Saturday, September 5, 2015

നിലവിളക്ക്

"മോനതിമ്മേ പിടിക്കാതേ. അത് മറിഞ്ഞ് കുട്ടൂന്റെ കാലിമ്മേ വീഴും ട്ടാ"

അമ്മമ്മയുടെ ഒച്ചകേട്ട് വായിച്ചുകൊണ്ടിരുന്നു പുസ്തകം മടക്കി വച്ചിട്ട് ഞാന്‍ തലയെത്തിച്ച് അകത്തേയ്ക്ക് നോക്കി.

ഹരിക്കുട്ടന്‍ ടീവീ സ്റ്റാന്‍ഡിനടുത്ത് തറയില്‍ വച്ചിരിക്കുന്ന നിലവിളക്ക് എടുത്തുയര്‍ത്താനുള്ള ശ്രമമാണ്. അത് മറിഞ്ഞുവീണ് അവന്റെ ശരീരം  വേദനിക്കുകയോ മുറിയുകയോ ചെയ്യുമെന്നുള്ള വേവലാതിയോടേ അമ്മമ്മ ഒച്ചയെടുത്തിട്ട് ഇരുന്നിടത്തുനിന്നും ബദ്ധപ്പെട്ട് കൈകുത്തിയെഴുന്നേറ്റ് അവനരികിലേയ്ക്ക് ചെല്ലുകയാണ്. അല്‍പ്പം വലിപ്പമുള്ള വിളക്ക് അവന്റെ കാലിലോ മറ്റോ മറിഞ്ഞു വീണേക്കുമോ എന്ന ആധിയോടേ ഞാനും കസേരയില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ് അകത്തേയ്ക്ക് ചെന്നു. അപ്പോഴേക്കും അമ്മമ്മ കുട്ടൂന്റെ കയ്യില്‍ നിന്നും വിളക്ക് വാങ്ങിച്ച് തറയില്‍ വച്ചു. എന്നിട്ട് കിണ്ടിയും വെള്ളവുമിരിക്കുന്ന തട്ടത്തില്‍ വച്ച് അത് അതേപടിയെടുത്ത് അമ്മമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി. കുട്ടുവാകട്ടെ മുഖവും വീര്‍പ്പിച്ച് അടുക്കളയിലേയ്ക്കും. അവന്റെ അമ്മയുടെ അടുത്തേയ്ക്ക്. ഇനി സെക്കന്‍ഡുകള്‍ക്കുള്ളില്‍ അടുക്കളയില്‍ നിന്നും ശ്രീമതിയുടെ ഒച്ച ഉയരാനാരംഭിക്കും

"ദേ ചേട്ടാ ഇങ്ങോട്ട് വന്ന്‍ ഈ ചെക്കനെ ഒന്നു എടുത്തോണ്ട് പോയി കളിപ്പിച്ചേ. ന്നെ ഒരു വസ്തൂം ചെയ്യാന്‍ ഇവന്‍ സമ്മതിക്കുന്നില്ല"

ചുണ്ടിലൂറിയ പുഞ്ചിരി അവിടെത്തന്നെ ഒളിപ്പിച്ചുകൊണ്ട് ഞാന്‍ പൂമുഖത്തേയ്ക്ക് വീണ്ടും നടന്നു. ചാരുകസേരയില്‍ കിടന്നുകൊണ്ട് മടക്കിവച്ച പുസ്തകം വീണ്ടുമെടുത്ത് നിവര്‍ത്തി. അക്ഷരങ്ങളിലൂടെ കണ്ണു പാഞ്ഞപ്പോള്‍ മനസ്സ് കാലത്തിനു പുറകിലേയ്ക്കൊന്നോടി. അമ്മയുടെ മടിയില്‍ കിടക്കവേ തലമുടിയില്‍ തെരുപ്പിടിച്ചുകൊണ്ട് അമ്മ പറയുന്ന കഥകള്‍ ചെവിയ്ക്കടുത്ത് ഇരമ്പമാകുന്നു. പുസ്തകം നെഞ്ചിലേയ്ക്ക് ചേര്‍ത്ത് വച്ച് വെറുതേ കണ്ണടച്ച് ചാരിക്കിടന്നു അല്‍പ്പനേരം. പത്തു മുപ്പത്തിരണ്ട് വര്‍‍ഷങ്ങള്‍ക്ക് പുറകില്‍ നിന്നും ഞാന്‍ കേട്ടിട്ടില്ലാത്ത ഒരു പരുക്കന്‍ ശബ്ദം അന്തരീക്ഷത്തില്‍ വന്നു നിറയാന്‍ തുടങ്ങി.

