Thursday, February 4, 2016

ഗില്‍ഗമേഷ് - ചരിത്രത്തിലെ ആദ്യത്തെ ഇതിഹാസംവാമൊഴിയോ വരമൊഴിയായോ പ്രചരിക്കപ്പെട്ട കഥ എന്നർത്ഥം വരുന്ന മിത്തോസ് എന്ന ഗ്രീക്കു പദത്തിൽ നിന്നാണ് മിത്ത് എന്ന വാക്കിന്റെ ഉത്ഭവം. മനുഷ്യവർഗ്ഗമാവിർഭവിച്ച കാലം മുതൽ തന്നെ അവനു മുന്നില്‍ ഒരു വിസ്മയമായി നില കൊണ്ടിരുന്ന ഒന്നാണ് ഈ പ്രപഞ്ചവും അതിലെ ജീവജാലങ്ങളും. ഇവ എങ്ങനെ സൃഷിക്കപ്പെട്ടു എന്നോർത്ത് അവൻ എക്കാലവും അത്ഭുത പരതന്ത്രനായിരുന്നു. പ്രപഞ്ചത്തിന്റെ നിഗുഡത അനാവരണം ചെയ്യുവാൻ അവൻ അന്നുമുതൽ പരിശ്രമിച്ചു കൊണ്ടിരുന്നു. പ്രപഞ്ചോൽപ്പത്തിയും ജീവജാലസൃഷ്ടിയും എങ്ങിനെയുണ്ടായി എന്നതിന് ആദിമ മനുഷ്യരിലെ ഭാവനാസമ്പന്നരുടെ ചിന്താസരണികൾക്കനുസരണമായി സൃഷ്ടിക്കപ്പെട്ട താല്ക്കാലിക ഉത്തരങ്ങളാണ് മിത്തുകൾ. ചരിത്രപരമായും നരവംശപരമായും മിത്തുകൾക്ക് വളരെ വലിയ പ്രധാന്യമാണ് ഉള്ളത്. ലിഖിത ചരിത്രത്തിനു മുന്നേയുള്ള മനുഷ്യജീവിതവും അവരുടെ ആചാരാനുഷ്ഠാനങ്ങളും സംസ്ക്കാരങ്ങളും ഒക്കെ വെളിപ്പെടുത്തുന്നത് ഇത്തരം മിത്തുകളിലൂടെയാണ്. മിത്തുകൾ നല്ലൊരളവിൽ ഭാവനാ സൃഷ്ടികളാണെങ്കിലും ആദിമമനുഷ്യ കാലഘട്ടത്തിലെ മനുഷ്യജീവിതവും സംസ്ക്കാരവും രാഷ്ട്രീയവും ദൈവവിശ്വാസവും മാചാരനുഷ്ടനങ്ങളും ഒക്കെ മനസ്സിലാക്കുവാന് ഈ മിത്തുകളുടെ സൂക്ഷ്മ പഠനം കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ.

അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന പ്രാചീന ജനത കൃഷി ചെയ്യുവാനാരംഭിച്ചതോടെ അലച്ചിലുകള്‍ ഒഴിവാക്കി ഒരിടത്ത് താമസമാരംഭിച്ചു. ഒറ്റയ്ക്കൊറ്റയ്ക്കുള്ള കൃഷികളേക്കാള്‍ സംഘം ചേര്‍ന്നുള്ള കൃഷികള്‍ സുരക്ഷിതവും ആദായകരവുമാണെന്ന്‍ മനസ്സിലാക്കിയ അവര്‍ അങ്ങിനെ പതിയെ സമൂഹങ്ങളായി മാറുകയായിരുന്നു. ഇപ്രകാരമുള്ള സാമൂഹ്യജീവിതത്തില്‍ അവര്‍ക്ക് ഒരു ആശയവിനിമയരീതി അത്യാവശ്യമായി വന്നു. ആദ്യകാലങ്ങളില്‍ ആംഗ്യങ്ങളിലൂടെയും മറ്റുമുണ്ടായിരുന്ന ആശയവിനിമയം പിന്നീട് പ്രാകൃതരൂപം കൈവിട്ട് ഒരു നിയതഭാഷയുടെ രൂപം കൈക്കൊള്ളാനാരംഭിച്ചു. കൃഷിയും സാമൂഹിക ജീവിതവും ആശയവിനിമയ രീതിയും പുതിയൊരു ജീവിതരീതിയുടെ നാന്ദി കുറിക്കുകയായിരുന്നു. പതിയെപ്പതിയെ സംസ്ക്കാരങ്ങള്‍ നിലവില്‍ വന്നുതുടങ്ങി. അപ്രകാരം നിലവില്‍ വന്ന ഏറ്റവും പ്രാചീനമായ സംസ്ക്കാരമായിരുന്നു മെസപ്പൊട്ടോമിയന്‍ സംസ്ക്കാരം. രാത്രി ഒത്തൊരുമിച്ചുകൂടിയവര്‍ കൊച്ചുവര്‍ത്തമാനങ്ങളും മറ്റുമൊക്കെ ഏര്‍പ്പെട്ട് പതിയെപ്പതിയെ അതില്‍ ഭാവനാസമ്പന്നരായ ആള്‍ക്കാര്‍ കഥപറച്ചിലുകാരായി മാറി. പലതും തങ്ങളുടെ ഗോത്രങ്ങളില്‍പ്പെട്ട വീരനായകന്മാരുടെ വീരാപദാനകഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പറഞ്ഞുതുടങ്ങിയത് തലമുറ തലമുറ കൈമറിഞ്ഞ് കൂട്ടിച്ചേര്‍ക്കലുകളും മറ്റും നിരവധി നടത്തപ്പെട്ട് അവ മിത്തുകളുടെ രൂപീകരണത്തിനു കാരണമായി. കാലം കഴിയവേ പഴയ പല മിത്തുകളും കൂടുതൽ കൂടുതൽ കൂട്ടിച്ചേർക്കലുകളും മറ്റും നടന്ന് നവീകരിക്കപ്പെട്ടു. പല മിത്തുകളുടേയും ഉപജ്ഞാതാക്കൾ ആരാണെന്നതിനെപ്പറ്റി വ്യക്തമായ യാതൊരു ധാരണയുമില്ല. ബി സി മൂവായിരത്തി അഞ്ഞൂറിനോടടുത്തു സുമേറിയക്കാർ എഴുത്തുവിദ്യ കണ്ടെത്തുംവരെ മിത്തുകളുടെ സൃഷ്ടിയും വ്യാപനവും വാമൊഴി രൂപത്തിൽ മാത്രമായിരുന്നു. എഴുത്തുവിദ്യ ആവിർഭവിച്ചതോടെ കളിമൺ ഫലകങ്ങളിൽ ക്യൂണിഫോം ലിപികളിൽ മിത്തുകൾ രേഖപ്പെടുത്തി വയ്ക്കുവാനാരംഭിച്ചു. ഉത്ഖനനത്തിലൂടെ ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ പുരാണങ്ങളും ഇതിഹാസങ്ങളും സുമേറിയൻ വംശജരുടെതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗിൽമേഷ് ഇപ്രകാരം ഉത്ഖനനത്തിലൂടെ ഏതാണ്ട് പൂർണ്ണമായും ലഭ്യമായിട്ടുണ്ട്. ഏകദേശം അഞ്ഞൂറുവർഷങ്ങള്‍ക്കിപ്പുറം ഈജിപ്തുകാർ ഹൈറോഗ്ലിപ്ക്സ് ലിപികൾ കൊണ്ട് പാപ്പിറസ് ചുരുളുകളിൽ കൂടുതൽ വ്യക്തമായും സുരക്ഷിതമായും എഴുതി സൂക്ഷിക്കാം എന്ന് കണ്ടെത്തുകയുണ്ടായി.


