Monday, October 8, 2018

മേരി സെലസ്റ്റ - ഉപേക്ഷിക്കപ്പെട്ട കപ്പല്‍

ചുരുളഴിയാത്ത ചില രഹസ്യങ്ങള്‍

മേരി സെലസ്റ്റ - ഉപേക്ഷിക്കപ്പെട്ട കപ്പല്‍

1872 നവംബര്‍ 5 നാണ് മേരി സെലസ്റ്റ എന്ന ചെറിയ ചരക്കുകപ്പല്‍ ന്യൂയോര്‍ക്ക് തുറമുഖത്തുനിന്ന്‍ ഇറ്റലിയിലെ ജൊനാവയിലേക്ക് യാത്ര പുറപ്പെടേണ്ടിയിരുന്നത്. എന്നാല്‍ പ്രതികൂലാ കാലാവസ്ഥമൂലം ക്യാപ്റ്റനായിരുന്ന ബെഞ്ചമിന്‍ ബ്രിക്സ് കടല്‍ ശാന്തമായ തെളിഞ്ഞ അന്തരീക്ഷമായതിനുശേഷം മാത്രം യാത്ര പുറപ്പെട്ടാല്‍ മതിയെന്നു തീരു‍മാനമെടുത്തു. ക്യാപ്റ്റന്‍ ബ്രിക്സും അദ്ദേഹത്തിന്റെ ഭാര്യ സാറാ എലിസബത്തും രണ്ടുവയസ്സുള്ള ഇളയമകളായ സോഫിയ മെറ്റില്‍ഡയും ഒപ്പം 7 ക്രൂ മെമ്പേര്‍സുമാണ് കപ്പലിലുണ്ടായിരുന്നത്. 1701 ബാരലോളം മെത്തലേറ്റഡ് സ്പിരിറ്റ് ആയിരുന്നു കപ്പലില്‍ ചരക്കായുണ്ടായിരുന്നത്. നവംബര്‍ 7 ആയതോടെ കടല്‍ ശാന്തമായി അന്തരീക്ഷം തെളിയുകയും ബ്രിക്സും കൂട്ടരും ന്യൂയോര്‍ക്ക് ഹാര്‍ബറില്‍നിന്നു അറ്റ്ലാന്റിക്കിലൂടെ ജിബ്രാള്‍ട്ടര്‍ വഴി ജെനോവയിലേക്ക് യാത്രയാരംഭിക്കുകയും ചെയ്തു.

