Wednesday, February 17, 2016

'ദ ലാസ്റ്റ് ഓഫ് അസ്'

ലോകം ഇന്ന്‍ വീഡിയോ ഗെയിമുകളുടെ പിന്നാലെയാണ്. ഒരുവേള സിനിമകളും ടെലിവിഷന്‍ സീരീസുകളും മറ്റു സോക്കര്‍ ഗെയിമുകളും ആസ്വദിക്കുന്നതിന്റെ ഇരട്ടിയലധികം ആള്‍ക്കാര്‍ വീഡിയോ ഗെയിമുകള്‍ ആസ്വദിക്കുന്നുണ്ട്. മുമ്പ് കാലത്ത് ഒരു കുഞ്ഞ് ചതുരക്കട്ടയില്‍ കൈക്കുള്ളിലിരുന്ന്‍ ഞെക്കിക്കുത്തിക്കളിച്ച ചെറിയ കളികളില്‍ നിന്നും ഇന്ന്‍ കണ്മുന്നില്‍ നടക്കുന്ന, സ്വയം കഥാപാത്രങ്ങളാകുന്ന വിര്‍ച്വല്‍ റിയാലിറ്റിയുടെ അത്ഭുതപരതന്ത്രത സമ്മാനിക്കുന്ന ഒന്നായി വീഡിയോ ഗെയിമുകള്‍ വളര്‍ന്നിരിക്കുന്നു. ഓരോ വീഡിയോ ഗെയിമുകളും സൃഷ്ടിക്കപ്പെടുന്നത് വര്‍ഷങ്ങളുടെ സൂക്ഷ്മതയും പ്രയത്നവും ഒക്കെക്കൊണ്ടാണ്. വീഡിയോ ഗെയിമുകളുടെ പിറവിക്കായി വന്‍ കിട കമ്പനികള്‍ ഓരോ വര്‍ഷവും മുടക്കുന്ന തുക ഭീമമായ ഒന്നാണ്. ഒരുവേള വന്‍ ചിലവേറിയ ഹോളിവുഡ്ഡ് സിനിമകളേക്കാളും അധികമാണ് ഒരു വീഡിയോ ഗെയിമിന്റെ നിര്‍മ്മിതിക്കായി കമ്പനികള്‍ ചിലവഴിക്കുന്നത്. വീഡിയോ ഗെയിം ഡവലപ്പ് മെന്റ് കമ്പനികളില്‍ മുന്നില്‍ നില്‍ക്കുന്നത് സോണി, യുബിസോഫ്റ്റ്, ആക്ടിവിഷന്‍, നോട്ടി ഡോഗ്, കൊണാമി, റോക്ക്സ്റ്റാര്‍ ഗെയിംസ് തുടങ്ങിയവരാണ്. 2015 വര്‍ഷത്തില്‍ അമേരിക്കന്‍ വിപണിയില്‍ നിന്നു മാത്രം വീഡിയോ ഗെയിം കമ്പനികള്‍ കൊയ്തെടുത്തത് 23.5 ബില്യണ്‍ ഡോളറാണ്. വീഡിയോ ഗെയിമുകളുടെ അതിപ്രസരം ഒരു തലമുറയെ അലസരും ഒരിടത്ത് ചടഞ്ഞുകൂടിയിരിക്കുന്നവരുമാക്കി മാറ്റുന്നു എന്ന വിമര്‍ശനം നേരിടുമ്പോള്‍ തന്നെ ആള്‍ക്കാരെ ആകാംഷയുടേയും അതിശയത്തിന്റേയും മുള്‍ മുനയില്‍ നിര്‍ത്തുന്ന പുതിയ പുതിയ ഗെയിമുകള്‍ വിപണിയിലെത്തുന്നു. ലോകം മുഴുവന്‍ സ്വീകരിച്ച ഒരു ഗെയിമിനെക്കുറിച്ചുള്ളതാണീ ചെറുകുറിപ്പ്

അമേരിക്കന്‍ വീഡിയോ ഗെയിം ഡെവലപര്‍ കമ്പനിയായ 'നോട്ടി ഡോഗ്' നിര്‍മ്മിച്ച് 'സോണി കമ്പ്യൂട്ടര്‍ എന്റര്‍റ്റെയിന്‍മെന്റ് കോര്‍പ്പറേഷന്‍' 2013 ജൂണില്‍ 'പ്ലേ സ്റ്റേഷന്‍ 3' യില്‍ റിലീസ് ചെയ്ത ഒരു ആക്ഷന്‍ ഹൊറര്‍ സര്‍വൈവല്‍ ത്രില്ലര്‍ വീഡിയോ ഗെയിം ആയിരുന്നു 'ദ ലാസ്റ്റ് ഓഫ് അസ്'. ഈ ഗെയിമിന്റെ തന്നെ അപ്ഡേറ്റഡ് വെര്‍ഷന്‍ 2014 ല്‍ 'പ്ലേ സ്റ്റേഷന്‍ 4' ല്‍ റിലീസ് ചെയ്യപ്പെടുകയുണ്ടായി. ഗുരുതരമായ ഫംഗസ് രോഗബാധയാല്‍ മനുഷ്യവംശം ഒട്ടുമിക്കതും നരഭോജികളായി മാറുകയും അവരുടെ സര്‍വ്വനാശം സംഭവിപ്പിക്കുകയും ചെയ്ത ഒരു സ്ഥലത്തു നിന്നും വൈറസ് ബാധിതയാകുകയും എന്നാല്‍ രോഗലക്ഷണങ്ങള്‍ പ്രകടമാക്കാതിരിക്കുകയും ചെയ്യുന്ന എല്ലീ എന്ന യുവതിയുമായി ഈ രോഗബാധയ്ക്ക് ഒരു പ്രതിരോധമരുന്ന്‍ കണ്ടെത്താനായി അപകടമേഖല തരണം ചെയ്ത് പോകുന്ന ജോയല്‍ എന്ന ഒരു മധ്യവയസ്ക്കന്റെ കഥയാണീ ഗെയിം പറഞ്ഞത്.

ജനിതകമാറ്റം വന്ന്‍ കൂടുതല്‍ അപകടകാരികളായി മാറിയ കോര്‍ഡിസെപ്സ് ഫംഗസുകളുടെ ആക്രമണം 2013 ല്‍ ലോകത്തിലെ ഒട്ടുമിക്ക ജനങ്ങളേയും ബാധിച്ചു. ഈ ഫംഗസ് ബാധിക്കപ്പെട്ട ജനങ്ങള്‍ നരഭോജികളായ ഭീകരരായി മാറുന്നു. ഇവര്‍ ആരെയെങ്കിലും കടിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ വൈറസ് അടുത്ത ആളിലേക്ക് പകരുന്നു. ഇപ്രകാരം കടിയേറ്റാല്‍ മണിക്കൂറുകള്‍ക്കകം ആ കടിയേറ്റയാള്‍ മാനസികനിയന്ത്രണം വിട്ട്  ഒടുവില്‍ ഒരു നരഭോജിയായിമാറുന്നു. ഈ അപകടത്തില്‍ നിന്നും രക്ഷപ്പെടാനായി ജോയല്‍ തന്റെ മകളായ സാറയും സഹോദരന്‍ ടോമിയുമൊത്ത് ടെക്സാസില്‍ നിന്നും പലായനം ചെയ്യുന്നു. ഈ യാത്രയില്‍ ഒരു പട്ടാളക്കാരന്റെ വെടിയേറ്റ് സാറ ജോയലിന്റെ കൈകളില്‍ കിടന്ന്‍ മരിച്ചു. 20 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴേയ്ക്കും ഫംഗസ് ബാധയാല്‍ ഒട്ടുമിക്ക ജനങ്ങളും നശിപ്പിക്കപ്പെട്ടുകഴിഞ്ഞിരുന്നു. അതില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ ഒരു സുരക്ഷിതമേഖലയില്‍ കഴിയുകയാണ്. ഈ മേഖലയില്‍ തന്നെ കുറച്ച് ആള്‍ക്കാര്‍ സ്വന്തം വീടുകളിലും കുറച്ചുപേര്‍ നാടോടികളെപ്പോലെ അലഞ്ഞുതിരിഞ്ഞും കുറച്ചുപേര്‍ ഒരു ക്വാറന്റീന്‍ സോണിലും താമസിക്കുന്നു. ക്വാറന്റീന്‍ സോണില്‍ താമസിക്കുന്ന ജോയല്‍ ഒരു സ്മഗ്ലര്‍ ആയി കഴിയുകയാണ്. ജോയലിന്റെ കൂട്ടാളിയാണ് ടെസ്സ്. ഒരിക്കല്‍ ഇരുവരും ചേര്‍ന്ന്‍ റോബര്‍ട്ട് എന്ന ഒരു ഊഹക്കച്ചവടക്കാരനെ ആക്രമിച്ച് മുമ്പ് മോഷ്ടിക്കപ്പെട്ട ഒരു ആയുധശേഖരം വീണ്ടെടുക്കുവാന്‍ ശ്രമിക്കുന്നു. ടെസ്സിന്റെ കയ്യാല്‍ കൊല്ലപ്പെടുന്നതിനുമുന്നേ താന്‍ ക്വാറന്റീന്‍ സോണ്‍ അതോററ്റിക്കെതിരേ പ്രവര്‍ത്തിക്കുന്ന ഫയര്‍ ഫ്ലൈസ് എന്ന ഒരു റിബല്‍ ഗ്രൂപ്പിന് ആ ആയുധ ശേഖരം വില്‍പ്പന നടത്തിയിട്ടുണ്ടെന്ന്‍ റോബര്‍ട്ട് വെളിപ്പെടുത്തുന്നു.

