Tuesday, September 25, 2012

പതിവ്രതയായ ഭാര്യ


വിക്രമാദിത്യരാജാവിന്റെ സദസ്സിലുണ്ടായിരുന്ന ബ്രാഹ്മണോത്തമനായിരുന്നു സകലശാസ്ത്രപാരംഗനായിരുന്ന വരരുചി. വിധിയുടെ അലംഘനീയതമൂലം വരരുചിക്ക് ഒരു പറയസ്ത്രീയെ വിവാഹം കഴിക്കേണ്ടിവന്നു. ആദ്യ കുഞ്ഞു ജനിച്ചപ്പോള്‍ കുഞ്ഞിനു വായുണ്ടോയെന്ന്‍ വരരുചി ഭാര്യയോട് ചോദിച്ചു. ഉണ്ട് എന്ന്‍ ആ പറയസ്ത്രീ പറഞ്ഞപ്പോള്‍ എന്നാല്‍ ആ കുഞ്ഞിനെ അവിടെയെവിടെയെങ്കിലും കളഞ്ഞേക്കൂ വാ കീറിയ ദൈവം ഇരയും നല്‍കും എന്നു പറഞ്ഞിട്ട് വരരുചി നടക്കാനാരംഭിച്ചു. തന്റെ ഭര്‍ത്താവിന്റെ വാക്കതേപടിയനുസരിച്ച ആ സ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് ഭര്‍ത്താവിനെ അനുഗമിച്ചു. അപ്രകാരം പതിനൊന്ന്‍ കുഞ്ഞുങ്ങളെ പലസ്ഥലത്തായുപേക്ഷിക്കുകയുണ്ടായി. പല ജാതിമതസ്തരായ ആളുകള്‍‍ക്ക് അ കുഞ്ഞുങ്ങളെ ലഭിക്കുകയും അവര്‍ അതാതു ജാതികളില്‍ വളരാനും തുടങ്ങി. പന്ത്രണ്ടാമതും കുഞ്ഞുണ്ടായപ്പോള്‍  അതിനു വായില്ല എന്ന്‍ ആ സാധ്വി വരരുചിയുടെ ചോദ്യത്തിനു മറുപടിയായി കള്ളം പറയുകയും യഥാര്‍ത്ഥത്തില്‍ ആ കുഞ്ഞിനു അപ്പോള്‍ത്തന്നെ വായില്ലാതായി തീരുകയും ചെയ്തു.ആ കുഞ്ഞാണു വായില്ലാക്കുന്നിലപ്പന്‍ എന്നറിയപ്പെടുന്നത്.

മേളത്തൂര്‍അഗ്നിഹോത്രി, രചകന്‍, ഉളിയന്നൂര്‍തച്ചന്‍, വള്ളോന്‍, വടുതലമരു, കാരയ്ക്കലമ്മ, ഉപ്പുകൊറ്റന്‍, പാണനാര്‍, നാരായണത്ത് ഭ്രാന്തന്‍, അകവൂര്‍ചാത്തന്‍, പാക്കനാര്‍, വായില്ലാക്കുന്നിലപ്പന്‍ ഇവരായിരുന്നു പറയിപെറ്റ പന്തിരുകുലം. ഇവരെല്ലാവരും തന്നെ ബാല്യകാലം കഴിഞ്ഞപ്പോള്‍ സഹോദരന്മാരാണെന്ന്‍ തിരിച്ചറിയുകയും പരസ്പ്പരം സ്നേഹത്തോടും സഹവര്‍ത്തിത്വത്തോടും കൂടി കഴിഞ്ഞുവന്നു.

