Saturday, September 5, 2015

നിലവിളക്ക്

"മോനതിമ്മേ പിടിക്കാതേ. അത് മറിഞ്ഞ് കുട്ടൂന്റെ കാലിമ്മേ വീഴും ട്ടാ"

അമ്മമ്മയുടെ ഒച്ചകേട്ട് വായിച്ചുകൊണ്ടിരുന്നു പുസ്തകം മടക്കി വച്ചിട്ട് ഞാന്‍ തലയെത്തിച്ച് അകത്തേയ്ക്ക് നോക്കി.

ഹരിക്കുട്ടന്‍ ടീവീ സ്റ്റാന്‍ഡിനടുത്ത് തറയില്‍ വച്ചിരിക്കുന്ന നിലവിളക്ക് എടുത്തുയര്‍ത്താനുള്ള ശ്രമമാണ്. അത് മറിഞ്ഞുവീണ് അവന്റെ ശരീരം  വേദനിക്കുകയോ മുറിയുകയോ ചെയ്യുമെന്നുള്ള വേവലാതിയോടേ അമ്മമ്മ ഒച്ചയെടുത്തിട്ട് ഇരുന്നിടത്തുനിന്നും ബദ്ധപ്പെട്ട് കൈകുത്തിയെഴുന്നേറ്റ് അവനരികിലേയ്ക്ക് ചെല്ലുകയാണ്. അല്‍പ്പം വലിപ്പമുള്ള വിളക്ക് അവന്റെ കാലിലോ മറ്റോ മറിഞ്ഞു വീണേക്കുമോ എന്ന ആധിയോടേ ഞാനും കസേരയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ് അകത്തേയ്ക്ക് ചെന്നു. അപ്പോഴേക്കും അമ്മമ്മ കുട്ടൂന്റെ കയ്യില്‍ നിന്നും വിളക്ക് വാങ്ങിച്ച് തറയില്‍ വച്ചു. എന്നിട്ട് കിണ്ടിയും വെള്ളവുമിരിക്കുന്ന തട്ടത്തില്‍ വച്ച് അത് അതേപടിയെടുത്ത് അമ്മമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി. കുട്ടുവാകട്ടെ മുഖവും വീര്‍പ്പിച്ച് അടുക്കളയിലേയ്ക്കും. അവന്റെ അമ്മയുടെ അടുത്തേയ്ക്ക്. ഇനി സെക്കന്‍ഡുകള്‍ക്കുള്ളില്‍ അടുക്കളയില്‍ നിന്നും ശ്രീമതിയുടെ ഒച്ച ഉയരാനാരംഭിക്കും

"ദേ ചേട്ടാ ഇങ്ങോട്ട് വന്ന്‍ ഈ ചെക്കനെ ഒന്നു എടുത്തോണ്ട് പോയി കളിപ്പിച്ചേ. ന്നെ ഒരു വസ്തൂം ചെയ്യാന്‍ ഇവന്‍ സമ്മതിക്കുന്നില്ല"

ചുണ്ടിലൂറിയ പുഞ്ചിരി അവിടെത്തന്നെ ഒളിപ്പിച്ചുകൊണ്ട് ഞാന്‍ പൂമുഖത്തേയ്ക്ക് വീണ്ടും നടന്നു. ചാരുകസേരയില്‍ കിടന്നുകൊണ്ട് മടക്കിവച്ച പുസ്തകം വീണ്ടുമെടുത്ത് നിവര്‍ത്തി. അക്ഷരങ്ങളിലൂടെ കണ്ണു പാഞ്ഞപ്പോള്‍ മനസ്സ് കാലത്തിനു പുറകിലേയ്ക്കൊന്നോടി. അമ്മയുടെ മടിയില്‍ കിടക്കവേ തലമുടിയില്‍ തെരുപ്പിടിച്ചുകൊണ്ട് അമ്മ പറയുന്ന കഥകള്‍ ചെവിയ്ക്കടുത്ത് ഇരമ്പമാകുന്നു. പുസ്തകം നെഞ്ചിലേയ്ക്ക് ചേര്‍ത്ത് വച്ച് വെറുതേ കണ്ണടച്ച് ചാരിക്കിടന്നു അല്‍പ്പനേരം. പത്തു മുപ്പത്തിരണ്ട് വര്‍‍ഷങ്ങള്‍ക്ക് പുറകില്‍ നിന്നും ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു പരുക്കന്‍ ശബ്ദം അന്തരീക്ഷത്തില്‍ വന്നു നിറയാന്‍ തുടങ്ങി.

"ന്താ ഗോമത്യേ ജോലിയൊക്കെ തീര്‍ന്നോ?. എന്നാ അപ്പുറത്ത് ചെന്ന്‍ വേണ്ടതെന്താന്നുച്ച്വാ മേടിച്ചോ. എന്നിട്ട് നാളെ കാലേയിലേ ഇങ്ങ് വരണം"

"ഉവ്വ് ഏട്ടാ. എല്ലാമൊരുവിധം ഒതുക്കീട്ടൊണ്ട്. ഞാന്‍ വേറൊരു കാര്യം ചോദിക്കാനക്കൊണ്ടാണ് നിന്നേ"

ഒച്ച പതുക്കെയാക്കി ഗോമതിയമ്മ.

"ങ്..ഹൂം. എന്ത്യേ പ്രത്യേകിച്ച്?"

"ഓണായിട്ട് ഒരു നെലോളക്ക് കൊളുത്തിവയ്ക്കണമെന്നുണ്ട്. ഏട്ടന്‍ ഒരു വെളക്ക് തരണം"

"ആ ഓലപ്പൊരേല് ഇനി അതു മറിഞ്ഞുവീണ് കത്തോ മറ്റോ ചെയ്താ അതിനും ഞാന്‍ തന്നെ കൂട്ടണം. ന്റെ കയ്യിലിങ്ങിനെ അട്ടിയിട്ടുവച്ചേക്കല്ലേ പുത്തന്‍"

"ഇല്ലേട്ടാ. ഞാന്‍ നന്നായി നോക്ക്യോളാം"

പരമാവധി വിനീതയായി ഗോമതിയമ്മ നിന്നു. കാരണവര്‍ അകത്തേയ്ക്ക് കയറിപ്പോയിട്ട് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കയ്യിലൊരു ചെറിയ വിളക്കുമായി പുറത്തേയ്ക്കു വന്നു.

"ന്നാ. ഇതെടുത്തോ. ഇച്ചിരി ക്ലാവു പിടിച്ചൂന്നേള്ളൂ. ഒന്നു തിരുമ്മിയെടുത്താ പുതുപുത്തനെപ്പോലാ. ങ്..ഹാ..കാര്യം കഴിഞ്ഞിട്ട് കൊണ്ടത്തരാന്‍ മറക്കണ്ട"

അരഭിത്തിയില്‍ വിളക്ക് വച്ചിട്ട് കാരണവര്‍ അകത്തേയ്ക്ക് കയറിപ്പോയി. ഗോമതിയമ്മ ആ വിളക്കും കയ്യിലെടുത്ത് തന്റെ പുറകിലായി പമ്മി നിന്ന മകളുടെ കയ്യും പിടിച്ചുകൊണ്ട് ധൃതിയില്‍ വീട്ടിലേയ്ക്ക് നടന്നു.

"അമ്മേ. നമ്മളെന്താ ഓലപ്പുരയില്‍ കഴ്യേണെ. അമ്മാവനൊക്കെ വല്യ വീട്ടിലാണല്ലോ. വനജയുടെ കുപ്പായം കണ്ടോ. എന്താ ഭംഗി. എനിക്കെന്താമ്മേ അതേപോലെ പുത്യേത് മേടിച്ചുതരാത്തേ?"

ആ ഏഴുവയസ്സുകാരി തന്റെ അമ്മയെ ചോദ്യഭാവേന നോക്കി.

"ഒന്നു മിണ്ടാണ്ടെ വാ ന്റെ ശാരൂ. ചെന്നിട്ട് എന്തെല്ലാം ജോലീള്ളതാ"

ഗോമതിയമ്മ നടത്തത്തിനു വേഗത കൂട്ടി.

ഗോമതിയമ്മ അല്‍പ്പം പുളിയുപയോഗിച്ച് ക്ലാവുപിടിച്ച വിളക്ക് നന്നായി കഴുകിയിട്ട് പിന്നെ ചാരം കൊണ്ടും കഴുകുന്നത് ശാരദ നോക്കിനിന്നു.

"ശാരൂ, ആ അടുപ്പുകല്ലിനടുത്തെ കലത്തില്‍ ഉമി ഇരിപ്പുണ്ട്. നീ ഇച്ചിരി ഇങ്ങെടുത്തോണ്ട് വന്ന്‍ ഇനി ഈ വിളക്കിലിട്ടൊന്നു തിരുമ്മ്. അപ്പോള്‍ നല്ല തിളക്കം കിട്ടും. എന്നിട്ട് ഒരു വാഴയില വെട്ടി മൊന്തേല് വെള്ളോമെടുത്ത് ആ ചെമ്പരത്തിപ്പൂവൊക്കെ ഒന്നു പറിച്ച് ഒരുക്ക്യേ. അവിടെ വച്ചേക്കണ കടലാസ് പൂവ് ആ വളയത്തിലു ചുറ്റിക്കോ. ഞാന്‍ ഇനി അടുക്കളേലോട്ട് ചെല്ലട്ടെ വല്ലതും ഉണ്ടാക്കണ്ടേ"

ഗോമതിയമ്മ മകളെ വിളക്കേല്‍‍പ്പിച്ചിട്ട് അടുക്കളയിലേയ്ക്ക് നടന്നു. ശാരദ അകത്തേയ്ക്ക് ചെന്ന്‍ ഉമിയെടുത്തുകൊണ്ട് വന്ന്‍ അവളെക്കൊണ്ട് കഴിയുന്ന തരത്തില്‍ നിലവിളക്ക് വൃത്തിയാക്കാനാരംഭിച്ചു. കഴുകിയ വിളക്ക് ഇറയത്ത് കൊണ്ട് വച്ചിട്ട് അടുക്കളയുടെ വശത്തായി നിന്ന വാഴയില്‍ നിന്നും ഒരു ചെറിയ ഇലമുറിച്ചെടുത്തു പിന്നെ ഒരു ചെറിയ മൊന്തയില്‍ വെള്ളവുമെടുത്ത് ഇറയത്തേയ്ക്ക് വന്നു. തൊടിയില്‍ നിന്നും പൊട്ടിച്ച ചെമ്പരത്തിപ്പൂവും, തുളസിയിലയും പിന്നെ അമ്മാമയുടെ വീട്ടില്‍ നിന്നും വരുന്ന വഴികിട്ടിയ ചില പൂക്കളും ഒക്കെ ചേര്‍ത്ത് വിളക്കൊരുക്കാന്‍ ആരംഭിച്ചു. ഇടയ്ക്ക് അടുക്കളയില്‍നിന്നും വന്ന ഗോമതിയമ്മ തുണി സഞ്ചിയില്‍ നിന്നും ഒരു ചെറുകുപ്പി വെളിച്ചെണ്ണയെടുത്ത് വിളക്കിനു മുന്നില്‍ കൊണ്ടുവച്ചു. കുളിച്ചുകയറിവന്ന ശാരദയുടെ തലയില്‍ അല്‍പ്പം പൊടിയിട്ട് തിരുമ്മിക്കൊടുത്തിട്ട് അവര്‍ കുളിക്കാനായിപ്പോയി.

"രാമരാമരാമരാമരാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം"

കത്തിച്ചുവച്ച വിളക്കിനുമുന്നിലിരുന്ന്‍ ശാരദ നാമ ചൊല്ലുന്നത് നോക്കിയിരിക്കവേ ഗോമതിയമ്മയുടെ മിഴികളില്‍ നീര്‍മണിയൊന്നുരുണ്ടുകൂടി. പാവം കുട്ടി. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഈ ദാരിദ്ര്യക്കോലത്തില്‍ ഒരിക്കലും കഴിയേണ്ടിവരില്ലാരുന്നു. നല്ലോരോണമായി ഒരു പുത്തന്‍ കുപ്പായം പോലും അവള്‍ക്ക് മേടിച്ചുകൊടുക്കുവാന്‍ തനിക്ക് കഴിയുന്നില്ല. ഏട്ടന്റെ മക്കളിട്ട് മുഷിഞ്ഞ പഴയത് അലക്കികൊടുക്കുന്നതുതന്നെ അവള്‍ക്കിക്കുറിയും ഓണക്കോടി.

"അമ്മേ ദേ വിളക്കിലെ എണ്ണ തീര്‍ന്നു"

ശാരുവിന്റെ വിളിയാണ് ഗോമതിയമ്മയെ ഉണര്‍ത്തിയത്. ശരിയാണ് വിളക്കിലെ എണ്ണ തീര്‍ന്നു കരിന്തിരിപടരാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ പിടഞ്ഞെഴുന്നേറ്റ് ചെന്ന്‍ അല്‍പ്പം എണ്ണ കൂടി വിളക്കിലേയ്ക്കൊഴിച്ചു.

"ഈ വെളക്ക് പൊത്തതാമ്മേ. ദേ നോക്ക്യേ എണ്ണ ചോരുന്നതുകണ്ടോ?"

ശാരദ വിരല്‍ത്തുമ്പ് കൊണ്ട് വിളക്കിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന എണ്ണ തൊട്ടെടുത്ത് കാട്ടി.

"അമ്മാമേടെ വീട്ടില്‍ എന്തോരം വിളക്കുള്ളതാ. അമ്മ ഇന്നും ഒരുപാടെണ്ണം കഴുകിയാണല്ലോ. ഒരു നല്ല വിളക്ക് എന്താ അമ്മാമ നമുക്ക് തരാത്തേ?"

സംശയം നിറഞ്ഞ മിഴികളോടെ ശാരു തന്റെ അമ്മയെ നോക്കി. അവരാകട്ടെ നിര്‍വ്വികാരയെപ്പോലെ മണ്‍ഭിത്തിയില്‍ ചാരിയിരുന്നു.

"വെളക്ക് കെട്ടുപോയാ മാവേലി നമ്മുടെ വീട്ടില്‍ വരില്ലെ അമ്മേ?"

"വരും മോളേ. മാവേലി നമ്മുടെ വീട്ടിലും ഒറപ്പായും വരും"

 മകളെ അടുത്തേയ്ക്ക് ചേര്‍ത്തിരുത്തി അവര്‍ അവളുടെ തലമുടിയില്‍ തലോടി.

"ഞാന്‍ വലുതാവുമ്പം ജോലിക്ക് പോയി പൈസ ഉണ്ടാക്കി അമ്മയ്ക്ക് ആദ്യം വാങ്ങിച്ചു തരുന്നതെന്താണെന്നറിയാവോ?"

ശാരു വിടര്‍ന്ന മുഖത്തോടെ അമ്മയെ നോക്കി

"എന്താ ന്റെ കുട്ടി മേടിക്കുക?"

"ഒരു വലിയ പുതിയ നിലവിളക്ക്. നിറച്ച് എണ്ണയൊഴിച്ചുകത്തിച്ചു ഒരുപാട് നേരമിരിക്കുന്ന നെലവിളക്ക്. അപ്പോ പിന്നെ അമ്മയ്ക്ക് അമ്മാമ്മേട പൊത്ത പഴയ നിലവിളക്ക് ചോദിക്കേണ്ടിവരില്ല"

ഗോമതിയമ്മ മകളുടെ മുഖം കൈകൊണ്ട് കോരിയെടുത്ത് ആ നെറ്റിയില്‍ അമര്‍ത്തിയൊന്നുമ്മ വച്ചു. കണ്ണുനീര്‍ രസം ആ നെറ്റിയില്‍ പടര്‍ന്നു.

"എന്താടാ ഉണ്ണ്യേ പകലിരുന്ന്‍ കിനാവ് കാണുവാണോ നീയ്. അവളു കൊണ്ടുവച്ച ചായ അപ്പടി തണുത്തതു കണ്ടില്ലേ?"

അമ്മമ്മയുടെ ചിലമ്പിച്ച് ഒച്ചയും ചുമലിലെ കുലുക്കവും കൊണ്ട് ഞാന്‍ യാഥാര്‍ത്ഥ്യലോകത്തേയ്ക്ക് മടങ്ങിവന്നു. മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടുവിനെ നോക്കിക്കൊണ്ട് അരഭിത്തിയില്‍ ഇരുന്ന അമ്മമ്മ മോനോട് ഓടരുതെന്നൊക്കെ പറയണുണ്ടാരുന്നു. കിണറ്റിന്‍ കരയിലേയ്ക്ക് വന്ന്‍ ഒരു ബക്കറ്റില്‍ വെള്ളം കോരിവച്ചിട്ട് ശ്രീമതി അകത്തേയ്ക്ക് കയറിയിട്ട് നിലവിളക്കും കിണ്ടിയും അതുവയ്ക്കുന്ന ചെമ്പു തട്ടും എടുത്തുകൊണ്ട് പുറത്തേയ്ക്ക് വന്നു. എല്ലാം കഴുകിത്തേയ്ക്കാനുള്ള ഭാവമാണ്.

