Thursday, February 21, 2019

സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍


മഹാഭാരതത്തിലെ ഏറ്റവും തിളക്കമുള്ള ഒരു കഥാപാത്രമായിനില്‍ക്കുന്നതോടൊപ്പം തന്നെ ഏറ്റവുമധികം സങ്കടങ്ങളും ശാപങ്ങളും‍ സഹിക്കുവാന്‍ വിധിക്കപ്പെട്ട ഒരാളുമായിരുന്നു ഭീഷ്മാചാര്യര്‍. മഹാഭാരതത്തില്‍ ഇത്രമാത്രം ആത്മസംഘര്‍ഷങ്ങള്‍ അനുഭവിച്ച മറ്റൊരു കഥാപാത്രവുമുണ്ടാവുകയില്ല. വസിഷ്ഠമഹര്‍ഷിയുടെ നന്ദിനിപ്പയ്യിനെ മോഷ്ടിക്കാന്‍ ശ്രമിച്ച അഷ്ടവസുക്കളെ മനുഷ്യകുലത്തില്‍ ജനിയ്ക്കാനിടയാകട്ടെയെന്നു ശപിച്ചപ്പോള്‍ മോഷണത്തിനു നേതൃത്വം നല്‍കിയ പ്രഭാസനനൊഴിച്ച് ബാക്കിയെല്ലാവരും ജനിച്ചയുടനേ മരണമടഞ്ഞ് ശാപമുക്തരാകുമെന്നും പ്രഭാസനന്‍ ദീര്‍ഘകാലം ഭൂമിയില്‍ ജീവിച്ച് ഒരുപാട് അനുഭവിച്ചശേഷമേ മരണമടഞ്ഞു മോക്ഷപ്രാപ്തിയിലെത്തുകയുള്ളുവെന്നും മഹര്‍ഷി പറഞ്ഞിരുന്നു. ആ നിര്‍ഭാഗ്യവാനായ പ്രഭാസനന്‍ പിന്നീട് കുരുവംശരാജാവായ ശന്തനുവിന്റേയും അദ്ദേഹത്തിന്റെ ഭാര്യയായ ദേവഗംഗയുടേയും എട്ടാമത്തെ മകനായി ദേവവ്രതന്‍ എന്ന പേരില്‍ ഭൂമിയില്‍പ്പിറന്നുവീണ്‍ പില്‍ക്കാലത്ത് ഭീഷ്മര്‍ എന്നറിയപ്പെട്ടത്. ഗംഗാദേവിയും ഒരു ശാപഫലമായി ഭൂമിയില്‍ മനുഷ്യാവസ്ഥയില്‍ വന്നതാണ്. തന്റെ ശാപകാലം അവസാനിച്ചപ്പോള്‍ തന്റെ അസ്തിത്വം ശന്തനുമഹാരാജാവിനെ ബോധ്യപ്പെടുത്തി മകനായ ദേവവ്രതനെ രാജാവിനെ ഏല്‍പ്പിച്ച് ഗംഗ സ്വര്‍ഗ്ഗത്തേയ്ക്കു മടങ്ങിപ്പോയി. രാജാവ് ദേവവ്രതനെ യുവരാജാവായി വാഴിക്കുകയും ചെയ്തു.

