Sunday, November 18, 2012

പ്രണയത്തിന്റെ തേരിലേറി


എന്തോ തിരഞ്ഞ് അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന ഡ്രസ്സുകളും മറ്റുമൊക്കെ മാറ്റി മറിച്ചു നോക്കുന്നതിനിടയ്ക്കാണ് ആ നീല പുറംചട്ടയുള്ള ഡയറി എന്റെ കണ്ണില്‍  പെട്ടത്. തിരച്ചില്‍ മതിയാക്കി ഞാന്‍ അതെടുത്തുകൊണ്ട് കട്ടിലിലേയ്ക്കിരുന്നു. എത്ര കൊല്ലം മുമ്പത്തെ ഡയറിയാണത്! താന്‍ നിധി പോലെ കാത്തു സൂക്ഷിച്ചിരുന്ന, ഗതകാലസ്മരണകളുറങ്ങുന്ന ഡയറികളും മറ്റുമൊക്കെ ചിതലുകയറിയെന്നും പറഞ്ഞ് അമ്മ വാരി തീയിട്ടതാണല്ലോ! ഇതെന്തേ അവരുടെ കണ്ണില്‍ പെട്ടില്ല? എന്തായാലും കണ്ണില്‍ പെടാതിരുന്നത് നന്നായി.  തലയിണയൊരെണ്ണമെടുത്ത് ചുമരില്‍ ചാരിവച്ച് ഞാനതിലേയ്ക്ക് ചാഞ്ഞുകിടന്നു. 1992 കാലത്തിലെ ഡയറിയാണ്. വര്‍ഷമെത്ര കഴിഞ്ഞിരിക്കുന്നു. സ്കൂള്‍ നാളുകളില്‍ ചുമ്മാ വല്ലതുമൊക്കെ കുത്തിക്കുറിക്കുമായിരുന്നത് എപ്പോഴാണു നിന്നുപോയതെന്നറിയില്ല. ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിനിടയില്‍ കുത്തിക്കുറിക്കുവാനൊക്കെ എവിടെ നേരം? ആ ഡയറിയെ അരുമയായൊന്നു തലോടിയിട്ട് പേജുകള്‍ മെല്ലെ മറിച്ചു. കുറിപ്പുകളില്‍ പലതും വായിക്കുമ്പോള്‍ അറിയാതെ ചെറു പുഞ്ചിരി ചുണ്ടില്‍ തത്തിക്കളിക്കാനാരംഭിച്ചു.

1992 ജൂണ്‍ 3 - ബുധന്‍:

"ഇളം മഞ്ഞ നിറത്തിലുള്ള പാവാടയും ഉടുപ്പും ധരിച്ചവള്‍ വരുന്നതു ദൂരെ നിന്നേ കണ്ടപ്പോള്‍ എനിക്ക് കൊതിയടക്കാനായില്ല. എത്ര സുന്ദരിയാണവള്‍! പെണ്‍കുട്ടികള്‍ക്ക് ഇത്രയേറെ സൗന്ദര്യമുണ്ടാകുമോ? നിരയൊത്ത പല്ലുകാട്ടിയുള്ള അവളുടെ ചിരി ആരെയാണു മയക്കാത്തത്? ഞാന്‍ മയങ്ങിയിരിക്കുന്നു. ഈശ്വരാ അവളെന്നെയൊന്നു നോക്കിയിരുന്നെങ്കില്‍, ഞാന്‍  നിനക്കൊരു കൂട് ചന്ദനത്തിരി കത്തിച്ചേക്കാമേ!"

എന്തോ ചിന്തയില്‍ മുഴുകി വലതുകയ്യാല്‍ ആ പേജില്‍ മൃദുലമായൊന്നു തലോടുമ്പോള്‍  എന്റെയുള്ളില്‍ ഒരു പതിനാലുവയസ്സുകാരിയുടെ രൂപം മിഴിവാര്‍ന്നുവരുന്നുണ്ടായിരുന്നു. നല്ല വെളുത്ത് സുന്ദരമായ വട്ടമുഖവും ധാരാളം തലമുടിയുമൊക്കെയുള്ള മെലിഞ്ഞ ശരീരപ്രകൃതത്തോടു കൂടിയ ഒരു നാട്ടുമ്പുറത്തുകാരി പെണ്‍കൊടി. എന്തൊരു വശ്യമായ ചിരിയാണവളുടേത്! ചില ദിവസങ്ങളില്‍ അവളണിഞ്ഞുവരുന്ന ഡ്രസ്സുകള്‍ അവളെ മാലാഖയെപ്പോലെ തോന്നിപ്പിച്ചിരുന്നു. നല്ല പട്ടുപാവാടയും ഉടുപ്പുമാണവള്‍ക്ക് ഏറ്റവും ചേരുക.

"എന്താ പ്രിയനേ, ഉച്ചയ്ക്ക് ഡയറിയും കയ്യില്‍ പിടിച്ചുകിടന്നുകൊണ്ട് ഒരു ചിന്ത? പൂര്‍വ്വകാല ചിന്തകള്‍ മനസ്സിനെ മഥിക്കുന്നുവോ?"

ശബ്ദം കേട്ട ഞാന്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേയ്ക്ക് മടങ്ങിവന്ന്‍ കണ്ണു തുറന്നുനോക്കി. തന്നെത്തന്നെ നോക്കിനില്‍ക്കുന്ന ശ്രീമതി. മകനെ തൊട്ടിലില്‍ കിടത്തിയിട്ടുണ്ടായിരുന്നു. ചെക്കന്‍ കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവനേയും കൊണ്ട്  മുറ്റത്തേയ്ക്കിറങ്ങിയ അവള്‍ തിരിച്ചുകയറിവന്നതൊന്നും താനറിഞ്ഞില്ല.

"ഒന്നുമില്ലെടീ ഭാര്യേ. ഈ ഡയറി കണ്ടപ്പോള്‍ പഴയ ചില സ്കൂള്‍ കാലഘട്ട കാര്യങ്ങള്‍ ആലോചിച്ചിരുന്നുപോയി."

"എങ്കില്‍ പിന്നെ ആ വിശേഷങ്ങള്‍ ഞാനും കൂടിയൊന്നറിയട്ടെന്നേ!"

ശ്രീമതി മെല്ലെ കട്ടിലില്‍ കയറിക്കിടന്നിട്ടെന്റെ വയറിനു മുകളിലായിരുന്ന ആ ഡയറിയെടുത്ത്  മറിച്ചുനോക്കുവാനാരംഭിച്ചു. ഞാന്‍ അവളുടെ നീണ്ട മുടിയിഴകള്‍ക്കുള്ളിലേയ്ക്കെന്റെ മുഖം പൂഴ്ത്തി ഒരു കയ്യാലവളെ കെട്ടിപ്പിടിച്ചുകൊണ്ടു കിടന്നു. ഓര്‍മ്മകളുടെ വിഹായസ്സിലൂടെ ഏഴുകുതിരകളെ പൂട്ടിയ രഥത്തില്‍ രാജകുമാരിയുമായി സഞ്ചരിക്കുന്ന രാജകുമാരനെ സങ്കല്‍പ്പിച്ചുകൊണ്ട് മിഴികള്‍ പൂട്ടി. ആ രാജകുമാരന്‍ ഞാനായിരുന്നു. രാജകുമാരിയ്ക്കാരുടെ മുഖമായിരുന്നു??

"ആരായിരുന്നു ആ പട്ടുപാവാടക്കാരി?"

ഭാര്യയുടെ ചോദ്യമാണെന്നെ വീണ്ടുമുണര്‍ത്തിയത്. കണ്ണു തുറന്ന്‍ ഞാനവളെയൊന്നു  സൂക്ഷിച്ചുനോക്കി. ഭയക്കേണ്ട ഭാവമൊന്നുമില്ല. എന്നിരുന്നാലും അല്പം വ്യത്യാസം ആ വദനത്തില്‍ കാണ്മാനുണ്ട്.

"എന്തിനാണറിയുന്നത്? ഇനി അതിന്റെ പേരില്‍ മുഖവും വീര്‍പ്പിച്ചിരിക്കാനല്ലേ?"

ഞാനവളെ കൈകൊണ്ട് നെഞ്ചോട് ചേര്‍ത്തുകൊണ്ട് മെല്ലെപ്പറഞ്ഞു.

"ഇല്ല ചേട്ടാ. ഞാന്‍ പിണങ്ങുകയൊന്നുമില്ല. എന്നാലും ചേട്ടന്റെ ആ കാലഘട്ടത്തിലെ കഥകളൊക്കെ ഒന്നു കേള്‍ക്കണമെന്നൊരു ആഗ്രഹം. അത്രേള്ളൂ."

നെഞ്ചില്‍ മെല്ലെ വിരലോടിച്ചുകൊണ്ടവള്‍ പറഞ്ഞു. ചിലപ്പോള്‍ പെയ്തൊഴിയുകയും ചിലപ്പോള്‍ മേഘാവൃതമായി മൂടിക്കെട്ടിയിരിക്കുകയും ചിലപ്പോള്‍ സംഹാരരുദ്രയെപ്പോലെ കൊടുങ്കാറ്റായി  വീശിയടിക്കുകയും ഒക്കെ ചെയ്യുന്ന അവളുടെ പ്രകൃതത്തിനുമുന്നില്‍ അല്പസമയം ഞാന്‍  നിശ്ശബ്ദനായിരുന്നു. എന്നാല്‍ ശ്രീമതിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെയായപ്പോള്‍ ഞാന്‍ പറയാനാരംഭിച്ചു.

ഒമ്പതിലോ മറ്റോ പഠിക്കുമ്പോഴാണ് ഞാനവളെ ആദ്യം കാണുന്നത്, എന്റെ ട്യൂഷന്‍ സെന്ററില്‍  വച്ച്. നല്ല മഴയുണ്ടായിരുന്ന ആ ദിവസം ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. ക്ലാസ്സിലേയ്ക്ക് കയറിയ ഞാന്‍ തലയില്‍ തങ്ങിനിന്ന മഴത്തുള്ളികള്‍ കൈകൊണ്ട് വടിച്ചുകളഞ്ഞിട്ട് എന്റെ സീറ്റില്‍ ചെന്നിരിക്കുമ്പോഴാണ് ആദ്യമായവളെ കാണുന്നത്. അന്തം വിട്ടപോലെ അവളെയും നോക്കി തറഞ്ഞു ഞാനിരുന്നപ്പോള്‍ അവള്‍ എന്തിനോ വേണ്ടി തിരിയുകയും ഒരു നിമിഷം ആ മിഴികള്‍ എന്റെ കണ്ണുകളുമായിടയുകയും ചെയ്തു. എന്നില്‍ കൂടി വൈദ്യുതതരംഗമെന്തോ  കടന്നുപോയതുപോലാണനുഭവപ്പെട്ടത്. പിന്നീടുള്ള ഓരോ ദിനവും എനിക്ക്  പ്രതീക്ഷകളുടേതായിരുന്നു. ചുരുണ്ട, ധാരാളം തലമുടിയും അതിവശ്യമായ ചിരിയുമുള്ള ആ വെളുത്തുകൊലുന്നെനെയുള്ള സുന്ദരിയോട് എനിക്ക് പ്രണയം പൊട്ടിമുളച്ചു. അല്ലെങ്കിലും ആ കുട്ടിയോട് ആര്‍ക്കാണ് പ്രണയം തോന്നാതിരിക്കുക. വെളുത്ത്, മാലാഖപോലൊരുവള്‍.

"അവള്‍ക്ക് ചേട്ടനെ ഇഷ്ടമായിരുന്നോ?"

എന്റെ മിഴികളിലേയ്ക്ക് തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ശ്രീമതി ചോദിച്ചു.

"ആവോ, എനിക്കറിയില്ലായിരുന്നു. ഇഷ്ടമായിരുന്നെന്നു തോന്നുന്നു. പക്ഷേ ഒരിക്കലും പരസ്പരം പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ആയിരുന്നിരിക്കണം. ചില സമയങ്ങളില്‍ അവളോട് സംസാരിക്കുകയോ അവളെ നോക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അവളുടെ വെളുത്തു തുടുത്ത മുഖം അരുണവര്‍ണ്ണമാകുന്നതും ലജ്ജയുടെ ശീലുകള്‍ കവിളുകളില്‍ പരക്കുന്നതും ചുണ്ടുകള്‍  വിറയാര്‍ന്നതാവുന്നതും ഞാന്‍ അനുഭവിച്ചറിയുന്നുണ്ടായിരുന്നു. ധൈര്യക്കുറവായിരുന്നിരിക്കാം എന്നെ ഇഷ്ടമാണോന്ന്‍ ചോദിക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്നത്. പക്ഷേ അവളെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. കല്യാണം കഴിച്ച് സ്വന്തമാക്കണമെന്നും ആഗ്രഹിച്ചിരുന്നു.

"എന്നിട്ട്, പിന്നീടെന്തുണ്ടായി?"

ഭാര്യ അല്‍പ്പം ആകാംഷയോടെ അടുത്ത ചോദ്യമെറിഞ്ഞു.

"സ്കൂള്‍ കാലഘട്ടം കഴിഞ്ഞ് കോളേജിലേയ്ക്ക് പറിച്ചുനടപ്പെട്ടപ്പോഴും അവള്‍ എന്റെ സഹപാഠിയായിത്തന്നെ വന്നു. നല്ല സ്വാതന്ത്ര്യമുണ്ടായിരുന്ന ആ കാലഘട്ടത്തിലെങ്കിലും പറയേണ്ടതായിരുന്നു. എല്ലാ ദിവസവും കാണുകയും എന്തെങ്കിലുമൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടും പേടിതൊണ്ടനായ ഞാന്‍ എന്റെ ഇഷ്ടം പറയാന്‍ പോയില്ല. ഒടുവില്‍ ഒരു ദേശാടനപ്പക്ഷിയെപ്പോലെ അവളെവിടേയ്ക്കോ പറന്നകന്നു പോയി. ഞാന്‍ അതിനു  സാക്ഷിയായി മിഴിച്ചും നിന്നു"

ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തിയിട്ട് ഞാന്‍ അവളുടെ മുഖത്തേയ്ക്കെന്റെ മുഖമടുപ്പിച്ചു.

"ഞാന്‍ വിശ്വസിക്കണമല്ലേ ഇതൊക്കെ? സത്യം പറ. നിങ്ങള്‍ ഈപ്പറഞ്ഞതു മുഴുവന്‍ കള്ളമല്ലേ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രണയിച്ചു നടന്നതല്ലേ? എന്തൊക്കെ കാട്ടിയിട്ടുണ്ടെന്ന്‍ ആര്‍ക്കറിയാം!  ഞാന്‍ ഒരു പൊട്ടിക്കാളിയായതോണ്ട് ഈ പറയുന്ന നൊണകളൊക്കെ വിശ്വസിക്കുമെന്ന്‍  കരുതിയല്ലേ?"

അവളുടേ മുഖത്തേയ്ക്കടുപ്പിച്ച എന്റെ മുഖത്തെ കൈകൊണ്ട് തട്ടി നീക്കിയിട്ട് അവള്‍  എഴുന്നേറ്റിരുന്നു മുട്ടുകാലിലേയ്ക്ക് മുഖം ചേര്‍ത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ഏങ്ങലടിയുടെ ശബ്ദം എന്റെ കാതിലേയ്ക്കരിച്ചെത്തി. ഭഗവാനേ താന്‍ കരുതിയതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. ഇനി അവളെയൊന്ന് പ്രസന്നവദനയാക്കാന്‍ എന്തൊക്കെ ചെയ്യേണ്ടിവരും!

"ഇങ്ങോട്ട് നോക്ക്യേ. ഞാന്‍ നിന്നോട് കള്ളം പറയുമെന്ന്‍ നീ കരുതുന്നുണ്ടോ? ഞാന്‍ പറഞ്ഞത്  മുഴുവന്‍ സത്യാ. പതിനാറോ പതിനേഴോ വയസ്സ് പ്രായത്തില്‍ നടന്ന ഒരു കുട്ടിക്കളിയായി മാത്രമേ അതെന്റെ ഓര്‍മ്മയിലുള്ളൂ. എന്റെയുള്ളിലെ സ്നേഹം മുഴുവന്‍ ഇന്നു പങ്കു വയ്ക്കപ്പെടുന്നത് നിനക്കും നമ്മുടെ മോനും വേണ്ടിയാണ്."

നിര്‍ബന്ധപൂര്‍വ്വം അവളുടെ മുഖമുയര്‍ത്തി ആ കലങ്ങിയ കണ്ണുകളിലേയ്ക്ക് നോക്കി ഞാന്‍ പറഞ്ഞു. ഈറനണിഞ്ഞ ആ മിഴികള്‍ മെല്ലെയൊപ്പിക്കൊണ്ട് ഞാനവളെയെന്നോട്  ചേര്‍ത്തുപിടിച്ചുകൊണ്ട് കട്ടിലിലേയ്ക്ക് മറിഞ്ഞു. ഇരുകൈകളാലുമവളെ എന്നോട് ചേര്‍ത്തു വരിഞ്ഞുമുറുക്കി.

"മറ്റൊരാള്‍ക്ക് പങ്കു വയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല ഈ സ്നേഹത്തെ. എനിക്കുമാത്രം അവകാശപ്പെട്ടതാണിത്."

ചെവിക്കടുത്ത് ശബ്ദമിരമ്പുന്നതു ഞാനറിഞ്ഞു. മരണമടഞ്ഞ പ്രണയത്തിന്റെ സ്മാരകങ്ങള്‍  കത്തിയമരുവാന്‍ വേണ്ടിയുള്ളതാണെന്ന തിരിച്ചറിവോടെ ഞാന്‍ ചുടുനിശ്വാസങ്ങളുടെ  താഴ്വരയിലൂടെ പുതിയൊരു സ്വര്‍ണ്ണരഥത്തില്‍ എന്റെ സ്വന്തം രാജകുമാരിയുമായി  പ്രയാണമാരംഭിച്ചു.

ശ്രീക്കുട്ടന്‍

Saturday, November 10, 2012

നവംബറിന്റെ സമ്മാനം



ബാധ്യതകളെല്ലാമൊഴിഞ്ഞൊന്ന്‍ പെണ്ണുകെട്ടാമെന്നു വച്ചാല്‍ അതൊരിക്കലും നടക്കാന്‍ പോകുന്ന കാര്യമല്ല എന്ന നഗ്നസത്യം മനസ്സിലായതോടെ ഞാനുമൊന്ന്‍ കെട്ടാമെന്നു വച്ചു. അല്ലെങ്കിലും പ്രായം റോക്കറ്റ് പോകുന്നതുപോലെ കുതിച്ചു പാഞ്ഞുകൊണ്ടിരിക്കുവാണു. വയസ്സു ഇരുപത്തൊമ്പതു കഴിഞ്ഞിരിക്കുന്നു. സമപ്രായക്കാര്‍ മിക്കതും അച്ഛന്മാരായിക്കഴിഞ്ഞിരിക്കുന്നു. ഇനിയും താമസിച്ചാല്‍ പെണ്ണ്‍ കിട്ടത്തില്ല എന്നതു നൂറുശതമാനമൊറപ്പ്. വീട്ടിലാണെങ്കില്‍ ആര്‍ക്കും തടസ്സവാദങ്ങളൊന്നുമില്ല. ഞാന്‍ ഒന്നു കെട്ടിക്കണ്ടാല്‍ മതിയെന്നുതന്നെയാണവരുടെയെല്ലാം ആഗ്രഹം.

പ്രവാസത്തിന്റെ ചൂടിലേയ്ക്ക് കുതിച്ചിറങ്ങിയിട്ട് കൃത്യം മൂന്നുകൊല്ലം കഴിഞ്ഞപ്പോഴായിരുന്നു നാട്ടിലേയ്ക്കുള്ള മടക്കം. കല്യാണം കഴിക്കാന്‍ പറ്റിയില്ലെങ്കിലും മനസ്സിനിണങ്ങിയ ഒരുവളെ കണ്ടെത്തി ഉറപ്പിച്ചു വയ്ക്കുകയെങ്കിലും ചെയ്യണമെന്ന്‍ ഉറപ്പിച്ചായിരുന്നു യാത്ര. നല്ല ധാരാളം തലമുടിയുള്ള വെളുത്തു സുന്ദരിയായ ഒരു നാടന്‍ പെണ്മണിയാണു സങ്കല്‍പ്പത്തിലുള്ളത്. എന്തായാലും നാട്ടിലെത്തി ആദ്യത്തെ ഒന്നുരണ്ടുദിവസത്തെ സന്ദര്‍ശന മഹാമഹങ്ങളൊക്കെ കഴിഞ്ഞപ്പോള്‍ മാമന്‍ എന്നോട് ഞായറാഴ്ച ഒരിടത്ത് പോകണമെന്ന്‍ പറഞ്ഞു. ഒറപ്പിച്ചു എന്റെ പെണ്ണുകാണല്‍ തന്നെയാണ്.

ഞായറാഴ്ചയായതും മനസ്സ് പെരുമ്പറകൊട്ടാന്‍ തുടങ്ങി.ദൈവമേ. ജീവിതത്തിലെ ആദ്യ പെണ്ണുകാണലാണ്. കുഴപ്പമൊന്നുമില്ലാതെ പാസാകാന്‍ കഴിയണേ. അച്ഛന്റേയും മാമന്റേയും പിന്നൊരു കൂട്ടുകാരന്റേയുമൊപ്പം ഏകദേശമൊരു രണ്ടു മണിയായപ്പോള്‍ ഞങ്ങള്‍ ഞാന്‍ കാണാന്‍ പോകുന്ന പെണ്‍കുട്ടിയുടെ വീട്ടിലെത്തി. ആ വീടിനുമുമ്പില്‍ വണ്ടിയിറങ്ങുമ്പോള്‍ എന്റെ ശരീരം ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. കസേരയില്‍ അമര്‍ന്നിരിക്കുമ്പോള്‍ തലയുയര്‍ത്തി ആരെയും നോക്കാനുള്ള ശക്തിയില്ലാത്തതുപോലെ. അച്ഛനും മാമനുമൊക്കെ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. അല്‍പ്പസമയം കഴിഞ്ഞ് എന്റെ നേരെ നീട്ടപ്പെട്ട ചായക്കപ്പ് മെല്ലെ വാങ്ങുമ്പോള്‍ ഞാന്‍ എന്റെ ആദ്യത്തെ പെണ്ണുകാണലിലെ നായികയെ ഒന്നു നോക്കി. ഒരു പാവം കുട്ടി. എന്റെ സങ്കല്‍പ്പത്തിലുണ്ടായിരുന്ന രൂപവുമായി ഒരു ബന്ധവുമില്ല. കുറച്ചു സമയത്തെ സംസാരശേഷം അറിയിക്കാമെന്ന്‍ പറഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ എനിക്ക് ചെറിയ നിരാശയും ഒപ്പം സങ്കടവും അനുഭവപ്പെടുന്നുണ്ടായിരുന്നു.

"വണ്ടി നേരെ തോന്നയ്ക്കലിലേയ്ക്ക് പോട്ടേ"

കാറില്‍ ഞെളിഞ്ഞിരുന്നുകൊണ്ട് അച്ഛന്‍ ഉത്തരവിട്ടു. അച്ഛന്റെ നാടാണ് തോന്നയ്ക്കല്‍. അതെ സംശയമൊന്നും വേണ്ടാ. തോന്നയ്ക്കല്‍ പഞ്ചായത്തിലെ സകല അരീം പെറുക്കിയെടുത്ത അതേ തോന്നയ്ക്കല്‍ തന്നെ. എന്തെല്ലാമോ കാരണങ്ങളാല്‍ വളരെ ചെറുപ്പത്തിലേ തന്നെ അച്ഛന്റെ കുടുംബവുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണുപോയതിനാല്‍‍ അവരാരുമായും ഒരടുപ്പവുമുണ്ടായിരുന്നില്ല. ചെറിയ മങ്ങിയ ഒരോര്‍മ്മമാത്രം. അപ്പച്ചിമാര്‍ നാലുപേര്‍ ഉള്ളതായി അറിയാം. അവര്‍ ഇപ്പോള്‍ എവിടെയൊക്കെയാണു താമസിക്കുന്നതെന്നൊന്നും അറിയില്ല. മഴ ചനുപിനെ പെയ്യുന്നുണ്ട്. കാര്‍ ഒരു വീടിന്റെ മുമ്പില്‍ നിന്നു. മഴയത്ത് കാറില്‍ നിന്നുമിറങ്ങി ആ വീടിന്റെ നേരെ നടക്കുമ്പോള്‍ തിണ്ണയില്‍ നില്‍ക്കുന്ന അച്ഛമ്മയെ ഞാന്‍ തിരിച്ചറിഞ്ഞു. പ്രായം അവരുടെ രൂപത്തില്‍ അത്ര വലിയ പരിണാമമൊന്നും വരുത്തിയിട്ടില്ല. ലേശം കൂനിയതുപോലെ തോന്നുന്നു. ഞാനടുത്തെത്തിയപ്പോള്‍ ശുഷ്ക്കിച്ച കൈകളാലച്ഛമ്മയെന്നെ കെട്ടിപ്പിടിച്ചു. ആ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ഞാനും വല്ലാണ്ടായി. ഒന്നു രണ്ട്മിനിട്ട് പരിഭവം പറച്ചിലൊക്കെ കഴിഞ്ഞ് ഞാനും അച്ഛമ്മയ്ക്കൊപ്പം അകത്തേയ്ക്ക് കയറി. അകത്ത് കസേരയില്‍ എല്ലാപേരുമിരുന്നു. ഞാന്‍ എല്ലായിടവുമൊന്ന്‍ സൂക്ഷിച്ചുനോക്കി. വാതില്‍പ്പടിയ്ക്കുള്ളില്‍ നിന്നും പെട്ടന്ന്‍ ഇരുളിലേയ്ക്കെന്നവണ്ണം മറഞ്ഞ തിളക്കമാര്‍ന്ന ഒരുജോഡി കണ്ണുകള്‍ ഒരുമിന്നായം പോലെ കണ്ടു. നീണ്ടിടതൂര്‍ന്ന മുടിയിഴകളും.

അച്ഛന്റെ ഇളയപെങ്ങളുടെ( എന്റെ അപ്പച്ചി) വീടായിരുന്നുവത്. രാധാമണിയുടെ. വളരെ കുട്ടിയായിരുന്നപ്പോള്‍ ഞാന്‍ ആ വീട്ടില്‍ വന്നിട്ടുണ്ട്. അന്ന്‍ അത് മണ്ണു കുഴച്ചുവച്ച ഒരു വീടായിരുന്നു. ഇപ്പോള്‍ ഓടിട്ട സിമന്റൊക്കെ തേച്ച വല്യ ഒരു വീട്. അവിടെ എന്റെ അച്ഛന്റെ മറ്റു മൂന്നു പെങ്ങള്‍ മാരും സന്നിഹിതരായിരുന്നു. ബേബി, ശാന്ത പിന്നെ മോളി. അപ്പച്ചിമാരുടെ പരിഭവം പറച്ചിലുകളും കുശലം ചോദിക്കലുകളും തകൃതിയായി നടന്നു. പത്തിരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക്ശേഷം ബന്ധങ്ങളുടെ തീവ്രതയില്‍ ഞാന്‍ ആകെ സങ്കോചപ്പെട്ടിരുന്നു.

"ചുമ്മാ സംസാരിച്ചുകൊണ്ടിരിക്കാതെ പെണ്ണിനെ വിളിയെടീ രാധാമണീ"

അച്ഛന്‍ ഇളയ സഹോദരിയോടായി പറഞ്ഞു. ഇത്തവണ തലയുയര്‍ത്തിനോക്കുവാന്‍ എനിക്ക് വലിയ ജാള്യത ഒന്നും അനുഭവപ്പെട്ടില്ല. കാരണം ഇതെന്റെ വേണ്ടപ്പെട്ടവരുടെ വീടാണു.  എന്റെ ബന്ധു ജനങ്ങളാണു എല്ലാവരും.  എനിക്ക് അവകാശപ്പെട്ട എന്റെ മുറപ്പെണ്ണു തന്നെയാണ് എന്റെ മുന്നില്‍ വരാന്‍ പോകുന്നത്. ചായക്കപ്പ് വാങ്ങവേ ഞാനവളെയാകമാനമൊന്നു നോക്കി. കുഴപ്പമില്ല. എന്റെ സങ്കല്‍പ്പത്തോട് അത്രമാത്രം അടുത്തു നില്‍ക്കുന്ന രൂപമൊന്നുമല്ല. പക്ഷേ ധാരാളം തലമുടിയുണ്ടായിരുന്നു. ചായകുടിയും വര്‍ത്തമാനം പറച്ചിലുകള്‍ഊം ഒക്കെ കഴിഞ്ഞ് അവിടെ നിന്നുമിറങ്ങുമ്പോള്‍ ഇവള്‍ തന്നെ ഇനി എന്നെ സഹിക്കേണ്ടവള്‍ എന്നു മനസ്സിലുറപ്പിച്ചിരുന്നു. കാറില്‍ കയറുന്നതിനു മുന്നേ ഞാന്‍ ഒന്നു പാളിനോക്കി. വാതിലിനടുത്ത് നിര്‍ന്നിമേഷയായി നോക്കി നില്‍ക്കുന്ന ഒരു ജോഡി കണ്ണുകള്‍ എന്റെ മിഴികളുമായി കോര്‍ത്തു. ഒരു ചിരി സമ്മാനിച്ചുകൊണ്ട് ഞാന്‍ കാറിലേയ്ക്ക് കയറി.