ഉത്ഖനനത്തിലൂടെ ലഭ്യമായതിൽ വച്ച് ഏറ്റവും പ്രാചീനമായ പുരാണങ്ങളും ഇതിഹാസങ്ങളും സുമേറിയൻ വംശജരുടെതാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഇതിഹാസമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗിൽമേഷ് ഇപ്രകാരം ഉത്ഖനനത്തിലൂടെ ഏതാണ്ട് പൂർണ്ണമായും ലഭ്യമായിട്ടുണ്ട്. സുമേറിയന്‍ ഭാഷയില്‍ രചിക്കപ്പെട്ട ഗില്‍ഗമേഷ് കഥകള്‍ എല്ലാം കൂടി കോര്‍ത്തിണക്കി അക്കാഡിയന്‍ ഭാഷയില്‍ ഒരു വീരകഥയായി അത് മാറി. ആദ്യകാല സുമേറിയന്‍ ഗില്‍ഗമേഷ് ഗാഥയില്‍ നിന്നും കാലാന്തിരത്തില്‍ അക്കാഡിയന്‍ ഭാഷയിലേക്ക് രൂപാന്തിരണം സംഭവിച്ചപ്പോള്‍ ഗില്‍ഗമേഷ് വീരഗാഥയില്‍ ഒരുപാട് പൊടിപ്പും തൊങ്ങലും ചേര്‍ക്കപ്പെടുകയുണ്ടായി. വായ്മൊഴികളിലൂടെ വന്ന മാറ്റമാവണം അത്. മിക്കവാറും എല്ലാ യൂറോപ്യന്‍ ഭാഷകളിലും ഈ വീരകഥയുടെ സ്വത്യന്ത്രവിവര്‍ത്തനങ്ങളുണ്ട്.

അമരത്വം നേടാനുള്ള മനുഷ്യന്റെ ഇന്നും നിലയ്ക്കാത്ത ത്വരയുടെ ആദിമവീരഗാഥയുടെ ഒരു സംഗ്രഹമിതാ..

ഗില്‍ഗമേഷിന്റെ ഇതിഹാസം

പ്രാചീന സുമേറിയന്‍ സംസ്ക്കാരത്തിലെ പ്രബലമായൊരു രാഷ്ട്രമായിരുന്നു സുമേര്‍. സുമേറില്‍ തന്നെയുള്ള നഗരരാഷ്ട്രങ്ങളിലൊന്നായിരുന്ന ഉറൂക്കിന്റെ ഭരണാധികാരിയായിരുന്നു ഗില്‍ഗമേഷ്. ബി സി മൂന്നാം നൂറ്റാണ്ടിലായിരുന്നു ഗില്‍ഗമേഷിന്റെ ഭരണകാലം എന്നു അനുമാനിക്കപ്പെടുന്നു. നിന്‍സുന്‍ എന്ന ദേവതയുടെ പുത്രനായിരുന്ന ഗില്‍ഗമേഷ് ഒന്നാന്തരം യുദ്ധവീരനും വാസ്തുശില്‍പ്പിയും അതീവ ബുദ്ധിമാനും ഒക്കെയായിരുന്നു. തന്റെ നഗരത്തെ ശത്രുക്കളില്‍ നിന്നും രക്ഷിക്കാനായി ഒരു വലിയ കോട്ടതന്നെ അയാള്‍ പടുത്തുയര്‍ത്തി. രാജ്യത്തുണ്ടായിരുന്ന പുരുഷന്മാരെ അടിമകളാക്കിയ ഗില്‍ഗമേഷ് ഒട്ടുമിക്ക സ്ത്രീകളേയും തന്റെ വെപ്പാട്ടികളാക്കി വച്ചിരുന്നു. ഇതില്‍ ഉറൂക്കിലെ ജനങ്ങള്‍ അസംതൃപ്തരായിരുന്നെങ്കിലും ശക്തനായ ഗില്‍ഗമേഷിനെ എതിരിടാന്‍ അവര്‍ക്ക് ആകുമായിരുന്നില്ല. ജനങ്ങള്‍ സൃഷ്ടിയുടെ ദേവതയായ അറുറുവിനെ വിളിച്ച് തുടര്‍ച്ചയായി പ്രാര്‍ത്ഥിച്ചു. തന്റെ ജനതയുടെ പ്രാര്‍ത്ഥന ചെവിക്കൊണ്ട അറുറു ഗില്‍ഗമേഷിനെ തകര്‍ക്കുവാന്‍ കെല്‍പ്പുള്ള എന്‍കിഡു എന്ന കിരാതനെപ്പോലുള്ള മൃഗമനുഷ്യനെ സൃഷ്ടിച്ചു. വനത്തില്‍ വന്യമൃഗങ്ങളോടൊപ്പം എന്‍കിഡു അലഞ്ഞുതിരിഞ്ഞുനടന്നു. വേട്ടക്കാരുടെ കെണികളില്‍ വീഴുന്ന എല്ലാ മൃഗങ്ങളേയും എന്‍കിഡു രക്ഷപ്പെടുത്തിവിടാന്‍ തുടങ്ങി. നായാട്ടുകാര്‍ ഇതുമൂലം ഒരുപാട് ബുദ്ധിമുട്ടാനാരംഭിച്ചു. ഗില്‍ഗമേഷിന്റെ കൊട്ടാരത്തില്‍ നായാട്ടിറച്ചികൊണ്ട് നല്‍കുന്ന വേട്ടക്കാരനില്‍ നിന്നും രാജാവ് ഈ സത്വത്തെക്കുറിച്ച് അറിയാനിടയായി. ഒരു കിരാതരൂപിയുമായുള്ള ദ്വന്ദയുദ്ധത്തില്‍ പരാജയപ്പെട്ടതായി സ്വപ്നം കണ്ടതുമൂലം ഉറക്കം നഷ്ടപ്പെട്ടിരുന്ന ഗില്‍ഗമേഷിന് ഈ വാര്‍ത്ത കേട്ടപ്പോള്‍ ഭയം കൂടുകയാണ് ചെയ്തത്. താന്‍ സ്വപ്നത്തില്‍ കണ്ട രൂപം ഇതു തന്നെയായിരിക്കും എന്ന്‍ ഗില്‍ഗമേഷ് ഉറപ്പിച്ചു.

