"ഏലാപ്പുറം ബോയ്സ് ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഇക്കൊല്ലത്തെ ഓണാഘോഷപരിപാടികള്‍ കൃത്യം 9 മണിക്ക് തന്നെ മാറുവീട് ശിവപാര്‍വ്വതീക്ഷേത്രഗ്രൌണ്ടില്‍ വച്ച് ആരംഭിക്കുന്നതാണ്. പരിപാടികള്‍ ഗംഭീരവിജയമാകുന്നതിനായി സംഭാവനകള്‍ തരാമെന്നേറ്റിട്ടുള്ളവര്‍ ദയവായി എത്രയും പെട്ടന്നു തന്നെ അത് കമ്മറ്റിയാപ്പീസിലെത്തിച്ച് രസീത് വാങ്ങേണ്ടതാകുന്നു. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ പേരുകള്‍ നല്‍കിയിട്ടുള്ളവര്‍ ഗ്രൌണ്ടിലേയ്ക്കെത്തുക"
ഒരിക്കല്‍ക്കൂടി നല്ല മുഴക്കത്തില്‍ അനൌണ്‍സ് കര്‍മ്മം നടത്തിയിട്ട് മൈക്ക് അശോകനു കൊടുത്ത് കൊണ്ട് ഓണാഘോഷക്കമ്മറ്റി സെക്രട്ടറി മണിയന്‍ ചരുവിള ക്ലബ്ബിലേയ്ക്ക് ചെന്നിട്ട് കസേരയിലേയ്ക്കമര്‍ന്നിരുന്നു.
"മണിയണ്ണാ വടം വലിയ്ക്കുള്ള വടം ഇതേവരെ കൊണ്ടു വന്നിട്ടില്ല. ഇനിയിപ്പം എന്തോ ചെയ്യും"
തന്റെ മുമ്പില്‍ വന്നുനിന്ന്‍ തല ചൊറിഞ്ഞുകൊണ്ടു നില്‍ക്കുന്ന കുട്ടപ്പനെ നോക്കിയ മണിയന് അരിശം കയറി.
"എടാ നീയല്ലേ പറഞ്ഞത് പ്രകാശന്‍ പത്തു മണിക്കുമുമ്പേ വടോം കൊണ്ട് വരുമെന്ന്‍. എന്നിട്ട് ഇനി വലിക്കാനായി വടത്തിനു ഞാന്‍ എന്നാ ചെയ്യും. ഇന്നാ അന്റെ അരേലൊരു ചരടൊണ്ട്. അതഴിച്ചു വലിക്കെല്ലാവരും കൂടി".
മണിയന്‍ എഴുന്നേറ്റ് തന്റെ മുണ്ടിന്റെ കോന്തലയൊന്നു പൊക്കി
"അണ്ണാ അതു പിന്നെ പ്രകാശനും രാജൂമെല്ലാം കൂടി രാവിലെ തന്നെ ആ പണേലിരുന്ന്‍ അടിച്ച് വാളും വച്ചവിടെ കിടക്കുന്നു. ഞാനെന്തു ചെയ്യാനാ. ഒരു കാര്യം ചെയ്യാം. നമ്മുടെ ഒറയിറക്കുന്ന സുദേവന്റെ കയ്യില്‍ ഒരു വടമുണ്ട്. ഞാന്‍ പോയി അത് ഒപ്പിച്ചുകൊണ്ട് വരാം"
"നീ എന്തു പണ്ടാരമെങ്കിലും ചെയ്യ്"
തലയില്‍ കയ്യ് വച്ചുകൊണ്ട് മണിയന്‍ അല്‍പ്പനേരമതേയിരിപ്പിരുന്നു. തനിക്കീ പുലിവാലു പിടിക്കേണ്ട വല്ല കാര്യവുമൊണ്ടായിരുന്നോ. ചെക്കമ്മാരെല്ലാം കൂടി നിര്‍ബന്ധിച്ചപ്പോള്‍ താനൊന്നിളകിപ്പോയി. നല്ലോരോണമായി നമ്മുടെ ഗ്രാമത്തിലും അല്‍പ്പം ബഹളോം ഒച്ചേം ഒക്കെയൊണ്ടായിക്കോട്ടെയെന്നു താനും കരുതി. ആകെ പത്തായിരത്തഞ്ഞൂറു രൂപേല് എല്ലാം കൂടി തീരുമെന്ന്‍ കരുതീട്ടിപ്പം തന്നെ പൈസയെത്രയായി. ഇനി മൈക്ക് സെറ്റുകാര്‍ക്ക് കൊടുക്കണം, സമ്മാനം കൊടുക്കാനായി മേടിച്ച സാധനങ്ങളുടെ വില. വടം വലി ജേതാക്കള്‍ക്ക് കൊടുക്കാനുള്ള കുല മേടിച്ച വക. ഓര്‍ക്കുമ്പം തന്നെ തല പെരുക്കുന്നു. പിരിവു തരാമെന്നേറ്റ ഒരൊറ്റ നാറികളും അതൊട്ടു തന്നിട്ടുമില്ല. ഇനിയെന്തോ ചെയ്യും. കഴുത്തില്‍കിടക്കുന്ന മാലയില്‍ തടവിക്കൊണ്ട് മണിയനാലോചനയില്‍ മുഴുകി.
