Sunday, July 24, 2016

പൊഴിയാതെ നിന്നൊരില

ഓ ഹെന്‍ട്രിയുടെ ദ ലാസ്റ്റ് ലീഫ് എന്ന ചെറുകഥ വായിച്ചപ്പോള്‍ അത് ഒന്നു സ്വന്തം ഭാഷയിലാക്കിയാലോ എന്ന ചിന്ത. പിന്നെ സമയം കളഞ്ഞില്ല. ഫസ്റ്റ് ടൈം ആണ് ഇപ്രകാരമൊരു സാഹസം. ഇതൊരു പദാനുപദ പരിഭാഷയൊന്നുമല്ല. ആ മനോഹരകഥയെ എന്റെ ഭാഷയില്‍ അക്ഷരങ്ങളാക്കി ഒന്നു നിരത്തുന്നു എന്നുമാത്രം.

ഒറിജിനല്‍ കഥയുടെ ലിങ്ക്

കോഫീഷോപ്പിലെ ഒഴിഞ്ഞ കസേരകളിലൊന്നിലിരുന്ന്‍ ചൂടു കോഫി മൊത്തിക്കുടിക്കുമ്പോഴും ജോണ്‍സിയുടെ മനസ്സില്‍  നിറഞ്ഞുനിന്നിരുന്നത് പതിനഞ്ചോളം കിലോമീറ്റര്‍ നീളത്തില്‍ പരന്നുകിടക്കുന്ന ബേ ഓഫ് നേപില്‍സ് എന്ന സ്വപ്നഭൂമികയായിരുന്നു. പോംപിയും ഹെര്‍ക്കുലേനിയവും മെഡിറ്ററേനിയനിലേക്ക് വാതില്‍ തുറക്കപ്പെടുന്ന നേപ്പില്‍സും റോമാസാമ്രാജ്യത്തിന്റെ മനോഹര തിരുശേഷിപ്പുകളും തന്റെ ചായക്കൂട്ടുകളില്‍ പുനര്‍ജ്ജനിച്ച് മറ്റുള്ളവര്‍ക്ക് കാഴ്ചോത്സവം ഒരുക്കുന്ന വേളയെ സ്വപ്നം കണ്ടിട്ടെന്നപോലെ അവള്‍ ഒന്നുറക്കെച്ചിരിച്ചു. ഒപ്പം മേശപ്പുറത്തിരുന്ന തന്റെ ചായക്കൂട്ടുകളുടെ ബാഗിനെ അരുമയായി തഴുകുകയും ചെയ്തു.

"എന്താ ചങ്ങാതീ സ്വപ്നം വല്ലതും കണ്ടോ? മനോഹരമായ ചിരിയാണല്ലോ?"

എതിര്‍സീറ്റില്‍ വന്നിരുന്ന യുവതിയുടെ ചോദ്യം കേട്ടാണ് ജോണ്‍സി ചിന്തകളില്‍ നിന്നുണര്‍ന്നത്. കാറ്റത്ത് പാറിപ്പറക്കുന്ന മുടിയിഴകള്‍ ഒരു കൈകൊണ്ട് മാടിയിതുക്കിയിട്ട് ജോണ്‍സി ചോദ്യഭാവേന അപരിചിതയെ നോക്കി.


"ഞാന്‍ സൂ. സ്റ്റേറ്റ് ഓഫ് മെയിനില്‍ നിന്നാണ്. ചില മാഗസിനുകളില്‍ അല്ലറചില്ലറ വരയും മറ്റുമൊക്കെയായി കഴിയുന്നു. ചിത്രം വരയുണ്ടല്ലേ?. ഏതോ ഗംഭീരമായ വരയെക്കുറിച്ച് ആലോചിച്ചിരുന്നല്ലേ ചിരിച്ചത്?"