കാലം പോകവേ വായില്ലാക്കുന്നിലപ്പനൊഴിച്ച് ബാക്കി പതിനൊന്നുപേരും എല്ലാ കൊല്ലവും അച്ഛന്റെ ശ്രാദ്ധമൂട്ടിനായി മേളത്തൂര്‍ അഗ്നിഹോത്രിയുടെ ഇല്ലത്തില്‍ ഒത്തുകൂടുക പതിവായിരുന്നു. ഒരുനാള്‍ ഇപ്രകാരം ശ്രാദ്ധമൊക്കെക്കഴിഞ്ഞ് ഭക്ഷണത്തിനായിട്ടെല്ലാവരുമിരിക്കുന്നനേരം അഗ്നിഹോത്രികളുടെ അന്തര്‍ജ്ജനം ഇവര്‍ക്ക് മുന്നില്‍ വന്ന്‍ ഭക്ഷണം വിളമ്പിക്കൊടുക്കുവാന്‍ മടിച്ചുനിന്നു. അഗ്നിഹോത്രികള്‍ വളരെയേറെ വിളിക്കുകയും നിര്‍ബന്ധിക്കുകയും ചെയ്തതിനുശേഷം ആ അന്തര്‍ജ്ജനം ഒരു മറക്കുടകൊണ്ട് മുഖം മറച്ച് അവര്‍ക്ക് ആഹാരം വിളമ്പിയശേഷം അകത്തേക്ക് പോയി. അപ്പോള്‍ പാക്കനാര്‍ ഇതെന്താണിങ്ങിനെയെന്നു ചോദിക്കുകയും പതിവ്രതകളായ സ്ത്രീകള്‍ ഭര്‍ത്താവല്ലാതെ അന്യപുരുഷന്മാരുടെ മുന്നില്‍ മുഖം കാണിച്ചുവരാന്‍ പാടില്ലാത്തതുകൊണ്ടാണിപ്രകാരം ചെയ്തതെന്ന്‍ അഗ്നിഹോത്രി മറുപടിയും പറഞ്ഞു. എന്നാല്‍ ഇതൊന്നും പാതിവ്രത്യലക്ഷണമല്ലെന്നും ബ്രാഹ്മണസ്ത്രീകള്‍ക്ക് പാതിവ്രത്യം എന്തെന്നറിയുക കൂടിയില്ലെന്നും മാത്രമല്ല ലോകത്ത് പതിവ്രതയായി ഒരു സ്ത്രീയുണ്ടെങ്കില്‍ അത് തന്റെ ഭാര്യ മാത്രമാണെന്ന്‍ പാക്കനാര്‍ വെല്ലുവിളിക്കുകയും ചെയ്തു. അപ്പോള്‍ ചണ്ഡാലസ്ത്രീകള്‍ക്ക് പാതിവ്രത്യമോ പതിവ്രതാധര്‍മ്മജ്ഞാനമോ ഉണ്ടോയെന്നും പാക്കനാര്‍ പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്നും പറഞ്ഞ് അഗ്നിഹോത്രികള്‍ തര്‍ക്കിച്ചു. വളരെയേറെ നേരത്തെ പരസ്പ്പരവാഗ്വാദത്തിനുശേഷം താനത് തെളിയിച്ചുതരാമെന്ന്‍ പാക്കനാര്‍ വെല്ലുവിളിച്ചതുകേട്ട് എന്നാലതറിഞ്ഞിട്ടേയുള്ളൂ ഇനിയെന്തും എന്ന ഭാവത്തില്‍ അഗ്നിഹോത്രിയും പാക്കനാരും കൂടി പാക്കനാരുടെ കുടിലിലേയ്ക്ക് നടന്നു.ഇരുവരും ചെല്ലുന്ന സമയത്ത് പാക്കനാരുടെ ഭാര്യ കിണറ്റില്‍നിന്നു വെള്ളം കോരിക്കൊണ്ടുനില്‍ക്കുകയായിരുന്നു.വെള്ളവും പാളയും കൂടി കിണറിന്റെ മധ്യഭാഗത്തെത്തിയപ്പോഴാണു പാക്കനാരുടെ വിളി അവര്‍ കേട്ടത്. അക്ഷണം അവര്‍ കയറില്‍നിന്നുള്ള പിടിവിട്ട് ഭര്‍ത്താവിനടുത്തേയ്ക്ക് ഓടിവന്നു. കയറില്‍ നിന്നുള്ള പിടിവിട്ടിട്ടും തൊട്ടിയും വെള്ളവും താഴേയ്ക്ക് വീഴാതെ ആസ്ഥിതിയില്‍ത്തന്നെ നിലകൊണ്ടതുകണ്ട അഗ്നിഹോത്രികള്‍ക്ക് ആശ്ചര്യമടക്കാനായില്ല.

