1. മരണം:
ഒരാളുടെ ജീവിതം മൊത്തത്തില്‍ നിരാശബാധിച്ചു പോയെങ്കില്‍ അയാള്‍ക്ക് അഭികാമ്യമായുള്ള എളുപ്പവഴി മരണത്തെ പുല്‍കുക എന്നതാണ്. എന്തിനാണു മറ്റുള്ളവരെകൂടി വിഷമിപ്പിച്ചുകൊണ്ടൊരു ജീവിതം നയിക്കുന്നത്.പ്രതീക്ഷകള്‍ നശിച്ചവന്‍ ജീവിച്ചിരിക്കുന്നതുകൊണ്ടും ഉപയോഗമില്ല. ചിലര്‍ മരിക്കാന്‍ ശ്രമിക്കും. രക്ഷപ്പെടുവാനുള്ള എല്ലാ സാഹചര്യവുമൊരുക്കി വച്ചിട്ട്. മരിക്കണമെന്നുള്ളവര്‍ ഒരിക്കലും അത് മറ്റരെയുമറിയിക്കാതെ ചെയ്യുക. തികച്ചും ഗോപ്യമായി. മരിക്കുവാന്‍ ശ്രമിക്കുന്നവര്‍ തീര്‍ച്ചയായും തങ്ങള്‍ ആ ശ്രമത്തില്‍ വിജയിക്കും എന്നതുറപ്പുവരുത്തേണ്ടതാണ്. അല്ലെങ്കില്‍ ചിലപ്പോള്‍ മരുന്നുകളുടെ ഗന്ധവും വേദനകളുടേയും അമര്‍ത്തിയ ശബ്ദവും ഒക്കെപ്പേറി ആശുപത്രിയുടെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍ കിടക്കേണ്ടി വന്നേയ്ക്കാം..
2. പ്രണയവിവാഹം:
എന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ വീട്ടുകാരെ എതിര്‍ത്തുള്ള പ്രണയ വിവാഹങ്ങളെ ഞാന്‍ അനുകൂലിക്കുന്നില്ല. പത്തുപതിനെട്ട് വയസ്സുവരെ ഒരല്ലലുമറിയിക്കാതെ വളര്‍ത്തി വലുതാക്കുന്ന മകള്‍ കുറച്ചുദിവസം മുമ്പ് മാത്രം മുന്നേ കണ്ടുമുട്ടിയ ഒരുവനൊപ്പം ഒരുദിനം പടിയിറങ്ങിപ്പോകുമ്പം തകര്‍ന്നുതരിപ്പണമായിപ്പോകുന്ന മനസ്സുകളുടെ വേദനയ്ക്കൊപ്പം ഒരിക്കലും വരില്ല ആ പ്രണയം വേണ്ടന്ന്‍ വയ്ക്കുമ്പോഴുണ്ടാകുന്ന സങ്കടം. നമ്മുടെ സ്വന്തം സന്തോഷത്തേക്കാള്‍ എത്രയോ വലുതാണ് നമ്മുടെ പ്രീയപ്പെട്ടര്‍ക്ക് സങ്കടമുണ്ടാക്കാതിരിക്കുകയെന്നത്.
3. മെഡിക്കല്‍ ചെക്കപ്പ്:
എന്റെ സുഹൃത്ത് ഇന്നലെ ആകെ മ്ലാനവദനനായിരുന്നു. ഞാന്‍ കാരണം ചിക്കിചിക്കിചോദിച്ചപ്പോള്‍ മടിച്ചുമടിച്ച് ആശാന്‍ മനസ്സു തുറന്നു. പുള്ളിക്കാരന്‍ ഒരു മെഡിക്കല്‍ ചെക്കപ്പ് നടത്തി പല അസുഖങ്ങളുടേയും കൂടാണെന്ന്‍ തിര്‍ച്ചറിഞ്ഞത്രേ. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോല്‍ തുടങ്ങി ഒരുപിടി അസുഖങ്ങള്‍. ഫുള്‍ടൈം കളിച്ചുചിരിച്ച് ഇഷ്ടമുള്ളതെല്ലാം തിന്ന്‍ കുടിച്ച് അര്‍മ്മാദിച്ചിരുന്ന മനുഷ്യന്‍ ഒറ്റദിനം കൊണ്ട് പകുതി ചത്തതുപോലായി. സത്യത്തില്‍ എന്തിനാണു നമ്മള്‍ ഇത്തരം ചെക്കപ്പുകള്‍ നടത്തുന്നത്. ജീവിച്ചിരിക്കുന്ന കാലം ശരിക്കും സന്തോഷവാനായി ഇഷ്ടമുള്ളതെല്ലാം തിന്നും കുടിച്ചും കഴിയുക. തനിക്കിന്നത് തിന്നാനാകില്ല,ഇന്നതു കുടിക്കാനാവില്ല,ഇന്നത് ചെയ്യാനാവില്ല എന്നെല്ലാം മുന്‍ കൂട്ടി അറിഞ്ഞ് മരിച്ചുമരിച്ച് ജീവിക്കുന്നതില്‍ എന്തു അര്‍ത്ഥമാണുള്ളത്...
