Friday, August 17, 2012

ആറമ്മുള വലിയ ബാലകൃഷ്ണന്‍


ആറമ്മുള വലിയ ബാലകൃഷ്ണനെക്കുറിച്ചുള്ള ഈ ചെറുകുറിപ്പിനു നിദാനം ശ്രീമാന്‍ കൊട്ടാരത്തില്‍ ശങ്കുണ്ണിയുടേ ഐതീഹ്യമാല എന്ന കൃതിയാണു. ഇതിലെഴുതിയിരിക്കുന്നതിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനവും അദ്ദേഹത്തിന്റെ വാചകങ്ങള്‍ തന്നെ. തലയുയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന കരിവീരമ്മാരെ കാണുന്നതും ആസ്വദിക്കുന്നതും ഒക്കെ ഒരു ഹരമായതുകൊണ്ട് എഴുതിപ്പോയതാണ്. പലപ്പോഴും കേട്ടുകേള്‍വിയനുസരിച്ചുള്ളവ അതിശയോക്തിപരങ്ങളായിരിക്കും. എന്നിരുന്നാലും ഇതെല്ലാം സത്യമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം..

ഒരിക്കല്‍ കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ മഹാരാജാവ് നടത്തിയ മുറജപത്തിനു സദ്യ വിളമ്പിയപ്പോള്‍ സദ്യക്കൊപ്പം വിളമ്പിയ എരിശ്ശേരി പാകം ചെയ്തത് പ്രസിദ്ധരായ ആറമ്മുള്ള സമൂഹക്കാര്‍ ആയിരുന്നു. മഹാരാജാവിന്റെ പ്രത്യേകക്ഷണപ്രകാരമാണു അവര്‍ മുറജപത്തില്‍ ദേഹണ്ഡക്കാരായെത്തിയത്. മുറജപമൊക്കെ സമംഗളം കഴിഞ്ഞപ്പോള്‍ മഹാരാജാവ് സന്തോഷിച്ച് ആറമ്മുള സമൂഹക്കാര്‍ക്ക് ധാരാളം സമ്മാനങ്ങള്‍ നല്‍കുകയുണ്ടായി. സന്തോഷവാന്മാരായ സമൂഹക്കാര്‍ മഹാരാജാവിനോട് തങ്ങള്‍ക്ക് ആറമ്മുളയപ്പന് നടയ്ക്ക് വയ്ക്കുന്നതിനായി ഒരാനയെ തന്നാല്‍ വലിയ ഉപകാരമായിരിക്കും എന്നുണര്‍ത്തിച്ചു. അപ്പോള്‍ തന്നെ മഹാരാജാവ് ലായം കാര്യക്കാരെ തിരുമുമ്പില്‍ വരുത്തുകയും ആറമ്മുളസമൂഹക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന ഒരാനയെ നല്‍കണമെന്ന്‍ കല്‍പ്പിക്കുകയും ചെയ്തു. അപ്രകാരം അവരെല്ലം കൂടി ലായത്തിലെത്തുകയും അവിടെയുണ്ടായിരുന്ന ഒരാനയെ ചൂണ്ടിക്കാട്ടി അതിനെ വേണമെന്നാവശ്യപ്പെടുകയും ചെയ്തു. അങ്ങിനെ കിട്ടിയ ആനയെ അവര്‍ കൊണ്ടുപോവുകയും കരക്കാരും മറ്റു പ്രമുഖരുമെല്ലാം ചേര്‍ന്നുകൊണ്ട് ആനയെ വലിയ ബാലകൃഷ്ണന്‍ എന്ന്‍ നാമകരണം ചെയ്ത് ആഘോഷപൂര്‍വ്വം നടയ്ക്കിരുത്തുകയും ചെയ്തു.