"അതെ വാശിയേറിയ ഈ ഓട്ട മത്സരത്തില്‍ വിജയിച്ചത് മാധവണ്ണന്റെ പൊന്നോമനപുത്രന്‍ സുധിയാണ്. അടുത്തതായി കസേരകളി മത്സരമാണ്. ആ ഭാഗത്തു നില്‍ക്കുന്ന ആള്‍ക്കാരൊക്കെ ഒന്നു സൈഡൊതുങ്ങി നിന്നേ"
അശോകന്‍ തകര്‍ക്കുകയാണു. ക്ലബ്ബിലേയ്ക്ക് വന്ന മെമ്പര്‍ രാജേഷ് മണിയണ്ണന്റെ കാതില്‍ ഒരു സ്വകാര്യം പറഞ്ഞു. ഉടനെ തന്നെ രണ്ടുപേരും കൂടി കടയുടെ പുറകുവശത്തേയ്ക്ക് നടന്നു. ചിറിയും തുടച്ചുകൊണ്ട് ഒരു സിഗററ്റും പുകച്ച് മണിയന്‍ തിരിച്ചുവന്ന്‍ കസേരമേലിരുന്നു. കുന്നും പുറത്തെ ഗോപിയാശാന്‍ ആടിയാടിയവിടെ നില്‍പ്പുണ്ടായിരുന്നു.
"എടാ മണിയാ വടം വലിക്ക് എന്നേം കൂട്ടണം. ഇല്ലേലൊണ്ടല്ലോ എന്റെ തനിക്കൊണം ഞാന്‍ കാണിയ്ക്കും"
കൊഴയുന്ന ശബ്ദത്തില്‍ പറഞ്ഞിട്ട് പോക്കറ്റില്‍ നിന്നും ഒരമ്പതുരൂപായെടുത്ത് ആശാന്‍ മണിയ്ക്ക് നേരെ നീട്ടി. സന്തോഷത്തോടെ മണിയന്‍ ആ കാശുവാങ്ങിയിട്ട് പെട്ടന്നൊരു രസീതെഴുതി.
"ഉച്ചയാവുമ്പൊഴേയ്ക്കും പിടുത്തം വിടും. ആരെയെങ്കിലും ഒരാളിനെക്കൂടികൂട്ടി ഒരരയെടുത്ത് വച്ചേക്ക്. ഞാന്‍ പോയി വല്ലോം കഴിച്ചേച്ചു വരാം".
അഴിഞ്ഞ കൈലിയുടുക്കുവാന്‍ പണിപ്പെട്ടുകൊണ്ട് ഗോപിയാശാന്‍ മെല്ലെ നടന്നു. എഴുതിയ രസീത് ചുരുട്ടിക്കൂട്ടിക്കളഞ്ഞിട്ട് മണിയന്‍ കസേരയിലിരുന്നു.
വടവുമായി വന്ന കുട്ടപ്പന്‍ വടം മേശപ്പുറത്തുവച്ചിട്ട് ശ്വാസം വലിച്ചെടുത്തു.
