Sunday, July 24, 2016

അവസാനത്തെ ഇല

ഓ ഹെന്‍ട്രിയുടെ ദ ലാസ്റ്റ് ലീഫ് എന്ന ചെറുകഥ വായിച്ചപ്പോള്‍ അത് ഒന്നു സ്വന്തം ഭാഷയിലാക്കിയാലോ എന്ന ചിന്ത. പിന്നെ സമയം കളഞ്ഞില്ല. ഫസ്റ്റ് ടൈം ആണ് ഇപ്രകാരമൊരു സാഹസം. ഇതൊരു പദാനുപദ പരിഭാഷയൊന്നുമല്ല. ആ മനോഹരകഥയെ എന്റെ ഭാഷയില്‍ അക്ഷരങ്ങളാക്കി ഒന്നു നിരത്തുന്നു എന്നുമാത്രം.

ഒറിജിനല്‍ കഥയുടെ ലിങ്ക്

ഒരു കോഫീ ഷോപ്പില്‍ വച്ച് പരിചയപ്പെട്ടവരായിരുന്നു സൂവും ജോണ്‍സിയും. ഇരുവരും ചിത്രകലയില്‍ താല്‍പ്പര്യമുള്ളവര്‍. സൂ ഒരു മാഗസിനില്‍ ചിത്രങ്ങള്‍ വരച്ചു നല്‍കുന്ന ജോലി ചെയ്യുന്നു. . ജോണ്‍സിയാകട്ടെ ഇറ്റലിയില്‍ പോയി ബേ ഓഫ് നേപ്പില്‍സ് കാന്‍വാസിലാക്കണമെന്ന ആഗ്രഹവുമായി നടക്കുന്നവളും. കൂടുതല്‍ അടുത്തറിഞ്ഞതോടെ  അവര്‍ ഗ്രീന്‍ വിച്ച് വില്ലേജിലുള്ള ഒരു ബിള്‍ഡിംഗിന്റെ മുകളിലുള്ള സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറ്റി. ഡിസംബര്‍ മാസമായപ്പോള്‍ ന്യൂയോര്‍ക്കിനെ അതിശൈത്യം പിടികൂടി. കനത്ത മഴയും മഞ്ഞുവീഴ്ചയും ജനജീവിതം ദുസ്സഹമാക്കി. ആ അവസരത്തില്‍ ന്യുമോണിയ രോഗവും പടര്‍ന്നുപിടിക്കാനാരംഭിച്ചു. നിരവധിപേര്‍ രോഗം മൂലം മരണമടഞ്ഞു. ജോണ്‍സിയേയും ന്യൂമോണിയ പിടികൂടി. കിടപ്പിലായ ജോണ്‍സിയുടെ ആരോഗ്യനില ഓരോ ദിവസം കഴിയുന്തോറും വഷളായിക്കൊണ്ടുവന്നു. ജോണ്‍സിയെ ചികിത്സിക്കുന്ന ഡോക്ടര്‍ക്ക് പോലും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ എന്തെങ്കിലും ചെയ്ത് ജോണ്‍സിയുടെ മാനസിക നില ഉഷാറാക്കിയാലേ എന്തെങ്കിലും പ്രയോജനമുള്ളൂ എന്ന്‍ ഡോക്ടര്‍ തറപ്പിച്ചുപറഞ്ഞു. പെയിന്റിംഗ് ഏറ്റവും ഇഷ്ടമുള്ളതുകൊണ്ട് ജോണ്‍സിയെ സന്തോഷിപ്പിക്കാമെന്നുകരുതി തന്റെ ഡ്രായിംഗ് ബോര്‍ഡും കളര്‍പെന്‍സിലുകളുമായി സൂ ജോണ്‍സിയുടെ മുറിയിലേക്ക് ചെന്നു. കട്ടിലില്‍ കിടന്നുകൊണ്ട് ജനാലയുടെ നേരേ നോക്കി  എന്തോ പിറുപിറുത്തുകൊണ്ടിരിക്കുന്ന ജോണ്‍സിയെയാണ് സൂ കണ്ടത്.

"പന്ത്രണ്ട്, പതിനൊന്ന്‍, പത്ത്..."

ഒച്ചതാഴ്ത്തി ജോണ്‍സി എന്തോ എണ്ണുകയാണ്.

"ആറായി..എത്ര വേഗമാണവ കൊഴിയുന്നത്?"