അക്കാലത്ത് ആറമ്മുള ദേവസ്വം വകയായി കരക്കാരെല്ലാം കൂടി ചേര്‍ന്ന്‍ വിലയ്ക്ക് വാങ്ങി നടയ്ക്കിരുത്തിയ ബാലകൃഷ്ണന്‍ എന്നും പിന്നെ റാന്നി കര്‍ത്താവ് നടയ്ക്കിരുത്തിയ കുട്ടികൃഷ്ണന്‍ എന്നും പേരുള്ള രണ്ട് ആനകള്‍ കൂടിയുണ്ടായിരുന്നു. വലിയ ബാലകൃഷ്ണന്‍ ഇവരോടൊപ്പം ചേര്‍ന്നു. ഒന്നുരണ്ടുവര്‍ഷങ്ങള്‍ക്കുള്ളില്‍ വലിയ ബാലകൃഷ്ണന്‍ തടിച്ചുകൊഴുത്ത് മുമ്പ് അവനെകണ്ടിട്ടുള്ളവ്ര്‍ പോലും തിരിച്ചറിയാന്‍ വയ്യാത്ത തരത്തില്‍ ദേഹപുഷ്ടിയും തലയെടുപ്പുമുള്ളവനുമായി തീര്‍ന്നു. വലിയ ബാലകൃഷ്ണന്റെ പ്രധാനപാപ്പാന്‍ കക്കുഴി നാരായണന്‍ നായര്‍ എന്ന ഒരാളായിരുന്നു. ബാലകൃഷ്ണനെ സ്വന്തം മകനെപ്പോലെ നോക്കുകയും മറ്റും ചെയ്തിരുന്ന നാരായണന്‍ നായരെ ബാലകൃഷ്ണനും വളരെയേറെ സ്നേഹിച്ചിരുന്നു.

ആറമ്മുളക്ഷേത്രത്തിനടുള്ള ആറ്റിലെ ഒരു കയത്തിലായിരുന്നു വലിയ ബാലകൃഷ്ണന്‍ മുങ്ങിക്കിടക്കുന്നത്. ദേവന്റെ നിക്ഷേപ മുതലുകള്‍ കിടക്കുന്നതും ആ കയത്തിലായിരുന്നു. അമ്പലത്തില്‍ ശീവേലിയ്ക്ക് പാണികൊട്ടുന്നതുകേട്ടാല്‍ ആരും വിളിക്കാതെ തന്നെ ബാലകൃഷ്ണന്‍ കയത്തില്‍ നിന്നും കയറിവരും. അമ്പലത്തിലെ എഴുന്നള്ളിപ്പിന്റേയും പ്രദക്ഷിണത്തിന്റേയുമൊക്കെ ചിട്ടവട്ടങ്ങള്‍ ബാലകൃഷ്ണനു മനപ്പാഠമായിരുന്നു.

വലിയ ബാലകൃഷ്ണനെക്കുറിച്ച് ജനങ്ങള്‍‍ക്ക് സീമാതീതമായ സ്നേഹവും വാത്സല്യവുമൊക്കെയുണ്ടായിരുന്നതുമൂലം അവനു ധാരാളം പഴക്കുലകളും മറ്റുമൊക്കെ കിട്ടുമായിരുന്നു. അവന്‍ അതിലോരോ ഓഹരി ചെറിയ ബാലകൃഷ്ണനും കുട്ടികൃഷ്ണനും മറക്കാതെ നല്‍കുമായിരുന്നു. മാത്രമല്ല വല്യ ബാലകൃഷ്ണന്റെ പാപ്പാനായിരുന്ന നാരായണന്‍ നായര്‍ക്കും ധാരാളം സമ്മാനങ്ങളും മറ്റും കിട്ടാറുണ്ടായിരുന്നു. ഇതില്‍ അസൂയാലുവായ ചെറിയ ബാലകൃഷ്ണന്റെ പാപ്പാനായ അയ്യപ്പന്‍പിള്ള ചെറിയ ബാലകൃഷ്ണനെക്കൊണ്ട് ചില അക്രമങ്ങള്‍ കാട്ടുകയും അത് വലിയ ബാലകൃഷ്ണന്റെയും പാപ്പാനായിരുന്ന നാരായണന്‍ നായരുടേയും പിടലിക്കു വയ്ക്കുവാന്‍ നോക്കുകയും ചെയ്തു.പക്ഷേ സത്യാവ്സ്ഥ എല്ലാവര്‍ക്കും ബോധ്യപ്പെടുകയും അയ്യപ്പന്‍ പിള്ള തന്നെ നാട്ടുകാരുടെ മുന്നില്‍ ഇളിഭ്യനാകുകയും പ്രായശ്ചിത്തം ചെയ്യേണ്ടിയും വന്നു.

