Wednesday, October 10, 2012

ആന്‍ അഡ്വഞ്ചെറസ് ജേര്‍ണി



"അണ്ണാ നമുക്ക് വരുന്ന ഞായറാഴ്ച ഒന്നു കറങ്ങാന്‍ പോയാലോ"

സിഗററ്റിനു കൈനീട്ടിക്കൊണ്ട് കുലു എന്നോട് ചോദിച്ചു. ആകെ രണ്ടുവലി തികച്ചു വലിച്ചില്ല അതിനു മുന്നേ കയ്യും നീട്ടി വന്നിരിക്കുന്നു. ചുമ്മാ രണ്ട് ചുണ്ടും ഫിറ്റ് ചെയ്ത് വന്ന്‍ മുന്നില്‍ നിന്നാല്‍ മതിയല്ലോ. ഒരു വില്‍സിന്റെ വില 2 രൂപയാണു. നീരസം പുറത്ത് കാട്ടാതെ ഞാനവനു സിഗററ്റ് കൈമാറി. അവന്‍ ആഞ്ഞുവലിച്ച് പുകയൂതിപ്പറത്തുന്നത് നോക്കി നിന്നപ്പോള്‍ എനിക്ക് വിറഞ്ഞുകയറി. ഞാന്‍ ദീപുവിനേയും അജിത്തിനേയും ഒന്നു കണ്ണോടിച്ചു. അവര്‍ വയല്‍ വരമ്പേ പോകുന്ന ഒരു തരുണിയില്‍ കണ്ണും നട്ടിരിക്കുവാണ്. എന്റെ ബന്ധുവാണു ദീപു. അവന്റെ വീടിനടുത്തുള്ളതാണ് മറ്റുരണ്ടുപേരും. പ്രായം എന്നേക്കാള്‍ അഞ്ചാറുവയസ്സുകുറയും. പക്ഷേ അറ്റ കൂട്ടാണെല്ലാവരും. മഹാ അലമ്പുകളും.

"അണ്ണാ എന്താ ഒന്നും പറയാത്തത്. നമുക്ക് ഒന്നു കറങ്ങാന്‍ പോയാലോ"

വലിച്ചുകുറ്റിയാവാറായ സിഗററ്റ് അവന്‍ എനിക്ക് നേരെ നീട്ടി. ഫില്‍റ്റര്‍ മുഴുവന്‍ തുപ്പലു പറ്റിയിരിക്കുന്നു. ഇത്രയും നാളായിട്ടും അവനു നേരാം വണ്ണം ഒരു സിഗററ്റ് വലിക്കാന്‍ പോലുമറിയില്ല. രണ്ടു രൂപാ കൊടുത്ത് ആശിച്ചുമേടിച്ച സിഗററ്റല്ലേ. എങ്ങിനെ കളയാന്‍. ഞാന്‍ അതിലെ തുപ്പലു കൈകൊണ്ട് തുടച്ചിട്ട് വീണ്ടും വലിച്ചു.

"എവിടെ പോകാനാടാ"

കത്തിതീര്‍ന്ന സിഗററ്റ് ദൂരെയെറിഞ്ഞിട്ട് ഞാന്‍ കുലുവിന്റെ മുഖത്തേയ്ക്ക് സൂക്ഷിച്ചുനോക്കി.

"നമുക്ക് പൊന്മുടി വച്ചുപിടിച്ചാലോ. ഇപ്പം നല്ല കലക്കന്‍ കാലാവസ്ഥയുമല്ലേ"

അജിത്തും ദീപുവും അടുത്തേയ്ക്ക് വന്നു. ആലോചിച്ചുനോക്കിയപ്പം നല്ല ഒരു തീരുമാനമാണത്. പൊന്മുടിയാകുമ്പോള്‍ വല്യ ദൂരവുമില്ല. ഞാന്‍ മൂന്നാലു പ്രാവശ്യം പോയിട്ടുള്ളയിടമാണ്. നല്ല സുഖകരമായി ഒരു ദിവസം വെള്ളമൊക്കെയടിച്ചര്‍മ്മാദിക്കാം. എല്ലാവരും കയ്യടിച്ചതങ്ങ് പാസ്സാക്കി. ഞായറാഴ്ച രാവിലെ 6 മണിയ്ക്ക് തന്നെ നാലും കൂടി റെഡിയായി ആറ്റിങ്ങള്‍ ബസ്റ്റാന്‍ഡില്‍ വന്ന്‍ നെടുമങ്ങാട് ബസ്സ് പിടിച്ചു. 7 20 ആയപ്പോള്‍ നെടുമങ്ങാടെത്തി.പൊന്മുടിയിലേയ്ക്കുള്ള ബസ്സ് 8 മണിയ്ക്കാണു. തിരുവനന്തപുരത്തുനിന്നും വരുന്നത്. അത് പോയാല്‍ പിന്നെ രണ്ടുമൂന്നുമണിക്കൂര്‍ കഴിഞ്ഞേയുള്ളൂ അടുത്ത ബസ്സ്. ബസ്സിറങ്ങിയ ഉടനേ ഒരു കുപ്പി വാങ്ങാനായി ബാറന്യോഷിച്ച് നടക്കാന്‍ തുടങ്ങി. പൊന്മുടിയില്‍ സാധനം കിട്ടില്ല. പിന്നെ ഇവിടെ നിന്നും വാങ്ങിക്കൊണ്ട് പോകാതെ രക്ഷയില്ല. ഒരാളിനോട് ചോദിച്ച് ബാറിരിക്കുന്ന സ്ഥലം മനസ്സിലാക്കി അവിടേയ്ക്ക് കുതിച്ചു. സംഗതി തുറന്നിട്ടില്ല. സാധനം അന്യോഷിച്ചു വന്ന ഒന്നുരണ്ട് ഹതഭാഗ്യരും കുറ്റിബീഡിയും വലിച്ച് അവിടവിടെ നില്‍പ്പുണ്ട്. ടെന്‍ഷന്‍ മൂത്ത് ഞാന്‍ അടുത്ത സിഗററ്റും കൊളുത്തി. ഇതിനിടയില്‍ ബാറിന്റെ വാതില്‍ തുറന്ന്‍ ഒരുവന്‍ പുറത്ത് വന്നതും അവിടെ കൂടി നിന്നവര്‍ ഈച്ച പൊതിയുമ്പോലെ അവനെ വളഞ്ഞു. ഒപ്പം ഞങ്ങളും.

