Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Wednesday, December 29, 2010

പഴുത്തിലകള്‍

"മക്കളേ എന്തേലും തരണേ.വല്ലോം കഴിച്ചിട്ട് രണ്ടു ദെവസായി"

റോഡരികിലെ കലുങ്കില്‍ കൊച്ചുവര്‍ത്തമാനവും പറഞ്ഞ് രസിച്ചിരുന്ന ചെറുപ്പക്കാര്‍ ആ ശബ്ദം കേട്ട് തല തിരിച്ചു നോക്കി.തങ്ങളുടെ മുഖത്തേയ്ക്കു പ്രതീക്ഷാനിര്‍ഭരമായ നോട്ടവും പായിച്ചുകൊണ്ട് കൈനീട്ടി നില്‍ക്കുന്ന കീറിപ്പറിഞ്ഞുമുഷിഞ്ഞു നാറിയ ഒരു കുപ്പായം ധരിച്ച ആ വൃദ്ധനെ അവര്‍ അവജ്ഞയോടെ നോക്കി.തോളിലെ മാറാപ്പില്‍ തെരുപ്പിടിച്ചുകൊണ്ട് യാചനാഭാവത്തില്‍ നില്‍ക്കുന്ന ആ കിഴവനെ ഒന്നു കളിയാക്കിവിടാന്‍ തന്നെ അവര്‍ തീരുമാനിച്ചല്ലേലും സമയം പോക്കിനൊരു വഴിയില്ലാതെ വിഷമിച്ചിരിക്കുകയായിരുന്നവര്‍.

"എന്താ അപ്പൂപ്പാ സഞ്ചീല്.വല്ല കഞ്ചാവോ മറ്റോ ആണോ"

"നല്ലോരു ക്രിസ്തുമസ്സായിട്ട് രാത്രീലത്തെ പാര്‍ട്ടിയ്ക്കു സാധനം വാങ്ങാന്‍ കാശില്ലാതെ വെഷമിക്കുമ്പഴാണ് കെളവന്റെ ഒരു തെണ്ടല്.പോ നാശം പിടിയ്ക്കാന്‍"

"ഇങ്ങനെ തെണ്ടിനടക്കാതെ വല്ല ജോലിയ്ക്കും പൊക്കൂടേ ഇതിനൊക്കെ.അതെങ്ങനെ പകലുവന്നു സ്ഥലമൊക്കെ കണ്ടുവച്ചാലല്ലേ രാത്രി വന്നു മോട്ടിയ്ക്കാനൊക്കൂ.ആരേലും കാണുമ്പോള്‍ വയ്യാത്തപോലൊരു അഭിനയവും.കള്ളക്കൂട്ടങ്ങള്‍"

ചെറുപ്പക്കാര്‍ അയാള്‍ക്കു ചുറ്റും കൂടിനിന്നുകൊണ്ട് ആര്‍ത്തുവിളിച്ചു.വൃദ്ധന്‍ ദയനീയമായി എല്ലാപേരെയും പകച്ചുനോക്കി.കൂട്ടത്തിലൊരുവന്‍ അയാളെ ചെറുതായി ഒന്നു തള്ളിനീക്കി.വേച്ചുവീഴാന്‍ പോയ വൃദ്ധന്‍ തൊട്ടടുത്തുണ്ടായിരുന്ന പോസ്റ്റിന്റെ സ്റ്റേ കമ്പിയില്‍ മുറുക്കെപിടിച്ചു.ഒരു നിമിഷം നിന്നശേഷം മെല്ലെ അയാള്‍ മുന്നോട്ടു നടന്നു.നിറഞ്ഞൊഴുകിയ മിഴികള്‍ മുഷിഞ്ഞകുപ്പായക്കയ്യാല്‍ തുടച്ചുകൊണ്ട് വേച്ചു വേച്ചയാള്‍ നടന്നു.പുറകിലപ്പോഴും ചെറുപ്പക്കാരുടെ പരിഹാസശബ്ദങ്ങള്‍ ഉയര്‍ന്നുമുഴങ്ങുന്നുണ്ടായിരുന്നു.

