Thursday, February 21, 2019

സ്വച്ഛന്ദമൃത്യുവായ ഭീഷ്മര്‍


മഹാഭാരതത്തിലെ ഏറ്റവും തിളക്കമുള്ള ഒരു കഥാപാത്രമായിനില്‍ക്കുന്നതോടൊപ്പം തന്നെ ഏറ്റവുമധികം സങ്കടങ്ങളും ശാപങ്ങളും‍ സഹിക്കുവാന്‍ വിധിക്കപ്പെട്ട ഒരാളുമായിരുന്നു ഭീഷ്മാചാര്യര്‍. മഹാഭാരതത്തില്‍ ഇത്രമാത്രം ആത്മസംഘര്‍ഷങ്ങള്‍ അനുഭവിച്ച മറ്റൊരു കഥാപാത്രവുമുണ്ടാവുകയില്ല. വസിഷ്ഠമഹര്‍ഷിയുടെ നന്ദിനിപ്പയ്യിനെ മോഷ്ടിക്കാന്‍ ശ്രമിച്ച അഷ്ടവസുക്കളെ മനുഷ്യകുലത്തില്‍ ജനിയ്ക്കാനിടയാകട്ടെയെന്നു ശപിച്ചപ്പോള്‍ മോഷണത്തിനു നേതൃത്വം നല്‍കിയ പ്രഭാസനനൊഴിച്ച് ബാക്കിയെല്ലാവരും ജനിച്ചയുടനേ മരണമടഞ്ഞ് ശാപമുക്തരാകുമെന്നും പ്രഭാസനന്‍ ദീര്‍ഘകാലം ഭൂമിയില്‍ ജീവിച്ച് ഒരുപാട് അനുഭവിച്ചശേഷമേ മരണമടഞ്ഞു മോക്ഷപ്രാപ്തിയിലെത്തുകയുള്ളുവെന്നും മഹര്‍ഷി പറഞ്ഞിരുന്നു. ആ നിര്‍ഭാഗ്യവാനായ പ്രഭാസനന്‍ പിന്നീട് കുരുവംശരാജാവായ ശന്തനുവിന്റേയും അദ്ദേഹത്തിന്റെ ഭാര്യയായ ദേവഗംഗയുടേയും എട്ടാമത്തെ മകനായി ദേവവ്രതന്‍ എന്ന പേരില്‍ ഭൂമിയില്‍പ്പിറന്നുവീണ്‍ പില്‍ക്കാലത്ത് ഭീഷ്മര്‍ എന്നറിയപ്പെട്ടത്. ഗംഗാദേവിയും ഒരു ശാപഫലമായി ഭൂമിയില്‍ മനുഷ്യാവസ്ഥയില്‍ വന്നതാണ്. തന്റെ ശാപകാലം അവസാനിച്ചപ്പോള്‍ തന്റെ അസ്തിത്വം ശന്തനുമഹാരാജാവിനെ ബോധ്യപ്പെടുത്തി മകനായ ദേവവ്രതനെ രാജാവിനെ ഏല്‍പ്പിച്ച് ഗംഗ സ്വര്‍ഗ്ഗത്തേയ്ക്കു മടങ്ങിപ്പോയി. രാജാവ് ദേവവ്രതനെ യുവരാജാവായി വാഴിക്കുകയും ചെയ്തു.

