Tuesday, February 4, 2020

ചില ഈശ്വരന്മാരുടെ പിണക്കം

ടിപ്പുവിന്റെ പടയോട്ടകാലത്ത് ഗുരുവായൂരപ്പന്റെ വിഗ്രഹം കുറച്ചുകാലത്തേയ്ക്ക് ഗുരുവായൂരില്‍നിന്നുമെടുത്തുമാറ്റി അമ്പലപ്പുഴെ പ്രതിഷ്ഠിക്കുകയുണ്ടായി. ഗുരുവായൂരപ്പനും അമ്പലപ്പുഴകൃഷ്നനും ഒരേ ദൈവീകാംശമായിരുന്നാലും ഇരുവരും തമ്മിള്‍ അക്കാലയളവില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയുണ്ടായി. ഗുരുവായൂരപ്പനു സമര്‍പ്പിക്കാനായി വച്ചുണ്ടാക്കുന്ന സദ്യകള്‍ക്കുള്ള കറികളില്‍ ക്ലാവുചുവ അസഹ്യമായിത്തീര്‍ന്നു. ആര്‍ക്കുംതന്നെ അതുപയോഗിക്കാന്‍ വയ്യാത്തവിധത്തില്‍ ചെമ്പുപാത്രങ്ങളില്‍ നിന്നുള്ള ക്ലാവ് കറികളിലും മറ്റും പിടിപ്പിച്ചത് അമ്പലപ്പുഴ സ്വാമിയുടെ കുസൃതികൊണ്ടായിരുന്നു. ഇതിനുപകരമായി ഗുരുവായൂരപ്പനും വെറുതേയിരുന്നില്ല. പ്ര‍സിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസത്തിലും മറ്റു നിവേദ്യങ്ങളിലുമെല്ലാം സ്ഥിരമായി അട്ടയും പല്ലിയുമൊക്കെ വീണ് അവ നേദ്യത്തിനുപയോഗിക്കാന്‍ കഴിയാത്ത വിധത്തിലാക്കിത്തീര്‍ത്തു ഗുരുവായൂരപ്പനും അമ്പലപ്പുഴകൃഷ്ണനും തമ്മിലുള്ള സ്പര്‍ദ്ധ വര്‍ദ്ധിച്ചുതുടങ്ങിയതോടെ ഗത്യന്തരമില്ലാതെ ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ ഇളക്കിയെടുത്ത് മാവേലിക്കരക്കൊണ്ടുപോയി സ്ഥാപിക്കേണ്ടിവന്നു. വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തമ്മിലും പിണക്കമുണ്ടായിട്ടുണ്ട്. രാമവര്‍മ്മ മഹാരാജാവ് വൈക്കത്തപ്പനു വഴിപാടായി സമര്‍പ്പിക്കണമെന്നുദ്ദേശിച്ച് ഏഴുവലുതും ഒരു ചെറുതുമായ ആനകളെപ്പണിയിച്ച് അവയെ പൊന്നുകൊണ്ട് പൊതിഞ്ഞ് വൈക്കത്തേയ്ക്കയച്ചു.ഏഴരപ്പൊന്നാനകളുമായിപ്പുറപ്പെട്ട കൂട്ടര്‍ പകല്‍ അവസാനിക്കാറായപ്പോള്‍ ഏറ്റുമാനൂരെത്തിച്ചേരുകയും ആനകളെ പടിഞ്ഞാറേഗോപുരനടയ്ക്കരികില് ഇറക്കിവച്ച് കുളിയ്ക്കാനും ഭക്ഷണമൊക്കെ കഴിക്കുവാനുമായിപ്പോയി.‍അവര്‍ വിശ്രമമൊക്കെക്കഴിഞ്ഞ് ആനകളെ എടുത്തുകൊണ്ടുപോകാമെന്നുകരുതിയപ്പോള്‍ എല്ലാ ആനകളുടെ കഴുത്തിലും ഓരോ നാഗങ്ങള്‍ ചുറ്റിപ്പിണഞ്ഞുകിടക്കുന്നതുകാണുകയുണ്ടായി. പിന്നീട് പ്രശ്നമൊക്കെ വയ്പ്പിച്ചുനോക്കിയപ്പോള്‍ ആ ആനകളെ തനിക്കു വേണമെന്നുറപ്പിച്ചുകൊണ്ട് ഏറ്റുമാനൂരപ്പനാണ് നാഗങ്ങളെ അയച്ചതെന്നുമനസ്സിലായി. രാമവര്‍മ്മരാജാവിന് അന്നു ഒരു സ്വപ്നദര്‍ശനമുണ്ടാവുകയും അതിന്‍പടി ആ ഏഴരപ്പൊന്നാനകളെ ഏറ്റുമാനൂരപ്പനു വഴിപാടായി