Tuesday, May 16, 2017

കൂ ക്ലക്സ് ക്ലാന്‍ (കെ കെ കെ)

വംശവെറിയുടേയും വര്‍ണവെറിയുടേയും ബാക്കിപത്രമെന്നോണം പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനപാദങ്ങളില്‍ പടിഞ്ഞാറന്‍ അമേരിക്കയില്‍ സ്ഥാപിതമായ ഒരു ഭീകരസംഘടനയായിരുന്നു കൂ ക്ലക്സ് ക്ലാന്‍. ഹിറ്റ്ലറിന്റെ നാസിപ്പാര്‍ട്ടിക്ക് തത്തുല്യമായ അമേരിക്കയിലെ ഭീകരപ്പാര്‍ട്ടിയായിരുന്നു കെ.കെ.കെ. തോക്കിന്റെ കാഞ്ചി വലിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തില്‍നിന്നു പ്രചോദനം ഉള്‍കൊണ്ടാണ് സംഘടനക്ക് ഈ പേര്  സ്വീകരിച്ചത്. കത്തുന്ന ഒരു മരക്കുരിശായിരുന്നു സംഘടനയുടെ ചിഹ്നം. 1866 ല്‍ കൊണ്‍ഫെഡറേറ്റ് ആര്‍മിയിലെ 6 ചെറുപ്പക്കാര്‍ ടെന്നസ്സിയിലെ പുലാസ്കിയില്‍ വച്ച് സ്ഥാപിച്ചതാണ് ക്ലൂ ക്ലക്സ് ക്ലാന്‍ എന്ന ഈ സംഘടന. ആദ്യമിതൊരു ചെറിയ ക്ലബ്ബായാണ് തുടങ്ങിയതെങ്കിലും അതിവേഗം തന്നെ തീവ്രദേശീയതയുടെ ഒരു പ്രതീകമായി ഈ സംഘടന വളര്‍ന്നുവന്നു.

അമേരിക്കയിലെ‍ കറുത്തവര്‍ഗ്ഗക്കാരോടുള്ള അടിച്ചമര്‍ത്തലുകള്‍ ഒഴിവാക്കാനും അവര്‍ക്ക് ഒരു സാമ്പത്തികസമത്വസ്ഥിതിവിശേഷം സംജാതമാക്കുവാനുമായി റിപ്പബ്ക്ലിക്കന്‍ പാര്‍ട്ടി പല നയങ്ങളും നടപ്പാക്കുവാന്‍ ശ്രമിച്ചു. എന്നാല്‍ ഇത്തരം നീക്കത്തെ തികഞ്ഞ അതൃപ്തിയോടെ നോക്കിക്കണ്ട വെളുത്തവര്‍ഗ്ഗക്കാര്‍ അമേരിക്കയിലങ്ങോളമിങ്ങോളം പലപ്രതിഷേധങ്ങളും  നടത്തുകയുണ്ടായി. തങ്ങള്‍ക്ക് അനുഭവിക്കാനുള്ള പലതും കറുത്തവര്‍ഗ്ഗക്കാര്‍ ചുളുവില്‍ നേടിയെടുക്കുന്നു എന്ന്‍ ധരിച്ച വെളുത്തവര്‍ഗ്ഗക്കാര്‍ തികഞ്ഞ അമര്‍ഷത്തിലായിരുന്നു. അപ്രകാരമൊരു അസംതൃപ്തകാലഘട്ടത്തിലായിരുന്നു ക്ലൂ ക്ലക്സ് ക്ലാന്‍ ഉദയം കൊണ്ടത്. വളരെച്ചുരുക്കം അംഗങ്ങള്‍ മാത്രമുള്ളൊരു ക്ലബ്ബായി പ്രവര്‍ത്തനം തുടങ്ങിയ സംഘടന പതിയെപ്പതിയെ അംഗബലം വര്‍ദ്ധിക്കുകയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ കറുത്തവര്‍ഗ്ഗക്കാരെ ഭീഷണിപ്പെടുത്താനും അക്രമിക്കുവാന്‍ മുതിരുവാനും ഒക്കെ ആരംഭിച്ചു. ആക്രമണങ്ങള്‍, ഭീകരപ്രവര്‍ത്തനം, തട്ടിക്കൊണ്ടുപോകലുകള്‍, ഭീഷണിപ്പെടുത്തലുകള്‍ എന്നിവ അമേരിക്കയില്‍ സര്‍വ്വസാധാരണമായി. ‍ഇപ്രകാരമുള്ള അക്രമങ്ങളില്‍ പലപ്പോഴും സാധാരണക്കാരുള്‍പ്പെട്ട കറുത്ത വര്‍ഗ്ഗക്കാര്‍ കൊല്ലപ്പെടുകയും മറ്റും ചെയ്തതോടെ അമേരിക്കന്‍ കോണ്‍ഗ്രസ്സ് 1871 ല്‍ ക്ലാന്‍ അക്ട് നടപ്പിലാക്കുകയും സംഘടനയെ നിരോധിച്ച് ആയിരക്കണക്കിന് അക്രമകാരികളായ ക്ലാന്‍ അംഗങ്ങളെ ഇരുമ്പഴിക്കുള്ളിലാക്കുകയും ചെയ്തു. അതോടെ ക്ലാന്‍ സംഘടന കുറച്ചുകാലത്തേയ്ക്ക് വിസ്മൃതിയിലായി.

