Monday, January 29, 2018

ലോക ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് റോബറി

അലഞ്ഞുതിരിഞ്ഞുനടന്നിരുന്ന മനുഷ്യന്‍ കൂട്ടമായി താമസിക്കാനാരംഭിക്കുകയും ഒരിടത്ത് സ്ഥിരതാമസമാക്കി കൃഷിയും മറ്റുമൊക്കെ ആരംഭിക്കുകയും ചെയ്ത പ്രാചീനകാലഘട്ടത്തില്‍ത്തന്നെയാണ് മോഷണങ്ങളുടേയും ആവിര്‍ഭാവം എന്നു കരുതാം. കൃഷി ചെയ്യുന്ന വിളകള്‍, അന്യന്റെ ഇണകള്‍, ആയുധങ്ങള്‍ തുടങ്ങിയവയായിരുന്നിരിക്കണം ആദ്യകാല മോഷണങ്ങള്‍. പിന്നീട് നാഗരികത വളരാനാരംഭിക്കുകയും സുഖസൌകര്യങ്ങളുടെ രീതികള്‍ മാറാന്‍ തുടങ്ങുകയും ചെയ്തപ്പോള്‍ മോഷണങ്ങളും മോഷ്ടിക്കപ്പെടുന്ന വസ്തുക്കളും പുതുമയുള്ളതും വിലയേറിയതുമായിത്തീര്‍ന്നു. പ്രാചീനകാലം മുതല്‍ തന്നെ മോഷണത്തോട് സമൂഹം ദയയില്ലാത്ത സമീപനമാണ് കൈക്കൊണ്ടിരുന്നത്. ഭയാനകമായ പല ശിക്ഷാവിധികളും മോഷ്ടാക്കള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയെങ്കിലും മോഷ്ടാക്കള്‍ മോഷ്ടിച്ചുകൊണ്ടുതന്നെയിരുന്നു. ഇന്നുമത് അനസ്യൂതം തുടരുന്നു. ആളുകള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍(കറന്‍സികള്‍, വിലയേറിയ ആഭരണങ്ങള്‍, മൂല്യമേറിയ പെയിന്റിംഗുകള്‍, സെക്യൂരിറ്റി ബോണ്ടുകള്‍ തുടങ്ങിയവ..) സുരക്ഷിതമാക്കുവാനുദ്ദേശിച്ച് ബാങ്കുകളുടെ ലോക്കറുകളിലും മറ്റും സൂക്ഷിക്കുന്നു. ബാങ്കുകളാകട്ടേ ഈ ആധുനികകാലത്ത് മോഷണം തടയുവാനായി വളരെവലിയ സുരക്ഷാസംവിധാനങ്ങള്‍ ഒക്കെ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മോഷ്ടാക്കള്‍ക്ക് അതൊന്നും ഒരു വിഷയമേയല്ല. അവര്‍ വിചാരിച്ചാല്‍ അതു നടപ്പിലാക്കിയിരിക്കും. ലോകത്തിലെ വളരെപ്രശസ്തമായ പല ബാങ്കുകളും ഇപ്രകാരം മിടുക്കന്മാരായ കള്ളന്മാരാല്‍ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. അപ്രകാരം ചരിത്രത്തിലെ തന്നെ ഏറ്റവും വലുതെന്ന്‍ പറയപ്പെടുന്ന ഗിന്നസ്സ് റിക്കോര്‍ഡില്‍ കടന്നുകയറിയ ഒരു  ബാങ്കു മോഷണത്തെപ്പറ്റി ഒന്നറിയാം.

