Tuesday, December 31, 2019

മാനിക്കേണ്ട ശിരസ്സ്


പണ്ടൊരിക്കല്‍ ഒരിടത്തൊരു രാജാവുണ്ടായിരുന്നു. സദ്ഗുണസമ്പന്നനും പ്രജാക്ഷേമതല്‍പ്പരനുമായ ആ രാജാവിന്‍കീഴില്‍ ആളുകള്‍ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് കഴിഞ്ഞിരുന്നത്. ഒരു ദിവസം രാജസദസ്സുകൂടിക്കൊണ്ടിരിക്കവേ മറ്റൊരു സ്ഥലത്തുനിന്നും വന്ന പണ്ഡിതനായ ഒരു മനുഷ്യന്‍ രാജസദസ്സിലേയ്ക്കു കടന്നുവന്നു. ആ പണ്ഡിതനെക്കണ്ട രജാവ് തന്റെ ഇരിപ്പിടത്തില്‍നിന്നുമെഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെല്ലുകയും തലവണങ്ങി സ്വീകരിച്ച് ആനയിച്ചടുത്തിരുത്തുകയും വിശദമായി വിശേഷങ്ങളെല്ലാം ചോദിച്ചറിയുകയും ചെയ്തു. അയല്‍നാട്ടില്‍നിന്നു ക്ഷേത്ര ദര്‍ശനത്തിനായി വന്നതാണെന്നു ആ പണ്ഡിതന്‍ പറഞ്ഞതുകേട്ട രാജാവ് അയാള്‍ക്ക് വേണ്ട എല്ലാ സഹായവും ചെയ്തുനല്‍കാന്‍ ഭടന്മാരെ ഏര്‍പ്പാടാക്കുകയും താമസസൌകര്യമൊരുക്കുവാന്‍ വേണ്ടതെല്ലാം ചെയ്തുകൊടുക്കുകയും ചെയ്തു. പണ്ഡിതനെ യാത്രയാക്കിയശേഷം മറ്റു ഭരണകാര്യങ്ങളുടെ നടത്തിപ്പിലേക്ക് തിരിയുകയും ചെയ്തു. അന്നത്തെ സഭ പിരിയാന്‍ നേരം മന്ത്രി രാജാവിനോട് ഇപ്രകാരം ചോദിച്ചു.

"അല്ലയോ രാജന്‍. അങ്ങ് തികച്ചും അപരിചിതനായ ഒരാള്‍ വന്നപ്പോള്‍ ഇരിപ്പിടത്തില്‍നിന്നുമെഴുന്നേറ്റ് അയാളുടെ അടുത്തേയ്ക്ക് ചെന്ന്‍ ശിരസ്സുവണങ്ങി അയാളെ സ്വീകരിച്ചത് ശരിയായില്ല. ഒന്നുമില്ലെങ്കിലും അയാള്‍ വെറുമൊരു പ്രജ മാത്രമല്ലേ?"

മന്ത്രിയുടെ ചോദ്യം കേട്ട രാജാവ് ഒരു പുഞ്ചിരിയോടേ നാളെ നമുക്കൊരു സ്ഥലം വരെയൊന്നുപോകണമെന്നും അപ്പോള്‍ ഇതിനു ഒരു ഉചിതമായ വിശദീകരണം താന്‍ നല്‍കാമെന്നും പറഞ്ഞ് മന്ത്രിയെ യാത്രയാക്കിയിട്ട് കൊട്ടാരത്തിലെ ശില്‍പ്പിയെ വിളിച്ചുവരുത്തി തനിക്ക് നാളെ രാവിലെ ഒരു ശില്‍പ്പം ഉണ്ടാക്കി നല്‍കണമെന്നുത്തരവിട്ടു.

പിറ്റേന്ന്‍ രാജാവും മന്ത്രിയും വ്യാപാരികളുടെ വേഷം ധരിച്ചുകൊണ്ട് യാത്രയായി. കൊട്ടാരം ശില്‍പ്പി ഉണ്ടാക്കിയ ശില്‍പ്പം സഞ്ചിയിലാക്കിക്കൊണ്ട് ഒരു ഭടന്‍ അവരെ അനുഗമിച്ചു. കുരേനേരം യാത്രചെയ്ത് അവര്‍ ഏറ്റവും വലിയൊരു വ്യാപാരകേന്ദ്രത്തിലെത്തിച്ചേര്‍ന്നു. അടിമവ്യാപാരമൊക്കെ മുറയ്ക്കുനടന്നിരുന്ന കാലഘട്ടമായിരുന്നു അത്. ചന്തയില്‍ വില്‍പ്പനയ്ക്കായിക്കൊണ്ടുനിറത്തിനിറുത്തിയിരുന്ന അടിമകളെ പലരും തൊട്ടുനോക്കിയും വിലപേശി വാങ്ങാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു. അടിമയുടെ തലയ്ക്കൊന്നിന്‍ വെറും 10 സ്വര്‍ണ്ണനാണയം മാത്രമെന്ന്‍ ഒരാള്‍ വിളിച്ചുകൂവുന്നുണ്ടായിരുന്നു. മറ്റൊരിടത്ത് ആട്ടിന്‍ തലകള്‍ വില്‍ക്കുന്നതു കണ്ടു. ഒരു ആട്ടിന്‍തലയ്ക്ക് വെറും പത്തുവെള്ളിക്കാശുമാത്രം എന്ന വിളിച്ചുപറച്ചില്‍ ശ്രദ്ധിച്ച രാജാവ് ഭൃത്യനെക്കൊണ്ട് ഒരു ആട്ടിന്‍തല വാങ്ങിച്ചു സഞ്ചിയിലാക്കി. മറ്റൊരിടത്ത് കാട്ടുപോത്തിന്റെ തലകള്‍ വില്‍പ്പനയ്ക്കുവച്ചിരുന്നു. രാജാവ് അതില്‍നിന്നും ഒരെണ്ണം വാങ്ങിച്ചു. കുറേനേരം അവര്‍ ആ ചന്തയില്‍ കറങ്ങിച്ചുറ്റിനടന്നു. പിന്നീട് തിരക്കൊക്കെ അല്‍പ്പം കഴിയാറായപ്പോള്‍ രാജാവ് പറഞ്ഞതിന്‍ പ്രകാരം ഭൃത്യന്‍ സഞ്ചിയില്‍നിന്നു ആട്ടിന്‍തലയും പോത്തിന്‍തലയും പുറത്തെടുത്ത് വില്‍പ്പനയ്ക്ക് എന്നു വിളിച്ചുകൂവാന്‍ തുടങ്ങി. അല്‍പ്പസമയത്തിനുള്ളില്‍ അവ രണ്ടും‍ വിറ്റുപോയി. പിന്നീട് സഞ്ചിയില്‍ ഉണ്ടായിരുന്നത് ശില്‍പ്പി ഉണ്ടാക്കിയ ശില്‍പ്പമായിരുന്നു. സമര്‍ത്ഥനായ ശില്‍പ്പി ഒറിജിനല്‍പോലെ തോന്നിപ്പിക്കുനന്‍ ഒരു മനുഷ്യന്റെ ശിരസ്സാണ് ഉണ്ടാക്കിവച്ചിരുന്നത്. അതെടുത്ത് വില്‍പ്പനയ്ക്കായി ഭൃത്യന്‍ വച്ചപ്പൊള്‍ മന്ത്രി ഞെട്ടിത്തരിച്ചു. മനുഷ്യന്റെ തലകണ്ട ആളുകള്‍ അന്തം വിടുകയും ഭയപ്പാടോടെ അവരെ നോക്കുകയും ചിലരൊക്കെ അവരെ ഭര്‍ത്സിക്കുകയും ചെയ്യാനാരംഭിച്ചു. രാജാവ് പെട്ടന്നുതന്നെ ഭൃത്യനെക്കൊണ്ട് ആ ശില്‍പ്പമെടുത്ത് സഞ്ചിയിലാക്കിയിട്ട് മന്ത്രിയുമായി നടന്നുതുടങ്ങി.