ശന്തനുമഹാരാജാവ് പില്‍ക്കാലത്തൊരിക്കല്‍ കണ്ടുമുട്ടിയ സത്യവതിയെന്ന സ്ത്രീയെ വിവാഹം കഴിയ്ക്കാനാഗ്രഹിച്ചപ്പോള്‍ തനിക്ക് പിറക്കുന്ന മകന് രാജ്യാവകാശം നല്‍കണമെന്ന്‍ അവര്‍ വാശിപിടിച്ചു. അവരുടെ സൌന്ദര്യത്തില്‍ മതിമയങ്ങിയ രാജാവ് ആകെ വിഷമവൃത്തത്തിലായി. മൂത്തപുത്രനായ ദേവവ്രതനെ യുവരാജാവാക്കി നിശ്ചയിച്ചിരിക്കുകയായിരുന്നല്ലോ. ജനിയ്ക്കുംമുന്നേ ശാപഗ്രസ്തനായ തനിക്ക് ഇതും ശാപത്തിന്റെ ബാക്കിയായി അനുഭവിയ്ക്കാനുള്ളതാണെന്നുറപ്പിച്ച ദേവവൃതന്‍ സ്വയം ബലിയാടാകുവാന്‍ തീരുമാനമെടുത്തു. സത്യവതിയുടെ പിതാവിനെക്കണ്ട് തനിക്ക് രാജ്യത്തിന്റെ പിന്തുടര്‍ച്ചാവകാശം ആവശ്യമില്ലെന്നും പിതാവിന് സത്യവതിയെ വിവാഹം ചെയ്തുനല്‍കണമെന്നു ആവശ്യപ്പെടുകയും ചെയ്തു. എപ്പോഴെങ്കിലും നിങ്ങളുടെ പുത്രന്മാര്‍ ഈ വാക്കിനു വിപരീതമായി പെരുമാറിയാലോ എന്ന ചോദ്യത്തിനുമുന്നില്‍ ഒരു നിമിഷം ഉള്ളുപിടഞ്ഞ് ദേവവ്രതന്‍ നിന്നു. ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മഹനീയകര്‍മ്മമായ വിവാഹവും പുത്രോദ്പ്പാദനവുമെല്ലാം താന്‍ വേണ്ടെന്നുവച്ചേ മതിയാകൂ എന്ന്‍ ആ യുവാവ് തീരുമാനിച്ചു. ഉള്ളില്‍ത്തിളച്ചുമറിയുന്ന മാനസികസംഘര്‍ഷത്തെ തെല്ലും പുറമേകാട്ടാതെ താന്‍ എക്കാലവും ബ്രഹ്മചാരിയായി ജീവിച്ചുതീര്‍ക്കുമെന്ന്‍ ദേവവ്രതന്‍ ദൃഡപ്രതിജ്ഞയെടുത്തു. അതോടെ ദേവവ്രതന്‍ ഭീഷ്മര്‍ എന്ന വിളിപ്പേരിനര്‍ഹനായി. തന്റെ മകന്‍ ഇപ്രകാരം തന്റെ ആഗ്രഹപൂര്‍ത്തീകരണത്തിനായി സ്വജീവിതം ഹോമിച്ചതറിഞ്ഞ ശന്തനുമഹാരാജാവ് ആദ്യം സങ്കടപ്പെട്ടെങ്കിലും പിന്നീട് മകനെ അടുത്തുവിളിച്ചാശ്ലേഷിച്ച് അവന്‍ സ്വച്ഛന്ദമൃത്യു ആയിരിക്കുമെന്നനുഗ്രഹിച്ചു. താന്‍ ആ ശപഥമെടുത്തപ്പോഴേ മരിച്ചുകഴിഞ്ഞു എന്നറിയാമായിരുന്ന ഭീഷ്മരാകട്ടെ ആ അനുഗ്രഹവും തനിയ്ക്കു കിട്ടിയ ശാപമായാണ് കരുതിയത്.

തന്റെ പിതാവിനു സത്യവതിയില്‍ ജനിച്ച രണ്ടുപുത്രന്മാരും ദീര്‍ഘായുസ്സുക്കളാകാതെ പടുമരണമടഞ്ഞപ്പോള്‍ ഭീഷ്മര്‍ ഹൃദയം കൊണ്ടുവേദനിച്ചു. ചിത്രാംഗദനെന്ന ഒരു മകന്‍ ചെറുപ്പത്തില്‍തന്നെ കൊല്ലപ്പെട്ടിരുന്നു.വിചിത്രവീര്യനെന്ന രണ്ടാമനു വിവാഹപ്രായമായപ്പോള്‍ കാശിരാജ്യത്തെ രാജകുമാരികളായിരുന്ന അംബ, അംബിക, അംബാലിക എന്നിവരെ ബലമായിപ്പിടിച്ചുകൊണ്ടുവന്ന്‍ അനുജനു സമ്മാനിച്ചത് ഭീഷ്മരായിരുന്നു. അതില്‍ അംബയെന്ന യുവതി മറ്റൊരു രാജാവുമായി താൻ പ്രണയത്തിലാണെന്ന് ഭീഷ്മരെ അറിയിച്ചപ്പോള്‍ അവളെ വിട്ടയച്ചെങ്കിലും ആ കാമുകന്‍ അവളെ തിരസ്ക്കരിക്കുകയും അവള്‍ മടങ്ങിവന്ന്‍ തന്നെ വിവാഹം കഴിക്കണമെന്ന്‍ ഭീഷ്മരോടാവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഭീഷ്മര്‍ അതിനു തയ്യാറായില്ല. അതോടെ അംബ പ്രതികാരദാഹിയായി തന്റെ ജീവിതം തകര്‍ത്ത ഭീഷ്മരെ വധിക്കണമെന്നാഗ്രഹിച്ച് തപസ്സാരംഭിച്ചു. ഭീഷ്മര്‍ സ്വച്ഛന്ദമൃത്യുവാണെന്നും അയാളെ ആര്‍ക്കും വധിയ്ക്കാനാകില്ലെന്നും മനസ്സിലാക്കിയ അവള്‍ ഭീഷ്മരുടെ മരണകാരണമെങ്കിലും താന്മൂലമാകണമെന്നാഗ്രഹിച്ച് ആത്മാഹൂതിചെയ്യുകയും പിന്നീട് ശിഖണ്ഡിയായി പുനര്‍ജ്ജനിക്കുകയും ചെയ്തു. ആ ശിഖണ്ഡി മൂലമാണ് പില്‍ക്കാലത്ത് അര്‍ജ്ജുനനാല്‍ ശരീരമാസകലം അസ്ത്രമേറ്റ് ഭീഷ്മര്‍ക്ക് മരണക്കിടക്കയില്‍ക്കിടക്കേണ്ടി വന്നത്.