4. എഴുത്തിന്റെ രസതന്ത്രം:
എഴുത്ത് എന്നത് മറ്റുള്ളവരെ തൃപതിപ്പെടുത്താനല്ല മറിച്ച് സ്വയം തൃപ്തിയടയാനായുള്ളതാണെന്ന്‍ ഞാന്‍ വിശ്വസിക്കുന്നു. എന്റെ മനസ്സിലുള്ളത് ഞാന്‍ ഒരു പ്ലാറ്റ്ഫോമിലേയ്ക്ക് പകര്‍ത്തുമ്പോള്‍ അതെനിക്ക് നിറഞ്ഞ സംതൃപ്തി നല്‍കുന്നു. വായനക്കാരന്‍ അതേത് വിധത്തില്‍ ഉള്‍ക്കൊള്ളുന്നു എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും വേവലാതിപ്പെടാറില്ല. ഒരു വായനക്കാരന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റിയെഴുതുവാന്‍ അല്ലെങ്കില്‍ കോമ്പ്രമൈസ് ചെയ്തെഴുതുവാന്‍ ഞാനിഷ്ടപ്പെടുന്നുമില്ല. എഴുത്ത് മോശമെങ്കില്‍ അത് തുറന്ന്‍ പറയുവാന്‍ വേണമെങ്കില്‍ വായനക്കാരന് അവകാശമുണ്ട്. അതുപോലെ തന്നെ നല്ലതാണെങ്കിലും. പക്ഷെ അതൊരിക്കലും ഒരു നിര്‍ബന്ധമായി കാണാനാവില്ല. വായിക്കുന്നവന്റെ മാനസികാവസ്ഥയ്ക്കനുസരിച്ചായിരിക്കും അഭിപ്രായങ്ങള്‍ ഉണ്ടാവുക. ഞാനെഴുതുന്നതിനെ വിമര്‍ശിക്കുന്നവരേയും അഭിനന്ദിക്കുന്നവരേയും ഞാന്‍ ഒരുപോലിഷ്ടപ്പെടുന്നു. അവര്‍ക്കെല്ലാം പ്രത്യേകം പ്രത്യേകം മറുപടികള്‍ പേരുവച്ച് കൊടുക്കണമെന്ന്‍ എനിക്ക് തോന്നിയിട്ടില്ല. അത് എഴുത്തുകാരന്റെ കടമയാണെന്ന്‍ ഞാന്‍ കരുതുന്നുമില്ല. പക്ഷേ വായിക്കുന്ന ആള്‍ പ്രകടിപ്പിക്കുന്ന ന്യായമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കാതിരിക്കുന്നത് എഴുത്തുകാരന്‍ ചെയ്യുന്ന നീതികേടുമാണ്. ഒരു വായനക്കാരന്‍ അഭിപ്രായം പറയുന്നത് തിരിച്ചുള്ള നന്ദിവാക്ക് കേള്‍ക്കുവാനുദ്ദേശിച്ചാണെങ്കില്‍ ആ അഭിപ്രായത്തില്‍ എന്ത് സത്യസന്ധതയാണുണ്ടാവുക.
5. പുനര്‍ജ്ജന്മം:
കഴിഞ്ഞുപോയ ജീവിതം തിരിച്ചുകിട്ടുകയാണെങ്കില്‍ നീ ഏതു കാലം മുതല്‍ ജീവിച്ചുതുടങ്ങാനായിരിക്കും ആഗ്രഹിക്കുക എന്നെന്റെ ഒരു അടുത്ത സുഹൃത്ത് ചോദിച്ചു. ഒരു നിമിഷമൊന്നന്ധാളിച്ചുപോയെങ്കിലും ഞാന്‍ ശാന്തമായൊന്നാലോചിച്ചുനോക്കിയപ്പോള്‍ എന്റെ മനസ്സില്‍ ഒരുത്തരം തെളിഞ്ഞുവന്നു. ഒരുവേള ഇനിയെനിക്കൊരു ജീവിതമടക്കം കിട്ടുവാണെങ്കില്‍ അതെന്റെ ഇരുപതാമത്തെ വയസ്സുമുതല്‍ ജീവിച്ചു തുടങ്ങുവാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം നഷ്ടപ്പെടലുകള്‍ ആരംഭിച്ചത് ആ കാലം മുതലായിരുന്നു. ജീവിതത്തില്‍ ഞാന്‍ ഒരിക്കലും പിന്തുടരില്ല എന്നു കരുതിയ ദുശ്ശീലങ്ങളിലെയ്ക്കെല്ലാം കൂപ്പുകുത്തിയ കാലം,ഒരിക്കലും അമ്മയെ സങ്കടപ്പെടുത്തില്ല എന്നു കരുതിയിട്ട് ആ മിഴികള്‍ തോരാന്‍ സമ്മതിക്കാതിരുന്ന കാലഘട്ടം, ജീവിതത്തോട് ചേര്‍ത്തുനിര്‍ത്തണമെന്ന്‍ അതിയായി കൊതിച്ചിരുന്നവള്‍ മഴവെള്ളം പോലെ എന്നില്‍ നിന്നും ഊര്‍ന്ന്‍ മണ്ണിലേയ്ക്കപ്രത്യക്ഷമായ കാലം, വാത്സല്യത്തോടെ,സ്നേഹത്തോടെ മാത്രം കണ്ടിരുന്നവര്‍ പോലും മുഖം ചുളിക്കുവാന്‍ തുടങ്ങിയ കാലം, എന്റേതായ സകല സുഖങ്ങളും സന്തോഷവും എവിടെയൊക്കെയോ കൈമോശം വന്നുപോയ കാലം. അതെനിക്ക് തിരിച്ചുപിടിച്ചാല്‍ കൊള്ളാമെന്നുണ്ട്. നടക്കില്ലെന്നുറപ്പുണ്ടെങ്കിലും വെറുതെയൊന്നാഗ്രഹിക്കുന്നു...
