Tuesday, January 21, 2020

സൂത്രക്കാരനായ പക്ഷി


ഒരിടത്തൊരു ഗ്രാമത്തില്‍ ഒരു വലിയ കുളമുണ്ടായിരുന്നു. നല്ല ശുദ്ധജലംനിറഞ്ഞ ഈ കുളത്തില്‍നിന്നാണ് ഗ്രാമവാസികളും മറ്റു ജന്തുജാലങ്ങളുമൊക്കെ വെള്ളം കുടിക്കുന്നത്. മാത്രമല്ല കുളത്തില്‍ ധാരാളം മീനുകളും മറ്റു ചെറുജലജീവികളും ഒക്കെയുണ്ടായിരുന്നു. കുളക്കരയിലുണ്ടായിരുന്ന വലിയമരത്തില്‍ ഒരു പക്ഷി താമസിച്ചിരുന്നു. വെള്ളത്തില്‍ ഊളിയിട്ട് മീന്‍പിടിക്കാന്‍ അതിസമര്‍ത്ഥയായ ആ പക്ഷി കുളത്തില്‍നിന്നു മീനുകളെയൊക്കെ ആഹാരമാക്കി സുഭിക്ഷമായി കഴിയുന്ന സമയത്തൊരിക്കല്‍ ഒരു വേട്ടക്കാരന്‍ വച്ചിരുന്ന കെണിയില്‍ അറിയാതെപെടുകയും അതില്‍നിന്നു രക്ഷപ്പെടുന്നതിനിടയില്‍ ചിറകിനു പരിക്കുപറ്റി പഴയതുപോലെ ശരിയാംവണ്ണം പറക്കാനോ കുളത്തില്‍ മുങ്ങാംകുഴിയിട്ടുചെന്ന്‍ മീന്‍ കൊത്തിയെടുത്തുകൊണ്ടുവരാനോ കഴിയാതെയായി. അതോടെ പക്ഷിക്കു നേരാംവണ്ണം ഭക്ഷണം ലഭിക്കാന്‍ ബുദ്ധിമുട്ടുനേരിട്ടുതുടങ്ങി. വല്ലപ്പോഴും കുളത്തില്‍ ചത്തുപൊങ്ങുന്ന മീനൊക്കെ മാത്രമായി അവന്റെ ആഹാരം. ഉച്ചസമയത്ത് തെളിഞ്ഞ വെള്ളത്തില്‍ മീനുകളും മറ്റും നീന്തിത്തുടിക്കുന്നതു നോക്കിയിരിക്കുമ്പോള്‍ അവന്‍ കൊതിയോടെ നോക്കിയിരുന്നു. എങ്ങനെയെങ്കിലും കുളത്തിലെ വെള്ളം വറ്റിയിരുന്നെങ്കില്‍ ഈ മീനുകളെയൊക്കെ ശാപ്പിടാമായിരുന്നു എന്നവന്‍ സ്വപ്നം കണ്ടു.

കടുത്ത വേനല്‍ക്കാലമായിട്ടും കുളം വറ്റിയില്ല‍. അത്രയ്ക്ക് ഉറവയുള്ള കുളമായിരുന്നത്. അതോടെ ഹതാശനായ ആ പക്ഷി ഇനിയെന്തുചെയ്യുമെന്നാലോചിച്ചു തലപുകച്ചുചിന്തിച്ചപ്പോള്‍ അവന്റെ തലയിലൊരു സൂത്രമുദിച്ചു. കുളക്കരയില്‍ വന്നിരുന്നിട്ട് അവന്‍ വെള്ളത്തിലേയ്ക്ക് നോക്കിയിരുന്നപ്പോള്‍ കുളത്തില്‍ കുത്തിമറിഞ്ഞുകൊണ്ടിരുന്നൊരു വലിയമീന്‍ അവന്റെ കണ്ണില്‍പ്പെട്ടു.

"ഹേയ് വലിയമീനേ. നിന്റെയീ കുത്തിമറിച്ചിലൊക്കെ ഉടനേ തീരാന്‍പോകുവാ.താമസിയാതെ ഈ കുളം വറ്റിവരളും. കൊട്ടാരംജോത്സ്യന്‍ വലിയ വരള്‍ച്ചവരാന്‍ പോകുകയാണെന്നു പ്രവചിച്ചിട്ടുണ്ട്. താമസിയാതെ ഈ കുളം വരണ്ടുണങ്ങും"

പക്ഷിയുടെ പറച്ചില്‍കേട്ടുഭയന്ന മീന്‍ ഇനിയെന്തുചെയ്യുമെന്ന അര്‍ത്ഥത്തില്‍ പക്ഷിയെനോക്കി.

"നിങ്ങള്‍ക്ക് രക്ഷപ്പെടാന്‍ ഒരു വഴിയുണ്ട്. ഗ്രാമത്തിലുള്ള ആളുകളെല്ലാം ഈ കുളത്തില്‍നിന്നു വെള്ളമെടുക്കുന്നതു നിറുത്തിയാല്‍ നിങ്ങള്‍ രക്ഷപ്പെടും. അപ്പോള്‍ വരളച്ച വന്നാലും വെള്ളം മുഴുവന്‍ വറ്റില്ല. പിന്നെ മഴ വരുമ്പോള്‍ പ്രശ്നമില്ലാതാകുകയും ചെയ്യും. ഈ കുളത്തിന്റെ കുറച്ചപ്പുറത്തായി ഒരു അഴുക്കുചാലൊഴുകുന്നുണ്ട്. അതിലെ വെള്ളം കുറച്ച് ഈ കുളത്തിലെത്തിച്ചാല്‍ ഈ വെള്ളം കൊള്ളത്തില്ലായെന്നു കണ്ടു ആളുകള്‍ വരില്ല. അപ്പോള്‍ നിങ്ങള്‍ക്കു പേടിക്കുകയും വേണ്ട"

