Thursday, May 25, 2017

ഒന്നാം ലോക മഹായുദ്ധം - ഭാഗം 1

ഒന്നാം ലോക മഹായുദ്ധം - 1914-1918

9 ദശലക്ഷത്തോളം സൈനികരും 7 ദശലക്ഷത്തില്‍ക്കൂടുതല്‍ സാധാരണക്കാരും കൊല്ലപ്പെട്ട, അന്നേവരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വിനാശകാരിയായ യുദ്ധമായിരുന്നു ദ ഗ്രേറ്റ് വാര്‍ എന്ന ഒന്നാം ലോകമഹായുദ്ധം. ഈ മഹായുദ്ധത്തില്‍ ഗുരുതരമായ പരിക്കേറ്റത് ദശലക്ഷങ്ങള്‍ക്കായിരുന്നു. ലോകം മുഴുവന്‍ കൊടിയ ദാരിദ്ര്യത്തിനും തൊഴിലില്ലായ്മയ്ക്കും സാമ്പത്തികത്തകര്‍ച്ചയ്ക്കും വഴിവച്ച, വന്‍കിട സാമ്രാജ്യങ്ങള്‍ തകര്‍ന്നു നിലം പൊത്തുകയും പുതിയ വന്‍ശക്തികളും രാജ്യങ്ങളും ഉദയം കൊള്ളുകയും ചെയ്തുകൊണ്ട് ലോകക്രമത്തെ സമൂലം മാറ്റിമറിച്ച മഹാഭീകരതയായിരുന്നു 1914 ജൂലൈ 28 നു ആരംഭിച്ചു 1918 നവംബര്‍ 11 നു തിരശ്ശീല വീണ ഒന്നാം ലോകമഹായുദ്ധം(ഗ്രേറ്റ് വാര്‍) എന്ന മഹാമാരി. ആദ്യകാലങ്ങളില്‍ യുദ്ധത്തിന്റെ  പ്രധാന വേദിയായത് യൂറോപ്യന്‍ വന്‍കരയായിരുന്നെങ്കിലും പിന്നീടത് ലോകത്തിലെ മിക്ക രാജ്യങ്ങളേയും ബാധിക്കുകയുണ്ടായി. ലോകരാഷ്ട്രങ്ങള്‍ രണ്ടുവിഭാഗങ്ങളായിത്തിരിഞ്ഞു (അച്ചുതണ്ട്ശക്തികള്‍, സഖ്യശക്തികള്‍) പരസ്പ്പരം പോരടിക്കാനിടയായ ഈ മഹായുദ്ധത്തിന്റെ കാരണങ്ങളിലേയ്ക്കും അതുമൂലമുണ്ടായ മാറ്റങ്ങളിലേയ്ക്കും ഫലങ്ങളിലേയ്ക്കും ഒരു ചെറുനടത്തമാണീ കുറിപ്പുകൊണ്ടുദ്ദേശിക്കുന്നത്. പണ്ട് എട്ടാം ക്ലാസ്സിലേയോ ഒമ്പതാം ക്ലാസ്സിലേയോ ചരിത്രപുസ്തകത്തില്‍ പഠിച്ച പാഠഭാഗത്തിന്റെ ഓര്‍മ്മകളും പിന്നെ വിക്കീപ്പീഡിയ, മറ്റു സൈറ്റുകള്‍ ഒക്കെയും തിരഞ്ഞ് തപ്പിയെടുക്കുന്നതുമായ വിവരങ്ങള്‍ ഒരുമിച്ചാക്കുന്നെന്നേയുള്ളൂ. കൂടുതലായറിവുള്ളവര്‍ കൂട്ടിച്ചേര്‍ക്കുക.

