എന്തൊരു തിരക്കാണു. വൃത്തികെട്ട ഒരു മണവും സിഗററ്റിന്റേയും ബീഡിയുടേയും പുകയും കലപില ബഹളങ്ങളും. ച്ഛേ...മനുഷ്യര്‍ ഇത്രമാത്രം കുടിക്കാറുണ്ടോ. എന്തായാലും വന്നു. ഇനി ഇതിലേയ്ക്കൂളിയിടുക തന്നെ. ഒരൊഴിഞ്ഞ കോണിലായി അയാള്‍ തന്റെ ഇരിപ്പിടം കണ്ടെത്തിയിട്ട്‍ ചുറ്റുപാടുമൊന്നു കണ്ണോടിച്ചു. പരിചയക്കാരാരെങ്കിലുമുണ്ടോ. പരിചയമുള്ള മുഖങ്ങളൊന്നുമയാള്‍ക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒറ്റയ്ക്കിരുന്നു കഴിക്കുന്നതാണു നല്ലത്. ഇഷ്ടാനുസരണം കുടിക്കാമല്ലോ. തൊട്ടടുത്ത ടേബിളില്‍ സോഡയും വെള്ളവും ഒക്കെ കൊണ്ടുവച്ച തൊപ്പിക്കാരന്‍ ബെയററെ അയാള്‍ കൈകാട്ടി വിളിച്ചു.
"എന്താ വേണ്ടത് സാര്‍"
വിനയന്വിതനെപ്പോലെ ബെയറര്‍ അയാളുടെ മുന്നില്‍ നിന്നു.
"ഏറ്റവും നല്ല രീതിയില്‍ തലയില്‍ പിടിക്കുന്ന ഒരു കുപ്പി മദ്യം വേണം. പിന്നെ ബാക്കി അതിന്റെ കൂടെ വേണ്ടതെന്തായാലും"
മേശമേള്‍ കൈകൊണ്ട് ഒന്നു താളമിട്ട് അയാള്‍ ഓര്‍ഡര്‍ നല്‍കി.ഒരുനിമിഷം അയാളെത്തന്നെ തറച്ചുനോക്കി നിന്ന ബെയറര്‍ പിന്നെ തിരിഞ്ഞു കൌണ്ടറിനുനേരെ നടന്നു.
ബെയറര്‍ കൊണ്ടുവച്ച മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ഒന്നു സൂക്ഷിച്ചുനോക്കി. എന്തോ ഒരു പേര്. അല്ലേലും പേരിലെന്തിരിക്കുന്നു. നല്ല തലക്കുപിടിക്കുന്ന സാധനമായിരിക്കണം അത്ര തന്നെ.
"ഇതു മുഴുവനുമടിച്ചാല്‍ ഞാന്‍ ബോധം കെടുമോ"
ബെയററോയി അയാള്‍ ചോദിച്ചു.
"എനിക്കറിയില്ല സാറേ".
ഒരു ചെറിയ ചിരിയോടെ ബെയറര്‍ അയാളെ നോക്കി പറഞ്ഞു.
"പക്ഷേ എനിക്കറിയാം ഞാന്‍ ഒറപ്പായിട്ടും ബോധം കെടുമെന്നു. നീ എനിക്കൊരു ഉപകാരം ചെയ്യണം. അഥവാ ഞാനിവിടെ വീണുപോയാല്‍ നീ എങ്ങിനെയെങ്കിലും എന്നെ എന്റെ വീട്ടിലെത്തിക്കണം. അതിനായിതാ ഇതു കയ്യില്‍ വച്ചോ"
ഒരഞ്ഞൂറുരൂപാ നോട്ടെടുത്ത് അയാള്‍ ബെയറര്‍ക്കു നീട്ടി.
"സാര്‍ എനിക്കിവിടുന്ന്‍ വരാനൊന്നും പറ്റില്ല. സാറിന് ആവശ്യത്തിനു കുടിച്ചാപ്പോരെ. ബാക്കിയൊണ്ടെങ്കി വീട്ടിക്കൊണ്ട് പോകാമല്ലോ".