പക്ഷി പറഞ്ഞുനിറുത്തിയിട്ട് മീനിനെത്തന്നെ നോക്കിയിരുന്നു. ആ മീനാകട്ടെ ആകെ ചിന്താകുലനായി വെള്ളത്തിനടിയിലേയ്ക്കുപോയി. പക്ഷി ഗൂഡമായൊരു ചിരിയോടെ മരക്കൊമ്പിലേയ്ക്കു തിരിച്ചുപറന്നു. വലിയ മീന്‍ തന്റെ കൂട്ടാളികളായ എല്ലാവരോടും കാര്യം പറയുകയും അവരാകെ ഭയപ്പെടുകയും ചെയ്തു. എല്ലാവരുംകൂടി ഒത്തുചേര്‍ത്ത് കുളക്കരയില്‍ മാളം വച്ചുതാമസിക്കുന്ന തുരപ്പനെലിയുടെ അടുത്തുചെല്ലുകയും ആ അഴുക്കുചാലില്‍നിന്നു ഒരു മാളമുണ്ടാക്കി ഈ കുളവുമായി ബന്ധിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. തുരപ്പനെലി അവരുടെ അഭ്യര്‍ത്ഥനകേട്ട് തന്റെ കൂട്ടുകാരുമായിച്ചേര്‍ന്ന്‍ അന്നുരാത്രിതന്നെ കുളവും അഴുക്കുചാലുമായി ഒരു മാളം ഉണ്ടാക്കിനല്‍കി. അതോടെ അഴുക്കുചാലിലെ മലിനജലം കുളത്തിലെ വെള്ളവുമായികലരുകയും പിറ്റേന്നു ഗ്രാമീണര്‍ വെള്ളമെടുക്കാന്‍ വന്നപ്പോള്‍ ജലം കറുത്ത നിറമായിരിക്കുന്നതുകണ്ട് അഴുക്കുചാല്‍വെള്ളം ഇതില്‍കലര്‍ന്നു ഇനിയിതു ഉപയോഗിക്കാന്‍ കൊള്ളില്ല എന്നുപറഞ്ഞു മടങ്ങുകയും ചെയ്തു.‍ അതുകണ്ട് മീനുകള്‍ എല്ലാം സന്തോഷിച്ചു. എന്നാല്‍ അഴുക്കുചാലില്‍നിന്നുവന്ന കൃമികീടങ്ങളും മലിനജനലത്തിലെ വിഷാംശവുമെല്ലാംകൊണ്ട് താമസിയാതെ കുളത്തിലെ ചെറുജീവികള്‍ ഒന്നൊന്നായി ചത്തുപൊങ്ങാന് തുടങ്ങി. ചെറിയ മീനുകളും ചത്തുതുടങ്ങി. അവയെ ഒക്കെ പക്ഷി വന്നു ശാപ്പിടാനും തുടങ്ങി.

മലിനജലം കലര്‍ന്നതുകൊണ്ടാണ് തങ്ങള്‍ക്ക് ഈ ഗതിവന്നതെന്നും പക്ഷി തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്നും മനസ്സിലായ മീനുകള്‍ തുരപ്പനെലിയോട് എങ്ങനെയെങ്കിലും ആ മാളം അടച്ചു തങ്ങളെ രക്ഷിക്കണമെന്നപേക്ഷിച്ചു. എന്നാല്‍ എലി നിസ്സഹായനായിരുന്നു. താമസിയാതെ കുളത്തിലെ എല്ലാമീനുകളും രോഗബാധിതരായി ചത്തുപൊങ്ങി. ആര്‍ത്തിയോടെ അവയെ ഒക്കെ പക്ഷി ഭക്ഷണമാക്കുകയും ചെയ്തു. എന്നാല്‍ ചത്തുപൊങ്ങിയ മീനുകളിലെ രോഗാണുക്കള്‍ പക്ഷിയേയും ബാധിക്കുകയും അടുത്തദിവസം അതും ചത്തുവീഴുകയും ചെയ്തു.

സ്വന്തം നേട്ടങ്ങള്‍ക്കും ഉയര്‍ച്ചകള്‍ക്കുമായി കുതന്ത്രങ്ങള്‍ പ്രയോഗിച്ച് മറ്റുള്ളവരെ കെണിയിലാക്കുന്നവര്‍ പലരുമുണ്ട്. നല്ല മനസ്സുകളില്‍ അവര്‍ കുബുദ്ധിയുടെ ചാലുകള്‍വെട്ടി അതിലൂടെ വിഷം കടത്തിവിടുന്നു. ആ നല്ലമനസ്സുകള്‍ മലിനമാകുകയും പിന്നീട് ചിലപ്പോളൊരിക്കലും ശുദ്ധമാക്കാനാകാത്തവിധം കെട്ടുപോകുകയും ചെയ്യും. അതിനെ മുതലെടുത്ത് കുബുദ്ധികള്‍ വളരുന്നു. എന്നാല്‍ വിഷം ചിലപ്പോള്‍ പ്രയോഗിക്കുന്നവരേയും ബാധിക്കാറുണ്ട്. ഈ കഥയിലെ പക്ഷിയെപ്പോലെ അവരും ചിലപ്പോള്‍ ആ വിഷബാധയേറ്റു കരിഞ്ഞുവീണേക്കാം.കഴിയുന്നതും നല്ലതുമാത്രം വിതയ്ക്കുക. കൊയ്തെടുക്കുന്നത് ഇരട്ടിവിളവായിരിക്കും. ഉറപ്പ്

ബിനോയ് തോമസ് തയ്യാറാക്കിയ മുത്തശ്ശിക്കഥകളില്‍നിന്നു കടംകൊണ്ടത്.