"പോയിട്ട് എട്ടര കഴിഞ്ഞ് വാ"

ആള്‍ അടുക്കണ ലക്ഷണമില്ല. പിന്നെ എന്തോ ദയനീയമുഖങ്ങളെ കണ്ടാവണം അയാള്‍ ബാറിനുള്ളിലേക്ക് പോയി ഒരുവനെ വിളിച്ചുണര്‍ത്തി സാധനമെടുത്തുതരാന്‍ നിര്‍ദ്ദേശിച്ചു. കണ്ണും തിരുമ്മിയെഴുന്നേറ്റുവന്ന ആ ഭീകരന്‍ ഞങ്ങള്‍ക്ക് ആവശ്യപ്പെട്ട ബ്രാന്‍ഡുകള്‍ തരികയും പണം വാങ്ങി പെട്ടിയിലിടുകയും ചെയ്തു. ഓള്‍ഡ് അഡ്മിറലിന്റെ ഒരു ഫുള്ളും ഒരു പൈന്റുമാണു വാങ്ങിയത്. ഫുള്ളിന്റെ കുപ്പി ഒരു മാതിരി ആട്ടുകല്ലുപോലെ ഉരുണ്ട് കൊഴുത്തിരിക്കുന്ന ഒന്നു. സാധനം സൂക്ഷിക്കുവാന്‍ കവറൊന്നുമില്ല. പുറത്തെ പെട്ടിക്കടയില്‍ നിന്നും ഒരു 50 പൈസാ പ്ലാസ്റ്റിക് കവര്‍ വാങ്ങി ഫുള്‍ ബോട്ടില്‍ അതില്‍ പൊതിഞ്ഞ്പിടിച്ചിട്ട് ഹാഫ് ബോട്ടില്‍ ഇടുപ്പില്‍ തിരുകി അതിവേഗം ബസ്റ്റാന്‍ഡിലേയ്ക്ക് നടന്നു. ഭഗവാനേ ബസ്സു പോയിക്കാണല്ലേ.


അഞ്ചുമിനിട്ട് പോലുമാകുന്നതിനുമുന്നേ ബസ്സ് ഇരച്ചുതുമിച്ച് മുന്നില്‍ വന്നു നിന്നു. ഭഗവാനേ ശാര്‍ക്കരഭരണിക്ക് ആളുമറിഞ്ഞുകിടക്കുന്നതുപോലെ അതില്‍ കയറുവാന്‍ ആളുകളുടെ പ്രളയം. ഈ ബസ്സ് പോയാല്‍ പിന്നെ അടുത്തത് കിട്ടാന്‍ മണിക്കൂറുകള്‍ വേണമെന്നതുകൊണ്ട് ഞങ്ങളും ഇടിച്ചു നൂഴ്ന്നുകയറി. ഭഗീരഥപ്രയത്നത്തിനൊടുവില്‍ ബസ്സിനുള്ളില്‍ കയറിപ്പറ്റി. കടന്നല്‍കൂടില്‍ കടന്നലുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നതുപോലെ ഫുഡ് ബോര്‍ഡില്‍ വരെ നിറഞ്ഞു കവിഞ്ഞു തൂങ്ങിക്കിടക്കുന്ന ജനം. ഭാഗ്യത്തിനു കമ്പിയില്‍ പിടിക്കേണ്ട ഗതികേട് വന്നില്ല. ഈ രീതിയില്‍ പോകുവാണെങ്കില്‍ ശരീരം അടുത്ത അരമണിക്കൂറിനുള്ളില്‍ പൊറോട്ടയ്ക്ക് മാവുകുഴച്ചതുപോലെയാകുമെന്നുറപ്പാണ്. എന്തായാലും വിതുരയൊക്കെയെത്തിയപ്പോള്‍ ബസ്സിനുള്ളില്‍ അല്‍പ്പം കാറ്റും വെളിച്ചവും കടക്കാന്‍ തുടങ്ങി. ഹൊ നിന്നു നിന്നു കാലുകഴയ്ക്കണൂ. പൊന്മുടി എത്തുന്നതിനിടയ്ക്ക് ഇരിക്കാനൊരു സീറ്റ് എന്നത് സ്വപ്നം മാത്രമായി കരുതിയാ മതി. ഈ തിരക്കിനിടയിലും സാധനം കൈവിടാതെ ശ്രദ്ധിച്ചിരുന്നു.

