Sunday, November 18, 2012

പ്രണയത്തിന്റെ തേരിലേറി


എന്തോ തിരഞ്ഞ് അലമാരയ്ക്കുള്ളില്‍ അടുക്കി വച്ചിരുന്ന ഡ്രസ്സുകളും മറ്റുമൊക്കെ മാറ്റി മറിച്ചു നോക്കുന്നതിനിടയ്ക്കാണ് ആ നീല പുറംചട്ടയുള്ള ഡയറി എന്റെ കണ്ണില്‍  പെട്ടത്. തിരച്ചില്‍ മതിയാക്കി ഞാന്‍ അതെടുത്തുകൊണ്ട് കട്ടിലിലേയ്ക്കിരുന്നു. എത്ര കൊല്ലം മുമ്പത്തെ ഡയറിയാണത്! താന്‍ നിധി പോലെ കാത്തു സൂക്ഷിച്ചിരുന്ന, ഗതകാലസ്മരണകളുറങ്ങുന്ന ഡയറികളും മറ്റുമൊക്കെ ചിതലുകയറിയെന്നും പറഞ്ഞ് അമ്മ വാരി തീയിട്ടതാണല്ലോ! ഇതെന്തേ അവരുടെ കണ്ണില്‍ പെട്ടില്ല? എന്തായാലും കണ്ണില്‍ പെടാതിരുന്നത് നന്നായി.  തലയിണയൊരെണ്ണമെടുത്ത് ചുമരില്‍ ചാരിവച്ച് ഞാനതിലേയ്ക്ക് ചാഞ്ഞുകിടന്നു. 1992 കാലത്തിലെ ഡയറിയാണ്. വര്‍ഷമെത്ര കഴിഞ്ഞിരിക്കുന്നു. സ്കൂള്‍ നാളുകളില്‍ ചുമ്മാ വല്ലതുമൊക്കെ കുത്തിക്കുറിക്കുമായിരുന്നത് എപ്പോഴാണു നിന്നുപോയതെന്നറിയില്ല. ഒരു ജീവിതം കെട്ടിപ്പടുക്കാനുള്ള തത്രപ്പാടിനിടയില്‍ കുത്തിക്കുറിക്കുവാനൊക്കെ എവിടെ നേരം? ആ ഡയറിയെ അരുമയായൊന്നു തലോടിയിട്ട് പേജുകള്‍ മെല്ലെ മറിച്ചു. കുറിപ്പുകളില്‍ പലതും വായിക്കുമ്പോള്‍ അറിയാതെ ചെറു പുഞ്ചിരി ചുണ്ടില്‍ തത്തിക്കളിക്കാനാരംഭിച്ചു.

1992 ജൂണ്‍ 3 - ബുധന്‍:

"ഇളം മഞ്ഞ നിറത്തിലുള്ള പാവാടയും ഉടുപ്പും ധരിച്ചവള്‍ വരുന്നതു ദൂരെ നിന്നേ കണ്ടപ്പോള്‍ എനിക്ക് കൊതിയടക്കാനായില്ല. എത്ര സുന്ദരിയാണവള്‍! പെണ്‍കുട്ടികള്‍ക്ക് ഇത്രയേറെ സൗന്ദര്യമുണ്ടാകുമോ? നിരയൊത്ത പല്ലുകാട്ടിയുള്ള അവളുടെ ചിരി ആരെയാണു മയക്കാത്തത്? ഞാന്‍ മയങ്ങിയിരിക്കുന്നു. ഈശ്വരാ അവളെന്നെയൊന്നു നോക്കിയിരുന്നെങ്കില്‍, ഞാന്‍  നിനക്കൊരു കൂട് ചന്ദനത്തിരി കത്തിച്ചേക്കാമേ!"