ശ്രീ



 ‍ 

Tuesday, January 14, 2020

കൃഷ്ണനും അർജുനനും


ഒരുദിവസം കൃഷ്ണനും അർജുനനും കൊട്ടരത്തില്‍നിന്നു പുറത്തേക്കിറങ്ങി സംസാരിച്ചുകൊണ്ടു നടക്കുന്നതിനിടയില്‍ വഴിയിലൊരിടത്തുനിന്ന് ദരിദ്രനായൊരു ബ്രാഹ്മണൻ ‍ ഭിക്ഷയെടുത്തുകൊണ്ടിരിക്കുന്നതു കാണുകയുണ്ടായി. ആ ബ്രാഹ്മണന്റെ അവസ്ഥകണ്ട് സങ്കടവും ദയയും തോന്നിയ അര്‍ജ്ജുനന്‍ വിലപിടിച്ചൊരു സുവര്‍ണ്ണമോതിരം ഒരു ചെപ്പിനുള്ളിലാക്കി  ആ ബ്രാഹ്മണനു നല്‍കുകയും ബ്രാഹ്മണന്‍ സന്തോഷത്തോടെ അതു സ്വീകരിച്ചുകൊണ്ട് ഭിക്ഷ മതിയാക്കി വീട്ടിലേയ്ക്കു മടങ്ങുകയും ചെയ്തു. ആ വിലപിടിച്ച സ്വര്‍ണ്ണമോതിരം വിറ്റ് ആ തുകകൊണ്ട് സുഖകരമായി ഇനിയുള്ളകാലം കഴിയാമെന്നു ബ്രാഹ്മണന്‍ ധരിച്ചു. എന്നാൽ അയാളുടെ ദൌർഭാഗ്യത്താൽ വഴിയിൽ ഒരു കൊള്ളക്കാരൻ ബ്രാഹ്മണനെ തടഞ്ഞുനിറുത്തുകയും ആ ചെപ്പ് കൊള്ളയടിച്ചുകൊണ്ടു ഓടിമറയുകയും ചെയ്തു. തനിക്കുണ്ടായ നഷ്ടത്തില്‍ വിലപിച്ചുകൊണ്ട് ബ്രാഹ്മണൻ വീണ്ടും ഭിക്ഷയാചിക്കാനായാരംഭിച്ചു.

പിറ്റേദിവസം കൃഷ്ണനും അര്‍ജ്ജുനനും നടക്കുന്നതിനിടയില് ബ്രാഹ്മണന്‍ ഭിക്ഷ യാചിച്ചുകൊണ്ടുനില്‍ക്കുന്നതുകണ്ടപ്പോള്‍ അര്‍ജ്ജുനന്‍ അമ്പരക്കുകയും അയാളെ സമീപിച്ചു കാര്യം തിരക്കുകയും ചെയ്തു. തന്നെ ഒരാള്‍ കൊള്ളയടിച്ച കാര്യം ബ്രാഹ്മണന്‍ അര്‍ജ്ജുനനോടുപറഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ വിഷമിക്കുകയും ആ ബ്രാഹ്മണനു ഇക്കുറി വിലയേറിയൊരു രത്നം സമ്മാനിക്കുകയും ചെയ്തു. ബ്രാഹ്മണന്‍ ഉടനെതന്നെ വീട്ടിലേക്കുമടങ്ങുകയും ആ വിലയേറിയ രത്നം കള്ളന്മാരാരും കവര്‍ന്നുകൊണ്ടുപോകാതിരിക്കാനായി വീട്ടിനകത്തുവച്ചിരുന്ന ഒരു മണ്‍കുടത്തിനകത്തു ഭദ്രമായി വച്ചിട്ട് അല്‍പ്പം വിശ്രമിക്കാമെന്നുകരുതി പൂമുഖത്തുവന്നുകിടന്നു. സുന്ദരമായ ഭാവിജീവിതം ആലോചിച്ചുകൊണ്ടുകിടന്ന ബ്രാഹ്മണന്‍ ക്ഷീണംകാരണം പെട്ടന്നുറങ്ങിപ്പോയി. ഈസമയത്തു ബ്രാഹ്മണന്റെ ഭാര്യ നദിയില്‍നിന്നു വെള്ളമെടുത്തുകൊണ്ടുവരാനായി ഒരു കുടമെടുത്ത് പുറത്തേയ്ക്കുപോയപ്പോള്‍ കല്ലില്‍ത്തട്ടിവീണ് കൈയിലുണ്ടായിരുന്ന കുടം പൊട്ടിപ്പോകുകയും അവർ ഉടനെ തിരിച്ചു വീട്ടില്‍വന്നിട്ട് വീട്ടിനകത്തിരുന്ന കുടവുമൊണ്ട് വെള്ളമെടുക്കാനായിപ്പോകുകയും ചെയ്തു. ബ്രാഹ്മണന്‍ രത്നം ഒളിപ്പിച്ചുവച്ചിരുന്ന കുടമായിരുന്നവര്‍ എടുത്തുകൊണ്ടുപോയത്. ബ്രാഹ്മണപത്നി വെള്ളത്തിൽ കുടം മുക്കിയപ്പോൾ രത്നം നദിയിലേക്കു വീഴുകയും അത് വെള്ളത്തിലേക്കാഴ്ന്നുപോകുകയും ചെയ്തു. ഈസമയം ഉറക്കമുണര്‍ന്ന ബ്രാഹ്മണന്‍ അകത്തുകയറി കുടം നോക്കിയപ്പോള്‍ അതവിടെ കാണാനില്ലാത്തതു മനസ്സിലാക്കി വെപ്രാളത്തോടെ എല്ലായിടവും തിരയവേ തന്റെ പത്നി ആ കുടത്തില്‍ വെള്ളവുമായി വരുന്നതുകണ്ട് ഓടി അവരുടെ അടുത്തുചെന്ന്‍ അതിനകത്തുണ്ടായിരുന്ന രത്നമെവിടെ എന്നുചോദിച്ചു. എന്നാല്‍ ബ്രാഹ്മണപത്നിക്ക് രത്നത്തെപ്പറ്റി ഒരു വിവരവുമറിയാത്തതിനാല്‍ അവര്‍ കൈമലര്‍ത്തി. തന്റെ ഭാര്യയുടെ കൈയില്‍നിന്നു രത്നം നദിയില്‍പ്പോയിരിക്കാം എന്നുവിചാരിച്ചു തലയില്‍കൈവച്ചു വിലപിച്ച ബ്രാഹ്മണൻ വീണ്ടും ഭിക്ഷയ്ക്കായിറങ്ങി.

