Wednesday, October 17, 2018

കാളിദാസന്‍

ഒരു സാഹിത്യകാരന്‍ അമരനായിത്തീരുന്നത് അയാള്‍ മറ്റുള്ളവര്‍ക്കായി പകര്‍ന്നുനല്‍കിയ അക്ഷരങ്ങളിലൂടെയും അറിവുകളിലൂടെയുമാണെന്ന്‍ നിസ്സംശയം പറയാം. അവര്‍ തങ്ങളുടെ ചിന്തകളും അറിവുകളും വരും തലമുറയ്ക്കായി പകര്‍ന്നുവച്ചപ്പോള്‍ ലോകത്തിനുലഭിച്ചത് അമൂല്യങ്ങളായ സാഹിത്യസൃഷ്ടികളായിരുന്നു. ദേശഭാഷാവ്യത്യാസമില്ലാതെ സാഹിത്യകാരന്മാര്‍ അവരുടെ ചിന്താസരണികളില്‍നിന്നുമുയിര്‍ക്കൊണ്ട അക്ഷരക്കൂട്ടുകളിലൂടെ ജനമനസ്സുകളില്‍ ചെലുത്തിയ സ്വാധീനം വിവരണാതീതമായ തരത്തിലായിരുന്നു. അക്ഷരങ്ങള്‍ക്ക് അഗ്നിയുടെ ശക്തിയാണുള്ളത്. അത് സാമ്രാജ്യങ്ങളെപ്പോലും ഭസ്മീകരിച്ചിട്ടുണ്ട്. പലപലമാറ്റങ്ങള്‍ക്കും നിദാനമായിട്ടുണ്ട്. അത്തരം സാഹിത്യകാരന്മാരുടെ കൂട്ടത്തില്‍ ഭാരതത്തിന്റെ അഹങ്കാരമെന്നുതന്നെ ഉറപ്പിച്ചുപറയാനാകുന്ന സാഹിത്യകുലപതികളിലൊരാളായിരുന്നു കാളിദാസന്‍. വിക്രമാദിത്യസദസ്സിനെ അലങ്കരിച്ചിരുന്ന നവരത്നങ്ങളിലൊരാളായിരുന്നു കാളിദാസന്‍. വ്യാസനും ഭാസനും വാല്മീകിയുമൊക്കെ പരിപോഷിപ്പിച്ച സംസ്കൃതസാഹിത്യത്തിനു നവയൌവ്വനം പ്രദാനം ചെയ്ത സാഹിത്യരത്നമായിരുന്നു അദ്ദേഹം. വേദങ്ങളിലും പുരാണങ്ങളിലും ഉപനിഷത്തുക്കളിലും ജ്യോതിഷത്തിലും വൈദ്യത്തിലുമൊക്കെ അഗാധപാണ്ഡിത്യം നേടിയ കാളിദാസന്‍ സംസ്കൃതഭാഷയിലൂടെ ഭാരതീയസാഹിത്യത്തിനു നല്‍കിയ സംഭാവനകള്‍ പകരം വയ്ക്കാനില്ലാത്തത്രയായതുകൊണ്ടുതന്നെ അദ്ദേഹത്തെ വിശ്വമഹാകവി എന്നുവിളിച്ചാലും അതില്‍ അത്ഭുതപ്പെടേണ്ടതില്ല. കാളിദാസന്റെ ജനനത്തെപ്പറ്റി കൃത്യമായ വിവരങ്ങള്‍ ഒന്നുംതന്നെയില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കളെക്കുറിച്ചോ യഥാര്‍ത്ഥ പേരെന്തായിരുന്നുവെന്നതിനെപ്പറ്റിയോ ഒരു ധാരണയുമില്ല. കാളിദാസന്റെ ജീവിതകാലഘട്ടമായി ചരിത്രകാരന്മാര്‍ പൊതുവേ കരുതിയിരിക്കുന്നത് ക്രിസ്തുവിനുമുമ്പ് രണ്ടാം നൂറ്റാണ്ടിനും ക്രിസ്തുവിനു പിന്‍പ് ആറാം നൂറ്റാണ്ടിനും ഇടയ്ക്കായിരിക്കാമെന്നാണ്. ഇന്നത്തെ മധ്യപ്രദേശിലുള്ള ഉജ്ജയിനിയിലാണ് കാളിദാസന്‍ ജനിച്ചതെന്നാണ് പൊതുവേ കണക്കാക്കപ്പെട്ടിരിക്കുന്നത്. കാളിദാസന്റെ ജീവിതവും മറ്റുമെല്ലാം ഐതീഹ്യങ്ങളെയും കേട്ടുകേള്‍വികളേയും ആസ്പദമാക്കിമാത്രമേ അനാവരണം ചെയ്യാനാകൂ. ബ്രാഹ്മണകുലത്തില്‍ ജനിച്ച കാളിദാസന്‍ യഥാകാലം വിദ്യാഭ്യാസമൊക്കെക്കഴിച്ച് വിദ്വാനായിത്തീര്‍ന്നു. മുടങ്ങാതെ ശിവക്ഷേത്രദര്‍ശനം കഴിച്ചിരുന്ന കാളിദാസന്‍ ഒരിക്കല്‍ ക്ഷേത്രദര്‍ശനത്തിനുപോയപ്പോള്‍ അവിടെക്കണ്ട ഒരു യോഗീശ്വരന്റെ സംസാരവൈകല്യത്തെക്കളിയാക്കി അദ്ദേഹത്തെപ്പരിഹസിച്ചതില്‍ കുപിതനായ യോഗീശ്വരന്‍ കാളിദാസനെ പഠിച്ചതെല്ലാം മറന്നു ഒരു മൂഡനായിമാറട്ടെയെന്നു ശപിച്ചു. ശാപംകേട്ട കാളിദാസന്‍ പശ്ചാത്താപവിവശനായി യോഗീശ്വരനോട് ക്ഷമയാചിച്ചപ്പോള്‍ ഒരുകാലത്തു കാളിയുടെ അനുഗ്രഹം സിദ്ധിച്ച് ഇപ്പോഴുള്ള മൂഡതമാറി പൂര്‍വ്വാധികം ബുദ്ധിമാനും വിദ്വാനുമായിത്തീരും എന്ന്‍ ആ യോഗീശ്വരന്‍ കാളിദാസനെ അനുഗ്രഹിക്കുകയും ചെയ്തു. ശാപം കിട്ടിയ കാളിദാസന്‍ മൂഡനായിത്തീരുകയും അലഞ്ഞുതിരിഞ്ഞു നടക്കാനാരംഭിച്ചു. ഒരു പ്രഭുവിന്റെ സുന്ദരിയും വിദുഷിയുമായ മകളുടെ വരനായ കാളിദാസന്‍ എത്തിപ്പെട്ടതും വിധിഹിതമായിരുന്നു. ആ കന്യക കാളിദാസന്‍ കാണിക്കുന്ന വങ്കത്തരങ്ങള്‍കണ്ട് തന്റെ ഭര്‍ത്താവ് മൂഡനാണെന്നു മനസ്സിലാക്കി കണക്കിനു പരിഹസിക്കുകയും മുറിയില്‍നിന്നിറക്കിവിടുകയും ചെയ്തു. അവിടം വിട്ടിറങ്ങിയ കാളിദാസന്‍ ഘോരവനാന്തരത്തിലൂടെ അലഞ്ഞുനടക്കവേ മഴയുടെ ലക്ഷണം കണ്ടപ്പോള്‍ അവിടെക്കണ്ട ഒരു പഴയക്ഷേത്രത്തിനകത്തുകയറി വാതിലടച്ചിരിപ്പാരംഭിച്ചു. അതൊരു കാളിക്ഷേത്രമായിരുന്നു. അന്ത്യയാമത്തില്‍ ചുടലക്കാടുകളിലേയ്ക്കുപോയിരുന്ന കാളിദേവി മടങ്ങിയെത്തിയപ്പോള്‍ ക്ഷേത്രവാതിലുകള്‍ അടഞ്ഞുകിടക്കുന്നതുകണ്ട് അത്ഭുതപ്പെട്ടു. കതകു അകത്തുനിന്നു സാക്ഷയിട്ടിരുന്നതിനാല്‍ ആരോ അകത്തുണ്ടെന്ന്‍ മനസ്സിലാക്കിയ കാളി അകത്താര് എന്നുചോദിച്ചു. ഉടന്‍ അകത്തുനിന്ന്‍ കാളിദാസന്‍ പുറത്താര് എന്ന മറുചോദ്യം ചോദിച്ചു. പുറത്തുകാളി എന്ന ഉത്തരം കിട്ടിയപ്പോള്‍ അകത്ത് ദാസന്‍ എന്നു കാളിദാസന്‍ മറുപടിയും പറഞ്ഞു. കാളി എത്രതന്നെപറഞ്ഞിട്ടും ദാസന്‍ വാതില്‍തുറക്കാന്‍ തയ്യറായില്ല. തന്റെ മന്ദത മാറ്റിത്തന്നാലേ വാതില്‍തുറക്കൂ എന്ന്‍ അവന്‍ വാശിപിടിച്ചപ്പോള്‍ മറ്റുമാര്‍ഗ്ഗമില്ലാതെ കാളിദാസനോട് വാതിലിനിടയില്‍ക്കൂടി നാവു നീട്ടാന്‍ കാളി ആവശ്യപ്പെടുകയും ആ നാവില്‍ തന്റെ കൈയിലിരുന്ന ശൂലാഗ്രംകൊണ്ട് വിദ്യാമന്ത്രമെഴുതുകയും ചെയ്തു. തല്‍ക്ഷണം കാളിദാസനെ ബാധിച്ചിരുന്ന ശാപം വിട്ടൊഴിയുകയും അദ്ദേഹം തന്റെ ഓര്‍മ്മശക്തിയെല്ലാം വീണ്ടെടുക്കുകയും ചെയ്തു. വാതില്‍തുറന്നുപുറത്തിറങ്ങിയ കാളിദാസന്‍ കാളിയെ നമസ്ക്കരിക്കുകയും ചില സ്തോത്രങ്ങള്‍ തല്‍ക്ഷണമുണ്ടാക്കിച്ചൊല്ലുകയും ചെയ്തു. ദേവി കാളിദാസനെ അനുഗ്രഹിക്കുകയും കാളിദാസാ എന്നുവിളിക്കുകയും ചെയ്തു. അന്നുമുതല്‍ അദ്ദേഹം