നേരിട്ട് അത്തരമൊരു സത്വത്തോട് പൊരുതി ജയിക്കുന്നത് അസാധ്യമാണെന്ന്‍ തോന്നിയ ഗില്‍ഗമേഷ് അഭിജ്ഞരുടെ നിര്‍ദ്ദേശപ്രകാരം ചതുരയായൊരു ഗണികസ്ത്രീയെ എന്‍കിഡുവിനെ വശീകരിച്ചുകൊണ്ടുവരുവാനായി നിയോഗിച്ചു. ആ സ്ത്രീ വിരിച്ച വലയില്‍ എന്‍കിഡു വീണു. അവളുമൊത്ത് ഒരാഴ്ചയോളം രമിച്ചുമദിച്ച എന്‍കിഡു ഒടുവില്‍ അവളോടൊപ്പം ഉറൂക്കിലേക്ക് യാത്രയായി. ഉറൂക്കിലെത്തിയ എന്‍കിഡു താമസം വിനാ ഗില്‍ഗമേഷുമായി ഇടയുകയും രണ്ടുപേരും തമ്മില്‍ അതിശക്തമായൊരു ദ്വന്ദയുദ്ധം നടക്കുകയും ചെയ്തു. തുല്യശക്തികളായ ഇരുവരും തമ്മിലുള്ള യുദ്ധം ഒരുപാട് നേരം നീണ്ടു. യുദ്ധത്തില്‍ ഒടുവില്‍ എന്‍കിഡു ഗില്‍ഗമേഷിനെ തറപറ്റിച്ചു. എന്നാല്‍ ആ യുദ്ധാനന്തരം ഇരുവരും ആത്മാര്‍ത്ഥസുഹൃത്തുക്കളായി മാറി. എന്‍കിഡുവിനെ കൊട്ടാരത്തില്‍ തന്നോടൊപ്പം കഴിയുവാന്‍ ക്ഷണിച്ച ഗില്‍ഗമേഷ് എന്‍കിഡുവിന് ധാരളാം സമ്മാനങ്ങളും സ്ഥാനമാനങ്ങളും കല്‍പ്പിച്ചു നല്‍കുകയും ചെയ്തു.