അടുത്ത ദിവസവും ബ്രാഹ്മണന്‍ ഭിക്ഷയാചിക്കുന്നതുകണ്ട അർജുനന്‍ ബ്രാഹ്മണനോട് കാര്യം തിരക്കുകയും അയാളുടെ ദൌര്‍ഭാഗ്യം മനസ്സിലാക്കുകയും ചെയ്തപ്പോള്‍ ആകെ വിഷമിതനായി കൃഷ്ണനോട് ഇനിയെങ്ങനെയാണ് ഈ ബ്രാഹ്മണനെ സഹായിക്കുക എന്നാരാഞ്ഞു. അപ്പോള്‍ കൃഷ്ണന്‍ തന്റെ കൈയിലുണ്ടായിരുന്ന രണ്ടു നാണയത്തുട്ടുകള്‍ ആ ബ്രാഹ്മണനു ദാനമായി നല്‍കി. ഇതുകണ്ട അര്‍ജ്ജുനന്‍ അതിശയത്തോടെ താന്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ ബ്രാഹ്മണനു നല്‍കിയിട്ടും ഗതിപിടിയ്ക്കാത്ത അദ്ദേഹം എങ്ങനെയാണ് രണ്ടുനാണയങ്ങള്‍കൊണ്ട് രക്ഷപ്പെടുക എന്നു കൃഷ്ണനോട് ആരാഞ്ഞു. അര്‍ജ്ജുനന്റെ ചോദ്യംകേട്ട കൃഷ്ണന്‍ ഒന്നു പുഞ്ചിരിച്ചിട്ട് നമുക്കു നോക്കാമെന്നുമാത്രം പറഞ്ഞു. തനിക്കു കിട്ടിയ രണ്ടുനാണയത്തുട്ടുകൊണ്ട് എന്തുചെയ്യാനാണ് എന്നാലോചിച്ച് ബ്രാഹ്മണന്‍ ചിന്താകുലനായി നിന്നു. ഒരു നേരത്തെ ഭക്ഷണം വാങ്ങാന്‍പോലുമിതുതികയില്ലല്ലോ എന്നാലോചിച്ചുനിന്ന ആ ബ്രാഹ്മണന്‍ അവിചാരിതമായാണ് മീന്‍ പിടിച്ചുകൊണ്ടുവന്ന ഒരാള്‍ തന്റെ പാളയിലുണ്ടായിരുന്ന മീനുകളെ തറയിലിട്ടിട്ട് ഇനം തിരിച്ചു മാറ്റുന്നതുകാണാനിടയായത്. തറയില്‍ക്കിടന്ന്‍ ഒരു സുവര്‍ണമത്സ്യം ജീവനുവേണ്ടിപ്പിടയുന്നതുകണ്ടപ്പോള്‍ ആ മീനിനോട് ദയതോന്നിയ ബ്രാഹ്മണൻ അതിനെ രക്ഷിക്കണമെന്നുറപ്പിച്ച് തന്റെ കൈയിലുണ്ടായിരുന്ന രണ്ടുനാണയത്തുട്ട് മീന്‍പിടുത്തക്കാരനു നല്‍കിയിട്ട് ആ മീന്‍ വാങ്ങി തന്റെ കമണ്ഡലുവിലിട്ടു നദിക്കരയിലെത്തുമ്പോള്‍ മീനിനെ നദിയില്‍ ഒഴുക്കിവിടാമെന്നു കരുതി അയാള്‍ നടന്നു. കൃഷ്ണനും അര്‍ജ്ജുനനും അല്‍പ്പംമാറി ആ ബ്രാഹ്മണനെ പിന്തുടര്‍ന്നു.