ഫയര്‍ഫ്ലൈസ് ഗ്രൂപ്പിന്റെ നേതാവായ മാര്‍ലീന്റെ അടുത്ത് ഈ ആയുധശേഖരത്തെപ്പറ്റി തിരക്കി ജോയലും ടെസ്സുമെത്തുന്നു. എല്ലീ എന്ന കൌമാരക്കാരിയായ പെണ്‍കുട്ടിയെ ഫയര്‍ഫ്ലൈസ് ഗ്രൂപ്പിന്റെ തന്നെ മറ്റൊരു സങ്കേതത്തില്‍ എത്തിക്കുകയാണെങ്കില്‍ അവര്‍ ഇപ്പോള്‍ അന്യോഷിക്കുന്ന ആയുധങ്ങളുടെ ഇരട്ടി നല്‍കാമെന്ന്‍ മാര്‍ലീന്‍ വാഗ്ദാനം ചെയ്യുന്നു. എല്ലിയുമൊത്ത് ജോയലും ടെസ്സും യാത്ര തുടങ്ങുമ്പോള്‍ ഒരു പട്രോളിംഗ് സംഘവുമായി നടന്ന ഏറ്റുമുട്ടലിനിടയില്‍ എല്ലിക്ക് നരഭോജികളുടെ കടിയേറ്റതായി അവര്‍ക്ക് മനസ്സിലാകുന്നു.മെന്നാല്‍ തനിക്ക് മൂന്നാഴ്ചയോളമായി നരഭോജികളുടെ കടിയേറ്റതായി എല്ലീ അവരൊട് പറയുന്നു. എല്ലിയുടെ രക്തത്തില്‍ ഉള്ള ഏതോ ആന്റീബോഡിയുടെ പ്രവര്‍ത്തനം മൂലമാണ് കടിയേറ്റിട്ടും അവള്‍ക്ക് രോഗബാധയുണ്ടാകാത്തതെന്ന്‍ മനസ്സിലാക്കിയ ജോയല്‍ ഈ രോഗത്തിന് ഒരു പ്രതിവിധി എല്ലിയില്‍ നിന്നും കണ്ടെത്താമെന്ന്‍‍ കരുതുന്നു. അങ്ങിനെ അവര്‍ യാത്ര ആരംഭിക്കുന്നു...

അമേരിക്കന്‍ ചരിത്രത്തില്‍ ആ വര്‍ഷം ഏറ്റവും വേഗതയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഈ വീഡിയോ ഗെയിം ഡവലപ്പ് ചെയ്യുവാനായി നോട്ടി ഡോഗ് ഏകദേശം നാലുവര്‍ഷത്തോളമെടുത്തു. ഇത് ഡയറക്ട് ചെയ്തത് ബ്വ്രൂസ് സ്ട്രെയിലിയും നീല്‍ ഡ്രക്ക്മാനും ചേര്‍ന്നായിരുന്നു. ഹൃദയാവര്‍ജ്ജകമായ ഇതിന്റെ സംഗീതം കൈകാര്യം ചെയ്തത് ഗുസ്താവോ സന്റോലല്ല ആയിരുന്നു. ലോകത്തിലെ വിവിധ പ്രമുഖരായ നിരൂപകര്‍ ഒന്നടങ്കം ഈ ഗെയിമിനെ മുക്തകണ്ഠം പ്രശംസിച്ചു. നിരൂപകരില്‍ ഒട്ടുമിക്കപേരും പത്തില്‍ പത്ത് മാര്‍ക്കും റിവ്യൂവില്‍ ഇതിനു നല്‍കുകയുണ്ടായി. ജോയലും എല്ലിയും തമ്മിലുടലെടുക്കുന്ന ബന്ധവും അതിന്റെ ആഴവും എല്ലാത്തരം നിരൂപകരുടേയും പ്രത്യേക പ്രശംസക്ക് പാത്രമായി.

വിപണിയില്‍ റിലീസായി ഒരാഴ്ചക്കുള്ളില്‍ ഒന്നരമില്യണിലധികം യൂണിറ്റുകളാണ് വിറ്റുപോയത്. 2013 ല്‍ വീഡിയോ ഗെയിം രംഗത്തുണ്ടായ വിപ്ലവം തന്നെയായിരുന്നു ഇത്. മൂന്നാഴ്ചയ്ക്കുള്ളില്‍ ഗെയിമിന്റെ വില്‍പ്പന മൂന്നരമില്യണ്‍ കടന്നു. യുണൈറ്റ്ഡ് കിംഗ്ഡത്തില്‍ റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 3 മില്യണ്‍ പൌണ്ട് കരസ്ഥമാക്കിയ ഹോളിവുഡ് മൂവി മാന്‍ ഓഫ് സ്റ്റീലിന്റെ റിക്കോര്‍ഡും ഇത് തകര്‍ത്തു. യു എസ്, ഫ്രാന്‍സ്, അയര്‍ ലണ്ട്, സ്വീദന്‍, ഇറ്റലി, ഡെന്മാര്‍ക്ക്, നോര്‍വേ, ജപ്പാന്‍ തുടങ്ങി ഒട്ടുമിക്ക രാജ്യങ്ങളിലേയും ടോപ്പ് ചാര്‍ട്ടില്‍ വളരെ നാളുകള്‍ ഒന്നാം സ്ഥാനം അലങ്കരിച്ചു ദ ലാസ്റ്റ് ഓഫ് അസ്.

വീഡിയോ ഗെയിം ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയതും ഇതു തന്നെയായിരുന്നു. പ്രമുഖമായ 250 ഓളം അവാര്‍ഡുകളാണ് ദ ലാസ്റ്റ് ഓഫ് അസ് കരസ്ഥമാക്കിയത്.

വിവരങ്ങള്‍ക്ക് കടപ്പാട് വിക്കീപീഡിയയും ഗെയിം ഭ്രാന്തനായ ഒരു അടുത്ത ചങ്ങാതിയും...