"അമ്മച്ചീ ഈ പൊതിയൊന്നു വച്ചേക്കുമോ"

കയ്യിലിരുന്ന ഫുള്ളിന്റെ പൊതി അജിത്ത് സീറ്റിലിരിക്കുവായിരുന്ന ഒരമ്മച്ചിയുടെ നേരെ നീട്ടി. അവരത് മേടിച്ചു മടിയില്‍ വച്ചു. 50 പൈസാ കീസില്‍ മെരുങ്ങാതെ തന്റെ ബോഡി പ്രദര്‍ശിപ്പിക്കുന്ന അഡ്മിറല്‍ ചേട്ടനെ ബസ്സിലുണ്ടായിരുന്ന ചിലര്‍ തുറിച്ചു നോക്കി. ഒപ്പം അജിത്തിനേയും. കള്ളുകുടിയ്ക്കാനായി പോകുകയാ​‍ണെന്ന്‍ നെറ്റിയില്‍ എഴുതി ഒട്ടിച്ചിരുന്നാല്‍ പോലും ഇത്രയും ആള്‍ക്കാര്‍ അറിയത്തില്ലായിരുന്നു.‍

കല്ലാറിന്റെ വശ്യസൌന്ദര്യം നോക്കിയിരിക്കുമ്പോള്‍ കണ്ണുകളില്‍ ചെറിയ ഉറക്കം തത്തിക്കളിക്കാന്‍ തുടങ്ങി. നിറഞ്ഞ പച്ചപ്പും സുഖദമായ തണുത്ത കാറ്റുമേറ്റ് യാത്ര ചെയ്യുമ്പോള്‍ ഉറക്കം കണ്ണിനെ പ്രണയിച്ചില്ലെങ്കിലേയുള്ളൂ അതിശയം. മല കയറിത്തുടങ്ങിയതോടെ ഉത്സാഹത്തോടെ ഞങ്ങള്‍ പുറം കാഴ്ചകളിലേയ്ക്ക് കണ്ണോടിച്ചു. വളരെയൊന്നും വീതിയില്ലാത്ത റോഡ് തേയിലത്തോട്ടങ്ങള്‍ക്ക് മധ്യത്തിലൂടെ വെള്ളിയരഞ്ഞാണം പോലെ നീണ്ടു നിവര്‍ന്നു കിടക്കുന്നു.  മുരള്‍ച്ചയോടെ മല കയറുന്ന ബസ്സ്. കുറച്ചുകൂടി ദൂരം പിന്നിട്ടപ്പോള്‍ ഒരു എസ്സ്റ്റേറ്റിന്റെ മുന്നില്‍ കുറച്ചാള്‍ക്കാര്‍ കെട്ടും ചുമടുമായൊക്കെയിറങ്ങി. ആശ്വാസത്തോടെ സീറ്റിലേയ്ക്ക് വീഴുകയായിരുന്നു ഞങ്ങള്‍. കണ്ണിനെ കുളിരണിയിക്കുന്ന നയനമനോഹരദൃശ്യങ്ങള്‍. ദൂരെ മലനിരകളെ പൊതിഞ്ഞ് മഞ്ഞിന്റെ പടലങ്ങള്‍. കാട്ടിനുള്ളില്‍ നിന്നും പക്ഷികളുടേയും മറ്റും ഒച്ചയനക്കങ്ങള്‍. തണുത്തകാറ്റ്. ഹെയര്‍പിന്‍ വളവുകളില്‍ ബസ്സ് പണിപ്പെട്ട് കയറുമ്പോള്‍ അറിയാതൊന്ന്‍ നെഞ്ചില്‍ കൈവച്ചുപോകും. ഒരു വശത്ത് അത്യഗാധമായ കൊക്കയാണ്. മറുഭാഗത്ത് തേയിലത്തോട്ടങ്ങളും.


പൊന്മുടി ഗസ്റ്റ് ഹൌസിനു മുന്നില്‍ ഞങ്ങളിറങ്ങി. നല്ല തണുപ്പ്. ധാരാളം ആള്‍ക്കാരുണ്ട്. ഞങ്ങള്‍ അല്‍പ്പസമയം അവിടെയൊക്കെ ചുറ്റിക്കറങ്ങി നടന്നിട്ട് പൊന്മുടി എന്‍ഡിലേക്ക് നടക്കാനാരംഭിച്ചു. രണ്ടു രണ്ടരകിലോമീറ്റര്‍ ഉണ്ട് അവിടേയ്ക്ക്. ആ തണുപ്പില്‍ മഞ്ഞിന്‍ പാളികള്‍ക്കുള്ളില്‍ കൂടി നടന്നില്ലെങ്കില്‍ പിന്നെന്തു രസം. ഞങ്ങള്‍ക്ക് മുന്നിലായി നിരവധി ആള്‍ക്കാര്‍ നടന്നുപോകുന്നുണ്ട്. കുറച്ച് മല കയറിക്കഴിഞ്ഞപ്പോള്‍  ഒരിടത്തായി ഞങ്ങളിരുന്നു. അതെ പരിപാടികള്‍ ആരംഭിക്കുവാന്‍ പോകുകയാണു.വാളുവയ്ക്കാതിരിക്കുവാന്‍ സകലമാന ദൈവങ്ങളേം മനസ്സില്‍ ധ്യാനിച്ച് ബോട്ടില്‍ പൊട്ടിച്ച് 4 പ്ലാസ്റ്റിക് ഗ്ലാസ്സുകളിലായി ചരക്കൊഴിച്ചു. സിഗററ്റുകള്‍ എരിഞ്ഞുതീരുകയും ഗ്ലാസുകള്‍ ഒഴിഞ്ഞുതീരുകയും ചെയ്തുകൊണ്ടിരുന്നു. ആവേശം ഉച്ചിയില്‍ കയറിയ കുലു ഒരു പാറപ്പുറത്ത് ചാടിക്കയറി ഏതോ ഒരു തമിഴ് പാട്ട് അലറിപ്പാടി. റോഡേ പോകുന്നവര്‍ ഞങ്ങളെത്തന്നെ നോക്കുന്നുണ്ടായിരുന്നു.