"എന്റെ ആവശ്യം അതു നിനക്കറിയില്ല. ഞാനിന്നു കുടിയ്ക്കും മതിവരെകുടിയ്ക്കും. ഇന്ന്‍ എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തിന്റെ ദിവസമാണു. അതുകൊണ്ട് തന്നെ ലിമിറ്റ് വയ്ക്കാനൊന്നും പറ്റില്ല. നീ ഒരു കാര്യം ചെയ്യ് ഞാന്‍ ഓവറായിപ്പോയാല്‍ എന്നെ ഒരു വണ്ടിവിളിച്ചു കേറ്റി വിട്ടുതന്നാല്‍ മതി. അതു പറ്റുമോ"
"അത്..അത് പിന്നെ..ശരി സാര്‍ അങ്ങിനെ ചെയ്യാം".
നാലുപാടുമൊന്ന്‍ നോക്കിയിട്ട് നീട്ടിപ്പിടിച്ചിരുന്ന ആ നോട്ട് മേടിച്ചു പോക്കറ്റില്‍ താഴ്ത്തിക്കൊണ്ട് ബെയറര്‍ പറഞ്ഞു.
"നീ ആളു മിടുക്കനാണ്. അതൊക്കെ പോട്ടെ ആദ്യമായി കുടിക്കുന്ന ഒരാള്‍ ഇത്ര ഒഴിച്ചാല്‍ മതിയോ"
ഒരു ഗ്ലാസ്സില്‍ മുക്കാല്‍ഭാഗത്തോളം മദ്യമൊഴിച്ചശേഷം അയാളതുയര്‍ത്തി ബെയററോടു ചോദിച്ചു.
"അയ്യോ സാറാദ്യമായി കഴിക്കുവാണോ. ഇത്രയും ഒഴിക്കരുതു. ഇങ്ങനെയൊഴിച്ചുകുടിച്ചാ കരളും കൂമ്പുമൊക്കെ കത്തിദ്രവിച്ച് പെട്ടന്നുതന്നെ പോകേണ്ടിവരും".
"പോട്ടെടോ പോട്ട്. ആര്‍ക്കുവേണം. എന്നെ ആര്‍ക്കും വേണ്ട. നിനക്കുകൂടി ഒന്നൊഴിക്കട്ടെ. എനിക്കൊരു കമ്പനിയാവുമല്ലോ".
ഒരു ഗ്ലാസ്സെടുത്തുകൊണ്ടയാള്‍ ബെയററോടു ചോദിച്ചു.
"വേണ്ട സാര്‍ കസ്റ്റമേഴ്സിന്റെ കയ്യില്‍ നിന്നും വാങ്ങിക്കഴിക്കാന്‍ പാടില്ലെന്നാ. കഴിച്ചെന്നെങ്ങാനുമറിഞ്ഞാല്‍ എന്റെ ജോലി തെറിക്കും. വീടു പട്ടിണിയായിപ്പോവും സാറേ. മറ്റൊന്നും വിചാരിക്കരുതു".
"ശരി വേണ്ടെങ്കി വേണ്ട. ഇതും ഞാന്‍ തന്നെ കുടിക്കാം"
ആദ്യമൊഴിച്ചുവച്ച മദ്യമെടുത്ത് അയാള്‍ ഒറ്റവലിക്കകത്താക്കി. ആ മുഖം ചുളിയുന്നതും കണ്ണുകളടയുന്നതും ബെയറര്‍ കാണുന്നുണ്ടായിരുന്നു.
"ഹൊ എന്റച്ഛനെ ഞാന്‍ സമ്മതിച്ചുകൊടുത്തിരിക്കുന്നു. എത്രയേറെ കഷ്ടപ്പെട്ടാണ് ഈ സാധനം കുടിച്ചിരുന്നതെന്നു എനിക്കിപ്പോ മനസ്സിലായി".
ഗ്ലാസ്സ് മേശപ്പുറത്തുവച്ചിട്ട് ചിറി തുടച്ചുകൊണ്ടയാള്‍ ഒരു സിഗററ്റെടുത്തു കൊളുത്തി.
"സാറേ ഇനിയെന്തെങ്കിലും വേണമെങ്കി വിളിച്ചാ മതി. ഞാന്‍ പോകുന്നു".
"ശരി ഞാന്‍ വിളിക്കാം. എനിക്ക് എന്തെങ്കിലുമൊക്കെ വേണ്ടിവരും"
സിഗററ്റ് പുകവളയങ്ങളുടെ ഭംഗിയാസ്വദിച്ചയാള്‍ പുറകിലേയ്ക്ക് ചാഞ്ഞിരുന്നു.