കാളിദാസനെന്നറിയപ്പെടാനാരംഭിച്ചു. അതിനുമുമ്പുവരെ അദ്ദേഹത്തിന്റെ പേര് മറ്റെന്തോ ആയിരുന്നു. മന്ദതയെല്ലാം മാറി ബുദ്ധിശരിയാവണ്ണം വിളങ്ങിത്തുടങ്ങിയപ്പോള്‍ കാളിദാസന്‍ ഭാര്യാഗൃഹത്തില്‍ മടങ്ങിയെത്തി. താന്‍ ആക്ഷേപിച്ചിറക്കിവിട്ട ആള്‍ തികഞ്ഞ വാഗ്മിയെപ്പോലെ സംസാരിക്കുകയും ഇടപെടുകയും ചെയ്യുന്നതുകണ്ട് അദ്ദേഹത്തിന്റെ ഭാര്യ അത്ഭുതപ്പെടുകയും അതിശയഭാവേന അസ്തി കശ്ചിത് വാഗർത്ഥ: എന്നൊരു വാക്യമുരുവിടുകയും ചെയ്തു. കാളിയുടെ അനുഗ്രഹത്താല്‍ വിദ്വാനും കൂടുതല്‍ രൂപസൌകുമാര്യമുള്ളവനുമായിത്തീര്‍ന്ന കാളിദാസനോട് അവള്‍ പ്രേമപൂര്‍വ്വം അടുക്കാന്‍ നോക്കിയെങ്കിലും തന്നെ അധിക്ഷേപിച്ചിറക്കിവിട്ട ആ സ്ത്രീയില്‍ കാളിദാസന്‍ താല്‍പ്പര്യമൊന്നും കാണിച്ചില്ല എന്നുമാത്രമല്ല അവിടെനിന്നു വിട്ടുപോകുകയും ചെയ്തു. എന്നിരുന്നാലും പില്‍ക്കാലത്ത് അദ്ദേഹം സൃഷ്ടിച്ച മഹത്തായ കാവ്യത്രയങ്ങള്‍(യഥാക്രമം കുമാരസംഭവം, മേഘസന്ദേശം, രഘുവംശം) ആരംഭിക്കുന്നത് ആ കന്യക ആശ്ചര്യത്തോടെ ഉച്ചരിച്ച വാക്യത്തിന്റെ ഓരോ വാക്കുകള്‍ ഉപയോഗിച്ചായിരുന്നു. പിന്നീട് സൃഷ്ടിച്ച വിക്രമോര്‍വ്വശീയം, മാളവികാഗ്നിമിത്രം, ശാകുന്തളം എന്നീ നാടകങ്ങളോടെ കാളിദാസന്‍ വിശ്വവിശ്രുതനായിത്തീരുകയും ചെയ്തു. കാവ്യത്രയത്തില്‍ മേഘസന്ദേശവും നാടകത്രയത്തില്‍ മാളവികാഗ്നിമിത്രവും കല്‍പിതകഥകളും ബാക്കിയുള്ളവ പുരാണകഥകളുമായിരുന്നു പറഞ്ഞത്. ഇവ കൂടാതെ മറ്റു ചില കൃതികള്‍ കാളിദാസന്റേതായിട്ടുണ്ടെങ്കിലും അത് കാളിദാസകൃതികളാണോ എന്ന കാര്യത്തില്‍ തര്‍ക്കങ്ങളുണ്ട്. ബഹുഭൂരിപക്ഷം ചരിത്രകാരന്മാരുടേയും നിഗമനങ്ങളും അഭിപ്രായങ്ങളുമനുസരിച്ച് കാളിദാസന്‍ വിക്രമാദിത്യന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന നവരത്നങ്ങളില്‍ ഒരാളായിരുന്നുവെന്നുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വിക്രമാദിത്യന്‍ ഭോജരാജാവിന്റെ സദസ്സിനെ അലങ്കരിച്ചിരുന്ന കവികുലോത്തമനായിരുന്നു എന്ന വാദവും പ്രബലമായുണ്ട്. ഭോജരാജചരിത്രമെന്ന ഗ്രന്ഥത്തില്‍ ഭോജരാജാവും കാളിദാസനുമായുള്ള നിരവധി മുഹൂര്‍ത്തങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. കവികളും വിദ്വാന്മാരുമെന്നുപറഞ്ഞ് ദിനവും ധാരാളമാളുകള്‍ തന്നെവന്നുകണ്ട് ബുദ്ധിമുട്ടിക്കുന്നതില്‍ അരിശംപൂണ്ട ഭോജരാജാവ് സായണനെന്നും മായണനെന്നുമുള്ള രണ്ട് ദ്വാരപാലകരെ കാവലിനായി നിയോഗിക്കുകയും തന്നെക്കാണാനായി വരുന്നവരെ ചില ചോദ്യങ്ങള്‍ ചോദിച്ച് പാണ്ഡിത്യം