Thursday, August 6, 2020

മലയാളത്തിന്റെ സിനിമാചരിത്രം

മലയാളത്തിന്റെ സിനിമാചരിത്രം ലോകത്തിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത് 1895ല്‍ പാരീസില്‍ വച്ചായിരുന്നു. സഹോദര‍ന്മാരായ അഗസ്തേ ലൂമിയയും ലൂയി ലൂമിയയുമാണ് ഈ പ്രദര്‍ശനം നടത്തിയത്.ഇവരാണ് സിനിമയുടെ പിതാക്കന്മാര്‍ എന്നറിയപ്പെടുന്നത്. കൃത്യം ഒരു കൊല്ലം കഴിഞ്ഞപ്പോള്‍ ഇന്ത്യയിലും ചലച്ചിത്രപ്രദര്‍ശനമാരംഭിച്ചു. ലൂമിയര്‍ സഹോദരന്മാരുടെ ഒരു സഹായിയുടെ നേതൃത്വത്തില്‍ ബോംബേയില്‍ ആയിരുന്നു പ്രദര്‍ശനം നടന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭമായപ്പോഴേയ്ക്കും ഇന്ത്യയിലെ ഒട്ടുമിക്ക പട്ടണങ്ങളിലും സിനിമാ പ്രദര്‍ശനങ്ങളാരംഭിച്ചുകഴിഞ്ഞിരുന്നു. ഈ വിപ്ലവകരമായ വിനോദോപാധിയില്‍ നിന്നു മാറിനില്‍ക്കുവാന്‍ മലയാളികള്‍ക്കുമാകുമായിരുന്നില്ല. മലയാളത്തിലെ ആദ്യത്തെ സിനിമാപ്രദര്‍ശനം നടന്നത് 1906 ല്‍ ആയിരുന്നു. പോൾ വിൻസന്റ് എന്ന റെയിൽവേ ഉദ്യോഗസ്ഥന്‍ ഒരു ഫ്രഞ്ചുകാരനിൽനിന്നു വാങ്ങിയ ബയോസ്കോപ്പും ഫിലിമും ഉപയോഗിച്ചായിരുന്നു ആദ്യപ്രദർശനം നടത്തിയത്. 1907ൽ ഈ ബയോസ്കോപ് കെ.ഡബ്ല്യു. ജോസഫ് എന്നയാള്‍ സ്വന്തമാക്കി. ആ വർഷത്തെ തൃശ്ശൂർ പൂരത്തിന് അദ്ദേഹം ചിത്രപ്രദർശനം നടത്തി. കേരളത്തിലെ പ്രദർശനവിജയത്തെത്തുടർന്ന് ദക്ഷിണേന്ത്യയൊട്ടാകെ ജോസഫ് ബയോസ്കോപിക് പ്രദർശനങ്ങൾ നടത്തി. അദ്ദേഹമാണ് കേരളത്തിലെ ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവായി അറിയപ്പെടുന്നത്. കേരളത്തിലെ ആദ്യസിനിമാപ്രദര്‍ശനക്കമ്പനിയായ റോയല്‍ എക്സിബിറ്റേര്‍സിന്റെ സ്ഥാപകനും അദ്ദേഹം തന്നെയായിരുന്നു. ഈ കമ്പനിയുടെ നേതൃത്വത്തിലായിരുന്നു കേരളത്തിലെ ആദ്യകാല തിയേറ്ററുകളായ തൃശ്ശൂര്‍ ജോസ്, കോഴിക്കോട് ഡേവിസണ്‍ എന്നിവ സ്ഥാപിക്കപ്പെട്ടത്.