" അല്ലയോ മന്ത്രീ. താങ്കള്‍ ശ്രദ്ധിച്ചോ ജീവനുള്ള ഒരു അടിമയുടെ തലയ്ക്ക് പത്ത് സ്വര്‍ണ്ണനാണയങ്ങള്‍, ഒരു ആടിന്റെ തലയ്ക്കും പോത്തിന്റെ തലയ്ക്കും വിലയുണ്ട്.എന്നാല്‍ മരിച്ച ഒരു മനുഷ്യന്റെ തലയ്ക്കോ. ഒരു വിലയുമില്ല എന്നുമാത്രമല്ല ആളുകള്‍ അതിനെ അറപ്പോടും ഭയത്തോടെയും നോക്കിക്കാണുന്നു. രാജാവായ ഞാന്‍ മരിച്ച് എന്റെ ശിരസ്സിനും ഇതേ അവസ്ഥതന്നെയാണ്. ശിരസ്സുകള്‍ക്ക് വിലയുണ്ടാകുന്നത് അത് ജീവനുള്ള ഒരു ദേഹത്തിരിന്നുകൊണ്ട് മറ്റൊരാളോട് വിനയത്തോടെ ഇടപെടുമ്പോഴാണ്. വിനയമില്ലാത്ത ശിരസ്സുകള്‍ ശവരീരത്തിനുതുല്യമാണ്. നാം എത്ര ഉയര്‍ന്ന ഇടത്തിലിരുന്നാലും മറ്റുള്ളവരോട് വിനയത്തോടെയും ബഹുമാനത്തോടെയും പെരുമാറുമ്പോള്‍ നമ്മുടെ മൂല്യം വര്‍ദ്ധിക്കുകയേ ഉള്ളൂ.വിനയപൂര്‍വ്വം ആരോടും പെരുമാറുവാന്‍ മടിയരുത്. "

രാജാവിന്റെ വാക്കുകള്‍ കേട്ട മന്ത്രിയ്ക്ക് കാര്യം മനസ്സിലായി.

ഇന്നത്തെ ഈ കഥ നാടോടിക്കഥകളില്‍നിന്നുമെടുത്തിട്ടുള്ളതാണ്. ശ്രീ ബിനോയ് തോമസ് തയ്യാറാക്കിയ ഈ ബുക്കില്‍നിന്നു കടം കൊണ്ട് സംഗ്രഹിച്ചെഴുതിയതാണീ കഥ

ശ്രീ

Tuesday, December 24, 2019

ബുദ്ധിമാനായ മുക്കുവന്‍

പേര്‍ഷ്യയിലെ രാജാവായി ഖുസ്രു ഭരിച്ചിരുന്ന കാലഘട്ടമായിരുന്നു അത്. അങ്ങേയറ്റം ഭക്ഷണപ്രീയനായിരുന്നു അദ്ദേഹം ഏറ്റവും ഇഷ്ടപ്പെട്ടിരുന്നത് മത്സ്യത്തെയായിരുന്നു. രാജാവിന്റെ മീനിനോടുള്ള ഇഷ്ടക്കൂടുതലറിയാവുന്നതുകൊണ്ടുതന്നെ പലരും വലിയ മത്സ്യങ്ങളെപ്പിടിച്ചാല്‍ അതു രാജാവിനു സമ്മാനിക്കുക പതിവായിരുന്നു.അത്തരത്തില്‍ മത്സ്യങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് രാജാവ് ധാരാളം പണവും നല്‍കാറുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം തന്റെ പത്നിയായ ഷിരിനുമൊത്ത് കൊട്ടാരമട്ടുപ്പാവില്‍ വിശ്രമിക്കവേ താഴെയുള്ള നടപ്പാതവഴി ഒരു മുക്കുവന്‍ വലിയൊരു മത്സ്യത്തേയും ചുമന്നുകൊണ്ടുപോകുന്നതുകണ്ടു. മത്സ്യക്കൊതിയനായ രാജാവിനെ ഉടനേ ആ മത്സ്യത്തെ വാങ്ങണമെന്ന ആഗ്രഹം തോന്നുകയും മുക്കവനെ വിളിപ്പിച്ച് ആ മത്സ്യം വിലകൊടുത്തുവാങ്ങുകയും ചെയ്തു. വിലയായി മുക്കുവന് രാജാവ് നാലായിരം പണമാണ് നല്‍കിയത്.

രാജാവ് ഇത്രയധികം പണം നല്‍കി ഒരു മീനിനെ വാങ്ങിയത് ഷിരിന് അല്‍പ്പവും ഇഷ്ടമായില്ല. അവള്‍ അതിലുള്ള പരിഭവം ഭര്‍ത്താവിനെ അറിയിക്കുകയും താങ്കള്‍ ഇപ്രകാരം കാശു വാരിക്കോരിനല്‍കിയാല്‍ സകലമുക്കുവരും മീനുകളുമായി കൊട്ടാരത്തില്‍ വരുമെന്നും അതുകൊണ്ട് മുക്കുവനെ തിരിച്ചുവിളിച്ച് ആ നല്‍കിയ പണം തിരിച്ചുവാങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ താനൊരു രാജാവാണെന്നും ഒരിക്കല്‍ ദാനമായി നല്‍കിയത് തിരിച്ചുവാങ്ങുന്നതു രാജാവിനു യോജിച്ചതല്ല എന്നും ഖുസ്രു മറുപടി നല്‍കി. എന്നാല്‍ ഷിരിന്‍ പിന്തിരിയാന്‍ ഒരുക്കമല്ലായിരുന്നു. അവള്‍ ആ പണം തിരിച്ചുവാങ്ങാനായി ഒരു സൂത്രപ്പണിയുണ്ടെന്നും മുക്കുവനെ അടുത്തുവിളിച്ച് ഈ മീന്‍ ആണാണോ എന്നു ചോദിക്കണമെന്നും ആണെന്നു മുക്കുവന്‍ പറയുകയാണെങ്കില്‍ പെണ്‍ മീനിനെയായിരുന്നു എനിക്കു വേണ്ടിയിരുന്നതെന്നും ഇനി പെണ്ണാണെന്ന്‍ മുക്കുവന്‍ പറയുകയാണെങ്കില്‍ തനിക്ക് ആണ്‍മീനിനെയാണു വേണ്ടതെന്നും പറഞ്ഞ് കാശു മടക്കി വാങ്ങാമെന്നായിരുന്നു അവളുടെ സൂത്രപ്പണി. തന്റെ പ്രീയപത്നിയുടെ മുഖമൊന്നു വാടുന്നതുപോലും ഇഷ്ടമില്ലാതിരുന്ന രാജാവ് മുക്കുവനെ അടുത്തുവിളിച്ച് തനിക്കു നല്‍കിയ മീന്‍ ആണാണോ എന്നു ചോദിച്ചു. ആ മുക്കുവന്‍ ഒരു ബുദ്ധിമാനായിരുന്നു. പണം നല്‍കിയപ്പോള്‍ രാജ്ഞിയുടെ മുഖമിരുളുന്നതു ശ്രദ്ധിച്ചിരുന്ന മുക്കുവന്‍ തന്നെ തിരിച്ചുവിളിപ്പിച്ചപ്പോള്‍ത്തന്നെ എന്തെങ്കിലും സൂത്രം പറഞ്ഞ് കാശുതിരിച്ചുവാങ്ങിക്കാനായിരിക്കും എന്ന്‍ മനസ്സിലോര്‍ത്തിരുന്നു. രാജാവിന്റെ ചോദ്യം കേട്ടപ്പോല്‍ത്തന്നെ അതില്‍ ഒളിച്ചിരുന്ന അപകടസൂചന വ്യക്തമായി മനസ്സിലാക്കിയ മുക്കുവന്‍ രാജാവിനോട് ഇപ്രകാരം പറഞ്ഞു.