എന്തോ ചിന്തയില്‍ മുഴുകി വലതുകയ്യാല്‍ ആ പേജില്‍ മൃദുലമായൊന്നു തലോടുമ്പോള്‍  എന്റെയുള്ളില്‍ ഒരു പതിനാലുവയസ്സുകാരിയുടെ രൂപം മിഴിവാര്‍ന്നുവരുന്നുണ്ടായിരുന്നു. നല്ല വെളുത്ത് സുന്ദരമായ വട്ടമുഖവും ധാരാളം തലമുടിയുമൊക്കെയുള്ള മെലിഞ്ഞ ശരീരപ്രകൃതത്തോടു കൂടിയ ഒരു നാട്ടുമ്പുറത്തുകാരി പെണ്‍കൊടി. എന്തൊരു വശ്യമായ ചിരിയാണവളുടേത്! ചില ദിവസങ്ങളില്‍ അവളണിഞ്ഞുവരുന്ന ഡ്രസ്സുകള്‍ അവളെ മാലാഖയെപ്പോലെ തോന്നിപ്പിച്ചിരുന്നു. നല്ല പട്ടുപാവാടയും ഉടുപ്പുമാണവള്‍ക്ക് ഏറ്റവും ചേരുക.

"എന്താ പ്രിയനേ, ഉച്ചയ്ക്ക് ഡയറിയും കയ്യില്‍ പിടിച്ചുകിടന്നുകൊണ്ട് ഒരു ചിന്ത? പൂര്‍വ്വകാല ചിന്തകള്‍ മനസ്സിനെ മഥിക്കുന്നുവോ?"

ശബ്ദം കേട്ട ഞാന്‍ യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തേയ്ക്ക് മടങ്ങിവന്ന്‍ കണ്ണു തുറന്നുനോക്കി. തന്നെത്തന്നെ നോക്കിനില്‍ക്കുന്ന ശ്രീമതി. മകനെ തൊട്ടിലില്‍ കിടത്തിയിട്ടുണ്ടായിരുന്നു. ചെക്കന്‍ കരഞ്ഞുകൊണ്ടിരുന്നപ്പോള്‍ അവനേയും കൊണ്ട്  മുറ്റത്തേയ്ക്കിറങ്ങിയ അവള്‍ തിരിച്ചുകയറിവന്നതൊന്നും താനറിഞ്ഞില്ല.

"ഒന്നുമില്ലെടീ ഭാര്യേ. ഈ ഡയറി കണ്ടപ്പോള്‍ പഴയ ചില സ്കൂള്‍ കാലഘട്ട കാര്യങ്ങള്‍ ആലോചിച്ചിരുന്നുപോയി."

"എങ്കില്‍ പിന്നെ ആ വിശേഷങ്ങള്‍ ഞാനും കൂടിയൊന്നറിയട്ടെന്നേ!"

ശ്രീമതി മെല്ലെ കട്ടിലില്‍ കയറിക്കിടന്നിട്ടെന്റെ വയറിനു മുകളിലായിരുന്ന ആ ഡയറിയെടുത്ത്  മറിച്ചുനോക്കുവാനാരംഭിച്ചു. ഞാന്‍ അവളുടെ നീണ്ട മുടിയിഴകള്‍ക്കുള്ളിലേയ്ക്കെന്റെ മുഖം പൂഴ്ത്തി ഒരു കയ്യാലവളെ കെട്ടിപ്പിടിച്ചുകൊണ്ടു കിടന്നു. ഓര്‍മ്മകളുടെ വിഹായസ്സിലൂടെ ഏഴുകുതിരകളെ പൂട്ടിയ രഥത്തില്‍ രാജകുമാരിയുമായി സഞ്ചരിക്കുന്ന രാജകുമാരനെ സങ്കല്‍പ്പിച്ചുകൊണ്ട് മിഴികള്‍ പൂട്ടി. ആ രാജകുമാരന്‍ ഞാനായിരുന്നു. രാജകുമാരിയ്ക്കാരുടെ മുഖമായിരുന്നു??

"ആരായിരുന്നു ആ പട്ടുപാവാടക്കാരി?"