ശ്രീക്കുട്ടന്‍

Sunday, February 14, 2016

അവധിക്കാല അനുഭവങ്ങളും കാഴ്ചകളും

ഇക്കുറി ഡിസംബര്‍ മാസത്തില്‍ നാട്ടില്‍ പോകണമെന്നും പുത്രനുമായി ശബരിമലദര്‍ശനം നടത്തണമെന്നും ആഗ്രഹിച്ചിരുന്നതാണ്. ഒപ്പം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ സ്വന്തം വീട്ടില്‍ കയറിത്താമസം തുടങ്ങണമെന്നതും. എന്നാല്‍ അവിചാരിതമായി ഒരു തടസ്സം വന്നുപെട്ടതുമൂലം ഡിസംബര്‍ മാസത്തെ യാത്ര ജനുവരിയിലേയ്ക്ക് മാറ്റിവയ്ക്കേണ്ടിവന്നു. ഒരു കണക്കിനു അതും നന്നായി. വീടുപണി പൂര്‍ത്തിയായിട്ടില്ലായുര്‍ന്നു. ജനുവരി 6 നായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. വൈകുന്നേരം സ്വന്തം നാട്ടിലിറങ്ങി. ശ്രീമതിയും മകനും അമ്മയും അച്ഛനും അനന്തിരവന്മാരും അനുജന്റെ മകള്‍ വൈഗയും എന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഫ്ലൈറ്റില്‍ നിന്നും ഒന്നു കഴിക്കാതിരുന്നതുമൂലം നല്ല വിശപ്പനുഭവപ്പെടുന്നുണ്ടായിരുന്നു. പതിവുള്ള ചായ കുടിക്കാഞ്ഞതിനാല്‍ നല്ല തലവേദനയും. വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ നല്ലൊരു ഹോട്ടലില്‍ കയറി എല്ലാവരും കൂടി ഭക്ഷണമൊക്കെ കഴിച്ചിട്ടായിരുന്നു യാത്ര. വീടിന്റെ മിനുക്കുപണികളും പെയിന്റിംഗ് ജോലികളും ഒക്കെ കഴിഞ്ഞ ശേഷമുള്ള ഫോട്ടോ കാണാതിരുന്നതിനാല്‍ വീട് എങ്ങിനെയിരിക്കുന്നു എന്നത് ഒരു ആകാംഷയായി മനസ്സിലുണ്ടായിരുന്നു. സാമാന്യം ഇരുട്ട് വീണപ്പോഴാണ് തറവാട്ടിലെത്തിയത്. അതുകൊണ്ട് തന്നെ നേരം വെളുക്കുന്നതുവരെ മനസ്സിലെ ആകാംഷ അടക്കി.

നേരം വെളുത്തപ്പോള്‍ ഒരു കട്ടന്‍ ചായയും കുടിച്ച് അമ്പലത്തിന്റടുത്തേയ്ക്ക് നടന്നു. അവിടത്തെ കടയില്‍ നിന്നും ഒരു ചായ കുടിച്ചു. അഞ്ചാറുകൊല്ലമായിട്ടും നല്ലൊരു ചായ ഉണ്ടാക്കി നല്‍കുവാന്‍ ഇങ്ങേര് ശ്രമിക്കുന്നില്ലേ എന്ന ചോദ്യം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് ആ ചായ പകുതികുടിച്ച ശേഷം ബാക്കി കളഞ്ഞിട്ട് കാശും കൊടുത്ത് ഞാന്‍ എന്റെ വീട്ടിലേക്ക് നടന്നു. പെയിന്റിംഗ് ജോലികള്‍ പൂര്‍ണ്ണമായിട്ടുണ്ടായിരുന്നില്ല. ടൈല്‍സ് വര്‍ക്കൊക്കെ സാമാന്യം ഭംഗിയാക്കിത്തന്നെ ചെയ്തിരിക്കുന്നു. വീടിനകത്തെ പെയിന്റിംഗും ഇഷ്ടമായി. ഒരുവിധമെല്ലാം ജോലിയും പൂര്‍ണ്ണമായി. ഇനി നന്നായി വൃത്തിയാക്കണം. 11ആം തീയതിയാണ് പാലുകാച്ചല്‍ നിശ്ചയിച്ചിരിക്കുന്നത്. ഇനി വെറും 4 ദിവസം മാത്രം. കറണ്ട് കണക്ഷനുള്ള ഏര്‍പ്പാടിനായി 10 മണിയാകുമ്പോള്‍ ഓഫീസില്‍ പോകണം. അമ്പലത്തിനടുത്തേയ്ക്ക് മടങ്ങി 2 പേരെകൂട്ടിവന്ന്‍ വീടും പരിസരവും വൃത്തിയാക്കാനാരംഭിച്ചു. പിടിപ്പത് ജോലിയുണ്ടായിരുന്നു. വീടിനു ചുറ്റും ടൈല്‍സ് കഷണങ്ങളുടെ കൂനകളും കുഴികളെടുത്തതിന്റെ മണ്ണും മറ്റുമൊക്കെ കിടക്കുന്നത് മുഴുവന്‍ വൃത്തിയാക്കണം. പത്തുമണിയായപ്പോള്‍ ഇലക്ട്രിക് വര്‍ക്ക് ചെയ്ത തുളസിയണ്ണന്‍ വന്നു. പിന്നെ നെരെ ഇലക്ട്രിസിറ്റി ഓഫീസിലെക്ക്. അവിടെ നിന്നും ഓവര്‍സിയറെ വണ്യ്യിയില്‍ കൂട്ടിക്കൊണ്ട് വന്ന്‍ വീടും സ്ഥലവും കാട്ടിയിട്ട് പിന്നെ തിരിച്ച് വീണ്ടും ഓഫീസിലെക്ക് മടക്കം. അവര്‍ പറഞ്ഞ കാഷൊക്കെ അടച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മണി 2 കഴിഞ്ഞു. പെട്ടന്നു ഭക്ഷണമൊക്കെ കഴിഞ്ഞിട്ട് വീട്ടിലേക്ക് ചെന്നു. അവിടെ പെയിന്റിംഗ് നടക്കുന്നുണ്ട്. വൈകുന്നെരം അവര്‍ക്ക് ശമ്പളമൊക്കെ കൊടുത്തിട്ട് ശ്രീമതിയുടെ വീട് വരെ പോകാം എന്നുകരുതി ഡ്രെസ്സ് ഇട്ടുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ വരുന്നു. കറണ്ട് കണക്ഷന്‍ നല്‍കാനായി ഓവര്‍സിയറും ലൈന്‍ മാനും കൂടി വരുന്നുണ്ടെന്ന്‍. അങ്ങിനെ ഭാഗ്യത്തിനു അന്നു തന്നെ കണക്ഷന്‍ ലഭിച്ചു. രണ്ടുപെരെയും സാമാന്യം നന്നായി സല്‍ക്കരിച്ചുതന്നെ വിട്ടുബാക്കിയുള്ള ദിവസം മുഴുവന്‍ വീടുവൃത്തിയാക്കലും മറ്റു പണികളുമൊക്കെയായി പോയി. 11 ആം തീയതി രാവിലെ 9.15 നും 9.45 നും ഇടയ്ക്കായിരുന്നു മുഹൂര്‍ത്തം. നിലവിളക്കുമായി എന്റെ നല്ലപാതി വലതുകാല്‍ വച്ച് ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് കാലെടുത്തുവച്ചു. ജലകുംഭം തോളിലേന്തി ഞാനും പലവ്യഞ്ജനാദികളും മറ്റും നിറഞ്ഞ മുറവുമായി അമ്മയും. മനസ്സില്‍ അപ്പോള്‍ നിറഞ്ഞുനിന്ന സന്തോഷം മൂലം ഹൃദയസ്പന്ദനം ഇരട്ടിവേഗതയിലായിരുന്നു. പുലര്‍ച്ചെ നടന്ന ഗണപതിഹോമത്തിന്റെ ബാക്കിയായി സന്ധ്യക്ക് ഭഗവതിസേവയും തറരക്ഷയുമൊക്കെ ഉണ്ട്. എല്ലാം ശ്രീമതിയുടെ നിര്‍ബന്ധമാണ്. പൂജയൊക്കെ കഴിഞ്ഞപ്പോള്‍ രാത്രി 12 മണി കഴിഞ്ഞു. കാലില്‍ ഒരു ഇന്‍ഫെക്ഷന്‍ വന്ന്‍ വിരലുകള്‍ക്കിടയില്‍ അല്‍പ്പം പ്രശ്നമായിരുന്നത് അല്‍പ്പം കടുത്തുവെന്ന്‍ തോന്നുന്നു. അസഹ്യമായ വേദന. നിലത്ത് കാലു കുത്താനാകുന്നില്ല. സാമാന്യം നല്ല നീരും വന്നിരിക്കുന്നു. പൂജയെല്ലാം കഴിഞ്ഞ് റൂമും ഹാളുമൊക്കെ വൃത്തിയാക്കി കിടന്നപ്പോള്‍ ഒരു മണി ആകാറായി. പ്രീയതമയെ മാറോട് ചേര്‍ത്ത് കിടക്കവേ മനസ്സില്‍ ആഹ്ലാദം നിറഞ്ഞുനുരകുത്തുകയായിരുന്നു. ഇനിയുള്ള ജീവിതകാലം മുഴുവന്‍ എനിക്കും എന്റെ പ്രീയപ്പെട്ടവള്‍ക്കും എന്റെ കുഞ്ഞിനും കഴിയുവാന്‍ വേണ്ടി ഉണ്ടാക്കിയ ഞങ്ങളുടെ സ്വന്തം വീട്ടില്‍ ഉറങ്ങുന്നു.