ജോണ്‍സിയുടെ വര്‍ത്തമാനം കേട്ട് എന്താണവള്‍ എണ്ണിക്കൊണ്ടിരിക്കുന്നതെന്ന്‍ മനസിലാകാതെ അല്‍പ്പ സമയം അവളെത്തന്നെ നോക്കിനിന്നിട്ട് സൂ മുന്നോട്ട് ചെന്ന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. എതിര്‍ വശത്തുള്ള ഇഷ്ടികകൊണ്ട് കെട്ടിപ്പൊക്കിയ വീടിന്റെ പൊളിഞ്ഞുതുടങ്ങിയ ചുമരും അതില്‍ പടര്‍ന്നു നില്‍ക്കുന്ന ഒരു വള്ളിച്ചെടിയും മാത്രമാണവള്‍ക്ക് കാണാന്‍ കഴിഞ്ഞത്. ആ വള്ളിച്ചെടി വിളറി ഇലകള്‍ മഞ്ഞനിറമാര്‍ന്ന്‍ വാടിവീഴുവാന്‍ തുടങ്ങുന്നതുപോലെ തോന്നിപ്പിച്ചു.

"മൂന്ന്‍ ദിവസം മുന്നേ നൂറോളം ഇലകളുണ്ടായിരുന്നു അതില്‍. ഇപ്പോളതില്‍ ആറെണ്ണം. ദേ ഒന്നുകൂടി പൊഴിഞ്ഞിരിക്കുന്നു. അതിന്റെ അവസാന ഇലയും ഒട്ടും താമസിയാതെ അടര്‍ന്നുവീഴും. എനിക്ക് തോന്നുന്നു ആ അവസാന ഇല കൊഴിഞ്ഞുവീഴുമ്പോള്‍ ഞാനും മരിക്കുമെന്ന്‍"

"വേണ്ടാതീനം പറയാതിരിക്കൂ ജോണ്‍സി. ആദ്യം നീ കുറച്ചു സൂപ്പ് കുടിക്കൂ. ആരോഗ്യമുണ്ടെങ്കിലേ രോഗം പെട്ടന്ന്‍ ഭേദമാകൂ"

"എനിക്ക് വേണ്ട. ആ വള്ളിയിലെ അവസാന ഇല ഉടന്‍ പൊഴിഞ്ഞുവീഴും. ഒപ്പം ഞാനും"

അങ്ങേയറ്റം നിരാശയോടെ പറഞ്ഞുകൊണ്ട് ജോണ്‍സി കണ്ണടച്ചു കിടന്നു. സൂവാകട്ടെ അവളുടെ പെയിന്റിംഗിനു ഒരു മോഡലിനെ വേണമെന്നുള്ളതുകൊണ്ട് താഴത്തെ നിലയില്‍ താമസിക്കുന്ന ബെര്‍മ്മന്റെ അടുത്തേയ്ക്ക് പോയി. ബെര്‍മ്മനും ഒരു ചിത്രകാരനായിരുന്നു. ഒരു ദിവസം താന്‍ ഒരു മാസ്റ്റര്‍പീസ് ചിത്രം വരയ്ക്കും എന്നു പറഞ്ഞ് ഓരോ ദിനവും പാഴാക്കിക്കളഞ്ഞ് വര്‍ദ്ധക്യത്തിലേക്ക് കാലൂന്നിയിരിക്കുകയാണ് ബെര്‍മ്മന്‍. തന്റെ ചിത്രത്തിനു ഒരു മോഡലാകാമോയെന്ന്‍ സൂ ചോദിച്ചപ്പോള്‍ ബെര്‍മ്മന്‍ സന്തോഷത്തോടെ സമ്മതിച്ചു. ജോണ്‍സിയേയും സൂവിനേയും അത്രയ്ക്കിഷ്ടമായിരുന്നു ബെര്‍മ്മനു. സ്റ്റെയര്‍ കേസ് കയറവേ സൂ ബെര്‍മ്മനൊട് ജോണ്‍സിയെക്കുറിച്ചും ഇല കൊഴിഞ്ഞുകൊണ്ടിരിക്കുന്ന വള്ളിയെക്കുറിച്ചും പറയുകയുണ്ടായി. ആ ഇലപൊഴിയുന്ന വള്ളിയുടെ അവസ്ഥയില്‍ ദുഃഖിക്കുന്ന ജോണ്‍സി അതിന്റെ മരണം ഉടനുണ്ടാകുമെന്ന്‍ ഭയക്കുന്നുവെന്നും ഒപ്പം താനും മരിക്കുമെന്ന്‍ എപ്പോഴും പറയുന്നു എന്ന്‍ സൂ പറഞ്ഞതുകേട്ടപ്പോള്‍ അല്‍പ്പം രോഷത്തോടെ ബെര്‍മ്മന്‍ ഇങ്ങിനെ പറഞ്ഞു.