തന്റെമുന്നില്‍ വന്നുനിന്ന ഭാര്യയോട് വീട്ടില്‍ എത്ര നെല്ലിരിപ്പുണ്ടെന്ന്‍ പാക്കനാര്‍ ചോദിച്ചു. അഞ്ചിടങ്ങഴിയെന്നവര്‍ ഉത്തരവും നല്‍കി. ഉടനെ അതില്‍നിന്നു നേര്‍പകുതി നെല്ലളന്നെടുത്ത് പുഴുങ്ങിക്കുത്തി അരിയാക്കി ചോറുവച്ചുകൊണ്ടുവരുവാന്‍ പാക്കനാര്‍ പറഞ്ഞു. ആ സ്ത്രീ അപ്പോള്‍ത്തന്നെ അകത്തേയ്ക്ക് പോകുകയും ഇരുന്ന നെല്ലി‍ന്റെ പകുതിയളന്നെടുത്ത് പുഴുങ്ങിക്കുത്തി അരിയാക്കി ചോറുവച്ചുകൊണ്ടുവരുകയും ചെയ്തു. ഉടനെ അത് കുപ്പയില്‍ കളഞ്ഞേക്കുവാന്‍ പാക്കനാര്‍ പറഞ്ഞു. മടിയേതും കൂടാതെ അവര്‍ ആ ചോറു‍ കുപ്പയില്‍ തട്ടി. അപ്പോള്‍ ബാക്കിയുള്ള നെല്ലും പുഴുങ്ങിക്കുത്തി ചോറുവച്ചുവരുവാന്‍ പാക്കനാര്‍ പറയുകയും പാക്കനാരുടെ ഭാര്യ ഉടനെതന്നെ അപ്രകാരം ചെയ്യുകയും ചെയ്തു. ആ ചോറും കുപ്പയിലേയ്ക്കിടുവാന്‍ പറഞ്ഞപ്പോള്‍ ഒരു വൈമനസ്യവും കൂടാതെ അവരതനുസരിക്കുകയും ചെയ്തു. ആ വീട്ടില്‍ ആകെയുണ്ടായിരുന്ന നെല്ലായിരുന്നുവത്. അതില്‍നിന്നു കുറച്ചെടുത്ത് പുഴുങ്ങി ചോറുവയ്ക്കാമെന്ന്‍ കരുതി വെള്ളം കോരവേയാണു പാക്കനാര്‍ വിളിക്കുകയും പിന്നെ മേല്‍പറഞ്ഞതെല്ലാമുണ്ടാവുകയും ചെയ്തത്. വിശപ്പുണ്ടായിരുന്നുവെങ്കിലും ഭര്‍ത്താവ് പറഞ്ഞത് മടികൂടാതെയനുസരിക്കയാണവര്‍ ചെയ്തത്.

പാക്കനാരും അഗ്നിഹോത്രികളും കൂടി തിരിച്ച് ഇല്ലത്തേയ്ക്ക് മടങ്ങവേ താനീ ചെയ്യിച്ചതുപോലെ അന്തര്‍ജ്ജനത്തിനെക്കൊണ്ടൊന്നു ചെയ്യിക്കാമോയെന്ന്‍ പാക്കനാര്‍ ചോദിച്ചു. ഒന്നും മിണ്ടാതെ നടന്ന അഗ്നിഹോത്രി ഇല്ലത്തെത്തിയപ്പോള്‍ അന്തര്‍ജ്ജനത്തെ വിളിക്കുകയും പാക്കനാര്‍ അയാളുടെ ഭാര്യയോട് പറഞ്ഞതുപോലെ ആവശ്യപ്പെടുകയും ചെയ്തു. ഇവിടെയിപ്പോള്‍ ആവശ്യത്തിനരിയിരിക്കുന്നുണ്ടല്ലോ എന്തിനാണിപ്പോള്‍ നെല്ല് പുഴുങ്ങുന്നതെന്നൊക്കെ ആ അന്തര്‍ജ്ജനം ഒരുപാട് തടസ്സം പറഞ്ഞെങ്കിലും അഗ്നിഹോത്രിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ മുഖം ചുളിച്ച് മുറുമുറുത്തുകൊണ്ട് അവര്‍ അകത്തേയ്ക്കുപോകുകയും വളരെ സമയമെടുത്ത് നെല്ലുകുത്തി അരിയാക്കി ചോറുവച്ചു വരികയും ചെയ്തു. അത് കുപ്പയില്‍ കളഞ്ഞേക്കാന്‍ അഗ്നിഹോത്രി പറഞ്ഞതുകേട്ട് അന്തര്‍ജ്ജനം ആകെ കോപിഷ്ടയായി. ചോറു കളയുന്നത് മഹാപാപം താന്‍ പാടുപെട്ട് വച്ചുണ്ടാക്കിയത് കുപ്പയില്‍ കളയുവാന്‍ പറയുന്നത് സങ്കടകരം എന്നെല്ലാം പറഞ്ഞു ബഹളമുണ്ടാക്കി. എന്നാല്‍ ഭര്‍ത്താവിന്റെ നിര്‍ബന്ധം സഹിയാതെ ഒടുവിലവര്‍ ആ ചോറു കുപ്പയിലിട്ടു. ഉടനെ ബാക്കിയുള്ള നെല്ലുകൂടി കുത്തി അരിയാക്കി ചോറു വച്ചുകൊണ്ടുവരുവാന്‍ അഗ്നിഹോത്രി ആവശ്യപ്പെട്ടു. അപ്പോള്‍ അവിടേയ്ക്ക് ഭ്രാന്താണു ഈ താളത്തിനു തുള്ളാന്‍ എന്നെക്കിട്ടില്ല എന്നുറക്കെപ്പറഞ്ഞിട്ട് അന്തര്‍ജ്ജനം ചവിട്ടിത്തുള്ളി അകത്തേയ്ക്ക് കയറിപ്പോയി. അഗ്നിഹോത്രി എത്ര തന്നെ നിര്‍ബന്ധിച്ചു വിളിച്ചിട്ടും അവര്‍ പുറത്തേയ്ക്ക് വരുവാന്‍ കൂട്ടാക്കിയില്ല.