പിന്നീടെല്ലാം തകൃതിയായിട്ടായിരുന്നു നീങ്ങിയത്. നവംബര്‍ 10 നു വിവാഹം. സംഗതി തീരുമാനമായതോടെ എന്റെ ഉറക്കം നഷ്ടപ്പെട്ടുവെന്ന്‍ പറഞ്ഞാല്‍ മതിയല്ലോ. അവളോട് ഒന്നു സംസാരിക്കണമെന്നുണ്ടായിരുന്നു. അച്ഛനോടെങ്ങിനെ ചോദിക്കും ഭാവിമരുമകളുടെ ഫോണ്‍ നമ്പര്‍ മേടിച്ചുച്ചുതരാന്‍. അപ്പച്ചിയോടും ചോദിക്കുവാന്‍ മടി. ഒടുവില്‍ പെങ്ങള്‍ സഹായത്തിനെത്തി. നാലഞ്ചുദിവസം കഴിഞ്ഞപ്പോള്‍ അവള്‍ ഫോണ്‍ നമ്പര്‍ വാങ്ങിത്തന്നു. രാത്രി 9 മണിയായപ്പോള്‍ മിടിക്കുന്ന ഹൃദയത്തോടെ ഒരു പെഗ്ഗ് റമ്മിന്റെ ധൈര്യത്തോടെ അവളെ വിളിച്ചു. ഭാഗ്യം അവള്‍ തന്നെയാണെടുത്തത്.എ ന്തെല്ലാമാണ് അന്നു സംസാരിച്ചതെന്ന്‍ ദൈവം തമ്പുരാനുപോലുമറിയില്ല.


പിന്നീട് രാത്രികള്‍ മതിയാവാതെ വന്നു. റീ ചാര്‍ജ്ജ് കൂപ്പണുകളുടെ അവശിഷ്ടങ്ങള്‍  എന്റെ കട്ടിലിനടിയില്‍ കുമിഞ്ഞുകൂടി. പലപ്പോഴും പുലര്‍ച്ചെയാണുറങ്ങുന്നത് തന്നെ. ഇതിനിടയില്‍ ഒരു ദിവസം മറ്റാരുമറിയാതെ അവളുമൊരുമിച്ച് ഒന്നു കറങ്ങുകയും ചെയ്തു. ഐസ്ക്രീം പാര്ലറില്‍ മുട്ടിയുരുമ്മിയിരുന്ന്‍ ഐസ്ക്രീം നുണയുകയും പിന്നെ ഒന്നു രണ്ടുമണിക്കൂര്‍ കറങ്ങി ചുറ്റി നടക്കുകയും ഒക്കെ. അങ്ങിനെ കൃത്യം പതിനഞ്ചു ദിവസങ്ങള്‍ക്ക്ശേഷം ആ സുന്ദരദിനം സമാഗതമായി. കൃത്യമായിപ്പറഞ്ഞാല്‍ 2008 നവംബര്‍ 10 ആം തീയതി തിങ്കളാഴ്ച രാവിലെ 9.55 നുള്ള ശുഭമുഹൂര്‍ത്തത്തില്‍ പത്തെണ്ണൂറാള്‍ക്കാരെ സാക്ഷിയാക്കി കുടവൂര്‍ മഹാദേവക്ഷേത്രസന്നിധിയില്‍ വച്ച് ഞാനവളുടെ കഴുത്തില്‍ താലിചാര്‍ത്തി സ്വന്തം ജീവിതത്തോട് ചേര്‍ത്തുപിടിച്ചു.

ആര്‍ക്കെല്ലാമോ എപ്പോഴൊക്കെയോ പകുത്തുകൊടുത്തുപോയിരുന്നെങ്കിലും എന്റെയുള്ളിലെ സ്നേഹത്തിന്റെ ഉറവയ്ക്കൊരു കുറവുമുണ്ടായിരുന്നില്ല. ആ സ്നേഹം തികച്ചും അര്‍ഹിച്ചിരുന്നതവള്‍ തന്നെയായിരുന്നു. അതെ. ഇന്നേയ്ക്ക് കൃത്യം നാലുവര്‍ഷം മുമ്പാണ് അതായത് 2008 നവംബര്‍ 10 തിങ്കളാഴ്ച രാവിലെ 9 55.നു എന്റെ ജീവിതത്തിന്റെ വസന്തത്തിലേയ്ക്ക്, എന്റെ സുഖദുഃഖങ്ങള്‍ പങ്കുവയ്ക്കുവാന്‍,എനിക്കൊരു കൂട്ടാകുവാന്‍ വേണ്ടി ഞാനവളെ കൈപിടിച്ചു ചേര്‍ത്തിരുത്തിയത്. അതെ എന്റെ ജീവിതത്തിലുണ്ടായ ഒരവിസ്മരണീയമായ ചടങ്ങിന്റെ നാലാം വാര്‍ഷികദിനമാണിന്ന്‍...

എന്റെ ജീവിതവസന്തത്തിന്റെ വഴിത്താരയിലേയ്ക്ക് കൈപിടിച്ചുകയറുകയും അന്നു തൊട്ടിന്നുവരെ എന്റേതായ എല്ലാ സുഖദുഃഖങ്ങളിലും പങ്കാളിയാവുകയും ചെയ്ത എന്റെ പ്രീയസഹധര്‍മ്മിണിയ്ക്കായി ഈ പോസ്റ്റ് ഞാന്‍ സമര്‍പ്പിക്കുന്നു.



ചില കൊച്ചുകൊച്ചുരസലുകളും ചെറിയ ചില പിണക്കങ്ങളും പിന്നെക്കുറച്ചു കരച്ചിലും പരിഭവം പറച്ചിലുമൊക്കെയായി നാലുവര്‍ഷം കൊണ്ട് ശാന്തമായൊഴുകുന്ന ദാമ്പത്യവല്ലരിയില്‍മൊരു മകന്‍ കൂടിയുണ്ട്. ശ്രീ​‍ഹരി. ഇപ്പോള്‍ ഒന്നര വയസ്സാകുന്നാശാനു...





ശ്രീക്കുട്ടന്‍

Monday, October 22, 2012

ചെറിയ ചില കുറിപ്പുകള്‍


പിന്‍ഗാമി...

അന്ന്‍.......
മുറ്റത്ത് ചിതറിക്കിടക്കുന്ന ചോറിലും ഉടഞ്ഞ മണ്‍പാത്രക്കഷണങ്ങളിലും മാറിമാറിനോക്കിയ അവന്‍ ഇറയത്തൊരുമൂലയിലായിരുന്നു കരഞ്ഞു മൂക്കുപിഴിക്കുന്ന അമ്മുമ്മയുടെ അടുത്തേയ്ക്ക് ഇഴഞ്ഞുചെന്നു. അകത്തെന്തോക്കെയോ പൊട്ടിച്ചിതറുന്നതും അച്ഛന്റെ അലര്‍ച്ചയും അമ്മയുടെ നിലവിളിയുമെല്ലാം എന്തിനായിരുന്നെന്ന്‍ അവനു മനസ്സിലാകുന്ന പ്രായമായിരുന്നില്ല. സന്ധ്യകളില്‍ ആടിയാടി ഉടുമുണ്ടൊക്കെ വാരിപ്പിടിച്ച് ആരോടെങ്കിലുമൊരുമിച്ച് കയറിവരുന്ന അച്ഛനെ പേടിയോടെയാണവന്‍ നോക്കിയിരുന്നത്. അവന്റെ കരച്ചിലുകളേക്കാള്‍ അവന്റെ അമ്മയുടെ കരച്ചിലാണവിടെ നിന്നും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നത്.
ഇന്നും അവന്റെ അമ്മയുടെ കരച്ചില്‍ നിന്നിട്ടില്ല. അച്ഛന്റെ സ്ഥാനത്ത് മകനായി എന്ന വ്യത്യാസം മാത്രം കാലം ബാക്കിയാക്കി...

പ്രണയം....

"ഇന്നു ഞാനെന്തായാലുമവളെ ഇഷ്ടമാണെന്നു തുറന്നവളോട് പറയുമളിയാ"

"ധൈര്യമായി പറയൂ".

ഞാന്‍ ആത്മധൈര്യം നല്‍കി. ട്യൂഷന്‍ കഴിഞ്ഞ് അവള്‍ വീട്ടിലേയ്ക്ക് വരുന്ന വഴിയിലൊരിടത്തായി ഞങ്ങള്‍ നിന്നു. അവളുടെ അടുത്തേയ്ക്ക് ഞാനവനെ പറഞ്ഞയച്ചിട്ട് ഒരു മറവിലൊളിച്ചു. തലയെത്തിച്ച് നോക്കിയപ്പോള്‍ അവള്‍ക്കടുത്തേയ്ക്ക് ചെല്ലുന്ന കൂട്ടുകാരനെ കണ്ട് ഞാന്‍ സന്തോഷിച്ചു. ഒരു രണ്ടുനിമിഷം കഴിഞ്ഞപ്പോള്‍ തെറ്റില്ലാത്ത ഒരൊച്ച ഞാന്‍ കേട്ടു. കുറച്ചുകഴിഞ്ഞ് കവിളില്‍ മെല്ലെ കൈതടവി വരുന്ന കൂട്ടുകാരനെ കണ്ടപ്പോള്‍ അവന്‍ തന്റെ പ്രണയം തുറന്നു പറഞ്ഞു എന്നു ഞാനുറപ്പിച്ചു..

നഷ്ടബോധം...

തുറന്നുപിടിച്ച വാതിലില്‍ തന്നെ നില്‍ക്കുന്ന അവളെ ഒന്നു പാളി നോക്കിയിട്ട് അവന്‍ കൈ കഴുകുന്നത് തുടര്‍ന്നു.

"നിന്നെ ഭയന്നാണ് ഞാന്‍ വാതില്‍ തുറന്നു പിടിച്ചു നില്‍ക്കുന്നത്"

ഒച്ചകുറച്ചവള്‍ പറഞ്ഞപ്പോള്‍ അവനാദ്യം അമ്പരപ്പാണുണ്ടായത്.

"നീ ഭയക്കണ്ട.ആ കാര്യത്തില്‍ ഞാന്‍ വെറുമൊരു തിരുമണ്ടനാണ്"

ദീര്‍ഘനിശ്വാസം വിട്ടുകൊണ്ടവന്‍ മെല്ലെ പറഞ്ഞു. ആ സമയം അവളുടെ മുഖത്തലയടിച്ചതെന്തു വികാരമായിരുന്നു. അവളെക്കടന്ന്‍ പുറത്തേയ്ക്ക് നടക്കുമ്പോള്‍ അവന് ന‍ഷ്ടബോധം അനുഭവപ്പെടുന്നുണ്ടായിരുന്നു...


മകള്‍....

സ്കൂള്‍ ഫസ്റ്റായി ജയിച്ചുകയറിയപ്പോള്‍ അയാള്‍ സ്വന്തം മകളെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു. പട്ടണത്തിലെ മുന്തിയ കോളേജില്‍ അവള്‍ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ അയാള്‍ കുറച്ചുകൂടി പിശുക്കനായി തീര്‍ന്നു. പഠിച്ചു വല്യ നിലയിലെത്താന്‍ പോകുന്ന മകളെക്കുറിച്ച് അയാള്‍ പലരോടും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.ഒരുദിനം പോലീസുകാരുടെ മുന്നില്‍ നാലഞ്ചുചെറുപ്പക്കാര്‍ക്കൊപ്പം തലകുനിച്ചുനില്‍ക്കുന്ന മകളെക്കണ്ടപ്പോള്‍ അയാളുടെ ചുണ്ടുകള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പത്രത്താളുകളിലും ടീവിയിലുമെല്ലാം മകളെക്കുറിച്ച് വന്നുകൊണ്ടിരുന്ന കഥകള്‍ കണ്ടിട്ട് കുശലപ്രശ്നം നടത്തുവാനെത്തുന്നവരുടെ മുന്നില്‍ നിന്നും എങ്ങോട്ടെന്നില്ലാതെ അയാള്‍ ഓടിയൊളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരു മര‍ക്കൊമ്പില്‍ ശരീരം തൂങ്ങിയാടുമ്പോള്‍ ആ മുഖത്ത് എന്തു വികാരമായിരുന്നു...ആര്‍ക്കറിയാം...


സദാചാരവാദികള്‍...

"നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിയുവിന്‍"

തന്നെ വലയം ചെയ്തുകൊണ്ടിരിക്കുന്നവരെ നോക്കി അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട് തന്നെ തല്ലാനടുക്കുന്നവര്‍ പിന്മാറുമെന്ന്‍ അയാള്‍ക്ക് പൂര്‍ണ്ണ നിശ്ചയമുണ്ടായിരുന്നു. എന്നാല്‍ ആ കൂട്ടത്തിലൊരാളും വിശ്വാസിയായിട്ടുണ്ടായിരുന്നില്ല. സദാചാരവാദികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ..

ബാക്കി ചിന്ത്യം...

പിണക്കം...

ഒരേ ടേബിലിന്റെ ഇരുവശങ്ങളിലുമായിരിക്കുമ്പോഴും അവരുടെ മധ്യത്ത് കിലോമീറ്ററുകളുടെ ദൂരമനുഭവപ്പെടുന്നുണ്ടായിരുന്നു. എന്തിനായിരുന്നു പിണങ്ങിയെതെന്നവനും അവള്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. പിണക്കം മറന്ന്‍ ഒരുവട്ടം അവളൊന്നു മിണ്ടിയിരുന്നെങ്കില്‍ അല്ലെങ്കില്‍ ഒന്നു പുഞ്ചിരിച്ചിരുന്നുവെങ്കില്‍ എന്ന്‍ അവന്‍ ആത്മാര്‍ഥമായുമാഗ്രഹിച്ചു. അവളുടെയുള്ളവും അതുതന്നെ കൊതിച്ചുകൊണ്ടിരുന്നു. പക്ഷേ രണ്ടുകൂട്ടരേയും അജ്ഞാതമായ എന്തോ ഒന്ന്‍ പുറകോട്ട് വലിച്ചുകൊണ്ടിരുന്നു. പതിവുപോലെ മുഷിപ്പിക്കുന്ന പണികളൊക്കെ തീര്‍ത്ത് ഒന്നുമൊന്നുമുരിയാടിടാതെ രണ്ടുപേരും തോല്‍ക്കാന്‍ മനസ്സില്ലാതെ മന‍സ്സിലെ സങ്കടം പുറത്തുകാട്ടാതെ മടങ്ങി. നാളെയെങ്കിലും അവള്‍ / അവന്‍ ഇങ്ങോട്ട് വന്ന്‍ മിണ്ടുമെന്ന്‍ വൃഥാ പ്രതീക്ഷിച്ചുകൊണ്ട്...

കണ്‍ഫ്യൂഷന്‍...

അകള്‍ച്ചയുടെ ആഴങ്ങളില്‍ നിന്നും വീണ്ടും തോണി തുഴഞ്ഞ് എന്നടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണവള്‍. എപ്പോഴാണ് വീണ്ടും കാറിലും കോളിലും പെട്ട് അകന്നുപോകുന്നതെന്നറിയില്ല. കാറ്റിനു വിപരീതദിശയിലേയ്ക്ക് നീങ്ങാമെന്നുവച്ചാല്‍ മനസ്സൊട്ടനുവദിക്കുന്നുമില്ല. ഇപ്പോള്‍ കൊടുങ്കാറ്റും പേമാരിയുമായി പ്രക്ഷുബ്ദമായി നിലകൊള്ളുന്നത് എന്റെ മനസ്സാണു. വീണ്ടും ഒഴുക്കിനനുസ്സരിച്ച് നീങ്ങണോ അതോ...


വിഡ്ഡി...

പുലര്‍കാലമഞ്ഞിന്റെ തണുപ്പുമേറ്റ് ഒരു സിഗററ്റും പുകച്ച് ആ മലമ്പാതയിലൂടെ മൂളിപ്പാട്ടും പാടി നടക്കവേ അകലെയായി ഒരു മിന്നായം പോലെ അവനാ കാഴ്ചകണ്ടു. കൊക്കയുടെ വിളുമ്പില്‍ നിന്ന്‍ താഴേയ്ക്ക് ചാടുവാനെന്നവണ്ണം നില്‍ക്കുന്ന ഒരു രൂപം.ദൈവമേ ആരാണീ പുലര്‍കാലേ മരിക്കുവാനൊരുങ്ങുന്നത്. കണ്ടിട്ട് അതൊരു സ്ത്രീയാണെന്ന്‍ തോന്നുന്നു.

"ഹേയ്..അരുത്..അവിവേകം കാട്ടരുത്"...

കയ്യിലിരുന്ന സിഗററ്റ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞിട്ട് അവന്‍ അവിടേയ്ക്കോടിചെന്നു. ഒച്ചകേട്ട് ഞെട്ടിത്തിരിഞ്ഞുനോക്കിയ ആ സ്ത്രീരൂപം കണ്ട് അവന്‍ പെട്ടന്ന്‍ അവിടെ തറച്ചുനിന്നു. അവള്‍ പെട്ടന്ന്‍ പാറമേല്‍നിന്നുമിറങ്ങി നടന്ന്‍ കോട്ടേജിലേക്കുള്ളവഴിയേ കയറിപ്പോയി. എങ്ങിനെയൊഴിവാക്കാമെന്ന്‍ ചിന്തിച്ച് കഴിഞ്ഞ മൂന്നുനാലുദിവസമായി തലപുകച്ചുകൊണ്ടിരുന്ന കാര്യം സ്വയമിടപെട്ട് കുളമാക്കിയല്ലോ എന്നോര്‍ത്ത് ഖിന്നനായി അവന്‍ മറ്റൊരു സിഗററ്റെടുത്ത് കൊളുത്തി. എന്തുചെയ്യാം സഹിക്കുക തന്നെ. ജീവിതകാലം മുഴുവന്‍. നിരാശനിറഞ്ഞ് മനസ്സുമായി അവന്‍ വീണ്ടും നടത്തമാരംഭിച്ചു...

ശ്രീക്കുട്ടന്‍


Wednesday, October 10, 2012

ആന്‍ അഡ്വഞ്ചെറസ് ജേര്‍ണി



"അണ്ണാ നമുക്ക് വരുന്ന ഞായറാഴ്ച ഒന്നു കറങ്ങാന്‍ പോയാലോ"

സിഗററ്റിനു കൈനീട്ടിക്കൊണ്ട് കുലു എന്നോട് ചോദിച്ചു. ആകെ രണ്ടുവലി തികച്ചു വലിച്ചില്ല അതിനു മുന്നേ കയ്യും നീട്ടി വന്നിരിക്കുന്നു. ചുമ്മാ രണ്ട് ചുണ്ടും ഫിറ്റ് ചെയ്ത് വന്ന്‍ മുന്നില്‍ നിന്നാല്‍ മതിയല്ലോ. ഒരു വില്‍സിന്റെ വില 2 രൂപയാണു. നീരസം പുറത്ത് കാട്ടാതെ ഞാനവനു സിഗററ്റ് കൈമാറി. അവന്‍ ആഞ്ഞുവലിച്ച് പുകയൂതിപ്പറത്തുന്നത് നോക്കി നിന്നപ്പോള്‍ എനിക്ക് വിറഞ്ഞുകയറി. ഞാന്‍ ദീപുവിനേയും അജിത്തിനേയും ഒന്നു കണ്ണോടിച്ചു. അവര്‍ വയല്‍ വരമ്പേ പോകുന്ന ഒരു തരുണിയില്‍ കണ്ണും നട്ടിരിക്കുവാണ്. എന്റെ ബന്ധുവാണു ദീപു. അവന്റെ വീടിനടുത്തുള്ളതാണ് മറ്റുരണ്ടുപേരും. പ്രായം എന്നേക്കാള്‍ അഞ്ചാറുവയസ്സുകുറയും. പക്ഷേ അറ്റ കൂട്ടാണെല്ലാവരും. മഹാ അലമ്പുകളും.

"അണ്ണാ എന്താ ഒന്നും പറയാത്തത്. നമുക്ക് ഒന്നു കറങ്ങാന്‍ പോയാലോ"

വലിച്ചുകുറ്റിയാവാറായ സിഗററ്റ് അവന്‍ എനിക്ക് നേരെ നീട്ടി. ഫില്‍റ്റര്‍ മുഴുവന്‍ തുപ്പലു പറ്റിയിരിക്കുന്നു. ഇത്രയും നാളായിട്ടും അവനു നേരാം വണ്ണം ഒരു സിഗററ്റ് വലിക്കാന്‍ പോലുമറിയില്ല. രണ്ടു രൂപാ കൊടുത്ത് ആശിച്ചുമേടിച്ച സിഗററ്റല്ലേ. എങ്ങിനെ കളയാന്‍. ഞാന്‍ അതിലെ തുപ്പലു കൈകൊണ്ട് തുടച്ചിട്ട് വീണ്ടും വലിച്ചു.

"എവിടെ പോകാനാടാ"

കത്തിതീര്‍ന്ന സിഗററ്റ് ദൂരെയെറിഞ്ഞിട്ട് ഞാന്‍ കുലുവിന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി.

"നമുക്ക് പൊന്മുടി വച്ചുപിടിച്ചാലോ. ഇപ്പം നല്ല കലക്കന്‍ കാലാവസ്ഥയുമല്ലേ"

അജിത്തും ദീപുവും അടുത്തേയ്ക്ക് വന്നു. ആലോചിച്ചുനോക്കിയപ്പം നല്ല ഒരു തീരുമാനമാണത്. പൊന്മുടിയാകുമ്പോള്‍ വല്യ ദൂരവുമില്ല. ഞാന്‍ മൂന്നാലു പ്രാവശ്യം പോയിട്ടുള്ളയിടമാണ്. നല്ല സുഖകരമായി ഒരു ദിവസം വെള്ളമൊക്കെയടിച്ചര്‍മ്മാദിക്കാം. എല്ലാവരും കയ്യടിച്ചതങ്ങ് പാസ്സാക്കി. ഞായറാഴ്ച രാവിലെ 6 മണിയ്ക്ക് തന്നെ നാലും കൂടി റെഡിയായി ആറ്റിങ്ങള്‍ ബസ്റ്റാന്‍ഡില്‍ വന്ന്‍ നെടുമങ്ങാട് ബസ്സ് പിടിച്ചു. 7 20 ആയപ്പോള്‍ നെടുമങ്ങാടെത്തി.പൊന്മുടിയിലേയ്ക്കുള്ള ബസ്സ് 8 മണിയ്ക്കാണു. തിരുവനന്തപുരത്തുനിന്നും വരുന്നത്. അത് പോയാല്‍ പിന്നെ രണ്ടുമൂന്നുമണിക്കൂര്‍ കഴിഞ്ഞേയുള്ളൂ അടുത്ത ബസ്സ്. ബസ്സിറങ്ങിയ ഉടനേ ഒരു കുപ്പി വാങ്ങാനായി ബാറന്യോഷിച്ച് നടക്കാന്‍ തുടങ്ങി. പൊന്മുടിയില്‍ സാധനം കിട്ടില്ല. പിന്നെ ഇവിടെ നിന്നും വാങ്ങിക്കൊണ്ട് പോകാതെ രക്ഷയില്ല. ഒരാളിനോട് ചോദിച്ച് ബാറിരിക്കുന്ന സ്ഥലം മനസ്സിലാക്കി അവിടേയ്ക്ക് കുതിച്ചു. സംഗതി തുറന്നിട്ടില്ല. സാധനം അന്യോഷിച്ചു വന്ന ഒന്നുരണ്ട് ഹതഭാഗ്യരും കുറ്റിബീഡിയും വലിച്ച് അവിടവിടെ നില്‍പ്പുണ്ട്. ടെന്‍ഷന്‍ മൂത്ത് ഞാന്‍ അടുത്ത സിഗററ്റും കൊളുത്തി. ഇതിനിടയില്‍ ബാറിന്റെ വാതില്‍ തുറന്ന്‍ ഒരുവന്‍ പുറത്ത് വന്നതും അവിടെ കൂടി നിന്നവര്‍ ഈച്ച പൊതിയുമ്പോലെ അവനെ വളഞ്ഞു. ഒപ്പം ഞങ്ങളും.

"പോയിട്ട് എട്ടര കഴിഞ്ഞ് വാ"

ആള്‍ അടുക്കണ ലക്ഷണമില്ല. പിന്നെ എന്തോ ദയനീയമുഖങ്ങളെ കണ്ടാവണം അയാള്‍ ബാറിനുള്ളിലേക്ക് പോയി ഒരുവനെ വിളിച്ചുണര്‍ത്തി സാധനമെടുത്തുതരാന്‍ നിര്‍ദ്ദേശിച്ചു. കണ്ണും തിരുമ്മിയെഴുന്നേറ്റുവന്ന ആ ഭീകരന്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെട്ട ബ്രാന്‍ഡുകള്‍ തരികയും പണം വാങ്ങി പെട്ടിയിലിടുകയും ചെയ്തു. ഓള്‍ഡ് അഡ്മിറലിന്റെ ഒരു ഫുള്ളും ഒരു പൈന്റുമാണു വാങ്ങിയത്. ഫുള്ളിന്റെ കുപ്പി ഒരു മാതിരി ആട്ടുകല്ലുപോലെ ഉരുണ്ട് കൊഴുത്തിരിക്കുന്ന ഒന്നു. സാധനം സൂക്ഷിക്കുവാന്‍ കവറൊന്നുമില്ല. പുറത്തെ പെട്ടിക്കടയില്‍ നിന്നും ഒരു 50 പൈസാ പ്ലാസ്റ്റിക് കവര്‍ വാങ്ങി ഫുള്‍ ബോട്ടില്‍ അതില്‍ പൊതിഞ്ഞ്പിടിച്ചിട്ട് ഹാഫ് ബോട്ടില്‍ ഇടുപ്പില്‍ തിരുകി അതിവേഗം ബസ്റ്റാന്‍ഡിലേയ്ക്ക് നടന്നു. ഭഗവാനേ ബസ്സു പോയിക്കാണല്ലേ.


അഞ്ചുമിനിട്ട് പോലുമാകുന്നതിനുമുന്നേ ബസ്സ് ഇരച്ചുതുമിച്ച് മുന്നില്‍ വന്നു നിന്നു. ഭഗവാനേ ശാര്‍ക്കരഭരണിക്ക് ആളുമറിഞ്ഞുകിടക്കുന്നതുപോലെ അതില്‍ കയറുവാന്‍ ആളുകളുടെ പ്രളയം. ഈ ബസ്സ് പോയാല്‍ പിന്നെ അടുത്തത് കിട്ടാന്‍ മണിക്കൂറുകള്‍ വേണമെന്നതുകൊണ്ട് ഞങ്ങളും ഇടിച്ചു നൂഴ്ന്നുകയറി. ഭഗീരഥപ്രയത്നത്തിനൊടുവില്‍ ബസ്സിനുള്ളില്‍ കയറിപ്പറ്റി. കടന്നല്‍കൂടില്‍ കടന്നലുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നതുപോലെ ഫുഡ് ബോര്‍ഡില്‍ വരെ നിറഞ്ഞു കവിഞ്ഞു തൂങ്ങിക്കിടക്കുന്ന ജനം. ഭാഗ്യത്തിനു കമ്പിയില്‍ പിടിക്കേണ്ട ഗതികേട് വന്നില്ല. ഈ രീതിയില്‍ പോകുവാണെങ്കില്‍ ശരീരം അടുത്ത അരമണിക്കൂറിനുള്ളില്‍ പൊറോട്ടയ്ക്ക് മാവുകുഴച്ചതുപോലെയാകുമെന്നുറപ്പാണ്. എന്തായാലും വിതുരയൊക്കെയെത്തിയപ്പോള്‍ ബസ്സിനുള്ളില്‍ അല്‍പ്പം കാറ്റും വെളിച്ചവും കടക്കാന്‍ തുടങ്ങി. ഹൊ നിന്നു നിന്നു കാലുകഴയ്ക്കണൂ. പൊന്മുടി എത്തുന്നതിനിടയ്ക്ക് ഇരിക്കാനൊരു സീറ്റ് എന്നത് സ്വപ്നം മാത്രമായി കരുതിയാ മതി. ഈ തിരക്കിനിടയിലും സാധനം കൈവിടാതെ ശ്രദ്ധിച്ചിരുന്നു.

