Sunday, July 12, 2015

എന്റെ മഞ്ചാടിക്കുരുക്കള്‍

ജീവിതത്തിന്റെ ഏറ്റവും മധുരമൂറുന്ന കാലഘട്ടങ്ങളിലൊന്നായ കോളേജു കാലഘട്ടം. പ്രസിദ്ധമായ ശിവഗിരിക്കുന്നുകളില്‍ സ്ഥിതിചെയ്യുന്ന ശ്രീനാരായണ കോളേജിലായിരുന്നു പ്രീഡിഗ്രിക്ക് ഞാന്‍ ചേര്‍ന്നത്. തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ വളരെ നല്ല സ്ഥലസൌകര്യങ്ങളോടു കൂടി സ്ഥിതി ചെയ്യുന്ന കോളേജാണിത്. 1993-95 കാലഘട്ടം. ആറ്റിങ്ങള്‍ ഗവണ്മെന്റ് കോളേജ് ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ ഞാന്‍ ശിവഗിരിക്കോളേജിലാണ് ചേര്‍ന്നത്. കോളേജില്‍ ജോയിന്‍ ചെയ്ത ആദ്യ ദിവസം ഇന്നും മിഴിവാര്‍ന്ന്‍ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. രാവിലെ കൃത്യസമയത്ത് തന്നെ കോളേജിലെത്തി. അന്നേവരെ പരിചയിച്ച സ്കൂളിന്റേതായ ഒരു അന്തരീക്ഷത്തില്‍ നിന്നും തികച്ചും വിഭിന്നമായ മറ്റൊരന്തരീക്ഷമാണ് കോളേജുകളിലുള്ളതെന്ന ഒരു ധാരണ മനസിലുണ്ടായിരുന്നു. എന്റെ ഗ്രാമത്തില്‍ തന്നെയുള്ള എന്നെക്കാളും ഒരു കൊല്ലം സീനിയറായ ശ്രീമാന്‍ സജീവ് കോളേജിനെ കുറിച്ചും അവിടത്തെ ദിനചര്യകളെക്കുറിച്ചുമെല്ലാം അതിഗംഭീരന്‍ ദൃക്സാക്ഷി വിവരണങ്ങള്‍ നല്‍കുന്നത് ഞാനുള്‍പ്പെടെ നല്ലൊരു കൂട്ടം ശ്രോതാക്കള്‍ തോടിനുകുറുകേയുള്ള സിമന്റ് സ്ലാബിലിരുന്ന്‍ എത്രയോ ആവര്‍ത്തി സാകൂതം കേട്ടിരിക്കുന്നു. പലതും പട്ടാളക്കാരുടെ വീരയുദ്ധവിവരണങ്ങള്‍ പോലെ വന്‍ ബഡായികള്‍ ആണെന്നുള്ളത് പിന്നെ കാലം ബോധ്യപ്പെടുത്തിത്തന്നു എന്നത് വേറൊരുകാര്യം. അതൊക്കെ പോട്ടേ നമുക്ക് കാര്യത്തിലേയ്ക്ക് വരാം.