6. ഡയറിക്കുറിപ്പുകള്‍::::
ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന സമയം മുതല്‍ ഡയറിയെഴുതുന്ന ശീലമെനിക്കുണ്ടായിരുന്നു. ഒരു ദിനം പോലും മുടങ്ങാതെയെഴുതുമായിരുന്നു. അന്നന്ന്‍ ഭവിക്കുന്ന കൊച്ചുകാര്യങ്ങള്‍ വരെ കുറിച്ചുവയ്ക്കുമായിരുന്നു. പിന്നെയെപ്പൊഴോ ആ ശീലം കൈമോശം വന്നുപോയി. ആറേഴുകൊല്ലം മുമ്പ് ഞാന്‍ അലമാരയില്‍ നിന്നും അതെല്ലാമെടുത്ത് ഒന്നു കണ്ണോടിച്ചിരുന്നു. ആ കാലഘട്ടത്തിലേയ്ക്ക് ഒരിക്കല്‍ക്കൂടി പറന്നുചെല്ലാന്‍ കൊതി തോന്നിപ്പോയി. അവളാദ്യമായെന്നെ നോക്കി പുഞ്ചിരിച്ചതും, സൈക്കിളില്‍ നിന്നും വീണു കയ്യൊടിഞ്ഞതും, വിജയ്ന്‍ മാമന്റെ മോളുടെ കല്യാണത്തിന്റെ ആഘോഷവും, അപ്പച്ചിയുടെ പശു കുത്താനോട്ടിച്ചതും, പൊന്മുടിയിലേയ്ക്കുള്ള ടൂറും ഒക്കെ വീണ്ടും എന്നില്‍ പീലി വിടര്‍ത്തിയാടാന്‍ തുടങ്ങി. എന്നാല്‍ എന്റെ ജീവിതത്തിന്റെ മധുരമൂറുന്ന ഒരു വസന്തകാലഘട്ടത്തിന്റെ മുഴുവന്‍ സ്പ്ന്ദനങ്ങളും നിറഞ്ഞ ആ ഡയറികളെല്ലാം എന്നെന്നേയ്ക്കുമായി നശിച്ചുപോയി. ഞാന്‍ പ്രവാസത്തിലായിരുന്ന സമയം അതിന്റെ പ്രാധാന്യമറിയാതിരുന്ന അമ്മയോ മറ്റോ അതെല്ലാം വാരി തട്ടിന്‍പുറത്തിടുകയും ചിതലുകള്‍ എന്റെ ഓര്‍മ്മകളെ നക്കിത്തുടയ്ക്കുകയും ചെയ്തു..
7. വാത്സല്യം:
എന്റെ മകനെ ആദ്യമായി ഞാന്‍ കാണുമ്പോള്‍ അവന്‍ നല്ല ഉറക്കത്തിലായിരുന്നു. കയ്യൊക്കെ മടക്കിവച്ച് സുഖസുഷുപ്തിയില്‍. എന്റെ ജീവന്റെ നേര്‍ ചിത്രത്തെ
കൊതിയോടെ നോക്കി ഞാനിരുന്നപ്പോള്‍ അവന്‍ ഉറക്കത്തില്‍ നിന്നുമുണര്‍ന്ന്‍ മുഖമൊക്കെ ഒന്നു ചുളിച്ചിട്ട് കയ്യൊക്കെയൊന്ന്‍ കുടഞ്ഞ് എന്നെയൊന്നു നോക്കി. എന്നിട്ട് അവന്‍ ആ മോണകാട്ടി ഒന്നു ചിരിച്ചു. ഈ മുപ്പത്തിനാലുവര്‍ഷകാലഘട്ടത്തില്‍ ഞാന്‍ ഇത്രയേറെ കൊതിച്ചുപോയ മറ്റൊരു കാഴ്ച എന്റെ ജീവിതത്തിലുണ്ടായിട്ടില്ല.
