Wednesday, May 15, 2019

ആര്‍തര്‍ കോനന്‍ ഡോയല്‍

ലോകജനത ഏറ്റവും കൂടുതല്‍ ആരാധിച്ച സാഹിത്യകാരന്മാരിലൊരാളായിരുന്നു ആര്‍തര്‍ കോനന്‍ ഡോയല്‍ . ഷേക്സിപിയറിനെപ്പോലെയോ ഷെല്ലിയെപ്പോലെയോ ഭാവഗീതങ്ങളുടെ തമ്പുരാനായിരുന്നില്ല കോനന്‍ ഡോയല്‍. ബര്‍ണാഡ്ഷായെപ്പോലെ ഹൃദയാവേശം മുറ്റുന്ന നാടകരചനകളുടെ ആളുമായിരുന്നില്ല ഡോയല്‍. അത്യുജ്വലമായ നോവലുകളുടെ സൃഷ്ടാവുമായിരുന്നില്ല അദ്ദേഹം. എന്നിട്ടും ലോകജനത ഡോയലിന്റെ കൃതികള്‍ക്കായി ഊണുമുറക്കവുമുപേക്ഷിച്ചു കണ്ണുനട്ടുകാത്തിരുന്നു. അദ്ദേഹം സൃഷ്ടിച്ച ഒരു കഥാപാത്രത്തിന്റെ പുതിയ കഥയ്ക്കുവേണ്ടിയായിരുന്നു ആ കാത്തിരിപ്പ്. പുസ്തകശാലകള്‍ക്കുമുന്നില്‍ പാതിരാത്രിമുതലേ ആളുകള്‍ ക്യൂനിന്നിരുന്നു. തന്റെ സര്‍വ്വകഴിവുകളും താന്‍ സൃഷ്ടിച്ച ഒരൊറ്റ കഥാപാത്രം വിഴുങ്ങുന്നതുകണ്ട് സഹികെട്ട്, തന്റെ സര്‍വ്വമനസ്സമാധാനവും കെടുത്തിക്കൊണ്ട് പൊതുയിടങ്ങളില്‍പ്പോലും പോകാനാവാത്തവിധം ശല്യപ്പെടുത്തുന്ന ആ കഥാപാത്രത്തിനെ കൊന്നുകളയുകയും എന്നാല്‍ പിന്നീട് ആ കഥാപാത്രത്തെ പുനര്‍ജനിപ്പിക്കാന്‍ നിര്‍ബന്ധിതനായിത്തീരുകയും ചെയ്ത ലോകത്തിലെ ആദ്യത്തെ സാഹിത്യകാരനായിരുന്നു സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍.