"എന്റെ പൊന്നുമണിയണ്ണാ. ആ സുദേവന്റെയൊരു ജാഡ. വൈകുന്നേരം നൂറുരൂപാ സഹിതം വടം തിരിച്ചേല്‍പ്പിച്ചോളാനാ കല്‍പ്പന"
"എന്റെ കുട്ടപ്പാ എന്തായാലും സാധനം കിട്ടിയല്ലോ. നീ പോയി പ്രഭാകരന്‍ മാമന്റെ കടയില്‍ നിന്നും ഒരു രണ്ടുമൂന്നു പായ്ക്കറ്റ് ബിസ്ക്കറ്റ് മേടിച്ചോണ്ടുവാ. ബിസ്ക്കറ്റ് കടി മത്സരത്തിനു വച്ചിരുന്ന ബിസ്ക്കറ്റൊക്കെ അവമ്മാരു കള്ളുകുടിക്ക് ടച്ചിംഗ്സായിട്ടെടുത്തുകളഞ്ഞു. ഭാഗ്യത്തിനു പഴക്കുല ഞാന്‍ വീട്ടിവച്ചതു നന്നായി. അല്ലേലതും തീര്‍ത്തനെ. ആ മുളയില്‍ കയറ്റത്തിന്റെ ഒരുക്കമെവിടെ വരെയായോ ആവോ"
മണിയന്‍ മെല്ലെയെഴുന്നേറ്റ് വീണ്ടും കടയുടെ പുറകു വശത്തേയ്ക്ക് നടന്നു.
കസേരകളി മത്സരം, സുന്ദരിക്ക് പൊട്ടുതൊടല്‍, പുന്നയ്ക്ക പെറുക്കല്‍, ചാക്കില്‍ കയറിയോട്ടം, ഓട്ടമത്സരം എന്നിവയെല്ലാം കഴിഞ്ഞപ്പോള്‍ ഉച്ചയാവുകയും മിക്കപേരും ഉണ്ണുവാനായി അവരവരുടെ വീടുകളിലേയ്ക്ക് പോവുകയും ചെയ്തു.
ഉച്ചയ്ക്കുശേഷം സിനിമാഗാനമത്സരമായിരുന്നാദ്യം. കര്‍ണ്ണഘടോരമായ ശബ്ദത്തില്‍ ഏലാപ്പുറത്തെ യേശുദാസ്മാരും ചിത്രമാരും തമിഴ് മലയാളം പാട്ടുകള്‍ തകര്‍ത്തുപാടി. മൂന്നുമണിയോടെ മുളയില്‍ കയറ്റ മത്സരമാരംഭിച്ചു.
രാജീവ്, കൊച്ചൂട്ടന്‍,അശോകന്‍,വിനോദ്,തിലകന്‍,പ്രകാശ്,സുധിന്ദ്രന്‍,മഹേഷ് തുടങ്ങിയ പ്രജകള്‍ അരയും തലയും മുറുക്കി മത്സരരംഗത്തേയ്ക്ക് കടന്നു. 500 രൂപയും തോര്‍ത്തും ആരെടുക്കും എന്ന ആകാംഷയില്‍ കാണികള്‍ ശ്രദ്ധാപൂര്‍വ്വം മത്സരം വീക്ഷിച്ചുകൊണ്ടിരുന്നു. ഒരുവേള രാജീവ് തോര്‍ത്തില്‍ പിടിച്ചു എന്ന തോന്നലുണ്ടാക്കിയതും ആശാനുടുത്തിരുന്ന തോര്‍ത്തഴിഞ്ഞ്പോയതുമൂലം ആ ശ്രമം പരാജയപ്പെട്ടു. ആര്‍പ്പുവിളികള്‍ക്കും ബഹളങ്ങള്‍ക്കുമൊടുവില്‍ മഹേഷ് എന്ന യുവപ്രജ ആ 500രൂപയും തോര്‍ത്തും സ്വന്തമാക്കി. മുളയില്‍ നിന്നും താഴെയിറങ്ങിയ ഉടനെ ആ പണവുമായി ഒരാള്‍ ബിവറെജിലേയ്ക്ക് പുറപ്പെട്ടു.
