Tuesday, August 7, 2012

ലോക്കപ്പ്

അകത്തെവിടെയോ നിന്ന്‍ ഒരമര്‍ത്തിയ നിലവിളിശബ്ദം പുറത്തേയ്ക്കരിച്ചുവന്നു. വൃദ്ധയുടെ ശരീരത്തില്‍ കൂടി ഒരു വിറയല്‍ കടന്നുപോയി.അവര്‍ ദയനീയ ഭാവത്തോടെ അകത്തേയ്ക്ക് തലയെത്തിച്ചുനോക്കി. ഒന്നും തന്നെ കാണാനാവുന്നില്ല. അവിടെ നില്‍ക്കുന്ന പോലീസുകാരന്‍ തള്ളയെതന്നെ സൂക്ഷിച്ചുനോക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് പുറത്തേയ്ക്കലയടിച്ചെത്തുന്ന ചീത്തവിളികളും എന്തൊക്കെയോ ഒച്ചകളും പിന്നെ കരച്ചിലുകളും കേട്ടുകേട്ട് വൃദ്ധയ്ക്ക് സമനിലതെറ്റുന്നതുപോലെ തോന്നി. എത്ര നേരമായവര്‍ ആ പോലീസ്സ്റ്റേഷന്‍ വരാന്തയില്‍ കാത്തുനില്‍ക്കുകയാണ്. പുറത്തുപോയിരിക്കുന്ന സര്‍ക്കിളേമ്മാന്‍ വരുവാനായുള്ള കാത്തുനില്‍പ്പാണത്..

"എന്നതാ തള്ളേ വേണ്ടത്"

തിണ്ണയിലേയ്ക്ക് വന്ന പോലീസുകാരന്റെ സ്വരമുയര്‍ന്നുകേട്ടപ്പോള്‍ വൃദ്ധ ഒരു ഞെട്ടലോടെ തലയുയര്‍ത്തി. നേരത്തേ അവിടെ നിന്ന പോലീസുകാരനല്ല. ദയനീയമായ ഭാവത്തില്‍ ആ പോലീസുകാരനെ നോക്കി നിന്ന അവരില്‍ നിന്നും ശബ്ദങ്ങള്‍ ഒന്നും പുറത്തുവന്നില്ല. ചുളിവു നിറഞ്ഞ കവിള്‍ത്തടങ്ങളിലൂടെ ചുടുകണ്ണുനീര്‍ മെല്ലെയൊലിച്ചിറങ്ങി.

"നിങ്ങളോടല്ലേ ചോദിച്ചേ. എന്താ വേണ്ടത്.നിങ്ങടെ ആരെയെങ്കിലും പിടിച്ചുകൊണ്ട് വന്നോയിവിടെ"

അക്ഷമപൂണ്ട പോലീസുകാരന്‍ വീണ്ടും ചോദിച്ചു.

"ന്റെ സുര"

അവരില്‍ നിന്നും ഒച്ചകുറഞ്ഞ അക്ഷരങ്ങള്‍ ചിതറിത്തെറിച്ചു. ഒരു കുപ്പിച്ചില്ലുടയുന്നതുപോലെ..

"അല്ല ഈ കെളവി ഇതേവരെ പോയില്ലേ. നിങ്ങളോടല്ലേ പറഞ്ഞത് ഇവിടെ നിങ്ങടെ ചെക്കനെ കൊണ്ടുവന്നില്ലാന്ന്‍. ഇനിയഥവാ പിടിച്ചെങ്കില്‍ തന്നെ സര്‍ക്കിളായിരിക്കും. ഇവിടെ കാത്തുനിന്നിട്ട് ഒരു കാര്യോമില്ല. സാറു ചെലപ്പോള്‍ രാത്രി വരും. ഇല്ലേല്‍ നാളെ കാലത്ത് നോക്കിയാ മതി. നിങ്ങളു പോയീട്ട് നാളെ വാ"

വരാന്തയിലേയ്ക്ക് വന്ന ഹെഡ് കോണ്‍സ്റ്റബില്‍ വിശ്വനാഥന്‍ പിള്ള തന്റെ വായില്‍ കിടന്ന മുറുക്കാന്‍ ഒന്നുകൂടി ചവച്ച് പുറത്തേയ്ക്ക് തുപ്പിയിട്ട് പങ്കജാക്ഷിയമ്മയോടായി പറഞ്ഞു.