"ന്താ ഗോമത്യേ ജോലിയൊക്കെ തീര്‍ന്നോ?. എന്നാ അപ്പുറത്ത് ചെന്ന്‍ വേണ്ടതെന്താന്നുച്ച്വാ മേടിച്ചോ. എന്നിട്ട് നാളെ കാലേയിലേ ഇങ്ങ് വരണം"

"ഉവ്വ് ഏട്ടാ. എല്ലാമൊരുവിധം ഒതുക്കീട്ടൊണ്ട്. ഞാന്‍ വേറൊരു കാര്യം ചോദിക്കാനക്കൊണ്ടാണ് നിന്നേ"

ഒച്ച പതുക്കെയാക്കി ഗോമതിയമ്മ.

"ങ്..ഹൂം. എന്ത്യേ പ്രത്യേകിച്ച്?"

"ഓണായിട്ട് ഒരു നെലോളക്ക് കൊളുത്തിവയ്ക്കണമെന്നുണ്ട്. ഏട്ടന്‍ ഒരു വെളക്ക് തരണം"

"ആ ഓലപ്പൊരേല് ഇനി അതു മറിഞ്ഞുവീണ് കത്തോ മറ്റോ ചെയ്താ അതിനും ഞാന്‍ തന്നെ കൂട്ടണം. ന്റെ കയ്യിലിങ്ങിനെ അട്ടിയിട്ടുവച്ചേക്കല്ലേ പുത്തന്‍"

"ഇല്ലേട്ടാ. ഞാന്‍ നന്നായി നോക്ക്യോളാം"

പരമാവധി വിനീതയായി ഗോമതിയമ്മ നിന്നു. കാരണവര്‍ അകത്തേയ്ക്ക് കയറിപ്പോയിട്ട് കുറച്ചുസമയം കഴിഞ്ഞപ്പോള്‍ കയ്യിലൊരു ചെറിയ വിളക്കുമായി പുറത്തേയ്ക്കു വന്നു.

"ന്നാ. ഇതെടുത്തോ. ഇച്ചിരി ക്ലാവു പിടിച്ചൂന്നേള്ളൂ. ഒന്നു തിരുമ്മിയെടുത്താ പുതുപുത്തനെപ്പോലാ. ങ്..ഹാ..കാര്യം കഴിഞ്ഞിട്ട് കൊണ്ടത്തരാന്‍ മറക്കണ്ട"

അരഭിത്തിയില്‍ വിളക്ക് വച്ചിട്ട് കാരണവര്‍ അകത്തേയ്ക്ക് കയറിപ്പോയി. ഗോമതിയമ്മ ആ വിളക്കും കയ്യിലെടുത്ത് തന്റെ പുറകിലായി പമ്മി നിന്ന മകളുടെ കയ്യും പിടിച്ചുകൊണ്ട് ധൃതിയില്‍ വീട്ടിലേയ്ക്ക് നടന്നു.

"അമ്മേ. നമ്മളെന്താ ഓലപ്പുരയില്‍ കഴ്യേണെ. അമ്മാവനൊക്കെ വല്യ വീട്ടിലാണല്ലോ. വനജയുടെ കുപ്പായം കണ്ടോ. എന്താ ഭംഗി. എനിക്കെന്താമ്മേ അതേപോലെ പുത്യേത് മേടിച്ചുതരാത്തേ?"

ആ ഏഴുവയസ്സുകാരി തന്റെ അമ്മയെ ചോദ്യഭാവേന നോക്കി.

"ഒന്നു മിണ്ടാണ്ടെ വാ ന്റെ ശാരൂ. ചെന്നിട്ട് എന്തെല്ലാം ജോലീള്ളതാ"

ഗോമതിയമ്മ നടത്തത്തിനു വേഗത കൂട്ടി.