ഒരു രാത്രി ഗില്‍ഗമേഷ് ഒരു  ഭയാനകസ്വപ്നം കണ്ടു. ഒരു ഭീകരസത്വം തന്നെ കൊന്ന്‍ പാതാളലോകത്തേയ്ക്ക് കൊണ്ടുപോയതായിട്ടായിരുന്നു ആ സ്വപ്നം അയാള്‍ കണ്ടത്. തന്റെ സുഹൃത്തിന്റെ മരണഭയമകറ്റാന്‍ സൂര്യദേവനായ ശമഷിന് എന്‍കിഡു ഒരു ബലിയര്‍പ്പിച്ചു. അതില്‍ സംപ്രീതനായ ശമഷ് എന്‍കിഡുവിനോടും ഗില്‍ഗമേഷിനോടും കൂടി ദേവദാരുപര്‍വ്വതത്തിന്റെ അധിപനായ ഹുംബാബയെ തോല്‍പ്പിച്ച് ദേവദാരു വൃക്ഷങ്ങള്‍ വെട്ടിക്കൊണ്ട് വന്ന്‍ തനിക്കായി ഉറൂക്കില്‍ ഒരു അമ്പലം പണികഴിപ്പിക്കാന്‍ ആവശ്യപ്പെട്ടു. അതു കെട്ട ഇരുവരും ഉടന്‍ യാത്രയാവുകയും നീണ്ടൊരു പോരാട്ടത്തിലൂടെ ഹുംബാബയെ തോല്‍പ്പിക്കുകയും ചെയ്തു. പരാജിതനായ ഹുംബാബയുടെ തല എന്‍കിഡു വെട്ടിയെടുത്തു. യുദ്ധാനന്തരം അവര്‍ അരുവിയില്‍ കുളിച്ച് വിശ്രമിക്കവേ പ്രണയത്തിന്റെ ദേവതയായ ഇഷ്താര്‍ അവിടെ അവിചാരിതമായി വരികയും വീരനും ആരോഗ്യദൃഡഗാത്രനുമായ ഗില്‍ഗമേഷില്‍ ഭ്രമിച്ച് പ്രേമാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. എന്നാല്‍ ആ അഭ്യര്‍ത്ഥന നിരസിച്ച ഗില്‍ഗമേഷ് എന്‍കിഡുവുമൊത്ത് കൊട്ടാരത്തിലേയ്ക്ക് മടങ്ങി. ഒരു മനുഷ്യന്‍ തന്റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതില്‍ കുപിതയായ ഇഷ്താര്‍ ആനു എന്ന മറ്റൊരു ദൈവത്തിന്റെ സഹായത്തോടേ  ഒരു കൂറ്റന്‍ വൃഷഭത്തെ സൃഷ്ടിച്ച് ഉറൂക്കിലേക്കയച്ചു. സകലതും തച്ചുതകര്‍ത്ത് പാഞ്ഞുവന്ന ആ കാലക്കൂറ്റനെ ഗില്‍ഗമേഷും എന്‍കിഡുവും ചേര്‍ന്നു കൊന്നു. കൂടുതല്‍ കുപിതയായ ഇഷ്താര്‍ മാരകമായ ഒരു ശാപം എന്‍കിഡുവിനു നല്‍കുകയും അതുമൂലം എന്‍കിഡു രോഗഗ്രസ്തനായി എട്ടുപത്തുദിവസങ്ങള്‍ക്കുള്ളില്‍ മരണമടയുകയും ചെയ്തു.