മദ്യം നല്‍കുന്ന ലഹരി ഒരു വല്ലാത്ത അനുഭൂതിതന്നെ. ശരീരത്തിന്റെ ഭാരം കുറഞ്ഞ് അന്തരീക്ഷത്തില്‍ ഒഴുകി നടക്കുവാന്‍ തോന്നിപ്പിക്കുന്നുവോ. തലയ്ക്കുള്ളില്‍ ഒരു തരിപ്പ് പോലെ തോന്നുന്നുണ്ട്. വീണ്ടുമൊരു ഗ്ലാസ് നിറച്ചയാല്‍ മുന്നില്‍ വച്ചു. ട്രേയിലെന്തോ സാധനവുമായി വന്ന ബെയററെ അയാള്‍ കൈകാട്ടി വിളിച്ചു.
"എന്തെങ്കിലും വേണമോ സാര്‍""
"ഹാ നീയെവിടെ പോകുന്നു. ഞാനെന്തിനാ ഇന്നാദ്യമായിട്ട് കുടിച്ചതെന്നു നിനക്കറിയണ്ടേ. ഞാനതു പറയാം".
"വേണ്ട സാറേ. എനിക്കൊരുപാടു പണിയൊണ്ട്. പിന്നീടൊരിക്കള്‍ കേള്‍ക്കാം"
"പോരാ നീ അറിയണം ഇന്നു തന്നെയറിയണം ഞാന്‍ പറയാം"
പോകാന്‍ തുടങ്ങിയ ബെയററെ തടഞ്ഞിട്ട് രണ്ടാമത്തെ ഗ്ലാസും കാലിയാക്കി അയാള്‍ കയ്യിലിരുന്ന സിഗററ്റ് ആഞ്ഞൊന്നു വലിച്ചു.
"നിനക്കറിയുമോ. ഇന്നലെ വരെ എനിക്കെല്ലാരുമുണ്ടായിരുന്നു. പക്ഷേ ഇന്നോ. ആരുമില്ല. അതെ ഇന്നു ഞാന്‍ ഒറ്റയ്ക്കാണു. യാതൊരു വിധ കെട്ടുപാടുകളുമില്ല. അല്ല ഒരു കണക്കിനതാണു നല്ലത്".
വീണ്ടുമൊഴിച്ചുവച്ച ഗ്ലാസ്സയാള് ചുണ്ടോടു ചേര്‍ത്തു.
"ഹൊ ഇതൊരു തലവേദനയായല്ലോ".
പിറുപിറുത്തുകൊണ്ട് ബെയറര്‍ തലചൊറിഞ്ഞു നിന്നു.
"എന്റെ ഭാര്യ അവളെനിക്കെല്ലാമായിരുന്നു. അവളെ സങ്കടപ്പെടുത്തുന്ന ഒന്നും ഞാന്‍ ചെയ്തിട്ടില്ല. അവള്‍ക്കുവേണ്ടി അമ്മയെപ്പോലും ഞാന്‍ വെറുപ്പിച്ചു. അവര്‍ പിണങ്ങി പെങ്ങളുടെ വീട്ടിപ്പോയപ്പോള്‍ എനിക്കു വേണമെങ്കില്‍ തടയാമായിരുന്നു. പക്ഷേ ഞാനതു ചെയ്തില്ല. അവള്‍ക്കു വേണ്ടി എന്റമ്മയെ ഞാന്‍ ഇറക്കിവിട്ടു എന്നു പറയുന്നതായിരിക്കും ശരി. അത്രക്കു ഞാനവളെ സ്നേഹിച്ചിരുന്നു. വിശ്വസിച്ചിരുന്നു. എന്നിട്ടോ. ഹ..ഹാ..ഹ "
ഒരു വിഡ്ഡിയെപ്പോലെ ഉച്ചത്തില്‍ ചിരിക്കുന്ന അയാളെ ബെയറര്‍ മിഴിച്ചുനോക്കി.
പാതിയോളം തീര്‍ന്ന കുപ്പി ഉയര്‍ത്തിനോക്കിയിട്ടയാള്‍ ഒരിക്കള്‍ കൂടി ഗ്ലാസ്സ് നിറച്ചു.
ഒന്നും മനസ്സിലാവാതെ മിഴിച്ചുനില്‍ക്കുന്ന ബെയററോടായയാള്‍ തുടര്‍ന്നു.