മക്കളില്ലാതെ വിചിത്രവീര്യൻ മരിച്ചപ്പോള്‍ കുരുവംശം അന്യംനിന്നുപോകണ്ടാ എന്നു കരുതി അഭിജ്ഞരുടെ നിര്‍ദ്ദേശപ്രകാരം വിചിത്രവീര്യന്റെ ഭാര്യമാരായിരുന്ന അംബികയും അംബാലികയും വേദവ്യാസനില്‍നിന്നു ഗര്‍ഭം ധരിച്ച് ധൃതരാഷ്ട്രര്‍, പാണ്ഡു എന്നീ പുത്രന്മാരെ പ്രസവിച്ചു. അവരുടെ മക്കളായിരുന്നു കൌരവരും പാണ്ഡവരും. തുടക്കം മുതലേ ശത്രുതാമനോഭാവത്തോടെ വളര്‍ന്നുവന്ന അവര്‍ ഒടുവില്‍ രാജ്യാവകാശത്തിനായി യുദ്ധം ചെയ്യാന്‍ ഇരുപക്ഷത്തായി നിരന്നപ്പോള്‍ ഭീഷ്മരെന്ന അതികായന്‍ വീണ്ടും ഉള്ളില്‍ വിങ്ങിപ്പൊട്ടി. ആര്‍ക്കൊപ്പം നിന്നാലും കൊന്നുവീഴ്ത്താനുള്ള എതിരാളികള്‍ തനിക്കു ഏറ്റവും പ്രീയപ്പെട്ടവരായിരിക്കുമല്ലോ എന്നോര്‍ത്ത് ആ വൃദ്ധമനസ്സ് വല്ലാതെ വേദനപ്പെട്ടു. തനിക്കെന്തിനാണീ ശാപം പിടിച്ച ജന്മം കിട്ടിയതെന്നോര്‍ത്ത് അദ്ദേഹം ആത്മാര്‍ത്ഥമായും സങ്കടപ്പെട്ടു. നിലവില്‍ രാജാവായിരുന്ന ദുര്യോധനന്റെ പക്ഷത്തുനിന്ന്‍ കൌരവസേനയുടെ സര്‍വ്വസൈന്യാധിപനായി പാണ്ഡവര്‍ക്കെതിരേ യുദ്ധം ചെയ്യാന്‍ അദ്ദേഹം നിര്‍ബന്ധിതനായി.

യുദ്ധത്തില്‍ ഭീഷ്മര്‍ പാണ്ഡവപക്ഷത്ത് സര്‍വ്വനാശമാണു വരുത്തിക്കൊണ്ടിരുന്നത്. യുവാവും വില്ലാളിവീരനുമായ അര്‍ജ്ജുനനുപോലും വൃദ്ധനായ ഭീഷ്മരുടെ മുന്നില്‍പ്പിടിച്ചുനില്‍ക്കാനായില്ല. ഒമ്പതുദിവസവും ഭീഷ്മര്‍ നാശം വിതപ്പ് തുടര്‍ന്നപ്പോള്‍ കൃഷ്ണോപദേശമനുസരിച്ച് പാണ്ഡവര്‍ രാത്രി ഭീഷ്മരുടെ പടകുടീരത്തില്‍ചെന്ന്‍ അദ്ദേഹത്തെ തോല്‍പ്പിക്കാന്‍ എന്താണുവേണ്ടതെന്നു തിരക്കി.  ശാപഗ്രസ്തമായ തന്റെ ജീവിതം അവസാനീയ്ക്കുന്നെങ്കില്‍ അവസാനിക്കട്ടേ എന്നുകരുതി നാളെ യുദ്ധം ചെയ്യുമ്പോള്‍ അർജ്ജുനൻ ശിഖണ്ഡിയെ മുന്നിൽ നിറുത്തി യുദ്ധം ചെയ്യണമെന്നും മൂന്നാം ലിംഗക്കാരനായ ശിഖണ്ഡിയോട് താന്‍ എതിരിടില്ലായെന്നും അപ്പോള്‍ അര്‍ജ്ജുനനു തന്നെ വീഴ്ത്താമെന്നും ഹൃദയവേദനയോടെ ഭീഷ്മര്‍ യുധിഷ്ഠിരനോടു പറഞ്ഞു. യുദ്ധസമയത്ത് തന്റെ നാശം എങ്ങനെയായാല്‍ സാധ്യമാകുമെന്ന്‍ എതിരാളിക്ക് പറഞ്ഞുകൊടുക്കേണ്ടിവന്ന ഹതഭാഗ്യന്‍ കൂടിയാവുകയായിരുന്നു ഭീഷ്മരപ്പോള്‍.