8. സ്വപ്നം:
മന്ദമാരുതനേറ്റ് അവളുടെ അളകങ്ങള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. അസ്തമയസൂര്യന്റെ ചെങ്കതിരുകള്‍ പ്രതിഫലിക്കുന്നതുമൂലം മുടിയിഴകള്‍ക്ക് സ്വര്‍ണ്ണവര്‍ണ്ണം. തുടുത്ത കവിളുകളില്‍ അരുണിമയുടെ ശോഭ. വിറയാര്‍ന്ന ചുണ്ടുകളില്‍ ചെറു നനവ് തങ്ങിനില്‍ക്കുന്നുവോ. അവളുടെ അടുത്തങ്ങിനെ ചേര്‍ന്ന്‍ സ്വയം മറന്നാകടല്‍ക്കരയിലിരിക്കുമ്പോള്‍ ഞാന്‍ അനുഭൂതികളുടെ മായാലോകത്ത് പാറിപ്പറക്കുകയായിരുന്നു. മണലില്‍ പതിഞ്ഞിരിക്കുന്ന അവളുടെ കൈവിരലുകള്‍ ഞാന്‍ എന്റെ കയ്യോട് ചേര്‍ത്തുകോര്‍ത്തുപിടിച്ചു. അസാധ്യമനോഹരമായൊരു പുഞ്ചിരിയോടെ അവളെന്നെ സാകൂതം നോക്കി. എത്ര സുന്ദരിയാണവള്‍. അവളെ കെട്ടിപ്പുണരുവാനെന്റെ മനം കൊതിച്ചു. പക്ഷേ പരിസരം എന്നെ അതില്‍ നിന്നും വിലക്കി. മുഖത്ത് മഴത്തുള്ളികള്‍ വീണപ്പോള്‍ അവളുടെ കയ്യും പിടിച്ച് ഞാന്‍ വേഗം കല്‍മണ്ഡപത്തിലേയ്ക്ക് നടന്നു. മഴ നനയാതെ ആള്‍ക്കാര്‍ നിരവധിയവിടെ കയറി നില്‍ക്കുന്നു. ചെറുതായി നനഞ്ഞ പുടവകളോടെ അവളെന്റെ ശരീരത്തോട് ചേര്‍ന്ന് നിന്നപ്പോള്‍ ശരീരമാകെ തീപിടിക്കുന്നതുപോലെ തോന്നിയ ഞാന്‍ കണ്ണുകളടച്ചു. അപ്പോഴും മഴത്തുള്ളികള്‍ എന്നെ നനയിച്ചുകൊണ്ടിരുന്നു. കല്‍മണ്ഡപവും ചോരുന്നുവോ. മെല്ലെ കണ്ണുകള്‍ തുറന്ന ഞാന്‍ മഴ തോര്‍ന്നോ എന്നു നോക്കി. ഇല്ല തോര്‍ന്നിട്ടില്ല. ഒരു മൊന്ത വെള്ളവുമായി അവള്‍ കട്ടിലിനടുത്തു തന്നെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നില്‍പ്പുണ്ട്. അതു തലവഴി ഒഴിയ്ക്കുന്നതിനുമുന്നേ ഞാന്‍ പിടഞ്ഞെഴുന്നേറ്റ് അടുക്കളിയിലേയ്ക്ക് നടന്നു...