"ഈ ലോകത്ത് ഒരിക്കലും വിശ്വസിക്കാനാവാത്തത് ആരെയാണെന്നു നിനക്കറിയാമോ. പക്ഷേ എനിക്കറിയാം. ഞാനതറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു എന്നു മാത്രം. അപ്പോള്‍ പിന്നെയെന്തുചെയ്യും. നീ പറ. നിനക്കൊരു ഭാര്യയുണ്ടോ. ഉണ്ടെങ്കില്‍ അവളെ സ്നേഹിക്കരുത്. നമ്മുടെ കണ്ണില്‍ നോക്കിയിരുന്നുകൊണ്ട് ഇരുട്ടിന്റെ പുകമറ സൃഷ്ടിക്കാനവര്‍ക്കു കഴിയും. വിഡ്ഡികളായ നമ്മള്‍. ഹ ഹ ഹ്ഹ എന്തറിയുന്നു. "
"എന്റെ പൊന്നു സാറെ എനിക്കവിടെ ഒരുപാട് പണിയൊണ്ട്. സാര്‍ വീട്ടിപ്പോവാന്‍ നോക്ക്"
അയാളില്‍ നിന്നും എങ്ങിനെയെങ്കിലും രക്ഷപ്പെടുവാന്നെന്നപോലെ ബെയറര്‍ മുമ്പോട്ടു നടന്നു.
"നീ ഇതുകൂടി മാത്രം കേട്ടിട്ടു പൊയ്ക്കോ".
അവന്റെ കയ്യില്‍പിടിച്ചുകൊണ്ട് അയാള്‍ തുടര്‍ന്നു.
"ഒരാളെ കൊല്ലാനുള്ള എളുപ്പവഴിയെന്താണ്. തൂക്കിക്കൊല്ലുന്നതാണോ വെഷം കൊടുത്തുകൊല്ലുന്നതാണോ അതോ കഴുത്തു ഞെരിച്ചുകൊല്ലുന്നതാണോ. എനിക്കിന്നൊരാളെ കൊല്ലാനാ".
ബെയറര്‍ അയാളെ തെല്ലു ഭയപ്പാടോടുകൂടി നോക്കി.
"തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഇല്ലെങ്കില്‍ അവര്‍ വീണ്ടും തെറ്റുകള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കും. ഞാന്‍ തെറ്റു ചെയ്തു. ഇന്നു തന്നെ ശിക്ഷ നടപ്പാക്കണം"
പിറുപിറുത്ത് പറഞ്ഞുകൊണ്ട് ഗ്ലാസ്സ് കാലിയാക്കി അയാളെഴുന്നേറ്റു. കുറച്ചുകാശെടുത്ത് മേശപ്പുറത്തിട്ടിട്ട് ബാക്കിയുണ്ടായിരുന്ന മദ്യക്കുപ്പി കയ്യിലെടുത്തയാള്‍ ആടിയാടി പുറത്തേയ്ക്കു നടന്നു. പോകുന്ന പോക്കില്‍ അടുത്തുണ്ടായിരുന്ന മേശമേല്‍ തട്ടി മറിഞ്ഞ് രണ്ടുമൂന്നു ഗ്ലാസ്സുകള്‍ നിലത്തുവീണു തകര്‍ന്നു.
രണ്ട് മൂന്ന്‍ ദിവസം കഴിഞ്ഞൊരു വൈകുന്നേരം ബാറിലെ തിരക്കൊന്നു ശമിച്ചപ്പോള്‍ പഴയ അന്തിപ്പത്രമെടുത്ത് മറിച്ചുനോക്കിക്കൊണ്ടിരുന്ന ബെയറര്‍ ആ ഫോട്ടോയും വാര്‍ത്തയും കണ്ടു ഒന്നു ഞെട്ടി. അതിപ്രകാരമായിരുന്നു.