ബ്രിട്ടീഷ് കപ്പലായ ഡീ ഗാര്‍ഷ്യ 1872 ഡിസംബര്‍ 4 നു ഏകദേശം ഒരു മണിയായപ്പോള്‍ മധ്യ അറ്റ്ലാന്റിക്കിനു ഏകദേശം 400 മൈലോളം തെക്കു മാറി പോര്‍ട്ടുഗീസ് പ്രവിശ്യയായ അസോര്‍സ് ദ്വീപസമൂഹമേഖലയില്‍ പ്രവേശിച്ചു. ഈ സമയം കപ്പല്‍ ഡെക്കിലേയ്ക്കു വന്ന ക്യാപ്റ്റന്‍ ഡേവിഡ് മോര്‍ഹൌസ് കടല്‍ക്കാഴ്ചകള്‍ നോക്കി നില്‍ക്കവേ അകലെയായി ഒരു കപ്പല്‍ കാണുന്നുണ്ട് എന്ന്‍ കപ്പല്‍ത്തൊഴിലാളികളില്‍ ചിലര്‍ അദ്ദേഹത്തെ അറിയിച്ചു. മോര്‍ ഹൌസ് തന്റെ കൈയിലുണ്ടായിരുന്ന ദൂരദര്‍ശിനിയിലൂടെ ശ്രദ്ധാപൂര്‍വ്വം ആ കപ്പലിനെ വീക്ഷിക്കാനാരംഭിച്ചു. ഡീ ഗാര്‍ഷ്യയില്‍നിന്നു ഏകദേശം 6 മൈലുകളോളം അകലെയായിരുന്നു അപ്പോള്‍ പ്രസ്തുത കപ്പല്‍ ഉണ്ടായിരുന്നത്. തങ്ങളുടെ കപ്പല്‍ ആ കപ്പലിനടുത്തേയ്ക്ക് ദിശമാറ്റിക്കൊണ്ട് അവര്‍ അതിനടുത്തേയ്ക്കു ചെന്നു. ആ കപ്പലിനോടടുക്കുന്തോറും ക്യാപ്റ്റന്‍ മോര്‍ഹൌസിനു എന്തോ പന്തികേട് മണക്കാന്‍ ആരംഭിച്ചു. കടലില്‍ ആരും നിയന്ത്രിക്കാനില്ലാതെ ഒഴുകിനടക്കുന്ന അവസ്ഥയിലായിരുന്ന പ്രസ്തുതകപ്പലില്‍ ഡെക്കിലോ മറ്റോ ആളുകള്‍ ആരും ഉള്ള ലക്ഷണവുമില്ലായിരുന്നു. ഡീ ഗാര്‍ഷ്യയില്‍നിന്നു ആ കപ്പലിലേയ്ക്ക് പല സിഗ്നലുകളും അയച്ചെങ്കിലും അതിനൊന്നിനും ഒരു മറുപടിയും ലഭിക്കാതെ വന്നതോടെ  തന്റെ കപ്പലിലുണ്ടായിരുന്ന രണ്ട് ക്രൂ മെമ്പേര്‍സിനെ ഒരു ബോട്ടില്‍ക്കയറ്റി ആ കപ്പലിനടുത്തേയ്ക്ക് അയയ്ക്കുകയും ചെയ്തു. 

ആ കപ്പലിനടുത്തെത്തിയ അവര്‍ കപ്പലില്‍ക്കടക്കുകയും ഏകദേശം ഒരു മാസം മുന്നേ  തുറമുഖത്തുനിന്നു യാത്രയാരംഭിച്ച മേരി സെലസ്റ്റ എന്ന കപ്പലാണതെന്ന്‍ മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന്‍ അവര്‍ കപ്പലിലാകെ തിരച്ചില്‍നടത്തിയെങ്കിലും എന്തെങ്കിലും അപകടം നടന്നതിന്റേയോ മറ്റോ ലക്ഷണങ്ങളോ അസ്വാഭാവികമായ മറ്റെന്തെങ്കിലും സംഭവിച്ചതിന്റേയോ യാതൊരു ലക്ഷണവും കണ്ടെത്താനായില്ല. കപ്പലിന്റെ ഡക്കില്‍ അരയടിയോളം വെള്ളം നനച്ചതിന്റെ പാടുകളുണ്ടായിരുന്നു. കപ്പലിലുണ്ടായിരുന്ന 1701 ബാരലോളം സ്പിരിറ്റും അതേപോലെ തന്നെയുണ്ടായിരുന്നു. ക്രൂ മെമ്പേര്‍സിന്റെ വസ്ത്രങ്ങളും മറ്റു സാധനസാമഗ്രഹികളും ആറുമാസത്തോളമുപയോഗിക്കാവുന്ന ഭക്ഷണവും വെള്ളവും എല്ലാം അതില്‍ അതേപടി തന്നെയുണ്ടായിരുന്നു. എന്നാല്‍ ആ കപ്പലിലുണ്ടായിരുന്ന ക്യാപ്റ്റന്‍ ബ്രിക്സും ഭാര്യയും അവരുടെ മകളും ക്രൂ മെമ്പേര്‍സായിരുന്ന ഏഴുപേരുടേയും പൊടിപോലും അവിടെങ്ങുമുണ്ടായിരുന്നില്ല. കപ്പലില്‍ അടിയന്തിരഘട്ടത്തിലുപയോഗിക്കാനുള്ള ഒരു ചെറിയ ലൈഫ്ബോട്ടും അവര്‍ക്കൊപ്പം അപ്രത്യക്ഷമായിരുന്നു. ചരിത്രത്തിലെതന്നെ ഏറ്റവും നിഗൂഡമായ രഹസ്യമായവശേഷിച്ചുകൊണ്ട് അവര്‍ എവിടേയ്ക്കെന്നില്ലാതെ അപ്രത്യക്ഷരായി. ഇന്നും അവരുടെ തിരോധാനം പ്രഹേളിക തന്നെയാണ്.