9. രക്ഷപ്പെടല്‍:
കഴിയുന്നത്ര വേഗതയിലോടുമ്പോഴും അവര്‍ക്ക് പിടികൊടുക്കരുത് എന്നേയുണ്ടായിരുന്നുള്ളൂ. അവരുടെ കയ്യില്‍ കിട്ടിയാല്‍ പിന്നെ പൊടിപോലും ബാക്കിവച്ചേക്കില്ല. പുറകേ തന്നെയുണ്ടവര്‍. ആക്രോശങ്ങളും മറ്റുമൊക്കെ മുഴങ്ങുന്നുണ്ട്. ഇത് ഒരു ജീവന്മരണപോരാട്ടമാണ്. അതുകൊണ്ട് തന്നെ ആവതില്ലെങ്കിലും ശരീരം അതിന്റെ പരമാവധി ശ്രമിക്കുന്നു. അതിരുകള്‍ ചാടിക്കടന്ന്‍ കുതിക്കുകയാണ്. കാലുകള്‍ ഭൂമിയില്‍ തൊടുന്നെന്നേയുള്ളൂ. ഒരു പുരയിടത്തിന്റെ അതിരില്‍ നിന്നും അടുത്ത പറമ്പിലേയ്ക്ക് ചാടിയപ്പോള്‍ കാലുകള്‍ നിലത്ത് തട്ടുന്നില്ല. ഒന്നുരണ്ടു നിമിഷം കഴിഞ്ഞപ്പോഴാണ് മനസ്സിലായത് ഭൂമിക്കടിയിലേയ്ക്ക് അഗാധതയിലേയ്ക്ക് സഞ്ചരിക്കുകയാണ് താന്‍. വായില്‍ നിന്നും പുറപ്പെട്ട നിലവിളി വൃത്തച്ചുമരുകളില്‍ തട്ടിമുഴങ്ങി. നിമിഷങ്ങള്‍ക്കകം തറയിലേയ്ക്ക് പതിച്ചപ്പോള്‍ ശരീരത്തിനു ഒരു മരവിപ്പ് മാത്രമായിരുന്നു. എവിടെയൊക്കെയോ ഒടിഞ്ഞു നുറുങ്ങുന്നു. എന്തോ ഒന്ന്‍ ശരീരത്തിലെവിടെയോ തറച്ചുകയറുന്നു. കണ്ണിനകത്തേയ്ക്ക് കാഴ്ച മറച്ചുകൊണ്ട് ഒഴുകിയിറങ്ങുന്ന രക്തത്തിന്റെ നനവ്. അവരുടെ പിടിയില്‍ പെടാതെ രക്ഷപ്പെട്ടു .പക്ഷേ...
10 പുളിപ്പുള്ള മുന്തിരി:
സദാ ഗൌരവത്തിലിരിക്കുന്ന അവളെ ഞാന്‍ കൂടുതലായി എപ്പോഴാണു ശ്രദ്ധിച്ചുതുടങ്ങിയത്. അറിയില്ല. അവളുടെ ചലനങ്ങളും നോട്ടവും വാക്കുകളുമെല്ലാം എന്റെയുള്ളിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. മെയിലുകള്‍ വഴിയും കൊച്ചുകൊച്ചു സംസാരങ്ങള്‍ വഴിയും അവളെന്നോട് കൂടുതല്‍ കൂടുതല്‍ അടുത്തുകൊണ്ടിരുന്നു. ഫയലുകളും മറ്റുമൊക്കെ കൈമാറുമ്പോള്‍ വിരലുകള്‍ പരസ്പ്പരം സ്പര്‍ശിക്കുന്നതറിഞ്ഞ് ശരീരമാകെ തരിക്കുകയും മനം കൊതിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഒടുവിലൊരു ദിനം അടുത്താരുമില്ലാത്തൊരവസരത്തില്‍ അവള്‍ക്കാദ്യ സ്നേഹചുംബനം നല്‍കിയതും എന്റെ കരണം പുകഞ്ഞതും ഞാനിന്നോര്‍ക്കാനാഗ്രഹിക്കുന്നില്ല. അല്ലെങ്കിലും സ്ത്രീകളെ സ്നേഹിക്കുവാന്‍ കൊള്ളില്ലന്നേ..
ശ്രീക്കുട്ടന്‍
എത്രനാളുകളായി എന്തെങ്കിലും എഴുതിയിട്ട്. മനസ്സിനും ശരീരത്തിനും മടുപ്പ് ബാധിക്കപ്പെട്ടിരിക്കുന്നു. ഇതും പുതുതായൊന്നുമല്ല. ഞാന്‍ അടുത്തനാളുകളിലായെഴുതിയ ചില കുറിപ്പുകള്‍. അതൊരുമിച്ചൊന്നാക്കി അത്രമാത്രം..
ReplyDeleteമരണം : വേദന അറിയാതെ മരിക്കാന്‍ ഗ്യാരന്റിയുള്ള ഒരു വിദ്യ കണ്ടെത്തേണ്ടി ഇരിക്കുന്നു... അകത്തിന്റെ ആവശ്യമാനത്.
ReplyDeleteപ്രണയവിവാഹം :ഒരു തരാം വൃത്തി കേട്ട ഭ്രാന്താണത്തു ,
ചെക്കപ്പ് : ഒരു നിയന്ത്രണം ചില നിരീക്ഷണം ജീവിതത്തിനു നല്ലതാ
എഴുത്ത് : ശരി ആണ്
ഡയറി കുരുപ്പുകള്‍ : ചില ഓര്‍മ്മകള്‍ ചിലലെടുക്കില്ല
വാല്‍സല്യം : അവാച്യമായ അനുഭൂതി തന്നെ സന്തോഷം .
സ്വപ്നം : ആഹാ ജീവിതം
മുന്തിരി : ഹ ഹ ഹ ഇഷ്ടമായി ...