തന്നെ പരിചയപ്പെടുത്തിയിട്ട് കയ്യിലിരുന്ന കോഫിക്കപ്പ് മേശമേല്‍ വച്ച് സൂ മുന്നോട്ടാഞ്ഞിരുന്നു.

"അതേ ചങ്ങാതീ. ബേ ഓഫ് നേപ്പില്‍സ് എന്നെ കൊതിപ്പിച്ചുതുടങ്ങിയിട്ട് നാളുകളെത്രയായെന്നോ. ഒരു ദിവസം ഞാനവളെ എന്റെ ചായക്കൂട്ടുകളില്‍ തളയ്ക്കും. ബൈ ദി ബൈ ഞാന്‍ ജോവന്ന. ജോണ്‍സി എന്നാണ് അടുപ്പമുള്ളവര്‍ വിളിക്കുക".

ജോന്‍സി സൂ നീട്ടിയ  കരം കവര്‍ന്നുകൊണ്ട് പറഞ്ഞു.

അല്പനേരത്തെ സംസാരം കൊണ്ടു ജോണ്‍സിയും സൂവും അടുത്ത ചങ്ങാതിമാരായിത്തീര്‍ന്നു. കൂടുതല്‍ അടുത്തറിഞ്ഞതോടെ  തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് ഐക്യമുണ്ടെന്ന്‍ മനസ്സിലാക്കിയ അവര്‍ ഗ്രീന്‍വിച്ച് വില്ലേജിലുള്ള ഒരു ബിള്‍ഡിംഗിന്റെ മുകളിലുള്ള സ്റ്റുഡിയോ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറ്റി. ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ഒരു പഴഞ്ചന്‍ രീതിയിലുള്ള അപ്പാര്‍ട്ട്മെന്റായിരുന്നത്. തങ്ങളുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും പരസ്പ്പരം പങ്കുവച്ച് വരയും കളിയും ചിരിയുമായി അവര്‍ നാളുകള്‍ നീക്കി.

ഡിസംബര്‍ മാസമായപ്പോള്‍ ന്യൂയോര്‍ക്കിനെ അതിശൈത്യം പിടികൂടി. കനത്ത മഴയും മഞ്ഞുവീഴ്ചയും ജനജീവിതം തികച്ചും ദുസ്സഹമാക്കി. ഒപ്പം ന്യുമോണിയ രോഗവും പടര്‍ന്നുപിടിക്കാനാരംഭിച്ചു. നിരവധിപേര്‍ ന്യൂമോണിയ മൂലം മരണമടഞ്ഞു. രണ്ടുമൂന്നുദിവസത്തിനുള്ളില്‍ ന്യൂമോണിയയുടെ ഇരയായി ജോണ്‍സിയും മാറി. കിടപ്പിലായ ജോണ്‍സിയുടെ ആരോഗ്യനില ഓരോദിവസം കഴിയുന്തോറും വഷളായിക്കൊണ്ടിരുന്നു. അവളെ ചികിത്സിക്കുന്ന ഡോക്ടര്‍ക്കുപോലും പ്രതീക്ഷ അസ്തമിച്ചു തുടങ്ങി. മനസ്സിനു സന്തോഷം നല്‍കുന്ന കാര്യങ്ങള്‍  ചെയ്ത് ജോണ്‍സിയുടെ മാനസിക നില ഉഷാറാക്കിയാലേ എന്തെങ്കിലും പ്രയോജനമുള്ളൂ എന്ന്‍ ഡോക്ടര്‍ സൂവിനെ അറിയിച്ചു.ജോണ്‍സിയുടെ ഏറ്റവും വലിയ സന്തോഷം ചിത്രങ്ങളായതുകൊണ്ടുതന്നെ അവളെ സന്തോഷിപ്പിക്കുന്ന ഏതെങ്കിലും ചിത്രം വരച്ച് സമ്മാനിക്കാമെന്നു കരുതി തന്റെ ഡ്രായിംഗ്ബോര്‍ഡും കളര്‍പെന്‍സിലുകളുമായി സൂ ജോണ്‍സിയുടെ മുറിയിലേക്ക് ചെന്നു. അവള്‍ ചെന്ന സമയത്ത് ജോണ്‍സി കിടക്കയില്‍ കിടന്നുകൊണ്ട് ജനാലയുടെ നേരേ നോക്കി എന്തോ പിറുപിറുത്തുകൊണ്ടിരിക്കുകയായിരുന്നു. അവള്‍ എന്താണ് പറയുന്നതെന്നറിയുവാന്‍ സൂ കാതുകൂര്‍പ്പിച്ചു.