ഇന്ത്യയിലെ ആദ്യത്തെ മുഴുനീള സിനിമയായ രാജാ ഹരിശ്ചന്ദ്ര റിലീസായത് 1913 മേയ് 13 നായിരുന്നു. 40 മിനിട്ട് ദൈര്‍ഘ്യമുണ്ടായിരുന്ന ഈ നിശ്ശബ്ദചിത്രം സംവിധാനം ചെയ്തതും നിര്‍മ്മിച്ചതും ഇന്ത്യന്‍ സിനിമയുടെ അതികായനെന്ന്‍ പില്‍ക്കാലത്തറിയപ്പെട്ട ദാദാ സാഹെബ് ഫാള്‍ക്കേയായിരുന്നു. മറാത്തി അഭിനേതാക്കള്‍ ‍ആയിരുന്നു സിനിമയില്‍ നടിച്ചത്. അതുകൊണ്ട് തന്നെ ഈ ചിത്രം ആദ്യ മറാത്തിചിത്രമെന്നും അറിയപ്പെടുന്നു. ഈ സിനിമയുടെ ഒരു പ്രിന്റു മാത്രമാണുണ്ടായിരുന്നത്. സിനിമ സാമ്പത്തികമായി വിജയിക്കുകയും പിന്നീട് അതേ ജനുസ്സിലുള്ള സിനിമകള്‍ ഉണ്ടാവുകയും ചെയ്തു. എന്നാല്‍ 1912 ല്‍ രാമചന്ദ്രഗോപാല്‍ ടൊര്‍ണേ എന്ന മറാത്തി സംവിധായകന്‍ ശ്രീപുണ്ഡലിക എന്ന ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. ഈ സിനിമ പ്രദര്‍ശിപ്പിച്ചോ എന്നറിയില്ല. അതുകൊണ്ട് ആ സിനിമയാണ് ഇന്ത്യയുടെ ആദ്യ സിനിമ എന്ന വാദവുമുണ്ട്. എന്തായാലും ഇന്ത്യന്‍ സിനിമയുടെ പിതാവ് എന്ന്‍ അറിയപ്പെടുന്നത് ശ്രീ രാമചന്ദ്രഗോപാല്‍ ടൊര്‍ണേ ആണ്. 1928 നവംബര്‍ മാസത്തിലാണ് മലയാളത്തിലെ ആദ്യത്തെ സിനിമ വെളിച്ചം കണ്ടത്. ജോസഫ് ചെല്ലയ്യ ഡാനിയേല്‍ എന്ന ജെ സി ഡാനിയേല്‍ സൃഷ്ടിച്ച വിഗതകുമാരന്‍ എന്ന നിശബ്ദചിത്രമായിരുന്നു ആ സിനിമ. ജെ.സി ഡാനിയേല്‍ തിരുവനന്തപുരത്ത് ആരംഭിച്ച ദി ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ച്ചേഴ്‌സ് എന്ന സ്റ്റുഡിയോയില്‍ വച്ചാണ് വിഗതകുമാരനിലെ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. മലയാളത്തിലെ ആദ്യത്തെ സിനിമാ സ്റ്റുഡിയോ ഇതായിരുന്നു. 1928 നവംബര്‍ മാസം 7 നായിരുന്നു തിരുവനന്തപുരത്തെ ക്യാപിറ്റല്‍ തീയേറ്ററില്‍ വിഗതകുമാരന്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്.  നായിക സരോജിനിയുടെ ഭാഗം അഭിനയിച്ചത് പി.കെ റോസിയും നായകന്‍ ചന്ദ്രകുമാറിന്റെ ഭാഗം അഭിനയിച്ചത് ഡാനിയേലും ആയിരുന്നു. വില്ലനായ ഭൂതനാഥന്റെ റോളില്‍ ജോണ്‍സണും. കൂടാതെ കമലം, മാസ്റ്റര്‍ സുന്ദരരാജ്, (ഡാനിയേലിന്റെ മകന്‍). പി.