ഗോമതിയമ്മ അല്‍പ്പം പുളിയുപയോഗിച്ച് ക്ലാവുപിടിച്ച വിളക്ക് നന്നായി കഴുകിയിട്ട് പിന്നെ ചാരം കൊണ്ടും കഴുകുന്നത് ശാരദ നോക്കിനിന്നു.

"ശാരൂ, ആ അടുപ്പുകല്ലിനടുത്തെ കലത്തില്‍ ഉമി ഇരിപ്പുണ്ട്. നീ ഇച്ചിരി ഇങ്ങെടുത്തോണ്ട് വന്ന്‍ ഇനി ഈ വിളക്കിലിട്ടൊന്നു തിരുമ്മ്. അപ്പോള്‍ നല്ല തിളക്കം കിട്ടും. എന്നിട്ട് ഒരു വാഴയില വെട്ടി മൊന്തേല് വെള്ളോമെടുത്ത് ആ ചെമ്പരത്തിപ്പൂവൊക്കെ ഒന്നു പറിച്ച് ഒരുക്ക്യേ. അവിടെ വച്ചേക്കണ കടലാസ് പൂവ് ആ വളയത്തിലു ചുറ്റിക്കോ. ഞാന്‍ ഇനി അടുക്കളേലോട്ട് ചെല്ലട്ടെ വല്ലതും ഉണ്ടാക്കണ്ടേ"

ഗോമതിയമ്മ മകളെ വിളക്കേല്‍‍പ്പിച്ചിട്ട് അടുക്കളയിലേയ്ക്ക് നടന്നു. ശാരദ അകത്തേയ്ക്ക് ചെന്ന്‍ ഉമിയെടുത്തുകൊണ്ട് വന്ന്‍ അവളെക്കൊണ്ട് കഴിയുന്ന തരത്തില്‍ നിലവിളക്ക് വൃത്തിയാക്കാനാരംഭിച്ചു. കഴുകിയ വിളക്ക് ഇറയത്ത് കൊണ്ട് വച്ചിട്ട് അടുക്കളയുടെ വശത്തായി നിന്ന വാഴയില്‍ നിന്നും ഒരു ചെറിയ ഇലമുറിച്ചെടുത്തു പിന്നെ ഒരു ചെറിയ മൊന്തയില്‍ വെള്ളവുമെടുത്ത് ഇറയത്തേയ്ക്ക് വന്നു. തൊടിയില്‍ നിന്നും പൊട്ടിച്ച ചെമ്പരത്തിപ്പൂവും, തുളസിയിലയും പിന്നെ അമ്മാമയുടെ വീട്ടില്‍ നിന്നും വരുന്ന വഴികിട്ടിയ ചില പൂക്കളും ഒക്കെ ചേര്‍ത്ത് വിളക്കൊരുക്കാന്‍ ആരംഭിച്ചു. ഇടയ്ക്ക് അടുക്കളയില്‍നിന്നും വന്ന ഗോമതിയമ്മ തുണി സഞ്ചിയില്‍ നിന്നും ഒരു ചെറുകുപ്പി വെളിച്ചെണ്ണയെടുത്ത് വിളക്കിനു മുന്നില്‍ കൊണ്ടുവച്ചു. കുളിച്ചുകയറിവന്ന ശാരദയുടെ തലയില്‍ അല്‍പ്പം പൊടിയിട്ട് തിരുമ്മിക്കൊടുത്തിട്ട് അവര്‍ കുളിക്കാനായിപ്പോയി.

"രാമരാമരാമരാമരാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം"

കത്തിച്ചുവച്ച വിളക്കിനുമുന്നിലിരുന്ന്‍ ശാരദ നാമ ചൊല്ലുന്നത് നോക്കിയിരിക്കവേ ഗോമതിയമ്മയുടെ മിഴികളില്‍ നീര്‍മണിയൊന്നുരുണ്ടുകൂടി. പാവം കുട്ടി. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ ഈ ദാരിദ്ര്യക്കോലത്തില്‍ ഒരിക്കലും കഴിയേണ്ടിവരില്ലാരുന്നു. നല്ലോരോണമായി ഒരു പുത്തന്‍ കുപ്പായം പോലും അവള്‍ക്ക് മേടിച്ചുകൊടുക്കുവാന്‍ തനിക്ക് കഴിയുന്നില്ല. ഏട്ടന്റെ മക്കളിട്ട് മുഷിഞ്ഞ പഴയത് അലക്കികൊടുക്കുന്നതുതന്നെ അവള്‍ക്കിക്കുറിയും ഓണക്കോടി.

