Sunday, February 14, 2016

അവധിക്കാല അനുഭവങ്ങളും കാഴ്ചകളും

ഇക്കുറി ഡിസംബര്‍ മാസത്തില്‍ നാട്ടില്‍ പോകണമെന്നും പുത്രനുമായി ശബരിമലദര്‍ശനം നടത്തണമെന്നും ആഗ്രഹിച്ചിരുന്നതാണ്. ഒപ്പം തന്നെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായ സ്വന്തം വീട്ടില്‍ കയറിത്താമസം തുടങ്ങണമെന്നതും. എന്നാല്‍ അവിചാരിതമായി ഒരു തടസ്സം വന്നുപെട്ടതുമൂലം ഡിസംബര്‍ മാസത്തെ യാത്ര ജനുവരിയിലേയ്ക്ക് മാറ്റിവയ്ക്കേണ്ടിവന്നു. ഒരു കണക്കിനു അതും നന്നായി. വീടുപണി പൂര്‍ത്തിയായിട്ടില്ലായുര്‍ന്നു. ജനുവരി 6 നായിരുന്നു നാട്ടിലേക്ക് മടങ്ങിയത്. വൈകുന്നേരം സ്വന്തം നാട്ടിലിറങ്ങി. ശ്രീമതിയും മകനും അമ്മയും അച്ഛനും അനന്തിരവന്മാരും അനുജന്റെ മകള്‍ വൈഗയും എന്നെ കൂട്ടിക്കൊണ്ട് പോകുവാന്‍ എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ഫ്ലൈറ്റില്‍ നിന്നും ഒന്നു കഴിക്കാതിരുന്നതുമൂലം നല്ല വിശപ്പനുഭവപ്പെടുന്നുണ്ടായിരുന്നു. പതിവുള്ള ചായ കുടിക്കാഞ്ഞതിനാല്‍ നല്ല തലവേദനയും. വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ നല്ലൊരു ഹോട്ടലില്‍ കയറി എല്ലാവരും കൂടി ഭക്ഷണമൊക്കെ കഴിച്ചിട്ടായിരുന്നു യാത്ര. വീടിന്റെ മിനുക്കുപണികളും പെയിന്റിംഗ് ജോലികളും ഒക്കെ കഴിഞ്ഞ ശേഷമുള്ള ഫോട്ടോ കാണാതിരുന്നതിനാല്‍ വീട് എങ്ങിനെയിരിക്കുന്നു എന്നത് ഒരു ആകാംഷയായി മനസ്സിലുണ്ടായിരുന്നു. സാമാന്യം ഇരുട്ട് വീണപ്പോഴാണ് തറവാട്ടിലെത്തിയത്. അതുകൊണ്ട് തന്നെ നേരം വെളുക്കുന്നതുവരെ മനസ്സിലെ ആകാംഷ അടക്കി.

