു സുരക്ഷിതമേഖലയില്‍ കഴിയുകയാണ്. ഈ മേഖലയില്‍ തന്നെ കുറച്ച് ആള്‍ക്കാര്‍ സ്വന്തം വീടുകളിലും കുറച്ചുപേര്‍ നാടോടികളെപ്പോലെ അലഞ്ഞുതിരിഞ്ഞും കുറച്ചുപേര്‍ ഒരു ക്വാറന്റീന്‍ സോണിലും താമസിക്കുന്നു. ക്വാറന്റീന്‍ സോണില്‍ താമസിക്കുന്ന ജോയല്‍ ഒരു സ്മഗ്ലര്‍ ആയി കഴിയുകയാണ്. ജോയലിന്റെ കൂട്ടാളിയാണ് ടെസ്സ്. ഒരിക്കല്‍ ഇരുവരും ചേര്‍ന്ന്‍ റോബര്‍ട്ട് എന്ന ഒരു ഊഹക്കച്ചവടക്കാരനെ ആക്രമിച്ച് മുമ്പ് മോഷ്ടിക്കപ്പെട്ട ഒരു ആയുധശേഖരം വീണ്ടെടുക്കുവാന്‍ ശ്രമിക്കുന്നു. ടെസ്സിന്റെ കയ്യാല്‍ കൊല്ലപ്പെടുന്നതിനുമുന്നേ താന്‍ ക്വാറന്റീന്‍ സോണ്‍ അതോററ്റിക്കെതിരേ പ്രവര്‍ത്തിക്കുന്ന ഫയര്‍ ഫ്ലൈസ് എന്ന ഒരു റിബല്‍ ഗ്രൂപ്പിന് ആ ആയുധ ശേഖരം വില്‍പ്പന നടത്തിയിട്ടുണ്ടെന്ന്‍ റോബര്‍ട്ട് വെളിപ്പെടുത്തുന്നു.

ഫയര്‍ഫ്ലൈസ് ഗ്രൂപ്പിന്റെ നേതാവായ മാര്‍ലീന്റെ അടുത്ത് ഈ ആയുധശേഖരത്തെപ്പറ്റി തിരക്കി ജോയലും ടെസ്സുമെത്തുന്നു. എല്ലീ എന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയെ ഫയര്‍ഫ്ലൈസ് ഗ്രൂപ്പിന്റെ തന്നെ മറ്റൊരു സങ്കേതത്തില്‍ എത്തിക്കുകയാണെങ്കില്‍ അവര്‍ ഇപ്പോള്‍ അന്യോഷിക്കുന്ന ആയുധങ്ങളുടെ ഇരട്ടി നല്‍കാമെന്ന്‍ മാര്‍ലീന്‍ വാഗ്ദാനം ചെയ്യുന്നു. എല്ലിയുമൊത്ത് ജോയലും ടെസ്സും യാത്ര തുടങ്ങുമ്പോള്‍ ഒരു പട്രോളിംഗ് സംഘവുമായി നടന്ന ഏറ്റുമുട്ടലിനിടയില്‍ എല്ലിക്ക് നരഭോജികളുടെ കടിയേറ്റതായി അവര്‍ക്ക് മനസ്സിലാകുന്നു.മെന്നാല്‍ തനിക്ക് മൂന്നാഴ്ചയോളമായി നരഭോജികളുടെ കടിയേറ്റതായി എല്ലീ അവരൊട് പറയുന്നു. എല്ലിയുടെ രക്തത്തില്‍ ഉള്ള ഏതോ ആന്റീബോഡിയുടെ പ്രവര്‍ത്തനം മൂലമാണ് കടിയേറ്റിട്ടും അവള്‍ക്ക് രോഗബാധയുണ്ടാകാത്തതെന്ന്‍ മനസ്സിലാക്കിയ ജോയല്‍ ഈ രോഗത്തിന് ഒരു പ്രതിവിധി എല്ലിയില്‍ നിന്നും കണ്ടെത്താമെന്ന്‍‍ കരുതുന്നു. അങ്ങിനെ അവര്‍ യാത്ര ആരംഭിക്കുന്നു...

അമേരിക്കന്‍ ചരിത്രത്തില്‍ ആ വര്‍ഷം ഏറ്റവും വേഗതയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഈ വീഡിയോ ഗെയിം ഡവലപ്പ് ചെയ്യുവാനായി നോട്ടി ഡോഗ് ഏകദേശം നാലുവര്‍ഷത്തോളമെടുത്തു. ഇത് ഡയറക്ട് ചെയ്തത് ബ്വ്രൂസ് സ്ട്രെയിലിയും നീല്‍ ഡ്രക്ക്മാനും ചേര്‍ന്നായിരുന്നു. ഹൃദയാവര്‍ജ്ജകമായ ഇതിന്റെ സംഗീതം കൈകാര്യം ചെയ്തത് ഗുസ്താവോ സന്റോലല്ല ആയിരുന്നു. ലോകത്തിലെ വിവിധ പ്രമുഖരായ നിരൂപകര്‍ ഒന്നടങ്കം ഈ ഗെയിമിനെ മുക്തകണ്ഠം പ്രശംസിച്ചു. നിരൂപകരില്‍ ഒട്ടുമിക്കപേരും പത്തില്‍ പത്ത് മാര്‍ക്കും റിവ്യൂവില്‍ ഇതിനു നല്‍കുകയുണ്ടായി. ജോയലും എല്ലിയും തമ്മിലുടലെടുക്കുന്ന ബന്ധവും അതിന്റെ ആഴവും എല്ലാത്തരം നിരൂപകരുടേയും പ്രത്യേക പ്രശംസക്ക് പാത്രമായി.

വിപണിയില്‍ റിലീസായി ഒരാഴ്ചക്കുള്ളില്‍ ഒന്നരമില്യണിലധികം യൂണിറ്റുകളാണ് വിറ്റുപോയത്. 2013 ല്‍ വീഡിയോ ഗെയിം രംഗത്തുണ്ടായ വിപ്ലവം തന്നെയായിരുന്നു ഇത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഗെയിമിന്റെ വില്‍പ്പന മൂന്നരമില്യണ്‍ കടന്നു. യുണൈറ്റ്ഡ് കിംഗ്ഡത്തില്‍ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 3 മില്യണ്‍ പൌണ്ട് കരസ്ഥമാക്കിയ ഹോളിവുഡ് മൂവി മാന്‍ ഓഫ് സ്റ്റീലിന്റെ റിക്കോര്‍ഡും ഇത് തകര്‍ത്തു. യു എസ്, ഫ്രാന്‍സ്, അയര്‍ ലണ്ട്, സ്വീദന്‍, ഇറ്റലി, ഡെന്മാര്‍ക്ക്, നോര്‍വേ, ജപ്പാന്‍ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേയും ടോപ്പ് ചാര്‍ട്ടില്‍ വളരെ നാളുകള്‍ ഒന്നാം സ്ഥാനം അലങ്കരിച്ചു ദ ലാസ്റ്റ് ഓഫ് അസ്.