"അമ്മച്ചീ ഈ പൊതിയൊന്നു വച്ചേക്കുമോ"

കയ്യിലിരുന്ന ഫുള്ളിന്റെ പൊതി അജിത്ത് സീറ്റിലിരിക്കുവായിരുന്ന ഒരമ്മച്ചിയുടെ നേരെ നീട്ടി. അവരത് മേടിച്ചു മടിയില്‍ വച്ചു. 50 പൈസാ കീസില്‍ മെരുങ്ങാതെ തന്റെ ബോഡി പ്രദര്‍ശിപ്പിക്കുന്ന അഡ്മിറല്‍ ചേട്ടനെ ബസ്സിലുണ്ടായിരുന്ന ചിലര്‍ തുറിച്ചു നോക്കി. ഒപ്പം അജിത്തിനേയും. കള്ളുകുടിയ്ക്കാനായി പോകുകയാ​‍ണെന്ന്‍ നെറ്റിയില്‍ എഴുതി ഒട്ടിച്ചിരുന്നാല്‍ പോലും ഇത്രയും ആള്‍ക്കാര്‍ അറിയത്തില്ലായിരുന്നു.‍

കല്ലാറിന്റെ വശ്യസൌന്ദര്യം നോക്കിയിരിക്കുമ്പോള്‍ കണ്ണുകളില്‍ ചെറിയ ഉറക്കം തത്തിക്കളിക്കാന്‍ തുടങ്ങി. നിറഞ്ഞ പച്ചപ്പും സുഖദമായ തണുത്ത കാറ്റുമേറ്റ് യാത്ര ചെയ്യുമ്പോള്‍ ഉറക്കം കണ്ണിനെ പ്രണയിച്ചില്ലെങ്കിലേയുള്ളൂ അതിശയം. മല കയറിത്തുടങ്ങിയതോടെ ഉത്സാഹത്തോടെ ഞങ്ങള്‍ പുറം കാഴ്ചകളിലേയ്ക്ക് കണ്ണോടിച്ചു. വളരെയൊന്നും വീതിയില്ലാത്ത റോഡ് തേയിലത്തോട്ടങ്ങള്‍ക്ക് മധ്യത്തിലൂടെ വെള്ളിയരഞ്ഞാണം പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു.  മുരള്‍ച്ചയോടെ മല കയറുന്ന ബസ്സ്. കുറച്ചുകൂടി ദൂരം പിന്നിട്ടപ്പോള്‍ ഒരു എസ്സ്റ്റേറ്റിന്റെ മുന്നില്‍ കുറച്ചാള്‍ക്കാര്‍ കെട്ടും ചുമടുമായൊക്കെയിറങ്ങി. ആശ്വാസത്തോടെ സീറ്റിലേയ്ക്ക് വീഴുകയായിരുന്നു ഞങ്ങള്‍. കണ്ണിനെ കുളിരണിയിക്കുന്ന നയനമനോഹരദൃശ്യങ്ങള്‍. ദൂരെ മലനിരകളെ പൊതിഞ്ഞ് മഞ്ഞിന്റെ പടലങ്ങള്‍. കാട്ടിനുള്ളില്‍ നിന്നും പക്ഷികളുടേയും മറ്റും ഒച്ചയനക്കങ്ങള്‍. തണുത്തകാറ്റ്. ഹെയര്‍പിന്‍ വളവുകളില്‍ ബസ്സ് പണിപ്പെട്ട് കയറുമ്പോള്‍ അറിയാതൊന്ന്‍ നെഞ്ചില്‍ കൈവച്ചുപോകും. ഒരു വശത്ത് അത്യഗാധമായ കൊക്കയാണ്. മറുഭാഗത്ത് തേയിലത്തോട്ടങ്ങളും.


പൊന്മുടി ഗസ്റ്റ് ഹൌസിനു മുന്നില്‍ ഞങ്ങളിറങ്ങി. നല്ല തണുപ്പ്. ധാരാളം ആള്‍ക്കാരുണ്ട്. ഞങ്ങള്‍ അല്‍പ്പസമയം അവിടെയൊക്കെ ചുറ്റിക്കറങ്ങി നടന്നിട്ട് പൊന്മുടി എന്‍ഡിലേക്ക് നടക്കാനാരംഭിച്ചു. രണ്ടു രണ്ടരകിലോമീറ്റര്‍ ഉണ്ട് അവിടേയ്ക്ക്. ആ തണുപ്പില്‍ മഞ്ഞിന്‍ പാളികള്‍ക്കുള്ളില്‍ കൂടി നടന്നില്ലെങ്കില്‍ പിന്നെന്തു രസം. ഞങ്ങള്‍ക്ക് മുന്നിലായി നിരവധി ആള്‍ക്കാര്‍ നടന്നുപോകുന്നുണ്ട്. കുറച്ച് മല കയറിക്കഴിഞ്ഞപ്പോള്‍  ഒരിടത്തായി ഞങ്ങളിരുന്നു. അതെ പരിപാടികള്‍ ആരംഭിക്കുവാന്‍ പോകുകയാണു.വാളുവയ്ക്കാതിരിക്കുവാന്‍ സകലമാന ദൈവങ്ങളേം മനസ്സില്‍ ധ്യാനിച്ച് ബോട്ടില്‍ പൊട്ടിച്ച് 4 പ്ലാസ്റ്റിക് ഗ്ലാസ്സുകളിലായി ചരക്കൊഴിച്ചു. സിഗററ്റുകള്‍ എരിഞ്ഞുതീരുകയും ഗ്ലാസുകള്‍ ഒഴിഞ്ഞുതീരുകയും ചെയ്തുകൊണ്ടിരുന്നു. ആവേശം ഉച്ചിയില്‍ കയറിയ കുലു ഒരു പാറപ്പുറത്ത് ചാടിക്കയറി ഏതോ ഒരു തമിഴ് പാട്ട് അലറിപ്പാടി. റോഡേ പോകുന്നവര്‍ ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

ലഹരി തലയില്‍ ചെറിയ പീലിവിരിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ പാറപ്പുറത്ത് മലര്‍ന്നുകിടന്നു. ഈ സമയം രണ്ട് ഡ്യൂട്ടീഗാര്‍ഡുകള്‍ ഞങ്ങളിരുന്നിടത്തേയ്ക്ക് വന്നു. കാക്കിയൂണിഫോം കണ്ടതും കുടിച്ച ലഹരിയൊക്കെ ഏതു വഴിപോയീന്നറിയില്ല.

"എന്താടായിവിടെ"

ഞങ്ങളേയും മുന്നില്‍ നിരന്നിരിക്കുന്ന അസംസ്കൃതവസ്തുക്കളേയും നോക്കിയിട്ട് ഒരു രൂക്ഷ ചോദ്യം. ഞങ്ങളുടെ ഭയന്ന മൌനത്തില്‍ നിന്നും എല്ലാം വായിച്ചെടുത്ത അവര്‍ കൂടുതല്‍ വിരട്ടിയില്ല. അവിടെ കുപ്പിയൊന്നുമുടച്ചിടരുതെന്ന്‍ പറഞ്ഞിട്ട് കള്ളു കുടിച്ച് ഇത്ര ചെറുതിലേ കൂമ്പ് വാട്ടണ്ട എന്നൊരുപദേശം കൂടി തന്നിട്ട് മെല്ലെ മുകളിലേയ്ക്ക് നടന്നുപോയി.
കൂമ്പുള്ളവരുടേതേ വാടൂ എന്നറിയാത്ത സില്ലി ഗാര്‍ഡ്സ്. വലിച്ചുകൊണ്ടിരുന്ന സിഗററ്റ് തീര്‍ന്നതും ഞങ്ങള്‍ എല്ലാം പൊതിഞ്ഞെടുത്ത് വീണ്ടും നടത്തമാരംഭിച്ചു. റോഡ് അളന്നളന്നുള്ള നടത്തം.


പൊന്മുടി എന്‍ഡ് എന്നറിയപ്പെടുന്ന ഭാഗത്ത് സാമാന്യം നല്ല തിരക്കുണ്ട്. മിക്കതും ഫാമിലികള്‍. നാളുപാടും നിറഞ്ഞു തലയുയര്‍ത്തിനില്‍ക്കുന്ന മലകളുടെ നെറുകയെ ചുംബിച്ച് മഞ്ഞിന്‍ പാളികള്‍ ഒഅഴുകിപ്പരക്കുന്നത് കാണുവാന്‍ തന്നെ എന്തൊരു ഭംഗി.  സുഖദമായ തണുപ്പില്‍ കഴിച്ച ലഹരിയൊക്കെ മഞ്ഞിനൊപ്പം പോയതുപോലെ. വെള്ളമാണെങ്കില്‍ തീരാറായിരിക്കുന്നു. ഇനി മേടിക്കണമെങ്കില്‍ താഴെപ്പോകണം. ഈ സമയം കുലുവാണത് കണ്ടുപിടിച്ചത്. ഒരു പാറയുടെ മറവിലായിരുന്നു വീശുന്ന രണ്ടു പേര്‍. ഞങ്ങള്‍ പതിയെ അവരുടെ അടുത്തേയ്ക്ക് നടന്നു. ആദ്യം ചോദ്യഭാവത്തില്‍ അവര്‍ ഒന്നു നോക്കിയെങ്കിലും പിന്നെ കുടിയമ്മാരുടെ വട്ടമേശസമ്മേളനമായിതീരുവാന്‍ സമയമധികമെടുത്തില്ല. അതിലൊരാള്‍ കൊല്ലം ഫാത്തിമാമാതാ കോളേജിലെ ലക്ചറര്‍ എന്നാണു പറഞ്ഞ്ത്. ആ ഒരു ലുക്ക് ആശാനുണ്ട്. അപരന്‍ കൃഷിവകുപ്പിലോ മറ്റോ ആണു.

വെള്ളമടിയുടെ മൂര്‍ദ്ധന്യത്തില്‍ അജിത്തോ മറ്റോ ആണു ബ്രൈമൂറില്‍ പോയാലോയെന്ന്‍ ചോദിച്ചത്. വനത്തിനുള്ളിലുള്ളൊരു സ്ഥലമാണത്. ഒരെസ്റ്റേറ്റും മറ്റുമൊക്കെയവിടുണ്ട്. പണ്ട് ഞാന്‍ പൊന്മുടിയില്‍ വന്നിട്ടുള്ളപ്പോള്‍ അവിടെ പോയിട്ടുണ്ടെന്നും വെള്ളച്ചാട്ടമൊക്കെയുണ്ട് അസാധ്യഭംഗിയാണെന്നുമൊക്കെ കത്തിയടിച്ചിട്ടുള്ളത് ഓര്‍ത്തെടുത്തതാണു പിശാശ്. ഞാന്‍ പോയിട്ടില്ലാന്നെനിക്കല്ലേയറിയൂ. നമ്മുടെ പുതിയ ചങ്ങാതിമാര്‍ക്കും ഹരം കയറി. കൃഷി ആപ്പീസര്‍ മുമ്പ് പോയിട്ടുണ്ടത്രേ. അയാള്‍ക്ക് വഴിയൊക്കെ കൃത്യമായറിയാം.മാത്രമല്ല അവിടെ നിന്നും വൈകിട്ട് 5 മണിക്ക് പാലോട് പോകുവാനൊരു ബസ്സുമുണ്ട്. പൊന്മുടിയില്‍ നിന്നാണെങ്കില്‍ രണ്ടുമണിക്കുള്ളില്‍ പോണം. എന്തായാലും ബ്രൈമൂറില്‍ പോകുക എന്നത് ഫിക്സ് ചെയ്ത് വെള്ളമടി നിര്‍ത്തി പെറുക്കിക്കെട്ട് ഞങ്ങള്‍ യാത്രയാരംഭിച്ചു. സമയം പതിനൊന്നാകാന്‍ പോകുന്നു. താഴെ പോയി ആവശ്യത്തിനു വെള്ളവും കഴിക്കുവാന്‍ അല്‍പ്പം ചെറിയ ഐറ്റംസുമൊക്കെ വാങ്ങി ഞങ്ങള്‍ ദൌത്യമാരംഭിച്ചു.

മലയടിവാരത്തിലൂടെ നടന്നുനടന്ന്‍ വനത്തിലേയ്ക്ക് പ്രവേശിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ വരവുപോക്കുമൂലം തെളിഞ്ഞുകിടക്കുന്ന കാനനപാത. നല്ല ബഹളമൊക്കെയുണ്ടാക്കിക്കൊണ്ട് ഞങ്ങളങ്ങിനെ പോകവേ എതിരേ വന്ന ഒരു തോട്ടം തൊഴിലാളി ഞങ്ങളോടെ സൂക്ഷിച്ചുപോണം ഒരൊറ്റയാനിറങ്ങിയിട്ടുണ്ടെന്ന്‍ പറയുകയുണ്ടായി. ഒറ്റയാനല്ല സിംഹം വന്നാലും വാലേപ്പിടിച്ചു നിലത്തടിയ്ക്കുമെന്നുള്ള ഭാവത്തില്‍ ഞെളിഞ്ഞുനടക്കുന്ന ചെക്കമ്മാര്‍ അതുണ്ടോ മൈന്‍ഡ് ചെയ്യുന്നു. എന്തായാലും ഞാന്‍ നാലുപാടും സൂക്ഷിച്ചു നോക്കിയാണു നടന്നുകൊണ്ടിരുന്നത്. കൊടും വനത്തിലൂടെ നടക്കുമ്പോള്‍ ഭയത്തിന്റെ ഒരനുഭൂതിയൊക്കെയുണ്ട്. തോട്ടടുത്ത് നിന്ന്‍ ചിലപ്പോള്‍ ഇലകളും മറ്റുമൊക്കെയിളക്കിമറിച്ച് കുരങ്ങനൊക്കെ ചാടിത്തുള്ളുമ്പോല്‍ പേടിച്ചു വിറച്ചുപോകും. പലതരം പക്ഷികളുടെ കൊഞ്ചല്‍ നാദങ്ങള്‍ കാടിന്റെ സംഗീതം  മഞ്ഞിന്റെ തണുപ്പ് ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങിവരുന്ന സൂര്യപ്രകാശം. ആര്‍ക്കും കവിതയെഴുതുവാന്‍ തോന്നും.

"സാറേ ഇനി ഒരുപാടു ദൂരമുണ്ടോ"

കുലു ലക്ചററെ തോണ്ടിവിളിച്ചു ചോദിച്ചു.

"ങ്..ഹാ കൊറച്ചുണ്ട്. എന്താ മടുത്തോ"

അല്‍പ്പം ഇഴയുന്ന ശബ്ദത്തില്‍ കൃഷിയാപ്പീസര്‍ മറുപടി നല്‍കി. വീണ്ടും നടത്തം. ഏകദേശമൊരുമണിക്കൂര്‍ കഴിയാറായപ്പോള്‍ ഞങ്ങള്‍ വനത്തിനുള്ളില്‍ നിന്നും ഒരു തേയിലത്തോട്ടത്തിലേയ്ക്ക് പ്രവേശിച്ചു. മനോഹരമായ കാഴ്ച. സ്വര്‍ണ്ണ രശ്മികള്‍ പോലെ സൂര്യപ്രകാശം പതിക്കുന്നു. ഒരുവശത്ത് രണ്ട് വലിയ മലകള്‍ കെട്ടിപ്പിടിച്ചതുപോലെ നില്‍ക്കുന്നു.എതിര്‍വശത്തായി ഘോരവനവും. അവിടെ ഒരു പാറക്കല്ലേലിരുന്ന്‍ വെള്ളവും മറ്റുമൊക്കെക്കുടിച്ചു. സാറമ്മാര്‍ ബാഗില്‍ നിന്നും വീണ്ടുമൊരു കുപ്പി റിലീസ് ചെയ്തു. കപ്പാസിറ്റി കുറവായതിനാല്‍ ഞാന്‍ ഒരു സിഗററ്റ് മാത്രം കത്തിച്ചു. പെട്ടന്നാണ് ഞാനത് കണ്ടത്. ചെരുപ്പില്‍ നിറയെ ചോര. ഒരാന്തലോടെ ഞാന്‍ പാന്റുയര്‍ത്തി കാല്‍പ്പാദത്തിലേയ്ക്ക് നോക്കി. രണ്ട് അട്ടക്കഴുവേറികള്‍ കടിച്ചുപിടിച്ചിരിക്കുന്നു. തട്ടിനോക്കിയിട്ടൊന്നും പോകുന്നില്ല. ഞാന്‍ വലിച്ചുപറിച്ചുകളഞ്ഞു. ഒരല്‍പ്പം പോലും വേദന എനിക്കനുഭവപ്പെട്ടില്ല എന്നതാണു വാസ്തവം. എല്ലാവരും പാന്റൊക്കെ തട്ടിക്കുടഞ്ഞപ്പോള്‍ ശിക്ഷതന്നെ.സകലമാനപേരേം അട്ട ആക്രമിച്ചിട്ടുണ്ട്. കൃഷി ആപ്പീസര്‍ ഒരു ലൈറ്ററെടുത്ത് കത്തിച്ച് കടിച്ചുപിടിച്ചിരിക്കുന്ന അട്ടയുടെ അടുത്തുകൊണ്ടുവന്നപ്പോള്‍ അവ പിടിവിട്ടു. രക്തമൊക്കെ തുടച്ചുകളഞ്ഞ് കുടിയും വലിയുമൊക്കെ പൂര്‍ത്തിയാക്കി ഞങ്ങള്‍ വീണ്ടും നടപ്പാരംഭിച്ചു.



തേയിലതോട്ടം ഞങ്ങളുടെ പുറകിലായപ്രത്യക്ഷമാകുകയും വീണ്ടും വനത്തിലേയ്ക്ക് കയറുകയും ചെയ്തു. വളരെയേറേ നേരം നടന്നിട്ടും കണ്മുന്നില്‍ വന്മരങ്ങള്‍ മാത്രം. വിശന്നുതുടങ്ങിയിരിക്കുന്നു. ഒപ്പം തളര്‍ച്ചയും. വാച്ചിലെ സൂചി ഒന്ന്‍ രണ്ട് മൂന്ന്‍ എന്നിങ്ങനെ ശരവേഗത്തിലോടുന്നു. സമയം വൈകുന്നതിന്റെ സൂചനയെന്നോണം മൊത്തം ഒരു ഇരുട്ട് പരക്കാന്‍ തുടങ്ങിയിരിക്കുന്നു.

"എത്താറായില്ലേ സാറേ"

അസ്വസ്ഥതയോടെ ദീപുവും കുലുവും ഞങ്ങളുടെ ചങ്ങാതിമാരോട് ചോദ്യമെറിഞ്ഞു.

"വഴി തെറ്റിയോ ആവോ"

കൃഷിയാപ്പീസര്‍ ആരോടെന്നില്ലാതെ പറഞ്ഞു

"കൊല്ലും ഞാന്‍ "

കുലു അലറിക്കൊണ്ട് തിരിഞ്ഞു നിന്നു. അവനെ ആശസിപ്പിച്ച് എല്ലാവരും വേഗത്തില്‍ നടക്കാന്‍ തുടങ്ങി. അഞ്ചുമണിക്കുമുന്നേ ബ്രൈമൂര്‍ എസ്റ്റേറ്റില്‍ എത്തിയില്ലെങ്കില്‍ പിന്നെ ആകെ കുഴപ്പമാകും. ആഞ്ഞുനടന്ന ഞങ്ങള്‍ ഒരു വലിയ റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ എത്തപ്പെട്ടു. എവിടെ നോക്കിയാലും റബ്ബര്‍ മരങ്ങള്‍ മാത്രം. മുന്നോട്ട് തന്നെ നടത്തമാരംഭിച്ചു. നാലുമണികഴിഞ്ഞിരിക്കുന്നു. കാലൊക്കെ അസാധ്യമായി കഴയ്ക്കുവാനും വേദനിക്കുവാനും തുടങ്ങിയിരിക്കുന്നു. കുറേയേറെ ചെന്നപ്പോള്‍ അങ്ങ് താഴെയായി ചെറിയ കൂരകള്‍ പോലെ ചിലത് കണ്ണില്‍പ്പെട്ടു. പുകയുമുയരുന്നുണ്ട്. സന്തോഷത്താല്‍ ഞങ്ങള്‍ ആര്‍ത്തു വിളിച്ചു. ഞങ്ങള്‍ നില്‍ക്കുന്നത് വളരെയേറെ ഉയരത്തിലാണു. പിന്നൊന്നും നോക്കിയില്ല താഴേയ്ക്ക് കുതിക്കുകയായിരുന്നു. ഓരോ തട്ടിറങ്ങുമ്പോഴും കുലു ലക്ചററേയും കൃഷി ആപ്പീസറേയും പൂരം പോലെ തെറിയഭിഷേകം നടത്തുന്നുണ്ടായിരുന്നു. പാവങ്ങള്‍ ഒരക്ഷരം മിണ്ടാതെ തലയും കുനിച്ച് കുന്നിറങ്ങിക്കൊണ്ടിരുന്നു. റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഓരോ തട്ടുകളും ചാടിച്ചാടി താഴ്ചയിലേയ്ക്കൊരു സഞ്ചാരം. അരമണിക്കൂറിനുളള്ളില്‍ ഞങ്ങള്‍ അങ്ങിനെ താഴെയെത്തി. അവിടെ കണ്ട ഒരു ചാലില്‍ നിന്നും നന്നായി മുഖവും കൈകാലുകളും കഴുകി. ഐസ് തോറ്റുപോകുന്ന തണുപ്പ്. മുന്നില്‍ കണ്ട കെട്ടിടത്തിനടുത്തേയ്ക്ക് ചെന്നപ്പോള്‍ ബീഡിയും പുകച്ചിരുന്ന ഒരാളെകണ്ടു. ബസ്സ് പോയിട്ടില്ല എന്നറിഞ്ഞപ്പോല്‍ പകുതി ആശ്വാസമായി. പിന്നെ അവിടെതന്നെയുണ്ടായിരുന്ന ഒരു കൊച്ചു ചായക്കടയില്‍ നിന്നും ചായയും ബണ്ണുമൊക്കെ വാങ്ങിത്തിന്നു. അഞ്ചുമണിയായപ്പോള്‍ ബസ്സു വരുകയും അതില്‍ കയറി പാലോട് ഇറങ്ങുകയും അവിടെ നിന്നു ആറ്റിങ്ങള്‍ ബസ്സുപിടിച്ച് രാത്രി എട്ടരയോടടുപ്പിച്ച് നാടുപിടിക്കുകയും ചെയ്തു.


സംഭവബഹുലമായ ഒരു യാത്ര അങ്ങിനെ പര്യവസാനിച്ചു. അട്ട കടിച്ചിടമൊക്കെ പിറ്റേന്നുമുതല്‍ ചൊറിഞ്ഞുപറിഞ്ഞു നാശകോശമായി ആശുപത്രിയില്‍ വരെ പോകേണ്ടി വന്നതു ചരിത്രം.

(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും അടിച്ചുമാറ്റിയതാണു...)

ശ്രീക്കുട്ടന്‍


Tuesday, September 25, 2012

പതിവ്രതയായ ഭാര്യ


വിക്രമാദിത്യരാജാവിന്റെ സദസ്സിലുണ്ടായിരുന്ന ബ്രാഹ്മണോത്തമനായിരുന്നു സകലശാസ്ത്രപാരംഗനായിരുന്ന വരരുചി. വിധിയുടെ അലംഘനീയതമൂലം വരരുചിക്ക് ഒരു പറയസ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്നു. ആദ്യ കുഞ്ഞു ജനിച്ചപ്പോള്‍ കുഞ്ഞിനു വായുണ്ടോയെന്ന്‍ വരരുചി ഭാര്യയോട് ചോദിച്ചു. ഉണ്ട് എന്ന്‍ ആ പറയസ്ത്രീ പറഞ്ഞപ്പോള്‍ എന്നാല്‍ ആ കുഞ്ഞിനെ അവിടെയെവിടെയെങ്കിലും കളഞ്ഞേക്കൂ വാ കീറിയ ദൈവം ഇരയും നല്‍കും എന്നു പറഞ്ഞിട്ട് വരരുചി നടക്കാനാരംഭിച്ചു. തന്റെ ഭര്‍ത്താവിന്റെ വാക്കതേപടിയനുസരിച്ച ആ സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിനെ അനുഗമിച്ചു. അപ്രകാരം പതിനൊന്ന്‍ കുഞ്ഞുങ്ങളെ പലസ്ഥലത്തായുപേക്ഷിക്കുകയുണ്ടായി. പല ജാതിമതസ്തരായ ആളുകള്‍‍ക്ക് അ കുഞ്ഞുങ്ങളെ ലഭിക്കുകയും അവര്‍ അതാതു ജാതികളില്‍ വളരാനും തുടങ്ങി. പന്ത്രണ്ടാമതും കുഞ്ഞുണ്ടായപ്പോള്‍  അതിനു വായില്ല എന്ന്‍ ആ സാധ്വി വരരുചിയുടെ ചോദ്യത്തിനു മറുപടിയായി കള്ളം പറയുകയും യഥാര്‍ത്ഥത്തില്‍ ആ കുഞ്ഞിനു അപ്പോള്‍ത്തന്നെ വായില്ലാതായി തീരുകയും ചെയ്തു.ആ കുഞ്ഞാണു വായില്ലാക്കുന്നിലപ്പന്‍ എന്നറിയപ്പെടുന്നത്.

മേളത്തൂര്‍അഗ്നിഹോത്രി, രചകന്‍, ഉളിയന്നൂര്‍തച്ചന്‍, വള്ളോന്‍, വടുതലമരു, കാരയ്ക്കലമ്മ, ഉപ്പുകൊറ്റന്‍, പാണനാര്‍, നാരായണത്ത് ഭ്രാന്തന്‍, അകവൂര്‍ചാത്തന്‍, പാക്കനാര്‍, വായില്ലാക്കുന്നിലപ്പന്‍ ഇവരായിരുന്നു പറയിപെറ്റ പന്തിരുകുലം. ഇവരെല്ലാവരും തന്നെ ബാല്യകാലം കഴിഞ്ഞപ്പോള്‍ സഹോദരന്മാരാണെന്ന്‍ തിരിച്ചറിയുകയും പരസ്പ്പരം സ്നേഹത്തോടും സഹവര്‍ത്തിത്വത്തോടും കൂടി കഴിഞ്ഞുവന്നു.

കാലം പോകവേ വായില്ലാക്കുന്നിലപ്പനൊഴിച്ച് ബാക്കി പതിനൊന്നുപേരും എല്ലാ കൊല്ലവും അച്ഛന്റെ ശ്രാദ്ധമൂട്ടിനായി മേളത്തൂര്‍ അഗ്നിഹോത്രിയുടെ ഇല്ലത്തില്‍ ഒത്തുകൂടുക പതിവായിരുന്നു. ഒരുനാള്‍ ഇപ്രകാരം ശ്രാദ്ധമൊക്കെക്കഴിഞ്ഞ് ഭക്ഷണത്തിനായിട്ടെല്ലാവരുമിരിക്കുന്നനേരം അഗ്നിഹോത്രികളുടെ അന്തര്‍ജ്ജനം ഇവര്‍ക്ക് മുന്നില്‍ വന്ന്‍ ഭക്ഷണം വിളമ്പിക്കൊടുക്കുവാന്‍ മടിച്ചുനിന്നു. അഗ്നിഹോത്രികള്‍ വളരെയേറെ വിളിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തതിനുശേഷം ആ അന്തര്‍ജ്ജനം ഒരു മറക്കുടകൊണ്ട് മുഖം മറച്ച് അവര്‍ക്ക് ആഹാരം വിളമ്പിയശേഷം അകത്തേക്ക് പോയി. അപ്പോള്‍ പാക്കനാര്‍ ഇതെന്താണിങ്ങിനെയെന്നു ചോദിക്കുകയും പതിവ്രതകളായ സ്ത്രീകള്‍ ഭര്‍ത്താവല്ലാതെ അന്യപുരുഷന്മാരുടെ മുന്നില്‍ മുഖം കാണിച്ചുവരാന്‍ പാടില്ലാത്തതുകൊണ്ടാണിപ്രകാരം ചെയ്തതെന്ന്‍ അഗ്നിഹോത്രി മറുപടിയും പറഞ്ഞു. എന്നാല്‍ ഇതൊന്നും പാതിവ്രത്യലക്ഷണമല്ലെന്നും ബ്രാഹ്മണസ്ത്രീകള്‍ക്ക് പാതിവ്രത്യം എന്തെന്നറിയുക കൂടിയില്ലെന്നും മാത്രമല്ല ലോകത്ത് പതിവ്രതയായി ഒരു സ്ത്രീയുണ്ടെങ്കില്‍ അത് തന്റെ ഭാര്യ മാത്രമാണെന്ന്‍ പാക്കനാര്‍ വെല്ലുവിളിക്കുകയും ചെയ്തു. അപ്പോള്‍ ചണ്ഡാലസ്ത്രീകള്‍ക്ക് പാതിവ്രത്യമോ പതിവ്രതാധര്‍മ്മജ്ഞാനമോ ഉണ്ടോയെന്നും പാക്കനാര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞ് അഗ്നിഹോത്രികള്‍ തര്‍ക്കിച്ചു. വളരെയേറെ നേരത്തെ പരസ്പ്പരവാഗ്വാദത്തിനുശേഷം താനത് തെളിയിച്ചുതരാമെന്ന്‍ പാക്കനാര്‍ വെല്ലുവിളിച്ചതുകേട്ട് എന്നാലതറിഞ്ഞിട്ടേയുള്ളൂ ഇനിയെന്തും എന്ന ഭാവത്തില്‍ അഗ്നിഹോത്രിയും പാക്കനാരും കൂടി പാക്കനാരുടെ കുടിലിലേയ്ക്ക് നടന്നു.ഇരുവരും ചെല്ലുന്ന സമയത്ത് പാക്കനാരുടെ ഭാര്യ കിണറ്റില്‍നിന്നു വെള്ളം കോരിക്കൊണ്ടുനില്‍ക്കുകയായിരുന്നു.വെള്ളവും പാളയും കൂടി കിണറിന്റെ മധ്യഭാഗത്തെത്തിയപ്പോഴാണു പാക്കനാരുടെ വിളി അവര്‍ കേട്ടത്. അക്ഷണം അവര്‍ കയറില്‍നിന്നുള്ള പിടിവിട്ട് ഭര്‍ത്താവിനടുത്തേയ്ക്ക് ഓടിവന്നു. കയറില്‍ നിന്നുള്ള പിടിവിട്ടിട്ടും തൊട്ടിയും വെള്ളവും താഴേയ്ക്ക് വീഴാതെ ആസ്ഥിതിയില്‍ത്തന്നെ നിലകൊണ്ടതുകണ്ട അഗ്നിഹോത്രികള്‍ക്ക് ആശ്ചര്യമടക്കാനായില്ല.