ഐറിഷ് ദമ്പതികളായ ചാള്‍സ് ആള്‍ട്ടമൊണ്ട് ഡോയലിന്റേയും മേരിയുടേയും മകനായി സ്കോട്ട്ലാന്‍ഡിലെ എഡിന്‍ബര്‍ഗില്‍ 1859 മേയ് 22 നായിരുന്നു ആര്‍തര്‍ ഇഗ്നേഷ്യസ് കോനന്‍ ജനിച്ചത്. പിതാവായ ചാള്‍സ് കടുത്ത മദ്യപാനിയായിരുന്നതിനാല്‍ത്തന്നെ കുഞ്ഞു കോനന്റെ കുട്ടിക്കാലം അത്ര സുഖകരമായിരുന്നില്ല. കോനന്റെ എട്ടാമത്തെ വയസ്സില്‍ ചില ബന്ധുക്കളുടെ സഹായമൂലം ഇംഗ്ലണ്ടില്‍ എത്തിപ്പെടുകയും ഒരു സ്കൂളില്‍ പ്രവേശനം നേടുകയും ചെയ്തു. പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം റോമന്‍ കാത്തലിക് ഫൌണ്ടേഷനുകീഴിലുള്ള സ്റ്റോണിഹസ്റ്റ് കോളേജില്‍ പ്രവേശനം നേടുകയും 1875 വരെ അവിടെ പഠിക്കുകയും ചെയ്തു. 1875ല്‍ ചില പ്രശ്നങ്ങളുടെ പേരില്‍ കോനനു ആ സ്കൂളില്‍നിന്നു പുറത്തുപോകേണ്ടിവരുകയും അടുത്ത ഒരുവര്‍ഷക്കാലം സ്റ്റെല്ലാ മറ്റ്യൂറ്റിനാ എന്ന ജെസ്യൂട്ട് സ്കൂളില്‍ പഠനം നടത്തേണ്ടിവരുകയും ചെയ്തു. എഡിന്‍ ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ 1876 ല്‍ കോനന്‍ ഡോയല്‍ മെഡിക്കല്‍ പഠനത്തിനായിച്ചേര്‍ന്നു. ഈ കാലയളവിലാണ് അദ്ദേഹം ആദ്യമായി എഴുതിത്തുടങ്ങുന്നത്. ആദ്യമായെഴുതിയ രചന ഒരു മാഗസിനിലേയ്ക്കയച്ചുകൊടുത്തെങ്കിലും അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല. ദ മിസ്റ്ററി ഓഫ് സാഷാ വാലി എന്ന രചന ചേംബേര്‍സ് എഡിന്‍ബര്‍ഗ് ജേര്‍ണല്‍ വീക്കിലിയില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അപ്പോള്‍ ഡോയലിനു ഇരുപതുവയസ്സ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. അതേവര്‍ഷം തന്നെ ഡോയലിന്റെ ആദ്യ അക്കാഡമിക് ലേഖനം ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ അച്ചടിച്ചുവന്നു. 1881 ല്‍ ബിരുദപഠനകാലമവസാനിച്ചത്തോടെ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പര്യടനം നടത്തുന്ന ഒരു കപ്പലിലെ ഡോക്ടറായി സേവനമനുഷ്ടിക്കാനാരംഭിച്ചു. മെഡിക്കല്‍ ഡിഗ്രി കരസ്ഥമാക്കിയ ഡോയല്‍ സിപ്ലിറ്റിക് മെലോപ്പതിയില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു.

1882 ല്‍ തന്റെ പൂര്‍വ്വകാലസഹപാഠിയായിരുന്ന ജോര്‍ജ്ജ് ബഡ്ഡുമൊത്ത് പ്ലിമത്തില്‍ മെഡിക്കല്‍ പ്രാക്ടീസ് ആരംഭിച്ചു. എന്നാല്‍ താമസിയാതെതന്നെ ആ കൂട്ടുകെട്ട് വിട്ട് ഡോയല്‍ ഒറ്റയ്ക്ക് പ്രാക്ടീസ് ആരംഭിച്ചു.ആഴ്ചയില്‍ പത്തു പൌണ്ട് പോലും  സമ്പാദിക്കാനാവാതെ ശരിക്കും വലഞ്ഞ ഡോയല്‍ ഒരു വരുമാനമാര്‍ഗ്ഗത്തിനായിക്കരുതിക്കൊണ്ട് സാഹിത്യരചനകള്‍ സൃഷ്ടിക്കാനാരംഭിച്ചു. പലപ്പോഴും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയിരുന്ന ഡോയല്‍ തന്റെ സൃഷ്ടി അച്ചടിപ്പിക്കുവാനായി പല പ്രസാധകരേയും സമീപിച്ചെങ്കിലും കാര്യമായ ഗുണമൊന്നുമുണ്ടായില്ല. ഒടുവില്‍ 1886 നവംബര്‍ 20 നു  വാര്‍ലോക്ക് ആന്‍ഡ് കോ എന്ന പബ്ലിഷിംഗ് കമ്പനിക്ക് കോനന്‍ ഡോയല്‍  തന്റെ ആദ്യ ഷെര്‍ലക്ക് ഹോംസ് നോവലായ ഏ സ്റ്റഡി ഇന്‍ സ്കാര്‍ലറ്റ്(ചുകപ്പില്‍ ഒരു പഠനം) വെറും 25 പൌണ്ടിനു സര്‍വ്വ അവകാശങ്ങളോടെയും വിറ്റു. എഡിന്‍ബര്‍ഗ് യൂണിവേഴ്സിറ്റിയില്‍ പഠിക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പ്രൊഫസര്‍ ജോസഫ് ബെല്ലിനെ മാതൃകയാക്കിക്കൊണ്ട് കോനന്‍ ഡോയല്‍ സൃഷ്ടിച്ച അപസര്‍പ്പകനായിരുന്നു ഷെര്‍ലക്ക് ഹോംസ് എന്ന കഥാപാത്രം. ഈ രചന തൊട്ടടുത്ത വര്‍ഷം ബീറ്റണ്‍സ് ക്രിസ്മസ് ആനുവല്‍ എന്ന മാഗസിനില്‍ തുടര്‍ നോവലായി അച്ചടിച്ചുവരുകയും മികച്ച നിരൂപണങ്ങള്‍ അതിനുണ്ടാവുകയും ചെയ്തു.

