Tuesday, December 31, 2019

മാനിക്കേണ്ട ശിരസ്സ്


പണ്ടൊരിക്കല്‍ ഒരിടത്തൊരു രാജാവുണ്ടായിരുന്നു. സദ്ഗുണസമ്പന്നനും പ്രജാക്ഷേമതല്‍പ്പരനുമായ ആ രാജാവിന്‍കീഴില്‍ ആളുകള്‍ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിഞ്ഞിരുന്നത്. ഒരു ദിവസം രാജസദസ്സുകൂടിക്കൊണ്ടിരിക്കവേ മറ്റൊരു സ്ഥലത്തുനിന്നും വന്ന പണ്ഡിതനായ ഒരു മനുഷ്യന്‍ രാജസദസ്സിലേയ്ക്കു കടന്നുവന്നു. ആ പണ്ഡിതനെക്കണ്ട രജാവ് തന്റെ ഇരിപ്പിടത്തില്‍നിന്നുമെഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെല്ലുകയും തലവണങ്ങി സ്വീകരിച്ച് ആനയിച്ചടുത്തിരുത്തുകയും വിശദമായി വിശേഷങ്ങളെല്ലാം ചോദിച്ചറിയുകയും ചെയ്തു. അയല്‍നാട്ടില്‍നിന്നു ക്ഷേത്ര ദര്‍ശനത്തിനായി വന്നതാണെന്നു ആ പണ്ഡിതന്‍ പറഞ്ഞതുകേട്ട രാജാവ് അയാള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുനല്‍കാന്‍ ഭടന്മാരെ ഏര്‍പ്പാടാക്കുകയും താമസസൌകര്യമൊരുക്കുവാന്‍ വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. പണ്ഡിതനെ യാത്രയാക്കിയശേഷം മറ്റു ഭരണകാര്യങ്ങളുടെ നടത്തിപ്പിലേക്ക് തിരിയുകയും ചെയ്തു. അന്നത്തെ സഭ പിരിയാന്‍ നേരം മന്ത്രി രാജാവിനോട് ഇപ്രകാരം ചോദിച്ചു.

"അല്ലയോ രാജന്‍. അങ്ങ് തികച്ചും അപരിചിതനായ ഒരാള്‍ വന്നപ്പോള്‍ ഇരിപ്പിടത്തില്‍നിന്നുമെഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെന്ന്‍ ശിരസ്സുവണങ്ങി അയാളെ സ്വീകരിച്ചത് ശരിയായില്ല. ഒന്നുമില്ലെങ്കിലും അയാള്‍ വെറുമൊരു പ്രജ മാത്രമല്ലേ?"

മന്ത്രിയുടെ ചോദ്യം കേട്ട രാജാവ് ഒരു പുഞ്ചിരിയോടേ നാളെ നമുക്കൊരു സ്ഥലം വരെയൊന്നുപോകണമെന്നും അപ്പോള്‍ ഇതിനു ഒരു ഉചിതമായ വിശദീകരണം താന്‍ നല്‍കാമെന്നും പറഞ്ഞ് മന്ത്രിയെ യാത്രയാക്കിയിട്ട് കൊട്ടാരത്തിലെ ശില്‍പ്പിയെ വിളിച്ചുവരുത്തി തനിക്ക് നാളെ രാവിലെ ഒരു ശില്‍പ്പം ഉണ്ടാക്കി നല്‍കണമെന്നുത്തരവിട്ടു.

പിറ്റേന്ന്‍ രാജാവും മന്ത്രിയും വ്യാപാരികളുടെ വേഷം ധരിച്ചുകൊണ്ട് യാത്രയായി. കൊട്ടാരം ശില്‍പ്പി ഉണ്ടാക്കിയ ശില്‍പ്പം സഞ്ചിയിലാക്കിക്കൊണ്ട് ഒരു ഭടന്‍ അവരെ അനുഗമിച്ചു. കുരേനേരം യാത്രചെയ്ത് അവര്‍ ഏറ്റവും വലിയൊരു വ്യാപാരകേന്ദ്രത്തിലെത്തിച്ചേര്‍ന്നു. അടിമവ്യാപാരമൊക്കെ മുറയ്ക്കുനടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ചന്തയില്‍ വില്‍പ്പനയ്ക്കായിക്കൊണ്ടുനിറത്തിനിറുത്തിയിരുന്ന അടിമകളെ പലരും തൊട്ടുനോക്കിയും വിലപേശി വാങ്ങാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അടിമയുടെ തലയ്ക്കൊന്നിന്‍ വെറും 10 സ്വര്‍ണ്ണനാണയം മാത്രമെന്ന്‍ ഒരാള്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു. മറ്റൊരിടത്ത് ആട്ടിന്‍ തലകള്‍ വില്‍ക്കുന്നതു കണ്ടു. ഒരു ആട്ടിന്‍തലയ്ക്ക് വെറും പത്തുവെള്ളിക്കാശുമാത്രം എന്ന വിളിച്ചുപറച്ചില്‍ ശ്രദ്ധിച്ച രാജാവ് ഭൃത്യനെക്കൊണ്ട് ഒരു ആട്ടിന്‍തല വാങ്ങിച്ചു സഞ്ചിയിലാക്കി. മറ്റൊരിടത്ത് കാട്ടുപോത്തിന്റെ തലകള്‍ വില്‍പ്പനയ്ക്കുവച്ചിരുന്നു. രാജാവ് അതില്‍നിന്നും ഒരെണ്ണം വാങ്ങിച്ചു. കുറേനേരം അവര്‍ ആ ചന്തയില്‍ കറങ്ങിച്ചുറ്റിനടന്നു. പിന്നീട് തിരക്കൊക്കെ അല്‍പ്പം കഴിയാറായപ്പോള്‍ രാജാവ് പറഞ്ഞതിന്‍ പ്രകാരം ഭൃത്യന്‍ സഞ്ചിയില്‍നിന്നു ആട്ടിന്‍തലയും പോത്തിന്‍തലയും പുറത്തെടുത്ത് വില്‍പ്പനയ്ക്ക് എന്നു വിളിച്ചുകൂവാന്‍ തുടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ അവ രണ്ടും‍ വിറ്റുപോയി. പിന്നീട് സഞ്ചിയില്‍ ഉണ്ടായിരുന്നത് ശില്‍പ്പി ഉണ്ടാക്കിയ ശില്‍പ്പമായിരുന്നു. സമര്‍ത്ഥനായ ശില്‍പ്പി ഒറിജിനല്‍പോലെ തോന്നിപ്പിക്കുനന്‍ ഒരു മനുഷ്യന്റെ ശിരസ്സാണ് ഉണ്ടാക്കിവച്ചിരുന്നത്. അതെടുത്ത് വില്‍പ്പനയ്ക്കായി ഭൃത്യന്‍ വച്ചപ്പൊള്‍ മന്ത്രി ഞെട്ടിത്തരിച്ചു. മനുഷ്യന്റെ തലകണ്ട ആളുകള്‍ അന്തം വിടുകയും ഭയപ്പാടോടെ അവരെ നോക്കുകയും ചിലരൊക്കെ അവരെ ഭര്‍ത്സിക്കുകയും ചെയ്യാനാരംഭിച്ചു. രാജാവ് പെട്ടന്നുതന്നെ ഭൃത്യനെക്കൊണ്ട് ആ ശില്‍പ്പമെടുത്ത് സഞ്ചിയിലാക്കിയിട്ട് മന്ത്രിയുമായി നടന്നുതുടങ്ങി.

" അല്ലയോ മന്ത്രീ. താങ്കള്‍ ശ്രദ്ധിച്ചോ ജീവനുള്ള ഒരു അടിമയുടെ തലയ്ക്ക് പത്ത് സ്വര്‍ണ്ണനാണയങ്ങള്‍, ഒരു ആടിന്റെ തലയ്ക്കും പോത്തിന്റെ തലയ്ക്കും വിലയുണ്ട്.എന്നാല്‍ മരിച്ച ഒരു മനുഷ്യന്റെ തലയ്ക്കോ. ഒരു വിലയുമില്ല എന്നുമാത്രമല്ല ആളുകള്‍ അതിനെ അറപ്പോടും ഭയത്തോടെയും നോക്കിക്കാണുന്നു. രാജാവായ ഞാന്‍ മരിച്ച് എന്റെ ശിരസ്സിനും ഇതേ അവസ്ഥതന്നെയാണ്. ശിരസ്സുകള്‍ക്ക് വിലയുണ്ടാകുന്നത് അത് ജീവനുള്ള ഒരു ദേഹത്തിരിന്നുകൊണ്ട് മറ്റൊരാളോട് വിനയത്തോടെ ഇടപെടുമ്പോഴാണ്. വിനയമില്ലാത്ത ശിരസ്സുകള്‍ ശവരീരത്തിനുതുല്യമാണ്. നാം എത്ര ഉയര്‍ന്ന ഇടത്തിലിരുന്നാലും മറ്റുള്ളവരോട് വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറുമ്പോള്‍ നമ്മുടെ മൂല്യം വര്‍ദ്ധിക്കുകയേ ഉള്ളൂ.വിനയപൂര്‍വ്വം ആരോടും പെരുമാറുവാന്‍ മടിയരുത്. "

രാജാവിന്റെ വാക്കുകള്‍ കേട്ട മന്ത്രിയ്ക്ക് കാര്യം മനസ്സിലായി.

ഇന്നത്തെ ഈ കഥ നാടോടിക്കഥകളില്‍നിന്നുമെടുത്തിട്ടുള്ളതാണ്. ശ്രീ ബിനോയ് തോമസ് തയ്യാറാക്കിയ ഈ ബുക്കില്‍നിന്നു കടം കൊണ്ട് സംഗ്രഹിച്ചെഴുതിയതാണീ കഥ

ശ്രീ

Tuesday, December 24, 2019

ബുദ്ധിമാനായ മുക്കുവന്‍

പേര്‍ഷ്യയിലെ രാജാവായി ഖുസ്രു ഭരിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. അങ്ങേയറ്റം ഭക്ഷണപ്രീയനായിരുന്നു അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് മത്സ്യത്തെയായിരുന്നു. രാജാവിന്റെ മീനിനോടുള്ള ഇഷ്ടക്കൂടുതലറിയാവുന്നതുകൊണ്ടുതന്നെ പലരും വലിയ മത്സ്യങ്ങളെപ്പിടിച്ചാല്‍ അതു രാജാവിനു സമ്മാനിക്കുക പതിവായിരുന്നു.അത്തരത്തില്‍ മത്സ്യങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് രാജാവ് ധാരാളം പണവും നല്‍കാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ പത്നിയായ ഷിരിനുമൊത്ത് കൊട്ടാരമട്ടുപ്പാവില്‍ വിശ്രമിക്കവേ താഴെയുള്ള നടപ്പാതവഴി ഒരു മുക്കുവന്‍ വലിയൊരു മത്സ്യത്തേയും ചുമന്നുകൊണ്ടുപോകുന്നതുകണ്ടു. മത്സ്യക്കൊതിയനായ രാജാവിനെ ഉടനേ ആ മത്സ്യത്തെ വാങ്ങണമെന്ന ആഗ്രഹം തോന്നുകയും മുക്കവനെ വിളിപ്പിച്ച് ആ മത്സ്യം വിലകൊടുത്തുവാങ്ങുകയും ചെയ്തു. വിലയായി മുക്കുവന് രാജാവ് നാലായിരം പണമാണ് നല്‍കിയത്.

രാജാവ് ഇത്രയധികം പണം നല്‍കി ഒരു മീനിനെ വാങ്ങിയത് ഷിരിന് അല്‍പ്പവും ഇഷ്ടമായില്ല. അവള്‍ അതിലുള്ള പരിഭവം ഭര്‍ത്താവിനെ അറിയിക്കുകയും താങ്കള്‍ ഇപ്രകാരം കാശു വാരിക്കോരിനല്‍കിയാല്‍ സകലമുക്കുവരും മീനുകളുമായി കൊട്ടാരത്തില്‍ വരുമെന്നും അതുകൊണ്ട് മുക്കുവനെ തിരിച്ചുവിളിച്ച് ആ നല്‍കിയ പണം തിരിച്ചുവാങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ താനൊരു രാജാവാണെന്നും ഒരിക്കല്‍ ദാനമായി നല്‍കിയത് തിരിച്ചുവാങ്ങുന്നതു രാജാവിനു യോജിച്ചതല്ല എന്നും ഖുസ്രു മറുപടി നല്‍കി. എന്നാല്‍ ഷിരിന്‍ പിന്തിരിയാന്‍ ഒരുക്കമല്ലായിരുന്നു. അവള്‍ ആ പണം തിരിച്ചുവാങ്ങാനായി ഒരു സൂത്രപ്പണിയുണ്ടെന്നും മുക്കുവനെ അടുത്തുവിളിച്ച് ഈ മീന്‍ ആണാണോ എന്നു ചോദിക്കണമെന്നും ആണെന്നു മുക്കുവന്‍ പറയുകയാണെങ്കില്‍ പെണ്‍ മീനിനെയായിരുന്നു എനിക്കു വേണ്ടിയിരുന്നതെന്നും ഇനി പെണ്ണാണെന്ന്‍ മുക്കുവന്‍ പറയുകയാണെങ്കില്‍ തനിക്ക് ആണ്‍മീനിനെയാണു വേണ്ടതെന്നും പറഞ്ഞ് കാശു മടക്കി വാങ്ങാമെന്നായിരുന്നു അവളുടെ സൂത്രപ്പണി. തന്റെ പ്രീയപത്നിയുടെ മുഖമൊന്നു വാടുന്നതുപോലും ഇഷ്ടമില്ലാതിരുന്ന രാജാവ് മുക്കുവനെ അടുത്തുവിളിച്ച് തനിക്കു നല്‍കിയ മീന്‍ ആണാണോ എന്നു ചോദിച്ചു. ആ മുക്കുവന്‍ ഒരു ബുദ്ധിമാനായിരുന്നു. പണം നല്‍കിയപ്പോള്‍ രാജ്ഞിയുടെ മുഖമിരുളുന്നതു ശ്രദ്ധിച്ചിരുന്ന മുക്കുവന്‍ തന്നെ തിരിച്ചുവിളിപ്പിച്ചപ്പോള്‍ത്തന്നെ എന്തെങ്കിലും സൂത്രം പറഞ്ഞ് കാശുതിരിച്ചുവാങ്ങിക്കാനായിരിക്കും എന്ന്‍ മനസ്സിലോര്‍ത്തിരുന്നു. രാജാവിന്റെ ചോദ്യം കേട്ടപ്പോല്‍ത്തന്നെ അതില്‍ ഒളിച്ചിരുന്ന അപകടസൂചന വ്യക്തമായി മനസ്സിലാക്കിയ മുക്കുവന്‍ രാജാവിനോട് ഇപ്രകാരം പറഞ്ഞു.

" ഈ മീന്‍ ഒരു അത്ഭുതശ്രേണിയിലുള്ളതാണ് മഹാരാജന്‍. ഇതു ആണും പെണ്ണും ചേര്‍ന്ന ഒരു പ്രത്യേകയിനമാണ്"

ഈ മറുപടികേട്ട രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ട് മുക്കുവന് നാലായിരം പണംകൂടി സമ്മാനമായി നല്‍കി അവനെ പറഞ്ഞയച്ചു. എന്നിട്ടു ചെറുചിരിയോടെ രാജ്ഞിയെ നോക്കി. ഷിരിനാകട്ടെ ആകെ വല്ലാത്തൊരവസ്ഥയിലിരിക്കുകയായിരുന്നു. മുക്കുവന്‍ പടവുകളിറങ്ങിപ്പോകവേ അവന്റെ സഞ്ചിയില്‍നിന്നുമൊരു നാണയം താഴെവീണ് ഉരുണ്ടുപോയി. മുക്കുവന്‍ വളരെ ശ്രദ്ധാപൂര്‍വ്വം അവിടെയൊക്കെപ്പരതി ആ നാണയം കണ്ടെടുത്ത് സഞ്ചിയിലാക്കിക്കൊണ്ട് നടക്കാന്‍ തുടങ്ങി. ഇതുകണ്ട രാജ്ഞി രാജാവിനോട് ഇപ്രകാരം പറഞ്ഞു.

"അല്ലയോ രാജന്‍ അങ്ങു നോക്കൂ. ആ മുക്കുവന്‍ എത്രമാത്രം അത്യാഗ്രഹിയായ ഒരുവനാണ്. അങ്ങ് മൊത്തം എണ്ണായിരം പണം അവനു സമ്മാനിച്ചു. എന്നിട്ടും അതില്‍നിന്നും വെറുമൊരു നാണയം താഴെപ്പോയിട്ടും അവനത് തിരഞ്ഞുകണ്ടുപിടിച്ച് എടുത്തുകൊണ്ടുപോകുന്നതുകണ്ടില്ലേ. ആ നാണയം മറ്റേതെങ്കിലും പാവപ്പെട്ടവര്‍ക്ക് കിട്ടിക്കോട്ടെ എന്നവന്‍ കരുതിയില്ലല്ലോ.ഇത്രയും അത്യാഗ്രഹിയായ ഒരുവനാണോ അങ്ങ് ഇത്രയും പണം നല്‍കിയത്?"

പത്നിയുടെ പറച്ചില്‍ ന്യായമാണെന്നു തോന്നിയ രാജാവ് മുക്കുവനെ തിരിച്ചുവിളിപ്പിച്ചു.

" ഹേ മുക്കുവാ ഞാന്‍ നിനക്ക് ആവശ്യത്തിലധികം പണം നല്‍കി. എന്നിട്ടും അതിലൊരു നാണയം താഴെപ്പോയത് പാവപ്പെട്ട മറ്റാര്‍ക്കെങ്കിലും കിട്ടിക്കോട്ടെ എന്നുകരുതാതെ അതും തിരഞ്ഞുപിടിച്ച് സഞ്ചിയിലാക്കിക്കൊണ്ടുപോകുന്നത്ര അത്യാഗ്രഹിയാണോ നീ?"

രാജാവിന്റെ ദേഷ്യം കലര്‍ന്ന ചോദ്യം കേട്ടപ്പോള്‍ത്തന്നെ ബുദ്ധിമാനായ മുക്കുവനു ആപത്സൂചനകിട്ടി. അവന്‍ ഒരു നിമിഷംപോലും വൈകാ​‍തെ ഇപ്രകാരം മറുപടി പറഞ്ഞു

"അല്ലയോ മഹാരാജാവേ. ഞാന്‍ ഒരിക്കലും അത്യാഗ്രഹിയല്ല. ആ നാണയം ഞാന്‍ തിരഞ്ഞുകണ്ടെത്തിയെടുത്തതില്‍ ഒരു കാരണമുണ്ട്. നാണയത്തിന്റെ ഒരു വശത്ത് അങ്ങയുടെ നാമവും മറുവശത്ത് അങ്ങയുടെ ചിത്രവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. അതു വഴിയില്‍ കിടക്കുന്നതിലും ആരെങ്കിലും വഴിപോക്കര്‍ അറിയാതെയാണെങ്കിലും അതില്‍ ചവിട്ടുന്നതും എനിക്കു ഓര്‍ക്കാന്‍പോലും വയ്യാ. അതുകൊണ്ടാണ് നാണയം ഞാന്‍ കണ്ടെടുത്തത്"


മുക്കുവന്റെ വാക്കുകള്‍ കേട്ട രാജാവ് അങ്ങേയറ്റം സന്തോഷവാനായി നാലായിരം പണംകൂടി മുക്കുവനു സമ്മാനിച്ചു അവനെ യാത്രയാക്കി. അങ്ങനെ രാജ്ഞിയുടെ അതിബുദ്ധികൊണ്ട് രാജാവിന് മൊത്തം എണ്ണായിരം പണം നഷ്ടമാകുകയും ചെയ്തു

കഥകളുടെ വിസ്മയമായ ആയിരത്തൊയൊന്നു രാവുകളില്‍നിന്നുമുള്ളതാണ് ഈക്കഥ

ശ്രീ

Sunday, December 15, 2019

ആന്‍ഡസ് വിമാനദുരന്തം


ഉറുഗ്വായിലെ ഒരു റഗ്ബി ടീമായിരുന്ന ഓള്‍ഡ് ബോയ്സ് ക്ലബ്ബും ചിലിയിലെ സാന്റിയാഗോയിലുള്ള മറ്റൊരു റഗ്ബി ക്ലബ്ബുമായി ഡിസംബര്‍ മാസം 12 ആം തീയതി ഒരു റഗ്ബി മത്സരം ഷെഡ്യൂല്‍ ചെയ്തിരുന്നു. ക്ലബ് പ്രസിഡന്റായിരുന്ന ഡാനിയല്‍ യുവാന്‍ ഉറുഗ്വായ് വ്യോമസേനയുടെ ഫ്ലൈറ്റ് നമ്പര്‍ 571 ബുക്ക് ചെയ്യുകയും റഗ്ബി ടീമും 5 ക്രൂ മെമ്പേര്‍സും ഉള്‍പ്പെടെ മൊത്തം 45 യാത്രക്കാരുമായി 1972 ഒക്ടോബര്‍ 12 നു ആ ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഉറുഗ്വായ് തലസ്ഥാനമായ മോണ്ടെവീഡിയോയിലെ കരാസ്കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നു ചിലിയിലെ സാന്റിയാഗോയിലേയ്ക്ക് പറന്നുയര്‍ന്നു.  അങ്ങേയറ്റം പരിചയസമ്പന്നനായ പൈലറ്റായിരുന്ന ജൂലിയോ ഫെരദാസും കോ പൈലറ്റായിരുന്ന ഡാന്റേ ഹെക്ടറുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ആന്‍ഡസ് പര്‍വ്വതം മുറിച്ചുകടന്നാണ് യാത്ര തുടരേണ്ടിയിരുന്നത്. എന്നാല്‍  അങ്ങേയറ്റം മോശമായ കാലാവസ്ഥമൂലവും ആന്‍ഡസിലെ അതിശക്തമായ ഹിമപാതവുംമൂലം വിമാനം അര്‍ജന്റീനയിലെ മെണ്‍ഡോസയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യിക്കേണ്ടിവന്നു. അന്നത്തെ രാത്രി അവര്‍ക്ക് അവിടെത്തന്നെ തുടരേണ്ടിയുംവന്നു. പിറ്റേ ദിവസം അതായത് ഒക്ടോബര്‍ 13 നു പകല്‍ വീണ്ടും അവര്‍ യാത്ര പുനരാരംഭിച്ചു.

അന്നേദിവസവും കാലാവസ്ഥ അതീവദുഷ്ക്കരമായിത്തന്നെയായിരുന്നു. മെയിന്‍ പൈലറ്റായിരുന്ന ഫെരാദാസ് മുമ്പ് 29 പ്രാവശ്യത്തോളം ആന്‍ഡസ് മുറിച്ചുകടന്ന്‍ വിമാനം പറത്തിയിട്ടുള്ള ആളായിരുന്നു. എന്നാല്‍ അന്നേദിവസം വിമാനം മെയിനായി നിയന്ത്രിച്ചിരുന്നത് സഹപൈലറ്റായ ഡാന്റേ ഹെക്ടറായിരുന്നു. അതിശക്തമായ ഹിമപാതമാണ് അന്നേദിവസം ആന്‍ഡസിലുണ്ടായിരുന്നത്. കനത്ത മഞ്ഞുവീഴ്ചയും പുകപടലവുംകൊണ്ട് കാഴ്ച അങ്ങേയറ്റം ദുഷക്കരമായ ഒരു സാഹചര്യത്തില്‍ പര്‍വ്വതങ്ങളുടെ കാഴ്ച ശരിക്കും കിട്ടുന്നുണ്ടായിരുന്നില്ല. വിമാനം ടേക്ക് ഓഫ് ചെയ്തു ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തങ്ങളിപ്പോള്‍ പര്‍വ്വതപാത കടന്നുവെന്നും വളരെത്താമസിയാതെ തന്നെ സാന്‍ഡിയാഗോയ്ക്ക് 110 മൈല്‍ വടക്കുള്ള ക്യൂറിക്കിലെത്തുമെന്നും തങ്ങള്‍ വടക്കോട്ട് തിരിയ്ക്കുകയാണെന്നും പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്ട്രോല്‍ വിഭാഗത്തെ അറിയിക്കുകയുണ്ടായി. എന്നാല്‍ കനത്ത മഞ്ഞിന്റെ ആവരണത്തില്‍പ്പെട്ടുകിടന്നിരുന്നതുകൊണ്ടുതന്നെ പൈലറ്റ് വിമാനത്തിന്റെ സ്ഥാനം കണക്കായിരുന്നത് തെറ്റായിട്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അപ്പോഴും വിമാനം ആന്‍ഡസ് പര്‍വ്വതം മുറിച്ചുകടന്നിട്ടില്ലായിരുന്നു. വിമാനം കുറച്ചു താഴ്ത്തുവാന്‍ പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്ട്രോല്‍ വിഭാഗത്തിനോട് റിക്വസ്റ്റ് ചെയ്യുകയും അവര്‍ അതിനനുവദിക്കുകയും ചെയ്തു. താന്‍ ആന്‍ഡസ് മുറിച്ചുകടന്നുകഴിഞ്ഞു എന്നു വിശ്വസിച്ച പൈലറ്റ് വിമാനം താഴ്ത്താന്‍ ശ്രമിച്ചു. പതിനെട്ടായിരം അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം പതിയെ താഴ്ത്താന്‍ ശ്രമിച്ചതും ആ ദുരന്തം സംഭവിച്ചുകഴിഞ്ഞിരുന്നു. മഞ്ഞിന്റെ കനത്ത ആവരണംമൂലം ഡാന്റേയ്ക്ക് തന്റെ മുന്നിലുള്ള പര്‍വ്വതത്തിന്റെ കാഴ്ച കാണാനായില്ല.അനിവാര്യമായ ദുരന്തമെന്നതുപോലെ വിമാനം പര്‍വതത്തിലിടിച്ചു തകര്‍ന്നു. സമയമപ്പോള്‍ ഉച്ചകഴിഞ്ഞ് 3.30 ആയിരുന്നു.

പര്‍വ്വതത്തിലിടിച്ച വിമാനത്തിന്റെ ഇടതുംവലതും ചിറകുകള്‍ തകര്‍ന്നു. ചിലിയന്‍ ബോര്‍ഡറിനടുത്തായി ഒരു അര്‍ജന്റീനിയന്‍ താഴ്വരപ്രദേശത്തുവച്ചായിരുന്നു അപകടമുണ്ടായത്. അപകടസമയത്തുതന്നെ ഫ്ലൈറ്റിലുണ്ടായിരുന്ന പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. അന്നുരാത്രി കോ പൈലറ്റുള്‍പ്പെടെ അഞ്ചുപേര്‍കൂടി മരണത്തിനു കീഴടങ്ങി. രക്ഷപ്പെട്ട പലര്‍ക്കും കനത്ത പരിക്കുകള്‍ ഉണ്ടായിരുന്നു. പലരുടേയും കൈകാലുകളിലെ എല്ലുകളൊക്കെ പൊട്ടിയിരുന്നു. ബാക്കിയുണ്ടായിരുന്ന 27 പേര്‍ തകര്‍ന്ന വിമാനത്തിനകത്തു തണുപ്പില്‍നിന്നു രക്ഷനേടാനായി ചുരുണ്ടുകൂടിയിരുന്നു. ലഗ്ഗേജുകളൊക്കെയെടുത്ത് അതിനകത്തുള്ള വസ്ത്രങ്ങളൊക്കെ വാരിച്ചുറ്റി എല്ലാവരും ഒത്തുചേര്‍ന്നിരുന്നു. പുറത്തെ താപനില മൈനസ് 32 ഡിഗ്രിയോളമായിരുന്നു അപ്പോള്‍. മഞ്ഞുമാത്രം നിറഞ്ഞ ആ പര്‍വ്വതമുകളില്‍ തങ്ങളെ ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ അവര്‍ കൊടുംശൈത്യത്തില്‍ കാത്തിരിപ്പാരംഭിച്ചു.

വിമാവുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ത്തന്നെ അപകടം മണത്ത ചിലിയും ഒപ്പം അര്‍ജന്റീനയും സംയുക്തമായി ആന്‍ഡസ് പര്‍വ്വതനിരകളില്‍ തിരച്ചിലാരംഭിച്ചുതുടങ്ങി. അവരുടെ ഹെലികോപ്ടറുകള്‍ ആന്‍ഡസിനുമുകളില്‍ നിരവധിയാവര്‍ത്തി തിരച്ചില്‍ നടത്തിയെങ്കിലും കനത്ത ഹിമപാതത്തില്‍ മുങ്ങിക്കിടക്കുന്ന ആന്‍ഡസില്‍ അവര്‍ക്ക്  വെളുത്തനിറത്തിലുള്ള ആ വിമാനം കണ്ടെത്താനായില്ല.  എട്ടുദിവസത്തെ തിരച്ചിലിനുശേഷം തിരച്ചില്‍ അവസാനിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ഈ സമയമെല്ലാം തങ്ങളെ രക്ഷിക്കുവാന്‍ ആരെങ്കിലും വരുമെന്ന ധാരണയില്‍ കൊടുംശൈത്യത്തില്‍ തണുത്തുവിറച്ച് ഇരുപത്തിയേഴോളം പേര്‍ കഴിയുകയാരുന്നു. അവര്‍ക്കായി ആകെ അവശേഷിച്ചിരുന്നത് ഫ്ലൈറ്റില്‍‍ ഉണ്ടായിരുന്ന കുറച്ചു ഭക്ഷണം മാത്രമാണ്. കൊടും തണുപ്പില്‍ അവരില്‍പ്പലരും മരണത്തെ മുഖാമുഖം കണ്ടുതുടങ്ങി. ഉള്ള ഭക്ഷണം തീര്‍ന്നതോടെ അവരുടെ അവസ്ഥ കൂടുതല്‍ മോശമായിത്തീര്‍ന്നു. വിശപ്പിനുമുന്നില്‍ ആകെവലഞ്ഞ അവരില്‍ച്ചിലര്‍ കൊല്ലപ്പെട്ടുകിടന്ന ആളുകളുടെ ശവശരീരം കടിച്ചുപറിച്ചുതിന്ന്‍ വിശപ്പടക്കാനാരംഭിച്ചു. ഭ്രാന്തമായ ആ ചെയ്തികളില്‍ പലരും സമനിലതെറ്റിയവരെപ്പോലെയായെങ്കിലും പിന്നീട് ഒട്ടുമിക്കപേരും വിശപ്പടക്കുവാന്‍ ശവശരീരങ്ങള്‍ ഭക്ഷിക്കാനാരംഭിച്ചു. ഏകദേശം ഒരു മാസം കഴിയാറായപ്പോഴേയ്ക്കും അസഹ്യമായ തണുപ്പും വിശപ്പും സഹിക്കാനാകാതെ എട്ടുപേര്‍കൂടി മരണത്തിനു കീഴടങ്ങി.

അപകടം നടന്നു രണ്ടുമാസമാകാറായപ്പോള് തങ്ങളുടെ പരിക്കുകള്‍ വകവയ്ക്കാതെ മൂന്നുപേര്‍ ഏതെങ്കിലും വഴിയില്‍ രക്ഷപ്പെടാനൊരു മാര്‍ഗ്ഗമന്വോഷിച്ച് യാത്ര തുടങ്ങി. ‍ എങ്ങനെയെങ്കിലും പര്‍വ്വതത്തിന്റെ താഴെഭാഗത്തെത്തി രക്ഷാപ്രവര്‍ത്തകരെ കണ്ടുമുട്ടി ബാക്കിയുള്ളവരെ രക്ഷപ്പെടുത്താമെന്നായിരുന്നു അവരുടെ ധാരണ. നന്ദോ പരാദോ, റോബെര്‍ട്ടൊ കനേസ, ട്വിന്റിന്‍ വിന്‍സ്റ്റിന്‍സിന്‍ എന്നീ മൂന്ന്‍ റഗ്ബി പ്ലയേര്‍സ്  കിട്ടാവുന്നിടത്തോളം വസ്ത്രങ്ങളൊക്കെ വാരിച്ചുറ്റി പര്‍വതതാഴ്വരയിലേയ്ക്ക് സഞ്ചാരമാരംഭിച്ചു. 11800 അടി ഉയരത്തില്‍നിന്നു യാതൊരുവിധ സുരക്ഷാമാര്‍ഗ്ഗങ്ങളുമില്ലാതെ ജീവന്‍ കൈവിട്ടുകൊണ്ടുള്ള തികച്ചും അപകടകരമായൊരു സഞ്ചാരമായിരുന്നു അത്. മൂന്നാം ദിവസം വിന്‍സ്റ്റിന്‍സിനെ അവര്‍ ക്യാമ്പിലേയ്ക്ക് മടക്കിയയച്ചു. താഴ്വാരത്തിലേയ്ക്ക് യാത്ര തുടര്‍ന്ന അവര്‍ ഒമ്പതാംദിവസം ഏകദേശം താഴ്വരയിലെത്തുകയും നദിയുടെ മറുകരയിലൂടെ കുതിരപ്പുറത്തു യാത്രചെയ്തുകൊണ്ടിരുന്ന മൂന്നു യാത്രക്കാരെ കാണുകയുമുണ്ടായി. നദിക്കരയില്‍നിന്നു അലറിവിളിച്ച അവര്‍ ഇരുവരും ആ യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും മറുകരയില്‍ക്കൂടി യാത്ര ചെയ്തിരുന്ന യാത്രികര്‍ ഇവരെ ശ്രദ്ധിക്കുകയും അപകടമെന്തോ പറ്റിയതാണെന്നുറപ്പിക്കുകയും ചെയ്തു.  തങ്ങള്‍ മടങ്ങിവരുമെന്നും കാത്തിരിക്കാനും അവര്‍ പറഞ്ഞതുകേട്ട് ഭാഷ മനസ്സിലായില്ലെങ്കിലും അവര്‍ വരുമെന്നാണുപറഞ്ഞതെന്നുറപ്പിച്ച് പരാദോയും കനെസയും ഒരു രാത്രിയും പകലും ആ സ്ഥലത്തു കഴിച്ചുകൂട്ടി. അടുത്ത ദിവസം ആ മൂന്നു യാത്രികരും മടങ്ങിയെത്തി.അവര്‍ നല്‍കിയ ബ്രഡ് ആര്‍ത്തിയോടെയാണ് ഇരുവരും കഴിച്ചത്. ആ കുതിരസവാരിക്കാരിലൊരാള്‍ നല്‍കിയ പേപ്പറും പേനയുമപയോഗിച്ച് പരാദോ നടന്ന സംഭവങ്ങള്‍ കടലാസ്സിലെഴുതി യാത്രക്കാരനെ ഏല്‍പ്പിച്ചു. സെര്‍ജിയോ കറ്റലാന്‍ എന്ന ആ ചിലിയന്‍ യാത്രികന്‍ വളരെദൂരം സഞ്ചരിച്ച് ഒരു പോലീസ് സ്റ്റേഷനിലെത്തുകയും ആ എഴുത്ത് അവര്‍ക്ക് കൈമാറുകയും കാര്യങ്ങള്‍ അവരോട് വിശദീകരിക്കുകയും ചെയ്തു.

ഈ വാര്‍ത്ത പുറത്തുവന്നതോടെ മഞ്ഞിന്മുകളില്‍ക്കുടുങ്ങിക്കിടക്കുന്ന 16 പേരെ രക്ഷപ്പെടുത്താനായി അടിയന്തിരമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങളാരംഭിച്ചു. ചിലിയന്‍ ആര്‍മ്മിയുടെ മൂന്നു ഹെലികോപ്ടറുകള്‍ ഉടന്‍ പറന്നുയര്‍ന്നു. പരാദോയായിരുന്നു അവരെ അപകടസ്ഥലത്തേയ്ക്ക് വഴികാട്ടിയത്.അങ്ങനെ ഡിസംബര്‍ 22 നു അതായത് അപകടം നടന്ന്‍ 72 ദിവസങ്ങള്‍ക്കുശേഷം ആ പതിനാറുപേരെ ജീവനോടെ രക്ഷപ്പെടുത്തി സാന്റിയാഗോയിലെ മികച്ച ആശുപത്രികളിലെത്തിച്ചു. പലര്‍ക്കും പലതരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചിരുന്നു. ശാരീരികവും മാനസികവുമായ തരത്തില്‍. അപകടത്തില്‍ കൊല്ലപ്പെട്ട എല്ലാവരേയും അവിടെത്തന്നെ ഒരു പൊതു കല്ലറയുണ്ടാക്കി അടക്കുകയാണ് ചെയ്തത്. 72 ദിവസത്തോളം എങ്ങനെയാണ് അത്രയും കൊടും ശൈത്യത്തില്‍ പതിനാറോളം പേരുടെ ജീവന്‍ നിലനിന്നതെന്ന ചോദ്യം എക്കാലത്തേയും വലിയ അത്ഭുതമായിത്തന്നെ നിലകൊള്ളും. ഈ സംഭവം ആന്‍ഡസിലെ അത്ഭുതം എന്ന പേരിലും അറിയപ്പെടുന്നു.

ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ അവിശ്വസനീയമായ അതിജീവനത്തെ ആസ്പദമാക്കി 1974 ല്‍ എലൈവ്-ദ സ്റ്റോറി ഓഫ് ദ ആന്‍ഡസ് സര്‍വൈവേര്‍സ്, 2006 ല്‍ മിറക്കില്‍ ഇന്‍ ദ ആന്‍ഡസ് എന്നീ പുസ്തകങ്ങളും ഈ സംഭവത്തെ ആധാരമാക്കി 1994 ല്‍ ഫ്രാങ്ക് മാര്‍ഷല്‍ സംവിധാനം ചെയ്ത് എലൈവ് എന്ന ഒരു ഹോളിവുഡ് മൂവിയും പുറത്തിറങ്ങിയിട്ടുണ്ട്.

വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ചതാണ്.

ശ്രീ

Wednesday, December 11, 2019

ശിക്ഷ

പൈപ്പില്‍നിന്നു വെള്ളമെടുത്ത് മുഖമൊന്നുകഴുകിയിട്ട് ഒരു ബീഡിയും കത്തിച്ചുവലിച്ചുകൊണ്ട് രാഘവന്‍ നേരേ ഷാപ്പിലേക്കുനടന്നു. പണിയെടുത്ത് നടുവിനൊക്കെയൊരു പിടുത്തംപോലെ. അരക്കുപ്പിക്കള്ളും ഒരു പ്ലേറ്റ് കപ്പയും അകത്തുചെന്നപ്പോള്‍ ആശ്വാസമാര്‍ന്നതുപോലെ ശക്തമായൊരു ഏമ്പക്കം വിട്ടിട്ട് കാശും കൊടുത്തശേഷം അയാള്‍‍ വീട്ടിലേക്ക് നടന്നു. ഉച്ചയാകാറായതേയുള്ളൂ. ചെന്നിട്ട് നല്ലതുപോലെ ഒരുറക്കം. നാലുമണിയാകാറാകുമ്പോള്‍ എഴുന്നേറ്റു കുളിച്ചു വല്ലതും കഴിച്ചെന്നു വരുത്തീട്ട് പുറത്തേയ്ക്കിറങ്ങും. കൂട്ടുകാരോടൊക്കെ ഇച്ചിരി ബഡായിവര്‍ത്തമാനമൊക്കെപ്പറഞ്ഞിരുന്ന്‍ സന്ധ്യയാകാറാകുമ്പോള്‍ ഷാപ്പില്‍ പോയി ഒരു അരകൂടി കഴിക്കും. ഇച്ചിരി അടിച്ചാലും നേരത്തേ വീട്ടില്വരുകയും വീട്ടില്‍ യാതൊരുവിധ ശല്യവുമുണ്ടാക്കാത്തതുകൊണ്ടും വീട്ടുചിലവിനുള്ള പണമൊക്കെ കൃത്യമായി പെണ്ണുമ്പിള്ളയെ ഏല്‍പ്പിക്കാന്‍ മറക്കാത്തതുകൊണ്ടും രാഘവന്റെ ഭാര്യയ്ക്ക് വലിയ പരാതിയൊന്നുമില്ല. അതുകൊണ്ടുതന്നെ രാഘവന്റേത് ഒരു സന്തുഷ്ടകുടുംബമാണ്.

വയലുമുറിച്ചുകടന്നു വീട്ടിലേക്ക് തിരിയുന്നിടത്തെത്തിയപ്പോള്‍ അവന്റെ കാലിലെ ചെരിപ്പിന്റെ വാറിളകി. ചെറിയ ആട്ടമുണ്ടായിരുന്ന സ്വന്തംബോഡിയോട് സ്റ്റഡിയ്ക്ക് നില്ക്കാന്‍ ആജ്ഞാപിച്ചിട്ട് രാഘവന്‍‍ കുനിഞ്ഞ് ചെരിപ്പിന്റെ വാര്‍ പഴയതുപോലാക്കാന്ശ്രമിച്ചു. ഇളകിയ വാര്‍ നേരെയാക്കി ചെരിപ്പ് കാലേല്‍കേറ്റിയിട്ട് മുന്നോട്ട് നടക്കുമ്പോള്‍ അവിചാരിതമായി അയാളുടെ നോട്ടം താഴെയുള്ള വാഴപ്പണയുടെ നേര്‍ക്കൊന്നുനീണ്ടു. ആരോ ഒരാള്‍ കുനിഞ്ഞിരുന്ന്‍ എന്തോ ചെയ്യുന്നതുപോലെ. സ്റ്റഡിയ്ക്ക് നിന്നുകൊണ്ട് രാഘവന്‍ ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി. താഴെയുണ്ടായിരുന്ന ആള്‍ മുഖമൊന്നുചരിച്ചപ്പോള്‍ രാഘവന് ആളിനെപ്പിടികിട്ടി.മനയ്ക്കലെ കുമാരനാണ്? ഇവനീ നട്ടുച്ചസമയത്ത് വാഴപ്പണയില്‍ എന്തോചെയ്യുവാണെന്നു പിറുപിറുത്തുകൊണ്ട് മുന്നോട്ട് നടക്കുവാന്‍ തുടങ്ങിയ രാഘവന്‍‍ എന്തോ ഓര്‍ത്തെന്നപോലെ പെട്ടന്നുനിന്നു. ഇക്കുറി അവിടേയ്ക്ക് സൂക്ഷിച്ചുനോക്കിയ രാഘവന്‍ ശരിക്കുംഞെട്ടി. അവിടെ തറയില്‍ ഒരു പെണ്‍കുട്ടികിടക്കുന്നുണ്ട്. ആ കൊച്ചിന്റെ പാവാട വലിച്ചുകീറുവാന്‍ ശ്രമിക്കുകയാണ് കുമാരന്‍‍. കുടിച്ച കള്ളുമുഴുവന്‍ ഒരുനിമിഷംകൊണ്ട് ആവിയായിപ്പോയതുപോലെ തോന്നിയ രാഘവന്‍‍ ഒരു ദീര്‍ഘശ്വാസമെടുത്തശേഷം ഉച്ചത്തില്‍ അലറിവിളിച്ചു.

"അയ്യോ ഓടിവരണേ നാട്ടാരേ ദേപട്ടാപ്പകള്‍ ഒരു പെങ്കൊച്ചിനെ ബലാത്സംഗം ചെയ്തു കൊല്ലുന്നേ"

അലര്‍ച്ചകേട്ട കുമാരന്‍ തലയുയര്‍ത്തി മുകളിലേയ്ക്കുനോക്കി. വഴിയില്‍നിന്നുകൊണ്ട് വലിയവായില്‍ അലറിവിളിക്കുന്ന രാഘവനെക്കണ്ട് അയാള്‍ അന്തംവിട്ടു.

രാഘവന്റെ നിലവിളികേട്ട് കുറച്ചപ്പുറത്തായിരുന്നു‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന നാലഞ്ചുപേരും വയല്‍വരമ്പേ പോവുകയായിരുന്ന പ്രസന്നനും മറ്റുമൊക്കെ ഓടിവന്നു.

"എന്താ എന്താ പ്രശ്നം?"

"ദേ അതു കണ്ടോ".

താഴെയ്ക്കു കൈചൂണ്ടിക്കൊണ്ട് രാഘവന്‍ പറഞ്ഞതുകേട്ട് നോക്കിയപ്പോള്‍ അവരും ഞെട്ടി. വാഴച്ചുവട്ടിലായിക്കിടക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി. ആകെ പരിഭ്രമിച്ചുനില്‍ക്കുന്ന കുമാരന്‍. മൂന്നാലുപേര്‍ പെട്ടന്ന്‍  താഴേയ്ക്കിറങ്ങിച്ചെന്നു. പാവാട വലിച്ചുകീറപ്പെട്ട നിലയില്‍ ബോധമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെക്കണ്ടതും കുമാരന്‍ വായതുറക്കുന്നതിനുമുന്നേ മുഖമടച്ചുള്ള അടി വീണുകഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ ആളുകളെക്കൊണ്ടുനിറഞ്ഞു. ബോധരഹിതയായിരുന്ന പെണ്‍കുട്ടിയുമായി ഒന്നുരണ്ടുപേര്‍ ആശുപത്രിയിലേയ്ക്കു കുതിച്ചു. മറ്റുള്ളവര്‍ എല്ലാം കുമാരനു നേരെതിരിഞ്ഞു. അടികൊണ്ടവശനായ കുമാരന്‍‍ ഒരു വാക്കും ശബ്ദിക്കാനാവാതെ നിലത്തു കുഴഞ്ഞുവീണു.

"വേണ്ട നായീന്റെമോനെ ഇനി തല്ലണ്ട.ചത്തുപോവും.എന്തായാലും പോലീസു വരട്ടെ".

ആരോ പറഞ്ഞു.

"എന്നാലും ഇവനാളു കൊള്ളാമല്ലോ. കല്യാണോം തേങ്ങയും കഴിക്കാതെ നടന്നിട്ടിതാണിവന്റെ കൈയിലിരുപ്പ്"

"ആ കുടുംബത്തിലിതുപോലെ ഒന്നുണ്ടായല്ലോ.ഇനി അവരെങ്ങനെ പുറത്തിറങ്ങി നടക്കും."

"ആ കുട്ടപ്പനിപ്പോ എത്തും. വന്നാപ്പിന്നെ ഈ നായിന്റെമോന്റെ ശവമെടുത്താമതി. അവനത്രക്കു ഓമനിച്ചുവളര്‍ത്തുന്ന മോളെയല്ലെ ഈ.."


ആള്‍ക്കാര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അടികൊണ്ട് തളര്‍ന്ന്‍ ശബ്ദംനഷ്ടപ്പെട്ട് തറയില്‍ ചുരുണ്ടുകൂടികിടക്കുന്നുണ്ടായിരുന്നു കുമാരന്‍ഇതെല്ലാം അവ്യക്തമായെന്നവണ്ണം കേള്‍ക്കുന്നുണ്ടായിരുന്നു‍.

അരമണിക്കൂറിനുള്ളില്‍ പോലീസെത്തി. ജീപ്പില്‍നിന്നുമിറങ്ങിയ എസ്.ഐ ഒന്നു രംഗനിരീക്ഷണം നടത്തിയശേഷം പോലീസുകമ്രുടെ നേരേനോക്കി. അവര്‍ ഒച്ചവച്ചുകൊണ്ട് കൂടിനിന്നവരെ വിരട്ടിമാറ്റുവാന്‍ ശ്രമിച്ചപ്പോള്‍ ഭയന്ന ആളുകള്‍ ദൂരേയ്ക്ക് മാറിനിന്നു. ആള്‍ക്കൂട്ടത്തില്‍നിന്നു ഒന്നുരണ്ടുപേരെ വിളിച്ച് എസ് ഐ എന്തെല്ലാമോ ചോദിച്ചു. ഒരു പോലീസുകാരന്‍ മുന്നോട്ടുചെന്ന്‍ കുമാരന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചുയര്‍ത്തി. കഷ്ടപ്പെട്ടെഴുന്നേറ്റ് അവന്‍ ഒരു തെങ്ങില്‍ ചാരിനിന്നു.അയാളുടെ മുഖമാകെ തിണര്‍ത്ത് നീരുവന്നു തുടങ്ങിയിരുന്നു. ചെന്നിയിലൂടെ ചെറുതായി ചോര കിനിഞ്ഞിറങ്ങുകയും ചെയ്യുന്നുണ്ട്.


"ആരാടാ ഇവനെ ഇങ്ങിനെ തല്ലിച്ചതയ്ക്കാന്‍ നിന്നോടൊക്കെപ്പറഞ്ഞത്.പിന്നെ ഞങ്ങളെന്തൂ..നാടാ ഒള്ളത്"

നാവില്‍വന്ന തെറി വിഴുങ്ങിക്കൊണ്ട് എസ് ഐ ഉച്ചത്തില്‍ അലറി.ആള്‍ക്കാര്‍ ഭയപ്പാടോടെ പിന്നോക്കം വലിഞ്ഞു. കുമാരനുനേരെ തിരിഞ്ഞ എസ് ഐ കൈയിലിരുന്ന ലാത്തികൊണ്ട് അവന്റെ മുഖം മെല്ലെയുയര്‍ത്താന്‍ ശ്രമിച്ചു. നിറഞ്ഞുതൂവിയ കണ്ണുകളുമായി അവന്‍ ദയനീയമായി ബദ്ധപ്പെട്ട് എസ് ഐ യെ നോക്കി.

"കൊച്ചുപിള്ളാരെത്തന്നെ പീഡിപ്പിക്കണമല്ലേടാ നായീന്റെ മോനേ.."

എസ് ഐ ലാത്തിവച്ച് രാഘവ്ന്റെ വാരിയെല്ലില്‍ ശക്തിയായൊരു കുത്തുകൊടുത്തു.അലറിക്കരഞ്ഞുകൊണ്ട് കുത്തിയിരുന്ന കുമാരനെ രണ്ടുപോലീസുകാര്‍ ചേര്‍ന്ന്‍ തൂക്കിയെടുത്ത് ജീപ്പിനുള്ളിലേയ്ക്കെറിഞ്ഞു. ശബ്ദം നഷ്ടപ്പെട്ട അയാള്‍ അതിനുള്ളില്‍ ശവത്തെപ്പോലെചുരുണ്ടുകൂടിക്കിടന്നു.പോലീസ് ജീപ്പ് പുകപറത്തി പാഞ്ഞകന്നപ്പോള്‍ കൂട്ടംകൂടിനിന്ന ആള്‍ക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പലവഴിയ്ക്കായി പിരിഞ്ഞു.....

പറമ്പുകിളച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടപ്പന്‍ കേട്ടവിവരം വിശ്വസിക്കാനാവാത്തവണ്ണം ഒരുനിമിഷം തന്റെ മുമ്പില്‍നില്‍ക്കുന്ന രാഘവനെ മിഴിച്ചുനോക്കി.അടുത്തനിമിഷം തൂമ്പാ വലിച്ചെറിഞ്ഞിട്ട് ഒരു നിലവിളിയോടെ അയാള്‍ മുന്നോട്ടുകുതിച്ചു.കൂടെ രാഘവനും.വഴിയില്‍വച്ച് മകളെ ആശുപത്രിയില്‍ കൊണ്ടോയിരിക്കുവാണെന്നറിഞ്ഞ് കുട്ടപ്പന്‍ ജംഗ്ഷനില്‍നിന്നൊരോട്ടോപിടിച്ച് ആശുപത്രിയിലേയ്ക്ക് കുതിച്ചു.വണ്ടിയിലിരിക്കുമ്പോള്‍ കുട്ടപ്പന്‍ ഒരു കൊച്ചുകുഞ്ഞിനെക്കണക്കെ കരയുന്നുണ്ടായിരുന്നു.രാഘവനാകട്ടെ അയാളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.ആശുപത്രിമുമ്പില്‍ ആട്ടോയില്‍നിന്നു ചാടിയിറങ്ങിയ കുട്ടപ്പന്‍ അകത്തേയ്ക്കോടുകയായിരുന്നു. ഇടനാഴിയില്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ഭാര്യയെക്കണ്ട് അയാള്‍ കുഴഞ്ഞവിടെയിരുന്നു.കുട്ടപ്പനെക്കണ്ട അവര്‍ ഉച്ചത്തില്‍ നിലവിളിക്കാനാരംഭിച്ചു.കൂടെയുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ആ‍ പരിശോധനാമുറിക്കുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിരുന്നു.തന്റെ മകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍...അയാളുടെ മനസ്സില്‍ എന്തെല്ലാമോ വികാരവിചാരങ്ങള്‍ അലയടിച്ചുകൊണ്ടിരുന്നു.

പെട്ടന്ന്‍ വാതില്‍തുറന്ന്‍ ഒരു സിസ്റ്റര്‍ പുറത്തുവന്നു.

"ഇപ്പോള്‍ കൊണ്ടുവന്ന കുട്ടിയുടെ ബന്ധുക്കളാരെങ്കിലും അകത്തേയ്ക്കു വരു. ഡോക്ടര്‍ വിളിക്കുന്നു".

വേച്ചുവേച്ചു കുട്ടപ്പന്‍ അകത്തേയ്ക്കു കടന്നു.

"ങ്..ഹാ പേടിക്കാനൊന്നുമില്ല. കുട്ടിയെ ഒരു പാമ്പ് കടിച്ചതാ. അല്ലാതെ ആരും ഒന്നും ചെയ്തിട്ടൊന്നുമില്ല.പെട്ടന്നു കൊണ്ടുവന്നതുകൊണ്ട് രക്ഷയായി. വിഷമുള്ളയിനമാണു കടിച്ചതു.എന്തായാലും രണ്ടുദിവസമിവിടെ കിടക്കട്ടെ. പെട്ടന്നുപോയി ഈ മരുന്നുകള്‍ വാങ്ങിക്കൊണ്ടുവരണം".

ഡോകടര്‍ വച്ചുനീട്ടിയ മരുന്നുകുറിപ്പു വിറയാര്‍ന്ന കൈകള്‍കൊണ്ട് വാങ്ങിയ കുട്ടപ്പന്‍ ബെഡ്ഡില്‍ തളര്‍ന്നുമയങ്ങുന്ന തന്റെ മകളെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. നിറഞ്ഞുതുളുമ്പിയ ഒരു തുള്ളി കണ്ണുനീര്‍ ‍ പിന്‍കൈകൊണ്ട് തുടച്ചശേഷമയാള്‍ മരുന്നുവാങ്ങിക്കൊണ്ടുവരാനായി മുറിക്കുപുറത്തേയ്ക്കിറങ്ങി. ആകാംഷാപൂര്‍വ്വം മുറിക്കുപുറത്തു നിന്നവരോട് അയാള്‍ കാര്യം പറഞ്ഞു.

"ഹൊ ഭഗവാന്‍ കാത്തു കൊച്ചിനെ.ഒരല്‍പ്പം താമസിച്ചുപോയിരുന്നെങ്കി എന്താകുമായിരുന്നു. ആ കുമാരന്‍ വെറുതേ തല്ലുമേടിച്ചതുതന്നെ മിച്ചം. പാമ്പുകടിച്ചതിന്റെ മുകളില്‍ മുറുക്കിക്കെട്ടാനായിട്ടായിരിക്കും അവന്‍ പാവാട വലിച്ചുകീറിയത്. പോലീസുകാരിപ്പോ അവനെ ബാക്കി വച്ചിട്ടുണ്ടാവുമോ ആവോ"

മുറിക്കുപുറത്തടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ രാഘവന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി അരയില്‍നിന്നൊരു ബീഡിയെടുത്തു കൊളുത്തി പുകയാഞ്ഞൊന്നെടുത്തു.