ക്ലൂ ക്ലസ് ക്ലാന്‍ എന്ന സംഘടനയെപ്പറ്റിയുള്ള വാര്‍ത്തകള്‍ ഒന്നുപോലുമില്ലാതെ കുറച്ചുകൊല്ലങ്ങള്‍ കടന്നുപോയി.  തലവേദന ഒഴിഞ്ഞു എന്ന സന്തോഷത്തില്‍ നിയമപാലകര്‍ കഴിയവേയാണ് സ്ഥിതിഗതികളെ താറുമാറാക്കിക്കൊണ്ട് വീണ്ടും ഈ കൊലയാളിസംഘടന പുനര്‍ജ്ജീവിക്കപ്പെട്ടത്. 1915 ല്‍ പുറത്തിറങ്ങിയ ബെര്‍ത്ത് ഒഫ് ഏ നേഷന്‍ എന്ന ഒരു ചലച്ചിത്രം കൂ ക്ലസ് ക്ലാന്‍സ് എന്ന സംഘടനയെ വീണ്ടും സജീവമാക്കിമാറ്റുവാന്‍ വല്ലാതെ പ്രേരണ ചെലുത്തുന്ന ഒന്നായിമാറി. കറുത്തവര്‍ഗ്ഗക്കാരായ ഒരുകൂട്ടം അക്രമിസംഘത്തില്‍നിന്നു ഒരു വെള്ളക്കാരനേയും കുടുംബത്തെയും രക്ഷിച്ചെടുക്കുവാന്‍ തീവ്രശ്രമം നടത്തുന്ന ക്ലാന്‍ അംഗങ്ങളെക്കുറിച്ചുള്ള ഈ സിനിമ പഴയ തീവ്രദേശീയ അക്രമവാസനയെ സുഗന്ധം പൂശിയുണര്‍‍ത്താന്‍ പര്യാപ്തമായ ഒന്നായിരുന്നു. കറുത്തവര്‍ഗ്ഗക്കാരെയും ജൂതവംശജരേയും തൊഴിലാളിവര്‍ഗ്ഗങ്ങളേയും കുടിയേറ്റവംശജരേയും ഒക്കെയും തള്ളിപ്പറഞ്ഞുകൊണ്ട് പ്രകടനങ്ങളും പ്രതിഷേധങ്ങളുമായി ക്ലാന്‍ സംഘടന പൂര്‍വ്വാധികം ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റു. അറ്റ്ലാന്റയിലായിരുന്നു ഇതിനു തുടക്കം കുറിച്ചത്. വെള്ളക്കാരുടെ അധീശത്വം പുലര്‍ന്നുകാണണമെന്നാഗ്രഹിച്ച ആയിരക്കണക്കിനാളുകള്‍ പുതുതായി സംഘടനയിലേക്കൊഴുകിയെത്തി. ചെറുപ്പക്കാരും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്നവരും ജഡ്ജികള്‍ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. 1920 ആയപ്പോഴേയ്ക്കും എകദേശം 40 ലക്ഷത്തിനടുത്തായി സംഘടനയുടെ അംഗബലം. നിരവധി ആസൂത്രിത കൊലപാതകങ്ങള്‍, കൊള്ളകള്‍, തട്ടിക്കൊണ്ട് പോകലുകള്‍ എന്നിവ അരങ്ങേറപ്പെട്ടു. ഏതെങ്കിലും ഒരു വ്യക്തിയെ നോട്ടമിട്ടുകഴിഞ്ഞാല്‍ അവര്‍ക്ക് മരണം തന്നെയായിരുന്നു സംഘടന നല്‍കുന്ന പരമാവധി ശിക്ഷ. പലപ്പോഴും ഇരകളാക്കപ്പെടുന്നവര്‍ക്ക് മുന്‍കൂര്‍സൂചനകള്‍ സംഘടന നല്കാറുണ്ട്. ചിലപ്പോള്‍ ഉണങ്ങിയ മുന്തിരിക്കുരുക്കള്‍ അല്ലെങ്കില്‍ ഓറഞ്ച് കുരുക്കള്‍ ഒക്കെ തപാലില്‍ അയച്ചുകൊടുക്കും. അവ യഥാസ്ഥാനത്തുകിട്ടി എന്നുറപ്പിച്ചുകഴിഞ്ഞാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇരയുടെമേലുള്ള ശിക്ഷാവിധി നടപ്പാക്കിക്കഴിഞ്ഞിരിക്കും.