" ഈ മീന്‍ ഒരു അത്ഭുതശ്രേണിയിലുള്ളതാണ് മഹാരാജന്‍. ഇതു ആണും പെണ്ണും ചേര്‍ന്ന ഒരു പ്രത്യേകയിനമാണ്"

ഈ മറുപടികേട്ട രാജാവ് പൊട്ടിച്ചിരിച്ചുകൊണ്ട് മുക്കുവന് നാലായിരം പണംകൂടി സമ്മാനമായി നല്‍കി അവനെ പറഞ്ഞയച്ചു. എന്നിട്ടു ചെറുചിരിയോടെ രാജ്ഞിയെ നോക്കി. ഷിരിനാകട്ടെ ആകെ വല്ലാത്തൊരവസ്ഥയിലിരിക്കുകയായിരുന്നു. മുക്കുവന്‍ പടവുകളിറങ്ങിപ്പോകവേ അവന്റെ സഞ്ചിയില്‍നിന്നുമൊരു നാണയം താഴെവീണ് ഉരുണ്ടുപോയി. മുക്കുവന്‍ വളരെ ശ്രദ്ധാപൂര്‍വ്വം അവിടെയൊക്കെപ്പരതി ആ നാണയം കണ്ടെടുത്ത് സഞ്ചിയിലാക്കിക്കൊണ്ട് നടക്കാന്‍ തുടങ്ങി. ഇതുകണ്ട രാജ്ഞി രാജാവിനോട് ഇപ്രകാരം പറഞ്ഞു.

"അല്ലയോ രാജന്‍ അങ്ങു നോക്കൂ. ആ മുക്കുവന്‍ എത്രമാത്രം അത്യാഗ്രഹിയായ ഒരുവനാണ്. അങ്ങ് മൊത്തം എണ്ണായിരം പണം അവനു സമ്മാനിച്ചു. എന്നിട്ടും അതില്‍നിന്നും വെറുമൊരു നാണയം താഴെപ്പോയിട്ടും അവനത് തിരഞ്ഞുകണ്ടുപിടിച്ച് എടുത്തുകൊണ്ടുപോകുന്നതുകണ്ടില്ലേ. ആ നാണയം മറ്റേതെങ്കിലും പാവപ്പെട്ടവര്‍ക്ക് കിട്ടിക്കോട്ടെ എന്നവന്‍ കരുതിയില്ലല്ലോ.ഇത്രയും അത്യാഗ്രഹിയായ ഒരുവനാണോ അങ്ങ് ഇത്രയും പണം നല്‍കിയത്?"

പത്നിയുടെ പറച്ചില്‍ ന്യായമാണെന്നു തോന്നിയ രാജാവ് മുക്കുവനെ തിരിച്ചുവിളിപ്പിച്ചു.

" ഹേ മുക്കുവാ ഞാന്‍ നിനക്ക് ആവശ്യത്തിലധികം പണം നല്‍കി. എന്നിട്ടും അതിലൊരു നാണയം താഴെപ്പോയത് പാവപ്പെട്ട മറ്റാര്‍ക്കെങ്കിലും കിട്ടിക്കോട്ടെ എന്നുകരുതാതെ അതും തിരഞ്ഞുപിടിച്ച് സഞ്ചിയിലാക്കിക്കൊണ്ടുപോകുന്നത്ര അത്യാഗ്രഹിയാണോ നീ?"

രാജാവിന്റെ ദേഷ്യം കലര്‍ന്ന ചോദ്യം കേട്ടപ്പോള്‍ത്തന്നെ ബുദ്ധിമാനായ മുക്കുവനു ആപത്സൂചനകിട്ടി. അവന്‍ ഒരു നിമിഷംപോലും വൈകാ​‍തെ ഇപ്രകാരം മറുപടി പറഞ്ഞു

"അല്ലയോ മഹാരാജാവേ. ഞാന്‍ ഒരിക്കലും അത്യാഗ്രഹിയല്ല. ആ നാണയം ഞാന്‍ തിരഞ്ഞുകണ്ടെത്തിയെടുത്തതില്‍ ഒരു കാരണമുണ്ട്. നാണയത്തിന്റെ ഒരു വശത്ത് അങ്ങയുടെ നാമവും മറുവശത്ത് അങ്ങയുടെ ചിത്രവുമാണ് ആലേഖനം ചെയ്തിരിക്കുന്നത്. അതു വഴിയില്‍ കിടക്കുന്നതിലും ആരെങ്കിലും വഴിപോക്കര്‍ അറിയാതെയാണെങ്കിലും അതില്‍ ചവിട്ടുന്നതും എനിക്കു ഓര്‍ക്കാന്‍പോലും വയ്യാ. അതുകൊണ്ടാണ് നാണയം ഞാന്‍ കണ്ടെടുത്തത്"


മുക്കുവന്റെ വാക്കുകള്‍ കേട്ട രാജാവ് അങ്ങേയറ്റം സന്തോഷവാനായി നാലായിരം പണംകൂടി മുക്കുവനു സമ്മാനിച്ചു അവനെ യാത്രയാക്കി. അങ്ങനെ രാജ്ഞിയുടെ അതിബുദ്ധികൊണ്ട് രാജാവിന് മൊത്തം എണ്ണായിരം പണം നഷ്ടമാകുകയും ചെയ്തു

കഥകളുടെ വിസ്മയമായ ആയിരത്തൊയൊന്നു രാവുകളില്‍നിന്നുമുള്ളതാണ് ഈക്കഥ

ശ്രീ

Sunday, December 15, 2019

ആന്‍ഡസ് വിമാനദുരന്തം


ഉറുഗ്വായിലെ ഒരു റഗ്ബി ടീമായിരുന്ന ഓള്‍ഡ് ബോയ്സ് ക്ലബ്ബും ചിലിയിലെ സാന്റിയാഗോയിലുള്ള മറ്റൊരു റഗ്ബി ക്ലബ്ബുമായി ഡിസംബര്‍ മാസം 12 ആം തീയതി ഒരു റഗ്ബി മത്സരം ഷെഡ്യൂല്‍ ചെയ്തിരുന്നു. ക്ലബ് പ്രസിഡന്റായിരുന്ന ഡാനിയല്‍ യുവാന്‍ ഉറുഗ്വായ് വ്യോമസേനയുടെ ഫ്ലൈറ്റ് നമ്പര്‍ 571 ബുക്ക് ചെയ്യുകയും റഗ്ബി ടീമും 5 ക്രൂ മെമ്പേര്‍സും ഉള്‍പ്പെടെ മൊത്തം 45 യാത്രക്കാരുമായി 1972 ഒക്ടോബര്‍ 12 നു ആ ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഉറുഗ്വായ് തലസ്ഥാനമായ മോണ്ടെവീഡിയോയിലെ കരാസ്കോ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നു ചിലിയിലെ സാന്റിയാഗോയിലേയ്ക്ക് പറന്നുയര്‍ന്നു.  അങ്ങേയറ്റം പരിചയസമ്പന്നനായ പൈലറ്റായിരുന്ന ജൂലിയോ ഫെരദാസും കോ പൈലറ്റായിരുന്ന ഡാന്റേ ഹെക്ടറുമായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. ആന്‍ഡസ് പര്‍വ്വതം മുറിച്ചുകടന്നാണ് യാത്ര തുടരേണ്ടിയിരുന്നത്. എന്നാല്‍  അങ്ങേയറ്റം മോശമായ കാലാവസ്ഥമൂലവും ആന്‍ഡസിലെ അതിശക്തമായ ഹിമപാതവുംമൂലം വിമാനം അര്‍ജന്റീനയിലെ മെണ്‍ഡോസയില്‍ അടിയന്തിരമായി ലാന്‍ഡ് ചെയ്യിക്കേണ്ടിവന്നു. അന്നത്തെ രാത്രി അവര്‍ക്ക് അവിടെത്തന്നെ തുടരേണ്ടിയുംവന്നു. പിറ്റേ ദിവസം അതായത് ഒക്ടോബര്‍ 13 നു പകല്‍ വീണ്ടും അവര്‍ യാത്ര പുനരാരംഭിച്ചു.