വലിയ ബാലകൃഷ്ണനെ അകപ്പെടുത്തുവാന്‍ പലരും പല ആഭിചാരപ്രയോഗങ്ങളും മറ്റുമൊക്കെ ചെയ്തിട്ടുണ്ട്. താമരശ്ശേരി നമ്പി ഒരിക്കല്‍ ഒരു വലിയ ഒരു കൂടോത്രം ചെയ്ത് വലിയ ബാലകൃഷ്ണന്‍ വരുന്ന വഴിയില്‍ സ്ഥാപിക്കുകയും എന്നാല്‍ ആ സ്ഥലത്തെത്തിയപ്പോള്‍ ബാലകൃഷ്ണന്‍ എന്തുകൊണ്ടോ അവിടം കടന്നുപോകാതെ നില്‍ക്കുകയും ചെയ്തു. സംഗതിയറിഞ്ഞ ക്ഷേത്രത്തിലെ വെളിച്ചപ്പാട് തുള്ളിവരുകയും കൂടോത്രം തന്റെ ശൂലത്താല്‍ കുത്തിയെടുത്ത് കത്തിച്ചുകളയുകയും ചെയ്തു. ബാലകൃഷ്ണനെ അകപ്പെടുത്തുവാന്‍ കൂടോത്രം ചെയ്ത താമരശ്ശേരി നമ്പി ആ ആണ്ടില്‍ തന്നെ വസൂരിരോഗം പിടിപെട്ട് മരിക്കുകയും ചെയ്തു.

ഒരിക്കല്‍ ഒരു മലയുടെ ചരിവിനു മുകളില്‍ നിന്നും വലിയബാലകൃഷ്ണനും താഴെനിന്നു ചെറിയ ബാലകൃഷ്ണനും കൂടി ഒരു വലിയ തടിപിടിച്ചുകൊണ്ട് നില്‍ക്കേ അയ്യപ്പന്‍പിള്ള ചെറിയ ബാലകൃഷ്ണനെ ഒന്നടിച്ചു. ദേക്ഷ്യം കൊണ്ടന്ധനായ ബാലകൃഷ്ണന്‍ അയ്യപ്പന്‍പിള്ളയുടെ കഥ അപ്പോള്‍ തന്നെ കഴിച്ചു. തടിപിടിച്ചിരുന്ന വലിയ ബാലകൃഷ്ണനു അയ്യപ്പന്‍ പിള്ളയെ രക്ഷിക്കാനുമായില്ല. അക്രമം ചെയ്യുന്നതൊന്നും വലിയ ബാലകൃഷ്ണനു ഇഷ്ടമായിരുന്നില്ല. അയ്യപ്പന്‍ പിള്ളയ്ക്ക്ശേഷം ചെറിയബാലകൃഷ്ണന്റെ പാപ്പാനായി വന്നത് അയ്യപ്പന്‍ പിള്ളയുടെ അനുജനായ പത്മനാഭന്‍ പിള്ളയായിരുന്നു. തന്റെ ജേഷ്ഠനെക്കൊന്ന ചെറിയ ബാലകൃഷ്ണനെ താമസിയാതെ വിഷമോ മറ്റോ കൊടുത്ത് അയാള്‍ കൊല്ലിച്ചു. താമസിയാതെ പ്രായാധിക്യം മൂലം വലിയ ബാലകൃഷ്ണന്റെ പാപ്പാനായ നാരായണന്‍ നായര്‍ മരിച്ചു. തുടര്‍ന്ന്‍ വലിയ ബാലകൃഷ്ണന്റെ പപ്പാനായി വന്നത് പത്മനാഭപിള്ളയായിരുന്നു. കൂടെ സഹായിയായി നാരായണന്‍ നായരുടെ അനന്തിരവനായ കൊച്ചുകൃഷ്ണനേം നിയമിച്ചു. തന്റെ പ്രീയപ്പെട്ടവരായിരുന്ന ചെറിയ ബാലകൃഷ്ണനും നാരായണന്‍ നായരും മരിച്ചുപോയതില്‍ വലിയ ബാലകൃഷ്ണന്‍ വളരെയേറെ നാള്‍ ഖിന്നനായിരുന്നു. കാലം മായ്ക്കാത്ത മുറിവുകള്‍ ഇല്ലല്ലോ.