"പന്ത്രണ്ട്....., പതിനൊന്ന്‍,...... പത്ത്..." ഒച്ചതാഴ്ത്തി ജോണ്‍സി  എണ്ണുകയാണ്.

"ഹൊ!  ആറെണ്ണമായി. എത്ര വേഗമാണവ കൊഴിയുന്നത്?"

ജോണ്‍സിയുടെ വര്‍ത്തമാനം കേട്ട് എന്താണവള്‍ എണ്ണിക്കൊണ്ടിരിക്കുന്നതെന്ന്‍ മനസിലാകാതെ അല്‍പ്പ സമയം അവളെത്തന്നെ നോക്കിനിന്നിട്ട് സൂ മുന്നോട്ട് ചെന്ന്‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. എതിര്‍ വശത്തുള്ള ഇഷ്ടികകൊണ്ട് കെട്ടിപ്പൊക്കിയ വീടിന്റെ പൊളിഞ്ഞുതുടങ്ങിയ ചുമരും അതില്‍ പടര്‍ന്നു നില്‍ക്കുന്ന ഒരു വള്ളിച്ചെടിയും മാത്രമാണവള്‍ക്ക് കാണാന്‍ കഴിഞ്ഞത്. മറ്റുകാഴ്ചകളെ മറച്ചുകൊണ്ട്  നില്‍‍ക്കുകയാണ് ആ ചുമര്‍. ചുമരില്‍ പടര്‍ന്നു നില്‍ക്കുന്ന ആ വള്ളിച്ചെടിയുടെ ഇലകള്‍ ഒട്ടുമിക്കതും വാടിവീണുകഴിഞ്ഞിരുന്നു. ബാക്കിയുള്ളവയാകട്ടേ വിളറി മഞ്ഞനിറം പൂണ്ടും നില്‍ക്കുന്നു. താമസിയാതെ ആ ഇലകളും പൊഴിഞ്ഞ് വള്ളിച്ചെടിയുടെ കഥ കഴിയുമെന്നാണ് തോന്നുന്നത്

" നീ എന്താ ജോണ്‍സീ എണ്ണിക്കൊണ്ടിരിക്കുന്നത്?"

ജനാലയ്ക്കരികില്‍ നിന്നും മടങ്ങിവന്ന്‍ അവളുടെ കട്ടിലിന്റെ തലയ്ക്കലായിരുന്നിട്ട് സൂ ജോണ്‍സിയെ അരുമയായി ഒന്നു തലോടി.

"ഞാനാ ഇലകള്‍ എണ്ണുകയായിരുന്നു സൂ. നിനക്കറിയുമോ രണ്ടുമൂന്നുദിവസം മുന്നേ അതില്‍ നിറയെ ഇലകളുണ്ടായിരുന്നു . നൂറെണ്ണത്തില്‍ കൂടുതലെങ്കിലും വരും. പക്ഷേ ഇപ്പോളതില്‍ ആകെയുള്ളത് വെറും ആറെണ്ണം മാത്രം. ദേ ഒന്നുകൂടി പൊഴിഞ്ഞിരിക്കുന്നു. അധികം താമസിയാതെ തന്നെ അതിലെ അവശേഷിക്കുന്ന ഇലകള്‍ കൂടി അടര്‍ന്നുവീഴും. ആ പൊഴിയുന്ന ഇലകള്‍ എന്റെ ജീവിതത്തിലെ മണിക്കൂറുകളായി എനിക്കനുഭവപ്പെടുന്നു സൂ.  ഓരോ ഇലകള്‍ പൊഴിയുമ്പോഴും എന്റെ ജീവിതാവസാനം അടുത്തുകൊണ്ടിരിക്കുകയാണ്. എനിക്കുറപ്പാണ് ആ അവസാനത്തെ ഇല പൊഴിഞ്ഞുവീഴുന്നതോടെ ആ വള്ളിച്ചെടിയോടപ്പം ഞാനും മരിക്കുമെന്ന്‍"