നേരം വെളുത്തപ്പോള്‍ ഒരു കട്ടന്‍ ചായയും കുടിച്ച് അമ്പലത്തിന്റടുത്തേയ്ക്ക് നടന്നു. അവിടത്തെ കടയില്‍ നിന്നും ഒരു ചായ കുടിച്ചു. അഞ്ചാറുകൊല്ലമായിട്ടും നല്ലൊരു ചായ ഉണ്ടാക്കി നല്‍കുവാന്‍ ഇങ്ങേര് ശ്രമിക്കുന്നില്ലേ എന്ന ചോദ്യം മുഖത്ത് പ്രകടിപ്പിച്ചുകൊണ്ട് ആ ചായ പകുതികുടിച്ച ശേഷം ബാക്കി കളഞ്ഞിട്ട് കാശും കൊടുത്ത് ഞാന്‍ എന്റെ വീട്ടിലേക്ക് നടന്നു. പെയിന്റിംഗ് ജോലികള്‍ പൂര്‍ണ്ണമായിട്ടുണ്ടായിരുന്നില്ല. ടൈല്‍സ് വര്‍ക്കൊക്കെ സാമാന്യം ഭംഗിയാക്കിത്തന്നെ ചെയ്തിരിക്കുന്നു. വീടിനകത്തെ പെയിന്റിംഗും ഇഷ്ടമായി. ഒരുവിധമെല്ലാം ജോലിയും പൂര്‍ണ്ണമായി. ഇനി നന്നായി വൃത്തിയാക്കണം. 11ആം തീയതിയാണ് പാലുകാച്ചല്‍ നിശ്ചയിച്ചിരിക്കുന്നത്. ഇനി വെറും 4 ദിവസം മാത്രം. കറണ്ട് കണക്ഷനുള്ള ഏര്‍പ്പാടിനായി 10 മണിയാകുമ്പോള്‍ ഓഫീസില്‍ പോകണം. അമ്പലത്തിനടുത്തേയ്ക്ക് മടങ്ങി 2 പേരെകൂട്ടിവന്ന്‍ വീടും പരിസരവും വൃത്തിയാക്കാനാരംഭിച്ചു. പിടിപ്പത് ജോലിയുണ്ടായിരുന്നു. വീടിനു ചുറ്റും ടൈല്‍സ് കഷണങ്ങളുടെ കൂനകളും കുഴികളെടുത്തതിന്റെ മണ്ണും മറ്റുമൊക്കെ കിടക്കുന്നത് മുഴുവന്‍ വൃത്തിയാക്കണം. പത്തുമണിയായപ്പോള്‍ ഇലക്ട്രിക് വര്‍ക്ക് ചെയ്ത തുളസിയണ്ണന്‍ വന്നു. പിന്നെ നെരെ ഇലക്ട്രിസിറ്റി ഓഫീസിലെക്ക്. അവിടെ നിന്നും ഓവര്‍സിയറെ വണ്യ്യിയില്‍ കൂട്ടിക്കൊണ്ട് വന്ന്‍ വീടും സ്ഥലവും കാട്ടിയിട്ട് പിന്നെ തിരിച്ച് വീണ്ടും ഓഫീസിലെക്ക് മടക്കം. അവര്‍ പറഞ്ഞ കാഷൊക്കെ അടച്ചു വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മണി 2 കഴിഞ്ഞു. പെട്ടന്നു ഭക്ഷണമൊക്കെ കഴിഞ്ഞിട്ട് വീട്ടിലേക്ക് ചെന്നു. അവിടെ പെയിന്റിംഗ് നടക്കുന്നുണ്ട്. വൈകുന്നെരം അവര്‍ക്ക് ശമ്പളമൊക്കെ കൊടുത്തിട്ട് ശ്രീമതിയുടെ വീട് വരെ പോകാം എന്നുകരുതി ഡ്രെസ്സ് ഇട്ടുകൊണ്ടിരുന്നപ്പോള്‍ ഫോണ്‍ വരുന്നു. കറണ്ട് കണക്ഷന്‍ നല്‍കാനായി ഓവര്‍സിയറും ലൈന്‍ മാനും കൂടി വരുന്നുണ്ടെന്ന്‍. അങ്ങിനെ ഭാഗ്യത്തിനു അന്നു തന്നെ കണക്ഷന്‍ ലഭിച്ചു. രണ്ടുപെരെയും സാമാന്യം നന്നായി സല്‍ക്കരിച്ചുതന്നെ വിട്ടു