ലഹരി തലയില്‍ ചെറിയ പീലിവിരിച്ചുതുടങ്ങിയപ്പോള്‍ ഞാന്‍ പാറപ്പുറത്ത് മലര്‍ന്നുകിടന്നു. ഈ സമയം രണ്ട് ഡ്യൂട്ടീഗാര്‍ഡുകള്‍ ഞങ്ങളിരുന്നിടത്തേയ്ക്ക് വന്നു. കാക്കിയൂണിഫോം കണ്ടതും കുടിച്ച ലഹരിയൊക്കെ ഏതു വഴിപോയീന്നറിയില്ല.

"എന്താടായിവിടെ"

ഞങ്ങളേയും മുന്നില്‍ നിരന്നിരിക്കുന്ന അസംസ്കൃതവസ്തുക്കളേയും നോക്കിയിട്ട് ഒരു രൂക്ഷ ചോദ്യം. ഞങ്ങളുടെ ഭയന്ന മൌനത്തില്‍ നിന്നും എല്ലാം വായിച്ചെടുത്ത അവര്‍ കൂടുതല്‍ വിരട്ടിയില്ല. അവിടെ കുപ്പിയൊന്നുമുടച്ചിടരുതെന്ന്‍ പറഞ്ഞിട്ട് കള്ളു കുടിച്ച് ഇത്ര ചെറുതിലേ കൂമ്പ് വാട്ടണ്ട എന്നൊരുപദേശം കൂടി തന്നിട്ട് മെല്ലെ മുകളിലേയ്ക്ക് നടന്നുപോയി.
കൂമ്പുള്ളവരുടേതേ വാടൂ എന്നറിയാത്ത സില്ലി ഗാര്‍ഡ്സ്. വലിച്ചുകൊണ്ടിരുന്ന സിഗററ്റ് തീര്‍ന്നതും ഞങ്ങള്‍ എല്ലാം പൊതിഞ്ഞെടുത്ത് വീണ്ടും നടത്തമാരംഭിച്ചു. റോഡ് അളന്നളന്നുള്ള നടത്തം.


പൊന്മുടി എന്‍ഡ് എന്നറിയപ്പെടുന്ന ഭാഗത്ത് സാമാന്യം നല്ല തിരക്കുണ്ട്. മിക്കതും ഫാമിലികള്‍. നാളുപാടും നിറഞ്ഞു തലയുയര്‍ത്തിനില്‍ക്കുന്ന മലകളുടെ നെറുകയെ ചുംബിച്ച് മഞ്ഞിന്‍ പാളികള്‍ ഒഅഴുകിപ്പരക്കുന്നത് കാണുവാന്‍ തന്നെ എന്തൊരു ഭംഗി.  സുഖദമായ തണുപ്പില്‍ കഴിച്ച ലഹരിയൊക്കെ മഞ്ഞിനൊപ്പം പോയതുപോലെ. വെള്ളമാണെങ്കില്‍ തീരാറായിരിക്കുന്നു. ഇനി മേടിക്കണമെങ്കില്‍ താഴെപ്പോകണം. ഈ സമയം കുലുവാണത് കണ്ടുപിടിച്ചത്. ഒരു പാറയുടെ മറവിലായിരുന്നു വീശുന്ന രണ്ടു പേര്‍. ഞങ്ങള്‍ പതിയെ അവരുടെ അടുത്തേയ്ക്ക് നടന്നു. ആദ്യം ചോദ്യഭാവത്തില്‍ അവര്‍ ഒന്നു നോക്കിയെങ്കിലും പിന്നെ കുടിയമ്മാരുടെ വട്ടമേശസമ്മേളനമായിതീരുവാന്‍ സമയമധികമെടുത്തില്ല. അതിലൊരാള്‍ കൊല്ലം ഫാത്തിമാമാതാ കോളേജിലെ ലക്ചറര്‍ എന്നാണു പറഞ്ഞ്ത്. ആ ഒരു ലുക്ക് ആശാനുണ്ട്. അപരന്‍ കൃഷിവകുപ്പിലോ മറ്റോ ആണു.