"സുജേ. അതല്ല ഈ വെളക്ക് തേച്ചെടുക്ക്. ഇത് കത്തിച്ചാമതി. അതില എല്ലാക്കൊല്ലോം കത്തിക്കുന്നേ. ന്റെ മോള് ആദ്യായി വാങ്ങിയ വിളക്കാണിത്"

അകത്തേയ്ക്ക് പോയി മറ്റൊരു നിലവിളക്കെടുത്തുകൊണ്ട് വന്ന്‍ അമ്മമ്മ സുജയുടെ കയ്യില്‍ കൊടുത്തു. സുജ ആ വിളക്ക് വാങ്ങി ചാരവും മറ്റും കൊണ്ട് തേച്ചുകഴുകാന്‍ ആരംഭിച്ചു.

"അവളിപ്പോളുണ്ടാരുന്നേല്‍ ഇതെല്ലാം കണ്ണാടിപോലാക്കിയേനേ. അവള്‍ക്ക് വിളക്കെന്നുവച്ചാ ഭ്രാന്തിന്റെ കൂട്ടാരുന്നു. ഒരു ഓട്ടവിളക്കിനു പകരായി എത്ര വിളക്കാ ന്റെ കുട്ടി വാങ്ങ്യേ. എന്നിട്ട് കൊതിതീരെ അതെല്ലാം കത്തിച്ചു കാണും മുന്നേ എന്നേം ഈ ചെക്കനേം വിട്ടേച്ച് അവളും അവനും കൂടിയങ്ങ് പോയേക്കണ്. പോണൊര്‍ക്കങ്ങ് പോയാ മതിയല്ലോ"

അമ്മമ്മ മൂക്കൊന്നുപിഴിഞ്ഞു കോന്തലയില്‍ തുടച്ചു

"ഇച്ചിരി പുളി കൊണ്ടുരച്ചാല്‍ വിളക്ക് നന്നായി വൃത്തിയാകും. എന്നിട്ട് അല്‍പ്പം ഉമി ഇട്ട് തിരുമ്മ്യാ മതി വെട്ടിത്തിളങ്ങും"

അമ്മമ്മ സുജയ്ക്ക് പറഞ്ഞുകൊടുക്കുകയാണ്. ഞാന്‍ തല തിരിച്ച് ഹാളിനുള്ളിലെ ചുമരിലേയ്ക്ക് നോക്കി. അമ്മ ചിരിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിയിരിക്കുകയാണ്.‍

"കുട്ടുവേ കയ്യിമ്മേ അപ്പടി അഴുക്കാവും. നീയ് അതില്‍ പിടിക്കാണ്ടിരി"

വിളക്കു തേയ്ക്കാന്‍ ഒപ്പം കൂടിയ കുട്ടുവിനെ ശാസിക്കുകയാണ് അമ്മമ്മ.

"ഉണ്ണ്യേ,നീയ് ഇവനെ അങ്ങട്ട് കൂട്ട്യേ. എന്നിട്ട് രണ്ടാളും കൂടി ആ വെളക്കൊരുക്കാനുള്ള പൂവൊക്കെ കെട്ടി ഒന്നു റെഡ്യാക്ക്"

അമ്മമ്മയുടെ പറച്ചില്‍ കേട്ട് കസേരയില്‍ നിന്നും എഴുന്നേറ്റ ഞാന്‍ കുട്ടുവിനെ അടുത്തേയ്ക്ക് വിളിച്ചിട്ട് വിളക്കൊരുക്കാനുള്ള ശ്രമം തുടങ്ങി. കെട്ടിയുണ്ടാക്കി വച്ചിരിക്കുന്ന വളയങ്ങളില്‍ സുജ കെട്ടിവച്ചിരുന്ന പൂക്കള്‍‍ ഒക്കെ ചുറ്റി. കുട്ടുവും ഒപ്പം കൂടി എന്തെല്ലാമോ ഒകെക് ചെയ്യുന്നുണ്ട്. കടയില്‍ നിന്നും മേടിച്ചുകൊണ്ട് വന്ന പുതിയ വര്‍ണ്ണക്കടലാസ് പൂക്കളും ചുറ്റി തൂശനില നേരേ വച്ചു. അതില്‍ ഒരു കരിക്കും മുറുക്കാനും ഒക്കെ വച്ച് ഒരു പടല പഴവും വച്ചു. ചന്ദനത്തിരിയുടെ രണ്ട് പായ്ക്കറ്റും വിളക്കുത്തിരിയുടെ ഒരു പായ്ക്കറ്റും വച്ച് എല്ലാം ശരിയല്ലേ അമ്മേ എന്ന ചോദ്യഭാവത്തോടെ തലതിരിച്ച് ഭിത്തിയിലേയ്ക്ക് നോക്കി. അമ്മ ചിരിച്ചുകൊണ്ട് തലകുലുക്കുന്നുണ്ട്.

"രാമരാമരാമരാമരാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം"

"കുട്ടൂന് മഹാബലി ആരാന്നാറിയാവോ. നമ്മളെ ഒക്കെ ഭരിച്ചിരുന്ന വല്യ രാജാവാ. ആ രാജാവ് എല്ലാ കൊല്ലത്തിലും ഒരു ദിവസം നമ്മളെ ഒക്കെ കാണാന്‍ വരും. നാളെയാണ് ആ ദിവസം. അപ്പോ കുട്ടു നല്ല പുത്യേ കുപ്പായോക്കെയിട്ട് മഹാബലിയെ കാണും. ന്നിട്ട് സദ്യ ഒക്കെ കഴിക്കും. കുട്ടൂന് പായസം ഇഷ്ടാല്ലേ. നാളെ ചിലപ്പോ കുട്ടൂന്റെ അമ്മുമ്മേം മഹാബലിയൊടൊപ്പം വരും. അപ്പോ നമുക്ക് അവര്‍ക്ക് രണ്ടുപേര്‍ക്കും പായസം കൊടുക്കാം ട്ടോ"

കുട്ടുവിനെ മടിയിലിരുത്തിക്കൊണ്ട് നാമം ചൊല്ലിയശേഷം അമ്മമ്മ അവന് കഥ പറഞ്ഞുകൊടുക്കുന്നത് കേട്ടുകൊണ്ട് ഞാന്‍ പുറത്തേയ്ക്കിറങ്ങി ചാരുകസേരയിലേയ്ക്കമര്‍ന്നു. അടുക്കളയില്‍ സുജ എന്തോ പലഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന്‍ തോന്നുന്നു. അന്തരീക്ഷത്തില്‍ എണ്ണപ്പലഹാരങ്ങളുടെ മണം നിറയുന്നുണ്ട്. അയല്‍പക്കത്തെ വീട്ടില്‍ അച്ചപ്പമോ ഉണ്ണിയപ്പമോ ഒക്കെ റെഡി ആയിക്കാണണം. ഇടയ്ക്ക് തലയെത്തിച്ച് അകത്തേയ്ക്ക് നോക്കിയപ്പോള്‍ അമ്മമ്മ വിളക്കിലേയ്ക്ക് അല്‍പ്പം കൂടി എണ്ണപകരുകയാണ്. കുട്ടു ആ മടിയില്‍ കിടന്ന്‍ ഉറക്കം ആരംഭിച്ചിരിക്കുന്നു. തെളിഞ്ഞു‍ കത്തുന്ന നിലവിളിക്കില്‍ നിന്നുള്ള വെട്ടം വീണ് അമ്മയുടെ മുഖം വെട്ടിത്തിളങ്ങുന്നു. നിറഞ്ഞ സംതൃപ്തി ആ മുഖത്തുള്ളതുപോലെ. ഞാന്‍ കസാലയിലേയ്ക്ക് ചാരികിടന്നു. എന്നെ തഴുകിപ്പോയ കാറ്റിനു അമ്മയുടെ മണമായിരുന്നു.

ശ്രീക്കുട്ടന്‍

Tuesday, August 18, 2015

ഓണത്തിന്റെ ഓര്‍മ്മകള്‍

ഓണം അതിന്റെ മുഴുവന്‍ വശ്യതയോടും കൂടി ഞങ്ങള്‍ ആഘോഷിച്ചിരുന്നത് ഒരു പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്നേയായിരുന്നു. അത്തം തുടങ്ങുന്നതിനു നാലഞ്ചുദിവസം മുന്നേ ഞാനും അനുജനും കൂടി മണ്ണു കുഴച്ച് അത്തത്തിട്ടയുണ്ടാക്കും. അനുജത്തി അല്‍പ്പം വലുതായപ്പോള്‍ അത്തമിടാന്‍ അവള്‍ കൂടി കൂടുമായിരുന്നു. ഒരു സ്റ്റാര്‍ ആകൃതിയില്‍ ആദ്യം ഉണ്ടാക്കിയിട്ട് അതിന്റെ മധ്യഭാഗത്തായി വട്ടത്തില്‍ പത്ത് തിട്ടകള്‍ ഉണ്ടാക്കും. സ്റ്റാറിനു ചിലപ്പോള്‍ 5 വാലുണ്ടാകും. ചിലപ്പോള്‍ അത് ഏഴെണ്ണമായിരിക്കും. എന്നിട്ട് അത് ചാണകം മെഴുകി വൃത്തിയാക്കും. അത്തത്തിന്റെ അന്ന്‍ ആകുമ്പോള്‍ ആ മണ്‍ തിട്ട ഒരു വിധം ഉണങ്ങിയിട്ടുണ്ടാവും. രാവിലെ തന്നെ എഴുന്നേറ്റ് അക്കരെയുള്ള രാജന്‍ മാമന്റെ വീട്ടില്‍പോയി ചാണകം എടുത്തുകൊണ്ട് വന്ന്‍ അത്തത്തിട്ട മുഴുവന്‍ മെഴുകും. പിന്നെ മുറ്റത്ത് തന്നെയുള്ള ചെമ്പരത്തിയില്‍ നിന്നും ചെമ്പരത്തിപ്പൂവ് പൊട്ടിച്ച് ഉണ്ടയുരുട്ടി സ്റ്റാറിന്റെ വാലുകളുടെ അഗ്രത്തില്‍ വച്ച ചാണകയുണ്ടകളില്‍ ആ പൂക്കള്‍ കൊരുത്തുവയ്ക്കും. തിട്ടയുടെ ഏറ്റവും മുകളിലായി ഏറ്റവും നല്ലൊരു പൂവ് ആയിരിക്കും വയ്ക്കുക. എന്നിട്ട് ആദ്യത്തെ ദിവസം അതിനു ചുറ്റും കാശിത്തുമ്പപ്പൂവ് നിരത്തിചുറ്റിവയ്ക്കും. പിന്നെ ഓരോ ദിവസവും പൂക്കള്‍ എണ്ണം കൂട്ടിക്കൊണ്ടിരിക്കും. കാശിത്തുമ്പ, തെച്ചി, പെരുമരം, തുളസിയില, ശംഖുപുഷ്പം, മൊസാന്ത, പുളിയില, റോസാപ്പൂവ്, മുല്ല, പിന്നെ വയലിന്റെ മധ്യത്തുകൂടി ഒഴുകുന്ന തോട്ടില്‍ ഒരു പൂവുണ്ട്. റോസ് കളറില്‍. അതിന്റെ പേരോര്‍മ്മയില്ല, തൊട്ടാവാടിപ്പൂവ്, ചെമ്പരത്തിപ്പൂവ്..അങ്ങിനെയങ്ങിനെ പലതും. അത്തമിട്ടു തീര്‍ന്നശേഷം എല്ലാ ദിവസവും അതാത് ദിവസത്തെ പേര് അത്തം,ചിത്തിര,ചോതി എന്നിങ്ങനെ തെച്ചിപ്പൂവ് കൊണ്ട് അത്തത്തിട്ടയ്ക്ക് മുന്നിലായി എഴുതിവയ്ക്കും. ചന്ദനത്തിരിയുണ്ടെങ്കില്‍ അതൊന്നു കത്തിച്ചും വയ്ക്കും.

തിരുവോണ ദിവസം രാവിലെ അതിഗംഭീരമായ അത്തമാണിടുന്നത്. അന്നേ ദിവസം പൂക്കള്‍‍ പൊട്ടിച്ചുകൂടാത്തതിനാല്‍ ഞങ്ങള്‍ ഉത്രാടദിവസം വിളക്കുകത്തിയ്ക്കുന്നതിനു മുന്നേ കഴിയുന്നിടത്തോളം പൂക്കള്‍‍ ഒക്കെയും ശേഖരിച്ച് ചെറിയ വാഴയിലകളില്‍ ഇട്ട് വെള്ളവും തളിച്ച് മുറ്റത്ത് അത്തത്തിട്ടയ്ക്കടുത്ത് വച്ചിരിയ്ക്കും. ചാണകവും എടുത്തുകൊണ്ട് വച്ചേക്കും. രാവിലെ തന്നെ അമ്മ വിളിച്ചുണര്‍ത്തും. പിടഞ്ഞെഴുന്നേറ്റ് വായൊന്നു കൊപ്ലിച്ചെന്ന്‍ വരുത്തി മുഖവും കഴുകിയിട്ട് അത്തമിടല്‍ ആരംഭിക്കുന്നു. അത്തം ഏറ്റവും ഭംഗിയാക്കുവാന്‍ ഞങ്ങള്‍ പരമാവധി ശ്രമിക്കും. മുഴുവന്‍ പൂക്കളും കൊണ്ട് അത്തം അലങ്കരിച്ച് നാലഞ്ചു ചന്ദനത്തിരികളും കത്തിച്ചുവച്ച് ചിലപ്പോള്‍ ഒരു കുഞ്ഞു നിലവിളക്കും വയ്ക്കും. കാരണം അയല്‍ വീടുകളിലുള്ള കുട്ടികള്‍, ചിലപ്പോള്‍ മുതിര്‍ന്നവര്‍ ഒക്കെ വീടുകളില്‍ അത്തം കാണുവാന്‍ വരാറുണ്ട്.  ഞങ്ങളും പല വീടുകളിലും പോകാറുമുണ്ട്. ആ സമയങ്ങളില്‍ വീടുകളില്‍ നിന്നും എല്ലാവര്‍ക്കും അച്ചപ്പവും ആലങ്ങയും ഉണ്ണിയപ്പവും മുറുക്കും ഒക്കെ തിന്നാന്‍ കിട്ടും. അതെല്ലാം കഴിഞ്ഞിട്ടാണ് രാവിലെയുള്ള കാപ്പികുടിപോലും നടത്തുന്നത്.

ഉത്രാടദിവസം വിളക്കൊരുക്കുന്നതും ഗംഭീരമായിട്ടായിരുന്നു. തെങ്ങോലയില്‍ നിന്നും വഴുതവിരിഞ്ഞെടുത്ത് അതുപയോഗിച്ച് വളയങ്ങള്‍ ഉണ്ടാക്കും. ചിലപ്പോള്‍ അഞ്ചെണ്ണം. അല്ലെങ്കില്‍ ഏഴെണ്ണം. എന്നിട്ട് അതില്‍ നല്ല വെളുത്ത തുണി ചുറ്റിയെടുക്കും. കടയില്‍ നിന്നും മേടിച്ച പ്ലാസ്റ്റിക് പൂക്കള്‍ കൊണ്ടുള്ള മാലകള്‍ ആദ്യം ഒരു കയറില്‍ കെട്ടിയിടും. അത് വിളക്കു വയ്ക്കാനുദ്ദേശിക്കുന്ന സ്ഥലത്തിനു മുകളിലായി ആണ് കെട്ടിയിടുന്നത്. എന്നിട്ട് ഈ വളയങ്ങള്‍ അവയില്‍ പിടിപ്പിക്കും. ഏറ്റവും മുകളില്‍ ചെറിയ വളയം അതിനുതാഴെ അല്‍പ്പം കൂടി വലുത് അങ്ങിനെ വലിപ്പമനുസരിച്ച് മുഴുവന്‍ വളയങ്ങളും പൂക്കള്‍ കൊണ്ട് ചുറ്റിയെടുത്ത് അത് വിളക്കിനു മുകളിലാക്കി റെഡിയാക്കി നിര്‍ത്തും. തൊടിയില്‍ നിന്നും മറ്റു വീടുകളില്‍ നിന്നും ശേഖരിച്ച പലയിനം പൂക്കള്‍ കൊണ്ടുള്ള മാലയും അതിനോടൊപ്പം ആ  വളയത്തില്‍ തൂക്കിയിടും. തുളസിമാലയും ഉണ്ടാകും. ഒരു നല്ല തൂശനില മുറിച്ചുകൊണ്ട് വന്ന്‍ അതില്‍ നനായി വൃത്തിയാക്കിയ നിലവിളക്ക് വയ്ക്കും. ഒരു കിണ്ടിയില്‍ വെള്ളവും. പിന്നെ മുറുക്കാന്‍, ഒരു കരിക്ക്, അല്‍പ്പം ചന്ദനം, ഒരു പടല പാളയങ്കോടന്‍ പഴം ഒക്കെയും റെഡിയാക്കി വയ്ക്കും. രണ്ട് കവര്‍ വിളക്കുതിരിയും മൂന്നോ നാലോ കവര്‍ ചന്ദനത്തിരിയും ഉണ്ടാവും. താഴെയുള്ള ശിവന്റമ്പലത്തില്‍ വിളക്കുകൊളുത്തുന്നോ എന്ന്‍ ഇടയ്ക്കിടയ്ക്ക് നോക്കുന്ന അമ്മമ്മ സമയമാകുമ്പോള്‍ വീട്ടിലെ വിളക്കുകത്തിക്കും. നിറയെ എണ്ണയൊഴിച്ച് മൂന്നു തിരിയിട്ടാണ് വിളക്ക് കൊളുത്തുന്നത്. ദാരിദ്ര്യത്തിന്റെ മുഴുവന്‍ ഇരുട്ടിനേയും അന്നേ ദിവസം ആ പ്രകാശം പുറത്തേയ്ക്ക് പായിക്കും. ചന്ദനത്തിരികള്‍ എടുത്ത് കത്തിച്ച് പഴത്തില്‍ കൊരുത്തുവയ്ക്കും. പിറ്റേന്ന്‍ പന്ത്രണ്ട് മണിയാകാറാകുമ്പോഴാണ് ആ വിളക്ക് അണയ്ക്കുന്നത്. ഓണം പ്രമാണിച്ച് പുതിയ പുല്‍പ്പായ് വാങ്ങിയിട്ടുണ്ടാവും. ഞാനും അനുജനും കൂടി അതിലാണു കിടക്കുക. അടുത്തു തന്നെ അമ്മമ്മയും കിടക്കും. വിളക്ക് അണഞ്ഞുപോകാതിരിക്കാനായി അമ്മമ്മ ഇടയ്ക്കിടയ്ക്ക് എഴുന്നേറ്റ് എണ്ണയൊഴിച്ചുകൊടുക്കും.