വിവാഹിതരും അവിവാഹിതരുമായുള്ള വടം വലി മത്സരമായിരുന്നടുത്തത്. വിജയികള്‍ക്കായുള്ള കൂറ്റന്‍ പഴക്കുല മത്സരം നടക്കുന്ന സ്ഥലത്തിനടുത്തായി കെട്ടിതൂക്കിയിട്ടുണ്ടായിരുന്നു. അടിച്ചു പാമ്പായി നില്‍ക്കുന്ന വിവാഹിതമ്മാരും അവിവാഹിതമ്മാരും രണ്ടായിപ്പിരിഞ്ഞ് വടത്തിന്റെ ഓരോ തലകളില്‍ പിടിച്ചു. റഫറിയായി നിന്നത് തങ്കപ്പണ്ണനായിരുന്നു. ആശാനു വിസിലൂതാനുള്ള കെല്‍പ്പ് പോലുമുണ്ടായിരുന്നില്ല എന്നതാണു സത്യം. വയലിന്റെ കുറുകേയുള്ള റോഡിലാണു മത്സരം നടക്കുന്നത്. സ്വന്തം കണവമ്മാരുടെ പ്രകടനം കാണാന്‍ എത്തിയ ശ്രീമതിമാരും മറ്റുള്ളവരും വയല് വരമ്പുകളിലും റോഡിന്റെ വശങ്ങളിലുമായി സ്ഥാനം പിടിച്ചു. വണ്‍, ടൂ, ത്രീ എന്നാരോ ഉച്ചത്തില്‍ പറഞ്ഞതും തങ്കപ്പണ്ണന്‍ വിസില്‍ ഊതിയതും വടം വലി ആരംഭിച്ചതുമെല്ലാം ഒറ്റയടിയ്ക്കായിരുന്നു. വിവാഹിതരും അവിവാഹിതരും ഒട്ടുംതന്നെ വിട്ടുകൊടുക്കുവാന്‍ തയ്യാറായിരുന്നില്ല. എന്നിരുന്നാലും അവിവാഹിതരുടെ ശക്തി വിവാഹിതര്‍ അറിയുക തന്നെ ചെയ്തു. അതിശക്തമായൊരു വലിയില്‍ വിവാഹിതര്‍ക്കടിതെറ്റുകയും പലരും മറിഞ്ഞുവീഴുകയും ചെയ്തു. വീണവരേയും വലിച്ചെഴച്ചുകൊണ്ട് അവിവാഹിതര്‍ വടവുമായി പാഞ്ഞു. തറയിലൂടെ വലിച്ചെഴച്ചതുമൂലം മുട്ടാകെ പൊട്ടിയൊലിച്ച ഗോപിയാശാനെ അപ്പോള്‍ തന്നെ ജാനകി ക്ലിനിക്കിലേയ്ക്ക് കൊണ്ടുപോയി.
അങ്ങിനെ ഓണാഘോഷ പരിപാടികളെല്ലാം മംഗളമായവസാനിച്ചു.
കണക്കുകള്‍ കൂട്ടിനോക്കിയ മണിയന്റെ കണ്ണുതള്ളി. പത്തയ്യായിരം രൂപയ്ക്കെവിടെപ്പോകാന്‍. ആരുതരും. മൈക്കുസെറ്റും മറ്റെല്ലാം കൊടുത്തിട്ട് മടങ്ങിവന്ന പിള്ളേര്‍ തലയും ചൊറിഞ്ഞ് മണിയന്റെ മുമ്പില്‍ നിന്നു. എന്തായാലും കടം തന്നെ. മണിയന്‍ പോക്കറ്റിലിരുന്ന നാനൂറു രൂപായെടുത്തൊരുത്തനെയേല്‍പ്പിച്ചു. അവനപ്പോള്‍ തന്നെ ചരക്കുവാങ്ങാനായിപ്പോയി. ആഘോഷം പാതിരാത്രി വരെ നീണ്ടു. അടിച്ചു പാമ്പായ ചെക്കമ്മാരൊക്കെ എഴുന്നേറ്റെങ്ങോ പോയി. നല്ല പിടുത്തമായ മണിയന്‍ ക്ലബ്ബില്‍ തന്നെ കിടന്നുറങ്ങി.