സെന്‍ട്രല്‍ ബാങ്ക് ഓഫ് ബ്രസീലിലെ മോഷണം

ബ്രസീലിലെ സിയറാ സ്റ്റേറ്റിലുള്ള ഫൊര്‍ത്തലേസായില്‍ സ്ഥിതിചെയ്യുന്ന ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിന്റെ ശാഖയില്‍ 2005 ഓഗസ്റ്റ് 7 നു നടന്ന മോഷണമാണ് ചരിത്രത്തിലെതന്നെ ഏറ്റവും വലിയ ബാങ്ക് റോബറി എന്ന വിശേഷണത്തിനര്‍ഹമായിട്ടുള്ളത്.  ബ്രസീലിലെ മുഴുവന്‍ മണി സപ്ലൈയുടേയും ചാര്‍ജ് ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിനായിരുന്നു. വിതരണം ചെയ്യുവാനായി ബാങ്കിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന അഞ്ച് കണ്ടൈനര്‍ ബോക്സുകളില്‍നിന്നു 50 റിയാലിന്റെ നോട്ടുകെട്ടുകളാണ് മോഷണം പോയത്. അതായത് 164,755,150 ബ്രസീലിയന്‍ റിയാല്‍സ്. ഇത് 2005 ലെ എക്സ്ചേഞ്ച് റേറ്റു പ്രകാരം ഏകദേശം 71.6 മില്യണ്‍ യു എസ് ഡോളറിനു തുല്യമാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മോഷണം പോയ നോട്ടുകളുടെ യഥാര്‍ത്ഥമൂല്യം ഇതിനേക്കാളുമധികമെന്നാണ് കരുതപ്പെടുന്നത്. ബാങ്ക് അതിനെപ്പറ്റി കൃത്യമായ ഒരു വിവരം പുറത്തുവിടുകയുണ്ടായില്ല. ഈ നോട്ടുകൂമ്പാരത്തിന്റെ വെയിറ്റ് മാത്രം 3.5 ടണ്‍ ഉണ്ടായിരുന്നു. മോഷണം നടന്നത് വീക്കെന്‍ഡിലായിരുന്നു. എന്നാല്‍ തിങ്കളാഴ്ച കാലത്ത് ബാങ്ക് ഓപ്പണ്‍ ചെയ്തപ്പോള്‍ മാത്രമാണ് ഈ മോഷണവിവരം പുറത്തറിയുന്നത്.

