Sunday, July 28, 2019

കുരുക്ഷേത്രയുദ്ധം.


കുരുക്ഷേത്രയുദ്ധത്തിന്റെ നാള്‍വഴികളിലൂടെ ഒരു ചെറിയ സഞ്ചാരമാണിത്. പലയിടത്തുനിന്നായി വായിച്ചറിഞ്ഞതുവച്ചു തയ്യാറാക്കുന്നതാണീ ചെറുകുറിപ്പുകള്‍. കൂടുതലായി അറിവുള്ളവര്‍ കമന്റുകളായി വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ ഉപകാരമായിരിക്കും. ദൈര്‍ഘ്യമുള്ളതിനാല്‍ രണ്ടുമൂന്ന്‍ ഭാഗങ്ങളായിട്ടായിരിക്കും ഇത് പോസ്റ്റ് ചെയ്യുക.

12 വര്‍ഷത്തെ വനവാസവും ഒരുകൊല്ലത്തെ അജ്ഞാതവാസവും പൂര്‍ത്തിയാക്കിവന്ന പാണ്ഡവര്‍ വിരാടത്തിനടുത്തുള്ള ഉപപ്ലാവ്യത്തില്‍ തങ്ങിക്കൊണ്ട് ഭാവിപരിപാടികളെപ്പറ്റിയാലോചിച്ചു. പാണ്ഡവര്‍ ഉപപ്ലാവ്യത്തില്‍ താമസിക്കുന്ന വിവരമറിഞ്ഞ സത്യവതി തന്റെ മകനായ വേദവ്യാസനെ വിളിച്ചുവരുത്തുകയും വ്യാസനോട് ഹസ്തിനപുരിയില്‍ച്ചെന്ന്‍ പാണ്ഡവര്‍ക്കുവേണ്ടി സംസാരിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് വ്യേദവ്യാസന്‍ ഹസ്തിനപുരത്തിലെത്തുകയും വനവാസവും അജ്ഞാതവാസവും പൂര്‍ത്തിയാക്കിവന്ന പാണ്ഡവര്‍ക്ക് അവര്‍ക്കവകാശപ്പെട്ട അര്‍ദ്ധരാജ്യം നല്‍കുവാന്‍ ധൃതരാഷ്ട്രരോട് ആവശ്യപ്പെട്ടുവെങ്കിലും അന്ധമായ പുത്രസ്നേഹത്തിലാണ്ടിരുന്ന രാജാവ് അതിനു വലിയ വിലകല്‍പ്പിച്ചില്ല. മാത്രമല്ല അദ്ദേഹത്തിനു ദുര്യോധനനെ മറികടന്ന്‍ ഒരു തീരുമാനമെടുക്കാനുമാകുമായിരുന്നില്ല. ദുര്യോധനനാകട്ടേ പാണ്ഡവര്‍ക്ക് ഒരുകാരണവശാലും രാജ്യം നല്‍കില്ല എന്ന കടുത്തതീരുമാനത്തിലുമായിരുന്നു. ഭീഷ്മരും നിരവധി വട്ടം ദുര്യോധനനെ ഉപദേശിച്ചുവെങ്കിലും ഒരു ഫലവുമുണ്ടായില്ല.

ദുര്യോധനന്‍ സഞ്ജയനെ ഒരു ദൂതനാക്കി ഉപപ്ലാവ്യത്തിലേക്കയച്ചിട്ട് പാണ്ഡവരോട് തങ്ങളുടെ തീരുമാനമറിയിച്ചു. ദുര്യോധനനാണ് അയച്ചെതെങ്കിലും രാ​‍ജാവായ ധൃതരാഷ്ട്രരുടെ ദൂതനെന്നോണമാണ് സഞ്ജയന്‍ ഉപപ്ലാവ്യത്തിലെത്തിയത്. രാജ്യം ഒരു കാരണവശാലും വിട്ടുനല്‍കാനാവില്ല എന്നതാണ് കൌരവതീരുമാനമെന്നു ഖേദത്തോടെതന്നെ സഞ്ജയന് പാണ്ഡവരെ അറിയിച്ചു. ആസന്നമായ യുദ്ധം വരുത്തിവയ്ക്കാവുന്ന ഭീകരതയുടെ ഫലങ്ങള്‍ കനത്തതായിരിക്കുമെന്ന്‍ മടങ്ങിയെത്തിയ സഞ്ജയന്‍ മഹാരാജാവിനെ നേരിട്ടുകണ്ട് ഉണര്‍ത്തിച്ചെങ്കിലും അതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ല. എന്നാല്‍ സഞ്ജയന്റെ ഉപദേശം ധൃതരാഷ്ട്രരെ അല്‍പ്പം ഭയപ്പെടുത്തി.ഒരാശ്വാസത്തിനെന്നവണ്ണം വിദൂരരെ വിളിപ്പിച്ച മഹാരാജാവ് അദ്ദേഹത്തിനോട് ഉപദേശമാരായുകയും വിദൂരര്‍ കൌരവരുടെ രക്ഷയ്ക്കായും ആപത്തൊഴിയാനുമായി പല കഥകള്‍ പറഞ്ഞ് ധൃതരാഷ്ട്രരെ സാഹചര്യത്തിന്റെ തീഷ്ണത ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. ഹസ്തിനപുരത്തിലെത്തിയ സനല്‍ക്കുമാരമഹര്‍ഷിയും ദുര്യോധനാദികളെ ഉപദേശിച്ചെങ്കിലും അവരതൊന്നുംതന്നെ ചെവിക്കൊണ്ടില്ല.

യുദ്ധം വരുത്തിവയ്ക്കുന്നത് സര്‍വ്വനാശമായിരിക്കുമെന്ന്‍ മനസ്സിലാക്കിയ യുധിഷ്ഠിരന്‍ ബന്ധുജനങ്ങളുമായി ഒരു യുദ്ധമുണ്ടാകുന്നത് എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നുദ്ദേശിച്ചു കൃഷ്ണസഹായമഭ്യര്‍ത്തിച്ചു. അങ്ങനെ സാക്ഷാല്‍ ശ്രീകൃഷ്ണന്‍തന്നെ കൌരവസഭയില്‍ പാണ്ഡവര്‍ക്കായി ദൂതനായെത്തി. കൃഷ്ണന്‍ പാണ്ഡവര്‍ക്ക് അര്‍ദ്ധരാജ്യം നല്‍കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ദുര്യോധനനോടും കൂട്ടരൊടും വിശദമാക്കിയെങ്കിലും അവരതു ചെവിക്കൊണ്ടതേയില്ല. അതോടെ പാണ്ഡവർക്കായി അഞ്ചു ചെറിയരാജ്യങ്ങളോ അല്ലെങ്കിൽ അഞ്ചുദേശങ്ങളോ അതുമല്ലെങ്കിൽ അഞ്ചു ഭവനങ്ങളോ അതുമല്ലെങ്കില്‍ അഞ്ചുപേർക്കുമായി താമസിക്കാൻ ഒരു ഭവനമെങ്കിലും കൊടുക്കണം എന്ന് കൃഷ്ണന്‍ സഭയില്‍ എല്ലാവരോടുമായി അപേക്ഷിച്ചു. പക്ഷേ ആ അപേക്ഷ ദുര്യോധനനും ധൃതരാഷ്ട്രരും ചെവിക്കൊണ്ടില്ല. അങ്ങനെ കൃഷ്ണദൂതും പരാജയമായതോടെ യുദ്ധം അനിവാര്യമായി മാറി.