വിളക്കെല്ലാം കത്തിച്ചു കുറച്ചു നേരം കഴിയുമ്പോള്‍ അമ്മ പലഹാരങ്ങള്‍ ഉണ്ടാക്കാനാരംഭിക്കും. വര്‍ഷത്തിലൊരിക്കല്‍ മാത്രം സംഭവിക്കുന്ന കാര്യമാണവയൊക്കെ. മുന്നേ മുതല്‍ തന്നെ ശേഖരിച്ചതും വിലകൊടുത്തുവാങ്ങിയതുമായ നാളികേരങ്ങള്‍ സൂക്ഷിച്ചുവച്ചിരുന്ന്‍ ഓണക്കാലമാ​‍കാറാകുമ്പോള്‍ അവയെല്ലം പൊതിച്ച് ഉടച്ച് ഉണക്കിയെടുത്ത് മില്ലില്‍ കൊണ്ടുപോയി ആട്ടി എണ്ണയാക്കി കൊണ്ടുവന്നിട്ടുണ്ടാകും. അതുപയോഗിച്ചാണ് പലഹാരമുണ്ടാക്കല്‍. അച്ചപ്പം, ആലങ്ങ എന്നിവയാണ് മെയിന്‍ ആയി ഉണ്ടാക്കുന്നത്. ചിലപ്പോള്‍ മുറുക്കും കായവറുത്തതും ഒക്കെ ഉണ്ടാക്കും. ആലങ്ങ എന്നു പറയുന്നത് ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് അരിമാവ് കട്ടിയായ് കുഴച്ച് ചെറിയ ഗോലിസോഡയുടെ വലിപ്പത്തില്‍ ഉണ്ടതട്ടി എണ്ണയില്‍ മൊരിച്ചെടുക്കുന്ന സാധനമാണ്. മൊരിയുന്നതു കൂടിപ്പോയാല്‍ കടിച്ചുപൊട്ടിച്ചു തിന്നുന്ന കാര്യം ഇച്ചിരി പാടാകും. പലഹാരമുണ്ടാക്കുമ്പോള്‍ തന്നെ ഒരിടത്ത് അച്ചാറും പച്ചടി കിച്ചടി തുടങ്ങിയ ഐറ്റങ്ങളും ഒരുക്കാന്‍ തുടങ്ങും. സാമ്പാറിന്റെ കഷണങ്ങള്‍ പകുതി പാകമാക്കി വയ്ക്കും. ബാക്കി ജോലികള്‍ പുലര്‍ച്ചെയെഴുന്നേറ്റാണ് ആരംഭിക്കുന്നത്. ഞാനും അനുജനും അമ്മമ്മയും കഴിയുന്ന സഹായമൊക്കെ ചെയ്യും. കാണം വിറ്റും ഓണം ഉണ്ണണമെന്ന ആപ്തവാക്യം നടപ്പിലാക്കുവാനുള്ള വ്യഗ്രതയാണ്.

രാവിലെ ഉറക്കമെഴുന്നേറ്റ് അത്തമിട്ട് തീര്‍ന്നശേഷം ഞങ്ങള്‍ ചുറ്റുവട്ടത്തുള്ള പയ്യന്മാരെല്ലാവരും കൂടി ഒരു പരിപാടി ഉണ്ടാക്കും. കടുവകെട്ടല്‍.  കൂട്ടത്തില്‍ ആരെയെങ്കിലും ഒരാളെ സെലക്ട് ചെയ്ത് അവന്റെ പുറത്തുമുഴുവന്‍ വാഴക്കരിയിലകളും മറ്റും വച്ചുകെട്ടി മുഖത്ത് ഒരു മുഖം മൂടിയും ഫിറ്റ് ചെയ്യും. തലമുഴുവന്‍ മറയ്ക്കുന്ന തരത്തില്‍ ഒരു തോര്‍ത്ത് കൊണ്ട് ചുറ്റിക്കെട്ടിയിരിക്കും. കടുവയായി വേഷം കെട്ടിയ ആളാരാണെന്നറിയാതിരിക്കുവാന്‍ പരമാവധി ശ്രമിച്ച് കടുവകളി ആരംഭിക്കുകയായി. അഞ്ചെട്ടുപേരുടെ സംഘമായി ഞങ്ങള്‍ കയ്യിലുള്ള പാട്ടകളില്‍ കമ്പുകൊണ്ട് കൊട്ടി ഒച്ചയുണ്ടാക്കുകയും ആര്‍പ്പുവിളികളും കൂവലുമൊക്കെയായ് ബഹളത്തോടെ നീങ്ങുന്നു. ഒരു വീട്ടിന്റെ മുന്നില്‍ ചെന്നു കടുവ ഡാന്‍സുകളിക്കും. പുറത്തേയ്ക്ക് വരുന്ന ചെറിയ പിള്ളാരെയെല്ലാം പേടിപ്പിക്കും. ചീത്തവിളിക്കില്ല എന്നുറപ്പുള്ളവരുടെ വീട്ടുമുറ്റത്തുള്ള അത്തം ചവിട്ടിപ്പൊളിച്ച് നാശകോശമാക്കും. ഒരു നാലഞ്ചുമിനിട്ട് കലാപ്രകടനം. വീട്ടുകാര്‍ അമ്പതു പൈസയോ ഒരുരൂപയോ മറ്റോ സംഭാവനയായ് തരും. തലേദിവസം വിളക്കുകത്തിച്ചുവക്കുമ്പോള്‍ അതില്‍ അമ്പതു പൈസയോ ഒരു രൂപയോ ഇട്ടേയ്ക്കാറുണ്ട്. അതെടുത്തായിരിക്കും തരിക. അതു വായ്മൂടിക്കെട്ടിയ ഒരു മൊന്തയില്‍ ഇട്ട് വീണ്ടും ബഹളമുണ്ടാക്കി അടുത്ത വീടുകളിലേക്ക്. ഏകദേശം പത്തുമണിയൊക്കെ ആകുന്നതിനുമുന്നേ പരിപാടി നിര്‍ത്തും. എല്ലായിടത്തുനിന്നും കൂടി പിരിഞ്ഞുകിട്ടിയത് ചിലപ്പോള്‍ അമ്പതോ അറുപതോ രൂപ മാത്രമേ കാണൂ. ഗ്രാമത്തില്‍ ഉള്ള തൊണ്ണൂറ്റൊമ്പതു ശതമാനവും ഓണനാളുകളില്‍ മാത്രം സമ്പന്നരായ ദരിദ്രരാണ്. കിട്ടിയ കാശില്‍ നിന്നും കടുവയായ് വേഷം കെട്ടിയവന് കുറച്ചു കൂടുതലും കൊടുത്തു ബാക്കി എല്ലാവരും കൂടി വീതിച്ചെടുക്കും. എന്നിട്ട് വീടുകളിലേക്ക് മടങ്ങി കുളിയും നനയും പുത്തന്‍ കുപ്പായമിടലും ഒക്കെ.

കുളിച്ച് ഭംഗിയായ് ഒരുമണിയാവുന്നതിനുമുന്നേ സദ്യയുണ്ണും. അഞ്ചെട്ടുകറിയും പായസവുമൊക്കെ കാണും. അങ്ങിനെ സദ്യ കഴിക്കുന്നത് വല്ല കല്യാണത്തിനും പോകുമ്പോഴും ഇതേപോലെ ഓണം വരുമ്പോഴും മാത്രമായിരുന്നു. ഊണെല്ലാം കഴിഞ്ഞ് ഞങ്ങള്‍ അവിടെയുള്ള എല്ലാ പിള്ളാരും ചേര്‍ന്ന്‍ സെവന്റീസ് കളിയും മറ്റുമൊക്കെയായ് തകര്‍ക്കും. ആണും പെണ്ണും എല്ലാം കൂടി കുത്തിമറിഞ്ഞ്. ഊഞ്ഞാലാട്ടം, സാറ്റുകളി, സെവന്റീസ്. രണ്ടാം ഓണത്തിനു മാമന്റെ വീട്ടിലാണു ഊണ്. പതിനഞ്ചു വയസ്സൊക്കെ ആയതിനുശേഷം മാമന്റെ വീട്ടില്‍ നിന്നും ഊണുകഴിഞ്ഞിട്ട് പുതിയ സിനിമകാണാനായി പോകുമായിരുന്നു. മൂന്നുനാലു തിയേറ്ററുകളില്‍ റിലീസ് ചെയ്തിരിക്കുന്ന പുതിയ സിനിമകള്‍ ഒന്നൊന്നായ് ഓരോ ദിവസവും കണ്ടു തീര്‍ക്കും. അന്നു ടിക്കറ്റ് ചാര്‍ജ്ജ് വളരെ വലുതല്ലാത്തതിനാലും ഇട്ടുകൂട്ടിയും മറ്റും വച്ചിരിക്കുന്ന കാശും ഓണം പ്രമാണിച്ച് അമ്മ തരുന്നതും കടുവകളിച്ചുകിട്ടുന്നതും ഒക്കെ കൊണ്ടാണ് ആ സിനിമകാണല്‍.

ഏകദേശം ഇരുപതു വയസ്സുവരെയൊക്കെ ഇതു എല്ലാ ഓണക്കാലത്തും തുടര്‍ന്നിരുന്ന ഒന്നുതന്നെയാണ്. പിന്നെ പിന്നെ പലതും ഇല്ലാതായ് തുടങ്ങി. ഇന്നു തുമ്പപ്പൂക്കള്‍ കണികാണാന്‍ കൂടിയില്ല. വയല്‍ വരമ്പിലും തോടിനുള്ളിലും വിടര്‍ന്നുനിന്നിരുന്ന ആ റോസ് നിറമുള്ള പൂക്കള്‍‍ പിടിക്കുന്ന വള്ളിപ്പടര്‍പ്പുകള്‍ അപ്രത്യക്ഷം. വയലുകളും‍ അപ്രത്യക്ഷം. ഊഞ്ഞാലുകള്‍ കെട്ടുവാന്‍ മരങ്ങളില്ല. സാറ്റുകളിക്കാനും  സെവന്റീസ് കളിക്കാനും ഒന്നും സ്ഥലമില്ല. ആള്‍ക്കാരുമില്ല. ഉത്രാടദിവസം രാത്രി പലഹാരങ്ങള്‍ ഉണ്ടാക്കലില്ല. എല്ലാം എല്ലാം നഷ്ടപ്പെടുത്തിക്കളയുകയാണ്. തിരുവോണദിവസം വീട്ടുമുറ്റത്ത് മണ്‍ തിട്ടകളാല്‍ അത്തമൊരുങ്ങുന്നില്ല. അപൂര്‍വ്വം ചില വീട്ടുമുറ്റങ്ങളില്‍ തിരുവോണദിവസം അല്‍പ്പം ചാണകം മെഴുകി പത്തിനം പൂക്കള്‍ ഇടുന്നുണ്ട്. അവയും താമസിയാതെ വംശനാശമടയും. ചില പിള്ളാര്‍ അമ്പലത്തിനു മുന്നില്‍ ഉപ്പും കളര്‍ പൊടിയും കൊണ്ട് ചില കോലങ്ങള്‍ ഒക്കെയും വരച്ചുവയ്ക്കാറുണ്ട്. അവയ്ക്കൊട്ട് ആത്മാവുമില്ല. തിരുവോണ ദിവസം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന മഹാബലി ചക്രവര്‍ത്തി അതിവേഗം ഒരു പരിഹാസകഥാപാത്രമായിക്കൊണ്ടിരിക്കുന്നു. ടെലിവിഷനുകളില്‍ നിറയുന്ന്‍ അസിനിമാതാരങ്ങളുടെ വിശേഷങ്ങളിലും പുതിയ സിനിമകളിലും മുഴുകുമ്പോള്‍ മഹാബലി വന്നാലും മൈന്‍ഡ് ചെയ്യുവാന്‍ പോലും ആര്‍ക്കും സമയമുണ്ടാകില്ല. സാര്‍വ്വ ലൊകികമായി ഒരു ജനതമുഴുവന്‍ അഘോഷപൂര്‍വ്വം കൊണ്ടാടിയിരുന്ന കാര്‍ഷികവിളവെടുപ്പുത്സവമായ ഓണം ഇപ്പോള്‍ സവര്‍ണ ഭീകര‍ന്മാരുടെ വെറുമൊരാഘൊഷം മാത്രമാണെന്ന്‍ വരുത്തിതീര്‍ക്കുവാന്‍ പാടുപെടുന്ന വലിയൊരു വിഭാഗം പ്രജകളുടെ മുന്നില്‍ വരുവാന്‍ മടിച്ച് സര്‍വ്വ ജനങ്ങളെയും സമഭാവേന കണ്ടിരുന്ന കള്ളവും ചതിയും പൊളിവചനങ്ങളും എള്ളോളമില്ലാതിരുന്ന ഒരു കാലഘട്ടത്തിന്റെ അമര്‍ക്കാരന്‍ ഇന്ന്‍ പാതാളത്തിന്റെ ഇരുണ്ടഗര്‍ത്തങ്ങളില്‍ മാത്രം കഴിയുവാനാഗ്രഹിക്കുകയായിരിക്കണം.

എന്റെ മകനോടും അവന്റെ കൂട്ടുകാരൊടുമൊക്കെ ഞാന്‍ ഇങ്ങിനെയൊക്കെയാണ് നിങ്ങളുടെ പ്രായത്തില്‍ ഓണമാഘോഷിച്ചിരുന്നതെന്നെങ്ങാനും പറഞ്ഞാല്‍ അവന്‍ വായ് പൊത്തി ചിലപ്പോള്‍ പൊട്ടിച്ചിരിച്ചേക്കും..

ഓര്‍മ്മകളില്‍ നിന്നും പൊഴിഞ്ഞുപൊയ്ക്കൊണ്ടിരിക്കുന്നത് ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകളും മാധുര്യവും കൂടിയാണ്..

(ചിത്രങ്ങള്‍ ഗൂഗിളില്‍‍ നിന്നും)
എല്ലാ പ്രീയകൂട്ടുകാര്‍ക്കും ഐശ്വര്യസമൃദ്ധമായ ഓണാശംസകള്‍ നേരുന്നു..