തന്റെമുന്നില്‍ വന്നുനിന്ന ഭാര്യയോട് വീട്ടില്‍ എത്ര നെല്ലിരിപ്പുണ്ടെന്ന്‍ പാക്കനാര്‍ ചോദിച്ചു. അഞ്ചിടങ്ങഴിയെന്നവര്‍ ഉത്തരവും നല്‍കി. ഉടനെ അതില്‍നിന്നു നേര്‍പകുതി നെല്ലളന്നെടുത്ത് പുഴുങ്ങിക്കുത്തി അരിയാക്കി ചോറുവച്ചുകൊണ്ടുവരുവാന്‍ പാക്കനാര്‍ പറഞ്ഞു. ആ സ്ത്രീ അപ്പോള്‍ത്തന്നെ അകത്തേയ്ക്ക് പോകുകയും ഇരുന്ന നെല്ലി‍ന്റെ പകുതിയളന്നെടുത്ത് പുഴുങ്ങിക്കുത്തി അരിയാക്കി ചോറുവച്ചുകൊണ്ടുവരുകയും ചെയ്തു. ഉടനെ അത് കുപ്പയില്‍ കളഞ്ഞേക്കുവാന്‍ പാക്കനാര്‍ പറഞ്ഞു. മടിയേതും കൂടാതെ അവര്‍ ആ ചോറു‍ കുപ്പയില്‍ തട്ടി. അപ്പോള്‍ ബാക്കിയുള്ള നെല്ലും പുഴുങ്ങിക്കുത്തി ചോറുവച്ചുവരുവാന്‍ പാക്കനാര്‍ പറയുകയും പാക്കനാരുടെ ഭാര്യ ഉടനെതന്നെ അപ്രകാരം ചെയ്യുകയും ചെയ്തു. ആ ചോറും കുപ്പയിലേയ്ക്കിടുവാന്‍ പറഞ്ഞപ്പോള്‍ ഒരു വൈമനസ്യവും കൂടാതെ അവരതനുസരിക്കുകയും ചെയ്തു. ആ വീട്ടില്‍ ആകെയുണ്ടായിരുന്ന നെല്ലായിരുന്നുവത്. അതില്‍നിന്നു കുറച്ചെടുത്ത് പുഴുങ്ങി ചോറുവയ്ക്കാമെന്ന്‍ കരുതി വെള്ളം കോരവേയാണു പാക്കനാര്‍ വിളിക്കുകയും പിന്നെ മേല്‍പറഞ്ഞതെല്ലാമുണ്ടാവുകയും ചെയ്തത്. വിശപ്പുണ്ടായിരുന്നുവെങ്കിലും ഭര്‍ത്താവ് പറഞ്ഞത് മടികൂടാതെയനുസരിക്കയാണവര്‍ ചെയ്തത്.

പാക്കനാരും അഗ്നിഹോത്രികളും കൂടി തിരിച്ച് ഇല്ലത്തേയ്ക്ക് മടങ്ങവേ താനീ ചെയ്യിച്ചതുപോലെ അന്തര്‍ജ്ജനത്തിനെക്കൊണ്ടൊന്നു ചെയ്യിക്കാമോയെന്ന്‍ പാക്കനാര്‍ ചോദിച്ചു. ഒന്നും മിണ്ടാതെ നടന്ന അഗ്നിഹോത്രി ഇല്ലത്തെത്തിയപ്പോള്‍ അന്തര്‍ജ്ജനത്തെ വിളിക്കുകയും പാക്കനാര്‍ അയാളുടെ ഭാര്യയോട് പറഞ്ഞതുപോലെ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെയിപ്പോള്‍ ആവശ്യത്തിനരിയിരിക്കുന്നുണ്ടല്ലോ എന്തിനാണിപ്പോള്‍ നെല്ല് പുഴുങ്ങുന്നതെന്നൊക്കെ ആ അന്തര്‍ജ്ജനം ഒരുപാട് തടസ്സം പറഞ്ഞെങ്കിലും അഗ്നിഹോത്രിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ മുഖം ചുളിച്ച് മുറുമുറുത്തുകൊണ്ട് അവര്‍ അകത്തേയ്ക്കുപോകുകയും വളരെ സമയമെടുത്ത് നെല്ലുകുത്തി അരിയാക്കി ചോറുവച്ചു വരികയും ചെയ്തു. അത് കുപ്പയില്‍ കളഞ്ഞേക്കാന്‍ അഗ്നിഹോത്രി പറഞ്ഞതുകേട്ട് അന്തര്‍ജ്ജനം ആകെ കോപിഷ്ടയായി. ചോറു കളയുന്നത് മഹാപാപം താന്‍ പാടുപെട്ട് വച്ചുണ്ടാക്കിയത് കുപ്പയില്‍ കളയുവാന്‍ പറയുന്നത് സങ്കടകരം എന്നെല്ലാം പറഞ്ഞു ബഹളമുണ്ടാക്കി. എന്നാല്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം സഹിയാതെ ഒടുവിലവര്‍ ആ ചോറു കുപ്പയിലിട്ടു. ഉടനെ ബാക്കിയുള്ള നെല്ലുകൂടി കുത്തി അരിയാക്കി ചോറു വച്ചുകൊണ്ടുവരുവാന്‍ അഗ്നിഹോത്രി ആവശ്യപ്പെട്ടു. അപ്പോള്‍ അവിടേയ്ക്ക് ഭ്രാന്താണു ഈ താളത്തിനു തുള്ളാന്‍ എന്നെക്കിട്ടില്ല എന്നുറക്കെപ്പറഞ്ഞിട്ട് അന്തര്‍ജ്ജനം ചവിട്ടിത്തുള്ളി അകത്തേയ്ക്ക് കയറിപ്പോയി. അഗ്നിഹോത്രി എത്ര തന്നെ നിര്‍ബന്ധിച്ചു വിളിച്ചിട്ടും അവര്‍ പുറത്തേയ്ക്ക് വരുവാന്‍ കൂട്ടാക്കിയില്ല.

ഭര്‍ത്താക്കമ്മാര്‍ എന്തുപറഞ്ഞാലും സന്തോഷത്തോടു കൂടി അതുടനെതന്നെ ചെയ്യുന്ന സ്ത്രീകളാണു പതിവ്രതകള്‍, അങ്ങിനെ ചെയ്യുന്നതാണ് പതിവ്രതാധര്‍മ്മം അതില്‍ ഗുണദോഷചിന്തനം ചെയ്യാനും തര്‍ക്കങ്ങള്‍ പറയാനും മുതിരുന്നവള്‍ പതിവ്രത എന്ന വിശേഷണത്തിനര്‍ഹയല്ലെന്നും പറഞ്ഞ് അഗ്നിഹോത്രികളെ സമ്മതിപ്പിച്ചിട്ട് പാക്കനാര്‍ പുറത്തേയ്ക്ക് പോയി.

ഈ കഥയ്ക്ക് ഇന്നത്തെ സമൂഹത്തില്‍ ചവറ്റുകുട്ടയിലായിരിക്കും സ്ഥാനമെന്നത് നിസ്തര്‍ക്കമാണ്.  കുഞ്ഞുങ്ങളെയും പ്രസവിച്ചു അടുക്കളയില്‍ അടിഞ്ഞുകൂടി കരിയും പുകയും കൊണ്ടു തുലയ്ക്കാനുള്ളതല്ല തന്റെ ജീവിതം എന്നു ധൈര്യസമേതം പറഞ്ഞ് സമത്വത്തിനും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പടപൊരുതുവാന്‍ തയ്യാറാകുന്ന നാരീമണികള്‍ക്കുമുന്നില്‍ പതിവ്രതാധര്‍മ്മമെന്നാലിതാണെന്നും പറഞ്ഞു ചെന്നാല്‍ ചിലപ്പോള്‍ അകത്തുകിടന്നു അഴിയെണ്ണേണ്ട അവസ്ഥയാവുമുണ്ടാവുക. പാതിവൃത്യമെന്നത് ഭര്‍ത്താവ് പറയുന്നതെന്തും കണ്ണടച്ചനുസരിക്കണമെന്നതല്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ ദുര്‍വ്വാശിപൂണ്ടപോലെ ക്രമവിരോധമായി വല്ലതും ചെയ്യാന്‍ പറയുന്ന ഭര്‍ത്താക്കമ്മാരെ അങ്ങനെ ചെയ്യുന്നതിലുണ്ടാകാവുന്ന ഗുണദോഷവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുവാനും അവരെ അതില്‍നിന്നു പിന്തിരിപ്പിച്ചു മനസ്സ് യഥാസ്ഥിതമാക്കുവാനുമുള്ള കടമ ഒരു ഭാര്യയ്ക്കുണ്ട്. കുടുമബമെന്നത് ഒരുമയുടെ ചുമരുകളാല്‍ നിര്‍മ്മിക്കപ്പെടേണ്ട ഒന്നാണ്. അതിന്റെ നെടും തൂണുകള്‍ ആകേണ്ടവരാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. പൊതുസമൂഹചിന്താഗതിക്കൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താവ് (പുരുഷന്‍) ചെയ്യുന്ന എന്തിനെയും കണ്ണുമടച്ചംഗീകരിക്കലല്ല മറിച്ച് ഏതൊന്നിന്റേയും ഗുണദോഷവശങ്ങള്‍ മനസ്സിലാക്കിപ്പിച്ച് നേര്‍വഴി നയിക്കുന്നവളാകണം ഭാര്യ. അതാണു ഒരു നല്ല ഭാര്യയുടെ കഴിവും ധര്‍മ്മവും. അത്തരം ഭാര്യമാരാണ് യഥാര്‍ത്ഥ പതിവ്രതകള്‍...

ശ്രീ....

Saturday, September 22, 2012

പതിനെട്ടിന്റെ പൂങ്കനവില്‍

1996 ലെ ഒരു സുപ്രഭാതം. ഉറക്കം അതിന്റെ പാരമ്യത്തിലെത്തിയിരിക്കുന്നു. മദം പൊട്ടിയിളകിപ്പാഞ്ഞുവരുന്ന ആന ചവിട്ടിയാലും അറിയാന്‍ പോകുന്നില്ല. സംഗതിയെന്താന്നു വച്ചാല്‍ ശാര്‍ക്കരക്ഷേത്രത്തില്‍ നിന്നും ഒറക്കമൊഴിഞ്ഞ് ഭരണിമഹോത്സവമൊക്കെകണ്ട് വന്ന്‍ കിടന്നതേയുള്ളൂ. ചായകുടിച്ചേച്ച് കിടക്കെടാ ചെക്കാന്ന്‍‍ പറഞ്ഞ അമ്മച്ചിയെ രൂക്ഷമായിട്ടൊന്ന്‍ നോക്കിയതോടെ അവര്‍ അവരുടെ പാടും നോക്കി അടുക്കളയിലേയ്ക്ക് വലിഞ്ഞു. അമ്പലപ്പറമ്പ് നിറഞ്ഞുതിമിര്‍ക്കുന്ന പുരുഷാരവും അതിനിടയില്‍ കാണുന്ന തരുണീമണികളും കച്ചവടക്കാരും കരിമ്പും കടകളും സകലമാന ഐറ്റംസും മനസ്സിന്റെ അന്തര്‍ധാരകളെ സജീവമാക്കിക്കൊണ്ടുള്ള മനോഹര ഉറക്കം.

 ആരോ ദേഹത്തു പിടിച്ചുകുലുക്കിയതായി അനുഭവപ്പെട്ടപ്പോള്‍ ബദ്ധപ്പെട്ട് കണ്ണുകള്‍ തുറന്നു. ആദ്യം ഒരു മങ്ങിയ കാഴ്ച മാത്രം. ഒന്നുരണ്ടു സെക്കന്‍ഡുകഴിഞ്ഞപ്പോള്‍ കോളിനോസ് ചിരിയുമായി മുന്നില്‍ നില്‍ക്കുന്നു ആത്മാര്‍ത്ഥസ്നേഹിതന്‍ രാജു. വായില്‍ വന്ന തെറി അതേപോലെ അവനു സമ്മാനിച്ചുകൊണ്ട് ഞാന്‍ പിന്നേം വശം ചരിഞ്ഞുകിടന്നു. നോ രക്ഷ. പന്നി വീണ്ടും എണീപ്പിക്കുവാന്‍ ശ്രമിക്കുന്നു.

 "അളിയാ വന്നുകെടന്നിട്ട് തെകച്ച് രണ്ട് മണിക്കൂര്‍ ആയിട്ടില്ല. ഒറക്കം വന്നു പ്രാന്തെടുക്കുന്നു"

 ദയനീയത ആവതും കലര്‍ത്തിപ്പറഞ്ഞുനോക്കി. ആരു കേള്‍ക്കാന്‍. അവനെന്നെ വലിച്ചെണീപ്പിച്ചു. പായില്‍ എഴുന്നേറ്റിരുന്ന ഞാന്‍ അമ്മച്ചിയോട് ചായകൊണ്ടുവരാനായി വിളിച്ചുപറഞ്ഞു.

 "വേണേലടുക്കളേച്ചെന്ന്‍ അനത്തിക്കുടിയ്ക്കെടാ"

 ഹൈ വോളിയത്തില്‍ പിന്നാമ്പുറത്ത് നിന്നും അമ്മച്ചീട മറുപടി. ചായകുടി ക്യാന്‍സലാക്കി ഞാന്‍ ഒന്നു മൂരി നിവര്‍ത്തു.

 "എന്തുവാടാ. മനുഷ്യനെ ഒറങ്ങാനും സമ്മതിക്കേലേ"

 "അളിയാ. നീ പെട്ടന്നൊരുങ്ങ്. നമുക്കൊന്ന്‍ തിരുവനന്തപുരം വരെ പോണം"

 ഞാനവനെ കണ്ണുമിഴിച്ചു നോക്കി. എന്താ അര്‍ജന്റ് കാര്യം എന്നെ ഭാവത്തോടെ.

 "നമ്മുടെ ചിത്രയുടെ ഒരു തരികിട പടം അവിടെ കളിക്കുന്നുണ്ട്.പ്രഭാതം ചുവന്ന തെരുവില്‍. ശരിക്കും സീനുകളുണ്ട്.അളിയാ ഇന്നോ നാളെയോ മാറിയാപ്പിന്നെ കാണാനാവില്ല. എന്റെ ഒരു കൂട്ടുകാരന്‍ കണ്ടു.ഹോ"

 കൈകള്‍ കൂട്ടിത്തിരുമ്മിക്കൊണ്ട് അവന്‍ എന്റെ കാതില്‍ ഒച്ചകുറച്ചാ സത്യം വെളിപ്പെടുത്തി. ചിത്രയുടെ സിനിമയോ. ഹേയ് അങ്ങിനെ വരാന്‍ വഴിയില്ലല്ലോ. ഞാന്‍ ആകെ ചിന്താകുഴപ്പത്തിലായി. ഉറങ്ങണോ പോണോ. മനസാകെ ചിന്താകുഴപ്പത്തില്‍. പതിനെട്ടിന്റെ മനസ്സ് എവിടെയടങ്ങാന്‍. ഉറക്കത്തെ കാലുമടക്കിത്തൊഴിച്ചുകൊണ്ട് ഞാന്‍ അതിവേഗം കര്‍മ്മനിരതനായി. കൃത്യം 9 മണിയ്ക്ക് ആറ്റിങ്ങള്‍ ബസ്റ്റാന്‍ഡിലെത്തി. തിരുവനന്തപുരത്തേയ്ക്കുള്ള ഫാസ്റ്റ് വന്നപ്പോള്‍ ഞാന്‍ വെയിറ്റിംഗ് ഷെഡ്ഡില്‍ നിന്നും ഓടിയിറങ്ങി.

 "വേണ്ടളിയാ. പതിനൊന്നരയ്ക്കാ പടം. ഇപ്പോഴേ ഫാസ്റ്റീല്‍ പോയിട്ടെന്തോ ചെയ്യാനാ. ലോക്കലില്‍ പോകാം. അതാവുമ്പം എഴഞ്ഞുതുമിച്ച് തിരുവനന്തപുരത്തെത്തുമ്പം പത്തുപതിനൊന്ന്‍ മണിയാവും.കറക്ട് സമയമായിരിക്കും"

 രാജു പറഞ്ഞതില്‍ കാര്യമുണ്ടെന്നെനിക്കും തോന്നി. ബസ്സിലിരുന്ന്‍ ഒന്നു മയങ്ങുകയും ചെയ്യാമല്ലോ. പത്തിരുപത് മിനിട്ടുകള്‍ കഴിഞ്ഞപ്പോള്‍ ഒരു പാട്ടവണ്ടി പുകയും തുപ്പി തിരോന്തരം ബോര്‍ഡും വച്ച് മുന്നില്‍ വന്നു നിന്നു. ഭാഗ്യത്തിനു സീറ്റുകിട്ടി. സൈഡ് സീറ്റിലിരുന്നത് അവനാണ്. വണ്ടിയിലിരുന്ന്‍ കലപിലാ വര്‍ത്താനിച്ചുകൊണ്ടിരുന്നതിനാല്‍ ഒറക്കം വന്നതേയില്ല. കണിയാപുരത്തെത്തിയപ്പോള്‍ ബസ്സ് നാഷണല്‍ ഹൈവേ വിട്ട് ഏതോ കാട്ടുമ്പുറത്തേയ്ക്കുള്ള വഴിയിലേയ്ക്ക് കയറി. ഞാന്‍ വാച്ചുനോക്കിയപ്പോള്‍ പത്തരയാവുന്നു. ഇനിയെപ്പോഴാണിത് തിരുവനന്തപുരത്തെത്തുക. ഞാന്‍ രാജുവിനെ രൂക്ഷമായൊന്നു നോക്കി. അവന്‍ അത് മൈന്‍ഡ് ചെയ്യാതെ മുന്‍ വശത്തായി കമ്പിയില്‍ ചാരി നില്‍ക്കുന്ന തരുണിയില്‍ നോട്ടം കേന്ദ്രീകരിച്ചു.

 "അളിയാ നീ ഇപ്പുറത്തിരി ഇച്ചിരി കാര്യമുണ്ട്"

 അവന്‍ എന്റെ കാതില്‍ മെല്ലെപ്പറഞ്ഞു. വായില്‍ വന്ന തെറി വിഴുങ്ങിക്കൊണ്ട് ഞാന്‍ മാറിയിരുന്നുകൊടുത്തു. ആ പെങ്കൊച്ചിനെ നോക്കി വെള്ളമിറക്കിയവനിരിക്കുന്നതും നോക്കി യിരിക്കവേ കാറ്റേറ്റ് കണ്ണിനെ മയക്കത്തിന്റെ ആലസ്യം പിടികൂടുകയും ഞാന്‍ ഒന്നു ചായുകയും ചെയ്തു. 

"അളിയാ അങ്ങിനെ സ്ഥലമെത്തി പെട്ടന്നിറങ്ങ്"

 എന്നെ കുലുക്കിവിളിച്ചുകൊണ്ട് രാജു എഴുന്നേറ്റു. കൂടെ ഞാനും. ബസ്സില്‍ നിന്നും ചാടിയിറങ്ങി വാച്ചു നോക്കി. സമയം പതിനൊന്നേകാല്‍ കഴിഞ്ഞിരിക്കുന്നു. അപ്പോഴാണു ഞാനത് കണ്ടത്. രാജുവിന്റെ ഷര്‍ട്ടിന്റെ പുറകുവശം മുഴുവനും ഒരുമാതിരി ചളിപുരണ്ടതുപോലെ. ഹ..ഹാ തല്ലിപ്പൊളിബസ്സിലെ സീറ്റു ചതിച്ചതാ. മനസ്സില്‍ ഒന്നു ഞാന്‍ പൊട്ടിച്ചിരിച്ചെങ്കിലും പെട്ടന്ന്‍ നിശ്ശബ്ദനായി. എനിക്കും പണികിട്ടിയിട്ടുണ്ടാവും എന്നതുറപ്പല്ലായിരുന്നോ. കാശുകൊടുത്ത് ഒരു സോപ്പ് മേടിച്ച് അവിടത്തെ കക്കൂസില്‍ കയറി ഷര്‍ട്ടൂരി ഒന്നു കഴുകി. കുളത്തില്‍ വീണു കുളമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. ഒരുവിധമെങ്ങിനെയെങ്കിലും വൃത്തിയാക്കിയെന്നു വരുത്തി പുറത്തേയ്ക്ക് ചാടി. എസ് എല്‍ കോമ്പ്ലക്സിലാണു സിനിമ കളിക്കുന്നത്. വഴിയില്‍ പോസ്റ്റര്‍ കണ്ടപ്പോള്‍ തന്നെ ആകെയൊരു കുളിര്. പെട്ടന്നാണ് ഷോ ടൈം ഞാന്‍ ശ്രദ്ധിച്ചത്. മോര്‍ണിംഗ് ഷോ മാത്രമേയുള്ളൂ. അതും 11 നാണു. സമയമിപ്പോള്‍ 11.20 കഴിഞ്ഞിരിക്കുന്നു. ഇനി പോയിട്ട് ഉപയോഗമുണ്ടാവുമോ. എന്റെ ആശങ്ക ഞാന്‍ അവനെ അറിയിച്ചു. വിജ്രംഭിതനായി കാലുകള്‍ വലിച്ചുവച്ച് തിയേറ്റര്‍ ലക്ഷ്യമാക്കി ആഞ്ഞുനടക്കുന്ന അവനുണ്ടോ അത് മൈന്‍ഡ് ചെയ്യുന്നു.

 "കൃപയില്‍ ദില്‍ വാലേ ദുല്‍ഹനിയാ കളിക്കുന്നു. അതു കണ്ടാലോ നമുക്ക്"

 ഞാന്‍ അവനെ സോപ്പിടാന്‍ നോക്കി.

 "അളിയാ എനിക്കീ സിനിമ കണ്ടേ പറ്റൂ. നീയൊന്ന്‍ വേഗം നടന്നേ"

 അവന്‍ നയം വ്യക്തമാക്കിക്കഴിഞ്ഞു. എന്റെ കയ്യിലാണെങ്കില്‍ ഒരു സിഗററ്റ് മേടിക്കാനുള്ള കാശുകൂടിയില്ല. ഉണ്ടായിരുന്ന പൈസാ ഭരണിമഹോത്സവത്തിനു പൊടിച്ചില്ലേ. പിന്നെ ഒന്നും നോക്കിയില്ല. നടത്തത്തിന്റെ സ്പീഡ് കൂട്ടി. ഗേറ്റ് കടന്ന്‍ ധൃതിയില്‍ കൌണ്ടറിനടുത്തു ചെന്നു. അതുല്യ അഞ്ജലി അശ്വതി ആതിര എന്നിങ്ങിനെ നാലു തിയേറ്ററുകള്‍ ചേര്‍ന്നതാണ് എസ് എല്‍ കോമ്പ്ലക്സ്. അശ്വതിയിലായിരുന്നുവെന്ന്‍ തോന്നുന്നു നമ്മള്‍ ലക്ഷ്യം വയ്ക്കുന്ന സിനിമ. സമയം പോയ വെപ്രാളത്തില്‍ രാജു ഓടിച്ചെന്ന്‍ രണ്ട് ടിക്കറ്റെടുത്തു. മുകളിലത്തെ നിലയിലാണു തിയേറ്റര്‍. ഓടിപ്പിടിച്ച് ചെന്ന്‍ വാതിലില്‍ ടിക്കറ്റ് കീറാന്‍ നില്‍ക്കുന്നവന്റെ കയ്യില്‍ ടിക്കറ്റ് കൊടുത്തു. ടിക്കറ്റ് കയ്യില്‍ വാങ്ങിയ അവന്‍ മനോഹരമായിങ്ങിനെ മൊഴിഞ്ഞു.

 "ഇത് ആ ഷോയ്ക്കുള്ള ടിക്കറ്റാ. താഴെയാണാ പടം ഓടുന്നത്. അങ്ങോട്ട് ചെന്നോളൂ. പടം തൊടങ്ങീട്ട് കൊറച്ചു നേരമായി"

 ഒരു ഞെട്ടലോടെ ഞങ്ങള്‍ അവന്‍ ചൂണ്ടിക്കാട്ടിയ പോസ്റ്ററിലേയ്ക്ക് നോക്കി. എനിക്കെന്റെ തല ചുറ്റുന്നതുപോലെ തോന്നി. ആറ്റിങ്ങള്‍ എസ് ആര്‍ തിയേറ്ററില്‍ ഒരു പട്ടിക്കുഞ്ഞുപോലും കാണാനില്ലാതെ എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാര്‍ എന്ന പരുവത്തിലോടുന്ന "പള്ളിവാതുക്കള്‍ തൊമ്മിച്ചന്‍" എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ പോസ്റ്ററായിരുന്നുവത്. വെപ്രാളത്തില്‍ ടിക്കറ്റെടുത്തപ്പോള്‍ കൌണ്ടര്‍ മാറിപ്പോയതാണു. മനസ്സിലൊരായിരം തെറിവിളിച്ചുകൊണ്ട് ചിത്രയുടെ മാദകമേനിയുടെ ചിത്രമുള്ള പോസ്റ്ററില്‍ നോക്കി ഒരു നെടുവീര്‍പ്പുമിട്ട് അതിദയനീയഭാവമുഖത്തോടെ ഞങ്ങള്‍ താഴേയ്ക്ക് മാര്‍ച്ച് ചെയ്ത് ടിക്കറ്റ് കീറുന്നവന്റെ കയ്യില്‍ ടിക്കറ്റ് കൊടുത്ത് ആ ചടങ്ങ് അങ്ങട്ട് നടത്തി അകത്തേയ്ക്ക് കയറി ഒഴിഞ്ഞുകിടന്ന രണ്ട് സീറ്റിലേയ്ക്ക് വീണു. പത്തു മിനിട്ട് കഴിഞ്ഞപ്പോള്‍ ഇന്റര്‍വെല്‍ ആകുകയും ചെയ്തു. ബാക്കിയുണ്ടായിരുന്ന കാശിനു മേടിച്ചുകൊണ്ട് വന്ന ഐസ്ക്രീമിനുപോലും എന്റെയുള്ളം തണുപ്പിക്കാനായില്ല.

 (ഈപ്പറയുന്ന രണ്ട് നയനമനോഹരചിത്രങ്ങളുടേയും ഓരോ ഫോട്ടോയെങ്കിലുമിടണമെന്ന്‍ എനിക്കാഗ്രഹമുണ്ടായിരുന്നു. തപ്പിയിട്ട് കിട്ടീല്ല. എല്ലാവരും ക്ഷമിക്കുക)

 ശ്രീക്കുട്ടന്‍

Tuesday, September 18, 2012

ചില ചിതറിയ ചിന്തകള്‍


നന്നാവുകയെന്നത് :

ആര്‍ക്കും ആരെയും മാറ്റിമറിക്കാനാവില്ല എന്നു ഞാന്‍ കരുതുന്നു. മാറ്റങ്ങള്‍ ഉണ്ടാകേണ്ടത് ഒരുവന്റെ ആവശ്യമായി വരുമ്പോള്‍ അവന്‍ സ്വയം മാറാന്‍ ആരംഭിക്കും. ഇല്ലെങ്കില്‍ നിലനില്‍പ്പില്ല എന്ന തിരിച്ചറിവാണവനെയതിനു പ്രേരിപ്പിക്കുന്നത്. നമുക്കൊരാളെ നന്നാക്കുവാന്‍ കഴിയുമോ. ഇല്ല എന്നാണെനിക്ക് തോന്നുന്നത്. ശ്രമിക്കാം എന്നു മാത്രം. നന്നാവണം എന്നത് ഒരോ വ്യക്തിയുടേയും ഉള്ളില്‍ ഉടലെടുക്കേണ്ട വികാരമാണു. ആ തീപ്പൊരി ഒന്നാളിക്കത്തിക്കുവാന്‍ ചിലപ്പോള്‍ പുറത്തുനിന്നൊരാള്‍ക്ക് സാധിച്ചേക്കാം. ഒരാള്‍ നന്നാവുകയാണെങ്കില്‍ താന്‍ മൂലമാണവന്‍ നന്നായെന്ന്‍ ചിലര്‍ മേനിപറയും. മറിച്ചവന്‍ ചീത്തയായി മാറുകയാണെങ്കില്‍ അവന്റെ സ്വഭാവം ശരിയല്ല എന്നലസമായി പറഞ്ഞു കയ്യൊഴിയും.