യുദ്ധമുറപ്പായതോടെ പാണ്ഡവരും കൌരവരും അയല്‍രാജ്യങ്ങളുടെ സഹായമഭ്യര്‍ത്ഥിച്ചുകൊണ്ടു അവിടേയ്ക്കെല്ലാം ദൂതന്മാരെ അയച്ചു. നിലവില രാജ്യഭരണാധികാരിയായിരിക്കുന്ന ദുരോധനപക്ഷത്തൊടൊപ്പം നില്‍ക്കുവാനാണ് പല പ്രബലരാജ്യങ്ങളും തീരുമാനിച്ചത്. അംഗരാജ്യം, സിന്ധ്, അവന്തി, മാഹിഷ്മതി, ഗാന്ധാരം, മാദ്രം, കംബോജം, പ്രാഗ്ജ്യോതിഷ, കലിംഗം, കേകേയം, ദ്വാരക, മഥുര, വിദർഭ, വാൽഹികം തുടങ്ങിയ മിക്ക രാജ്യങ്ങളും കൌരവപക്ഷത്തു അണിനിരന്നപ്പോള്‍ വിരാടം, പാഞ്ചാലം,കാശി, ചേദി,പാണ്ഡ്യം, മഗധ തുടങ്ങിയവര്‍ പാണ്ഡവര്‍ക്കു പിന്നില്‍ അണിനിരന്നു. കൃഷ്ണനും ദ്വാരകാസൈന്യവും ആരുടെകൂടെ നില്‍ക്കുമെന്നത് വലിയ പ്രാധാന്യമുള്ള ഒന്നായിമാറി. ദ്വാരകയിലേയ്ക്ക് സഹായാഭ്യര്‍ത്ഥനയുമായി കൌരവപക്ഷത്തുനിന്നു ദുര്യോധനനും പാണ്ഡവപക്ഷത്തുനിന്നു അര്‍ജ്ജുനനുമായിരുന്നു ചെന്നത്. ഒരേസമയം ദ്വാരകയിലെത്തിയ ഇരുവരും കൃഷ്ണനെക്കണ്ട് തങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ അഭ്യര്‍ത്ഥിക്കാനുറച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന കൃഷ്ണന്റെ തലഭാഗത്തായി ദുര്യോധനനും അർജ്ജുനൻ കാൽക്കലും കൃഷ്ണൻ ഉണരുന്നതും കാത്ത് ഇരിപ്പുറപ്പിച്ചു. കുറച്ചുനേരംകഴിഞ്ഞ് ഉറക്കമുണര്‍ന്ന കൃഷ്ണന്‍ ആദ്യംകണ്ടത് തന്റെ കാല്‍ക്കലായിരിക്കുന്ന അര്‍ജ്ജുനനെയാണ്. അര്‍ജ്ജുനനോട് കുശലം ചോദിച്ചിട്ട് വന്ന കാര്യമെന്തെന്ന്‍ ചോദിക്കുമ്പോള്‍ ദുര്യോധനനേയും കണ്ടു. ഇരുവരും വന്നിരിക്കുന്നത് യുദ്ധത്തില്‍ പക്ഷ്ംചേരുവാന്‍ അഭ്യര്‍ത്ഥിക്കുവാനാണെന്ന്‍ മനസ്സിലായ കൃഷ്ണന്‍ ഇരുവര്‍ക്കും മുന്നിലായിട്ട് ഒരു നിര്‍ദ്ദേശം വച്ചു. താനൊരിക്കലും ആയുധമെടുക്കാത്ത നിരായുധനായി യുദ്ധത്തില്‍ നിലകൊള്ളുമെന്നും തന്റെ സൈന്യമായ നാരായണീ സൈന്യം യുദ്ധത്തില്‍ പങ്കെടുക്കുമെന്നും അറിയിച്ച കൃഷ്ണന്‍ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാന്‍ ഇരുവരോടും പറഞ്ഞു. യുദ്ധത്തില്‍ ആയുധമെടുക്കാതെ നില്‍ക്കുന്ന കൃഷ്ണനെക്കൊണ്ടെന്തുഗുണമെന്ന്‍ ചിന്തിച്ച ദുര്യോധനന്‍ സന്തോഷപൂര്‍വ്വം തനിക്ക് നാരായണീ സൈന്യം മതിയെന്നറിയിച്ചു. കൃഷ്ണന്‍ തങ്ങള്‍ക്കൊപ്പം മതിയെന്ന്‍ അര്‍ജ്ജുനനും തീരുമാനിച്ചു.

അങ്ങനെ അഞ്ചോളം തലമുറകളിലെ ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്കആള്‍ക്കാരും അണിനിരന്ന മഹാഭാരതയുദ്ധം ആസന്നമായി. യുദ്ധത്തില്‍‍ പങ്കെടുക്കുവാനായി ഇരുകൂട്ടരുടേയും നേതൃത്വത്തില്‍ അണിനിരന്നത് പതിനെട്ട് അക്ഷൌഹിണിപ്പടകളായിരുന്നു. ഒരു അക്ഷൌഹിണിപ്പട എന്നു വച്ചാല്‍.

ഒരു ആന, ഒരു രഥം, മൂന്നു കുതിര, അഞ്ച് കാലാൾ- ഒരു പത്തി
മൂന്നു പത്തി - ഒരു സേനാമുഖം.
മൂന്ന്‍ സേനാമുഖം - ഒരു ഗുല്മം
മൂന്നു ഗുല്മം -  ഒരു ഗണം
മൂന്നു ഗണം - ഒരു വാഹിനി
മൂന്നു വാഹിനി - ഒരു പൃതന
മൂന്നു പൃതന - ഒരു ചമു
മൂന്നു ചമു - അനീകിനി
പത്ത് അനീകിനി - ഒരു അക്ഷൌഹിണി.

അതായത് മൊത്തം 21870 ആന, 21870 രഥം, 65610 കുതിര, 109350 കാലാൾപ്പട എന്നിവര്‍ ചേര്‍ന്നതാണ് ഒരു അക്ഷൌഹിണിപ്പട. ഇപ്രകാരം  പാണ്ഡവര്‍ക്ക് കീഴില്‍ 7 അക്ഷൌഹിണിപ്പടയും കൌരവര്‍ക്ക് കീഴില്‍ 11 അക്ഷൌഹിണിപ്പടയുമാണ് യുദ്ധത്തിനായി അണിനിരന്നത്.