ശന്തനുമഹാരാജാവ് പില്‍ക്കാലത്തൊരിക്കല്‍ കണ്ടുമുട്ടിയ സത്യവതിയെന്ന സ്ത്രീയെ വിവാഹം കഴിയ്ക്കാനാഗ്രഹിച്ചപ്പോള്‍ തനിക്ക് പിറക്കുന്ന മകന് രാജ്യാവകാശം നല്‍കണമെന്ന്‍ അവര്‍ വാശിപിടിച്ചു. അവരുടെ സൌന്ദര്യത്തില്‍ മതിമയങ്ങിയ രാജാവ് ആകെ വിഷമവൃത്തത്തിലായി. മൂത്തപുത്രനായ ദേവവ്രതനെ യുവരാജാവാക്കി നിശ്ചയിച്ചിരിക്കുകയായിരുന്നല്ലോ. ജനിയ്ക്കുംമുന്നേ ശാപഗ്രസ്തനായ തനിക്ക് ഇതും ശാപത്തിന്റെ ബാക്കിയായി അനുഭവിയ്ക്കാനുള്ളതാണെന്നുറപ്പിച്ച ദേവവൃതന്‍ സ്വയം ബലിയാടാകുവാന്‍ തീരുമാനമെടുത്തു. സത്യവതിയുടെ പിതാവിനെക്കണ്ട് തനിക്ക് രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശം ആവശ്യമില്ലെന്നും പിതാവിന് സത്യവതിയെ വിവാഹം ചെയ്തുനല്‍കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എപ്പോഴെങ്കിലും നിങ്ങളുടെ പുത്രന്മാര്‍ ഈ വാക്കിനു വിപരീതമായി പെരുമാറിയാലോ എന്ന ചോദ്യത്തിനുമുന്നില്‍ ഒരു നിമിഷം ഉള്ളുപിടഞ്ഞ് ദേവവ്രതന്‍ നിന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മഹനീയകര്‍മ്മമായ വിവാഹവും പുത്രോദ്പ്പാദനവുമെല്ലാം താന്‍ വേണ്ടെന്നുവച്ചേ മതിയാകൂ എന്ന്‍ ആ യുവാവ് തീരുമാനിച്ചു. ഉള്ളില്‍ത്തിളച്ചുമറിയുന്ന മാനസികസംഘര്‍ഷത്തെ തെല്ലും പുറമേകാട്ടാതെ താന്‍ എക്കാലവും ബ്രഹ്മചാരിയായി ജീവിച്ചുതീര്‍ക്കുമെന്ന്‍ ദേവവ്രതന്‍ ദൃഡപ്രതിജ്ഞയെടുത്തു. അതോടെ ദേവവ്രതന്‍ ഭീഷ്മര്‍ എന്ന വിളിപ്പേരിനര്‍ഹനായി. തന്റെ മകന്‍ ഇപ്രകാരം തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി സ്വജീവിതം ഹോമിച്ചതറിഞ്ഞ ശന്തനുമഹാരാജാവ് ആദ്യം സങ്കടപ്പെട്ടെങ്കിലും പിന്നീട് മകനെ അടുത്തുവിളിച്ചാശ്ലേഷിച്ച് അവന്‍ സ്വച്ഛന്ദമൃത്യു ആയിരിക്കുമെന്നനുഗ്രഹിച്ചു. താന്‍ ആ ശപഥമെടുത്തപ്പോഴേ മരിച്ചുകഴിഞ്ഞു എന്നറിയാമായിരുന്ന ഭീഷ്മരാകട്ടെ ആ അനുഗ്രഹവും തനിയ്ക്കു കിട്ടിയ ശാപമായാണ് കരുതിയത്.

തന്റെ പിതാവിനു സത്യവതിയില്‍ ജനിച്ച രണ്ടുപുത്രന്മാരും ദീര്‍ഘായുസ്സുക്കളാകാതെ പടുമരണമടഞ്ഞപ്പോള്‍ ഭീഷ്മര്‍ ഹൃദയം കൊണ്ടുവേദനിച്ചു. ചിത്രാംഗദനെന്ന ഒരു മകന്‍ ചെറുപ്പത്തില്‍തന്നെ കൊല്ലപ്പെട്ടിരുന്നു.വിചിത്രവീര്യനെന്ന രണ്ടാമനു വിവാഹപ്രായമായപ്പോള്‍ കാശിരാജ്യത്തെ രാജകുമാരികളായിരുന്ന അംബ, അംബിക, അംബാലിക എന്നിവരെ ബലമായിപ്പിടിച്ചുകൊണ്ടുവന്ന്‍ അനുജനു സമ്മാനിച്ചത് ഭീഷ്മരായിരുന്നു. അതില്‍ അംബയെന്ന യുവതി മറ്റൊരു രാജാവുമായി താൻ പ്രണയത്തിലാണെന്ന് ഭീഷ്മരെ അറിയിച്ചപ്പോള്‍ അവളെ വിട്ടയച്ചെങ്കിലും ആ കാമുകന്‍ അവളെ തിരസ്ക്കരിക്കുകയും അവള്‍ മടങ്ങിവന്ന്‍ തന്നെ വിവാഹം കഴിക്കണമെന്ന്‍ ഭീഷ്മരോടാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭീഷ്മര്‍ അതിനു തയ്യാറായില്ല. അതോടെ അംബ പ്രതികാരദാഹിയായി തന്റെ ജീവിതം തകര്‍ത്ത ഭീഷ്മരെ വധിക്കണമെന്നാഗ്രഹിച്ച് തപസ്സാരംഭിച്ചു. ഭീഷ്മര്‍ സ്വച്ഛന്ദമൃത്യുവാണെന്നും അയാളെ ആര്‍ക്കും വധിയ്ക്കാനാകില്ലെന്നും മനസ്സിലാക്കിയ അവള്‍ ഭീഷ്മരുടെ മരണകാരണമെങ്കിലും താന്മൂലമാകണമെന്നാഗ്രഹിച്ച് ആത്മാഹൂതിചെയ്യുകയും പിന്നീട് ശിഖണ്ഡിയായി പുനര്‍ജ്ജനിക്കുകയും ചെയ്തു. ആ ശിഖണ്ഡി മൂലമാണ് പില്‍ക്കാലത്ത് അര്‍ജ്ജുനനാല്‍ ശരീരമാസകലം അസ്ത്രമേറ്റ് ഭീഷ്മര്‍ക്ക് മരണക്കിടക്കയില്‍ക്കിടക്കേണ്ടി വന്നത്.