ഈ സമയം ദുര്‍ഗന്ധപൂരിതമായ ലോക്കപ്പുമുറിയില്‍ പോലീസുകാരുടെ ചോദ്യംചെയ്യലും ക്രൂരമര്‍ദ്ദനങ്ങളുമേറ്റ് അര്‍ദ്ധബോധാവസ്ഥയില്‍ ചുരുണ്ടുകൂടികിടക്കുകയായിരുന്നു കുമാരന്‍. പാടത്തെ ജോലിക്കിടയില്‍ ഒരല്‍പ്പം വല്ലതും കഴിക്കാമെന്നുവച്ച് വീട്ടിലേയ്ക്കു മടങ്ങവേ പണയില്‍ വീണുകിടക്കുന്ന കുട്ടിയെകണ്ടതും കാലില്‍നിന്നു ചെറുതായിപൊടിയുന്ന രക്തം കണ്ടപ്പോള്‍ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതായിരിക്കുമെന്നുറപ്പിച്ചു ഒരല്‍പ്പം തുണികീറി മുറിവിനുമുകളില്‍ കെട്ടുവാന്‍ തുടങ്ങിയതും ആരോ അലറിവിളിച്ചെന്തോ പറയുന്നതും പിന്നെ നിരവധി കൈകള്‍ തന്റെ ശരീരത്തില്‍ പതിക്കുന്നതും എല്ലാം അവ്യക്തമായ ഒരു ഓര്‍മ്മപോലെ കുമാരന്റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

Tuesday, October 29, 2019

വാസ്ക്കോഡിഗാമ കണ്ട കേരളം

വാസ്ക്കോഡ ഗാമ 


മലയാളക്കരയിലെ യൂറോപ്യന്‍ അധിനിവേശത്തിന്റെ ആദ്യത്തെ അമരക്കാരന്‍


ഇതിഹാസകാലഘട്ടംമുതല്‍തന്നെ കേരളമെന്ന ഭൂപ്രദേശമുണ്ടായിരുന്നു എന്നാണു വിലയിരുത്തപ്പെടുന്നത്. സംഘകാലകൃതികളില്‍ കേരളദേശത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ക്രിസ്തുവിനുശേഷമുള്ള ആദ്യനൂറ്റാണ്ടുകളില്‍ നടത്തപ്പെട്ട പലനാവികയാത്രാരേഖകളിലും കേരളത്തെക്കുറിച്ചും കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയെക്കുറിച്ചുമുള്ള വിവരങ്ങളുണ്ട്.  ആദ്യകാലഘട്ടങ്ങളില്‍ ആയിരക്കണക്കിനു ചെറുനാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്നിരുന്ന ഒരു ഭൂപ്രദേശമായിരുന്നു കേരളം. കേരളത്തിന്റെ സാമ്പത്തികാഭിവൃദ്ധിയുടെ പ്രധാനകാരണം സുഗന്ധവ്യഞ്ജന വ്യാപാരമായിരുന്നു. ചീനസഞ്ചാരികളും അറബികളുമൊക്കെ കേരളവുമായി മികച്ച വ്യാപാരബന്ധം നിലനിര്‍ത്തിയിരുന്നു. പട്ടും തുകലും സില്‍ക്കുമൊക്കെ ചീനരില്‍നിന്നും അറബികളില്‍നിന്നും വാങ്ങിയ കേരളീയര്‍ മറിച്ച് അവര്‍ക്കായിനല്‍കിയത് സുഗന്ധവ്യഞ്ജനങ്ങളായ കുരുമുളകും ഏലവും മറ്റുമൊക്കെയായിരുന്നു. ഈ വ്യാപാരികളിലൂടെ കേരളത്തിന്റെ സുഗന്ധവ്യഞ്ജനങ്ങള്‍ മധ്യധരണ്യാഴികടന്ന്‍ യൂറോപ്പിലെ സായിപ്പന്മാരുടെ തീന്‍മേശകളിലുമെത്തി. കുരുമുളകെന്ന സുഗന്ധവ്യഞ്ജനം അവര്‍ക്ക് അത്യന്തം പ്രീയപ്പെട്ടതാകുകയും അത് സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ളതായി മാറുകയും ചെയ്തു. കുരുമുളകിന്റെ വമ്പിച്ച ഡിമാന്റ് കേരളത്തെ സാമ്പത്തികമായി നല്ല നിലയിലെത്തിക്കുവാന്‍ പര്യാപ്തമായ ഒന്നായിരുന്നു. മധ്യവര്‍ത്തി കച്ചവടക്കാരില്‍നിന്നു വിലയ്ക്ക്വാങ്ങുന്ന സുഗന്ധവ്യഞ്ജനങ്ങളേക്കാളും കുറച്ചുകൂടി ലാഭത്തിനു നേരിട്ട് വ്യാപാരം നടത്തുവാന്‍ കഴിഞ്ഞെങ്കിലെന്ന്‍ പല യൂറോപ്യന്‍ കച്ചവടക്കാരും ആശിച്ചു. എന്നാല്‍ കേരളത്തിലേയ്ക്കെത്തിച്ചേരുക എന്നത് അത്യന്തം ദുഷ്ക്കരമായ ഒരു കാര്യമായിരുന്നു. ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ ഒരു സമുദ്രപാത കണ്ടെത്തുവാനും അതുവഴി സ്വര്‍ണ്ണം വിളയുന്ന നാടായ കേരളത്തിലെത്തിച്ചേരാനുമായി പല യൂറോപ്യന്‍ രാജ്യത്തിലെ നാവികരും മത്സരമാരംഭിച്ചു. ചീനവ്യാപാരികളുടേയും അറബിവ്യാപാരികളുടെയും കേരളത്തെപ്പറ്റിയുള്ളവിവരണങ്ങള്‍ അവരെ അത്രമാത്രം മോഹിപ്പിച്ചിരുന്നു.

കേരളത്തിലേക്ക് ഒരു പുതിയ കടല്‍മാര്‍ഗ്ഗം കണ്ടെത്തുവാനുള്ള ശ്രമം പലരുംനടത്തിയെങ്കിലും അവയൊന്നുംതന്നെ ഫലപ്രദമായില്ല. ഇന്ത്യയിലേക്ക് ചെങ്കടല്‍മാര്‍ഗത്തിലൂടെ കടല്‍ വഴിയുള്ള വ്യാപാരം മദ്ധ്യകാലംവരെ അറബികളുടെമാത്രം കുത്തകയായിരുന്നു. അതു തകര്‍ക്കുവാനും ഒപ്പം കേരളത്തിലേക്ക് ഒരു കപ്പല്‍പ്പാത എന്ന ആഗ്രഹവുംമൂലം പലരാജ്യങ്ങളും തങ്ങളുടെ നാവികരെ സാമ്പത്തികമായും മറ്റും ശരിക്കും സഹായിച്ചു. പോര്‍ച്ചുഗീസ് രാജാവായിരുന്ന ഡോം മാനുവല്‍ ഒന്നാമന്റെ നിര്‍ദ്ദേശപ്രകാരം അന്നത്തെ പോപ്പിന്റെ അനുഗ്രഹത്തോടെയും ആശീര്‍വാദത്തോടുംകൂടി പോര്‍ട്ടുഗീസ് നാവിക ഉദ്യോഗസ്ഥന്‍ ആയിരുന്ന വാസ്‌കോഡ ഗാമ 1497 ജൂലൈ എട്ടാം തിയതി ലിബഡിനിലെ ബലം തുറമുഖത്ത് നിന്ന് നാലു കപ്പലുകളുടെ ഒരു സംഘവുമായി യാത്ര ആരംഭിച്ചു. കേരളത്തിലേയ്ക്ക് ഒരു സമുദ്രപാത തുറന്നെടുക്കുക എന്നതുതന്നെയായിരുന്നു ഈ യാത്രയുടെ പ്രധാനലക്ഷ്യം.

ഗാമയും സംഘവും ആഫ്രിക്കന്‍തീരമൊഴിവാക്കി സമുദ്രത്തിലൂടെ ചുറ്റിവളഞ്ഞ് കേപ്ഓഫ്ഗുഡ്ഹോപ് മുനമ്പുവഴി യാത്രതുടര്‍ന്ന്‍ ഏകദേശം ഒരുവര്‍ഷമാകാറായപ്പോള്‍ കോഴിക്കോടുള്ള കാപ്പാട് എന്ന സ്ഥലത്തെത്തിച്ചേര്‍ന്നു. അങ്ങിനെ ആദ്യമായി സമുദ്രമാര്‍ഗ്ഗം കപ്പല്‍വഴി ഒരു യൂറോപ്യന്‍ രാജ്യത്തിന്റെ ആള്‍ കേരളത്തിലെത്തി. വലിയ കപ്പലും മറ്റുംകണ്ട് ഭയന്ന ജനക്കൂട്ടം കരയില്‍ തടിച്ചുകൂടി. സ്ഥിതിഗതികള്‍ വിലയിരുത്തിവരുവാനായി ഗാമ തന്റെ ഒന്നുരണ്ട് സേവകരെ ചെറുതോണിയില്‍ കരയിലേക്ക് വിടുകയും അവര്‍ കരയിലെത്തി സാമൂതിരിയെക്കാണാനുള്ള അനുവാദം ചോദിക്കുകയും ചെയ്തു. അന്നേദിവസം പൊന്നാനിയില്‍ ഉണ്ടായിരുന്ന സാമൂതിരി ഗാമയ്ക്കും കൂട്ടര്‍ക്കും ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കുവാന്‍ കല്‍പ്പിക്കുകയും പിറ്റേന്ന്‍ പുറപ്പെട്ട് കോഴിക്കോട് വന്നശേഷം ഗാമയ്ക്കും കൂട്ടര്‍ക്കും കപ്പല്‍ നങ്കൂരമിട്ട് മലയാളനാട്ടിലേക്ക് വരുവാനുള്ള അനുവാദം നല്‍കുകയുംചെയ്തു. കേരളമണ്ണിലേക്ക് കാലെടുത്തുവച്ച സമയംതന്നെ ഇവിടം നല്ലവളക്കൂറുള്ള മണ്ണാണെന്ന്‍‍ ഗാമ തിരിച്ചറിഞ്ഞു. സാമൂതിരിയുമായി വ്യാപാരവാണിജ്യബന്ധമുറപ്പിക്കുവാനുള്ള ഗാമയുടെ ശ്രമം ആദ്യഘട്ടത്തില്‍ അത്ര വിജയകരമായിരുന്നില്ല. അതിന്റെ പ്രധാനകാരണം ഇവിടത്തെ വ്യാപാരം നിയന്ത്രിച്ചിരുന്നത് അറബിവ്യാപാരികളും മൂറുകളുമൊക്കെയായിരുന്നു എന്നതാണ്. എന്നാല്‍ ഉത്സാഹിയായ ഗാമ സാമൂതിരിയുടെ അടുത്തുനിന്നു കോഴിക്കോട് കച്ചവടം ചെയ്യുന്നതിനായി ഒരു പാണ്ടികശാല നിര്‍മ്മിക്കുന്നതിനുള്ള അനുവാദം വാങ്ങിച്ചെടുക്കുകതന്നെ ചെയ്തു. പോര്‍ട്ടുഗീസ് ആധിപത്യത്തിന്റെ ആദ്യ ശിലാസ്ഥാപനമായിരുന്നു അത്. കുറച്ചുനാളുകള്‍ കൊണ്ട് തദ്ദേശീയരായ വ്യാപാരികളുടേയും മറ്റു അറബിവ്യാപാരികളുടേയും എതിര്‍പ്പ് നേരിട്ട ഗാമയുംകൂട്ടരും കോഴിക്കോട്നിന്നു തന്ത്രപൂര്‍വ്വം കണ്ണൂരിലേക്ക് സഞ്ചരിക്കുകയും അവിടത്തെ ഭരണാധികാരിയായ കോലത്തിരി രാജാവുമായി സഖ്യം കൂടുകയുംചെയ്തു. സാമൂതിരിയും കോലത്തിരിയും തമ്മിലുള്ള പരസ്പ്പരവൈരം ഗാമയും കൂട്ടരും തന്ത്രപൂര്‍വ്വം മുതലെടുത്തു. തിരിച്ചു പോര്‍ട്ടുഗലിലേക്ക് മടങ്ങുന്നതിനുമുന്നേ കോലത്തിരിയുമായി തന്ത്രപ്രധാനമായ ചില വ്യാപാരബന്ധക്കരാറുകളില്‍ ഒപ്പുവയ്ക്കുവാന്‍ ഗാമയ്ക്ക് കഴിഞ്ഞു.

പോര്‍ട്ടുഗലില്‍ തിരിച്ചെത്തിയ ഗാമയ്ക്ക് രാജകീയമായ വരവേല്‍പ്പാണു ലഭിച്ചത്. യാത്രയ്ക്ക് ചിലവായ തുകയുടെ മൂന്നിരട്ടിയെങ്കിലും മൂല്യമുള്ള ചരക്കുകളുമായിട്ടായിരുന്നു ഗാമ നാട്ടില്‍ മടങ്ങിയെത്തിയത്. സമുദ്രമാര്‍ഗ്ഗം കേരളത്തിലേയ്ക്ക് ഒരു പാത കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ് വേറെയും. ഗാമ വളരെ വലിയ സമ്പത്തിനുടമയായി മാറി. 1500 ല്‍ മറ്റു ചില പോര്‍ട്ടുഗീസ് സംഘം കേരളത്തിലെത്തിയെങ്കിലും മറ്റുള്ളവരില്‍നിന്നു നേരിട്ട എതിര്‍പ്പുകള്‍ അവരെ വിഷമവൃത്തത്തിലാക്കി. തുടര്‍ന്ന്‍ പ്രശ്നപരിഹാരത്തിനായി ഗാമ രണ്ടാമതും കേരളമണ്ണിലേക്ക് ഒരു പര്യടനം നടത്തി. ഇക്കുറി സാമാന്യം നല്ലൊരു സൈന്യവും ഗാമയ്ക്കൊപ്പം അകമ്പടി സേവിച്ചിരുന്നു. കേരളത്തിന്റെ രാഷ്ട്രീയ കാലവസ്ഥ ശരിയാംവണ്ണം മനസ്സിലാക്കിയിരുന്ന ഗാമയ്ക്ക് ഇവിടെ വേരുപിടിക്കാനുള്ള വഴികള്‍ കണ്ടെത്തുക എന്നുള്ളത് നിസ്സാരമായ ഒന്നായിരുന്നു. എപ്പോഴും നിറത്തിന്റേയും ജാതിയുടേയും ദുരഭിമാനത്തിന്റേയും ഒക്കെപേരില്‍ വിഘടിച്ചു പരസ്പ്പരം പോരടിച്ചുനില്‍ക്കുന്ന നാട്ടുരാജാക്കന്മാരും, നാടുവാഴികളും, ജനങ്ങളും ഒക്കെചേര്‍ന്ന്‍ തികഞ്ഞ ഒരു അസ്ഥിരതനിലനില്‍ക്കുന്നിടത്ത് അധികാരം പിടിച്ചടക്കുവാന്‍ അല്‍പ്പം സാമര്‍ത്ഥ്യവും കഴിവും മാത്രംമതിയെന്ന്‍ ഗാമയ്ക്കറിയാമായിരുന്നു. നയചതുരനായ ഗാമ ഒട്ടനവധി നാടുവാഴികളുമായി സന്ധിയിലേർപ്പെട്ട് കച്ചവടം വിപുലീകരിക്കുകയും പതിയെപ്പതിയെ പല പ്രദേശങ്ങളുടേയും നിയന്ത്രണം കൈയാളുകയും ചെയ്തു. ഒടുവില്‍ പോര്‍ട്ടുഗീസ് ആധിപത്യത്തിന്‍കീഴില്‍ പല പ്രദേശങ്ങളും വരുത്തുവാനും ഗാമയ്ക്ക് കഴിഞ്ഞു.

ഗാമ മടങ്ങിപ്പോയതിനുശേഷം പോര്‍ട്ടുഗീസ് അധീനപ്രദേശങ്ങളുടെ മേലധികാരികളായി ഒന്നുരണ്ട്പേര്‍ വന്നെങ്കിലും അവര്‍ക്കൊന്നും ഗാമയുടെയത്ര നയചാതുര്യമില്ലായിരുന്നു. സമുദ്രവ്യാപാരത്തിന്റെ കുത്തക കൈവശപ്പെടുത്തിയിരുന്നുവെങ്കിലും അവയ്ക്കും ചില ഇളക്കങ്ങള്‍ തട്ടിത്തുടങ്ങിയപ്പോള്‍ മൂന്നാമതും ഗാമ മലയാളക്കരയിലെത്തിച്ചേര്‍ന്നു. 1524 ല്‍ ആയിരുന്നു അതു. പോര്‍ട്ടുഗീസ് സൈന്യത്തിനു തലവേദന സൃഷ്ടിച്ചിരുന്ന പലരേയും ഗാമയുടെ നേതൃത്വത്തില്‍ അമര്‍ച്ചചെയ്തു. എന്നാല്‍ അവിചാരിതമായി പിടിപെട്ട മലേറിയ ഗാമയുടെ ജീവിതമവസാനിപ്പിച്ചു. ഇന്നത്തെ ഫോര്‍ട്ട്കൊച്ചിയിലെ സെന്റ് ഫ്രാന്‍സിസ് ദേവാലയത്തിലാണ് ഗാമയുടെ ഭൌതികശരീരം അടക്കംചെയ്തത്. 1539 ല്‍ ഗാമയുടെ ഭൌതികാവശിഷ്ടങ്ങളുടെ ശേഷിപ്പ് പോര്‍ട്ടുഗലിലേക്ക് കൊണ്ടുപോകുകയും ചെയ്തു. വാസ്ക്കോഡ ഗാമയുടെ സ്മരണാര്‍ത്ഥം കോഴിക്കോടുള്ള കാപ്പാട് ഇപ്പോഴും ഒരു സ്തൂപസ്മാരകം നിലനില്‍ക്കുന്നുണ്ട്. ഗോവയില്‍ ഗാമയുടെ പ്രതിമയും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. പോര്‍ട്ടുഗീസ് ഇതിഹാസമായ ലൂസിയാഡ് പ്രതിപാദിക്കുന്നത് ഗാമയുടെ സാഹസികയാത്രയും ജീവിതവുമാണ്. ഗാമയുടെ സ്മരണാര്‍ത്ഥം പോര്‍ട്ടുഗല്‍ നിരവധി സ്റ്റാമ്പുകളും കറന്‍സി നോട്ടുകളും ഇറക്കിയിട്ടുണ്ട്.

പോര്‍ട്ടുഗീസുകാര്‍ക്ക് ശേഷം ഡച്ചുകാര്‍, പിന്നെ ഫ്രഞ്ചുകാര്‍ അതുകഴിഞ്ഞ് ബ്രിട്ടീഷുകാര്‍.. 

വൈദേശികശക്തികള്‍ മത്സരിച്ചു ഒരു ജനവിഭാഗത്തെ മുഴുവന്‍ അടിച്ചമര്‍ത്തി ഭരിക്കുവാനിടയായ സാഹചര്യമെന്തായിരുന്നിരിക്കാം? ജനിച്ച സ്വന്തംനാട്ടില്‍ അടിമകളെപ്പോലെ മറ്റുള്ളവര്‍ക്കു വിധേയരാകുവാന്‍ ഇവിടത്തെ ജനവിഭാഗങ്ങള്‍ തയ്യാറായതും എന്തുകൊണ്ടായിരിക്കാം?. കേരളത്തിന്റെ അന്നത്തെ രാഷ്ട്രീയ സാമൂഹികരംഗത്തിന്റെ അധഃപതനം ഒരുപരിധിവരെ വൈദേശികശക്തികളെ അകമഴിഞ്ഞു സഹായിച്ചിട്ടുണ്ട്. പരസ്പ്പരം പോരടിക്കുവാനും സ്വന്തം നിലയുറപ്പിക്കുവാനും ശ്രമിച്ചുകൊണ്ടിരിക്കുകയും സ്ഥാനമാനങ്ങള്‍ക്കുവേണ്ടി എന്തു നെറികേടുംചെയ്യുവാന്‍ മടിയില്ലാതിരുന്നതുമായ നാടുവാഴി നാട്ടുക്കൂട്ടങ്ങളും രാജാക്കന്മാരും ഉദ്യോഗസ്ഥരും ഒക്കെക്കൂടി നഷ്ടപ്പെടുത്തിയത് നമ്മുടെ സ്വാതന്ത്ര്യമായിരുന്നു. അധികാരം കിട്ടുവാന്‍വേണ്ടി എന്തും ചെയ്യുവാന്‍ തയ്യാറായിരുന്ന കൊതിയന്മാരെ സഹായിക്കുന്നതായി നടിച്ച് സമര്‍ത്ഥരായ വൈദേശികര്‍ സഹായം നല്‍കിയതോടൊപ്പം അവരെയും അങ്ങ് വിഴുങ്ങി. ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും മുറുകെപ്പിടിച്ചു പരസ്പ്പരം പോരടിക്കുകയും പാരവയ്ക്കുകയും ചെയ്തുകൊണ്ടിരുന്നിടത്ത് സൂത്രശാലികളായ കുറുക്കന്മാര്‍ ഭംഗിയായി രക്തം കുടിച്ചു. ഇന്നും നടന്നുകൊണ്ടിരിക്കുന്നത് അതു തന്നെയാണ്. നാം മധ്യകാലഘട്ടത്തിലെ വിവരമില്ലായ്മയുടെ അച്ചുകൂടങ്ങള്‍ നിരത്തിവച്ച് പരസ്പ്പരം പോരടിക്കുന്നു. കുറുക്കന്മാരാകട്ടെ കൃത്യമായും ഊഴം കാത്തു നില്‍ക്കുകയും ചെയ്യുന്നു. വര്‍ത്തമാനകാലകേരളം ഗാമയുടെ കാലഘട്ടത്തിലെ കേരളത്തിനേക്കാളും അരക്ഷിതാവസ്ഥയുടെ കാറും കോളും പേറുന്നത് ഒരിക്കലും നല്ല ലക്ഷണമല്ല. അന്ന്‍ ഗാമയെപ്പോലുള്ള വൈദേശികകൊള്ളക്കാരായിരുന്നുവെങ്കില്‍ ഇന്നത് അതിനേക്കാളും ഭീകരമായ രൂപാന്തിരണം വന്ന സ്വദേശിചെന്നായ്ക്കളുടേതായിരിക്കുന്നു. സമാധാനത്തിലും സാഹോദര്യത്തിലും കഴിഞ്ഞ് ദൈവത്തിന്റെ സ്വന്തം നാടെന്ന പേരന്വര്‍ത്ഥമാക്കണമെങ്കില്‍ നാമോരോരുത്തരും ഐക്യപ്പെട്ട് ഒത്തൊരുമിച്ച് ഒറ്റമനസ്സായി കൈകോര്‍ത്തേപറ്റൂ..


(വിവരങ്ങളില്‍ നല്ലൊരു പങ്കും പലയിടത്തുനിന്നായി കടം കൊണ്ടതാണ്)

ശ്രീ...

Sunday, October 6, 2019

കേരളമെന്ന പറുദീസ

കേരളമെന്ന പറുദീസ

ഔദ്യോഗിക കണക്കുകളനുനുസരിച്ച് ഏകദേശം നാല്‍പ്പതുലക്ഷത്തിനുപുറത്ത് അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ പണിയെടുക്കുന്നുണ്ടെന്നാണറിവ്. കേരളംപോലെ ഇത്രയധികം ജനസാന്ദ്രത നിറഞ്ഞ ഒരു സംസ്ഥാനത്തിന് താങ്ങാനാവുന്നതിലും അധികമാണ് ഈ കുടിയേറ്റം. എന്നിട്ടും ഈ തൊഴിലാളികള്‍ ഇവിടെ താമസിക്കുന്നു, ജോലിയെടുക്കുന്നു, അവരുടെ കുട്ടികള്‍ ഇവിടെ പഠിയ്ക്കുന്നു വര്‍ഷാവര്‍ഷം ഇരുപത്തിയാറായിരം കോടി രൂപയ്ക്കുമേല്‍ സമ്പാദിച്ച് അവരവരുടെ നാടുകളിലേയ്ക്കയയ്ക്കുന്നു. അന്യസംസ്ഥാനത്തൊഴിലാളികളെ സംബന്ധിച്ച് കേരളമെന്നത് ഒരു ഗള്‍ഫാണ്. എന്തുകൊണ്ടാണ് ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളംപോലൊരു കൊച്ചുസംസ്ഥാനത്ത് ജീവിതമാര്‍ഗ്ഗം തേടിവരുന്നു? കേരളത്തിലെ നല്ലൊരുശതമാനമാളുകളും തൊഴിലില്ലായ്മയുടെ വറുതിയിലാണ്ടുകിടന്നു മുറുമുറുക്കുമ്പോഴും ഈ അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇവിടെ എങ്ങനെ ജോലിചെയ്തു സമ്പാദിക്കുന്നു, എന്തുകൊണ്ടാണ് വീണ്ടുംവീണ്ടും ആളുകള്‍ ഈ നാട്ടിലേയ്ക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്?

ഈ ഒഴുക്കിന് നിരവധി കാരണങ്ങളുണ്ട്. നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളിലെ ജീവിതസാഹചര്യങ്ങളും സാമൂഹികസാഹചര്യങ്ങളും സാമ്പത്തികജാതി സമവാക്യങ്ങളും ഒക്കെയും അതിഭീകരമാംവിധം വൈവിധ്യപ്പെട്ടിരിക്കുന്ന ഒരു സ്ഥിതിവിശേഷമാണ്. അതില്‍ത്തന്നെയും ജാതീയ ഉച്ചനീചത്വങ്ങള്‍ അങ്ങേയറ്റം ദയനീയമായ അവസ്ഥാവിശേഷത്തിലുമാണ്. താഴ്ന്നജാതിയില്‍പ്പെട്ടവരുടെയൊക്കെ ജീവിതസാഹചര്യങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. ഉയര്‍ന്ന ജാതിക്കാരുടെ മുന്നില്‍ നായ്ക്കളെപ്പോലെ കഴിഞ്ഞുതീരുന്ന ജീവിതമാണവിടങ്ങളില്‍ ദളിതരൊക്കെ അനുഭവിക്കുന്നത്. വിദ്യാഭ്യാസമില്ല, അടിസ്ഥാനസൌകര്യങ്ങളില്ല, നല്ല വസ്ത്രങ്ങളോ ചെരിപ്പുകളോ ഇല്ല അഥവാ അതു സമ്പാധിച്ചു ധരിക്കാമെന്നുവച്ചാല്‍പ്പോലും അതിനനുവാദമില്ല, പൊതുനിരത്തുകള്‍, പൊതു ഇടങ്ങള്‍, പൊതുകിണറുകള്‍, ഒന്നിലും അവകാശമില്ലാത്തവരാണവര്‍. ഉയര്‍ന്ന ജാതിക്കാര്‍ നിസ്സാരകാര്യങ്ങള്‍പറഞ്ഞ് അവരെ പട്ടിയെപ്പോലെ തല്ലിക്കൊന്നാലും ആരും ചോദിക്കാനില്ലാത്ത സ്ഥിതിയുമാണ്.ഒരിടത്തുനിന്ന്‍ മറ്റൊരിടത്തേയ്ക്ക് മാറിത്താമസിച്ചാലും സ്ഥിതിവിശേഷങ്ങള്‍ക്ക് വലിയ മാറ്റമൊന്നുമില്ല. ജീവിതത്തിന്റെ സര്‍വ്വമേഖലയിലും അവഗണനയും അവജ്ഞയും നേരിടുന്ന അത്തരം ജനവിഭാഗങ്ങളില്‍‍ ചിലര്‍ ജീവിതമെങ്ങനെയെങ്കിലും മെച്ചപ്പെടുത്തണമെന്ന ചിന്തയുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് നീങ്ങി. അക്കൂട്ടത്തില്‍ കുറച്ചധികം പേര്‍ ഭാരതത്തിന്റെ ഇങ്ങേയറ്റത്തുകിടക്കുന്ന കേരളമെന്ന കുഞ്ഞന്‍ സംസ്ഥാനത്തുമെത്തിച്ചേര്‍ന്നു.

കേരളം പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരു സംസ്ഥാനമായിരുന്നു. നിരയെ തോടുകളും പുഴകളും കിണറുകളും വയലുകളും തെങ്ങും കവുങ്ങും വാഴയും ഒക്കെനിറഞ്ഞ ഒരു ഹരിതസ്വര്‍ഗ്ഗഭൂമി. 80-90 കാലഘട്ടം വരെയൊക്കെ കാര്‍ഷികവൃത്തിയെ മെയിനായിട്ട് ആശ്രയിച്ചുകഴിഞ്ഞിരുന്ന, താരതമ്യേന സാമ്പത്തികാഭിവൃദ്ധികുറഞ്ഞ ഒരു സംസ്ഥാനമായിരുന്നു നമ്മുടേത്. നന്നായി അധ്വാനിച്ചില്ലെങ്കില്‍ പട്ടിണിതനെന്‍ ശരണം. എന്നാല്‍ ഒരു ചെറിയ വിഭാഗം ഈ അധ്വാനത്തിന്റെ മുഴുവന്‍ അപഹരിച്ചിരുന്ന ഒരു ഉപരിവര്‍ഗ്ഗവും ഇവിടെയുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലലയടിച്ച കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്വാധീനം ആ ജന്മികുടിയാന്‍ ബന്ധങ്ങളെ ഇല്ലാതാക്കുകയും അധ്വാനത്തിനനുസരിച്ചുള്ള കൂലി തൊഴിലാളികള്‍ക്ക് സാധ്യമാക്കുകയും ചെയ്തിരുന്നു. സാമ്പത്തികനില മെച്ചപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ കുറച്ചാളുകള്‍ ഗള്‍ഫ് ഉള്‍പ്പെടെയുള്ള അന്യരാജ്യങ്ങളിലേക്ക് കുടിയേറി. അവരവിടെ കട്ഃഇനമായി ജോലിചെയ്തു വിയര്‍പ്പൊഴുക്കി സമ്പാധിച്ച പണം കേരളത്തിലേയ്ക്കയക്കുവാന്‍ തുടങ്ങിയതോടെ സ്ഥിതിഗതികള്‍ക്ക് വലിയമാറ്റമുണ്ടായിത്തുടങ്ങി. ഒരുപാടാളുകള്‍ ഭാഗ്യാന്വോഷികളായി ഗള്‍ഫുനാടുകളിലേയ്ക്ക് കടക്കുകയും അവര്‍ നാട്ടിലേയ്ക്കയച്ചുതുടങ്ങിയ പണത്തിന്‍ റ്റെ ഒഴുക്കും നമ്മുടെ നാട്ടില്‍ വിപ്ലവാത്മകമായ സാമ്പത്തികമാറ്റങ്ങള്‍ക്ക് പാതയൊരുക്കി.