യുദ്ധമാരംഭിക്കുന്നതിനുമുന്നേ ഇരുപക്ഷത്തേയും പ്രമുഖര്‍ ചേര്‍ന്ന്‍ ചിലതീരുമാനങ്ങളെടുക്കുകയും ചിലനിബന്ധനകള്‍ അംഗീകരിക്കുകയും ചെയ്തു. അവ പ്രധാനമായും താഴെപ്പറയുന്നവയൊക്കെയായിരുന്നു.

1. യുദ്ധം സൂര്യോദയത്തിനുശേഷം തുടങ്ങി, സൂര്യാസ്തമയത്തിനു അവസാനിപ്പിക്കുക.
2. ഇരുപക്ഷത്തിനും സമ്മതമെങ്കിൽ രാത്രിയിൽ യുദ്ധമാവാം.
3. ഒന്നിൽ കൂടുതൽ പേർ ചേർന്ന് തനിച്ച് ഒരാളെ ആക്രമിക്കരുത്.
4. രണ്ടുപേർ തമ്മിൽ ദ്വന്ദ്വയുദ്ധമാവാം, യുദ്ധം ദീര്‍ഘനേരം നില്‍ക്കുകയാണെങ്കില്‍ ഉപയോഗിക്കുന്ന ആയുധങ്ങളും വാഹനവും ഒരേപോലെയുള്ളവയാകണം.
5. ഒരാളുപോലും മറ്റുള്ളവരാൽ ചുറ്റപ്പെട്ട് ആക്രമിക്കപ്പെടരുത്.
6. യുദ്ധത്തിൽ അടിയറവ് പറഞ്ഞവനെ മാന്യമായ യുദ്ധതടവുകാരനായി സംരക്ഷിക്കണം.
7. നിരായുധനെ ആക്രമിക്കരുത്.
8. അബോധാവസ്ഥയിലായവനെ ആക്രമിക്കരുത്.
9. യുദ്ധത്തിൽ പങ്കെടുക്കാത്തവനെയോ, മൃഗത്തേയോ ആക്രമിക്കരുത്.
10.പിന്തിരിഞ്ഞോടിയവനെ പിന്തുടർന്ന് ആക്രമിക്കരുത്.
11.സ്ത്രീകളെ ആക്രമിക്കരുത്.
12.ഓരോ ആയുധങ്ങൾക്കും അതിന്റെതായ നിബന്ധനകൾ പാലിച്ചാവണം യുദ്ധത്തിൽ ഏര്‍പ്പെടേണ്ടത്.
13.ന്യായരഹിതമായ പോരാട്ടത്തിൽ ആരും ഏർപ്പെടരുത്

കൌരവപക്ഷത്തിന്റെ സര്‍വ്വസൈന്യാധിപത്യം വഹിച്ചത് ഭീഷ്മരായിരുന്നു. പതിനൊന്ന്‍ അക്ഷൌഹിണിപ്പടയേയും പതിനൊന്നു ഉപവിഭാഗങ്ങളായി തിരിച്ച ഭീഷ്മര്‍ ഓരോ വിഭാഗത്തിനും ഓരോ ഉപസൈന്യാധിപനെവീതം നിയമിച്ചു. തലേദിവസംനടന്ന ചര്‍ച്ചയ്ക്കിടയില്‍ ഭീഷ്മരും കര്‍ണനും തമ്മില്‍നടന്ന വാഗ്വാദത്തെത്തുടര്‍ന്ന്‍ ഭീഷ്മര്‍ നായകനായിരിക്കുന്നിടത്തോളം താന്‍ ഭീഷ്മരുമൊത്ത് യുദ്ധത്തില്‍ പങ്കെടുക്കില്ല എന്ന്‍ കര്‍ണ്ണന്‍ പ്രതിജ്ഞയെടുത്തു. അന്നെദിവസംതന്നെ ഹസ്തിനപുരം കൊട്ടാരത്തിലെത്തിയ വ്യാസന്‍ ധൃതരാഷ്ട്രസജിവനായ സഞ്ജയനു യുദ്ധരംഗത്ത് നടക്കുന്ന മുഴുവന്‍ വസ്തുതകളും മനക്കണ്ണാല്‍ ദര്‍ശിക്കുവാന്‍ കഴിയുമെന്ന അനുഗ്രഹം നല്‍കി. യുദ്ധത്തിന്റെ ഗതിവിഗതികള്‍ മഹാരാജാവായ ധൃതരാഷ്ട്രര്‍ക്ക് യഥാസമയം വ്യക്തമാക്കിക്കൊടുക്കുവാന്‍ വേണ്ടിയാണ് വ്യാസന്‍ ഈ അനുഗ്രഹം സഞ്ജയനു നല്‍കിയത്.

പാണ്ഡവപക്ഷത്തിന്റെ സര്‍വ്വസൈന്യാധിപനായത് ദ്രുപദപുത്രനായ ധൃഷ്ടദ്യുമ്നൻ ആയിരുന്നു. തങ്ങളുടെ ഒപ്പംചേര്‍ന്ന ഏഴു അക്ഷൌഹിണിപ്പടകളെ ഏഴു സേനാവിഭാഗങ്ങളായിത്തിരിച്ചു വിരാടൻ, ദ്രുപദൻ, ശിഖണ്ഡി, ഭീമൻ, സാത്യകി, നകുലൻ, സഹദേവൻ എന്നിവരെ അവയുടെ സേനാധിപന്മാരാക്കി. ഏഴു സേനയുടേയും ഉപനായകനായി അര്‍ജ്ജുനനേയും അവരോധിച്ചു. യുദ്ധാരംഭത്തിനുമുന്നേ ഭീമപുത്രനായ ഘടോത്കജന്‍ പാണ്ഡവരോടൊപ്പം ചേര്‍ന്നു. എന്നാല്‍ അര്‍ജ്ജുനപുത്രനായ ഇരാവനെ യുദ്ധത്തില്‍ ഒപ്പം ചേര്‍ക്കുവാന്‍ കൃഷ്ണന്‍ അനുവദിച്ചില്ല.