അന്നേദിവസവും കാലാവസ്ഥ അതീവദുഷ്ക്കരമായിത്തന്നെയായിരുന്നു. മെയിന്‍ പൈലറ്റായിരുന്ന ഫെരാദാസ് മുമ്പ് 29 പ്രാവശ്യത്തോളം ആന്‍ഡസ് മുറിച്ചുകടന്ന്‍ വിമാനം പറത്തിയിട്ടുള്ള ആളായിരുന്നു. എന്നാല്‍ അന്നേദിവസം വിമാനം മെയിനായി നിയന്ത്രിച്ചിരുന്നത് സഹപൈലറ്റായ ഡാന്റേ ഹെക്ടറായിരുന്നു. അതിശക്തമായ ഹിമപാതമാണ് അന്നേദിവസം ആന്‍ഡസിലുണ്ടായിരുന്നത്. കനത്ത മഞ്ഞുവീഴ്ചയും പുകപടലവുംകൊണ്ട് കാഴ്ച അങ്ങേയറ്റം ദുഷക്കരമായ ഒരു സാഹചര്യത്തില്‍ പര്‍വ്വതങ്ങളുടെ കാഴ്ച ശരിക്കും കിട്ടുന്നുണ്ടായിരുന്നില്ല. വിമാനം ടേക്ക് ഓഫ് ചെയ്തു ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ തങ്ങളിപ്പോള്‍ പര്‍വ്വതപാത കടന്നുവെന്നും വളരെത്താമസിയാതെ തന്നെ സാന്‍ഡിയാഗോയ്ക്ക് 110 മൈല്‍ വടക്കുള്ള ക്യൂറിക്കിലെത്തുമെന്നും തങ്ങള്‍ വടക്കോട്ട് തിരിയ്ക്കുകയാണെന്നും പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്ട്രോല്‍ വിഭാഗത്തെ അറിയിക്കുകയുണ്ടായി. എന്നാല്‍ കനത്ത മഞ്ഞിന്റെ ആവരണത്തില്‍പ്പെട്ടുകിടന്നിരുന്നതുകൊണ്ടുതന്നെ പൈലറ്റ് വിമാനത്തിന്റെ സ്ഥാനം കണക്കായിരുന്നത് തെറ്റായിട്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ അപ്പോഴും വിമാനം ആന്‍ഡസ് പര്‍വ്വതം മുറിച്ചുകടന്നിട്ടില്ലായിരുന്നു. വിമാനം കുറച്ചു താഴ്ത്തുവാന്‍ പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്ട്രോല്‍ വിഭാഗത്തിനോട് റിക്വസ്റ്റ് ചെയ്യുകയും അവര്‍ അതിനനുവദിക്കുകയും ചെയ്തു. താന്‍ ആന്‍ഡസ് മുറിച്ചുകടന്നുകഴിഞ്ഞു എന്നു വിശ്വസിച്ച പൈലറ്റ് വിമാനം താഴ്ത്താന്‍ ശ്രമിച്ചു. പതിനെട്ടായിരം അടി ഉയരത്തില്‍ പറന്നുകൊണ്ടിരുന്ന വിമാനം പതിയെ താഴ്ത്താന്‍ ശ്രമിച്ചതും ആ ദുരന്തം സംഭവിച്ചുകഴിഞ്ഞിരുന്നു. മഞ്ഞിന്റെ കനത്ത ആവരണംമൂലം ഡാന്റേയ്ക്ക് തന്റെ മുന്നിലുള്ള പര്‍വ്വതത്തിന്റെ കാഴ്ച കാണാനായില്ല.അനിവാര്യമായ ദുരന്തമെന്നതുപോലെ വിമാനം പര്‍വതത്തിലിടിച്ചു തകര്‍ന്നു. സമയമപ്പോള്‍ ഉച്ചകഴിഞ്ഞ് 3.30 ആയിരുന്നു.

പര്‍വ്വതത്തിലിടിച്ച വിമാനത്തിന്റെ ഇടതുംവലതും ചിറകുകള്‍ തകര്‍ന്നു. ചിലിയന്‍ ബോര്‍ഡറിനടുത്തായി ഒരു അര്‍ജന്റീനിയന്‍ താഴ്വരപ്രദേശത്തുവച്ചായിരുന്നു അപകടമുണ്ടായത്. അപകടസമയത്തുതന്നെ ഫ്ലൈറ്റിലുണ്ടായിരുന്ന പന്ത്രണ്ടുപേര്‍ കൊല്ലപ്പെട്ടുകഴിഞ്ഞിരുന്നു. അന്നുരാത്രി കോ പൈലറ്റുള്‍പ്പെടെ അഞ്ചുപേര്‍കൂടി മരണത്തിനു കീഴടങ്ങി. രക്ഷപ്പെട്ട പലര്‍ക്കും കനത്ത പരിക്കുകള്‍ ഉണ്ടായിരുന്നു. പലരുടേയും കൈകാലുകളിലെ എല്ലുകളൊക്കെ പൊട്ടിയിരുന്നു. ബാക്കിയുണ്ടായിരുന്ന 27 പേര്‍ തകര്‍ന്ന വിമാനത്തിനകത്തു തണുപ്പില്‍നിന്നു രക്ഷനേടാനായി ചുരുണ്ടുകൂടിയിരുന്നു. ലഗ്ഗേജുകളൊക്കെയെടുത്ത് അതിനകത്തുള്ള വസ്ത്രങ്ങളൊക്കെ വാരിച്ചുറ്റി എല്ലാവരും ഒത്തുചേര്‍ന്നിരുന്നു. പുറത്തെ താപനില മൈനസ് 32 ഡിഗ്രിയോളമായിരുന്നു അപ്പോള്‍. മഞ്ഞുമാത്രം നിറഞ്ഞ ആ പര്‍വ്വതമുകളില്‍ തങ്ങളെ ആരെങ്കിലും രക്ഷിക്കാനെത്തുമെന്ന പ്രതീക്ഷയില്‍ അവര്‍ കൊടുംശൈത്യത്തില്‍ കാത്തിരിപ്പാരംഭിച്ചു.