"വിഡ്ഡിപ്പെണ്ണാണവള്‍. ഈ സ്ഥലമാണവള്‍ക്ക് ഏറ്റവും നന്ന്‍. നിങ്ങള്‍ നോക്കിക്കോ ഒരു ദിവസം ഞാന്‍ ഒരു മാസ്റ്റര്‍ പീസ് പടം വരയ്ക്കും. എന്നിട്ട് നമ്മള്‍ ഇറ്റലിയിലെയ്ക്ക് പോകും. നേപ്പില്‍സിലേക്ക്. ഇന്നല്ല. ഇന്നു ഞാന്‍ നിന്റെ മോഡലാണ്"

മുകള്‍ നിലയിലേക്ക് കയറിവന്ന ഹെര്‍മ്മന്‍ കട്ടിലില്‍ മൂടിപ്പുതച്ചുകിടക്കുന്ന ജൊണ്‍സിയെ അല്‍പ്പസമയം നോക്കിനിന്നു. എന്നിട്ട് ജനാലയ്ക്കല്‍ ചെന്ന്‍ ചുമരില്‍ പറ്റിനില്‍ക്കുന്ന ആ വള്ളിയിലേക്കും നോക്കി. മഴ ചെറുതായി ആരംഭിച്ചു തുടങ്ങിയിരുന്നു. രാത്രിയില്‍ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന സൂചന നല്‍കിക്കൊണ്ട് കാറ്റടിച്ചുകൊണ്ടിരുന്നു.

രാവിലെ ഉറക്കമുണര്‍ന്ന ഉടനേ ജോണ്‍സി സൂവിനോട് ആവശ്യപ്പെട്ടത് ജനാലക്കര്‍ട്ടനുയര്‍ത്താനാണ്. രാത്രി വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും താഴെവീഴാതെ ആ വള്ളി ചുമരില്‍ തന്നെയുണ്ടായിരുന്നു. ഒരിലയോടൊപ്പം. വള്ളി ഇരുണ്ട പച്ചയും മഞ്ഞയും നിറത്തിലായിരുന്നു.

"അവസാനത്തെ ഇല. ഇന്ന്‍ എപ്പോഴെങ്കിലും അതും പൊഴിയും. അതേ സമയം ഞാനും മരിക്കും"

"അങ്ങിനെ പറയാതെ ജോണ്‍സി. നീ മരിക്കാന്‍ ഞാന്‍ അനുവദിക്കില്ല"

ജോണ്‍സിയുടെ മുഖത്തേയ്ക്ക് തന്റെ മുഖം ചേര്‍ത്തുവച്ചുകൊണ്ട് സൂ അവളുടെ കട്ടിലില്‍ ഇരുന്നു. അന്നു വൈകുന്നെരമായിട്ടും ആ ഇല കൊഴിഞ്ഞുവീഴുകയുണ്ടായില്ല. രാത്രിയില്‍ അന്നും ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. പിറ്റേന്നുറക്കമെണീറ്റയുടനേ ജോണ്‍സി സൂവിനെക്കൊണ്ട് ജനല്‍ കര്‍ട്ടന്‍ ഉയര്‍ത്തിപ്പിച്ച് ആകാംഷയോടെ വള്ളിയിലേക്ക് നോക്കി. ആ ഒരില അപ്പോഴും അതില്‍ തന്നെയുണ്ടായിരുന്നു. ജോണ്‍സി ആ വള്ളിച്ചെടിയിലേക്ക് കുറേയേറെ സമയം നോക്കിയിരുന്ന ശേഷം പെട്ടന്ന്‍ സൂവിനോടായിപറഞ്ഞു.

"ഞാനെന്തൊരു മണ്ടിയാണ്. ഞാന്‍ മരിക്കാനായി അങ്ങേയറ്റം ആഗ്രഹിക്കുന്നു. എന്നാല്‍ ആ വള്ളിച്ചെടിയില്‍ പിടിച്ചുനില്‍ക്കുന്ന അവസാനത്തെ ഇലയെ നോക്കൂ. അതു പോലും ചെറുത്തു നില്‍ക്കുകയാണ്. എന്നെ ആ ഇല ഒരു പാഠം പഠിപ്പിച്ചു. എനിക്കു എന്തെങ്കിലും കഴിക്കുവാന്‍ വേണം. ഒരല്‍പ്പം സൂപ്പുകൊണ്ടുവരാനാകുമോ?"