ബാക്കിയുള്ള ദിവസം മുഴുവന്‍ വീടുവൃത്തിയാക്കലും മറ്റു പണികളുമൊക്കെയായി പോയി. 11 ആം തീയതി രാവിലെ 9.15 നും 9.45 നും ഇടയ്ക്കായിരുന്നു മുഹൂര്‍ത്തം. നിലവിളക്കുമായി എന്റെ നല്ലപാതി വലതുകാല്‍ വച്ച് ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് കാലെടുത്തുവച്ചു. ജലകുംഭം തോളിലേന്തി ഞാനും പലവ്യഞ്ജനാദികളും മറ്റും നിറഞ്ഞ മുറവുമായി അമ്മയും. മനസ്സില്‍ അപ്പോള്‍ നിറഞ്ഞുനിന്ന സന്തോഷം മൂലം ഹൃദയസ്പന്ദനം ഇരട്ടിവേഗതയിലായിരുന്നു. പുലര്‍ച്ചെ നടന്ന ഗണപതിഹോമത്തിന്റെ ബാക്കിയായി സന്ധ്യക്ക് ഭഗവതിസേവയും തറരക്ഷയുമൊക്കെ ഉണ്ട്. എല്ലാം ശ്രീമതിയുടെ നിര്‍ബന്ധമാണ്. പൂജയൊക്കെ കഴിഞ്ഞപ്പോള്‍ രാത്രി 12 മണി കഴിഞ്ഞു. കാലില്‍ ഒരു ഇന്‍ഫെക്ഷന്‍ വന്ന്‍ വിരലുകള്‍ക്കിടയില്‍ അല്‍പ്പം പ്രശ്നമായിരുന്നത് അല്‍പ്പം കടുത്തുവെന്ന്‍ തോന്നുന്നു. അസഹ്യമായ വേദന. നിലത്ത് കാലു കുത്താനാകുന്നില്ല. സാമാന്യം നല്ല നീരും വന്നിരിക്കുന്നു. പൂജയെല്ലാം കഴിഞ്ഞ് റൂമും ഹാളുമൊക്കെ വൃത്തിയാക്കി കിടന്നപ്പോള്‍ ഒരു മണി ആകാറായി. പ്രീയതമയെ മാറോട് ചേര്‍ത്ത് കിടക്കവേ മനസ്സില്‍ ആഹ്ലാദം നിറഞ്ഞുനുരകുത്തുകയായിരുന്നു. ഇനിയുള്ള ജീവിതകാലം മുഴുവന്‍ എനിക്കും എന്റെ പ്രീയപ്പെട്ടവള്‍ക്കും എന്റെ കുഞ്ഞിനും കഴിയുവാന്‍ വേണ്ടി ഉണ്ടാക്കിയ ഞങ്ങളുടെ സ്വന്തം വീട്ടില്‍ ഉറങ്ങുന്നു.

രാവിലെ ഉണര്‍ന്ന്‍ പതിവുപോലെ അമ്പല‍ത്തിനടുത്ത് ചെന്ന്‍ ഒരു ചായയും കുടിച്ച് അനുജന്‍ പച്ചക്കറികൃഷി ചെയ്യുന്ന വയലിലേക്ക് നടന്നു. കാലാണെങ്കില്‍ നല്ല നീരുവച്ച് അസഹ്യമായ വേദനയും സമ്മാനിക്കുന്നു. അനുജന്റെ പച്ചക്കറിത്തൊട്ടം ഉഷാറായിട്ടുണ്ട്. ചീരയും പയറും പടവലവും വെണ്ടയും പാവലും ഒക്കെ വളര്‍ന്നു കൊണ്ടിരിക്കുന്നു. കുറേ നെരം അവിടെ ചുറ്റിപ്പറ്റി നിന്നിട്ട് വീട്ടിലേക്ക് മടങ്ങി. പത്തുമണിയാകാറായപ്പോള്‍ ആശുപത്രിയിലൊന്നുപോയി. അവര്‍ എഴുതി നല്‍കിയ മരുന്നൊക്കെ മേടിച്ചു. തൊട്ടടുത്ത ആഴ്ചയായിരുന്നു അപ്പച്ചിയുടെ ഇളയമകന്റെ കല്യാണം. അന്നേ ദിവസം തന്നെയായിരുന്നു ഞങ്ങള്‍ പഴയ സഹപാഠികളുടെ ഒത്തുചേരലും പ്ലാന്‍ ചെയ്തിരുന്നത്. രാവിലെ കല്യാണത്തിനുപോയി. 12 മണിക്കാണു മുഹൂര്‍ത്തം. കല്യാണ സ്ഥലത്ത് ആളൊന്നു കാണിച്ചിട്ട് ഞാന്‍ പതിയെ മുങ്ങി ചാത്തന്നൂരിലേക്ക്. 20 കൊല്ലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന സഹപാഠികളുടെ ഒത്തുചേരല്‍ ഒരു കാരണവശാലും ഒഴിവാക്കാനാകുമായിരുന്നില്ല. നന്നായി ആഘോഷിച്ച് മിനുങ്ങി വൈകിട്ട് ചെന്നപ്പോള്‍ ശ്രീമതിയുടെ മുഖത്ത് കാര്‍മെഘം നിറഞ്ഞിരിക്കുന്നു. പരിപൂര്‍ണ്ണ നിശബ്ദനായി മുറിയില്‍ കയറി അങ്ങ് കിടന്നു. എന്തിനാണൊരു കലഹം.

