പിന്‍ഗാമി...
അന്ന്‍.......
മുറ്റത്ത് ചിതറിക്കിടക്കുന്ന ചോറിലും ഉടഞ്ഞ മണ്‍പാത്രക്കഷണങ്ങളിലും മാറിമാറിനോക്കിയ അവന്‍ ഇറയത്തൊരുമൂലയിലായിരുന്നു കരഞ്ഞു മൂക്കുപിഴിക്കുന്ന അമ്മുമ്മയുടെ അടുത്തേയ്ക്ക് ഇഴഞ്ഞുചെന്നു. അകത്തെന്തോക്കെയോ പൊട്ടിച്ചിതറുന്നതും അച്ഛന്റെ അലര്‍ച്ചയും അമ്മയുടെ നിലവിളിയുമെല്ലാം എന്തിനായിരുന്നെന്ന്‍ അവനു മനസ്സിലാകുന്ന പ്രായമായിരുന്നില്ല. സന്ധ്യകളില്‍ ആടിയാടി ഉടുമുണ്ടൊക്കെ വാരിപ്പിടിച്ച് ആരോടെങ്കിലുമൊരുമിച്ച് കയറിവരുന്ന അച്ഛനെ പേടിയോടെയാണവന്‍ നോക്കിയിരുന്നത്. അവന്റെ കരച്ചിലുകളേക്കാള്‍ അവന്റെ അമ്മയുടെ കരച്ചിലാണവിടെ നിന്നും മുഴങ്ങിക്കേട്ടുകൊണ്ടിരുന്നത്.
ഇന്നും അവന്റെ അമ്മയുടെ കരച്ചില്‍ നിന്നിട്ടില്ല. അച്ഛന്റെ സ്ഥാനത്ത് മകനായി എന്ന വ്യത്യാസം മാത്രം കാലം ബാക്കിയാക്കി...
പ്രണയം....
"ഇന്നു ഞാനെന്തായാലുമവളെ ഇഷ്ടമാണെന്നു തുറന്നവളോട് പറയുമളിയാ"
"ധൈര്യമായി പറയൂ".
ഞാന്‍ ആത്മധൈര്യം നല്‍കി. ട്യൂഷന്‍ കഴിഞ്ഞ് അവള്‍ വീട്ടിലേയ്ക്ക് വരുന്ന വഴിയിലൊരിടത്തായി ഞങ്ങള്‍ നിന്നു. അവളുടെ അടുത്തേയ്ക്ക് ഞാനവനെ പറഞ്ഞയച്ചിട്ട് ഒരു മറവിലൊളിച്ചു. തലയെത്തിച്ച് നോക്കിയപ്പോള്‍ അവള്‍ക്കടുത്തേയ്ക്ക് ചെല്ലുന്ന കൂട്ടുകാരനെ കണ്ട് ഞാന്‍ സന്തോഷിച്ചു. ഒരു രണ്ടുനിമിഷം കഴിഞ്ഞപ്പോള്‍ തെറ്റില്ലാത്ത ഒരൊച്ച ഞാന്‍ കേട്ടു. കുറച്ചുകഴിഞ്ഞ് കവിളില്‍ മെല്ലെ കൈതടവി വരുന്ന കൂട്ടുകാരനെ കണ്ടപ്പോള്‍ അവന്‍ തന്റെ പ്രണയം തുറന്നു പറഞ്ഞു എന്നു ഞാനുറപ്പിച്ചു..
നഷ്ടബോധം...
തുറന്നുപിടിച്ച വാതിലില്‍ തന്നെ നില്‍ക്കുന്ന അവളെ ഒന്നു പാളി നോക്കിയിട്ട് അവന്‍ കൈ കഴുകുന്നത് തുടര്‍ന്നു.
"നിന്നെ ഭയന്നാണ് ഞാന്‍ വാതില്‍ തുറന്നു പിടിച്ചു നില്‍ക്കുന്നത്"
ഒച്ചകുറച്ചവള്‍ പറഞ്ഞപ്പോള്‍ അവനാദ്യം അമ്പരപ്പാണുണ്ടായത്.
"നീ ഭയക്കണ്ട.ആ കാര്യത്തില്‍ ഞാന്‍ വെറുമൊരു തിരുമണ്ടനാണ്"
ദീര്‍ഘനിശ്വാസം വിട്ടുകൊണ്ടവന്‍ മെല്ലെ പറഞ്ഞു. ആ സമയം അവളുടെ മുഖത്തലയടിച്ചതെന്തു വികാരമായിരുന്നു. അവളെക്കടന്ന്‍ പുറത്തേയ്ക്ക് നടക്കുമ്പോള്‍ അവന് നഷ്ടബോധം അനുഭവപ്പെടുന്നുണ്ടായിരുന്നു...
മകള്‍....
സ്കൂള്‍ ഫസ്റ്റായി ജയിച്ചുകയറിയപ്പോള്‍ അയാള്‍ സ്വന്തം മകളെക്കുറിച്ചോര്‍ത്ത് അഭിമാനിച്ചു. പട്ടണത്തിലെ മുന്തിയ കോളേജില്‍ അവള്‍ക്ക് അഡ്മിഷന്‍ കിട്ടിയപ്പോള്‍ അയാള്‍ കുറച്ചുകൂടി പിശുക്കനായി തീര്‍ന്നു. പഠിച്ചു വല്യ നിലയിലെത്താന്‍ പോകുന്ന മകളെക്കുറിച്ച് അയാള്‍ പലരോടും വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു.ഒരുദിനം പോലീസുകാരുടെ മുന്നില്‍ നാലഞ്ചുചെറുപ്പക്കാര്‍ക്കൊപ്പം തലകുനിച്ചുനില്‍ക്കുന്ന മകളെക്കണ്ടപ്പോള്‍ അയാളുടെ ചുണ്ടുകള്‍ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു. പത്രത്താളുകളിലും ടീവിയിലുമെല്ലാം മകളെക്കുറിച്ച് വന്നുകൊണ്ടിരുന്ന കഥകള്‍ കണ്ടിട്ട് കുശലപ്രശ്നം നടത്തുവാനെത്തുന്നവരുടെ മുന്നില്‍ നിന്നും എങ്ങോട്ടെന്നില്ലാതെ അയാള്‍ ഓടിയൊളിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഒരു മരക്കൊമ്പില്‍ ശരീരം തൂങ്ങിയാടുമ്പോള്‍ ആ മുഖത്ത് എന്തു വികാരമായിരുന്നു...ആര്‍ക്കറിയാം...
സദാചാരവാദികള്‍...
"നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ എന്നെ കല്ലെറിയുവിന്‍"
തന്നെ വലയം ചെയ്തുകൊണ്ടിരിക്കുന്നവരെ നോക്കി അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു. അതുകേട്ട് തന്നെ തല്ലാനടുക്കുന്നവര്‍ പിന്മാറുമെന്ന്‍ അയാള്‍ക്ക് പൂര്‍ണ്ണ നിശ്ചയമുണ്ടായിരുന്നു. എന്നാല്‍ ആ കൂട്ടത്തിലൊരാളും വിശ്വാസിയായിട്ടുണ്ടായിരുന്നില്ല. സദാചാരവാദികള്‍ മാത്രമേയുണ്ടായിരുന്നുള്ളൂ..
ബാക്കി ചിന്ത്യം...
പിണക്കം...
ഒരേ ടേബിലിന്റെ ഇരുവശങ്ങളിലുമായിരിക്കുമ്പോഴും അവരുടെ മധ്യത്ത് കിലോമീറ്ററുകളുടെ ദൂരമനുഭവപ്പെടുന്നുണ്ടായിരുന്നു. എന്തിനായിരുന്നു പിണങ്ങിയെതെന്നവനും അവള്‍ക്കും നിശ്ചയമുണ്ടായിരുന്നില്ല. പിണക്കം മറന്ന്‍ ഒരുവട്ടം അവളൊന്നു മിണ്ടിയിരുന്നെങ്കില്‍ അല്ലെങ്കില്‍ ഒന്നു പുഞ്ചിരിച്ചിരുന്നുവെങ്കില്‍ എന്ന്‍ അവന്‍ ആത്മാര്‍ഥമായുമാഗ്രഹിച്ചു. അവളുടെയുള്ളവും അതുതന്നെ കൊതിച്ചുകൊണ്ടിരുന്നു. പക്ഷേ രണ്ടുകൂട്ടരേയും അജ്ഞാതമായ എന്തോ ഒന്ന്‍ പുറകോട്ട് വലിച്ചുകൊണ്ടിരുന്നു. പതിവുപോലെ മുഷിപ്പിക്കുന്ന പണികളൊക്കെ തീര്‍ത്ത് ഒന്നുമൊന്നുമുരിയാടിടാതെ രണ്ടുപേരും തോല്‍ക്കാന്‍ മനസ്സില്ലാതെ മനസ്സിലെ സങ്കടം പുറത്തുകാട്ടാതെ മടങ്ങി. നാളെയെങ്കിലും അവള്‍ / അവന്‍ ഇങ്ങോട്ട് വന്ന്‍ മിണ്ടുമെന്ന്‍ വൃഥാ പ്രതീക്ഷിച്ചുകൊണ്ട്...
