Tuesday, July 9, 2019

തലൈക്കൂത്തല്‍

പ്രായമായ അച്ഛനമ്മമാരെയും വൃദ്ധജനങ്ങളേയും അമ്പലനടകളിലും പലപല ഓമനപ്പേരുകളുമിട്ടുവിളിക്കുന്ന ഓള്‍ഡേജ്ഹോമുകളിലേക്കും തള്ളിവിട്ട് അവരെ തങ്ങളുടെ ജീവിതത്തില്‍നിന്നുമൊഴിവാക്കുന്ന പ്രവണത ഇന്നത്തെ നവതലമുറയില്‍ വളരെയധികം പടര്‍ന്നുപിടിച്ചിട്ടുണ്ട്. പ്രായമായ ആളുകളെക്കൊണ്ട് യാതൊരുപയോഗവുമില്ലെന്നും അവര്‍ തികച്ചുമൊരു ബാധ്യതയാണെന്നും കരുതുന്ന സമൂഹമായി നാം മാറിക്കഴിഞ്ഞിരിക്കുന്നു. ആധുനികകാലഘട്ടത്തില്‍ പണസമ്പാധനം മാത്രമാണ് ജീവിതമെന്നു കരുതുന്ന ഒരു തലമുറയ്ക്ക് ബന്ധങ്ങളുടെ ഇഴയടുപ്പങ്ങള്‍ നഷ്ടമായതും വൃദ്ധരായ മാതാപിതാക്കളെയൊക്കെ എങ്ങനെയാണ് ‍പരിപാലിക്കേണ്ടത് എന്നതിനെപ്പറ്റിബോധ്യമില്ലാതെയായിത്തീര്‍ന്നതുമാണ് പലരേയും അമ്പലനടകളിലും വൃദ്ധസദനങ്ങളിലും ഉപേക്ഷിക്കുവാന്‍ പ്രേരിപ്പിക്കുന്നത്. ഈ ഉപേക്ഷിക്കലിനെക്കാളുമൊക്കെ ഭയാനകമായ പലതും രാജ്യത്തിന്റെ പലയിടങ്ങളിലും ഈ വൃദ്ധജനങ്ങള്‍ അനുഭവിക്കുന്നുണ്ട്. അതിലൊന്നാണ് തമിഴ്നാട്ടിലെ പലഉള്‍നാടന്‍ ഗ്രാമങ്ങളിലും നിലനിന്നിരുന്ന, ഇന്നും നിലനില്‍ക്കുന്ന തലൈക്കൂത്തല്‍ എന്ന കൊലപാതകരീതി. പ്രായമായ മാതാപിതാക്കളേയും മറ്റു വൃദ്ധജനങ്ങളേയും അറിഞ്ഞുകൊണ്ട് കൊലപ്പെടുത്തുന്ന ക്രൂരവും പ്രാകൃതവുമായ പരമ്പരാഗതദുരാചാരമാണ് തലൈക്കൂത്തല്‍. എണ്ണതേച്ചുള്ളകുളി എന്ന അര്‍ത്ഥമാണ് തലൈക്കൂത്തലിനുള്ളത്.ബലംപ്രയോഗിച്ചു നിര്‍ബന്ധപൂര്‍വ്വം നടത്തുന്ന ദയാവധമെന്ന്‍ പേരിട്ടുവിളിയ്ക്കുന്ന പക്കാകൊലപാതകമാണിത്. ഒട്ടുമിക്കപ്പോഴും ഈ കൊലപാതകങ്ങള്‍ ചെയ്യുന്നത് മക്കള്‍ തന്നെയാണ്. തമിഴ്നാട്ടിലെ മധുര, തേനി, വിരുദാനഗര്‍ തുടങ്ങിയ ജില്ലകളിലെ പലഗ്രാമങ്ങളിലും രഹസ്യമായി ഇന്നും തികച്ചും നിയമവിരുദ്ധമായ ഈ കൊലപാതകങ്ങല്‍ നടക്കുന്നുണ്ട്. പ്രായമായ അച്ഛനേയും അമ്മയേയുമൊക്കെ ഈ വിധം കൊല്ലുന്നതിനു ആചാരത്തിന്റെ മറയാണ് പലപ്പോഴും പിന്‍പറ്റുന്നത്. സത്യത്തില്‍ ഇത്തരം കേസുകളില്‍ പരാതികള്‍ ഇല്ലാത്തതുകൊണ്ടുതന്നെ പലപ്പോഴും കേസുകളൊന്നും ഉണ്ടാകാറുമില്ല. തലൈക്കൂത്തലിനു വിവിധങ്ങളായ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നു. ഏകദേശം 26 ഓളം വ്യത്യസ്തരീതികളില്‍ ഇത് നടത്തപ്പെടുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനവും സര്‍വ്വസാധാരണവുമായ രീതിയാണ് എണ്ണ തേപ്പിച്ചുള്ള കുളി. തലൈക്കൂത്തല്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ദിവസം അതിരാവിലെ വൃദ്ധരെ ഉറക്കത്തില്‍നിന്നെഴുന്നേല്‍പ്പിച്ച് ശരീരമാസകലം നല്ലെണ്ണ തേച്ചുപിടിപ്പിക്കും. തലയില്‍ ധാരപോലെ എണ്ണതേച്ചുപിടിപ്പിച്ച് നല്ലതുപോലെ മസ്സാജ് ചെയ്യും. നല്ലെണ്ണ തെച്ചുപിടിപ്പിക്കുന്നതുമൂലം അവരുടെ ശരീരം നന്നായിത്തണുക്കും. ഈ സമയം നല്ല തണുത്തവെള്ളം അവരുടെ തലിയില്‍ക്കൂടി ഒഴിച്ചുകൊടുക്കും. ഇതൊടെ ശരീരം ശരിക്കും തണുത്തുവിറയ്ക്കും. ഇരയാകുന്ന ആള്‍ ഏകദേശം മരിച്ചതിനുസമാനമാകും. അപ്പോള്‍ നല്ല തണുത്ത കരിക്കിന്‍ വെള്ളം നിര്‍ബന്ധമായി ഇരയെക്കുടിപ്പിക്കുന്നതോടെ വൃക്കകളുടെ പ്രവര്‍ത്തനം താറുമാറാകുകയും അന്നോ പിറ്റേന്നോ അല്ലെങ്കില്‍ രണ്ടുദിവസത്തിനുള്ളിലോ അവര്‍ ന്യുമോണിയയോ കടുത്ത ചുമയോ മറ്റോ പിടിപെട്ട് കൊല്ലപ്പെടുകയും ചെയ്യും. ശരീരതാപനില ക്രമാതീതമായി താഴുമ്പോള്‍ ചിലപ്പൊള്‍ ഹൃദയസ്തംഭനം വന്നും കൊല്ലപ്പെടാം. മണ്ണുകലക്കിയ വെള്ളം കുടിപ്പിക്കുക, മൂക്കടച്ചുപിടിച്ചുകൊണ്ട് പാലു കുടിപ്പിക്കുക, മൂക്കിനുള്ളിലേയ്ക്കു പാലൊഴിച്ചുകൊടുക്കുക, വിഷപാനീയങ്ങള്‍ കലക്കി നല്‍കുക, ഇഞ്ചക്ഷന്‍ വയ്ക്കുക തുടങ്ങി നിരവധി മാര്‍ഗ്ഗങ്ങള്‍ തലൈക്കൂത്തലിനായി ഉപയോഗിക്കുന്നു. പണംവാങ്ങി തലൈക്കൂത്തല്‍നടത്തിക്കൊടുക്കാന്‍ ആളുകളുണ്ട് എന്തുകൊണ്ടാണ് പ്രായമായ ജനങ്ങളെ ഈ വിധം വധശിക്ഷയ്ക്കു വിധേയരാക്കുന്നത്? എപ്പോഴാണീ ദുരാചാരം നടപ്പിലായിത്തുടങ്ങിയത്? പഴയകാലത്ത് പരമദാരിദ്ര്യത്തില്‍ക്കഴിഞ്ഞിരുന്ന ജനതയുടെ ആകെയുള്ള വരുമാനമാര്‍ഗ്ഗം കൃ‍ഷിയായിരുന്നു. വീട്ടിലുളള അംഗങ്ങള്‍ എല്ലാവരും എല്ലുമുറിയെപ്പണിയെടുത്താലാവും അന്നന്നത്തേയ്ക്കുള്ള അന്നത്തിനുള്ള വക കണ്ടെത്താനാകുന്നത്. അങ്ങനെയുള്ള കുടുംബങ്ങളില്‍ പ്രായമായവരുണ്ടാകുമ്പോള്‍ അവരെ സംരക്ഷിക്കാനോ പോറ്റാനോ ശേഷിയില്ലാത്ത അവസ്ഥവരുകയും അവരെ ദയാവദത്തിനിരയാക്കാം എന്ന തീരുമാനത്തിലെത്തുകയും ചെയ്യുന്നു. വൃദ്ധരായ മാതാപിതാക്കള്‍ പ്രയാസകരമായ ജീവിതം നയിക്കുന്നതു ഒഴിവാക്കാനും കൂടിയാവണം ഈ തീരുമാനത്തിലേയ്ക്കെത്തുന്നത്. പഴയസാമ്പത്തികാരക്ഷിതാവസ്ഥിയില്‍നിന്നു ഇന്നു ബഹുദൂരം മുന്നോട്ടുവന്നെങ്കിലും ഇപ്പ്പൊഴും ഈ ദുരാചാരക്കൊഅല്‍ നടക്കുന്നുണ്ട് തമിഴ്നാട്ടില്‍ പലയിടത്തും. പ്രായമായവരെ ഒഴിവാക്കാനുള്ള‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമാണിത്. ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യമെന്താണെന്നുവച്ചല്‍ പല പ്രായമായവരും നരകിച്ചുകഴിയുന്നതിലും ഭേദം ഇതേരീതിയില്‍ മരിക്കുന്നതുതന്നെയാണ് നല്ലതെന്ന്‍ ചിന്തിക്കുന്നുവെന്നുള്ളതാണ്.അവരെ സംബന്ധിച്ചിടത്തോളം തലൈക്കൂത്തല്‍ ഒരു കൊലപാതകമല്ല മറിച്ച് മരിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്കു ചെയ്തുകൊടുക്കുന്ന പുണ്യമാണെന്നാണ്. സര്‍ക്കാര്‍ നിയമംമൂലം ഈ ദുരാചാരം നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും അതു നിര്‍ബാധംതുടരുന്നു എന്നതാണ് സത്യം. വൃദ്ധരായവരെ സംരക്ഷിക്കുന്നതിനായി തമിഴ്‌നാട് സർക്കാരിന്റെ വയോധിക സംരക്ഷണനിയമത്തില്‍ രക്ഷിതാക്കളെ സംരക്ഷിക്കാത്ത മക്കളേയും ബന്ധുക്കളേയുമൊക്കെ കര്‍ശനമായി ശിക്ഷിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. പല ഗ്രാമങ്ങളിലും വൃദ്ധരായ ജനങ്ങളെ നിരീക്ഷിക്കാനും അവരെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാനുമായി ഗവണ്മെന്റ് ഉദ്യോഗസ്ഥന്മാരെ നിയോഗിച്ചിട്ടുണ്ട്.ഇപ്രകാരം ഗവണ്മെന്റിന്റെ കര്‍ശനനിലപാടുകളും സന്നദ്ധസംഘടനകളുടെ തുടര്‍‍ച്ചയായുള്ള ഇടപെടലുകളുംകൊണ്ട് ഇന്ന്‍ തലൈക്കൂത്തല്‍ എന്ന‍ ദുരാചാരത്തിനു വളരെയധികം കുറവുവന്നിട്ടുണ്ടെങ്കിലും പലഗ്രാമങ്ങളിലും രഹസ്യമായി ഇന്നുമിത് നടക്കുന്നുണ്ട്. എണ്ണതേച്ചുകുളിയൊക്കെ ഒഴിവാക്കി ഇന്ന്‍ വിഷം കുത്തിവച്ചും വിഷലായനികള്‍ കുടിപ്പിച്ചുമൊക്കെയാണ് ഇതു ചെയ്യുന്നതെന്നുമാത്രം. തലൈക്കുത്തലിന്റെ മലയാളവെര്‍ഷനാണ് അമ്പലനടകളും വൃദ്ധസദനങ്ങളും. അവര്‍ വൃദ്ധരായവരെ കൊല്ലുമ്പോള്‍ നമ്മള്‍ കൊല്ലാക്കൊല ചെയ്യുന്നു എന്ന വ്യത്യാസംമാത്രം ബാക്കി. നീ നിന്റെ മാതാപിതാക്കളോട് എങ്ങനെ പെരുമാറുന്നുവോ അതിനേക്കാളും ഒരല്‍പ്പംകൂടി കൂടിയ അളവില്‍ നിനക്കായി കാലം കരുതിവച്ചിട്ടുണ്ട് ശ്രീ

2 comments:


  1. തലൈക്കുത്തലിന്റെ മലയാളവെര്‍ഷനാണ്
    അമ്പലനടകളും വൃദ്ധസദനങ്ങളും. അവര്‍ വൃദ്ധരായവരെ
    കൊല്ലുമ്പോള്‍ നമ്മള്‍ കൊല്ലാക്കൊല ചെയ്യുന്നു എന്ന വ്യത്യാസംമാത്രം
    ബാക്കി...

    ReplyDelete