"ഏമ്മാന്നേ. കവലേന്ന്‍ അവനെ പോലീസു പിടിച്ചോണ്ട് പോയെന്ന്‍ എല്ലാരും പറേണ്. അവന്‍ അടീം പിടീമൊന്നുമൊണ്ടാക്കണോനല്ല. എനിക്കാകെയവന്നേയൊള്ളൂ. അവനെയൊന്നും ചെയ്യല്ലേ മക്കളേ"

കൈകൂപ്പിപ്പറഞ്ഞുക്കൊണ്ടവര്‍ ആ പോലീസുകാരെ നോക്കിനിന്നു..

"നിങ്ങളിപ്പോ പോയിട്ട് നാളെരാവിലെ വാ. അവനെ പിടിച്ചെങ്കി സാര്‍ വരുമ്പം ഞാന്‍ പറയാം".

പാറാവുപോലീസുകാരനെ നോക്കി ഒന്നു കണ്ണടച്ചു ചിരിച്ചിട്ട് വിശ്വനാഥന്‍ പിള്ള പറഞ്ഞു.

"ദൈവങ്ങളേ ന്റെ സുരേനെ നീ കാത്തൊളണേ "

മുകളിലേയ്ക്ക് മിഴികളെറിഞ്ഞ് പ്രാര്‍ത്ഥിച്ചിട്ട് അവര്‍ ഒരു നിമിഷം കൂടി അവിടെ തറഞ്ഞു നിന്നു. പിന്നെ ഇടറിയ കാലുകളുമായി സ്റ്റേഷനു പുറത്തേയ്ക്കുള്ള വഴിയേ നടന്ന്‍ റോഡിലേക്കിറങ്ങി..

മുറുക്കാന്‍ മുഴുവന്‍ ചവച്ചശേഷം അത് പുറത്തേയ്ക്ക് നീട്ടിത്തുപ്പിയിട്ട് ഹെഡ് കോണ്‍സ്റ്റബില്‍ വിശ്വനാഥന്‍ പിള്ള ലോക്കപ്പിലേയ്ക്ക് ചെന്നു. നാറ്റം വഹിക്കുന്ന തറയില്‍ ചുരുണ്ടുകൂടിക്കിടക്കുന്ന ചെറുപ്പക്കാരന്റെ വാരിയെല്ലിനിടയിലായി കയ്യിലിരുന്ന ലാത്തികൊണ്ട് അയാള്‍ ഒരു കുത്തുകൊടുത്തു. അസഹ്യമായ വേദനയാലെന്നവണ്ണം ആ ചെറുപ്പക്കാരന്‍ ഒന്നു പിടഞ്ഞശേഷം ചാടിപ്പിടഞ്ഞെഴുന്നേറ്റു. നീരുവന്നു വീര്‍ത്ത അവന്റെ കവിളുകളില്‍ കണ്ണുനീര്‍ ഉണങ്ങിപ്പിടിച്ച പാടുണ്ടായിരുന്നു.

"ഡാ മര്യാദയ്ക്ക് പറഞ്ഞോ. സുഗതന്‍ മൊതലാളീട വീട്ടീന്നു മോട്ടിച്ച സ്വര്‍ണ്ണം മുഴുവന്‍ എവിടാ കൊണ്ട് കൊടുത്തത്. മര്യാദയ്ക്ക് പറഞ്ഞാ ഇനീം കൊള്ളാതെ കഴിയാം.ഇല്ലെങ്കിലുണ്ടല്ലോ. "

പിള്ള ലാത്തി ചുഴറ്റിക്കൊണ്ട് പറയുന്നത് കേട്ട യുവാവ് വിറച്ചുകൊണ്ട് അയാളുടെ കാലുകളിലേയ്ക്ക് വീണു കെട്ടിപ്പിടിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു.