കാര്‍ഷികവൃത്തി മെയിന്‍ ജീവനോപാധിയായിരുന്നവരുടെ നാട്ടിലേക്കൊഴുകിവന്നുകൊണ്ടിരുന്ന ഈ അനിയന്ത്രിതമായ പണമൊഴുക്ക് ഇവിടത്തെ സാമൂഹിക സാമ്പത്തികമേഘലകളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു.ആളുകളുടെ ജീവിതരീതികളിലും സ്വഭാവരീതികളിലും വന്ന മാറ്റം വിവരണാതീതമായിരുന്നു. നാട്ടില്‍ സുഖലോലുപരുടേയും ദുരഭിമാനികളുടേയും എണ്ണം കുതിച്ചുയര്‍ന്നു. സാമ്പത്തികാഭിവൃദ്ധി ഒട്ടുമിക്കപേരുടേയും ഉള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന ദുരഭിമാനക്കുട നിവര്‍ത്തിക്കുവാന്‍ പര്യാപ്തമായിരുന്നു. പണക്കാരന്റെ പറമ്പില്‍ അന്തിവരെ പണിയെടുത്തിരുന്നവര്‍ സ്വന്തം പറമ്പില്‍ ഒരു തെങ്ങിന്‍ തൈ നടുവാനും പുറത്തുനിന്ന്‍ ജോലിക്കാരെ നിയമിച്ചുതുടങ്ങി. പറമ്പിലൊരിടത്തുനിന്ന്‍ ഒരു കുടയുംചൂടി അവിടെ കുഴിയെടുക്ക് അങ്ങിനെ ചെയ്യ് ഇങ്ങിനെ ചെയ്യൂ എന്നൊക്കെയുള്ള നിര്‍ദ്ദേശങ്ങള്‍ ജോലിക്കാര്‍ക്ക് നല്‍കുമ്പോള്‍ അവരുടെ ഉള്ളില്‍ മുമ്പു തങ്ങള്‍ അനുഭവിച്ചിരുന്നൊരു കഷ്ടപ്പാടിനോടുള്ള മധുരപ്രതികാരം തീര്‍ക്കുന്ന ഭാവമായിരുന്നവരെ ഭരിച്ചിരുന്നത്. ഈ ഒരു കാലഘട്ടത്തിലാണ് നമ്മുടെ നാട്ടിലേയ്ക്ക് പരിധിയില്ലാതെയുള്ള അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്കാരംഭിക്കുന്നത്.

കേരളത്തിലെത്തിയ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഇവിടമൊരു അത്ഭുതകരമായ ഇടമായിരുന്നു. ഏതു സ്ഥലത്തും പോകുന്നതിനോ, എന്തു വസ്ത്രവും ധരിക്കുന്നതിനോ, ഒരുവിലക്കുമില്ല. താഴ്ന്നജാതിക്കാരനെന്നുപറഞ്ഞുള്ള പുലഭ്യംവിളികളോ ഉപദ്രവങ്ങളോ ഇല്ല, ചെയ്യുന്ന ജോലിയ്ക്ക് സ്വന്തം നാട്ടില്‍ക്കിട്ടുന്നതിന്റെ ഇരട്ടിയില്‍ക്കൂടുതല്‍ കൂലി. ജോലിസമയം കുറവ്, ആരാധനാവിലക്കില്ല. വാഹനങ്ങളായാലും പൊതുസംവിധാനങ്ങളായാലും എല്ലാം എല്ലാവര്‍ക്കും ഒരേപോലെ ഉപയോഗിക്കാം. ഈ ഒരു സാഹചര്യം അവരുടെ നാടുകളില്‍ സങ്കല്‍പ്പിക്കാന്‍പോലും പ്രയാസമായിരുന്നു. ഇവിറ്റേയ്ക്കുവന്ന ആളുകളില്‍നിന്നും ഈ നാടിന്റെ സവിശേഷതകളറിഞ്ഞ പരശതങ്ങള്‍ പിന്നീട് ഈ നാട്ടിലേയ്ക്കൊഴുകുകയായിരുന്നു. കൂലിപ്പണിയെടുക്കുവാനും മറ്റും കുറച്ചിലായിക്കരുതുന്ന ഒരു സുഖലോലുപസമൂഹത്തില്‍ അത്തരം ജോലികള്‍ക്കായി ഒരുപാട് ഒഴിവുകളുണ്ടായിരുന്നു. ഒരുകാലത്തു അധ്വാനം കൈമുതലാക്കിയിരുന്ന ഒരു സമൂഹം അധ്വാനത്തിന്റെ വില മറന്നുതുടങ്ങിയപ്പോള്‍ അധ്വാനിക്കുവാന്‍ തയ്യാറായികാത്തുനില്‍ക്കുന്ന മറ്റൊരു കൂട്ടര്‍ക്ക് ഇവിടെ വെള്ളവും വളവും ഊര്‍ജ്ജവും ഒരുങ്ങുകയായിരുന്നു. കേരളത്തില്‍നിന്നു പലരും അന്യനാടുകളിലും അന്യരാജ്യങ്ങളിലും പോയി എല്ലുമുറിയെപ്പണിയെടുത്ത് അയയ്ക്കുന്ന കാശ് നമ്മുടെ നാട്ടില്‍ അതേപോലെ ജോലിചെയ്ത് അന്യസംസ്ഥാനത്തൊഴിലാളികള്‍ കൊണ്ടുപോകാനാരംഭിച്ചു.

ഇന്ന്‍ നമ്മുടെ ചെറുഗ്രാമങ്ങളിലെ ചായക്കടകളില്‍പ്പോലും പാത്രം കഴുകാനും എടുത്തുകൊടുക്കുവാനും എന്തിനു കാഷ് കൌണ്ടറില്‍പ്പോലും സ്ഥാനം പിടിച്ചിരിക്കുന്നത് ബംഗാളിയും ബീഹാറിയും രാജസ്ഥാനിയുമൊക്കെയാണ്. എന്തുകൂലിപ്പണിയെടുക്കുവാനും നമുക്കിന്നിവരില്ലാതെ പറ്റില്ല. അത് പാടത്തു കൊയ്തുനടത്താനായാലും ശരി പറമ്പുകിളയ്ക്കാനായാലും ശരി. ഏകദേശം നാലുകോടിയോളം ജനസംഖ്യയുള്ള കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ സാമ്പത്തികാഭിവൃദ്ധിയില്‍ ആറാടുന്നതുകൊണ്ടൊന്നുമല്ല ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇവിടം കൈയടക്കിയത്. നാം അധ്വാനത്തിന്റെ വില മറന്നതുകൊണ്ടും ദുരഭിമാനം നമ്മെ ഭരിക്കുന്നതുകൊണ്ടും വന്നുകൂടിയ ദുരവസ്ഥകൂടിയാണിത്. ഇത്രയധികം അന്യസംസ്ഥാനത്തൊഴിലാളികള്‍ ഇവിടെ നിലയുറപ്പിച്ചതുകൊണ്ട് അവരുണ്ടാക്കുന്ന പ്രശ്നങ്ങളും ക്രമാതീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കൂട്ടരുണ്ടാക്കുന്ന അരക്ഷിതത്വവും കുറ്റകൃത്യങ്ങളും മറ്റു പ്രവര്‍ത്തികളും നമ്മുടെ സാമൂഹികനിലയെ തുലോം സാരമായിബാധിക്കുന്നുമുണ്ട്. പല കുറ്റകൃത്യങ്ങളുടെയും കേന്ദ്രബിന്ദുക്കളായി ഇക്കൂട്ടരില്‍പ്പലരും മാറിക്കഴിഞ്ഞു.എന്നാല്‍ ഇവരെയൊഴിവാക്കി നമ്മുടെ സംസ്ഥാനത്തിനു നില്‍ക്കക്കള്ളിയില്ല എന്നതാണ് സത്യം.

ചെയ്യുന്ന ജോലിയുടെ മിനുപ്പനുസരിച്ച് സാമൂഹികനിലയിലെ പളപളപ്പ് കൂടുമെന്നുള്ള ഒരു മിഥ്യാധാരണവച്ചുപുലര്‍ത്തുന്ന ഒരു സമൂഹമായി നാം മാറിപ്പോയിരിക്കുന്നു. അതുകൊണ്ടാണ് നമ്മുടെ നാട്ടില്‍ താരതമ്യേന കൂലിപ്പണിയും മറ്റുചെറുജോലികളും ഒന്നും ചെയ്യുവാന്‍ നമ്മുടെ ചെറുപ്പക്കാര്‍ തയ്യാറാവാത്തത്. സ്വന്തം നാടുവിട്ടാലോ എന്തു പണിയും ചെയ്യുവാന്‍ ഒരുമടിയുമില്ലതാനും. ഏതു ജോലി ചെയ്താലും വളരെ നല്ല കൂലി നമ്മുടെ നാട്ടിലുണ്ട്. എന്നിട്ടും നമ്മുടെ നാട്ടിലെ ഒട്ടുമിക്ക ജോലി ചെയ്യാനും നമുക്കിന്ന്‍ ബംഗാളികളും ബീഹാറികളും മറ്റു അന്യസംസ്ഥാനത്തൊഴിലാളികളും വേണം. അവര്‍ രാവിലെ തൂമ്പായും കൈക്കോട്ടുമായി ജോലിക്കുള്ള വകതേടിപ്പോകുമ്പോള്‍ നമ്മള്‍ റോഡരുകിലെ കലുങ്കിലോ ബസ്റ്റോപ്പുകളിലോ അല്ലെങ്കില്‍ കടത്തിണ്ണകളിലോ ഇരുന്ന്‍  വ്യവസ്ഥിതിയേയും സാമ്പത്തികാസമത്വങ്ങളേയും അമേരിക്കയുടെ മുതലാളിത്തബൂര്‍ഷ്വാസ്വഭാവത്തേയും കൊറിയയുടെ ആണവഭീഷണിയേയുമൊക്കെക്കുറിച്ച് ആകുലരായി വിപ്ലവം കൊപ്ലിച്ചുകൊണ്ടിരിക്കുകയോ കൈയിലുള്ള മൊബൈലില്‍ത്തോണ്ടി ഗെയിം കളിച്ചുകൊണ്ടിരിക്കുകയോ ആയിരിക്കും.

കേരളം സത്യത്തില്‍ ആരുടെ പറുദീസയാണ്. ??

ശ്രീ


Tuesday, September 24, 2019

സ്മാര്‍ത്ത വിചാരം


ബ്രാഹ്മണ്യവും പൌരോഹിത്യവും അതിന്റെ ഏറ്റവും കടുത്ത തീഷ്ണത പുലര്‍ത്തിയിരുന്ന കാലത്ത് ആ തീഷ്ണതയുടെ അടിവേരറുക്കുന്നതരത്തില്‍ അവതരിച്ച് അങ്ങാകാശത്തോളം പ്രസിദ്ധമായ ഒരു നാമമാണ് കുറിയേടത്ത് താത്രിയെന്ന പേര്. സ്വയം നിഷേധിച്ചുകൊണ്ട് സ്വസമുദായത്തില്‍ അന്നേവരെ നിലനിന്നിരുന്ന പുരുഷാധിപത്യ മേല്‍ക്കോയ്മകളിലെ നീതികേടുകള്‍ക്കെതിരേ കലാപം നയിച്ച ഒരു യഥാര്‍ത്ഥ വിപ്ലവകാരി കൂടിയായിരുന്നു താത്രി എന്ന സാവിത്രി അന്തര്‍ജ്ജനം. സ്വശരീരത്തെത്തെന്ന ആയുധമാക്കിക്കൊണ്ടാണ് താത്രി ആ വിപ്ലവത്തിനിറങ്ങിപ്പുറപ്പെട്ടത്. ആ പെണ്ണുടലിനും പിന്നെ അവളുടെ കുശാഗ്രബുദ്ധിക്കും മുന്നില്‍ തകര്‍ന്നുവീണത് അറുപത്തിനാലോളം പുംഗവന്മാരായിരുന്നു. നൂറുകണക്കിനു പെണ്ണുടലുകളില്‍ യഥേഷ്ടം അഭിരമിക്കുവാന്‍ സ്വാതന്ത്ര്യമുള്ളവര്‍ തങ്ങളുടെ സ്ത്രീകളുടെ ദൃഷ്ടി അന്യപുരുഷന്റെ നേരേ വീണാല്‍പ്പോലും അവരെ പടിയടച്ചു പിണ്ഠം വയ്ക്കുവാനും നാടുകടത്താനും മടിയ്ക്കാത്ത സ്വസമുദായത്തിലെ പുരുഷമേല്‍ക്കോയ്മയ്ക്കെതിരേ താത്രി സ്വയം ബലിയാടാവാന്‍ തയ്യാറായി. അന്നേവരെ നമ്പൂതിരി സമുദായത്തില്‍ നിലനിന്നിരുന്ന പല അനാചാരങ്ങളുടേയും അടിവേരിളക്കിയത് താത്രിക്കുട്ടി എന്ന സാവിത്രി അന്തര്‍ജ്ജനത്തിന്റെ സ്മാര്‍ത്തവിചാരം എന്ന സംഭവംമൂലമായിരുന്നു. ഏതൊരുവന്‍ സര്‍വ്വസ്വാതന്ത്ര്യത്തോടും കൂടി തന്റെ മടിക്കുത്തഴിച്ചു തന്റെ ശരീരത്തെ രസിച്ചുവോ ആ ചെയ്തിയെത്തന്നെ അയാളെത്തകര്‍ക്കാനുള്ള ആയുധമായി താത്രിക്കുട്ടി കൈക്കൊണ്ടു. കുഞ്ഞുപ്രായത്തില്‍ തന്നെ പുരുഷന്മാരില്‍ നിന്നുമേല്‍‍ക്കേണ്ടിവന്ന പീഡനങ്ങള്‍ താത്രിക്കുട്ടിയുടെ മനസ്സിലേല്‍പ്പിച്ച ആഘാതങ്ങള്‍ വളരെ വലുതായിരുന്നു. ആ ആഘാതങ്ങള്‍ ഒരുവേള താത്രിയെ ഒരു മനോരോഗിയാക്കിയിരിക്കണം. തന്നെച്ചതച്ചരച്ചവരെ അക്കാലത്ത് നിലവിലുണ്ടായിരുന്ന ശിക്ഷകൊണ്ട് താത്രി നേരിട്ടു.

സംഭവബഹുലമായ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തെപ്പറ്റി ഒരു ചെറുവിവരണം

നമ്പൂതിരി സമുദായത്തിലെ സ്ത്രീകളില്‍ എന്തെങ്കിലും സ്വഭാവദോഷമോ നടപ്പുദൂഷ്യമോ ആരോപിക്കപ്പെടുന്നതിനെ അടുക്കളദോഷമെന്നാണ് അറിയപ്പെടുന്നത്. ഈ ആരോപണം ഉന്നയിക്കുന്നത് നമ്പൂതിരിമാരുടെ ഗ്രാമസഭായോഗത്തിലായിരിക്കും. ഏതെങ്കിലുമൊരു അന്തര്‍ജ്ജനത്തെപ്പറ്റി ഇപ്രകാരമൊരു ആരോപണം വന്നുകഴിഞ്ഞാല്‍ സ്വാഭാവികമായും ആ അന്തര്‍ജ്ജനത്തെ കുറ്റവിചാരണ നടത്തും. ഇപ്രകാരം നമ്പൂതിരിസ്ത്രീകളെ കുറ്റവിചാരണ ചെയ്യുന്ന ചടങ്ങിനെയാണ് സ്മാര്‍ത്തവിചാരം എന്നു പറയുന്നത്. സ്മാര്‍ത്തവിചാരത്തിന് ആറ് ഘട്ടങ്ങളാണുള്ളത്. അവ ദാസീ വിചാരം, അഞ്ചാം പുരയിലാക്കല്‍, സ്മാര്‍ത്ത വിചാരം, സ്വരൂപം ചൊല്ലല്‍, ഉദകവിച്ഛേദം, ശുദ്ധഭോജനം എന്നിങ്ങനെ തിരിക്കപ്പെട്ടിരിക്കുന്നു. ഈ ചടങ്ങുകളെല്ലാം പൂര്‍ത്തീകരിക്കാന്‍ മാസങ്ങളോ ചിലപ്പോള്‍ വര്‍ഷങ്ങളോതന്നെ എടുക്കാറുണ്ട്. സ്മാര്‍ത്തവിചാരത്തിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ആരോപണവിധേയയായ അന്തര്‍ജ്ജനത്തെ സദാ അനുഗമിച്ചിരുന്ന ദാസിയെ വിചാരണ ചെയ്ത് ആരോപിതയായ അന്തര്‍ജ്ജനത്തെക്കുറിച്ചുള്ള ആരോപണത്തിനു തുമ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതാണ് ദാസീ വിചാരം. ഈ വിചാരണയില്‍ തന്റെ തമ്പുരാട്ടി പിഴച്ചുപോയിയെന്ന്‍ ദാസി വ്യക്തമാക്കിയാല്‍പ്പിന്നെ ഗ്രാമസഭയുടെ പ്രതിനിധി രാജാവിനെക്കണ്ട് വിവരം ധരിപ്പിക്കുകയും രാജാവ് ആരോപണവിധേയയെ വിചാരണ നടത്തി ശിക്ഷിക്കുവാന്‍ ഉള്ള അനുമതി ഗ്രാമസഭയ്ക്ക് രേഖാമൂലം നല്‍കുകയും ചെയ്യുന്നു. ഒപ്പം തന്റെ പ്രതിനിധിയായി ഒരു ഉദ്യോഗസ്ഥനെ അവര്‍ക്കൊപ്പം അയക്കുകയും ചെയ്യും.

ആരോപിതയായ സ്ത്രീയെ വിചാരണ ചെയ്യുന്ന ആളിനെ സ്മാര്‍ത്തന്‍ എന്നാണു വിളിക്കുക. വിചാരണ തുടങ്ങുന്നതിനുമുന്നേ കുറ്റാരോപിതയായ സ്ത്രീയെ നല്ല ബന്തവസ്സുള്ള ഒരു സ്ഥലത്തേയ്ക്ക് മാറ്റിപ്പാര്‍പ്പിക്കുന്നു. ഈ സ്ഥലത്തിനെ പറയുന്നത് അഞ്ചാംപുര എന്നാണ്. അഞ്ചാംപുരയിലേയ്ക്ക് മാറ്റപ്പെട്ട സ്ത്രീക്ക് പിന്നീട് പേരില്ലാതായിത്തീരുന്നു. പിന്നീടവര്‍ അറിയപ്പെടുന്നത് സാധനമെന്ന വിളിപ്പേരിലായിരിക്കും. ചോദ്യം ചെയ്യുമ്പോള്‍ സ്മാര്‍ത്തന്‍ സാധനത്തിനോട് നേരിട്ടല്ല ചോദ്യങ്ങള്‍ ചോദിക്കുക മറിച്ച് ദാസിയോട് ചൊദ്യം ചോദിക്കുകയും ആ ചോദ്യം ദാസി സാധനത്തിനെ അറിയിക്കുകയും സാധനം പറയുന്ന മറുപടി ദാസിമുഖേന സ്മാര്‍ത്തനിലെത്തുകയുമാണ് ചെയ്യുന്നത്. വിചാരണയ്ക്കിടയില്‍ സാധനം തെറ്റുചെയ്തതായി സമ്മതിച്ചാല്‍പ്പിന്നെ സ്മാര്‍ത്തന്‍ സാധനത്തിനോട് നേരിട്ടാവും ചോദ്യങ്ങള്‍ ചോദിക്കുക. വിചാരണ പൂര്‍ത്തിയായിക്കഴിഞ്ഞ് കുറ്റം തെളിഞ്ഞാല്‍ സ്വരൂപം ചൊല്ലല്‍ എന്ന വിധിന്യായപ്പറച്ചിലാണ്. ആരോപണവിധേയയായ സാധനവുമായി സംസര്‍ഗ്ഗമുണ്ടായിരുന്ന പുരുഷന്മാരും ഒപ്പം ആ സ്ത്രീയും സമുദായത്തില്‍നിന്നും സമൂഹത്തില്‍നിന്നും ഭ്രഷ്ടരാകുകയും ഒപ്പം നാടുകടത്തപ്പെടുകയും ചെയ്യും. ഭ്രഷ്ട് കല്‍പ്പിക്കപ്പെട്ട സാധനം മരിച്ചുപോയതായി കണക്കാക്കി പിന്നീട് ഉദകക്രീയ ചെയ്യും. ഈ ചടങ്ങില്‍ സാധനത്തിന്റെ ബന്ധുക്കള്‍ എല്ലാവരും പങ്കെടുക്കും.പത്ത് ഉദകക്രിയയും കൊട്ടുബലിയും ഇട്ടതിനുശേഷമാണ് സാധനത്തെ കൈകൊട്ടി പുറത്താക്കുന്ന ചടങ്ങ് നടക്കുന്നത്. സാധനത്തെ പുറത്താക്കിയിട്ട് അവര്‍ നടന്ന വഴിമുഴുവന്‍ ചാണകവെള്ളം തളിച്ചു ശുദ്ധമാക്കുകയും ചെയ്യും. ഉദകക്രീയക്ക് ശേഷമാണ് ശുദ്ധഭോജനം എന്ന ചടങ്ങ്. സ്മാര്‍ത്ത വിചാരത്തിന്റെ അവസാനഘട്ടമാണിത്. ഉദകക്രീയ നടത്തുന്ന ദിവസം ചടങ്ങു തീരുന്നതുവരെ പട്ടിണി അനുഷ്ഠിക്കുന്ന ഇല്ലത്തെ അംഗങ്ങള്‍ ചടങ്ങെല്ലാം തീര്‍ന്നതിനുശേഷം വലിയ സദ്യയൊരുക്കും. സ്മാര്‍ത്തവിചാരത്തില്‍ പങ്കെടുക്കുവാന്‍ വന്ന എല്ലാവരും ചേര്‍ന്ന്‍ പന്തിഭോജനം നടത്തിപ്പിരിയുന്നതോടെ ചടങ്ങുകള്‍ അവസാനിക്കുന്നു.

ഇന്നത്തെ തൃശൂര്‍ ജില്ലയിലെ തലപ്പള്ളി താലൂക്കില്‍ തിരുമുറ്റിക്കോട് കല്പകശ്ശേരിഇല്ലത്തെ അഷ്ടമൂര്‍ത്തിനമ്പൂതിരിക്ക് ജനിച്ച മകളായിരുന്നു സാവിത്രി എന്ന താത്രിക്കുട്ടി. താത്രിക്ക് പത്ത് വയസാകാറായപ്പോള്‍ (9 വയസ്സും 10 മാസവും) ഇന്നത്തെ തൃശൂര്‍ ജില്ലയിലെ പഴയ തലപ്പള്ളി താലൂക്കിലുള്ള കുറിയേടത്തില്ലത്തെ അപ്ഫന്‍ നമ്പൂതിരിയായ രാമന്‍ നമ്പൂതിരിക്ക് വേളികഴിച്ചുനല്‍കി. അങ്ങനെയാണ് താത്രി കുറിയേടത്തു താത്രിയായത്. അക്കാലത്ത് നമ്പൂതിരി സമുദായത്തില്‍ നിലവിലിരുന്ന ആചാരമനുസരിച്ച് തറവാട്ടിലെ മൂത്തനമ്പൂതിരിക്കു മാത്രമേ സ്വസമുദായത്തില്‍ നിന്നും(നമ്പൂതിരി സമുദായം) വേളികഴിക്കുവാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. താഴെയുള്ള നമ്പൂതിരിമാര്‍ക്ക്(അപ്ഫന്‍) മറ്റു ജാതികളില്‍നിന്നു സംബന്ധം മാത്രമേ അനുവദിക്കപ്പെട്ടിരുന്നുള്ളൂ. എന്നാല്‍ മൂത്തനമ്പൂതിരിക്കു വിവാഹം കഴിക്കുവാന്‍ പാടില്ലാത്തവിധം രോഗങ്ങളോ സന്താനശേഷിയില്ലാതിരിക്കുകയോ തുടങ്ങിയ കുഴപ്പങ്ങളുണ്ടായാല്‍ തറവാടിന്റെ പിന്തുടര്‍ച്ച നിലനിര്‍ത്തുവാനായി മൂത്തനമ്പൂതിരിയുടെ അനുവാദത്തോടെ വിധിപ്രകാരമുള്ള പ്രായശ്ചിത്തങ്ങള്‍ ചെയ്തുകൊണ്ട് അപ്ഫന്‍ നമ്പൂതിരിക്ക് സ്വസമുദായത്തില്‍നിന്നു വിവാഹം കഴിക്കാന്‍ അനുവാദമുണ്ടായിരുന്നു. കുറിയേടത്തെ മൂത്ത നമ്പൂതിരി മാറാരോഗബാധിതനായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ അനുവാദത്തോടെ അനുജനായ രാമന്‍ നമ്പൂതിരി താത്രിയെ വേളികഴിച്ചു. വൈവാഹിക ജീവിതത്തിന്റെ പാഠങ്ങളൊന്നുമറിയാതിരുന്ന, ബാല്യം വിട്ടുമാറാതിരുന്ന താത്രിയുടെ മുന്നിലേക്ക് രാത്രിയായപ്പോള്‍ എത്തിച്ചേര്‍ന്നത് മൂത്തനമ്പൂതിരിയായിരുന്നു. ഒന്നുറക്കെ ശബ്ദമുയര്‍ത്തുവാനോ എതിര്‍ക്കുവാനോ ഒന്നും അവകാശമില്ലാതിരുന്ന ആ ബാല്യം അന്നു തച്ചുടയ്ക്കപ്പെട്ടു. അതും പിതൃതുല്യനായിക്കരുതേണ്ടവനില്‍നിന്നു. തനിക്കുണ്ടായ ക്രൂരമായ അനുഭവം താത്രിയെ ആകെയുലച്ചുകളഞ്ഞു. അതേപോലെ പിന്നീട് പലപ്പോഴും ആവര്‍ത്തിക്കപ്പെട്ടു. ഒരു വ്യാഴവട്ടക്കാലത്തോളം സമാനമായ പലപല ശാരീരികാതിക്രമങ്ങളും താത്രിക്ക് നേരിടേണ്ടി വന്നു. തന്റെ മനസ്സിലും ശരീരത്തിലുമുണ്ടായ ആഘാതം താത്രിയെ വല്ലാത്തൊരു മാനസികാവസ്ഥയിലെത്തിച്ചു. അതോടെ തന്റെ ഭര്‍ത്താവിനോടും തന്നെ നശിപ്പിച്ചവരോടും ഒക്കെയുള്ള പക തീര്‍ക്കുവാനെന്നവണ്ണം താത്രി പലരേയും വശീകരിച്ചു വശംവദയാക്കി അവരുമായെല്ലാം ശരീരം പങ്കിട്ടു. അതെല്ലാംതന്നെ പില്‍ക്കാ​‍ലത്തിലേയ്ക്ക് അവള്‍ കരുതിവച്ച ആയുധങ്ങളായിരുന്നു.

കുറിയേടത്ത് താത്രിയുടെ അടുക്കളദോഷത്തെക്കുറിച്ച് അയല്‍വായിയായ നമ്പൂതിരി നമ്പൂതിരിയോഗത്തില്‍ പരാതിപ്പെട്ടതോടെയാണ് താത്രിക്കെതിരെ അന്വേഷണമാരംഭിച്ചത്. അന്നേവരെ കേരളത്തില്‍നടന്ന സ്മാര്‍ത്തവിചാരങ്ങളില്‍ ഏറ്റവും വിവാദമായ ഒന്നായിരുന്നു കുറിയേടത്ത് താത്രിയുടെ സ്മാര്‍ത്തവിചാരം. പരാതികിട്ടിയപ്പോള്‍ രാജാവിന്റെ അനുമതിയോടെവ് 1904 അവസാനകാലഘട്ടത്തില്‍ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരണ നടത്തുകയും ആചാരവിധിപ്രകാരംനടന്ന ആദ്യവിചാരത്തില്‍ താത്രിയും വിവാരത്തിലുള്‍പ്പെട്ട പുരുഷന്മാര്‍ക്കുമെല്ലാം ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ഈ വിചാരണയും വിധിയും വലിയ വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവച്ചതോടെ കൂടുതല്‍ വിപുലമായ രീതിയില്‍ അന്വേഷണം നടത്തി വിചാരണ ചെയ്യുവാന്‍ രാജതീരുമാനമുണ്ടാകുകയും ആദ്യവിചാരം നടന്ന ഇരിഞ്ഞാലക്കുടയില്‍നിന്നു കൊച്ചീരാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തൃപ്പൂണിത്തുറയിലേക്ക് താത്രിയെക്കൊകൊണ്ടു വരുകയും ചെയ്തു.താത്രിക്ക് വധഭീഷണികളുണ്ടായിരുന്നതിനാല്‍ ശക്തമായ ബന്തവസ്സിലായിരുന്നു അവരെ പാര്‍പ്പിച്ചിരുന്നത്.