വീഡിയോ ഗെയിം ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയതും ഇതു തന്നെയായിരുന്നു. പ്രമുഖമായ 250 ഓളം അവാര്‍ഡുകളാണ് ദ ലാസ്റ്റ് ഓഫ് അസ് കരസ്ഥമാക്കിയത്.

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കീപീഡിയയും ഗെയിം ഭ്രാന്തനായ ഒരു അടുത്ത ചങ്ങാതിയും...

ശ്രീക്കുട്ടന്‍

Sunday, February 14, 2016

അവധിക്കാല അനുഭവങ്ങളും കാഴ്ചകളും

ഇക്കുറി ഡിസംബര്‍ മാസത്തില്‍ നാട്ടില്‍ പോകണമെന്നും പുത്രനുമായി ശബരിമലദര്‍ശനം നടത്തണമെന്നും ആഗ്രഹിച്ചിരുന്നതാണ്. ഒപ്പം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ സ്വന്തം വീട്ടില്‍ കയറിത്താമസം തുടങ്ങണമെന്നതും. എന്നാല്‍ അവിചാരിതമായി ഒരു തടസ്സം വന്നുപെട്ടതുമൂലം ഡിസംബര്‍ മാസത്തെ യാത്ര ജനുവരിയിലേയ്ക്ക് മാറ്റിവയ്ക്കേണ്ടിവന്നു. ഒരു കണക്കിനു അതും നന്നായി. വീടുപണി പൂര്‍ത്തിയായിട്ടില്ലായുര്‍ന്നു. ജനുവരി 6 നായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. വൈകുന്നേരം സ്വന്തം നാട്ടിലിറങ്ങി. ശ്രീമതിയും മകനും അമ്മയും അച്ഛനും അനന്തിരവന്മാരും അനുജന്റെ മകള്‍ വൈഗയും എന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഫ്ലൈറ്റില്‍ നിന്നും ഒന്നു കഴിക്കാതിരുന്നതുമൂലം നല്ല വിശപ്പനുഭവപ്പെടുന്നുണ്ടായിരുന്നു. പതിവുള്ള ചായ കുടിക്കാഞ്ഞതിനാല്‍ നല്ല തലവേദനയും. വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ നല്ലൊരു ഹോട്ടലില്‍ കയറി എല്ലാവരും കൂടി ഭക്ഷണമൊക്കെ കഴിച്ചിട്ടായിരുന്നു യാത്ര. വീടിന്റെ മിനുക്കുപണികളും പെയിന്റിംഗ് ജോലികളും ഒക്കെ കഴിഞ്ഞ ശേഷമുള്ള ഫോട്ടോ കാണാതിരുന്നതിനാല്‍ വീട് എങ്ങിനെയിരിക്കുന്നു എന്നത് ഒരു ആകാംഷയായി മനസ്സിലുണ്ടായിരുന്നു. സാമാന്യം ഇരുട്ട് വീണപ്പോഴാണ് തറവാട്ടിലെത്തിയത്. അതുകൊണ്ട് തന്നെ നേരം വെളുക്കുന്നതുവരെ മനസ്സിലെ ആകാംഷ അടക്കി.

നേരം വെളുത്തപ്പോള്‍ ഒരു കട്ടന്‍ ചായയും കുടിച്ച് അമ്പലത്തിന്റടുത്തേയ്ക്ക് നടന്നു. അവിടത്തെ കടയില്‍ നിന്നും ഒരു ചായ കുടിച്ചു. അഞ്ചാറുകൊല്ലമായിട്ടും നല്ലൊരു ചായ ഉണ്ടാക്കി നല്‍കുവാന്‍ ഇങ്ങേര് ശ്രമിക്കുന്നില്ലേ എന്ന ചോദ്യം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് ആ ചായ പകുതികുടിച്ച ശേഷം ബാക്കി കളഞ്ഞിട്ട് കാശും കൊടുത്ത് ഞാന്‍ എന്റെ വീട്ടിലേക്ക് നടന്നു. പെയിന്റിംഗ് ജോലികള്‍ പൂര്‍ണ്ണമായിട്ടുണ്ടായിരുന്നില്ല. ടൈല്‍സ് വര്‍ക്കൊക്കെ സാമാന്യം ഭംഗിയാക്കിത്തന്നെ ചെയ്തിരിക്കുന്നു. വീടിനകത്തെ പെയിന്റിംഗും ഇഷ്ടമായി. ഒരുവിധമെല്ലാം ജോലിയും പൂര്‍ണ്ണമായി. ഇനി നന്നായി വൃത്തിയാക്കണം. 11ആം തീയതിയാണ് പാലുകാച്ചല്‍ നിശ്ചയിച്ചിരിക്കുന്നത്. ഇനി വെറും 4 ദിവസം മാത്രം. കറണ്ട് കണക്ഷനുള്ള ഏര്‍പ്പാടിനായി 10 മണിയാകുമ്പോള്‍ ഓഫീസില്‍ പോകണം. അമ്പലത്തിനടുത്തേയ്ക്ക് മടങ്ങി 2 പേരെകൂട്ടിവന്ന്‍ വീടും പരിസരവും വൃത്തിയാക്കാനാരംഭിച്ചു. പിടിപ്പത് ജോലിയുണ്ടായിരുന്നു. വീടിനു ചുറ്റും ടൈല്‍സ് കഷണങ്ങളുടെ കൂനകളും കുഴികളെടുത്തതിന്റെ മണ്ണും മറ്റുമൊക്കെ കിടക്കുന്നത് മുഴുവന്‍ വൃത്തിയാക്കണം. പത്തുമണിയായപ്പോള്‍ ഇലക്ട്രിക് വര്‍ക്ക് ചെയ്ത തുളസിയണ്ണന്‍ വന്നു. പിന്നെ നെരെ ഇലക്ട്രിസിറ്റി ഓഫീസിലെക്ക്. അവിടെ നിന്നും ഓവര്‍സിയറെ വണ്യ്യിയില്‍ കൂട്ടിക്കൊണ്ട് വന്ന്‍ വീടും സ്ഥലവും കാട്ടിയിട്ട് പിന്നെ തിരിച്ച് വീണ്ടും ഓഫീസിലെക്ക് മടക്കം. അവര്‍ പറഞ്ഞ കാഷൊക്കെ അടച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മണി 2 കഴിഞ്ഞു. പെട്ടന്നു ഭക്ഷണമൊക്കെ കഴിഞ്ഞിട്ട് വീട്ടിലേക്ക് ചെന്നു. അവിടെ പെയിന്റിംഗ് നടക്കുന്നുണ്ട്. വൈകുന്നെരം അവര്‍ക്ക് ശമ്പളമൊക്കെ കൊടുത്തിട്ട് ശ്രീമതിയുടെ വീട് വരെ പോകാം എന്നുകരുതി ഡ്രെസ്സ് ഇട്ടുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ വരുന്നു. കറണ്ട് കണക്ഷന്‍ നല്‍കാനായി ഓവര്‍സിയറും ലൈന്‍ മാനും കൂടി വരുന്നുണ്ടെന്ന്‍. അങ്ങിനെ ഭാഗ്യത്തിനു അന്നു തന്നെ കണക്ഷന്‍ ലഭിച്ചു. രണ്ടുപെരെയും സാമാന്യം നന്നായി സല്‍ക്കരിച്ചുതന്നെ വിട്ടുബാക്കിയുള്ള ദിവസം മുഴുവന്‍ വീടുവൃത്തിയാക്കലും മറ്റു പണികളുമൊക്കെയായി പോയി. 11 ആം തീയതി രാവിലെ 9.15 നും 9.45 നും ഇടയ്ക്കായിരുന്നു മുഹൂര്‍ത്തം. നിലവിളക്കുമായി എന്റെ നല്ലപാതി വലതുകാല്‍ വച്ച് ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് കാലെടുത്തുവച്ചു. ജലകുംഭം തോളിലേന്തി ഞാനും പലവ്യഞ്ജനാദികളും മറ്റും നിറഞ്ഞ മുറവുമായി അമ്മയും. മനസ്സില്‍ അപ്പോള്‍ നിറഞ്ഞുനിന്ന സന്തോഷം മൂലം ഹൃദയസ്പന്ദനം ഇരട്ടിവേഗതയിലായിരുന്നു. പുലര്‍ച്ചെ നടന്ന ഗണപതിഹോമത്തിന്റെ ബാക്കിയായി സന്ധ്യക്ക് ഭഗവതിസേവയും തറരക്ഷയുമൊക്കെ ഉണ്ട്. എല്ലാം ശ്രീമതിയുടെ നിര്‍ബന്ധമാണ്. പൂജയൊക്കെ കഴിഞ്ഞപ്പോള്‍ രാത്രി 12 മണി കഴിഞ്ഞു. കാലില്‍ ഒരു ഇന്‍ഫെക്ഷന്‍ വന്ന്‍ വിരലുകള്‍ക്കിടയില്‍ അല്‍പ്പം പ്രശ്നമായിരുന്നത് അല്‍പ്പം കടുത്തുവെന്ന്‍ തോന്നുന്നു. അസഹ്യമായ വേദന. നിലത്ത് കാലു കുത്താനാകുന്നില്ല. സാമാന്യം നല്ല നീരും വന്നിരിക്കുന്നു. പൂജയെല്ലാം കഴിഞ്ഞ് റൂമും ഹാളുമൊക്കെ വൃത്തിയാക്കി കിടന്നപ്പോള്‍ ഒരു മണി ആകാറായി. പ്രീയതമയെ മാറോട് ചേര്‍ത്ത് കിടക്കവേ മനസ്സില്‍ ആഹ്ലാദം നിറഞ്ഞുനുരകുത്തുകയായിരുന്നു. ഇനിയുള്ള ജീവിതകാലം മുഴുവന്‍ എനിക്കും എന്റെ പ്രീയപ്പെട്ടവള്‍ക്കും എന്റെ കുഞ്ഞിനും കഴിയുവാന്‍ വേണ്ടി ഉണ്ടാക്കിയ ഞങ്ങളുടെ സ്വന്തം വീട്ടില്‍ ഉറങ്ങുന്നു.