തന്റെ ആത്മാര്‍ത്ഥ സുഹൃത്തിന്റെ മരണം ഗില്‍ഗമേഷിനെ നിത്യദുഃഖത്തിലാഴ്ത്തി. മരണഭയം അയാളെ വേട്ടയാടാന്‍ തുടങ്ങി. മഹാപ്രളയത്തെ അതിജീവിച്ച ഉത്നാപിഷ്ടിം എന്ന ചിരഞ്ജീവിയുടെ പക്കല്‍ അമരത്വം നേടാനുള്ള മരുന്നുണ്ട് എന്നറിഞ്ഞ ഗില്‍ഗമേഷ് യാത്രയാരംഭിച്ചു. ഒരുപാട് കൊടും യാതനകള്‍ക്കും അലച്ചിലുകള്‍ക്കും ശേഷം ഗില്‍ഗമേഷ് ഉത്നാപിഷ്ടിമിന്റെ അടുത്തെത്തി.സമുദ്രത്തിന്റെ അത്യഗാധതയില്‍ വളരുന്ന ഒരു ചെടിയാണ് അമരത്വം നല്‍കുന്നതെന്നറിഞ്ഞ ഗില്‍ഗമേഷ് സമുദ്രാന്തര്‍ഭാഗത്തു നിന്നും ആ ചെടികണ്ടെത്തുകയും അതിനുശേഷം ആ അമരത്വം തന്റെ ജനതയ്ക്കൊപ്പം പങ്കുവയ്ക്കണമെന്നാഗ്രഹിച്ച് മടക്കയാത്ര ആരംഭിക്കുകയും ചെയ്തു. യാത്രാമധ്യേ ക്ഷീണമകറ്റാന്‍ ഒരു നദിയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ കരയില്‍ ഒരു പാറപ്പുറത്തായി വച്ചിരുന്ന ആ അത്ഭുതസസ്യത്തെ ഒരു നാഗത്താന്‍ ഭക്ഷണമാക്കി. താന്‍ വളരെ യാതനകളും കഷ്ടപ്പാടുകളും സഹിച്ചു സ്വന്തമാക്കിയ അമരത്വം കൈവിട്ടുപോയതറിഞ്ഞ ഗില്‍ഗമേഷ് തകര്‍ന്നുപോയി. ഒരുപാട് നേരത്തെ വിലാപങ്ങള്‍ക്ക് ശേഷം ആകെ തകര്‍ന്ന ആ മനുഷ്യന്‍ തന്റെ നഗരത്തിലേയ്ക്ക് മടക്കയാത്രയാരംഭിച്ചു. ഭാവിജീവിതകാലത്ത് ജനങ്ങള്‍ക്ക് നന്മചെയ്യുന്ന നല്ലതു ചെയ്യുന്ന ഒരു ഭരണാധികാരിയായി മാറിയ ഗില്‍ഗമേഷ് ജനങ്ങളുടെ സ്നേഹാദരങ്ങള്‍ക്ക് പാത്രനായി വസിക്കയുണ്ടായി.

അവലംബം - ഡി സി ബുക്സിന്റെ ലോക ഇതിഹാസകഥകള്‍ വോള്യം 1. ചിത്രം ഗൂഗിളില്‍ നിന്നും

ശ്രീക്കുട്ടന്‍5 comments:

 1. ആ സ്ത്രീ വിരിച്ച വലയില്‍ എന്‍കിഡു വീണു.>>>>>>>>>>>> ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം? ശക്തനായ ഗിൽഗമേഷിനെക്കാളും അതിശക്തനായ എൻകിഡുവിനെക്കാളുമൊക്കെ ശക്തി ആ പെണ്ണിനല്ലേ!!!

  വെർതെയല്ല ഒരു സരിത ഒരായിരം പൊണ്ണൻ‌മാരെ ഒറ്റയ്ക്ക് വട്ടം ചുറ്റിക്കുന്നത്. ഹഹഹ

  (പോസ്റ്റിൽ കുറച്ചുഭാഗത്ത് ടെക്സ്റ്റ് ആവർത്തിച്ചുവരുന്നുണ്ട്)

  ReplyDelete
 2. ഇതൊക്കെ പുതിയ അറിവുകളാ . നന്ദി ശ്രീക്കുട്ടാ

  ReplyDelete
 3. ഇതിഹാസത്തിന്റെ ചുരുളുകൾ
  അഴിചു തന്നതിന് നന്ദീട്ടാ ഭായ്

  ReplyDelete
 4. ഒരു ജികെ ബ്ലോഗ്‌ ആണ് സത്യത്തില്‍ ഇത്...
  വായിച്ചതെല്ലാം പുതിയ അറിവാണ്..

  ReplyDelete
 5. ഇതിഹാസത്തിലൂടെ....
  നല്ല അറിവ് പങ്കുവെച്ചതിന് നന്ദി.
  ആശംസകള്‍

  ReplyDelete