രാവിലെ ഉണര്‍ന്ന്‍ പതിവുപോലെ അമ്പല‍ത്തിനടുത്ത് ചെന്ന്‍ ഒരു ചായയും കുടിച്ച് അനുജന്‍ പച്ചക്കറികൃഷി ചെയ്യുന്ന വയലിലേക്ക് നടന്നു. കാലാണെങ്കില്‍ നല്ല നീരുവച്ച് അസഹ്യമായ വേദനയും സമ്മാനിക്കുന്നു. അനുജന്റെ പച്ചക്കറിത്തൊട്ടം ഉഷാറായിട്ടുണ്ട്. ചീരയും പയറും പടവലവും വെണ്ടയും പാവലും ഒക്കെ വളര്‍ന്നു കൊണ്ടിരിക്കുന്നു. കുറേ നെരം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് വീട്ടിലേക്ക് മടങ്ങി. പത്തുമണിയാകാറായപ്പോള്‍ ആശുപത്രിയിലൊന്നുപോയി. അവര്‍ എഴുതി നല്‍കിയ മരുന്നൊക്കെ മേടിച്ചു. തൊട്ടടുത്ത ആഴ്ചയായിരുന്നു അപ്പച്ചിയുടെ ഇളയമകന്റെ കല്യാണം. അന്നേ ദിവസം തന്നെയായിരുന്നു ഞങ്ങള്‍ പഴയ സഹപാഠികളുടെ ഒത്തുചേരലും പ്ലാന്‍ ചെയ്തിരുന്നത്. രാവിലെ കല്യാണത്തിനുപോയി. 12 മണിക്കാണു മുഹൂര്‍ത്തം. കല്യാണ സ്ഥലത്ത് ആളൊന്നു കാണിച്ചിട്ട് ഞാന്‍ പതിയെ മുങ്ങി ചാത്തന്നൂരിലേക്ക്. 20 കൊല്ലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന സഹപാഠികളുടെ ഒത്തുചേരല്‍ ഒരു കാരണവശാലും ഒഴിവാക്കാനാകുമായിരുന്നില്ല. നന്നായി ആഘോഷിച്ച് മിനുങ്ങി വൈകിട്ട് ചെന്നപ്പോള്‍ ശ്രീമതിയുടെ മുഖത്ത് കാര്‍മെഘം നിറഞ്ഞിരിക്കുന്നു. പരിപൂര്‍ണ്ണ നിശബ്ദനായി മുറിയില്‍ കയറി അങ്ങ് കിടന്നു. എന്തിനാണൊരു കലഹം.

ജനുവരി 24 നായിരുന്നു കീഴാറ്റിങ്ങള്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയ കാവടി. മൂത്ത അനന്തിരവന്‍ കാവടിയെടുക്കുന്നുണ്ട്. ശൂലം കുത്തിയുള്ള കാവടിക്കായുള്ള കഠിന വ്രതത്തിലാണാശാന്‍.  ഏലാപ്പുറത്തു നിന്നും കാവടി ഘോഷയാത്രയുണ്ടായിരുന്നു. മാറൂട് അമ്പലത്തില്‍ വന്നിട്ടാണ് ഘോഷയാത്ര കീഴാറ്റിങ്ങലിലേക്ക് പോകുന്നത്. കാവടിക്കാര്‍ക്ക് കുടിക്കുവാനായി മില്‍ക്ക് ഷേക്കും തയ്യാറാക്കി ആറേഴുകവര്‍ ബ്രഡ്ഡും വാങ്ങി ഒപ്പം ഒരു കുല പഴവും. ഘോഷയാത്ര ഭംഗിയായി വന്നു മടങ്ങി. ഞങ്ങളെല്ലാവരും അതിനൊപ്പം നീങ്ങി മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ഘൊഷയാത്രകള്‍ വന്ന്‍ സംഗമിക്കുന്നിടത്തേയ്ക്ക്. കാണുമ്പോള്‍ തന്നെ ഭയം ജനിപ്പിക്കുന്ന മട്ടില്‍ കവിളുകളിലൂടെ കുത്തിയിറക്കിയ ശൂലധാരികളും ശരീരം മുഴുവന്‍ ഇരുമ്പുകൊളുത്തുകളില്‍ കോര്‍ത്ത് വാഹനങ്ങളില്‍ കെട്ടിയുറപ്പിച്ചിരിക്കുന്ന കവുങ്ങുകളില്‍ തൂങ്ങിയാടുന്ന ഭക്തിയുടെ രൂപങ്ങളും. അവ കണ്ടപ്പോള്‍ സത്യത്തില്‍ അസഹ്യതയാണ് തോന്നിയത്. അനന്തിരവനാകട്ടെ അവനേക്കാളും നീളമുള്ള ഒരു ശൂലം കവിളുകളിലൂടെ കുത്തിക്കയറ്റിയിരിക്കുന്നു. എന്തുതരം ഭക്തിയാണിതെന്നോര്‍ത്ത് അത്ഭുതം തോന്നിപ്പോയി.

25 നായിരുന്നു അനുജന്റെ രണ്ടാമത്തെ മകള്‍ വൈഷ്ണവിയുടേ ചോറൂണ്. മാറൂട് ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. തൊട്ടടുത്ത ദിവസം അവന്റെ ഭാര്യാഗൃഹത്തിനടുത്തുള്ള ക്ഷേത്രത്തില്‍ വച്ചും അതിനടുത്ത ദിവസം ഞ്ങ്ങളുടെ കുടുംബക്ഷേത്രമായ ചിറക്കരയില്‍ വച്ച് ചോറൂണ് നടത്തി. കുടുംബക്ഷേത്രം പുനര്‍നിര്‍മ്മിക്കുവാന്‍ വേണ്ടി എല്ലാം പൊളിച്ചിട്ടേക്കുകയായിരുന്നു. അതിലെക്കായി ഒരു ചെറിയ സംഭാവനും നല്‍കിയിട്ട് തൊഴുതുമടങ്ങി. അവിടത്തെ കുളത്തിലെ വലിയ മീനിനെകാണുവാനായി തൊട്ടടുത്ത കടയില്‍ നിന്നും പൊരിവാങ്ങികുളത്തിലിട്ടെങ്കിലും കുറച്ചു കുഞ്ഞു മീനുകള്‍ മാത്രമാണവിടെ ഉണ്ടായിരുന്നത്.