യുദ്ധത്തിന്റെ പ്രധാന കാരണങ്ങള്‍

ഓസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡും അദ്ദേഹത്തിന്റെ പത്നിയും ബോസ്നിയായിലെ സെരാജെവോ എന്ന സ്ഥലത്തുവച്ച് 1914 ജൂണ്‍ 28 നു ഒരു സെര്‍ബിയന്‍ പോരാളിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതാണ് ഒന്നാം ലോകമഹായുദ്ധമെന്ന ഭീകരതയുടെ പ്രധാനഹേതുവായത്. ഓസ്ട്രിയയിൽ നിന്നും ബോസ്നിയയുടെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന യങ് ബോസ്നിയ എന്ന സംഘടനയിലെ അംഗമായിരുന്നു കൊലപാതകിയായിരുന്ന ഗാവ്രിലോ പ്രിൻസിപ്. അതുകൊണ്ടുതന്നെ തങ്ങളുടെ കിരീടാവകാശിയുടെ വധത്തില്‍ സെര്‍ബിയക്ക് പങ്കുണ്ടെന്നാരോപിച്ച് ജൂലൈ മാസം 28 നു ഓസ്ട്രിയ സെര്‍ബിയക്കെതിരേ യുദ്ധപ്രഖ്യാപനം നടത്തി. അതോടെ ആത്യന്തികമായി ഗ്രേറ്റ് വാര്‍ എന്ന മഹായുദ്ധത്തിന്റെ മണിമുഴക്കമാരംഭിച്ചു. എന്നാല്‍ ലോകത്തെ മുഴുവന്‍ ബാധിക്കുന്ന തരത്തില്‍ ഒരു മഹായുദ്ധമുണ്ടാകുവാന്‍ ഹേതുവായത് ആര്‍ച്ച് ഡ്യൂക്കിന്റെ വധം മാത്രമായിരുന്നില്ല.

പത്തൊന്‍പതാം നൂറ്റാണ്ട് ആയപ്പോഴേയ്ക്കും യൂറോപ്യന്‍ വന്‍കരയിലെ ഒട്ടുമിക്ക രാജ്യങ്ങളും തമ്മില്‍ പരസ്പ്പരമുള്ള രാഷ്ട്രീയ സൈനിക സഹായ സഹകരണക്കരാറുകളില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിരുന്നു. ഈ കരാറുകളുടെ ഏറ്റവും കാതലായ വശമെന്താനെന്നു വച്ചാല്‍ ഏതെങ്കിലും രാജ്യം തങ്ങളുടെ രാജ്യത്തെ ആക്രമിക്കുകയാനെങ്കില്‍ തങ്ങള്‍ക്ക് സൈനികസഹായം ലഭിക്കണമെന്നുതന്നെയായിരുന്നു. ഇത്തരം രാഷ്ട്രീയ സൈനികകരാറുകളുടെ ഒരു തുടക്കം 1815 ല്‍ പ്രഷ്യ, റഷ്യ, ആസ്ട്രിയ എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ വിശുദ്ധസഖയം എന്ന ഒരു സൈനികക്കരാറോടെയായിരുന്നു. ജര്‍മ്മനി ഏകീകരിക്കപ്പെട്ടതോടെ പ്രഷ്യ പുതിയ ജര്‍മ്മന്‍ യൂണിയന്റെ ഭാഗമായിമാറി. ജര്‍മ്മന്‍ ചാന്‍സലറായിരുന്ന ബിസ്മാര്‍ക്കിന്റെ നേതൃത്വത്തില്‍ ആസ്ട്രിയാഹംഗറിയും റഷ്യയുമായിച്ചേര്‍ന്ന്‍ ഒരു ത്രികക്ഷിസാമ്രാജ്യസഖ്യം രൂപീകരിച്ചു. എന്നാല്‍ ജര്‍മ്മനിയുടെ ബാല്‍ക്കന്‍ നയങ്ങളില്‍ ഉരസിപ്പിരിഞ്ഞ ആസ്ട്രിയാഹംഗറിയും റഷ്യയും ജര്‍മ്മനിയുമായുള്ള സഖ്യത്തില്‍ നിന്ന്‍ പിന്മാറുകയും പ്രസ്പ്പരം ഒരു ദ്വികക്ഷിസഖ്യമുണ്ടാക്കുകയും ചെയ്തു. ഈ സഖ്യത്തില്‍ 1882 ല്‍ ഇറ്റലികൂടി ചേരുകയുണ്ടായി. 1892 ല്‍ രഷ്യയും ഫ്രാന്‍സും ചേര്‍ന്നു ഒരു ഫ്രാങ്കോ രഷ്യന്‍ അലയന്‍സ് ഉണ്ടാക്കുകയുണ്ടായി. ഈക്കാലയളവില്‍ത്തന്നെ ബ്രിട്ടണ്‍ ഫ്രാന്‍സുമായി പല ഉടമ്പടികളും ഒപ്പുവച്ചുകഴിഞ്ഞിരുന്നു.ഒപ്പം തന്നെ റഷ്യയുമായും ബ്രിട്ടന്റെ സഖ്യങ്ങള്‍ ഉണ്ടായി. ഇപ്രകാരം യൂറോപ്പിലെ ഒട്ടുമിക്കരാജ്യങ്ങളും പരസ്പ്പരം സഖ്യങ്ങള്‍ ഉണ്ടാക്കി. ഏതെങ്കിലും ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുകയോ മറ്റോ ചെയ്താല്‍ എല്ലാ ആരാജ്യത്തെ സഹായിക്കുവാന്‍ ഇപ്രകാരം സഖ്യത്തിലേര്‍പ്പെട്ട രാജ്യങ്ങള്‍ നിര്‍ബന്ധിതരായിരുന്നു. രണ്ടുരാജ്യങ്ങള്‍ തമ്മിലുള്ള ഒരു ഉരസല്‍ മുഴുവന്‍ രാജ്യങ്ങളേയും ബാധിക്കും എന്ന നിലയിലായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ യൂറോപ്പ്.