ശ്രീക്കുട്ടന്‍

Sunday, July 12, 2015

എന്റെ മഞ്ചാടിക്കുരുക്കള്‍

ജീവിതത്തിന്റെ ഏറ്റവും മധുരമൂറുന്ന കാലഘട്ടങ്ങളിലൊന്നായ കോളേജു കാലഘട്ടം. പ്രസിദ്ധമായ ശിവഗിരിക്കുന്നുകളില്‍ സ്ഥിതിചെയ്യുന്ന ശ്രീനാരായണ കോളേജിലായിരുന്നു പ്രീഡിഗ്രിക്ക് ഞാന്‍ ചേര്‍ന്നത്. തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ വളരെ നല്ല സ്ഥലസൌകര്യങ്ങളോടു കൂടി സ്ഥിതി ചെയ്യുന്ന കോളേജാണിത്. 1993-95 കാലഘട്ടം. ആറ്റിങ്ങള്‍ ഗവണ്മെന്റ് കോളേജ് ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ടോ ഞാന്‍ ശിവഗിരിക്കോളേജിലാണ് ചേര്‍ന്നത്. കോളേജില്‍ ജോയിന്‍ ചെയ്ത ആദ്യ ദിവസം ഇന്നും മിഴിവാര്‍ന്ന്‍ മനസ്സില്‍ തങ്ങി നില്‍പ്പുണ്ട്. രാവിലെ കൃത്യസമയത്ത് തന്നെ കോളേജിലെത്തി. അന്നേവരെ പരിചയിച്ച സ്കൂളിന്റേതായ ഒരു അന്തരീക്ഷത്തില്‍ നിന്നും തികച്ചും വിഭിന്നമായ മറ്റൊരന്തരീക്ഷമാണ് കോളേജുകളിലുള്ളതെന്ന ഒരു ധാരണ മനസിലുണ്ടായിരുന്നു. എന്റെ ഗ്രാമത്തില്‍ തന്നെയുള്ള എന്നെക്കാളും ഒരു കൊല്ലം സീനിയറായ ശ്രീമാന്‍ സജീവ് കോളേജിനെ കുറിച്ചും അവിടത്തെ ദിനചര്യകളെക്കുറിച്ചുമെല്ലാം അതിഗംഭീരന്‍ ദൃക്സാക്ഷി വിവരണങ്ങള്‍ നല്‍കുന്നത് ഞാനുള്‍പ്പെടെ നല്ലൊരു കൂട്ടം ശ്രോതാക്കള്‍ തോടിനുകുറുകേയുള്ള സിമന്റ് സ്ലാബിലിരുന്ന്‍ എത്രയോ ആവര്‍ത്തി സാകൂതം കേട്ടിരിക്കുന്നു. പലതും പട്ടാളക്കാരുടെ വീരയുദ്ധവിവരണങ്ങള്‍ പോലെ വന്‍ ബഡായികള്‍ ആണെന്നുള്ളത് പിന്നെ കാലം ബോധ്യപ്പെടുത്തിത്തന്നു എന്നത് വേറൊരുകാര്യം. അതൊക്കെ പോട്ടേ നമുക്ക് കാര്യത്തിലേയ്ക്ക് വരാം.

ആറ്റിങ്ങള്‍ കൊല്ലമ്പുഴ മണനാക്ക് കവലയൂര്‍ വഴി കോളേജിന്റെ മുന്നിലൂടെ പോകുന്ന ഹിഷാം ബസ്സിലാണ് കോളേജിന്റെ പടിവാതിക്കല്‍ ആദ്യമിറങ്ങിയത്. ഈ ഭാഗങ്ങളിലൊക്കെയുള്ള എല്ലാ സ്റ്റുഡന്റ്സും അതില്‍ തന്നെയാണ് കോളേജില്‍ പോകുന്നത്. കോളേജിനുമുന്നിലിറങ്ങുമ്പോള്‍ ആവിയില്‍ പകുതി പുഴുങ്ങിയെടുത്ത ഏത്തപ്പഴം പോലെയാകും എന്നത് മറ്റൊരു കാര്യം. അത്ര തിരക്കാണ് ബസ്സില്‍. ഹിഷാമിലെ കണ്ടക്ടര്‍ ഒരു സംഭവമാണ്. പുള്ളിക്കാരന്റെ മൂക്ക് ഒരല്‍പ്പം ചരിഞ്ഞാനിരിക്കുന്നത്. അതുകൊണ്ട് തന്നെ സീനിയര്‍ പിള്ളാര്‍ ആശാനു ഒരു ഔദ്യോഗിക വട്ടപ്പേരങ്ങ് പതിച്ചു നല്‍കി."ചാപ്പാണി". തിരക്കു പിടിച്ച ബസ്സില്‍ ആരെങ്കിലും ആള്‍ക്കൂട്ടത്തില്‍ തല പൂഴ്ത്തി ചാപ്പാണിയെന്നൊന്നു നീട്ടിവിളിയ്ക്കും. പിന്നെ പറയണ്ട. കണ്ടക്ടര്‍ അണ്ണന്‍ നല്ല ഏ സര്‍ട്ടിഫിക്കറ്റ് സുഭാഷിതം അങ്ങാരംഭിക്കും. ആണും പെണ്ണും നില്‍ക്കുന്നെന്നൊന്നും ആശാന്‍ നോക്കില്ല. ഈ പൊത്തബസ്സില്‍ പോകുന്നതിനേക്കാളും നടന്നുപോകുന്നതാണ് നല്ലതെന്ന്‍ രണ്ട് സഹൃദയര്‍ അല്‍പ്പം ഉച്ചത്തില്‍ ആത്മഗതം ചെയ്തതിനു അവന്മാരെ നിര്‍ബന്ധിച്ച് ബസ്സില്‍ നിന്നും ഇറക്കിവിട്ട പാരമ്പര്യവും അങ്ങേര്‍ക്കുണ്ട്. അയാളുടെ വീരവാദങ്ങള്‍ പറഞ്ഞോണ്ടിരുന്നാല്‍ നമ്മള്‍ വിഷയത്തില്‍ നിന്നുമകന്നുപോകും. നമുക്ക് നമ്മുടെ ട്രാക്കിലേയ്ക്ക് വരാം.


എന്റര്‍ ദ റെഡ്ഫോര്‍ട്ട് ഓഫ് എസ് എഫ് ഐ എന്ന്‍ വലിയ അക്ഷരത്തില്‍ ഗേറ്റിനുമുകളിലായി വലിച്ചുകെട്ടിയ ബാനറിനുമുന്നില്‍ ഒരു നിമിഷം ഞാന്‍ നിന്നു. കോളേജ് ഭരിക്കുന്നത് കാലങ്ങളായി എസ് എഫ് ഐ ആണെന്ന സത്യം മുമ്പ് സജീവിന്റെ വിവരണങ്ങളില്‍ നിന്നും കിട്ടിയത് മനസ്സിലുണ്ടായിരുന്നു. മിടിക്കുന്ന ഹൃദയത്തൊടെ ഞാന്‍ വലതുകാല്‍ വച്ച് കാമ്പസ്സിനകത്തേയ്ക്ക് കയറി. ഗേറ്റ്  കടന്നാല്‍ വലതുവശത്തായി ഒരു പ്ലാവ് മുത്തശ്ശി തണല്‍ വിരിച്ച് നില്‍പ്പുണ്ട്. ഇടതുവശത്തായി ഉള്ളവഴി കാന്റീനിലേക്ക് കൂടി ഉപയോഗിക്കാം. പലപല വര്‍ണ്ണങ്ങളില്‍ ഡ്രസ്സുകള്‍ അണിഞ്ഞ് മെല്ലെ ഒഴുകുന്ന ലലനാമണികള്‍ക്കും പൊടിമീശക്കാര്‍ക്കുമൊപ്പം ഞാനും അത്ഭുതപരതന്ത്രനെപ്പോലെ മെല്ലെ നടന്നു. കരിങ്കല്‍ കെട്ടി പാര്‍ക്ക് പോലെ തിരിച്ചിരിക്കുന്നയിടത്ത് പല അണ്ണന്മാരും നിരന്നിരിപ്പുണ്ട്. പലരും നവാഗത സുന്ദരിമാരെ എക്സ്റേ സ്കാനിംഗ് നടത്തിക്കൊണ്ടിരിപ്പാണ്. പെട്ടന്ന്‍ കരിങ്കല്‍ക്കെട്ടിലിരുന്ന ഒരു സീനിയര്‍ അണ്ണന്‍ കുതിച്ചെഴുന്നേറ്റ് വരുന്നതുകണ്ട് ഞാന്‍ തറഞ്ഞു നിന്നു. എന്റെ ഒരു അഞ്ചാറുവാര മുന്നിലായ് പെട്ടന്ന്‍ ഒരു ദ്വന്ദയുദ്ധമാരംഭിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്ന്‍ കാണുന്ന ഫസ്റ്റ് ലൈവ് അടി. വിറച്ചുതുള്ളിക്കൊണ്ടാണ് ക്ലാസ്സില്‍ ചെന്നിരുന്നത്. ക്ലാസ്സ് തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ തന്നെ സീനിയര്‍ അണ്ണന്മാര്‍ ക്ലാസ്സിലേക്ക് വന്നു. പിന്നെ പരിചയപ്പെടല്‍. അതൊക്കെ കഴിഞ്ഞു ക്ലാസ്സു വിട്ടു. സമരമോ മറ്റോ ആണ്.
ക്ലാസ്സില്‍ നിന്നും ഇറങ്ങി പുറത്തേയ്ക്ക് നടക്കവേ വീണ്ടും രണ്ടിടത്ത് കൂടി അടി നടക്കുന്നത് കാണാനിടയായി. എങ്ങിനെയെങ്കിലും വീടെത്തിയാല്‍ മതിയെന്നായി. ഗേറ്റു കടന്ന്‍ ബസ്റ്റോപ്പിനു മുന്നില്‍ നില്‍ക്കവേ ആകെ പരവേശനായിരുന്നു. ഈ സമയം ക്യാന്റീനു മുന്നില്‍ കൊടികെട്ടിക്കൊണ്ടു നിന്ന അണ്ണനെ അഞ്ചെട്ടു പയ്യന്മാര്‍ ചേര്‍ന്ന്‍ പൊതിരെ അടിക്കുന്നതു കണ്ടു. പിന്നെ ഒരുനിമിഷം കളഞ്ഞില്ല. ശരവേഗത്തില്‍ റോഡേ നടക്കാനാരംഭിച്ചു. പാലച്ചിറവന്ന്‍ ആദ്യം കിട്ടിയ ബസ്സില്‍ കയറി ആറ്റിങ്ങലില്‍ ഇറങ്ങി അവിടെ നിന്നും വീട്ടിലേയ്ക്ക്. പിന്നെ നേരേ കട്ടിലിലേയ്ക്ക്. ഒരു ചെറിയ തുള്ളല്‍പ്പനിയോട് കൂടി.

പകച്ചുപോയി എന്റെ ബാല്യം..

വാല്‍: നാലു ദിവസം കഴിഞ്ഞാണ് പിന്നെ കോളേജില്‍ പോയത്. മിക്ക ദിവസവും നല്ല അടിയും സമരവും ഒക്കെയുണ്ടാകും. എസ് എഫ് ഐ സ്വാശ്രയകോളേജ്, വിസി പ്രശ്നം ഇതിലൊക്കെ വന്‍ സമരങ്ങളുമായി നടക്കുന്ന കാലമായിരുന്നു അത്. പിന്നെ പിന്നെ കോളേജില്‍ പോകുന്നതു തന്നെ അടി ഇന്നൊരു കലക്കന്‍ അടി കാണിച്ചുതരണേ എന്ന പ്രാര്‍ത്ഥനയോടെയായിരുന്നു. കോളേജ് ഇലക്ഷന്‍ നടന്ന്‍ റിസള്‍ട്ട് പ്രഖ്യാപിച്ച സമയം കോളേജ്ജിനകത്ത് വന്‍ യുദ്ധമായിരുന്നു. ബോംബേറുവരെ നടന്നു. പ്രിന്‍സിപ്പാളിന്റെ മുറിയൊക്കെ തല്ലിത്തകര്‍ത്തു. നിരവധി ഫര്‍ണിച്ചറുകള്‍ അകാലചരമമടഞ്ഞു. നിരവധി പേര്‍ക്ക് കാര്യമായ പരിക്കുകളും പറ്റി. കോളേജ് ഒരുമാസത്തില്‍ കൂടുതല്‍ പൂട്ടിയിട്ടു. അന്ന്‍ പോലീസിന്റെ കയ്യില്‍ നിന്നും തല്ലുകിട്ടാതെ രക്ഷപ്പെട്ടത് പൂര്‍വ്വജന്മസുകൃതം എന്നു മാത്രമേ പറയാനാവൂ. കോളേജിനടുത്തുതന്നെയുള്ള ശിവഗിരി മഠത്തില്‍ വച്ച് മിക്കവാറും ദിവസങ്ങളില്‍ വിവാഹങ്ങള്‍ നടക്കാറുണ്ട്. മൂന്നോ നാലോ കല്യാണസദ്യാലയങ്ങളും ഉണ്ടവിടെ. വര്‍ക്കല കോളേജില്‍ പഠിച്ച രണ്ടുകൊല്ലക്കാലത്തിനിടയില്‍ ശിവഗിരിയില്‍ വച്ചുനടന്ന പേരും ഊരുമൊന്നുമറിയാത്ത എത്രയെങ്കിലും സഹോദരിമാരുടെ വിവാഹമംഗളകര്‍മ്മത്തില്‍ പങ്കുകൊണ്ട് സദ്യയുണ്ണുവാന്‍ കഴിഞ്ഞു എന്നത് ഇത്തരുണത്തില്‍ ചാരിതാര്‍ത്ഥ്യത്തൊടുകൂടി മാത്രമേ ഓര്‍ക്കാനാകൂ. കോളേജില്‍ പഠിക്കുന്ന ധാരാളം സഹോദരന്മാര്‍ സദ്യയുണ്ണുവാന്‍ കാണുമെന്നും അതുകൊണ്ട് ഒരു പത്തിരുന്നൂറുപേര്‍ക്കുള്ള സദ്യ അധികമായി കരുതണമെന്നും പെണ്ണുവീട്ടുകാരോട് ഉണര്‍ത്തിക്കുന്ന ദീര്‍ഘദര്‍ശികളായ സദ്യാലയം നടത്തിപ്പുകാരെ വിസ്മരിക്കുന്നതെങ്ങിനെ.

കോളേജ് കാലഘട്ടം എത്ര മധുരതരമായിരുന്നു. സമരം, അടിപിടി, സുന്ദരിമാര്‍, കല്യാണസദ്യ, സിനിമകാണല്‍, മരം ചുറ്റിപ്രേമം, ക്ലാസ്സ് കട്ടു ചെയ്ത് സിനിമകാണല്‍...

പത്തുകൊല്ലം കഴിഞ്ഞ് ഞാന്‍ എഴുതുവാനിരിക്കുന്ന "എന്റെ മഞ്ചാടിക്കുരുക്കള്‍" എന്ന ആത്മകഥയിലെ പേജ് നമ്പര്‍ 23 ല്‍ നിന്നും ഒരു ഭാഗം.



ഇനി ഈ ഞാന്‍ ആരെന്നത്??

ഈ ലോകജീവിതത്തിന്റെ സമസ്തസുഖസങ്കടങ്ങളുമനുഭവിക്കുവാന്‍ വേണ്ടി തൊള്ളായിരത്തിയെഴുപത്തിയെട്ട് മെയ് മാസം മുപ്പതാം തീയതി ഭൂജാതനായ ഒരു നിസ്സാരന്‍.തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങള്‍ പട്ടണത്തില്‍ നിന്നും ഒരു നാലുകിലോമീറ്റര്‍ പടിഞ്ഞാറുമാറി ഏലാപ്പുറം എന്ന ശാന്തസുന്ദരമായ കൊച്ഛുഗ്രാമത്തിലായിരുന്നു ഈ തിരുവവതാരം. കുറച്ച് വൃത്തികെട്ട ഈഗോ ഭരിക്കുന്ന, പാരമ്പര്യവാദങ്ങളെ പുച്ഛത്തോടെ നോക്കിക്കാണുന്ന, അന്ധവിശ്വാസിയല്ലാത്ത വിശ്വാസിയായ, പലരും അഹങ്കാരി എന്നു ധരിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥജീവിതത്തില്‍ പഞ്ചപാവമായ ഒരു ലോലഹൃദയന്‍. ഇഷ്ടമില്ലാതിരുന്നിട്ടും കഴിഞ്ഞ പത്തുവര്‍ഷമായി പ്രവാസ ജീവിതം നയിക്കുന്നു. ദുബായില്‍ ആണ് കുറ്റിയടിച്ചിരിക്കുന്നത്. ഒരു കമ്പനിയില്‍ എച്ച് ആര്‍ സെക്ഷനില്‍ കുത്തിമറിയുന്നു. പാട്ടും പുസ്തകങ്ങളും വളരെ പ്രീയങ്കരമാണ്. അല്‍പ്പം ചില എഴുത്തുകുത്തുകള്‍ ഒക്കെയുണ്ട്. ഹരീന്ദ്രം എന്ന പേരില്‍ ഒരു ബ്ലോഗുമെഴുതുന്നുണ്ട്. പിന്നെ ജീവിതത്തിന്റെ സുഖദുഃഖങ്ങളില്‍ പങ്കാളിയാകുവാനും ഒപ്പം ചേര്‍ത്തു നടത്തുവാനുമായി‍ ഏഴുവര്‍ഷം മുന്നേ ഒരു സുന്ദരിയെ ജീവിതത്തിനോട് ചേര്‍ത്തുപിടിച്ചു. ഇടയ്ക്ക് ചിലപ്പോള്‍ മേഘാവൃതമായി മൂടിക്കെട്ടിയും ഇടയ്ക്ക് പെയ്തൊഴിഞ്ഞു തെളിഞ്ഞും ഏഴുവര്‍ഷമായി ഒഴുകുന്ന ദാമ്പത്യവല്ലരിയില്‍ നാലുകൊല്ലം മുന്നേ ഒരു മകന്‍ കൂട്ടായെത്തി. സമസ്തജീവിതദുഃഖങ്ങളില്‍ നിന്നും എന്നെ ത്രാണനം ചെയ്ത് സംരക്ഷിക്കുവാനായി  എന്റെ ജീവനില്‍ നിന്നും ഞാനുരുവാക്കിയ ശ്രീഹരി.