താത്രിയെ കുറ്റവിചാരണ ചെയ്യണമെന്ന്‍ കൊച്ചിമഹാരാജാവിന്റെ മുന്നില്‍ ആദ്യമായി ബോധിപ്പിച്ചത് കണ്ടഞ്ചാതമനയ്ക്കലെ കാരണവരായിരുന്ന വാസുദേവന്‍ നമ്പൂതിരിയായിരുന്നു. താത്രിയുടെ ആദ്യവിചാരം  വിവാദങ്ങളില്‍പ്പെട്ടതുകൊണ്ട് മഹാരാജാവിന്റെ ഉത്തരവുപ്രകാരം 1905 ജനുവരി 2 ന് താത്രിയുടെ സ്മാര്‍ത്തവിചാരം പുനരാരംഭിച്ചു.രാജപ്രതിനിധിയും നാലുസഹായികളേയും ഒപ്പം കൂട്ടി പട്ടച്ചോമയാരത്ത് ജാതവേദൻനമ്പൂതിരി സ്മാര്‍ത്തവിചാരത്തിന്റെ മുഖ്യനായ സ്മാർത്തൻ ആയി. സ്മാര്‍ത്തന്റെ ചോദ്യങ്ങള്‍ക്ക് താത്രിക്കുട്ടി നിര്‍ഭയം ഉത്തരങ്ങള്‍നല്‍കി. താനുമായി സംസര്‍ഗ്ഗമുണ്ടായിരുന്നു 64 പുരുഷന്മാരുടെ പേരുകള്‍ താത്രി സ്മാര്‍ത്തനുമുന്നില്‍ വെളിപ്പെടുത്തി. അക്കൂട്ടത്തില്‍ താത്രിയുടെ സ്വന്തം അച്ഛനും സഹോദരനും അമ്മാവനും ഗുരുനാഥനും ഭര്‍ത്താവും സമൂഹത്തിലെ പ്രമാണികളായ പലരുമുണ്ടായിരുന്നു. താത്രി ഓരോ പേരു വിളിച്ചു പറയുമ്പോഴും പിന്നെയാര് പിന്നെയാര് എന്നു വ്യഗ്രതപ്പെട്ട സ്മാര്‍ത്തനെപ്പോലും ഞെട്ടിപ്പിച്ചുകൊണ്ടാണ് 65 ആമന്റെ പേര് താത്രി പറഞ്ഞത്. ആ പേര് പരസ്യമാക്കുവാന്‍ സ്മാര്‍ത്തന്‍ അനുവദിക്കാതെ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം പൂര്‍ത്തിയായതായി പ്രഖ്യാപിച്ചു. വിചാരണവേളയില്‍ താത്രി പേരുവിളിച്ചുപറഞ്ഞ 64 പുരുഷന്മാരെയും വിചാരണചെയ്തു. സ്മാര്‍ത്തവിചാരത്തിന്റെ ചരിത്രത്തിലാദ്യമായി ഈ പുരുഷന്മാര്‍ക്ക് തങ്ങളുടെ ഭാഗം ന്യായീകരിക്കുവാനുള്ള അവസരം നല്‍കപ്പെട്ടെങ്കിലും വിചാരത്തിന്റെയൊടുവില്‍ ആ 64 പുരുഷന്മാരെയും അവരുടെ കുടുംബാംഗങ്ങളേയും ഒപ്പം താത്രിക്കുട്ടിയേയും സമുദായത്തില്‍നിന്നു ഭ്രഷ്ട് കല്‍പ്പിച്ചു പുറത്താക്കി. 1905 ജൂലൈ 4 നാണ് ഈ തീരുമാനമുണ്ടായത്. 30 നമ്പൂതിരിമാർ, 10 അയ്യർ, 13 അമ്പലവാസികൾ, 11 നായന്മാർ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള 64 പേരാണ് ഭ്രഷ്ടരായി മാറിയത്.

ഭ്രഷ്ടയാക്കപ്പെട്ട താത്രിയെ സര്‍ക്കാര്‍ അധീനതയിലുള്ള ഒരു മഠത്തിലേക്ക് കൊണ്ടുപോയതായി അവസാനമുള്ള രേഖകള്‍ കാണിക്കുന്നു. എന്നാല്‍ ക്രൈസ്തവവിശ്വാസിയായിത്തീര്‍ന്ന താത്രി അതേമതത്തില്‍പ്പെട്ട ഒരാളെ വിവാഹം കഴിച്ചു ജീവിക്കുകയുണ്ടായി എന്നും പറയപ്പെടുന്നു. പത്തുവയസ്സുമുതല്‍ ഒരുപാട് പുരുഷന്മാരുമായി ശാരീരികവേഴ്ച സംഭവിച്ചിട്ടുള്ള താത്രിക്ക് ആ ബന്ധങ്ങളില്‍ ഏതെങ്കിലും കുട്ടികള്‍ ഉണ്ടായിട്ടുള്ളതായി ഒരു രേഖകളിലും പറയുന്നില്ല. എന്നാല്‍ ഭ്രഷ്ടയാക്കപ്പെട്ടശേഷം വിവാഹിതയായ അവര്‍ക്ക് മൂന്നു കുട്ടികള്‍ ഉണ്ടായതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ ഒന്നിനും കൃത്യമായ രേഖകളില്ല. മലയാളത്തിലെ ഒരു പ്രസിദ്ധസിനിമാതാരം താത്രിക്കുട്ടിയുടെ മകളുടെ മകളാണ് എന്ന്‍ ചില പറച്ചിലുകള്‍ ഇടയ്ക്കുയര്‍ന്നുകേട്ടെങ്കിലും പ്രസ്തുതതാരം അതു നിഷേധിക്കുകയാണ് ചെയ്തത്.

അക്ഷരാര്‍ത്ഥത്തില്‍ കേരളീയ സാമൂഹ്യമേഖലയെ ആകെ പിടിച്ചുകുലുക്കിയ ഒന്നായിരുന്നു താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം. 65 ആമനായി വീണ്ടുമൊരു പേര് പറയാന്‍തുനിഞ്ഞ താത്രിക്കുട്ടിയെ സ്മാര്‍ത്തന്‍ തടഞ്ഞത് ആ പേര് മഹാരാജാവിന്റേതായിരുന്നതുകൊണ്ടായിരുന്നുവെന്ന്‍ പറയപ്പെടുന്നു. കുഞ്ഞുന്നാളിലെ തനിക്കേറ്റ പീഡനങ്ങള്‍ താത്രിക്കുട്ടിയുടെ ഉള്ളില്‍ പകയായി എരിഞ്ഞതുകൊണ്ട് താത്രി സ്വയം വിചാരണയ്ക്ക് തയ്യാറാവുകയായിരുന്നു എന്നു പരക്കെ വിശ്വസിക്കപ്പെടുന്നു. കണ്ടഞ്ചാതമനയ്ക്കലെ വാസുദേവന്‍ നമ്പൂതിരിയെക്കൊണ്ട് നമ്പൂതിരിസഭയില്‍ പരാതിനല്‍കിയതുപോലും താത്രിയുടെ നിര്‍ദ്ദേശപ്രകാരമാണെന്ന്‍ പറയപ്പെടുന്നു.

നമ്പൂതിരിസമുദായത്തിന്റെ അചാരാനുഷ്ഠാനകോട്ടകൊത്തളങ്ങളില്‍ വന്‍വിള്ളലുകള്‍ സൃഷ്ടിച്ച ഒന്നായിരുന്നു താത്രിക്കുട്ടി സംഭവം. ബ്രാഹ്മണ്യമേധാവിത്വത്തിന്റെ തകര്‍ച്ചയുടെ തുടക്കവും മറക്കുടകളില്‍ മുഖമൊളിപ്പിച്ചുനടന്നിരുന്ന അന്തര്‍ജ്ജനങ്ങള്‍ വെളിച്ചത്തിനുനേരേ നോക്കാന്‍ ധൈര്യപ്പെട്ടുതുടങ്ങിയതുമൊക്കെ ഈ സ്മാര്‍ത്തവിചാരശേഷമായിരുന്നു. താത്രിക്കുട്ടിസംഭവം അത്രമാത്രം വിസ്ഫോടനങ്ങള്‍ക്ക് വഴിതെളിച്ചുകഴിഞ്ഞിരുന്നു. താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരം വിഷയമാക്കി നിരവധി രചനകള്‍ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്. മാടമ്പ് കുഞ്ഞിക്കുട്ടന്റെ ഭ്രഷ്ട്, ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ അമൃതമഥനം, ആലങ്കോട് ലീലാകൃഷ്ണന്റെ സ്മാര്‍ത്തവിചാരം, നന്ദന്റെ കുറിയേടത്ത് താത്രി എന്നിവ അവയില്‍ ചിലതുമാത്രമാണ്. ലളിതാംബികാ അന്തര്‍ജ്ജനം എഴുതിയ അഗ്നിസാക്ഷി എന്ന നോവലും കുറിയേടത്തു താത്രി എന്ന ധീരവനിതയുടെ വിപ്ലവം ഉള്‍കൊണ്ടു സൃഷ്ടിക്കപ്പെട്ട ഒന്നുതന്നെയായിരുന്നു. മലയാളത്തില്‍ എം ടി വാസുദേവന്‍ നായര്‍ രചന നിര്‍വഹിച്ച് ഹരിഹരന്‍ സംവിധാനം ചെയ്ത പരിണയമെന്ന സിനിമ താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം ആസ്പദമാക്കി സൃഷ്ടിക്കപ്പെട്ട ഒന്നായിരുന്നു.  കുറിയേടത്ത് താത്രി എന്ന പേരില്‍ ഒരു മലയാളനാടകവും പ്രദര്‍ശിക്കപ്പെട്ടിട്ടുണ്ട്.

സാമൂഹിക അനാചാരങ്ങളുടേയും ബ്രാഹ്മണ്യമേധാവിത്വങ്ങളുടേയും അസ്ഥിവാരമിളക്കാന്‍ ഹേതുവായ വിപ്ലവകാരിയായ താത്രിക്കുട്ടിയുടെ ഒരു നൂറ്റാണ്ട് മുന്നേ നടന്ന സ്മാര്‍ത്തവിചാരവും അതിനുശേഷമുള്ള വിസ്ഫൊടനങ്ങളും ഈ ആധുനികകാലത്തും പ്രസ്ക്തിയുള്ളതായി നിലകൊള്ളുന്നു.

(വിവര‍ങ്ങള്‍ക്കും ചിത്രത്തിനും കടപ്പാട് ഗൂഗില്‍, ചില ബ്ലോഗുകള്‍, വിക്കീപ്പീഡിയ എന്നിവയാണ്)

ശ്രീ.... 

വള്ളത്തോള്‍ നാരായണ മേനോന്‍

വള്ളത്തോള്‍ നാരായണ മേനോന്‍

"ഭാരതമെന്നപേര്‍ കേട്ടാലഭിമാന
പൂരിതമാകണമന്തഃരംഗം
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളില്‍"

ഈ വരികള്‍ കേള്‍ക്കുമ്പോള്‍ അറിയാതെ ശരീരത്തില്‍ ഉടലെടുക്കുന്നൊരു അനിര്‍വചനീയതയുണ്ട്. ഈ വരികള്‍ ഒരിക്കലെങ്കിലും മൂളാത്ത മലയാളികള്‍ ഉണ്ടാകുകയില്ല. ദേശാഭിമാനത്തിന്റെ ഊഷ്മളതമുഴുവന്‍ ഉടലില്‍ നിറയ്ക്കുന്ന ഈ വരികള്‍ നമുക്ക് സമ്മാനിച്ചത് മലയാളത്തിന്റെ മഹാകവിയായ ശ്രീ വള്ളത്തോള്‍ നാരായണമേനോനാണ്. ദേശസ്നേഹവും മാതൃഭാഷാസ്നേഹവും അങ്ങേയറ്റം കൈക്കൊണ്ട അദ്ദേഹം മലയാളത്തിനു നല്‍കിയ സാഹിത്യസംഭാവനകളും മറ്റു സംഭാവനകളും വിലമതിയ്ക്കാനാവാത്തതാണ്. കേരളത്തിന്റെ സൌന്ദര്യത്തേയും സംസ്ക്കാരത്തേയും ലളിതസുന്ദരമായ വരികളാല്‍ ഇത്രമേല്‍ പാടിപ്പുകഴ്ത്തിയ മറ്റൊരു കവിവര്യനുണ്ടാകുമോ എന്നു സംശയമാണ്. ദേശഭക്തിഗാനങ്ങളുടേയും ഖണ്ഡകാവ്യങ്ങളുടേയും ശൃംഗാരപ്രദമായ ലളിതസുന്ദരകാവ്യങ്ങളുടേയും അമരക്കാരനായിരുന്ന വള്ളത്തോള്‍ മലയാളത്തിലെ ആധുനിക കവിത്രയങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന ആളുകൂടിയാണ്. തന്റെ രചനകളിലെ സര്‍ഗ്ഗാത്മകതയും കാവ്യശൈലിയുടെ സൌന്ദര്യവുംകൊണ്ട് ജനമന‍സ്സുകളില്‍ സ്ഥിരപ്രതിഷ്ഠനേടിയ അദ്ദേഹത്തെ ഒന്നടുത്തറിയാന്‍ ശ്രമിക്കാം


ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് ചെന്നാറ എന്ന സ്ഥലത്ത് കടുങ്ങോട്ട് മല്ലിശ്ശേരിത്തറവാട്ടിലെ ദാമോദരന്‍ ഇളയതിന്റേയും മംഗലത്ത് വള്ളത്തോള്‍ കോഴിപ്പറമ്പില്‍ കുട്ടിപ്പാറു അമ്മയുടെയും  മകനായി  1878 ഒക്ടോബര്‍ 16 നായിരുന്നു അദ്ദേഹം ജനിച്ചത്. കുട്ടിക്കാലത്ത് പ്രാഥമിക വിദ്യാഭ്യാസം ഒന്നും ലഭിക്കാതിരുന്ന നാരായണനു സംസ്കൃതഭാഷാവിദ്യാഭ്യാസം ലഭിച്ചിരുന്നു. പണ്ഡിതനായ ശ്രീ വാരിയംപറമ്പില്‍ കുഞ്ഞന്‍ നായരായിരുന്നു നാരായണന്റെ ആദ്യകാല സംസ്കൃതഗുരു. അദ്ദേഹത്തില്‍ നിന്നുപ്രാഥമികപാഠങ്ങള്‍ പഠിച്ചശേഷം സ്വന്തം അമ്മാവനായ രാമുണ്ണിമേനോന്റെ ശിക്ഷ്യത്വം സ്വീകരിച്ചു. അദ്ദേഹമാണ് നാരായണനെ സംസ്കൃതകാവ്യലോകത്തേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്. ഒപ്പം തന്നെ അഷ്ടാംഗഹൃദയവും നാരായണന്‍ ഹൃദിസ്ഥമാക്കി. അമ്മാവനൊപ്പം ചികിത്സാരീതികള്‍ പഠിക്കുകയും സഹായിയായിത്തുടരുകയും ചെയ്ത നാരായണന്‍ പാറക്കുളം സുബ്രമണ്യശാസ്ത്രികള്‍, കൈക്കുളങ്ങര രാമവാര്യര്‍ എന്നിവരില്‍നിന്ന്‍ തര്‍ക്കശാസ്ത്രവും തത്വശാസ്ത്രവും പഠിച്ചെടുക്കുകയും ചെയ്തു. 23 ആം വയസ്സില്‍ വന്നേരി ചിറ്റാഴിവീട്ടിലെ മാധവിയമ്മയെ വിവാഹം ചെയ്ത വള്ളത്തോള്‍ കുറച്ചുനാളുകള്‍ക്കുള്ളില്‍ കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനമായ തൃശ്ശൂരിലേക്ക് താമസം മാറ്റുകയുണ്ടായി. ഏകദേശം ആറുവര്‍ഷത്തോളം തൃശ്ശൂരിലെ ഒരു അച്ചടിസ്ഥാപനത്തിന്റെ മാനേജരായി പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് കേരളോദയം പത്രത്തിന്റെ പത്രാധിപരായി സ്ഥാനമേറ്റു.

തന്റെ പന്ത്രണ്ടാമത്തെ വയസ്സുമുതല്‍ വള്ളത്തോള്‍ കാവ്യരചനകള്‍ ആരംഭിച്ചിരുന്നു. കിരാതസാധകം, വ്യാസാവതാരം എന്നിങ്ങനെ ചില കൃ‍തികള്‍ മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചുവന്നു. പതിനാറുവയസ്സുള്ള കാലഘട്ടത്തില്‍ വള്ളത്തോളിനു ഭാഷാപോഷിണി മാസികയുടെ കാവ്യപുരസ്ക്കാരം ലഭിക്കുകയുണ്ടായി. ഭാഷാപോഷിണി, വിജ്ഞാന ചിന്താമണീ, കേരളസഞ്ചാരി തുടങ്ങിയ മിക്ക മാസികകളിലും വള്ളത്തോളിന്റെ കൃതികള്‍ പ്രസിദ്ധീകരിച്ചുവരാനാരംഭിച്ചു. ഋതുവിലാസം എന്ന രചനയായിരുന്നു വള്ളത്തോളിന്റെ പ്രസിദ്ധമായ ആദ്യകൃതി. എന്നാല്‍ അദ്ദേഹത്തിന്റെ ആദ്യത്തെ മേജര്‍ സാഹിത്യസംരംഭം 1905 ല്‍ ആരംഭിച്ച് 1907 ല്‍ പൂര്‍ത്തിയാക്കിയ വാത്മീകീരാമായണത്തിന്റെ മലയാള പരിഭാഷയായിരുന്നു. 1908 കാലഘട്ടത്തില്‍ അദ്ദേഹത്തിനു കലശലായൊരു രോഗബാധ ചെവിയിലുണ്ടാകുകയും 1909 ഓടുകൂടി അദ്ദേഹം ഒരു ബധിരനായി മാറുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ വള്ളത്തോളിന്റെ എല്ലാ ഗംഭീരസൃഷ്ടികളും പിറവിയെടുത്തത് അദ്ദേഹം ബധിരനായതിനുശേഷമായിരുന്നു. കേള്‍വി ശക്തി നഷ്ടപ്പെട്ടതിന്റെ ദുഃഖത്താല്‍ അദ്ദേഹം എഴുതിയ അതിപ്രശസ്തമായൊരു ഖണ്ഡകാവ്യമാണ് ബധിരവിലാപം.

1910 ല്‍ ആരംഭിച്ച് 1913 ല്‍ പ്രസിദ്ധീകരിച്ച ചിത്രയോഗം എന്ന മഹാകാവ്യത്തോടുകൂടി വള്ളത്തോള്‍ നാരായണമേനോന്‍ മഹാകവി എന്നറിയപ്പെടാന്‍ തുടങ്ങി. കഥാസരിത്സാഗര‍ത്തില്‍നിന്നുള്ള ചന്ദ്രസേനയുടേയും താരാവലിയുടേയും കഥപറഞ്ഞ ഈ മഹാകാവ്യം പതിനെട്ട് സര്‍ഗ്ഗങ്ങളായാണ് വള്ളത്തോള്‍ അണിയിച്ചൊരുക്കിയത്. ആദ്യകാലത്ത് പരമ്പരാഗത കാവ്യരീതിയില്‍നിന്നുവഴിമാറിനടക്കുന്നുവെന്ന്‍ പഴികേട്ടെങ്കിലും വള്ളത്തോള്‍ രചിച്ച പല ഖണ്ഡകാവ്യങ്ങളും വിവര്‍ത്തനങ്ങളും ദേശഭക്തിഗാനങ്ങളും അദ്ദേഹത്തെ സര്‍വ്വജനസമ്മതനാക്കിത്തീര്‍ത്തു. ബന്ധനസ്ഥനായ അനിരുദ്ധന്‍, ശിഷ്യനും മകനും, കൊച്ചുസീത, ഗണപതി, മഗ്ദലനമറിയം, അച്ഛനും മകളും തുടങ്ങി എണ്ണമറ്റ കൃതികള്‍ അദ്ദേഹത്തിന്റേതായുണ്ടായി.  വാല്മീകിരാമായണത്തിന്റെ മലയാളവിവര്‍ത്തനം കൂടാതെ അഭിജ്ഞാനശാകുന്തളം, ഋഗ്വേദം, മാതംഗലീല, പദ്മപുരാണം, മാർക്കണ്ഡേയപുരാണം, വാമനപുരാണം, മത്സ്യപുരാണം, ഊരുഭംഗം, മധ്യമവ്യായോഗം, അഭിഷേക നാടകം, സ്വപ്നവാസവദത്തം തുടങ്ങിയവയും അദ്ദേഹം മാതൃഭാഷയിലേയ്ക്കു വിവർത്തനം ചെയ്തു വായനക്കാര്‍ക്കായി സമര്‍പ്പിച്ചു.

വൈക്കം സത്യാഗ്രഹം നടന്ന 1924 ല്‍ ഗാന്ധിജിയെ നേരിട്ടുകണ്ടപ്പോള്‍ വള്ളത്തോള്‍ എഴുതിയ എന്റെ ഗുരുനാഥന്‍ എന്ന രചന അതിപ്രശത്സമായിരുന്നു.സ്വാതന്ത്ര്യസമരത്തിന്റെ ആവേശമുള്‍ക്കൊണ്ട് അദ്ദേഹം അതിന്റെ പലപരിപാടികളിലും ഭാഗഭാക്കായി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ വാര്‍ഷികസമ്മേളങ്ങളിലുല്‍പ്പെടെ അദ്ദേഹം പങ്കുകൊണ്ടു. 1922 ല്‍ വെയിത്സ് രാജകുമാരന്‍ വള്ളത്തോളിനു പട്ടും വളയും നല്‍കി ആദരിക്കുവാന്‍ തീരുമാനിച്ചെങ്കിലും വള്ളത്തോള്‍ അതു നിരസിക്കുകയാണു ചെയ്തത്.

കഥകളിയോട് അടങ്ങാത്ത ഭ്രമം പുലര്‍ത്തിയിരുന്ന വള്ളത്തോള്‍ കഥകളിയുടെ ഉന്നമനത്തിനായി കുന്നംകുളത്ത് കഥകളിവിദ്യാലയമെന്ന സ്ഥാപനമാരംഭിച്ചു. കഥകളിയെ പരിപോഷിപ്പിക്കാനും അതു കൂടുതല്‍ ജനകീയമാക്കാനും വള്ളത്തോള്‍ ഒരുപാട് ശ്രമങ്ങള്‍ നടത്തുകയുണ്ടായി. കഥകളിവിദ്യാലയമെന്ന സ്ഥാപനം പിന്നീട്  കേരളകലാമണ്ഡലം എന്നറിയപ്പെടുകയും അതിന്റെ അസ്ഥാനം ചെറുതുരുത്തിയിലേയ്ക്ക് മാറ്റിസ്ഥാപിക്കപ്പെടുകയും ചെയ്തു. കലാമണ്ഡലത്തിന്റെ പ്രവര്‍ത്തങ്ങളുമായി ബന്ധപ്പെട്ട് അദ്ദേഹം ഇന്ത്യയൊട്ടാകെ സഞ്ചരിക്കുകയുണ്ടായി. 1948 ല്‍ മദിരാശി സര്‍ക്കാര്‍ അദ്ദേഹത്തെ മലയാളത്തിന്റെ ആസ്ഥാനകവിയായി പ്രഖ്യാപിച്ചു.  സമസ്ത കേരളസാഹിത്യ പരിഷത്ത് അധ്യക്ഷൻ, കേരളസാഹിത്യഅക്കാദമി ഉപാധ്യക്ഷൻ എന്നീ പദവികള്‍ വഹിച്ച വള്ളത്തോളിനെ 1954 ല്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചു.

കേരള വാത്മീകി, കേരളാ ടാഗോര്‍ എന്നെല്ലാം വിശേഷണങ്ങള്‍ ചാര്‍ത്തിക്കിട്ടിയ ആ മഹാപ്രതിഭ 1958 മാര്‍ച്ച് 13 ന് തന്റെ എഴുപത്തഞ്ചാം വയസ്സില്‍ അന്തരിച്ചു.

"ലോകമേതറവാടുതനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍"


ശ്രീ

Sunday, September 22, 2019

വൈന്‍വില്ലേ ചിക്കന്‍കൂപ്പ് മര്‍ഡേര്‍സ്

1928 മാര്‍ച്ച് മുതല്‍ 1930 വരെ അമേരിക്കയെ ആകെ ഇളക്കിമറിച്ച ഒരു കേസായിരുന്നു വൈന്‍വില്ലേ ചിക്കന്‍കൂപ്പ് മര്‍ഡേര്‍ കേസ്. 20 ഓളം ചെറിയകുട്ടികളെ നിഷ്ടൂരമായി പീഡിപ്പിക്കുകയും അതില്‍പ്പലരേയും കൊന്നുകുഴിച്ചുമൂടുകയും ചെയ്ത  ഇരുപത്തൊന്നുവയസ്സുകാരനായ ഒരു സീരിയല്‍ കില്ലര്‍ ഉള്‍പ്പെട്ട കേസായിരുന്നിത്.
ആ കേസിന്റെ ഒരു സംക്ഷിപ്തവിവരണമാണിത്. ഈ പോസ്റ്റിനാധാരമായ വിവര‍ങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് വിക്കീപ്പീഡിയയും ഗൂഗിളുമാണ്.

ബ്രിട്ടീഷ് കൊളംബിയയില്‍ ജനിച്ച ഗോര്‍ഡന്‍ സ്റ്റുവര്‍ട്ട് നോര്‍ത്ത്കോട്ട് 1924 ലാണ് തന്റെ മാതാപിതാക്കള്‍ക്കൊപ്പം ലോസ് ആഞ്ചലസിലേയ്ക്ക് കുടിയേറിയത്. അവിടെ തന്റെ പിതാവു നടത്തുന്ന കണ്‍സ്ട്രക്ഷന്‍ ബിസ്സിനസ്സും മറ്റിലുമൊക്കെയായിക്കഴിയവേ രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം നോര്‍ത്ത്കോട്ട് തന്റെ പിതാവിനോട് കാലിഫോര്‍ണിയയിലുള്ള വൈന്‍വില്ലേയില്‍ കുറച്ചു കൃഷിഭൂമിവാങ്ങിനല്‍കുവാന്‍ ആവശ്യപ്പെട്ടു. അവിടെ ഒരു കോഴിക്കശാപ്പുശാല തുടങ്ങാനായിരുന്നു അവന്റെ ഉദ്ദേശ്യം. അങ്ങനെ പത്തൊമ്പതാംവയസ്സില്‍ അവന്‍ വൈന്‍വില്ലേയിലെ ഫാമിലേക്കു താമസംമാറി. തന്റെ അനന്തിരവനായ സാന്‍ഫോര്‍ഡ് ക്ലാര്‍ക്ക് എന്ന പതിമൂന്നുവയസ്സുകാരനേയും ഒപ്പം കൂട്ടിയിരുന്നു.  സാന്‍ഫോര്‍ഡിന്റെ പേരന്റ്സിന്റെ സമ്മതത്തോടുകൂടിയായിരുന്നു ഇത്.


റേഡിയോസെന്റര്‍ ജീവനക്കാരിയായ ക്രിസ്റ്റീന്‍ ജോണ്‍സ് തന്റെ 9 വയസ്സുകാരനായ മകന്‍ വാള്‍ട്ടര്‍‍ കോളിന്‍സുമായാണ് കഴിഞ്ഞിരുന്നത്. ആര്‍തറിന്റെ അച്ഛന്‍ ഒരു മോഷണക്കേസില്‍പ്പെട്ട് ജയിലിലായിരുന്നു.ഒരുദിവസം ക്രിസ്റ്റീന്‍ തന്റെ മകനു കുറച്ചുകാശുകൊടുത്തിട്ട് തൊട്ടടുത്തുള്ള തിയേറ്ററില്‍പ്പോയി സിനിമകാണാന്‍ അനുവദിച്ചു. വൈകി ജോലികഴിഞ്ഞു വീട്ടിലെത്തിയ ക്രിസ്റ്റീനു വാള്‍ട്ടറിനെ അവിടെയെങ്ങും കണ്ടെത്താനായില്ല. 1928 മാര്‍ച്ച് 10 നായിരുന്നു ഇത്. സമീപവാസിയായ ഒരാള്‍ വാള്‍ട്ടറിനെ വൈകുന്നേരം അഞ്ചുമണിയോടടുത്ത് ലിങ്കന്‍പാര്‍ക്ക് സ്റ്റ്രീറ്റില്‍ കണ്ടതായി ഓര്‍ത്തിരുന്നു. ക്രിസ്റ്റീന്‍ തന്റെ മകന്‍ മിസ്സിംഗാണെന്നുകാണിച്ച് ലോസ് ആഞ്ചല്‍സ് പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍(എല്‍.ഏ.പി.ഡി) പരാതി നല്‍കുകയും അവര്‍ അന്യേഷണമാരംഭിക്കുകയും ചെയ്തു. പല തരത്തിലും അവര്‍ അന്യേഷിച്ചെങ്കിലും വലിയ കാര്യമൊന്നുമുണ്ടായില്ല.