ആറ്റിങ്ങള്‍ കൊല്ലമ്പുഴ മണനാക്ക് കവലയൂര്‍ വഴി കോളേജിന്റെ മുന്നിലൂടെ പോകുന്ന ഹിഷാം ബസ്സിലാണ് കോളേജിന്റെ പടിവാതിക്കല്‍ ആദ്യമിറങ്ങിയത്. ഈ ഭാഗങ്ങളിലൊക്കെയുള്ള എല്ലാ സ്റ്റുഡന്റ്സും അതില്‍ തന്നെയാണ് കോളേജില്‍ പോകുന്നത്. കോളേജിനുമുന്നിലിറങ്ങുമ്പോള്‍ ആവിയില്‍ പകുതി പുഴുങ്ങിയെടുത്ത ഏത്തപ്പഴം പോലെയാകും എന്നത് മറ്റൊരു കാര്യം. അത്ര തിരക്കാണ് ബസ്സില്‍. ഹിഷാമിലെ കണ്ടക്ടര്‍ ഒരു സംഭവമാണ്. പുള്ളിക്കാരന്റെ മൂക്ക് ഒരല്‍പ്പം ചരിഞ്ഞാനിരിക്കുന്നത്. അതുകൊണ്ട് തന്നെ സീനിയര്‍ പിള്ളാര്‍ ആശാനു ഒരു ഔദ്യോഗിക വട്ടപ്പേരങ്ങ് പതിച്ചു നല്‍കി."ചാപ്പാണി". തിരക്കു പിടിച്ച ബസ്സില്‍ ആരെങ്കിലും ആള്‍ക്കൂട്ടത്തില്‍ തല പൂഴ്ത്തി ചാപ്പാണിയെന്നൊന്നു നീട്ടിവിളിയ്ക്കും. പിന്നെ പറയണ്ട. കണ്ടക്ടര്‍ അണ്ണന്‍ നല്ല ഏ സര്‍ട്ടിഫിക്കറ്റ് സുഭാഷിതം അങ്ങാരംഭിക്കും. ആണും പെണ്ണും നില്‍ക്കുന്നെന്നൊന്നും ആശാന്‍ നോക്കില്ല. ഈ പൊത്തബസ്സില്‍ പോകുന്നതിനേക്കാളും നടന്നുപോകുന്നതാണ് നല്ലതെന്ന്‍ രണ്ട് സഹൃദയര്‍ അല്‍പ്പം ഉച്ചത്തില്‍ ആത്മഗതം ചെയ്തതിനു അവന്മാരെ നിര്‍ബന്ധിച്ച് ബസ്സില്‍ നിന്നും ഇറക്കിവിട്ട പാരമ്പര്യവും അങ്ങേര്‍ക്കുണ്ട്. അയാളുടെ വീരവാദങ്ങള്‍ പറഞ്ഞോണ്ടിരുന്നാല്‍ നമ്മള്‍ വിഷയത്തില്‍ നിന്നുമകന്നുപോകും. നമുക്ക് നമ്മുടെ ട്രാക്കിലേയ്ക്ക് വരാം.


എന്റര്‍ ദ റെഡ്ഫോര്‍ട്ട് ഓഫ് എസ് എഫ് ഐ എന്ന്‍ വലിയ അക്ഷരത്തില്‍ ഗേറ്റിനുമുകളിലായി വലിച്ചുകെട്ടിയ ബാനറിനുമുന്നില്‍ ഒരു നിമിഷം ഞാന്‍ നിന്നു. കോളേജ് ഭരിക്കുന്നത് കാലങ്ങളായി എസ് എഫ് ഐ ആണെന്ന സത്യം മുമ്പ് സജീവിന്റെ വിവരണങ്ങളില്‍ നിന്നും കിട്ടിയത് മനസ്സിലുണ്ടായിരുന്നു. മിടിക്കുന്ന ഹൃദയത്തൊടെ ഞാന്‍ വലതുകാല്‍ വച്ച് കാമ്പസ്സിനകത്തേയ്ക്ക് കയറി. ഗേറ്റ്  കടന്നാല്‍ വലതുവശത്തായി ഒരു പ്ലാവ് മുത്തശ്ശി തണല്‍ വിരിച്ച് നില്‍പ്പുണ്ട്. ഇടതുവശത്തായി ഉള്ളവഴി കാന്റീനിലേക്ക് കൂടി ഉപയോഗിക്കാം. പലപല വര്‍ണ്ണങ്ങളില്‍ ഡ്രസ്സുകള്‍ അണിഞ്ഞ് മെല്ലെ ഒഴുകുന്ന ലലനാമണികള്‍ക്കും പൊടിമീശക്കാര്‍ക്കുമൊപ്പം ഞാനും അത്ഭുതപരതന്ത്രനെപ്പോലെ മെല്ലെ നടന്നു. കരിങ്കല്‍ കെട്ടി പാര്‍ക്ക് പോലെ തിരിച്ചിരിക്കുന്നയിടത്ത് പല അണ്ണന്മാരും നിരന്നിരിപ്പുണ്ട്. പലരും നവാഗത സുന്ദരിമാരെ എക്സ്റേ സ്കാനിംഗ് നടത്തിക്കൊണ്ടിരിപ്പാണ്. പെട്ടന്ന്‍ കരിങ്കല്‍ക്കെട്ടിലിരുന്ന ഒരു സീനിയര്‍ അണ്ണന്‍ കുതിച്ചെഴുന്നേറ്റ് വരുന്നതുകണ്ട് ഞാന്‍ തറഞ്ഞു നിന്നു. എന്റെ ഒരു അഞ്ചാറുവാര മുന്നിലായ് പെട്ടന്ന്‍ ഒരു ദ്വന്ദയുദ്ധമാരംഭിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്ന്‍ കാണുന്ന ഫസ്റ്റ് ലൈവ് അടി. വിറച്ചുതുള്ളിക്കൊണ്ടാണ് ക്ലാസ്സില്‍ ചെന്നിരുന്നത്. ക്ലാസ്സ് തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്നെ സീനിയര്‍ അണ്ണന്മാര്‍ ക്ലാസ്സിലേക്ക് വന്നു. പിന്നെ പരിചയപ്പെടല്‍. അതൊക്കെ കഴിഞ്ഞു ക്ലാസ്സു വിട്ടു. സമരമോ മറ്റോ ആണ്.
ക്ലാസ്സില്‍ നിന്നും ഇറങ്ങി പുറത്തേയ്ക്ക് നടക്കവേ വീണ്ടും രണ്ടിടത്ത് കൂടി അടി നടക്കുന്നത് കാണാനിടയായി. എങ്ങിനെയെങ്കിലും വീടെത്തിയാല്‍ മതിയെന്നായി. ഗേറ്റു കടന്ന്‍ ബസ്റ്റോപ്പിനു മുന്നില്‍ നില്‍ക്കവേ ആകെ പരവേശനായിരുന്നു. ഈ സമയം ക്യാന്റീനു മുന്നില്‍ കൊടികെട്ടിക്കൊണ്ടു നിന്ന അണ്ണനെ അഞ്ചെട്ടു പയ്യന്മാര്‍ ചേര്‍ന്ന്‍ പൊതിരെ അടിക്കുന്നതു കണ്ടു. പിന്നെ ഒരുനിമിഷം കളഞ്ഞില്ല. ശരവേഗത്തില്‍ റോഡേ നടക്കാനാരംഭിച്ചു. പാലച്ചിറവന്ന്‍ ആദ്യം കിട്ടിയ ബസ്സില്‍ കയറി ആറ്റിങ്ങലില്‍ ഇറങ്ങി അവിടെ നിന്നും വീട്ടിലേയ്ക്ക്. പിന്നെ നേരേ കട്ടിലിലേയ്ക്ക്. ഒരു ചെറിയ തുള്ളല്‍പ്പനിയോട് കൂടി.