1909 കാലഘട്ടത്തില്‍ ആട്രിയാഹംഗറി പൊടുന്നനവേ ബാള്‍ക്കന്‍ പ്രശ്നത്തില്‍ ഇടപെടുകയും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ബോസ്നിയയേയും ഹെര്‍സ്ഗോവ്നിയയേയും തങ്ങളുടെ അധീശത്വത്തിന്‍ കീഴിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇത് സെര്‍ബിയയെ ചൊടിപ്പിച്ചു. ഒന്നാം ബാല്‍ക്കന്‍ യുദ്ധത്തിലേക്കാണ് ഇതു കൊണ്ടെത്തിച്ചത്. ബാള്‍ക്കന്‍ ലീഗിലെ അംഗരാജ്യങ്ങളായിരുന്ന ബള്‍ഗേറിയ, സെര്‍ബിയ, ഗ്രീസ്,മോണ്ടെങ്രോ എന്നീ രാജ്യങ്ങള്‍ ഓട്ടോമന്‍ സാമ്ര്യജ്യത്തിനെതിരേ യുദ്ധത്തിനിറങ്ങി. ദുര്‍ബലമായിരുന്ന ഓട്ടോമന്‍ എമ്പയറിന്റെ സൈനികനിരയ്ക്കുനേരേ കടുത്ത ആക്രമണമഴിച്ചുവിട്ട ബാള്‍ക്കന്‍ ലീഗ് വലരെവലിയ വിജയങ്ങള്‍ സ്വന്തമാക്കി. യൂറോപ്പിലെ പല ടെറിട്ടറികള്‍ക്കും ഓട്ടോമന്‍ സാമ്രാജ്യഭരണത്തിന്‍ കീഴില്‍ നിന്നും വിടുതല്‍ നേടുവാന്‍ ഒന്നാം ബാള്‍ക്കന്‍ യുദ്ധം കാരണമായി. ഒന്നാം ബാള്‍ക്കന്‍ യുദ്ധാനന്തരമാണ് അള്‍ബേനിയ എന്ന സ്വതന്ത്രരാഷ്ട്രം നിലവില്‍ വന്നത്. ആദ്യയുദ്ധത്തില്‍ ജയിച്ചതിന്റെ വീതം വയ്പ്പില്‍ അസ്വസ്ഥരായ ബള്‍ഗേറിയ മുമ്പുണ്ടായിരുന്ന സഖ്യതീരുമാനങ്ങളെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ട് സെര്‍ബിയയേയും ഗ്രീസിനേയും ആക്രമിച്ചു. എന്നാല്‍ അവര്‍ ശക്തമായി തിരിച്ചടിച്ചു. ഈ അവസരം മുതലാക്കിക്കൊണ്ടുതന്നെ ഓട്ടോമന്‍ സാമ്രാജ്യവും ബള്‍ഗേറിയക്കെതിരേ തിരിഞ്ഞു. റൊമേനിയ ട്രൂപ്സ് കൂടി ബള്‍ഗേറിയക്കെതിരേ വന്നതോടെ അവര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതാകുകയും ഒരു വെടിനിര്‍ത്തല്‍ക്കരാറിനു നിര്‍ബന്ധിതരായിത്തീരുകയും ചെയ്തു. അങ്ങിനെ ബുച്ചാറെസ്റ്റ് സന്ധിപ്രകാരം രണ്ടാം ബാള്‍ക്കന്‍ യുദ്ധമവസാനിക്കുകയും ഒന്നാം യുദ്ധത്തില്‍ കിട്ടിയ പല പ്രദേശങ്ങളും മടക്കിനല്‍കുവാന്‍ നിര്‍ബന്ധിതരായിത്തീരുകയും ചെയ്തു. ഇപ്രകാരം ബാള്‍ക്കന്‍ മേഖല കലുഷിതമായിരിക്കുന്ന കാലഘട്ടത്തിലാണ് ഓസ്ട്രിയന്‍ കിരീടാവകാശി സെര്‍ബിയന്‍ പോരാളിയാല്‍‍ കൊല്ലപ്പെടുന്നത്.