ദുര്യോധനന്റെ അഭ്യർത്ഥനയിൽ പാണ്ഡവനായ സഹദേവൻ കുറിച്ചുകൊടുത്ത മുഹൂര്‍ത്തത്തില്‍ കാര്‍ത്തികമാസത്തിലെ വെളുത്ത ത്രയോദശിനാളില്‍ സരസ്വതിനദിയുടെയും ദൃഷദ്വതിയുടെയും ഇടയ്ക്കുള്ള ഭൂപ്രദേശമായ കുരുക്ഷേത്രത്തില്‍വച്ചാണ് അഞ്ചോളംതലമുറകളിലെ  ബന്ധുക്കളായും അല്ലാതെയുമുള്ള ഒട്ടുമിക്കആള്‍ക്കാരും പതിനെട്ട് അക്ഷൌഹിണിപ്പടയും നശിച്ചുനാമാവശേഷമായ ആ മഹായുദ്ധമാരംഭിച്ചത്

തുടരും

ശ്രീ

Tuesday, July 9, 2019

തലൈക്കൂത്തല്‍

പ്രായമായ അച്ഛനമ്മമാരെയും വൃദ്ധജനങ്ങളേയും അമ്പലനടകളിലും പലപല ഓമനപ്പേരുകളുമിട്ടുവിളിക്കുന്ന ഓള്‍ഡേജ്ഹോമുകളിലേക്കും തള്ളിവിട്ട് അവരെ തങ്ങളുടെ ജീവിതത്തില്‍നിന്നുമൊഴിവാക്കുന്ന പ്രവണത ഇന്നത്തെ നവതലമുറയില്‍ വളരെയധികം പടര്‍ന്നുപിടിച്ചിട്ടുണ്ട്. പ്രായമായ ആളുകളെക്കൊണ്ട് യാതൊരുപയോഗവുമില്ലെന്നും അവര്‍ തികച്ചുമൊരു ബാധ്യതയാണെന്നും കരുതുന്ന സമൂഹമായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. ആധുനികകാലഘട്ടത്തില്‍ പണസമ്പാധനം മാത്രമാണ് ജീവിതമെന്നു കരുതുന്ന ഒരു തലമുറയ്ക്ക് ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ നഷ്ടമായതും വൃദ്ധരായ മാതാപിതാക്കളെയൊക്കെ എങ്ങനെയാണ് ‍പരിപാലിക്കേണ്ടത് എന്നതിനെപ്പറ്റിബോധ്യമില്ലാതെയായിത്തീര്‍ന്നതുമാണ് പലരേയും അമ്പലനടകളിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ഈ ഉപേക്ഷിക്കലിനെക്കാളുമൊക്കെ ഭയാനകമായ പലതും രാജ്യത്തിന്റെ പലയിടങ്ങളിലും ഈ വൃദ്ധജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതിലൊന്നാണ് തമിഴ്നാട്ടിലെ പലഉള്‍നാടന്‍ ഗ്രാമങ്ങളിലും നിലനിന്നിരുന്ന, ഇന്നും നിലനില്‍ക്കുന്ന തലൈക്കൂത്തല്‍ എന്ന കൊലപാതകരീതി. പ്രായമായ മാതാപിതാക്കളേയും മറ്റു വൃദ്ധജനങ്ങളേയും അറിഞ്ഞുകൊണ്ട് കൊലപ്പെടുത്തുന്ന ക്രൂരവും പ്രാകൃതവുമായ പരമ്പരാഗതദുരാചാരമാണ് തലൈക്കൂത്തല്‍. എണ്ണതേച്ചുള്ളകുളി എന്ന അര്‍ത്ഥമാണ് തലൈക്കൂത്തലിനുള്ളത്.ബലംപ്രയോഗിച്ചു നിര്‍ബന്ധപൂര്‍വ്വം നടത്തുന്ന ദയാവധമെന്ന്‍ പേരിട്ടുവിളിയ്ക്കുന്ന പക്കാകൊലപാതകമാണിത്. ഒട്ടുമിക്കപ്പോഴും ഈ കൊലപാതകങ്ങള്‍ ചെയ്യുന്നത് മക്കള്‍ തന്നെയാണ്. തമിഴ്നാട്ടിലെ മധുര, തേനി, വിരുദാനഗര്‍ തുടങ്ങിയ ജില്ലകളിലെ പലഗ്രാമങ്ങളിലും രഹസ്യമായി ഇന്നും തികച്ചും നിയമവിരുദ്ധമായ ഈ കൊലപാതകങ്ങല്‍ നടക്കുന്നുണ്ട്. പ്രായമായ അച്ഛനേയും അമ്മയേയുമൊക്കെ ഈ വിധം കൊല്ലുന്നതിനു ആചാരത്തിന്റെ മറയാണ് പലപ്പോഴും പിന്‍പറ്റുന്നത്. സത്യത്തില്‍ ഇത്തരം കേസുകളില്‍ പരാതികള്‍ ഇല്ലാത്തതുകൊണ്ടുതന്നെ പലപ്പോഴും കേസുകളൊന്നും ഉണ്ടാകാറുമില്ല. തലൈക്കൂത്തലിനു വിവിധങ്ങളായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു. ഏകദേശം 26 ഓളം വ്യത്യസ്തരീതികളില്‍ ഇത് നടത്തപ്പെടുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനവും സര്‍വ്വസാധാരണവുമായ രീതിയാണ് എണ്ണ തേപ്പിച്ചുള്ള കുളി. തലൈക്കൂത്തല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ദിവസം അതിരാവിലെ വൃദ്ധരെ ഉറക്കത്തില്‍നിന്നെഴുന്നേല്‍പ്പിച്ച് ശരീരമാസകലം നല്ലെണ്ണ തേച്ചുപിടിപ്പിക്കും. തലയില്‍ ധാരപോലെ എണ്ണതേച്ചുപിടിപ്പിച്ച് നല്ലതുപോലെ മസ്സാജ് ചെയ്യും. നല്ലെണ്ണ തെച്ചുപിടിപ്പിക്കുന്നതുമൂലം അവരുടെ ശരീരം നന്നായിത്തണുക്കും. ഈ സമയം നല്ല തണുത്തവെള്ളം അവരുടെ തലിയില്‍ക്കൂടി ഒഴിച്ചുകൊടുക്കും. ഇതൊടെ ശരീരം ശരിക്കും തണുത്തുവിറയ്ക്കും. ഇരയാകുന്ന ആള്‍ ഏകദേശം മരിച്ചതിനുസമാനമാകും. അപ്പോള്‍ നല്ല തണുത്ത കരിക്കിന്‍ വെള്ളം നിര്‍ബന്ധമായി ഇരയെക്കുടിപ്പിക്കുന്നതോടെ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറാകുകയും അന്നോ പിറ്റേന്നോ അല്ലെങ്കില്‍ രണ്ടുദിവസത്തിനുള്ളിലോ അവര്‍ ന്യുമോണിയയോ കടുത്ത ചുമയോ മറ്റോ പിടിപെട്ട് കൊല്ലപ്പെടുകയും ചെയ്യും. ശരീരതാപനില ക്രമാതീതമായി താഴുമ്പോള്‍ ചിലപ്പൊള്‍ ഹൃദയസ്തംഭനം വന്നും കൊല്ലപ്പെടാം. മണ്ണുകലക്കിയ വെള്ളം കുടിപ്പിക്കുക, മൂക്കടച്ചുപിടിച്ചുകൊണ്ട് പാലു കുടിപ്പിക്കുക, മൂക്കിനുള്ളിലേയ്ക്കു പാലൊഴിച്ചുകൊടുക്കുക, വിഷപാനീയങ്ങള്‍ കലക്കി നല്‍കുക, ഇഞ്ചക്ഷന്‍ വയ്ക്കുക തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങള്‍ തലൈക്കൂത്തലിനായി ഉപയോഗിക്കുന്നു. പണംവാങ്ങി തലൈക്കൂത്തല്‍നടത്തിക്കൊടുക്കാന്‍ ആളുകളുണ്ട് എന്തുകൊണ്ടാണ് പ്രായമായ ജനങ്ങളെ ഈ വിധം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്? എപ്പോഴാണീ ദുരാചാരം നടപ്പിലായിത്തുടങ്ങിയത്? പഴയകാലത്ത് പരമദാരിദ്ര്യത്തില്‍ക്കഴിഞ്ഞിരുന്ന ജനതയുടെ ആകെയുള്ള വരുമാനമാര്‍ഗ്ഗം കൃ‍ഷിയായിരുന്നു. വീട്ടിലുളള അംഗങ്ങള്‍ എല്ലാവരും എല്ലുമുറിയെപ്പണിയെടുത്താലാവും അന്നന്നത്തേയ്ക്കുള്ള അന്നത്തിനുള്ള വക കണ്ടെത്താനാകുന്നത്. അങ്ങനെയുള്ള കുടുംബങ്ങളില്‍ പ്രായമായവരുണ്ടാകുമ്പോള്‍ അവരെ സംരക്ഷിക്കാനോ പോറ്റാനോ ശേഷിയില്ലാത്ത അവസ്ഥവരുകയും അവരെ ദയാവദത്തിനിരയാക്കാം എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. വൃദ്ധരായ മാതാപിതാക്കള്‍ പ്രയാസകരമായ ജീവിതം നയിക്കുന്നതു ഒഴിവാക്കാനും കൂടിയാവണം ഈ തീരുമാനത്തിലേയ്ക്കെത്തുന്നത്. പഴയസാമ്പത്തികാരക്ഷിതാവസ്ഥിയില്‍നിന്നു ഇന്നു ബഹുദൂരം മുന്നോട്ടുവന്നെങ്കിലും ഇപ്പ്പൊഴും ഈ ദുരാചാരക്കൊഅല്‍ നടക്കുന്നുണ്ട് തമിഴ്നാട്ടില്‍ പലയിടത്തും. പ്രായമായവരെ ഒഴിവാക്കാനുള്ള‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്. ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യമെന്താണെന്നുവച്ചല്‍ പല പ്രായമായവരും നരകിച്ചുകഴിയുന്നതിലും ഭേദം ഇതേരീതിയില്‍ മരിക്കുന്നതുതന്നെയാണ് നല്ലതെന്ന്‍ ചിന്തിക്കുന്നുവെന്നുള്ളതാണ്.അവരെ സംബന്ധിച്ചിടത്തോളം തലൈക്കൂത്തല്‍ ഒരു കൊലപാതകമല്ല മറിച്ച് മരിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു ചെയ്തുകൊടുക്കുന്ന പുണ്യമാണെന്നാണ്. സര്‍ക്കാര്‍ നിയമംമൂലം ഈ ദുരാചാരം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും അതു നിര്‍ബാധംതുടരുന്നു എന്നതാണ് സത്യം. വൃദ്ധരായവരെ സംരക്ഷിക്കുന്നതിനായി തമിഴ്‌നാട് സർക്കാരിന്റെ വയോധിക സംരക്ഷണനിയമത്തില്‍ രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കളേയും ബന്ധുക്കളേയുമൊക്കെ കര്‍ശനമായി ശിക്ഷിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. പല ഗ്രാമങ്ങളിലും വൃദ്ധരായ ജനങ്ങളെ നിരീക്ഷിക്കാനും അവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനുമായി ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ട്.ഇപ്രകാരം ഗവണ്മെന്റിന്റെ കര്‍ശനനിലപാടുകളും സന്നദ്ധസംഘടനകളുടെ തുടര്‍‍ച്ചയായുള്ള ഇടപെടലുകളുംകൊണ്ട് ഇന്ന്‍ തലൈക്കൂത്തല്‍ എന്ന‍ ദുരാചാരത്തിനു വളരെയധികം കുറവുവന്നിട്ടുണ്ടെങ്കിലും പലഗ്രാമങ്ങളിലും രഹസ്യമായി ഇന്നുമിത് നടക്കുന്നുണ്ട്. എണ്ണതേച്ചുകുളിയൊക്കെ ഒഴിവാക്കി ഇന്ന്‍ വിഷം കുത്തിവച്ചും വിഷലായനികള്‍ കുടിപ്പിച്ചുമൊക്കെയാണ് ഇതു ചെയ്യുന്നതെന്നുമാത്രം. തലൈക്കുത്തലിന്റെ മലയാളവെര്‍ഷനാണ് അമ്പലനടകളും വൃദ്ധസദനങ്ങളും. അവര്‍ വൃദ്ധരായവരെ കൊല്ലുമ്പോള്‍ നമ്മള്‍ കൊല്ലാക്കൊല ചെയ്യുന്നു എന്ന വ്യത്യാസംമാത്രം ബാക്കി. നീ നിന്റെ മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നുവോ അതിനേക്കാളും ഒരല്‍പ്പംകൂടി കൂടിയ അളവില്‍ നിനക്കായി കാലം കരുതിവച്ചിട്ടുണ്ട് ശ്രീ