വാള്‍ട്ടറിന്റെ തിരോധാനത്തിനുശേഷം രണ്ടുമാസം കഴിഞ്ഞപ്പോള്‍ പത്തും പന്ത്രണ്ടും വയസ്സുള്ള സഹോദരങ്ങളായ നെല്‍സണ് വിന്‍സ്ലോ‍, ലൂയിസ് വിന്‍സ്ലോ എന്നിവരും സമാനമായ രീതിയില്‍ അപ്രത്യക്ഷരായി.അതോടെ  കേസ് കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുവാന്‍ തുടങ്ങി. നിലവില്‍ എല്‍.ഏ.പി.ഡിയ്ക്കെതിരേ പല പരാതികളും അഴിമതി ആരോപണങ്ങളും കാര്യക്ഷമതയില്ലായ്മയുമൊക്കെ അലിഗേഷന്‍സായുണ്ടായിരുന്നതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും കാണാതായ കുട്ടിയെ കണ്ടെത്തണമെന്ന നിലയിലായി പോലീസ് ഡിപ്പാര്‍ട്ട്മെന്റ്. പോലീസ് ചീഫ് ആയിരുന്ന ജെയിംസ് ഡേവിസ് കടുത്ത സമ്മര്‍ദ്ദം നേരിടാനാരംഭിച്ചു. പോലീസ് വാല്‍ട്ടറിന്റെ കേസും വിന്‍സ്ലോ സഹോദരന്മാരുടെ മിസ്സിംഗ് കേസും തമ്മില്‍ എന്തെങ്കിലും കണക്ഷനുണ്ടെന്ന് ധരിക്കാതെ വെവ്വേറേ തന്നെ‍ അന്യേഷണം തുടര്‍ന്നു.ക്രിസ്റ്റീന്‍ ആകട്ടെ എല്‍ ഏ പി ഡിയുടെ കാര്യക്ഷമതയില്ലായ്മയെപ്പറ്റി പത്രങ്ങളിലും മറ്റും വാര്‍ത്തകള്‍ നല്‍കി ജനശ്രദ്ധയെ കൂടുതലായി ആകര്‍ഷിച്ചുകൊണ്ടിരുന്നു. കടുത്ത സമ്മര്‍ദ്ധത്തിലായ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ഒടുവില്‍ ക്രിസ്റ്റീന്റെ കാണാതായ കുട്ടിയെ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. 1928 ഓഗസ്റ്റ് മാസത്തില്‍ ഇല്ലിനോയ് പോലീസ് കണ്ടെത്തിയ ഒരു കുട്ടിയെ കാലിഫോര്‍ണിയ പോലീസ് ഏറ്റെടുക്കുകയും അത് വാള്‍ട്ടര്‍ ആണെന്നു ഉറപ്പിച്ചു ഇടിഞ്ഞുകൊണ്ടിരിക്കുന്ന തങ്ങളുടെ ജനപ്രീതിക്ക് പരിഹാരമെന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയതായി പ്രഖ്യാപിച്ചത്. എന്നാല്‍ കുട്ടിയെക്കണ്ടനിമിഷംതന്നെ അത് തന്റെ മകനായ വാള്‍ട്ടര്‍ അല്ല എന്നു ക്രിസ്റ്റീന്‍ പറഞ്ഞു. അഞ്ചാറുമാസം കൊണ്ട് കുട്ടിയുടെ ശാരീരികപ്രകൃതിയില്‍വന്ന‍ മാറ്റംകൊണ്ട്  ക്രിസ്റ്റീനു തെറ്റായിതോന്നുന്നതാണെന്നുപറഞ്ഞ് ആ കുട്ടിയെ പോലീസ് അവള്‍ക്കൊപ്പം അയച്ചു. ആ കുട്ടിയാകട്ടെ താന്‍ ക്രിസ്റ്റീന്റെ മകനായ വാള്‍ട്ടര്‍ കോളിന്‍സ് തന്നെയാണെന്നുറപ്പിച്ചുപറയുകയും ചെയ്തു.

മൂന്നാഴ്ചകള്‍ക്കുശേഷം ക്രിസ്റ്റീന്‍ ആ കുട്ടിയുമായി പോലീസ് സ്റ്റേഷനിലെത്തുകയും തന്നോടൊപ്പമുള്ള കുട്ടി തന്റെ മകനല്ലായെന്നും തന്റെ മകനായിരുന്ന വാള്‍ട്ടറിന്റെ ഡെന്റല്‍ സര്‍ജറിയുടെ റിക്കോര്‍ഡുകളും ഒപ്പം വാള്‍ട്ടറിനെ ശരിക്കറിയാവുന്ന സ്കൂള്‍ ടീച്ചറിന്റേയും മറ്റും സൈന്‍ഡ് ഡോക്യുമെന്റ്സും ചീഫിനു മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. അതൊടെ കോപിഷ്ഠനായ ക്യാപറ്റന്‍ ജോണ്‍സ് ക്രിസ്റ്റീനുനേരേ കുട്ടിയെ നോക്കാനുള്ള മടികൊണ്ട് കള്ളങ്ങള്‍ പറയുകയാണ് എന്നുപറഞ്ഞ് ആക്രോഷിക്കുകയും മറ്റു വിവാദങ്ങള്‍ ഉണ്ടാകരുത് എന്ന ഉദ്ദേശ്യത്തോടെ അവളെ ലോസ് ആഞ്ചല്‍ ജനറല്‍ ഹോസ്പിറ്റലിലെ സൈക്യാട്രി വാര്‍ഡില്‍ അടയ്ക്കുവാന്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.

ഈ സംഭവം നടക്കുമ്പോള്‍ സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിന്റെ മാതാവായ വിന്നെഫ്രഡ് തന്റെ മകനെപ്പറ്റി വല്ലാതെ വേവലാതിപ്പെടുവാന്‍ തുടങ്ങി. സാന്‍ഫോര്‍ഡ് വീട്ടിലേയ്ക്കയച്ചിരുന്ന കത്തുകളിലെ ദുരൂഹമായ എഴുത്തുകളും മറ്റും അവരില്‍ സംശയമുണര്‍ത്തി. അങ്ങനെ സാന്‍ഫോര്‍ഡിന്റെ മൂത്തസഹോദരിയായ ജെസ്സി ക്ലാര്‍ക്ക് കാനഡയില്‍നിന്നു സാന്‍ഫോര്‍ഡിനെക്കാണാനായി വൈന്‍ വില്ലേയിലേയ്ക്കുവന്നു. തന്റെ സഹൊദരന്റെ പെരുമാറ്റത്തിലും മറ്റും ആകെ പന്തികേടുതോന്നിയ അവള്‍ അവനോട് വിശദമായി കാര്യങ്ങള്‍ തിരക്കിയപ്പോള്‍ താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊടിയ പീഡനങ്ങള്‍ അവന്‍ തുറന്നുപറഞ്ഞു. ഫാമിലെത്തിയശേഷം നോര്‍ത്ത്കോട്ട് തന്നെ ധാരാളം ഉപദ്രവിക്കുകയും ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നതായും അവനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയിരുന്നതായും പറഞ്ഞ അവന്‍ ഒരവസരത്തില്‍ നോര്‍ത്ത്കോട്ട് നാലോളം കുട്ടികളെ കൊല്ലുകയും ചെയ്തു എന്നും അറിയിച്ചു. ഒരാഴ്ചയ്ക്കുശേഷം കാനഡയില്‍ മടങ്ങിയെത്തിയ ജെസ്സി അവിടത്തെ അമേരിക്കന്‍ കൌണ്‍സിലില്‍ നോര്‍ത്ത്കോട്ടിന്റെ ക്രൂരകൃത്യങ്ങളുടെ വിവരങ്ങള്‍ ധരിപ്പിച്ചു. തന്റെ സഹോദരനെ അവിടെ തടഞ്ഞുവച്ചിരിക്കുകയാണെന്നും രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. അമേരിക്കന്‍ കൌണ്‍സില്‍ എല്‍ ഏ പി ഡിയുമായി ബന്ധപ്പെടുകയും കുട്ടി കനേഡിയന്‍ ആയതിനാല്‍ ഇമിഗ്രേഷന്‍ ഇഷ്യൂസ് ഉണ്ടെന്നറിയിച്ച് എത്രയും പെട്ടന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ 1928 ഓഗസ്റ്റ് 31 നു ഇമിഗ്രേഷന്‍ സര്‍വ്വീസിലെ രണ്ടുദ്യോഗസ്ഥര്‍ വൈന്‍വില്ലേയിലെ കോഴിക്കശാപ്പുശാല സന്ദര്‍ശിക്കുകയും അവിടെനിന്നു ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച 15 വയസ്സുകാരാനായ സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിനെ പിടികൂടുകയും ചെയ്തു. മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. കശാപ്പുശാലയുടെ ഉടമയായ നോര്‍ത്ത്കോട്ട് അപ്പോഴേയ്ക്കും സ്ഥലം വിട്ടിരുന്നു

ഇമിഗ്രേഷന്‍ സെന്ററിലെത്തിച്ച സാന്‍ഫോര്‍ഡിനെ നടപടിക്രമങ്ങള്‍ എല്ലാം അവസാനിപ്പിച്ച് കാനഡയിലേയ്ക്ക് മടക്കിയയയ്ക്കുവാന്‍ ശ്രമിച്ചപ്പോഴാണ് അവന്‍ ഉദ്യോഗസ്ഥരൊട് ചില നിര്‍ണ്ണായകവെളിപ്പെടുത്തലുകള്‍ നടത്തിയത്. അതനുസരിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെത്തി ആ കശാപ്പുശാലയിലെ ചിലസ്ഥലങ്ങളില്‍ പരിശോധിച്ചപ്പോള്‍ നിരവധി ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടു.പലതും മുമ്പ് കാണാതായ ചെറിയ കുട്ടികളുടെ ശരീരങ്ങളായിരുന്നു. ഒരു സൈക്കിക് മൈന്‍ഡ് ആയിരുന്ന നോര്‍ത്ത്കോട്ട് കശാപ്പുശാലയിലെ ജോലികള്‍ ചെയ്യുവാനും പിന്നെ തനിക്കു ലൈംഗികദാഹം തീര്‍ക്കുവാനും ഉപദ്രവിച്ചുരസിക്കുവാനുമായി ചെറിയ പ്രായത്തിലുള്ള കുട്ടികളെ തട്ടിക്കൊണ്ടുവരുകയും ഫാമിനുള്ളില്‍ തടവിലാക്കി പീഡിപ്പിക്കുകയും പലരേയും കൊന്നുവെട്ടിനുറുക്കി കുഴിച്ചുമൂടുകയുമായിരുന്നു. കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി സാന്‍ഫോര്‍ഡിനെക്കൊണ്ടും ചില കുട്ടികളെ കൊല്ലിപ്പിച്ചതായി അവന്‍ തുറന്നുസമ്മതിച്ചു. കാണാതായ കുട്ടികളുടെ ഫോട്ടോകള്‍ അവനെ കാണിച്ചപ്പോള്‍ അതില്‍ മിക്കകുട്ടികളേയും കൊന്നുകുഴിച്ചുമൂടിയതായി അവന്‍ പോലീസ് ഉദ്യോഗസ്ഥരോട് അറിയിച്ചു. അക്കൂട്ടത്തില്‍ വാള്‍ട്ടര്‍ ജോണ്‍സിന്റെ ചിത്രവുമുണ്ടായിരുന്നു.


ക്രിസ്റ്റീന്റെ കൂടെയുള്ള കുട്ടി വാള്‍ട്ടര്‍ അല്ലായെന്നും അവന്റെ യഥാര്‍ത്ഥപേര് ആര്‍തര്‍ ഹച്ചിന്‍സ് എന്നാണെന്നും രണ്ടാനമ്മയുടെ മര്‍ദ്ധനത്തില്‍നിന്നു രക്ഷപ്പെടാന്‍ വീടുവിട്ടുവന്നതാണെന്നും ഇതിനിടയില്‍ തെളിഞ്ഞിരുന്നു. അതോടെ പോലീസിനെതിരെ ജനരോഷം ശക്തമായി.ഈ സമയം സൈക്യാട്രിസെന്‍ടറില്‍ കടുത്തപീഡനങ്ങള്‍ക്കിരയാകുകയായിരുന്നു ക്രിസ്റ്റീന്‍. തന്റെ ഒപ്പമുള്ള കുട്ടി സ്വന്തം മകനാണെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ഒപ്പിട്ടുനല്‍കിയാല്‍ അവളെ പുറത്തുവിടാമെന്ന് മെയിന്‍ഡോക്ടര്‍ അറിയിച്ചെങ്കിലും അവളതിനു തയ്യാറായില്ല.റേഡിയോസ്റ്റേഷനിലെ സഹപ്രവര്‍ത്തകര്‍ ക്രിസ്റ്റീന്റെ ദുരൂഹമായ അപ്രത്യക്ഷലില്‍ അതിശയിക്കുകയും പോലീസ്ചീഫിനെ ഉപരോധിക്കുകയും ചെയ്തു.ഒടുവില്‍ മറ്റുമാര്‍ഗ്ഗമില്ലാതെ ക്രിസ്റ്റീനെ സൈക്യാട്രിവാര്‍ഡില്‍ അഡ്മിറ്റ് ചെയ്തേക്കുകയാണെന്ന്‍ അയാള്‍ക്കുസമ്മതിക്കേണ്ടിവന്നു. അതിനുത്തുടര്‍ന്ന്‍ വന്‍ക്യാമ്പെയിന്‍ ക്രിസ്റ്റീനുവേണ്ടി സംഘടിപ്പിക്കപ്പെടുകയും ആയിരങ്ങള്‍ ലോസ് ആഞ്ചലസ് പോലീസ് ആസ്ഥാനം ഉപരോധിക്കുയുമൊക്കെ ചെയ്യുകയും അങ്ങനെ 10 ദിവസങ്ങള്‍ക്കുശേഷം ക്രിസ്റ്റീനെ റിലീസ് ചെയ്യേണ്ടിവരുകയും ചെയ്തു. പുറത്തെത്തിയ അവള്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും രാജ്യം മുഴുവന്‍ ഈ സംഭവങ്ങള്‍ക്ക് ശ്രദ്ധയുണ്ടാവുകയും ചെയ്തു. ഈ സമയത്താണ് വൈന്‍വില്ലേയിലെ കൂട്ടക്കശാപ്പിന്റെ വാര്‍ത്ത വരുന്നത്. അതോടെ പോലീസ് നോര്‍ത്ത്കോട്ടിനെ പിടികൂടാനുള്ള തീവ്രശ്രമമാരംഭിച്ചു. നോര്‍ത്ത്കോട്ടിന്റെ കുറ്റകൃത്യങ്ങള്‍ക്ക് സഹായവും ഉപദേശവുമായി വര്‍ത്തിച്ചിരുന്ന സാറാ ലൂയിസും നോര്‍ത്ത്കോട്ടും അപ്പോഴേയ്ക്കും കാനഡയിലേയ്ക്കു രക്ഷപ്പെട്ടിരുന്നു.

1928 സെപ്തംബര്‍ 20 നു ബ്രിട്ടീഷ് കൊളംബിയയില്‍ വച്ച് ഇരുവരും പിടിയിലായി. അഞ്ചുകുട്ടികളെ താന്‍ കൊന്നുവെന്നു നോര്‍ത്ത്കോട്ട് സമ്മതിച്ചു. അവന്റെ അമ്മയായ സാറാ ലൂയിസ് വാള്‍ട്ടര്‍ ജോണ്‍സിനെ കൊന്നതായും ശവശരീരങ്ങള്‍ കുഴിച്ചിടാന്‍ സഹായിച്ചതായും സമ്മതിച്ചു.എന്നാല്‍ വാള്‍ട്ടര്‍ ജോണ്‍സിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനോ ഐഡന്റിഫൈ ചെയ്യുവാനോകഴിഞ്ഞില്ല. തുടര്‍ച്ചയായ ചോദ്യം ചെയ്യലുകളില്‍ ഇരുപതോളം പേരെ കൊന്നുകുഴിച്ചിട്ടു എന്നു ഇരുവരും സമ്മതിച്ചു. അമേരിക്കയെ ഏകദേശം ഇളക്കിമറിച്ച പ്രമാദമായ ഈ കേസിന്റെ വിചാരണയാരംഭിച്ചത് 1929 ജനുവരിമാസത്തിലായിരുന്നു. നോര്‍ത്ത് കോട്ട് തന്റെ കുറ്റങ്ങളെ ന്യായീകരിക്കുവാനും രക്ഷപ്പെടുവാനുമായി പലശ്രമങ്ങളും നടത്തിയെങ്കിലും എല്ലാ തെളിവുകളും ശക്തവും വ്യക്തവുമായിരുന്നതിനാല്‍  1929 ഫെബ്രുവരി 8 നു ഗോര്‍ഡന്‍ സ്റ്റുവര്‍ട്ട് നോര്‍ത്ത്കോട്ട് കുറ്റക്കാരനാണെന്ന്‍ ജഡ്ജിമാര്‍ വിധിയെഴുതി. ജഡ്ജായ ജോര്‍ജ് ഫ്രീമാന്‍ നോര്‍ത്ത്കോട്ടിനെ 1930 ഒക്ടോബര്‍ 2 നു മരണംവരെ തൂക്കിലിടുവാന്‍ വിധിച്ചു. സാറാ ലൂയിസിന് ആജീവനാന്തതടവാണ് വിധിക്കപ്പെട്ടത്. സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിനെ ഒരു ഇരയായിക്കണ്ട് വെറുതേ വിടുകയായിരുന്നു. 1930 ഒക്ടോബര്‍ 2 നു ഇരകളാക്കപ്പെട്ട കുട്ടികളുടെ ബന്ധുക്കളുടെ മുന്നില്‍വച്ച് നോര്‍ത്തുകോട്ടിനെ തൂക്കിലേറ്റി.

നോര്‍ത്ത്കോര്‍ട്ടിന്റെ വധശിക്ഷ കഴിഞ്ഞ് ഏകദേശം അഞ്ചുകൊല്ലം കഴിഞ്ഞൊരു സമയത്ത് 1935 ലൊരു കുട്ടിയും അതിന്റെ അപ്പോഴത്തെ  രക്ഷകര്‍ത്താക്കളും പോളീസ് അതോറിറ്റിയ്ക്കുമുന്നില്‍ വന്ന്‍ ആ കുട്ടി ഏഴുവര്‍ഷം മുമ്പ് കൊലപ്പെട്ട വിന്‍ സ്ലോ സഹോദരന്മാരിലൊരാളെന്നെന്നു വെളിപ്പെടുത്തുകയുണ്ടായി. കാ​‍ാപ്പുശാലയില്‍നിന്നു രക്ഷപ്പെട്ടു ഓടിയൊളിച്ചതായിരുന്നു അവന്‍. ഭയന്ന്‍ പലയിടത്തും അലഞ്ഞുതിരിഞ്ഞ അവനെ അഭയം നല്‍കിയവര്‍ക്കുമുന്നില്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവന്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ അവര്‍ ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. ആ കുട്ടിയുടേ മൊഴിയനുസരിച്ച് അവന്റെ ഷോദരനും ഒപ്പം വാള്‍ട്ടറും ആ ശവപ്പറമ്പില്‍നിന്നു രക്ഷപ്പെട്ടോടിയിരുന്നു.എന്നാല്‍ സാന്‍ഫോര്‍ഡ് ക്ലാര്‍ക്കിന്റെ മൊഴിയനുസരിച്ച് ഒരാളുപോലും  അവിടെ നിന്നു രക്ഷപ്പെടുകയുണ്ടായിട്ടില്ല. വാള്‍ട്ടറും വിന്‍ സ്ലോ സഹോദരങ്ങളും കൊല്ലപ്പെടുകതന്നെ ചെയ്തു. ഇവരുടെ കൊലപാതകങ്ങള്‍ക്കാണ് നോര്‍ത്ത്കോട്ടിനു വധശിക്ഷയും അവന്റെ അമ്മയായ സാറാ ലൂ​‍യിസിനു ആജീവനാന്തത്തടവും ശിക്ഷ ലഭിച്ചത്. തന്റെ മകന്‍ എന്നെങ്കിലും മടങ്ങ്വവരുമെന്ന പ്രതീക്ഷയോടെ ക്രിസ്റ്റീന്‍ കാത്തിരിപ്പും ഒപ്പം അവനെത്തിരക്കലും തുടര്‍ന്നുകൊണ്ടിരുന്നു.

1930 നവംബര്‍ ഒന്നിനു വൈന്‍വില്ലേ എന്ന പേര് മിരാലോമാ എന്നു ഔദ്യോഗികമായി പുനര്‍നാമകരണം ചെയ്യപ്പെട്ടു.

2008 ല്‍ ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്ത് ഏന്‍ജലീന ജൂലി നായികയായി അഭിനയിച്ച ചാഞ്ചെല്ലിംഗ് എന്ന സിനിമ ഈ സംഭവത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ്.


ശ്രീ

Sunday, September 8, 2019

അച്ഛന്‍..

അച്ഛന്‍..   കഥ


"ഡാ രാജീവാ ഒന്നെഴുന്നേറ്റേ"

മധുരമുള്ളൊരു കനവ് ഞൊട്ടിനുണഞ്ഞുകൊണ്ട് മയങ്ങിക്കിടക്കുകയാ​‍യിരുന്ന സുനില്‍ ആ വിളികേട്ട് സ്വപ്നത്തിന്റെ സാങ്കല്‍പ്പികലോകത്തുനിന്നും വിടുതല്‍ നേടി ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു. ശ്രീരം മുഴുവന്‍ ഒന്നു കോച്ചിവലിച്ചതുപോലെ കൈകാലുകള്‍ നീട്ടിയിട്ട് ഒരു പ്രത്യേക ഒച്ചയുണ്ടാക്കിക്കൊണ്ടവന്‍ തന്നെ തന്നെ നോക്കി നില്‍ക്കുന്ന സുനിലിനെ ഒന്നുരണ്ടുനിമിഷം നോക്കി അതേ കിടപ്പുകിടന്നു. പിന്നീട് പുതച്ചിരുന്ന ബെഡ്ഷീറ്റ് എടുത്തുമാറ്റിയിട്ടവന്‍ എഴുന്നേറ്റിരുന്നു.എന്നിട്ട് ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കി. സമയം നാലരകഴിഞ്ഞതേയുള്ളൂ.

"എന്തുവാടേ. ഒന്നുറങ്ങുവാനും സമ്മതിക്കില്ലേ. ആകെയൊരവധി ദിവസാണു കിട്ടുന്നത്?"

ചെറുനീരസം വാക്കുകളിലൊളിപ്പിച്ചവന്‍ സ്നേഹിതനെ നേരിട്ടു.

"അളിയാ. ഇന്നിനി ഉറങ്ങാന്‍ വരട്ടെ. ഇന്നു നമുക്ക് അടിച്ചുപൊളിക്കണം. എന്നും നീയൊക്കെ പറയുന്നതല്ലേ ഞാന്‍ പിശുക്കിന്റെ അറുക്കീസ് ആണെന്നൊക്കെ. ഇന്നു അതെല്ലാം തീര്‍ത്തിട്ടേയുള്ളു മറ്റെന്തും. നീ നാലഞ്ച് മുട്ടയെടുത്ത് ഇച്ചിരി പുഴുങ്ങിയേ. ഞാന്‍ ഇതാവരുന്നു.

അതീവ സന്തോഷവാനായി വര്‍ത്തമാനം പറഞ്ഞുകൊണ്ട് ഹാംഗറില്‍ നിന്നും ഒരു ഉടുപ്പുമെടുത്തിട്ട് പുറത്തേയ്ക്കിറങ്ങുന്ന സുനിലിനെ രാജീവന്‍ അല്‍പ്പം അതിശയത്തോടെ നോക്കിയിരുന്നു. ഇവനിതെന്തുപറ്റി. രണ്ടുമൂന്നുമിനിട്ട് അതേ ഇരുപ്പിരുന്നിട്ട് രാജീവനെഴുന്നേറ്റ് അടുക്കളയിലേയ്ക്ക് നടന്നു. അലമാരിയില്‍ നിന്നും സിഗററ്റ് പായ്ക്കറ്റ് തപ്പിയെടുത്ത് ഒരെണ്ണം തീപറ്റിച്ചു ചുണ്ടോട് ചേര്‍ത്തിട്ട്മൊരു ചെറിയ പാത്രത്തില്‍ കുറച്ച് വെള്ളമെടുത്ത് അടുപ്പില്‍ വച്ച് സ്റ്റൌ ഓണ്‍ ചെയ്തു. ശേഷം നാലഞ്ചു മുട്ടയെടുത്തു ശ്രദ്ധയോടെ അതിലേക്കിട്ടു. ആരോ മുറിയിലേയ്ക്ക് കയറിവന്നതുപോലെ തോന്നിയ രാജീവന്‍ തലയെത്തിച്ച് മുറിക്കുള്ളിലേയ്ക്ക് നോക്കി. വിജയനാണ്. അല്‍പ്പം പരിഭ്രാന്തി നിറഞ്ഞ മുഖഭാവത്തോടെ വിജയന്‍ മുറിക്കകത്തേയ്ക്ക് കയറിയിട്ട് നാലുചുറ്റും നോക്കുന്നതുകണ്ട് രാജീവന്‍ അവനെ പേരെടുത്തുവിളിച്ചു. അവനടുത്തേയ്ക്ക് വന്ന വിജയന്‍ ആകെ അസ്വസ്ഥനായിരുന്നു.

"സുനിലെവിടേടാ"

"ഒറങ്ങിക്കിടന്ന എന്നെ വിളിച്ചുണര്‍ത്ത് നാലഞ്ചു മൊട്ട പുഴുങ്ങാന്‍ പറഞ്ഞിട്ട് ഇപ്പം വരാമെന്ന്‍ പറഞ്ഞവന്‍ പൊറത്തോട്ട് പോയി. എന്താടാ എന്തുപറ്റി. നീയെന്താ വല്ലാണ്ടിരിക്കുന്നത്"

രാജീവന്‍ അല്‍പ്പം ആകാംഷയോടെ വിജയനോട് ചോദിച്ചു.

"ടാ മ്മട സുനിലിന്റെ അച്ഛന്‍ മരിച്ചു.ഇന്നു ഉച്ചയ്ക്ക് ഏതോ വണ്ടിയിടിച്ചത്രേ. ആശുപത്രിയില്‍ ഒക്കെ എത്തുന്നതിനുമുന്നേ..."

വിജയന്‍ ഒച്ചകുറച്ചു പറഞ്ഞുനിര്‍ത്തി. കേട്ടതുവിശ്വസിക്കാനാവാത്തവണ്ണം രാജീവന്‍ സ്തബ്ധനായല്‍പ്പനേരം നിന്നു.

"അവനിതറിഞ്ഞോ?"

"അവന്‍ തന്നെയാണ് കടയിലെ ഹംസാക്കയെ വിളിച്ചുപറഞ്ഞത്. ഇച്ചിരി മുന്നേ ചായകുടിക്കാന്‍ ചെന്നപ്പോള്‍ ഹംസാക്കാ എന്നോട് പറഞ്ഞു. ഞാനപ്പോഴേ മടങ്ങി. അവനെവിടെപ്പോയതാന്നു വല്ലോം പറഞ്ഞോ"

"ഹേയ്. ഇന്ന്‍ നമുക്ക് അടിച്ചുപൊളിക്കണം എന്നൊക്കെ പറഞ്ഞിട്ടാ പോയത്. എനിക്ക് പേടിയാകുന്നളിയാ. ഒരു കാര്യം ചെയ്യാം നീ വാ നമുക്കൊന്നു പുറത്തേയ്ക്ക് പോയി നോക്കാം"

സ്റ്റൌ ഓഫ് ചെയ്തിട്ട് രാജീവന്‍ റൂമിലേയ്ക്ക് കയറി പെട്ടന്ന്‍ ഷര്‍ട്ടെടുത്തിട്ട് വിജയനോടൊപ്പം പുറത്തേയ്ക്കിറങ്ങി. സുനില്‍ ചിലപ്പോള്‍ പോകാന്‍ സാധ്യതയുണ്ടെന്ന്‍ കരുതുന്ന ചില സ്ഥലങ്ങളില്‍ ഒന്നു നോക്കാമെന്നുകരുതി നടന്നു.

ആ മുറിയില്‍ ഇപ്പോള്‍ അവര്‍ മൂന്നുപേര്‍ മാത്രമേയുള്ളു. രാജീവനും സുനിലും വിജയനും. ഭാഗ്യം പരീക്ഷിക്കാനായി അന്യനാട്ടില്‍ വന്ന്‍ രക്തം വിയര്‍പ്പാക്കിയൊഴുക്കുവാന്‍ വിധിക്കപ്പെട്ടുപോയ അനേകായിരങ്ങളുടെ പ്രതിനിധികളില്‍ പെട്ടവര്‍. ആദ്യം ആ റൂമില്‍ ആറുപേരുണ്ടായിരുന്നു. മൂന്നുപേര്‍ കഷ്ടപ്പാടുതാങ്ങാനാവാതെ മറ്റുജോലിയന്യോഷിച്ചുപോയി. ഇപ്പോള്‍ എവിടെയാണെന്നുപോലുമറിയില്ല. രാജീവനും സുനിലും വിജയനും എന്തുകൊണ്ടോ ആ കാലാവസ്ഥയുമായിപൊരുത്തപ്പെട്ടുപോയി. ഉള്ളതുകൊണ്ടവര്‍ തൃപ്തിപ്പെടുന്നു. അടുത്ത കൂട്ടുകാരാണെങ്കിലും മൂവര്‍ക്കും പരസ്പരം കൂടുതലായൊന്നുമറിയില്ല. വീട്ടുകാരെക്കുറിച്ചൊക്കെ അന്യോന്യം വിശേഷങ്ങള്‍ പങ്കു വച്ചിട്ടുണ്ട്. സന്തോഷങ്ങള്‍ അധികമില്ലാത്തതുകൊണ്ടു തന്നെ അവര്‍ അത്തരം കാര്യങ്ങള്‍ വലുതായി ചര്‍ച്ച ചെയ്യാറേയില്ല. മരുഭൂമിയിലെ ദുരിതം നിറഞ്ഞ ജീവിതത്തില്‍ സ്വന്തം പ്രയാസങ്ങള്‍ അറിയിച്ചു എന്തിനു ഒരാളെക്കൂടി വിഷമിപ്പിക്കണം എന്നു കരുതി എല്ലാം ഉള്ളില്‍ അടക്കികഴിയുന്നവര്‍. കഷ്ടപ്പാടിന്റെ പ്രതിഫലമെന്നൊണം കിട്ടുന്ന ശമ്പളം മുടക്കമേതും കൂടാതെ മാസാവസാനം നാട്ടിലേക്കയക്കാന്‍ മറക്കാറില്ല മൂവരും. കൂട്ടത്തില്‍ സുനില്‍ വളരെയേറെ പിശുക്കിയാണു കഴിയുന്നത്. രാജീവനും വിജയനും വല്ലപ്പോഴും മദ്യപിക്കാറുണ്ട്. സുനില്‍ ചിലപ്പോള്‍ ഒരു പെഗ്ഗുമായി അവരോടൊപ്പം ആഘോഷിക്കും. മാസത്തിലെ അപ്രകാരമുള്ള ഒന്നോ രണ്ടോ ദിനങ്ങളില്‍ മാത്രമാണ് അവരില്‍ സന്തോഷം പൂര്‍ണ്ണാര്‍ത്ഥത്തില്‍ നുരകൊള്ളുന്നത്.