നദിക്കരയിലെത്തിയ ബ്രാഹ്മണന്‍ തന്റെ കമണ്ഡലുവില്‍നിന്നു സ്വര്‍ണമത്സ്യത്തെയെടുത്ത് നദിയിലേയ്ക്കൊഴുക്കിവിട്ടിട്ട് കമണ്ഡലുവിലെ ജലം മാറ്റാമെന്നുകരുതി നോക്കിയപ്പോള്‍ അതിനകത്തൊരു രത്നം കിടക്കുന്നതുകണ്ടു. ബ്രാഹ്മണന്റെ നഷ്ടപ്പെട്ടുപോയ അതേ രത്നമായിരുന്നത്. തന്റെ ഭാര്യയുടെ കൈയില്‍നിന്നു നദിയില്‍പ്പോയ അതേ രത്നം അവിചാരിതമായി തന്റെ കൈയിലെത്തിച്ചേര്‍ന്നതിലുള്ള സന്തോഷത്തില്‍ ബ്രാഹ്മണന്‍ കിട്ടിപ്പോയി കിട്ടിപ്പോയി എന്നാര്‍ത്തുവിളിച്ചു. ബ്രാഹ്മണന്റെ സ്വര്‍ണമോതിരം കൊള്ളയടിച്ചുകൊണ്ടുപോയ കള്ളന്‍ ആ നദിക്കരയിലൊരിടത്ത് ഒളിച്ചുതാമസിക്കുകയായിരുന്നു. ബ്രാഹ്മണന്‍ കിട്ടിപ്പോയേ എന്നാര്‍ത്തുവിളിക്കുന്നതുകേട്ട കള്ളന് തന്നെ ബ്രാഹ്മണന്‍ കണ്ടുകഴിഞ്ഞതുകൊണ്ടാണ് ആര്‍ത്തുവിളിക്കുന്നതെന്നും ആളുകള്‍കൂടി പിടികൂടിയാല്‍ രാജാവുതന്റെ‍ തലവെട്ടുമെന്നും വിചാരിച്ചുഭയന്ന കള്ളന്‍ ഒളിച്ചിരുന്നിടത്തുനിന്നുമെഴുന്നേറ്റുചെന്ന്‍ ബ്രാഹ്മണനോട് മാപ്പിരക്കുകയും താന്‍ കൊള്ളയടിച്ച സ്വര്‍ണ്ണമോതിരവും ഒപ്പം മറ്റുചില വിലപിടിപ്പുള്ള സാധനങ്ങളുംകൂടി നല്‍കിയശേഷം അവിടെനിന്നു ഓടിപ്പോയി. അവിചാരിതമായി തന്നെ ഭാഗ്യം അനുഗ്രഹിക്കുന്നതുകണ്ട ബ്രാഹ്മണന്‍ സന്തോഷവാനായി വീട്ടിലേയ്ക്കുമടങ്ങി.

കൊട്ടാരത്തിലേയ്ക്കു തിരിച്ചുനടക്കവേ അര്‍ജ്ജുനന്‍ ഈ സംഭവങ്ങള്‍ ആലോചിച്ചു അത്ഭുതപ്പെടുകയും എന്തുകൊണ്ടാണ് ഇങ്ങനെ നടന്നതെന്ന്‍ കൃഷ്ണനോട് ചോദിക്കുകയും ചെയ്തു.

"അല്ലയോ അര്‍ജ്ജുനാ താങ്കള്‍ ആ ബ്രാഹ്മണന്‍ ആദ്യം വിലപിടിപ്പുള്ള സ്വര്‍ണ്ണമോതിരവും രത്നവുമൊക്കെ സമ്മാനിച്ചപ്പോള്‍ അയാളുടെ മനസ്സില്‍ ആകെയുണ്ടായ ചിന്ത ഭാവിജീവിതത്തിലെ സുഖലോലുപത മാത്രമായിരുന്നു. അത്തരക്കാരെ നിര്‍ഭാഗ്യം വേട്ടയാടുക സ്വാഭാവികം മാത്രമാണ്. എന്നാല്‍ തന്റെ കൈയില്‍ക്കിട്ടിയ രണ്ട് നാണയത്തുട്ടുകള്‍കൊണ്ട് ഒരു ചെറുജീവിയുടെ ജീവന്‍ രക്ഷിക്കണമെന്ന ചിന്തയും ദയയും അയാളിലുണ്ടാവുകയും അയാള്‍ ഒരു ഉത്തമമനുഷ്യനാവുകയും ചെയ്യുകയായിരുന്നു. മനസ്സില്‍ നന്മയും ദയയുമുള്ളവര്‍ക്കുമുന്നില്‍ ഭാഗ്യദേവത വരാന്‍ മടികാണിയ്ക്കുകയില്ല. എപ്പോഴാണോ ഒരാള്‍ അന്യരുടെ ദുഖത്തെപ്പറ്റി ചിന്തിച്ചുവിഷമിക്കുകയും അവര്‍ക്ക് തന്നാല്‍ക്കഴിയുന്ന നന്മ ചെയ്യാന്‍ മുതിരുകയും ചെയ്യുമ്പോള്‍ അവര്‍ക്കുമുന്നില്‍ വാതിലുകള്‍ തുറക്കപ്പെടും. അന്യരുടെ ദു:ഖത്തിൽ പങ്കുചേര്‍ന്ന്‍ അവര്‍ക്ക് നന്മയുണ്ടാകണമെന്നാഗ്രഹിക്കുന്ന ജീവന്റെകൂടെ ഭഗവാൻ എന്നുമുണ്ടായിരിക്കും"

കൃഷ്ണന്റെ വാക്കുകള്‍ കേട്ട് അര്‍ജ്ജുനന്‍ സന്തുഷ്ടനായി നടത്തം തുടര്‍ന്നു.