രാവിലെ ഉണര്‍ന്ന്‍ പതിവുപോലെ അമ്പല‍ത്തിനടുത്ത് ചെന്ന്‍ ഒരു ചായയും കുടിച്ച് അനുജന്‍ പച്ചക്കറികൃഷി ചെയ്യുന്ന വയലിലേക്ക് നടന്നു. കാലാണെങ്കില്‍ നല്ല നീരുവച്ച് അസഹ്യമായ വേദനയും സമ്മാനിക്കുന്നു. അനുജന്റെ പച്ചക്കറിത്തൊട്ടം ഉഷാറായിട്ടുണ്ട്. ചീരയും പയറും പടവലവും വെണ്ടയും പാവലും ഒക്കെ വളര്‍ന്നു കൊണ്ടിരിക്കുന്നു. കുറേ നെരം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് വീട്ടിലേക്ക് മടങ്ങി. പത്തുമണിയാകാറായപ്പോള്‍ ആശുപത്രിയിലൊന്നുപോയി. അവര്‍ എഴുതി നല്‍കിയ മരുന്നൊക്കെ മേടിച്ചു. തൊട്ടടുത്ത ആഴ്ചയായിരുന്നു അപ്പച്ചിയുടെ ഇളയമകന്റെ കല്യാണം. അന്നേ ദിവസം തന്നെയായിരുന്നു ഞങ്ങള്‍ പഴയ സഹപാഠികളുടെ ഒത്തുചേരലും പ്ലാന്‍ ചെയ്തിരുന്നത്. രാവിലെ കല്യാണത്തിനുപോയി. 12 മണിക്കാണു മുഹൂര്‍ത്തം. കല്യാണ സ്ഥലത്ത് ആളൊന്നു കാണിച്ചിട്ട് ഞാന്‍ പതിയെ മുങ്ങി ചാത്തന്നൂരിലേക്ക്. 20 കൊല്ലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന സഹപാഠികളുടെ ഒത്തുചേരല്‍ ഒരു കാരണവശാലും ഒഴിവാക്കാനാകുമായിരുന്നില്ല. നന്നായി ആഘോഷിച്ച് മിനുങ്ങി വൈകിട്ട് ചെന്നപ്പോള്‍ ശ്രീമതിയുടെ മുഖത്ത് കാര്‍മെഘം നിറഞ്ഞിരിക്കുന്നു. പരിപൂര്‍ണ്ണ നിശബ്ദനായി മുറിയില്‍ കയറി അങ്ങ് കിടന്നു. എന്തിനാണൊരു കലഹം.