പകച്ചുപോയി എന്റെ ബാല്യം..

വാല്‍: നാലു ദിവസം കഴിഞ്ഞാണ് പിന്നെ കോളേജില്‍ പോയത്. മിക്ക ദിവസവും നല്ല അടിയും സമരവും ഒക്കെയുണ്ടാകും. എസ് എഫ് ഐ സ്വാശ്രയകോളേജ്, വിസി പ്രശ്നം ഇതിലൊക്കെ വന്‍ സമരങ്ങളുമായി നടക്കുന്ന കാലമായിരുന്നു അത്. പിന്നെ പിന്നെ കോളേജില്‍ പോകുന്നതു തന്നെ അടി ഇന്നൊരു കലക്കന്‍ അടി കാണിച്ചുതരണേ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു. കോളേജ് ഇലക്ഷന്‍ നടന്ന്‍ റിസള്‍ട്ട് പ്രഖ്യാപിച്ച സമയം കോളേജ്ജിനകത്ത് വന്‍ യുദ്ധമായിരുന്നു. ബോംബേറുവരെ നടന്നു. പ്രിന്‍സിപ്പാളിന്റെ മുറിയൊക്കെ തല്ലിത്തകര്‍ത്തു. നിരവധി ഫര്‍ണിച്ചറുകള്‍ അകാലചരമമടഞ്ഞു. നിരവധി പേര്‍ക്ക് കാര്യമായ പരിക്കുകളും പറ്റി. കോളേജ് ഒരുമാസത്തില്‍ കൂടുതല്‍ പൂട്ടിയിട്ടു. അന്ന്‍ പോലീസിന്റെ കയ്യില്‍ നിന്നും തല്ലുകിട്ടാതെ രക്ഷപ്പെട്ടത് പൂര്‍വ്വജന്മസുകൃതം എന്നു മാത്രമേ പറയാനാവൂ. കോളേജിനടുത്തുതന്നെയുള്ള ശിവഗിരി മഠത്തില്‍ വച്ച് മിക്കവാറും ദിവസങ്ങളില്‍ വിവാഹങ്ങള്‍ നടക്കാറുണ്ട്. മൂന്നോ നാലോ കല്യാണസദ്യാലയങ്ങളും ഉണ്ടവിടെ. വര്‍ക്കല കോളേജില്‍ പഠിച്ച രണ്ടുകൊല്ലക്കാലത്തിനിടയില്‍ ശിവഗിരിയില്‍ വച്ചുനടന്ന പേരും ഊരുമൊന്നുമറിയാത്ത എത്രയെങ്കിലും സഹോദരിമാരുടെ വിവാഹമംഗളകര്‍മ്മത്തില്‍ പങ്കുകൊണ്ട് സദ്യയുണ്ണുവാന്‍ കഴിഞ്ഞു എന്നത് ഇത്തരുണത്തില്‍ ചാരിതാര്‍ത്ഥ്യത്തൊടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. കോളേജില്‍ പഠിക്കുന്ന ധാരാളം സഹോദരന്മാര്‍ സദ്യയുണ്ണുവാന്‍ കാണുമെന്നും അതുകൊണ്ട് ഒരു പത്തിരുന്നൂറുപേര്‍ക്കുള്ള സദ്യ അധികമായി കരുതണമെന്നും പെണ്ണുവീട്ടുകാരോട് ഉണര്‍ത്തിക്കുന്ന ദീര്‍ഘദര്‍ശികളായ സദ്യാലയം നടത്തിപ്പുകാരെ വിസ്മരിക്കുന്നതെങ്ങിനെ.