കോനന്‍ ഡോയല്‍ എഴുതിപ്പൂര്‍ത്തിയാക്കിയ ദി ഹിസ്റ്ററി ഓഫ് ക്ലൂംബെര്‍ എന്ന ആദ്യനോവല്‍ പ്രസിദ്ധീകരിക്കപ്പെട്ടത് 1888 ല്‍ ആയിരുന്നു. 1888 നും 1906 നുമിടയ്ക്ക് കോനന്‍ ഡോയല്‍ നിരവധി ചരിത്രനോവലുകളും ലേഖനങ്ങളും എഴുതി. ചരിത്രനോവലുകളോട് അടങ്ങാത്ത ഭ്രമമുണ്ടായിരുന്ന അദ്ദേഹം എഴുതിയ ദ വൈറ്റ് കമ്പനി എന്ന നോവല്‍ തന്റെ ഏറ്റവും മികച്ച സൃഷ്ടിയായിക്കരുതിയിരുന്നു. ആറു വോളിയങ്ങളിലായി എഴുതിപ്പൂര്‍ത്തിയാക്കിയ ഒന്നാം ലോകമഹായുദ്ധത്തിന്റെ ചരിത്രം ഉള്‍പ്പെടെ ഏഴോളം ചരിത്രരചനകള്‍ ഡോയല്‍ നടത്തുകയുണ്ടായി. മാത്രമല്ല 1912 നും 1929 നുമിടയ്ക്ക് പ്രൊഫസര്‍ ചലഞ്ചര്‍ എന്ന കാതാപത്രത്തെ ബേസ് ചെയ്ത് രണ്ടു നോവലുകളും മറ്റു നിരവധി രചനകളും ഡോയല്‍ നടത്തുകയുണ്ടായി. എന്നാല്‍ ഈ എല്ലാ നോവലുകളേയും പരിശ്രമങ്ങളേയുംമൊക്കെ നിഷ്പ്രഭമാക്കിക്കൊണ്ടാണ് അദ്ദേഹം സൃഷ്ടിച്ച ഷെര്‍ലക് ഹോംസ് എന്ന കഥാപാത്രം വളര്‍ന്നത്.

കോനന്‍ ഡോയലിനെ അഖിലലോകപ്രശസ്തനാക്കിയത് 1887 മുതല്‍ അദ്ദേഹം രചിച്ച ഷെർലക് ഹോംസ് കഥകളാണ്. ഹോംസ് എന്ന അതിമാനുഷനായ കുറ്റാന്വേഷകനും സഹായിയായ വാട്സണ്‍ എന്ന ഡോക്ടറും ലോകത്താകമാനമുള്ള വായനക്കാരുടെ മനസ്സില്‍ വിപ്ലവംതന്നെ സൃ‍ഷ്ടിച്ചു. ഹോംസും വാട്സണും പ്രധാനകഥാപാത്രങ്ങളാക്കി നാലു നോവലുകളും 58 ചെറുകഥകളുള്ള 5 കഥാസമാഹാരങ്ങളുമാണ് കോനന്‍ ഡോയല്‍ രചിച്ചത്.