ശ്രീക്കുട്ടന്‍

Thursday, May 7, 2015

വിരലടയാളമെന്ന അത്ഭുതം

വിരലടയാളങ്ങള്‍

കോടാനുകോടി ആളുകള്‍ക്കിടയില്‍നിന്നു ഒരാളെ തിരിച്ചറിയുവാനായി പ്രകൃതിതന്നെ അവന്റെ വിരല്‍ത്തുമ്പുകളില്‍ ഒരുക്കിവച്ച വിസ്മയമാണ് വിരലടയാളങ്ങള്‍. തൊടുന്നിടത്തെല്ലാം അവന്‍പോലുമറിയാതെ പതിഞ്ഞുവീഴുന്ന അത്ഭുതമുദ്ര. എത്രതന്നെ മാറ്റിമറിക്കാന്‍ ശ്രമിച്ചാലും മാറ്റമേതുമില്ലാതെ തുടരുന്ന ഒന്നുകൂടിയാണിത്. ഈ ഭൂമിയിലുള്ള സകലമനുഷ്യരുടേയും വിരലടയാളങ്ങള്‍ അതിശയകരമാംവണ്ണം വ്യത്യസ്തങ്ങളാണ്. അതുകൊണ്ടുതന്നെ വിരലടയാളംവച്ച് മില്യണ്‍കണക്കിനു മനുഷ്യരുടെ ഇടയില്‍നിന്നുമൊരാളെ കണ്ടെത്തുകയെന്നത് ആയാസകരമായ വസ്തുതയേ ആകുന്നില്ല. മനുഷ്യന്റെ ഏറ്റവും വലിയ ഐഡന്റിറ്റി കൂടിയാണ് അവന്റെ വിരലടയാളങ്ങള്‍.

പ്രാചീനകാലംമുതല്‍തനെ മനുഷ്യന്‍ തങ്ങളുടെ കൈപ്പത്തിയും വിരലുകളുടെ അറ്റത്തുള്ള അടയാളങ്ങളും ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും ചെയ്തിരുന്നു. പഴയകാലത്ത് ഹസ്തരേഖാശാസ്ത്രവും വിരല്‍ത്തുമ്പിലെ അടയാളങ്ങള്‍നോക്കി ഭൂതഭാവിപ്രവചനങ്ങളും മറ്റുമൊക്കെ നടത്തുന്നത് സാധാരണമായിരുന്നു. ആദിമമനുഷ്യര്‍ തങ്ങളുടെ വാസസ്ഥാനങ്ങളായ ഗുഹകളുടെ ഭിത്തികളിലും കളിമണ്‍ ഫലകങ്ങളിലുമൊക്കെ തങ്ങളുടെ കൈപ്പത്തി പതിപ്പിച്ചു അടയാളം സൂക്ഷിച്ചിരുന്നു. തങ്ങളുടെ അസ്തിത്വത്തിന്റെ അടയാളങ്ങളായി അവര്‍ കൈപ്പത്തിയടയാളങ്ങളേയും വിരല്‍പ്പാടുകളേയും കരുതിയിരിക്കണം. കാലംകടന്നുപോകവേ ഉറപ്പിന്റേയും വിശ്വാസ്യതയുടേയും അടയാളങ്ങളായി വിരല്‍പ്പാടുകള്‍ പ്രമാണങ്ങളിലും മുദ്രപത്രങ്ങളിലുമൊക്കെ ഉപയോഗിച്ചുതുടങ്ങി. ബാബിലോണിയന്‍ ജനതയാണ് ആദ്യമായി വിരലടയാളങ്ങള്‍ പതിപ്പിച്ചുതുടങ്ങിയത്. കുറ്റപത്രങ്ങളില്‍ കുറ്റവാളികളുടെ വിരല്‍പ്പാട് പതിക്കുകയെന്നത് പുരാതന ഈജിപ്തിലെ കീഴ്വഴക്കമായിരുന്നു. ചൈനയില്‍ ടാംഗ് വംശജരുടെ കാലത്തു വിരലടയാളങ്ങള്‍ ശേഖരിച്ചിരുന്നതായി പറയപ്പെടുന്നു. ഒരുകാര്യമുറപ്പായിരുന്നു. ആദിമമനുഷ്യര്‍ തങ്ങളുടെ വിരല്‍ത്തുമ്പുകളിലുറങ്ങുന്ന അത്ഭുതത്തെ തിരിച്ചറിഞ്ഞിരുന്നവരായിരുന്നു.

പതിനേഴാംനൂറ്റാണ്ടിന്റെ മധ്യമായപ്പോഴേക്കും വിരലടയാളങ്ങളെകുറിച്ച് ഗൌരവതരമായ പഠനങ്ങളാരംഭിച്ചുതുടങ്ങിയിരുന്നു. മാര്‍ക് ട്വൈന്‍ തന്റെ ഒരുനോവലില്‍ കഥാനായകന്‍ തന്റെ ഭാര്യയുടെ കൊലപാതകിയെ കണ്ടെത്തിയത് വിരലടയാളം നോക്കിയാണെന്നും മനുഷ്യരില്‍ ഒരിക്കലും മാറ്റമില്ലാത്ത ഒന്നാണതെന്നും ഒരാളിന്റെതില്‍നിന്നുംവ്യത്യസ്തമായിരിക്കും മറ്റൊരാളിന്റെ വിരല്‍പ്പാടും എന്നുമെഴുതിവച്ചു. അതുപോലെതന്നെ ഷെര്‍ലക്ഹോംസ്കഥകളില്‍ വിരലടയാളത്തിലൂടെ കുറ്റവാളിയെ തിരിച്ചറിയാമെന്ന്‍ ഹോംസിനെക്കൊണ്ട് കോനന്‍ ഡോയലും പ്രവചിച്ചു. എന്നിട്ടും ഒരുപാടുകാലം കഴിഞ്ഞാണ് മനുഷ്യന്‍ മനുഷ്യനെ തിരിച്ചറിയുന്ന ആ മഹാത്ഭുതം പൂര്‍ണ്ണാര്‍ത്ഥത്തില്‍ വികാസം പ്രാപിച്ചത്.

വിരലടയാളങ്ങളില്‍നിന്നു അതിന്റെ ഉടമയെ കണ്ടെത്താമെന്ന്‍ ആദ്യം കണ്ടെത്തിയത് ബ്രിട്ടീഷ്ഇന്ത്യയിലെ ബംഗാള്‍പ്രവിശ്യയിലെ സബ്കളക്ടറായി ജോലിനോക്കിയിരുന്ന വില്യം ഹെര്‍ഷല്‍ എന്ന യൂറോപ്യനായിരുന്നു. ഗ്രാമീണരുടെ വിരല്‍പ്പാടുകള്‍ മേശമേല്‍ പതിഞ്ഞതു ശ്രദ്ധിച്ച് അതില്‍ ഹരംകയറിയ ഹെര്‍ഷല്‍ വിരല്‍പ്പാടുകളെകുറിച്ചുള്ള പഠനമാരംഭിച്ചു. ഗ്രാമീണരുടെ വിരലടയാളങ്ങള്‍ പതിപ്പിച്ചെടുത്ത് അവയെക്കുറിച്ച് പഠിച്ചപ്പോള്‍ ആ വിരലടയാളങ്ങള്‍ എല്ലാം തികച്ചും വ്യത്യസ്തമാണെന്ന്‍ ഹെര്‍ഷല്‍ കണ്ടെത്തി. അതോടെ ഹെര്‍ഷല്‍ തന്റെ കൂടുതല്‍ ശ്രദ്ധ വിരലടയാളങ്ങളെക്കുറിച്ചുള്ള പഠനത്തിനായി നീക്കിവച്ചു. വിരലടയാളങ്ങളില്‍നിന്നു കൃത്യമായി ആള്‍‍ക്കാരെ മനസ്സിലാക്കാമെന്നും അതുവഴി കുറ്റവാളികളെ കണ്ടെത്താമെന്നു മനസ്സിലാക്കിയ ഹെര്‍ഷല്‍ നാലഞ്ചുമാസം കഴിഞ്ഞ് അതിനെകുറിച്ച് ഒരു പ്രബന്ധം തയ്യാറാക്കി തന്റെ മേലധികാരിക്ക് സമര്‍പ്പിച്ചു. എന്നാല്‍ ആ പ്രബന്ധം ചവറ്റുകുട്ടയിലെറിയപ്പെട്ടു. തന്റെ മഹത്തായ കണ്ടുപിടുത്തം ലോകമറിയാതെ പോയതോടെ നിരാശനായ ഹെര്‍ഷല്‍ ജോലിരാജിവച്ച് ഇംഗ്ലണ്ടിലേക്ക് മടങ്ങി.

കുറച്ച് കാലങ്ങള്‍ക്കുശേഷം ഹെന്‍ട്രി ഫാള്‍ഡ് എന്ന ഒരു ഡോക്ടര്‍ വിരലടയാളങ്ങളെക്കുറിച്ച് ആകൃഷ്ടനായി അതിനെക്കുറിച്ചുള്ള പഠനമാരംഭിച്ചു. തന്റെ വീട്ടുജോലിക്കാരുടേയും അയല്‍‍ക്കാരുടേയും സുഹൃത്തുക്കളുടേയും ആശുപത്രിയില്‍വരുന്ന രോഗികളുടേയുമൊക്കെ വിരല്‍പ്പാടുകള്‍ ശേഖരിച്ച് അവ പഠനവിഷയമാക്കി. ആ വിരലടയാളങ്ങള്‍ വച്ച് ഒരിക്കല്‍ ഒരു മോഷ്ടാവിനെ ഫാള്‍ഡ് കുടുക്കുകയും ചെയ്തു. തുടര്‍പഠനങ്ങളില്‍നിന്നു അഴുക്കും മറ്റും പുരണ്ട വിരലുകളാല്‍മാത്രമല്ല കൈവിരല്‍ തൊടുന്നിടത്തെല്ലാം വിരലടയാളം പതിയുമെന്ന്‍ അയാള്‍ കണ്ടെത്തി. തന്റെ കണ്ടെത്തലുകള്‍ ഒരു ലേഖനമാക്കി ഫാള്‍ഡ് നേച്ചര്‍ മാസികയ്ക് അയച്ചുകൊടുക്കുകയും അവരത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ലേഖനം കണ്ട ഹെര്‍ഷല്‍ താന്‍ ആദ്യംതന്നെ ഇതുകണ്ടെത്തിയതാണെന്നും അന്ന്‍ എഴുതിവച്ചിരുന്ന വിവരങ്ങളുടെ ഡീറ്റൈല്‍സും മറ്റും വച്ച് നേച്ചര്‍ മാസികയ്ക് മറ്റൊരു കത്തെഴുതി. അങ്ങിനെ വിരലടയാളങ്ങളുടേ കണ്ടുപിടുത്തത്തിന്റെ പേരില്‍ ഒരു വലിയ അവകാശത്തര്‍ക്കം ഉടലെടുത്തു.

ലണ്ടനില്‍ ഹെര്‍ഷലും ഫാള്‍ഡും തമ്മിലുള്ള അവകാശത്തര്‍ക്കം നടക്കുമ്പോള്‍ ഫ്രാന്‍സിക് ഗാള്‍ട്ടന്‍ എന്ന ജീവശാസ്ത്രജ്ഞന്‍ വിരലടയാളപഠനമാരംഭിച്ചിരുന്നു. ലക്ഷക്കണക്കിനു വിരലടയാളങ്ങളെ വര്‍ഗ്ഗീകരിച്ച് വേര്‍തിരിക്കുവാന്‍ എങ്ങിനെ കഴിയുമെന്നറിയാതെ അയാള്‍ കുഴങ്ങി. അതിനായി ഒരു വര്‍ഗ്ഗീകരണ ഫോര്‍മുല കണ്ടെത്താന്‍ ഗാള്‍ട്ടന്‍ കഠിന പരിശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ എല്ലാ വിരലടയാളങ്ങളും അടിസ്ഥാനപരമായി നാലു തരത്തിലുള്ളവയാണെന്നും ബാക്കിയൊക്കെ അവയുടെ ഉപവിഭാഗങ്ങളാണെന്നും ഗാള്‍ട്ടന്‍ തിരിച്ചറിഞ്ഞു. നാലു അടിസ്ഥാനമാതൃകകളെ അടിസ്ഥാനമാക്കി ഒരു ഫോര്‍മുല കണ്ടെത്താനുള്ള ശ്രമം ഗാള്‍ട്ടന്‍ തുടര്‍ന്നു. ഈ സമയം അര്‍ജന്റീനിയന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റിലെ യൂസെറ്റിച്ചിസ് എന്ന ഉദ്യോഗസ്ഥനും വിരലടയാളപഠനമാരംഭിച്ചിരുന്നു. താമസിയാതെ യൂസെറ്റിച്ചിസ് ഒരു ഗണിതസൂത്രം കണ്ടെത്തി. ഈ ഗണിതസൂത്രമുപയോഗിച്ച് ലക്ഷക്കണക്കിനു വിരലടയാളങ്ങളെ വര്‍ഗ്ഗീകരിച്ച് വേര്‍തിരിക്കാനാകുമായിരുന്നു. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും വിരലടയാളമെടുത്ത് സൂക്ഷിക്കുകയും അതുവഴി കുറ്റകൃത്യങ്ങള്‍ ഉണ്ടാകുമ്പോള്‍ അവിടുന്നുകിട്ടുന്ന വിരലടയാളങ്ങളുപയോഗിച്ച് കുറ്റവാളികളെ കണ്ടെത്താമെന്നുമുള്ള യുസെറ്റിച്ചിസിന്റെ അവകാശവാദം അംഗീകരിച്ച ഗവണ്മെന്റ് എല്ലാ ജനങ്ങളും തങ്ങളുടെ വിരലടയാളം നല്‍കണമെന്ന നിയമം കൊണ്ടുവന്നു. എന്നാല്‍ ഇതില്‍ സംശയാലുക്കളായ ജനങ്ങള്‍ കലാപം തുടങ്ങുകയും പ്രസ്തുതനിയമം ഗവണ്മെന്റിനു പിന്‍വലിക്കേണ്ടിവരുകയും ചെയ്തു. യൂസെറ്റിച്ചിസ് കണ്ടെത്തിയ വര്‍ഗ്ഗീകരണസൂത്രവും മറ്റും അര്‍ജന്റീനയുടെ നാലതിരുകള്‍ക്കുള്ളില്‍ കുഴിച്ചുമൂടപ്പെട്ടു. പില്‍ക്കാലത്ത് താന്‍ കണ്ടെത്തിയ കണ്ടുപിടുത്തം മറ്റൊരാള്‍ കണ്ടെത്തി പ്രശത്സനാകുന്നത് വേദനയോടേ നോക്കിനില്‍ക്കാനേ യൂസെറ്റിച്ചിസിനു കഴിഞ്ഞുള്ളൂ.

വിരലടയാളവര്‍ഗ്ഗീകരണവും അതുപയോഗിച്ച് ആള്‍ക്കാരെ തിരിച്ചറിയുവാനുമൊക്കെയുള്ള ഫോര്‍മുല എഡ്വാര്‍ഡ് ഹെന്‍ട്രി എന്ന യുവാവ് കണ്ടെത്തി. അതുപയോഗിച്ച് അയാള്‍ ചില പ്രമാദമായ കേസുകള്‍ തെളിയിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുന്നേ യൂസെറ്റിച്ചിസ് കണ്ടെത്തിയ അതേ രീതിയിലുള്ള ഫോര്‍മുല തന്നെയായിരുന്നു ഹെന്‍ട്രിയും കണ്ടെത്തിയത്. വിരലടയാളങ്ങള്‍ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിയിക്കപ്പെടുത്തുമെന്നും ഏതൊരാളിനേയും തിരിച്ചറിയുവാന്‍ സഹായകകരമാകുമെന്നും പതിയെ ലോകം അംഗീകരിച്ചുതുടങ്ങി. അമേരിക്കയുള്‍പ്പെടെ ഒട്ടുമിക്കരാജ്യങ്ങളും വിരലടയാളമേഖലയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തുകയും ആള്‍ക്കാരുടെ എല്ലാം വിരലടയാളങ്ങളെടുത്തു സൂക്ഷിക്കുവാനാരംഭിക്കുകയും ചെയ്തു. പല കുപ്രസിദ്ധരായ കുറ്റവാളികളും ഇപ്രകാരം വലയിലാക്കപ്പെട്ടു. അതോടെ വിരല്‍ത്തുമ്പിലെ ഈ വിസ്മയകരമായ രേഖകള്‍ ഇല്ലാതാക്കാനുള്ള ശ്രമവും കുറ്റവാളികളാരംഭിച്ചു. പലരും വിരല്‍ത്തുമ്പിലെ  തൊലി പൂര്‍ണ്ണമായും ഓപ്പറേഷന്‍ ചെയ്തും മറ്റുമൊകെ മാറ്റി. എന്നാല്‍ പ്രകൃതി സ്വയമൊരുക്കി വച്ചിരിക്കുന്ന ആ അത്ഭുതത്തെ ഇല്ലാതാക്കാന്‍ ആരാലും സാധ്യമല്ലായിരുന്നു. എത്രതന്നെശ്രമിച്ചാലും കുറച്ചു ദിവസങ്ങള്‍കൊണ്ട് വിരല്‍ത്തുമ്പിലെ പാടുകള്‍ യഥാസ്ഥിതിയിലായി മാറുകതന്നെചെയ്യും. ഇന്ന്‍ ലോകത്തെ എല്ലാ പോലീസ് സേനകളും കുറ്റവാളികളെ തിരിച്ചറിയുവാന്‍ കുറ്റകൃത്യങ്ങള്‍ക്ക് തുമ്പുണ്ടാക്കുവാന്‍ വിരലടയാളങ്ങളെ പ്രഥമമായി ഉപയോഗിക്കുന്നു.