"അധികപ്രസംഗം പറയാതിരിക്കൂ ജോണ്‍സീ. നിനക്കിപ്പോള്‍ വേണ്ടത് നല്ല വിശ്രമമാണ്. അസുഖം മാറണമെങ്കില്‍ ആരോഗ്യം വീണ്ടെടുക്കണം. ഞാന്‍ നല്ലൊരു സൂപ്പുണ്ടാക്കിക്കൊണ്ടുവരാം. നീയത് കഴിക്കൂ. എന്നിട്ട് വേണം എനിക്ക് ആ മാഗസിനുവേണ്ടിയുള്ള ചിത്രം പൂര്‍ത്തിയാക്കുവാന്‍. അതു സമയത്ത് കൊടുത്താല്‍ മാത്രമേ കാശ് കിട്ടുകയുള്ളൂ"

"എനിക്ക് സൂപ്പ് വേണ്ട. നീ പോയി ചിത്രരചന പൂര്‍ത്തിയാക്കൂ"

സൂപ്പുണ്ടാക്കാനായി എഴുന്നേറ്റ സൂവിനെ ജോണ്‍സി തടഞ്ഞു. എന്നിട്ടവള്‍‍ ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി. വള്ളിച്ചെടിയില്‍ നിന്നും ഒരില കൂടി പൊഴിഞ്ഞിരിക്കുന്നു. അസ്വസ്ഥതയോടെ ജോണ്‍സി മുഖമൊന്നു വെട്ടിച്ചു.

"എന്റെ പൊന്നു ജോണ്‍സിയല്ലേ. ആവശ്യമില്ലാത്തതൊന്നും ചിന്തിക്കാതെ നീയൊന്നുറങ്ങൂ. ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ നിന്റെ അസുഖം ഭേദമായിത്തുടങ്ങും"

സൂ കമ്പിളിപ്പുതപ്പ് നന്നായി ജോണ്‍സിയെ പുതപ്പിച്ചു.

"ഞാനുറങ്ങാം സൂ. പക്ഷേ ആ വള്ളിയിലെ അവസാനയില പൊഴിയുന്നത് എനിക്ക് കാണണം. നീ അതിനെന്നെ അനുവദിക്കണം. ആ വള്ളി ഒരുപാട് തളര്‍ന്നിരിക്കുന്നു. ഞാനും"