"അമ്മേ ദേ വിളക്കിലെ എണ്ണ തീര്‍ന്നു"

ശാരുവിന്റെ വിളിയാണ് ഗോമതിയമ്മയെ ഉണര്‍ത്തിയത്. ശരിയാണ് വിളക്കിലെ എണ്ണ തീര്‍ന്നു കരിന്തിരിപടരാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ പിടഞ്ഞെഴുന്നേറ്റ് ചെന്ന്‍ അല്‍പ്പം എണ്ണ കൂടി വിളക്കിലേയ്ക്കൊഴിച്ചു.

"ഈ വെളക്ക് പൊത്തതാമ്മേ. ദേ നോക്ക്യേ എണ്ണ ചോരുന്നതുകണ്ടോ?"

ശാരദ വിരല്‍ത്തുമ്പ് കൊണ്ട് വിളക്കിലൂടെ ഒലിച്ചിറങ്ങിക്കൊണ്ടിരുന്ന എണ്ണ തൊട്ടെടുത്ത് കാട്ടി.

"അമ്മാമേടെ വീട്ടില്‍ എന്തോരം വിളക്കുള്ളതാ. അമ്മ ഇന്നും ഒരുപാടെണ്ണം കഴുകിയാണല്ലോ. ഒരു നല്ല വിളക്ക് എന്താ അമ്മാമ നമുക്ക് തരാത്തേ?"

സംശയം നിറഞ്ഞ മിഴികളോടെ ശാരു തന്റെ അമ്മയെ നോക്കി. അവരാകട്ടെ നിര്‍വ്വികാരയെപ്പോലെ മണ്‍ഭിത്തിയില്‍ ചാരിയിരുന്നു.

"വെളക്ക് കെട്ടുപോയാ മാവേലി നമ്മുടെ വീട്ടില്‍ വരില്ലെ അമ്മേ?"

"വരും മോളേ. മാവേലി നമ്മുടെ വീട്ടിലും ഒറപ്പായും വരും"

 മകളെ അടുത്തേയ്ക്ക് ചേര്‍ത്തിരുത്തി അവര്‍ അവളുടെ തലമുടിയില്‍ തലോടി.

"ഞാന്‍ വലുതാവുമ്പം ജോലിക്ക് പോയി പൈസ ഉണ്ടാക്കി അമ്മയ്ക്ക് ആദ്യം വാങ്ങിച്ചു തരുന്നതെന്താണെന്നറിയാവോ?"

ശാരു വിടര്‍ന്ന മുഖത്തോടെ അമ്മയെ നോക്കി

"എന്താ ന്റെ കുട്ടി മേടിക്കുക?"

"ഒരു വലിയ പുതിയ നിലവിളക്ക്. നിറച്ച് എണ്ണയൊഴിച്ചുകത്തിച്ചു ഒരുപാട് നേരമിരിക്കുന്ന നെലവിളക്ക്. അപ്പോ പിന്നെ അമ്മയ്ക്ക് അമ്മാമ്മേട പൊത്ത പഴയ നിലവിളക്ക് ചോദിക്കേണ്ടിവരില്ല"

ഗോമതിയമ്മ മകളുടെ മുഖം കൈകൊണ്ട് കോരിയെടുത്ത് ആ നെറ്റിയില്‍ അമര്‍ത്തിയൊന്നുമ്മ വച്ചു. കണ്ണുനീര്‍ രസം ആ നെറ്റിയില്‍ പടര്‍ന്നു.

"എന്താടാ ഉണ്ണ്യേ പകലിരുന്ന്‍ കിനാവ് കാണുവാണോ നീയ്. അവളു കൊണ്ടുവച്ച ചായ അപ്പടി തണുത്തതു കണ്ടില്ലേ?"