വിരലടയാളങ്ങള്‍ പ്രകൃതിതന്നെ ഒരുക്കിവച്ച ഒരു വിസ്മയമാണ്. ഇവ ജനിച്ചനാള്‍മുതല്‍ മരണംവരെ യാതൊരു മാറ്റവുംകൂടാതെ നിലകൊള്ളുന്നു. കൈപ്പത്തികളെ പൊതിഞ്ഞിരികുന്ന ബാഹ്യചര്‍മ്മത്തില്‍ കാണുന്ന വലയങ്ങള്‍പോലെയും ചുഴികള്‍പോലെയും നെടുവരമ്പ്പോലെയുമൊക്കെയുള്ള രേഖകളാണ് വിരലടയാളങ്ങള്‍. സ്പര്‍ശിക്കുന്ന സ്ഥലത്തൊകെ അവയുടെതന്നെ അടയാളങ്ങള്‍ പതിപ്പിച്ചിടുന്നു.ഉള്ളം കൈയിലുള്ള സ്വേദഗ്രന്ഥികളില്‍ നിന്നുമുണ്ടാകുന്ന ശ്രവങ്ങളാണ് വിരല്‍പ്പാടുകള്‍ പതിയാനിടയാക്കുന്നത്. നാലുതരം വിരലടയാളങ്ങളാണ് പ്രധാനമായുമുള്ളത്.

1. വലയം (loop)
2. ചുഴി(Whorl)
3. കമാനം(Arch)
4. സമ്മിശ്രം(Composite)

വിരലടയാളങ്ങള്‍ വര്‍ഗ്ഗീകരിച്ച് തരംതിരിക്കുന്ന പഠനപദ്ധതിയാണ് റിഡ്ജിയോളജി. ഒരു കുറ്റകൃത്യം നടന്നസ്ഥലത്തുനിന്നു വിരലടയാളങ്ങളെ കണ്ടെത്തുവാന്‍ ഇന്നു അനേകം സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നു. നേര്‍മ്മയേറിയ ബ്രഷ്കൊണ്ട് ഗ്രാഫൈറ്റ്, ആന്റിമണി, അലുമിനിയം തുടങ്ങിയ പൊടികള്‍ സംശയിക്കപ്പെടുന്ന സ്ഥലങ്ങളില്‍ വിതറും. അവിടെ വിരല്‍പ്പാടുകള്‍ ഏതെങ്കിലും പതിഞ്ഞിട്ടുണ്ടെങ്കില്‍ കൃത്യമായും പാടുകള്‍ തെളിഞ്ഞുവരും. ഫ്ലൂറസെന്റ്പൊടികളും ഇവയ്ക്കായി ഉപയോഗിക്കുന്നു. നവകാലഘട്ടത്തില്‍ ലേസര്‍രശ്മികള്‍ ഉപയോഗിച്ചും അടയാളങ്ങളെ വീണ്ടെടുക്കുന്നുണ്ട്. ഇന്ന്‍ ഒട്ടുമിക്ക ലോകരാജ്യങ്ങളും വിരലടയാളങ്ങളുടെ ഒരു വന്‍ശേഖരം കാത്തുസൂക്ഷിക്കുന്നുണ്ട്. കുറ്റവാളികള്‍ക്കെതിരേ അവര്‍ തന്നെ കരുതിവയ്ക്കുന്ന തെളിവാണ് വിരലടയാളങ്ങള്‍. ആരുവിചാരിച്ചാലും മായ്ക്കാനാവാത്ത പ്രകൃതിയുടെ മുദ്ര.

(ഡോക്ടര്‍ മുരളീകൃഷ്ണയുടെ കുറ്റാന്വോഷണം നൂറ്റാണ്ടുകളിലൂടെ എന്ന പുസ്തകം വായിച്ച ഹരത്തില്‍ അതില്‍നിന്നു കടംകൊണ്ടെഴുതിയത്)

ശ്രീ

Thursday, April 23, 2015

വിയറ്റ്നാം യുദ്ധം


വിയറ്റ്നാം യുദ്ധത്തെ വേണമെങ്കില്‍ ഒരു അത്ഭുതം എന്നു വിശേഷിപ്പിക്കാം. ഉത്തര ദക്ഷിണ വിയറ്റ്നാമുകള്‍ തമ്മില്‍ നടന്ന ഒരാഭ്യന്തരയുദ്ധം ഒടുവില്‍ ലോകത്തിലെ തന്നെ സര്‍വ്വശക്തനായൊരു രാജ്യത്തിന്റെ തോല്‍വിയടയലിലാണ് അവസാനിച്ചത്. 1959 ഏപ്രില്‍ മാസത്തില്‍ തുടങ്ങി 1975 വരെ നീണ്ടുനിന്ന ഒന്നായിരുന്നു വിയറ്റ്നാം യുദ്ധം. സര്‍വ്വ നാശകാരിയായ പല രാസായുധങ്ങളും മറ്റുമൊക്കെ പ്രയോഗിച്ച് അമേരിക്കപോലൊരു സര്‍വ്വശക്തന്‍ പൊരുതിയെങ്കിലും ഒടുവില്‍ ഇത്തിരിക്കുഞ്ഞനായ വിയറ്റ്നാമിനോട് മുട്ടുമടക്കേണ്ടിവന്നു.‍ ഏകദേശം 65-70 ലക്ഷത്തോളം കൊല്ലപ്പെട്ട ലോകത്തിലെ തന്നെ ഏറ്റവും വലിയ പാരിസ്ഥിതിക നാശം ഉണ്ടാക്കിയ ആ യുദ്ധത്തിലേയ്ക്കൊരു വഴിനടത്തം. ഇതിലെ വിവരങ്ങള്‍ക്ക് കടപ്പാട് വിക്കീപീഡിയക്കും പിന്നെ ഒരു ഫേസ് ബുക്ക് ഗ്രൂപ്പില്‍ വന്ന ലേഖനത്തിനുമാണ്.

വളരെ പണ്ടുകാലം മുതല്‍ തന്നെ വൈദേശിക കടന്നുകയറ്റങ്ങള്‍ ഒരുപാടനുഭവിച്ചിട്ടുള്ള ഒരു ജനതയായിരുന്നു വിയറ്റ്നാമിലേത്. ചൈനാക്കാര്‍, മംഗോളിയക്കാര്‍, ജപ്പാന്‍ കാര്‍, ഫ്രഞ്ചുകാര്‍ എന്നിവരൊക്കെയും വിയറ്റ്നാമില്‍ അധിനിവേശം നടത്തിയവരായിരുന്നു. അതാത് കാലങ്ങളിലൊക്കെയും വിയറ്റ്നാം ജനത ഇത്തരം കടന്നുകയറ്റങ്ങള്‍ക്കെതിരേ ചെറുത്തുനില്‍പ്പും നടത്തിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനിടയില്‍ ജപ്പാനില്‍ നിന്നും ഫ്രാന്‍സ് വിയറ്റ്നാമിന്റെ അധികാരം പിടിച്ചെടുക്കുമ്പോള്‍ വിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് അതിശക്തമായ വേരോട്ടമുള്ള അവസ്ഥയായിരുന്നു. ലോകമഹായുദ്ധകാലഘട്ടത്തില്‍ ജാപ്പനീസ് സൈനികര്‍ക്കെതിരേ അതിശക്തമായി പോരാടുവാന്‍ മുന്‍ പന്തിയില്‍ നിന്നത് ഹോചിമിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകളായിരുന്നു. ജനങ്ങള്‍ക്കിടയില്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് വളരെ വലിയ സ്വാധീനവും മറ്റുമാണുണ്ടായിരുന്നത്. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റുകള്‍ക്ക് ഫ്രഞ്ചുകാരോടും എതിര്‍പ്പുണ്ടായി. രാജ്യം ഒരു അധിനിവേശത്തിന്‍ കീഴില്‍ കഴിയുവാന്‍ അവരൊട്ട് ആഗ്രഹിക്കുന്നുണ്ടായിരുന്നില്ല.

വിയറ്റ്നാമില്‍ തുടര്‍ഭരണം നടത്തുവാന്‍ ഫ്രാന്‍സ് ആഗ്രഹിച്ചിരുന്നില്ല. എന്നാല്‍ വിയറ്റ്നാമില്‍ നിന്നും പിന്മാറിയാല്‍ അവിടെ ഒരു കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വരും എന്നു അവര്‍ ഭയന്നിരുന്നു. ഇതിനിടയില്‍ വിയറ്റ്നാം കമ്മ്യൂണിസ്റ്റുകള്‍ ഫ്രഞ്ചുകാര്‍ക്കെതിരേ ഗറില്ലായുദ്ധമാരംഭിച്ചു. അമേരിക്കന്‍ സഖ്യപിന്തുണയോടെ ഫ്രാന്‍സ് ഗറില്ലകള്‍ക്കെതിരേ പോരാടിയെങ്കിലും വിജയം ഗറില്ലകള്‍ക്കായിരുന്നു. ഇതിനെ തുടര്‍ന്ന്‍ ജനീവയില്‍ വച്ചുനടന്ന സമ്മേളനത്തില്‍ ഫ്രാന്‍സ് വിയറ്റ്നാമിനു സ്വാന്തന്ത്ര്യം നല്‍കുവാന്‍ തീരുമാനമെടുത്തു. എന്നാല്‍ വിയറ്റ്നാമിനെ ഒരു പൂര്‍ണ്ണ കമ്മ്യൂണിസ്റ്റ് ഭരണത്തിനു വിട്ടുകൊടുക്കാതെ രാജ്യത്തെ ഉത്തരവിയറ്റ്നാം, ദക്ഷിണവിയറ്റ്നാം എന്നിങ്ങനെ രണ്ടായി വിഭജിച്ച് ഉത്തരവിയറ്റ്നാം കമ്മ്യൂണിസ്റ്റ് മേല്‍നോട്ടത്തിലും ദക്ഷിണ വിയറ്റ്നാം പാശ്ചാത്യപിന്തുണയുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധനായ ദിന്‍ ദിയെം എന്ന നേതാവിനേയും ഏല്‍പ്പിച്ചു.

തികഞ്ഞ കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്ന ദിയെം ദക്ഷിണവിയറ്റ്നാമില്‍ കമ്മ്യൂണിസ്റ്റ് വേട്ടയാരംഭിച്ചു. കമ്മ്യൂണിസ്റ്റ് ആശയാനുഭാവികളെ അതിക്രൂരമായി അടിച്ചമര്‍ത്താനാരംഭിച്ചതോടേ അവര്‍ ദിയമിനെതിരായി തിരിഞ്ഞു. ആ അസ്ംതൃപ്തിയാണ് ഒരു വലിയ ആഭ്യന്തരയുദ്ധമായി പരിണമിച്ചത്. വിയറ്റ്നാം മുഴുവന്‍ സ്വാധീനമുള്ള വിയറ്റ്കോംഗ് ഗറില്ലകള്‍ ദിയെം സര്‍ക്കാരിനെതിരേ ഗറില്ലായുദ്ധമാരംഭിച്ചു. സ്വാഭാവികമായും നോര്‍ത്ത് വിയറ്റ്നാമിലുള്ള കമ്മ്യൂണിസ്റ്റ് അനുഭാവികളും സര്‍ക്കാരും ഗറില്ലായുദ്ധക്കാരെ സഹായിച്ചു. ഇറ്റ്ഗോടെ കൂടുതല്‍ കര്‍ശനമായി ദിയെം ഗറില്ലകളെ നേരിടാന്‍ തുടങ്ങുകയും അതുപിന്നീട് ഇരു വിയറ്റ്നാമുകളും തമ്മിലുള്ള രൂക്ഷമായൊരു യുദ്ധമായ് പരിണമിക്കുകയും ചെയ്തു.

വിയറ്റ്നാമിലെ സംഘര്‍ഷത്തില്‍ നേരിട്ടിടപെടാന്‍ ആദ്യം അമേരിക്ക തയ്യാറായിരുന്നില്ല. എന്നാല്‍ പിന്നീട് വിയറ്റ്നാമിനടുത്തുള്ള ഉള്‍ക്കടലില്‍ വച്ച് തങ്ങളുടെ കപ്പലിനെ ഉത്തരവിയറ്റ്നാം ആക്രമിച്ചു എന്നുപറഞ്ഞ് അമേരിക്ക വിയറ്റ്നാം ആഭ്യന്തരയുദ്ധത്തില്‍ നേരിട്ടിടപ്പെട്ടു. വിയറ്റ്നാം ഗറില്ലകള്‍ക്കു നേരെയായിരുന്നു യുദ്ധം. ഗറില്ലകളുമായുള്ള യുദ്ധമായിരുന്നതുകൊണ്ട് തന്നെ കൃത്യമായ ഒരു യുദ്ധമുഖം എങ്ങുമുണ്ടായിരുന്നില്ല. വിയറ്റ്നാം കാടുകളില്‍ ഒളിച്ചിരുന്ന്‍ യുദ്ധം നടത്തിയ ഗറില്ലകളെ കീഴടക്കാനോ പിടിക്കുവാനോ അത്ര എളുപ്പവുമായിരുന്നില്ല. കാടുകളില്‍ തിരഞ്ഞുപിടിച്ച് ഗറില്ലകളെ കൊല്ലുന്നതും രഹസ്യമാര്‍ഗ്ഗങ്ങളിലൂടെ അവര്‍ ആയുധം കൊണ്ടുവരുന്നതും ഒക്കെ കണ്ടെത്തുവാന്‍ അമേരിക്കന്‍ സൈന്യം നന്നേ ബുദ്ധിമുട്ടി. ഇതിനിടയില്‍ പലപ്പോഴും അപ്രതീക്ഷിതമായ ആക്രമണങ്ങളിലൂടെ ഗറില്ലകള്‍ അമേരിക്കന്‍ സൈന്യത്തിനു വന്‍ നാശനഷ്ടങ്ങള്‍ വരുത്തിക്കൊണ്ടിരുന്നു.