1914 ജൂണ്‍ 28 നു ബോസ്നിയന്‍ തലസ്ഥാനമായ സെരജാവോയിലെ ഒരു തെരുവില്‍ വച്ച് ആസ്ട്രിയന്‍ കിരീടാവകാശിയായിരുന്ന ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡും അദ്ദേഹത്തിന്റെ പത്നിയും ബോസ്നിയന്‍ റിബല്‍ ഗ്രൂപ്പുകളില്‍ അംഗമായ ഗാവ്രിലോ പ്രിൻസിപ് എന്ന അക്രമിയുടെ കൈകൊണ്ട് വെടിയേറ്റ് കൊല്ലപ്പെട്ടു. തങ്ങളുടെ കിരീടാവകാശിയുടെ കൊലപാതകം സെര്‍ബിയയുടെ അറിവോടെയാണെന്ന്‍ ഉറപ്പിച്ച ആസ്ട്രിയ സെര്‍ബിയയോട് വിശദീകരണമാവശ്യപ്പെട്ടു. തങ്ങളുടെ അന്യോഷണത്തില്‍ ആര്‍ച്ച് ഡ്യൂക്കിന്റെ വധത്തില്‍ സെര്‍ബിയന്‍ ഒഫിഷ്യലുകള്‍ക്ക് പങ്കുണ്ടെന്ന്‍ മനസ്സിലാക്കിയ ആസ്ട്രിയാ ഹംഗറി ജൂലൈ 23 നു സെര്‍ബിയക്ക് അന്ത്യശാസനം നല്‍കി. എന്നാല്‍ സെര്‍ബിയ ആ അന്ത്യശാസനം തള്ളുകയാണുണ്ടാതത്. അങ്ങനെ അവസാനം 1914 ജൂലൈ 28 നു ആസ്ട്രിയാ ഹംഗറി സെര്‍ബിയയോട് ഔദ്യോഗികമായി യുദ്ധപ്രഖ്യാപനം നടത്തി. ആസ്ട്രിയാ ഹംഗറിക്കും ഒപ്പം സെര്‍ബിയക്കും പിന്തുണയുമായി യൂറോപ്പിലെ ഒട്ടുമിക്ക രാജ്യങ്ങളും അണിനിരന്നു. മുമ്പ് പരസ്പ്പരമുണ്ടാക്കിയ സൈനിക രാഷ്ട്രീയസഖ്യങ്ങള്‍ മൂലം ആര്‍ക്കും ഇതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കാനാകുമായിരുന്നില്ല. ലോകത്തെ താറുമാറാക്കിയ ഒന്നാം ലോകമഹായുദ്ധം അങ്ങനെപൊട്ടിപ്പുറപ്പെട്ടു.