ശ്രീക്കുട്ടന്‍

Sunday, June 20, 2010

പീഡനം

ഗ്യാസ്സ് ഓണ്‍ ചെയ്തു പാല്‍ തിളപ്പിക്കാനായി വച്ചശേഷം വാഷ്ബേസിനുചുറ്റും കിടക്കുന്ന എച്ചില്‍പാത്രങ്ങള്‍ നോക്കി ഒന്നു നെടുവീര്‍പ്പിട്ടിട്ട് രഘു അതൊന്നൊന്നായി കഴുകി വയ്ക്കുവാനാരംഭിച്ചു.തലേരാത്രി ആഹാരം കഴിച്ചശേഷം കൂട്ടിയിട്ടിരിക്കുന്നതാണ്.ഈ രീതിയില്‍ പോയാല്‍ ശരിയാവില്ല.അല്ലെങ്കില്‍ തന്നെ ആരോടു പറയാന്‍.രാവിലെ തന്നെ എഴുന്നേറ്റതാണു.ഹാളില്‍ നിന്നും ടെലിവിഷന്റെ ശബ്ദം മുഴങ്ങുന്നുണ്ട്.ഇത്ര രാവിലെ എന്തു വാഴയ്ക്ക കാണുവാണു.ഈ പാത്രങ്ങള്‍ കഴുകിവയ്ക്കുവാനെങ്കിലും ഒന്നു സഹായിച്ചുകൂടെ.എവിടെ.രാവിലെ ഒമ്പതുമണിവരെ പോത്തുകണക്ക് കിടന്നുറങ്ങും.എഴുന്നേറ്റുടനെ ടി.വി ഓണ്‍ ചെയ്യും.ഇതിനും മാത്രം എന്തു പുണ്ണാക്കാണതില്‍ കാട്ടുന്നത്.
ഒരു ദിവസം താനതു തല്ലിപ്പൊളിയ്ക്കും.ദേക്ഷ്യത്തോടെ മനസ്സിലോര്‍ത്തുകൊണ്ട് രഘു കയ്യിലിരുന്ന ഗ്ലാസ് വാഷ്ബേസിനിലേയ്ക്കിട്ടു.

"എന്താ ഒരൊച്ച കേട്ടത്.വല്ലതും തട്ടിപ്പൊട്ടിച്ചോ". ഹാളില്‍ നിന്നുമാണ്.

"ഹേയ് ഒന്നുമില്ല ഗ്ലാസ് ഒന്നു വീണതാ".ഉറക്കെവിളിച്ചുപറഞ്ഞിട്ട് രഘു തന്റെ ജോലി തുടര്‍ന്നു.

"ചായ ആയില്ലേ ഇതേവരെ"

'എനിയ്ക്കു രണ്ടു കയ്യേയുള്ളു'. മനസ്സില്‍ പിറുപിറുത്തുകൊണ്ട് തിളച്ചുതുടങ്ങിയ പാല്‍ വാങ്ങിവച്ചിട്ട് രഘു ചായ റെഡിയാക്കാന്‍ തുടങ്ങി.കഴുകിവച്ച ഒരു ഗ്ലാസ്സെടുത്ത് നന്നായി തുടച്ചിട്ട് അതില്‍ ഒരു ഗ്ലാസ്സ് ചായ പകര്‍ന്ന്‍ രഘു ഹാളിലേയ്ക്കു ചെന്നു.

ടീപ്പോയ്ക്കുമുകളില്‍ കാലും കയറ്റിവച്ചിരുന്ന്‍ ടി.വി കാണുന്ന തന്റെ ശ്രീമതിയെ കൊല്ലുവാനെന്നവണ്ണം ഒന്നു നോക്കിയശേഷം രഘു ഒന്നു മുരടനക്കി.

"രേണൂ ചായ".

"അവിടെ വച്ചേക്കൂ".രഘുവിനെ നോക്കാതെ ടീ വിയില്‍ തന്നെ ശ്രദ്ധിച്ചുകൊണ്ട് രേണുക പറഞ്ഞു.