വെള്ളമടിയുടെ മൂര്‍ദ്ധന്യത്തില്‍ അജിത്തോ മറ്റോ ആണു ബ്രൈമൂറില്‍ പോയാലോയെന്ന്‍ ചോദിച്ചത്. വനത്തിനുള്ളിലുള്ളൊരു സ്ഥലമാണത്. ഒരെസ്റ്റേറ്റും മറ്റുമൊക്കെയവിടുണ്ട്. പണ്ട് ഞാന്‍ പൊന്മുടിയില്‍ വന്നിട്ടുള്ളപ്പോള്‍ അവിടെ പോയിട്ടുണ്ടെന്നും വെള്ളച്ചാട്ടമൊക്കെയുണ്ട് അസാധ്യഭംഗിയാണെന്നുമൊക്കെ കത്തിയടിച്ചിട്ടുള്ളത് ഓര്‍ത്തെടുത്തതാണു പിശാശ്. ഞാന്‍ പോയിട്ടില്ലാന്നെനിക്കല്ലേയറിയൂ. നമ്മുടെ പുതിയ ചങ്ങാതിമാര്‍ക്കും ഹരം കയറി. കൃഷി ആപ്പീസര്‍ മുമ്പ് പോയിട്ടുണ്ടത്രേ. അയാള്‍ക്ക് വഴിയൊക്കെ കൃത്യമായറിയാം.മാത്രമല്ല അവിടെ നിന്നും വൈകിട്ട് 5 മണിക്ക് പാലോട് പോകുവാനൊരു ബസ്സുമുണ്ട്. പൊന്മുടിയില്‍ നിന്നാണെങ്കില്‍ രണ്ടുമണിക്കുള്ളില്‍ പോണം. എന്തായാലും ബ്രൈമൂറില്‍ പോകുക എന്നത് ഫിക്സ് ചെയ്ത് വെള്ളമടി നിര്‍ത്തി പെറുക്കിക്കെട്ട് ഞങ്ങള്‍ യാത്രയാരംഭിച്ചു. സമയം പതിനൊന്നാകാന്‍ പോകുന്നു. താഴെ പോയി ആവശ്യത്തിനു വെള്ളവും കഴിക്കുവാന്‍ അല്‍പ്പം ചെറിയ ഐറ്റംസുമൊക്കെ വാങ്ങി ഞങ്ങള്‍ ദൌത്യമാരംഭിച്ചു.

മലയടിവാരത്തിലൂടെ നടന്നുനടന്ന്‍ വനത്തിലേയ്ക്ക് പ്രവേശിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികളുടെ വരവുപോക്കുമൂലം തെളിഞ്ഞുകിടക്കുന്ന കാനനപാത. നല്ല ബഹളമൊക്കെയുണ്ടാക്കിക്കൊണ്ട് ഞങ്ങളങ്ങിനെ പോകവേ എതിരേ വന്ന ഒരു തോട്ടം തൊഴിലാളി ഞങ്ങളോടെ സൂക്ഷിച്ചുപോണം ഒരൊറ്റയാനിറങ്ങിയിട്ടുണ്ടെന്ന്‍ പറയുകയുണ്ടായി. ഒറ്റയാനല്ല സിംഹം വന്നാലും വാലേപ്പിടിച്ചു നിലത്തടിയ്ക്കുമെന്നുള്ള ഭാവത്തില്‍ ഞെളിഞ്ഞുനടക്കുന്ന ചെക്കമ്മാര്‍ അതുണ്ടോ മൈന്‍ഡ് ചെയ്യുന്നു. എന്തായാലും ഞാന്‍ നാലുപാടും സൂക്ഷിച്ചു നോക്കിയാണു നടന്നുകൊണ്ടിരുന്നത്. കൊടും വനത്തിലൂടെ നടക്കുമ്പോള്‍ ഭയത്തിന്റെ ഒരനുഭൂതിയൊക്കെയുണ്ട്. തോട്ടടുത്ത് നിന്ന്‍ ചിലപ്പോള്‍ ഇലകളും മറ്റുമൊക്കെയിളക്കിമറിച്ച് കുരങ്ങനൊക്കെ ചാടിത്തുള്ളുമ്പോല്‍ പേടിച്ചു വിറച്ചുപോകും. പലതരം പക്ഷികളുടെ കൊഞ്ചല്‍ നാദങ്ങള്‍ കാടിന്റെ സംഗീതം  മഞ്ഞിന്റെ തണുപ്പ് ഇലച്ചാര്‍ത്തുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങിവരുന്ന സൂര്യപ്രകാശം. ആര്‍ക്കും കവിതയെഴുതുവാന്‍ തോന്നും.

"സാറേ ഇനി ഒരുപാടു ദൂരമുണ്ടോ"

കുലു ലക്ചററെ തോണ്ടിവിളിച്ചു ചോദിച്ചു.

"ങ്..ഹാ കൊറച്ചുണ്ട്. എന്താ മടുത്തോ"