ഭാര്യയുടെ ചോദ്യമാണെന്നെ വീണ്ടുമുണര്‍ത്തിയത്. കണ്ണു തുറന്ന്‍ ഞാനവളെയൊന്നു  സൂക്ഷിച്ചുനോക്കി. ഭയക്കേണ്ട ഭാവമൊന്നുമില്ല. എന്നിരുന്നാലും അല്പം വ്യത്യാസം ആ വദനത്തില്‍ കാണ്മാനുണ്ട്.

"എന്തിനാണറിയുന്നത്? ഇനി അതിന്റെ പേരില്‍ മുഖവും വീര്‍പ്പിച്ചിരിക്കാനല്ലേ?"

ഞാനവളെ കൈകൊണ്ട് നെഞ്ചോട് ചേര്‍ത്തുകൊണ്ട് മെല്ലെപ്പറഞ്ഞു.

"ഇല്ല ചേട്ടാ. ഞാന്‍ പിണങ്ങുകയൊന്നുമില്ല. എന്നാലും ചേട്ടന്റെ ആ കാലഘട്ടത്തിലെ കഥകളൊക്കെ ഒന്നു കേള്‍ക്കണമെന്നൊരു ആഗ്രഹം. അത്രേള്ളൂ."

നെഞ്ചില്‍ മെല്ലെ വിരലോടിച്ചുകൊണ്ടവള്‍ പറഞ്ഞു. ചിലപ്പോള്‍ പെയ്തൊഴിയുകയും ചിലപ്പോള്‍ മേഘാവൃതമായി മൂടിക്കെട്ടിയിരിക്കുകയും ചിലപ്പോള്‍ സംഹാരരുദ്രയെപ്പോലെ കൊടുങ്കാറ്റായി  വീശിയടിക്കുകയും ഒക്കെ ചെയ്യുന്ന അവളുടെ പ്രകൃതത്തിനുമുന്നില്‍ അല്പസമയം ഞാന്‍  നിശ്ശബ്ദനായിരുന്നു. എന്നാല്‍ ശ്രീമതിയുടെ നിര്‍ബന്ധം സഹിക്കവയ്യാതെയായപ്പോള്‍ ഞാന്‍ പറയാനാരംഭിച്ചു.

ഒമ്പതിലോ മറ്റോ പഠിക്കുമ്പോഴാണ് ഞാനവളെ ആദ്യം കാണുന്നത്, എന്റെ ട്യൂഷന്‍ സെന്ററില്‍  വച്ച്. നല്ല മഴയുണ്ടായിരുന്ന ആ ദിവസം ഇപ്പോഴും എനിക്കോര്‍മ്മയുണ്ട്. ക്ലാസ്സിലേയ്ക്ക് കയറിയ ഞാന്‍ തലയില്‍ തങ്ങിനിന്ന മഴത്തുള്ളികള്‍ കൈകൊണ്ട് വടിച്ചുകളഞ്ഞിട്ട് എന്റെ സീറ്റില്‍ ചെന്നിരിക്കുമ്പോഴാണ് ആദ്യമായവളെ കാണുന്നത്. അന്തം വിട്ടപോലെ അവളെയും നോക്കി തറഞ്ഞു ഞാനിരുന്നപ്പോള്‍ അവള്‍ എന്തിനോ വേണ്ടി തിരിയുകയും ഒരു നിമിഷം ആ മിഴികള്‍ എന്റെ കണ്ണുകളുമായിടയുകയും ചെയ്തു. എന്നില്‍ കൂടി വൈദ്യുതതരംഗമെന്തോ  കടന്നുപോയതുപോലാണനുഭവപ്പെട്ടത്. പിന്നീടുള്ള ഓരോ ദിനവും എനിക്ക്  പ്രതീക്ഷകളുടേതായിരുന്നു. ചുരുണ്ട, ധാരാളം തലമുടിയും അതിവശ്യമായ ചിരിയുമുള്ള ആ വെളുത്തുകൊലുന്നെനെയുള്ള സുന്ദരിയോട് എനിക്ക് പ്രണയം പൊട്ടിമുളച്ചു. അല്ലെങ്കിലും ആ കുട്ടിയോട് ആര്‍ക്കാണ് പ്രണയം തോന്നാതിരിക്കുക. വെളുത്ത്, മാലാഖപോലൊരുവള്‍.