ജനുവരി 24 നായിരുന്നു കീഴാറ്റിങ്ങള്‍ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ തൈപ്പൂയ കാവടി. മൂത്ത അനന്തിരവന്‍ കാവടിയെടുക്കുന്നുണ്ട്. ശൂലം കുത്തിയുള്ള കാവടിക്കായുള്ള കഠിന വ്രതത്തിലാണാശാന്‍.  ഏലാപ്പുറത്തു നിന്നും കാവടി ഘോഷയാത്രയുണ്ടായിരുന്നു. മാറൂട് അമ്പലത്തില്‍ വന്നിട്ടാണ് ഘോഷയാത്ര കീഴാറ്റിങ്ങലിലേക്ക് പോകുന്നത്. കാവടിക്കാര്‍ക്ക് കുടിക്കുവാനായി മില്‍ക്ക് ഷേക്കും തയ്യാറാക്കി ആറേഴുകവര്‍ ബ്രഡ്ഡും വാങ്ങി ഒപ്പം ഒരു കുല പഴവും. ഘോഷയാത്ര ഭംഗിയായി വന്നു മടങ്ങി. ഞങ്ങളെല്ലാവരും അതിനൊപ്പം നീങ്ങി മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള ഘൊഷയാത്രകള്‍ വന്ന്‍ സംഗമിക്കുന്നിടത്തേയ്ക്ക്. കാണുമ്പോള്‍ തന്നെ ഭയം ജനിപ്പിക്കുന്ന മട്ടില്‍ കവിളുകളിലൂടെ കുത്തിയിറക്കിയ ശൂലധാരികളും ശരീരം മുഴുവന്‍ ഇരുമ്പുകൊളുത്തുകളില്‍ കോര്‍ത്ത് വാഹനങ്ങളില്‍ കെട്ടിയുറപ്പിച്ചിരിക്കുന്ന കവുങ്ങുകളില്‍ തൂങ്ങിയാടുന്ന ഭക്തിയുടെ രൂപങ്ങളും. അവ കണ്ടപ്പോള്‍ സത്യത്തില്‍ അസഹ്യതയാണ് തോന്നിയത്. അനന്തിരവനാകട്ടെ അവനേക്കാളും നീളമുള്ള ഒരു ശൂലം കവിളുകളിലൂടെ കുത്തിക്കയറ്റിയിരിക്കുന്നു. എന്തുതരം ഭക്തിയാണിതെന്നോര്‍ത്ത് അത്ഭുതം തോന്നിപ്പോയി.

25 നായിരുന്നു അനുജന്റെ രണ്ടാമത്തെ മകള്‍ വൈഷ്ണവിയുടേ ചോറൂണ്. മാറൂട് ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു ചടങ്ങ്. തൊട്ടടുത്ത ദിവസം അവന്റെ ഭാര്യാഗൃഹത്തിനടുത്തുള്ള ക്ഷേത്രത്തില്‍ വച്ചും അതിനടുത്ത ദിവസം ഞ്ങ്ങളുടെ കുടുംബക്ഷേത്രമായ ചിറക്കരയില്‍ വച്ച് ചോറൂണ് നടത്തി. കുടുംബക്ഷേത്രം പുനര്‍നിര്‍മ്മിക്കുവാന്‍ വേണ്ടി എല്ലാം പൊളിച്ചിട്ടേക്കുകയായിരുന്നു. അതിലെക്കായി ഒരു ചെറിയ സംഭാവനും നല്‍കിയിട്ട് തൊഴുതുമടങ്ങി. അവിടത്തെ കുളത്തിലെ വലിയ മീനിനെകാണുവാനായി തൊട്ടടുത്ത കടയില്‍ നിന്നും പൊരിവാങ്ങികുളത്തിലിട്ടെങ്കിലും കുറച്ചു കുഞ്ഞു മീനുകള്‍ മാത്രമാണവിടെ ഉണ്ടായിരുന്നത്.