മോഷണം നടക്കുന്നതിനു ഏകദേശം മൂന്നുമാസം മുന്നേ എട്ടുപത്തു യുവാക്കള്‍ ചേര്‍ന്ന്‍ ഫൊര്‍ത്തലേസാ ബ്രാഞ്ചിന്റെ സമീപത്തായി ഒരു കെട്ടിടം ബിസിനസ്സ് ആവാശ്യത്തിനെന്നു പറഞ്ഞു വാടകയ്ക്കെടുത്തു. കൃത്രിമമായി നിര്‍മ്മിക്കുന്ന പുല്‍ത്തകിടികള്‍ വില്‍പ്പന നടത്തുന്ന ബിസ്സിനസ്സായിരുന്നു യുവാക്കള്‍ നടത്തിയിരുന്നത്. പുല്‍ത്തകിടി നിര്‍മ്മാണത്തിനും സൂക്ഷിപ്പിനും നിലമൊരുക്കുന്നതിനും മറ്റുമായി വെട്ടും കിളയും ഒക്കെ ഒരുപാട് നടത്തേണ്ടതുണ്ടായിരുന്നു. സ്വാഭാവികമായും അയല്‍പക്കത്തുള്ളവര്‍ക്ക് യാതൊരു സംശയവുമുണ്ടായതേയില്ല. സ്ഥാപനത്തില്‍നിന്നു ഒരുപാട് സാധങ്ങള്‍, ചാക്കുകളിലും കാര്‍ഡ്ബോര്‍ഡ് പെട്ടികളിലും മറ്റും പുറത്തേയ്ക്ക് കൊണ്ടുപോകുന്നതും അകത്തേയ്ക്കു കൊണ്ടുപോകുന്നതും സ്ഥിരമായിരുന്നു. ലോഡ് ചെയ്ത സാധനങ്ങളുമായി വാനുകള്‍ പോകുന്നതും വരുന്നതും സ്ഥിരകാഴ്ചയായിരുന്നതുകൊണ്ടുതന്നെ ആളുകള്‍ അത് കാര്യമാക്കിയതുമില്ല. യഥാര്‍ത്ഥത്തില്‍ കൃത്രിമപുല്‍ത്തകിടി നിര്‍മ്മാണത്തിന്റെ മറവുപറ്റി യുവാക്കള്‍ ഒരു ടണല്‍ നിര്‍മ്മിക്കുകയായിരുന്നു. വീടിനുള്ളില്‍നിന്നു ഏകദേശം‍ 78 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ട് അവിടെനിന്നു ബാങ്കിന്റെ സ്ട്രോംഗ് റൂമിലേക്കു ഏകദേശം 300 അടിയോളം നീളത്തില്‍ സ്ട്രീറ്റ് ലെവലില്‍നിന്നു നാലുമീറ്ററോളം താഴ്ചയില്‍  സമാന്തരമായി അവര്‍ ടണല്‍ നിര്‍മ്മാണം നടത്തി. ടണല്‍ തടിയും പ്ലാസ്റ്റിക്കും ഒക്കെക്കൊണ്ട് സുരക്ഷിതമാക്കുകയും ഇലക്ട്രിക് ലൈറ്റുകള്‍ വലിച്ചിടുകയും എയര്‍ സര്‍ക്കുലെഷനുള്ള സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. കുഴിച്ചെടുക്കുന്ന മണ്ണും മറ്റും പുല്‍ത്തകിടികള്‍ കൊണ്ടുപോകുന്നെന്ന ഭാവേന അവര്‍ ഭദ്രമായി പുറത്തുകൊണ്ടുപോയി വളരെ ദൂരെ സുരക്ഷിതസ്ഥലങ്ങളില്‍ നിക്ഷേപിച്ചുകൊണ്ടിരുന്നു. ഓഗസ്റ്റ് 7നു അതായത് വീക്കെന്‍ഡ് ദിവസം ടണലിലൂടെ ബാങ്കിന്റെ സ്ട്രോംഗ് റൂമിന്റെ നേരേ എത്തി ഏകദേശം 1.1 മീറ്റര്‍ കോണ്‍ക്രീറ്റ് ചുമര്‍ തുരന്ന്‍ ഭദ്രമായി ബാങ്കിനുള്ളിലെത്തി.ബാങ്കില്‍ സൂക്ഷിച്ചിരുന്ന അഞ്ചോളം കണ്ടൈനെര്‍ ബോക്സുകളിലുണ്ടായിരുന്ന പണം മുഴുവനുമെടുത്ത് കള്ളമ്മാര്‍ ടണല്‍ വഴി തങ്ങളുടെ ബിള്‍ഡിംഗിലെത്തുകയും സുരക്ഷിതരായി കടന്നുകളയുകയും ചെയ്തു. ബാങ്കില്‍ കടക്കുന്നതിനുമുന്നേ അതിനുള്ളിലെ അലാറം സംവിധാനങ്ങളും സെന്‍സറിംഗ് സംവിധാനങ്ങളും ഒക്കെയും മോഷ്ടാക്കള്‍‍ ജാമാക്കിയതിനാല്‍ മോഷണവിവരം മറ്റാരുമറിഞ്ഞില്ല, പതിവുപോലെ ബിസ്സിനസ്സിനായി തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോള്‍ മാത്രമാണ് ഈ മോഷണം പുറംലോകമറിയുന്നത്.