രണ്ട് ദിവസം കൂടിക്കഴിഞ്ഞപ്പൊള്‍ ഞാനും മകനും ശ്രീമതിയും കൂടി കന്യാകുമാരിയിലേക്ക് ഒരു യാത്ര പോയി. മുമ്പ് 20 കൊല്ലങ്ങള്‍ക്ക് മുന്നേ ഐ ടി ഐല്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാവരും കൂടി ഒരിക്കല്‍ കന്യാകുമാരിയില്‍ പോയിട്ടുണ്ട്. യാത്ര ബസ്സിലായിരുന്നു. മൂന്നു മണികഴിഞ്ഞു കന്യാകുമാരിയിലെത്തിയപ്പോള്‍. നല്ലൊരു ഹോട്ടലില്‍ മുറിയെടുത്ത് ബാഗും മറ്റുമൊക്കെ അവിടെ വച്ചശേഷം ഭക്ഷണം കഴിക്കാന്‍ പുറത്തേയ്ക്കിറങ്ങി. യാതൊരു രുചിയും തോന്നിപ്പിക്കാത്ത തരത്തിലുള്ള പച്ചരിച്ചോര്‍. കഴിച്ചുവെന്ന്‍ വരുത്തി മെല്ലെ കടപ്പുറത്തേയ്ക്ക് നടന്നു. ബോട്ടില്‍ കയറി വിവേകാനന്ദപ്പാറയിലിറങ്ങാമെന്നു കരുതിയപ്പോള്‍ ബോട്ടുയാത്രാസമയം അവസാനിച്ചുപോയിരുന്നു. ഇനി നാളെ മാത്രേ പറ്റൂ. കടപ്പുറത്തെത്തി. നല്ല തിരക്ക്. കടലുകണ്ടതും മകന്‍ അങ്ങുചാടി. ഇരുട്ട് പരക്കുന്നതുവരെ അവന്‍ അതില്‍ കിടന്നു. ഒരുപാട് നിര്‍ബന്ധിച്ചാണ് പിന്നെ അവിടെ നിന്നും കരകയറ്റി മടങ്ങിയത്. ഇടയ്ക്ക് അവനു കുതിരപ്പുറത്തുകയറണമെന്നു പറഞ്ഞു. പിന്നെ ശ്രീമതിയും മോനും കൂടി കുതിരസവാരി. 1 മിനിട്ട് ഒന്നു നടത്തും. അത്ര തന്നെ. മകന്‍ കാണിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒക്കെയും വാങ്ങിച്ചു. ശ്രീമതി കുറേയും റിബണും സ്ലൈഡും ഒക്കെ വാങ്ങുന്നുണ്ടായിരുന്നു. റൂമിലെത്തിയിട്ട് ഞാന്‍ ഡ്രെസ്സൊക്കെ മാറി നേരേ റെയില്‍വേ സ്റ്റേഷനിലേക്ക് ചെന്നു ട്രെയിന്‍ സമയമന്വോഷിച്ചു. പിറ്റേന്നു രാവിലെ 10.30 നു തിരുവനന്തപുരത്തേയ്ക്ക് ട്രയിനുണ്ട്. അതുകഴിഞ്ഞ് ഉച്ചക്ക് 2.30 നും. മടങ്ങിയെത്തി കുറച്ചുസമയം കഴിഞ്ഞ് പുറത്തേക്കിറങ്ങി ഒരു ചെറിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം.

രാവിലെ ഉണര്‍ന്ന്‍ കടപ്പുരത്തേയ്ക്ക് വീണ്ടും പോയി. ട്രയിന്‍ സമയമാകാറാകുമ്പോള്‍ മടങ്ങാമെന്നു കരുതി. ബോട്ട് സര്‍വ്വീസ് ആരംഭിച്ചിരുന്നു അപ്പോള്‍. മോന്‍ ബോട്ടില്‍ കയറണമെന്ന്‍ വാശിപിടിച്ചപ്പോള്‍ പിന്നെ നേരെ അങ്ങോട്ടേയ്ക്ക് വച്ചുപിടിച്ചു. ടിക്കറ്റെടുത്ത് അകത്തേയ്ക്ക് കയറിയപ്പോള്‍ ഒരു പള്ളിപ്പെരുന്നാളിനുള്ളത്ര ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നു. ഒരുമണിക്കൂറോളം ക്യൂ നിന്നിട്ടാണ് ബോട്ടില്‍ കയറാനൊത്തത്. ട10.30 നുള്ള ട്രയിന്‍ കിട്ടില്ല എന്നുറപ്പായിക്കഴിഞ്ഞു. വിവേകാനന്ദപ്പാറയിലിറങ്ങി അവിടം മുഴുവന്‍ ചുറ്റിക്കറങ്ങി. അതിമനോഹരമായ കാഴ്ചതന്നെയവിടം. തിരിച്ചുപോകാന്‍ വേണ്ടി ഏകദേശം ഒരു മണിക്കൂര്‍ വീണ്ടും ക്യൂവില്‍. ബോട്ടില്‍ നിന്നും കരയിലേക്കിറങ്ങി ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് റൂമിലെത്തി. അല്‍പ്പ നേരം വിശ്രമിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു. കൃത്യസമയത്തുതന്നെ ട്രയിന്‍ പുറപ്പെട്ടു. വൈകുന്നേരം 6.30 മണിയോടുകൂടി വീടും പിടിച്ചു.

കുറച്ചധികം കൊല്ലങ്ങളായി ഒരു സിനിമ തിയേറ്ററില്‍ നിന്നും കണ്ടിട്ട്. കുടുംബമായി ഒരു സിനിമയ്ക്ക് പോകാന്‍ തീരുമാനിച്ചു. മാറ്റിനിയ്ക്കുള്ള ഷോ. ചാര്‍ളി കാണണമെന്നായിരുന്നു. എന്നാല്‍ ആറ്റിങ്ങള്‍ എത്തിയപ്പോള്‍ അത് വൈകുന്നേരത്തേയ്ക്കുള്ള ഷോമാത്രമേയുള്ളൂ. പിന്നെ ദിലീപിന്റെ ടൂ കണ്ട്രീസ് കണ്ടു. കുറച്ചുതമാശയൊക്കെയുള്ള ഒരു നിര്‍ഗ്ഗുണ ചിത്രം. പ്രവാസത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം എല്ലാപേര്‍ക്കും കൂടി അത്താഴം എന്റെ വീട്ടില്‍ വച്ചാക്കാമെന്നു വച്ചു. ഉച്ചയായപ്പോള്‍ ആവശ്യത്തിനു സാധനങ്ങളും കോഴിയും ഒക്കെ വാങ്ങിവന്നു. അനുജനായിരുന്നു പാചകത്തിന്റെ മേല്‍നോട്ടം. വൈകുന്നേരമായപ്പോള്‍ അമ്മായി അമ്മയും അളിയനും മൂത്ത അപ്പച്ചിയും മറ്റൊരളിയനായ ഉണ്ണിയുടെ മകള്‍ പാറുവും ഒക്കെയായി വീട്ടില്‍ വന്നു. കൂട്ടുകാരിയെക്കണ്ടപ്പോള്‍ മോനും പെരുത്ത് സന്തോഷം. രാത്രി അച്ഛനും അമ്മയും അനുജനും അവന്റെ ഭാര്യയും കുട്ടികളും അനന്തിരവന്മാരും അമ്മായിയും അപ്പച്ചിയും ഒക്കെയായി ഭക്ഷണം. പിറ്റേന്ന്‍ ഉച്ചയ്ക്കുള്ള ഭക്ഷണവും വീട്ടില്‍ നിന്നു തന്നെ ആക്കി. അപ്പച്ചി രാവിലെ ഒരു പായസവും വച്ചു.