തുടരും

ശ്രീക്കുട്ടന്‍

Tuesday, May 16, 2017

കൂ ക്ലക്സ് ക്ലാന്‍ (കെ കെ കെ)

വംശവെറിയുടേയും വര്‍ണവെറിയുടേയും ബാക്കിപത്രമെന്നോണം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളില്‍ പടിഞ്ഞാറന്‍ അമേരിക്കയില്‍ സ്ഥാപിതമായ ഒരു ഭീകരസംഘടനയായിരുന്നു കൂ ക്ലക്സ് ക്ലാന്‍. ഹിറ്റ്ലറിന്റെ നാസിപ്പാര്‍ട്ടിക്ക് തത്തുല്യമായ അമേരിക്കയിലെ ഭീകരപ്പാര്‍ട്ടിയായിരുന്നു കെ.കെ.കെ. തോക്കിന്റെ കാഞ്ചി വലിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തില്‍നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് സംഘടനക്ക് ഈ പേര്  സ്വീകരിച്ചത്. കത്തുന്ന ഒരു മരക്കുരിശായിരുന്നു സംഘടനയുടെ ചിഹ്നം. 1866 ല്‍ കൊണ്‍ഫെഡറേറ്റ് ആര്‍മിയിലെ 6 ചെറുപ്പക്കാര്‍ ടെന്നസ്സിയിലെ പുലാസ്കിയില്‍ വച്ച് സ്ഥാപിച്ചതാണ് ക്ലൂ ക്ലക്സ് ക്ലാന്‍ എന്ന ഈ സംഘടന. ആദ്യമിതൊരു ചെറിയ ക്ലബ്ബായാണ് തുടങ്ങിയതെങ്കിലും അതിവേഗം തന്നെ തീവ്രദേശീയതയുടെ ഒരു പ്രതീകമായി ഈ സംഘടന വളര്‍ന്നുവന്നു.

അമേരിക്കയിലെ‍ കറുത്തവര്‍ഗ്ഗക്കാരോടുള്ള അടിച്ചമര്‍ത്തലുകള്‍ ഒഴിവാക്കാനും അവര്‍ക്ക് ഒരു സാമ്പത്തികസമത്വസ്ഥിതിവിശേഷം സംജാതമാക്കുവാനുമായി റിപ്പബ്ക്ലിക്കന്‍ പാര്‍ട്ടി പല നയങ്ങളും നടപ്പാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഇത്തരം നീക്കത്തെ തികഞ്ഞ അതൃപ്തിയോടെ നോക്കിക്കണ്ട വെളുത്തവര്‍ഗ്ഗക്കാര്‍ അമേരിക്കയിലങ്ങോളമിങ്ങോളം പലപ്രതിഷേധങ്ങളും  നടത്തുകയുണ്ടായി. തങ്ങള്‍ക്ക് അനുഭവിക്കാനുള്ള പലതും കറുത്തവര്‍ഗ്ഗക്കാര്‍ ചുളുവില്‍ നേടിയെടുക്കുന്നു എന്ന്‍ ധരിച്ച വെളുത്തവര്‍ഗ്ഗക്കാര്‍ തികഞ്ഞ അമര്‍ഷത്തിലായിരുന്നു. അപ്രകാരമൊരു അസംതൃപ്തകാലഘട്ടത്തിലായിരുന്നു ക്ലൂ ക്ലക്സ് ക്ലാന്‍ ഉദയം കൊണ്ടത്. വളരെച്ചുരുക്കം അംഗങ്ങള്‍ മാത്രമുള്ളൊരു ക്ലബ്ബായി പ്രവര്‍ത്തനം തുടങ്ങിയ സംഘടന പതിയെപ്പതിയെ അംഗബലം വര്‍ദ്ധിക്കുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കറുത്തവര്‍ഗ്ഗക്കാരെ ഭീഷണിപ്പെടുത്താനും അക്രമിക്കുവാന്‍ മുതിരുവാനും ഒക്കെ ആരംഭിച്ചു. ആക്രമണങ്ങള്‍, ഭീകരപ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകലുകള്‍, ഭീഷണിപ്പെടുത്തലുകള്‍ എന്നിവ അമേരിക്കയില്‍ സര്‍വ്വസാധാരണമായി. ‍ഇപ്രകാരമുള്ള അക്രമങ്ങളില്‍ പലപ്പോഴും സാധാരണക്കാരുള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാര്‍ കൊല്ലപ്പെടുകയും മറ്റും ചെയ്തതോടെ അമേരിക്കന്‍ കോണ്‍ഗ്രസ്സ് 1871 ല്‍ ക്ലാന്‍ അക്ട് നടപ്പിലാക്കുകയും സംഘടനയെ നിരോധിച്ച് ആയിരക്കണക്കിന് അക്രമകാരികളായ ക്ലാന്‍ അംഗങ്ങളെ ഇരുമ്പഴിക്കുള്ളിലാക്കുകയും ചെയ്തു. അതോടെ ക്ലാന്‍ സംഘടന കുറച്ചുകാലത്തേയ്ക്ക് വിസ്മൃതിയിലായി.