പത്താംദിവസത്തെ യുദ്ധത്തില്‍ അര്‍ജ്ജുനന്ന്‍ ശിഖണ്ഡിയെ തേരിന്റെ മുന്നില്‍നിറുത്തു യുദ്ധമാരംഭിച്ചു. തന്റെ ശാപജന്മം അവസാനിപ്പിക്കാന്‍ സമയമാകുന്നു എന്നു തീര്‍ച്ചപ്പെടുത്തി ഭീഷ്മര്‍ ശിഖണ്ഡിയോടെതിരിടാന്‍ താനില്ല എന്നുപറഞ്ഞു ആയുധം താഴെവച്ചതും അര്‍ജ്ജുനന്‍ ശിഖണ്ഡിയ്ക്കുപിന്നില്‍നിന്ന്‍ അസ്ത്രമഴ പെയ്യിച്ചു ഭീഷ്മരെ വീഴ്ത്തി. ശരീരമാസകലം അമ്പേറ്റു ശരശയ്യയില്‍  ജീവന്‍ വെടിയുവാന്‍ ഉത്തമ മുഹൂര്‍ത്തമായ ഉത്തരായണകാലം വരുന്നതുകാത്ത് 58 ദിവസം അദ്ദേഹം കിടന്നു. കൊടിയ വേദയില്‍ക്കിടക്കുമ്പോഴും യുധിഷ്ഠിരനു രാജഭരണത്തിനാവശ്യമായ എല്ലാ ഉപദേശങ്ങളും നല്‍കിയശേഷം ഉത്തമമുഹൂര്‍ത്തം സമാഗതമായപ്പോള്‍ ശാശ്വതമായ ഉറക്കത്തിലാണ്ടു ശാപമുക്തി നേടി.

സത്യത്തില്‍ മഹാഭാരതത്തില്‍ ത്യാഗം എന്ന വാക്കിനു ഒരു പര്യായപദമുണ്ടെങ്കില്‍ അത് ഭീഷ്മര്‍ മാത്രമാണ്. തന്റെ ജീവന്‍ പോലും അദ്ദേഹം എതിരാളികള്‍ക്ക് സമ്മാനിക്കുവാന്‍ ഒരു മടിയും കാട്ടിയില്ല. എല്ലായിടത്തും തോറ്റുപോയ ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ലോകത്തെ സൃഷ്ടിച്ച്‌ സംരക്ഷിച്ച്‌ സംഹരിക്കുന്ന കാലത്തിൽ ഭീഷ്മർ ലയിച്ചു എന്നാണ്‌ വ്യാസൻ ഭീഷ്മരുടെ മരണത്തെ വിശേഷിപ്പിച്ചത്‌. മരണാസന്നമായ സമയത്ത് യുധിഷ്ഠിരനെ അടുത്തുവിളിച്ച് ഭീഷ്മര്‍ പറഞ്ഞത് ഉണ്ണീ, മഹാരാജാവേ, കഴിയുമെങ്കിൽ നീ യുദ്ധംചെയ്യരുത്‌. യുദ്ധത്തിൽ ജയിക്കാൻ കഴിവുമാത്രം പോരാ; ഭാഗ്യവുംകൂടി വേണം. ഭാഗ്യം എപ്പോഴും നിന്നോടൊപ്പം ഉണ്ടാകണമെന്നില്ല എന്നായിരുന്നു. യുദ്ധത്തെ തന്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തില്‍ ഭീഷ്മര്‍ വെറുത്തിരുന്നു എന്നു ഇതിലൂടെ മനസ്സിലാക്കാം

യുദ്ധങ്ങള്‍ വെറുപ്പിന്റെ സന്തതികളാണ്. യുദ്ധങ്ങള്‍ ഉണ്ടാക്കുന്ന, കൊല്ലുകയും കൊല്ലിയ്ക്കുകയും ചെയ്യുന്ന സര്‍വ്വരും നശിച്ചില്ലാതായാല്‍ മാത്രമേ ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ലോകജീവിതം സാധ്യമാകൂ