"അവള്‍ക്ക് ചേട്ടനെ ഇഷ്ടമായിരുന്നോ?"

എന്റെ മിഴികളിലേയ്ക്ക് തന്നെ സൂക്ഷിച്ചുനോക്കിക്കൊണ്ട് ശ്രീമതി ചോദിച്ചു.

"ആവോ, എനിക്കറിയില്ലായിരുന്നു. ഇഷ്ടമായിരുന്നെന്നു തോന്നുന്നു. പക്ഷേ ഒരിക്കലും പരസ്പരം പറഞ്ഞിട്ടില്ല. ചിലപ്പോള്‍ ആയിരുന്നിരിക്കണം. ചില സമയങ്ങളില്‍ അവളോട് സംസാരിക്കുകയോ അവളെ നോക്കുകയോ ഒക്കെ ചെയ്യുമ്പോള്‍ അവളുടെ വെളുത്തു തുടുത്ത മുഖം അരുണവര്‍ണ്ണമാകുന്നതും ലജ്ജയുടെ ശീലുകള്‍ കവിളുകളില്‍ പരക്കുന്നതും ചുണ്ടുകള്‍  വിറയാര്‍ന്നതാവുന്നതും ഞാന്‍ അനുഭവിച്ചറിയുന്നുണ്ടായിരുന്നു. ധൈര്യക്കുറവായിരുന്നിരിക്കാം എന്നെ ഇഷ്ടമാണോന്ന്‍ ചോദിക്കുന്നതില്‍ നിന്നും എന്നെ പിന്തിരിപ്പിച്ചിരുന്നത്. പക്ഷേ അവളെ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. കല്യാണം കഴിച്ച് സ്വന്തമാക്കണമെന്നും ആഗ്രഹിച്ചിരുന്നു.

"എന്നിട്ട്, പിന്നീടെന്തുണ്ടായി?"

ഭാര്യ അല്‍പ്പം ആകാംഷയോടെ അടുത്ത ചോദ്യമെറിഞ്ഞു.

"സ്കൂള്‍ കാലഘട്ടം കഴിഞ്ഞ് കോളേജിലേയ്ക്ക് പറിച്ചുനടപ്പെട്ടപ്പോഴും അവള്‍ എന്റെ സഹപാഠിയായിത്തന്നെ വന്നു. നല്ല സ്വാതന്ത്ര്യമുണ്ടായിരുന്ന ആ കാലഘട്ടത്തിലെങ്കിലും പറയേണ്ടതായിരുന്നു. എല്ലാ ദിവസവും കാണുകയും എന്തെങ്കിലുമൊക്കെ സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്നിട്ടും പേടിതൊണ്ടനായ ഞാന്‍ എന്റെ ഇഷ്ടം പറയാന്‍ പോയില്ല. ഒടുവില്‍ ഒരു ദേശാടനപ്പക്ഷിയെപ്പോലെ അവളെവിടേയ്ക്കോ പറന്നകന്നു പോയി. ഞാന്‍ അതിനു  സാക്ഷിയായി മിഴിച്ചും നിന്നു"

ഒരു നെടുവീര്‍പ്പോടെ പറഞ്ഞു നിര്‍ത്തിയിട്ട് ഞാന്‍ അവളുടെ മുഖത്തേയ്ക്കെന്റെ മുഖമടുപ്പിച്ചു.

"ഞാന്‍ വിശ്വസിക്കണമല്ലേ ഇതൊക്കെ? സത്യം പറ. നിങ്ങള്‍ ഈപ്പറഞ്ഞതു മുഴുവന്‍ കള്ളമല്ലേ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രണയിച്ചു നടന്നതല്ലേ? എന്തൊക്കെ കാട്ടിയിട്ടുണ്ടെന്ന്‍ ആര്‍ക്കറിയാം!  ഞാന്‍ ഒരു പൊട്ടിക്കാളിയായതോണ്ട് ഈ പറയുന്ന നൊണകളൊക്കെ വിശ്വസിക്കുമെന്ന്‍  കരുതിയല്ലേ?"