വിമാവുമായുള്ള ബന്ധം നഷ്ടപ്പെട്ടപ്പോള്‍ത്തന്നെ അപകടം മണത്ത ചിലിയും ഒപ്പം അര്‍ജന്റീനയും സംയുക്തമായി ആന്‍ഡസ് പര്‍വ്വതനിരകളില്‍ തിരച്ചിലാരംഭിച്ചുതുടങ്ങി. അവരുടെ ഹെലികോപ്ടറുകള്‍ ആന്‍ഡസിനുമുകളില്‍ നിരവധിയാവര്‍ത്തി തിരച്ചില്‍ നടത്തിയെങ്കിലും കനത്ത ഹിമപാതത്തില്‍ മുങ്ങിക്കിടക്കുന്ന ആന്‍ഡസില്‍ അവര്‍ക്ക്  വെളുത്തനിറത്തിലുള്ള ആ വിമാനം കണ്ടെത്താനായില്ല.  എട്ടുദിവസത്തെ തിരച്ചിലിനുശേഷം തിരച്ചില്‍ അവസാനിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ ഈ സമയമെല്ലാം തങ്ങളെ രക്ഷിക്കുവാന്‍ ആരെങ്കിലും വരുമെന്ന ധാരണയില്‍ കൊടുംശൈത്യത്തില്‍ തണുത്തുവിറച്ച് ഇരുപത്തിയേഴോളം പേര്‍ കഴിയുകയാരുന്നു. അവര്‍ക്കായി ആകെ അവശേഷിച്ചിരുന്നത് ഫ്ലൈറ്റില്‍‍ ഉണ്ടായിരുന്ന കുറച്ചു ഭക്ഷണം മാത്രമാണ്. കൊടും തണുപ്പില്‍ അവരില്‍പ്പലരും മരണത്തെ മുഖാമുഖം കണ്ടുതുടങ്ങി. ഉള്ള ഭക്ഷണം തീര്‍ന്നതോടെ അവരുടെ അവസ്ഥ കൂടുതല്‍ മോശമായിത്തീര്‍ന്നു. വിശപ്പിനുമുന്നില്‍ ആകെവലഞ്ഞ അവരില്‍ച്ചിലര്‍ കൊല്ലപ്പെട്ടുകിടന്ന ആളുകളുടെ ശവശരീരം കടിച്ചുപറിച്ചുതിന്ന്‍ വിശപ്പടക്കാനാരംഭിച്ചു. ഭ്രാന്തമായ ആ ചെയ്തികളില്‍ പലരും സമനിലതെറ്റിയവരെപ്പോലെയായെങ്കിലും പിന്നീട് ഒട്ടുമിക്കപേരും വിശപ്പടക്കുവാന്‍ ശവശരീരങ്ങള്‍ ഭക്ഷിക്കാനാരംഭിച്ചു. ഏകദേശം ഒരു മാസം കഴിയാറായപ്പോഴേയ്ക്കും അസഹ്യമായ തണുപ്പും വിശപ്പും സഹിക്കാനാകാതെ എട്ടുപേര്‍കൂടി മരണത്തിനു കീഴടങ്ങി.

അപകടം നടന്നു രണ്ടുമാസമാകാറായപ്പോള് തങ്ങളുടെ പരിക്കുകള്‍ വകവയ്ക്കാതെ മൂന്നുപേര്‍ ഏതെങ്കിലും വഴിയില്‍ രക്ഷപ്പെടാനൊരു മാര്‍ഗ്ഗമന്വോഷിച്ച് യാത്ര തുടങ്ങി. ‍ എങ്ങനെയെങ്കിലും പര്‍വ്വതത്തിന്റെ താഴെഭാഗത്തെത്തി രക്ഷാപ്രവര്‍ത്തകരെ കണ്ടുമുട്ടി ബാക്കിയുള്ളവരെ രക്ഷപ്പെടുത്താമെന്നായിരുന്നു അവരുടെ ധാരണ. നന്ദോ പരാദോ, റോബെര്‍ട്ടൊ കനേസ, ട്വിന്റിന്‍ വിന്‍സ്റ്റിന്‍സിന്‍ എന്നീ മൂന്ന്‍ റഗ്ബി പ്ലയേര്‍സ്  കിട്ടാവുന്നിടത്തോളം വസ്ത്രങ്ങളൊക്കെ വാരിച്ചുറ്റി പര്‍വതതാഴ്വരയിലേയ്ക്ക് സഞ്ചാരമാരംഭിച്ചു. 11800 അടി ഉയരത്തില്‍നിന്നു യാതൊരുവിധ സുരക്ഷാമാര്‍ഗ്ഗങ്ങളുമില്ലാതെ ജീവന്‍ കൈവിട്ടുകൊണ്ടുള്ള തികച്ചും അപകടകരമായൊരു സഞ്ചാരമായിരുന്നു അത്. മൂന്നാം ദിവസം വിന്‍സ്റ്റിന്‍സിനെ അവര്‍ ക്യാമ്പിലേയ്ക്ക് മടക്കിയയച്ചു. താഴ്വാരത്തിലേയ്ക്ക് യാത്ര തുടര്‍ന്ന അവര്‍ ഒമ്പതാംദിവസം ഏകദേശം താഴ്വരയിലെത്തുകയും നദിയുടെ മറുകരയിലൂടെ കുതിരപ്പുറത്തു യാത്രചെയ്തുകൊണ്ടിരുന്ന മൂന്നു യാത്രക്കാരെ കാണുകയുമുണ്ടായി. നദിക്കരയില്‍നിന്നു അലറിവിളിച്ച അവര്‍ ഇരുവരും ആ യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും മറുകരയില്‍ക്കൂടി യാത്ര ചെയ്തിരുന്ന യാത്രികര്‍ ഇവരെ ശ്രദ്ധിക്കുകയും അപകടമെന്തോ പറ്റിയതാണെന്നുറപ്പിക്കുകയും ചെയ്തു.  തങ്ങള്‍ മടങ്ങിവരുമെന്നും കാത്തിരിക്കാനും അവര്‍ പറഞ്ഞതുകേട്ട് ഭാഷ മനസ്സിലായില്ലെങ്കിലും അവര്‍ വരുമെന്നാണുപറഞ്ഞതെന്നുറപ്പിച്ച് പരാദോയും കനെസയും ഒരു രാത്രിയും പകലും ആ സ്ഥലത്തു കഴിച്ചുകൂട്ടി. അടുത്ത ദിവസം ആ മൂന്നു യാത്രികരും മടങ്ങിയെത്തി.അവര്‍ നല്‍കിയ ബ്രഡ് ആര്‍ത്തിയോടെയാണ് ഇരുവരും കഴിച്ചത്. ആ കുതിരസവാരിക്കാരിലൊരാള്‍ നല്‍കിയ പേപ്പറും പേനയുമപയോഗിച്ച് പരാദോ നടന്ന സംഭവങ്ങള്‍ കടലാസ്സിലെഴുതി യാത്രക്കാരനെ ഏല്‍പ്പിച്ചു. സെര്‍ജിയോ കറ്റലാന്‍ എന്ന ആ ചിലിയന്‍ യാത്രികന്‍ വളരെദൂരം സഞ്ചരിച്ച് ഒരു പോലീസ് സ്റ്റേഷനിലെത്തുകയും ആ എഴുത്ത് അവര്‍ക്ക് കൈമാറുകയും കാര്യങ്ങള്‍ അവരോട് വിശദീകരിക്കുകയും ചെയ്തു.