കെ പരമേശ്വരന്‍ നായര്‍ എന്നിവരും ഈ ചിത്രത്തിലഭിനയിച്ചു. രക്ഷിതാക്കളെ വേര്‍പിരിഞ്ഞ ഒരു കുട്ടിയുടെ ജീവിതകഥയാണൂ വിഗതകുമാരന്റെ ഇതിവൃത്തം. നായകനും നായികയും തമ്മിലുള്ള ശൃംഗാര രംഗങ്ങള്‍ കണ്ട അന്നത്തെ യാഥാസ്ഥിതികരായ പ്രേക്ഷകര്‍ രോഷാകുലരായി. ജാതീയമായ ഉച്ച നീചത്വങ്ങളില്‍ വെന്തുരുകപ്പെട്ടിരുന്ന ഒരു കാലഘട്ടത്തില്‍ താഴ്ന്ന ജാതിയില്‍പ്പെട്ട ഒരു പെണ്ണിനെ മേല്‍ജാതിക്കാരിയായി അവതരിപ്പിച്ചതും അന്നത്തെ യാഥാസ്ഥിതികര്‍ക്ക് ദഹിക്കുന്ന ഒന്നായിരുന്നില്ല. സിനിമയുടെ ആദ്യപ്രദര്‍ശനംതന്നെ മുടങ്ങി. ശക്തമായ കല്ലേറില്‍ തിയേറ്ററിന്റെ സ്‌ക്രീന്‍ കീറുകയും പ്രദര്‍ശനം നിറുത്തേണ്ടിവരികയും ചെയ്തു. സാമ്പത്തികമായി വലിയ നഷ്ടം സംഭവിച്ച ഡാനിയേല്‍ കന്യാകുമാരിയിലേക്ക് പോകുകയും അവിടെ വച്ച് മരിക്കുകയും ചെയ്തു. ജെ സി ഡാനിയേലാണ് മലയാള സിനിമയുടെ പിതാവെന്നറിയപ്പെടുന്നത്. 1932-ല്‍ ജെ സി ഡാനിയേലിന്റെ ബന്ധുകൂടിയായിരുന്ന ആര്‍ സുന്ദരം സി വി രാമന്‍ പിള്ളയുടെ മാര്‍ത്താണ്ഡവര്‍മ്മ  എന്ന നോവല്‍ ചലച്ചിത്രമാക്കി. മദിരാശിക്കാരനായ ഒരു ആര്‍ പി റാവുവായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. നോവലിന്റെ പകര്‍പ്പവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ ഈ സിനിമയുടെ പ്രദര്‍ശനം അവസാനിപ്പിക്കേണ്ടിവന്നു. ഈ ചിത്രവും സാമ്പത്തികമായി വന്‍ നഷ്ടമായിത്തീര്‍ന്നു. ലോകത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്രം വെള്ളിത്തിരയിലെത്തിയത് 1927 ഒക്ടോബറിലായിരുന്നു. ദ ജാസ് സിംഗര്‍ എന്ന അമേരിക്കന്‍ സംഗീതചിത്രം സംവിധാനം ചെയ്തത് അലന്‍ ക്രോസ്ലാന്‍ഡ് ആയിരുന്നു. ഇപ്പോഴുള്ള നിര്‍മ്മാണരംഗത്തെ അതികായന്മാരായ വാര്‍ണര്‍ ബ്രദേര്‍സ് ആയിരുന്നു ഈ സിനിമ നിര്‍മ്മിച്ചത്. അതോടെ സംസാരചിത്രങ്ങളുടെ കാലഘട്ടമാരംഭിച്ചു. 1938 ല്‍ ആണ് മലയാളത്തിലെ ആദ്യത്തെ ശബ്ദ ചലച്ചിത്രം പ്രദര്‍ശനമാരംഭിച്ചത്. ഇത് മലയാളത്തിലുണ്ടായ മൂന്നാത്തെ ചിത്രമായിരുന്നു. വിഗതകുമാരനും മാര്‍ത്താണ്ഡവര്‍മ്മയും നിശ്ശബ്ദചിത്രങ്ങളായിരുന്നു. ഏ സുന്ദരം നായരുടെ വിധിയും മിസിസ് നായരും എന്ന ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറങ്ങിയ ഈ സിനിമയുടെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചത് മുതുകുളം രാഘവന്‍ പിള്ളയായിരുന്നു. ബാലന്‍ എന്ന പേരില്‍ ഈ സിനിമ സംവിധാനം ചെയ്തത് തെച്ച്കാന്ത് നെട്ടാണി എന്നയാളായിരുന്നു. കൊച്ചിയിലെ സെലക്ട് ടാക്കീസില്‍ 1938 ജനുവരി 19 നായിരുന്നു ആദ്യപ്രദര്‍ശനം. ഗുഡ് ലക്ക് എന്ന ഇംഗ്ലീഷ് ഉപചാരവാക്കോടെയാണ് ബാലന്‍ പ്രദര്‍ശനമാരംഭിച്ചത്. 