അവളുടേ മുഖത്തേയ്ക്കടുപ്പിച്ച എന്റെ മുഖത്തെ കൈകൊണ്ട് തട്ടി നീക്കിയിട്ട് അവള്‍  എഴുന്നേറ്റിരുന്നു മുട്ടുകാലിലേയ്ക്ക് മുഖം ചേര്‍ത്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ഏങ്ങലടിയുടെ ശബ്ദം എന്റെ കാതിലേയ്ക്കരിച്ചെത്തി. ഭഗവാനേ താന്‍ കരുതിയതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. ഇനി അവളെയൊന്ന് പ്രസന്നവദനയാക്കാന്‍ എന്തൊക്കെ ചെയ്യേണ്ടിവരും!

"ഇങ്ങോട്ട് നോക്ക്യേ. ഞാന്‍ നിന്നോട് കള്ളം പറയുമെന്ന്‍ നീ കരുതുന്നുണ്ടോ? ഞാന്‍ പറഞ്ഞത്  മുഴുവന്‍ സത്യാ. പതിനാറോ പതിനേഴോ വയസ്സ് പ്രായത്തില്‍ നടന്ന ഒരു കുട്ടിക്കളിയായി മാത്രമേ അതെന്റെ ഓര്‍മ്മയിലുള്ളൂ. എന്റെയുള്ളിലെ സ്നേഹം മുഴുവന്‍ ഇന്നു പങ്കു വയ്ക്കപ്പെടുന്നത് നിനക്കും നമ്മുടെ മോനും വേണ്ടിയാണ്."

നിര്‍ബന്ധപൂര്‍വ്വം അവളുടെ മുഖമുയര്‍ത്തി ആ കലങ്ങിയ കണ്ണുകളിലേയ്ക്ക് നോക്കി ഞാന്‍ പറഞ്ഞു. ഈറനണിഞ്ഞ ആ മിഴികള്‍ മെല്ലെയൊപ്പിക്കൊണ്ട് ഞാനവളെയെന്നോട്  ചേര്‍ത്തുപിടിച്ചുകൊണ്ട് കട്ടിലിലേയ്ക്ക് മറിഞ്ഞു. ഇരുകൈകളാലുമവളെ എന്നോട് ചേര്‍ത്തു വരിഞ്ഞുമുറുക്കി.

"മറ്റൊരാള്‍ക്ക് പങ്കു വയ്ക്കാന്‍ ഞാന്‍ സമ്മതിക്കില്ല ഈ സ്നേഹത്തെ. എനിക്കുമാത്രം അവകാശപ്പെട്ടതാണിത്."

ചെവിക്കടുത്ത് ശബ്ദമിരമ്പുന്നതു ഞാനറിഞ്ഞു. മരണമടഞ്ഞ പ്രണയത്തിന്റെ സ്മാരകങ്ങള്‍  കത്തിയമരുവാന്‍ വേണ്ടിയുള്ളതാണെന്ന തിരിച്ചറിവോടെ ഞാന്‍ ചുടുനിശ്വാസങ്ങളുടെ  താഴ്വരയിലൂടെ പുതിയൊരു സ്വര്‍ണ്ണരഥത്തില്‍ എന്റെ സ്വന്തം രാജകുമാരിയുമായി  പ്രയാണമാരംഭിച്ചു.

ശ്രീക്കുട്ടന്‍

25 comments:

  1. കൊള്ളാമല്ലോ പ്രണയവും ജീവിതവും....

    ആശംസകള് ശ്രീയേട്ടാ

    ReplyDelete
  2. സത്യം പറ ശ്രീയേട്ടാ .. ഇങ്ങള് ഇപ്പോഴും അവളെ തിരഞ്ഞു നടക്കാറില്ലേ ?

    ReplyDelete
  3. ശ്രീക്കുട്ടാ കൊച്ചു കള്ളാ..കൊള്ളാട്ടോ...

