Monday, November 30, 2009

മരണം

അയാളുടെ മുഖത്തപ്പോഴും ശാന്തത കളിയാടുകയായിരുന്നു.

തന്റെ ചുറ്റും നടക്കുന്ന ബഹളങ്ങളൊന്നും അയാളെ ഒട്ടും തന്നെ ശല്യപ്പെടുത്തുന്നുണ്ടായിരുന്നില്ല.

തന്റെ ശരീരത്തില്‍ ആരെല്ലാമോ എന്തൊക്കെയോ അടുക്കിവക്കുന്നത് അറിഞ്ഞിട്ടും അവരോടയാള്‍ ദേഷ്യപ്പെട്ടില്ല.

അല്ലെങ്കിലും ആരോടുമയാള്‍ ദേഷ്യപ്പെടാറില്ലായിരുന്നു.

ദേഷ്യം തോന്നണമായിരുന്നെങ്കില്‍.......

ഓമനിച്ചുവളര്‍ത്തിയിരുന്ന ഒരേയൊരു മകള്‍ ഒരന്യജാതിക്കാരണൊപ്പമിറങ്ങിപ്പോയപ്പോഴും അയാളാരോടും ദേഷ്യപ്പെട്ടില്ല.

വറുതിയുടെ നാളുകളില്‍ എപ്പോഴും കുത്തുവാക്കുകള്‍ പറയുന്ന ഭാര്യയോടുമയാള്‍ക്ക് ദേഷ്യം തോന്നിയിട്ടില്ല.

താന്‍ കയ്യയച്ചു സഹായിച്ച ബന്ധുജനങ്ങള്‍ തനിക്കു നേരെ മുഖം തിരിച്ചപ്പോഴും അയാള്‍ക്കാരോടും ദേഷ്യം തോന്നിയില്ല.

തന്റെ അനുവാദമില്ലാതെ തന്റെ ശരീരം നക്കിതുടങ്ങിയ തീജ്വാലകളോടും അയാള്‍ പരിഭവിച്ചില്ല.

എന്തിനായിരുന്നു തന്റെ ജന്മമെന്നോര്‍ത്ത് തന്നോട് തന്നെ ആദ്യമായി ദേഷ്യം തോന്നിയപ്പോഴേക്കും അയാളുടെ ശരീരമാകെ അഗ്നി വിഴുങ്ങിക്കഴിഞ്ഞിരുന്നു.

18 comments:

  1. നല്ല കഥ. എന്തേ ഇതാരും കാണാതെ പോയി.
    ഇത് വരെ വായിച്ചതില്‍ നിന്നും വ്യതസ്ഥമായതാണിത്. എനിക്കിഷ്ടായി
    അല്ലെങ്കിലും അവസാന നാളുകളിലെ നമുക്കും വകതിരിവുണ്ടാകൂ.

    ReplyDelete
  2. തീര്‍ച്ചയായും നല്ല ഒരു വായന നല്‍കുന്ന കഥ ,,,ഇനിയും എഴുതുക ,വീണ്ടും വരാം

    ReplyDelete
  3. ദേഷ്യം തോന്നുമ്പോഴേക്കും ഒരു പാട് വൈകിപ്പോയി അല്ലെ.. എന്താ എല്ലായിടത്തും ദേക്ഷ്യം എന്നെഴുതിയിരിക്കുന്നെ. ദേഷ്യം അല്ലെ ശരി

    ReplyDelete
    Replies
    1. മാറ്റി,
      തെറ്റു ചൂണ്ടിക്കാട്ടിയതിനു നന്ദി..

      Delete
  4. ഒരു പരിഭവവും ആരോടും പറയാതെ പൊഴിഞ്ഞു പോയ ജീവിതങ്ങള്‍ ഇങ്ങിനെ എത്രയെണ്ണം!!!ചിന്തിപ്പിയ്ക്കുന്ന ഒരു പോസ്റ്റ്‌!...... .

    ReplyDelete
  5. ഹ..ഹ..അങ്ങിനെ ഈ പോസ്റ്റിനു ശാപമോക്ഷം കിട്ടി ല്ലേ..നന്ദി പ്രീയരേ...

    ReplyDelete
  6. ദേക്ഷം എന്നത് ദേഷ്യം ന്നാക്കണം..ട്ടാ.. അതൊരു കല്ലുകടിയായി തോന്നി..
    ജീവിതത്തിന്റെ എല്ലായിടത്തും എത്താൻ ഈ 4 വരികൾക്കാവുന്നു. സിമ്പിൾ

    ReplyDelete
  7. കുറഞ്ഞ വാക്കുകളില്‍ അതുഭാവുകത്വമില്ലാതെ പറഞ്ഞ കഥ...ഇത്തരം കഥകളോട് എനിക്ക് വല്ലാത്തൊരു ഇഷ്ടമുണ്ട്...സ്വയം പോലും പരിഭവിക്കാന്‍ കഴിയാതെപോയൊരു നിസ്സഹായാനായ മനുഷ്യനെ നന്നായി അവതരിപിച്ചതിനു ശ്രീക്ക് ആശംസകള്‍...

    ReplyDelete
  8. ഈ കഥ സ്വന്തം വാക്കുകളിൽ എഴുതാൻ പറഞ്ഞാൽ ഒരു രണ്ട് പേജെങ്കിലും മിനിമം ഞൻ എഴുതേണ്ടി വരും.. വളരെ ചുരുങ്ങിയ വരികളിൽ വലിയ കഥ പറയാമെന്ന് ഇപ്പൊ എനിക്ക് മനസ്സിലായി... ചിന്തിപ്പിക്കുന്ന തരത്തിലുള്ള കഥ... വളരെ ഇഷ്ടമായി.... ആശംസകൾ....

    ReplyDelete
  9. കൊള്ളാലോ കഥ... എന്ത് ഇത് അവഗണിക്കപ്പെട്ടെന്നോ...

    ReplyDelete
  10. എല്ലാത്തിനെയും നിര്‍വികാരതയോടെ കാണാന്‍ പഠിച്ചിട്ടും ഒടുവില്‍ തോന്നുന്നത് ആത്മനിന്ദ.ചെറുകഥഎന്നതിനേക്കാള്‍ മിനിക്കഥ എന്ന് തോന്നി.നന്നായിട്ടുണ്ട്.

    ReplyDelete
  11. രാമന്റെ കാലെത്താൻ വൈകി, അല്ലേ?

    ReplyDelete
  12. ആരോടും പരിഭവമില്ലാതെ എരിഞ്ഞു തീര്‍ന്ന ഒരു ജന്മം.

    മിനിക്കഥ കൊള്ളാം

    ReplyDelete