ഭര്‍ത്താക്കമ്മാര്‍ എന്തുപറഞ്ഞാലും സന്തോഷത്തോടു കൂടി അതുടനെതന്നെ ചെയ്യുന്ന സ്ത്രീകളാണു പതിവ്രതകള്‍, അങ്ങിനെ ചെയ്യുന്നതാണ് പതിവ്രതാധര്‍മ്മം അതില്‍ ഗുണദോഷചിന്തനം ചെയ്യാനും തര്‍ക്കങ്ങള്‍ പറയാനും മുതിരുന്നവള്‍ പതിവ്രത എന്ന വിശേഷണത്തിനര്‍ഹയല്ലെന്നും പറഞ്ഞ് അഗ്നിഹോത്രികളെ സമ്മതിപ്പിച്ചിട്ട് പാക്കനാര്‍ പുറത്തേയ്ക്ക് പോയി.

ഈ കഥയ്ക്ക് ഇന്നത്തെ സമൂഹത്തില്‍ ചവറ്റുകുട്ടയിലായിരിക്കും സ്ഥാനമെന്നത് നിസ്തര്‍ക്കമാണ്.  കുഞ്ഞുങ്ങളെയും പ്രസവിച്ചു അടുക്കളയില്‍ അടിഞ്ഞുകൂടി കരിയും പുകയും കൊണ്ടു തുലയ്ക്കാനുള്ളതല്ല തന്റെ ജീവിതം എന്നു ധൈര്യസമേതം പറഞ്ഞ് സമത്വത്തിനും സ്വാതന്ത്ര്യത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പടപൊരുതുവാന്‍ തയ്യാറാകുന്ന നാരീമണികള്‍ക്കുമുന്നില്‍ പതിവ്രതാധര്‍മ്മമെന്നാലിതാണെന്നും പറഞ്ഞു ചെന്നാല്‍ ചിലപ്പോള്‍ അകത്തുകിടന്നു അഴിയെണ്ണേണ്ട അവസ്ഥയാവുമുണ്ടാവുക. പാതിവൃത്യമെന്നത് ഭര്‍ത്താവ് പറയുന്നതെന്തും കണ്ണടച്ചനുസരിക്കണമെന്നതല്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ ദുര്‍വ്വാശിപൂണ്ടപോലെ ക്രമവിരോധമായി വല്ലതും ചെയ്യാന്‍ പറയുന്ന ഭര്‍ത്താക്കമ്മാരെ അങ്ങനെ ചെയ്യുന്നതിലുണ്ടാകാവുന്ന ഗുണദോഷവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുവാനും അവരെ അതില്‍നിന്നു പിന്തിരിപ്പിച്ചു മനസ്സ് യഥാസ്ഥിതമാക്കുവാനുമുള്ള കടമ ഒരു ഭാര്യയ്ക്കുണ്ട്. കുടുമബമെന്നത് ഒരുമയുടെ ചുമരുകളാല്‍ നിര്‍മ്മിക്കപ്പെടേണ്ട ഒന്നാണ്. അതിന്റെ നെടും തൂണുകള്‍ ആകേണ്ടവരാണ് ഭാര്യാഭര്‍ത്താക്കന്മാര്‍. പൊതുസമൂഹചിന്താഗതിക്കൊപ്പം നടക്കാന്‍ ഇഷ്ടപ്പെടുന്ന ഭര്‍ത്താവ് (പുരുഷന്‍) ചെയ്യുന്ന എന്തിനെയും കണ്ണുമടച്ചംഗീകരിക്കലല്ല മറിച്ച് ഏതൊന്നിന്റേയും ഗുണദോഷവശങ്ങള്‍ മനസ്സിലാക്കിപ്പിച്ച് നേര്‍വഴി നയിക്കുന്നവളാകണം ഭാര്യ. അതാണു ഒരു നല്ല ഭാര്യയുടെ കഴിവും ധര്‍മ്മവും. അത്തരം ഭാര്യമാരാണ് യഥാര്‍ത്ഥ പതിവ്രതകള്‍...