ഓരോന്ന് അതിന്റെ എല്ലാ മനോഹരതയോട് എഴുതി പാത്തും പത്തു സ്വഭാവം ജീവിതത്തിന്റെ പത്തു ഭാവം ,നന്നായി
മരണം, പ്രണയവിവാഹം, പുനര്‍ജന്മം എന്നിവയോട് വിയോജിപ്പുണ്ട്. ബാക്കിയൊക്കെ രചയിതാവിന്‍റെ ചിന്തകളാകയാല്‍ അതങ്ങനെതന്നെ വിടുന്നു. എന്നാലും എല്ലാം കൂടി യോജിപ്പിച്ച് ഒരു കഥയാക്കാമായിരുന്നു :)
ReplyDeleteകേരളകഫെ ഇഷ്ട്ടപെട്ടു.ജീവിതത്തിനു നേരെതിരിച്ച കണ്ണാടിപോലെയങ്ങനെഅങ്ങനെ..
ReplyDelete"നമ്മുടെസ്വന്തം സന്തോഷത്തേക്കാള്‍ എത്രയോവലുതാണ് നമ്മുടെ പ്രിയപ്പെട്ടര്‍ക്ക് സങ്കടമുണ്ടാക്കാതിരിക്കുകയെന്നത്"
ആ എഴുത്തിനുംചിന്തക്കും ആശംസകള്‍..
മരണം:ഈ ചിന്തകളോട് എനിക്ക് യോചിപ്പില്ല..
ReplyDeleteപ്രണയവിവാഹം:ഞാന്‍ യോജിക്കുന്നു...കാരണം ചുറ്റുമുള്ളവരുടെ കണ്ണ് നിറക്കാന്‍ ഞാന്‍ ഇഷ്ടപെടുനില്ല
ചെക്കപ്പ്:ജീവിതം ചിട്ടയായി ജീവിച്ചു തീര്‍ക്കുക...(ചെക്കപ്പ് ആകാം എന്ന്)
എഴുത്ത്:നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ തിരുത്താനും വളരാനും സഹായിക്കും...
ഡയറിക്കുറിപ്പ് :ഓര്‍മകളിലൂടെ വീണ്ടുമൊരു സഞ്ചാരം...
വാത്സല്യം:പറഞ്ഞറിയിക്കാന്‍ ആകാത്ത അനുഭൂതി
സ്വപ്നം:അതില്ലാതെന്തു ജീവിതം..
പുളിക്കുന്ന മുന്തിരി:ഒരബദ്ധം ആര്‍ക്കും പറ്റും :)
നന്ദി പ്രീയരേ,
ReplyDeleteജോസ് , അനാമിക,
യോജിക്കാം വിയോജിക്കാം. അത് ഓരോരുത്തരുടേയും കാഴ്ചപ്പാടുപോലിരിക്കും. എന്റെ ചിന്തകള്‍ ഇപ്രകാരമായിരുന്നു.
വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി..
സ്വാമി ശ്രീക്കുട്ടാനന്ദയുടെ ജീവിതനിരീക്ഷണങ്ങൾ.... ഇഷ്ടപ്പെട്ടു, ചിലതിനോടൊക്കെ യോജിക്കുന്നു
ReplyDeleteഎല്ലാം വായിച്ചു,ഒരുപാടെണ്ണത്തിന് വിരുദ്ധാഭിപ്രായങ്ങളുണ്ടാവും എനിക്ക്,അതറിയാമല്ലോ കുട്ടേട്ടാ. ആ മരണത്തിന്റെ കുറിപ്പ് വായിച്ച് ഒരുപാടെഴുതണം എന്ന് വിചാരിച്ച് ഒന്നുകൂടി വായിച്ചപ്പോളാണ് അതിന്റെ തുടക്ക വരിയിൽ ഞാൻ ശ്രദ്ധയൂന്നിയത്, അതിങ്ങനെ,
ReplyDelete'ഒരാളുടെ ജീവിതം മൊത്തത്തില്‍ നിരാശബാധിച്ചു പോയെങ്കില്‍' ഈ ഒരു തൗടക്കമല്ലായിരുന്നെങ്കിൽ ഞാനീ കുറിപ്പിനുള്ളത് കുട്ടേട്ടനോട് പറയുമായിരുന്നു. ബാക്കിയുള്ള എല്ലാ വിയോജിപ്പും സ്വാഭാവികമായുണ്ടാവുന്നതല്ലേ ? ഞാൻ പൊരുത്തപ്പെട്ടു.!
മരണത്തിന്റേയും ജീവിതത്തിന്റേയും നൂൽ പാലത്തിൽ മൂന്ന് മാസം കിടന്ന് വന്ന ഞാൻ ആ 'മരണ' കുറിപ്പിനോട് എതിർക്കുമായിരുന്നു. പക്ഷെ ഞാൻ പറഞ്ഞല്ലോ ആ ഒരു വാചകം ഞാനംഗീകരിച്ചു. ആശംസകൾ.