23 ഓളം ഗാനങ്ങളാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്. ബാലനുശേഷം 1940 ല്‍ ജ്ഞാനാംബിക എന്ന കുടുംബചിത്രവും 1941 ല്‍ പ്രഹ്ലാദ എന്ന പുരാണചിത്രവും റിലീസായി. എന്നാല്‍ ഈ ചിത്രങ്ങളൊക്കെയും സാമ്പത്തിക പരാജയങ്ങളായിരുന്നു. മലയാള സിനിമയുടെ ചരിത്രം പറയുമ്പോള്‍ ഒരിക്കലും അവഗണിക്കാനാവാത്ത ഉദയാ സ്റ്റുഡിയോ പ്രവര്‍ത്തനമാരംഭിച്ചത് 1947 ലായിരുന്നു. മറ്റൊരു പ്രശസ്ത സ്റ്റുഡിയോ ആയ മെറിലാന്‍ഡ് സ്ഥാപിക്കപ്പെട്ടത് 1948 ലും. ഈ രണ്ടു സ്റ്റുഡിയോകളിലൂടെ മലയാളികള്‍ക്ക് ഒട്ടനവധി സിനിമകള്‍ കാണാനുള്ള ഭാഗ്യം ലഭിച്ചു. ഉദയ നിര്‍മ്മിച്ച ആദ്യചിത്രമായ വെള്ളിനക്ഷത്രത്തില്‍ നായികയായി അഭിനയിച്ചത് എസ് കുമാരിയായിരുന്നു. അതിനുശേഷം മലയാളസിനിമയില്‍ ചലച്ചിത്രങ്ങളുടെ ഒരു പ്രവാഹം തന്നെയുണ്ടായി. നല്ലതങ്ക, സ്ത്രീ, പ്രസന്ന, ചന്ദ്രിക,ജീവിതനൗക, വനമാല,ആത്മമസഖി, വിശപ്പിന്‍റെ വിളി, കാഞ്ചന തുടങ്ങിയ നിരവധി നിരവധി സിനിമകള്‍.
ആദ്യത്തെ സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനര്‍ഹന്‍ ശ്രീ തിക്കുറിശ്ശി സുകുമാരന്‍ നായരായിരുന്നു. 1951 ല്‍ പുറത്തിറങ്ങിയ ജീവിതനൌകയാണ് മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ഹിറ്റ് സിനിമ. മലയാളസിനിമയിലെ നാഴികക്കല്ലായ നീലക്കുയിൽ പുറത്തിറങ്ങിയത് 1954-ലാണ്. ഈ ചിത്രം സംവിധാനം ചെയ്തത് പി. ഭാസ്കരനും രാമു കാര്യാട്ടും ചേർന്നാണ്. തിരക്കഥ, ഛായാഗ്രഹണം, ഗാനങ്ങൾ, കലാസംവിധാനം തുടങ്ങി മലയാളസിനിമയുടെ എല്ലാ മേഖലകളിലും ഒരു മാറ്റത്തിന് തുടക്കമിട്ട ചിത്രമായിരുന്നു നീലക്കുയിൽ. ആദ്യമായി ദേശീയപുരസ്ക്കാരം നേടിയ മലയാളചിത്രമെന്ന ബഹുമതിയും നീലക്കുയിലിനു സ്വന്തം. മികച്ച മലയാളചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ വെള്ളിമെഡലാണ് ചിത്രം നേടിയത്. തിക്കുറിശ്ശി നായകനായ ഈ സിനിമ ഒരുപാടുനാളുകള്‍ നിറഞ്ഞ സദസ്സില്‍ മലയാളക്കരയില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. നായകനടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി സകലമേഖലയിലും വെന്നിക്കൊടിപാറിച്ച വ്യക്തിയായിരുന്നു തിക്കുറിശ്ശി സുകുമാരന്‍ നായര്‍. 