മക്കളില്ലാതെ വിചിത്രവീര്യൻ മരിച്ചപ്പോള്‍ കുരുവംശം അന്യംനിന്നുപോകണ്ടാ എന്നു കരുതി അഭിജ്ഞരുടെ നിര്‍ദ്ദേശപ്രകാരം വിചിത്രവീര്യന്റെ ഭാര്യമാരായിരുന്ന അംബികയും അംബാലികയും വേദവ്യാസനില്‍നിന്നു ഗര്‍ഭം ധരിച്ച് ധൃതരാഷ്ട്രര്‍, പാണ്ഡു എന്നീ പുത്രന്മാരെ പ്രസവിച്ചു. അവരുടെ മക്കളായിരുന്നു കൌരവരും പാണ്ഡവരും. തുടക്കം മുതലേ ശത്രുതാമനോഭാവത്തോടെ വളര്‍ന്നുവന്ന അവര്‍ ഒടുവില്‍ രാജ്യാവകാശത്തിനായി യുദ്ധം ചെയ്യാന്‍ ഇരുപക്ഷത്തായി നിരന്നപ്പോള്‍ ഭീഷ്മരെന്ന അതികായന്‍ വീണ്ടും ഉള്ളില്‍ വിങ്ങിപ്പൊട്ടി. ആര്‍ക്കൊപ്പം നിന്നാലും കൊന്നുവീഴ്ത്താനുള്ള എതിരാളികള്‍ തനിക്കു ഏറ്റവും പ്രീയപ്പെട്ടവരായിരിക്കുമല്ലോ എന്നോര്‍ത്ത് ആ വൃദ്ധമനസ്സ് വല്ലാതെ വേദനപ്പെട്ടു. തനിക്കെന്തിനാണീ ശാപം പിടിച്ച ജന്മം കിട്ടിയതെന്നോര്‍ത്ത് അദ്ദേഹം ആത്മാര്‍ത്ഥമായും സങ്കടപ്പെട്ടു. നിലവില്‍ രാജാവായിരുന്ന ദുര്യോധനന്റെ പക്ഷത്തുനിന്ന്‍ കൌരവസേനയുടെ സര്‍വ്വസൈന്യാധിപനായി പാണ്ഡവര്‍ക്കെതിരേ യുദ്ധം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

യുദ്ധത്തില്‍ ഭീഷ്മര്‍ പാണ്ഡവപക്ഷത്ത് സര്‍വ്വനാശമാണു വരുത്തിക്കൊണ്ടിരുന്നത്. യുവാവും വില്ലാളിവീരനുമായ അര്‍ജ്ജുനനുപോലും വൃദ്ധനായ ഭീഷ്മരുടെ മുന്നില്‍പ്പിടിച്ചുനില്‍ക്കാനായില്ല. ഒമ്പതുദിവസവും ഭീഷ്മര്‍ നാശം വിതപ്പ് തുടര്‍ന്നപ്പോള്‍ കൃഷ്ണോപദേശമനുസരിച്ച് പാണ്ഡവര്‍ രാത്രി ഭീഷ്മരുടെ പടകുടീരത്തില്‍ചെന്ന്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ എന്താണുവേണ്ടതെന്നു തിരക്കി.  ശാപഗ്രസ്തമായ തന്റെ ജീവിതം അവസാനീയ്ക്കുന്നെങ്കില്‍ അവസാനിക്കട്ടേ എന്നുകരുതി നാളെ യുദ്ധം ചെയ്യുമ്പോള്‍ അർജ്ജുനൻ ശിഖണ്ഡിയെ മുന്നിൽ നിറുത്തി യുദ്ധം ചെയ്യണമെന്നും മൂന്നാം ലിംഗക്കാരനായ ശിഖണ്ഡിയോട് താന്‍ എതിരിടില്ലായെന്നും അപ്പോള്‍ അര്‍ജ്ജുനനു തന്നെ വീഴ്ത്താമെന്നും ഹൃദയവേദനയോടെ ഭീഷ്മര്‍ യുധിഷ്ഠിരനോടു പറഞ്ഞു. യുദ്ധസമയത്ത് തന്റെ നാശം എങ്ങനെയായാല്‍ സാധ്യമാകുമെന്ന്‍ എതിരാളിക്ക് പറഞ്ഞുകൊടുക്കേണ്ടിവന്ന ഹതഭാഗ്യന്‍ കൂടിയാവുകയായിരുന്നു ഭീഷ്മരപ്പോള്‍.