ബോധ്യപ്പെട്ടശേഷം അകത്തേയ്ക്ക് കടത്തിവിട്ടാല്‍ മതിയെന്നു ശട്ടംകെട്ടുകയും ചെയ്തു. അതോടെ നല്ലൊരളവുവരെ ഭോജരാജന് കവിപുംഗവന്മാരുടെ ശല്യത്തില്‍നിന്നു രക്ഷപ്രാപിക്കാനായി. അക്കാലത്തൊരിക്കല്‍ കാളിദാസന്‍ ഭോജരാജ്യത്തിലേക്കു വരുകയും സായണമായണന്മാരുടെ ചോദ്യങ്ങള്‍ക്ക് ഏറ്റവും യുക്തമായ മറുപടിപറഞ്ഞ് ഭോജരാജസദസ്സിലെത്തുകയും ചെയ്തു. വളരെപ്പെട്ടന്നുതന്നെ കാളിദാസന്‍ ഭോജരാജന്റെ ആത്മമിത്രമായിത്തീര്‍ന്നു. ഇതില്‍ ശത്രുതപൂണ്ട മറ്റു വിദ്വാന്മാരും കവികളും ഏഷണിയും കുതന്ത്രങ്ങളും പ്രയോഗിച്ച് കാളിദാസനെ രാജാവുമായിതെറ്റിച്ചു. കാളിദാസനാകട്ടെ രാജസദസ്സുവിട്ട് വിലാസവതി എന്നുപേരുള്ള ഒരു ഗണികയോടൊപ്പം ഒളിച്ചുതാമസമാക്കുകയും ചെയ്തു. കാളിദാസന്‍ രാജസദസ്സു വിട്ടുപോയതോടെ ഭോജരാജന്‍ ദുഃഖിതനായിത്തീരുകയും കാളിദാസനെ കണ്ടെത്തി മടക്കിക്കൊണ്ടുവരണമെന്നു തീര്‍ച്ചയാക്കുകയും ചെയ്തു. അതിനായി ഒരു സമസ്യയുടെ പൂര്‍വ്വാര്‍ദ്ധം ഉണ്ടാക്കുകയും ആ സമസ്മ്യുടെ ഉത്തരാര്‍ദ്ധം നേരായി പൂരിപ്പിക്കുവാന്‍ സദസ്സിലുണ്ടായിരുന്ന കവികളോട് കല്‍പ്പിക്കുകയും ചെയ്തു. ഇല്ലായെങ്കില്‍ എല്ലാവരേയും നാടുകടത്തുമെന്ന്‍ പറയുകയും ചെയ്തു. കാളിദാസനെക്കൊണ്ടല്ലാതെ ശരിയായി ആ സമസ്യ പൂരിപ്പിക്കാനാവില്ല എന്നു ഭോജരാജന് ഉറപ്പായിരുന്നു. സമസ്യ ശരിയാംവണ്ണം പൂരിപ്പിക്കാനാവാതെ കുഴങ്ങിയ കവികള്‍ പരസ്പ്പരം പഴിച്ചുകൊണ്ട് നാടുവിട്ടുപോകാന്‍ തീര്‍ച്ചയാക്കി. അവര്‍ നടന്നുപോയത് കാളിദാസന്‍ ഒളിച്ചുതാമസിക്കുന്ന വീടിനടുത്തുകൂടിയായിരുന്നു. കവികളുടെ സംസാരം അവിചാരിതമായിക്കേട്ട കാളിദാസന്‍ വേഷപ്രച്ഛന്നനായി അവരുടെ മുന്നില്‍വന്ന്‍ സമസ്യ ശരിയായി പൂരിപ്പിച്ചുകൊടുത്തു. ആശ്വാസപൂര്‍വ്വം മടങ്ങിയ കവികള്‍ പിറ്റേന്ന്‍ രാജസദസ്സുകൂടിയപ്പോള്‍ സമസ്യ ശരിയാംവണ്ണം പൂരിപ്പിച്ചു. അത് കാളിദാസന്‍ പൂരിപ്പിച്ചുനല്‍കിയതാനെന്നുറപ്പുണ്ടായിരുന്ന ഭോജരാജാവ് കവികളോട് സത്യാവസ്ഥ ചോദിച്ചറിയുകയും പിന്നീട് പരിവാരസമേതം ചെന്ന്‍ കാളിദാസനെ രാജസദസ്സിലമ്യ്ക്കു കൂട്ടിക്കൊണ്ടുവരികയും ചെയ്തു. പിന്നീടും പലപ്രാവശ്യം കാളിദാസനില്‍ രാജാവ് അപ്രീതനാകുകയും അതൊക്കെ വെണ്ണപോലെ ഉരുകിയൊലിച്ച സംഭവങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഭോജരാജസദസ്സില്‍ ദീര്‍ഘകാലം കാളിദാസന്‍ കഴിഞ്ഞിരുന്നു എന്നുവേണമനുമാനിക്കാന്‍. വിക്രമാദിത്യസദസ്സിലെ അംഗമായിരുന്നാലും ഭോജരാജസദസ്സിലെ അംഗമായിരുന്നാലും ശരി ഭാരതത്തിന്റെ ഏറ്റവും മഹാനായ ഒരു സാഹിത്യശ്രേഷ്ഠനായിരുന്നു ശ്രീ കാളിദാസന്‍ എന്നു നിസ്സംശയം പറയാം. അദ്ദേഹം സംസ്കൃതഭാഷയ്ക്കും ഭാരതീയ സാഹിത്യത്തിനും നല്‍കിയത് അത്രമാത്രം അമൂല്യമായ സംഭാവനകളാണ്. കാളിദാസന്റെ പ്രധാനകൃതിക കാളിദാസന്‍ ആദ്യകാലത്തെഴുതിയ ഒരു ഖണ്ഡകാവ്യമാണ് ഋതുസംഹാരം. ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം, വസന്തം എന്നിങ്ങനെ പ്രകൃതിയുടെ ആറുഭാവങ്ങളെ ആറു സര്‍ഗ്ഗങ്ങളില്‍ അതിമനോഹരമായി വര്‍ണ്ണിക്കുന്ന കൃതിയാണിത്. ഈ ഋതുക്കള്‍ മനുഷ്യമനസ്സിലുണ്ടാക്കുന്ന വിചാരങ്ങളും വികാരങ്ങളും അനുഭൂതികളുമെല്ലാം ഹൃദ്യമായിത്തന്നെ ഈ കൃതിയില്‍ അനാവരണം ചെയ്തിട്ടുണ്ട് കുമാരസംഭവം സംസ്കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നായാണ് ഈ കൃതി വിലയിരുത്തപ്പെടുന്നത്. "അസ്ത്യുത്തരസ്യാംദിശി ദേവതാത്മാ ഹിമാലയോ നാം നഗാധിരാജഃ പൂര്‍വാപരൗ തോയനിധീവഗാഫ്യ സ്ഥിതഃ പൃഥിവ്യാ ഇവ മാനദണ്ഡഃ" ഭൂമിയ്ക്കു മാനദണ്ഡമെന്നോണം കിഴക്കും പടിഞ്ഞാറുമുള്ള മഹാസമുദ്രങ്ങളില്‍ മുങ്ങി അങ്ങു വടക്കേദിക്കില്‍ ഹിമാലയമെന്നു പേര്‍കൊണ്ട ദേവതാത്മാവായ പര്‍വത രാജാവ് സ്ഥിതി ചെയ്യുന്നു. എട്ടു സര്‍ഗ്ഗങ്ങളുള്ള കുമാരസംഭവത്തിന്റെ ഒന്നാം സര്‍ഗ്ഗം ആരംഭിക്കുന്നത് ഈ ശ്ലോകത്തോടെയാണ്. പര്‍വ്വതരാജനായ ഹിമവാനെ വന്ദിച്ചുകൊണ്ടാണ് കുമാരസംഭവമാരംഭിക്കുന്നത്. ഹരന്റെ ആദ്യപത്നിയായിരുന്ന സതി തന്റെ പിതാവിന്റെ അധിക്ഷേപത്താല്‍ ആത്മാഹുതിചെയ്തപ്പോള്‍ ദക്ഷനുള്‍പ്പെടെ സര്‍വ്വരേയും ചാമ്പലാക്കിയ പരമശിവന്‍ കഠിനകോപത്താല്‍ തപമനുഷ്ടിക്കുന്നു. യാഗാഗ്നിയില്‍ച്ചാടി ആത്മാഹുതി ചെയ്ത സതീദേവി പര്‍വ്വതരാജനായ ഹിമവാന്റെ മകളായി പുനര്‍ജന്മമെടുത്തു.പാര്‍വ്വതിയും പരമശിവനും ഒന്നുചേരേണ്ടത് അത്യന്താപേക്ഷിതമാണെന്നറിയാമായിരുന്ന ദേവഗണങ്ങള്‍ എല്ലാപേരുംകൂടി ശട്ടംകെട്ടി കാമദേവനെ ശിവന്റെ തപസ്സിളക്കുവാന്‍ നിയോഗിക്കുന്നു. ശിവപുത്രന്‍മാത്രമേ തങ്ങളെ വധിക്കാവെന്ന വരം നേടി ലോകക്രമത്തിനുതന്നെ ഭീഷണിയായി നിലകൊള്ളുന്ന താരകാസുരനെ വധിക്കണമെങ്കില്‍ ശിവപാര്‍വ്വതീ പരിണയം നടക്കുകയും അതില്‍നിന്നു പുത്രന്‍ ജനിക്കുകയും വേണമായിരുന്നു. എന്നാല്‍ കാമദേവന്റെ പ്രലോഭനങ്ങളില്‍ ശിവന്‍ കുപിതനാകുകയും കാമദേവനെത്തന്നെ ഭസ്മമാക്കുകയും ചെയ്തു. പിന്നീട് ദേവന്മാരുടെയെല്ലാം അഭ്യര്‍ത്ഥനപ്രകാരം ശിവന്‍ പാര്‍വ്വതിയെ വിവാഹം കഴിക്കുകയും കാമദേവനെ പുനര്‍ജനിക്കുവാന്‍ അനുഗ്രഹിക്കുകയും ചെയ്തു. ശിവപാര്‍വ്വതിമാരുടെ ശൃംഗാരകെളികളുടെ വര്‍ണ്ണനകളോടെയാണ് കുമാരസംഭവം അവസാനിക്കുന്നത്. ഈ കൃതിയില്‍ താരകാസുരവധത്തിനായിപ്പിറക്കുന്ന സ്കന്ദന്റെ വിവരണമല്ല മറിച്ച് തീവ്രമായ തപോനിഷ്ടയിലൂടെ പര്‍വ്വതരാജനായ ഹിമവാന്റെ പുത്രി പാര്‍വ്വതി ശ്രീപരമേശ്വരനെ നേടിയെടുത്തതും അവരുടെ പ്രണയവും ജീ‍വിതചരിതവുമാണ് പറയുന്നത്. കൃതിയുടെ പേരുസൂചിപ്പിക്കുന്നത് സുബ്രഹ്മണ്യജനനത്തെയാണെങ്കിലും പറയുന്നത് ശിവപാര്‍വ്വതീചരിതമായതുകൊണ്ടുതന്നെ ഇതൊരു അപൂര്‍ണ്ണകൃതിയാണെന്ന വാദവുമുണ്ട്. മേഘസന്ദേശം "കശ്ചില്‍ കാന്താ വിരഹഗുരുണാ സ്വാധികാരാല്‍ പ്രമത്ത ശാപേനാസ്തംഗമിതമഹിമാ വര്‍ഷഭോഗ്യേണ ഭര്‍ത്തു യക്ഷശ്ചക്ര ജനകതനയാ സ്നാനപുണ്യോദകേഷു< സ്നിഗ്ദച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു" കാവ്യത്രയങ്ങളിലെ രണ്ടാമത്തേതായിരുന്നു മേഘസന്ദേശം എന്ന കൃതി. സംസ്കൃതസാഹിത്യത്തില്‍ത്തന്നെ ആദ്യമായുണ്ടായ സന്ദേശകാവ്യമാണിതെന്ന്‍ വിശേഷിപ്പിക്കപ്പെടുന്നു. കൃത്യവിലോപം കാണിച്ചതിനു യക്ഷരാജാവായ കുബേരന്‍ തന്റെ സഹചാരിയായിരുന്ന ഒരു യക്ഷനെ ഗന്ധര്‍വ്വനഗരമായ അളകാപുരിയില്‍നിന്നു വിന്ധ്യപര്‍വ്വതത്തിലേയ്ക്ക് ഒരു കൊല്ലത്തേയ്ക്കു നാടുകടത്തി. ആ യക്ഷന്‍ തന്റെ ഭാര്യയെപ്പിരിഞ്ഞതിന്റെ സങ്കടവുമായിക്കഴിയുമ്പോഴാണ് ആഷാഡമാസനാളുകളിലൊന്നില്‍ ഒഴുകിനീങ്ങിവരുന്ന മേഘക്കൂട്ടത്തെക്കണ്ടത്. ഭാര്യാവിരഹത്താല്‍ സുബോധം നഷ്ടപ്പെട്ടവനെപ്പോലെയായിത്തീര്‍ന്ന യക്ഷന്‍ അളകാപുരിയില്‍ച്ചെന്ന്‍ തന്റെ ഭാര്യയെക്കണ്ട് തന്റെ സുഖവിവരാന്വേഷണം അവളെ അറിയിക്കണമെന്ന്‍ ആ വര്‍ഷമേഘത്തോട് ആവശ്യപ്പെടുന്നു. വിന്ധ്യാപര്‍വ്വതത്തില്‍നിന്നു അളകാപുരിവരെ പോകുവാനുള്ള വഴിയും മറ്റും കൃത്യമായി യക്ഷന്‍ മേഘത്തിനു വിവരിച്ചുകൊടുക്കുന്നുണ്ട്. യക്ഷന്റെ വിവരണത്തില്‍ പോകുന്നവഴിയുടെ മനോഹാരിതയും പ്രകൃതിഭംഗിയും ഒക്കെ അലിഞ്ഞുചേര്‍ന്നിരുന്നു. ഈ ഭൂമിമലയാളത്തില്‍ വിരഹദുഃഖമനുഭവിക്കുന്ന സര്‍വ്വമനുഷ്യര്‍ഊടേയും സന്ദേശകാവ്യമായി മേഘസന്ദേശം വിലയിരുത്തപ്പെടുന്നു. രഘുവംശം "വാഗർത്ഥാവിവ സംപ്രിക്തൗ വാഗർത്ഥ പ്രതിപത്തയേ ജഗത പിതരൗ വന്ദേ പാർവ്വതീ പരമേശ്വരൗ" കാവ്യത്ങ്ളിലെ മൂന്നാമത്തേതായിരുന്നു രഘുവംശം. ദിലീപന്‍ എന്ന രാജാവുമുതല്‍ അഗ്നിവര്‍ണന്‍ എന്ന രാജാവുവരെയുള്ള 29 സൂര്യവംശരാജാക്കന്മാരുടേയും ദിലീപ പുത്രനായ രഘുവിന്റേയും കഥപറയുന്ന ഈ മഹാകാവ്യം കാളിദാസന്റെ പ്രതിഭയുടേയും കാവ്യ നൈപുണ്യത്തിന്റേയും വൈജ്ഞാനികനിപുണതയുടേയും മകുടോദാഹരണമാണ്. 