ശ്രീ....

24 comments:

  1. വെറുമൊരു കഥ. ഐതീഹ്യമാല വായിച്ചപ്പോള്‍ ഒന്നു പകര്‍ത്തിയെഴുതാമെന്ന്‍ കരുതി. അത്രമാത്രം...

    ReplyDelete
  2. പാക്കനാരുടെ ഭാര്യ ചെയ്തതിനോട് യോജിപ്പില്ല .കാരണം ഭര്‍ത്താവു എന്ത് പറഞ്ഞാലും ചെയ്യുന്ന കീ കൊടുത്താല്‍ തുള്ളുന്ന പാവകള്‍ ആകരുത് സ്ത്രീകള്‍ .അഗ്നിഹോത്രിയുടെ ഭാര്യയും ചെയ്തത് തെറ്റ് .കാര്യങ്ങള്‍ സമാധാനത്തില്‍ പറഞ്ഞു മനസ്സിലാക്കിക്കുന്നിടതാണ് ഭാര്യയുടെ വിജയം .പിന്നെ എന്തിന്റെ പേരില്‍ ആരാലും ഭാര്യയെ മറ്റൊരാളുടെ വാക്ക് കേട്ട് പരീക്ഷിക്കാന്‍ മുതിരരുത്‌ .
    അവസാന ഭാഗത്തിന് തൊട്ടു മുന്‍പുള്ള പാരഗ്രാഫില്‍ കുറെ തെറ്റുകള്‍ ഉണ്ട് ശ്രീ.തിരുത്തൂ .ടൈപ്പിംഗ്‌ പിഴവാണ് എന്ന് തോന്നന്നൂ .ഇന്നത്തെ കാലവും സ്ത്രീകളും ഒരുപാട് മാറി.അതിനാല്‍ തന്നെ ഇന്നീ കഥയ്ക്ക് പ്രസക്തിയുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .

    ReplyDelete
    Replies
    1. ടൈപ്പിംഗ് ചിലപ്പോല്‍ എന്നെ ചതിക്കും. റെഡിയാക്കിയിട്ടുണ്ട്..

      Delete
  3. അക്കാലത്തെ ഇടുങ്ങിയ മനസ്ഥിതിക്കാർ പടച്ചുണ്ടാക്കിയ കഥ.

    സ്ത്രീക്കും പുരുഷനും തുല്യ അവകാശം ഉണ്ട്.

    പിന്നെ,ഈ കഥയിൽ നിന്നു, പുറത്തെ നാട്യത്തേക്കാൾ യഥാർത്ഥ സ്നേഹത്തിനാണു വില എന്ന് പറയാം എന്ന് മാത്രം

    ReplyDelete
  4. ദൈവമേ, ഇങ്ങിനെയാണ് പതിവ്രത എന്നെങ്ങാനം ഈ മദാമ്മയോടെ പറഞ്ഞാല്‍, എന്നെ പിടിച്ചവര്‍ ജയിലില്‍ ഇടും. ലോകം മാറിപ്പോയില്ലേ ശ്രീകുട്ടാ.

    ഗുണദോഷവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുവാനും അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചു മനസ്സ് യഥാസ്ഥിതമാകുവാനുമുള്ള കടമ പങ്കാളിക്കുണ്ട്. എന്നാണ് ഇന്നത്തെ കാലത്ത് ചേരുന്നതെന്നു തോന്നുന്നു.

    ReplyDelete
  5. കഥ നന്നായിട്ടുണ്ട് പക്ഷെ കഥ പോലെയാണെകില്‍ പതിവ്രത എന്നപേരിനു അടിമയെന്ന അര്‍ത്ഥം കൂടിവരും.

    ReplyDelete
  6. നീ തല്ലു വാങ്ങും ശ്രീകുട്ടാ.. :)

    ReplyDelete
  7. ദൈവമേ കല്ല്യാണം കഴിക്കാത്തത് നന്നായി അല്ലേൽ , ഈ പെണ്ണുങ്ങൾ നമ്മളെ തല്ലി കൊല്ലും ഹിഹിഹിഹി

    ReplyDelete
  8. ഭര്‍ത്താവ് പറയുന്നത് അതേപടി അനുസരിക്കണമെന്ന്‍ പറയാനാകില്ല. ഏതെങ്കിലും ഒരു വിഷയത്തില്‍ ദുര്‍വ്വാശിപൂണ്ടപോലെ ക്രമവിരോധമായി വല്ലതും ചെയ്യാന്‍ പറയുന്ന ഭര്‍ത്താക്കമ്മാരെ ആ ചെയ്ത്തിലുണ്ടാകാവുന്ന ഗുണദോഷവശങ്ങള്‍ പറഞ്ഞു മനസ്സിലാക്കിക്കുവാനും അവരെ അതില്‍ നിന്നും പിന്തിരിപ്പിച്ചു മനസ്സ് യഥാസ്ഥിതമാക്കുവാനുമുള്ള കടമ ഒരു ഭാര്യയ്ക്ക് ഉണ്ട്. അതാണു ഒരു നല്ല ഭാര്യയുടെ കഴിവും ധര്‍മ്മവും. അത്തരക്കാര്‍ ആണു യഥാര്‍ത്ഥ പതിവ്രതകള്‍...

    മുഴുവന്‍ ഇതിലുണ്ട് ... ആശംസകള്‍

    ReplyDelete
  9. കേട്ട കഥയായിരുന്നെങ്കിലും അതിനെ ആനുകാലീക വ്യവസ്ഥിതിയുമായി തട്ടിച്ചു നോക്കുന്ന രീതിയില്‍ എഴുതിയത് നന്നായിരുന്നു. പാതിവ്രത്യത്തിന്റെ കാര്യത്തില്‍ ഞാന്‍ പാക്കനാരുടെ ഭാര്യയെ പൂര്‍ണമായി പിന്താങ്ങുന്നു. അവര്‍ക്ക് ഭര്‍ത്താവില്‍ പൂര്‍ണ വിശ്വാസം ഉള്ളതുകൊണ്ട് മാത്രമാണ് ഉണ്ടായിരുന്ന നെല്ല് മുഴുവന്‍ പുഴുങ്ങി കുത്തി ചോറ് വച്ചത് കുപ്പയിലെറിയാന്‍ സാധിച്ചത്. ഇന്നത്തെ അവസ്ഥയില്‍ അത് രണ്ടു ഭാഗത്ത്‌ നിന്നും ആലോചിച്ചാലും തെറ്റായേ കാണാന്‍ പറ്റൂ. ചോദ്യം ചെയ്യാത്ത ഭാര്യമാരും പൂര്‍ണ വിശ്വാസം നേടുന്ന ഭര്‍ത്താക്കന്മാരും ഇന്ന് വിരളം തന്നെയാണ്. അതുകൊണ്ട് തന്നെ പതിയെ ശുശ്രൂഷിക്കുന്നത്‌ ഒരു വ്രതമായി കാണുന്നവള്‍ എന്ന അര്‍ത്ഥത്തില്‍ പതിവ്രതകളെ ഇന്ന് കാണാന്‍ പ്രയാസമാണ്.

    ReplyDelete
  10. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി...