കനത്ത ആള്‍നാശം സംഭവിച്ചുതുടങ്ങിയതോടെ ക്രൂദ്ധരായ അമേരിക്ക ഗറില്ലകള്‍ക്കെതിരേയുള്ള യുദ്ധം കര്‍ശനമാക്കി. രണ്ടാം ലോകമഹായുദ്ധസമയത്ത് വികസിപ്പിച്ചെടുത്ത നാപാം ബോംബുകള്‍ വ്യാപകമായി പ്രയോഗിക്കപ്പെട്ടു. ഇത്തരം ബോംബുകൾ ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ ജെല്ലിപോലെ കൊഴുത്ത ദ്രാവകം മർദത്തോടെ പുറത്തേക്ക് വരുകയും കത്തിപ്പിടിക്കുകയും ചെയ്യുന്നു. ജെല്ലി അടങ്ങിയിട്ടുള്ളതിനാൽ പതിക്കുന്നിടത്ത് അത് ഒട്ടിപ്പിടിക്കും. അതുകൊണ്ട് ബോംബിംഗിനിരയായവര്‍ ഒക്കെയും കത്തിയമര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ചതിനേക്കാല്‍ എക്സ്പ്ലോസ്സീവ്സ് അമേരിക്ക വിയറ്റ്നാമില്‍ പ്രയോഗിച്ചു എന്നാണ് കണക്ക്. ഗറില്ലകളെ പട്ടിണിക്കിട്ട് കൊല്ലുവാനായുദ്ദേശിച്ച് അമേരിക്കന്‍ സൈന്യം വിയറ്റ്നാമില്‍ പാടങ്ങള്‍ ഒക്കെയും ചുട്ടെരിച്ചു. കാടുകളില്‍ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനും കൊന്നൊടുക്കാനുമായി അമേരിക്ക ഹെക്ടര്‍ കണക്കിനു വനഭൂമിയില്‍ ഏജന്റ് ഓറഞ്ച് എന്ന വിഷവസ്തു തളിക്കുകയുണ്ടായി. മരങ്ങളുടേയും കുറ്റിച്ചെടികളുടേയും ഇല പൊഴിക്കുവാനായിട്ടാണിത് തളിച്ചത്. അങ്ങിനെ ഒളിച്ചിരിക്കുന്ന ഗറില്ലകളെ കണ്ടെത്താനാകും എന്ന്‍ അവര്‍ കണക്കുകൂട്ടി. ഏകദേശം 5 ലക്ഷം ഹെക്ടര്‍ വനഭൂമിയില്‍ ഈ മാരകരാസകീടനാശിനി തളിക്കപ്പെട്ടു. ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും കിരാതവുമായ കെമിക്കല്‍ ആക്രമണമായിരുന്നുവത്. ഈ വിഷനാശിനി മണ്ണില്‍ കലര്‍നതുമൂലം ഭൂമി കൃഷിയോഗ്യമല്ലാതായി. വായുവും ജലവും പൂര്‍ണ്ണമായും മലിനപ്പെട്ടു. വിയറ്റ്‌നാമില്‍ ഏജന്റ് ഓറഞ്ച് 30 ലക്ഷത്തോളം സാധാരണക്കാരെയും സൈനികരെയുമാണ് പ്രതികൂലമായി ബാധിച്ചത്. പിറന്നുവീഴുന്ന കുഞ്ഞുങ്ങള്‍ക്ക് മുഴുവന്‍ ശാരീരികവൈകല്യങ്ങളുണ്ടായി.  മാറാരോഗങ്ങളും കാന്‍സറും ത്വക്ക് രോങ്ങളും സര്‍വ്വസാധാരണമായി. ക്രൂരതയുടെ പര്യായപദങ്ങളായിമാറിയ സഖ്യസേന കണ്ണില്‍ക്കണ്ടവരെയൊക്കെ കൊന്നൊടുക്കി. ഗ്രാമങ്ങള്‍ ഒക്കെയും ചുട്ടെരിച്ചു. ഇപ്രകാരമുള്ള കിരാത ചെയ്തികള്‍ സൌത്ത് വിയറ്റ്നാമിലെ ജനങ്ങളെക്കൂടി സഖ്യസേനയ്ക്കെതിരാക്കിമാറ്റി.

തുടക്കം മുതലേതന്നെ തങ്ങള്‍ അനാവശ്യമായ ഒരു യുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയായിരുന്നുവെന്ന ചിന്തയുണ്ടായ അമേരിക്കന്‍ സൈനികര്‍ യുദ്ധത്തില്‍ വലിയ ആത്മാര്‍ത്ഥത ഒന്നും കാണിച്ചില്ല. വൈകാരിക മാന‍സികസമ്മര്‍ദ്ധങ്ങള്‍ക്കടിമപ്പെട്ട അവര്‍ കണ്ണില്‍ക്കണ്ടവരെയൊക്കെ കൊന്നുതള്ളിക്കൊണ്ടിരുന്നു. എന്നാല്‍ സ്വന്തം മണ്ണിനുവേണ്ടി പൊരുതുന്ന ഗറില്ലകള്‍ ആത്മാര്‍പ്പണത്തോടെയാണു പൊരുതിയത്. കമ്മ്യൂണിസ്റ്റുകളും നാട്ടുകാരും അതൊരു സ്വാതന്ത്ര്യപോരാട്ടമായാണ് വിലയിരുത്തിയത്. സഖ്യസേനയുടെ പല ചെയ്തികളും പരക്കെ വിമര്‍ശനം നേരിടുകയും മിത്രങ്ങളായിരുന്നവര്‍ പോലും അവരെ ശത്രുക്കളായി കാണുവാനും തുടങ്ങി. ഗറില്ലാസൈന്യം അത്ര സംഘടിതമല്ലായിരുന്നെങ്കിലും റഷ്യന്‍ നിര്‍മ്മിത ആയുധങ്ങള്‍കൊണ്ട് പ്രഗത്ഭരായ അമേരിക്കന്‍ സൈനികരോട് പോരാടി അവര്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ വരുത്തിവച്ചുകൊണ്ടിരുന്നു.

ഇതിനിടയില്‍ അമേരിക്കയില്‍ തന്നെ ഈ യുദ്ധത്തിനെതിരേയും അമേരിക്കന്‍ സൈനികരുടെ ക്രൂരതകള്‍ക്കെതിരേയും വളരെവലിയ പ്രതിഷേധമുയര്‍ന്നുവരാന്‍ തുടങ്ങി. ഇതിനിടയില്‍ വിയറ്റ്നാമിന്റെ പ്രധാന ആഘോഷവങ്ങളിലൊന്നായിരുന്ന ടെറ്റ് ഉത്സവ(ചന്ദ്രോത്സവം)ദിവസം വലരെ വലിയൊരു ഗറില്ലാസൈന്യം അമേരിക്കന്‍ ക്യാമ്പുകളിലും എംബസിയിലുമുള്‍പ്പെടെ ഒരു മിന്നലാക്രമണം നടത്തി. വളരെ കനത്ത ആള്‍നാശമാണ് അമേരിക്കയ്ക്ക് ഉണ്ടായത്. ഈ സംഭവം കൂടിയായതോടെ അമേരിക്കയില്‍ ഈ യുദ്ധത്തിനെതിരേയുള്ള മുറവിളി ശക്തമായിമാറി. മാത്രമല്ല യുദ്ധമുഖത്തുനിന്നും വന്നുകൊണ്ടിരുന്ന ചില ചിത്രങ്ങള്‍ പത്രങ്ങളിലും മറ്റും പ്രസിദ്ധീകരിക്കപ്പെട്ടതോടെ യുദ്ധവിരുദ്ധവികാരം അതിന്റെ മൂര്‍ദ്ധന്യത്തിലെത്തി. പ്രതിഷേധക്കാരും പോലീസുമായി ഏറ്റുമുട്ടലുണ്ടാവുകയും വെടിവയ്പ്പില്‍ ചിലര്‍ കൊല്ലപ്പെടുകയും ചെയ്തു. അതോടെ വിയറ്റ്നാമില്‍ നിന്നും നിരുപാധികം പിന്‍വാങ്ങാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിതീരുകയും ചെയ്തു. ലോകത്തിലെ സര്‍വ്വശക്തര്‍ എന്നഹങ്കരിച്ചിരുന്ന ഒരു സാമ്രാജ്യശക്തി ഒരു കുഞ്ഞുരാജ്യത്തോട് മുട്ടുമടക്കുകയായിരുന്നുവപ്പോള്‍.

1973 ല്‍ പാരീസില്‍ വച്ചു നടന്ന സമാധാന ചര്‍ച്ചയ്ക്ക് ശേഷം അമേരിക്കയും നോര്‍ത്ത് വിയറ്റ്നാമും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പ് വച്ചു. അതിനുശേഷവും നോര്‍ത്ത് സൌത്ത് വിയറ്റ്നാമുകള്‍ തമ്മിലുള്ള ആഭ്യന്തരയുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. 1975 ല്‍ നോര്‍ത്ത് വിയറ്റ്നാം സൌത്ത് വിയറ്റ്നാമിന്റെ ക്യാപ്പിറ്റലായ സൈഗോണ്‍ പിടച്ചടക്കുകയും താമസം വിനാ ഉത്തരദക്ഷിണവിയറ്റ്നാമുകള്‍ ഏകീകരിക്കപ്പെടുകയും ചെയ്തു. അങ്ങിനെ 1959 മുതല്‍ 1975 വരെ വര്‍ഷക്കാലം നീണ്ടുനിന്ന, ഇരുഭാഗത്തുമായി ഏകദേശം 65 ലക്ഷത്തോളം മനുഷ്യര്‍ കൊന്നൊടുക്കപ്പെട്ട വിയറ്റ്നാം യുദ്ധം അവസാനിക്കപ്പെട്ടു.

ശ്രീക്കുട്ടന്‍

Sunday, February 8, 2015

ഓപ്പറേഷന്‍ എന്റബെ (തണ്ടര്‍ബോള്‍ട്ട്)


ഇസ്രായേലിന്റെ മൊസാദ് എന്ന ചാരസംഘടനയെക്കുറിച്ചറിവില്ലാത്തവര്‍ ചുരുക്കമായിരിക്കും. ലോകത്തിലെതന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ചാരസംഘടനയാണത്. അമേരിക്കയുടെ സി ഐ ഏ, റഷ്യയുടെ കെജിബി, ബ്രിട്ടന്റെ എം16 തുടങ്ങിയ പല വിഖ്യാതചാരസംഘടനകളെക്കാളും സുശക്തവും കണിശമാര്‍ന്നതും പ്രഹരശേഷിയുള്ളതുമായ സംഘടനയാണ് മൊസാദ്. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു റസ്ക്യൂമിഷനെക്കുറിച്ചുള്ള ചെറുവിവരണമാണിത്. ചിത്രങ്ങളും കടം കൊണ്ടത് ഗൂഗിളില്‍ നിന്നും തന്നെ. ചരിത്രവായന ഇഷ്ടമാകുന്നവര്‍ക്കായി....


1976 ജൂണ്‍ 27നു ടെല്‍ അവീവിലെ ബെന്‍ ഗുറിയോണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍നിന്നു 246 യാത്രക്കാരും 12 വിമാനജീവനക്കാരുമായി എയര്‍ ഫ്രാന്‍സിന്റെ ഏ 139 എന്ന എയര്‍ബസ് ഫ്രാന്‍സ് ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ഫ്രാന്‍സിലേക്കുള്ള യാത്രാമധ്യേ ഗ്രീസിലെ ഏഥന്‍സ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത വിമാനത്തില്‍ 58 യാത്രക്കാര്‍ കൂടി കയറുകയുണ്ടായി. വിമാനം പറന്നുയര്‍ന്ന്‍ അല്പസമയത്തിനുള്ളില്‍ തന്നെ യാത്രക്കാരെന്ന വ്യാജേന വിമാനത്തില്‍ കയറിപ്പറ്റിയിരുന്ന തീവ്രവാദികള്‍ വിമാനം റാഞ്ചിയതായി പ്രഖ്യാപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്തീന്‍ എന്ന സംഘടനയിലെ രണ്ട് അംഗങ്ങളാണ് വിമാനം റാഞ്ചിയത്. അവര്‍ക്കൊപ്പം റെവല്യൂഷണറി സെല്‍ എന്ന ജര്‍മ്മന്‍ സംഘടനയിലെ രണ്ട് ഭീകരരുമുണ്ടായിരുന്നു. തീവ്രവാദികളുടെ ഭീഷണിമൂലം പാരീസിലേയ്ക്ക് പോകേണ്ട വിമാനം ഗതിതിരിച്ചുവിട്ട് ലിബിയയിലെ ബംഗാസി വിമാനത്താവളത്തില്‍ ഇറക്കുകയും അവിടെ നിന്ന്‍ ആവശ്യത്തിനു ഇന്ധനം നിറച്ചശേഷം പറന്നുയര്‍ന്ന്‍ ഉഗാണ്ടയിലെ മെയിന്‍ എയര്‍പോര്‍ട്ടായ എന്റബെ എയര്‍പോര്‍ട്ടിലിറക്കുകയും ചെയ്തു. ഇസ്രായേല്‍ തടവിലുള്ള 56 പാലസ്തീന്‍ വിമോചനപോരാളികളെ മോചിപ്പിക്കുക എന്നതായിരുന്നു വിമാനറാഞ്ചികളുടെ ആവശ്യം. ഉഗാണ്ടയുടെ ഭരണാധികാരിയായിരുന്ന ഈദി അമീന്‍ തീവ്രവാദികള്‍ക്ക് സപ്പോര്‍ട്ട് നല്‍കുന്ന ആളായിരുന്നു. അതുകൊണ്ടായിരുന്നു വിമാനം റാഞ്ചി ഉഗാണ്ടയിലിറക്കിയത്.

റാഞ്ചപ്പെട്ട എയര്‍ഫ്രാന്‍സ് വിമാനം 

വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ തടവുകാരേയും എയര്‍പോര്‍ട്ടിനുള്ളിലുണ്ടായിരുന്ന ഒരു ഒഴിഞ്ഞ കെട്ടിടത്തിലേക്ക് മാറ്റിയ തീവ്രവാദികള്‍ ഇസ്രായേലി പൌര‍ന്മാരേയും മറ്റു രാജ്യക്കാരേയും വെവ്വേറെ തിരിച്ചു. രണ്ടു ദിവസത്തിനുശേഷം ഇസ്രായേല്‍ പൌരന്മാരല്ലാത്ത 148 പേരെ തീവ്രവാദികള്‍ വിട്ടയച്ചു. 94 ഇസ്രായേലി പൌരന്മാരും 12 വിമാനജോലിക്കാരും ബന്ധികളായിത്തുടര്‍ന്നു. തങ്ങളുടെ ആവശ്യങ്ങള്‍ ഒരാഴ്ചയ്ക്കകം നടപ്പിലാക്കിയില്ലെങ്കില്‍ ബന്ദികളെ ഒന്നൊന്നായി കൊല്ലുമെന്ന്‍ തീവ്രവാദികള്‍ ലോകത്തോട് വിളിച്ചുപറഞ്ഞു.

വിവരമറിഞ്ഞ ഉടന്‍ തന്നെ ഇസ്രായേല്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാനാരംഭിച്ചു. ഒരേ സമയം നയതന്ത്രതലത്തിലും സൈനികതലത്തിലും എന്താണുപരിഹാരമാര്‍ഗമെന്ന്‍ ചിന്തിച്ച ഭരണകൂടം തങ്ങളോടു സൌഹൃദമുള്ള രാജ്യങ്ങളോടെല്ലാം സഹായമഭ്യര്‍ത്ഥിച്ചു. ഈജിപ്തിന്റെ സഹായത്തോടെ ഈദി അമീനുമായി ചര്‍ച്ചനടത്തുകയും ആ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രായേല്‍ പൌരന്മാരല്ലാത്തവരെ വിട്ടയക്കാമെന്ന്‍ ബന്ദികളില്‍ നിന്നും ഉറപ്പു ലഭിക്കുകയും ചെയ്തു. അങ്ങിനെയാണ് 148 ബന്ദികളെ തീവ്രവാദികള്‍ വിട്ടയച്ചത്. എന്നാല്‍ ഇസ്രായേലി പൌരന്മാരെ വിട്ടയക്കുന്ന കാര്യത്തില്‍ തീവ്രവാദികള്‍ കടുംപിടുത്തം തുടരുകയും ഇസ്രായേല്‍ നടത്തിയ എല്ലാ അനുരഞ്ജനചര്‍ച്ചകളും പാഴാവുകയും ചെയ്തു. ഇസ്രായേല്‍ തടവിലാക്കിയിട്ടുള്ള മുഴുവന്‍ പാലസ്തീന്‍ പോരാളികളേയും മോചിപ്പിച്ചില്ലെങ്കില്‍ ബന്ദികളെ മുഴുവന്‍ വധിക്കുമെന്നുള്ള ഭീഷണി തീവ്രവാദികള്‍ കടുപ്പിച്ചു. ജൂലൈ നാല് ഡെഡ്ലൈന്‍ ഡേറ്റായി അവര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ഇസ്രായേല്‍ തങ്ങളുടെ വരുതിക്ക് വരുമെന്ന്‍ അവര്‍ കണക്കുകൂട്ടി. എന്നാല്‍ തീവ്രവാദികളുമായി ചര്‍ച്ചകള്‍ നടത്തുന്ന സമയത്ത് കമാന്‍ഡോ ഓപ്പറേഷനുള്ള മുന്നൊരുക്കങ്ങള്‍ ഇസ്രായേല്‍ നടത്തുകയായിരുന്നു. ഡിഫന്‍സ് ഫോഴ്സ് മുന്നോട്ടുവച്ച റസ്ക്യൂ മിഷനുള്ള തീരുമാനം ജൂലൈ 3 നുകൂടിയ ഇസ്രായേല്‍ കാബിനറ്റ് അംഗീകരിച്ചു. ലോകം കണ്ട എക്കാലത്തേയും ഗംഭീരമായൊരു കമാന്‍ഡോ ഓപ്പറേഷനായുള്ള കളമങ്ങനെയൊരുങ്ങി.