ക്യാപ്റ്റന്‍ ബ്രിക്സിന്റേയും ബാക്കിയുള്ളവരുടേയും തിരോധാനത്തെപ്പറ്റി പല അന്വേഷണങ്ങളും നടന്നെങ്കിലും ഒരു ഫലവുമുണ്ടായില്ല. ആര്‍ക്കും തന്നെ ശരിയായ ഒരുനിഗമനത്തിലെത്താന്‍പോലുമായില്ല എന്നതാണ് വാസ്തവം. ഇവരുടെ ദുരൂഹമായ തിരോധാനത്തെപ്പറ്റി പലപല തിയറികളുമുണ്ട്. കപ്പല്‍ത്തട്ടില്‍കണ്ട രക്തക്കറകളും മറ്റുംമൂലം കപ്പലിലെ ജോലിക്കാര്‍ മദ്യപിച്ചു മദോന്മത്തരായി വയലന്റാകുകയും പരസ്പരം ആക്രമിച്ച് എല്ലാവരും കൊല്ലപ്പെട്ടിരിക്കാമെന്നുമാണ്. എന്നാല്‍ കപ്പലിലുണ്ടായിരുന്ന സ്പിരിറ്റ് ഒരിക്കലും കുടിയ്ക്കുവാന്‍ പര്യാപ്തമായ രീതിയിലായിരുന്നില്ലെന്നും കപ്പല്‍ത്തട്ടില്‍കണ്ട രക്തപ്പാടു സ്വാഭാവികമായ കടല്‍ച്ചൊരുക്കും മറ്റും മൂലം ചിലരുടെയെങ്കിലും നാസികയില്‍നിന്നു വന്നതാവാമെന്നു കണ്ടെത്തിയതോടെ ആ വാദത്തിനു ബലമില്ലാതായി. ആഫ്രിക്കന്‍ കടല്‍ക്കൊള്ളക്കാര്‍ ആക്രമിച്ചു കൊലപ്പെടുത്തിയതായിരിക്കാം എല്ലാവരേയും എന്നൊരു തിയറി ഉയര്‍ന്നെങ്കിലും കപ്പലിലുള്ള ഒരൊറ്റ സാധനം പോലും കൊള്ളയടിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ അതും വിശ്വസനീയമായില്ല. അന്യഗ്രഹജീവികള്‍ പൊടുന്നനേ ആക്രമിച്ച് എല്ലാവരേയും കൊന്നതാണെന്ന ഒരു വാദവും ഉയര്‍ന്നു. എന്നാല്‍ ഏലിയന്‍സ് എന്നത് ഒരു കെട്ടുകഥയായതുകൊണ്ടുതന്നെ അധികമാരും വിശ്വസിച്ചില്ല. കടലിലുണ്ടായ ഒരു ടൊര്‍ണാഡോയിലോ മറ്റോ പെട്ടതുമൂലമോ, കടല്‍ച്ചുഴിയില്‍ പെട്ടതുമൂലമോ ഭീകാകാരനായ നീരാളിയോ ഏതെങ്കിലും കടല്‍ഭീകരജീവിയോ മറ്റോ ആക്രമിച്ച് ക്യാപ്റ്റനേയും കൂട്ടരേയും കൊന്നതാവാമെന്നും പലരും പറയുന്നുണ്ട്.  എന്നാല്‍ ഏറ്റവും ശാസ്ത്രീയമായി വിലയിരുത്തപ്പെടുന്ന ഒരു തിയറി മേരി സെലസ്റ്റയിലുണ്ടായിരുന്ന 1701 ബാരലോളമുണ്ടായിരുന്ന മെത്തലേറ്റഡ് സ്പിരിറ്റില്‍നിന്നു ഫോം ചെയ്യപ്പെട്ട വിഷവാതകം മൂലം കപ്പലില്‍ ഒരു ചെറിയ സ്ഫോടനം നടന്നിരിക്കാമെന്നും സ്ഫോടനശബ്ദം കേട്ട് കപ്പല്‍ തകരുന്നുവെന്ന്‍ ധരിച്ച്  ശ്വസിച്ച് മരണവെപ്രാളത്തില്‍ എല്ലാവരും കടലിച്ചാടുകയോ ആ ചെറിയ ലൈഫ് ബോട്ടില്‍ എല്ലാവരും കൂടിക്കയറി രക്ഷപ്പെടാന്‍ ശ്രമിക്കവേ കടലില്‍ മുങ്ങി കൊല്ലപ്പെടുകയുമായിരുന്നിരിക്കാമെന്നാണ്.