പത്മനാഭപിള്ള അത്ര ശുദ്ധഹൃദയനൊന്നുമല്ലായിരുന്നു. വലിയബാലകൃഷ്ണനെക്കൊണ്ട് കഠിനമായി ജോലികള്‍ ചെയ്യിക്കുകയും മറ്റാരുമറിയാതെ ധാരാളം സമ്പാദിക്കുകയും ചെയ്തുകൊണ്ടിരുന്നു.ഒരിക്കള്‍ ഒരു വലിയ തടി വലിയ ബാലകൃഷ്ണനെക്കൊണ്ട് പിടിപ്പിച്ച വകയില്‍ പത്മനാഭപിള്ളയ്ക്ക് അല്‍പ്പം കൂടുതല്‍ പണവും മുണ്ടും നേര്യതുമൊക്കെ ലഭിക്കുകയുണ്ടായി. എന്നാല്‍ സഹായിയായി നിന്ന കൊച്ചുകൃഷ്ണനു ഒന്നും തന്നെ നല്‍കിയില്ല. അതില്‍ മനസ്താപം പൂണ്ട കൊച്ചുകൃഷ്ണന്‍ തന്റെ സങ്കടം ഭഗവാനോടെന്നോണം പറഞ്ഞു. ഇതുകേട്ട് സംഗതി മനസ്സിലായ ബാലകൃഷ്ണന്‍ ആ തടി വലിച്ചെടുത്ത് പഴയസ്ഥാനത്തുതന്നെ കൊണ്ടിട്ടു. പത്മനാഭപിള്ള പലതും പറഞ്ഞുനോക്കിയിട്ടും ബാലകൃഷ്ണന്‍ അനുസരിച്ചില്ല. മനസ്സില്‍ കോപം അധികരിച്ചെങ്കിലും ഒരു അവസരം കിട്ടുമ്പോള്‍ പകരം വീട്ടണമെന്ന്‍ മനസ്സിലുറപ്പിച്ച് പദ്മനാഭപിള്ള തല്‍ക്കാലമടങ്ങി.

ആറമ്മുളയ്ക്ക് സമീപം തന്നെ ആറ്റില്‍ കയ്പ്പുഴക്കയം എന്നൊരാഴമേറിയ കയമുണ്ട്. ഒരിക്കല്‍ അതിനടുത്ത് വച്ച് മലയില്‍ നിന്നും രണ്ട് വലിയ തടികള്‍ പിടിക്കുവാനായി പത്മനാഭപിള്ള വലിയബാലകൃഷ്ണനേം കൊണ്ടു പോയി. വളരെ കഷ്ടപ്പെട്ട് ഒരു തടി ബാലകൃഷ്ണന്‍ നിശ്ചിതസ്ഥാനത്തെത്തിച്ചു. രണ്ടാമത്തെ തടിപിടിക്കുന്ന സമയം പത്മനാഭപിള്ള തടിയുടെ വക്കയില്‍ കെട്ടിയിരുന്ന ചങ്ങല വലിയബാലകൃഷ്ണന്റെ കാലില്‍ ചേര്‍ത്ത് ബന്ധിച്ചു. അപ്പോള്‍ തന്നെ ഒരപകടം ബാലകൃഷ്ണനു മണത്തെങ്കിലും അവന്‍ തടിപിടിച്ച് യഥാസ്ഥാനത്തേയ്ക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. ആ കയത്തിന്റെ അടുത്തെത്തിയതും പത്മനാഭപിള്ള ബാലകൃഷ്ണന്റെ മര്‍മ്മസ്ഥാനം നോക്കി ഒരടികൊടുത്തു. അസഹ്യമായ വേദനയാല്‍ പിടഞ്ഞ വലിയ ബാലകൃഷ്ണന്‍ ഒന്നു പിടഞ്ഞ് ആ കയത്തിലേയ്ക്ക് ചാടുകയും ചെയ്തു. കൂറ്റന്‍ തടിയുടെ കൂടെ ചങ്ങല കാലില്‍ ബന്ധിച്ചിരുന്നതുകൊണ്ട് ബാലകൃഷ്ണനു കയത്തില്‍ നിന്നും കയറാനാകാതെ നിസ്സഹായനാകേണ്ടിവന്നു. ആഴമേറിയ കയത്തില്‍ അകപ്പെട്ട അവന്‍ ശ്വാസം കിട്ടാനായി ബദ്ധപ്പെടുകയും തന്റെ നീളമെറിയ തുമ്പിക്കൈ വെള്ളത്തിനുമുകളിലേയ്ക്ക് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു.