പത്താംദിവസത്തെ യുദ്ധത്തില്‍ അര്‍ജ്ജുനന്ന്‍ ശിഖണ്ഡിയെ തേരിന്റെ മുന്നില്‍നിറുത്തു യുദ്ധമാരംഭിച്ചു. തന്റെ ശാപജന്മം അവസാനിപ്പിക്കാന്‍ സമയമാകുന്നു എന്നു തീര്‍ച്ചപ്പെടുത്തി ഭീഷ്മര്‍ ശിഖണ്ഡിയോടെതിരിടാന്‍ താനില്ല എന്നുപറഞ്ഞു ആയുധം താഴെവച്ചതും അര്‍ജ്ജുനന്‍ ശിഖണ്ഡിയ്ക്കുപിന്നില്‍നിന്ന്‍ അസ്ത്രമഴ പെയ്യിച്ചു ഭീഷ്മരെ വീഴ്ത്തി. ശരീരമാസകലം അമ്പേറ്റു ശരശയ്യയില്‍  ജീവന്‍ വെടിയുവാന്‍ ഉത്തമ മുഹൂര്‍ത്തമായ ഉത്തരായണകാലം വരുന്നതുകാത്ത് 58 ദിവസം അദ്ദേഹം കിടന്നു. കൊടിയ വേദയില്‍ക്കിടക്കുമ്പോഴും യുധിഷ്ഠിരനു രാജഭരണത്തിനാവശ്യമായ എല്ലാ ഉപദേശങ്ങളും നല്‍കിയശേഷം ഉത്തമമുഹൂര്‍ത്തം സമാഗതമായപ്പോള്‍ ശാശ്വതമായ ഉറക്കത്തിലാണ്ടു ശാപമുക്തി നേടി.

സത്യത്തില്‍ മഹാഭാരതത്തില്‍ ത്യാഗം എന്ന വാക്കിനു ഒരു പര്യായപദമുണ്ടെങ്കില്‍ അത് ഭീഷ്മര്‍ മാത്രമാണ്. തന്റെ ജീവന്‍ പോലും അദ്ദേഹം എതിരാളികള്‍ക്ക് സമ്മാനിക്കുവാന്‍ ഒരു മടിയും കാട്ടിയില്ല. എല്ലായിടത്തും തോറ്റുപോയ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ലോകത്തെ സൃഷ്ടിച്ച്‌ സംരക്ഷിച്ച്‌ സംഹരിക്കുന്ന കാലത്തിൽ ഭീഷ്മർ ലയിച്ചു എന്നാണ്‌ വ്യാസൻ ഭീഷ്മരുടെ മരണത്തെ വിശേഷിപ്പിച്ചത്‌. മരണാസന്നമായ സമയത്ത് യുധിഷ്ഠിരനെ അടുത്തുവിളിച്ച് ഭീഷ്മര്‍ പറഞ്ഞത് ഉണ്ണീ, മഹാരാജാവേ, കഴിയുമെങ്കിൽ നീ യുദ്ധംചെയ്യരുത്‌. യുദ്ധത്തിൽ ജയിക്കാൻ കഴിവുമാത്രം പോരാ; ഭാഗ്യവുംകൂടി വേണം. ഭാഗ്യം എപ്പോഴും നിന്നോടൊപ്പം ഉണ്ടാകണമെന്നില്ല എന്നായിരുന്നു. യുദ്ധത്തെ തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭീഷ്മര്‍ വെറുത്തിരുന്നു എന്നു ഇതിലൂടെ മനസ്സിലാക്കാം

യുദ്ധങ്ങള്‍ വെറുപ്പിന്റെ സന്തതികളാണ്. യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന, കൊല്ലുകയും കൊല്ലിയ്ക്കുകയും ചെയ്യുന്ന സര്‍വ്വരും നശിച്ചില്ലാതായാല്‍ മാത്രമേ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകജീവിതം സാധ്യമാകൂ

സ്വസ്തി

ശ്രീ

4 comments:

  1. ഭീഷ്മർ, എനിക്കും വളരെ ഇഷ്ടപ്പെട്ട കഥാപാത്രം. പഴയ മഹാഭാരതം സീരിയലിൽ അദ്ദേഹത്തിന്റെ കഥാപാത്രം ഗംഭീരമാണ്

    ReplyDelete

  2. 'യുദ്ധങ്ങള്‍ വെറുപ്പിന്റെ സന്തതികളാണ്. യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന, കൊല്ലുകയും കൊല്ലിയ്ക്കുകയും ചെയ്യുന്ന സര്‍വ്വരും നശിച്ചില്ലാതായാല്‍ മാത്രമേ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകജീവിതം സാധ്യമാകൂ'
    ഇപ്പോൾ വായിക്കുമ്പോൾ പ്രസക്തമായ വചനങ്ങൾ ...!

    ReplyDelete
  3. ഭീഷ്മചരിതം , മനോഹരം.

    ReplyDelete