ഉച്ചയ്ക്ക് 2.30 ആയപ്പോള്‍ വീട്ടില്‍ നിന്നുമിറങ്ങി. വീണ്ടും യാന്ത്രികതയുടെ പ്രവാസലോകത്തേയ്ക്ക്. എയര്‍പോര്‍ട്ടില്‍ വച്ച് മകനൊരു ചുംബനവും നല്‍കി അകത്തേയ്ക്ക് കയറി ചടങ്ങുകളെല്ലാം തീര്‍ത്തശേഷം ബുക്ക് സ്റ്റാളില്‍ നിന്നും വാങ്ങിയ പട്ടം പറത്തുന്നവന്‍ എന്ന നോവലില്‍ മുങ്ങി കാത്തിരിപ്പാരംഭിച്ചു. അധിനിവേശവും പലായനങ്ങളും സൃഷ്ടിക്കുന്ന സങ്കടക്കാഴ്ചകള്‍ മനസ്സില്‍ നുരയിടുന്നു. ജനിച്ച നാട് വിട്ട്, പ്രീയപ്പെട്ടവരെ ഉപേക്ഷിച്ച് അകലേയ്ക്ക് പോകേണ്ടിവരുന്നവന്റെ സങ്കടം..അതെത്ര വിശദീകരിച്ചാലും മതിയാവില്ല. അനുഭവിക്കുക തന്നെ വേണം. അന്തരീക്ഷത്തില്‍ നിന്നും ഈ പാട്ട് ചെറുതായി ആരോ മൂളുന്നതുപോലെ അനുഭവപ്പെടുന്നു.

"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനെന്റെ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും"

ശ്രീക്കുട്ടന്‍

Thursday, February 4, 2016

ഗില്‍ഗമേഷ് - ചരിത്രത്തിലെ ആദ്യത്തെ ഇതിഹാസംവാമൊഴിയോ വരമൊഴിയായോ പ്രചരിക്കപ്പെട്ട കഥ എന്നർത്ഥം വരുന്ന മിത്തോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് മിത്ത് എന്ന വാക്കിന്റെ ഉത്ഭവം. മനുഷ്യവർഗ്ഗമാവിർഭവിച്ച കാലം മുതൽ തന്നെ അവനു മുന്നില്‍ ഒരു വിസ്മയമായി നില കൊണ്ടിരുന്ന ഒന്നാണ് ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും. ഇവ എങ്ങനെ സൃഷിക്കപ്പെട്ടു എന്നോർത്ത് അവൻ എക്കാലവും അത്ഭുത പരതന്ത്രനായിരുന്നു. പ്രപഞ്ചത്തിന്റെ നിഗുഡത അനാവരണം ചെയ്യുവാൻ അവൻ അന്നുമുതൽ പരിശ്രമിച്ചു കൊണ്ടിരുന്നു. പ്രപഞ്ചോൽപ്പത്തിയും ജീവജാലസൃഷ്ടിയും എങ്ങിനെയുണ്ടായി എന്നതിന് ആദിമ മനുഷ്യരിലെ ഭാവനാസമ്പന്നരുടെ ചിന്താസരണികൾക്കനുസരണമായി സൃഷ്ടിക്കപ്പെട്ട താല്ക്കാലിക ഉത്തരങ്ങളാണ് മിത്തുകൾ. ചരിത്രപരമായും നരവംശപരമായും മിത്തുകൾക്ക് വളരെ വലിയ പ്രധാന്യമാണ് ഉള്ളത്. ലിഖിത ചരിത്രത്തിനു മുന്നേയുള്ള മനുഷ്യജീവിതവും അവരുടെ ആചാരാനുഷ്ഠാനങ്ങളും സംസ്ക്കാരങ്ങളും ഒക്കെ വെളിപ്പെടുത്തുന്നത് ഇത്തരം മിത്തുകളിലൂടെയാണ്. മിത്തുകൾ നല്ലൊരളവിൽ ഭാവനാ സൃഷ്ടികളാണെങ്കിലും ആദിമമനുഷ്യ കാലഘട്ടത്തിലെ മനുഷ്യജീവിതവും സംസ്ക്കാരവും രാഷ്ട്രീയവും ദൈവവിശ്വാസവും മാചാരനുഷ്ടനങ്ങളും ഒക്കെ മനസ്സിലാക്കുവാന് ഈ മിത്തുകളുടെ സൂക്ഷ്മ പഠനം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന പ്രാചീന ജനത കൃഷി ചെയ്യുവാനാരംഭിച്ചതോടെ അലച്ചിലുകള്‍ ഒഴിവാക്കി ഒരിടത്ത് താമസമാരംഭിച്ചു. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൃഷികളേക്കാള്‍ സംഘം ചേര്‍ന്നുള്ള കൃഷികള്‍ സുരക്ഷിതവും ആദായകരവുമാണെന്ന്‍ മനസ്സിലാക്കിയ അവര്‍ അങ്ങിനെ പതിയെ സമൂഹങ്ങളായി മാറുകയായിരുന്നു. ഇപ്രകാരമുള്ള സാമൂഹ്യജീവിതത്തില്‍ അവര്‍ക്ക് ഒരു ആശയവിനിമയരീതി അത്യാവശ്യമായി വന്നു. ആദ്യകാലങ്ങളില്‍ ആംഗ്യങ്ങളിലൂടെയും മറ്റുമുണ്ടായിരുന്ന ആശയവിനിമയം പിന്നീട് പ്രാകൃതരൂപം കൈവിട്ട് ഒരു നിയതഭാഷയുടെ രൂപം കൈക്കൊള്ളാനാരംഭിച്ചു. കൃഷിയും സാമൂഹിക ജീവിതവും ആശയവിനിമയ രീതിയും പുതിയൊരു ജീവിതരീതിയുടെ നാന്ദി കുറിക്കുകയായിരുന്നു. പതിയെപ്പതിയെ സംസ്ക്കാരങ്ങള്‍ നിലവില്‍ വന്നുതുടങ്ങി. അപ്രകാരം നിലവില്‍ വന്ന ഏറ്റവും പ്രാചീനമായ സംസ്ക്കാരമായിരുന്നു മെസപ്പൊട്ടോമിയന്‍ സംസ്ക്കാരം. രാത്രി ഒത്തൊരുമിച്ചുകൂടിയവര്‍ കൊച്ചുവര്‍ത്തമാനങ്ങളും മറ്റുമൊക്കെ ഏര്‍പ്പെട്ട് പതിയെപ്പതിയെ അതില്‍ ഭാവനാസമ്പന്നരായ ആള്‍ക്കാര്‍ കഥപറച്ചിലുകാരായി മാറി. പലതും തങ്ങളുടെ ഗോത്രങ്ങളില്‍പ്പെട്ട വീരനായകന്മാരുടെ വീരാപദാനകഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞുതുടങ്ങിയത് തലമുറ തലമുറ കൈമറിഞ്ഞ് കൂട്ടിച്ചേര്‍ക്കലുകളും മറ്റും നിരവധി നടത്തപ്പെട്ട് അവ മിത്തുകളുടെ രൂപീകരണത്തിനു കാരണമായി. കാലം കഴിയവേ പഴയ പല മിത്തുകളും കൂടുതൽ കൂടുതൽ കൂട്ടിച്ചേർക്കലുകളും മറ്റും നടന്ന് നവീകരിക്കപ്പെട്ടു. പല മിത്തുകളുടേയും ഉപജ്ഞാതാക്കൾ ആരാണെന്നതിനെപ്പറ്റി വ്യക്തമായ യാതൊരു ധാരണയുമില്ല. ബി സി മൂവായിരത്തി അഞ്ഞൂറിനോടടുത്തു സുമേറിയക്കാർ എഴുത്തുവിദ്യ കണ്ടെത്തുംവരെ മിത്തുകളുടെ സൃഷ്ടിയും വ്യാപനവും വാമൊഴി രൂപത്തിൽ മാത്രമായിരുന്നു. എഴുത്തുവിദ്യ ആവിർഭവിച്ചതോടെ കളിമൺ ഫലകങ്ങളിൽ ക്യൂണിഫോം ലിപികളിൽ മിത്തുകൾ രേഖപ്പെടുത്തി വയ്ക്കുവാനാരംഭിച്ചു. ഉത്ഖനനത്തിലൂടെ ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ പുരാണങ്ങളും ഇതിഹാസങ്ങളും സുമേറിയൻ വംശജരുടെതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗിൽമേഷ് ഇപ്രകാരം ഉത്ഖനനത്തിലൂടെ ഏതാണ്ട് പൂർണ്ണമായും ലഭ്യമായിട്ടുണ്ട്. ഏകദേശം അഞ്ഞൂറുവർഷങ്ങള്‍ക്കിപ്പുറം ഈജിപ്തുകാർ ഹൈറോഗ്ലിപ്ക്സ് ലിപികൾ കൊണ്ട് പാപ്പിറസ് ചുരുളുകളിൽ കൂടുതൽ വ്യക്തമായും സുരക്ഷിതമായും എഴുതി സൂക്ഷിക്കാം എന്ന് കണ്ടെത്തുകയുണ്ടായി.