സ്റ്റാറ്റസ്സുകള്‍ :

പലപ്പോഴും കണ്ടിട്ടുള്ള ഒരു രസകരമായ വസ്തുതയെന്താണെന്നു വച്ചാല്‍ വളരെ ഗൌരവതരമായ വായന അര്‍ഹിക്കുന്ന അല്ലെങ്കില്‍ ചര്‍ച്ച നടക്കേണ്ടുന്ന ഒരു സ്റ്റാറ്റസ്സ് അല്ലെങ്കില്‍ പോസ്റ്റ് ഒരാളിട്ടുവെന്ന്‍ വയ്ക്കുക. ചിലപ്പോള്‍ അത് ഈച്ചയടിച്ചവിടെത്തന്നെകിടന്ന്‍ ഏതെങ്കിലും രണ്ടോമൂന്നോപേരുടെ അഭിപ്രായങ്ങളോടെ മരണമടയും. പ്രസ്തുത പോസ്റ്റിട്ടത് ഒരു ആണ്‍പ്രൊഫൈല്‍ ആണെന്ന ഒറ്റക്കാരണമാണീ വിചിത്രമായ വസ്തുതയ്ക്ക് കാരണം. നേരേ മറിച്ച് ഒരു സ്ത്രീനാമധാരി (സുന്ദരമായ ഒരു പ്രൊഫൈല്‍ചിത്രം(സ്വന്തം ഫോട്ടോ അല്ലെങ്കില്‍ ഏതെങ്കിലും സിനിമാതാരം) കൂടിയായില്‍ ഭേഷായി) എന്തെങ്കിലും ഒന്നെഴുതിയിട്ടുവെന്ന്‍ വയ്ക്കുക. അത് ചിലപ്പോള്‍ ഞാനിന്നു കപ്പ തിന്നു അല്ലെങ്കില്‍ രസത്തിനുപ്പിടാന്‍ മറന്നുപോയി എന്നെങ്ങാനുമായിരിക്കും.പിന്നെത്തെ പുകില്‍ പറയാതിരിക്കുന്നതായിരിക്കും ഭേദം. ശര്‍ക്കരയില്‍ പോലും ഇത്രയ്ക്ക് ഈച്ച പൊതിയാറില്ല. മികച്ച രീതിയില്‍ എഴുതുന്ന സ്ത്രീകള്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. അവരെ ആക്ഷേപിക്കാനുമല്ലിത്. പൊതുവേ കാണുന്ന ഒരു പ്രവണതയെ സൂചിപ്പിച്ചുവെന്നത് മാത്രം. അന്തര്‍ദ്ദേശീയവും സാര്‍വ്വലൌകികവുമായ കാര്യങ്ങള്‍ കുത്തിപ്പിടിച്ചിരുന്ന്‍ ടൈപ്പി കൈകഴച്ച് അതാരെങ്കിലും ലൈക്കുന്നോ കമന്റുന്നോ എന്നു നോക്കി കണ്ണുകഴച്ചിരിക്കുന്നവര്‍ക്കൊക്കെ ഇതൊരു പാഠമായിരിക്കട്ടെ.

ജാതിക്കോമരങ്ങള്‍ :

പണ്ട് കേരളത്തില്‍ ഉച്ചനീചത്വങ്ങളും കടുത്ത ജാതിസമ്പ്രദായങ്ങളും ആരാധനാസ്വാതന്ത്ര്യത്തിന്റെ തടച്ചിലുകളും പുലഭ്യം പറച്ചിലുകളും ജാതിവിളികളും വഴിതടയലുകളും ഒക്കെ നിറഞ്ഞ് നടമാടിയിരുന്നു. പട്ടിയും പൂച്ചയും നടക്കുകയും പെടുക്കുകയും ചെയ്യുന്ന വഴികളില്‍ കൂടിപ്പോലും മനുഷ്യനു നടക്കുവാന്‍ പോലും പാടില്ലാതിരുന്ന നാട്. ജാതിയില്‍ താഴന്നവനെന്ന കാരണത്താല്‍ തീണ്ടാപ്പാടകലെക്കണ്ടാല്‍ പോലും കുളിക്കാന്‍ വെമ്പുന്ന ദുഷിച്ച മനസ്ഥിതിക്കുടമകളായവര്‍ മദിച്ചിരുന്ന നാട്. ശരിക്കുമൊരു ഭ്രാന്താലയം. മാറ്റങ്ങള്‍ എന്നത് അനിവാര്യമായിരുന്നതുകൊണ്ട് അതെല്ലാം പൊളിച്ചെഴുതപ്പെട്ടു. എന്നാല്‍ പഴയ ആനത്തഴമ്പിന്റെ വടുക്കള്‍ പൃഷ്ടത്തിലും മനസ്സിലും ഒക്കെ ഒട്ടിപ്പിടിച്ചിരിക്കുന്ന ചില ജന്മങ്ങള്‍ ഇപ്പോഴുമുണ്ട്. പൂര്‍വ്വികര്‍ ചെയ്തിരുന്ന ഹുങ്കിന്റെ ബാക്കിപത്രമെന്നോണം മനസ്സ് കിടന്ന്‍ തിളയ്ക്കുന്നവര്‍. ഇനിയൊരു നൂറു ജന്മങ്ങള്‍ മരിച്ചു ജനിച്ച് ഉയര്‍ത്ത് വന്നാലും മനസ്ഥിതി മാറാത്തവര്‍. ഇക്കൂട്ടരെയോര്‍ത്ത് സഹതപിക്കയല്ലാതെ മറ്റെന്തുചെയ്യുവാന്‍...

നീര്‍ക്കുമിളകള്‍ :

എന്നില്‍ നിറയുന്നത് മുഴുവന്‍ സങ്കടങ്ങളാണ്.എന്തുകൊണ്ടാണെനിക്ക് മാത്രം ഈവ്വിധം സങ്കടങ്ങള്‍ ഒഴിയാതെ പിന്തുടരുന്നു എന്നോര്‍ത്ത് ഞാന്‍ പലപ്പോഴും അസ്വസ്ഥനാകാറുണ്ട്. പലപ്പോഴും ആലോചിച്ചാലോചിച്ച് മിഴികള്‍ നിറഞ്ഞിട്ടുമുണ്ട്. എന്നിട്ടുമെന്തുകൊണ്ടോ ആ സങ്കടങ്ങള്‍ ചിലപ്പോഴെങ്കിലും ഞാനിഷ്ടപ്പെടുന്നുണ്ട്. എന്തുകൊണ്ടായിരിക്കാമത്. ഒരുവേള എന്നെ സന്തോഷവാനാക്കുന്നത് ആ സങ്കടങ്ങളെ നേരിടണമെന്നുള്ള വാശിയായിരിക്കുമോ. ആവണം. ചില സങ്കടങ്ങള്‍ നമ്മെ ചെറുത്ത് നില്‍ക്കുവാന്‍ പ്രേരിപ്പിക്കും. വാശിയോടെ പടവെട്ടുവാന്‍ പ്രാപ്തനാക്കും. എന്നില്‍ ഇടയ്ക്കെങ്കിലും സങ്കടങ്ങളല്ലാത്ത സന്തോഷത്തിന്റെ തരികള്‍ കുമിളകള്‍ പോലെ മുളച്ചു പൊന്താറുണ്ട്. പക്ഷേ കുമിളകള്‍ക്കെന്തായുസ്സ്. സങ്കടങ്ങളുടെ അങ്ങേയറ്റത്ത് സന്തോഷമാണെന്ന്‍ ആരോ പറഞ്ഞിട്ടുണ്ട്..

മദ്യപാനം :

ഓണമോ ക്രിസ്മസ്സോ അതുപോലുള്ള ഏതെങ്കിലും ആഘോഷവേളകളോ ഒക്കെയുണ്ടായാല്‍ മലയാളികള്‍ ആദ്യം തിരക്കുന്നത് "സാധനം" അവൈലബില്‍ അല്ലേയെന്നാണ്. വീട്ടില്‍ അരിമേടിച്ചില്ലേലും കുഞ്ഞുങ്ങള്‍ക്ക് തുണിയെടുത്തില്ലെങ്കിലും ഇരുനൂറുരൂപയ്ക്ക് കിളയ്ക്കുന്നവനും ആ കിട്ടിയതും കൊണ്ടപ്പോള്‍ തന്നെ പോയി മര്യാദയ്ക്ക് ക്യൂവില്‍ നിന്ന്‍ "സാധനം" മേടിച്ചിരിക്കും. ഒരോ വര്‍ഷവും വില്‍പ്പനക്കണക്കിലുണ്ടാകുന്ന കോടികളുടെ കിലുക്കം ആരെയും അമ്പരിപ്പിക്കുന്നതാണ്. മദ്യപാനത്തിനെതിരേ ബോധവത്ക്കരണം നടത്തുന്നു എന്നൊക്കെ കൊട്ടിഘോഷിച്ചിട്ട് ഓരോ അരകിലോമീറ്റര്‍ ചുറ്റളവിലും പുതിയ വില്‍പ്പനശാലകള്‍ തുറന്ന്‍ ഭരണാധികാരികള്‍ മാതൃകകളാകുന്നു. നല്ലോരോണമായിട്ട് ഒരുനേരമെങ്കിലും മനസ്സമാധാനത്തോടെ ഒരുപിടി വറ്റുകഴിക്കാമെന്ന്‍ കരുതുന്ന എത്രയെങ്കിലും കുടുംബങ്ങളിലെ മനസ്സുകളെ കണ്ണീരിലാഴ്ത്തി ആ ചോറും കറികളും മണ്ണില്‍ ചിതറിക്കിടക്കുന്നതും കരഞ്ഞുകൊണ്ട് നില്‍ക്കുന്ന കുഞ്ഞുമനസ്സുകളിലെ ദയനീയ ചിന്തകളും ചോദിച്ച പണം കൊടുക്കാത്തതിനു മകന്റെ കയ്യാല്‍ തലമണ്ട പൊട്ടിപ്പൊളിഞ്ഞ് മുഖം മുഴുവന്‍ ചോരയില്‍ കുളിച്ച് നില്‍ക്കുന്ന അമ്മമാരുടെ സങ്കടങ്ങളും വഴിയരുകില്‍ കുടിച്ചു കുന്തം മറിഞ്ഞ് തുണിയും കോണാനുമില്ലാതെ കിടക്കുന്ന മകനേയും ഭര്‍ത്താവിനേയും കൊച്ചുമകനേയും ഒക്കെ കണ്ട് വേദനിക്കുന്നവരേയും കാണുവാന്‍ ഒരു കണ്ണുകളും തുറന്നുപിടിക്കപ്പെടുന്നില്ല. കോടികളുടെ കിലുക്കം. അതൊരു വല്ലാത്ത അനുഭൂതി തന്നെയാണ്. ആ കിലുക്കമാവര്‍ത്തിക്കുവാനായി പ്രദേശം തിരിച്ച് വിലപ്പനയിലെ റിക്കാര്‍ഡുകള്‍ അക്കമിട്ട് എല്ലാ മാധ്യമങ്ങളില്‍ കൂടിയും അവര്‍ പ്രചരിപ്പിക്കും. ഒരു കോടതിയും ഇത്തരം ചെയ്തികള്‍ നിയന്ത്രിക്കുവാന്‍ തുനിയുന്നില്ല എന്നത് സങ്കടകരമാണ്. ഈ സാമൂഹിക ദുരന്തത്തില്‍ ഞാന്‍ ഇനി പങ്കാളിയാവില്ല എന്ന്‍ ഓരോ മലയാളിയും മനസ്സില്‍ തൊട്ട് പ്രതിജ്ഞയെടുക്കണം. നമുക്ക് വേണ്ടി കണ്ണീരൊഴുക്കുന്നവരുടെ മിഴികളൊപ്പുന്നതാവട്ടെ നമ്മുടെ പ്രവര്‍ത്തികള്‍.

ഇന്നിന്റെ രാഷ്ട്രീയം :

ഒരു ജനത അര്‍ഹിക്കുന്ന ഭരണാധികാരികളെ മാത്രമേ അവര്‍ക്ക് കിട്ടൂ എന്നത് കൃത്യമായ ഒരു പറച്ചില്‍ തന്നെയാണു. നമ്മുടെ നാടിനുള്ളില്‍ നിന്നുകൊണ്ട് തന്നെ അപ്പക്കഷണങ്ങള്‍ക്കു വേണ്ടി സ്വന്തം രാജ്യത്തെ വെട്ടിമുറിച്ച് കഷണം കഷണം വച്ച് ലേലം വിളിച്ചു വില്‍ക്കുന്ന യാതൊരുളുപ്പുമില്ലാതെ രാഷ്ട്രീയനപുംസകങ്ങളാണ് വര്‍ത്തമാനകാല ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ശാപം. ജനങ്ങളുടെ ആശയും അഭിലാഷവും പ്രതീക്ഷയുമെന്നൊക്കെ വാഴ്ത്തിപ്പാടി അഭിനവ ഗാന്ധി കളിച്ചവരും പട്ടിണി നാടകം നടത്തിയവരും ഒക്കെ അതെല്ലാം പാഴ്വേലയായിരുന്നുവെന്ന്‍ തിരിച്ചറിഞ്ഞ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കുവാന്‍ അരയും തലയും മുറുക്കുന്നു. നന്മകള്‍ ഉണ്ടാകുമെന്ന്‍ പ്രതീക്ഷിച്ച് മഴയും വെയിലും വകവയ്ക്കാതെ ഇവര്‍ക്കൊക്കെ വേണ്ടി തൊണ്ടപൊട്ടുമാറുച്ചത്തില്‍ സിന്ദാബാദ് വിളിച്ചു നടന്നവര്‍ കഥയറിയാതെ മിഴിച്ചും നില്‍ക്കുന്നു. ലക്ഷം ലക്ഷം കോടികളുടെ വില്‍പ്പനകളും കൈമാറ്റങ്ങളുമൊന്നും പരിചിതമല്ലാത്തവരും അനുഭവിച്ചിട്ടില്ലാത്തവരും വായ പൊളിച്ചു നിന്നില്ലങ്കിലേ അത്ഭുതമുള്ളൂ. വയലുകളും മലകളും നദികളും കുന്നുകളും ഒക്കെ വില്‍പ്പനയ്ക്ക് വയ്ക്കുക വഴി വരും തലമുറയെ എങ്ങിനെ ജീവിക്കും എന്ന യാഥാര്‍ത്ഥ്യപകപ്പിലേയ്ക്ക് തള്ളിവിടുവാന്‍ മടിയൊന്നുമില്ലാത്ത ജനസേവകര്‍. രാഷ്ട്രീയം എന്നത് സുഖസൌകര്യങ്ങളുടെ കൊടുമുടി എന്ന രീതിയിലേയ്ക്ക് വളര്‍ന്നുകഴിഞ്ഞു. ഇന്നു നാലുപേര്‍ ചേര്‍ന്നുപോലും പുതിയ രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ മടിക്കാത്തത് ഈ പരിധിയില്ലാത്ത സുഖസൌകര്യങ്ങളുടെ പ്രഭ കണ്ടുതന്നെയാണു. ജനാധിപത്യം എന്ന സംവിധാനം പൊളിച്ചെഴുതേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു. നിര്‍ഭാഗ്യവശാല്‍ അതിനു പറ്റിയൊരു ബദല്‍ മുന്നോട്ട് വയ്ക്കാനില്ല. ഇനിയഥവാ അതിനൊരു ശ്രമമുണ്ടായാലും ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖസൌകര്യങ്ങള്‍ വേണ്ടന്ന്‍ വയ്ക്കുവാന്‍ ഇന്നിന്റെ ഭരണാധികാരികള്‍ തയ്യാറാകുമോ. ഒരിക്കലുമില്ല. അസമത്വം എന്നത് എന്നും തുടര്‍ന്നുകൊണ്ടിരിക്കും...

പീഡനം :

അറിഞ്ഞു തുണിയുരിഞ്ഞു ആയിരം പേരുടെ കൂടെക്കിടന്നുമറിഞ്ഞവളും പിടിക്കപ്പെട്ടാല്‍ പറയുന്ന ഒന്നാണ് അവനെന്നെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന്‍. എത്രയെത്ര ജീവിതങ്ങളാണീ വാക്കില്‍ കുരുങ്ങി സമൂഹത്തിന്റെ മുന്നില്‍ തലകുനിക്കപ്പെട്ടും അപമാനിതരായും കഴിയുന്നത്. ഒരാണിനോട് പെണ്ണിന് എന്തേലും വൈരാഗ്യമുണ്ടേല്‍ അവനെ കുടുക്കാന്‍ മറ്റൊരു വഴിയും തിരഞ്ഞുപോകേണ്ട കാര്യമില്ല. നാലാള്‍ കേള്‍ക്കെ‍ എന്നെ പീഡിപ്പിച്ചേ എന്നുറക്കെയൊന്നു വിളിച്ചുപറഞ്ഞാല്‍ മതി. ഉത്സവങ്ങള്‍ പോലെ ആഘോഷിക്കുന്നതാണിന്നത്തെക്കാലത്തെ ഓരോ പീഡനങ്ങളും. അനവധിയനവധി വാര്‍ത്തകളും അനുഭവങ്ങളുമൊക്കെ കന്മുന്നിലുണ്ടായാലും അറിഞ്ഞാലും അനുഭവിച്ചാലും ശരി പിന്നേം പിന്നേം പീഡനക്കാരുടെ കൈകളിലേയ്ക്ക് ചെന്നുകയറുന്ന തരുണീമണികള്‍ ഇനിയെങ്കിലും എന്നെ പീഡിപ്പിച്ചേ എന്നുള്ള പല്ലവി ഒഴിവാക്കണം. ആ വാക്ക് നാറി നാശകോശമായിപ്പോയിക്കഴിഞ്ഞു. മികച്ച മറ്റെന്തെങ്കിലും വാക്കു പകരം കണ്ടെത്തുന്നതാണുചിതം.

പ്രവാസി :

സ്വന്തം നാട്ടില്‍ കുനിഞ്ഞൊരു കരിയിലയെടുക്കുന്നതുപോലും അറപ്പായവന്‍ ഗള്‍ഫില്‍ വന്നു കക്കൂസും കഴുകാന്‍ തയ്യാറാവും. ഒരു മടിയുമില്ല. പൊരിവെയിലത്ത് വിയര്‍ത്തുകുളിച്ച് സിമന്റ് ചുമക്കാനും താബൂക്ക് കെട്ടാനും ഒരു മടിയുമില്ല.എണ്ണിച്ചുട്ട അപ്പം പോലെ ലഭിക്കുന്ന എണ്ണൂറോ ആയിരമോ ദിര്‍ഹംസില്‍ നിന്നും നാമമാത്രചിലവ് ഭക്ഷണത്തിനായിട്ടുപയോഗിച്ച് ബാക്കിയുള്ളവ നാട്ടിലേയ്ക്കയച്ചുകൊടുക്കും. അത് ചിലപ്പോള്‍ ഗള്‍ഫിലേയ്ക്ക് വരാന്‍ വേണ്ടി ഏജന്റിനു കൊടുത്ത ലക്ഷത്തിന്റെ പലിശകൊടുക്കാന്‍ പോലും തികയത്തില്ലായിരിക്കും. മൂന്നുനാലുവര്‍ഷം നരകിച്ച് എങ്ങിനെയെങ്കിലും ആ കടം അവന്‍ ചിലപ്പോള്‍ വീട്ടിയെന്നിരിക്കും. പിന്നെ ഒന്നു നാട്ടില്‍ പോയി വരുമ്പോള്‍ വീണ്ടും പഴയ അവസ്ഥയിലെത്തുന്നു. ഈ അവിദഗദ്ധതൊഴിലാളികള്‍ സത്യത്തില്‍ പ്രവാസത്തിന്റെ സങ്കടങ്ങളാണ്. അവര്‍ക്ക് നഷ്ടപ്പെടലുകള്‍ മാത്രമേയുള്ളൂ. സ്വന്തം നാട്ടില്‍ ഇതിനേക്കാല്‍ മെച്ചമായ ശമ്പളവും ജീവിതസാഹചര്യവും നിലനില്‍ക്കുമ്പോഴാണീ അന്യദേശപലായനം എന്നത് വിചിത്രമായ വസ്തുതയാണു.നാട്ടില്‍ കൂലിപ്പണിക്കാരനുപോലും ദിവസക്കൂലി 500 രൂപായ്ക്ക് മേലാണു. ഒരു കൂലിപ്പണിക്കാരനു മാസത്തില്‍ ഇരുപത് ദിവസം പണിയുണ്ടെന്ന്‍ വയ്ക്കുക. 10000 രൂപയായി.കള്ളു കുടിച്ചും അര്‍മ്മാദിച്ചും നടക്കാത്ത ഒരുവനാണെങ്കില്‍ ചിലവും മറ്റുമൊക്കെക്കഴിഞ്ഞ് മിനിമം ഒരു 2000 രൂപയെങ്കിലും മിച്ചം വയ്ക്കാം. അപ്പോള്‍ മാസം മുഴുവന്‍ പണിയുള്ള ഒരാളാണെങ്കിലോ. എന്തുകൊണ്ടാണിത് സംഭവിക്കുന്നത്.

സൌഹൃദം :

നല്ല സൌഹൃദങ്ങള്‍ ഉണ്ടാക്കുകയെന്നത് അല്ലെങ്കില്‍ ഉണ്ടാവുകയെന്നത് ഒരു സൌഭാഗ്യമാണു. ഇന്ന്‍ വന്‍കരയുടെ ഏതെല്ലാമോ കോണുകളിലിരുന്ന്‍ ഒരൊറ്റ ക്ലിക്കിലൂടെ നൂറായിരം സൌഹൃദങ്ങള്‍ നിമിഷങ്ങള്‍കൊണ്ട് ഉണ്ടാകുവാന്‍ ആര്‍ക്കും സാധിക്കും. സത്യത്തില്‍ ഇത്തരം സൌഹൃദങ്ങള്‍ കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ. നമ്മെ അറിയുന്നവനായിരിക്കണം നമ്മുടെ യഥാര്‍ത്ഥ ചങ്ങാതി. ഒരാളിനോട് സംസാരിച്ചുതുടങ്ങുമ്പോള്‍ തന്നെ തീരുമാനിക്കാനാവും ഈ സംസാരം തുടരണോ വേണ്ടയോ എന്ന്‍. നല്ല സൌഹൃദങ്ങള്‍ എന്നത് നന്മയുടെ പര്യായങ്ങളാണ്. നമ്മെ തിരിച്ചറിയുന്നവനും നമ്മെ സഹായിക്കുവാന്‍ മടികാട്ടാത്തവനും നമ്മെ മനസ്സിലാക്കുന്നവനും വിശ്വസിക്കുന്നവനും ആയിരിക്കണം നമുക്ക് ചങ്ങാതിയായി വരേണ്ടത്. ഈപ്പറഞ്ഞതെല്ലാം ആ ചങ്ങാതിയോടും അനുവര്‍ത്തിച്ചാല്‍ മാത്രമേ സൌഹൃദം എന്ന പദം കൊണ്ട് അര്‍ത്ഥമുള്ളൂ. നമ്മുടെ ചിന്തകളുമായി യോജിച്ചുപോകാത്ത ഒരാളുമായുള്ള ചങ്ങാത്തത്തില്‍ യാതൊരുവിധ ആത്മാര്‍ത്ഥതയുമുണ്ടാകില്ല എന്നു ഞാന്‍ വിശ്വസിക്കുന്നു. ചിരിച്ചുകൊണ്ട് തോളില്‍ കയ്യിട്ട് മനസ്സില്‍ പല്ലുഞെരിക്കുന്ന ടൈപ്പിലുള്ള പേരിനൊരു ചങ്ങാത്തം.

എന്റെ മനസ്സിലെ ചില ചിതറിയ ചിന്തകളാണിവിടെ കുറിച്ചിരിക്കുന്നത്. പലര്‍ക്കും യോജിപ്പും വിയോജിപ്പും ഉണ്ടാകുമെന്നറിയാം. എന്നിരുന്നാലും.....

ശ്രീക്കുട്ടന്‍

Saturday, September 15, 2012

ശിക്ഷ നടപ്പാക്കല്‍

എന്തൊരു തിരക്കാണു. വൃത്തികെട്ട ഒരു മണവും സിഗററ്റിന്റേയും ബീഡിയുടേയും പുകയും കലപില ബഹളങ്ങളും. ച്ഛേ...മനുഷ്യര്‍ ഇത്രമാത്രം കുടിക്കാറുണ്ടോ. എന്തായാലും വന്നു. ഇനി ഇതിലേയ്ക്കൂളിയിടുക തന്നെ. ഒരൊഴിഞ്ഞ കോണിലായി അയാള്‍ തന്റെ ഇരിപ്പിടം കണ്ടെത്തിയിട്ട്‍ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. പരിചയക്കാരാരെങ്കിലുമുണ്ടോ. പരിചയമുള്ള മുഖങ്ങളൊന്നുമയാള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒറ്റയ്ക്കിരുന്നു കഴിക്കുന്നതാണു നല്ലത്. ഇഷ്ടാനുസരണം കുടിക്കാമല്ലോ. തൊട്ടടുത്ത ടേബിളില്‍ സോഡയും വെള്ളവും ഒക്കെ കൊണ്ടുവച്ച തൊപ്പിക്കാരന്‍ ബെയററെ അയാള്‍ കൈകാട്ടി വിളിച്ചു.

"എന്താ വേണ്ടത് സാര്‍"

വിനയന്വിതനെപ്പോലെ ബെയറര്‍ അയാളുടെ മുന്നില്‍ നിന്നു.

"ഏറ്റവും നല്ല രീതിയില്‍ തലയില്‍ പിടിക്കുന്ന ഒരു കുപ്പി മദ്യം വേണം. പിന്നെ ബാക്കി അതിന്റെ കൂടെ വേണ്ടതെന്തായാലും"

മേശമേള്‍ കൈകൊണ്ട് ഒന്നു താളമിട്ട് അയാള്‍ ഓര്‍ഡര്‍ നല്‍കി.ഒരുനിമിഷം അയാളെത്തന്നെ തറച്ചുനോക്കി നിന്ന ബെയറര്‍ പിന്നെ തിരിഞ്ഞു കൌണ്ടറിനുനേരെ നടന്നു.

ബെയറര്‍ കൊണ്ടുവച്ച മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ഒന്നു സൂക്ഷിച്ചുനോക്കി. എന്തോ ഒരു പേര്. അല്ലേലും പേരിലെന്തിരിക്കുന്നു. നല്ല തലക്കുപിടിക്കുന്ന സാധനമായിരിക്കണം അത്ര തന്നെ.

"ഇതു മുഴുവനുമടിച്ചാല്‍ ഞാന്‍ ബോധം കെടുമോ"

ബെയററോയി അയാള്‍ ചോദിച്ചു.

"എനിക്കറിയില്ല സാറേ".

ഒരു ചെറിയ ചിരിയോടെ ബെയറര്‍ അയാളെ നോക്കി പറഞ്ഞു.

"പക്ഷേ എനിക്കറിയാം ഞാന്‍ ഒറപ്പായിട്ടും ബോധം കെടുമെന്നു. നീ എനിക്കൊരു ഉപകാരം ചെയ്യണം. അഥവാ ഞാനിവിടെ വീണുപോയാല്‍ നീ എങ്ങിനെയെങ്കിലും എന്നെ എന്റെ വീട്ടിലെത്തിക്കണം. അതിനായിതാ ഇതു കയ്യില്‍ വച്ചോ"

ഒരഞ്ഞൂറുരൂപാ നോട്ടെടുത്ത് അയാള്‍ ബെയറര്‍ക്കു നീട്ടി.

"സാര്‍ എനിക്കിവിടുന്ന്‍ വരാനൊന്നും പറ്റില്ല. സാറിന് ആവശ്യത്തിനു കുടിച്ചാപ്പോരെ. ബാക്കിയൊണ്ടെങ്കി വീട്ടിക്കൊണ്ട് പോകാമല്ലോ".

"എന്റെ ആവശ്യം അതു നിനക്കറിയില്ല. ഞാനിന്നു കുടിയ്ക്കും മതിവരെകുടിയ്ക്കും. ഇന്ന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാണു. അതുകൊണ്ട് തന്നെ ലിമിറ്റ് വയ്ക്കാനൊന്നും പറ്റില്ല. നീ ഒരു കാര്യം ചെയ്യ് ഞാന്‍ ഓവറായിപ്പോയാല്‍ എന്നെ ഒരു വണ്ടിവിളിച്ചു കേറ്റി വിട്ടുതന്നാല്‍ മതി. അതു പറ്റുമോ"

"അത്..അത് പിന്നെ..ശരി സാര്‍ അങ്ങിനെ ചെയ്യാം".