എന്തുതന്നെയായാലും ഇന്നും ഉത്തരം കണ്ടെത്താത്ത ചരിത്രത്തിലെ ഏറ്റവും നിഗൂഡമായ അപ്രത്യക്ഷമാകലുകളിലൊന്നാണ് ക്യാപ്റ്റന്‍ ബ്രിക്സിന്റേയും കുടുംബത്തിന്റേയും ബാക്കിയുള്ള തൊഴിലാളികളുറ്റേയും തിരോധാനം. ഈ ദുരൂഹസംഭവത്തെ ബേസ് ചെയ്ത് നിരവധി നോവലുകളും മറ്റും രചിക്കപ്പെട്ടിട്ടുണ്ട്. 1884 ല്‍ സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍ എഴുതിയ ഹബാക്കുക് ജെഫ്സന്‍സ് സ്റ്റേറ്റ്മെന്റ് എന്ന ചെറുകഥ മേരി സെലസ്റ്റെയില്‍ നിന്നു രക്ഷപ്പെട്ട ഒരാളിന്റെ കഥയായിരുന്നു. ഈ ചെറുകഥ വളരെയധികം നിരൂപകപ്രശംസ പിടിച്ചുപറ്റി.  ജെയ്ന്‍ യോളന്‍ എഴുതിയ ദ മേരി സെലസ്റ്റെ,  ബ്രയാന്‍ ഹിക്സ് എഴുതിയ ദ ഗോസ്റ്റ് ഷിപ്പ് തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഈ സംഭവത്തെ ആധാരമാക്കിയുണ്ട്. 2007 ല്‍ ഈ സംഭവം ആധാരമാക്കി ദ ട്രൂ സ്റ്റോറി ഓഫ് മേരി സെലസ്റ്റെ എന്ന ഒരു മൂവിയും ഇറങ്ങിയിട്ടുണ്ട്‍

വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് വിക്കീപ്പീഡിയ, ഓണ്‍ലൈന്‍ സൈറ്റുകള്‍, ഗൂഗില്‍ എന്നിവയാണ്


ശ്രീക്കുട്ടന്‍

3 comments:

  1. ചരിത്രത്തിൽ അറിയപ്പെടാത്ത എത്രയോ രഹസ്യങ്ങൾ അല്ലേ... നല്ല പോസ്റ്റ്

    ReplyDelete
  2. എന്തുതന്നെയായാലും ഇന്നും ഉത്തരം കണ്ടെത്താത്ത
    ചരിത്രത്തിലെ ഏറ്റവും നിഗൂഡമായ അപ്രത്യക്ഷമാകലുകളിലൊന്നാണ്
    ക്യാപ്റ്റന്‍ ബ്രിക്സിന്റേയും കുടുംബത്തിന്റേയും ബാക്കിയുള്ള തൊഴിലാളികളുറ്റേയും
    തിരോധാനം.
    അറിയപ്പെടാത്ത എത്രയോ ഇത്തരം രഹസ്യങ്ങൾ ഇന്നും ഉണ്ട് ...!

    ReplyDelete