തലകുനിച്ച് രഘു അടുക്കളയിലേയ്ക്കു മടങ്ങുമ്പോല്‍ സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹികവും മാനസികവും ശാരീരികവുമായ പീഡനങ്ങളെക്കുറിച്ച് വാചാലയാകുന്ന സാമൂഹ്യപ്രവര്‍ത്തകയുടെ വാക്കുകള്‍ ശ്രദ്ധിച്ച് വൈകുന്നേരം ക്ലബ്ബില്‍ നടത്താന്‍ പോകുന്ന സ്ത്രീ അടിമയല്ല എന്ന വിഷയത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ താന്‍ നടത്താന്‍ പോകുന്ന പ്രസംഗത്തിനായിട്ട് ചില വാചകങ്ങള്‍ കടംകൊള്ളുകയായിരുന്നു മിസ്സിസ്സ് രഘു സോറി രേണുകാ പിള്ളൈ.


ശ്രീക്കുട്ടന്‍

Thursday, March 18, 2010

കോളിളക്കമുണ്ടാക്കിയേക്കാമായിരുന്ന ഒരു കൊലപാതകം

"കള്ള നായീന്റമോനേ നൊണ പറയുന്നോടാ. നിന്നെ കൊണ്ട് സത്യം പറയിപ്പിക്കാമോയെന്നു ഞാനൊന്നു നോക്കട്ടേ.നീയല്ലേ രമണിയെ ബലാത്സംഘം ചെയ്തു കൊന്നതു".

"സാര്‍....ഞാനവളെ ഒന്നും ചെയ്തിട്ടില്ല."

"പൂ.#..#.മോനെ നിനക്കു കിട്ടിയതൊന്നും പോരല്ലേ.ഒറ്റയ്ക്കു താമസിച്ചിരുന്ന മാദകത്തിടമ്പായ രമണി നിന്റെ ഉറക്കം കെടുത്താന്‍ തുടങ്ങിയിട്ട് ദിവസങ്ങളായി.തക്കവും തരവും കിട്ടിയപ്പോള്‍ നീ അവളെ കീഴ്പ്പെടുത്താന്‍ നോക്കി.ബലാത്സംഘശ്രമത്തിനിടയില്‍ അവള്‍ ചത്തു. ഇതല്ലേടാ സത്യം ".

"എന്റെ പൊന്നേമ്മാന്നേ ഇനി എന്നെ തല്ലിയാ ഞാന്‍ ചത്തുപോവും.ഞാന്‍ എന്തു വേണമെങ്കിലും സമ്മതിക്കാം".

"കണ്ടോ കണ്ടോ കിട്ടേണ്ടതു കിട്ടിയപ്പം അവന്‍ തത്ത പറയുന്നതുപോലെ സത്യം പറയുന്നതുകണ്ടോ.ഇനി പറ.എന്താണുണ്ടായതു".

ക്രൂരമായ മര്‍ദ്ദനം താങ്ങാനാവാതെ അയാള്‍ മനസ്സില്‍ തോന്നിയതുപോലെയെല്ലാം എസ് ഐയോടു പറഞ്ഞു.

"അങ്ങനെ വഴിക്കു വാ.വല്ല ആവശ്യവുമുണ്ടായിരുന്നോ ഈ അടി മേടിച്ചുകൂട്ടാന്‍.നീ പേടിക്കേണ്ട.വലിയ കേസൊന്നുമുണ്ടാവില്ല.ഞാന്‍ പറയുന്നതുപോലെ വക്കീലുചോദിക്കുമ്പം പറഞ്ഞാമതി.കോടതിയില്‍ കേസു തള്ളിപ്പോകുന്ന തരത്തില്‍ ഞാന്‍ റിപ്പോര്‍ട്ട് ഒണ്ടാക്കിക്കൊള്ളാം.പക്ഷേ എന്നെ കാണേണ്ടപോലെ കാണണം. മനസ്സിലായോ".

"ഉവ്വേമാനേ".