വലിയ ബാലകൃഷ്ണന്റെ കഷ്ടസ്ഥിതി കണ്ട് രസിച്ചുകൊണ്ട് കരയ്ക്ക് നിന്ന പത്മനാഭപിള്ളയെ കാട്ടില്‍ നിന്നും പൊടുന്നനേ ഇറങ്ങിവന്ന ഒരു കാട്ടുപോത്ത് വെട്ടികുത്തി രണ്ടുകഷണമാക്കി മുറിച്ച് കയത്തിലേയ്ക്ക് തള്ളിയിട്ടിട്ട് കാട്ടിലേയ്ക്ക് തന്നെ പോയി. അധികം താമസിയാതെ തന്നെ ബാലകൃഷ്ണനു നേരിട്ട ദുര്യോഗം കരക്കാര്‍ മൊത്തമറിയുകയും അവരൊക്കെ തന്നെ കയത്തിനടുത്തേയ്ക്ക് കുതിച്ചെത്തുകയും ചെയ്തു. വലിയ ബാലകൃഷ്ണനെ കരയ്ക്ക് എങ്ങിനെയെങ്കിലും കയറ്റാനായി പലരും പല വിദ്യകളും നോക്കി. എന്നാല്‍ ആഴമേറിയ കയത്തില്‍ വളരെവലിയ തടിയോടൊപ്പം ബന്ധിക്കപ്പെട്ടുകിടന്നിരുന്ന ബാലകൃഷ്ണനെ രക്ഷിക്കുവാനുള്ള എല്ലാ ശ്രമങ്ങളും പാഴാവുകയാണുണ്ടായത്. ബാലകൃഷ്ണന്റെ അപകടവൃത്താന്തമറിഞ്ഞ് അന്ന്‍ ആറമ്മുളദേശത്ത് കണ്ണീര്‍വാര്‍ക്കാത്തവരായി ആരും തന്നെയുണ്ടായിരുന്നില്ല. സര്‍വ്വവിധയോഗ്യതകളും നിറഞ്ഞ ആ ഗജസ്രേഷ്ടന്‍ ഇന്നും എല്ലാവരുടേയും മന‍സ്സില്‍ ചിരപ്രതിഷ്ടപോലെ നിറഞ്ഞു നില്‍ക്കുന്നു...


ശ്രീക്കുട്ടന്‍

10 comments:

  1. നല്ല ആനക്കഥ. ഐത്യഹ്യ മാല ഞാന്‍ പണ്ട് വായിച്ചിട്ടുണ്ട്..പക്ഷെ ഇതോര്‍മയില്ല...