1952 ല്‍ പുറത്തുവന്ന ആത്മസഖി എന്ന ചിത്രത്തിലാണ് ശ്രീ സത്യന്‍ അഭിനയരംഗത്തു കടന്നുവന്നത്. അതേ വര്‍ഷം തന്നെ ഇറങ്ങിയ മരുമകള്‍ എന്ന ചിത്രത്തിലൂടെ ശ്രീ നസീറും സിനിമയിലെത്തി. അതോടെ സത്യന്‍ നസീര്‍ യുഗത്തിന്റെ ആരംഭമാകുകയായിരുന്നു. ആദ്യകാല നായികമാരായിരുന്ന ലളിത, പദ്മിനി, രാഗിണിമാരും പിന്നീട് ഷീലയും ജയഭാരതിയും ശാരദയും ഒക്കെ മലയാള പ്രേക്ഷകരുടെ മനം കവര്‍ന്ന നായികമാരായിമാറി. പി ഭാസ്കരന്‍, വയലാര്‍, ദേവരാജന്‍ മാസ്റ്റര്‍,ബാബുരാജ്,ശ്രീകുമാരന്‍തമ്പി, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ ഗാനരചയിതാക്കളും സംഗീതസംവിധായകരും ഒപ്പം യേശുദാസ്, ജയചന്ദ്രന്‍, ബ്രഹ്മാനന്ദന്‍, കമുകറ പുരുഷോത്തമന്‍, പി ലീ, സുശീല, എസ് ജാനകി തുടങ്ങിയ ഗായകരും ഗായികമാരും ഒക്കെക്കൂടി മലയാളികള്‍ക്ക് ഒരിക്കലും വിസ്മരിക്കാനാവാത്തവിധം ഗംഭീരങ്ങളായ ഗാനങ്ങളും സമ്മാനിച്ചു. പ്രസിദ്ധമായ സാഹിത്യ കൃതികളുടെ ആവിഷ്ക്കാരങ്ങളായിരുന്നു അക്കാലയളവുകളിലെ മലയാളസിനിമികള്‍ ബഹുഭൂരിപക്ഷവും. ഓടയില്‍ നിന്ന്‍, മുറപ്പെണ്ണ്‍‍, ഇരുട്ടിന്റെ ആത്മാവ് അങ്ങിനെ പല പല ചിത്രങ്ങള്‍. 1961 ല്‍ പുറത്തിറങ്ങിയ കണ്ടം വച്ച കോട്ടാണ് മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രം. തകഴി ശിവശങ്കര്‍ന്‍ പിള്ളയുടെ ചെമ്മീന്‍ എന്ന നോവലിന്റെ അതേപേരിലുള്ള സിനിമാവിഷ്ക്കാരമായിരുന്നു രാമൂ കര്യാട്ട് സംവിധാനം ചെയ്ത് മധു സത്യന്‍ ഷീല എന്നിവര്‍ മുഖ്യവേഷങ്ങളിലഭിനയിച്ച് 1965 ല്‍ പുറത്തിറങ്ങിയ ചെമ്മീന്‍ എന്ന ചലച്ചിത്രം. ഈ ചിത്രത്തിനു പ്രസിഡന്റിന്റെ സ്വര്‍ണ്ണമെഡല്‍ ലഭിക്കുകയുണ്ടായി. മലയാളത്തിലെ സകല‍ പതിവുകളും തെറ്റിച്ച് പുറത്തിറങ്ങിയ ചിത്രമായിരുന്നു ഓളവും തീരവും. എംടിയുടെ തിരക്കഥയെ ആസ്പദമാക്കി പി എന്‍ മെനോന്‍ സംവിധാനം ചെയ്ത് 1970 ഫെബ്രുവരി 27 നു റിലീസായ ഈ സിനിമ മലയാളസിനിമയിലെ ആദ്യത്തെ ആധുനികസിനിമ എന്ന വിശേഷണത്തിനര്‍ഹമായ ഒന്നായിരുന്നു. പിന്നീട് അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയ പ്രഗത്ഭരിലൂടെ സമാന്തരസിനിമകള്‍ എന്ന വിളിപ്പേരില്‍ ക്ലാസ്സിക്കുകളായ സിനിമകളുടെ ഒരു കുത്തൊഴുക്കു തന്നെയായിരുന്നു.  