"എന്നെയിനി തല്ലല്ലേ സാറേ. തല്യാ ഞാന്‍ ചത്തുപോകും. എന്റമ്മച്ചിയാണേ ഞാന്‍ ഒന്നും മോട്ടിച്ചിട്ടില്ല"

"ത്ഫ..കഴുവര്‍ടമോനേ നെനക്ക് കിട്ടിയത് പോരല്ലേ. കൊണവതിയാരോം പറഞ്ഞോണ്ടിരുന്നോ. അറിയാല്ലോ. സാറിന്റെ വല്യ ദോസ്താ മൊതലാളി. സാറുവന്നാ നിന്നെ പച്ചയ്ക്ക് ഉരിയ്ക്കും.സാമാനം കലക്കും.അതിനുമുന്നേ സമ്മതിച്ചൊള്ള കാര്യം പറഞ്ഞാ നെനക്ക് കൊള്ളാം"

തന്റെ കാലേല്‍ കെട്ടിപ്പിടിച്ചുകരയുന്ന ചെറുപ്പക്കാരനെ കാലുകൊണ്ട് തള്ളിമാറ്റിയിട്ട് പിള്ള പുറത്തേയ്ക്കിറങ്ങി ലോക്കപ്പ് പൂട്ടി.

"എന്താടോ പിള്ളേ. അവന്‍ വല്ലോം പറഞ്ഞോ"

തലയിലിരുന്ന തൊപ്പി ഊരി മേശപ്പുറത്ത് വച്ചിട്ട് സി ഐ തന്റെ കസേരയില്‍ അമര്‍ന്നിരുന്നുകൊണ്ട് പിള്ളയോട് ചോദിച്ചു.

"ഇല്ല സാറേ. പി സി രാമകൃഷ്ണന്‍ ചെറുതായൊന്നു പേടിപ്പിച്ചപ്പോഴേ ചെക്കന്റെ ബോധം പോയി. കണ്ട കോളില്‍ അവനല്ലാന്നാണു തോന്നണേ. പിന്നെ ബാക്കി സാറുവന്നിട്ടാവാമെന്ന്‍ കരുതി"

തലചൊറിഞ്ഞുകൊണ്ട് പിള്ള നിന്നു.

"ങ്.ഹാ അവന്റെ ബോധക്കേട് ഞാന്‍ മാറ്റിക്കൊടുക്കാം"

ഷര്‍ട്ടൊന്ന്‍ പിടിച്ചിട്ടുകൊണ്ട് സര്‍ക്കില്‍ എഴുന്നേറ്റ് ലോക്കപ്പുമുറിയിലേയ്ക്ക് നടന്നു. നിമിഷങ്ങള്‍ക്കകം ചുമരുകളെ ഞെരിച്ചമര്‍ത്തിക്കൊണ്ടുള്ള അമര്‍ത്തിയ നിലവിളിശബ്ദം പുറത്തേയ്ക്കൊഴുകിയെത്തി. പിള്ളയൊരു സിഗററ്റ് കൊളുത്തിക്കൊണ്ട് സ്റ്റേഷനു പുറത്തേയ്ക്ക് വന്ന്‍ ഒതുങ്ങിനിന്ന്‍ പുകച്ചുതള്ളാനാരംഭിച്ചു.മണിയെട്ടാകാന്‍ പോകുന്നേയുള്ളൂ. ഒരു ചായകുടിയ്ക്കാമെന്ന്‍ കരുതി പിള്ള റോഡിലേയ്ക്കിറങ്ങി പൊന്നന്റെ കടയിലേക്ക് ചെന്നു.

"ഡാ നല്ല സ്ട്രോങ്ങ് ചായയൊന്നെടുത്തേ"

ബെഞ്ചിലേക്കിരുന്നുകൊണ്ട് പിള്ള കത്തിത്തീരാറായ സിഗററ്റ് ഒന്നുകൂടിയാഞ്ഞുവലിച്ചു. ഒരു ചുമകേട്ട് നോക്കിയ പിള്ള കണ്ടത് കടയുടെ മൂലയിലായി കൂനിപ്പിടിച്ചിരിക്കണ വൃദ്ധയെയാണു. സര്‍ക്കിളുവന്നത് അവരറിഞ്ഞില്ലാന്നു തോന്നുന്നു.