ഈ ബാങ്ക് റോബറി ബ്രസീലിനെ ഇളക്കിമറിച്ചു. പോലീസ് അരയും തലയും മുറുക്കി രംഗത്തുവന്നു. മോഷ്ടാക്കള്‍ തെളിവുകളൊന്നുമവശേഷിപ്പിക്കാതെ എല്ലാം കൃത്യമായാണ് പ്ലാന്‍ ചെയ്തിരുന്നത്. ഫോര്‍ത്തലേസായിലെ മോഷ്ടാക്കളേയും കാറുകള്‍ മറിച്ചുവില്‍ക്കുന്നവരേയും മറ്റും സൂക്ഷ്മമായി നിരീക്ഷിച്ച ഫെഡറല്‍ പോലീസ് ഇക്കൂട്ടര്‍ക്ക് ബാങ്ക് മോഷണവുമായി ബന്ധമുണ്ടാകുമെന്ന്‍ ഉറച്ചുവിശ്വസിച്ചു. ഫെഡറല്‍ പോലീസും മിലിട്ടറി പോലീസും സംസ്ഥാനപോലീസും ഒരുമിച്ചുനടത്തിയ അതിസൂക്ഷ്മവും കണിശവുമായ അന്വോഷണത്തിനിടയില്‍ ആഗസ്റ്റ് 10 നു രണ്ടുപേരെ അറസ്റ്റു ചെയ്യുകയുണ്ടായി. ഇവരെ വിശദമായി ചോദ്യം ചെയ്യുകയും ഏകദേശം 2.13 മില്യണ്‍ നോട്ടുകള്‍ ഇവരില്‍നിന്നു പിടിച്ചെടുക്കുകയും ചെയ്തു. തുടരന്വോഷണത്തില്‍ സെപ്തംബര്‍ 28 നു അഞ്ചുപേര്‍ കൂടി പിടിയിലായി. ടണല്‍ നിര്‍മ്മാണത്തിനു സഹായിക്കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന്‍ അവര്‍ പോലീസിനുമുന്നില്‍ കുറ്റസമ്മതം നടത്തുകയും അവരില്‍നിന്നു 5.22 മില്യണ്‍ നോട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു. പിന്നേയും ചിലരെയൊക്കെ പിടികൂടുകയും കുറച്ചു പണം കണ്ടെടുക്കുകയും ചെയ്തു. 2005 അവസാനത്തോടെ ആകെ വീണ്ടെടുക്കാനായത് വെറും 20 മില്യണ്‍ മാത്രമായിരുന്നു. എട്ടുപേരോളം അറസ്റ്റിലാകുകയും ചെയ്തു. ഈ മോഷണത്തിലെ പ്രധാനികളേയോ ബാക്കിപ്പണത്തേയോ കണ്ടെത്തുവാന്‍ ഇതേവരെ കഴിഞ്ഞിട്ടില്ല. ഈ ബാങ്ക് മോഷണവുമായി ബന്ധപ്പെട്ട് നിരവധി തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും അരങ്ങേറിയിട്ടുമുണ്ട്.  അവരെല്ലാം ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഈ മോഷണവുമായി ബന്ധപ്പെട്ടവരും പണം കൈപ്പറ്റിയവരുമാണെന്ന്‍ വിശ്വസിക്കപ്പെടുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരില്‍ ചിലരെ മോചനദ്രവ്യം നല്‍കി ബന്ധുക്കള്‍ മോചിപ്പിക്കുകയുണ്ടായി. വെടിയേറ്റും മറ്റും കൊല്ലപ്പെട്ടവരുമുണ്ട്. ചരിത്രത്തിലെ ഏറ്റവും വലിയ മോഷണമെന്നറിയപ്പെടുന്ന ഈ ബാങ്ക് റോബറിയെപ്പറ്റിയുള്ള അന്വോഷണം ഇപ്പോഴും അവസാനിച്ചിട്ടില്ല

ശ്രീ

1 comment:

  1. ചരിത്രം രേഖപ്പെടുത്തും ഒരു ബാങ്ക് കൊള്ള
    ഇതിനെകുറിച്ച് അസ്സലൊരു ക്ലാസ്സി സിനിമയും ഇറങ്ങിയിരുന്നു ...

    ReplyDelete