കോളേജ് കാലഘട്ടം എത്ര മധുരതരമായിരുന്നു. സമരം, അടിപിടി, സുന്ദരിമാര്‍, കല്യാണസദ്യ, സിനിമകാണല്‍, മരം ചുറ്റിപ്രേമം, ക്ലാസ്സ് കട്ടു ചെയ്ത് സിനിമകാണല്‍...

പത്തുകൊല്ലം കഴിഞ്ഞ് ഞാന്‍ എഴുതുവാനിരിക്കുന്ന "എന്റെ മഞ്ചാടിക്കുരുക്കള്‍" എന്ന ആത്മകഥയിലെ പേജ് നമ്പര്‍ 23 ല്‍ നിന്നും ഒരു ഭാഗം.ഇനി ഈ ഞാന്‍ ആരെന്നത്??

ഈ ലോകജീവിതത്തിന്റെ സമസ്തസുഖസങ്കടങ്ങളുമനുഭവിക്കുവാന്‍ വേണ്ടി തൊള്ളായിരത്തിയെഴുപത്തിയെട്ട് മെയ് മാസം മുപ്പതാം തീയതി ഭൂജാതനായ ഒരു നിസ്സാരന്‍.തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങള്‍ പട്ടണത്തില്‍ നിന്നും ഒരു നാലുകിലോമീറ്റര്‍ പടിഞ്ഞാറുമാറി ഏലാപ്പുറം എന്ന ശാന്തസുന്ദരമായ കൊച്ഛുഗ്രാമത്തിലായിരുന്നു ഈ തിരുവവതാരം. കുറച്ച് വൃത്തികെട്ട ഈഗോ ഭരിക്കുന്ന, പാരമ്പര്യവാദങ്ങളെ പുച്ഛത്തോടെ നോക്കിക്കാണുന്ന, അന്ധവിശ്വാസിയല്ലാത്ത വിശ്വാസിയായ, പലരും അഹങ്കാരി എന്നു ധരിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥജീവിതത്തില്‍ പഞ്ചപാവമായ ഒരു ലോലഹൃദയന്‍. ഇഷ്ടമില്ലാതിരുന്നിട്ടും കഴിഞ്ഞ പത്തുവര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നു. ദുബായില്‍ ആണ് കുറ്റിയടിച്ചിരിക്കുന്നത്. ഒരു കമ്പനിയില്‍ എച്ച് ആര്‍ സെക്ഷനില്‍ കുത്തിമറിയുന്നു. പാട്ടും പുസ്തകങ്ങളും വളരെ പ്രീയങ്കരമാണ്. അല്‍പ്പം ചില എഴുത്തുകുത്തുകള്‍ ഒക്കെയുണ്ട്. ഹരീന്ദ്രം എന്ന പേരില്‍ ഒരു ബ്ലോഗുമെഴുതുന്നുണ്ട്. പിന്നെ ജീവിതത്തിന്റെ സുഖദുഃഖങ്ങളില്‍ പങ്കാളിയാകുവാനും ഒപ്പം ചേര്‍ത്തു നടത്തുവാനുമായി‍ ഏഴുവര്‍ഷം മുന്നേ ഒരു സുന്ദരിയെ ജീവിതത്തിനോട് ചേര്‍ത്തുപിടിച്ചു. ഇടയ്ക്ക് ചിലപ്പോള്‍ മേഘാവൃതമായി മൂടിക്കെട്ടിയും ഇടയ്ക്ക് പെയ്തൊഴിഞ്ഞു തെളിഞ്ഞും ഏഴുവര്‍ഷമായി ഒഴുകുന്ന ദാമ്പത്യവല്ലരിയില്‍ നാലുകൊല്ലം മുന്നേ ഒരു മകന്‍ കൂട്ടായെത്തി. സമസ്തജീവിതദുഃഖങ്ങളില്‍ നിന്നും എന്നെ ത്രാണനം ചെയ്ത് സംരക്ഷിക്കുവാനായി  എന്റെ ജീവനില്‍ നിന്നും ഞാനുരുവാക്കിയ ശ്രീഹരി.