കണ്‍ഫ്യൂഷന്‍...
അകള്‍ച്ചയുടെ ആഴങ്ങളില്‍ നിന്നും വീണ്ടും തോണി തുഴഞ്ഞ് എന്നടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണവള്‍. എപ്പോഴാണ് വീണ്ടും കാറിലും കോളിലും പെട്ട് അകന്നുപോകുന്നതെന്നറിയില്ല. കാറ്റിനു വിപരീതദിശയിലേയ്ക്ക് നീങ്ങാമെന്നുവച്ചാല്‍ മനസ്സൊട്ടനുവദിക്കുന്നുമില്ല. ഇപ്പോള്‍ കൊടുങ്കാറ്റും പേമാരിയുമായി പ്രക്ഷുബ്ദമായി നിലകൊള്ളുന്നത് എന്റെ മനസ്സാണു. വീണ്ടും ഒഴുക്കിനനുസ്സരിച്ച് നീങ്ങണോ അതോ...
വിഡ്ഡി...
പുലര്‍കാലമഞ്ഞിന്റെ തണുപ്പുമേറ്റ് ഒരു സിഗററ്റും പുകച്ച് ആ മലമ്പാതയിലൂടെ മൂളിപ്പാട്ടും പാടി നടക്കവേ അകലെയായി ഒരു മിന്നായം പോലെ അവനാ കാഴ്ചകണ്ടു. കൊക്കയുടെ വിളുമ്പില്‍ നിന്ന്‍ താഴേയ്ക്ക് ചാടുവാനെന്നവണ്ണം നില്‍ക്കുന്ന ഒരു രൂപം.ദൈവമേ ആരാണീ പുലര്‍കാലേ മരിക്കുവാനൊരുങ്ങുന്നത്. കണ്ടിട്ട് അതൊരു സ്ത്രീയാണെന്ന്‍ തോന്നുന്നു.
"ഹേയ്..അരുത്..അവിവേകം കാട്ടരുത്"...
കയ്യിലിരുന്ന സിഗററ്റ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞിട്ട് അവന്‍ അവിടേയ്ക്കോടിചെന്നു. ഒച്ചകേട്ട് ഞെട്ടിത്തിരിഞ്ഞുനോക്കിയ ആ സ്ത്രീരൂപം കണ്ട് അവന്‍ പെട്ടന്ന്‍ അവിടെ തറച്ചുനിന്നു. അവള്‍ പെട്ടന്ന്‍ പാറമേല്‍നിന്നുമിറങ്ങി നടന്ന്‍ കോട്ടേജിലേക്കുള്ളവഴിയേ കയറിപ്പോയി. എങ്ങിനെയൊഴിവാക്കാമെന്ന്‍ ചിന്തിച്ച് കഴിഞ്ഞ മൂന്നുനാലുദിവസമായി തലപുകച്ചുകൊണ്ടിരുന്ന കാര്യം സ്വയമിടപെട്ട് കുളമാക്കിയല്ലോ എന്നോര്‍ത്ത് ഖിന്നനായി അവന്‍ മറ്റൊരു സിഗററ്റെടുത്ത് കൊളുത്തി. എന്തുചെയ്യാം സഹിക്കുക തന്നെ. ജീവിതകാലം മുഴുവന്‍. നിരാശനിറഞ്ഞ് മനസ്സുമായി അവന്‍ വീണ്ടും നടത്തമാരംഭിച്ചു...
ശ്രീക്കുട്ടന്‍
ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്യങ്ങള്‍ ,.,.,.വളരെയധികം ഹൃദയ സ്പര്‍ശിയായി കാരണം ഞാന്‍ എന്റെ ചില അയാള്‍ വീടുകളില്‍ ഇതു കാണാറുണ്ട് .ഈ വികാരങ്ങള്‍ എല്ലാം അഭിനന്ദനങ്ങള്‍,.,.,.