അമ്മമ്മയുടെ ചിലമ്പിച്ച് ഒച്ചയും ചുമലിലെ കുലുക്കവും കൊണ്ട് ഞാന്‍ യാഥാര്‍ത്ഥ്യലോകത്തേയ്ക്ക് മടങ്ങിവന്നു. മുറ്റത്ത് ഓടിക്കളിക്കുന്ന കുട്ടുവിനെ നോക്കിക്കൊണ്ട് അരഭിത്തിയില്‍ ഇരുന്ന അമ്മമ്മ മോനോട് ഓടരുതെന്നൊക്കെ പറയണുണ്ടാരുന്നു. കിണറ്റിന്‍ കരയിലേയ്ക്ക് വന്ന്‍ ഒരു ബക്കറ്റില്‍ വെള്ളം കോരിവച്ചിട്ട് ശ്രീമതി അകത്തേയ്ക്ക് കയറിയിട്ട് നിലവിളക്കും കിണ്ടിയും അതുവയ്ക്കുന്ന ചെമ്പു തട്ടും എടുത്തുകൊണ്ട് പുറത്തേയ്ക്ക് വന്നു. എല്ലാം കഴുകിത്തേയ്ക്കാനുള്ള ഭാവമാണ്.

"സുജേ. അതല്ല ഈ വെളക്ക് തേച്ചെടുക്ക്. ഇത് കത്തിച്ചാമതി. അതില എല്ലാക്കൊല്ലോം കത്തിക്കുന്നേ. ന്റെ മോള് ആദ്യായി വാങ്ങിയ വിളക്കാണിത്"

അകത്തേയ്ക്ക് പോയി മറ്റൊരു നിലവിളക്കെടുത്തുകൊണ്ട് വന്ന്‍ അമ്മമ്മ സുജയുടെ കയ്യില്‍ കൊടുത്തു. സുജ ആ വിളക്ക് വാങ്ങി ചാരവും മറ്റും കൊണ്ട് തേച്ചുകഴുകാന്‍ ആരംഭിച്ചു.

"അവളിപ്പോളുണ്ടാരുന്നേല്‍ ഇതെല്ലാം കണ്ണാടിപോലാക്കിയേനേ. അവള്‍ക്ക് വിളക്കെന്നുവച്ചാ ഭ്രാന്തിന്റെ കൂട്ടാരുന്നു. ഒരു ഓട്ടവിളക്കിനു പകരായി എത്ര വിളക്കാ ന്റെ കുട്ടി വാങ്ങ്യേ. എന്നിട്ട് കൊതിതീരെ അതെല്ലാം കത്തിച്ചു കാണും മുന്നേ എന്നേം ഈ ചെക്കനേം വിട്ടേച്ച് അവളും അവനും കൂടിയങ്ങ് പോയേക്കണ്. പോണൊര്‍ക്കങ്ങ് പോയാ മതിയല്ലോ"

അമ്മമ്മ മൂക്കൊന്നുപിഴിഞ്ഞു കോന്തലയില്‍ തുടച്ചു

"ഇച്ചിരി പുളി കൊണ്ടുരച്ചാല്‍ വിളക്ക് നന്നായി വൃത്തിയാകും. എന്നിട്ട് അല്‍പ്പം ഉമി ഇട്ട് തിരുമ്മ്യാ മതി വെട്ടിത്തിളങ്ങും"

അമ്മമ്മ സുജയ്ക്ക് പറഞ്ഞുകൊടുക്കുകയാണ്. ഞാന്‍ തല തിരിച്ച് ഹാളിനുള്ളിലെ ചുമരിലേയ്ക്ക് നോക്കി. അമ്മ ചിരിച്ചുകൊണ്ട് എന്നെത്തന്നെ നോക്കിയിരിക്കുകയാണ്.‍

"കുട്ടുവേ കയ്യിമ്മേ അപ്പടി അഴുക്കാവും. നീയ് അതില്‍ പിടിക്കാണ്ടിരി"

വിളക്കു തേയ്ക്കാന്‍ ഒപ്പം കൂടിയ കുട്ടുവിനെ ശാസിക്കുകയാണ് അമ്മമ്മ.