ക്ലൂ ക്ലസ് ക്ലാന്‍ എന്ന സംഘടനയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒന്നുപോലുമില്ലാതെ കുറച്ചുകൊല്ലങ്ങള്‍ കടന്നുപോയി.  തലവേദന ഒഴിഞ്ഞു എന്ന സന്തോഷത്തില്‍ നിയമപാലകര്‍ കഴിയവേയാണ് സ്ഥിതിഗതികളെ താറുമാറാക്കിക്കൊണ്ട് വീണ്ടും ഈ കൊലയാളിസംഘടന പുനര്‍ജ്ജീവിക്കപ്പെട്ടത്. 1915 ല്‍ പുറത്തിറങ്ങിയ ബെര്‍ത്ത് ഒഫ് ഏ നേഷന്‍ എന്ന ഒരു ചലച്ചിത്രം കൂ ക്ലസ് ക്ലാന്‍സ് എന്ന സംഘടനയെ വീണ്ടും സജീവമാക്കിമാറ്റുവാന്‍ വല്ലാതെ പ്രേരണ ചെലുത്തുന്ന ഒന്നായിമാറി. കറുത്തവര്‍ഗ്ഗക്കാരായ ഒരുകൂട്ടം അക്രമിസംഘത്തില്‍നിന്നു ഒരു വെള്ളക്കാരനേയും കുടുംബത്തെയും രക്ഷിച്ചെടുക്കുവാന്‍ തീവ്രശ്രമം നടത്തുന്ന ക്ലാന്‍ അംഗങ്ങളെക്കുറിച്ചുള്ള ഈ സിനിമ പഴയ തീവ്രദേശീയ അക്രമവാസനയെ സുഗന്ധം പൂശിയുണര്‍‍ത്താന്‍ പര്യാപ്തമായ ഒന്നായിരുന്നു. കറുത്തവര്‍ഗ്ഗക്കാരെയും ജൂതവംശജരേയും തൊഴിലാളിവര്‍ഗ്ഗങ്ങളേയും കുടിയേറ്റവംശജരേയും ഒക്കെയും തള്ളിപ്പറഞ്ഞുകൊണ്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി ക്ലാന്‍ സംഘടന പൂര്‍വ്വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റു. അറ്റ്ലാന്റയിലായിരുന്നു ഇതിനു തുടക്കം കുറിച്ചത്. വെള്ളക്കാരുടെ അധീശത്വം പുലര്‍ന്നുകാണണമെന്നാഗ്രഹിച്ച ആയിരക്കണക്കിനാളുകള്‍ പുതുതായി സംഘടനയിലേക്കൊഴുകിയെത്തി. ചെറുപ്പക്കാരും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരും ജഡ്ജികള്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. 1920 ആയപ്പോഴേയ്ക്കും എകദേശം 40 ലക്ഷത്തിനടുത്തായി സംഘടനയുടെ അംഗബലം. നിരവധി ആസൂത്രിത കൊലപാതകങ്ങള്‍, കൊള്ളകള്‍, തട്ടിക്കൊണ്ട് പോകലുകള്‍ എന്നിവ അരങ്ങേറപ്പെട്ടു. ഏതെങ്കിലും ഒരു വ്യക്തിയെ നോട്ടമിട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് മരണം തന്നെയായിരുന്നു സംഘടന നല്‍കുന്ന പരമാവധി ശിക്ഷ. പലപ്പോഴും ഇരകളാക്കപ്പെടുന്നവര്‍ക്ക് മുന്‍കൂര്‍സൂചനകള്‍ സംഘടന നല്കാറുണ്ട്. ചിലപ്പോള്‍ ഉണങ്ങിയ മുന്തിരിക്കുരുക്കള്‍ അല്ലെങ്കില്‍ ഓറഞ്ച് കുരുക്കള്‍ ഒക്കെ തപാലില്‍ അയച്ചുകൊടുക്കും. അവ യഥാസ്ഥാനത്തുകിട്ടി എന്നുറപ്പിച്ചുകഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരയുടെമേലുള്ള ശിക്ഷാവിധി നടപ്പാക്കിക്കഴിഞ്ഞിരിക്കും.