"അമ്മച്ചീ. നിങ്ങളു വീട്ടിപ്പോയീന്‍. നല്ല തണുപ്പൊണ്ട്. നിങ്ങട മോന്‍ കുറ്റമൊന്നും ചെയ്തില്ലെങ്കില്‍ അവനങ്ങ് വരും. സാറെപ്പോ വരുമെന്ന്‍ പറയാനാവില്ല"

വൃദ്ധയുടെ തോളില്‍ മെല്ലെപ്പിടിച്ചുകൊണ്ട് പിള്ള പറഞ്ഞു. തലയുയര്‍ത്തിനോക്കിയ വൃദ്ധ ഒന്നു തേങ്ങി.

"പൊന്നാ അമ്മച്ചിയ്ക്ക് നല്ല ഒരു ചായകൊടുക്ക്. എന്നിട്ട് ഒരാട്ടോയോ മറ്റൊ കിട്ടുമെങ്കില്‍ കേറ്റിവിട്. പൈസ എത്രാന്നു വച്ചാ ഞാന്‍ പിന്നെതരാം" പിള്ള ചയക്കടക്കാരനോടായി പറഞ്ഞു.

"വേണ്ട മക്കളേ. ഏമ്മാന്‍ വന്നിട്ട് എന്റെ സുരേനേം കൊണ്ട് ഞാന്‍ പൊക്കോളാം. അവനൊരു തെറ്റും ചെയ്യൂല്ല. ന്റെ സുര പാവാ"

വൃദ്ധ വിലങ്ങനെ തലയാട്ടിക്കൊണ്ട് വിതുമ്പലോടെ പറഞ്ഞു.

ഒന്നുരണ്ട് നിമിഷം വൃദ്ധയെ നോക്കിനിന്ന പിള്ളാ​‍ ആകെ അസ്വസ്ഥനെന്നവണ്ണം തലയൊന്നുവിലങ്ങിനെയാട്ടിയശേഷം സ്റ്റേഷനിലേയ്ക്ക് തിരിച്ചുനടന്നു.

"സാറേ സംഗതി കൊഴഞ്ഞെന്നാ തോന്നുന്നേ"

തറയില്‍ കിടക്കുന്ന യുവാവിന്റെ മുഖത്ത് സൂക്ഷിച്ചുനോക്കിക്കൊണ്ട് പി.സി സര്‍ക്കിളിനോടായിപ്പറഞ്ഞു. അയാളുടെ മുഖത്തും ചെറിയ പരിഭ്രമം അലയടിക്കുന്നുണ്ടായിരുന്നു.

"മെനക്കെടുത്തുകള്. രണ്ടടികൊള്ളാന്‍ ഒള്ള കോപ്പുപോലുമില്ലാത്തവനൊക്കെ മോട്ടിക്കാന്‍ നടന്ന്‍ ബാക്കിയൊള്ളോന് പണിയൊണ്ടാക്കി വയ്ക്കും. ഇനിയെന്തു ചെയ്യുമെടോ. ആ പിള്ള എവിടെപ്പോയി"

തല കുടഞ്ഞുകൊണ്ട് സര്‍ക്കില്‍ പോലീസുകാരനെ നോക്കി.

"പിള്ള ചായ കുടിക്കാന്‍ പോയി സാര്‍ "

"ങ്..ഹാ ഒരു കാര്യം ചെയ്യ് നല്ലോണം ഇരുട്ടിക്കഴീമ്പം ആ കുഴിയന്‍ പാറയുടെ അടുത്തെ കാടുപിടിച്ചുകിടക്കണ സ്ഥലമില്ലേ. അതിലെ ഏതേലും മരത്തില്‍ കെട്ടിത്തൂക്കിയേരേ. ആരു ചോദിച്ചാലും ഇവനെ ഇവിടെ കൊണ്ടുവന്നിട്ടില്ല. മനസ്സിലായല്ലോ. ഇല്ലെങ്കില്‍ എല്ലാവരും കുടുങ്ങും പറഞ്ഞില്ലാന്നുവേണ്ടാ. ആ പിള്ളയോടും കൂടി പറഞ്ഞോ. ഞാന്‍ പോണ്. എന്തെങ്കിലുമുണ്ടേലെന്നെ വിളിച്ചാ മതി.ദാ ഇതു വച്ചോ. വല്ലോം മേടിച്ചു തിന്നുകുടിച്ചേച്ചുപോയാമതി"