"ഉണ്ണ്യേ,നീയ് ഇവനെ അങ്ങട്ട് കൂട്ട്യേ. എന്നിട്ട് രണ്ടാളും കൂടി ആ വെളക്കൊരുക്കാനുള്ള പൂവൊക്കെ കെട്ടി ഒന്നു റെഡ്യാക്ക്"

അമ്മമ്മയുടെ പറച്ചില്‍ കേട്ട് കസേരയില്‍ നിന്നും എഴുന്നേറ്റ ഞാന്‍ കുട്ടുവിനെ അടുത്തേയ്ക്ക് വിളിച്ചിട്ട് വിളക്കൊരുക്കാനുള്ള ശ്രമം തുടങ്ങി. കെട്ടിയുണ്ടാക്കി വച്ചിരിക്കുന്ന വളയങ്ങളില്‍ സുജ കെട്ടിവച്ചിരുന്ന പൂക്കള്‍‍ ഒക്കെ ചുറ്റി. കുട്ടുവും ഒപ്പം കൂടി എന്തെല്ലാമോ ഒകെക് ചെയ്യുന്നുണ്ട്. കടയില്‍ നിന്നും മേടിച്ചുകൊണ്ട് വന്ന പുതിയ വര്‍ണ്ണക്കടലാസ് പൂക്കളും ചുറ്റി തൂശനില നേരേ വച്ചു. അതില്‍ ഒരു കരിക്കും മുറുക്കാനും ഒക്കെ വച്ച് ഒരു പടല പഴവും വച്ചു. ചന്ദനത്തിരിയുടെ രണ്ട് പായ്ക്കറ്റും വിളക്കുത്തിരിയുടെ ഒരു പായ്ക്കറ്റും വച്ച് എല്ലാം ശരിയല്ലേ അമ്മേ എന്ന ചോദ്യഭാവത്തോടെ തലതിരിച്ച് ഭിത്തിയിലേയ്ക്ക് നോക്കി. അമ്മ ചിരിച്ചുകൊണ്ട് തലകുലുക്കുന്നുണ്ട്.

"രാമരാമരാമരാമരാമരാമ പാഹിമാം
രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം"

"കുട്ടൂന് മഹാബലി ആരാന്നാറിയാവോ. നമ്മളെ ഒക്കെ ഭരിച്ചിരുന്ന വല്യ രാജാവാ. ആ രാജാവ് എല്ലാ കൊല്ലത്തിലും ഒരു ദിവസം നമ്മളെ ഒക്കെ കാണാന്‍ വരും. നാളെയാണ് ആ ദിവസം. അപ്പോ കുട്ടു നല്ല പുത്യേ കുപ്പായോക്കെയിട്ട് മഹാബലിയെ കാണും. ന്നിട്ട് സദ്യ ഒക്കെ കഴിക്കും. കുട്ടൂന് പായസം ഇഷ്ടാല്ലേ. നാളെ ചിലപ്പോ കുട്ടൂന്റെ അമ്മുമ്മേം മഹാബലിയൊടൊപ്പം വരും. അപ്പോ നമുക്ക് അവര്‍ക്ക് രണ്ടുപേര്‍ക്കും പായസം കൊടുക്കാം ട്ടോ"

കുട്ടുവിനെ മടിയിലിരുത്തിക്കൊണ്ട് നാമം ചൊല്ലിയശേഷം അമ്മമ്മ അവന് കഥ പറഞ്ഞുകൊടുക്കുന്നത് കേട്ടുകൊണ്ട് ഞാന്‍ പുറത്തേയ്ക്കിറങ്ങി ചാരുകസേരയിലേയ്ക്കമര്‍ന്നു. അടുക്കളയില്‍ സുജ എന്തോ പലഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണെന്ന്‍ തോന്നുന്നു. അന്തരീക്ഷത്തില്‍ എണ്ണപ്പലഹാരങ്ങളുടെ മണം നിറയുന്നുണ്ട്. അയല്‍പക്കത്തെ വീട്ടില്‍ അച്ചപ്പമോ ഉണ്ണിയപ്പമോ ഒക്കെ റെഡി ആയിക്കാണണം. ഇടയ്ക്ക് തലയെത്തിച്ച് അകത്തേയ്ക്ക് നോക്കിയപ്പോള്‍ അമ്മമ്മ വിളക്കിലേയ്ക്ക് അല്‍പ്പം കൂടി എണ്ണപകരുകയാണ്. കുട്ടു ആ മടിയില്‍ കിടന്ന്‍ ഉറക്കം ആരംഭിച്ചിരിക്കുന്നു. തെളിഞ്ഞു‍ കത്തുന്ന നിലവിളിക്കില്‍ നിന്നുള്ള വെട്ടം വീണ് അമ്മയുടെ മുഖം വെട്ടിത്തിളങ്ങുന്നു. നിറഞ്ഞ സംതൃപ്തി ആ മുഖത്തുള്ളതുപോലെ. ഞാന്‍ കസാലയിലേയ്ക്ക് ചാരികിടന്നു. എന്നെ തഴുകിപ്പോയ കാറ്റിനു അമ്മയുടെ മണമായിരുന്നു.