നാലുപാടുമൊന്ന്‍ നോക്കിയിട്ട് നീട്ടിപ്പിടിച്ചിരുന്ന ആ നോട്ട് മേടിച്ചു പോക്കറ്റില്‍ താഴ്ത്തിക്കൊണ്ട് ബെയറര്‍ പറഞ്ഞു.

"നീ ആളു മിടുക്കനാണ്. അതൊക്കെ പോട്ടെ ആദ്യമായി കുടിക്കുന്ന ഒരാള്‍ ഇത്ര ഒഴിച്ചാല്‍ മതിയോ"

ഒരു ഗ്ലാസ്സില്‍ മുക്കാല്‍ഭാഗത്തോളം മദ്യമൊഴിച്ചശേഷം അയാളതുയര്‍ത്തി ബെയററോടു ചോദിച്ചു.

"അയ്യോ സാറാദ്യമായി കഴിക്കുവാണോ. ഇത്രയും ഒഴിക്കരുതു. ഇങ്ങനെയൊഴിച്ചുകുടിച്ചാ കരളും കൂമ്പുമൊക്കെ കത്തിദ്രവിച്ച് പെട്ടന്നുതന്നെ പോകേണ്ടിവരും".

"പോട്ടെടോ പോട്ട്. ആര്‍ക്കുവേണം. എന്നെ ആര്‍ക്കും വേണ്ട. നിനക്കുകൂടി ഒന്നൊഴിക്കട്ടെ. എനിക്കൊരു കമ്പനിയാവുമല്ലോ".

ഒരു ഗ്ലാസ്സെടുത്തുകൊണ്ടയാള്‍ ബെയററോടു ചോദിച്ചു.

"വേണ്ട സാര്‍ കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്നും വാങ്ങിക്കഴിക്കാന്‍ പാടില്ലെന്നാ. കഴിച്ചെന്നെങ്ങാനുമറിഞ്ഞാല്‍ എന്റെ ജോലി തെറിക്കും. വീടു പട്ടിണിയായിപ്പോവും സാറേ. മറ്റൊന്നും വിചാരിക്കരുതു".

"ശരി വേണ്ടെങ്കി വേണ്ട. ഇതും ഞാന്‍ തന്നെ കുടിക്കാം"

ആദ്യമൊഴിച്ചുവച്ച മദ്യമെടുത്ത് അയാള്‍ ഒറ്റവലിക്കകത്താക്കി. ആ മുഖം ചുളിയുന്നതും കണ്ണുകളടയുന്നതും ബെയറര്‍ കാണുന്നുണ്ടായിരുന്നു.

"ഹൊ എന്റച്ഛനെ ഞാന്‍ സമ്മതിച്ചുകൊടുത്തിരിക്കുന്നു. എത്രയേറെ കഷ്ടപ്പെട്ടാണ് ഈ സാധനം കുടിച്ചിരുന്നതെന്നു എനിക്കിപ്പോ മനസ്സിലായി".

ഗ്ലാസ്സ് മേശപ്പുറത്തുവച്ചിട്ട് ചിറി തുടച്ചുകൊണ്ടയാള്‍ ഒരു സിഗററ്റെടുത്തു കൊളുത്തി.

"സാറേ ഇനിയെന്തെങ്കിലും വേണമെങ്കി വിളിച്ചാ മതി. ഞാന്‍ പോകുന്നു".

"ശരി ഞാന്‍ വിളിക്കാം. എനിക്ക് എന്തെങ്കിലുമൊക്കെ വേണ്ടിവരും"

സിഗററ്റ് പുകവളയങ്ങളുടെ ഭംഗിയാസ്വദിച്ചയാള്‍ പുറകിലേയ്ക്ക് ചാഞ്ഞിരുന്നു.

മദ്യം നല്‍കുന്ന ലഹരി ഒരു വല്ലാത്ത അനുഭൂതിതന്നെ. ശരീരത്തിന്റെ ഭാരം കുറഞ്ഞ് അന്തരീക്ഷത്തില്‍ ഒഴുകി നടക്കുവാന്‍ തോന്നിപ്പിക്കുന്നുവോ. തലയ്ക്കുള്ളില്‍ ഒരു തരിപ്പ് പോലെ തോന്നുന്നുണ്ട്. വീണ്ടുമൊരു ഗ്ലാസ് നിറച്ചയാല്‍ മുന്നില്‍ വച്ചു. ട്രേയിലെന്തോ സാധനവുമായി വന്ന ബെയററെ അയാള്‍ കൈകാട്ടി വിളിച്ചു.

"എന്തെങ്കിലും വേണമോ സാര്‍""

"ഹാ നീയെവിടെ പോകുന്നു. ഞാനെന്തിനാ ഇന്നാദ്യമായിട്ട് കുടിച്ചതെന്നു നിനക്കറിയണ്ടേ. ഞാനതു പറയാം".

"വേണ്ട സാറേ. എനിക്കൊരുപാടു പണിയൊണ്ട്. പിന്നീടൊരിക്കള്‍ കേള്‍ക്കാം"

"പോരാ നീ അറിയണം ഇന്നു തന്നെയറിയണം ഞാന്‍ പറയാം"

പോകാന്‍ തുടങ്ങിയ ബെയററെ തടഞ്ഞിട്ട് രണ്ടാമത്തെ ഗ്ലാസും കാലിയാക്കി അയാള്‍ കയ്യിലിരുന്ന സിഗററ്റ് ആഞ്ഞൊന്നു വലിച്ചു.

"നിനക്കറിയുമോ. ഇന്നലെ വരെ എനിക്കെല്ലാരുമുണ്ടായിരുന്നു. പക്ഷേ ഇന്നോ. ആരുമില്ല. അതെ ഇന്നു ഞാന്‍ ഒറ്റയ്ക്കാണു. യാതൊരു വിധ കെട്ടുപാടുകളുമില്ല. അല്ല ഒരു കണക്കിനതാണു നല്ലത്".

വീണ്ടുമൊഴിച്ചുവച്ച ഗ്ലാസ്സയാള് ചുണ്ടോടു ചേര്‍ത്തു.

"ഹൊ ഇതൊരു തലവേദനയായല്ലോ".

പിറുപിറുത്തുകൊണ്ട് ബെയറര്‍ തലചൊറിഞ്ഞു നിന്നു.

"എന്റെ ഭാര്യ അവളെനിക്കെല്ലാമായിരുന്നു. അവളെ സങ്കടപ്പെടുത്തുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അവള്‍ക്കുവേണ്ടി അമ്മയെപ്പോലും ഞാന്‍ വെറുപ്പിച്ചു. അവര്‍ പിണങ്ങി പെങ്ങളുടെ വീട്ടിപ്പോയപ്പോള്‍ എനിക്കു വേണമെങ്കില്‍ തടയാമായിരുന്നു. പക്ഷേ ഞാനതു ചെയ്തില്ല. അവള്‍ക്കു വേണ്ടി എന്റമ്മയെ ഞാന്‍ ഇറക്കിവിട്ടു എന്നു പറയുന്നതായിരിക്കും ശരി. അത്രക്കു ഞാനവളെ സ്നേഹിച്ചിരുന്നു. വിശ്വസിച്ചിരുന്നു. എന്നിട്ടോ. ഹ..ഹാ..ഹ "

ഒരു വിഡ്ഡിയെപ്പോലെ ഉച്ചത്തില്‍ ചിരിക്കുന്ന അയാളെ ബെയറര്‍ മിഴിച്ചുനോക്കി.

പാതിയോളം തീര്‍ന്ന കുപ്പി ഉയര്‍ത്തിനോക്കിയിട്ടയാള്‍ ഒരിക്കള്‍ കൂടി ഗ്ലാസ്സ് നിറച്ചു.

ഒന്നും മനസ്സിലാവാതെ മിഴിച്ചുനില്‍ക്കുന്ന ബെയററോടായയാള്‍ തുടര്‍ന്നു.

"ഈ ലോകത്ത് ഒരിക്കലും വിശ്വസിക്കാനാവാത്തത് ആരെയാണെന്നു നിനക്കറിയാമോ. പക്ഷേ എനിക്കറിയാം. ഞാനതറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു എന്നു മാത്രം. അപ്പോള്‍ പിന്നെയെന്തുചെയ്യും. നീ പറ. നിനക്കൊരു ഭാര്യയുണ്ടോ. ഉണ്ടെങ്കില്‍ അവളെ സ്നേഹിക്കരുത്. നമ്മുടെ കണ്ണില്‍ നോക്കിയിരുന്നുകൊണ്ട് ഇരുട്ടിന്റെ പുകമറ സൃഷ്ടിക്കാനവര്‍ക്കു കഴിയും. വിഡ്ഡികളായ നമ്മള്‍. ഹ ഹ ഹ്ഹ എന്തറിയുന്നു. "

"എന്റെ പൊന്നു സാറെ എനിക്കവിടെ ഒരുപാട് പണിയൊണ്ട്. സാര്‍ വീട്ടിപ്പോവാന്‍ നോക്ക്"

അയാളില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടുവാന്നെന്നപോലെ ബെയറര്‍ മുമ്പോട്ടു നടന്നു.

"നീ ഇതുകൂടി മാത്രം കേട്ടിട്ടു പൊയ്ക്കോ".

അവന്റെ കയ്യില്‍പിടിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.

"ഒരാളെ കൊല്ലാനുള്ള എളുപ്പവഴിയെന്താണ്. തൂക്കിക്കൊല്ലുന്നതാണോ വെഷം കൊടുത്തുകൊല്ലുന്നതാണോ അതോ കഴുത്തു ഞെരിച്ചുകൊല്ലുന്നതാണോ. എനിക്കിന്നൊരാളെ കൊല്ലാനാ".

ബെയറര്‍ അയാളെ തെല്ലു ഭയപ്പാടോടുകൂടി നോക്കി.

"തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ അവര്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഞാന്‍ തെറ്റു ചെയ്തു. ഇന്നു തന്നെ ശിക്ഷ നടപ്പാക്കണം"

പിറുപിറുത്ത് പറഞ്ഞുകൊണ്ട് ഗ്ലാസ്സ് കാലിയാക്കി അയാളെഴുന്നേറ്റു. കുറച്ചുകാശെടുത്ത് മേശപ്പുറത്തിട്ടിട്ട് ബാക്കിയുണ്ടായിരുന്ന മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ആടിയാടി പുറത്തേയ്ക്കു നടന്നു. പോകുന്ന പോക്കില്‍ അടുത്തുണ്ടായിരുന്ന മേശമേല്‍ തട്ടി മറിഞ്ഞ് രണ്ടുമൂന്നു ഗ്ലാസ്സുകള്‍ നിലത്തുവീണു തകര്‍ന്നു.

രണ്ട് മൂന്ന്‍ ദിവസം കഴിഞ്ഞൊരു വൈകുന്നേരം ബാറിലെ തിരക്കൊന്നു ശമിച്ചപ്പോള്‍ പഴയ അന്തിപ്പത്രമെടുത്ത് മറിച്ചുനോക്കിക്കൊണ്ടിരുന്ന ബെയറര്‍ ആ ഫോട്ടോയും വാര്‍ത്തയും കണ്ടു ഒന്നു ഞെട്ടി. അതിപ്രകാരമായിരുന്നു.

നഗരത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍ വ്യവസായിയായിരുന്ന സുജനപാലന്‍ (44 വയസ്സ്) ഇന്നലെ സ്വവസതിയില്‍ മരണമടഞ്ഞനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണു പോലീസിന്റെ അനുമാനം. ശക്തിയേറിയ വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചിരുന്നതായും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിരുന്നതായും പോലീസ് പറഞ്ഞു. മുറിയില്‍ തന്നെ തൂങ്ങിമരിക്കുവാനായി ഒരു ശ്രമം നടത്തിയതായും അതു ഫലിക്കാതെ വന്നപ്പോഴായിരിക്കാം വിഷം കഴിച്ചതെന്നുമാണ് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതെന്ന്‍ അന്യോഷണോദ്യോസ്ഥര്‍ വിശദീകരിച്ചു. ക്ലബ്ബില്‍ പോയിരുന്ന ഭാര്യ മടങ്ങിവന്നപ്പോഴാണു സംഭവം കണ്ടതു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വളരെമുമ്പു തന്നെ മരണം സംഭവിച്ചിരുന്നു.

പിന്നേയും കുറേയേറേയുണ്ടായിരുന്നു വാര്‍ത്ത. അതു മുഴുവന്‍ വായിക്കാന്‍ നില്‍ക്കാതെ ബെയറര്‍ ആകെ അസ്വസ്ഥനെന്നോണം പേപ്പര്‍ തിരികെ അതിരുന്ന സ്ഥലത്തുവച്ചു. തന്നെ കൈകാട്ടി വിളിച്ച കസ്റ്റമറുടെ അടുത്തേയ്ക്കു അയാള്‍ ധൃതിയില്‍ നടന്നു. അയാളിരിന്നിരുന്ന ആ മേശയുടെ അടുത്ത് നിന്ന്‍ ഓര്‍ഡറെടുക്കുമ്പോള്‍ ഒഴിഞ്ഞകോണിലെ കസേരയിലിരുന്നു തന്നോട് ആരൊ വര്‍ത്തമാനം പറയുന്നതായി അവനനുഭവപ്പെടുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

Thursday, September 6, 2012

എന്റെ കൈ..എന്റെ വേദന..എന്റെ പണം..

ഞാന്‍ മുന്നേ പറഞ്ഞിരുന്നില്ലായിരുന്നോ എന്റെ കയ്യുടെ വേദനയുടെ കാര്യം. അതിന്റെ ഒരു മനോഹരവിവരണമാണ് ഞാന്‍ നിങ്ങള്‍ക്കായി പ്രസന്റ് ചെയ്യുന്നത്. ഇതിലിപ്പം എന്താ ഇത്ര ബല്യ കാര്യമെന്ന്‍ ചിലരെങ്കിലും സംശയിച്ചേക്കാം. സംഗതി ഒരു ഹൊറര്‍ കഥപോലെ ഭീകരമാണ്. വഴിയേ അതു മന‍സ്സിലാവും. മൊത്തം വായിച്ചു തീര്‍ന്നിട്ട് ഭഗ്നാശന്മാരായിരിക്കാതെ എന്നെ ഒന്നാശസിപ്പിക്കുകയെങ്കിലും ചെയ്യണം കഠിനഹൃദയരേ,

ഒരു മൂന്നുനാലു മാസം മുന്നേയാണു ഞാന്‍ ആ നഗ്നസത്യം മനസ്സിലാക്കിയത്. വലതുകയ്യില്‍ ഒരു ചെറിയ കൊളുത്തിപ്പിടി ഉണ്ടോ. ആദ്യമൊന്നും മൈന്‍ഡ് ചെയ്തില്ല. ഓരോ ദിവസം കഴിയുന്തോറും സംഗതി വെടക്കായിത്തൊടങ്ങിയതോടെ ഡീപ് ഹീറ്റ് മൂവ് തുടങ്ങിയ വേദനസംഹാരികള്‍ പ്രയോഗിക്കുവാന്‍ ആരംഭിച്ചു. അതെല്ലാം നാണിച്ചുപോയതുതന്നെ മിച്ചം.

"കമ്പ്യൂട്ടറിമ്മേ കളി ഇച്ചിരിക്കൂടിയാക്കിക്കോടാ കൈ വേദന അപ്പം പറപറക്കും"

പരിഹാസച്ചിരിയോടെ പറഞ്ഞ സഹമുറിയന് ഒരു രൂക്ഷനോട്ടം നല്‍കിയിട്ട് ഞാന്‍ വീണ്ടും സ്റ്റാറ്റസ്സുകള്‍ ടൈപ്പാനും കമന്റുകള്‍ ചെയ്യാനും നടന്നു. എന്തു പറയാനാ. ഓരോ ദിവസം കഴിയുന്തോറും വേദന കൂടിക്കൂടി വരുന്നതല്ലാതെ ഒരു കുറവുമില്ല.സഹികെട്ട് ആദ്യം ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയി. ഒരു അറബിസ്ത്രീയായിരുന്നു ഡോക്ടര്‍. അവരോട് എനിക്കറിയാവുന്ന ഇംഗ്ലീഷില്‍ എന്റെ പ്രശ്നമവതരിപ്പിച്ചു. ഇപ്പം ശര്യാക്കിത്തരാമെന്ന ഭാവത്തില്‍ അവര്‍ എന്തെല്ലാമോ കുറിച്ചുതന്നു. മസില്‍ പെയിനാണു പേടി വേണ്ട കുട്ട്യേ എന്ന പറച്ചിലോടെ. ഭക്ത്യാദരപൂര്‍വ്വം ഫാര്‍മസിസ്റ്റ് തന്ന ഗുളികകളും ഒരു വലിയ ബാമും മേടിച്ച് അദ്ദ്യേം പറഞ്ഞ നിര്‍ദ്ദേശങ്ങളും ശിരസാവഹിച്ച് ഞാന്‍ ആ ഐറ്റംസെല്ലാം കൃത്യമായി സാപ്പിടുകയും ബാം കയ്യില്‍ തേച്ചുപിടിപ്പിക്കുകയും ചെയ്തു. എന്തെങ്കിലും ഉപയോഗമുണ്ടായോ..ശിവ..ശിവ....

രണ്ടുദിവസം കഴിഞ്ഞ് ആ ബാം എന്റെയൊരു സുഹൃത്ത് കാണുകയും അളിയാ നീയീ വാതത്തിനുള്ള മരുന്നെന്നാത്തിനാടാ ഇടുന്നതെന്ന്‍ ചോദിക്കുകയും ചെയ്തപ്പോള്‍ എന്റെ മനസ്സിലെന്തായിരുന്നു. കര്‍ത്താവീശോമിശിഹായേ. 33.50 ദിര്‍ഹംസ് കൊടുത്ത് മേടിച്ച സാധനം വാതത്തിനൊള്ളതാത്രേ. ആ കവറേലെഴുതിയിരിക്കുന്ന മണികിണിയൊക്കെ നന്നായൊന്നു വായിച്ചുനോക്കിയപ്പോള്‍ എനിക്കെന്നെത്തന്നെയൊന്നു തല്ലാന്‍ തോന്നി. കണ്ട്രി ഫെല്ലോ...

രാവിലെ ഓഫീസില്‍ വന്നിട്ട് പണിയാരംഭിച്ചപ്പോള്‍ ഒരു രക്ഷയുമില്ല. കൈ കുത്തിപ്പൊളിക്കുന്ന വേദന്‍. അസഹ്യമായതോടെ ബോസിന്റെ പെര്‍മിഷന്‍ മേടിച്ച് ഞാന്‍ ഇവിടത്തെ ഒരു വല്യ ഹോസ്പിറ്റലില്‍ പോയി. എമര്‍ജെന്‍സി വിഭാഗത്തില്‍ കാണിച്ചു. കൈ വേദന കാരണം രാത്രി ഉറങ്ങാന്‍ പറ്റുന്നില്ലാന്നേ. ഭഗവാനേ എന്തൊരു പരീക്ഷണം. അവിടേം ഡാക്കിട്ടര്‍ അറബി തന്നെ. ഞാന്‍ വീണ്ടും ഒന്നേന്ന്‍ എന്റെ പ്രശ്നങ്ങള്‍ അവതരിപ്പിച്ചു. കൈ ഒന്നു പിടിച്ചു നോക്കിയിട്ട് എല്ലാം ശരിയാക്കിത്തരാമെന്ന ഭാവത്തില്‍ ഒരു തടിമാടന്‍ പേപ്പറില്‍ എന്തെല്ലാമോ എഴുതിയെന്റെ കയ്യില്‍ തന്നിട്ട് മരുന്നു വയ്ക്കുന്ന സ്ഥലത്തേയ്ക്ക് ചെല്ലാന്‍ മൊഴിഞ്ഞു. ഞാനാ പേപ്പര്‍ ഒന്നു വായിക്കാന്‍ ശ്രമിച്ചുനോക്കി. ദൈവം തമ്പുരാന്‍‍ പോലും സുല്ലിട്ടുപോകുംെന്തു പുണ്ണാക്കിനാണീ ഡോക്ടര്‍മാര്‍ ആദിവാസിഭാഷയിലെഴുതുന്നതെന്ന്‍ പണ്ടുമുതലേ എന്റെയുള്ളില്‍ കിടന്നു തിളച്ചുമറിഞ്ഞുകൊണ്ടിരിക്കുന്ന സംശയമാണു. ഇവമ്മാരൊന്നും വൃത്തിയായി എഴുതാന്‍ കൂടി പഠിച്ചിട്ടില്ലേ. എന്തായാലും എഴുതിയിരിക്കുന്നത് ഇങ്ക്രീസ്സാണ്. എ എന്ന അക്ഷരം ഞാന്‍ അല്‍പ്പം വ്യക്തതയോടെ കണ്ടു എന്നു പറഞ്ഞാല്‍ മതിയല്ലോ.

മെയില്‍ നഴ്സ് എന്റെ കയ്യില്‍ നിന്നും പേപ്പര്‍ വാങ്ങിനോക്കി. ഇടത്തോട്ടും വലത്തോട്ടും തലയൊന്നു വെട്ടിച്ചുനോക്കി. ആശാനെന്തു പിടികിട്ടിയോ ആവോ. ഒരു ചെക്കനാണു. എന്നെപ്പിടിച്ച് ടേബ്ബിളിലിരുത്തി മടിയിലായി ഒരു വലിയ പ്ലാസ്റ്റിക് പേപ്പര്‍ വിരിച്ചു. വീണ്ടും ആ പേപ്പര്‍ എടുത്ത് ചാഞ്ഞും ചരിഞ്ഞും നോക്കുന്നു. ഈ സമയം ഒരു പ്രായമുള്ള മെയില്‍ നഴ്സ് അവിടേയ്ക്ക് വന്നു. എന്തൊക്കെയോ പിറുപിറുക്കലുകള്‍ക്ക് ശേഷം എന്റടുത്തേയ്ക്ക് വന്ന്‍ വലതുകൈ ഉയര്‍ത്തിപ്പിടിക്കുവാന്‍ പറഞ്ഞിട്ട്‍ കൊറേയേറെ പഞ്ഞിയും മറ്റുമൊക്കെയെടുത്ത് ചുറ്റിവരിയാന്‍ തുടങ്ങി. കഥയറിയാതെ കണ്ണുമിഴിച്ചിരുന്ന എന്നെ അത്ഭുതപരതന്ത്രനാക്കിക്കൊണ്ട് വലതുകൈ പത്തുമിനിട്ടിനുള്ളില്‍ നല്ല കലക്കനായി പ്ലാസ്റ്ററിട്ടുതന്നു. ഭംഗിക്കായി ഒരു ഐറ്റം കൂടിതന്നു. കഴുത്തില്‍ കൂടി കൈ കെട്ടിത്തൂക്കിയിടുവാന്‍. അതിന്റെ പേരെന്തു പുണ്ണാക്കാണോയെന്തോ. പത്തുദിവസം ഇട്ടേക്കണമത്രേ. ഫാര്‍മസിയില്‍ നിന്നും ബാക്കി മരുന്നുകൂടി മേടിച്ചിട്ട് ബില്ല്‍ കൊടുക്കാനായി നോക്കിയപ്പോള്‍ കണ്ണിന് ഓപ്പറേഷന്‍ ഉടന്‍ തന്നെ വേണ്ടിവരുമെന്നെനിക്ക് മനസ്സിലായി.

നല്ല തടിവടിയായി ഓഫീസില്‍ വന്നിട്ട് പുറത്തേയ്ക്കിറങ്ങിപ്പോയവന്‍ നാലുമണിക്കൂര്‍ കഴിഞ്ഞ് അവശരൂപത്തില്‍ കൈ മുഴുവന്‍ പ്ലാസ്റ്ററൊക്കെയിട്ടുവന്നത് കണ്ട് എന്റെ സഹപ്രവര്‍ത്തകര്‍ ഞെട്ടി. വിശദീകരിച്ചുവിശദീകരിച്ചു എന്റെ ഊപ്പാടെളകി എന്നു പറഞ്ഞാല്‍ മതിയല്ലോ. പുറത്തെവിടെയോ പഞ്ചാരയടിച്ചു നിന്ന സേഫ്റ്റിമാനേജര്‍ എന്നെക്കണ്ടതും ഒരു നിമിഷം വായും പൊളിച്ചുനിന്നിട്ട് എന്നെ മീറ്റിംഗ് റൂമിലേയ്ക്ക് വിളിപ്പിച്ച് ക്വസ്റ്റ്യന്‍ ചെയ്തു. അങ്ങേരേം പണ്ടാരമടക്കി വൈകിട്ട് വരെ എങ്ങിനെയെങ്കിലും ഇരുന്നശേഷം വീട്ടിലേയ്ക്ക്. റൂമിലുള്ളവരേയും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കിക്കുവാന്‍ പെടാപാടുപെട്ടു. ഇതിനിടയ്ക്ക് കഷ്ടപ്പെട്ട് ഇടതുകൈകൊണ്ട് എന്റെ അസുഖവൃത്താന്തം ഫേസ്ബുക്ക് മാലോകരെയറിയിക്കാനും ഞാന്‍ മറന്നില്ല എന്നുകൂടി ഈ അവസരത്തില്‍ ഞാനോര്‍മ്മിക്കുകയാണ്..

കുട്ടിക്കാലത്ത് ഇടതു കൈ മൂന്നുവട്ടം ഒടിഞ്ഞുപ്ലാസ്റ്റര്‍ തൂക്കിയിട്ടുനടന്നതിനുശേഷം വീണ്ടുമൊരു പ്ലാസ്റ്റര്‍ പരീക്ഷണമാണു. കുളിക്കുമ്പോഴും മറ്റുമൊക്കെ കൈ നനയാതെ നോക്കുന്നത്ര ബുദ്ധിമുട്ട് മറ്റൊന്നില്ല. കടിച്ചുപിടിച്ചു രണ്ടു ദിവസം നടന്നു. ഒരു രക്ഷയുമില്ല. മൂന്നാം ദിനം രാവിലെ ഉറക്കമെഴുന്നേറ്റുള്ള ആദ്യ പണി പ്ലാസ്റ്റര്‍ വെട്ടിപ്പൊളിക്കുകയായിരുന്നു. ആ കുന്ത്രാണ്ടമിളക്കിക്കളഞ്ഞപ്പോള്‍ എന്തൊരാസ്വാസം. ഒരു ദിവസം അങ്ങിനെ നടന്നു. പിന്നെ ബര്‍ദുബൈയിലുള്ള ഒരു പ്രമുഖഹോസ്പിറ്റലിലെ ന്യൂറോ സര്‍ജന്റെ അപ്പോയിന്റ്മെന്റ് നേടി അദ്ദ്യേത്തെ സന്ധിച്ചു. രെജിസ്ട്രേഷന്‍ ചടങ്ങൊക്കെ ഭംഗിയാക്കിയിട്ട് മുറിയിലേയ്ക്ക് കയറിയ എന്നെ ചിരിയോടുകൂടി സ്വീകരിച്ചിരുത്തി. മലയാളി ഡോക്ടര്‍ ആണു. എന്റെ പ്രശ്നങ്ങള്‍ ഒക്കെ വിവരിച്ചപ്പോള്‍ അത് എന്തുകൊണ്ടായിരിക്കാമെന്‍ അദ്ദേഹം എനിക്ക് പറഞ്ഞുതന്നു. എന്തെല്ലാമോ വച്ച് കൈപ്പത്തിയും മറ്റുമൊക്കെ പരിശോദിച്ച് ഒരു കൊട്ടുവടിപോലുള്ള സാധനം കൊണ്ട് ഒന്നുരണ്ട് തട്ടും മുട്ടുമൊക്കെ തന്നു.

"ഞരമ്പില്‍ ചെറിയ നീര്‍ക്കെട്ടുണ്ടാവുകയും അത് അല്‍പ്പം വ്യാപിക്കുകയും ചെയ്തതുകൊണ്ടാണ് കൈ വേദനയുണ്ടായത്. ഈ മരുന്നൊക്കെ കൃത്യമായി കഴിക്കുക. എല്ലാം ഭേദമാവും. എന്തായാലും ഒരാഴ്ചകഴിഞ്ഞെന്നെ വന്നൊന്നുകാണണം"

സ്നേഹത്തോടെ ഡോക്ടര്‍ പറഞ്ഞതുകേട്ട് ഞാന്‍ തലകുലുക്കി സമ്മതിക്കുകയും അസുഖം എത്രയും പെട്ടന്ന്‍ ഭേദമാകുമല്ലോ എന്നാശ്വസിച്ച് റിസപ്ഷനിലേക്ക് ചെന്ന്‍ അവിടിരുന്ന ചെല്ലക്കിളി പറഞ്ഞ കാശ് അടച്ചശേഷം പിന്നെ ഫാര്‍മസിയിലേക്ക് ചെന്ന്‍ ഗുളികകളൊക്കെ മേടിച്ചു. നാലിനം ഉരുപ്പടികള്‍. ഒപ്പം ഒരു കുറിപ്പടിയും. കഴിക്കേണ്ടവിധം ഒക്കെ ചോദിച്ചറിഞ്ഞ് അതിന്റേയും വെലകൊടുത്ത് റൂമിലേയ്ക്ക് മടങ്ങി. കിറുകൃത്യമായി ആ ഗുളികകള്‍ ഒക്കെ ഒരാഴ്ച ഞാന്‍ വിഴുങ്ങി..