സ്വസ്തി

ശ്രീ

Wednesday, February 20, 2019

സാഹസികതയെ സ്നേഹിച്ചവള്‍ - ഏര്‍ഹര്‍ട്ട് അമേലിയ

സാഹസികതയെ സ്നേഹിച്ചവള്‍ - ഏര്‍ഹര്‍ട്ട് അമേലിയ

1897 ജൂലൈ 27 നു അമേരിക്കയിലെ കന്‍സാസിലുള്ള ഒരു ചെറുപട്ടണമായ ആച്ചിസോണിലാണ് ഏര്‍ഹര്‍ട്ട് അമേലിയ  ജനിച്ചത്. രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള് അമേലിയയ്ക്ക് ഗ്രേസ് എന്ന അനുജത്തികൂടി കൂട്ടിനെത്തി. സാമാന്യം നല്ല സാമ്പത്തികനിലയിലുള്ള കുടുംബമായിരുന്നെങ്കിലും ഏര്‍ഹര്‍ട്ടിന്റെ പിതാവായ സാമുവല്‍ മദ്യപാനത്തിനടിമയായിരുന്നു. അതു കുടുംബത്തില്‍ എപ്പോഴും പ്രശ്നങ്ങളുണ്ടാക്കിക്കൊണ്ടിരുന്നു. എന്നാല്‍ അമേലിയയുടെ മാതാവ് അതിനെയെല്ലാം സമര്‍ത്ഥമായി തരണം ചെയ്തുകൊണ്ടിരുന്നു. കുട്ടിക്കാലത്തേ മറ്റുകുട്ടികളില്‍നിന്നു വ്യത്യസ്തമായി ഏര്‍ഹര്‍ട്ട് ഇഷ്ടപ്പെട്ടിരുന്നത് സാഹസികത നിറഞ്ഞ കളികളില്‍ ഏര്‍പ്പെടുന്നതായിരുന്നു. മരങ്ങളില്‍ വലിഞ്ഞുകയറുക, കൃഷി നശിപ്പിക്കാന്‍ വരുന്ന എലികളെ കെണിവച്ചു പിടികൂടുക, സ്വന്തമായി നിര്‍മ്മിച്ച ഒരു റോളര്‍ സ്കേറ്ററില്‍ മൈതാനമാകെ പാഞ്ഞുനടക്കുക എന്നതൊക്കെയായിരുന്നു അവള്‍ക്കിഷ്ടം. പെണ്‍കുട്ടികള്‍ അങ്ങേയറ്റം അടങ്ങിയൊതുങ്ങിക്കഴിയുവാന്‍ നിര്‍ബന്ധിക്കുന്ന സാമൂഹ്യസ്ഥിതിയുണ്ടായിരുന്ന ഒരു നൂറ്റാണ്ടിലാണ് കുഞ്ഞ് അമേലിയ തന്റെ മാതാവിന്റെ അനുഗ്രഹാശ്ശിസ്സുകളോടെ പാറിപ്പറന്നുനടക്കാന്‍ ശ്രമിച്ചത്. ചുറ്റുവട്ടത്തുള്ള വീടുകളിലെ പല രക്ഷിതാക്കളും ഇതിനെതിരേ ഏര്‍ഹര്‍ട്ടിന്റെ അമ്മയെ ഉപദേശവും മറ്റുമൊക്കെ നല്‍കിയെങ്കിലും അവര്‍ തന്റെ മകളുടെ ആഗ്രഹങ്ങള്‍ക്കൊന്നും എതിരുനിന്നില്ല. അവള്‍ ബാസ്ക്കറ്റ് ബോള്‍ കളിയ്ക്കാനും മറ്റും പുറത്തുപോകുന്നത് അവരെയെല്ലം ചൊടിപ്പിച്ചിരുന്നു. ഇതിനിടയില്‍ ഓട്ടോമൊബൈല്‍ റിപ്പയറിംഗിന്റെ ഒരു ചെറിയ കോഴ്സും പഠിക്കുവാന്‍ ഏര്‍ഹര്‍ട്ട് മറന്നില്ല.

പഠനത്തില്‍ സമര്‍ത്ഥയായിരുന്ന ഏര്‍ഹര്‍ട്ടിന്റെ ഇഷ്ടവിഷയം കെമിസ്ട്രിയായിരുന്നു. ഒന്നാം ലോകമഹായുദ്ധകാലഘട്ടത്തില്‍ കാനഡയിലെ ടൊറന്റോവില്‍ റെഡ് ക്രോസ്സിന്റെ നഴ്സായി എത്തിയ കാലത്താണ് അവള്‍ വിമാനങ്ങളെ അടുത്തുനിന്നു കാണുന്നതും അവയോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയതും. അതോടെ അവള്‍ക്കൊരു വൈമാനികയാകണമെന്ന ആഗ്രഹം ജനിച്ചു. ടൊറന്റോവില്‍നിന്നു മടങ്ങിയെത്തിയ ഏര്‍ഹര്‍ട്ട് തന്റെ അമ്മയോട് ഈ വിഷയമവതരിപ്പിച്ചപ്പോള്‍ ആ മാതാവ് എതിരുനിന്നില്ല.1920 ഡിസംബറിലാണ് ഏര്‍ഹര്‍ട്ട് തന്റെ ആദ്യ വിമാനയാത്ര നടത്തിയത്. കൊളമ്പിയ യൂണിവേര്‍സിറ്റിയില്‍ പഠനം ആരംഭിച്ചതോടൊപ്പം 1921 ജനുവരിയോടെ നിതാ സ്നൂക്ക് എന്ന വനിതാ ഫ്ലൈറ്റ് ഇന്‍സ്ട്രക്റ്ററുടെ കീഴില്‍ ഏര്‍ഹര്‍ട്ട് വിമാനം പറത്തുന്നതിന്റെ പാഠങ്ങള്‍ പഠിക്കുവാനാരംഭിച്ചു. പൈലറ്റാകുന്നതിനുള്ള ചിലവിനായി പണമുണ്ടാക്കാനുള്ള ശ്രമത്തിനായി  ഏര്‍ഹര്‍ട്ട് പല ജോലികളും ചെയ്തു. ഫോട്ടോഗ്രാഫറായും ഒരു കമ്പനിയില്‍ ക്ലര്‍ക്കായുമൊക്കെ ജോലി ചെയ്ത ഏര്‍ഹര്‍ട്ട് ഒ‍ടുവില്‍ 1921 ഡിസംബറില്‍ നാഷണല്‍ എയറോനോട്ടിക്സ് അസോസിയേഷന്റെ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കി. രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ അവള്‍ തന്റെ ആദ്യ പരീക്ഷണപ്പറക്കല്‍ നടത്തുകയും ചെയ്തു.