ജനുവരി 24 നായിരുന്നു കീഴാറ്റിങ്ങള്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയ കാവടി. മൂത്ത അനന്തിരവന്‍ കാവടിയെടുക്കുന്നുണ്ട്. ശൂലം കുത്തിയുള്ള കാവടിക്കായുള്ള കഠിന വ്രതത്തിലാണാശാന്‍.  ഏലാപ്പുറത്തു നിന്നും കാവടി ഘോഷയാത്രയുണ്ടായിരുന്നു. മാറൂട് അമ്പലത്തില്‍ വന്നിട്ടാണ് ഘോഷയാത്ര കീഴാറ്റിങ്ങലിലേക്ക് പോകുന്നത്. കാവടിക്കാര്‍ക്ക് കുടിക്കുവാനായി മില്‍ക്ക് ഷേക്കും തയ്യാറാക്കി ആറേഴുകവര്‍ ബ്രഡ്ഡും വാങ്ങി ഒപ്പം ഒരു കുല പഴവും. ഘോഷയാത്ര ഭംഗിയായി വന്നു മടങ്ങി. ഞങ്ങളെല്ലാവരും അതിനൊപ്പം നീങ്ങി മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ഘൊഷയാത്രകള്‍ വന്ന്‍ സംഗമിക്കുന്നിടത്തേയ്ക്ക്. കാണുമ്പോള്‍ തന്നെ ഭയം ജനിപ്പിക്കുന്ന മട്ടില്‍ കവിളുകളിലൂടെ കുത്തിയിറക്കിയ ശൂലധാരികളും ശരീരം മുഴുവന്‍ ഇരുമ്പുകൊളുത്തുകളില്‍ കോര്‍ത്ത് വാഹനങ്ങളില്‍ കെട്ടിയുറപ്പിച്ചിരിക്കുന്ന കവുങ്ങുകളില്‍ തൂങ്ങിയാടുന്ന ഭക്തിയുടെ രൂപങ്ങളും. അവ കണ്ടപ്പോള്‍ സത്യത്തില്‍ അസഹ്യതയാണ് തോന്നിയത്. അനന്തിരവനാകട്ടെ അവനേക്കാളും നീളമുള്ള ഒരു ശൂലം കവിളുകളിലൂടെ കുത്തിക്കയറ്റിയിരിക്കുന്നു. എന്തുതരം ഭക്തിയാണിതെന്നോര്‍ത്ത് അത്ഭുതം തോന്നിപ്പോയി.

25 നായിരുന്നു അനുജന്റെ രണ്ടാമത്തെ മകള്‍ വൈഷ്ണവിയുടേ ചോറൂണ്. മാറൂട് ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. തൊട്ടടുത്ത ദിവസം അവന്റെ ഭാര്യാഗൃഹത്തിനടുത്തുള്ള ക്ഷേത്രത്തില്‍ വച്ചും അതിനടുത്ത ദിവസം ഞ്ങ്ങളുടെ കുടുംബക്ഷേത്രമായ ചിറക്കരയില്‍ വച്ച് ചോറൂണ് നടത്തി. കുടുംബക്ഷേത്രം പുനര്‍നിര്‍മ്മിക്കുവാന്‍ വേണ്ടി എല്ലാം പൊളിച്ചിട്ടേക്കുകയായിരുന്നു. അതിലെക്കായി ഒരു ചെറിയ സംഭാവനും നല്‍കിയിട്ട് തൊഴുതുമടങ്ങി. അവിടത്തെ കുളത്തിലെ വലിയ മീനിനെകാണുവാനായി തൊട്ടടുത്ത കടയില്‍ നിന്നും പൊരിവാങ്ങികുളത്തിലിട്ടെങ്കിലും കുറച്ചു കുഞ്ഞു മീനുകള്‍ മാത്രമാണവിടെ ഉണ്ടായിരുന്നത്.

രണ്ട് ദിവസം കൂടിക്കഴിഞ്ഞപ്പൊള്‍ ഞാനും മകനും ശ്രീമതിയും കൂടി കന്യാകുമാരിയിലേക്ക് ഒരു യാത്ര പോയി. മുമ്പ് 20 കൊല്ലങ്ങള്‍ക്ക് മുന്നേ ഐ ടി ഐല്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാവരും കൂടി ഒരിക്കല്‍ കന്യാകുമാരിയില്‍ പോയിട്ടുണ്ട്. യാത്ര ബസ്സിലായിരുന്നു. മൂന്നു മണികഴിഞ്ഞു കന്യാകുമാരിയിലെത്തിയപ്പോള്‍. നല്ലൊരു ഹോട്ടലില്‍ മുറിയെടുത്ത് ബാഗും മറ്റുമൊക്കെ അവിടെ വച്ചശേഷം ഭക്ഷണം കഴിക്കാന്‍ പുറത്തേയ്ക്കിറങ്ങി. യാതൊരു രുചിയും തോന്നിപ്പിക്കാത്ത തരത്തിലുള്ള പച്ചരിച്ചോര്‍. കഴിച്ചുവെന്ന്‍ വരുത്തി മെല്ലെ കടപ്പുറത്തേയ്ക്ക് നടന്നു. ബോട്ടില്‍ കയറി വിവേകാനന്ദപ്പാറയിലിറങ്ങാമെന്നു കരുതിയപ്പോള്‍ ബോട്ടുയാത്രാസമയം അവസാനിച്ചുപോയിരുന്നു. ഇനി നാളെ മാത്രേ പറ്റൂ. കടപ്പുറത്തെത്തി. നല്ല തിരക്ക്. കടലുകണ്ടതും മകന്‍ അങ്ങുചാടി. ഇരുട്ട് പരക്കുന്നതുവരെ അവന്‍ അതില്‍ കിടന്നു. ഒരുപാട് നിര്‍ബന്ധിച്ചാണ് പിന്നെ അവിടെ നിന്നും കരകയറ്റി മടങ്ങിയത്. ഇടയ്ക്ക് അവനു കുതിരപ്പുറത്തുകയറണമെന്നു പറഞ്ഞു. പിന്നെ ശ്രീമതിയും മോനും കൂടി കുതിരസവാരി. 1 മിനിട്ട് ഒന്നു നടത്തും. അത്ര തന്നെ. മകന്‍ കാണിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒക്കെയും വാങ്ങിച്ചു. ശ്രീമതി കുറേയും റിബണും സ്ലൈഡും ഒക്കെ വാങ്ങുന്നുണ്ടായിരുന്നു. റൂമിലെത്തിയിട്ട് ഞാന്‍ ഡ്രെസ്സൊക്കെ മാറി നേരേ റെയില്‍വേ സ്റ്റേഷനിലേക്ക് ചെന്നു ട്രെയിന്‍ സമയമന്വോഷിച്ചു. പിറ്റേന്നു രാവിലെ 10.30 നു തിരുവനന്തപുരത്തേയ്ക്ക് ട്രയിനുണ്ട്. അതുകഴിഞ്ഞ് ഉച്ചക്ക് 2.30 നും. മടങ്ങിയെത്തി കുറച്ചുസമയം കഴിഞ്ഞ് പുറത്തേക്കിറങ്ങി ഒരു ചെറിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം.