1. ചുകപ്പില്‍ ഒരു പഠനം(A Study in Scarlet)
2. നാൽവർ ചിഹ്നം(The Sign Of Four)
3. ബാസ്കർവിൽസിലെ വേട്ടനായ(The hound of Baskervills)
4. ഭീതിയുടെ താഴ്വര(Valley Of Fear)

എന്നീ നാലു നോവലുകളും

1. Adventures of Sherlock Holmes
2. The memories of Sherlock Holmes
3. The return of Sherlock Holmes
4. The last bow
5. The case book of Sherlock Holmes

എന്നിങ്ങനെ 5 ചെറുകഥാസമാഹാരങ്ങളും ഹോസിന്റേതായി പുറത്തിറങ്ങി. ഇതില്‍ ആദ്യത്തെ സമാഹാരത്തില്‍ 13 ചെറുകഥകളും രണ്ടാമത്തേതില്‍ 12 എണ്ണവും മൂന്നാമത്തേതില്‍ 13 എണ്ണവും നാലാമത്തേതില്‍ 8 എണ്ണവും അവസാനസമാഹാരത്തില്‍ 12 കഥകളുമാണുള്ളത്. ഹോംസിന്റെ അനന്യസാധാരണമായ കഴിവുകള്‍മൂലം ലോകജനത ആ കഥാപാത്രത്തെ നെഞ്ചേറ്റിയപ്പോള്‍ കോനന്‍ ഡോയലിന്റെ കൈയില്‍‍ നില്‍ക്കാത്തവണ്ണം അത് വളരാന്‍തുടങ്ങി. ലോകംമുഴുവന്‍ ഷെര്‍ലക്കിനു ആരാധകരുണ്ടായി. ഓരോ പുതിയ പുസ്തകമിറങ്ങുമ്പോഴും അവ റിക്കോര്‍ഡ് വില്‍പ്പനയാണു സൃഷ്ടിച്ചത്. ഹോംസ് ഒരു കഥാപാത്രമല്ല മറിച്ച് യഥാര്‍ത്ഥത്തില്‍ ജീവിച്ചിരിക്കുന്ന ഒരാളാണെന്ന്‍ ലോകം വിശ്വസിക്കാനാരംഭിച്ചു. ഹോംസിന്റെ വസതിയായ ബേക്കര്‍ സ്ട്രീറ്റിലുള്ള 221 B യിലേക്ക് അന്വേഷണങ്ങളും പരാതിപരിഹാരവുമാവശ്യപ്പെട്ട് കത്തുകളുടേ പ്രളയമാരംഭിച്ചു. അതോടെ കോനന്‍ ഡോയല്‍ എന്ന എഴുത്തുകാരനും അസഹ്യത അനുഭവപ്പെട്ടുതുടങ്ങി. പലപ്പോഴും കോനന്‍ ഡോയലിനു പൊതുസദസ്സുകളില്‍ പങ്കെടുക്കാന്‍ കഴിയാതെവന്നു. എല്ലാ സദസ്സുകളിലും ആളുകള്‍ക്ക് അറിയുവാന്‍ ഒറ്റകാര്യമേയുണ്ടായിരുന്നുള്ളൂ. എന്താണ് അടുത്ത ഷെര്‍ലക് ഹോംസ് കഥ?. എന്നാണതു പുറത്തിറങ്ങുക?. മാത്രമല്ല ഹോംസ് എന്ന അതിമാനുഷനുമുന്നില്‍ തന്റെ ഏറ്റവും വലിയ മറ്റുവര്‍ക്കുകള്‍ മുങ്ങിപ്പോകുകയും ചെയ്തതോടെ സഹികെട്ട കോനന്‍ ഡോയല്‍ താന്‍ സൃഷ്ടിച്ച ആ ഇതിഹാസകഥാപാത്രത്തെ കൊന്നുകളയുവാന്‍ തീരുമാനിച്ചു. അങ്ങനെ ദ മെമ്മറീസ് ഓഫ് ഷെര്‍ലക്ക്ഹോംസ് എന്ന സമാഹാരത്തിലെ ഫൈനല്‍ പ്രോബ്ലം എന്ന കഥയില്‍ ഹോംസിനെ ഡോയല്‍ വിദഗ്ദമായിക്കൊലപ്പെടുത്തി.