ആകെയുള്ള നാലുസെന്റ് കിടപ്പാടത്തിന്റെ പ്രമാണം മനസ്സിലോര്‍ത്തുകൊണ്ട് പ്രതി സമ്മതിച്ചു.കടവായിലൂടെ ഒലിച്ചിറങ്ങിയ ചോര തുടച്ചുകൊണ്ടയാള്‍ ലോക്കപ്പിന്റെ മൂലയില്‍ ചുരുണ്ടുകൂടി കിടന്നു.


"ഹലോ വിക്രമന്‍ മൊതലാളിയല്ലേ.ഇതു ഞാനാ എസ്.ഐ ..... .അതേയതെ.ഒന്നുകൊണ്ടും പേടിക്കേണ്ട.ഞാനൊരുകാര്യം ഏറ്റാല്‍ അതു മൊടങ്ങുമോ.പിന്നെ എന്റെ കാര്യം മറന്നുകളയരുതു.നാളെത്തന്നെ കിട്ടണം.ശരി മൊതലാളി.അപ്പം എല്ലാം പറഞ്ഞപോലെ.നാളെക്കാണാം."

കോളിളക്കമുണ്ടാക്കിയേക്കാമായിരുന്ന ഒരു കൊലക്കേസ് മൂന്നുദിവസത്തിനുള്ളില്‍ തെളിയിച്ച ആശ്വാസത്തോടെ നെറ്റിയിലെ വിയര്‍പ്പു തുടച്ചുകൊണ്ട് എസ്.ഐ തന്റെ സീറ്റിലേയ്ക്കമര്‍ന്നിരുന്നു.

പുറത്തു തൂക്കിയിട്ടിരിയ്ക്കുന്ന മാതൃകാപോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡ് നാണിച്ചു ചൂളംകുത്തിനില്‍ക്കുകയായിരുന്നു ആ സമയം.

Monday, November 30, 2009

മരണം

അയാളുടെ മുഖത്തപ്പോഴും ശാന്തത കളിയാടുകയായിരുന്നു.

തന്റെ ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നും അയാളെ ഒട്ടും തന്നെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നില്ല.

തന്റെ ശരീരത്തില്‍ ആരെല്ലാമോ എന്തൊക്കെയോ അടുക്കിവക്കുന്നത് അറിഞ്ഞിട്ടും അവരോടയാള്‍ ദേഷ്യപ്പെട്ടില്ല.

അല്ലെങ്കിലും ആരോടുമയാള്‍ ദേഷ്യപ്പെടാറില്ലായിരുന്നു.

ദേഷ്യം തോന്നണമായിരുന്നെങ്കില്‍.......

ഓമനിച്ചുവളര്‍ത്തിയിരുന്ന ഒരേയൊരു മകള്‍ ഒരന്യജാതിക്കാരണൊപ്പമിറങ്ങിപ്പോയപ്പോഴും അയാളാരോടും ദേഷ്യപ്പെട്ടില്ല.

വറുതിയുടെ നാളുകളില്‍ എപ്പോഴും കുത്തുവാക്കുകള്‍ പറയുന്ന ഭാര്യയോടുമയാള്‍ക്ക് ദേഷ്യം തോന്നിയിട്ടില്ല.

താന്‍ കയ്യയച്ചു സഹായിച്ച ബന്ധുജനങ്ങള്‍ തനിക്കു നേരെ മുഖം തിരിച്ചപ്പോഴും അയാള്‍ക്കാരോടും ദേഷ്യം തോന്നിയില്ല.

തന്റെ അനുവാദമില്ലാതെ തന്റെ ശരീരം നക്കിതുടങ്ങിയ തീജ്വാലകളോടും അയാള്‍ പരിഭവിച്ചില്ല.

എന്തിനായിരുന്നു തന്റെ ജന്മമെന്നോര്‍ത്ത് തന്നോട് തന്നെ ആദ്യമായി ദേഷ്യം തോന്നിയപ്പോഴേക്കും അയാളുടെ ശരീരമാകെ അഗ്നി വിഴുങ്ങിക്കഴിഞ്ഞിരുന്നു.