വാള്‍ സ്ട്രീറ്റ് ദുരന്തത്തെത്തുടര്‍ന്ന്‍ അമേരിക്കന്‍ സാമ്പത്തികമേഖല അതിഭീകരമാംവിധം തകര്‍ന്നടിയുകയും ഒപ്പം ലോകവിപണികള്‍ പലതും തകരുകയും ചെയ്ത 1930 കളില്‍‍  ക്ലൂ ക്ലക്സ് ക്ലാന്‍ ക്ഷയിക്കപ്പെട്ടുതുടങ്ങി. 1940 കള്‍ ആയപ്പോള്‍ ക്ലാന്‍ അവരുടെ പ്രവര്‍ത്തനമേഖല കാനഡയിലെക്ക് മാറ്റുകയുണ്ടായി. അതോടുകൂടി അമേരിക്കയിലെ വിധ്വംസകപ്രവര്‍ത്തനങ്ങളില്‍ കുറച്ചു ശമനമുണ്ടായി. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെ ഈ ഭീകരസംഘടന വീണ്ടും തലപൊക്കിത്തുടങ്ങി. ഹിറ്റ്ലറെ തങ്ങളുടെ ആരാധ്യപുരുഷനായി അവര്‍ കണ്ടു. ഹിറ്റ്ലറിന്റെ തീവ്രവംശീയവാദം ക്ലാന്‍ അംഗങ്ങള്‍ക്ക് സ്വീകാര്യമായ ഒന്നായിരുന്നു. അവരുടെ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തേതുപോലെ സുഗമമായ ഒന്നായിരുന്നില്ല. അതുകൊണ്ടുതന്നെ സംഘടനയുടെ പ്രവര്‍ത്തനം പരമാവധി രഹസ്യസ്വഭാവത്തോടുകൂടിയായിരുന്നു. ഏകദേശം പത്തിരുപതുകൊല്ലക്കാലത്തോളം നിശ്ശബ്ദസംഘടനയായി ഇതു വര്‍ത്തിച്ചു. എന്നാല്‍ 1960 കളില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ സ്റ്റേറ്റുകളില്‍ നടന്ന സിവില്‍ റൈറ്റ്സ് മൂവ്മെന്റുകളില്‍ മുഖ്യസ്ഥാനം വഹിച്ചത് ക്ലാന്‍ സംഘടനാംഗങ്ങളുമുണ്ടായിരുന്നു. പല രാജ്യങ്ങളിലും നിരോധിക്കപ്പെട്ടുവെങ്കിലും ഈ ഭീകരസംഘടന ഇപ്പോഴും ഇതിന്റെ പ്രവര്‍ത്തനം രഹസ്യമായി തുടരുന്നതായി വിലയിരുത്തുപ്പെടുന്നു. കാനഡാ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങലില്‍ നടക്കുന്ന പല വംശീയ ആക്രമണങ്ങള്‍ക്കും പിന്നില്‍ ഈ നിരോധിതസംഘടനയാണെന്ന സംശയമുണ്ട്. അമേരിക്കയില്‍ പലയിടങ്ങളിലും രഹസ്യമായി ക്ലൂ ക്ലസ് ക്ലാന്‍ റാലികളും മറ്റും നടക്കുന്നുണ്ട്. അടുത്തയിടെ അലബാമയില്‍ നടന്ന ഒരു ക്ലൂ ക്ലക്സ് ക്ലാന്‍ റാലിയില്‍ മുന്നൂറോളം പേര്‍ അണിനിരന്നത് അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റിനെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. ഇന്ന്‍ ക്ലൂ ക്ലക്സ് ക്ലാന്‍ എന്നത് ഒരു സംഘടനയല്ല. അമേരിക്കയിലങ്ങോളമിങ്ങോളം പ്രവര്‍ത്തിക്കുന്ന പല അസംതൃപ്ത ചെറു സംഘടനകളുടേയും ഒരു കൂട്ടായ്മയാണത്. ഗവണ്മെന്റിന് തലവേദന സൃഷ്ടിച്ചുകൊണ്ട് അവര്‍ ഇപ്പോഴും അവരുടേതായ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു.

അവലംബം - വിക്കീ പീഡിയ, മറ്റുചില സൈറ്റുകള്‍, ഷെര്‍ലക്ഹോംസ് കഥകള്‍

ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും

ശ്രീക്കുട്ടന്‍

4 comments:

  1. പുതിയ ഒരുപാട് വിവരങ്ങള്‍ നല്‍കുന്ന ലേഖനം.
    ആട്ടെ..ശ്രീകു വീണ്ടും ബ്ലോഗ്ഗിലേക്ക് മടങ്ങി അല്ലേ? ആശസകള്‍!
    :)
    നൗഷാദ് അകമ്പാടം.
    (ബൈദ ബൈ പഴയ ഐഡിയൊക്കെ തപ്പിയെടുക്കണം അതാ ഈ പേരില്‍)

    ReplyDelete
  2. അസംതൃപ്തരില്‍ മോഹനപ്രതീക്ഷകള്‍ ചെലുത്തിക്കൊണ്ട് പൊട്ടിമുളയ്ക്കുന്ന ഇത്തരം സംഘടനകള്‍ ക്രമേണ വന്‍വിഷവൃക്ഷമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കാഴചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്....
    വിവരണം നന്നായി
    ആശംസകള്‍

    ReplyDelete
  3. ഒരുപാട് പുതിയ വിവരങ്ങൾ
    അറിയുവാൻ സാധിച്ചു കേട്ടോ ഭായ്

    ReplyDelete