പൊതുവേ വൈമാനികമേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം തുലോം കുറവായിരുന്ന ആ കാലഘട്ടത്തില്‍ വിമാനം പറത്തുവാനുള്ള ലൈസന്‍സ് നേടിയതുതന്നെ വലിയ കാര്യമായിരുന്നു. പിന്നീട് ലോകം പല അത്ഭുതങ്ങള്‍ക്കും വേദിയാകാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ. ഏവിയേഷന്‍ രംഗത്തെ പല റിക്കോര്‍ഡുകളും ഏര്‍ഹര്‍ട്ടിന്റെ പേരിലായിത്തീരുവാന്‍ പോകുകയായിരുന്നു. 1922 ഒക്ടോബര്‍ 22 നു അമേലിയ ഏര്‍ഹര്‍ട്ട് 14000 അടിയ്ക്കുമുകളില്‍ക്കൂടി‍ ഒറ്റയ്ക്കു വിമാനം പറത്തിയ ആദ്യത്തെ വനിത എന്ന സ്ഥാനത്തിനര്‍ഹയായി.1928 ജൂണ്‍ പതിനേഴിനു ന്യൂഫൌണ്ട് ലാന്‍ഡിലെ ട്രിപ്പോസി ഹാര്‍ബറില്‍നിന്നു പറന്നുയര്‍ന്ന വിമാനത്തില്‍ ഏര്‍ഹാര്‍ട്ടും ഉണ്ടായിരുന്നു. ഏകദേശം 21 മണിക്കൂറുകള്‍ കഴിഞ്ഞ് വിമാനം മറുകരതൊടുമ്പോള്‍ ഏര്‍ഹര്‍ട്ടിനെക്കാത്ത് മറ്റൊരു റിക്കോര്‍ഡുമുണ്ടായിരുന്നു. അറ്റ്ലാന്‍റ്റിക്കിനു കുറുകേ വിമാനയാത്ര ചെയ്ത ആദ്യത്തെ വനിത എന്ന റിക്കോര്‍ഡായിരുന്നവത്. 1929 ല്‍ ഏറ്റവും വേഗത്തില്‍ വിമാനം പറത്തിയ വനിത എന്ന റിക്കോര്‍ഡും ഏര്‍ഹര്‍ട്ട് സ്വന്തമാക്കി.

1932 മേയ് 20 നു ഏര്‍ഹര്‍ട്ട് വീണ്ടും ചരിത്രമെഴുതി. അറ്റ്ലാന്‍റ്റിക് മഹാസമുദ്രത്തിനുകുറുകേ ഒറ്റയ്ക്ക് വിമാനം പറപ്പിച്ച ആദ്യവനിതയെന്ന റിക്കോര്‍ഡായിരുന്നുവത്. 1929 ല്‍ മറ്റുചിലര്‍ക്കൊപ്പം അറ്റ്ലാന്‍റ്റിക്കിനുകുറുകേ യാത്രചെയ്തെങ്കിലും ഇക്കുറി അവള്‍ ഒറ്റയ്ക്കാണ് വിമാനം പറത്തിയത്. ന്യൂഫൌണ്ട് ലാന്‍ഡില്‍നിന്നു പറന്നുയര്‍ന്നു തൊട്ടടുത്ത ദിവസം നോര്‍ത്തേര്‍ന്‍ അയര്ലാന്‍ഡില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ലോകം വിസ്മയിക്കുകതന്നെ ചെയ്തു. തിരിച്ച് യു എസ്സില്‍ ഏര്‍ഹര്‍ട്ട് മടങ്ങിയെത്തിയപ്പോള്‍ മിലിട്ടറിയുടെ വകയായുള്ള ഡിസ്റ്റിങ്ഗ്വിഷ്ഡ് ഫ്ലൈയിങ്ങ് ക്രോസ് ബഹുമതി അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. യു എസ്സില്‍ ആദ്യമായായിരുന്നു ഒരു വനിതയ്ക്ക് മിലിട്ടറിയില്‍നിന്ന്‍ അപ്രകാരമൊരു ബഹുമതി ലഭിക്കുന്നത്.