രാവിലെ ഉണര്‍ന്ന്‍ കടപ്പുരത്തേയ്ക്ക് വീണ്ടും പോയി. ട്രയിന്‍ സമയമാകാറാകുമ്പോള്‍ മടങ്ങാമെന്നു കരുതി. ബോട്ട് സര്‍വ്വീസ് ആരംഭിച്ചിരുന്നു അപ്പോള്‍. മോന്‍ ബോട്ടില്‍ കയറണമെന്ന്‍ വാശിപിടിച്ചപ്പോള്‍ പിന്നെ നേരെ അങ്ങോട്ടേയ്ക്ക് വച്ചുപിടിച്ചു. ടിക്കറ്റെടുത്ത് അകത്തേയ്ക്ക് കയറിയപ്പോള്‍ ഒരു പള്ളിപ്പെരുന്നാളിനുള്ളത്ര ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നു. ഒരുമണിക്കൂറോളം ക്യൂ നിന്നിട്ടാണ് ബോട്ടില്‍ കയറാനൊത്തത്. ട10.30 നുള്ള ട്രയിന്‍ കിട്ടില്ല എന്നുറപ്പായിക്കഴിഞ്ഞു. വിവേകാനന്ദപ്പാറയിലിറങ്ങി അവിടം മുഴുവന്‍ ചുറ്റിക്കറങ്ങി. അതിമനോഹരമായ കാഴ്ചതന്നെയവിടം. തിരിച്ചുപോകാന്‍ വേണ്ടി ഏകദേശം ഒരു മണിക്കൂര്‍ വീണ്ടും ക്യൂവില്‍. ബോട്ടില്‍ നിന്നും കരയിലേക്കിറങ്ങി ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് റൂമിലെത്തി. അല്‍പ്പ നേരം വിശ്രമിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു. കൃത്യസമയത്തുതന്നെ ട്രയിന്‍ പുറപ്പെട്ടു. വൈകുന്നേരം 6.30 മണിയോടുകൂടി വീടും പിടിച്ചു.

കുറച്ചധികം കൊല്ലങ്ങളായി ഒരു സിനിമ തിയേറ്ററില്‍ നിന്നും കണ്ടിട്ട്. കുടുംബമായി ഒരു സിനിമയ്ക്ക് പോകാന്‍ തീരുമാനിച്ചു. മാറ്റിനിയ്ക്കുള്ള ഷോ. ചാര്‍ളി കാണണമെന്നായിരുന്നു. എന്നാല്‍ ആറ്റിങ്ങള്‍ എത്തിയപ്പോള്‍ അത് വൈകുന്നേരത്തേയ്ക്കുള്ള ഷോമാത്രമേയുള്ളൂ. പിന്നെ ദിലീപിന്റെ ടൂ കണ്ട്രീസ് കണ്ടു. കുറച്ചുതമാശയൊക്കെയുള്ള ഒരു നിര്‍ഗ്ഗുണ ചിത്രം. പ്രവാസത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം എല്ലാപേര്‍ക്കും കൂടി അത്താഴം എന്റെ വീട്ടില്‍ വച്ചാക്കാമെന്നു വച്ചു. ഉച്ചയായപ്പോള്‍ ആവശ്യത്തിനു സാധനങ്ങളും കോഴിയും ഒക്കെ വാങ്ങിവന്നു. അനുജനായിരുന്നു പാചകത്തിന്റെ മേല്‍നോട്ടം. വൈകുന്നേരമായപ്പോള്‍ അമ്മായി അമ്മയും അളിയനും മൂത്ത അപ്പച്ചിയും മറ്റൊരളിയനായ ഉണ്ണിയുടെ മകള്‍ പാറുവും ഒക്കെയായി വീട്ടില്‍ വന്നു. കൂട്ടുകാരിയെക്കണ്ടപ്പോള്‍ മോനും പെരുത്ത് സന്തോഷം. രാത്രി അച്ഛനും അമ്മയും അനുജനും അവന്റെ ഭാര്യയും കുട്ടികളും അനന്തിരവന്മാരും അമ്മായിയും അപ്പച്ചിയും ഒക്കെയായി ഭക്ഷണം. പിറ്റേന്ന്‍ ഉച്ചയ്ക്കുള്ള ഭക്ഷണവും വീട്ടില്‍ നിന്നു തന്നെ ആക്കി. അപ്പച്ചി രാവിലെ ഒരു പായസവും വച്ചു.

ഉച്ചയ്ക്ക് 2.30 ആയപ്പോള്‍ വീട്ടില്‍ നിന്നുമിറങ്ങി. വീണ്ടും യാന്ത്രികതയുടെ പ്രവാസലോകത്തേയ്ക്ക്. എയര്‍പോര്‍ട്ടില്‍ വച്ച് മകനൊരു ചുംബനവും നല്‍കി അകത്തേയ്ക്ക് കയറി ചടങ്ങുകളെല്ലാം തീര്‍ത്തശേഷം ബുക്ക് സ്റ്റാളില്‍ നിന്നും വാങ്ങിയ പട്ടം പറത്തുന്നവന്‍ എന്ന നോവലില്‍ മുങ്ങി കാത്തിരിപ്പാരംഭിച്ചു. അധിനിവേശവും പലായനങ്ങളും സൃഷ്ടിക്കുന്ന സങ്കടക്കാഴ്ചകള്‍ മനസ്സില്‍ നുരയിടുന്നു. ജനിച്ച നാട് വിട്ട്, പ്രീയപ്പെട്ടവരെ ഉപേക്ഷിച്ച് അകലേയ്ക്ക് പോകേണ്ടിവരുന്നവന്റെ സങ്കടം..അതെത്ര വിശദീകരിച്ചാലും മതിയാവില്ല. അനുഭവിക്കുക തന്നെ വേണം. അന്തരീക്ഷത്തില്‍ നിന്നും ഈ പാട്ട് ചെറുതായി ആരോ മൂളുന്നതുപോലെ അനുഭവപ്പെടുന്നു.

"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനെന്റെ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും"