വളരെയേറെ ക്ഷീണിതയായതുപോലെ ജോണ്‍സി മിഴികള്‍ മെല്ലെയടച്ചു. അല്പനേരം കൂടി അവളെത്തന്നെ നോക്കിനിന്നിട്ട് സൂ താഴത്തെ നിലയിലേയ്ക്ക് പോയി. മാഗസിനു കൊടുക്കുവാനുള്ള ചിത്രം പൂര്‍ത്തിയാക്കുവാന്‍ ഒരു മോഡലിനെ അവള്‍ക്ക് വേണമായിരുന്നു. അതിനായി ബര്‍മ്മനെ വിളിക്കുവാനാണവള്‍ താഴേയ്ക്ക് ചെന്നത്. താഴത്തെ നിലയിലാണ് വയസ്സന്‍ ബര്‍മ്മന്‍ താമസിക്കുന്നത്. ബര്‍മ്മനും ഒരു ചിത്രകാരനാണ്. എന്നാല്‍ ഗുണമുള്ള ഒരൊറ്റ ചിത്രം അങ്ങേര്‍ ഇന്നേവരെ വരച്ചിട്ടില്ല. അതിന്റെ പേരില്‍ ഒരുപാട് കളിയാക്കലുകള്‍ ബര്‍മ്മന്‍ നേരിട്ടിട്ടുണ്ട്. എന്നാല്‍ ഒരു ദിവസം താന്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒരു ചിത്രം വരയ്ക്കും. അന്ന്‍ നിന്റെയൊക്കെ കളിയാക്കലുകള്‍ നില്‍ക്കും എന്നുപറഞ്ഞ് ബര്‍മ്മന്‍ ആ പരിഹാസങ്ങളെ പ്രതിരോധിക്കുവാന്‍ ശ്രമിക്കും. അങ്ങിനെ പറഞ്ഞുപറഞ്ഞ് ബര്‍മ്മന്‍ ഇപ്പോള്‍ അറുപതും കഴിഞ്ഞ് നില്‍ക്കുകയാണ്. പലപ്പോഴും സൂവിന്റേയും ജോണ്‍സിയുടേയും ചിത്രരചനകള്‍ക്ക് മോഡലായി ഇരിക്കുന്നത് വയസ്സന്‍ ബര്‍മ്മനാണ്.

തന്റെ കുടുസുമുറിയില്‍ എന്തോ ജോലിയിലേര്‍പ്പെട്ടിരുന്ന ബര്‍മ്മനോട് സൂ കാര്യമവതരിപ്പിച്ചപ്പോള്‍ സന്തോഷത്തോടെ ബര്‍മ്മന്‍ അതു സമ്മതിച്ചു. മുകളിലേയ്ക്കുള്ള പടവുകള്‍ കയറവേ സൂ ബര്‍മ്മനോട് ജോണ്‍സിയുടെ ആരോഗ്യസ്ഥിതിയും ഇലകള്‍ പൊഴിഞ്ഞുവീഴാറായ ആ വള്ളിച്ചെടിയുടെ കാര്യവും സൂചിപ്പിച്ചു. വള്ളിച്ചെടിയിലെ ഇലകള്‍ മൊത്തം കൊഴിയുമ്പോള്‍ താനും മരിക്കുമെന്ന്‍ ജോണ്‍സി പുലമ്പിക്കൊണ്ടിരിക്കുന്നെന്ന് സൂ പറഞ്ഞതുകേട്ടപ്പോള്‍ ബര്‍മ്മനു ദേഷ്യമാണ് വന്നത്.

"പിന്നേ... വള്ളിച്ചെടിയിലെ ഇല പൊഴിഞ്ഞുവീഴുമ്പോള്‍ ആളുമരിക്കാന്‍ പോകുവല്ലേ. മരമണ്ടിപ്പെണ്ണ്"

കട്ടിലില്‍ മൂടിപ്പുതച്ചുറങ്ങുന്ന ജോണ്‍സിയെ നോക്കി ബര്‍മ്മന്‍ ഒരുനിമിഷം നിന്നു. എന്നിട്ടയാള്‍ ജനലിനടുത്തുവന്ന്‍ ആ വള്ളിച്ചെടിയിലേയ്ക്ക് അല്‍പ്പസമയം നോക്കിനിന്നു.മഞ്ഞുവീണുതുടങ്ങിയിരുന്നതുകൊണ്ട് മുകളിലേയ്ക്ക് പോകും മുന്നേ സൂ ജനാലക്കര്‍ട്ടന്‍ വലിച്ചുതാഴ്ത്തിയിട്ടു. മങ്ങിയ വെട്ടത്തില്‍ വെറും മൂന്നിലകളുമായി നില്‍ക്കുന്ന ആ വള്ളിച്ചെടിയിലേയ്ക്ക് സൂവിന്റെ നോട്ടം ഒന്നു പാളിവീണു. ബര്‍മ്മന്റേയും. ജനാലയടച്ചശേഷം ഇരുവരും ചിത്രരചന പൂര്‍ത്തിയാക്കുവാനായി മുകളിലത്തെ നിലയിലേയ്ക്ക് പോയി.