ഈ വാര്‍ത്ത പുറത്തുവന്നതോടെ മഞ്ഞിന്മുകളില്‍ക്കുടുങ്ങിക്കിടക്കുന്ന 16 പേരെ രക്ഷപ്പെടുത്താനായി അടിയന്തിരമായ രക്ഷാപ്രവര്‍ത്തനത്തിനുള്ള ശ്രമങ്ങളാരംഭിച്ചു. ചിലിയന്‍ ആര്‍മ്മിയുടെ മൂന്നു ഹെലികോപ്ടറുകള്‍ ഉടന്‍ പറന്നുയര്‍ന്നു. പരാദോയായിരുന്നു അവരെ അപകടസ്ഥലത്തേയ്ക്ക് വഴികാട്ടിയത്.അങ്ങനെ ഡിസംബര്‍ 22 നു അതായത് അപകടം നടന്ന്‍ 72 ദിവസങ്ങള്‍ക്കുശേഷം ആ പതിനാറുപേരെ ജീവനോടെ രക്ഷപ്പെടുത്തി സാന്റിയാഗോയിലെ മികച്ച ആശുപത്രികളിലെത്തിച്ചു. പലര്‍ക്കും പലതരത്തിലുള്ള അസുഖങ്ങള്‍ ബാധിച്ചിരുന്നു. ശാരീരികവും മാനസികവുമായ തരത്തില്‍. അപകടത്തില്‍ കൊല്ലപ്പെട്ട എല്ലാവരേയും അവിടെത്തന്നെ ഒരു പൊതു കല്ലറയുണ്ടാക്കി അടക്കുകയാണ് ചെയ്തത്. 72 ദിവസത്തോളം എങ്ങനെയാണ് അത്രയും കൊടും ശൈത്യത്തില്‍ പതിനാറോളം പേരുടെ ജീവന്‍ നിലനിന്നതെന്ന ചോദ്യം എക്കാലത്തേയും വലിയ അത്ഭുതമായിത്തന്നെ നിലകൊള്ളും. ഈ സംഭവം ആന്‍ഡസിലെ അത്ഭുതം എന്ന പേരിലും അറിയപ്പെടുന്നു.

ലോകത്തെ അത്ഭുതപ്പെടുത്തിയ ഈ അവിശ്വസനീയമായ അതിജീവനത്തെ ആസ്പദമാക്കി 1974 ല്‍ എലൈവ്-ദ സ്റ്റോറി ഓഫ് ദ ആന്‍ഡസ് സര്‍വൈവേര്‍സ്, 2006 ല്‍ മിറക്കില്‍ ഇന്‍ ദ ആന്‍ഡസ് എന്നീ പുസ്തകങ്ങളും ഈ സംഭവത്തെ ആധാരമാക്കി 1994 ല്‍ ഫ്രാങ്ക് മാര്‍ഷല്‍ സംവിധാനം ചെയ്ത് എലൈവ് എന്ന ഒരു ഹോളിവുഡ് മൂവിയും പുറത്തിറങ്ങിയിട്ടുണ്ട്.

വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നായി ശേഖരിച്ചതാണ്.

ശ്രീ

Wednesday, December 11, 2019

ശിക്ഷ

പൈപ്പില്‍നിന്നു വെള്ളമെടുത്ത് മുഖമൊന്നുകഴുകിയിട്ട് ഒരു ബീഡിയും കത്തിച്ചുവലിച്ചുകൊണ്ട് രാഘവന്‍ നേരേ ഷാപ്പിലേക്കുനടന്നു. പണിയെടുത്ത് നടുവിനൊക്കെയൊരു പിടുത്തംപോലെ. അരക്കുപ്പിക്കള്ളും ഒരു പ്ലേറ്റ് കപ്പയും അകത്തുചെന്നപ്പോള്‍ ആശ്വാസമാര്‍ന്നതുപോലെ ശക്തമായൊരു ഏമ്പക്കം വിട്ടിട്ട് കാശും കൊടുത്തശേഷം അയാള്‍‍ വീട്ടിലേക്ക് നടന്നു. ഉച്ചയാകാറായതേയുള്ളൂ. ചെന്നിട്ട് നല്ലതുപോലെ ഒരുറക്കം. നാലുമണിയാകാറാകുമ്പോള്‍ എഴുന്നേറ്റു കുളിച്ചു വല്ലതും കഴിച്ചെന്നു വരുത്തീട്ട് പുറത്തേയ്ക്കിറങ്ങും. കൂട്ടുകാരോടൊക്കെ ഇച്ചിരി ബഡായിവര്‍ത്തമാനമൊക്കെപ്പറഞ്ഞിരുന്ന്‍ സന്ധ്യയാകാറാകുമ്പോള്‍ ഷാപ്പില്‍ പോയി ഒരു അരകൂടി കഴിക്കും. ഇച്ചിരി അടിച്ചാലും നേരത്തേ വീട്ടില്വരുകയും വീട്ടില്‍ യാതൊരുവിധ ശല്യവുമുണ്ടാക്കാത്തതുകൊണ്ടും വീട്ടുചിലവിനുള്ള പണമൊക്കെ കൃത്യമായി പെണ്ണുമ്പിള്ളയെ ഏല്‍പ്പിക്കാന്‍ മറക്കാത്തതുകൊണ്ടും രാഘവന്റെ ഭാര്യയ്ക്ക് വലിയ പരാതിയൊന്നുമില്ല. അതുകൊണ്ടുതന്നെ രാഘവന്റേത് ഒരു സന്തുഷ്ടകുടുംബമാണ്.

വയലുമുറിച്ചുകടന്നു വീട്ടിലേക്ക് തിരിയുന്നിടത്തെത്തിയപ്പോള്‍ അവന്റെ കാലിലെ ചെരിപ്പിന്റെ വാറിളകി. ചെറിയ ആട്ടമുണ്ടായിരുന്ന സ്വന്തംബോഡിയോട് സ്റ്റഡിയ്ക്ക് നില്ക്കാന്‍ ആജ്ഞാപിച്ചിട്ട് രാഘവന്‍‍ കുനിഞ്ഞ് ചെരിപ്പിന്റെ വാര്‍ പഴയതുപോലാക്കാന്ശ്രമിച്ചു. ഇളകിയ വാര്‍ നേരെയാക്കി ചെരിപ്പ് കാലേല്‍കേറ്റിയിട്ട് മുന്നോട്ട് നടക്കുമ്പോള്‍ അവിചാരിതമായി അയാളുടെ നോട്ടം താഴെയുള്ള വാഴപ്പണയുടെ നേര്‍ക്കൊന്നുനീണ്ടു. ആരോ ഒരാള്‍ കുനിഞ്ഞിരുന്ന്‍ എന്തോ ചെയ്യുന്നതുപോലെ. സ്റ്റഡിയ്ക്ക് നിന്നുകൊണ്ട് രാഘവന്‍ ഒരിക്കല്‍ക്കൂടി സൂക്ഷിച്ചുനോക്കി. താഴെയുണ്ടായിരുന്ന ആള്‍ മുഖമൊന്നുചരിച്ചപ്പോള്‍ രാഘവന് ആളിനെപ്പിടികിട്ടി.മനയ്ക്കലെ കുമാരനാണ്? ഇവനീ നട്ടുച്ചസമയത്ത് വാഴപ്പണയില്‍ എന്തോചെയ്യുവാണെന്നു പിറുപിറുത്തുകൊണ്ട് മുന്നോട്ട് നടക്കുവാന്‍ തുടങ്ങിയ രാഘവന്‍‍ എന്തോ ഓര്‍ത്തെന്നപോലെ പെട്ടന്നുനിന്നു. ഇക്കുറി അവിടേയ്ക്ക് സൂക്ഷിച്ചുനോക്കിയ രാഘവന്‍ ശരിക്കുംഞെട്ടി. അവിടെ തറയില്‍ ഒരു പെണ്‍കുട്ടികിടക്കുന്നുണ്ട്. ആ കൊച്ചിന്റെ പാവാട വലിച്ചുകീറുവാന്‍ ശ്രമിക്കുകയാണ് കുമാരന്‍‍. കുടിച്ച കള്ളുമുഴുവന്‍ ഒരുനിമിഷംകൊണ്ട് ആവിയായിപ്പോയതുപോലെ തോന്നിയ രാഘവന്‍‍ ഒരു ദീര്‍ഘശ്വാസമെടുത്തശേഷം ഉച്ചത്തില്‍ അലറിവിളിച്ചു.