ശ്രീക്കുട്ടന്‍

12 comments:

  1. ശുദ്ധിചെയ്ത്‌,ചന്തം വരുത്തി കത്തിച്ചുവച്ച ഓര്‍മ്മയുടെ ഓട്ടുവിളക്കിനെന്തൊരു തിളക്കം!.
    നല്ല രചന
    ആശംസകള്‍

    ReplyDelete
  2. ഓര്‍മ്മയുടെ തിരിനാളങ്ങളില്‍ ചിലതെല്ലാം സൂര്യ ശോഭയോടെ തെളിഞ്ഞു നില്‍ക്കും.ചിലതൊക്കെ വേദനിപ്പിക്കുകയും ചെയ്യും.നല്ല അവതരണം

    ReplyDelete
  3. ഓർമ്മകൾക്കെന്ത് സുഗന്ധം.....മനോഹരമായിട്ടുണ്ട്

    ReplyDelete
  4. "കുട്ടൂന് മഹാബലി ആരാന്നാറിയാവോ. നമ്മളെ ഒക്കെ ഭരിച്ചിരുന്ന വല്യ രാജാവാ. ആ രാജാവ് എല്ലാ കൊല്ലത്തിലും ഒരു ദിവസം നമ്മളെ ഒക്കെ കാണാന്‍ വരും. നാളെയാണ് ആ ദിവസം. അപ്പോ കുട്ടു നല്ല പുത്യേ കുപ്പായോക്കെയിട്ട് മഹാബലിയെ കാണും. ന്നിട്ട് സദ്യ ഒക്കെ കഴിക്കും. കുട്ടൂന് പായസം ഇഷ്ടാല്ലേ. നാളെ ചിലപ്പോ കുട്ടൂന്റെ അമ്മുമ്മേം മഹാബലിയൊടൊപ്പം വരും. അപ്പോ നമുക്ക് അവര്‍ക്ക് രണ്ടുപേര്‍ക്കും പായസം കൊടുക്കാം ട്ടോ"

    ന്നിലവിളക്കിന്റെ തിരിനാളം കൊളുത്തി ഓർമ്മയുടെ പ്രകാശം പരത്തിയ കുറിപ്പുകൾ

    ReplyDelete
  5. പലതും (നഷ്ട്ടമായത്) ഓർമ്മിപ്പിക്കാൻ ഈ കഥക്ക് കഴിഞ്ഞു
    മനോഹരം കഥ പറഞ്ഞ വിധം
    ആശംസകൾ

    ReplyDelete
  6. നാടും ആ വീടും ആ അമ്മയും എല്ലാം മനസിൽ തെളിയുന്നു നിലവിളക്കിന്റെ പ്രകാശത്തിൽ.. മനോഹരമായി

    ReplyDelete
  7. എന്റെ ബാല്യവും ഏതാണ്ട് ഇങ്ങനെ ഒക്ക്കെ ആയിരുന്നു. അത് ഞാന്‍ പലയിടത്തും പറഞ്ഞിട്ടുണ്ട്. അനേകരുടെ ദയവിന്റെയും ദാനങ്ങളുടെയും ഫലമാണ് എന്റെ ഈ ജീവിതം. അതുകൊണ്ടുതന്നെ ഈ കഥ വളരെ ഇഷ്ടപ്പെട്ടു

    ReplyDelete
  8. എല്ലാവരുടേയും വായന്യ്ക്കും ഇഷ്ടങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും നിറഞ്ഞ സന്തോഷം പ്രീയരേ

    ReplyDelete
  9. കണ്മുന്നിൽ കണ്ടു മറഞ്ഞ കാഴ്ചകൾ വീണ്ടും ഒരു നിലവിളക്കിന്റെ തിരി നാളത്തിലൂടെ മനസ്സിലേക്ക് തെളിഞ്ഞു വന്ന പോലെ ... ഹൃദ്യമായ എഴുത്ത് ...

    ReplyDelete