എന്റബെ ടെര്‍മിനല്‍

തീവ്രവാദികള്‍ വിട്ടയച്ച യാത്രക്കാരുമായി ബന്ധപ്പെട്ട മൊസാദ് അവരില്‍ നിന്നും തീവ്രവാദികളെക്കുറിച്ചുള്ള വിവരങ്ങള്‍ മുഴുവനും ശേഖരിച്ചു. തടവുകാരെ പാര്‍പ്പിച്ചിരിക്കുന്ന ഇടത്തെക്കുറിച്ചും വിശദമായി ചോദിച്ചറിഞ്ഞ അവര്‍ വിമാനത്താവളത്തെക്കുറിച്ചുള്ള സൂക്ഷ്മവിവരങ്ങള്‍പോലും ശേഖരിച്ചു. എയര്‍പോര്‍ട്ടിലെ ബില്‍ഡിംഗുകളില്‍ പലതും പണിതത്  ജൂത ഉടമസ്ഥതയിലുള്ള കമ്പനികളായിരുന്നു. ആ കമ്പനികളില്‍ നിന്നെല്ലാം സാധ്യമായ എല്ലാ വിവരങ്ങളും സ്കെച്ചുകളും മറ്റും നേടിയെടുത്ത മൊസാദ് ഏജന്റുമാര്‍ ബ്ലൂപ്രിന്റുപയോഗിച്ച് രണ്ടുദിവസം കൊണ്ട് എന്റബേ എയ്‌ര്‍പോര്‍ട്ടിന്റെ ഒരു മാതൃക തന്നെ സൃഷ്ടിച്ചു.വിരമിച്ച സൈനികോദ്യോഗസ്ഥര്‍, യഥാര്‍ത്ഥ എന്റബേ ടെര്‍മിനല്‍ നിര്‍മ്മാണത്തില്‍ പങ്കാളികളായ സിവിലയന്മാര്‍ തുടങ്ങിയവരൊക്കെ  ഈ ജോലികളില്‍ പങ്കാളികളായി. ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന ബില്‍ഡിംഗിന്റെ മാതൃകയും നിര്‍മ്മിച്ച കമാന്‍ഡോകള്‍ ഓപ്പറേഷനായുള്ള‍ പരിശീലനം ദ്രുതഗതിയില്‍ നടത്തി. തങ്ങളുടെ വിമാനം ഇറങ്ങവേ ലൈറ്റുകള്‍ റണ്‍വേയില്‍ തെളിഞ്ഞിട്ടില്ലെങ്കില്‍ സുരക്ഷിതമായിറങ്ങുവാനുള്ള സാങ്കേതിക വിദ്യപോലും വെറും മൂന്നുദിവസങ്ങള്‍ക്കുള്ളില്‍ ഇസ്രായേല്‍ വികസിപ്പിച്ചെടുത്തു.

ഇസ്രായേലില്‍ നിന്നും ഏകദേശം 4000 ല്‍ കൂടുതല്‍ കിലോമീറ്ററുകള്‍ അകലെയുള്ള ഉഗാണ്ടയിലെ ഒരു എയര്‍പോര്‍ട്ടില്‍ വിമാനം ഒറ്റയടിക്കു പറത്തിയിറക്കുക എന്നത് അസാധ്യമായ കാര്യമായിരുന്നു. ഇന്ധനം നിറയ്ക്കള്‍, മറ്റു ശത്രുരാജ്യങ്ങളുടെ കണ്ണില്‍പ്പെടാതെ ഇത്രയും ദൂരം രഹസ്യമായി വിമാനം പറത്തിക്കൊണ്ടുപോകല്‍ എന്നിവയൊക്കെ ദുഷ്ക്കരമായ കാര്യം തന്നെയായിരുന്നു. ഇവിടെ ഇസ്രായേലിന്റെ സഹായത്തിന്‍ ആയി കെനിയ മുന്നോട്ടുവന്നു. സാമ്പത്തികമായിതാറുമാറായ കെനിയന്‍ സമ്പദ്ഘടനയെ അക്കാലത്ത് ചെറുതായെങ്കിലും താങ്ങിനിര്‍ത്തിയിരുന്നത് ജൂത ഉടമസ്ഥതയിലുള്ള ചിലകമ്പനികളായിരുന്നു. ഇസ്രായേല്‍ വിമാനത്തിനു കെനിയയില്‍ ഇറങ്ങുവാനും ആവശ്യത്തിനു ഇന്ധനം നിറയ്ക്കുവാനുമുള്ള അനുവാദം ലെനിയന്‍ ഭരണകൂടത്തില്‍ നിന്നും ലഭിച്ചു.  എന്റബേ എയര്‍പോര്‍ട്ടിനു സമീപമുള്ള വിക്ടോറിയാ തടാകത്തില്‍ കമാന്‍ഡോകളെ ഇറക്കി അവിടെനിന്നും ബോട്ടുകളില്‍ തീരത്തണഞ്ഞ് വിമാനത്താവളമാക്രമിച്ചു ബന്ദികളെ രക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പരിശീലനത്തിനുള്ള  കാലതാമസം, വിക്ടോറിയാതടാകത്തിലെ നരഭോജിമുതലകള്‍ പിന്നെ മിഷന്‍ പരാജയപ്പെടാനുള്ള സാധ്യതക്കൂടുതല്‍ മുതലായവകൊണ്ട് ആ തീരുമാനം ഉപേക്ഷിച്ചു.പക്ഷേ അതൊന്നും മൊസാദിനെ വേവലാതിപ്പെടുത്തിയില്ല.

മൊസാദ് രൂപകല്‍പ്പന ചെയ്ത ഓപ്പറേഷന്‍ടീമിനെ മൂന്നായി തിരിച്ചു.

1. ഗ്രൌണ്ട് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോല്‍

ഡാന്‍ ഷൊമ്രോണിന്റെ നേതൃത്വത്തിലുള്ള ഈ വിഭാഗത്തിന്റെ ചുമതല കമാന്ദോകള്‍ ആക്രമിക്കുന്ന സമയത്ത് എയര്‍പോര്‍ട്ടിന്റെ സുരക്ഷിതത്വം സപ്പോര്‍ട്ട് നല്‍കല്‍ എന്നിവയായിരുന്നു.

2. അസാള്‍ട്ട് യൂണിറ്റ്.

യോനാതന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള രണ്‍റ്റാമത്തെ വിഭാഗത്തിന്റെ ചുമതല തീവ്രവാദികളെ കൊന്ന്‍ ബന്ദികളെ മോചിപ്പിച്ച് സുരക്ഷിതമായി വിമാനത്തിലെത്തിക്കുക എന്നുള്ളതായിരുന്നു.

3. സെക്യൂറിംഗ് യൂണിറ്റ്

റണ്‍വേ ക്ലിയര്‍ ആക്കുകയും തങ്ങളെ പിന്തുടര്‍ന്ന്‍ വരാന്‍ സാധ്യതയുള്ള ഉഗാണ്ടന്‍ യുദ്ധവിമാനങ്ങളെ നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ടീമിന്റെ ചുമതലകള്‍ അങ്ങനെ. എല്ലാം കൃത്യമായ് പ്ലാന്‍ ചെയ്യുകയും ജൂലൈ നാലിനു അര്‍ദ്ധരാത്രിയോടെ ലോകം കണ്ട ഐതിഹാസികമായ ആ കമാന്‍ഡോ ഓപ്പറേഷന്‍ ആരംഭിക്കുകയും ചെയ്തു.



ഓപ്പറേഷനായുപയോഗിച്ച മെഴ്സിഡസ് കാര്‍

ജൂലൈ നാലിനു സന്ധ്യമയങ്ങിയ സമയത്ത് ഇസ്രായേലി എയര്‍ഫോര്‍സിന്റെ സി-130 ശ്രേണിയിലെ രണ്ട് കൂറ്റന്‍ ഹെര്‍ക്കുലീസ് വിമാനങ്ങള്‍ എന്റബേ ലക്ഷ്യമാക്കി പറന്നുയര്‍ന്നു. ബോയിംഗ് 707 വിഭാഗത്തില്‍പ്പെട്ട രണ്ട് കാര്‍ഗോ ഫ്ലൈറ്റുകളും ആ വിമാനങ്ങളെ അനുഗമിച്ചു. സൌദി, സുഡാന്‍, ലിബിയ തുടങ്ങിയ രാജ്യങ്ങളുടെ റഡാറുകളുടേ കണ്ണുവെട്ടിക്കാനായി ചെങ്കടലിനുമുകളിലൂടെ വെറും 30 മീറ്റര്‍ മാത്രം ഉയരത്തിലാണ് അവര്‍ പറന്നത്.കാഷ്വാലിറ്റിയോ മറ്റോ ഉണ്ടായാല്‍ നേരിടാനുള്ള സര്‍വ്വ മെഡിക്കല്‍ സന്നാഹവും അറേഞ്ച് ചെയ്തിരുന്ന ആദ്യ കാര്‍ഗോ വിമാനം കെനിയയിലെ നെയ്റോബി ജോമോകെന്യാട്ടാ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ലാന്‍ഡു ചെയ്തു. രണ്ടാമത്തെ കാര്‍ഗോ വിമാനമാകട്ടെ എന്റബേ ടെര്‍മിനലിനെ ചുറ്റി വട്ടമിട്ടുപറക്കുവാനാരംഭിച്ചു. സുരക്ഷാടീമിന്റെ വിമാനമായിരിക്കും അതെന്ന്‍ ഉഗാണ്ഡന്‍ ഭടന്മാര്‍ ധരിച്ചു.

കെനിയയില്‍ നിന്നും ഇന്ധനം നിറച്ച് പറന്നുയര്‍ന്ന ഹെര്‍കുലീസ് വിമാനങ്ങള്‍ എന്റബെ ടെര്‍മിനലിലെത്തിയപ്പോള്‍ പതിനൊന്ന്‍ മണിയായി. സെക്യൂരിറ്റി ചെക്പോയിന്റുകളില്‍ സംശയം ജനിപ്പിക്കാതെ കടന്നുപോകാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനുമായി ഈദി അമീന്‍ ഉപയോഗിക്കുന്ന അതേ പോലുള്ള ഒരു ബ്ലാക്ക് മെഴ്സിഡസ് കാര്‍ അവര്‍ ഉപയോഗിച്ചു. അതിനുള്ളില്‍ ഓപ്പറേഷന്‍ ടീം ഈ ദി അമീന്‍ സംഘം ഉപയോഗിക്കുന്ന അതേ ഫാഷനിലുള്ള വസ്ത്രങ്ങളും മറ്റും ധരിച്ചാണിരുന്നത്. ആ കാറിനു അകമ്പടി സേവിച്ചുകൊണ്ട് രണ്ട് ലാന്‍ഡ് റോവര്‍ വാഹനങ്ങളുമുണ്ടായിരുന്നു. പൊതുവേ ഈദി അമീന്‍ വന്നിരുന്നത് ഇങ്ങനെ ആയതിനാല്‍ ഉഗാണ്ടന്‍ സൈനികര്‍ക്ക്  പ്രത്യേകിച്ചു അസ്വാഭാവികത തോന്നിയില്ല. എന്നാല്‍ ടെര്‍മിനലിനു മുന്നിലുണ്ടായിരുന്ന രണ്ട് കാവല്‍ക്കാര്‍ക്ക് സംശയം ജനിച്ച് അവര്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു  അതൊടെ കമാന്‍ഡോ ടീം സൈലന്‍സര്‍ പിടിപ്പിച്ച തോക്കുപയോഗിച്ച് അവരെ വെടിവച്ചുവീഴ്ത്തി. എന്നാല്‍ ഒരു സൈനികന്റെ റൈഫിളില്‍ നിന്നും വെടിയൊച്ച മുഴങ്ങിയത് തീവ്രവാദികളെ അലര്‍ട്ടാക്കി. നിമിഷങ്ങള്‍ക്കുള്ളില്‍ ഇസ്രായേലി കമാന്‍ഡോ ടീം ടെര്‍മിനലിനുള്ളിലേയ്ക്ക് ഇരച്ചു കയറി.

ടെര്‍മിനലിനുള്ളിലെ ബില്‍ഡിംഗിലേക്ക് ഇരച്ചുകയറിയ കമാന്‍ഡോകള്‍ ഹീബ്രു ഭാഷയിലും ഇംഗ്ലീഷിലുമായി‍ തങ്ങള്‍ ഇസ്രായേലി രക്ഷാസേനയാണെന്നും എല്ലാവരും കമിഴുന്നു തറയില്‍കിടക്കുവാനും മെഗാഫോണിലൂടെ നിര്‍ദ്ദേശിക്കുകയും നിമിഷങ്ങള്‍കൊണ്ട് തീവ്രവാദികളെ വെടിവച്ചുവീഴ്ത്തുകയും ചെയ്തു. ശേഷം ബന്ദികളെ സുരക്ഷിതമായി പുറത്തെത്തിച്ച് വിമാനത്ത്തിനുള്ളിലാക്കുകയും ചെയ്തു. ഈ സമയം റണ്‍ വേയില്‍ കാത്തുകിടന്ന രണ്ടാമത്തെ ഹെര്‍ക്കുലീസ് വിമാനത്തില്‍ നിന്നും പുറത്തുവന്ന കമാന്‍ഡോ ടീംസ് റണ്‍ വേയിലുണ്ടായിരുന്ന റഷ്യന്‍ നിര്‍മ്മിത മിഗ് 17 വിമാനങ്ങലെല്ലാം തന്നെ വെടിവച്ചു തകര്‍ത്തിരുന്നു. വിവരമറിഞ്ഞു കുതിച്ചെത്തിയ ഉഗാണ്ടന്‍ സൈനികരേയും കാലപുരിക്കയച്ചു. ഈ മിഷനില്‍ ബന്ദികളിലൊരാളും ഇസ്രായേലി മിഷന്‍ ടീമിലൊരാളും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഉഗാണ്ടന്‍ സൈനികരുടെ വെടിവയ്പ്പില്‍ ടീം രണ്ടിന്റെ ലീഡര്‍ ആയിരുന്ന യോനാതന്‍ നെതന്യാഹുവും കൊല്ലപ്പെട്ടു. മിഷന്‍ തുടങ്ങി 53 ആം മിനിട്ടില്‍ ഇസ്രായേലി ടീം എന്റബേ വിട്ട് പറന്നുയര്‍ന്നു. നെയ് റോബിയില്‍ നിന്നും വിമാനത്തില്‍ ഇന്ധനം നിറച്ച് അവര്‍ സുരക്ഷിതമായി ഇസ്രായേലിലേയ്ക്ക് പറന്നു. ബന്ദിയാക്കപ്പെട്ടിരുന്നവരില്‍ ഡോറാ ബ്ലോക്ക് എന്ന 74 വയസ്സുകാരിയും ഈ മിഷന്റെ ഭാഗമായി കൊല്ലപ്പെട്ടിട്ടുണ്ട്.തീവ്രവാദികള്‍ ആദ്യം വിട്ടയച്ച യാത്രക്കാരിലൊരാളായ അവര്‍ അസുഖബാധിതയായി ഹോസ്പിറ്റലില്‍ ആയിരുന്നു. ഇസ്രായേല്‍ ടീം സര്‍വ്വതും തകര്‍ത്ത് തിരിച്ചുപോയതിലുള്ള ദേഷ്യത്തില്‍ ഒരു ഉഗാണ്ടന്‍ ആര്‍മി ഓഫീസറാണ് ആ സ്ത്രീയെ വെടിവച്ചു കൊന്നത്.



വെടിവയ്പ്പ് നടന്ന ടെര്‍മിനല്‍. 

ലോകം അവിശ്വസനീയതയോടെയാണ് പിറ്റേന്ന്‍ ഈ റസ്ക്യൂമിഷന്‍ വാര്‍ത്ത ശ്രവിച്ചത്. പലസ്തീന്‍ തീവ്രവാദികള്‍ക്കും ഈദി അമീന്‍ എന്ന സ്വേച്ഛാദിപതിക്കും മുഖമടച്ചുകിട്ടിയ പ്രഹരമായിരുന്നു ഇത്. ഇസ്രായേലിനെ സഹായിച്ചു എന്ന കുറ്റത്തിനു ഈദി അമീന്‍ രാജ്യത്തുള്ള കെനിയക്കാരോടാണ് പകരം വീട്ടിയത്. നൂറുകണക്കിനു കെനിയക്കാരാണ് തുടര്‍ദിവസങ്ങളില്‍ ഉഗാണ്ടയില്‍ കൊല്ലപ്പെട്ടത്. മാത്രമല്ല കെനിയയെ സൈനികമായി ആക്രമിക്കാനും ഈദി അമീന്‍ മുതിര്‍ന്നു. എന്നാല്‍ അമേരിക്കന്‍ സൈനികവ്യൂഹം കെനിയന്‍ തീരത്തേയ്ക്ക് നീങ്ങിയതോടെ ഈദി അമീന്‍ കെനിയന്‍ ആക്രമണത്തില്‍ നിന്നും പിന്മാറി. മറ്റൊരു രാജ്യത്തിന്റെ സൈനികപരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റത്തെ യു എന്‍ സെക്രട്ടറി ജനറലും അറബ് രാഷ്ട്രങ്ങളും ഒക്കെ അപലപിച്ചെങ്കിലും ഇസ്രായേല്‍ അതൊന്നും കാര്യമാക്കിയില്ല.

മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നാണ് ഓപ്പറേഷന്‍ എന്റബേ അഥവാ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്ന ഈ മിഷന്‍


ശ്രീക്കുട്ടന്‍