അതേ വര്‍ഷംതന്നെ ഏര്‍ഹര്‍‍ട്ട് അമേരിയ്ക്കന്‍ ഐക്യനാടുകള്‍ക്ക് കുറുകേ വിമാനം പറത്തിയും ചരിത്രമെഴുതി. ലോസാഞ്ചല്‍സില്‍നിന്നു യാത്രയാരംഭിച്ചു 19 മണിക്കൂര്‍കൊണ്ട് അവള്‍ ന്യൂജേര്‍സിയില്‍ ലാന്‍ഡ് ചെയ്തു. ഏര്‍ഹര്‍ട്ട് വ്യോമയാനരംഗത്ത് പല പല റിക്കോര്‍ഡുകളും തന്റെ പേരില്‍ക്കുറിയ്ക്കുവാന്‍ മത്സരിക്കുകയായിരുന്നു എന്നുതന്നെ പറയാം. 1935 ല്‍ ഹവായ് ദ്വീപുകളില്‍നിന്നും ഒറ്റയ്ക്കു വിമാനം പറത്തി അമേരിയ്ക്കയിലിറങ്ങിയപ്പോള്‍ അതും പുതിയ ചരിത്രമായിത്തീരുകയായിരുന്നു.തന്റെ വൈമാനിക അനുഭവങ്ങളെ കുറിച്ച് അവര്‍ രചിച്ച 20 Hrs 40 Min  എന്ന പുസ്തകം ചൂടപ്പം പോലെയാണ് വിറ്റഴിക്കപ്പെട്ടത്. ദ നയന്റി-നയൻസ് എന്ന വനിതാ പൈലറ്റുമാരുടെ സംഘടന രൂപീകരിക്കുന്നതിൽ പ്രമുഖപങ്കുവഹിച്ചതും ഏര്‍ഹര്‍ട്ട് അമേലിയ ആയിരുന്നു.

പുതിയ പുതിയ സാഹസങ്ങള്‍ ചെയ്യുക എന്നതില്‍ അങ്ങേയറ്റം തല്‍പ്പരയായിരുന്ന ഏര്‍ഹര്‍ട്ട് ഭൂമിയെ പ്രദക്ഷിണം ചെയ്തുവരുന്ന ആദ്യത്തെ വനിതാ വൈമാനികയാകാന്‍ തയ്യാറെടുപ്പാരംഭിച്ചു. ഇരട്ട എഞ്ചിനുകളുള്ള ഒരു 10 E ഇലക്ട്രാ വിമാനത്തില്‍ ഫ്രെഡ് നൂനാന്‍ എന്നൊരു വഴികാട്ടിയ്ക്കൊപ്പം  1937 ജൂണ്‍ 1 നു കാലിഫോര്‍ണിയയിലെ ഓക് ലാന്‍ഡില്‍നിന്നായിരുന്നു യാത്ര തുടങ്ങിയത്. ആദ്യം മിയാമിയിലെത്തി അവിടെനിന്ന്‍ സൌത്ത് അമേരിയ്ക്ക പിന്നീട് അറ്റ്ലാന്‍ടിക് ക്രോസ് ചെയ്ത് ആഫ്രിക്ക അതിനുശേഷം സൌത്ത് ഈസ്റ്റ് ഏഷ്യ, ഇന്ത്യാ എന്നിങ്ങനെയായിരുന്നു യാത്ര പ്ലാന്‍ ചെയ്തിരുന്നത്. 22000 മൈലുകള്‍ പിന്നിട്ട് ഓക് ലാന്‍ഡില്‍ തിരിച്ചെത്താന്‍ 7000  മൈലുകള്‍ ബാക്കിയുള്ളപ്പോള്‍ ജൂണ്‍ 29 നു പസഫിക്കിലെ‍ ന്യൂ ഗ്വിനിയ്ക്കടുത്തുവച്ച് ദുരൂഹസാഹചര്യത്തില്‍ ഏര്‍ഹര്‍ട്ടും വഴികാട്ടിയായ ഫ്രെഡ് നൂനാനും ആ വിമാനത്തോടൊപ്പം അപ്രത്യക്ഷമായി. ഏര്‍ഹര്‍ട്ടുമായുള്ള റേഡിയോ സന്ദേശം വിച്ഛേദിക്കപ്പെട്ടതോടെ പ്രസിഡന്റ് റൂസ് വെല്‍റ്റിന്റെ നിര്‍ദ്ദേശാനുസരണം അമേരിക്കന്‍ സേന ഏര്‍ഹര്‍ട്ടിനെ കണ്ടെത്തുവാനായി വ്യാപകമായ തിരച്ചിലാരംഭിച്ചു. പസഫിക്കും പരിസരവും രണ്ടാഴ്ചക്കാലം അമേരിക്കന്‍ സേന അരിച്ചുപെറുക്കിയെങ്കിലും ഏര്‍ഹര്‍ട്ടിനേയോ വിമാനാവിശിഷ്ടങ്ങളേയോ കണ്ടെത്താനായില്ല. 1937 ജൂലൈ 19 നു ഏര്‍ഹര്‍ട്ട് അമേലിയയും ഫ്രെഡ് നൂനാനും കടല്‍പ്പരപ്പുകളില്‍ അപ്രത്യക്ഷമായി എന്നു ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു.