ആരുടെയോ വിളി കേട്ടാണു മണിയനുണര്‍ന്നത്. കണ്മുന്നില്‍ ദേക്ഷ്യം കൊണ്ടു വിറച്ചു നില്‍ക്കുന്ന പ്രഭാകരന്‍ പിള്ളയെക്കണ്ട മണിയന്‍ ഒന്നമ്പരന്നു. അവന്‍ പെട്ടന്ന്‍ ചാടിയെഴുന്നേറ്റു.
"എടാ നീ ചെക്കമ്മാര്‍ക്ക് കള്ളുമേടിച്ചുകൊടുക്കുമല്ലേ. എന്റെ പണയിലേയ്ക്കൊന്ന്‍ വന്നുനോക്ക്. ആന കേറിയതുപോലുണ്ട്. രണ്ടു കരിക്കടത്തുകുടിക്കുന്നതു ഞാന്‍ ക്ഷമിക്കും. പക്ഷേ എന്റെ വാഴ മുഴുവന്‍ ചവിട്ടിയൊടിച്ച് മരിച്ചീനിയൊക്കെ വലിച്ചുപുഴുത് നീ തന്നെ ഇതിനു സമാധാനം പറയണം"
തന്റെ മുന്നില്‍ നിന്നുമാക്രോശിക്കുന്ന പ്രഭാകരന്‍ പിള്ളയെ മണിയന്‍ ദയനീയമായി നോക്കി. ഈ സമയം കുട്ടപ്പന്‍ എവിടുന്നോ ഓടിവന്നു മണിയനെ മാറ്റി നിര്‍ത്തി രഹസ്യം പറഞ്ഞു.
"മണിയണ്ണാ. ഇന്നലെ അവമ്മാരാകെ കൊഴപ്പമുണ്ടാക്കി. രാത്രി വാസുപിള്ളയുടെ വീടിനു കല്ലെറിഞ്ഞു. സുമതിച്ചേച്ചീടെ തട്ടുകട മറിച്ച് വയലിലിട്ടു. റോഡിന്റെ സൈഡില്‍ കിടന്ന ആ പോസ്റ്റ് പിടിച്ചു റോഡിനു കുറുകേയിട്ടു. ഏതോ വണ്ടിക്കാരെ അടിച്ചെന്നും പറയുന്നുണ്ട്. ഇപ്പോ എല്ലാം മുങ്ങിയിരിക്കുവാ. റോഡിലെല്ലാരും പറയുന്നത് അണ്ണനുമൊണ്ടായിരുന്നെന്നാ. ആ വാസുപിള്ള കേസുകൊടുത്തിട്ടൊണ്ട്. കൊഴപ്പമാവുമെന്നാ തോന്നുന്നത്"
മണിയന്‍ എന്തുചെയ്യണമെന്നറിയാതെ ദയനീയമായി കുട്ടപ്പനെയൊന്നുനോക്കി. റോഡിലൂടെ ഒരു വണ്ടി വരുന്ന ഒച്ചകേട്ട് കുട്ടപ്പന്‍ എത്തിനോക്കി.
"അണ്ണാ പോലീസ്..ഓടിക്കോ"
അലര്‍ച്ചയും കുട്ടപ്പന്റെ ഓട്ടവും ഒരുമിച്ചായിരുന്നു. കടയ്ക്കുമുമ്പില്‍ വന്നുനിന്ന ജീപ്പില്‍ നിന്നും പുറത്തിറങ്ങിയ പോലീസുകാര്‍ അകലെ എന്തോ മിന്നായം പോലെ മറയുന്നതു മാത്രം കണ്ടു. അറസ്റ്റു ചെയ്യാന്‍ പാകത്തില്‍ ഒരു ജോഡി ചെരിപ്പവിടെ കിടക്കുന്നുണ്ടായിരുന്നു...
ശ്രീക്കുട്ടന്‍.