ഈ കഥ കടം കൊണ്ടിരിക്കുന്നത് വായിച്ചിട്ടുള്ള പുരാണകഥകളില്‍നിന്നാണ്

ശ്രീ

Saturday, January 4, 2020

ഞാന്‍ സുയോധനന്‍

ഞാന്‍ സുയോധനന്‍ മഹാഭാരതം ഒരു സമുദ്രമാണ്. അതില്‍നിന്നു മുത്തും പവിഴങ്ങളും മുങ്ങിയെടുക്കുക അത്ര എളുപ്പമല്ല. എത്രയെത്ര മഹാരഥന്മാരായ കഥാപാത്രങ്ങള്‍. നായകന്മാര്‍, വില്ലന്മാര്‍. അവരില്‍ നിന്നു ഏറ്റവും പ്രീയപ്പെട്ട, ഇഷ്ടപ്പെട്ട ഒരു കഥാപാത്രത്തെത്തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ശരിക്കും ബുദ്ധിമുട്ടിപ്പോകും. അത്രമാത്രം കഥാപാത്രങ്ങളാല്‍ സമ്പന്നമാണ് മഹാഭാരതം. സൂക്ഷ്മമായ പഠനം നടത്തിയാല്‍ മാഹാഭാരതത്തിലെ പല തിളക്കമാര്‍ന്ന നായകകഥാപാത്രങ്ങളും ഒന്നാന്തരം വില്ലന്മാരായിത്തീരുന്നതു മനസ്സിലാക്കാനാവും. വില്ലന്‍ വേഷം ചാര്‍ത്തപ്പെട്ട പലരും നായകരുമാകും. പുരാണങ്ങളായാലും ഇതിഹാസങ്ങളായാലും മിത്തുകളായാലും എന്തിനു ചരിത്രമായാലും ശരി വിജയിയായവന്റെ മാത്രം അപദാനങ്ങള്‍ വാഴ്ത്തിപ്പാടുന്നൊരു കള്ളത്തരമാണത്. എനിക്ക് മഹാഭാരതത്തില്‍ ഇഷ്ടമായ കഥാപാത്രങ്ങളിലൊന്നാണ് ദുര്യോധനന്‍ എന്നറിയപ്പെടാനിടയായിപ്പോയ സുയോധനന്‍. മഹാഭാരതത്തില്‍ എല്ലാവരും ഏറ്റവും വെറുപ്പോടുകൂടി നോക്കിക്കാണുന്ന ഒരു കഥാപാത്രമാണ് ദുര്യോധനന്‍. താനും തന്റെ സര്‍വ്വ സഹോദരങ്ങളും ബന്ധുമിത്രാദികളും ഒപ്പം അഞ്ചോളം തലമുറയിലെ സര്‍വ്വരും കൊല്ലപ്പെടാനിടയാക്കിയ കുരുക്ഷേത്രയുദ്ധം ദുര്യോധനന്റെ കൊള്ളരുതായ്മകള്‍ കൊണ്ടുണ്ടായതാണെന്നാണ് പറച്ചില്‍. സത്യത്തില്‍ അതില്‍ എത്രത്തോളം സത്യമുണ്ട്? മഹാഭാരതമഹായുദ്ധം ഉണ്ടായത് ദുര്യോധനന്റെ പിടിവാശിമൂലം മാത്രമായിരുന്നുവോ? എന്തായിരുന്നു ദുര്യോധനന്‍ ഇത്രയേറെ വെറുക്കപ്പെടാനുള്ള കാരണം? കുരുക്ഷേത്രയുദ്ധവും അതിനിടയാക്കിയ കാരണങ്ങളും അല്‍പ്പം മാറിനിന്നു നോക്കിക്കണ്ടാല്‍ ന്യായം ആരുടെ പക്ഷത്താകുമെന്ന്‍ മനസ്സിലാക്കാം. 21 തലമുറകള്‍ക്കുമുന്നേ കൈമോശം വന്നുപോയ രാജ്യാവകാശം സ്വന്തം കുലത്തിന്റെ കൈകളിലേയ്ക്കെത്തുവാന്‍ അണിയറയില്‍ ഒരുങ്ങിയ ഒന്നാന്തരമൊരു ആസൂത്രണത്തിന്റെ ബാക്കിപത്രമായിരുന്നു കുരുക്ഷേത്രയുദ്ധം. കൌര‍വരും പാണ്ഡവരും മാത്രം രംഗത്തുള്ളപ്പോള്‍ നിലവിലെ സാഹചര്യത്തില്‍ ഭാരതവംശത്തിന്റെ അവകാശി ന്യായപ്രകാരം ദുര്യോധനനു മാത്രമവകാശപ്പെട്ടതായിരുന്നു. കുരുവംശപിന്തുടര്‍ച്ചയില്‍ മൂത്തപുത്രനായിരുന്ന ധൃതരാഷ്ട്രര്‍ അന്ധനായിപ്പോയതുമൂലമാണു അനുജനായ പാണ്ഡു ഭരണാധികാരം കൈയാളിയത്. പാണ്ഡവകുലത്തിലെ അഞ്ചുപേരും പാണ്ഡുവിനു ജനിച്ച പുത്രരുമല്ല. അങ്ങനെയുള്ളപ്പോള്‍ അവര്‍ക്കെങ്ങനെയാണ് രാജ്യഭരണത്തില്‍ അവകാശമുന്നയിക്കുവാന്‍ കഴിയുക. കുട്ടിക്കാലത്തേ ഭീഷ്മര്‍ക്കും ദ്രോണര്‍ക്കും മറ്റുമൊക്കെയുള്ള അമിത പാണ്ഡവപക്ഷപാദിത്വം ദുര്യോധനനെ വെകിളിപിടിപ്പിച്ചിരിക്കാം. മാത്രമല്ല കുട്ടിക്കാലത്തേ ഭീമസേനനോട് മത്സരബുദ്ധിയോടെ എതിരിടുമ്പോള്‍ നേരിട്ട പരാജയങ്ങളും കൊടിയ മര്‍ദ്ധനങ്ങളും ദുര്യോധനനെ പകയുള്ളവനാക്കിത്തീര്‍ത്തിരിക്കാം. അതുകൊണ്ടു ദുര്യോധനന്‍ അവരെ ദ്രോഹിക്കാനും ശ്രമിച്ചിരിക്കാം.സത്യത്തില്‍ രാജ്യഭരണം നിലനിര്‍ത്തുവാനും സ്വന്തമാക്കിവയ്ക്കുവാനും ദുര്യോധനന്‍ കാട്ടിയത് ശരിതന്നെയായിരുന്നു. സ്വന്തം രാജ്യം കാത്തുസൂക്ഷിക്കുക എന്ന കടമ മാത്രമല്ലേ രാജാവെന്ന നിലയില്‍ ദുര്യോധനന്‍ കാട്ടിയത്. സകലയിടത്തുനിന്നും അപമാനവും തോല്‍വിയുമായിരുന്നു ദുര്യോധനനു വിധിക്കപ്പെട്ടിരുന്നത്. ദുര്യോധനന്റെ അഭ്യർത്ഥനയിൽ പാണ്ഡവനായ സഹദേവൻ കുറിച്ചുകൊടുത്ത കാർത്തികമാസത്തിലെ വെളുത്ത ത്രയോദശി നാളിലാണ് കുരുക്ഷേത്രയുദ്ധം തുടങ്ങിയത്. ദുര്യോധനൻ തനിക്കു ഉത്തമമായിവരുന്ന സമയം പാണ്ഡുപുത്രനായ സഹദേവന്റെ സഹായത്താൽ ഗ്രഹനില നോക്കിക്കണ്ട് ആ ദിവസം യുദ്ധം തുടങ്ങാൻ തിരഞ്ഞെടുക്കുകയായിരുന്നുവെങ്കിലും ദുര്യോധനൻ യുദ്ധത്തിൽ പരാജയപ്പെട്ടുവെന്നുള്ളത് വൈചിത്ര്യമായൊരു സംഗതിയായിരുന്നു.പതിനൊന്ന്‍ അക്ഷൌഹിണിപ്പടകളും ഭീക്ഷ്മരും ദ്രോണരും ഉള്‍പ്പെടെയുള്ള മഹാരഥന്മാരുമുണ്ടായിരുന്നിട്ടും ദുര്യോധനനു തോല്‍ക്കാനായിരുന്നു വിധി. പാണ്ഡവപക്ഷപാതിത്വംമൂലം ഭീക്ഷ്മരോ ദ്രോണരോ ഒന്നും കടുത്ത ആയുധപ്രയോഗങ്ങള്‍ നടത്തുകയോ പാണ്ഡവരാല്‍ മരണം വരിക്കുവാന്‍ സ്വയം സന്നദ്ധരാകുകയോ വഴി മനഃപ്പൂര്‍വ്വം ദുര്യോധനനെ തോല്‍പ്പിക്കുകയായിരുന്നു. ആയുധമെടുക്കാതെ നിക്ഷ്പക്ഷനായി നില്‍ക്കുമെന്ന്‍ പറഞ്ഞ കൃഷ്ണന്‍ തന്നെ മറ്റുരീതിയില്‍ പലയാവര്‍ത്തി കൌരവപക്ഷത്തെ ചതിച്ചു. ധര്‍മ്മ പക്ഷത്തുള്ളവര്‍ എന്നു പാടിപ്പുകഴ്ത്തുന്ന പാണ്ഡവപക്ഷം കുരുക്ഷേത്രത്തില്‍ ജേതാക്കളായത് അധര്‍മ്മങ്ങളുടെ ഘോഷയാത്രകളോടെയായിരുന്നു. എന്തിനേറേപ്പറയുന്നു ഗദായുദ്ധത്തില്‍ അരയ്ക്കുതാഴെ പ്രഹരിക്കുവാന്‍ പാടില്ലയെന്ന യുദ്ധതന്ത്രം മറന്ന്‍ ഭീമസേനന്‍ കൃഷ്ണന്റെ സൂചന കിട്ടിയതനുസരിച്ച് ദുര്യോധനന്റെ തുടയെല്ലടിച്ചുതകര്‍ത്താണ് അയാളെ വീഴ്ത്തുന്നത്. സകലരും അയാളെ തോല്‍പ്പിക്കുവാന്‍ മത്സരിക്കുകയായിരുന്നു. ഭാരതയുദ്ധം നടന്ന പതിനെട്ട് ദിനവും മുടങ്ങാതെ ദുര്യോധനന്‍ മാതാവായ ഗാന്ധാരിയുടെ അനുഗ്രഹം തേടി ചെല്ലുമായിരുന്നു. എന്നാല്‍ മകന് വിജയാശംസകള്‍ നല്‍കുവാന്‍ ആ അമ്മയും തുനിഞ്ഞിരുന്നില്ല.