ഫൈനല്‍ പ്രോബ്ലം എന്ന കഥ പുറത്തിറങ്ങിയപ്പോള്‍ ഒരു ഭൂകമ്പം തന്നെയുണ്ടായ പ്രതീതിയായിരുന്നു ലോകംമുഴുവന്‍. ഈ കഥ പ്രസിദ്ധീകരിച്ച സ്ട്രാന്‍ഡ് മാഗസിനു ഒറ്റദിവസം കൊണ്ട് നഷ്ടമായത് ഇരുപത്തയ്യായിരത്തിനുമേല്‍ വായനക്കാരെയായിരുന്നു. ലോകജനത അവിശ്വസനീയതയോടെയാണ് ഹോംസിന്റെ മരണവാര്‍ത്ത വായിച്ചത്. പല ലോകരാജ്യങ്ങളും അന്നേദിവസം ഔദ്യോഗികദുഃഖാചരണം പ്രഖ്യാപിച്ചു. ചില രാജ്യങ്ങള്‍ ഹോംസിനോടുള്ള ആദരസൂചകമായി തങ്ങളുടെ ദേശീയപതാകപോലും താഴ്ത്തിക്കെട്ടുകയുണ്ടായി. ഹോംസ് താമസിച്ചിരുന്ന ബേക്കര്‍ സ്ട്രീറ്റിലെ 221 ബി എന്ന അഡ്രസ്സിലേക്ക് പതീനായിരക്കണക്കിനു അനുശോചനസന്ദേശങ്ങളും കമ്പികളുമാണ് എത്തിചേര്‍ന്നത്. ഹോംസിനെ പുനര്‍ജ്ജീവിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ നാനാഭാഗത്തുനിന്നും കോനന്‍ ഡോയലിന്റെ മുന്നിലേക്ക് നിവേദനങ്ങളുടെ പെരുമഴയായിരുന്നു പിന്നീടുണ്ടായത്. അതിനായി പല പ്രസാധകരും വന്‍തുകകളാണ് ഡോയലിനു  ഓഫര്‍ ചെയ്തത്. ഭീഷണികളും കുറവല്ലായിരുന്നു. ഒരു അമേരിക്കന്‍ പ്രസാധകര്‍ പുതിയ കഥയുടെ ഓരോ വാക്കിനും ഓരോ പവന്‍ എന്ന കൊതിപ്പിക്കുന്ന ഓഫര്‍പോലും മുന്നോട്ടുവച്ചു. ഒടുവില്‍ ഗത്യന്തരമില്ലാതെ കോനന്‍ ഡോയലിനു ഷെര്‍ലക്ക് ഹോംസിനെ പുനര്‍ജ്ജനിപ്പിക്കേണ്ടിവന്നു. ഒരു കഥാകൃത്തിനെ സ്വന്തം കഥാപാത്രം തന്നെ പരാജയപ്പെടുത്തിയ അപൂര്‍വ്വനിമിഷമായിരുന്നു അത്. പരേതന്റെ തിരിച്ചുവരവ് (The Return of Sherlock Holmes) എന്ന കൃതിയിലൂടേ കോനന്‍ ഡോയല്‍ അതിസമര്‍ത്ഥമായും യുക്തിസഹമായും ഹോംസിനെ പുന:സൃഷ്ടിച്ചു.