    ReplyDelete
  4. ന്നാലും ..ഭാര്യയോട്‌ പറയേണ്ടിയിരുന്നില്ല ....വിയോജിപ്പുണ്ട് ...അവരിതൊക്കെ കേട്ടാല്‍ ...ശ്ശൊ ..

    ReplyDelete
  5. അവളെ ഇത്ര വേഗം അനുനയിപ്പിക്കാന്‍ കഴിഞ്ഞു എന്നത് അവിശ്വസനീയമായി തോന്നുന്നു. പെണ്ണല്ലേ ജാതി! നിങ്ങളെ കുറച്ചധികം കുഴക്കാതെ അവള്‍ കീഴടങ്ങേണ്ടതില്ലായിരുന്നു! അല്ലെങ്കില്‍ ഇനി മറ്റു വഴികളില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത് കൊണ്ടാണോ? അങ്ങിനെയെങ്കില്‍ നിങ്ങളെ എപ്പോഴും സംശയ ദൃഷ്ടിയോടെ മാത്രമേ അവള്‍ കാണുകയുള്ളൂ.

    ReplyDelete
  6. വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും എവര്‍ക്കും നന്ദി

    ReplyDelete
  7. സ്നേഹം വല്ലാതെ സ്വാര്‍ത്ഥമാ. പങ്കു വെക്കപ്പെടാന്‍ ആരും ഇഷ്ടപ്പെടില്ല. അത് കൊണ്ട് ഇനി ഇത്തരം കഥകള്‍ പറഞ്ഞു കൊടുക്കണ്ട ട്ടോ ( ഇനിയും കുറെ ഉണ്ടാകുമല്ലോ ലെ. ഇല്ലേ :) )

    ReplyDelete
  8. ഓർമകളിലുള്ളവൾക്കിന്നും 16 അല്ലെ, ഓർമകൾക്കു
    കവികൾ വെറുതെയല്ല സ്വപ്നങ്ങളെ പുകഴ്തുന്നത്........

    കൂടുതൽ കഥകൾ പറഞ്ഞു കൊടുക്കല്ലേ

    ReplyDelete
  9. // താഴ്വരയിലൂടെ പുതിയൊരു സ്വര്‍ണ്ണരഥത്തില്‍ എന്റെ സ്വന്തം രാജകുമാരിയുമായി പ്രയാണമാരംഭിച്ചു. // അതെ നടക്കൂ.. ഇനിയൊന്നും പറഞ്ഞിടത് കാര്യമില്ല ശ്രീകുട്ടാ.. :)

    ReplyDelete
  10. ശ്രീക്കുട്ടാ, ഓർമ്മകളിൽ നഷ്ടബോധത്തിന്റെ വിങ്ങൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. ഇത് വായിച്ച് ഏങ്ങലടിക്കാത്തവൾ ഭാര്യയല്ല.
    ബാക്കി ഭാഗം വായിച്ചിട്ടുണ്ടാവില്ല, ല്ലേ? ഒരേ കുഴിയിൽ രണ്ട് തവണ വീഴില്ലല്ലോ!

    ReplyDelete
  11. ഭാര്യയോട് പറയാൻ പാടില്ലാത്തത് പറയരുത് എന്ന പാഠം പഠിച്ചുവല്ലോ. ഇനിയെങ്കിലും സൂക്ഷിക്കുക. ഒമ്പതാം ക്ളാസിലെ കൗമാരചാപല്യത്തെപ്പോലും അവർ ഒരു സീരിയസ് പ്രണയമായി കണക്കാക്കിക്കളയും... പിന്നെ നമ്മുടെ കാര്യം സ്വാഹാ....

    ReplyDelete
  12. ഈ പോസ്റ്റ് കൊണ്ടു കുറെ പേര്‍ക്കെങ്കിലും പ്രയോജനം കിട്ടികാനും. ഇനി ആരും ഇത് പോലുള്ള അബദ്ധത്തില്‍ ചെന്ന് ചാടില്ല. പെണ്ണുങ്ങള്‍ എന്ന് പറയുന്ന വര്‍ഗം കുറച്ചു പോസ്സസീവ്‌ ആണെന്നേ...എന്ത് ചെയ്യാനാ...