ശ്രീക്കുട്ടന്‍

Thursday, February 4, 2016

ഗില്‍ഗമേഷ് - ചരിത്രത്തിലെ ആദ്യത്തെ ഇതിഹാസംവാമൊഴിയോ വരമൊഴിയായോ പ്രചരിക്കപ്പെട്ട കഥ എന്നർത്ഥം വരുന്ന മിത്തോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് മിത്ത് എന്ന വാക്കിന്റെ ഉത്ഭവം. മനുഷ്യവർഗ്ഗമാവിർഭവിച്ച കാലം മുതൽ തന്നെ അവനു മുന്നില്‍ ഒരു വിസ്മയമായി നില കൊണ്ടിരുന്ന ഒന്നാണ് ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും. ഇവ എങ്ങനെ സൃഷിക്കപ്പെട്ടു എന്നോർത്ത് അവൻ എക്കാലവും അത്ഭുത പരതന്ത്രനായിരുന്നു. പ്രപഞ്ചത്തിന്റെ നിഗുഡത അനാവരണം ചെയ്യുവാൻ അവൻ അന്നുമുതൽ പരിശ്രമിച്ചു കൊണ്ടിരുന്നു. പ്രപഞ്ചോൽപ്പത്തിയും ജീവജാലസൃഷ്ടിയും എങ്ങിനെയുണ്ടായി എന്നതിന് ആദിമ മനുഷ്യരിലെ ഭാവനാസമ്പന്നരുടെ ചിന്താസരണികൾക്കനുസരണമായി സൃഷ്ടിക്കപ്പെട്ട താല്ക്കാലിക ഉത്തരങ്ങളാണ് മിത്തുകൾ. ചരിത്രപരമായും നരവംശപരമായും മിത്തുകൾക്ക് വളരെ വലിയ പ്രധാന്യമാണ് ഉള്ളത്. ലിഖിത ചരിത്രത്തിനു മുന്നേയുള്ള മനുഷ്യജീവിതവും അവരുടെ ആചാരാനുഷ്ഠാനങ്ങളും സംസ്ക്കാരങ്ങളും ഒക്കെ വെളിപ്പെടുത്തുന്നത് ഇത്തരം മിത്തുകളിലൂടെയാണ്. മിത്തുകൾ നല്ലൊരളവിൽ ഭാവനാ സൃഷ്ടികളാണെങ്കിലും ആദിമമനുഷ്യ കാലഘട്ടത്തിലെ മനുഷ്യജീവിതവും സംസ്ക്കാരവും രാഷ്ട്രീയവും ദൈവവിശ്വാസവും മാചാരനുഷ്ടനങ്ങളും ഒക്കെ മനസ്സിലാക്കുവാന് ഈ മിത്തുകളുടെ സൂക്ഷ്മ പഠനം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന പ്രാചീന ജനത കൃഷി ചെയ്യുവാനാരംഭിച്ചതോടെ അലച്ചിലുകള്‍ ഒഴിവാക്കി ഒരിടത്ത് താമസമാരംഭിച്ചു. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൃഷികളേക്കാള്‍ സംഘം ചേര്‍ന്നുള്ള കൃഷികള്‍ സുരക്ഷിതവും ആദായകരവുമാണെന്ന്‍ മനസ്സിലാക്കിയ അവര്‍ അങ്ങിനെ പതിയെ സമൂഹങ്ങളായി മാറുകയായിരുന്നു. ഇപ്രകാരമുള്ള സാമൂഹ്യജീവിതത്തില്‍ അവര്‍ക്ക് ഒരു ആശയവിനിമയരീതി അത്യാവശ്യമായി വന്നു. ആദ്യകാലങ്ങളില്‍ ആംഗ്യങ്ങളിലൂടെയും മറ്റുമുണ്ടായിരുന്ന ആശയവിനിമയം പിന്നീട് പ്രാകൃതരൂപം കൈവിട്ട് ഒരു നിയതഭാഷയുടെ രൂപം കൈക്കൊള്ളാനാരംഭിച്ചു. കൃഷിയും സാമൂഹിക ജീവിതവും ആശയവിനിമയ രീതിയും പുതിയൊരു ജീവിതരീതിയുടെ നാന്ദി കുറിക്കുകയായിരുന്നു. പതിയെപ്പതിയെ സംസ്ക്കാരങ്ങള്‍ നിലവില്‍ വന്നുതുടങ്ങി. അപ്രകാരം നിലവില്‍ വന്ന ഏറ്റവും പ്രാചീനമായ സംസ്ക്കാരമായിരുന്നു മെസപ്പൊട്ടോമിയന്‍ സംസ്ക്കാരം. രാത്രി ഒത്തൊരുമിച്ചുകൂടിയവര്‍ കൊച്ചുവര്‍ത്തമാനങ്ങളും മറ്റുമൊക്കെ ഏര്‍പ്പെട്ട് പതിയെപ്പതിയെ അതില്‍ ഭാവനാസമ്പന്നരായ ആള്‍ക്കാര്‍ കഥപറച്ചിലുകാരായി മാറി. പലതും തങ്ങളുടെ ഗോത്രങ്ങളില്‍പ്പെട്ട വീരനായകന്മാരുടെ വീരാപദാനകഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞുതുടങ്ങിയത് തലമുറ തലമുറ കൈമറിഞ്ഞ് കൂട്ടിച്ചേര്‍ക്കലുകളും മറ്റും നിരവധി നടത്തപ്പെട്ട് അവ മിത്തുകളുടെ രൂപീകരണത്തിനു കാരണമായി. കാലം കഴിയവേ പഴയ പല മിത്തുകളും കൂടുതൽ കൂടുതൽ കൂട്ടിച്ചേർക്കലുകളും മറ്റും നടന്ന് നവീകരിക്കപ്പെട്ടു. പല മിത്തുകളുടേയും ഉപജ്ഞാതാക്കൾ ആരാണെന്നതിനെപ്പറ്റി വ്യക്തമായ യാതൊരു ധാരണയുമില്ല. ബി സി മൂവായിരത്തി അഞ്ഞൂറിനോടടുത്തു സുമേറിയക്കാർ എഴുത്തുവിദ്യ കണ്ടെത്തുംവരെ മിത്തുകളുടെ സൃഷ്ടിയും വ്യാപനവും വാമൊഴി രൂപത്തിൽ മാത്രമായിരുന്നു. എഴുത്തുവിദ്യ ആവിർഭവിച്ചതോടെ കളിമൺ ഫലകങ്ങളിൽ ക്യൂണിഫോം ലിപികളിൽ മിത്തുകൾ രേഖപ്പെടുത്തി വയ്ക്കുവാനാരംഭിച്ചു. ഉത്ഖനനത്തിലൂടെ ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ പുരാണങ്ങളും ഇതിഹാസങ്ങളും സുമേറിയൻ വംശജരുടെതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗിൽമേഷ് ഇപ്രകാരം ഉത്ഖനനത്തിലൂടെ ഏതാണ്ട് പൂർണ്ണമായും ലഭ്യമായിട്ടുണ്ട്. ഏകദേശം അഞ്ഞൂറുവർഷങ്ങള്‍ക്കിപ്പുറം ഈജിപ്തുകാർ ഹൈറോഗ്ലിപ്ക്സ് ലിപികൾ കൊണ്ട് പാപ്പിറസ് ചുരുളുകളിൽ കൂടുതൽ വ്യക്തമായും സുരക്ഷിതമായും എഴുതി സൂക്ഷിക്കാം എന്ന് കണ്ടെത്തുകയുണ്ടായി.