"അയ്യോ ഓടിവരണേ നാട്ടാരേ ദേപട്ടാപ്പകള്‍ ഒരു പെങ്കൊച്ചിനെ ബലാത്സംഗം ചെയ്തു കൊല്ലുന്നേ"

അലര്‍ച്ചകേട്ട കുമാരന്‍ തലയുയര്‍ത്തി മുകളിലേയ്ക്കുനോക്കി. വഴിയില്‍നിന്നുകൊണ്ട് വലിയവായില്‍ അലറിവിളിക്കുന്ന രാഘവനെക്കണ്ട് അയാള്‍ അന്തംവിട്ടു.

രാഘവന്റെ നിലവിളികേട്ട് കുറച്ചപ്പുറത്തായിരുന്നു‍ ചീട്ടുകളിച്ചുകൊണ്ടിരുന്ന നാലഞ്ചുപേരും വയല്‍വരമ്പേ പോവുകയായിരുന്ന പ്രസന്നനും മറ്റുമൊക്കെ ഓടിവന്നു.

"എന്താ എന്താ പ്രശ്നം?"

"ദേ അതു കണ്ടോ".

താഴെയ്ക്കു കൈചൂണ്ടിക്കൊണ്ട് രാഘവന്‍ പറഞ്ഞതുകേട്ട് നോക്കിയപ്പോള്‍ അവരും ഞെട്ടി. വാഴച്ചുവട്ടിലായിക്കിടക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടി. ആകെ പരിഭ്രമിച്ചുനില്‍ക്കുന്ന കുമാരന്‍. മൂന്നാലുപേര്‍ പെട്ടന്ന്‍  താഴേയ്ക്കിറങ്ങിച്ചെന്നു. പാവാട വലിച്ചുകീറപ്പെട്ട നിലയില്‍ ബോധമില്ലാതെ കിടക്കുന്ന പെണ്‍കുട്ടിയെക്കണ്ടതും കുമാരന്‍ വായതുറക്കുന്നതിനുമുന്നേ മുഖമടച്ചുള്ള അടി വീണുകഴിഞ്ഞിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ അവിടെ ആളുകളെക്കൊണ്ടുനിറഞ്ഞു. ബോധരഹിതയായിരുന്ന പെണ്‍കുട്ടിയുമായി ഒന്നുരണ്ടുപേര്‍ ആശുപത്രിയിലേയ്ക്കു കുതിച്ചു. മറ്റുള്ളവര്‍ എല്ലാം കുമാരനു നേരെതിരിഞ്ഞു. അടികൊണ്ടവശനായ കുമാരന്‍‍ ഒരു വാക്കും ശബ്ദിക്കാനാവാതെ നിലത്തു കുഴഞ്ഞുവീണു.

"വേണ്ട നായീന്റെമോനെ ഇനി തല്ലണ്ട.ചത്തുപോവും.എന്തായാലും പോലീസു വരട്ടെ".

ആരോ പറഞ്ഞു.

"എന്നാലും ഇവനാളു കൊള്ളാമല്ലോ. കല്യാണോം തേങ്ങയും കഴിക്കാതെ നടന്നിട്ടിതാണിവന്റെ കൈയിലിരുപ്പ്"

"ആ കുടുംബത്തിലിതുപോലെ ഒന്നുണ്ടായല്ലോ.ഇനി അവരെങ്ങനെ പുറത്തിറങ്ങി നടക്കും."

"ആ കുട്ടപ്പനിപ്പോ എത്തും. വന്നാപ്പിന്നെ ഈ നായിന്റെമോന്റെ ശവമെടുത്താമതി. അവനത്രക്കു ഓമനിച്ചുവളര്‍ത്തുന്ന മോളെയല്ലെ ഈ.."


ആള്‍ക്കാര്‍ ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. അടികൊണ്ട് തളര്‍ന്ന്‍ ശബ്ദംനഷ്ടപ്പെട്ട് തറയില്‍ ചുരുണ്ടുകൂടികിടക്കുന്നുണ്ടായിരുന്നു കുമാരന്‍ഇതെല്ലാം അവ്യക്തമായെന്നവണ്ണം കേള്‍ക്കുന്നുണ്ടായിരുന്നു‍.

അരമണിക്കൂറിനുള്ളില്‍ പോലീസെത്തി. ജീപ്പില്‍നിന്നുമിറങ്ങിയ എസ്.ഐ ഒന്നു രംഗനിരീക്ഷണം നടത്തിയശേഷം പോലീസുകമ്രുടെ നേരേനോക്കി. അവര്‍ ഒച്ചവച്ചുകൊണ്ട് കൂടിനിന്നവരെ വിരട്ടിമാറ്റുവാന്‍ ശ്രമിച്ചപ്പോള്‍ ഭയന്ന ആളുകള്‍ ദൂരേയ്ക്ക് മാറിനിന്നു. ആള്‍ക്കൂട്ടത്തില്‍നിന്നു ഒന്നുരണ്ടുപേരെ വിളിച്ച് എസ് ഐ എന്തെല്ലാമോ ചോദിച്ചു. ഒരു പോലീസുകാരന്‍ മുന്നോട്ടുചെന്ന്‍ കുമാരന്റെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ചുയര്‍ത്തി. കഷ്ടപ്പെട്ടെഴുന്നേറ്റ് അവന്‍ ഒരു തെങ്ങില്‍ ചാരിനിന്നു.അയാളുടെ മുഖമാകെ തിണര്‍ത്ത് നീരുവന്നു തുടങ്ങിയിരുന്നു. ചെന്നിയിലൂടെ ചെറുതായി ചോര കിനിഞ്ഞിറങ്ങുകയും ചെയ്യുന്നുണ്ട്.


"ആരാടാ ഇവനെ ഇങ്ങിനെ തല്ലിച്ചതയ്ക്കാന്‍ നിന്നോടൊക്കെപ്പറഞ്ഞത്.പിന്നെ ഞങ്ങളെന്തൂ..നാടാ ഒള്ളത്"

നാവില്‍വന്ന തെറി വിഴുങ്ങിക്കൊണ്ട് എസ് ഐ ഉച്ചത്തില്‍ അലറി.ആള്‍ക്കാര്‍ ഭയപ്പാടോടെ പിന്നോക്കം വലിഞ്ഞു. കുമാരനുനേരെ തിരിഞ്ഞ എസ് ഐ കൈയിലിരുന്ന ലാത്തികൊണ്ട് അവന്റെ മുഖം മെല്ലെയുയര്‍ത്താന്‍ ശ്രമിച്ചു. നിറഞ്ഞുതൂവിയ കണ്ണുകളുമായി അവന്‍ ദയനീയമായി ബദ്ധപ്പെട്ട് എസ് ഐ യെ നോക്കി.

"കൊച്ചുപിള്ളാരെത്തന്നെ പീഡിപ്പിക്കണമല്ലേടാ നായീന്റെ മോനേ.."

എസ് ഐ ലാത്തിവച്ച് രാഘവ്ന്റെ വാരിയെല്ലില്‍ ശക്തിയായൊരു കുത്തുകൊടുത്തു.അലറിക്കരഞ്ഞുകൊണ്ട് കുത്തിയിരുന്ന കുമാരനെ രണ്ടുപോലീസുകാര്‍ ചേര്‍ന്ന്‍ തൂക്കിയെടുത്ത് ജീപ്പിനുള്ളിലേയ്ക്കെറിഞ്ഞു. ശബ്ദം നഷ്ടപ്പെട്ട അയാള്‍ അതിനുള്ളില്‍ ശവത്തെപ്പോലെചുരുണ്ടുകൂടിക്കിടന്നു.പോലീസ് ജീപ്പ് പുകപറത്തി പാഞ്ഞകന്നപ്പോള്‍ കൂട്ടംകൂടിനിന്ന ആള്‍ക്കാര്‍ പലതരം അഭിപ്രായങ്ങള്‍ പറഞ്ഞുകൊണ്ട് പലവഴിയ്ക്കായി പിരിഞ്ഞു.....