വാള്‍ സ്ട്രീറ്റ് ദുരന്തത്തെത്തുടര്‍ന്ന്‍ അമേരിക്കന്‍ സാമ്പത്തികമേഖല അതിഭീകരമാംവിധം തകര്‍ന്നടിയുകയും ഒപ്പം ലോകവിപണികള്‍ പലതും തകരുകയും ചെയ്ത 1930 കളില്‍‍  ക്ലൂ ക്ലക്സ് ക്ലാന്‍ ക്ഷയിക്കപ്പെട്ടുതുടങ്ങി. 1940 കള്‍ ആയപ്പോള്‍ ക്ലാന്‍ അവരുടെ പ്രവര്‍ത്തനമേഖല കാനഡയിലെക്ക് മാറ്റുകയുണ്ടായി. അതോടുകൂടി അമേരിക്കയിലെ വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ കുറച്ചു ശമനമുണ്ടായി. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഈ ഭീകരസംഘടന വീണ്ടും തലപൊക്കിത്തുടങ്ങി. ഹിറ്റ്ലറെ തങ്ങളുടെ ആരാധ്യപുരുഷനായി അവര്‍ കണ്ടു. ഹിറ്റ്ലറിന്റെ തീവ്രവംശീയവാദം ക്ലാന്‍ അംഗങ്ങള്‍ക്ക് സ്വീകാര്യമായ ഒന്നായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തേതുപോലെ സുഗമമായ ഒന്നായിരുന്നില്ല. അതുകൊണ്ടുതന്നെ സംഘടനയുടെ പ്രവര്‍ത്തനം പരമാവധി രഹസ്യസ്വഭാവത്തോടുകൂടിയായിരുന്നു. ഏകദേശം പത്തിരുപതുകൊല്ലക്കാലത്തോളം നിശ്ശബ്ദസംഘടനയായി ഇതു വര്‍ത്തിച്ചു. എന്നാല്‍ 1960 കളില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ സ്റ്റേറ്റുകളില്‍ നടന്ന സിവില്‍ റൈറ്റ്സ് മൂവ്മെന്റുകളില്‍ മുഖ്യസ്ഥാനം വഹിച്ചത് ക്ലാന്‍ സംഘടനാംഗങ്ങളുമുണ്ടായിരുന്നു. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടുവെങ്കിലും ഈ ഭീകരസംഘടന ഇപ്പോഴും ഇതിന്റെ പ്രവര്‍ത്തനം രഹസ്യമായി തുടരുന്നതായി വിലയിരുത്തുപ്പെടുന്നു. കാനഡാ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങലില്‍ നടക്കുന്ന പല വംശീയ ആക്രമണങ്ങള്‍ക്കും പിന്നില്‍ ഈ നിരോധിതസംഘടനയാണെന്ന സംശയമുണ്ട്. അമേരിക്കയില്‍ പലയിടങ്ങളിലും രഹസ്യമായി ക്ലൂ ക്ലസ് ക്ലാന്‍ റാലികളും മറ്റും നടക്കുന്നുണ്ട്. അടുത്തയിടെ അലബാമയില്‍ നടന്ന ഒരു ക്ലൂ ക്ലക്സ് ക്ലാന്‍ റാലിയില്‍ മുന്നൂറോളം പേര്‍ അണിനിരന്നത് അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റിനെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. ഇന്ന്‍ ക്ലൂ ക്ലക്സ് ക്ലാന്‍ എന്നത് ഒരു സംഘടനയല്ല. അമേരിക്കയിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന പല അസംതൃപ്ത ചെറു സംഘടനകളുടേയും ഒരു കൂട്ടായ്മയാണത്. ഗവണ്മെന്റിന് തലവേദന സൃഷ്ടിച്ചുകൊണ്ട് അവര്‍ ഇപ്പോഴും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

അവലംബം - വിക്കീ പീഡിയ, മറ്റുചില സൈറ്റുകള്‍, ഷെര്‍ലക്ഹോംസ് കഥകള്‍

ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും

ശ്രീക്കുട്ടന്‍