ഉത്ഖനനത്തിലൂടെ ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ പുരാണങ്ങളും ഇതിഹാസങ്ങളും സുമേറിയൻ വംശജരുടെതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗിൽമേഷ് ഇപ്രകാരം ഉത്ഖനനത്തിലൂടെ ഏതാണ്ട് പൂർണ്ണമായും ലഭ്യമായിട്ടുണ്ട്. സുമേറിയന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഗില്‍ഗമേഷ് കഥകള്‍ എല്ലാം കൂടി കോര്‍ത്തിണക്കി അക്കാഡിയന്‍ ഭാഷയില്‍ ഒരു വീരകഥയായി അത് മാറി. ആദ്യകാല സുമേറിയന്‍ ഗില്‍ഗമേഷ് ഗാഥയില്‍ നിന്നും കാലാന്തിരത്തില്‍ അക്കാഡിയന്‍ ഭാഷയിലേക്ക് രൂപാന്തിരണം സംഭവിച്ചപ്പോള്‍ ഗില്‍ഗമേഷ് വീരഗാഥയില്‍ ഒരുപാട് പൊടിപ്പും തൊങ്ങലും ചേര്‍ക്കപ്പെടുകയുണ്ടായി. വായ്മൊഴികളിലൂടെ വന്ന മാറ്റമാവണം അത്. മിക്കവാറും എല്ലാ യൂറോപ്യന്‍ ഭാഷകളിലും ഈ വീരകഥയുടെ സ്വത്യന്ത്രവിവര്‍ത്തനങ്ങളുണ്ട്.

അമരത്വം നേടാനുള്ള മനുഷ്യന്റെ ഇന്നും നിലയ്ക്കാത്ത ത്വരയുടെ ആദിമവീരഗാഥയുടെ ഒരു സംഗ്രഹമിതാ..

ഗില്‍ഗമേഷിന്റെ ഇതിഹാസം

പ്രാചീന സുമേറിയന്‍ സംസ്ക്കാരത്തിലെ പ്രബലമായൊരു രാഷ്ട്രമായിരുന്നു സുമേര്‍. സുമേറില്‍ തന്നെയുള്ള നഗരരാഷ്ട്രങ്ങളിലൊന്നായിരുന്ന ഉറൂക്കിന്റെ ഭരണാധികാരിയായിരുന്നു ഗില്‍ഗമേഷ്. ബി സി മൂന്നാം നൂറ്റാണ്ടിലായിരുന്നു ഗില്‍ഗമേഷിന്റെ ഭരണകാലം എന്നു അനുമാനിക്കപ്പെടുന്നു. നിന്‍സുന്‍ എന്ന ദേവതയുടെ പുത്രനായിരുന്ന ഗില്‍ഗമേഷ് ഒന്നാന്തരം യുദ്ധവീരനും വാസ്തുശില്‍പ്പിയും അതീവ ബുദ്ധിമാനും ഒക്കെയായിരുന്നു. തന്റെ നഗരത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാനായി ഒരു വലിയ കോട്ടതന്നെ അയാള്‍ പടുത്തുയര്‍ത്തി. രാജ്യത്തുണ്ടായിരുന്ന പുരുഷന്മാരെ അടിമകളാക്കിയ ഗില്‍ഗമേഷ് ഒട്ടുമിക്ക സ്ത്രീകളേയും തന്റെ വെപ്പാട്ടികളാക്കി വച്ചിരുന്നു. ഇതില്‍ ഉറൂക്കിലെ ജനങ്ങള്‍ അസംതൃപ്തരായിരുന്നെങ്കിലും ശക്തനായ ഗില്‍ഗമേഷിനെ എതിരിടാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല. ജനങ്ങള്‍ സൃഷ്ടിയുടെ ദേവതയായ അറുറുവിനെ വിളിച്ച് തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു. തന്റെ ജനതയുടെ പ്രാര്‍ത്ഥന ചെവിക്കൊണ്ട അറുറു ഗില്‍ഗമേഷിനെ തകര്‍ക്കുവാന്‍ കെല്‍പ്പുള്ള എന്‍കിഡു എന്ന കിരാതനെപ്പോലുള്ള മൃഗമനുഷ്യനെ സൃഷ്ടിച്ചു. വനത്തില്‍ വന്യമൃഗങ്ങളോടൊപ്പം എന്‍കിഡു അലഞ്ഞുതിരിഞ്ഞുനടന്നു. വേട്ടക്കാരുടെ കെണികളില്‍ വീഴുന്ന എല്ലാ മൃഗങ്ങളേയും എന്‍കിഡു രക്ഷപ്പെടുത്തിവിടാന്‍ തുടങ്ങി. നായാട്ടുകാര്‍ ഇതുമൂലം ഒരുപാട് ബുദ്ധിമുട്ടാനാരംഭിച്ചു. ഗില്‍ഗമേഷിന്റെ കൊട്ടാരത്തില്‍ നായാട്ടിറച്ചികൊണ്ട് നല്‍കുന്ന വേട്ടക്കാരനില്‍ നിന്നും രാജാവ് ഈ സത്വത്തെക്കുറിച്ച് അറിയാനിടയായി. ഒരു കിരാതരൂപിയുമായുള്ള ദ്വന്ദയുദ്ധത്തില്‍ പരാജയപ്പെട്ടതായി സ്വപ്നം കണ്ടതുമൂലം ഉറക്കം നഷ്ടപ്പെട്ടിരുന്ന ഗില്‍ഗമേഷിന് ഈ വാര്‍ത്ത കേട്ടപ്പോള്‍ ഭയം കൂടുകയാണ് ചെയ്തത്. താന്‍ സ്വപ്നത്തില്‍ കണ്ട രൂപം ഇതു തന്നെയായിരിക്കും എന്ന്‍ ഗില്‍ഗമേഷ് ഉറപ്പിച്ചു.