രണ്ട് ദിവസം കൂടിക്കഴിഞ്ഞപ്പൊള്‍ ഞാനും മകനും ശ്രീമതിയും കൂടി കന്യാകുമാരിയിലേക്ക് ഒരു യാത്ര പോയി. മുമ്പ് 20 കൊല്ലങ്ങള്‍ക്ക് മുന്നേ ഐ ടി ഐല്‍ പഠിക്കുമ്പോള്‍ ഞങ്ങള്‍ കൂട്ടുകാരെല്ലാവരും കൂടി ഒരിക്കല്‍ കന്യാകുമാരിയില്‍ പോയിട്ടുണ്ട്. യാത്ര ബസ്സിലായിരുന്നു. മൂന്നു മണികഴിഞ്ഞു കന്യാകുമാരിയിലെത്തിയപ്പോള്‍. നല്ലൊരു ഹോട്ടലില്‍ മുറിയെടുത്ത് ബാഗും മറ്റുമൊക്കെ അവിടെ വച്ചശേഷം ഭക്ഷണം കഴിക്കാന്‍ പുറത്തേയ്ക്കിറങ്ങി. യാതൊരു രുചിയും തോന്നിപ്പിക്കാത്ത തരത്തിലുള്ള പച്ചരിച്ചോര്‍. കഴിച്ചുവെന്ന്‍ വരുത്തി മെല്ലെ കടപ്പുറത്തേയ്ക്ക് നടന്നു. ബോട്ടില്‍ കയറി വിവേകാനന്ദപ്പാറയിലിറങ്ങാമെന്നു കരുതിയപ്പോള്‍ ബോട്ടുയാത്രാസമയം അവസാനിച്ചുപോയിരുന്നു. ഇനി നാളെ മാത്രേ പറ്റൂ. കടപ്പുറത്തെത്തി. നല്ല തിരക്ക്. കടലുകണ്ടതും മകന്‍ അങ്ങുചാടി. ഇരുട്ട് പരക്കുന്നതുവരെ അവന്‍ അതില്‍ കിടന്നു. ഒരുപാട് നിര്‍ബന്ധിച്ചാണ് പിന്നെ അവിടെ നിന്നും കരകയറ്റി മടങ്ങിയത്. ഇടയ്ക്ക് അവനു കുതിരപ്പുറത്തുകയറണമെന്നു പറഞ്ഞു. പിന്നെ ശ്രീമതിയും മോനും കൂടി കുതിരസവാരി. 1 മിനിട്ട് ഒന്നു നടത്തും. അത്ര തന്നെ. മകന്‍ കാണിക്കുന്ന കളിപ്പാട്ടങ്ങള്‍ ഒക്കെയും വാങ്ങിച്ചു. ശ്രീമതി കുറേയും റിബണും സ്ലൈഡും ഒക്കെ വാങ്ങുന്നുണ്ടായിരുന്നു. റൂമിലെത്തിയിട്ട് ഞാന്‍ ഡ്രെസ്സൊക്കെ മാറി നേരേ റെയില്‍വേ സ്റ്റേഷനിലേക്ക് ചെന്നു ട്രെയിന്‍ സമയമന്വോഷിച്ചു. പിറ്റേന്നു രാവിലെ 10.30 നു തിരുവനന്തപുരത്തേയ്ക്ക് ട്രയിനുണ്ട്. അതുകഴിഞ്ഞ് ഉച്ചക്ക് 2.30 നും. മടങ്ങിയെത്തി കുറച്ചുസമയം കഴിഞ്ഞ് പുറത്തേക്കിറങ്ങി ഒരു ചെറിയ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. നല്ല ഭക്ഷണം.