പോക്കറ്റില്‍ നിന്നും പേഴ്സെടുത്ത് കുറച്ച് നോട്ടുകളെടുത്ത് പോലീസുകാരന്റെ കയ്യില്‍ പിടിപ്പിച്ചിട്ട് സര്‍ക്കില്‍ പെട്ടന്ന്‍ പുറത്തേയ്ക്കിറങ്ങി ജീപ്പെടുത്തോടിച്ചുപോയി.

കുടിച്ച ചായയും വെള്ളവുമൊക്കെ ആവിയായിപ്പോയമട്ടില്‍ പിള്ള ആ ശവശരീരത്തിനുമുന്നില്‍ മിഴിച്ചുനിന്നു. ആ ശരീരം തന്റെ കാലില്‍ പിടിച്ച് അപ്പോഴും കരയുന്നതായി പിള്ളയ്ക്ക് തോന്നി. ശരീരം തളരുന്നതുപോലെ തോന്നിയ അയാള്‍ ലോക്കപ്പില്‍ നിന്നുമിറങ്ങി കസേരയിലേയ്ക്ക് കുഴഞ്ഞിരുന്നു. പുറത്ത് ചായക്കടയുടെ വരാന്തയില്‍ പ്രതീക്ഷാനിര്‍ഭരമായ മിഴികളുമായി കണ്ണുനട്ട് കാത്തിരിക്കുന്ന ഒരു വൃദ്ധയുടെ ദയനീയരൂപം അയാളുടെ ചിന്തകളെ കൊത്തിപ്പറിച്ചുകൊണ്ടിരുന്നു. തന്റടുത്ത് വന്ന്‍ ചുമലില്‍ കൈവച്ച സഹപ്രവര്‍ത്തകനെ പിള്ള മിഴിച്ചുനോക്കി. അയാളുടെ മുഖത്തും നിര്‍വ്വികാരതയായിരുന്നോ.

റോഡിലൊന്നും ആരുമില്ലെന്നുറപ്പ് വരുത്തിയശേഷം തണുത്തുതുടങ്ങിയ യുവാവിന്റെ ശരീരം താങ്ങിയെടുത്ത് പോലീസ് ജീപ്പിനുള്ളില്‍ ഒതുക്കിവച്ചിട്ട് പിള്ളയും രണ്ടു പോലീസുകാരും കയറി. പതിയെ റോഡിലേയ്ക്ക് ജീപ്പിറങ്ങിയപ്പോള്‍ അറിയാതെ പിള്ളയുടെ മിഴികള്‍ പൊന്നന്റെ ചായക്കടയുടെ തിണ്ണയിലേയ്ക്ക് പാഞ്ഞു. മങ്ങിയ ഇരുട്ടില്‍ കൂനിപ്പിടിച്ചിരിക്കുന്ന ഒരു രൂപം. അത് കാണാനുള്ള ശക്തിയില്ലെന്നവണ്ണം പിള്ള മുഖം തിരിച്ചു. ആ സമയം നക്ഷത്രങ്ങളും ചന്ദ്രനുമെല്ലാം മേഘപാളികള്‍ക്കിടയിലേയ്ക്ക് മുഖം പൂഴ്ത്തി ഒരിരുട്ടും പടര്‍ന്നു.......

ശ്രീക്കുട്ടന്‍

31 comments:

  1. വീണ്ടുമൊരു കഥ. നിസ്സഹായരായ മനുഷ്യജന്മങ്ങളുടെ കഥനത്തിന്റെ കഥ. സഹൃദയരുടെ വായനയ്ക്കായി സ്നേഹപൂര്‍വ്വം സമര്‍പ്പിക്കുന്നു.