പറമ്പുകിളച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന കുട്ടപ്പന്‍ കേട്ടവിവരം വിശ്വസിക്കാനാവാത്തവണ്ണം ഒരുനിമിഷം തന്റെ മുമ്പില്‍നില്‍ക്കുന്ന രാഘവനെ മിഴിച്ചുനോക്കി.അടുത്തനിമിഷം തൂമ്പാ വലിച്ചെറിഞ്ഞിട്ട് ഒരു നിലവിളിയോടെ അയാള്‍ മുന്നോട്ടുകുതിച്ചു.കൂടെ രാഘവനും.വഴിയില്‍വച്ച് മകളെ ആശുപത്രിയില്‍ കൊണ്ടോയിരിക്കുവാണെന്നറിഞ്ഞ് കുട്ടപ്പന്‍ ജംഗ്ഷനില്‍നിന്നൊരോട്ടോപിടിച്ച് ആശുപത്രിയിലേയ്ക്ക് കുതിച്ചു.വണ്ടിയിലിരിക്കുമ്പോള്‍ കുട്ടപ്പന്‍ ഒരു കൊച്ചുകുഞ്ഞിനെക്കണക്കെ കരയുന്നുണ്ടായിരുന്നു.രാഘവനാകട്ടെ അയാളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.ആശുപത്രിമുമ്പില്‍ ആട്ടോയില്‍നിന്നു ചാടിയിറങ്ങിയ കുട്ടപ്പന്‍ അകത്തേയ്ക്കോടുകയായിരുന്നു. ഇടനാഴിയില്‍ കരഞ്ഞുകൊണ്ടുനില്‍ക്കുന്ന ഭാര്യയെക്കണ്ട് അയാള്‍ കുഴഞ്ഞവിടെയിരുന്നു.കുട്ടപ്പനെക്കണ്ട അവര്‍ ഉച്ചത്തില്‍ നിലവിളിക്കാനാരംഭിച്ചു.കൂടെയുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ അവരെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.ആ‍ പരിശോധനാമുറിക്കുമുമ്പില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ അയാളിരുന്നു.തന്റെ മകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍...അയാളുടെ മനസ്സില്‍ എന്തെല്ലാമോ വികാരവിചാരങ്ങള്‍ അലയടിച്ചുകൊണ്ടിരുന്നു.

പെട്ടന്ന്‍ വാതില്‍തുറന്ന്‍ ഒരു സിസ്റ്റര്‍ പുറത്തുവന്നു.

"ഇപ്പോള്‍ കൊണ്ടുവന്ന കുട്ടിയുടെ ബന്ധുക്കളാരെങ്കിലും അകത്തേയ്ക്കു വരു. ഡോക്ടര്‍ വിളിക്കുന്നു".

വേച്ചുവേച്ചു കുട്ടപ്പന്‍ അകത്തേയ്ക്കു കടന്നു.

"ങ്..ഹാ പേടിക്കാനൊന്നുമില്ല. കുട്ടിയെ ഒരു പാമ്പ് കടിച്ചതാ. അല്ലാതെ ആരും ഒന്നും ചെയ്തിട്ടൊന്നുമില്ല.പെട്ടന്നു കൊണ്ടുവന്നതുകൊണ്ട് രക്ഷയായി. വിഷമുള്ളയിനമാണു കടിച്ചതു.എന്തായാലും രണ്ടുദിവസമിവിടെ കിടക്കട്ടെ. പെട്ടന്നുപോയി ഈ മരുന്നുകള്‍ വാങ്ങിക്കൊണ്ടുവരണം".

ഡോകടര്‍ വച്ചുനീട്ടിയ മരുന്നുകുറിപ്പു വിറയാര്‍ന്ന കൈകള്‍കൊണ്ട് വാങ്ങിയ കുട്ടപ്പന്‍ ബെഡ്ഡില്‍ തളര്‍ന്നുമയങ്ങുന്ന തന്റെ മകളെ കണ്ണിമയ്ക്കാതെ നോക്കിനിന്നു. നിറഞ്ഞുതുളുമ്പിയ ഒരു തുള്ളി കണ്ണുനീര്‍ ‍ പിന്‍കൈകൊണ്ട് തുടച്ചശേഷമയാള്‍ മരുന്നുവാങ്ങിക്കൊണ്ടുവരാനായി മുറിക്കുപുറത്തേയ്ക്കിറങ്ങി. ആകാംഷാപൂര്‍വ്വം മുറിക്കുപുറത്തു നിന്നവരോട് അയാള്‍ കാര്യം പറഞ്ഞു.

"ഹൊ ഭഗവാന്‍ കാത്തു കൊച്ചിനെ.ഒരല്‍പ്പം താമസിച്ചുപോയിരുന്നെങ്കി എന്താകുമായിരുന്നു. ആ കുമാരന്‍ വെറുതേ തല്ലുമേടിച്ചതുതന്നെ മിച്ചം. പാമ്പുകടിച്ചതിന്റെ മുകളില്‍ മുറുക്കിക്കെട്ടാനായിട്ടായിരിക്കും അവന്‍ പാവാട വലിച്ചുകീറിയത്. പോലീസുകാരിപ്പോ അവനെ ബാക്കി വച്ചിട്ടുണ്ടാവുമോ ആവോ"

മുറിക്കുപുറത്തടക്കിപ്പിടിച്ച സംഭാഷണങ്ങള്‍ നടക്കുമ്പോള്‍ രാഘവന്‍ മെല്ലെ പുറത്തേയ്ക്കിറങ്ങി അരയില്‍നിന്നൊരു ബീഡിയെടുത്തു കൊളുത്തി പുകയാഞ്ഞൊന്നെടുത്തു.

ഈ സമയം ദുര്‍ഗന്ധപൂരിതമായ ലോക്കപ്പുമുറിയില്‍ പോലീസുകാരുടെ ചോദ്യംചെയ്യലും ക്രൂരമര്‍ദ്ദനങ്ങളുമേറ്റ് അര്‍ദ്ധബോധാവസ്ഥയില്‍ ചുരുണ്ടുകൂടികിടക്കുകയായിരുന്നു കുമാരന്‍. പാടത്തെ ജോലിക്കിടയില്‍ ഒരല്‍പ്പം വല്ലതും കഴിക്കാമെന്നുവച്ച് വീട്ടിലേയ്ക്കു മടങ്ങവേ പണയില്‍ വീണുകിടക്കുന്ന കുട്ടിയെകണ്ടതും കാലില്‍നിന്നു ചെറുതായിപൊടിയുന്ന രക്തം കണ്ടപ്പോള്‍ ഇഴജന്തുക്കളെന്തെങ്കിലും കടിച്ചതായിരിക്കുമെന്നുറപ്പിച്ചു ഒരല്‍പ്പം തുണികീറി മുറിവിനുമുകളില്‍ കെട്ടുവാന്‍ തുടങ്ങിയതും ആരോ അലറിവിളിച്ചെന്തോ പറയുന്നതും പിന്നെ നിരവധി കൈകള്‍ തന്റെ ശരീരത്തില്‍ പതിക്കുന്നതും എല്ലാം അവ്യക്തമായ ഒരു ഓര്‍മ്മപോലെ കുമാരന്റെയുള്ളില്‍ അലയടിക്കുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