ഒന്നും പറയാനില്ല ശ്രീക്കുട്ടാ.... - കാരണം മനസ്സു തുറന്നുള്ള ഈ എഴുത്ത് അത്രക്ക് ഇഷ്ടമായി. ഓരോ വ്യക്തിയേയും അവനവന്റെ ഉള്ളിലേക്കു നോക്കാനുള്ള പ്രേരണ നൽക്കുന്നുണ്ട് അക്കമിട്ടുള്ള ഈ തുറന്നെഴുത്ത്. വ്യക്തിബോധത്തിനു മുന്നിൽ പിടിച്ച ഒരു കണ്ണാടി.
ReplyDeleteഅഭിനന്ദനങ്ങൾ.......
താങ്കളുടെ നേർ രേഖയിലുള്ള ചിന്തകൾ കൊള്ളാം
ReplyDeleteനന്ദി പ്രീയരേ...വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും...
ReplyDeleteസ്വന്തം ചിന്തയല്ലേ.ചിന്തിക്കെണ്ടാന്നു പറയാന്‍ പറ്റില്ലല്ലോ.?
ReplyDeleteആത്മഹത്യയുടെ കാര്യത്തില്‍ എന്‍റെ ചിന്ത തിരിച്ചാണ്.ആരും മനസ്സോടെ ചെയ്യില്ല...
അസുഖംമൂലം ദുരിതപ്പെടുന്നവര്‍ - രക്ഷപെടില്ലയെന്നു ഉറപ്പുള്ളവര്‍ - ആണെങ്കില്‍ 'അയാള്‍ രക്ഷപെട്ടു' എന്ന് പറഞ്ഞേക്കാം..
നല്ല നല്ല ചിന്തകള്‍ പങ്കുവെച്ചതിനു നന്ദി. പക്ഷെ ചില ചിന്തകളോട് യോജിപ്പില്ല....
ReplyDeleteഓരോരുത്തരുടെയും അനുഭവങ്ങളില്‍ നിന്നും പശ്ചാത്തലങ്ങളില്‍ നിന്നും ചിന്തകള്‍ രൂപം കൊള്ളുന്നു. ചിലതിലൊക്കെ വിജോയിപ്പുന്ടെങ്കിലും മനസ്സിന് നേരെ കണ്ണാടി പിടിക്കാന്‍ സാഹചര്യമൊരുക്കിയതിന് നന്ദി ശ്രീക്കുട്ടാ....
ReplyDeleteഈ ചിന്തകള്‍ ഇഷ്ടായി ശ്രീകുട്ടാ..
ReplyDeleteപുനര്‍ജ്ജന്മം ആണ് എനിക്ക് ഏറെ ഇഷ്ട്ടമായത്. വെറും പുളൂസില്‍ നിന്നും എഴുത്ത് ഒരു പാട് ഗൌരവതരമായി.
ആശംസകള്‍
ചിന്തയ്ക്കൊരന്തോല്യ...
ReplyDeleteഎല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊള്ളുന്നു..
ReplyDeleteചിന്തകൾ നന്നായിരിക്കുന്നു... ആശംസകൾ
ReplyDeleteചിന്തിപ്പിക്കുന്ന ചിന്തകൾ. നന്നായി അവതരിപ്പിച്ചു.
ReplyDeleteഇഷ്ടമായി.. എനിക്കിഷ്ടപ്പെടാൻ കാരണമായ ഒന്നുരണ്ടെണ്ണമിതിലുണ്ട് :) :)
ReplyDeleteശ്രീക്കുട്ട വൈകിയതില്‍ ക്ഷമ ചോദിക്കുന്നു ! ഇതുപോലെയുള്ള നിന്റെ തത്വ ചിന്ത മുന്‍പും കുറെ കേട്ടിട്ടുണ്ട് :-) ഇവിടെ പറഞ്ഞ കാര്യങ്ങളില്‍ യോജിപ്പും വിയോജിപ്പും ഉണ്ട്. അത് രണ്ടു പേരുടെ കാഴ്ച്ചപാടുകളിലെ വ്യത്യസ്തതയാവാം ! അത് കൊണ്ടാണല്ലോ നീ പുളുസുവായും ഞാന്‍ മുണ്ടോളിയായും നിലനില്‍ക്കുന്നത് !!
ReplyDeleteമനസ്സില്‍ നിന്നും പുറത്ത് വന്ന വരികള്‍, അത് വായനയില്‍ മനസ്സിലാകുന്നുണ്ട്. ചിന്തകള്‍ എല്ലാം വ്യതസ്തമായത് കൊണ്ട് തന്നെ ചിലതിനോട് വിയോജിപ്പുണ്ട്. കൂടുതല്‍ യോജിപ്പ് പ്രണയ വിവാഹത്തോട്. ആശംസകള്‍ ശ്രീകുട്ടാ..