ലോകചരിത്രത്തിലെ ഏറ്റവും ദുരൂഹമായ തിരോധാനങ്ങളിലൊന്നായി ഇന്നും ഇത് നിലനില്‍ക്കുന്നു. യു എസ് ഗവണ്മെന്റ് പൊതുവേ അംഗീകരിച്ച ഒരു തിയറി പസഫിക്കിനുമുകളില്‍ വച്ച് അപ്രതീക്ഷിതമായി വിമാനം തകര്‍ന്നു ഇരുവരും കൊല്ലപ്പെട്ടതാണെന്നാണ്. മറ്റൊരു പ്രബലമായ തിയറി ഇന്ധനം തീര്‍ന്നതുമനസ്സിലാക്കിയ ഏര്‍ഹര്‍ട്ട് വിമാനം ഹോവ് ലാന്‍ഡ് ദ്വീപസമൂഹങ്ങളില്‍പ്പെട്ട ആള്‍താമസമില്ലാത്ത ഗാര്‍ഡ്നെര്‍ ദ്വീപില്‍ ലാന്‍ഡു ചെയ്യിപ്പിച്ചുവെന്നും പുറം ലോകവുമായി ബന്ധപ്പെടാനാകാതെ ഒടുവില്‍ ആ ദ്വീപില്‍ത്തന്നെ മരണമടഞ്ഞുവെന്നുമാണ്. ഏര്‍ഹര്‍ട്ടിന്റെ തിരോധാനത്തിനു ഒരാഴ്ചയ്ക്കുശേഷം യു എസ് ട്രൂപ്പിന്റെ അന്വൊഷണസംഘം ഈ ദ്വീപുകള്‍ക്കുമുകളിലെത്തിപ്പരിശോധിച്ചെങ്കിലും വിമാനാവശിഷ്ടങ്ങള്‍ ഒന്നും തന്നെ അവര്‍ക്കവിടെ കാണാന്‍ സാധിച്ചിരുന്നില്ല. മറ്റൊരു തിയറി അനുസരിച്ച് പസഫിക്കില്‍ വച്ച് ഏര്‍ഹര്‍ട്ട് ജാപ്പനീസ് പിടിയിലായെന്നും അവരുടെ തടവറയ്ക്കുള്ളില്‍ വച്ച് കൊല്ലപ്പെട്ടുവെന്നുമാണ്.  ഹോവ് ലാന്‍ഡ് ദ്വീപസമൂഹങ്ങളിലും പരിസരങ്ങളിലും ആഴക്കടല്‍‍ മുങ്ങല്വിദഗ്ദരായ റോബോര്‍ട്ടുകളെ വച്ചുപോലും വിശദമായ പരിശോധനകള്‍ നടത്തിയെങ്കിലും ഇന്നേവരെ ഒരു തുമ്പും ലഭിച്ചിട്ടില്ല. ദുരൂഹമായിത്തന്നെ ഇന്നും നിലകൊള്ളുന്നു ഏര്‍ഹര്‍ട്ടിന്റെ അപ്രത്യക്ഷമാകല്‍.

ഇന്നത്തെ ലോകത്ത് ഒരു സ്ത്രീ വിമാനം പറത്തുന്നതും ശൂന്യാകാശത്തുപോകുന്നതുമൊന്നും അത്രവലിയ സംഭവമൊന്നുമല്ല. എന്നാല്‍ യാഥാസ്ഥിതികത്വം നിലനിന്നിരുന്ന 20 ആം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ഒരു വനിത ഈ വിധം മുന്നൊട്ടുവന്നത് അങ്ങേയറ്റം കൌതുകകരവും വിപ്ലവകരവുമായ ഒന്നുതന്നെയായിരുന്നു. ഈ മേഖലകളിലേയ്ക്ക് കൂടുതല്‍ക്കൂടുതല്‍  സ്ത്രീകള്‍ക്ക് കടന്നുവരാന്‍ ഏര്‍ഹര്‍ട്ട് അമേലിയയുടെ ജീവിതം പ്രചോദനമായി.

ഏര്‍ഹര്‍ട്ടിന്റെ ജീവിതകഥ ആസ്പദമാക്കി ഒരു സിനിമയുമിറങ്ങിയിട്ടുണ്ട്. ഇന്‍‍ഡോ അമേരിക്കന്‍ സംവിധായകയായ മീരാ നായര്‍ സംവിധാനം ചെയ്ത അമേലിയ എന്ന സിനിമ 2009 ഒക്ടോബര്‍ 23 നാണ് റിലീസ് ചെയ്തത്.

(വിവരങ്ങള്‍ പലയിടങ്ങളില്‍നിന്നായി ശേഖരിച്ചതാണ്)

ശ്രീ













  ‍