    ശ്രീക്കുട്ടന്‍

    ReplyDelete
  2. ജനകീയ പോലിസിന്റെ ജനകീയമല്ലാത്ത മുഖം....കഥ ഇഷ്ടമായി ശ്രീ...ചില സിനിമകളില്‍ കണ്ടു പരിചയിച്ച സീന്‍ പോലെ തോന്നി....

    ReplyDelete
  3. എഴുതിയത് നന്നായി ശ്രീ... പോലീസുകാരു കാണണ്ട

    ReplyDelete
  4. കണ്ണ് നനയിക്കുന്ന അനുഭവങ്ങള്‍.. നിരപരാധികള്‍ എങ്ങും ശിക്ഷിക്കപെടുന്നു..

    എന്‍റെ ബ്ലോഗ്ഗിലും ഇത് പോലൊരു അമ്മയുടെ കണ്ണുനീര്‍.
    http://www.kannurpassenger.blogspot.in/2012/05/blog-post_30.html

    ReplyDelete
  5. കഥ നന്നായി. 'ആ മുറുക്കാന്‍ തുപ്പിയ ഹെഡ്‌ കോണ്‍സ്റ്റബിള്‍' അനാമിക പറഞ്ഞപോലെ ഏതോ സിനിമയില്‍ കണ്ട ഓര്‍മ്മ .

    ReplyDelete
  6. വായിച്ചു ശ്രീക്കുട്ടാ..

    "ഷര്‍ട്ടൊന്ന്‍ പിടിച്ചിട്ടുകൊണ്ട് സര്‍ക്കില്‍ എഴുന്നേറ്റ് ലോക്കപ്പുമുറിയിലേയ്ക്ക് നടന്നു. നിമിഷങ്ങള്‍ക്കകം ചുമരുകളെ ഞെരിച്ചമര്‍ത്തിക്കൊണ്ടുള്ള അമര്‍ത്തിയ നിലവിളിശബ്ദം പുറത്തേയ്ക്കൊഴുകിയെത്തി. പിള്ളയൊരു സിഗററ്റ് കൊളുത്തിക്കൊണ്ട് സ്റ്റേഷനു പുറത്തേയ്ക്ക് വന്ന്‍ ഒതുങ്ങിനിന്ന്‍ പുകച്ചുതള്ളാനാരംഭിച്ചു." രണ്ടുതവണയുണ്ടല്ലോ ഈ വരികള്‍...

    ReplyDelete
    Replies
    1. ചെറിയൊരു മിസ്സണ്ടര്‍സ്റ്റാറ്റിംഗില്‍ പറ്റിയതാ. തിരുത്തിയിട്ടുണ്ട്..വായനയ്ക്കും അഭിപ്രായത്തിനും നന്ദി..

      Delete
  7. ഹൃദ്യമായ കഥ. നല്ല അവതരണം.
    ആശംസകള്‍....

    ReplyDelete
  8. വിഷയത്തില്‍ ആവര്‍ത്തന വിരസതയുണ്ടെങ്കിലും വളരെ നന്നായി അവതരിപ്പിച്ചു.

    ReplyDelete
  9. നന്നായി അവതരിപ്പിച്ചു. അമ്മയൊരു വേദനയായി നിറയുന്നു വായനക്കൊടുവിൽ. ആശംസകൾ ശ്രീകുട്ടാ..

    ReplyDelete
  10. നന്നായി അവതരിപ്പിച്ചു. അമ്മയൊരു വേദനയായി നിറയുന്നു വായനക്കൊടുവിൽ. ആശംസകൾ ശ്രീകുട്ടാ..

    ReplyDelete
  11. സാധാരണ ഹെഡ്‌കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയാണല്ലോ? വിശ്വനാഥന്‍ പിള്ള എങ്ങനെ വന്നു?. കഥ വളരെ നന്നായി അവതരിപ്പിച്ചു. ആശംസകള്‍.