ReplyDeleteശ്രീക്കുട്ടാ, പല ചിന്തകളും എന്റെ ചിന്തകളോട് സാമ്യമുണ്ട്. നന്നായി. :-)
ReplyDeleteപ്രീയരേ,
ReplyDeleteഎല്ലാവര്‍ക്കും നന്ദി..
എന്ത് പറ്റി പെട്ടന്ന് വലിയ് വലിയ കാര്യങ്ങളൊക്കെ ഇങ്ങനെ എഴുതാന്‍?
ReplyDeleteനന്നായിരിക്കുന്നു..
ചിലതിനോട് യോജിക്കുന്നില്ല ..എന്ന് പറഞ്ഞു അതൊന്നും പറഞ്ഞു തര്‍ക്കിക്കാന്‍ ഞാനില്ല കേട്ടോ
ആശംസകള്‍ !
ഇതൊരു ഒന്നൊന്നര ചിന്തകളായി പോയിട്ടാ ഭായ് ...എനിക്കിഷ്ടപ്പെട്ടത് വാത്സല്യം
ReplyDeleteപരസ്പര ബന്ധമില്ലാത്ത കുറെ ചിന്തകള്‍. ചിലതിനോട് യോജിക്കുന്നു. ചിലതിനോട് വോയോജിപ്പും.
ReplyDeleteശ്രീകുട്ടന്റെ ജീവിതനിരീക്ഷണങ്ങൾ നന്നായിരിക്കുന്നു ട്ടോ ...!
ReplyDeleteചിന്തകള്‍ പലര്‍ക്കും പലവിധം അല്ലെ അതുകൊണ്ട് യോജിപ്പും വിയോജിപ്പും ഉണ്ട് ..!
കുറെ നർമ്മം എഴുതുന്ന ആളിന്റെ ഫിലോസഫി.നന്നായിരിക്കുന്നു.ജീവിതത്തിൽ ഇത്തരം തിരിച്ചറിവുകൾ നല്ലതാണു.
ReplyDeleteമണ്ടത്തരങ്ങൾ പറ്റുമ്പോൾ ആണു.വിവേകം ഉണ്ടാവുന്നത്.അതു തിരിച്ചറിയുമ്പൊൾ..
പുളുസേ....ഇനിയും ഇതു പൊലെ ചിന്തിക്കാനുള്ള
സമയം ഉണ്ടാകട്ടെ..അതു പങ്കുവെയ്ക്കുവാനും.....
ഒരുപാട് ,അനുഭവങ്ങളുള്ള ആളാണെന്ന് തോന്നുന്നു .കുറെ കാലം കഴിഞ്ഞിട്ട് അഭിപ്രായം പറയാട്ടോ !
ReplyDeleteചിന്തകളില്‍ പറഞ്ഞിരിക്കുന്നത് പോലെ ഓരോരുത്തര്‍ക്കും ഓരോരു ചിന്തകള്‍ അല്ലെ?
ReplyDeleteചിലതൊക്കെ നമുക്ക് പറയാന്‍ മാത്രമേ പറ്റു എന്ന് തോന്നി കേട്ടോ.
ചെക്കപ്പ് ചെയ്തു ഒന്നും തിന്നാതെ ജീവിക്കുന്നതില്‍ എന്താണ് കാര്യം എന്ന് എനിക്കും തോന്നിയിട്ടുള്ളതാണ്. അങ്ങോട്ട് തിരിയാന്‍ പാടില്ല, ഇങ്ങോട്ട് തിരിയാന്‍ പാടില്ല, അത് തിന്നാന്‍ പാടില്ല, ഇത് തിന്നാന്‍ പാടില്ല....അങ്ങിനെ ഓരോന്ന് പറയുമ്പോഴും ഒന്നും ചെയ്യാനോ തിന്നാനോ പാടില്ലാതെ വരും. പക്ഷെ തീരെ സഹിക്കാന്‍ കഴിയാത്ത വേദനയും പ്രയാസവും ഒക്കെ അനുഭവപ്പെടുമ്പോള്‍ നമ്മള്‍ എല്ലാം മറന്നു പോകേണ്ടി വരും ഡോക്ടറുടെ അടുത്ത്. .,ചിലതെല്ലാം ഇങ്ങിനെ ആയാല്‍ മതി എന്ന് നമ്മള്‍ തീരുമാനിച്ചാലും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ നമുക്ക് പതര്‍ച്ച സംഭവിക്കാതെ തരമില്ലെന്നാണ് എനിക്ക് തോന്നുന്നത്.
എന്റെ ചിന്തകള്‍ വായിക്കുകയും അതിനോട് യോജിക്കുകയും വിയോജിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി..
ReplyDeletevalare nannayitundu
ReplyDeleteചിന്തനീയമായ ചിന്തകള്‍............ ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............
ReplyDelete