Saturday, July 6, 2019

കാസില്‍ ബ്രാവോ

പസഫിക് മഹാസമുദ്രത്തിന്റെ വടക്കുഭാഗത്തായി ഏകദേശം 1156 ഓളം ചെറുദ്വീപുകള്‍ കൂടിച്ചേര്‍ന്നുകിടക്കുന്ന ഒരു ദ്വീപസമൂഹമാണ് മാര്‍ഷല്‍ ദ്വീപുകള്‍ (റിപ്പബ്ലിക് ഓഫ് മാര്‍ഷല്‍ ഐലന്‍ഡ്സ്) എന്നറിയപ്പെടുന്നത്. 1526 ഓഗസ്റ്റില്‍ സ്പാനിഷ് നാവികര്‍ ഈ ദ്വീപുകള്‍ കണ്ടെത്തിയതോടെയാണ് ഇവിടേയ്ക്കുള്ള യൂറോപ്യന്‍ അധിനിവേശമാരംഭിച്ചത്. ഇംഗ്ലീഷ് പര്യവേഷകനായ ജോണ്‍ മാര്‍ഷലിന്റെ സ്മരണാര്‍ത്ഥമായാണ് ഈ ദ്വീപുകള്‍ക്ക് മാര്‍ഷല്‍ ദ്വീപ് എന്ന പേര് സിദ്ധിച്ചത്. ആദ്യം സ്പാനിഷ് അധീനതയിലായിത്തീര്‍ന്ന ഈ ദ്വീപസമൂഹം 1884 ല്‍ ജര്‍മ്മനിയുടെ കൈകളിലെത്തിച്ചേര്‍ന്നു. ഒന്നാം ലോകമഹായുദ്ധകാലഘട്ടത്തില്‍ മാര്‍ഷല്‍ ദ്വീപുകളുടെ നിയന്ത്രണാവകാശം ജപ്പാന്റെമധീനതയിലായിത്തീര്‍ന്നു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരമ്പിക്കൊള്ളുമ്പോള് പസഫിക്കില്‍ മാര്‍ഷല്‍ ദ്വീപുകള്‍ക്കുള്ള സ്ഥാനം തന്ത്രപ്രധാനമാണെന്നും ജപ്പാനെ തകര്‍ക്കുവാന്‍ അതു കൈയടക്കിയേ മതിയാവൂ എന്നും അമേരിക്കയ്ക്ക് മനസ്സിലാവുകയും അമേരിക്ക സര്‍വവ്ശക്തിയുമപയോഗിച്ച് ആ ദ്വീപു രാഷ്ട്രത്തെ കൈയടക്കാനുഌഅ ശ്രമമാരംഭിക്കുകയും ചെയ്തു. മാര്‍ഷല്‍ ദ്വീപുകള്‍ നിലനിറുത്തുവാനായി ജപ്പാന്‍ വളരെയധികം കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലം മറിച്ചായിരുന്നു.‍ ദ്വീപുകള്‍ കൈയടക്കിയ അമേരിക്ക ജപ്പാനെതിരേയുള്ള പല തന്ത്രപ്രധാന ആക്രമണങ്ങളും പിന്നീടു നടത്തുകയും ആത്യന്തികമായി ജപ്പാന്റെ പതനത്തിലേയ്ക്കുള്ള വഴി സുഗമമാക്കുകയും ചെയ്തു.


രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരമ്പിക്കൊണ്ടിരിക്കുമ്പോള്‍ അമേരിക്ക ചില ഭീകരമായ പരീക്ഷണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു.സര്‍വ്വവിനാശകാരികളായ ആണവായുധങ്ങള്‍ സൃഷ്ടിക്കുക എന്ന ദൌത്യത്തിലായിരുന്നു അവര്‍ മുഴുകിയിരുന്നത്.1945 ജൂലൈ 16 നു ന്യൂമെക്സിക്കോയിലെ ഒരു മരുഭൂമിയില്‍വച്ച് അമേരിക്ക വിജയകരമായി തങ്ങളുടെ ആദ്യത്തെ അണുപരീക്ഷണം നടത്തി. മാന്‍ഹാട്ടന്‍ പ്രോജക്റ്റ് എന്നു പേരിട്ട ഈ പ്രോജക്ടില്‍ അവര്‍ രണ്ട് അണുബോംബുകള്‍ സൃഷ്ടിച്ചെടുത്തു. ആദ്യ പരീക്ഷണത്തിന്റെഫലം അവർ  ചിന്തിച്ചതിലും ഭയാനകമായിരുന്നു. ഇതിന്റെ നശീകരണശേഷി അതിമാരകമാണെന്നു മനസ്സിലാക്കിയ അമേരിക്ക ജപ്പാനെ ഒരുപാഠം പഠിപ്പിക്കുവാന്‍ ഇത് അവര്‍ക്കുമേല്‍ പ്രയോഗിക്കുവാന്‍ തീരുമാനിച്ചു. 1945 ആഗസ്റ്റ് ആറിനു വടക്കന്‍ പസഫിക്കിലെ അമേരിക്കയുടെ നാവികബേസില്‍നിന്നു പുലര്‍ച്ചെ 2.45 നു എനോലഗെ 29 ബി എന്ന‍ യുദ്ധവിമാനം ലിറ്റില്‍ബോയ് എന്നു പേരിട്ട യുറേനിയം ആറ്റംബോംബുമായി പറന്നുയര്‍ന്നു രാവിലെ 8.15 നു ജാപ്പനീസ് നഗരമായ ഹിരോഷിമയില്‍ ആ ബോംബ് വര്‍ഷിച്ചുമടങ്ങി. സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഏകദേശം ഒന്നരലക്ഷത്തോളം ആളുകള്‍ കത്തിക്കരിഞ്ഞ് ഭസ്മമായിമാറി.ബോംബ് വീണ ഗ്രൌണ്ട് സീറോയ്‌ക്ക് 1.6 കിലോമീറ്റര്‍ ചുറ്റളവില്‍ 90 ശതമാനം മനുഷ്യരും സെക്കന്‍ഡുകള്‍ക്കുള്ളില്‍ കത്തിച്ചാമ്പലായി. 11 കിലോമീറ്റര്‍ ചുറ്റളവില്‍ അതിഭീകരമായൊരഗ്നിവലയം സൃഷ്‌ടിച്ച പ്രസ്തുത ബോംബ് സര്‍വ്വനാശമാണ് വരുത്തിവച്ചത്.ആഗസ്റ്റ് 9 നു മറ്റൊരു ജാപ്പനീസ് നഗരമായ നാഗസാക്കിയില്‍‍ ഫാറ്റ്മാന്‍ എന്നു പേരിട്ട പ്ലൂട്ടോണിയം ബോംബും വര്‍ഷിച്ചു.ഹിരോഷിമയിലെന്നതുപോലെ നാഗസാക്കിയിലും സംഹാരതാണ്ഡവമാടിയ ആ അണുസ്ഫോടത്തില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മുക്കാല്‍‍ ലക്ഷത്തോളം മനുഷ്യരാണ് ചാമ്പലായി മാറിയത്. ഈ രണ്ടാക്രമണങ്ങള്‍ ജപ്പാന്റെ കീഴടങ്ങലില്‍ക്കലാശിക്കുകയും ചെയ്തു

ഹിരോഷിമാ, നാഗസാക്കി ആക്രമണങ്ങള്‍ അമേരിക്കയെ കൂടുതല്‍ ആണവപരീക്ഷണങ്ങള്‍ നടത്തി കൂടുതല്‍ശക്തമായ ആണവായുധങ്ങള്‍ നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിച്ചു. പൊതുവേ ആളൊഴിഞ്ഞതും ഒറ്റപ്പെട്ടതുമായ മാര്‍ഷല്‍ ദ്വീപുകള്‍ തങ്ങളുടെ പരീക്ഷണങ്ങള്‍ക്ക് പറ്റിയ സ്ഥലമായി അവര്‍ കരുതി. 1947 മുതല്‍ 1958 വരെയുള്ള കാലഘട്ടത്തിനിടയ്ക്ക് 67 ഓളം ആണവപരീക്ഷണങ്ങളാണ് അമേരിക്ക് ഇവിടെ നടത്തിയത്. കൂടുതല്‍ വിനാശകരമായ ഹൈഡ്രജന്‍ അണുബോംബ് നിര്‍മ്മിക്കാനായി പരീക്ഷണം നടത്തുക എന്ന ലക്ഷയ്ം മുന്നില്‍ക്കണ്ട് അമേരിക്ക നടത്തിയ സ്ഫോടനപരീക്ഷണമാണ് ഓപ്പറേഷന്‍ കാസില്‍ ബ്രാവോ. തെര്‍മ്മോ നൂക്ലിയര്‍ ബോംബുപരീക്ഷണം നടത്തുമ്പോള്‍ ഭീകരമായ അളവില്‍ റേഡിയോ ആക്ടീവ് വികിരണങ്ങള്‍ പുറന്തള്ളപ്പെടുമെന്നറിയാവുന്നതുകൊണ്ടുതന്നെ പരീക്ഷണം നടത്താനായിത്തിരഞ്ഞെടുത്തത് ബിക്കിനി ദ്വീപായിരുന്നു.
ഈ സ്ഫോടന പരീക്ഷണങ്ങള്‍ നടത്തുന്നതിനുമുന്നേ ബിക്കിനി ദ്വീപിലുള്ള മുഴുവന്‍ തദ്ദേശീയരേയും മാറ്റിപ്പാര്‍പ്പിച്ചു. 1954 മാര്‍ച്ച് 1 നു നടത്തിയ ഈ ആണവപരീക്ഷണം അന്നേവരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ആണവപരീക്ഷണമായിരുന്നു. 