ഒരു മനുഷ്യന്‍ എന്ന നിലയില്‍ ചപലതകള്‍ പലതും ദുര്യോധനനുണ്ടായിരുന്നിരിക്കാം. എന്നാല്‍ സ്വന്തം രാജ്യവും അധികാരവും നിലനിര്‍ത്താന്‍ പരാമാവധി ശ്രമിക്കുകയും അതില്‍ പരാജയമടഞ്ഞ് യുദ്ധക്കളത്തില്‍ ധീരയോദ്ധാവായി യുദ്ധം ചെയ്ത് ചതിപ്രയോഗത്താല്‍ മരിച്ചുവീണ രാജപ്രമുഖനായിരുന്നു ദുര്യോധനന്‍. അതുകൊണ്ടുതന്നെ ഞാന്‍ ദുര്യോധനനെ ഇഷ്ടപ്പെടുന്നു ഞാന്‍ സുയോധനന്‍ സുയോധനന്‍ എന്ന പേരുണ്ടായിരുന്നിട്ടും ദുര്യോധനനെന്നറിയപ്പെടാന്‍ വിധിക്കപ്പെട്ടുപോയവന്‍. കുരുവംശത്തിന്റെ നിലവിലെ യഥാര്‍ത്ഥ രാജ്യാവകാശി. എനിക്ക് മാത്രമവകാശപ്പെട്ട രാജ്യം മറ്റുള്ളവര്‍ക്ക് പകുത്തു നല്‍കാന്‍ തയ്യാറാവാത്തതിനാല്‍ സര്‍വ്വരാലും വെറുക്കപ്പെട്ടുപോയവന്‍. ഭീക്ഷ്മപിതാമഹനും കര്‍ണ്ണനും ദ്രോണരും കൃപരും ശല്യരും പിന്നെ പതിനൊന്ന്‍ അക്ഷൌഹിണിപ്പടയുമുണ്ടായിട്ടും അടര്‍ക്കളത്തില്‍ തോറ്റുപോയവന്‍. യുദ്ധമര്യാദ അല്‍പ്പവും പാലിക്കാതെ ചതിയനായ ഭീമന്റെ ഗദാതാഡനത്താല്‍‍ തുടയെല്ല് തകര്‍ന്ന് വീഴ്ത്തപ്പെട്ടവന്‍. സ്വന്തം മാതാപിതാക്കള്‍പോലും സനേഹത്തോടെയും ഇഷ്ടത്തോടെയും നോ‍ക്കിക്കാണാത്തതില്‍ എപ്പോഴും ഖിന്നനായിരുന്നവന്‍. യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ പോകുന്ന സ്വന്തം മകന് വിജയമാശംസിക്കുവാന്‍പോലും തയ്യാറാവാത്ത അമ്മ മനസ്സിന്റെ കാഠിന്യം കണ്ട് മനസ്സുതകര്‍ന്നുപോയവന്‍. ഞാന്‍ തോറ്റുപോയില്ലെങ്കിലേയുള്ളൂ അത്ഭുതം. നിരവധി തലമുറകള്‍ക്കുമുന്നേ നഷ്ടമായിപ്പോയ ഭാരതരാജ്യാവകാശം സ്വന്തംകുലത്തിന്റെ കൈകളിലെത്തിക്കുവാന്‍ അവതാരപുരുഷന്‍ അതിസമര്‍ത്ഥമായി കരുക്കള്‍ നീക്കിയപ്പോള്‍ വെറും നിസ്സാരനായ ഞാന്‍ തോല്‍ക്കാതിരിക്കുന്നതെങ്ങിനെ? ധര്‍മ്മയുദ്ധമെന്ന്‍ സര്‍വ്വരും പുകഴ്ത്തിയ ഭാരതയുദ്ധത്തില്‍ ചതിയില്‍ വീഴത്തപ്പെട്ട് ഈ സ്യമന്തപഞ്ചകതീരത്ത് ഞാന്‍ മരണം കാത്തുകിടക്കവേ ഇപ്പോഴുമെനിക്കറിയില്ല ഞാന്‍ ചെയ്ത തെറ്റെന്തായിരുന്നുവെന്ന്‍? എന്റെ രാജ്യം ചിതറിത്തെറിച്ചു പലര്‍ക്കായി പകുത്തുപോകാതെ സംരക്ഷിക്കുവാന്‍ വെമ്പല്‍ കൊണ്ടതായിരുന്നോ ഞാന്‍ ചെയ്ത തെറ്റ്? എനിക്കറിയില്ല. ഞാന്‍ വെറുക്കപ്പെട്ടവനായിരുന്നല്ലോ എല്ലാവര്‍ക്കും അതങ്ങിനെ തന്നെയിരിക്കട്ടേ ധര്‍മ്മം അധര്‍മ്മം എന്നൊക്കെ പറഞ്ഞ് വാഴ്ത്തിപ്പാടുന്നവര്‍ പരിഹാസ്യകഥാപാത്രങ്ങളാകുമെന്നെങ്കിലും. ഞാന്‍ ക്ഷീണിതനായിരിക്കുന്നു. ശാശ്വതമയക്കത്തിലേയ്ക്ക് വീഴുവാന്‍ പോകുന്നു ഇനി ഞാനുറങ്ങട്ടെ.... ശ്രീ