ഉത്ഖനനത്തിലൂടെ ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ പുരാണങ്ങളും ഇതിഹാസങ്ങളും സുമേറിയൻ വംശജരുടെതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗിൽമേഷ് ഇപ്രകാരം ഉത്ഖനനത്തിലൂടെ ഏതാണ്ട് പൂർണ്ണമായും ലഭ്യമായിട്ടുണ്ട്. സുമേറിയന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഗില്‍ഗമേഷ് കഥകള്‍ എല്ലാം കൂടി കോര്‍ത്തിണക്കി അക്കാഡിയന്‍ ഭാഷയില്‍ ഒരു വീരകഥയായി അത് മാറി. ആദ്യകാല സുമേറിയന്‍ ഗില്‍ഗമേഷ് ഗാഥയില്‍ നിന്നും കാലാന്തിരത്തില്‍ അക്കാഡിയന്‍ ഭാഷയിലേക്ക് രൂപാന്തിരണം സംഭവിച്ചപ്പോള്‍ ഗില്‍ഗമേഷ് വീരഗാഥയില്‍ ഒരുപാട് പൊടിപ്പും തൊങ്ങലും ചേര്‍ക്കപ്പെടുകയുണ്ടായി. വായ്മൊഴികളിലൂടെ വന്ന മാറ്റമാവണം അത്. മിക്കവാറും എല്ലാ യൂറോപ്യന്‍ ഭാഷകളിലും ഈ വീരകഥയുടെ സ്വത്യന്ത്രവിവര്‍ത്തനങ്ങളുണ്ട്.

അമരത്വം നേടാനുള്ള മനുഷ്യന്റെ ഇന്നും നിലയ്ക്കാത്ത ത്വരയുടെ ആദിമവീരഗാഥയുടെ ഒരു സംഗ്രഹമിതാ..

ഗില്‍ഗമേഷിന്റെ ഇതിഹാസം

പ്രാചീന സുമേറിയന്‍ സംസ്ക്കാരത്തിലെ പ്രബലമായൊരു രാഷ്ട്രമായിരുന്നു സുമേര്‍. സുമേറില്‍ തന്നെയുള്ള നഗരരാഷ്ട്രങ്ങളിലൊന്നായിരുന്ന ഉറൂക്കിന്റെ ഭരണാധികാരിയായിരുന്നു ഗില്‍ഗമേഷ്. ബി സി മൂന്നാം നൂറ്റാണ്ടിലായിരുന്നു ഗില്‍ഗമേഷിന്റെ ഭരണകാലം എന്നു അനുമാനിക്കപ്പെടുന്നു. നിന്‍സുന്‍ എന്ന ദേവതയുടെ പുത്രനായിരുന്ന ഗില്‍ഗമേഷ് ഒന്നാന്തരം യുദ്ധവീരനും വാസ്തുശില്‍പ്പിയും അതീവ ബുദ്ധിമാനും ഒക്കെയായിരുന്നു. തന്റെ നഗരത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാനായി ഒരു വലിയ കോട്ടതന്നെ അയാള്‍ പടുത്തുയര്‍ത്തി. രാജ്യത്തുണ്ടായിരുന്ന പുരുഷന്മാരെ അടിമകളാക്കിയ ഗില്‍ഗമേഷ് ഒട്ടുമിക്ക സ്ത്രീകളേയും തന്റെ വെപ്പാട്ടികളാക്കി വച്ചിരുന്നു. ഇതില്‍ ഉറൂക്കിലെ ജനങ്ങള്‍ അസംതൃപ്തരായിരുന്നെങ്കിലും ശക്തനായ ഗില്‍ഗമേഷിനെ എതിരിടാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല. ജനങ്ങള്‍ സൃഷ്ടിയുടെ ദേവതയായ അറുറുവിനെ വിളിച്ച് തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു. തന്റെ ജനതയുടെ പ്രാര്‍ത്ഥന ചെവിക്കൊണ്ട അറുറു ഗില്‍ഗമേഷിനെ തകര്‍ക്കുവാന്‍ കെല്‍പ്പുള്ള എന്‍കിഡു എന്ന കിരാതനെപ്പോലുള്ള മൃഗമനുഷ്യനെ സൃഷ്ടിച്ചു. വനത്തില്‍ വന്യമൃഗങ്ങളോടൊപ്പം എന്‍കിഡു അലഞ്ഞുതിരിഞ്ഞുനടന്നു. വേട്ടക്കാരുടെ കെണികളില്‍ വീഴുന്ന എല്ലാ മൃഗങ്ങളേയും എന്‍കിഡു രക്ഷപ്പെടുത്തിവിടാന്‍ തുടങ്ങി. നായാട്ടുകാര്‍ ഇതുമൂലം ഒരുപാട് ബുദ്ധിമുട്ടാനാരംഭിച്ചു. ഗില്‍ഗമേഷിന്റെ കൊട്ടാരത്തില്‍ നായാട്ടിറച്ചികൊണ്ട് നല്‍കുന്ന വേട്ടക്കാരനില്‍ നിന്നും രാജാവ് ഈ സത്വത്തെക്കുറിച്ച് അറിയാനിടയായി. ഒരു കിരാതരൂപിയുമായുള്ള ദ്വന്ദയുദ്ധത്തില്‍ പരാജയപ്പെട്ടതായി സ്വപ്നം കണ്ടതുമൂലം ഉറക്കം നഷ്ടപ്പെട്ടിരുന്ന ഗില്‍ഗമേഷിന് ഈ വാര്‍ത്ത കേട്ടപ്പോള്‍ ഭയം കൂടുകയാണ് ചെയ്തത്. താന്‍ സ്വപ്നത്തില്‍ കണ്ട രൂപം ഇതു തന്നെയായിരിക്കും എന്ന്‍ ഗില്‍ഗമേഷ് ഉറപ്പിച്ചു.

നേരിട്ട് അത്തരമൊരു സത്വത്തോട് പൊരുതി ജയിക്കുന്നത് അസാധ്യമാണെന്ന്‍ തോന്നിയ ഗില്‍ഗമേഷ് അഭിജ്ഞരുടെ നിര്‍ദ്ദേശപ്രകാരം ചതുരയായൊരു ഗണികസ്ത്രീയെ എന്‍കിഡുവിനെ വശീകരിച്ചുകൊണ്ടുവരുവാനായി നിയോഗിച്ചു. ആ സ്ത്രീ വിരിച്ച വലയില്‍ എന്‍കിഡു വീണു. അവളുമൊത്ത് ഒരാഴ്ചയോളം രമിച്ചുമദിച്ച എന്‍കിഡു ഒടുവില്‍ അവളോടൊപ്പം ഉറൂക്കിലേക്ക് യാത്രയായി. ഉറൂക്കിലെത്തിയ എന്‍കിഡു താമസം വിനാ ഗില്‍ഗമേഷുമായി ഇടയുകയും രണ്ടുപേരും തമ്മില്‍ അതിശക്തമായൊരു ദ്വന്ദയുദ്ധം നടക്കുകയും ചെയ്തു. തുല്യശക്തികളായ ഇരുവരും തമ്മിലുള്ള യുദ്ധം ഒരുപാട് നേരം നീണ്ടു. യുദ്ധത്തില്‍ ഒടുവില്‍ എന്‍കിഡു ഗില്‍ഗമേഷിനെ തറപറ്റിച്ചു. എന്നാല്‍ ആ യുദ്ധാനന്തരം ഇരുവരും ആത്മാര്‍ത്ഥസുഹൃത്തുക്കളായി മാറി. എന്‍കിഡുവിനെ കൊട്ടാരത്തില്‍ തന്നോടൊപ്പം കഴിയുവാന്‍ ക്ഷണിച്ച ഗില്‍ഗമേഷ് എന്‍കിഡുവിന് ധാരളാം സമ്മാനങ്ങളും സ്ഥാനമാനങ്ങളും കല്‍പ്പിച്ചു നല്‍കുകയും ചെയ്തു.