ശ്രീക്കുട്ടന്‍

8 comments:

 1. ആ അടിസംഭവം മുമ്പ് ഏതോ ഒരു പോസ്റ്റില്‍ വായിച്ചിട്ടുണ്ട്!

  ReplyDelete
 2. മധുരമുള്ള ഓര്‍മ്മകള്‍

  ReplyDelete
 3. ഓഹോ!അപ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ടാവണമല്ലോ! ഗള്‍ഫില്‍നിന്ന് വന്നതിനുശേഷം 1990മുതല്‍2001വരെ ഞാന്‍ വര്‍ക്കല ശിവഗിരിമഠത്തില്‍ അകൌണ്ടന്റായി സേവനം ചെയ്തിരുന്നു.വിവാഹത്തിനുള്ള വിശേഷാല്‍ഗുരുപൂജ(വിവാഹസദ്യ) യുടെയും ചുമതല ആ കാലഘട്ടത്തില്‍ എനിയ്ക്കായിരുന്നു....
  ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം!
  ആശംസകള്‍..

  ReplyDelete
 4. ആത്മ കഥ യിലെ ബാലകാണ്ഡം കൊള്ളാമല്ലോ ശ്രീകുട്ടാ

  ReplyDelete
 5. നല്ല എഴുത്ത്‌.ആശംസകൾ.!!!

  പാലാ സെന്റ്‌:തോമസ്‌ കോളേജിൽ പ്രീഡിഗ്രിയ്ക്ക്‌ പഠിച്ചിരുന്ന കാലത്തെ ഓർമ്മകൾ വരുന്നു.

  ReplyDelete
 6. കൗമാരക്കാലത്തെ ഓർമ്മക്കൂട്ടുകളിൽ നിന്ന് ഞാനാരെന്ന ലളിതമായ ഉത്തരത്തിലേക്ക്.....

  ReplyDelete
 7. നാല്‍പ്പതാം വയസ്സില്‍ ആത്മകഥ. നടക്കട്ടെ,നടക്കട്ടെ

  ReplyDelete
 8. 1993 - 95 കാലഘട്ടത്തില്‍ തന്നെ ഞാനും നിലമേല്‍
  എന്‍ എസ്സ് എസ്സിന്റെ പടിയില്‍ കാലെടുത്ത് വച്ചത് ..
  ഒരുപാട് വട്ടം എസ് എന്‍ കോളേജില്‍ വന്നിട്ടുണ്ട് ഞാന്‍ ..
  ആദ്യ ദിനാനുഭവം എന്റെ മനസ്സിനേയും പിന്നൊട്ട് വലിച്ചിരിക്കുന്നു ..
  ശിവഗിരിയും , വര്‍ക്കലുടെ മിക്ക ഭാഗങ്ങളും ഗൃഹാതുരത്വത്തിന്റെ
  തീവ്ര സ്പര്‍ശമായ് മൂടിയിരിക്കുന്നു സ്ഥലമാണ് .. ആദ്യ വിറയലുകളി
  ലൂടെയാണ് നാം പിന്നെ പലര്‍ക്കും വിറയലുകള്‍ സമ്മാനിക്കുക :) ല്ലേ ശ്രീയേ ?
  വരികളിലൂടെ ചില മുഖങ്ങള്‍ തെളിഞ്ഞെട്ടൊ .. പക്ഷേ ഇപ്പൊ അവരൊക്കെ
  എവിടെയാണാവോ ?

  ReplyDelete