പതിവായി തങ്ങള്‍ പോവാറുള്ള എല്ലാ സ്ഥലങ്ങളിലും അവര്‍ സുനിലിനെ തിരഞ്ഞു നടന്നു.

"ഇവനിതെവിടെപോയി. ഫോണാണെങ്കില്‍ സ്വിച്ചോഫും. ഒരുവേള അവന്‍ ഹംസാക്കയുടെ അടുത്തുകാണുമോ. എന്തായാലും നീ വാ നമുക്കവിടെയൊന്നു നോക്കാം".

നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുകണങ്ങള്‍ വടിച്ചുകളഞ്ഞുകൊണ്ട് വിജയന്‍ രാജീവനോടായി പറഞ്ഞു.

എന്നാല്‍ ഹംസാക്കയുടെ അടുത്തും സുനില്‍ എത്തിയിട്ടില്ലെന്നറിഞ്ഞപ്പോള്‍ എന്തോ ഒരു വല്ലായ്മ അവരെ ബാധിക്കുവാന്‍ തുടങ്ങി. സമയം കടന്നുപോകുന്തോറും അതു കൂടിക്കൂടിവന്നു. പെട്ടന്ന്‍ വിജയന്റെ ഫോണടിയ്ക്കുവാ​ന്‍ തുടങ്ങി.

"ദേ സുനിലാടാ രാജീവാ. ഹലോ നീയിതെവിടെയാ ങ്ഹേ റൂമിലുണ്ടെന്നൊ. ച്ഛേയ് നീയിതെന്തുപണിയാ കാട്ടിയതു. ഞങ്ങളിനി നിന്നെ തിരക്കാന്‍ സ്ഥലം ബാക്കിയില്ല. ഞങ്ങളിതാ വരുന്നു".

പെട്ടന്നു തന്നെ രാജീവനും വിജയനും റൂമിലേയ്ക്കു തിരിച്ചു.

റൂമിന്റെ വാതിക്കല്‍ തന്നെ സുനില്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.

"നിങ്ങളെന്തിനാ എന്നെ തിരഞ്ഞുപോയതു. ഞാന്‍ സാധനം വാങ്ങാന്‍ പോയതല്ലായിരുന്നൊ. അവിടെയാണെങ്കി മൊബൈലിനു റെയിഞ്ചില്ല. അതുകൊണ്ടാ വിളിക്കാന്‍ പറ്റാതിരുന്നതു. നിന്നോട് ഞാന്‍ മൊട്ട പുഴുങ്ങി വച്ചിരിക്കണമെന്ന്‍ പറഞ്ഞിട്ടല്ലേ പോയത്. ഞാന്‍ തന്നെ അതും ശരിയാക്കി. ശരി വന്നേ വന്നേ പെട്ടന്നാവട്ടേ. ഇന്നു ആഘോഷത്തിന്റെ ദിവസമാണെനിയ്ക്കു. നമുക്കിന്നടിച്ചുപൊളിയ്ക്കണം".

നിറഞ്ഞ സന്തോഷത്തോടെ തങ്ങളോടു സംസാരിക്കുന്ന സുനിലിനെ ഒരത്ഭുതവസ്തുവിനെ കാണുന്നതുപോലെ അവര്‍ മിഴിച്ചുനോക്കി.

മുറിയ്ക്കകത്തേയ്ക്കു കയറിയ അവര്‍ ആകെ അന്തംവിട്ടുപോയി. രണ്ടു ‍ബോട്ടില്‍ മദ്യവും ഒരു കെയ്സ് ബിയറും സെവന്‍ അപ്പും മിക്സ്ചറും ഒക്കെ നിരത്തിവച്ചിരിക്കുന്നു.

ഒന്നുമൊന്നും മനസ്സിലാകാതെ വിജയനും സുനിലും പരസ്സ്പരം നോക്കിനിന്നു.സ്വന്തം അച്ഛന്‍ മരിച്ചുവെന്നിവന്‍ പറഞ്ഞതു കള്ളമാണോ. മൂന്നു ഗ്ലാസ്സുകളിലായി മദ്യമൊഴിച്ച് ഓരോന്നെടുത്തവര്‍ക്കു നല്‍കിയ ശേഷം തന്റെ ഗ്ലാസ്സ് ഒറ്റവലിയ്ക്കു കലിയാക്കിവച്ച സുനിലിനെ അവര്‍ അതിശയത്തോടുകൂടി നോക്കിയിരുന്നു. പിന്നീട് തങ്ങളുടെ ഗ്ലാസ്സുകള്‍ ചുണ്ടോടു ചേര്‍ത്തു. സുനിലിനോട് എന്തെല്ലാമോ ചോദിച്ചറിയണമെന്ന്‍ ഇരുവര്‍ക്കുമുണ്ടായിരുന്നെങ്കിലും ഇരുവരുടേയും നാവിനെ ഏതോ അദൃശ്യ ചങ്ങല ബന്ധിച്ചിരുന്നു. ഗ്ലാസ്സുകള്‍ വീണ്ടും വീണ്ടും നിറയുകയും ഒഴിയുകയും ചെയ്തുകൊണ്ടിരുന്നു.

"ടാ രാജീവാ. നീയറിഞ്ഞാ എന്റെ അച്ഛന്‍ ഇന്നു മരിച്ചു.ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന ദിവസമാണിന്നു. ഇന്നാഘോഷിച്ചില്ലെങ്കില്‍ ഞാന്‍ പിന്നെ എന്നാഘോഷിക്കുവാനാണ്".

നിറഞ്ഞ ഗ്ലാസ്സെടുത്തുയര്‍ത്തിക്കൊണ്ട് സുനില്‍ പറഞ്ഞു. അവന്റെ വാക്കുകളില്‍ ചെറിയ ഇഴച്ചില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നു.

"എന്താടാ സുനിലേയിത്. നിന്റച്ഛനല്ലേ. അങ്ങിനെയൊന്നും പറയാന്‍ പാടില്ല. അച്ഛന്‍ മരിക്കുമ്പോഴാണോ ആഘോഷിക്കണം എന്നൊക്കെ പറയുന്നത്. നീ നാട്ടില്‍ പോ. നമുക്കു മാനേജരുമായി ഒന്നു സംസാരിക്കാം. അയാളു സമ്മതിക്കും".

ഗ്ലാസ്സു താഴെവച്ചുകൊണ്ട് വിജയന്‍ പറഞ്ഞു.

"നാട്ടിലോ... ഞാനോ.. എന്തിനു?. അതിന്റെയൊന്നുമാവശ്യമില്ല. ഒരു മകനെന്ന നിലയില്‍ ഞാന്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍. അതു കിട്ടാതെ ആ ആത്മാവ് അലഞ്ഞു തിരിഞ്ഞു ഗതിപിടിയ്ക്കാതെ നടക്കണം. ഹും അച്ഛന്‍. ആ വാക്കിനോടുപോലും വെറുപ്പാണെനിയ്ക്കു. രണ്ടു മക്കളെയുണ്ടാക്കിയതുകൊണ്ടുമാത്രം ഒരാളെ അച്ഛനെന്നു വിളിക്കാമോടാ. മക്കളെ ആര്‍ക്കും ഒണ്ടാക്കാം. ഒണ്ടാക്കിക്കളഞ്ഞു എന്ന കാരണം പറഞ്ഞ് ഒരുത്തനേം ആരാധിക്കേം ബഹുമാനിക്കേം വേണ്ട. ഒണ്ടാക്കിയാ മാത്രം പോരാ. അവരെ സംരക്ഷിക്കുക കൂടി വേണം. എന്റെ പാവം അമ്മയും പെങ്ങളും. ആ ദുഷ്ടനെ അങ്ങു കൊന്നുകളഞ്ഞാലോ എന്നു നിരവധിപ്രാവശ്യം ചിന്തിച്ചിട്ടൊള്ളതാ ഞാന്‍. നിങ്ങളോടൊന്നും ഞാനിതുവരെ പറഞ്ഞിട്ടില്ലെന്നേയുള്ളൂ​‍. ആ മരണം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നതെന്റെ പാവം അമ്മയെയായിരിക്കും. ഒരു മനുഷ്യായുസ്സു മുഴുവനും അനുഭവിയ്ക്കേണ്ടതെന്റെയമ്മ ഈ പ്രായത്തിനുള്ളില്‍ അനുഭവിച്ചുകഴിഞ്ഞു. ജീവിതത്തില്‍ ഇന്നേവരെ സമാധാനവും സന്തോഷവുമവരെന്താണെന്നറിഞ്ഞിട്ടില്ല".

നിറഞ്ഞ കണ്ണുകള്‍ ഒന്നു തുടച്ചുകൊണ്ട് ഒന്നും മനസ്സിലാവാതെ മുഖത്തോടുമുഖം നോക്കിയിരിയ്ക്കുന്ന തന്റെ കൂട്ടുകാരെ നോക്കി സുനില്‍ തുടര്‍ന്നു.

"എനിയ്ക്കു ഓര്‍മ്മവച്ച നാള്‍ മുതല്‍ ഇന്നുവരെ എന്റെ അമ്മയുടെ കണ്ണുകള്‍ തോര്‍ന്നതു ഞാന്‍ കണ്ടിട്ടില്ല. എന്നും കള്ളുകുടിച്ചുവന്നു അമ്മയെ എടുത്തിട്ടടിക്കുന്ന എന്നെയും എന്റെ കുഞ്ഞുപെങ്ങളേയും നികൃഷ്ടമായികാണുന്ന ഒരാളെ ഞാന്‍ എങ്ങിനെ അച്ഛന്‍ എന്നു വിളിച്ചു ബഹുമാനിയ്ക്കും. അച്ഛനെ പലപ്പോഴും എതിര്‍ക്കണമെന്നു തോന്നിയിട്ടുണ്ട്. പക്ഷേ എന്റമ്മ. ഒരിക്കല്‍ അമ്മയെ അടിയ്ക്കുന്നതിനു തടസ്സം പിടിയ്ക്കാന്‍ ചെന്ന എന്റെ പെങ്ങളെ ആ മനുഷ്യന്‍ തൊഴിച്ചെറിഞ്ഞതുമൂലം നട്ടെല്ലിനു പരിക്കേറ്റ് എത്രനാളായി എന്റെ പെങ്ങളു കിടപ്പിലാണെന്നറിയാമോ. ഞാന്‍ പിശുക്കി പിശുക്കി അയക്കുന്നതിലാണു അവളുടെ ചികിത്സേം നടക്കുന്നത്. അതീന്നും പിടിച്ചുപറിക്കാനായ് ആ മനുഷ്യന്‍ വരാറുണ്ട്. അത്രയ്ക്കു ക്രൂരനാണയാള്‍. ആ മനുഷ്യന്റെ മരണം ഞാനാഗ്രഹിച്ചിരുന്നു. ഒരിക്കലല്ല പലവട്ടം. ഇനിയെന്റെ അമ്മയുടെ കണ്ണുകള്‍ ഒരിയ്ക്കലും നിറയാന്‍ ഞാനനുവദിയ്ക്കില്ല. അനുജത്തിയെ ചികിത്സിപ്പിച്ചു അവളെ നേരെയാക്കണം. ഇന്നു ഞാന്‍ കുടിച്ചത് സന്തോഷത്തിന്റെ ആധിക്യം കൊണ്ടാണ്. ഇനി ഒരിക്കലും ഞാനിത് കൈകൊണ്ട് തൊടില്ല. ഇപ്പോള്‍ ഈ ലോകത്തിലേറ്റവും സന്തോഷിക്കുന്ന വ്യക്തി ഞാനാണെടാ...".

നിറഞ്ഞിരുന്ന ഗ്ലാസ്സിലെ നിറമുള്ള ദ്രാവകം വായിലേക്ക് കമിഴ്ത്തിയിട്ട് തന്നെതന്നെ നോക്കി മിഴിച്ചിരിക്കുന്ന ഇരുവരേയും ഒന്ന്‍ നോക്കി സുനില്‍ മെല്ലെയെഴുന്നേറ്റ് ആടിയാടി പുറത്തേയ്ക്കു നടന്നു.

ഇത്രയും കാലം സങ്കടക്കടലുള്ളില്‍ ഒതുക്കിക്കൊണ്ടാണു തങ്ങളോടൊപ്പം സുനില്‍ കഴിഞ്ഞിരുന്നതെന്ന്‍ തിരിച്ചറിഞ്ഞ സുനിലും വിജയനും നിര്‍ന്നിമേഷരായി അതേയിരുപ്പ് കുറച്ചുനേരം കൂടിയിരുന്നു. തനിക്കായൊഴിച്ചുവച്ചിരുന്ന ഗ്ലാസ്സിലെ മദ്യമെടുത്ത് ചുണ്ടോട് ചേര്‍ക്കവേ സ്വന്തം അച്ഛനാരാണെന്നു ഉറപ്പിച്ചുപറയുവാന്‍ കഴിയാത്ത ഒരമ്മയുടെ മകനായി ജനിച്ചുപോയ ദുഃഖമൊരുനിമിഷനേരത്തേയ്ക്ക് വിജയന്‍ മറന്നു. പ്രവാസത്തിന്റെ അകലത്തിലേയ്ക്ക് യാത്രയാകാനൊരുങ്ങവേ എത്രയും പെട്ടന്നുമടങ്ങിവരണമെന്നു പറഞ്ഞുകൊണ്ട് തന്നെ കെട്ടിപ്പിടിച്ചു കണ്ണീര്‍വാര്‍ത്ത തന്റെ സ്നേഹനിധിയായ അച്ഛനെ മനസ്സിലോര്‍ത്തുകൊണ്ട് രാജീവന്‍ തറയിലേയ്ക്കു മലര്‍ന്നുകിടന്നു തന്റെ കണ്ണുകളടച്ചു.‍

ശ്രീക്കുട്ടന്‍



Wednesday, August 28, 2019

ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട്


മുമ്പ് ഭൂമിയിലെ മറ്റേതെങ്കിലുമൊരു രാജ്യം കാണുകയെന്നത് എല്ലാവരാലും സാധ്യമായ ഒന്നായിരുന്നില്ല. പലപ്പോഴും ഭാവനയില് കാണുകയോ ഏതെങ്കിലും ആളിന്റെ സാക്ഷിവിവരണത്താലാസ്വദിക്കുകയോ അല്ലെങ്കില്‍‍ ഭൂഗോളത്തിലോ ഭൂപടത്തിലോ ആ രാജ്യത്തിന്റെ സ്ഥാനം നോക്കിക്കാണുക എന്നതുമാത്രമായിരുന്നു വഴി. വിമാനയാത്ര എന്നത് അക്കാലത്ത് സങ്കല്‍പ്പത്തില്‍പ്പോലുമില്ലായിരുന്നു. പിന്നീട് ഒരു സാധ്യതയുണ്ടായിരുന്നത് കടല്‍മാര്‍ഗ്ഗമുള്ളയാത്രയാണ്.  എന്നാല്‍ കപ്പല്‍കയറി ലോകം മുഴുവന്‍ സഞ്ചരിക്കുക എന്നത് എല്ലാവരെക്കൊണ്ടും സാധിക്കുന്ന ഒന്നേ ആയിരുന്നില്ല. അതിസമ്പന്നര്‍ക്ക് മാത്രം തരപ്പെട്ടിരുന്ന അത്തരം സുഖസൌകര്യങ്ങള്‍ക്കുമുന്നില്‍ മാറിനിന്ന ബഹുശതവും ഭാവനകളില്‍ മാത്രം മറ്റുലോകങ്ങളുമായി സംവദിച്ചു. എന്നാല്‍ നമ്മുടെ മലയാളനാട്ടില്‍നിന്നൊരാള്‍ അക്കാലത്ത് ലോകം ചുറ്റിക്കാണാനായി കപ്പല്‍ സഞ്ചാരം നടത്തുകയും താന്‍ കണ്ട ലോകങ്ങളേയും അവിടത്തെ ആളുകളേയും ജൈവവൈവിദ്ധ്യങ്ങളേയും അവിടത്തെ രീതികളേയുമൊക്കെ സവിസ്തരം എഴുതി ലോകത്തെ അറിയിക്കുകയുണ്ടായിട്ടുണ്ട്. സഞ്ചാരസാഹിത്യത്തിനു് അർത്ഥപൂർണ്ണമായ ഒരു മുഖം നൽകുകയും അതിനെ ജനലക്ഷങ്ങളുടെ പ്രിയതരമായ ഒരു സാഹിത്യശാഖയാക്കുകയും ചെയ്ത ആ മഹാസാഹിത്യകാരനെ സഞ്ചാരസാഹിത്യത്തിന്റെ തലതൊട്ടപ്പന്‍ എന്നുതന്നെ വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. ആ സാഹസികന്റെ പേരായിരുന്നു  ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട്ട് എന്ന എസ് കെ പൊറ്റെക്കാട്ട്.


ഒരു ഇംഗ്ലീഷ് സ്കൂള്‍ അദ്ധ്യാപകനായിരുന്ന പൊറ്റെക്കാട്ട് കുഞ്ഞിരാമന്റെയും മുണ്ടയോടു് ചാലിൽ കുട്ടൂലിയുടെയും മകനായി 1913 മാർച്ച് 14നു് കോഴിക്കോട്ടായിരുന്നു ശങ്കരന്‍കുട്ടി ജനിച്ചത്. കോഴിക്കോട്ടുള്ള ചാലപ്പുറം ഗണപത് സ്കൂളില്‍നിന്നു പ്രാഥമികവിദ്യാഭ്യാസം നേടിയ അദ്ദേഹം സാമൂതിരിസ്കൂളിലുമായി പഠിച്ച് സിക്സ്ത് പാസ്സായി. പിന്നീട് കോഴിക്കോട് സാമൂതിരിക്കൊളേജില്‍നിന്നും ഇന്റര്‍മീഡിയറ്റ് പാസ്സായ ശങ്കരന്‍കുട്ടി കോഴിക്കോടുതന്നെയുള്ള നാഷണല്‍ ഗുജറാത്തിവിദ്യാലയത്തിൽ ഇംഗ്ലീഷു്, മലയാളം വിഭാഗത്തിന്റെ അദ്ധ്യാപകനായി പ്രവർത്തിക്കാനാരംഭിച്ചു. ഏകദേശം മൂന്നുവര്‍ഷത്തോളം ഇവിടെ ജോലി നോക്കിയ അദ്ദേഹം സ്വാതന്ത്ര്യസമരം തീക്ഷ്ണമായി കത്തിപ്പടര്‍ന്ന ആ നാളുകളില്‍ സജീവമായി സമരങ്ങളില്‍ പങ്കെടുത്തുതുടങ്ങി.ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ത്രിപുര സമ്മേളനത്തിൽ പങ്കെടുക്കാനായി 1939 ല്‍ ജോലി രാജിവെച്ചശേഷം ഒരു സഞ്ചാരിയെപ്പോലെ അദ്ദേഹം ജീവിക്കാനാരംഭിച്ചു. പോലീസിന്റെ നോട്ടപ്പുള്ളിയായതുകൊണ്ടുതന്നെ ഇന്ത്യയുടെ പലസ്ഥലങ്ങളിലേക്കും സഞ്ചരിച്ചു. ആ യാത്രകളാണ് അദ്ദേഹത്തില്‍ സഞ്ചാരസാഹിത്യത്തിന്റെ ഊഷ്മളതയുണര്‍ത്തിയതും പില്‍ക്കാലത്ത് ലോകം മുഴുവനും ചുറ്റിക്കറങ്ങി സഞ്ചാരസാഹിത്യം എന്നതിനു മലയാളസാഹിത്യത്തില്‍ ഒരു സവിശേഷസ്ഥാനമനങ്കരിക്കുവാനിടയാക്കും വിധം തീവ്രമായ പല കൃതികളും ലോകത്തിനു സമ്മാനിക്കാനിടയായതും.

മലയാളത്തിലെ 'ജോണ്‍ ഗന്തര്‍' എന്നും സഞ്ചാര സാഹിത്യത്തിലെ 'എമ്പയര്‍ സ്റ്റേറ്റ് ബില്‍ഡിങ്' എന്നുമാണ് സാഹിത്യലോകം അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ഇരുപതോളം സഞ്ചാരസാഹിത്യകൃതികളാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. നേപ്പാള്‍ യാത്ര, കാപ്പിരികളുടെനാട്ടില്‍, സിംഹഭൂമി, നൈല്‍ഡയറി, ലണ്ടന്‍ നോട്ട്ബുക്ക്, ഇന്തോനേഷ്യന്‍ ഡയറി, പാതിരാസൂര്യന്റെ നാട്ടില്‍, ബൊഹീമിയന്‍ ചിത്രങ്ങള്‍, ബാലിദ്വീപ്, ഹിമാലയസാമ്രാജ്യത്തില്‍ എന്നിവ എസ് കെ യുടെ യാത്രകളുടെ ഫലമായി മലയാളഭാഷയ്ക്ക് ലഭിച്ച അതിഗംഭീരമായ സഞ്ചാരകൃതികളാണ്. എസ് കെ യുടെ പല സൃഷ്ടികളും‍ മറ്റു ഇന്ത്യന്‍ ഭാഷകളിലേയ്ക്കും വിദേശഭാഷകളിലേയ്ക്കും വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

സഞ്ചാരസാഹിത്യകൃതികള്‍ മാത്രമായിരുന്നില്ല എസ് കെ പൊറ്റെക്കാട്ടിനെ ഇത്രയേറെ ജനപ്രീയനാക്കിയത്. കഥകളും കവിതകളും നാടകങ്ങളും നോവലുകളും ചെറുകഥാസമാഹരങ്ങളും ഒക്കെയായി അറുപതില്‍പ്പരം കൃതികള്‍ അദ്ദേഹം മലയാളസാഹിത്യത്തിനു സമ്മാനിച്ചിട്ടുണ്ട്. ചെറുപ്പത്തില്‍ത്തന്നെ എസ് കെ കവിതകളും ചെറുകഥകളുമൊക്കെ എഴുതിത്തുടങ്ങിയിരുന്നു. 16 ആം വയസ്സില്‍ സാമൂതിരിക്കോളേജിലെ മാഗസിനില്‍ പ്രസിദ്ധീകരിച്ചുവന്ന രാജനീതി എന്ന കഥയാണ് എസ് കെയുടെ അച്ചടിമഷിപുരണ്ട ആദ്യത്തെ കൃതി. പിന്നീട് പലപല മാഗസിനുകളിലും പത്രങ്ങളിലുമൊക്കെയായി ധാരാളം രചനകള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടു. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ സ്ഥിരമായി അദ്ദേഹം എഴുതുന്നവ പ്രസിദ്ധീകരിച്ചുവരാനാരംഭിച്ചു. 1939 ലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ നാടന്‍ പ്രേമം എന്ന കൃതി  എഴുതിയത്. പിന്നീട് നിരവധി നോവലുകളും ചെറുകഥകളും എസ് കേ യുടേതായി പുറത്തുവന്നു. പ്രേമശിക്ഷ, മൂടുപടം വിഷകന്യക തുടങ്ങിയ നോവലുകള്‍, പുള്ളിമാന്‍, ചന്ദ്രകാന്തം, മണിമാളിക, രാജമല്ലി, ഇന്ദ്രനീലം, ഹിമവാഹിനി തുടങ്ങിയ ചെറുകഥാസമാഹാരങ്ങള്‍ എന്നിവയൊക്കെ അവയില്‍ച്ചിലതായിരുന്നു. എസ് കെ യുടെ ഏറ്റവും ജനപ്രീയമായ നോവലുകളിലൊന്നായിരുന്നു ഒരു തെരുവിന്റെ കഥ. 1962 ല്‍ പ്രസിദ്ധീകരിച്ച ഈ നോവലിനു കേരളസാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിക്കുകയുണ്ടായി. 1971 ല്‍ എഴുതിയ ഒരു ദേശത്തിന്റെ കഥ എന്ന വിഖ്യാതനോവലിനു കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. 1980 ല്‍ അദ്ദേഹം ജ്ഞാനപീഠപുരസ്ക്കാരത്തിനുമര്‍ഹനായി.

1962 തലശ്ശേരിയില്‍നിന്നു നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിച്ചുവിജയിച്ച അദ്ദേഹം ലോക്സഭയിലെത്തി. എസ് കെ പൊറ്റെക്കാട്ടിനു നാലുമക്കളായിരുന്നു. തന്റെ ഭാര്യയുടേ അകാലമരണം എസ് കെയെ വല്ലാതെ തളര്‍ത്തി.പ്രമേഹരോഗത്താല്‍ വല്ലാതെ വലഞ്ഞിരുന്ന എസ്കെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പറയുന്ന നോര്‍ത്ത് അവന്യു എന്ന നോവല്‍ എഴുതികൊണ്ടിരിക്കവേ 1982 ആഗസ്റ്റ് 6 നു മസ്തിഷ്ക്കാഘാതത്തെതുടര്‍ന്ന്‍ തന്റെ 69 ആം വയസ്സില്‍ മരണമടഞ്ഞു. മലയാളത്തിന്റെ മഹാനായ  ആ സാഹിത്യകാരനെ അര്‍ഹമായ പൂര്‍ണഔദ്യോഗികബഹുമതികളോടേ സ്വന്തം വീട്ടുവളപ്പില്‍ സംസ്ക്കരിച്ചു.

(ലേഖനത്തിലെ വിവരങ്ങള്‍ പലയിടത്തുനിന്നായി കടം കൊണ്ടതാണ്)


ശ്രീ

Saturday, August 24, 2019

ലോകത്തിലെ ഏറ്റവും വലിയ മോഷണം

ലോകത്തിലെ ഏറ്റവും വലിയ മോഷണം

1990 മാര്‍ച്ച് 18. സമയം രാത്രിയായി. ബോസ്റ്റണിലെ പ്രസിദ്ധമായ ഇസബെല്ല സ്റ്റുവര്‍ട്ട് ഗാര്‍ഡ്നെറുടെ‍ മ്യൂസിയത്തിലെ സെക്യൂരിറ്റി ടീം പതിവുപോലെ സുരക്ഷാപരിശോധനകളുമായി റോന്തുചുറ്റുകയും എങ്ങും അസ്വാഭാവികമായി ഒന്നുമില്ല എന്നുറപ്പുവരുത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഈ സമയത്ത് രണ്ട് പോലീസുകാര്‍ മ്യൂസിയത്തിന്റെ മുന്നിലെത്തുകയും വാതിലില്‍ മുട്ടുകയും ഇവിടെ എന്തോ കുഴപ്പമുണ്ടെന്ന ഫോണ്‍സന്ദേശം കിട്ടി തങ്ങള്‍ അതു ചെക്കു ചെയ്യാനായിവന്നതാണെന്ന്‍ സെക്യൂരിറ്റിയെ അറിയിക്കുകയും ചെയ്തു. പോലീസുകാരായതിനാല്‍ സെക്യൂരിറ്റിക്കാര്‍ക്ക് സംശയമൊന്നും തോന്നിയില്ല. വളരെയധികം വിലപിടിപ്പുള്ള ചിത്രങ്ങളും മറ്റു കലാവസ്തുക്കളും സൂക്ഷിക്കുന്ന മ്യൂസിയമായതുകൊണ്ടുതന്നെ സെക്യൂരിറ്റി ടീം പോലീസുകാരെ മ്യൂസിയത്തിനകത്തേയ്ക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയും എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു പരിശോധിക്കുവാന്‍ അവരെ അനുവദിക്കുകയും ചെയ്തു. മ്യൂസിയത്തിനകത്തുകടന്ന ആ പോലീസുകാര്‍ ക്ഷണനേരം കൊണ്ട് രണ്ടു സെക്യൂരിറ്റികളേയും കീഴടക്കി ബന്ധനസ്ഥരാക്കിയിട്ട് കുറച്ചുസമയങ്ങള്‍ക്കുള്ളില്‍ ആ സ്വകാര്യമ്യൂസിയത്തിലെ ചുമരില്‍സ്ഥാനം പിടിച്ചിരുന്ന വിലപിടിപ്പുള്ള പതിമൂന്നോളം അമൂല്യവസ്തുക്കളുമായി സ്ഥലംവിടുകയും ചെയ്തു.