സ്വയംവരം, നിര്‍മ്മാല്യം തുടങ്ങിയ അതിപ്രശസ്ത ചിത്രങ്ങള്‍ എഴുപതുകളില്‍ പിറവിയെടുത്തതാണ്. ഭരതന്‍, പദ്മരാജന്‍ തുടങ്ങിയ ജീനിയസ് സംവിധായകന്മാരും മലയാളസിനിമയിലേക്ക് കടന്നുവരുന്നത് ഇക്കാലയളവുകളിലാണ്. എഴുപതുകളുടെ അവസാനം മുതല്‍ എണ്‍പതുകളുടെ അവസാനം വരെയുള്ള കാലഘട്ടമാണ് മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം. മലയാളത്തിലെ എണ്ണം പറഞ്ഞ സിനിമകളും സംവിധായകരും അഭിനേതാക്കളും ഒക്കെ ഉണ്ടായത് ഇക്കാലയളവിലാണ്. മലയാളസിനിമയുടെ ഇപ്പോഴത്തെ നെടുംതൂണുകളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ അഭിനേതാക്കളും നിലയുറപ്പിച്ചതും ഇക്കാലയളവില്‍ തന്നെയായിരുന്നു. പ്രീയദര്‍ശന്‍, സത്യന്‍ അന്തിക്കാട്, സിബി മലയില്‍, കെ ജി ജോര്‍ജ്ജ്, ശ്രീനിവാസന്‍, ഐ വി ശശി, ഫാസില്‍, ബാലചന്ദ്ര മേനോന്‍, സിദ്ദിഖ് ലാല്‍, ഷാജി കൈലാസ് തുടങ്ങിയ എണ്ണം പറഞ്ഞ സംവിധായകരും ലോഹിതദാസ്, രഘുനാഥ് പലേരി, ടി ദാമോദരന്‍, എസ് എന്‍ സ്വാമി തുടങ്ങിയ തിരക്കഥാകൃത്തുക്കളും ഒക്കെക്കൂടി മലയാളസിനിമയെ കൂടുതല്‍ ഉയരങ്ങളിലേയ്ക്കെത്തിച്ചു. മലയാള സിനിമയ്ക്കും മലയാളസിനിമയിലെ അഭിനേതാക്കള്‍ക്കും കിട്ടിയിട്ടുള്ള പുരസ്ക്കാരങ്ങള്‍ക്ക് കൈയും കണക്കുമില്ല. ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മലയാളത്തിനു ആദ്യം സമ്മാനിച്ചത് നിര്‍മ്മാല്യത്തിലെ അഭിനയമികവിലൂടെ പി ജെ ആന്റണിയായിരുന്നു. പിന്നീട് ഭരത് ഗോപി, ബാലന്‍ കെ നായര്‍, പ്രേജി, മമ്മൂട്ടി, മോഹന്‍ ലാല്‍, സുരേഷ് ഗോപി, ബാലചന്ദ്രമേനോന്‍, മുരളി, സലിം കുമാര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരും ദേശീയബഹുമതികള്‍ക്കര്‍ഹരായി. ശാരദയ്ക്ക് രണ്ടുവട്ടം മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്, മോനിഷ, ശോഭന, സുരഭി തുടങ്ങിയ നടികളും ഈ അവാര്‍ഡുകള്‍ക്ക് അര്‍ഹമായിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ 70 എം എം ചിത്രം പുറത്തിറങ്ങിയതും മലയാള ഭാഷയിലായിരുന്നു. 