നേരിട്ട് അത്തരമൊരു സത്വത്തോട് പൊരുതി ജയിക്കുന്നത് അസാധ്യമാണെന്ന്‍ തോന്നിയ ഗില്‍ഗമേഷ് അഭിജ്ഞരുടെ നിര്‍ദ്ദേശപ്രകാരം ചതുരയായൊരു ഗണികസ്ത്രീയെ എന്‍കിഡുവിനെ വശീകരിച്ചുകൊണ്ടുവരുവാനായി നിയോഗിച്ചു. ആ സ്ത്രീ വിരിച്ച വലയില്‍ എന്‍കിഡു വീണു. അവളുമൊത്ത് ഒരാഴ്ചയോളം രമിച്ചുമദിച്ച എന്‍കിഡു ഒടുവില്‍ അവളോടൊപ്പം ഉറൂക്കിലേക്ക് യാത്രയായി. ഉറൂക്കിലെത്തിയ എന്‍കിഡു താമസം വിനാ ഗില്‍ഗമേഷുമായി ഇടയുകയും രണ്ടുപേരും തമ്മില്‍ അതിശക്തമായൊരു ദ്വന്ദയുദ്ധം നടക്കുകയും ചെയ്തു. തുല്യശക്തികളായ ഇരുവരും തമ്മിലുള്ള യുദ്ധം ഒരുപാട് നേരം നീണ്ടു. യുദ്ധത്തില്‍ ഒടുവില്‍ എന്‍കിഡു ഗില്‍ഗമേഷിനെ തറപറ്റിച്ചു. എന്നാല്‍ ആ യുദ്ധാനന്തരം ഇരുവരും ആത്മാര്‍ത്ഥസുഹൃത്തുക്കളായി മാറി. എന്‍കിഡുവിനെ കൊട്ടാരത്തില്‍ തന്നോടൊപ്പം കഴിയുവാന്‍ ക്ഷണിച്ച ഗില്‍ഗമേഷ് എന്‍കിഡുവിന് ധാരളാം സമ്മാനങ്ങളും സ്ഥാനമാനങ്ങളും കല്‍പ്പിച്ചു നല്‍കുകയും ചെയ്തു.

ഒരു രാത്രി ഗില്‍ഗമേഷ് ഒരു  ഭയാനകസ്വപ്നം കണ്ടു. ഒരു ഭീകരസത്വം തന്നെ കൊന്ന്‍ പാതാളലോകത്തേയ്ക്ക് കൊണ്ടുപോയതായിട്ടായിരുന്നു ആ സ്വപ്നം അയാള്‍ കണ്ടത്. തന്റെ സുഹൃത്തിന്റെ മരണഭയമകറ്റാന്‍ സൂര്യദേവനായ ശമഷിന് എന്‍കിഡു ഒരു ബലിയര്‍പ്പിച്ചു. അതില്‍ സംപ്രീതനായ ശമഷ് എന്‍കിഡുവിനോടും ഗില്‍ഗമേഷിനോടും കൂടി ദേവദാരുപര്‍വ്വതത്തിന്റെ അധിപനായ ഹുംബാബയെ തോല്‍പ്പിച്ച് ദേവദാരു വൃക്ഷങ്ങള്‍ വെട്ടിക്കൊണ്ട് വന്ന്‍ തനിക്കായി ഉറൂക്കില്‍ ഒരു അമ്പലം പണികഴിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അതു കെട്ട ഇരുവരും ഉടന്‍ യാത്രയാവുകയും നീണ്ടൊരു പോരാട്ടത്തിലൂടെ ഹുംബാബയെ തോല്‍പ്പിക്കുകയും ചെയ്തു. പരാജിതനായ ഹുംബാബയുടെ തല എന്‍കിഡു വെട്ടിയെടുത്തു. യുദ്ധാനന്തരം അവര്‍ അരുവിയില്‍ കുളിച്ച് വിശ്രമിക്കവേ പ്രണയത്തിന്റെ ദേവതയായ ഇഷ്താര്‍ അവിടെ അവിചാരിതമായി വരികയും വീരനും ആരോഗ്യദൃഡഗാത്രനുമായ ഗില്‍ഗമേഷില്‍ ഭ്രമിച്ച് പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ ആ അഭ്യര്‍ത്ഥന നിരസിച്ച ഗില്‍ഗമേഷ് എന്‍കിഡുവുമൊത്ത് കൊട്ടാരത്തിലേയ്ക്ക് മടങ്ങി. ഒരു മനുഷ്യന്‍ തന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതില്‍ കുപിതയായ ഇഷ്താര്‍ ആനു എന്ന മറ്റൊരു ദൈവത്തിന്റെ സഹായത്തോടേ  ഒരു കൂറ്റന്‍ വൃഷഭത്തെ സൃഷ്ടിച്ച് ഉറൂക്കിലേക്കയച്ചു. സകലതും തച്ചുതകര്‍ത്ത് പാഞ്ഞുവന്ന ആ കാലക്കൂറ്റനെ ഗില്‍ഗമേഷും എന്‍കിഡുവും ചേര്‍ന്നു കൊന്നു. കൂടുതല്‍ കുപിതയായ ഇഷ്താര്‍ മാരകമായ ഒരു ശാപം എന്‍കിഡുവിനു നല്‍കുകയും അതുമൂലം എന്‍കിഡു രോഗഗ്രസ്തനായി എട്ടുപത്തുദിവസങ്ങള്‍ക്കുള്ളില്‍ മരണമടയുകയും ചെയ്തു.

തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ മരണം ഗില്‍ഗമേഷിനെ നിത്യദുഃഖത്തിലാഴ്ത്തി. മരണഭയം അയാളെ വേട്ടയാടാന്‍ തുടങ്ങി. മഹാപ്രളയത്തെ അതിജീവിച്ച ഉത്നാപിഷ്ടിം എന്ന ചിരഞ്ജീവിയുടെ പക്കല്‍ അമരത്വം നേടാനുള്ള മരുന്നുണ്ട് എന്നറിഞ്ഞ ഗില്‍ഗമേഷ് യാത്രയാരംഭിച്ചു. ഒരുപാട് കൊടും യാതനകള്‍ക്കും അലച്ചിലുകള്‍ക്കും ശേഷം ഗില്‍ഗമേഷ് ഉത്നാപിഷ്ടിമിന്റെ അടുത്തെത്തി.സമുദ്രത്തിന്റെ അത്യഗാധതയില്‍ വളരുന്ന ഒരു ചെടിയാണ് അമരത്വം നല്‍കുന്നതെന്നറിഞ്ഞ ഗില്‍ഗമേഷ് സമുദ്രാന്തര്‍ഭാഗത്തു നിന്നും ആ ചെടികണ്ടെത്തുകയും അതിനുശേഷം ആ അമരത്വം തന്റെ ജനതയ്ക്കൊപ്പം പങ്കുവയ്ക്കണമെന്നാഗ്രഹിച്ച് മടക്കയാത്ര ആരംഭിക്കുകയും ചെയ്തു. യാത്രാമധ്യേ ക്ഷീണമകറ്റാന്‍ ഒരു നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കരയില്‍ ഒരു പാറപ്പുറത്തായി വച്ചിരുന്ന ആ അത്ഭുതസസ്യത്തെ ഒരു നാഗത്താന്‍ ഭക്ഷണമാക്കി. താന്‍ വളരെ യാതനകളും കഷ്ടപ്പാടുകളും സഹിച്ചു സ്വന്തമാക്കിയ അമരത്വം കൈവിട്ടുപോയതറിഞ്ഞ ഗില്‍ഗമേഷ് തകര്‍ന്നുപോയി. ഒരുപാട് നേരത്തെ വിലാപങ്ങള്‍ക്ക് ശേഷം ആകെ തകര്‍ന്ന ആ മനുഷ്യന്‍ തന്റെ നഗരത്തിലേയ്ക്ക് മടക്കയാത്രയാരംഭിച്ചു. ഭാവിജീവിതകാലത്ത് ജനങ്ങള്‍ക്ക് നന്മചെയ്യുന്ന നല്ലതു ചെയ്യുന്ന ഒരു ഭരണാധികാരിയായി മാറിയ ഗില്‍ഗമേഷ് ജനങ്ങളുടെ സ്നേഹാദരങ്ങള്‍ക്ക് പാത്രനായി വസിക്കയുണ്ടായി.

അവലംബം - ഡി സി ബുക്സിന്റെ ലോക ഇതിഹാസകഥകള്‍ വോള്യം 1. ചിത്രം ഗൂഗിളില്‍ നിന്നും

ശ്രീക്കുട്ടന്‍