19 സര്‍ഗ്ഗങ്ങളിലായി രചിക്കപ്പെട്ട ഈ മഹാകാവ്യം ലോകസംരക്ഷകരായ പാര്‍വ്വതീപരമേശ്വരന്മാരെ വന്ദിച്ചുകൊണ്ടാണ് തുടങ്ങുന്നത്. പൌരാണികരാജാക്കന്മാരുടെ വംശത്തിന്റേയും ചരിത്രത്തിന്റേയും അതി സുന്ദരമായ പുനരാഖ്യാനത്തിലൂടെ ഇനിയുള്ള രാജാക്കന്മാര്‍ എങ്ങനെയായിരിക്കണം, എങ്ങനെ ആയിരിക്കരുത് എന്ന കൃത്യമായ വിവരണമാണ് കാളിദാസന്‍ ഈ മഹാകാവ്യത്തിലൂടെ പകര്‍ത്തിവച്ചത്. അഭിജ്ഞാനശാകുന്തളം മഹാഭാരതത്തിന്റെ ആദിപര്‍വ്വത്തിലെ ഒരു ചെറിയ ഉപകഥാഭാഗമായ ദുഷ്യന്തന്റേയും ശകുന്തളയുറ്റേയും കഥയെ അതിസുന്ദരമായ ഒരു നാടകമാക്കി കാളിദാസന്‍ അവതരിപ്പിച്ചതാണ് അഭിജ്ഞാനശാകുന്തളം. കാളിദാസന്റെ സര്‍ഗ്ഗവൈഭവം ഒരുവേള ഏറ്റവും മനോഹരമായി പ്രകടമായ കൃതി ഇതായിരിക്കണം. കാളിദാസനാടകത്തിനുശേഷമാണ് സത്യത്തില്‍ ദുഷ്യന്തന്റേയും ശകുന്തളയുടേയും കഥ ഇത്രമാത്രം പ്രസിദ്ധമായത് എന്നുറപ്പിച്ചുപറയാം. ഭരതവംശരാജാവായ ദുഷ്യന്തന്‍ നായാട്ടിനിടയ്ക്ക് കണ്വാശ്രമത്തിലെത്തുകയും കണ്വന്റെ വളര്‍ത്തുപുത്രിയായ ശകുന്തളയെക്കണ്ട് അനുരാഗപരവശനായി അവളെ ഗാന്ധര്‍വ്വവിവാഹം കഴിക്കുകയും അതില്‍ ജനിച്ച കുട്ടിയേയും ശകുന്തളയേയും വിധിവൈപരീത്യം കൊണ്ട് അറിയില്ല എന്നുപറഞ്ഞ് ഒഴിവാക്കുന്നതും പിന്നീട് സമംഗളം ഒത്തുചേരുകയും ചെയ്യുന്നതാണ് ഈ കഥ. ലോകത്തിലെ പ്രമുഖമായ ഭാഷകളിലേയ്ക്കെല്ലാം വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട് ഈ കാളിദാസനാടകം. ഇംഗ്ലീഷ് ഭാഷയിലെയ്ക്ക് ആദ്യമായി വിവര്‍ത്തനം ചെയ്യപ്പെട്ട ഇന്ത്യന്‍ നാടകവും ഇതുതന്നെയാണ്. സംസ്കൃതത്തില്‍നിന്ന്‍ മലയാളഭാഷയിലേയ്ക്ക് ഈ നാടകം വിവര്‍ത്തനം ചെയ്ത കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ പില്‍ക്കാലത്ത് കേരളകാളിദാസന്‍ എന്നാണറിയപ്പെട്ടത മാളവികാഗ്നിമിത്രം കാളിദാസന്‍ രചിച്ച ആദ്യനാടകമാണ് മാളവികാഗ്നിമിത്രം. സുംഗവംശരാജാവായ പുഷ്യമിത്രന്റെ ആദ്യപുത്രനായ അഗ്നിമിത്രന്‍ തന്റെ പട്ടമഹിഷിയായ ധാരിണീദേവിയുടെ പരിചാരികയായ മാളവികയെക്കണ്ട് മോഹിതനായിത്തീരുകയും അതി‍സുന്ദരിയായ മാളവികയെ ഏതുവിധേനയെങ്കിലും സ്വന്തമാക്കണമെന്ന്‍ തീരുമാനിക്കുകയും ചെയ്യുന്നു. അതിനായി അദ്ദേഹം നടത്തുന്ന പ്രയത്നങ്ങളഅതിനെത്തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ഈ നാടകം പറയുന്നത്. പതിവ്രതയായ ധാരിണീദേവി തന്റെ ഭര്‍ത്താവിന്റെ ആഗ്രഹം സാധ്യമാക്കുന്നതിനായി ഒടുവില്‍ മാളവികയെ തന്റെ സപത്നിയായി അംഗീകരിക്കുവാന്‍ തയ്യാറാകുന്നതോടെ ശുഭപര്യവസായിയായി ഈ നാടകം അവസാനിക്കുന്നു വിക്രമോര്‍വശീയം മനുഷ്യകുലത്തിലെ പൂരുരവസ് രാജാവും ദേവസ്ത്രീയായ ഉര്‍വ്വശിയും തമ്മിലുള്ള അനുരാഗത്തിന്റെ കഥപറയുന്ന കാളിദാസനാടകമാണ് വിക്രമോര്‍വശീയം. ദേവലോകത്തിലെ അപ്സരസ്സായിരുന്ന ഉര്‍വ്വശിയെ അസുരന്മാര്‍ കടത്തിക്കൊണ്ടുപോയി. എന്നാല്‍ പൂരുരവസ് രാജാവ് അസുരന്മാരെത്തോല്‍പ്പിച്ച് ഉര്‍വ്വശിയെ രക്ഷപ്പെടുത്തുകയുണ്ടായി. തന്നെരക്ഷിച്ച പൂരുരവസിനോട് ഉര്‍വ്വശിക്കു അനുരാഗമുദിച്ചു. ഒരിക്കല്‍ ദേവസഭാതലത്തില്‍ ഒരു നാടകമഭിനയിക്കുമ്പോള്‍ സംഭാഷണത്തിനിടെ പുരുഷോത്തമന്‍ എന്നു പറയെണ്ടതിനുപകരം പൂരുരവസ് എന്നാണ് ഉര്‍വ്വശി പറഞ്ഞത്. നാടകാചാര്യനായിരുന്ന ഭരതമുനി ഇതുകെട്ട് കോപിഷ്ടനായി ഉര്‍വശി മനുഷ്യകുലത്തില്‍പ്പോയിക്കഴിയുകയെന്നുപറഞ്ഞു ശപിച്ചു. ഉര്‍വ്വശി മനസ്സിലോര്‍ത്തുകൊണ്ടിരുന്ന ആളില്‍നിന്നും ജനിക്കുന്ന പുത്രന്റെ മുഖം അയാള്‍ കാണുന്നതുവരെ ഭൂമിയില്‍ക്കഴിഞ്ഞിട്ട് സ്വര്‍ഗ്ഗത്തിലേക്കുമടങ്ങുകയെന്ന്‍ പിന്നീട് അദ്ദേഹം ശാപമോക്ഷവും നല്‍കി. ഇപ്രകാരം ഭൂമിയിലെത്തിയ ഉര്‍വ്വശി പൂരുരവസ്സുമായിക്കഴിയുന്നതാണ് ഈ നാടകത്തിന്റെ ഇതിവൃത്തം. ഋഗ്വേദങ്ങളിലും പുരാണങ്ങളിലുമൊക്കെ പ്രതിപാദിക്കുന്ന ഈ കഥ കാളിദാസന്‍ കുറേയധികം മാറ്റങ്ങള്‍ വരുത്തിയാണ് നാടകമായി അവതരിപ്പിച്ചത്.

ശ്രീ




3 comments:

  1. വിക്രമാദിത്യസദസ്സിലെ അംഗമായിരുന്നാലും
    ഭോജരാജസദസ്സിലെ അംഗമായിരുന്നാലും ശരി
    ഭാരതത്തിന്റെ ഏറ്റവും മഹാനായ ഒരു സാഹിത്യശ്രേഷ്ഠനായിരുന്നു
    ശ്രീ കാളിദാസന്‍ എന്നു നിസ്സംശയം പറയാം. അദ്ദേഹം സംസ്കൃതഭാഷയ്ക്കും
    ഭാരതീയ സാഹിത്യത്തിനും നല്‍കിയത് അത്രമാത്രം അമൂല്യമായ സംഭാവനകളാണ്.
    അദ്ദേഹത്തിൻറെ ജീവ ചരിത്രം ലഘുവായി ലളിതമനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണിവിടെ ...

    ReplyDelete
  2. i read this. very much impressive. i studied sanskrit. in my pre-degree course the malvikagnimithram also studied. more than 20 years over. the life satire. i forget the letters also. ( I mentioned here that sanskrit language not used in real life. little bit now a days also remember. sreekuttan this kalidasan life mentioned here is very informative. appreciate your efforts ( sorry i can't type malayalam. that's why)

    saravan maheswer.
    writer.

    ReplyDelete