    ReplyDelete
  11. അതു പോലൊരു ഭർത്താവിനെയും ഭാര്യയേയും ഇന്നു കാണാൻ കിട്ടുമോ.. ഐതിഹ്യമാലയിലെ ഇക്കഥ വായിച്ചിരുന്നു നേരത്തെ..
    ഓരമപ്പെടുത്തലിനു നന്ദി...

    ReplyDelete
  12. കഥ കൊള്ളാം .... ഇത് മുന്പ് വായിച്ചതിന്റെ ശകലം ഓര്‍മ്മ മനസ്സില്‍ ഉണ്ടായിരുന്നു... നന്ദി ട്ടോ..

    ReplyDelete
  13. മുകളില്‍ പലരും അസഹിഷ്ണുക്കളാകുന്നു. തുല്യ നീതി എന്ന് പറഞ്ഞു. പക്ഷെ എനിക്കത് സ്നേഹത്തിന്റെ വിധേയത്വം ആയി അനുഭവപ്പെടുന്നു. എങ്കിലും ഇപ്പോളത്തെ മാറിയ സാഹചര്യത്തില്‍ ശ്രീ പറഞ്ഞ പോലെ കൂടുതല്‍ പക്വമായ കടമകളാണ് ഭാര്യ ഭര്‍തൃ ബന്ധത്തിലുള്ളത്

    ReplyDelete
  14. ശ്രീ കുട്ടന്‍ ഐതീഹ്യം പറഞ്ഞു പറയാന്‍ ശ്രമിച്ചത് സ്ത്രീ സ്വാതന്ത്ര്യ വാദത്തിനു എതിരെ നില്‍ക്കുന്ന അങ്ങയുടെ മനസ്സിനെ ആണ്
    പക്ഷേ എനിക്കും ഇന്നും അറിയാത്ത ഒരു സത്യം കൊച്ചമ്മ മാര്‍ പറയുന്ന ഈ സ്വാതന്ത്ര്യം അവര്‍ നെടെണ്ടാത് എവിടെ നിന്നാണ്
    അവര്‍ അവരില്‍ നിന്നല്ലേ ശരിക്കും നേടാ നുള്ളത്

    ReplyDelete
    Replies
    1. ഒന്നു പോടാപ്പാ കൊമ്പാ..അതിനെടയില്‍ അവന്റെയൊരു സ്ക്രൂ..

      Delete
    2. എന്താടാ അങ്ങനെ ന്നെ അല്ലെ എനിക്ക് തെറ്റിയോ ഏയ്‌ ഇല്ല തെറ്റിയില്ല

      Delete
  15. This comment has been removed by the author.

    ReplyDelete
  16. ഗുണദോഷചിന്തനം എന്നൊരു പ്രയോഗം കണ്ടു. 'ചിന്തനം' എന്നത് കൊണ്ട് എന്താണ് ഏട്ടന്‍ ഉദ്ദേശിച്ചത്? ആ പ്രയോഗത്തിന്റെ അര്‍ത്ഥം എനിക്ക് തീരെ പിടി കിട്ടുന്നില്ല. ഒന്ന് സഹായിക്കണം.

    ReplyDelete
    Replies
    1. പ്രീയ സംഗീത്,

      ആ വാക്ക് അതേപോലാണ് കൊട്ടാരത്തില്‍ ശങ്കുണ്ണി ഐതീഹ്യമാലയില്‍ എഴുതിയിരിക്കുന്നത്. അവസാന പാരഗ്രാഫിലെ കുറച്ച് വരികളൊഴിച്ച് ബാക്കി ഞാന്‍ പകര്‍ത്തിയെഴുതിയെന്നേയുള്ളൂ. ഇനിയൊരുവേള ഗുണദോഷവിചിന്തനമെന്നാവുമോ..അറിയില്ല

      Delete
  17. നിന്നെ തല്ലാന്‍ ചൂലുമായി ആരും വന്നില്ലേ ഇതുവരെ...? :):):)

    ReplyDelete
  18. എവിടെയോ വായിച്ചു മറന്ന പോലെ .. പുരാണ കഥകള്‍ വായിക്കാന്‍ വലിയ താല്പ്പര്യാമാണ് ... പക്ഷെ ഈ കഥയെ ഉള്‍കൊള്ളാന്‍ സാധിക്കില്ല ... സമത്വം അതാണല്ലോ സമാധാനത്തിന്റെ ആണിക്കല്ല്... :)

    ReplyDelete