    ReplyDelete
  12. സാധാരണക്കാരന്റെ ജീവിതം ഇത് പോലെ ആണ് എന്നും .............. ദുഖകരം തന്നെ ,

    ReplyDelete
  13. സമാധാനമായി ജീവിക്കാന്‍ സമ്മതിക്കില്ലാല്ലേ..:(

    ReplyDelete
  14. രാത്രി പന്ത്രണ്ടുമണിയ്ക്ക് ബ്ലോഗ് വായിക്കുന്ന എനിക്ക് ഇത് തന്നെ വേണം...
    ചുമ്മാ ഓരോ വിഷയം പറഞ്ഞ് വെഷമിപ്പിച്ച് ഉറക്കം കളഞ്ഞില്ലേ...

    കഥയൊന്നുമല്ല ഇത്......സംഭവിച്ചുകൊണ്ടേയിരിക്കുന്നത്.

    ReplyDelete
  15. പ്രീയപ്പെട്ടവരേ,

    വായിക്കുകയും അഭിപ്രായം പറയുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  16. ഒരു പാട് കേട്ട് പഴകിയ കഥയാണെങ്കിലും ...നല്ല അവതരണം ...വെറുതെ കണ്ണ് നനയിപ്പിച്ചു .ആശംസകള്‍

    ReplyDelete
  17. ആ അമ്മയുടെ വേദന കണ്ണ് നനയിച്ചു .നിരവധി വ്യഥിത ജന്മങ്ങള്‍ ഇങ്ങനെ ചത്തൊടുങ്ങുന്നു .അവര്‍ക്ക് വേണ്ടി ചിന്തിക്കാന്‍ കഴിയുന്നത് തന്നെ വലിയ കാര്യം ആണ് ,

    ReplyDelete
  18. കൊള്ളാം , നല്ല എഴുത്ത്
    ഇങ്ങനെ ഒക്കെ തന്നെയാണ് ഇപ്പൊ നമ്മുടെ പോലീസ് ലോക്കപ്പുകൾ അല്ലേ

    ReplyDelete
  19. നന്നായിട്ടുണ്ട് ശ്രീക്കുട്ടാ. കഥ പഴയതാനേലും നീ പറഞ്ഞ രീതി ഇഷ്ടായി.

    ReplyDelete
  20. കഥയല്ലിത് ജീവിതം...

    ReplyDelete
  21. കൊള്ളാം ട്ടോ ഇഷ്ടായി....

    ReplyDelete
  22. ഒരു ലോകകപ്പ് മര്ദ്ധനത്തിന്റെ ഭീകര ദ്രിശ്യവും നിസാഹയയും സ്നേഹ നിധിയുമായ ഒരമ്മയുടെ ആധിയും എല്ലാം നല്ല ഭംഗി ആയി എഴുതി ശ്രീ കുട്ടന്‍

    ReplyDelete
    Replies
    1. ടാ കൊമ്പാ ലോകകപ്പ് എന്ന്‍ പറഞ്ഞ് എന്നെയൊന്നാക്കിയതല്ലല്ലോ നീ...

      Delete
  23. ഇഷ്ടായിട്ടോ ആശംസകള്‍....

    ReplyDelete
  24. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എല്ലാ പ്രീയപ്പെട്ടവര്‍ക്കും നിറഞ്ഞ നന്ദി..

    ReplyDelete
  25. നല്ല അവതരണം , മനോഹരമായ രചന ആശംസകള്‍

    ReplyDelete
  26. ഭീതി ജനിപ്പിക്കുന്ന ഇരുലറകളുടെ കറുത്ത മുഖങ്ങള്‍ ...
    പെറ്റമ്മയുടെ ദയനീയതയും....
    ഹൃദയം തൊട്ട കഥ ആശംസകള്‍ ,,,,,

    ReplyDelete
  27. നന്നായിട്ടുണ്ട്..എല്ലാ ആശംസകളും..

    ReplyDelete
  28. അധികാരത്തിന്റെ ക്രൗര്യവും അതില്ലാത്തവന്റെ നിസ്സഹായതയും നന്നായി വെളിവാക്കുന്നു ഈ കഥ.

    ReplyDelete