1. ഡച്ച് പെയിന്ററായ ജോഹന്നാസ് വെര്‍മ്മറിന്റെ വിഖ്യാതമായ ദ കണ്‍സെര്‍ട്ട്
2. വിഖ്യാതപെയിന്ററായ റെംബ്രാന്‍ഡ് വാന്‍ഡ്രിമ്മിന്റെ ഏറ്റവും പ്രശസ്തമായ വര്‍ക്കുകളിലൊന്നായ ദ സ്റ്റോം ഓണ്‍ ദ സീ ഓഫ് ഗലീലി
3. റെംബ്രാന്‍ഡിന്റെ തന്നെ മറ്റൊരു പെയിന്റിംഗായ ഏ ലേഡി ആന്‍ഡ് ജെന്റില്‍മാന്‍ ഇന്‍ ബ്ലാക്ക്
4. ഗോവര്‍ട്ട് ഫ്ലിങ്കിന്റെ ലാന്‍ഡ്സ്കേപ്പ് വിത്ത് ഒബെലിസ്ക്
5. ഫ്രഞ്ച് ചിത്രകാരന്‍ ഏഡ്വാര്‍‍ഡ് മാനെറ്റിന്റെ ചെസ് തോര്‍തോനി
6. എഡ്ഗാര്‍ ഡെഗാസിന്റെ വര്‍ക്ക്സ് ഓണ്‍ പേപ്പര്‍
7. റെംബ്രാന്‍ഡിന്റെ ഒരു സെള്‍ഫ് പോര്‍ട്രയിറ്റ്
8. എഡ്ഗാര്‍ ഡെഗാസിന്റെ കോര്‍ട്ടെക്സ് ആക്സ് എന്വയോണ്‍സ് ദ ഫ്ലോറെന്‍സ്
9. ഡെഗാസിന്റെ പ്രോഗ്രംഫോര്‍ ആന്‍ ആര്‍ട്ടിസ്റ്റിക് സൊയിറീ
10 ഡെഗാസിന്റെ ലീവിങ് ദ പാഡോക്ക്
11 ഡെഗാസിന്റെ ദ മൌണ്ടഡ് ജോക്കീസ്
12 ഷാംഗ് ഡൈനാസ്റ്റികാലത്തു നിര്‍മ്മിക്കപ്പെട്ട ഒരു വെങ്കലപ്പാത്രം
13 നെപ്പോളിയന്റെ കാലത്തു വീരസൈനികര്‍ക്കു സമ്മാനിച്ചിരുന്ന ഒരു കഴുകന്റെ മുദ്ര

ഇവയായിരുന്നു മോഷ്ടാക്കല്‍ കവര്‍ന്നെടുത്ത അമൂല്യവസ്തുക്കള്‍. ഇവയുടെ വിപണിമൂല്യം 500 മില്യണ്‍ ഡോളറോളമായിരുന്നു. ഇന്നേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മൂല്യമേറിയ സ്വകാര്യസ്വത്ത് മോഷണമായിരുന്നത്

എഫ് ബി ഐ മോഷണവിവരമറിഞ്ഞയുടനേ അന്വോഷണമാരംഭിച്ചു. എന്നാല്‍ മോഷ്ടാക്കളെപ്പറ്റിയോ മോഷണം പോയ വസ്തുക്കളെപ്പറ്റിയോ ഒരു തുമ്പും പോലീസിനു ലഭിച്ചില്ല. രാജ്യവ്യാപകമായ അന്വോഷണം ഒക്കെ നടന്നെങ്കിലും ഫലമൊന്നുമുണ്ടായില്ല. ആ മ്യൂസിയത്തില്‍ വളരെ വിലപിടിപ്പുള്ള മറ്റു പല പ്രസിദ്ധമായ ആര്‍ട്ട് വര്‍ക്കുകളുമുണ്ടായിരുന്നു. മോഷ്ടാക്കള്‍ക്ക് അവയെപ്പറ്റി വലിയ പിടിയില്ലാതിരുന്നതിനാല്‍ അവരുടെ കൈയില്‍ക്കിട്ടിയവയുമായി സ്ഥലം വിടുകയായിരുന്നു എന്നു എഫ് ബി ഐ ഉറപ്പിച്ചു. നൂറുകണക്കിനുപേരെ ചോദ്യം ചെയ്യുകയും വളരെ വിപുലമായ അന്വോഷണം നടത്തുകയും ഒക്കെ ചെയ്തെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. മോഷണമുതലുകള്‍ രാജ്യം കടന്നുകാണുമെന്നു കരുതി എഫ് ബി ഐ ലോകവ്യാപകമായി തിരച്ചിലാരംഭിച്ചു. സ്കോട്ട്ലന്റ് യാര്‍ഡിന്റേയും ഫ്രെഞ്ച് ജാപ്പനീസ് പോലീസ് സംഘങ്ങളുടേയും സേവനം ഉപയോഗപ്പെടുത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഒരു ഇന്റര്‍നാഷണല്‍ ക്രൈം സിന്‍ഡിക്കേറ്റാണ് ഈ മോഷണത്തിനു പിന്നിലെന്നാണവര്‍ നിഗമനത്തിലെത്തിയത്.

മോഷണം നടന്നയുടനേ ഈ മോഷ്ടാക്കളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 1 മില്യണ്‍ ഡോളര്‍ സമ്മാനം മ്യൂസിയം ഓഫര്‍ ചെയ്തു. എന്നാല്‍ പ്രത്യേകിച്ചു വിവരങ്ങള്‍ ഒന്നും ലഭിക്കാത്തതിനാല്‍ മ്യൂസിയം അധികാരികള്‍ 1997 ല്‍ ഇത് 5 മില്യണ്‍ ഡോളറായി വര്‍ദ്ധിപ്പിച്ചു. 2018 ല്‍ ഇത് 10 മില്യണ്‍ ഡോളറാക്കി ഉയര്‍ത്തിയെങ്കിലും ഇതേവരെ ഫലമൊന്നുമുണ്ടായിട്ടില്ല. ഇപ്പോഴും ഈ കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്

ചരിത്രം കണ്ട ഏറ്റവും വലിയൊരു മോഷണത്തിലെ മോഷ്ടാക്കളും മോഷണവസ്തുക്കളും ഇന്നും ഇരുട്ടിലെവിടെയോ മറഞ്ഞിരിക്കുന്നു.

വിവരങ്ങള്‍ വിക്കീപീഡിയ,ചില ന്യൂസ് പോര്‍ട്ടലുകള്‍ എന്നിവയില്‍‍നിന്നു കടം കൊണ്ടതാണ്. ചിത്രങ്ങള്‍ ഗൂളില്‍നിന്നുള്ളതും

ശ്രീ

അഭിപ്രായങ്ങളോടുള്ള സമീപനം



സോഷ്യല്മീഡിയാ പ്ലാറ്റുഫോമുകള്‍ മനുഷ്യരുടെ ജീവിതത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുന്ന ഘടകമായിമാറിയിട്ട് വളരെത്തുച്ഛമായ കാലഘട്ടമേ ആയിട്ടുള്ളൂ. മുമ്പ കുറച്ചാളുകള്‍ക്കുമാത്രം സാധ്യമായ ഒന്നായിരുന്നു തങ്ങളുടെ കഴിവുകള്‍ (അഭിനയമാകട്ടെ, എഴുത്താകട്ടെ, ചിത്രരചനയാകട്ടെ, പാട്ടുപാടലാവട്ടേ) ലോകസമക്ഷം അവതരിപ്പിക്കാനാകുകയെന്നത്. ഇന്നത്തെപ്പോലെ ദൃശ്യശ്രവ്യമാധ്യമങ്ങള്‍ ഒന്നുമില്ലാതിരുന്ന ആകാലഘട്ടത്തില്‍ അവ എല്ലാവരാലും സാധ്യവുമായിരുന്നില്ല. പലരും തങ്ങളുടെകഴിവുകള്‍ നിര്‍ഭയം മറ്റുള്ളവര്‍ക്കായി പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറായത് സോഷ്യല്‍ മീഡിയാപ്ലാറ്റുഫോമുകളുടെ വരവോടുകൂടിയായിരുന്നു. അതില്‍ത്തന്നെ ഏറ്റവുംവലിയ ശ്രദ്ധനേടിയതാണ് ഫേസ്ബുക്കെന്ന മാധ്യമം. ഇതു ആളുകള്‍ക്കുമുന്നില്‍ തുറന്നിട്ടത് അനന്തസാധ്യതകളായിരുന്നു. പലരും തങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കഴിവുകള്‍ ഫേസ്ബുക്കുവഴി പുറംലോകത്തെ അറിയിച്ചുതുടങ്ങി. കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ എഴുതിപോസ്റ്റുചെയ്യുവാന്‍ തുടങ്ങി. മുമ്പ് ചിലര്‍ക്കുമാത്രം സാധ്യമായിരുന്നതായിരുന്നു അച്ചടിമാധ്യമങ്ങളിലൂടെ തങ്ങളുടെ അക്ഷരങ്ങള്‍ വെളിച്ചം കാണുന്നത്. ഫേസ്ബുക്കിന്റെയൊക്കെ വരവോടെ ആ കുത്തക തകര്‍ന്നുവീണു. അച്ചടിമാധ്യമങ്ങളില്‍ മാത്രം അഭിമാനം കൊണ്ടിരുന്ന പലരും ഓണലൈന്‍ എഴുത്തുകളെ അവജ്ഞയോടെ നോക്കിക്കണ്ടത് അസൂയകൊണ്ടുകൂടിയായിരുന്നു. പലപ്പോഴും അച്ചടിമാധ്യമങ്ങളില്‍ വരുന്നതിനേക്കാളും മികച്ച നിലവാരമുള്ള രചനകള്‍ ഫേസ്ബുക്കിലും മറ്റും വന്നുതുടങ്ങിയത് അത്തരക്കാരെ വെകിളിപിടിപ്പിക്കുകയും ചെയ്തു. ഓണ്‍ലൈന്‍സാഹിത്യം കക്കൂസ്സാഹിത്യമാണെന്നുവരെ ചില പുലമ്പലുകളുമുണ്ടായി. അവയൊക്കെയും തികഞ്ഞ അസൂയയുടെ പുറത്തുണ്ടായ പുലമ്പലുകളായിമാത്രം കാണാവുന്നതാണ്‍.

ഫേസ്ബുക്കില്‍ സാഹിത്യത്തേയും മറ്റും പ്രോത്സാഹിപ്പിക്കുന്ന‍ നിരവധി ഗ്രൂപ്പുകളുണ്ട്. ഇത്തരം ഗ്രൂപ്പുകളില്‍ക്കൂടി ദിനവും ആയിരക്കണക്കിനു രചനകള്‍ വായനയ്ക്കായി സമര്‍പ്പിക്കപ്പെടുന്നുണ്ട്.ഓരോ ഗ്രൂപ്പുകളിലും വരുന്നത് വിഭിന്നാഭിരുചിക്കാരായ ആളുകളാണ്. ചിലര്‍ തങ്ങളുടെ രചനകള്‍ കൂടുതല്‍ വായന നേടിയെടുക്കുവാനായും സ്വീകരിക്കപ്പെടുത്തുന്നതിനായും ശ്രമിക്കുമ്പോള്‍ ചിലര്‍ കൂടുതല്‍ മികവുറ്റതാക്കാനായുള്ള മാര്‍ഗ്ഗമായും അതിനെ കാണുന്നു. ചിലരാകട്ടെ വായന എന്ന രസത്തെ കൂടുതല്‍ ഉള്‍ക്കൊള്ളുവാനായി വരുകയും രചനകള്‍ വായിച്ച് രസിക്കുകയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളുമൊക്കെ നല്‍കുകയും ചെയ്യുന്നു. ഇനി ചിലര്‍ വെറും സൌഹൃദങ്ങളുണ്ടാക്കുവാനും അവരൊടൊക്കെ സംസാരിച്ചിരിക്കുവാനും മാത്രം തല്‍പ്പരരാകുന്നു. ഇത്തരം വിഭിന്നാഭിരുചിക്കാരെ ഏകോപിപ്പിച്ചുകൊണ്ട് പോകുക എന്നത് ദുഷ്ക്കരമായ കാര്യംതന്നെയാണു.

നമുക്ക് ഗ്രൂപ്പുകളിലെ അംഗങ്ങളുടെ രചനകളിലേക്കും അവയെ വായനക്കാരന്‍ സമീപിക്കുന്നതിലേക്കും ആ സമീപനങ്ങളില്‍ എഴുത്തുകാരന്റെ നയം എന്താണെന്നതിലേക്കും ഒരു ചെറിയ നോട്ടം നോക്കാം. പൊതുവേ മിക്ക ഗ്രൂപ്പുകളിലും കൂടുതല്‍ അംഗങ്ങളും തങ്ങളുടെ രചനകള്‍ പ്രസിദ്ധീകരികുവാനും അവ വായിക്കപ്പെട്ട് അഭിപ്രായങ്ങള്‍ നേടിയെടുക്കുന്നതില്‍ വിജയിക്കുവാനും ഉത്സുകരാകുന്നതാണു കാഴ്ച. ഓരോ രചനയും അവ ആവശ്യപ്പെടുന്ന തരത്തില്‍ വായിക്കപ്പെടുകയും ചിലപ്പോള്‍ രചയിതാവ് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടിയ അളവില്‍ പ്രശംസക്ക് പാത്രമാകുന്നതും കാണാം. എല്ലാ രചനകളും ആരെക്കൊണ്ടും മഹാസംഭവങ്ങളാക്കിമാറ്റുവാന്‍ ഒരിക്കലും സാധിക്കില്ല. ചില രചനകള്‍ അതിപ്രശസ്തമാകും. ചിലവ ചവറ്റുകുട്ടയിലേയ്ക്കെറിയപ്പെടും. ഇവ സംഭവിക്കുന്നത് വായനക്കാരന്‍ എന്ന പരമാധികാരിയുടെ കാഴ്ചപ്പാടുകല്‍ കൊണ്ടാണു.ലോകമറിഞ്ഞ പല മഹാന്മാരായ എഴുത്തുകാരുടെ രചനകളും ഇത്തരം ഉയര്‍ച്ചതാഴ്ചകള്‍ക്കു വിധേയരായിട്ടുണ്ട്. ഒരു പുസ്തകം, അല്ലെങ്കില്‍ ഒരു കവിത, ഒരു ലേഖനം ഇവയൊക്കെ സ്വീകരിക്കപ്പെടുന്നത് വായനക്കാരന്റെ അഭിരുചിയെ അവ സ്വാധീനിക്കുകയോ ഇഷ്ടപ്പെടുത്തുകയോ ചെയ്യുമ്പോഴാണു. അതായത് ഒരു വായനക്കാരന്‍ ഇല്ലാതെ എഴുത്തുകാരനു നിലനില്‍പ്പില്ല എന്ന്‍ ചുരുക്കം. ഒരു എഴുത്തുകാരന്റെ നിലനില്‍പ്പും ഊര്‍ജ്ജവും വായനക്കാര്‍ ആണെന്നതാണ് പരമമായ യാഥാര്‍ത്ഥ്യം.

വായനക്കാര്‍ പല തരത്തിലുള്ളവരാണ്. ചിലര്‍ക്ക് നര്‍മ്മമായിരിക്കും ഇഷ്ടമാകുക. ചിലര്‍ക്ക് ശുഭാന്ത്യമുള്ളവ, മറ്റുചിലര്‍ക്ക് ദുഃഖസാന്ദ്രമായവ, ഇനി ചിലര്‍ക്ക് രാഷ്ട്രീയപരമായത് അങ്ങിനെയങ്ങിനെ വായനക്കാരന്റെ ഇഷ്ടങ്ങള്‍ക്ക് അന്തമില്ല. എല്ലാവരേയും തൃപ്തിപ്പെടുത്തുക എന്നത് ഒരെഴുത്തുകാരനെ സംബന്ധിച്ചിടത്തോളം സംഭവ്യമായ ഒന്നേയല്ല. വായനക്കാരന് ഇഷ്ടപ്പെടാത്തത് അവന്‍ തുറന്ന്‍ പ്രകടിപ്പിക്കും. മുമ്പ് ഇന്നത്തെപ്പോലെ ബ്ലോഗോ, ഫേസ് ബുക്ക് ഗ്രൂപ്പുകളോ, സോഷ്യല്‍ മീഡിയാ സൈറ്റുകളോ ഒന്നും പ്രചാരത്തിലില്ലാതിരുന്നതുകൊണ്ട് വായനക്കാരന്റെ ഇഷ്ടക്കേടുകളോ രസങ്ങളോ ഒക്കെ തപാല്‍മാര്‍ഗ്ഗേണ ആഴ്ചകള്‍ സഞ്ചരിച്ചാണ് എഴുത്തുകാരനിലെത്തിയിരുന്നത്. ഇന്നു വിരല്‍തുമ്പില്‍ വിസ്മയം വിരിയുന്നതുകൊണ്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ എഴുത്തുകാരന് തന്റെ വായനക്കാരന്റെ മനോഗതമറിയുവാന്‍ സാധിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചകൊണ്ടുണ്ടായ ഗുണമാണത്. മുമ്പ് ഒരു നല്ല പുസ്തകം ധാരാളം വായനക്കാരിലെത്തിച്ചേര്‍ന്നിരുന്നത് വര്‍ഷങ്ങള്‍ എടുത്തുകൊണ്ടായിരുന്നുവെങ്കില്‍ ഇന്നത് നൊടിയിട നേരംകൊണ്ട് സംഭവിക്കുന്നു. എഴുത്തുകള്‍ കൂടുതല്‍ വായിക്കപ്പെടുന്നു, വിലയിരുത്തപ്പെടുന്നു,വിമര്‍ശിക്കപ്പെടുന്നു.

അഭിപ്രായങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാനുള്ള വിവേകമാണ് ഏതൊരെഴുത്തുകാരനുണ്ടായിരിക്കേണ്ട പരമപ്രധാനമായഗുണം. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ പല എഴുത്തുകാരും ഇക്കാര്യത്തില്‍ തികഞ്ഞ അസഹിഷ്ണുക്കളാണ്. പല എഴുത്തുകാരും അല്‍പ്പംപോലും ഇഷ്ടപ്പെടാത്ത ഒന്നാണ് വിമര്‍ശനങ്ങള്‍. എല്ലായ്പ്പോഴും പോസിറ്റീവായ അഭിപ്രായങ്ങള്‍ മാത്രം ആഗ്രഹിക്കുന്ന ചിലര്‍. ഒരു രചന പൊതുവായനയ്ക്ക് വയ്ക്കുമ്പോള്‍ അതിനെ വായിക്കുന്ന ഭിന്നാഭിരുചിക്കാരായ വായനക്കാര്‍ എല്ലാവരും ഒരേപോലെ അഭിപ്രായപ്രകടനങ്ങള്‍ നടത്തണമെന്ന്‍ ശഠിക്കുന്ന ഒരെഴുത്തുകാരന് സത്യത്തില്‍ എഴുത്തിന്റെ ഒരു മേഖലയിലും ഔന്നത്യത്തിലെത്തുവാന്‍ പോകുന്നില്ല. ഓരോ ആളും ഒരുരചനയെ സമീപിക്കുന്നത് അവരുടേതായ കാഴ്ചപ്പാടിലായിരിക്കും. ആ കാഴ്ചപ്പാടാണ് അവര്‍ അഭിപ്രായങ്ങളായി അവതരിപ്പിക്കുന്നത്. പല "പ്രമുഖഎഴുത്തുകാരും" വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ ചവറ്റുകുട്ടയിലേക്ക് തള്ളിയെറിയുകയും തന്നെ സുഖിപ്പിക്കുന്ന തരത്തിലെഴുതിയിരിക്കുന്നത് നിലനിറുത്തി അതുകണ്ട് ആത്മനിര്‍വൃതിയടയുകയും ചെയ്യുന്നവരായുണ്ട്. അത്തരം എഴുത്തുകാര്‍ ജീവിക്കുന്നത് ഒരു മൂഡസ്വര്‍ഗ്ഗത്തിലാണ്.

അഭിപ്രായങ്ങളിലെ സത്യസന്ധതയെ തിരിച്ചറിയുന്നവനാകണം ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍. ഒരെഴുത്തുകാരനെ സംബന്ധിച്ച് ഏതൊരുകാലത്തും നല്ല വിമര്‍ശനങ്ങളാണ് വഴികാട്ടികളാകുന്നത്. വിമര്‍ശിക്കുന്നവര്‍ പറയുന്നതിലെ "കാര്യം" മാത്രം ഉള്‍ക്കൊള്ളാനുള്ള മനസ്സ് ഒരെഴുത്തുകാരനുണ്ടാകണം. വിമര്‍ശ്നാത്മകമായ കമന്റുകളിടുന്നവരൊട് പലരും പറയുന്നതുകാണാറുണ്ട് ആരും എഴുത്തുകാരായല്ല ജനിച്ചുവീഴുന്നത്, മുളയിലേ നുള്ളിക്കളയരുത്, കൂമ്പ് വാട്ടിക്കളയരുത്, കല്ലെറിയരുതെന്നൊക്കെ. കേണ്ടത്. ആരും തന്നെ മഹാന്മാരായ എഴുത്തുകാരായി ജനിക്കുന്നില്ല എന്ന ന്യായം പറഞ്ഞാല്‍ത്തന്നെ മഹാന്മാരായ എഴുത്തുകാരായവരാരുംതന്നെ  പൂമാലകളാല്‍ മാത്രം സ്വീകരിക്കപ്പെട്ടവരായിരുന്നില്ല എന്നുകൂടി തിരിച്ചറിയേണ്ടതുണ്ട്. പൊതുവായനയ്ക്ക് വയ്ക്കുന്ന ഒന്നില്‍ വിരുദ്ധാഭിപ്രായങ്ങള്‍ വരുന്നതില്‍ അസഹിഷ്ണുത പുലര്ത്തുന്നവര് ഒരിക്കലും ഒരു നല്ല എഴുത്തുകാരന്‍ എന്ന പറച്ചിലിനേ അര്‍ഹനല്ല. മാന്യമായ ഒരു വിമര്ശനമുള്ക്കൊള്ളാനാവാത്ത ഒരെഴുത്തുകാരന് ഇതിഹാസമെഴുതിയാലും അതുകൊണ്ടെന്തു ഗുണമാണുള്ളത്?. വായനക്കാര് എന്നത് വിഭിന്ന രുചിക്കാരായിരിക്കുമെന്ന സാമാന്യബോധം എപ്പോഴും ഒരു എഴുത്തുകാരനുണ്ടായിരിക്കണം. വിമര്ശനങ്ങളിലെ നല്ല ഭാഗം സ്വീകരിച്ചാല് അത് അടുത്തരചനയുടെ പാകപ്പിഴവുകള് തീര്ക്കാനുതകുമെന്നെങ്കിലും മനസ്സിലാക്കാതെ അവയെ ചവറ്റുകുട്ടയിലെറിയുകയല്ല വേണ്ടത്.

വായനക്കാരന്‍ പരമാധികാരിയാണെന്നുവച്ച് എന്തും പറയുവാന്‍ അവകാശമില്ലതന്നെ. വായനക്കാരനാണു ഒരെഴുത്തുകാരനെ നിലനിറു‍ത്തുന്നത്, വളര്‍ത്തുന്നത് ഒപ്പം തളര്‍ത്തുന്നതും. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും വായനക്കാരന്‍ സത്യസന്ധമായി രചനകളെ സമീപിക്കാറില്ല. അഭിപ്രായങ്ങള്‍ പലപ്പോഴും എഴുതിയ ആളിന്റെ പേരോ സുന്ദരമായ പ്രൊഫൈല്‍ചിത്രമോ നോക്കിമാത്രം നല്‍കപ്പെടുന്ന ഒരു ദുഷിച്ച പ്രവണത പലയാളുകളും വച്ചുപുലര്‍ത്തുന്നുണ്ട്. പലപ്പോഴും എഴുത്തുകള്‍ വായിച്ചുപോലും നോക്കാതെ അതിസുന്ദരമായിരിക്കുന്നു സൂപ്പര്‍ എന്നൊക്കെ കളവാരന്ന്‍ അഭിപ്രായങ്ങള്‍ അവര്‍ വാരിച്ചൊരിയും. ഈ കള്ളങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത് സത്യത്തില്‍ എഴുത്തുകാരന്റെ യഥാര്‍ത്ഥ കഴിവിനെയാണ്. മുഖസ്തുതികളെന്നോണം മാത്രം നല്‍കപ്പെടുന്ന ഇത്തരം പറച്ചിലുകളില്‍ ആണ്‍റ്റുപോകുന്ന എഴുത്തുകാരന് ഒരിക്കലും തന്റെ രചനയുടെ പോരായ്മകള്‍ തിരിച്ചറിയുവാനോ അവയില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുവാനോ കഴിയാതെയാകുന്നു. പലപ്പോഴും അഭിപ്രായങ്ങള്‍ ആദ്യമെഴുതിയ ആളിന്റെ സ്വീകാര്യതയ്ക്കനുസരിച്ച് കോമ്പ്രമൈസ് ചെയ്യപ്പെടുന്നുണ്ട്. ഗ്രൂപ്പില്‍ സാമാന്യം സ്വീകാര്യനായ ഒരാള്‍ ആദ്യത്തെ കമന്റിടുകയും അയാള്‍ നല്ല കിടിലന്‍ എഴുത്ത് എന്ന അര്‍ത്ഥത്തിലാണ് അതിടുകയും ചെയ്തതെങ്കില്‍  പിന്നീടുവരുന്ന കമന്റുകള്‍ ബഹുഭൂരിപക്ഷവും അതേ ജനുസ്സിലായിരിക്കും. ഇനി അത്ര പോരാ എന്നര്‍ത്ഥത്തിലുള്ളതാണെങ്കില്‍ ബാക്കിയുള്ളവ അതേപോലെയും. ഒരു ഫാന്‍സ് അസോസിയേഷന്റെ രീതിയിലാണ് പലപ്പോഴും അഭിപ്രായങ്ങള്‍ ഉണ്ടാകുന്നത്. രചനകള്‍ വായിച്ച് വസ്തുനിഷ്ഠമായി തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരേയോ തിരുത്തലുകള്‍ പറയുന്നവരേയോ രചനകളെ വിമര്‍ശിക്കുന്നവരേയോ പലര്‍ക്കും ഇഷ്ടപ്പെടുകയില്ല. അവരത് പ്രകടമാക്കുകയും തങ്ങളുടെ ആരാധകവൃന്ദങ്ങളെ വിളിച്ചുവരുത്തി എതിരഭിപ്രായമിട്ട ആളിന്റെ വധം പൂര്‍ത്തിയാക്കുകയും ചെയ്യും. ഒണ്‍ ലൈന്‍ ഇടങ്ങളിലെ എഴുത്തുകളിലെ ഏറ്റവും വലിയ അശ്ലീലവും ഇതുതന്നെയാണ്.

വായനയും അഭിപ്രായങ്ങളും എല്ലായ്പ്പോഴും സത്യസന്ധമായിരിക്കണം. വിമര്‍ശകര്‍ അല്‍പ്പംകൂടി അവധാനതയോടെ കാര്യങ്ങളെ സമീപിക്കണം. വിമര്‍ശനങ്ങള്‍ വ്യക്ത്യാധിഷ്ടിതമായ അധിക്ഷേപങ്ങളായിമാറരുത്. എഴുത്തിലെ പോരായ്മകള്‍, തെറ്റുകള്‍ ഒക്കെയും ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റിലല്‍. എന്നാല്‍ അത് മാന്യമായ ഭാഷയിലാകണമെന്നുമാത്രം. എഴുതിയ ആളിനെ മോശം പദങ്ങളാല്‍ അധിക്ഷേപിച്ചുകൊണ്ടുമാകരുത്. അക്ഷരങ്ങള് മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൂടിയാണ്. സൃഷ്ടിച്ചവനും ഉപയോഗിച്ചവനുമൊക്കെ മുറിവേള്‍ക്കുന്ന ഇരുതലമൂര്‍ച്ചയുള്ള ആയുധം. ഒരെഴുത്തുകാരനോട് വായനക്കാരനു ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരത പൊള്ളയായ മുഖസ്തുതിപറച്ചിലുകളാണ്. ആ പരമമായ സത്യം മനസ്സിലാക്കി മുഖസ്തുതികളില്‍ മയങ്ങിപ്പോകാനുള്ളതല്ല താനെന്ന തിരിച്ചറിവ് എഴുത്തുകാരനു എന്നുണ്ടാകുന്നുവോ അന്ന്‍ മഹത്തായ രചനകളുടെ സൃഷ്ടിയും വ്യാപനവും നടക്കും. മുഖ്യധാരാ എഴുത്തിടങ്ങളെ വച്ചുനോക്കുമ്പോള്‍ ബ്ലോഗിലും അനുബന്ധഎഴുത്തിടങ്ങളിലും വിരിയുന്നത് കക്കൂസ് സാഹിത്യമാണെന്ന പുലമ്പലുകള്‍‍ ഉണ്ടാകുന്നതിനു കാരണക്കാര്‍ നാം തന്നെയാണെന്ന്‍ ബോധ്യം നമുക്കുണ്ടാകണം. നല്ല എഴുത്തുകളും അവയ്ക്കൊത്ത വായനയും വിളയുന്ന വസന്തകാലം എല്ലായ്പ്പോഴുമുണ്ടാകട്ടേ..

ശ്രീ