ഹൈപവര്‍ തെര്‍മല്‍ നൂക്ലിയര്‍ ആയുധങ്ങള്‍ നിര്‍മ്മിക്കുക എന്ന ലക്ഷത്തിനായി  നടത്തിയ കാസില്‍ ബ്രാവോ എന്ന സ്ഫോടനപരീക്ഷണം അതിന്റെ ഡിസൈനിംഗിലുണ്ടായിരുന്ന പിഴവുമൂലം സ്ഫോടനശേഷി ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാലും വിസ്മയാവഹമായ അളവില്‍ ഉയര്‍ന്നു. 15 മെഗാടണ്‍ ശേഷിയിലാണ് ബോംബ് പൊട്ടിത്തെറിച്ചത്. അതായത് പ്രതീക്ഷിച്ചതിനേക്കാളും രണ്ടര ഇരട്ടി ശേഷിയില്‍. രണ്ടുലക്ഷത്തില്‍പ്പരം ആളുകളെ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഭസ്മമാക്കിയ ഹിരോഷിമയിലുപയോഗിച്ച അണുബോംബിന്റെ ആയിരം മടങ്ങ് തീവ്രതകൂടുതലായിരുന്നു ഈ പരീക്ഷണസ്ഫോടനത്തിനുണ്ടായിരുന്നത് എന്നു കണക്കാക്കുമ്പോഴാണ് എത്രമാത്രം ഭീകരമായ അവസ്ഥയിലാണ് ആ സ്ഫോടനം നടന്നത് എന്നു മനസ്സിലാക്കാനാകുക. ബോംബിന്റെ പ്രൈമറിയൂണിറ്റില്‍ ഉണ്ടായിരുന്ന ഐസോടോപ്പുകള്‍ നൂക്ലിയര്‍ ഫിഷനിലൂടെ പിളര്‍ന്നപ്പോള്‍ വിനാശകാരികളായ റേഡിയോ ആക്ടീവ് ഐസൊടൊപ്പുകള്‍ സൃഷ്ടിക്കപ്പെടുകയും അവ അതിവേഗം അന്തരീക്ഷത്തിലേയ്ക്കു പടരുകയും ചെയ്തു. പസഫിക്കിലുണ്ടായിരുന്ന ശക്തിയേറിയ കാറ്റ് ആ വിഷധൂളികളെ നാലുഭാഗത്തേയ്ക്കും അതിവേഗം പടര്‍ത്തി. സ്ഫോടനഫലമായുണ്ടായ ഭീമാകാരന്‍ കൂണ്‍മേഘത്തിന്റെ മുകള്‍‍ഭാഗത്തെ തൊപ്പിയുടെ വ്യാസം ഏകദേശം നൂറുകിലോമീറ്റര്‍ വിസ്തൃതിയിലും  ഇതിന്റെ കാല്‍ 40 കിലോമീറ്ററോളം വിസ്തൃതിയിലും രൂപപ്പെട്ടു. ചിന്തിക്കാവുന്നതിലും ഭീകരമായ അളവിലാണ് റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ അന്തരീക്ഷത്തിലേയ്ക്കു പുറന്തള്ളപ്പെട്ടത്. ഏകദേശം പതിനൊന്നായിരം സ്ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവില്‍ ആണവമാലിന്യങ്ങള്‍ പരന്നു. ഓസ്ട്രേലിയ, ജപ്പാന്‍, ഇന്ത്യന്‍ തീരങ്ങളില്‍വരെ അതിന്റെ സാന്നിധ്യമുണ്ടായി ഗ്രൌണ്ട് സീറോയില്‍നിന്നു ഏകദേശം 145 കിലോമീറ്റര്‍ അകലെ ജാപ്പനീസ് തീരത്തിനടുത്തു മത്സ്യബന്ധനം നടത്തുകയായിരുന്ന ചില മത്സ്യബന്ധനത്തൊഴിലാളികള്‍ക്കു ആണവവികിരണബാധയേല്‍ക്കുകയുണ്ടായി. ആണവവികിരണമേറ്റ നിരവധി ആളുകള്‍ വരും ദിവസങ്ങളില്‍ കൊല്ലപ്പെട്ടു

ഈ പരീക്ഷണം ലോകരാഷ്ട്രങ്ങളെ ഭയചകിതരക്കുകയും ഇതിനെതിരേ കടുത്ത വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നുവരുകയും ചെയ്തു.ആഗോളതലത്തിലുയര്‍ന്നുവന്ന എതിര്‍പ്പുകള്മൂലം അമേരിക്ക മാര്‍ഷല്‍ ദ്വീപുകളില്‍ നടത്തിക്കൊണ്ടിരുന്ന പരീക്ഷണങ്ങള്‍ 1958 ആയപ്പോള്‍ അവസാനിപ്പിക്കുവാന്‍ തീരുമാനിച്ചു. എന്നാല്‍ അതേവരെ നടത്തിയ പരീക്ഷണങ്ങള്‍ ആ ദ്വീപസമൂഹങ്ങളെ ആകെത്താറുമാറാക്കിയിരുന്നു. ആണവപരീക്ഷണങ്ങളുടെ ഫലമായി ദ്വീപുകളില്‍പ്പലതും മനുഷ്യവാസയോഗ്യമല്ലാതായിത്തീര്‍ന്നു. ചില ദ്വീപുകള്‍ക്ക് തകര്‍ച്ചകളുണ്ടാകുകയും ഒരു ദ്വീപ് പൂര്‍ണ്ണമായും തകര്‍ന്നു കടലില്‍ത്താഴുകയും ചെയ്തു. ബിക്കിനിദ്വീപില്‍ അതിഭീകരവും അപകടകരവുമായ അളവില്‍ റേഡിയോആക്ടീവ് മാലിന്യങ്ങള്‍ നിറഞ്ഞു മനുഷ്യവാസയോഗ്യമല്ലാതായിത്തീര്‍ന്നു.  1972 ല്‍ യു എസ് അറ്റോമിക് എനര്‍ജി കമ്മീഷന്‍ ബിക്കിനിദ്വീപുകള്‍ മാലിന്യങ്ങളില്‍നിന്നു മുക്തമായി എന്നു വിധിക്കുകയും ഏകദേശം നൂറോളം ആളുകളെ അവിടേയ്ക്കു താമസത്തിനായിക്കൊണ്ടുവരുകയും ചെയ്തു. എന്നാല്‍ 1978 ല്‍ നടത്തില്‍ ലബോറട്ടറി ടെസ്റ്റുകളില്‍നിന്നും ബിക്കിനിദ്വീപുകളില്‍ ഇപ്പോഴും അപകടകരമായ അളവില്‍ ആണവമാലിന്യങ്ങള്‍ നിറഞ്ഞിട്ടുണ്ട് എന്ന്‍ കണ്ടെത്തുകയും ആളുകളെ മുഴുവന്‍ വീണ്ടും ഒഴിപ്പിക്കുകയും ചെയ്തു. 1997 ല്‍ ഇന്റര്‍നാഷണല്‍ ആറ്റൊമിക് എനര്‍ജി ഏജന്‍സി ബിക്കിനിദ്വീപുകളിലെ ആണവമാലിന്യങ്ങള്‍ പൂര്‍ണമായും മുക്തമായി സാധാരണനിലയിലാകുവാനുള്ള സാധ്യതയില്ലെ‍ന്നു വിധിയെഴുതി.