അന്നുരാത്രി അതിശക്തമായ കാറ്റാണു വീശിയടിച്ചത്. ഒപ്പം ശക്തമായ മഴയും പെയ്തു. പുലര്‍ച്ചെയാണ് അവ ഒന്നൊടുങ്ങിയത്. ഉണര്‍ന്നെഴുന്നേറ്റ ഉടനേ ജോണ്‍സി സൂവിനോടാവശ്യപ്പെട്ടത് ജന്നല്‍കര്‍ട്ടന്‍ ഉയര്‍ത്തിവച്ച് ജനാല തുറക്കാനായിരുന്നു. തുറന്ന ജനാലയിലൂടെ ആകാംഷയോടെ ജോണ്‍സി വള്ളിച്ചെടിയുടെ നേര്‍ക്ക് ദൃഷ്ടി പായിച്ചു. വിളറി മഞ്ഞച്ച എന്നാല്‍ ചെറു പച്ചനിറത്തോടുകൂടിയ ഒരിലമാത്രമാണതില്‍ ബാക്കിയുണ്ടായിരുന്നത്.

"അവസാനത്തെ ഇലയാണത്. ഏതുനിമിഷവും അത് പൊഴിഞ്ഞു വീഴാം. ഒപ്പം ഞാനും"

നിരാശനിറഞ്ഞ ഭാവത്തോടെ പറഞ്ഞുകൊണ്ട് ജോണ്‍സി സൂവിനെ നോക്കി.

"അങ്ങിനെയൊന്നും പറയാതിരിക്കൂ കൂട്ടുകാരീ. നിന്നെ മരിക്കുവാന്‍ ഞാന്‍ വിട്ടുകൊടുക്കുമോ"

സൂ അവളുടെ കരതലം പിടിച്ചമര്‍ത്തി. ജോണ്‍സിയാകട്ടേ ഒന്നും മിണ്ടാതെ കണ്ണുകള്‍ പൂട്ടി. അന്നു പകല്‍‍ പലപ്രാവശ്യം ജോണ്‍സി ജനാലയിലൂടെ വള്ളിച്ചെടിയിലെ ഇലയെ നോക്കിക്കൊണ്ടിരുന്നു. പൊഴിയാതെ ആ ഇല ചെടിയില്‍ തന്നെ‍ തങ്ങിനിന്നു. അന്നുരാത്രിയും ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു. രാവിലെ ജനാലയില്‍ കൂടി ജോണ്‍സി നോക്കിയപ്പോള്‍ ആ ഒറ്റയില അതേ പോലെ തന്നെ വിളറി നില്‍ക്കുന്നത് അവള്‍ക്ക് കാണാനായി. പതിയെപ്പതിയെ ജോണ്‍സിയില്‍ ഒരു ഉന്മേഷം വന്നുനിറയാനാരംഭിച്ചു. പൊഴിയാതെ പിടിച്ചുനില്‍ക്കുന്ന ആ ഒറ്റയില അവളില്‍ പ്രത്യാശയും സന്തോഷവും പകര്‍ന്നുനല്‍കി. വൈകുന്നേരമായപ്പോഴേയ്ക്കും അവള്‍‍ സൂവിനൊട് പറഞ്ഞു സൂപ്പുവരുത്തിക്കഴിക്കുകകൂടിച്ചെയ്തു. രാത്രിയില്‍ കട്ടില്‍ത്തലയ്ക്കല്‍ ചിരിച്ച മുഖവുമായിരുന്ന സൂവിനോട് താന്‍ നേപ്പില്‍സിലേക്ക് പോയി ആ പ്രകൃതിവശ്യത കാന്‍വാസിലാവാഹിക്കും എന്നുപറഞ്ഞ് രസിക്കുവാനും അവള്‍ മറന്നില്ല. പിറ്റേന്ന്‍ ജോണ്‍സിയെ പരിശോധിക്കുവാന്‍ വന്ന ഡോക്ടര്‍ പരിശോധനയെല്ലാം കഴിഞ്ഞപ്പോള്‍ സന്തോഷവാനായി. ജോണ്‍സിയുടെ ആരോഗ്യസ്ഥിതിയില്‍ വളരെ പുരോഗതിയുണ്ടായിരുന്നു. ജോണ്‍സിയെ നന്നായി പരിചരിച്ചതിന് സൂവിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. വയസന്‍ ബര്‍മ്മന്‍ രോഗബാധിതനായിരിക്കുന്നുവെന്നും അയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും പറഞ്ഞുകൊണ്ട് ഡോക്ടര്‍ താമസിയാതെ മടങ്ങി.