ഹോംസ് എന്ന കഥാപാത്രം തന്റെ മറ്റെല്ലാ രചനകളേയും വിഴുങ്ങിക്കളയുന്നതില്‍ അങ്ങേയറ്റം ദുഃഖിതനായിരുന്നു കോനന്‍ ഡോയല്‍. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ത്തന്നെ സ്കോട്ട്ലന്‍ഡ് യാര്‍ഡ് ഉള്‍പ്പെടെയുള്ള ലോകത്തെ പല കുറ്റാന്വേഷണസേനകളും തങ്ങളുടെ ടെക്സ്റ്റ് ബുക്കുകളായി ഹോംസ്കഥകളെ ഉപയോഗിച്ചുതുടങ്ങിയിരുന്നു.  ഇന്നും ഹോസ് അനുവര്‍ത്തിച്ചിരുന്ന പല രീതികളും അതേപടി പലരാജ്യങ്ങളുടേയും പോലീസ് സേനകള്‍ ഉപയോഗിക്കുന്നുണ്ട്. ഒരു സാഹിത്യകാരന്‍ മാത്രമായിരുന്നില്ല കോനന്‍ ഡോയല്‍. മികച്ച ഒരു ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു അദ്ദേഹം. നേവിയുടെ ലൈഫ് ജാക്കറ്റ് അദ്ദേഹം കണ്ടുപിടിച്ചതായിരുന്നു. ഇംഗ്ലണ്ടിന്റെ ദേശീയ ക്രിക്കറ്റ് ഫുട്ബോള്‍ ടീമുകളില്‍ അംഗവുമായിരുന്നു ഡോയല്‍. മികച്ചൊരു ബില്യാര്‍ഡ്സ് കളിക്കാരനും ഒപ്പം ഒരു ഗുസ്തിക്കാരനുമായിരുന്ന ഡോയല്‍ ഒരു അഡ്വക്കേറ്റായും സ്വകാര്യ കുറ്റാന്വേഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹം സര്‍വ്വാത്മനാ ഒരു ബഹുമുഖപ്രതിഭ തന്നെയായിരുന്നു.

കോനന്‍ ഡോയല്‍ രണ്ടുവട്ടം വിവാഹിതനായി. 1885 ല്‍ ആദ്യം വിവാഹം കഴിച്ച ലൂസിയ ഹാക്കിന്‍സ് ക്ഷയരോഗബാധിതയായി മരണപ്പെട്ടപ്പോള്‍ 1907 ല്‍ അദ്ദേഹം എലിസബത്ത് ജീനിനെ വിവാഹം കഴിച്ചു. ആദ്യഭാര്യയില്‍ രണ്ടും രണ്ടാമത്തെ ഭാര്യയില്‍ മൂന്നും കുട്ടികളാണദ്ദേഹത്തിനുണ്ടായത്. 1930 ജൂലൈ 7 നു ഈസ്റ്റ് സസക്സിലുള്ള തന്റെ ഭവനത്തില്‍ വച്ച് ഹൃദയാഘാതം സംഭവിച്ചാണ് ആ മഹാപ്രതിഭ ലോകത്തോട് വിടപറഞ്ഞത്.

(വിക്കീപ്പീഡിയ, പലപല ഓണ്‍ ലൈന്‍ സൈറ്റുകള്‍, എഴുത്തുകള്‍ എന്നിവയൊക്കെ ആധാരമാക്കിയാണ് ഈ ചെറുകുറിപ്പു തയ്യാറാക്കിയിരിക്കുന്നത്. വസ്തുതാപരമായ തിരുത്തലുകള്‍, ലേഖനത്തില്‍പ്പെടാതെപോയ മറ്റു വിവരണങ്ങള്‍, കൃതികള്‍, അതിന്റെ വിശകലനങ്ങള്‍ എന്നിവയൊക്കെ അറിവുള്ളവര്‍ കമന്റുകളായി ചേര്‍ക്കണമെന്ന്‍ അഭ്യര്‍ത്ഥിക്കുന്നു.

ശ്രീ.....