ReplyDeleteപാറക്കടവിനു പഠിക്കുകയാണോ ശ്രീ... കൊള്ളാട്ടോ ..നുറുങ്ങുകളില്‍ പറയാന്‍ ശ്രമിച്ച ആശയങ്ങള്‍ . ഇഷ്ടമായി .
ReplyDeleteനന്നായിരിക്കുന്നു.... എന്തോ ഒരു പ്രത്യേക ഉണ്ട് വായികുമ്പോള്‍....,,
ReplyDeleteവീണ്ടും കേരളകഫെ....ചെറിയ കുറിപ്പുകളിലൂടെ കാര്യംപറയുക വലിയബുദ്ധിമുട്ടുതന്നെയാണ് അവിടെ പയറ്റിത്തെളിഞ്ഞ കുട്ടേട്ടാ സദാചാരവാദികള്‍...ഏറ്റവും ഇഷ്ട്ടപെട്ടു.ആശംസകള്‍
ReplyDeleteവളരെ നന്നായിട്ടുണ്ട്. പ്രത്യേകിച്ച് സദാചാര വാദികള്‍ . കുറഞ്ഞ വാക്കുകളില്‍ ആശയം ഒതുക്കല്‍ ഏറെ ശ്രമകരം.പക്ഷെ ശ്രീ വളരെ അനായാസമായി ചെയ്തല്ലോ
ReplyDeleteനന്ദി പ്രീയരേ, വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും..
ReplyDeleteസദാചാരവാദികള്‍...ഏറ്റവും ഇഷ്ട്ടപെട്ടു.
ReplyDeleteആ അവസാനത്തെ അനുഭവമുണ്ടല്ലോ ! ഗംഭീരമായി..
ReplyDeleteവളരെ നന്നായ്
കൊച്ചുകൊച്ചായി പറയാന്‍ ശ്രമിച്ച കാര്യങ്ങള്‍ വളരെ നന്നായി.
ReplyDeleteശ്രീക്കുട്ടാ തകര്‍ത്തു..
ReplyDelete8/8
ReplyDeleteഎല്ലാം പാസ്സ്
എല്ലാം എപ്പോഴും കണ്മുന്നിലൂടെ കണ്ട് മറികടന്ന് പോകുന്നത്.. ചെറിയ വരികൾ .. നല്ല ആശയം..
ReplyDeleteനന്നായത് സദാചാരവാദികളുടെ കഥയാണ്....... കിടിലം.....
ReplyDeleteകൊച്ചു കുറിപ്പുകള്‍ നന്നായിരിക്കുന്നു.
ReplyDeleteഎല്ലാം കൊള്ളാം എങ്കിലും ആ കണ്ഫ്യൂഷന്‍ എനിക്ക് വളരെ വളരെ ഇഷ്ടമായി...
ചെറിയതായി വലിയ കാര്യങ്ങൾ പറഞ്ഞല്ലേ
ReplyDeleteഅടിപൊളിയായിട്ടുണ്ട് ശ്രീകുട്ടാ.. എല്ലാം വളരെ നന്നായിരിക്കുന്നു..
ReplyDeleteകുഴപ്പമില്ലാ...
ReplyDeleteവായിക്കുകയും അഭിപ്രായങ്ങള്‍ അറിയിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി...
ReplyDeleteനല്ല നുറുങ്ങുകള്‍, കണ്‍ഫ്യൂഷന്‍... അതാണ് എനിക്ക് ഇഷ്ടപെട്ടത്.
ReplyDeleteഭംഗിയായി പറഞ്ഞു ..ഇഷ്ടപ്പെട്ടു ശ്രീക്കുട്ടാ
ReplyDeleteവായന മനോഹരമായിരുന്നു, എഴുത്തും!
ReplyDeleteകൊച്ചു കുറിപ്പുകള്‍ ഏറെ നന്നായിരിക്കുന്നു...
ReplyDeleteവിഡ്ഢി ഏറെ ഇഷ്ടായി :)
കുറഞ്ഞ വാക്കുകളില്‍ വലിയ കാര്യങ്ങള്‍ പറയുന്ന കുറിപ്പുകള്‍ ഓരോന്നും ഇഷ്ടപ്പെട്ടു. പ്രത്യേകിച്ചും സദാചാര വാദികള്‍. ആശംസകള്‍.!