നല്‍കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു. പിന്നീട് വീണ്ടും ഏഴരപ്പൊന്നാനകളെയുണ്ടാക്കി വൈക്കത്തപ്പനു സമര്‍പ്പിക്കാന്‍ രാജാവ് ശ്രമിച്ചെങ്കിലും തനിക്കിനി പൊന്നാനകളെവേണ്ടാ മറിച്ചൊരു സഹസ്രകലശം നടത്തിയാല്‍ മതിയെന്നു വൈക്കത്തപ്പന്‍ രാജാവിനു സ്വപ്നദര്‍ശനം നല്‍കിയതുമൂലം രാജാവ് ഗംഭീരമായൊരു സഹസ്രകലശം നടത്തുകയുണ്ടായി. ഏഴരപ്പൊന്നാനകളുടെ പേരില്‍ ഇന്നും വൈക്കത്തപ്പനും ഏറ്റുമാനൂരപ്പനും തമ്മില്‍പ്പിണക്കമാണെന്ന്‍ ആളുകള്‍ വിശ്വസിക്കുന്നുണ്ട്. പൊതുവേ വൈക്കത്തഷ്ടമികാണാന്‍ ഏറ്റുമാനൂര്‍ ദേശക്കാര്‍ പോകാറുമില്ല. ആറമ്മുളയപ്പനും ശബരിമല ശാസ്താവും തമ്മിലും ചില രസക്കേടുകളുണ്ട്. ഒരിക്കല്‍ ആറമ്മുളദേശക്കാരായ ചിലര്‍ മാലയിട്ടു ശബരിമലയിലേയ്ക്ക് പോയപ്പോള്‍ അവര്‍ ഉച്ചത്തില്‍ ശരണം വിളിച്ചത് ആറമ്മുളയപ്പനേ ശരണമെന്നായിരുന്നു. ശബരിമലയ്ക്കടുത്തെത്താറായപ്പോള്‍ വനത്തിനുള്ളില്‍നിന്നും കടുവകള്‍ വാപിളര്‍ത്തിക്കൊണ്ട് ആറമ്മുള ദേശക്കാരുടെ നേരേ പാഞ്ഞുവന്നു. ഭയചകിതരായ അവര്‍ ആറമ്മുള സ്വാമിയേ രക്ഷിക്കണേ എന്നുറക്കെ വിളിക്കുകയും ഈ സമയം എങ്ങുനിന്നോ ചില അമ്പുകള്‍വന്ന്‍ കടുവകളുടെ വായില്‍ത്തറയ്ക്കുകയും ഉടനേ കടുവകള്‍ വനത്തിനുള്ളിലേയ്ക്ക് ഓടിപ്പോകുകയും ചെയ്തു. ഈ സമയം ആറമ്മുളദേശക്കാര്‍ എന്റെ നടയില്‍ വരേണ്ടതില്ല എന്നൊരശരീരി ഉയര്‍ന്നു. അതോടെ ആറമ്മുളക്കാര്‍ മടങ്ങിപ്പോയി. ഇന്നും ആറമ്മുളയപ്പനും ശബരിമലശാസ്താവും പിണക്കത്തിലാണെന്നാണ് ആറമ്മുളക്കാരുടെ വിശ്വാസം. മനുഷ്യസങ്കല്‍പ്പങ്ങളാവാമീക്കഥകളെങ്കിലും ഇവ മുന്നോട്ടുവയ്ക്കുന്ന ഒരു സംഗതിയുണ്ട്. സകലചരാചരങ്ങളേയും ഏകസമഭാവേന കാണണമെന്നുദ്ഘോഷിക്കുന്ന, എല്ലാ ജീവജാലങ്ങളുടേയും സൃഷ്ടികര്‍ത്താക്കാള്‍ കൂടിയായ ദൈവങ്ങള്‍ക്കു തമ്മില്‍പ്പോലും പിണക്കവും അസൂയയും കോപവുമൊക്കെയുണ്ടാകുമെങ്കില്‍ ആ ദൈവങ്ങളുടെ വെറുമൊരു സൃഷ്ടിയാ​‍യ മനുഷ്യര്‍ പരസ്പ്പരം പോരടിക്കുന്നതിലും പിണങ്ങുന്നതിലും വൈരാഗ്യം വച്ചുപുലര്‍ത്തുന്നതിലും അത്ഭുതമെന്തെങ്കിലുമുണ്ടോ? പരസ്പ്പരം സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചുതീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മനസ്സില്‍നിന്നുമാദ്യമൊഴിവാക്കേണ്ട ഭാവം കോപമെന്ന വികാരമാണ്. കോപമുള്ളിടത്ത് സ്നേഹം വിടരുകയില്ല. സമാധാനവുമുണ്ടാകുകയില്ല. ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍നിന്നു കടം കൊണ്ടതാണീക്കഥ.