    ശ്രീ നന്നായി എഴുതിയിരിക്കുന്നു. ഇഷ്ടമായി ഈ രചന. എന്‍റെ അടുത്ത പോസ്റ്റും ആനയാണ്. എഴുതി പൂര്‍ത്തിയായിട്ടില്ല . അത് ഇത് പോലെ ആനക്കഥ യല്ല എന്ന് മാത്രം.,

    നല്ലൊരു വായനാനുഭവം സമ്മാനിച്ചതിനു നന്ദി. ആശംസകളോടെ ...

    ReplyDelete
  2. ഐതിഹ്യമാല വായിച്ചാണ് ഞാനും ആനയെ സ്നേഹിച്ചു തുടങ്ങിയത്.കോന്നി കൊച്ചയ്യപ്പന്‍ , കൊട്ടാരക്കര ചന്ദ്രശേഖരന്‍ തുടങ്ങി എത്ര ആനകള്‍ . വീണ്ടും ഒരോര്‍മ്മപ്പെടുത്തല്‍ നന്നായി.

    ReplyDelete
  3. ചെറുപ്പം മുതലേ മുതിര്‍ന്നവര്‍ പറഞ്ഞു കേട്ട് മനസ്സില്‍ പതിഞ്ഞ വിവിധ ആനകഥകള്‍..

    അവയിലേക്ക് ചില പുതിയ അറിവുകള്‍ കൂടി ഇവിടെ നിന്ന് കിട്ടി. വലിയ ബാലകൃഷ്ണന്‍ ഒരു നൊമ്പരമായി മനസ്സില്‍ ചേക്കേറി..

    ReplyDelete
  4. ആനകളെ സ്നേഹിച്ച് പരിചരിച്ചിരുന്നവര്‍ മുമ്പ് ഉണ്ടായിരുന്നു
    സമൂഹം മൊത്തത്തില്‍ ലാഭേച്ഛുക്കളായ് മാറിയപ്പോള്‍ ആനയുടെ പരിപ്പെടുക്കണമെന്ന മനോഭാവക്കാരാണിപ്പോള്‍ ഭൂരിപക്ഷവും

    എനിക്ക് സഹതാപം മാത്രമേയുള്ളു ഈ വലിയ ജീവികളോട്

    ReplyDelete
  5. ആറന്മുളയും, പമ്പയാറും, വള്ളംകളിയും, വള്ളസദ്യയും, ആനക്കഥകളും..... ആറ്റിനക്കരെ മാരമൺ കൺവെൻഷൻ നടക്കുന്ന മണൽത്തിട്ടയും, പരപ്പുഴക്കടവും, കയ്പ്പുഴക്കയവും, പാർത്ഥസാരഥിയായ തിരുവാറന്മുളയപ്പനും,തിരുവോണത്തോണിയും, അമ്പലവുമായി ബന്ധപ്പെട്ട നിരവധി ഐതീഹ്യങ്ങളും എല്ലാം ബാല്യകാലവുമായി ചേർത്തുവെച്ച നല്ല ഓർമകളാണ്....

    ആറന്മുളയുമായി ബന്ധപ്പെട്ടതായതുകൊണ്ട് ഐതീഹ്യമാലയിൽ പ്രത്യേക ശ്രദ്ധയോടെ വായിച്ചിരുന്നു.....

    ഇങ്ങിനെ പങ്കുവെക്കാൻ തോന്നിയത് നന്നായി ശ്രീക്കുട്ടൻ.....

    ReplyDelete
  6. ആനകളെ ഒരുപാടു ഇഷ്ട്ടമാണ് ,ഇത്തരം ആനകഥകളും ....ഇനിയും തുടരുക

    ReplyDelete
  7. ചരിത്രമായ ഐതിഹ്യങ്ങള്‍ ഇനിയും പ്രതീക്ഷിക്കുന്നു

    ReplyDelete
  8. ആനക്കഥകളിലെ ഈ അറിയാ കഥകള്‍ പുതിയ വായനാനുഭവമായി.

    ReplyDelete
  9. താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

    ReplyDelete
  10. ആനകളെ എത്ര കണ്ടാലാ മടുക്കാ....
    അതു പോലെ തന്നെ ആനക്കഥകളും...

    ഇഷ്ടായി..ഇതും..

    ReplyDelete