    എഴുത്തു നന്നായി

    ReplyDelete
  13. ഭാര്യയോട് മനസ്സ് തുറക്കുമ്പോൾ ശ്രദ്ധിക്കണം... അത്തരത്തിൽ അക്കിടി പറ്റിയവർ നിരവധിയുണ്ട്. പിന്നെ അവർ ആവശ്യത്തിനും അനാവശ്യത്തിനും ഇത് പറഞ്ഞ് ശല്യപ്പെടുത്തും.

    ReplyDelete
  14. പഴയ പ്രണയവും പുതിയ ജീവിതവും വെത്യസ്ഥമായി പറഞ്ഞു
    ആശംസകള്‍ ശ്രീ കുട്ടാ

    ReplyDelete
  15. ഈ പോസ്റ്റുംകൂടെ നിന്റെ ഭാര്യ വായിച്ചിരുന്നെങ്കില്‍... ഹി..ഹി... നല്ല രസമായിരിക്കും...

    ReplyDelete
  16. Everybody PARAYUNNU don't tell these things to BHARYA. But I VISWASIKKUNNU everything should be shared. Now I am a BACHI. ENIYIPPO... shouldn't I tell?

    ReplyDelete
  17. ഹമ്പട പുളുസൂ എന്നല്ല. ഹമ്പട കള്ളാ എന്ന് പറയാന്‍ തോന്നിപ്പോകുന്നു!
    മിസിസിന്റെ ഈ മെയില്‍ ഐഡി തരൂ.

    ReplyDelete
  18. ഭാര്യയോട് മനസ്സ് തുറക്കുമ്പോൾ ശ്രദ്ധിക്കണം... അത്തരത്തിൽ അക്കിടി പറ്റിയവർ നിരവധിയുണ്ട്.
    ഇത് മൊഹിയുടെ ജീവിതത്തിന്റെ കറുത്ത ഏട് കീറിയെടുത്ത് പറയുന്ന അഭിപ്രായമാ ട്ടോ കുട്ടേട്ടാ.

    സംഗതി നല്ല രീതിയിൽ പറഞ്ഞു ട്ടോ. പക്ഷെ എനിക്കതിലെന്തോ പല വർത്തമാനങ്ങളിലും കൃത്രിമത്വം അനുഭവപ്പെട്ടു.
    നഗ്നമായ പ്അല സത്യങ്ങളും അങ്ങനെയാവുമല്ലോ എന്ന് കരുതി ആശ്വസിക്കാം.
    ആശംസകൾ.

    ReplyDelete
  19. (("ഞാന്‍ വിശ്വസിക്കണമല്ലേ ഇതൊക്കെ? സത്യം പറ. നിങ്ങള്‍ ഈപ്പറഞ്ഞതു മുഴുവന്‍ കള്ളമല്ലേ? നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പ്രണയിച്ചു നടന്നതല്ലേ? എന്തൊക്കെ കാട്ടിയിട്ടുണ്ടെന്ന്‍ ആര്‍ക്കറിയാം! ഞാന്‍ ഒരു പൊട്ടിക്കാളിയായതോണ്ട് ഈ പറയുന്ന നൊണകളൊക്കെ വിശ്വസിക്കുമെന്ന്‍ കരുതിയല്ലേ?")) ഈ വരികളാണ് ഏറ്റവും സ്വാഭാവികത നിറഞ്ഞത്.

    ReplyDelete
  20. സത്യം പറ, ആ കൊച്ചിപ്പോ ഇവിടുണ്ട് ?

    ReplyDelete
  21. പറയാതിരുന്നത് നന്നായി.പറഞ്ഞിരുന്നെങ്കിൽ ആ ബന്ധം അവിടെ അവസാനിക്കുമായിരുന്നു.

    ReplyDelete