വേദന്‍ കുറഞ്ഞോ. നഹീ നഹീ. ഒരാഴ്ച കഴിഞ്ഞ് ഞാന്‍ ഡോക്ടറെ കാണാനായി വീണ്ടും പോയി. വേദന കുറവില്ലെന്ന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം കുറച്ചു ഗുളികകള്‍ കൂടി എഴുതി. സംഗതി പഴയ ഐറ്റം തന്നെ.

പേടിക്കാനൊന്നുമില്ല ഇതുകൂടികഴിക്കുമ്പോള്‍ എല്ലാം ശരിയാകും എന്നുപറഞ്ഞതുകേട്ട് ഞാന്‍ വീണ്ടും പഴയ അതേ പരിപാടികള്‍ ആവര്‍ത്തിച്ചു.

വേദന കുറഞ്ഞോ..ഇനിയുമെന്നോട് ആരെങ്കിലും ആ ചോദ്യം ചോദിച്ചാല്‍ സത്യമായും ഞാന്‍ അവനെ തെറിയില്‍ കുളിപ്പിക്കും.

കമ്പൂട്ടറിന്റെ മുന്നിലിരുന്ന്‍ കൈകുടയുന്ന എന്നെക്കണ്ട് എന്റെ മുന്നിലിരിക്കുന്ന ശ്രീലങ്കന്‍ ബൂട്ടി ഭേദമായില്ലേ എന്നെന്നോടു ചോദിച്ചു.
​‍
എവിടേ ഭേദമാകന്‍ കൊച്ചേ...ദുഃഖസാന്ദ്രമായ മുഖത്തോടെ നോം പറഞ്ഞു

നീ നിന്റെയാ ടാബ്ലറ്റ്സ് ഒക്കെ ഒന്നുകാട്ടിയേ.

വീണ്ടും അവളുടെ കിളിമൊഴി. എന്റെ ബാഗിലിരുന്ന ഗുളികകളെല്ലാം ഞാനവള്‍ക്കെടുത്തു കാട്ടിക്കൊടുത്തു. ഒന്നൊന്നായി അവള്‍ അതെടുത്ത് പരിശോദിച്ചിട്ട് കമ്പൂട്ടറില്‍ അതിന്റെ പേര് സെര്‍ച്ച് ചെയ്ത് തകര്‍ത്തു പരിശോധിക്കാന്‍ ആരംഭിച്ചു. ഇതിനെക്കുറിച്ചൊക്കെ കുറച്ച് അറ്റവും മൂലയും അറിയാവുന്നവളാണെന്ന്‍ തോന്നുന്നു. ഞാനിട്ട മമ്മൂട്ടിയെക്കുറിച്ചുള്ള സ്റ്റാറ്റസ്സില്‍ ആരെങ്കിലും കമന്റിടുന്നുവോ ലൈക്കടിക്കുന്നുവോ എന്ന്‍ നോക്കി കണ്ണുമിഴിച്ചുകൊണ്ടിരുന്ന എന്നോടായവള്‍ താഴെപ്പറയുന്നപ്രകാരം പറഞ്ഞു.

ഇതില്‍ ഒരു ഗുളിക ശ്വാസകോശ ഇന്‍ഫെക്ഷനു നല്‍കുന്നതാണു. ഒരെണ്ണം അള്‍സറിന്‍ ഉള്ളതും മൂന്നാമതായുള്ള ടാബ്ലറ്റ് നിനക്കുള്ള അസുഖത്തിനുള്ളതു തന്നെ. നാലാമതായുള്ളതും മൂന്നാമതുള്ളതും സെയിം സാധനം. രണ്ടു കമ്പനിയുടേതാണെന്നേയുള്ളൂ..

കുരങ്ങന്‍ ഇഞ്ചികടിച്ചാല്‍ എങ്ങിനിരിക്കും. അതായിരുന്നു അവളുടെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലുണ്ടായ ഭാവം. അവളു പറഞ്ഞതു ശരിയാണെങ്കിലും തെറ്റാണെങ്കിലും എന്റെ സകല കണ്ട്രോളും പോയീന്നുപറഞ്ഞാല്‍ മതീല്ലോ. മനുഷ്യന്‍ കള്ളുകുടിയമ്മാരായി മാറുന്നതില്‍ ഒരു തെറ്റുമില്ലെന്നു എനിക്ക് ബോധ്യമാകുന്നു. എന്റെ നെപ്പോളിയന്‍ ദൈവങ്ങളേ എന്നെ നീ കാത്തോളണേ..എന്റെ കയ്യും....

പ്ലാസ്റ്ററിട്ട കയ്യുടെ ഒരു മനോഹരചിത്രം ഇടണമെന്നാഗ്രഹമുണ്ടാര്‍ന്നു. പക്ഷേ...നിങ്ങള്‍ ക്ഷമിക്കുക...എന്റെ ഒരു ചങ്ങാതിച്ചിയുടെ അഭിപ്രായം ശിരസ്സാവഹിച്ച് ചെറുനാരങ്ങാ ചൂടുവെള്ളത്തില്‍ പിഴിഞ്ഞൊഴിച്ച് ആ വെള്ളത്തില്‍ കയ്യും മുക്കിയിരിക്കാന്‍ പോകുവാണു..ശിവനേ..കാത്തോളണേ...

ഹതഭാഗ്യനായ
ശ്രീക്കുട്ടന്‍

Monday, August 27, 2012

ഓണാഘോഷപരിപാടികള്‍

"ഏലാപ്പുറം ബോയ്സ് ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികള്‍ കൃത്യം 9 മണിക്ക് തന്നെ മാറുവീട് ശിവപാര്‍വ്വതീക്ഷേത്രഗ്രൌണ്ടില്‍ വച്ച് ആരംഭിക്കുന്നതാണ്. പരിപാടികള്‍ ഗംഭീരവിജയമാകുന്നതിനായി സംഭാവനകള്‍ തരാമെന്നേറ്റിട്ടുള്ളവര്‍ ദയവായി എത്രയും പെട്ടന്നു തന്നെ അത് കമ്മറ്റിയാപ്പീസിലെത്തിച്ച് രസീത് വാങ്ങേണ്ടതാകുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പേരുകള്‍ നല്‍കിയിട്ടുള്ളവര്‍ ഗ്രൌണ്ടിലേയ്ക്കെത്തുക"

ഒരിക്കല്‍ക്കൂടി നല്ല മുഴക്കത്തില്‍ അനൌണ്‍സ് കര്‍മ്മം നടത്തിയിട്ട് മൈക്ക് അശോകനു കൊടുത്ത് കൊണ്ട് ഓണാഘോഷക്കമ്മറ്റി സെക്രട്ടറി മണിയന്‍ ചരുവിള ക്ലബ്ബിലേയ്ക്ക് ചെന്നിട്ട് കസേരയിലേയ്ക്കമര്‍ന്നിരുന്നു.

"മണിയണ്ണാ വടം വലിയ്ക്കുള്ള വടം ഇതേവരെ കൊണ്ടു വന്നിട്ടില്ല. ഇനിയിപ്പം എന്തോ ചെയ്യും"
തന്റെ മുമ്പില്‍ വന്നുനിന്ന്‍ തല ചൊറിഞ്ഞുകൊണ്ടു നില്‍ക്കുന്ന കുട്ടപ്പനെ നോക്കിയ മണിയന് അരിശം കയറി.

"എടാ നീയല്ലേ പറഞ്ഞത് പ്രകാശന്‍ പത്തു മണിക്കുമുമ്പേ വടോം കൊണ്ട് വരുമെന്ന്‍. എന്നിട്ട് ഇനി വലിക്കാനായി വടത്തിനു ഞാന്‍ എന്നാ ചെയ്യും. ഇന്നാ അന്റെ അരേലൊരു ചരടൊണ്ട്. അതഴിച്ചു വലിക്കെല്ലാവരും കൂടി".

മണിയന്‍ എഴുന്നേറ്റ് തന്റെ മുണ്ടിന്റെ കോന്തലയൊന്നു പൊക്കി

"അണ്ണാ അതു പിന്നെ പ്രകാശനും രാജൂമെല്ലാം കൂടി രാവിലെ തന്നെ ആ പണേലിരുന്ന്‍ അടിച്ച് വാളും വച്ചവിടെ കിടക്കുന്നു. ഞാനെന്തു ചെയ്യാനാ. ഒരു കാര്യം ചെയ്യാം. നമ്മുടെ ഒറയിറക്കുന്ന സുദേവന്റെ കയ്യില്‍ ഒരു വടമുണ്ട്. ഞാന്‍ പോയി അത് ഒപ്പിച്ചുകൊണ്ട് വരാം"

"നീ എന്തു പണ്ടാരമെങ്കിലും ചെയ്യ്"

തലയില്‍ കയ്യ് വച്ചുകൊണ്ട് മണിയന്‍ അല്‍പ്പനേരമതേയിരിപ്പിരുന്നു. തനിക്കീ പുലിവാലു പിടിക്കേണ്ട വല്ല കാര്യവുമൊണ്ടായിരുന്നോ. ചെക്കമ്മാരെല്ലാം കൂടി നിര്‍ബന്ധിച്ചപ്പോള്‍ താനൊന്നിളകിപ്പോയി. നല്ലോരോണമായി നമ്മുടെ ഗ്രാമത്തിലും അല്‍പ്പം ബഹളോം ഒച്ചേം ഒക്കെയൊണ്ടായിക്കോട്ടെയെന്നു താനും കരുതി. ആകെ പത്തായിരത്തഞ്ഞൂറു രൂപേല് എല്ലാം കൂടി തീരുമെന്ന്‍ കരുതീട്ടിപ്പം തന്നെ പൈസയെത്രയായി. ഇനി മൈക്ക് സെറ്റുകാര്‍ക്ക് കൊടുക്കണം, സമ്മാനം കൊടുക്കാനായി മേടിച്ച സാധനങ്ങളുടെ വില. വടം വലി ജേതാക്കള്‍ക്ക് കൊടുക്കാനുള്ള കുല മേടിച്ച വക. ഓര്‍ക്കുമ്പം തന്നെ തല പെരുക്കുന്നു. പിരിവു തരാമെന്നേറ്റ ഒരൊറ്റ നാറികളും അതൊട്ടു തന്നിട്ടുമില്ല. ഇനിയെന്തോ ചെയ്യും. കഴുത്തില്‍കിടക്കുന്ന മാലയില്‍ തടവിക്കൊണ്ട് മണിയനാലോചനയില്‍ മുഴുകി.

"അതെ വാശിയേറിയ ഈ ഓട്ട മത്സരത്തില്‍ വിജയിച്ചത് മാധവണ്ണന്റെ പൊന്നോമനപുത്രന്‍ സുധിയാണ്. അടുത്തതായി കസേരകളി മത്സരമാണ്. ആ ഭാഗത്തു നില്‍ക്കുന്ന ആള്‍ക്കാരൊക്കെ ഒന്നു സൈഡൊതുങ്ങി നിന്നേ"

അശോകന്‍ തകര്‍ക്കുകയാണു. ക്ലബ്ബിലേയ്ക്ക് വന്ന മെമ്പര്‍ രാജേഷ് മണിയണ്ണന്റെ കാതില്‍ ഒരു സ്വകാര്യം പറഞ്ഞു. ഉടനെ തന്നെ രണ്ടുപേരും കൂടി കടയുടെ പുറകുവശത്തേയ്ക്ക് നടന്നു. ചിറിയും തുടച്ചുകൊണ്ട് ഒരു സിഗററ്റും പുകച്ച് മണിയന്‍ തിരിച്ചുവന്ന്‍ കസേരമേലിരുന്നു. കുന്നും പുറത്തെ ഗോപിയാശാന്‍ ആടിയാടിയവിടെ നില്‍പ്പുണ്ടായിരുന്നു.

"എടാ മണിയാ വടം വലിക്ക് എന്നേം കൂട്ടണം. ഇല്ലേലൊണ്ടല്ലോ എന്റെ തനിക്കൊണം ഞാന്‍ കാണിയ്ക്കും"

കൊഴയുന്ന ശബ്ദത്തില്‍ പറഞ്ഞിട്ട് പോക്കറ്റില്‍ നിന്നും ഒരമ്പതുരൂപായെടുത്ത് ആശാന്‍ മണിയ്ക്ക് നേരെ നീട്ടി. സന്തോഷത്തോടെ മണിയന്‍ ആ കാശുവാങ്ങിയിട്ട് പെട്ടന്നൊരു രസീതെഴുതി.

"ഉച്ചയാവുമ്പൊഴേയ്ക്കും പിടുത്തം വിടും. ആരെയെങ്കിലും ഒരാളിനെക്കൂടികൂട്ടി ഒരരയെടുത്ത് വച്ചേക്ക്. ഞാന്‍ പോയി വല്ലോം കഴിച്ചേച്ചു വരാം".

അഴിഞ്ഞ കൈലിയുടുക്കുവാന്‍ പണിപ്പെട്ടുകൊണ്ട് ഗോപിയാശാന്‍ മെല്ലെ നടന്നു. എഴുതിയ രസീത് ചുരുട്ടിക്കൂട്ടിക്കളഞ്ഞിട്ട് മണിയന്‍ കസേരയിലിരുന്നു.

വടവുമായി വന്ന കുട്ടപ്പന്‍ വടം മേശപ്പുറത്തുവച്ചിട്ട് ശ്വാസം വലിച്ചെടുത്തു.

"എന്റെ പൊന്നുമണിയണ്ണാ. ആ സുദേവന്റെയൊരു ജാഡ. വൈകുന്നേരം നൂറുരൂപാ സഹിതം വടം തിരിച്ചേല്‍പ്പിച്ചോളാനാ കല്‍പ്പന"

"എന്റെ കുട്ടപ്പാ എന്തായാലും സാധനം കിട്ടിയല്ലോ. നീ പോയി പ്രഭാകരന്‍ മാമന്റെ കടയില്‍ നിന്നും ഒരു രണ്ടുമൂന്നു പായ്ക്കറ്റ് ബിസ്ക്കറ്റ് മേടിച്ചോണ്ടുവാ. ബിസ്ക്കറ്റ് കടി മത്സരത്തിനു വച്ചിരുന്ന ബിസ്ക്കറ്റൊക്കെ അവമ്മാരു കള്ളുകുടിക്ക് ടച്ചിംഗ്സായിട്ടെടുത്തുകളഞ്ഞു. ഭാഗ്യത്തിനു പഴക്കുല ഞാന്‍ വീട്ടിവച്ചതു നന്നായി. അല്ലേലതും തീര്‍ത്തനെ. ആ മുളയില്‍ കയറ്റത്തിന്റെ ഒരുക്കമെവിടെ വരെയായോ ആവോ"

മണിയന്‍ മെല്ലെയെഴുന്നേറ്റ് വീണ്ടും കടയുടെ പുറകു വശത്തേയ്ക്ക് നടന്നു.

കസേരകളി മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍, പുന്നയ്ക്ക പെറുക്കല്‍, ചാക്കില്‍ കയറിയോട്ടം, ഓട്ടമത്സരം എന്നിവയെല്ലാം കഴിഞ്ഞപ്പോള്‍ ഉച്ചയാവുകയും മിക്കപേരും ഉണ്ണുവാനായി അവരവരുടെ വീടുകളിലേയ്ക്ക് പോവുകയും ചെയ്തു.

ഉച്ചയ്ക്കുശേഷം സിനിമാഗാനമത്സരമായിരുന്നാദ്യം. കര്‍ണ്ണഘടോരമായ ശബ്ദത്തില്‍ ഏലാപ്പുറത്തെ യേശുദാസ്മാരും ചിത്രമാരും തമിഴ് മലയാളം പാട്ടുകള്‍ തകര്‍ത്തുപാടി. മൂന്നുമണിയോടെ മുളയില്‍ കയറ്റ മത്സരമാരംഭിച്ചു.

രാജീവ്, കൊച്ചൂട്ടന്‍,അശോകന്‍,വിനോദ്,തിലകന്‍,പ്രകാശ്,സുധിന്ദ്രന്‍,മഹേഷ് തുടങ്ങിയ പ്രജകള്‍ അരയും തലയും മുറുക്കി മത്സരരംഗത്തേയ്ക്ക് കടന്നു. 500 രൂപയും തോര്‍ത്തും ആരെടുക്കും എന്ന ആകാംഷയില്‍ കാണികള്‍ ശ്രദ്ധാപൂര്‍വ്വം മത്സരം വീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള രാജീവ് തോര്‍ത്തില്‍ പിടിച്ചു എന്ന തോന്നലുണ്ടാക്കിയതും ആശാനുടുത്തിരുന്ന തോര്‍ത്തഴിഞ്ഞ്പോയതുമൂലം ആ ശ്രമം പരാജയപ്പെട്ടു. ആര്‍പ്പുവിളികള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവില്‍ മഹേഷ് എന്ന യുവപ്രജ ആ 500രൂപയും തോര്‍ത്തും സ്വന്തമാക്കി. മുളയില്‍ നിന്നും താഴെയിറങ്ങിയ ഉടനെ ആ പണവുമായി ഒരാള്‍ ബിവറെജിലേയ്ക്ക് പുറപ്പെട്ടു.

വിവാഹിതരും അവിവാഹിതരുമായുള്ള വടം വലി മത്സരമായിരുന്നടുത്തത്. വിജയികള്‍ക്കായുള്ള കൂറ്റന്‍ പഴക്കുല മത്സരം നടക്കുന്ന സ്ഥലത്തിനടുത്തായി കെട്ടിതൂക്കിയിട്ടുണ്ടായിരുന്നു. അടിച്ചു പാമ്പായി നില്‍ക്കുന്ന വിവാഹിതമ്മാരും അവിവാഹിതമ്മാരും രണ്ടായിപ്പിരിഞ്ഞ് വടത്തിന്റെ ഓരോ തലകളില്‍ പിടിച്ചു. റഫറിയായി നിന്നത് തങ്കപ്പണ്ണനായിരുന്നു. ആശാനു വിസിലൂതാനുള്ള കെല്‍പ്പ് പോലുമുണ്ടായിരുന്നില്ല എന്നതാണു സത്യം. വയലിന്റെ കുറുകേയുള്ള റോഡിലാണു മത്സരം നടക്കുന്നത്. സ്വന്തം കണവമ്മാരുടെ പ്രകടനം കാണാന്‍ എത്തിയ ശ്രീമതിമാരും മറ്റുള്ളവരും വയല് വരമ്പുകളിലും റോഡിന്റെ വശങ്ങളിലുമായി സ്ഥാനം പിടിച്ചു. വണ്‍, ടൂ, ത്രീ എന്നാരോ ഉച്ചത്തില്‍ പറഞ്ഞതും തങ്കപ്പണ്ണന്‍ വിസില്‍ ഊതിയതും വടം വലി ആരംഭിച്ചതുമെല്ലാം ഒറ്റയടിയ്ക്കായിരുന്നു. വിവാഹിതരും അവിവാഹിതരും ഒട്ടുംതന്നെ വിട്ടുകൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. എന്നിരുന്നാലും അവിവാഹിതരുടെ ശക്തി വിവാഹിതര്‍ അറിയുക തന്നെ ചെയ്തു. അതിശക്തമായൊരു വലിയില്‍ വിവാഹിതര്‍ക്കടിതെറ്റുകയും പലരും മറിഞ്ഞുവീഴുകയും ചെയ്തു. വീണവരേയും വലിച്ചെഴച്ചുകൊണ്ട് അവിവാഹിതര്‍ വടവുമായി പാഞ്ഞു. തറയിലൂടെ വലിച്ചെഴച്ചതുമൂലം മുട്ടാകെ പൊട്ടിയൊലിച്ച ഗോപിയാശാനെ അപ്പോള്‍ തന്നെ ജാനകി ക്ലിനിക്കിലേയ്ക്ക് കൊണ്ടുപോയി.

അങ്ങിനെ ഓണാഘോഷ പരിപാടികളെല്ലാം മംഗളമായവസാനിച്ചു.
കണക്കുകള്‍ കൂട്ടിനോക്കിയ മണിയന്റെ കണ്ണുതള്ളി. പത്തയ്യായിരം രൂപയ്ക്കെവിടെപ്പോകാന്‍. ആരുതരും. മൈക്കുസെറ്റും മറ്റെല്ലാം കൊടുത്തിട്ട് മടങ്ങിവന്ന പിള്ളേര്‍ തലയും ചൊറിഞ്ഞ് മണിയന്റെ മുമ്പില്‍ നിന്നു. എന്തായാലും കടം തന്നെ. മണിയന്‍ പോക്കറ്റിലിരുന്ന നാനൂറു രൂപായെടുത്തൊരുത്തനെയേല്‍പ്പിച്ചു. അവനപ്പോള്‍ തന്നെ ചരക്കുവാങ്ങാനായിപ്പോയി. ആഘോഷം പാതിരാത്രി വരെ നീണ്ടു. അടിച്ചു പാമ്പായ ചെക്കമ്മാരൊക്കെ എഴുന്നേറ്റെങ്ങോ പോയി. നല്ല പിടുത്തമായ മണിയന്‍ ക്ലബ്ബില്‍ തന്നെ കിടന്നുറങ്ങി.

ആരുടെയോ വിളി കേട്ടാണു മണിയനുണര്‍ന്നത്. കണ്മുന്നില്‍ ദേക്ഷ്യം കൊണ്ടു വിറച്ചു നില്‍ക്കുന്ന പ്രഭാകരന്‍ പിള്ളയെക്കണ്ട മണിയന്‍ ഒന്നമ്പരന്നു. അവന്‍ പെട്ടന്ന്‍ ചാടിയെഴുന്നേറ്റു.

"എടാ നീ ചെക്കമ്മാര്‍ക്ക് കള്ളുമേടിച്ചുകൊടുക്കുമല്ലേ. എന്റെ പണയിലേയ്ക്കൊന്ന്‍ വന്നുനോക്ക്. ആന കേറിയതുപോലുണ്ട്. രണ്ടു കരിക്കടത്തുകുടിക്കുന്നതു ഞാന്‍ ക്ഷമിക്കും. പക്ഷേ എന്റെ വാഴ മുഴുവന്‍ ചവിട്ടിയൊടിച്ച് മരിച്ചീനിയൊക്കെ വലിച്ചുപുഴുത് നീ തന്നെ ഇതിനു സമാധാനം പറയണം"

തന്റെ മുന്നില്‍ നിന്നുമാക്രോശിക്കുന്ന പ്രഭാകരന്‍ പിള്ളയെ മണിയന്‍ ദയനീയമായി നോക്കി. ഈ സമയം കുട്ടപ്പന്‍ എവിടുന്നോ ഓടിവന്നു മണിയനെ മാറ്റി നിര്‍ത്തി രഹസ്യം പറഞ്ഞു.

"മണിയണ്ണാ. ഇന്നലെ അവമ്മാരാകെ കൊഴപ്പമുണ്ടാക്കി. രാത്രി വാസുപിള്ളയുടെ വീടിനു കല്ലെറിഞ്ഞു. സുമതിച്ചേച്ചീടെ തട്ടുകട മറിച്ച് വയലിലിട്ടു. റോഡിന്റെ സൈഡില്‍ കിടന്ന ആ പോസ്റ്റ് പിടിച്ചു റോഡിനു കുറുകേയിട്ടു. ഏതോ വണ്ടിക്കാരെ അടിച്ചെന്നും പറയുന്നുണ്ട്. ഇപ്പോ എല്ലാം മുങ്ങിയിരിക്കുവാ. റോഡിലെല്ലാരും പറയുന്നത് അണ്ണനുമൊണ്ടായിരുന്നെന്നാ. ആ വാസുപിള്ള കേസുകൊടുത്തിട്ടൊണ്ട്. കൊഴപ്പമാവുമെന്നാ തോന്നുന്നത്"

മണിയന്‍ എന്തുചെയ്യണമെന്നറിയാതെ ദയനീയമായി കുട്ടപ്പനെയൊന്നുനോക്കി. റോഡിലൂടെ ഒരു വണ്ടി വരുന്ന ഒച്ചകേട്ട് കുട്ടപ്പന്‍ എത്തിനോക്കി.

"അണ്ണാ പോലീസ്..ഓടിക്കോ"

അലര്‍ച്ചയും കുട്ടപ്പന്റെ ഓട്ടവും ഒരുമിച്ചായിരുന്നു. കടയ്ക്കുമുമ്പില്‍ വന്നുനിന്ന ജീപ്പില്‍ നിന്നും പുറത്തിറങ്ങിയ പോലീസുകാര്‍ അകലെ എന്തോ മിന്നായം പോലെ മറയുന്നതു മാത്രം കണ്ടു. അറസ്റ്റു ചെയ്യാന്‍ പാകത്തില്‍ ഒരു ജോഡി ചെരിപ്പവിടെ കിടക്കുന്നുണ്ടായിരുന്നു...

ശ്രീക്കുട്ടന്‍.

Friday, August 17, 2012

ആറമ്മുള വലിയ ബാലകൃഷ്ണന്‍


ആറമ്മുള വലിയ ബാലകൃഷ്ണനെക്കുറിച്ചുള്ള ഈ ചെറുകുറിപ്പിനു നിദാനം ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാല എന്ന കൃതിയാണു. ഇതിലെഴുതിയിരിക്കുന്നതിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും അദ്ദേഹത്തിന്റെ വാചകങ്ങള്‍ തന്നെ. തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന കരിവീരമ്മാരെ കാണുന്നതും ആസ്വദിക്കുന്നതും ഒക്കെ ഒരു ഹരമായതുകൊണ്ട് എഴുതിപ്പോയതാണ്. പലപ്പോഴും കേട്ടുകേള്‍വിയനുസരിച്ചുള്ളവ അതിശയോക്തിപരങ്ങളായിരിക്കും. എന്നിരുന്നാലും ഇതെല്ലാം സത്യമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം..

ഒരിക്കല്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് നടത്തിയ മുറജപത്തിനു സദ്യ വിളമ്പിയപ്പോള്‍ സദ്യക്കൊപ്പം വിളമ്പിയ എരിശ്ശേരി പാകം ചെയ്തത് പ്രസിദ്ധരായ ആറമ്മുള്ള സമൂഹക്കാര്‍ ആയിരുന്നു. മഹാരാജാവിന്റെ പ്രത്യേകക്ഷണപ്രകാരമാണു അവര്‍ മുറജപത്തില്‍ ദേഹണ്ഡക്കാരായെത്തിയത്. മുറജപമൊക്കെ സമംഗളം കഴിഞ്ഞപ്പോള്‍ മഹാരാജാവ് സന്തോഷിച്ച് ആറമ്മുള സമൂഹക്കാര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. സന്തോഷവാന്മാരായ സമൂഹക്കാര്‍ മഹാരാജാവിനോട് തങ്ങള്‍ക്ക് ആറമ്മുളയപ്പന് നടയ്ക്ക് വയ്ക്കുന്നതിനായി ഒരാനയെ തന്നാല്‍ വലിയ ഉപകാരമായിരിക്കും എന്നുണര്‍ത്തിച്ചു. അപ്പോള്‍ തന്നെ മഹാരാജാവ് ലായം കാര്യക്കാരെ തിരുമുമ്പില്‍ വരുത്തുകയും ആറമ്മുളസമൂഹക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന ഒരാനയെ നല്‍കണമെന്ന്‍ കല്‍പ്പിക്കുകയും ചെയ്തു. അപ്രകാരം അവരെല്ലം കൂടി ലായത്തിലെത്തുകയും അവിടെയുണ്ടായിരുന്ന ഒരാനയെ ചൂണ്ടിക്കാട്ടി അതിനെ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. അങ്ങിനെ കിട്ടിയ ആനയെ അവര്‍ കൊണ്ടുപോവുകയും കരക്കാരും മറ്റു പ്രമുഖരുമെല്ലാം ചേര്‍ന്നുകൊണ്ട് ആനയെ വലിയ ബാലകൃഷ്ണന്‍ എന്ന്‍ നാമകരണം ചെയ്ത് ആഘോഷപൂര്‍വ്വം നടയ്ക്കിരുത്തുകയും ചെയ്തു.



അക്കാലത്ത് ആറമ്മുള ദേവസ്വം വകയായി കരക്കാരെല്ലാം കൂടി ചേര്‍ന്ന്‍ വിലയ്ക്ക് വാങ്ങി നടയ്ക്കിരുത്തിയ ബാലകൃഷ്ണന്‍ എന്നും പിന്നെ റാന്നി കര്‍ത്താവ് നടയ്ക്കിരുത്തിയ കുട്ടികൃഷ്ണന്‍ എന്നും പേരുള്ള രണ്ട് ആനകള്‍ കൂടിയുണ്ടായിരുന്നു. വലിയ ബാലകൃഷ്ണന്‍ ഇവരോടൊപ്പം ചേര്‍ന്നു. ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ ബാലകൃഷ്ണന്‍ തടിച്ചുകൊഴുത്ത് മുമ്പ് അവനെകണ്ടിട്ടുള്ളവ്ര്‍ പോലും തിരിച്ചറിയാന്‍ വയ്യാത്ത തരത്തില്‍ ദേഹപുഷ്ടിയും തലയെടുപ്പുമുള്ളവനുമായി തീര്‍ന്നു. വലിയ ബാലകൃഷ്ണന്റെ പ്രധാനപാപ്പാന്‍ കക്കുഴി നാരായണന്‍ നായര്‍ എന്ന ഒരാളായിരുന്നു. ബാലകൃഷ്ണനെ സ്വന്തം മകനെപ്പോലെ നോക്കുകയും മറ്റും ചെയ്തിരുന്ന നാരായണന്‍ നായരെ ബാലകൃഷ്ണനും വളരെയേറെ സ്നേഹിച്ചിരുന്നു.