"ഒരു ദിവസം ഞാന്‍ പോകും. നേപ്പില്‍സിന്റെ ഭംഗി മുഴുവനുമെന്റെ കാന്‍വാസില്‍ ഞാന്‍ പകര്‍ത്തും"

സൂപ്പുകഴിച്ചുകഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ ജോണ്‍സി പറഞ്ഞതുകേട്ട് സൂവിന്റെ മുഖത്തും സന്തോഷം കളിയാടി

വൈകുന്നേരം ഡോക്ടര്‍ പരിശോധനയ്ക്ക് വന്നപ്പോള്‍ ജോണ്‍സിയുടെ സ്ഥിതികണ്ട് ശരിക്കും സന്തുഷ്ടനായി. ജോണ്‍സിയെ നന്നായി പരിചരിച്ചതിന് സൂവിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. ബെര്‍മ്മന്‍ രോഗബാധിതനായിരിക്കുന്നുവെന്നും അയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റണമെന്നും പറഞ്ഞുകൊണ്ട് ഡോക്ടര്‍ താമസിയാതെ മടങ്ങി.

പിറ്റേന്ന്‍ പകല്‍ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍ സൂവിനൊട് ജോണ്‍സിയുടെ ആരോഗ്യനില തൃപ്തികരമായിരിക്കുന്നു ഇനി കുഴപ്പമില്ലായെന്നു പറഞ്ഞു.  ബെര്‍മ്മന്‍ അന്ന്‍ മരിച്ചു എന്ന വാര്‍ത്തയും ഒപ്പം മറ്റു ചില വിവരങ്ങളും കൂടി ഡോക്ടര്‍ അവളോട് പറഞ്ഞു.. രണ്ടുദിവസം മുന്നേ കട്ടിലില്‍ അവശനായിക്കിടന്ന ബര്‍മ്മനെ അയല്‍ക്കാരിലൊരാള്‍ ആണ് ആദ്യം കണ്ടത്.കടുത്ത പനിയിലായിരുന്നു അയാളുടെ വസ്ത്രങ്ങളും കാലുറയും മുഴുവന്‍ ഞനഞ്ഞുകുതിര്‍ന്ന അവസ്ഥയിലായിരുന്നു. അയാളാണ് ഡോക്ടറെ വിളിച്ചത്. പിന്നീട് ആ അയല്‍ക്കാരന്‍ യാര്‍ഡിനടുത്തായി ഒരു കോവണിയും ഒരു വിളക്കും രണ്ടുമൂന്ന്‍ ബ്രഷുകളും ഒപ്പം പച്ചയും മഞ്ഞയും പെയിന്റിന്റെ ചില കുപ്പികളും കാണുകയുണ്ടായത്രേ.

"ജോണ്‍സി നീ ആ വള്ളിയില്‍ നില്‍ക്കുന്ന അവസാനത്തെ ഇലയിലേക്ക് ഒന്ന്‍ സൂക്ഷിച്ചു നോക്കിയേ. ഇത്രയും കാറ്റും മഴയും ഒക്കെ ഏറ്റിട്ടും അത് പൊഴിഞ്ഞുവീഴാത്തതില്‍ നിനക്ക് അത്ഭുതമൊന്നും തോന്നുന്നില്ലേ"

കൂട്ടുകാരിയുടെ തോളില്‍ കയ്യിട്ടുകൊണ്ട് സൂ ഒച്ചതാഴ്ത്തിച്ചോദിച്ചു. കൊടും ശൈത്യവും കാറ്റും തകര്‍ത്ത ആ രാത്രിയില്‍ ബര്‍മ്മന്‍ വരച്ച തന്റെ ജീവിതത്തിലെ തന്നെ മാസ്റ്റര്‍പീസായ ആ ഒറ്റയിലയുടെ ചന്തത്തിലേക്ക് നോക്കി അവരിരുവരും അതേ നില്‍പ്പു നിന്നു


ശ്രീക്കുട്ടന്‍3 comments:

  1. ഇത്‌ നേരത്തേ ചെയ്തിരുന്നോ??

    ReplyDelete
  2. പെട്ടെന്ന് പറഞ്ഞു തീർത്തു. ഒരു ഉദ്വേഗവും ഇല്ലാതായിപ്പോയി. പണ്ട് പള്ളിക്കൂടത്തിൽ പഠിച്ചതാണ് ഇക്കഥ. കഥയുടെ ഒരു സുഖം വന്നില്ല. അവസാനത്തെ ഇല വരച്ചതാണ് ഇതിന്റെ പ്രധാന സാധനം. അത് ഈ പരിഭാഷയിൽ അത്ര ഭംഗിയായി അനുഭവപ്പെട്ടില്ല.

    ReplyDelete
  3. പഴയ കഥക്ക് ഒരു പുത്തൻ ആഖ്യാനം

    ReplyDelete