രാവിലെ ഉണര്‍ന്ന്‍ കടപ്പുരത്തേയ്ക്ക് വീണ്ടും പോയി. ട്രയിന്‍ സമയമാകാറാകുമ്പോള്‍ മടങ്ങാമെന്നു കരുതി. ബോട്ട് സര്‍വ്വീസ് ആരംഭിച്ചിരുന്നു അപ്പോള്‍. മോന്‍ ബോട്ടില്‍ കയറണമെന്ന്‍ വാശിപിടിച്ചപ്പോള്‍ പിന്നെ നേരെ അങ്ങോട്ടേയ്ക്ക് വച്ചുപിടിച്ചു. ടിക്കറ്റെടുത്ത് അകത്തേയ്ക്ക് കയറിയപ്പോള്‍ ഒരു പള്ളിപ്പെരുന്നാളിനുള്ളത്ര ആള്‍ക്കാര്‍ ക്യൂ നില്‍ക്കുന്നു. ഒരുമണിക്കൂറോളം ക്യൂ നിന്നിട്ടാണ് ബോട്ടില്‍ കയറാനൊത്തത്. ട10.30 നുള്ള ട്രയിന്‍ കിട്ടില്ല എന്നുറപ്പായിക്കഴിഞ്ഞു. വിവേകാനന്ദപ്പാറയിലിറങ്ങി അവിടം മുഴുവന്‍ ചുറ്റിക്കറങ്ങി. അതിമനോഹരമായ കാഴ്ചതന്നെയവിടം. തിരിച്ചുപോകാന്‍ വേണ്ടി ഏകദേശം ഒരു മണിക്കൂര്‍ വീണ്ടും ക്യൂവില്‍. ബോട്ടില്‍ നിന്നും കരയിലേക്കിറങ്ങി ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണവും കഴിച്ച് റൂമിലെത്തി. അല്‍പ്പ നേരം വിശ്രമിച്ച് റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു. കൃത്യസമയത്തുതന്നെ ട്രയിന്‍ പുറപ്പെട്ടു. വൈകുന്നേരം 6.30 മണിയോടുകൂടി വീടും പിടിച്ചു.

കുറച്ചധികം കൊല്ലങ്ങളായി ഒരു സിനിമ തിയേറ്ററില്‍ നിന്നും കണ്ടിട്ട്. കുടുംബമായി ഒരു സിനിമയ്ക്ക് പോകാന്‍ തീരുമാനിച്ചു. മാറ്റിനിയ്ക്കുള്ള ഷോ. ചാര്‍ളി കാണണമെന്നായിരുന്നു. എന്നാല്‍ ആറ്റിങ്ങള്‍ എത്തിയപ്പോള്‍ അത് വൈകുന്നേരത്തേയ്ക്കുള്ള ഷോമാത്രമേയുള്ളൂ. പിന്നെ ദിലീപിന്റെ ടൂ കണ്ട്രീസ് കണ്ടു. കുറച്ചുതമാശയൊക്കെയുള്ള ഒരു നിര്‍ഗ്ഗുണ ചിത്രം. പ്രവാസത്തിലേക്ക് മടങ്ങുന്നതിന്റെ തലേദിവസം എല്ലാപേര്‍ക്കും കൂടി അത്താഴം എന്റെ വീട്ടില്‍ വച്ചാക്കാമെന്നു വച്ചു. ഉച്ചയായപ്പോള്‍ ആവശ്യത്തിനു സാധനങ്ങളും കോഴിയും ഒക്കെ വാങ്ങിവന്നു. അനുജനായിരുന്നു പാചകത്തിന്റെ മേല്‍നോട്ടം. വൈകുന്നേരമായപ്പോള്‍ അമ്മായി അമ്മയും അളിയനും മൂത്ത അപ്പച്ചിയും മറ്റൊരളിയനായ ഉണ്ണിയുടെ മകള്‍ പാറുവും ഒക്കെയായി വീട്ടില്‍ വന്നു. കൂട്ടുകാരിയെക്കണ്ടപ്പോള്‍ മോനും പെരുത്ത് സന്തോഷം. രാത്രി അച്ഛനും അമ്മയും അനുജനും അവന്റെ ഭാര്യയും കുട്ടികളും അനന്തിരവന്മാരും അമ്മായിയും അപ്പച്ചിയും ഒക്കെയായി ഭക്ഷണം. പിറ്റേന്ന്‍ ഉച്ചയ്ക്കുള്ള ഭക്ഷണവും വീട്ടില്‍ നിന്നു തന്നെ ആക്കി. അപ്പച്ചി രാവിലെ ഒരു പായസവും വച്ചു.