ആറമ്മുളക്ഷേത്രത്തിനടുള്ള ആറ്റിലെ ഒരു കയത്തിലായിരുന്നു വലിയ ബാലകൃഷ്ണന്‍ മുങ്ങിക്കിടക്കുന്നത്. ദേവന്റെ നിക്ഷേപ മുതലുകള്‍ കിടക്കുന്നതും ആ കയത്തിലായിരുന്നു. അമ്പലത്തില്‍ ശീവേലിയ്ക്ക് പാണികൊട്ടുന്നതുകേട്ടാല്‍ ആരും വിളിക്കാതെ തന്നെ ബാലകൃഷ്ണന്‍ കയത്തില്‍ നിന്നും കയറിവരും. അമ്പലത്തിലെ എഴുന്നള്ളിപ്പിന്റേയും പ്രദക്ഷിണത്തിന്റേയുമൊക്കെ ചിട്ടവട്ടങ്ങള്‍ ബാലകൃഷ്ണനു മനപ്പാഠമായിരുന്നു.

വലിയ ബാലകൃഷ്ണനെക്കുറിച്ച് ജനങ്ങള്‍‍ക്ക് സീമാതീതമായ സ്നേഹവും വാത്സല്യവുമൊക്കെയുണ്ടായിരുന്നതുമൂലം അവനു ധാരാളം പഴക്കുലകളും മറ്റുമൊക്കെ കിട്ടുമായിരുന്നു. അവന്‍ അതിലോരോ ഓഹരി ചെറിയ ബാലകൃഷ്ണനും കുട്ടികൃഷ്ണനും മറക്കാതെ നല്‍കുമായിരുന്നു. മാത്രമല്ല വല്യ ബാലകൃഷ്ണന്റെ പാപ്പാനായിരുന്ന നാരായണന്‍ നായര്‍ക്കും ധാരാളം സമ്മാനങ്ങളും മറ്റും കിട്ടാറുണ്ടായിരുന്നു. ഇതില്‍ അസൂയാലുവായ ചെറിയ ബാലകൃഷ്ണന്റെ പാപ്പാനായ അയ്യപ്പന്‍പിള്ള ചെറിയ ബാലകൃഷ്ണനെക്കൊണ്ട് ചില അക്രമങ്ങള്‍ കാട്ടുകയും അത് വലിയ ബാലകൃഷ്ണന്റെയും പാപ്പാനായിരുന്ന നാരായണന്‍ നായരുടേയും പിടലിക്കു വയ്ക്കുവാന്‍ നോക്കുകയും ചെയ്തു.പക്ഷേ സത്യാവ്സ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെടുകയും അയ്യപ്പന്‍ പിള്ള തന്നെ നാട്ടുകാരുടെ മുന്നില്‍ ഇളിഭ്യനാകുകയും പ്രായശ്ചിത്തം ചെയ്യേണ്ടിയും വന്നു.

വലിയ ബാലകൃഷ്ണനെ അകപ്പെടുത്തുവാന്‍ പലരും പല ആഭിചാരപ്രയോഗങ്ങളും മറ്റുമൊക്കെ ചെയ്തിട്ടുണ്ട്. താമരശ്ശേരി നമ്പി ഒരിക്കല്‍ ഒരു വലിയ ഒരു കൂടോത്രം ചെയ്ത് വലിയ ബാലകൃഷ്ണന്‍ വരുന്ന വഴിയില്‍ സ്ഥാപിക്കുകയും എന്നാല്‍ ആ സ്ഥലത്തെത്തിയപ്പോള്‍ ബാലകൃഷ്ണന്‍ എന്തുകൊണ്ടോ അവിടം കടന്നുപോകാതെ നില്‍ക്കുകയും ചെയ്തു. സംഗതിയറിഞ്ഞ ക്ഷേത്രത്തിലെ വെളിച്ചപ്പാട് തുള്ളിവരുകയും കൂടോത്രം തന്റെ ശൂലത്താല്‍ കുത്തിയെടുത്ത് കത്തിച്ചുകളയുകയും ചെയ്തു. ബാലകൃഷ്ണനെ അകപ്പെടുത്തുവാന്‍ കൂടോത്രം ചെയ്ത താമരശ്ശേരി നമ്പി ആ ആണ്ടില്‍ തന്നെ വസൂരിരോഗം പിടിപെട്ട് മരിക്കുകയും ചെയ്തു.

ഒരിക്കല്‍ ഒരു മലയുടെ ചരിവിനു മുകളില്‍ നിന്നും വലിയബാലകൃഷ്ണനും താഴെനിന്നു ചെറിയ ബാലകൃഷ്ണനും കൂടി ഒരു വലിയ തടിപിടിച്ചുകൊണ്ട് നില്‍ക്കേ അയ്യപ്പന്‍പിള്ള ചെറിയ ബാലകൃഷ്ണനെ ഒന്നടിച്ചു. ദേക്ഷ്യം കൊണ്ടന്ധനായ ബാലകൃഷ്ണന്‍ അയ്യപ്പന്‍പിള്ളയുടെ കഥ അപ്പോള്‍ തന്നെ കഴിച്ചു. തടിപിടിച്ചിരുന്ന വലിയ ബാലകൃഷ്ണനു അയ്യപ്പന്‍ പിള്ളയെ രക്ഷിക്കാനുമായില്ല. അക്രമം ചെയ്യുന്നതൊന്നും വലിയ ബാലകൃഷ്ണനു ഇഷ്ടമായിരുന്നില്ല. അയ്യപ്പന്‍ പിള്ളയ്ക്ക്ശേഷം ചെറിയബാലകൃഷ്ണന്റെ പാപ്പാനായി വന്നത് അയ്യപ്പന്‍ പിള്ളയുടെ അനുജനായ പത്മനാഭന്‍ പിള്ളയായിരുന്നു. തന്റെ ജേഷ്ഠനെക്കൊന്ന ചെറിയ ബാലകൃഷ്ണനെ താമസിയാതെ വിഷമോ മറ്റോ കൊടുത്ത് അയാള്‍ കൊല്ലിച്ചു. താമസിയാതെ പ്രായാധിക്യം മൂലം വലിയ ബാലകൃഷ്ണന്റെ പാപ്പാനായ നാരായണന്‍ നായര്‍ മരിച്ചു. തുടര്‍ന്ന്‍ വലിയ ബാലകൃഷ്ണന്റെ പപ്പാനായി വന്നത് പത്മനാഭപിള്ളയായിരുന്നു. കൂടെ സഹായിയായി നാരായണന്‍ നായരുടെ അനന്തിരവനായ കൊച്ചുകൃഷ്ണനേം നിയമിച്ചു. തന്റെ പ്രീയപ്പെട്ടവരായിരുന്ന ചെറിയ ബാലകൃഷ്ണനും നാരായണന്‍ നായരും മരിച്ചുപോയതില്‍ വലിയ ബാലകൃഷ്ണന്‍ വളരെയേറെ നാള്‍ ഖിന്നനായിരുന്നു. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലല്ലോ.

പത്മനാഭപിള്ള അത്ര ശുദ്ധഹൃദയനൊന്നുമല്ലായിരുന്നു. വലിയബാലകൃഷ്ണനെക്കൊണ്ട് കഠിനമായി ജോലികള്‍ ചെയ്യിക്കുകയും മറ്റാരുമറിയാതെ ധാരാളം സമ്പാദിക്കുകയും ചെയ്തുകൊണ്ടിരുന്നു.ഒരിക്കള്‍ ഒരു വലിയ തടി വലിയ ബാലകൃഷ്ണനെക്കൊണ്ട് പിടിപ്പിച്ച വകയില്‍ പത്മനാഭപിള്ളയ്ക്ക് അല്‍പ്പം കൂടുതല്‍ പണവും മുണ്ടും നേര്യതുമൊക്കെ ലഭിക്കുകയുണ്ടായി. എന്നാല്‍ സഹായിയായി നിന്ന കൊച്ചുകൃഷ്ണനു ഒന്നും തന്നെ നല്‍കിയില്ല. അതില്‍ മനസ്താപം പൂണ്ട കൊച്ചുകൃഷ്ണന്‍ തന്റെ സങ്കടം ഭഗവാനോടെന്നോണം പറഞ്ഞു. ഇതുകേട്ട് സംഗതി മനസ്സിലായ ബാലകൃഷ്ണന്‍ ആ തടി വലിച്ചെടുത്ത് പഴയസ്ഥാനത്തുതന്നെ കൊണ്ടിട്ടു. പത്മനാഭപിള്ള പലതും പറഞ്ഞുനോക്കിയിട്ടും ബാലകൃഷ്ണന്‍ അനുസരിച്ചില്ല. മനസ്സില്‍ കോപം അധികരിച്ചെങ്കിലും ഒരു അവസരം കിട്ടുമ്പോള്‍ പകരം വീട്ടണമെന്ന്‍ മനസ്സിലുറപ്പിച്ച് പദ്മനാഭപിള്ള തല്‍ക്കാലമടങ്ങി.

ആറമ്മുളയ്ക്ക് സമീപം തന്നെ ആറ്റില്‍ കയ്പ്പുഴക്കയം എന്നൊരാഴമേറിയ കയമുണ്ട്. ഒരിക്കല്‍ അതിനടുത്ത് വച്ച് മലയില്‍ നിന്നും രണ്ട് വലിയ തടികള്‍ പിടിക്കുവാനായി പത്മനാഭപിള്ള വലിയബാലകൃഷ്ണനേം കൊണ്ടു പോയി. വളരെ കഷ്ടപ്പെട്ട് ഒരു തടി ബാലകൃഷ്ണന്‍ നിശ്ചിതസ്ഥാനത്തെത്തിച്ചു. രണ്ടാമത്തെ തടിപിടിക്കുന്ന സമയം പത്മനാഭപിള്ള തടിയുടെ വക്കയില്‍ കെട്ടിയിരുന്ന ചങ്ങല വലിയബാലകൃഷ്ണന്റെ കാലില്‍ ചേര്‍ത്ത് ബന്ധിച്ചു. അപ്പോള്‍ തന്നെ ഒരപകടം ബാലകൃഷ്ണനു മണത്തെങ്കിലും അവന്‍ തടിപിടിച്ച് യഥാസ്ഥാനത്തേയ്ക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. ആ കയത്തിന്റെ അടുത്തെത്തിയതും പത്മനാഭപിള്ള ബാലകൃഷ്ണന്റെ മര്‍മ്മസ്ഥാനം നോക്കി ഒരടികൊടുത്തു. അസഹ്യമായ വേദനയാല്‍ പിടഞ്ഞ വലിയ ബാലകൃഷ്ണന്‍ ഒന്നു പിടഞ്ഞ് ആ കയത്തിലേയ്ക്ക് ചാടുകയും ചെയ്തു. കൂറ്റന്‍ തടിയുടെ കൂടെ ചങ്ങല കാലില്‍ ബന്ധിച്ചിരുന്നതുകൊണ്ട് ബാലകൃഷ്ണനു കയത്തില്‍ നിന്നും കയറാനാകാതെ നിസ്സഹായനാകേണ്ടിവന്നു. ആഴമേറിയ കയത്തില്‍ അകപ്പെട്ട അവന്‍ ശ്വാസം കിട്ടാനായി ബദ്ധപ്പെടുകയും തന്റെ നീളമെറിയ തുമ്പിക്കൈ വെള്ളത്തിനുമുകളിലേയ്ക്ക് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

വലിയ ബാലകൃഷ്ണന്റെ കഷ്ടസ്ഥിതി കണ്ട് രസിച്ചുകൊണ്ട് കരയ്ക്ക് നിന്ന പത്മനാഭപിള്ളയെ കാട്ടില്‍ നിന്നും പൊടുന്നനേ ഇറങ്ങിവന്ന ഒരു കാട്ടുപോത്ത് വെട്ടികുത്തി രണ്ടുകഷണമാക്കി മുറിച്ച് കയത്തിലേയ്ക്ക് തള്ളിയിട്ടിട്ട് കാട്ടിലേയ്ക്ക് തന്നെ പോയി. അധികം താമസിയാതെ തന്നെ ബാലകൃഷ്ണനു നേരിട്ട ദുര്യോഗം കരക്കാര്‍ മൊത്തമറിയുകയും അവരൊക്കെ തന്നെ കയത്തിനടുത്തേയ്ക്ക് കുതിച്ചെത്തുകയും ചെയ്തു. വലിയ ബാലകൃഷ്ണനെ കരയ്ക്ക് എങ്ങിനെയെങ്കിലും കയറ്റാനായി പലരും പല വിദ്യകളും നോക്കി. എന്നാല്‍ ആഴമേറിയ കയത്തില്‍ വളരെവലിയ തടിയോടൊപ്പം ബന്ധിക്കപ്പെട്ടുകിടന്നിരുന്ന ബാലകൃഷ്ണനെ രക്ഷിക്കുവാനുള്ള എല്ലാ ശ്രമങ്ങളും പാഴാവുകയാണുണ്ടായത്. ബാലകൃഷ്ണന്റെ അപകടവൃത്താന്തമറിഞ്ഞ് അന്ന്‍ ആറമ്മുളദേശത്ത് കണ്ണീര്‍വാര്‍ക്കാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല. സര്‍വ്വവിധയോഗ്യതകളും നിറഞ്ഞ ആ ഗജസ്രേഷ്ടന്‍ ഇന്നും എല്ലാവരുടേയും മന‍സ്സില്‍ ചിരപ്രതിഷ്ടപോലെ നിറഞ്ഞു നില്‍ക്കുന്നു...


ശ്രീക്കുട്ടന്‍

Wednesday, August 15, 2012

ആരാണത് ചെയ്തത്??

"എടീ നാരായണീ നെനക്കൊരു കാര്യമറിയണോ, ഇങ്ങടുത്തുവാ പരമ രഹസ്യമാ"

കയ്യിലിരുന്ന ഗ്ലാസ്സിലെ ചൂടന്‍ ചായ ഊതിയാറ്റിക്കൊണ്ട് രമണി അയല്‍ വക്കത്തെ നാരായണിയെ വിളിച്ചു.

"എന്റെ ചേച്ചീ ദേ പിള്ളാര്‍ക്കൊള്ള കാപ്പിയൊണ്ടാക്കിക്കൊണ്ടിരിക്കുവാ. ഒരഞ്ചുമിനിട്ടേ".

തലയൊന്നു പുറത്തേയ്ക്കു കാണിച്ചുകൊണ്ട് നാരായണി പറഞ്ഞു.

"ഇപ്പൊത്തന്നെ പോവാടീ. നീയിങ്ങുവന്നേ".

രമണിയുടെ നിര്‍ബന്ധം മൂലം എന്തോ പിറുപിറുത്തുകൊണ്ട് നാരായണി അവരുടെയടുത്തേയ്ക്കു ചെന്നു.

"എന്തുവാ ചേച്ചി ഇത്ര വല്യ രഹസ്യം".

"ഞാനിതു പറഞ്ഞതായിട്ട് നീ ആരോടും പറയരുതു കേട്ടാ. നമ്മുടെ താഴേലെ വിജയയില്ലെ. ആ ആട്ടക്കാരിതന്നെ. അവളുടെ വീട്ടി ഇന്നലെ രാത്രി ആരോ കള്ളന്‍ കേറിയെന്നോ അവളുകെടന്ന്‍ നെലവിളിച്ചപ്പം ഓടിക്കളഞ്ഞെന്നോ ഒക്കെ പറേണ്. ചെലപ്പം അവളു വിളിച്ചിട്ടു വന്നോനായിരിക്കും. ആരെങ്കിലും കണ്ടപ്പം പതിവ്രത ചമഞ്ഞതാരിക്കും. സത്യമാണോ കള്ളമാണോന്ന്‍ ആര്‍ക്കറിയാം".

"ഒള്ളതാണോ ചേച്ചി. എന്നാലും അവളാളു കൊള്ളാമല്ലോ. അവടെ നടപ്പും ഭാവോമൊക്കെ കണ്ടാ തറേലൊന്നുമല്ലെന്ന്‍ തോന്നും. അല്ല ആളാരാണെന്നു വല്ല പിടിം കിട്ടിയാ".

"എടീ നാരാണീ എനിക്കു തോന്നുന്നത് കള്ളനും കിള്ളനുമൊന്നുമല്ല നമ്മുടെ കറവക്കാരന്‍ നാണുനായരാണെന്നാ. അയാളെക്കാണുമ്പം അവക്ക് ഒത്തിരി എളക്കോം കുലുക്കോമൊക്കെയുള്ളതു ഞാന്‍ ശ്രദ്ധിച്ചിട്ടൊണ്ട്. രഹസ്യമായിട്ട് വിളിച്ചുകേറ്റീതായിരി‍ക്കും"

"ശരിയാ ചേച്ചീ. ഞാനും അത് കണ്ടിട്ടൊണ്ട്. ഹൊ എന്നാലും ഇതിത്തിരി കടുത്തുപോയി. മാപ്പിള നേരെത്തേ ചത്തുപോയെന്നും വച്ചു ആണുങ്ങളെ ചാക്കിട്ടുപിടിക്കാന്‍ ഓരോരുത്തികള് എറങ്ങിക്കൊള്ളും ത്ഫൂ....നമ്മടെയൊക്കെ വീട്ടിലും ആണുങ്ങളുള്ളതാണ്. എവളുമാര് ഇതേപ്പോലെ തൊടങ്ങിയാലെന്തു ചെയ്യും. പാവപ്പെട്ട ആണുങ്ങളെ വല്ലോം പറയാമ്പറ്റോ."

"അവടെ നോട്ടോം ചിരീം കണ്ട് മയങ്ങിപ്പോണ ആണുങ്ങളൊണ്ടാരിക്കും. പക്ഷേ എന്റെ കുമാരന്‍ ചേട്ടനെ അതിനു കിട്ടത്തില്ല. ഞാനല്ലാതെ മറ്റൊരു പെണ്ണിന്റെ മൊകത്തു അയാള് നോക്കത്തില്ല. അതു നെനക്കറിയ്യൊ".

"അതെന്താ ചേച്ചി അങ്ങനെ പറഞ്ഞത്. അപ്പം എന്റെ കെട്ടിയോന്‍ പെണ്ണുങ്ങളേം നോക്കി നടക്കുവാണെന്നാണോ. എന്നെത്തന്നെ ഫുള്ള്‍ നോക്കീട്ടില്ല അതു ചേച്ചിക്കറിയോ ".

"എടീ ഞാന്‍ അങ്ങിനൊന്നും വിചാരിച്ചു പറഞ്ഞതല്ല. അവടെയൊരു മോളൊണ്ടല്ലോ ഒരു ശൃംഗാരിക്കോത. തള്ളേപ്പോലെ അവളും തൊടങ്ങാതിരുന്നാ മതിയാര്‍ന്നു. ചെലപ്പം അവളെക്കാണാനായി ഏവനെങ്കിലും വന്നതാവും. തള്ള കണ്ട് നെലവിളിച്ചതാവാനും വഴിയൊണ്ട്. നമുക്ക് ഒറപ്പിച്ചൊന്നും പറയാന്‍ പറ്റില്ലല്ലോ".

"അതു ശരിയാ ചേച്ചി. ചെലപ്പം അങ്ങനെയാവും. അല്ല കുമാരന്‍ ചേട്ടനെണീറ്റില്ലേ ഇതേവരെ".

"അതിയാനെപ്പോ എണീക്കുമെന്ന്‍ പറയാന്‍ പറ്റത്തില്ല. ആ ഉണ്ണീട കടേപ്പോയിക്കാണും. എണീറ്റൊടനെ ചായ കിട്ടീല്ലെങ്കി അയാക്കു പ്രാന്താ. ഞാനെണീറ്റപ്പം അല്‍പ്പം താമസിച്ചും പോയി"

"ങ്.ഹൂം. മനസ്സിലായി മനസ്സിലായി."

നാരായണി ഒരു വഷളന്‍ ചിരി ചിരിച്ചു.

"പോടി അവിടുന്ന്‍"

രമണിയുടെ മുഖത്ത് ലജ്ജയൊന്നു പരന്നു

"അയ്യോ എന്റെ ചേച്ചീ അടുപ്പത്തു ദോശകെടക്കുവാര്‍ന്നു. അതെന്തായായെന്തോ. പൊയ്ക്കളയല്ലേ ഞാനിതാ വരുന്നു ".

പറഞ്ഞുകൊണ്ട് നാരായണി അടുക്കളയിലേയ്ക്കോടി.

കരിഞ്ഞ ദോശ മാറ്റി പുതിയ മാവൊഴിച്ചശേഷം നാരായണി പെട്ടന്നു മടങ്ങിവന്നു. രണ്ടുംകൂടി വീണ്ടും നുണകളും പറഞ്ഞു നില്‍ക്കുന്നതിനിടയിലാണു രമണിയതു കണ്ടത്. നാലഞ്ച്പേര്‍ ചേര്‍ന്ന്‍ ഒരാളെ താങ്ങിക്കൊണ്ട് വരുന്നു.

"അതാരാടീ നാരാണീ".

രമണി ചൂണ്ടിക്കാട്ടിയിടത്തേയ്ക്കു നാരായണി സൂക്ഷിച്ചുനോക്കി. അപ്പോഴേയ്ക്കും അവര്‍ അടുത്തെത്തിയിരുന്നു. തലയില്‍ വലിയ ഒരു കെട്ടുകെട്ടിയിരിക്കുന്ന ആ രൂപത്തിലേയ്ക്കു സൂക്ഷിച്ചു നോക്കിയ രമണി ഒരലര്‍ച്ചയായിരുന്നു.

"എന്റെ കുമാരേട്ടാ.ഇതെന്തോ പറ്റി"

എന്നാല്‍ വാ തുറന്ന്‍ ഒരക്ഷരം സംസാരിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല മിസ്റ്റര്‍ കുമാര്‍ജി. മുഖമാകെ നീരുവന്ന്‍ ഊതിയിരുന്ന ആശാനെ അകത്തേയ്ക്കു കിടത്തിയിട്ട് വന്നവരോടായി ആകാംഷയോടെ നാരായണി ചോദിച്ചു.


"എന്താ എന്തു പറ്റിയതാ. ആരേലുമൊന്ന്‍ പറ"

"അറിയില്ല നാരാണീ. ആ താഴെ പണയില്‍ വീണുകിടക്കുവായിരുന്നു. രാവിലെ വെളിക്കിരിക്കാന്‍ പോയ പരമനാ കണ്ടത്. നോക്കിയപ്പോ നമ്മുടെ കുമാരന്‍. ബോധമൊന്നുമില്ലാരു‍ന്നു. എന്തു പറ്റിയെന്നു ഇനി ബോധം ശരിയാവുമ്പോഴേ അറിയാമ്പറ്റൂ. എന്തായാലും ഫ്രണ്ടിലെ രണ്ട് പല്ലു പോയിട്ടൊണ്ട്. അതിലൊരു സംശയവുമില്ല. സാധനം അവിടെ തന്നെ കെടപ്പൊണ്ട്".

കൂട്ടത്തിലൊണ്ടായിരുന്ന ശിവന്‍ പറഞ്ഞു. അപ്പോഴും അകത്തു നിന്നും രമണിയുടെ അലമുറ മുഴങ്ങുന്നുണ്ടായിരുന്നു. കരച്ചില്‍കേട്ട് ഓരോരുത്തരായി അവിടേയ്ക്കു വന്നുകൊണ്ടിരുന്നു.

"എന്താ എന്താ പറ്റ്യേ".

നെലവിളികേട്ട് ഓടിവന്ന തൊട്ടടുത്ത വീട്ടിലെ രാധ ചോദിച്ചു.

"ഓ..ഒന്നുമറിയാമ്മേലെന്റെ രാധേ. രമണീട മാപ്പളേട തല പൊളിഞ്ഞിരിക്കുന്നു. ആരെക്കെയോ ചേര്‍ന്ന്‍ തല്ലിയതാണെന്നാണു തോന്നുന്നത്. മൂന്നാലു പല്ലും പോയത്രേ. എന്തായാലും വലിയ അക്രമമായിപ്പോയി. ഈ വീട്ടീകിടന്നുറൊങ്ങിയ മനുഷ്യനീ ഗതി വന്നല്ലോ എന്റെ മാടന്‍ നട അപ്പുപ്പാ"

താടിക്കു കയ്യ് കൊടുത്തുകൊണ്ട് നാരായണി പറഞ്ഞു.

"കുമാരന് ഇന്നാട്ടിലാരാ ശത്രുക്കള്‍.അല്ലെങ്കിലും ഇപ്പഴത്തെക്കാലമല്ലേ ഒന്നും പറയാന്‍ പറ്റില്ല"

ആത്മഗതമെന്നപോലെ രാധ പറഞ്ഞു.


വന്നവര്‍ വന്നവര്‍ കൂടി നിന്ന്‍ പല അഭിപ്രായങ്ങളും പറഞ്ഞുകൊണ്ടിരുന്നു. രമണി ഈ സമയം മുഴുവന്‍ നിര്‍ത്താതെ കരച്ചില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയില്‍ ആരോ പോയി സ്ഥലത്തെ പ്രധാന വൈദ്യശിരോമണിയായ കുട്ടപ്പന്‍ ചേട്ടനെ വിളിച്ചുകൊണ്ടു വന്നു. ആദ്യപരിശോദനയില്‍ തന്നെ സംഗതി വളരെ വലിയ സീരിയസ്സ് ഒന്നുമല്ല എന്ന്‍ വൈദ്യന്‍ പ്രഖ്യാപിച്ചു. ആശാന്റെ ചില പൊടിക്കൈകളും മറ്റും കൊണ്ട് അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ കുമാരന്‍ മെല്ലെ കണ്ണു തുറന്നു. തലയിലെ മുറിവില്‍ വൈദ്യന്‍ ചില മരുന്നുകള്‍ വച്ചുകെട്ടി. മുഖം നീരുവന്നു വിങ്ങിയിരുന്നതിനാല്‍ കുമാരനു ഒരക്ഷരം സംസാരിക്കുവാന്‍ പറ്റുമായിരുന്നില്ല. കുറേ സമയം കഴിഞ്ഞപ്പോള്‍ ഓരോരുത്തരായി പിരിഞ്ഞുപോയി.

"എന്റെ പൊന്നേ എന്തു പറ്റിയതാ​ണിത്. ആരാണിങ്ങനെ ചെയ്തതു. വല്ലാണ്ട് വയ്യെങ്കി നമുക്ക് ആശൂത്രീപ്പോകാം".

മൂക്കു പിഴിഞ്ഞുകൊണ്ട് രമണി ഹസ്സിനെ നോക്കിപ്പറഞ്ഞു.

തലേന്ന്‍ ഒരല്‍പ്പം അകത്താക്കിയതിന്റെ ധൈര്യത്തില്‍ രാത്രി രമണിയുറങ്ങിക്കഴിഞ്ഞ് തന്നെ കൊതിപ്പിച്ചുകൊണ്ടിരിക്കുന്ന വിജയേടെ വീട്ടിലൊന്നു കേറി മുട്ടിനോക്കാമെന്നു വച്ചതും വിജയയുടെ മകളുടെ മുമ്പിലറിയാതെ ചെന്നു പെട്ടതും അവള്‍ കയ്യിലിരുന്ന കിണ്ടിവച്ച് തന്റെ തലമണ്ട പൊളിച്ചതും ആളറിയാതിരിക്കാനായി പ്രാണരക്ഷാര്‍ദ്ധം പണ വഴി ഓടിയപ്പോള്‍ മുമ്പിലുണ്ടായിരുന്ന തെങ്ങില്‍ ചെന്നടിച്ചു പല്ലുകള്‍ കൊഴിഞ്ഞതും ബോധം കെട്ട് അവിടെ തന്നെ വീണതും മറ്റും തന്റെ ഭാര്യ അറിഞ്ഞാല്‍ ബാലന്‍സുള്ള പല്ലുകളും ഒടനെ കൊഴിയുമെന്നു ഉത്തമബോധ്യമുണ്ടായിരുന്ന മിസ്റ്റര്‍ കുമാര്‍ജി ആശുപത്രീലൊന്നും പോകാണ്ടായെന്നയര്‍ത്ഥത്തില്‍ തലയൊന്ന്‍ വിലങ്ങനെയാട്ടി. അതികഠിനമായ ഒരു വേദന മുഖത്തേയ്ക്ക് വ്യാപിച്ചതുപോലെ തോന്നിയ കുമാരന്‍ സ്വയം പഴിച്ചുകൊണ്ട് രണ്ടു കണ്ണുകളും ചേര്‍ത്തടച്ചു.


ശുഭം

ശ്രീക്കുട്ടന്‍