നഗരത്തിലെ പ്രമുഖ ടെക്സ്റ്റൈല്‍ വ്യവസായിയായിരുന്ന സുജനപാലന്‍ (44 വയസ്സ്) ഇന്നലെ സ്വവസതിയില്‍ മരണമടഞ്ഞനിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണു പോലീസിന്റെ അനുമാനം. ശക്തിയേറിയ വിഷം മദ്യത്തില്‍ കലര്‍ത്തി കഴിച്ചിരുന്നതായും കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചിരുന്നതായും പോലീസ് പറഞ്ഞു. മുറിയില്‍ തന്നെ തൂങ്ങിമരിക്കുവാനായി ഒരു ശ്രമം നടത്തിയതായും അതു ഫലിക്കാതെ വന്നപ്പോഴായിരിക്കാം വിഷം കഴിച്ചതെന്നുമാണ് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതെന്ന്‍ അന്യോഷണോദ്യോസ്ഥര്‍ വിശദീകരിച്ചു. ക്ലബ്ബില്‍ പോയിരുന്ന ഭാര്യ മടങ്ങിവന്നപ്പോഴാണു സംഭവം കണ്ടതു. ഉടന്‍ തന്നെ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും വളരെമുമ്പു തന്നെ മരണം സംഭവിച്ചിരുന്നു.
പിന്നേയും കുറേയേറേയുണ്ടായിരുന്നു വാര്‍ത്ത. അതു മുഴുവന്‍ വായിക്കാന്‍ നില്‍ക്കാതെ ബെയറര്‍ ആകെ അസ്വസ്ഥനെന്നോണം പേപ്പര്‍ തിരികെ അതിരുന്ന സ്ഥലത്തുവച്ചു. തന്നെ കൈകാട്ടി വിളിച്ച കസ്റ്റമറുടെ അടുത്തേയ്ക്കു അയാള്‍ ധൃതിയില്‍ നടന്നു. അയാളിരിന്നിരുന്ന ആ മേശയുടെ അടുത്ത് നിന്ന്‍ ഓര്‍ഡറെടുക്കുമ്പോള്‍ ഒഴിഞ്ഞകോണിലെ കസേരയിലിരുന്നു തന്നോട് ആരൊ വര്‍ത്തമാനം പറയുന്നതായി അവനനുഭവപ്പെടുന്നുണ്ടായിരുന്നു.
ശ്രീക്കുട്ടന്‍
ഇതിപ്പോ ചൊറയായല്ലോ... പറയുമ്പോ മൊത്തം പറയണ്ടേ..? എന്താവും ശരിക്കും അയാളുടെ പ്രശ്നം?
ReplyDeleteചതിയുടെയും ഒറ്റപ്പെടലിന്റെയും കഥകള്‍ ഇങ്ങനെ ധാരാളം പേപ്പറില്‍ സ്ഥാനം പിടിക്കുന്നുണ്ട്. ബെയററുടെ ഭാഗത്ത് നിന്നും ഉള്ള വീക്ഷണം പുതിയത് . നന്നായിട്ടുണ്ട്
ReplyDeleteസ്വയം സിക്ഷ നടപ്പാക്കൽ ,
ReplyDeleteയോജിക്കുനില്ല
ഇത് ശെരിയല്ല. ലവള് തെറ്റും ചെയ്തു നമ്മള് തട്ടിപോയി, ഹേയ് ശേരിയവില്ല. ലവളെം കൊന്നു നമ്മളും ചത്താ പിന്നേം ഒരു മനസുഖം സുഖം ഉണ്ട്. ഇത് ചുമ്മാ ചവുവേം ചെയ്തു പ്രതികാരം ചെയ്തോ അതും ഇല്ല.
ReplyDeleteവായിച്ചുവായിച്ചു വന്നപ്പോള്‍ ശ്രീനിവാസന്റെ വടക്കുനോക്കിയന്ത്രം ഓര്‍മവന്നു...അന്നാലും അവസാനം ?
ReplyDeleteകഥ കൊള്ളാം , പക്ഷേ അവ്യക്തം
ReplyDeleteഅയാള്‍ ചെയ്തതാണ് ശരി കാരണം അയാള്‍ അവരെ കൊന്നിട്ട് എന്തിനാണ് ജയിലില്‍ പോയി കിടക്കുന്നത് അവരല്ലേ തെറ്റ് ചെയ്തത് പിന്നെ ഒരു കാര്യം അയാള്‍ അവരെ കൊല ചെയ്തു അങ്ങേരും മരിചിരുന്നെന്കില്‍ അവരോടൊത് നരകത്തിലും ഒരുമിച്ചു ജീവിക്കാന്‍ ഇടയായാലോ അതിലും നല്ലത് അയാളുടെ ആത്മഹത്യ തന്നെയാണ് ...............
ReplyDeleteനമുക്കൊരാളെ സങ്കടക്കടലിലാഴ്ത്തുവാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം സ്വയം ശിക്ഷിക്കുക എന്നതത്രേ..