ഉച്ചയ്ക്ക് 2.30 ആയപ്പോള്‍ വീട്ടില്‍ നിന്നുമിറങ്ങി. വീണ്ടും യാന്ത്രികതയുടെ പ്രവാസലോകത്തേയ്ക്ക്. എയര്‍പോര്‍ട്ടില്‍ വച്ച് മകനൊരു ചുംബനവും നല്‍കി അകത്തേയ്ക്ക് കയറി ചടങ്ങുകളെല്ലാം തീര്‍ത്തശേഷം ബുക്ക് സ്റ്റാളില്‍ നിന്നും വാങ്ങിയ പട്ടം പറത്തുന്നവന്‍ എന്ന നോവലില്‍ മുങ്ങി കാത്തിരിപ്പാരംഭിച്ചു. അധിനിവേശവും പലായനങ്ങളും സൃഷ്ടിക്കുന്ന സങ്കടക്കാഴ്ചകള്‍ മനസ്സില്‍ നുരയിടുന്നു. ജനിച്ച നാട് വിട്ട്, പ്രീയപ്പെട്ടവരെ ഉപേക്ഷിച്ച് അകലേയ്ക്ക് പോകേണ്ടിവരുന്നവന്റെ സങ്കടം..അതെത്ര വിശദീകരിച്ചാലും മതിയാവില്ല. അനുഭവിക്കുക തന്നെ വേണം. അന്തരീക്ഷത്തില്‍ നിന്നും ഈ പാട്ട് ചെറുതായി ആരോ മൂളുന്നതുപോലെ അനുഭവപ്പെടുന്നു.

"തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനെന്റെ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
ഞാനും കൊതിക്കാറുണ്ടെന്നും"

ശ്രീക്കുട്ടന്‍

8 comments:

  1. വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുക ചെറിയ ഒരു കാര്യമല്ലെന്ന് ഇപ്പോൾ ഞാനും അറിയുന്നു.
    അഭിനന്ദനങ്ങൾ, ആശംസകൾ

    ReplyDelete
  2. പ്രവാസി നാട്ടില്‍വന്നു ചെലവഴിക്കുന്ന അവധിക്കാലം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചിരിക്കുന്നു.
    ഇനിയും മനസ്സില്‍ താലോലിക്കുന്ന മോഹങ്ങളുടെ സാക്ഷാല്‍ക്കാരത്തിനായി...............
    പ്രവാസം....
    ആശംസകള്‍

    ReplyDelete
  3. വീട്ടു വിശേഷങ്ങൾ ഉഷാറായി

    ReplyDelete
  4. അനുഭവങ്ങൾ വരികളിലൊതുക്കാം പക്ഷെ ആ നിമിഷങ്ങളെ വരികളിലേക്ക് കൊണ്ട് വരാൻ നമുക്ക് കഴിയില്ലല്ലോ. ഒരു സ്വപ്നം പോലെ ബാക്കിയാകും നമ്മുടെ അവധിക്കാലങ്ങൾ. നന്നായി ശ്രീകുട്ടാ.
    പുതിയ വീടിനു എല്ലാ വിധ ആശംസകളും.

    ReplyDelete
  5. നന്നായി എഴുതി, മാഷേ. ഇനി പുതിയ വീട്ടിലെ അനുഭവങ്ങള്‍...

    ReplyDelete
  6. "തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനെന്റെ
    ഗ്രാമം കൊതിക്കാറുണ്ടെന്നും
    തിരികെ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍
    ഞാനും കൊതിക്കാറുണ്ടെന്നും"

    ReplyDelete
  7. """Leverkusen want Sead KolasinacAouar is interested in coming to London.>> Arsenal's latest game He was just a backup."""

    ReplyDelete