അല്‍പ്പം ഇഴയുന്ന ശബ്ദത്തില്‍ കൃഷിയാപ്പീസര്‍ മറുപടി നല്‍കി. വീണ്ടും നടത്തം. ഏകദേശമൊരുമണിക്കൂര്‍ കഴിയാറായപ്പോള്‍ ഞങ്ങള്‍ വനത്തിനുള്ളില്‍ നിന്നും ഒരു തേയിലത്തോട്ടത്തിലേയ്ക്ക് പ്രവേശിച്ചു. മനോഹരമായ കാഴ്ച. സ്വര്‍ണ്ണ രശ്മികള്‍ പോലെ സൂര്യപ്രകാശം പതിക്കുന്നു. ഒരുവശത്ത് രണ്ട് വലിയ മലകള്‍ കെട്ടിപ്പിടിച്ചതുപോലെ നില്‍ക്കുന്നു.എതിര്‍വശത്തായി ഘോരവനവും. അവിടെ ഒരു പാറക്കല്ലേലിരുന്ന്‍ വെള്ളവും മറ്റുമൊക്കെക്കുടിച്ചു. സാറമ്മാര്‍ ബാഗില്‍ നിന്നും വീണ്ടുമൊരു കുപ്പി റിലീസ് ചെയ്തു. കപ്പാസിറ്റി കുറവായതിനാല്‍ ഞാന്‍ ഒരു സിഗററ്റ് മാത്രം കത്തിച്ചു. പെട്ടന്നാണ് ഞാനത് കണ്ടത്. ചെരുപ്പില്‍ നിറയെ ചോര. ഒരാന്തലോടെ ഞാന്‍ പാന്റുയര്‍ത്തി കാല്‍പ്പാദത്തിലേയ്ക്ക് നോക്കി. രണ്ട് അട്ടക്കഴുവേറികള്‍ കടിച്ചുപിടിച്ചിരിക്കുന്നു. തട്ടിനോക്കിയിട്ടൊന്നും പോകുന്നില്ല. ഞാന്‍ വലിച്ചുപറിച്ചുകളഞ്ഞു. ഒരല്‍പ്പം പോലും വേദന എനിക്കനുഭവപ്പെട്ടില്ല എന്നതാണു വാസ്തവം. എല്ലാവരും പാന്റൊക്കെ തട്ടിക്കുടഞ്ഞപ്പോള്‍ ശിക്ഷതന്നെ.സകലമാനപേരേം അട്ട ആക്രമിച്ചിട്ടുണ്ട്. കൃഷി ആപ്പീസര്‍ ഒരു ലൈറ്ററെടുത്ത് കത്തിച്ച് കടിച്ചുപിടിച്ചിരിക്കുന്ന അട്ടയുടെ അടുത്തുകൊണ്ടുവന്നപ്പോള്‍ അവ പിടിവിട്ടു. രക്തമൊക്കെ തുടച്ചുകളഞ്ഞ് കുടിയും വലിയുമൊക്കെ പൂര്‍ത്തിയാക്കി ഞങ്ങള്‍ വീണ്ടും നടപ്പാരംഭിച്ചു.



തേയിലതോട്ടം ഞങ്ങളുടെ പുറകിലായപ്രത്യക്ഷമാകുകയും വീണ്ടും വനത്തിലേയ്ക്ക് കയറുകയും ചെയ്തു. വളരെയേറേ നേരം നടന്നിട്ടും കണ്മുന്നില്‍ വന്മരങ്ങള്‍ മാത്രം. വിശന്നുതുടങ്ങിയിരിക്കുന്നു. ഒപ്പം തളര്‍ച്ചയും. വാച്ചിലെ സൂചി ഒന്ന്‍ രണ്ട് മൂന്ന്‍ എന്നിങ്ങനെ ശരവേഗത്തിലോടുന്നു. സമയം വൈകുന്നതിന്റെ സൂചനയെന്നോണം മൊത്തം ഒരു ഇരുട്ട് പരക്കാന്‍ തുടങ്ങിയിരിക്കുന്നു.

"എത്താറായില്ലേ സാറേ"

അസ്വസ്ഥതയോടെ ദീപുവും കുലുവും ഞങ്ങളുടെ ചങ്ങാതിമാരോട് ചോദ്യമെറിഞ്ഞു.

"വഴി തെറ്റിയോ ആവോ"

കൃഷിയാപ്പീസര്‍ ആരോടെന്നില്ലാതെ പറഞ്ഞു

"കൊല്ലും ഞാന്‍ "

കുലു അലറിക്കൊണ്ട് തിരിഞ്ഞു നിന്നു. അവനെ ആശസിപ്പിച്ച് എല്ലാവരും വേഗത്തില്‍ നടക്കാന്‍ തുടങ്ങി. അഞ്ചുമണിക്കുമുന്നേ ബ്രൈമൂര്‍ എസ്റ്റേറ്റില്‍ എത്തിയില്ലെങ്കില്‍ പിന്നെ ആകെ കുഴപ്പമാകും. ആഞ്ഞുനടന്ന ഞങ്ങള്‍ ഒരു വലിയ റബ്ബര്‍ എസ്റ്റേറ്റിനുള്ളില്‍ എത്തപ്പെട്ടു. എവിടെ നോക്കിയാലും റബ്ബര്‍ മരങ്ങള്‍ മാത്രം. മുന്നോട്ട് തന്നെ നടത്തമാരംഭിച്ചു. നാലുമണികഴിഞ്ഞിരിക്കുന്നു. കാലൊക്കെ അസാധ്യമായി കഴയ്ക്കുവാനും വേദനിക്കുവാനും തുടങ്ങിയിരിക്കുന്നു. കുറേയേറെ ചെന്നപ്പോള്‍ അങ്ങ് താഴെയായി ചെറിയ കൂരകള്‍ പോലെ ചിലത് കണ്ണില്‍പ്പെട്ടു. പുകയുമുയരുന്നുണ്ട്. സന്തോഷത്താല്‍ ഞങ്ങള്‍ ആര്‍ത്തു വിളിച്ചു. ഞങ്ങള്‍ നില്‍ക്കുന്നത് വളരെയേറെ ഉയരത്തിലാണു. പിന്നൊന്നും നോക്കിയില്ല താഴേയ്ക്ക് കുതിക്കുകയായിരുന്നു. ഓരോ തട്ടിറങ്ങുമ്പോഴും കുലു ലക്ചററേയും കൃഷി ആപ്പീസറേയും പൂരം പോലെ തെറിയഭിഷേകം നടത്തുന്നുണ്ടായിരുന്നു. പാവങ്ങള്‍ ഒരക്ഷരം മിണ്ടാതെ തലയും കുനിച്ച് കുന്നിറങ്ങിക്കൊണ്ടിരുന്നു. റബ്ബര്‍ മരങ്ങള്‍ക്കിടയിലൂടെ ഓരോ തട്ടുകളും ചാടിച്ചാടി താഴ്ചയിലേയ്ക്കൊരു സഞ്ചാരം. അരമണിക്കൂറിനുളള്ളില്‍ ഞങ്ങള്‍ അങ്ങിനെ താഴെയെത്തി. അവിടെ കണ്ട ഒരു ചാലില്‍ നിന്നും നന്നായി മുഖവും കൈകാലുകളും കഴുകി. ഐസ് തോറ്റുപോകുന്ന തണുപ്പ്. മുന്നില്‍ കണ്ട കെട്ടിടത്തിനടുത്തേയ്ക്ക് ചെന്നപ്പോള്‍ ബീഡിയും പുകച്ചിരുന്ന ഒരാളെകണ്ടു. ബസ്സ് പോയിട്ടില്ല എന്നറിഞ്ഞപ്പോല്‍ പകുതി ആശ്വാസമായി. പിന്നെ അവിടെതന്നെയുണ്ടായിരുന്ന ഒരു കൊച്ചു ചായക്കടയില്‍ നിന്നും ചായയും ബണ്ണുമൊക്കെ വാങ്ങിത്തിന്നു. അഞ്ചുമണിയായപ്പോള്‍ ബസ്സു വരുകയും അതില്‍ കയറി പാലോട് ഇറങ്ങുകയും അവിടെ നിന്നു ആറ്റിങ്ങള്‍ ബസ്സുപിടിച്ച് രാത്രി എട്ടരയോടടുപ്പിച്ച് നാടുപിടിക്കുകയും ചെയ്തു.


സംഭവബഹുലമായ ഒരു യാത്ര അങ്ങിനെ പര്യവസാനിച്ചു. അട്ട കടിച്ചിടമൊക്കെ പിറ്റേന്നുമുതല്‍ ചൊറിഞ്ഞുപറിഞ്ഞു നാശകോശമായി ആശുപത്രിയില്‍ വരെ പോകേണ്ടി വന്നതു ചരിത്രം.

(ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും അടിച്ചുമാറ്റിയതാണു...)

ശ്രീക്കുട്ടന്‍


21 comments:

  1. ഒരു പകല്‍ മുഴുവന്‍ വനത്തിലലഞ്ഞുതിരിഞ്ഞ് അനുഭവിച്ച് ചീട്ടുകീറിയ നാലും ചെറുപ്പക്കാരുടേം പിന്നെ രണ്ട് ഇബ്ലീസുകളുടേയും കദനത്തിന്റെ തികച്ചും സത്യസന്ധമായ പുളുവാവിഷ്ക്കാരം..അര്‍മ്മാദിക്കുവിന്‍..

    ReplyDelete
  2. കൊള്ളാം...പുലിയൊന്നും പിടിചില്ലല്ലോ :) മദ്യപാനവും മദ്യപാനികളെയും ഇഷ്ടല്യ.

    ReplyDelete
    Replies
    1. മദ്യപാനത്തിന്റെ ദൂക്ഷ്യങ്ങള്‍ പിച്ചവച്ച് നടന്നുതുടങ്ങുമ്പോല്‍ തന്നെ അനുഭവിക്കുകയും അറിയുകയും കാണുകയും ചെയ്ത് വളര്‍ന്ന ഒരുവനാണു ഞാന്‍. ചില കാരണങ്ങളാള്‍ ഇടയ്ക്ക് ആ ചെയ്ത്തുകളിലേയ്ക്ക് ആണ്ടുപോയെങ്കിലും ഇപ്പോള്‍ നേര്‍വഴിക്കാണു നടക്കുന്നത്. എന്നുകരുതി പരിശുദ്ധ പുണ്യാളനൊന്നുമായിട്ടില്ല. പക്ഷേ നിലയ്ക്ക് നിര്‍ത്താനറിയാം..

      Delete
  3. അട്ടയെ വിടീക്കാന്‍ ലൈറ്റര്‍ കത്തിച്ച്ചപ്പോള്‍ ത്തെ പിടിക്കാഞ്ഞത് ഭാഗ്യം. കേട്ടിടത്തോളം ഫുള്‍ ടാങ്ക് ആയിരുന്നല്ലോ എല്ലാവരും.
    ഗ്രാമത്തിന്റെ ഭംഗിയും, ഒരമ്മകളും ഭാഷയിലും കാണുന്നു ശ്രീകുട്ടാ.. അഭിനന്ദനങ്ങള്‍..

    ReplyDelete
  4. ഉം ,യാത്ര നിങ്ങള്‍ ആസ്വദിച്ചുവെങ്കിലും എനിക്ക് ആസ്വദിക്കാനായില്ല..ഒരു പക്ഷെ കാഴ്ചകളെക്കാള്‍ വെള്ളമടി ചരിതത്തിനു ഊന്നല്‍ നല്കിയതിനലാവാം ,,,

    ReplyDelete
  5. ഇതൊരു യാത്രാവിവരണമൊന്നുമല്ല. പത്തു പന്ത്രണ്ട് കൊല്ലങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം എങ്ങിനെ അടിച്ചുതിമിര്‍ക്കാമെന്ന്‍ ചിന്തിച്ചുകൂട്ടിയതിന്റെ ബാക്കിപത്രം. പിന്നെ മേമ്പൊടിക്കായി കൊറച്ച് ചിത്രങ്ങളിട്ടെന്നേയുള്ളൂ. സംഗതി വാസ്തവമായിരുന്നു.