പിറ്റേന്ന്‍ പതിവു പരിശോധനകള്‍ക്ക് ശേഷം ജോണ്‍സിയുടെ ആരോഗ്യനില തൃപ്തികരമായിരിക്കുന്നു ഇനി കുഴപ്പമില്ലായെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ സൂ ശരിക്കും സന്തോഷിച്ചു. ഡോക്ടറോടൊപ്പം താഴേയ്ക്കുള്ള പടവുകളിറങ്ങുമ്പോളാണ് വയസന്‍ ബര്‍മ്മന്‍ രോഗം കടുത്തു തലേന്ന്‍ രാത്രി ആശുപത്രിയില്‍ വച്ചു മരണമടഞ്ഞു എന്നവള്‍ക്ക് മനസ്സിലായത്. രണ്ടുദിവസം മുന്നേ രാവിലെ കട്ടിലില്‍ അവശനായിക്കിടന്ന ബര്‍മ്മനെ അയല്‍ക്കാരിലൊരാള്‍ ആണ് ആദ്യം കണ്ടത്. പനി കടുത്ത അവസ്ഥയിലായിത്തീര്‍ന്നിരുന്നു. ബര്‍മ്മന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും കാലുറയും മുഴുവന്‍ നനഞ്ഞുകുതിര്‍ന്നിരുന്നു. തലേദിവസം പെയ്ത മഴ മുഴുവന്‍ നനഞ്ഞിരിക്കണം. നനഞ്ഞ വസ്ത്രങ്ങള്‍ ധരിച്ചുകിടന്നത് പനി മൂര്‍ച്ഛിപ്പിച്ചു. അയല്‍ക്കാരനാണ് ഡോക്ടറെ വിളിച്ചത്. ബര്‍മ്മനെ ആശുപത്രിയില്‍ കൊണ്ടാക്കിയിട്ട് മടങ്ങിവന്ന ആ അയല്‍ക്കാരന്‍ യാര്‍ഡിനടുത്തായി ഒരു വലിയ കോവണിയും ഒരു വിളക്കും രണ്ടുമൂന്ന്‍ ബ്രഷുകളും ഒപ്പം പച്ചയും മഞ്ഞയും പെയിന്റിന്റെ ചില കുപ്പികളും കാണുകയുണ്ടായി. തലേദിവസത്തെ കനത്തമഴയില്‍ ആ പെയിന്റും മറ്റും കൊണ്ട് ബര്‍മ്മന്‍ എന്തെടുക്കുകയായിരുന്നെന്ന്‍ അയാള്‍ കുറേനേരം ചിന്തിച്ചുനോക്കി. എന്നാല്‍ വ്യക്തമായ ഒരു കാരണവും തോന്നാതിരുന്നതുകൊണ്ട് ആ വിഷയം കളഞ്ഞ് അയാള്‍ തന്റെ ജോലികളില്‍ വ്യാപൃതനായി.