ReplyDeleteപിന്‍ഗാമി...
ReplyDeleteവളരെ തുറന്ന്,സത്യസന്ധമായി ജീവിത സത്യങ്ങൾ കുട്ടേട്ടൻ തുറന്ന് കാട്ടിയിരിക്കുന്നു.
പ്രണയം....
എനിക്കെന്തോ ഇങ്ങനെ വഴീ പോകുന്ന പെൺകുട്ടിയെ കണ്ടിഷ്ടപ്പെട്ട് പ്രണയം തുടങ്ങുന്ന പരിപാടിയോട്
താല്പര്യമില്ല. അതിനാൽ,എന്നിൽ ഇത് വലിയ ചിന്തകളൊന്നും ഉണർത്തീല.!
നഷ്ടബോധം...
എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തു,പക്ഷെ ഒന്നും കൂടുതലങ്ങ് ഓടീലാ.
പിന്‍ഗാമി...
വളരെ തുറന്ന്,സത്യസന്ധമായി ജീവിത സത്യങ്ങൾ കുട്ടേട്ടൻ തുറന്ന് കാട്ടിയിരിക്കുന്നു.
പ്രണയം....
എനിക്കെന്തോ ഇങ്ങനെ വഴീ പോകുന്ന പെൺകുട്ടിയെ കണ്ടിഷ്ടപ്പെട്ട് പ്രണയം തുടങ്ങുന്ന പരിപാടിയോട്
താല്പര്യമില്ല. അതിനാൽ,എന്നിൽ ഇത് വലിയ ചിന്തകളൊന്നും ഉണർത്തീല.!
നഷ്ടബോധം...
എന്തോ സ്പെല്ലിംഗ് മിസ്റ്റേക്ക് മണത്തു,പക്ഷെ ഒന്നും കൂടുതലങ്ങ് ഓടീലാ.
മകൾ...
ക്ലീഷേയാണെങ്കിലും,രസമായി ഒതുക്കത്തിൽ പറഞ്ഞു.
സദാചാരവാദികള്‍..
ഹ ഹ ഹ എന്നിൽ ഒരുപാട് ചിന്തകൾ ഉണർത്തിയതും,
കൂടുതൽ ചിരി വന്നതുമായ വായനയായിരുന്നു ഇത്.
പിണക്കം...
നമ്മൾ മനുഷരെ ഈ ലോകത്ത് സന്തോഷവും സമാധാനവുമായി ജീവിക്കാൻ പ്രേരിപ്പിക്കുന്ന
ഘടകങ്ങളിൽ പ്രധാനമാണ് പ്രതീക്ഷ.
അതു കൈവിട്ടവൻ മരിച്ചു എന്നതാ സത്യം.
കണ്‍ഫ്യൂഷന്‍...
എന്ത് ദുർഘട സന്ധിയിൽ പെട്ടാലും മനസ്സിൽ വരുന്ന ചിന്തകളാണ് കുട്ടേട്ടൻ പറഞ്ഞിരിക്കുന്നത്.
ആ കൺഫ്യൂഷനെ ആരു തരണം ചെയ്യുന്നുവോ അവൻ വിജയിക്കും.
വിഡ്ഢി....
ഹ ഹാ ഹാ ഇത് വളരെ രസമായി കുട്ടേട്ടൻ പറഞ്ഞു.
പക്ഷെ ഈ രസത്തിൽ ഇല്ലാതാകുന്നത് മറ്റ് ചിന്തകളിലൂടെ കുട്ടേട്ടൻ ഉയർത്തിയ
ആ വലിയ ഉണർവ്വുകളേയാണ്.
അവയിലൂടെ പറഞ്ഞ ആ നല്ല കാര്യങ്ങളെല്ലാം,നല്ല,സമാധാനത്തോടെയുള്ള ഒരു ജീവിതത്തിനായുള്ളതായിരുന്നു.
എന്നിട്ടവസാനം,കുട്ടേട്ടൻ തന്നെ അതിനെ മുഴുവൻ ഇല്ലാതാക്കുന്ന വിധത്തിൽ,
യഥാർത്ഥ സമാധാനം അവളുടെ മരണമാണെന്ന് പറഞ്ഞതിലൂടെ,
ആകെ തകർത്തു,എല്ലാം.
ആശംസകൾ.