1982 ല്‍ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രമായിരുന്നു അത്. ഇന്ത്യന്‍ ഭാഷയില്‍ത്തന്നെ ആദ്യമായി ത്രിമാനചിത്രമിറങ്ങിയതും മലയാളത്തിലായിരുന്നു. 1984 ല്‍ പുറത്തിറങ്ങിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രി ഡി ചിത്രം സംവിധാനം ചെയ്തത് ജിജോ പുന്നൂസ് ആയിരുന്നു. ഇന്ന്‍ മലയാള ചലച്ചിത്രമേഖല വിപ്ലവകരമായ മാറ്റങ്ങള്‍ക്കു നടുവിലാണ്. വെറുമൊരു പ്രാദേശികഭാഷാവിഭാഗമായിട്ടുകൂടി 150 കോടി രൂപയ്ക്കുമേല്‍ കളക്ഷനുണ്ടാക്കുന്ന വിധം മലയാളസിനിമയും അഭിനേതാക്കളും മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഏതു പ്രാദേശികഭാഷാ ചിത്രങ്ങളെ വച്ചുനോക്കിയാലും ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെയും മനോഹരമായും ചലച്ചിത്രങ്ങള്‍ പിറവിയെടുക്കുന്ന ചലച്ചിത്രമേഖല മലയാള സിനിമ തന്നെയാണ് എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. വിശ്വപ്രസിദ്ധമായ പല ചലച്ചിത്രമേളകള്‍ക്കും മലയാള ചിത്രങ്ങള്‍ അവിഭാജ്യഘടകങ്ങളാണ്. നമ്മുടെ സിനിമയും അതുയര്‍ത്തുന്ന പ്രശസ്തിയും ഇനിയും കാതങ്ങള്‍ മുന്നിലേക്കുതന്നെ സഞ്ചരിക്കും.
(ലേഖനത്തിലെ വിവരങ്ങള്‍, വിക്കീപ്പീഡിയ, ഓണ്‍ ലൈന്‍ സൈറ്റുകള്‍, ചില ബ്ലോഗുകള്‍ ഒക്കെ റഫര്‍ ചെയ്ത് തയ്യാറാക്കിയതാണ്) ശ്രീക്കുട്ടന്‍

3 comments:

  1. മലയാള സിനിമാചരിത്രങ്ങളിൽ നിന്നും മുങ്ങിത്തപ്പിയെടുത്ത വിവരങ്ങൾ ...
    ഇന്ത്യയിലെ ഏതു പ്രാദേശികഭാഷാ ചിത്രങ്ങളെ വച്ചുനോക്കിയാലും ഏറ്റവും യാഥാര്‍ത്ഥ്യബോധത്തോടെയും മനോഹരമായും ചലച്ചിത്രങ്ങള്‍ പിറവിയെടുക്കുന്ന ചലച്ചിത്രമേഖല മലയാള സിനിമ തന്നെയാണ് എന്നത് നമുക്കെല്ലാവര്‍ക്കും അഭിമാനിക്കാവുന്ന കാര്യം തന്നെയാണ്. വിശ്വപ്രസിദ്ധമായ പല ചലച്ചിത്രമേളകള്‍ക്കും മലയാള ചിത്രങ്ങള്‍ അവിഭാജ്യഘടകങ്ങളാണ്. നമ്മുടെ സിനിമയും അതുയര്‍ത്തുന്ന പ്രശസ്തിയും ഇനിയും കാതങ്ങള്‍ മുന്നിലേക്കുതന്നെ സഞ്ചരിക്കും.

    ReplyDelete
  2. Prof. Prem raj Pushpakaran writes -- 2024 marks the birth centenary year of Thoppil Bhasi and let us celebrate the occasion!!! https://worldarchitecture.org/profiles/gfhvm/prof-prem-raj-pushpakaran-profile-page.html

    ReplyDelete