വിവരങ്ങളറിഞ്ഞ  സൂ ചിന്താഭാരത്തോടെ മുകള്‍ നിലയിലേയ്ക്ക് പോയി. ജനാലയില്‍ കൂടി അവള്‍ ആ ഒറ്റയിലയിലേയ്ക്ക് തന്റെ ദൃഷ്ടികള്‍ പായിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ കലാവിരുതു കാഴ്ചവച്ചിട്ടാണ് ബര്‍മ്മന്‍ ഈ ലോകം വിട്ടുപോയതെന്ന്‍ ലോകത്തോട് ഉറക്കെ വിളിച്ചുപറയുവാന്‍ അവളുടെ മനം വെമ്പി. ജീവിതത്തിന്റെ വെളിച്ചത്തിലേയ്ക്ക് നടന്നുവന്നുകൊണ്ടിരിക്കുന്ന ജോണ്‍സിയെ ഓര്‍ത്തിട്ടെന്നവണ്ണം അവള്‍ ആ​‍ ആഗ്രഹമടക്കി  മുറിയില്‍ നിന്നും പുറത്തേയ്ക്ക് നടന്നു.

"ജോണ്‍സി നീ ആ വള്ളിയില്‍ നില്‍ക്കുന്ന അവസാനത്തെ ഇലയിലേക്ക് ഒന്ന്‍ സൂക്ഷിച്ചു നോക്കിയേ. ഇത്രയും കാറ്റും മഴയും ഒക്കെ ഏറ്റിട്ടും അത് പൊഴിഞ്ഞുവീഴാത്തതില്‍ നിനക്ക് അത്ഭുതമൊന്നും തോന്നുന്നില്ലേ"

അന്നു വൈകുന്നേരം ജനാലയ്ക്കല്‍ നിന്ന്‍ വള്ളിച്ചെടിയിലേയ്ക്ക് നോക്കിക്കൊണ്ട് നിന്ന ജോണ്‍സിയുടെ തോളില്‍ കയ്യിട്ടുകൊണ്ട് സൂ ഒച്ചതാഴ്ത്തിച്ചോദിച്ചു. ജോണ്‍സിയാകട്ടെ ആ കൊഴിയാറായ ഇലയിലേയ്ക്ക് നോക്കി എന്തോ ചിന്തയോടെ നില്‍പ്പു തുടര്‍ന്നു. കൊടും ശൈത്യവും കാറ്റും തകര്‍ത്ത ആ രാത്രിയില്‍ ബര്‍മ്മന്‍ വരച്ച തന്റെ ജീവിതത്തിലെ തന്നെ മാസ്റ്റര്‍പീസായ ആ ഒറ്റയിലയുടെ ചന്തത്തിലേക്ക് നോക്കി സൂവും അവള്‍ക്കൊപ്പം അവിടത്തന്നെ നിന്നു


ശ്രീക്കുട്ടന്‍






4 comments:

  1. ഇത്‌ നേരത്തേ ചെയ്തിരുന്നോ??

    ReplyDelete
  2. പെട്ടെന്ന് പറഞ്ഞു തീർത്തു. ഒരു ഉദ്വേഗവും ഇല്ലാതായിപ്പോയി. പണ്ട് പള്ളിക്കൂടത്തിൽ പഠിച്ചതാണ് ഇക്കഥ. കഥയുടെ ഒരു സുഖം വന്നില്ല. അവസാനത്തെ ഇല വരച്ചതാണ് ഇതിന്റെ പ്രധാന സാധനം. അത് ഈ പരിഭാഷയിൽ അത്ര ഭംഗിയായി അനുഭവപ്പെട്ടില്ല.

    ReplyDelete
  3. പഴയ കഥക്ക് ഒരു പുത്തൻ ആഖ്യാനം

    ReplyDelete