ReplyDeleteഎല്ലാ പ്രീയകൂട്ടുകാര്‍ക്കും നന്ദി അറിയിക്കുന്നു..
ഒളിചോട്ടമല്ലേ അത്.. വിഷമങ്ങളില്‍ തളരാതെ പിടിച്ചു നില്‍ക്കുന്നവരല്ലേ നായകര്‍ ആകേണ്ടത്.. വരികളില്‍ ആഴത്തിലുള്ള സങ്കടം നിറഞ്ഞു നില്‍ക്കുന്നു
ReplyDeleteമരിക്കാന്‍ മാത്രം എന്ത് പ്രശ്നമാണ് ഭാര്യ അയാള്‍ക്ക് നല്‍കിയത് എന്നതില്‍ ഒരു അവ്യക്ത്തത ബാക്കി നില്‍ക്കുന്നു.
ReplyDeleteമറ്റുള്ളവരുടെ പ്രശ്നങ്ങളിലേക്ക് ചൂഴ്നിറങ്ങാനുള്ള ശ്രമത്തെ നിരുത്സാഹപ്പെടുത്തുന്ന കഥ. ബെയററെ ആയിരുന്നു കേന്ദ്ര കഥാപാത്രമാക്കേണ്ടിയിരുന്നത് എന്നാണെന്റെ അഭിപ്രായം. ഇന്നലെ കണ്ടവന്റെ മരണത്തെ വളരെ ലാഘവത്തോടെ കണ്ട് ഇന്നിന്റെ വിശപ്പിനുവേണ്ടി അടുത്ത ഓര്‍ഡര്‍ എടുക്കുന്ന ബെയറര്‍.
ReplyDeleteശ്രീകുട്ടന് എവിടെയോ പിഴച്ച്ചിരിക്കുന്നു ഈ കഥയില്‍. മനസ്സില്‍ തോന്നിയ ഒരു രോഷം പറഞ്ഞു തീര്‍ക്കാനുള്ള ശ്രമമായിരുന്നു ഈ പോസ്റ്റ് എന്നെനിക്കു തോന്നുന്നു. അത് കൊണ്ടായിരിക്കണം ഒരു ശ്രദ്ധകുറവ് ..
ReplyDeleteആശംസകള്‍..
ക്ഷമിക്കൂ മച്ചാ. നെക്സ്റ്റ് ടൈം നമുക്ക് ജോറാക്കാന്നേ..
Delete! ശ്രീക്കുട്ടന്‍ അവളെക്കൊണ്ടോന്നും പറയിപ്പിച്ചില്ല. അവള്‍ക്കുമുണ്ടാകും പറയാന്‍..
ReplyDeleteകഥ എഴുതിയ രീതി കൊള്ളാം .പക്ഷെ തീരെ പുതുമ ഇല്ലാത്ത വിഷയം ശ്രീക്കുട്ടനെ പോലെരാളില്‍ നിന്നും..? ഇത് എത്ര സിനിമകളില്‍ കണ്ടിരിക്കുന്നു,മിനി കഥകളില്‍ വായിച്ചിരിക്കുന്നു.(ശ്രീകുട്ടന്‍ പരിഭവിക്കരുത്.നിങ്ങള്‍ നല്ലൊരു എഴുത്തുകാരനായത് കൊണ്ടാണ് ഇത്രയും പറഞ്ഞത്)
ReplyDeleteഎന്തു പരിഭവം ചേച്ചീ. ഞാന്‍ ഒരിക്കലും ഒരഭിപ്രായപ്രകടനത്തിലും അസഹിഷ്ണുവാകാറില്ല. എന്റെ എഴുത്തിലെ പോരായ്മകള്‍ മറ്റൊരാള്‍ പറയുമ്പോളല്ലേ അടുത്തതവണ കൂടുതല്‍ ശ്രദ്ധിക്കാനാവൂ.
Deleteആത്മഹത്യകളുടെ സ്വന്തം നാട്ടിലെ കഥ
ReplyDeleteപിന്നാമ്പുറം തേടിപ്പോയാല്‍ ആത്മഹത്യകളില്‍ പലതും ബാലിശമായ കാരണങ്ങള്‍ കൊണ്ടാണെന്ന് മനസ്സിലാകും
ബാറില്‍ നിന്നുള്ള കഥപറച്ചില്‍ കൊള്ളാം കേട്ടോ