ഒരു രാത്രി ഗില്‍ഗമേഷ് ഒരു  ഭയാനകസ്വപ്നം കണ്ടു. ഒരു ഭീകരസത്വം തന്നെ കൊന്ന്‍ പാതാളലോകത്തേയ്ക്ക് കൊണ്ടുപോയതായിട്ടായിരുന്നു ആ സ്വപ്നം അയാള്‍ കണ്ടത്. തന്റെ സുഹൃത്തിന്റെ മരണഭയമകറ്റാന്‍ സൂര്യദേവനായ ശമഷിന് എന്‍കിഡു ഒരു ബലിയര്‍പ്പിച്ചു. അതില്‍ സംപ്രീതനായ ശമഷ് എന്‍കിഡുവിനോടും ഗില്‍ഗമേഷിനോടും കൂടി ദേവദാരുപര്‍വ്വതത്തിന്റെ അധിപനായ ഹുംബാബയെ തോല്‍പ്പിച്ച് ദേവദാരു വൃക്ഷങ്ങള്‍ വെട്ടിക്കൊണ്ട് വന്ന്‍ തനിക്കായി ഉറൂക്കില്‍ ഒരു അമ്പലം പണികഴിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അതു കെട്ട ഇരുവരും ഉടന്‍ യാത്രയാവുകയും നീണ്ടൊരു പോരാട്ടത്തിലൂടെ ഹുംബാബയെ തോല്‍പ്പിക്കുകയും ചെയ്തു. പരാജിതനായ ഹുംബാബയുടെ തല എന്‍കിഡു വെട്ടിയെടുത്തു. യുദ്ധാനന്തരം അവര്‍ അരുവിയില്‍ കുളിച്ച് വിശ്രമിക്കവേ പ്രണയത്തിന്റെ ദേവതയായ ഇഷ്താര്‍ അവിടെ അവിചാരിതമായി വരികയും വീരനും ആരോഗ്യദൃഡഗാത്രനുമായ ഗില്‍ഗമേഷില്‍ ഭ്രമിച്ച് പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ ആ അഭ്യര്‍ത്ഥന നിരസിച്ച ഗില്‍ഗമേഷ് എന്‍കിഡുവുമൊത്ത് കൊട്ടാരത്തിലേയ്ക്ക് മടങ്ങി. ഒരു മനുഷ്യന്‍ തന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതില്‍ കുപിതയായ ഇഷ്താര്‍ ആനു എന്ന മറ്റൊരു ദൈവത്തിന്റെ സഹായത്തോടേ  ഒരു കൂറ്റന്‍ വൃഷഭത്തെ സൃഷ്ടിച്ച് ഉറൂക്കിലേക്കയച്ചു. സകലതും തച്ചുതകര്‍ത്ത് പാഞ്ഞുവന്ന ആ കാലക്കൂറ്റനെ ഗില്‍ഗമേഷും എന്‍കിഡുവും ചേര്‍ന്നു കൊന്നു. കൂടുതല്‍ കുപിതയായ ഇഷ്താര്‍ മാരകമായ ഒരു ശാപം എന്‍കിഡുവിനു നല്‍കുകയും അതുമൂലം എന്‍കിഡു രോഗഗ്രസ്തനായി എട്ടുപത്തുദിവസങ്ങള്‍ക്കുള്ളില്‍ മരണമടയുകയും ചെയ്തു.

തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ മരണം ഗില്‍ഗമേഷിനെ നിത്യദുഃഖത്തിലാഴ്ത്തി. മരണഭയം അയാളെ വേട്ടയാടാന്‍ തുടങ്ങി. മഹാപ്രളയത്തെ അതിജീവിച്ച ഉത്നാപിഷ്ടിം എന്ന ചിരഞ്ജീവിയുടെ പക്കല്‍ അമരത്വം നേടാനുള്ള മരുന്നുണ്ട് എന്നറിഞ്ഞ ഗില്‍ഗമേഷ് യാത്രയാരംഭിച്ചു. ഒരുപാട് കൊടും യാതനകള്‍ക്കും അലച്ചിലുകള്‍ക്കും ശേഷം ഗില്‍ഗമേഷ് ഉത്നാപിഷ്ടിമിന്റെ അടുത്തെത്തി.സമുദ്രത്തിന്റെ അത്യഗാധതയില്‍ വളരുന്ന ഒരു ചെടിയാണ് അമരത്വം നല്‍കുന്നതെന്നറിഞ്ഞ ഗില്‍ഗമേഷ് സമുദ്രാന്തര്‍ഭാഗത്തു നിന്നും ആ ചെടികണ്ടെത്തുകയും അതിനുശേഷം ആ അമരത്വം തന്റെ ജനതയ്ക്കൊപ്പം പങ്കുവയ്ക്കണമെന്നാഗ്രഹിച്ച് മടക്കയാത്ര ആരംഭിക്കുകയും ചെയ്തു. യാത്രാമധ്യേ ക്ഷീണമകറ്റാന്‍ ഒരു നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കരയില്‍ ഒരു പാറപ്പുറത്തായി വച്ചിരുന്ന ആ അത്ഭുതസസ്യത്തെ ഒരു നാഗത്താന്‍ ഭക്ഷണമാക്കി. താന്‍ വളരെ യാതനകളും കഷ്ടപ്പാടുകളും സഹിച്ചു സ്വന്തമാക്കിയ അമരത്വം കൈവിട്ടുപോയതറിഞ്ഞ ഗില്‍ഗമേഷ് തകര്‍ന്നുപോയി. ഒരുപാട് നേരത്തെ വിലാപങ്ങള്‍ക്ക് ശേഷം ആകെ തകര്‍ന്ന ആ മനുഷ്യന്‍ തന്റെ നഗരത്തിലേയ്ക്ക് മടക്കയാത്രയാരംഭിച്ചു. ഭാവിജീവിതകാലത്ത് ജനങ്ങള്‍ക്ക് നന്മചെയ്യുന്ന നല്ലതു ചെയ്യുന്ന ഒരു ഭരണാധികാരിയായി മാറിയ ഗില്‍ഗമേഷ് ജനങ്ങളുടെ സ്നേഹാദരങ്ങള്‍ക്ക് പാത്രനായി വസിക്കയുണ്ടായി.

അവലംബം - ഡി സി ബുക്സിന്റെ ലോക ഇതിഹാസകഥകള്‍ വോള്യം 1. ചിത്രം ഗൂഗിളില്‍ നിന്നും

ശ്രീക്കുട്ടന്‍