കൃത്യം കഴിഞ്ഞ ഓണത്തിനു പോസ്റ്റിയത്. ദേ വീണ്ടും ഓണം വന്നിരിക്കുന്നു. എല്ലാ ഓണത്തിനും ഒരേ സംഭവങ്ങള്‍ തന്നല്ലേ നടക്കുന്നത്. അപ്പോള്‍ പിന്നെ ഞാനായിട്ടെന്നാത്തിനാ ഒരു പുതുമ ഒണ്ടാക്കണേ..എല്ലാ പ്രീയപ്പെട്ടവര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഈ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കുവാന്‍ ക്ഷണിക്കുന്നു..
ReplyDeleteഹിഹിഹി...നല്ല കഥ ശ്രീ...സരസ്സമായി കഥ പറയുവാന്‍ കഴിയുക എന്നുള്ളത് വലിയൊരു കഴിവാണ്..ഒട്ടും മുഷിപ്പിക്കാതെ ഗ്രാമീണ ഭംഗി അതുപോലെ വായനയില്‍ കിട്ടി...ഓണത്തിന് പരിപാടികള്‍ സങ്കടിപ്പിക്കുന്ന ഭാരവാഹികള്‍ ജാഗ്രതൈ...ഓണാശംസകളോടെ
ReplyDeleteഹഹഹ ..ഇഷ്ടായി ..ഓണാശംസകള്‍ നേരുന്നു
ReplyDeleteഹഹഹഹ......നല്ല രസം...ഓണാഘോഷം അടിപൊളി .........നന്നായിരിക്കുന്നു......
ReplyDeleteഓണാശംസകള്‍.....
ReplyDeleteഓണാശംസകള്‍
ReplyDeleteകഴിഞ്ഞ ഓണത്തിന് വായിക്കാത്തതുകൊണ്ട് ഇപ്പൊ നന്നായി
ReplyDeleteഫ്രഷ് ആയിട്ട് വായിക്കാല്ലോ
ഓണാശംസകള്‍
ഫ്രഷ് ആയിട്ടു തന്നെ വായിച്ചു. എല്ലാ ക്ലബുകളിലും സംഭവിക്കുന്നത് തന്നെ. ചിരിപ്പിച്ചു.
ReplyDeleteശ്രീകുട്ടാ... സുഖല്ലേ..? നല്ല രസിച്ച് ചിരിച്ച് വായിച്ചു... ഓണാശംസകള്‍
ReplyDeleteഏതായാലും ഞാനും ഫ്രഷ് ആയിട്ട് വായന ആസ്വദിച്ചു!
ReplyDeleteഓണാശംസകള്‍ പുളുസൂ......
എല്ലാ പ്രീയപ്പെട്ടവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പൊന്നോണാശംസകള്‍...
ReplyDeleteരസകരമായി അവതരിപ്പിച്ചു. എനിക്ക് ഇഷ്ടായി. നാട്ടിന്‍പുറത്തിന്റെ സൌന്ദര്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു. ഓണാശംസകള്‍.
ReplyDeleteഓണാശംസകള്‍
ReplyDeleteഇങ്ങനെഒക്കെ ഉള്ള ആഘോഷങ്ങള്‍ പോലും ഇല്ലാതാകുന്നു .അത് യഥാര്‍ത്ഥത്തില്‍ സങ്കടകരമാണ് .നാട്ടിലെ കൂട്ടായ്മ ഇല്ലാതാകുന്നു എന്ന് വേണം കരുതാന്‍ ..
ReplyDeleteകലക്കന്‍ ഓണം അല്ലേ..
ReplyDeleteശ്രീമോനെ,,,,വെടികെട്ടു നടത്തി അല്ലെ ഓണത്തിന് ,,,,വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു ,,ആശംസകള്‍
ReplyDeleteഅടിപൊളിയായിട്ടുണ്ട് ശ്രീകുട്ടാ.. :)
ReplyDeleteനന്നായെഴുതി ശ്രീക്കുട്ടാ..
ReplyDeleteപഴയ ചില ഓര്‍മ്മകളുടെ വേലിയേറ്റം..!
ഒത്തിരിയാശംസകള്‍ നേരുന്നു...പുലരി