മറ്റു‍ ദ്വീപുകളിലേക്കു മടങ്ങിത്താമസത്തിനുവന്ന തദ്ദേശീയര്‍ക്ക് പലര്‍ക്കും റേഡിയേഷന്‍ ബാധിക്കുകയും പലവിധത്തിലുള്ള രോഗങ്ങളുണ്ടാകുകയും ചെയ്തു. പിറന്നുവീഴുന്ന പല കുഞ്ഞുങ്ങള്‍ക്കും ജനിതകതകരാറുകള്‍ സര്‍വ്വസാധാരണമായി. വായുവും ജലവും വെള്ളവും റേഡിയോ ആക്ടീവ് മാലിന്യങ്ങള്‍ നിറഞ്ഞതായതുകൊണ്ടുതന്നെ  ജനജീവിതം ദുസ്സഹമായി. തൈറോയ്ഡ് സംബന്ധിയായ അസുഖങ്ങള്‍ ദ്വീപുവാസികള്‍ക്ക് സാധാരണപോലെയായിത്തീര്‍ന്നു. 1964 ആയപ്പൊഴേയ്ക്കും യു എസ് മാര്‍ഷല്‍ ദ്വീപുകളേയും ദ്വീപുനിവാസികളേയും സംരക്ഷിക്കനായി ഫണ്ട് റെയ്സ് ചെയ്തുതുടങ്ങി.

1979 ല്‍ മാര്‍ഷല്‍ ദ്വീപുകള്‍ സ്വയംഭരണാവകാശം നേടുകയും 1986 ല്‍ അമേരിക്കയുമായുണ്ടാക്കിയ സ്വതന്ത്രസഹകരണക്കരാര്‍ അനുസരിച്ച് സ്വയംഭരണാവകാശമുള്ള സ്വതന്ത്രരാഷ്ട്രമാകുകയും ചെയ്തു. ഈക്കാലയളവില്‍ ഇരുകൂട്ടരും ചേര്‍ന്നുണ്ടാക്കിയ കരാര്‍ അനുസരിച്ച് അമേരിക്ക തങ്ങളുടെ പരീക്ഷണങ്ങള്‍മൂലം താറുമാറായ മാര്‍ഷല്‍ ദ്വീപുകളിലെ ജനജീവിതവും ആവാസവ്യവസ്ഥിതിയും ഒക്കെക്കണക്കിലെടുത്ത് 150 മില്യണ്‍ ഡോളറോളം നഷ്ടപരിഹാരമായി മാര്‍ഷല്‍ ദ്വീപുകള്‍ക്കു നല്‍കി. മാത്രമല്ല വര്‍ഷാവര്‍ഷം ഒരു നിശ്ചിത തുക നല്‍കാമെന്നും വ്യവസ്ഥയുണ്ടാക്കി. മാര്‍ഷല്‍ ദ്വീപുകളിലുള്ള ക്വാജിയോന്‍ ദ്വീപു അമേരിക്കയുടെ നിയന്ത്രണത്തില്‍ത്തന്നെ തുടരുകയും മിസൈല്‍ പരീക്ഷണങ്ങളും മറ്റും നടത്തുവാന്‍ അധികാരപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

എത്രതന്നെ ദുരന്തങ്ങളുണ്ടായാലും മനുഷ്യന്‍ പഠിക്കുകയില്ല. ഇന്നും പല ലോകരാജ്യങ്ങളും ആണവപരീക്ഷണങ്ങള്‍ നടത്തുകയും കൂടുതല്‍ കൂടുതല്‍ ശക്തിയേറിയ ബോംബുകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടുമിരിക്കുന്നു. പില്‍ക്കാലത്ത് 50 മെഗാടണ്‍ ശക്തിയില്‍ റഷ്യ പരീക്ഷിച്ച സാര്‍ ബോംബും അതേപോലുഌഅ പല ഭീകരമായ ബോംബുകളും ഈ ഭൂമിയെ ഇല്ലായ്മ ചെയ്യുമെന്നതുറപ്പാണ്.   ലോകരാജ്യങ്ങള്‍ മിക്കതും സൈനിക സഹായസഹകരണക്കരാറുകളില്‍ ഒപ്പുവച്ചിരിക്കുന്നതിനാല്‍ ഏതെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ യുദ്ധമുണ്ടായാല്‍ മിക്കരാജ്യങ്ങളും യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കപ്പെടുകയും അതൊരു ആഗോളയുദ്ധമായിപ്പരിണമിക്കുകയും തദ്വാരാ അതൊരു നൂക്ലിയര്‍ വാര്‍ ആയിപ്പരിണമിക്കുകയും ചെയ്യും. ഭൂമിയിലുള്ള സര്‍വ്വജീവജാലങ്ങളുടേയും ഒപ്പം ഭൂമിയുടേയും സമ്പൂര്‍ണനാശമായിരിക്കും അതിന്റെ ബാക്കിഫലം. ആയുധമോഹികളും യുദ്ധക്കൊതിയന്മാരുമായ ഭരണാധികാരികള്‍ ഇല്ലായ്മ ചെയ്യപ്പെടേണ്ടത് ലോകനിലനില്‍പ്പിനത്യന്താപേക്ഷിതമായ ഘടകമാണ്. സര്‍വ്വരും സമാധാനത്തൊടുകൂടിക്കഴിയുന്ന ഒരു ലോകക്രമം പുലരട്ടേ എന്നു പ്രാര്‍ത്ഥിക്കാം

വിക്കീപീഡിയ, ചില ഓണ്ലൈന്‍ സൈറ്റുകള്‍ ഒക്കെപ്പരതി തയ്യാറാക്കിയതാണീ ചെറുകുറിപ്പ്. ചിത്രങ്ങള്‍ ഗൂഗിളില്‍നിന്നുള്ളതാണ്

ശ്രീ