    ReplyDelete
  6. അട്ട കടിച്ച മുറിവ് ഉണങ്ങിയോ..... എന്തായാലും നല്ലൊരു യാത്രയായിരുന്നു.... ആശംസകള്‍ ...

    ReplyDelete
  7. മോഡേണ്‍ ടൂര്‍ അടിപൊളിയായി വിശദീകരിച്ചു. നന്നായി ആസ്വദിച്ചു. രസിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  8. ഇവിടൊരു മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരം എന്ന ബോർഡ് വേണ്ടിയിരിക്കുന്നു. എഴുത്ത് രസായി

    ReplyDelete
  9. ആ അമ്മച്ചി ഓള്‍ഡ്‌ അഡ്മിറല്‍ എടുത്തടിച്ചിരുന്നേല്‍ ഇതുവല്ലോം നടക്കുമായിരുന്നോ?
    വായിച്ചിട്ട് പൊന്‍‌മുടിയില്‍ ഒന്നര്‍മാദിക്കാന്‍ മോഹം അളിയാ...

    ReplyDelete
    Replies
    1. ധൈര്യമായി കേട്യോളുമായി പൊയ്ക്കോ മച്ചാ. ഊട്ടിയിലൊക്കെ എന്നാത്തിനാ പോകുന്നേ...

      Delete
  10. ഞാനിത് വായിച്ച് മനസ്സിൽ വന്ന് കമന്റെഴുത്വാ കുട്ടേട്ടാ,

    എന്ത് മുടിക്കാ ങ്ങള് പൊന്മുടീ പോയീ ? കുടിക്കാനോ,പൊന്മുടി കാണാനോ ? ആകെ കുടിമയം,
    കള്ള് കുടിവിശേഷത്തിന് കൂടുതൽ പ്രാധാന്യം കൊടുത്ത പോലൊരു തോന്നൽ,യ്ക്കങ്ങ്ട് ഗുമ്മായില്ലാ.
    ആ പിന്നെ കുടിയന്മാരല്ലെ കുടിയന്മാർക്ക് അടി കിട്ടീലെങ്കി,അട്ട കടിക്കും ന്ന് പറയുന്നത്
    ചുമ്മാതല്ല. ആശംസകൾ.

    ReplyDelete
    Replies
    1. ഡാ മനുവേ,

      ഇതു യാത്രാവിവരണമൊന്നുമല്ലെടാ.. പക്കാ വെള്ളമടിവിവരണമാ..നീ ക്ഷമിച്ചുകള...

      Delete
  11. അടുത്ത യാത്ര ഒരു വണ്ടി വിളിച്ചിട്ടു പോണേ...

    ReplyDelete
  12. നന്നായി എഴുതിയിട്ടുണ്ട് ..പൊന്‍‌മുടിയില്‍ ഒരിക്കലെ പോയിട്ടുള്ളൂ..
    അതൊക്കെ ഓര്‍ത്തു..അട്ട ഒരു വലിയ പ്രശ്നം തന്നെയാ അല്ലെ?ഹിഹിഹി..
    എന്നാലും..ആ നടപ്പ് നേരെ നടന്നിരുന്നെങ്കില്‍ ഇങ്ങു വീട്ടില്‍ എത്ത്ത്താമായിരുന്നല്ലോ..hihihi..

    ReplyDelete
  13. നന്നായി.പക്ഷെ ഈ ചിത്രങ്ങള്‍ തീരെ ചെറുതായതെന്തേ

    ReplyDelete
    Replies
    1. ചേച്ചീ. ഇതൊരു യാത്രാവിവരണമൊന്നുമല്ല. ചെറുപ്പത്തിലെ ഒരു അടിച്ചുപൊളി. പോയതു പൊന്മുടിയിലേക്കായതുകൊണ്ട് നെറ്റില്‍ നിന്നും ചില ചിത്രങ്ങള്‍ തപ്പിയെടുത്തതാണ്. ഇതായിരുന്നു സൈസ്..

      Delete
  14. അഎതയാലും കൊള്ളാം യാത്ര.... വെറുതെ മനുഷ്യനെ കൊതിപ്പിക്കാന്‍..

    ReplyDelete
  15. ചേ പ്രതീക്ഷ ഒക്കെ അസ്ഥാനത് ആയി
    ഒറ്റയാന്‍ വരുമെന്നും അടിച്ചവെള്ളം
    കാലു വഴി മുള്ളുമെന്നും എന്നൊക്കെ കരുതി

    ReplyDelete
  16. അട്ട കടിച്ചാല്‍ പിടിച്ചു പറിക്കരുത് എന്നറിയില്ലേ? കാട്ടിലേക്ക് കയറൂന്നതിന്റെ മുമ്പ് എന്റെ മര്ര്‍ഗനിര്ധേശങ്ങള്‍ വായിക്കാത്തതിന്റെ കുഴപ്പമാണ്
    http://chithravaramb.blogspot.com/2012/09/blog-post_8.html
    ഇനി കാട്ടില്‍ പോകുന്നതിന്റെ മുംബ് ഇത് വായിചേക്ക്

    ReplyDelete